സയണിസ്റ്റ് പ്രചാരണവും ഇസ്രായേലിന്റെ നിലനില്‍പ്പും

ശഹീന്‍ കെ. മൊയ്തുണ്ണി‌‌
img

ഴിഞ്ഞ അഞ്ഞൂറു വര്‍ഷത്തെക്കുറിച്ച് ലളിതവും ബാലിശവുമായ ചിത്രം വരഞ്ഞിടുന്ന ബൃഹദാഖ്യാനങ്ങളാല്‍ ഉപബോധപരമായി സ്വാധീനിക്കപ്പെട്ടവയാണ് നമ്മുടെ പൊതുചരിത്രങ്ങള്‍. രാഷ്ട്രീയമാതൃകയായും അധികാരസമവാക്യമായും ഇപ്പോള്‍ പരിണമിക്കപ്പെട്ടുകഴിഞ്ഞ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കണക്കുപട്ടികയില്‍ ഏറ്റവും താഴെക്കള്ളിയില്‍ നില്‍ക്കുന്ന 'അപരന്‍' എന്ന ആരോപണം സാര്‍വജനീന നിര്‍മിതിയുടെ പേരിലാണ് കഴിഞ്ഞ അഞ്ഞൂറു വര്‍ഷത്തെ ചരിത്രം സുപ്രധാനമാവുന്നത്. പരിഷ്‌കരണത്തിന്റെയും നേര്‍വഴിയുടെയും നിതാന്തമായ ആവശ്യക്കാരനും, വില്ലനും അപമാനവീകരിക്കപ്പെട്ടവനും, ഹിംസയോട് ശാശ്വതബന്ധിതനുമായ അപരന്‍ മധ്യകാല യൂറോപ്പില്‍ ജൂതനും മുസ്‌ലിമുമായിരുന്നു. പക്ഷേ, ജൂതസ്വത്വത്തെ ഹൈജാക്ക് ചെയ്തും കുടിയേറ്റ കൊളോണിയലിസത്തിന്റെ മൂര്‍ത്തരൂപമായി സ്വയം പ്രതിഷ്ഠിച്ചും, സയണിസ്റ്റ് പദ്ധതി കൊളോണിയലിസത്തിന്റെ ഇരുണ്ട വശത്തേക്ക് മാറിയതു മുതല്‍, കഴിഞ്ഞ ഒരു നൂറ്റാണ്ടായി, ആ അപരന്‍ മുസ്‌ലിമാണ്.
ഈ 'അപരമുസ് ലിമി'നെ വ്യക്തമായി മനസ്സിലാക്കാന്‍, ആധുനികലോകത്തെയും പ്രത്യേകിച്ച് അറബ് ലോകത്തെയും, അധ്വാനവിഭജനത്തിന്റെയും അക്ഷീണമായ ആഗോളമൂലധനസമാഹരണത്തിന്റെയും ഒരേയൊരുപാധിയുടെ കോണിലൂടെ കാണുന്നതിനപ്പുറത്തേക്ക് നാം പോകേണ്ടതുണ്ട്. 'ഭൂപടനിര്‍മിതിയെക്കുറിച്ച് വ്യത്യസ്തമായ മറ്റൊരു ചിത്രം കിട്ടാന്‍ അറിവിന്റെ ജിയോപൊളിറ്റിക്‌സിനെയും ബോഡിപൊളിറ്റിക്‌സിനെയും വടക്കുനോട്ടത്തില്‍ നിന്ന് തെക്കുനോട്ടത്തിലേക്ക് മാറ്റണ'മെന്ന് പ്രൊഫസര്‍ ഗ്രോസ്‌ഫോഗ്വല്‍ (Grosfoguel) പറയുന്നു. മാര്‍ക്‌സിസ്റ്റ് ആഖ്യാനങ്ങളില്‍ നിന്ന് വേര്‍തിരിഞ്ഞുള്ള അത്തരമൊരു വീക്ഷണം, 'ഇസ്‌ലാം പേടി, മുസ്‌ലിം ജനതയ്‌ക്കെതിരെയുള്ള വംശീയവിദ്വേഷത്തിന്റെ കേവല പ്രതിഭാസമല്ലെന്നും മറിച്ച് രാജ്യാന്തര അധ്വാനവിഭജനത്തിന്റെ ഘടകമാണെന്നുമുള്ള അതീവസങ്കീര്‍ണവും ചുരുക്കിക്കെട്ടാത്തതുമായ, ഘടനാപരവും ചരിത്രപരവുമായ വിശകലനത്തിലേക്ക് നയിക്കു'മെന്നും ഗ്രോസ്‌ഫോഗ്വല്‍ കൂട്ടിച്ചേര്‍ക്കുന്നു. ശ്രേണീബദ്ധമായ അധികാരഘടനാപാളികള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത കൊളോണിയല്‍ പരിതസ്ഥിതിയെ പ്രതിഫലിപ്പിക്കും വിധം, ഇത്തരം സങ്കീര്‍ണതകളെ തിരിച്ചറിയുന്നതിലുള്ള നമ്മുടെ പരാജയമാണ്, ഹമാസും അതിന്റെ ഘടകമായ ഇസ്സദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡുമുള്‍പ്പെടെയുള്ള ഇസ്‌ലാമിക പ്രതിരോധാഖ്യാനങ്ങളെ ഒന്നുകില്‍ മിലിറ്റന്റ് എന്നോ അല്ലെങ്കില്‍ ടെററിസ്റ്റ് എന്നോ ബ്രാന്‍ഡ് ചെയ്യിക്കുന്നതില്‍ കലാശിക്കുന്നത്. അനേകം കാരണങ്ങള്‍ കൊണ്ട് ഈ ആഖ്യാനം അതീവപ്രശ്‌നമാണ്; ഒന്നാമതായി, മുസ്‌ലിം വ്യക്തിനിഷ്ടയെ അല്ലെങ്കില്‍ ഫലസ്തീനിയന്‍ വ്യക്തിനിഷ്ഠതയെ അംഗീകരിക്കാനും സ്വീകരിക്കാനും അത് വിസമ്മതിക്കുന്നു. അംഗീകരണത്തിന്റെയും സ്വീകരണത്തിന്റെയും ഈ കുറവ്, ക്രൂരമായ ആക്രമണങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്ന ഒരു ഉദാരജനാധിപത്യരാജ്യമായും അന്തരാഷ്ട്രസമൂഹത്തിന്റെ ഗൗരവതരമായ ഒരു വട്ടത്തെ പരിചിന്തനത്തിനു ശേഷമുള്ള നേരിയ താക്കീത് മാത്രം ആവശ്യമുള്ള ഒരു രാജ്യമായും ഇസ്രയേല്‍ വീക്ഷിക്കപ്പെടാന്‍ കാരണമാകുന്നു. വംശീയവിവേചനം, വംശീയശുദ്ധീകരണം, തുടങ്ങിയ കുറ്റങ്ങള്‍ ലോകമറിയുന്ന വ്യക്തിത്വങ്ങള്‍ ഇസ്രായേലിന്റെ മേല്‍ ചാര്‍ത്തിയിട്ടുണ്ടെങ്കില്‍ കൂടി, ഇസ്രയേലി സ്റ്റേറ്റിന്റെ 'വെള്ളത്തം' കാരണമുള്ള മൂടല്‍മഞ്ഞില്‍ കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ ഉപബോധബുദ്ധി. അതിനാല്‍, ഈ വസ്തുതയെ ദഹിപ്പിക്കാന്‍ നാമിപ്പോഴും വിസമ്മതിക്കുന്നു. 'വെള്ളക്കാരന്‍ വംശഹത്യ നടത്തില്ലെന്നും സംഭവിച്ചതെന്തെങ്കിലുമുണ്ടെങ്കില്‍ അതൊക്കെ യാദൃച്ഛികമായിരിക്കു'മെന്നുമുള്ള കുഴലൂത്തുകാരന്റെ താളത്തിനനുസരിച്ചാണ് നാമിപ്പോഴും തുള്ളുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തിലുള്ള സോവിയറ്റ് യൂണിയന്റെയും കമ്യൂണിസ്റ്റ് പൊളിറ്റിക്കല്‍ പ്രൊജക്ടിന്റെയും അന്ത്യത്തിന്റെ പരിണതികളിലൊന്ന് 'സ്വാതന്ത്ര്യസമരസേനാനി' എന്നൊരു സംവര്‍ഗത്തിന്റെ തിരോധാനമാണെന്ന് ഡോ. സല്‍മാന്‍ സയ്യിദ് തന്റെ പ്രശസ്തമായ എ ഫണ്ടമെന്റല്‍ ഫിയര്‍ എന്ന ക്ലാസിക്കല്‍ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. വന്‍ശക്തികള്‍ വിപരീതശക്തികളെന്ന നിലക്ക് നിലനിന്ന ഇരുധ്രുവ ലോകത്ത്, കോളനിയാനന്തരസമൂഹങ്ങളിലെ സ്വാതന്ത്ര്യസമരസേനാനി എന്നൊരു സംവര്‍ഗം, ആര് ആരെ എതിര്‍ക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. പക്ഷേ, അമേരിക്കന്‍ ശതാബ്ദത്തിന്റെ ഉദയത്തോടെ സ്വാതന്ത്ര്യസമരസേനാനി ഇല്ലാതായി. സ്വേച്ഛാധിപതികളും ഏകാധിപതികളും മര്‍ദകഭരണകൂടങ്ങളും ശൈഖാധിപന്‍മാരും അമേരിക്കയുമായി കൊണ്ടുംകൊടുത്തുമുള്ള സഖ്യത്തിലേര്‍പ്പെട്ടു. അതുമൂലം, ഇപ്പോഴത്തെ ആഗോളക്രമത്തെ എതിര്‍ക്കുന്ന സ്വാതന്ത്ര്യസമരസേനാനി ടെററിസ്റ്റ് എന്ന സംവര്‍ഗത്തില്‍പെടുന്നു. ഈ ആഗോള പാശ്ചാത്യ മലിനമേല്‍ക്കോയ്മ വ്യവഹാരം എല്ലാതരത്തിലുമുള്ള അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്കുമെതിരിലുള്ള പ്രതിരോധങ്ങളെയാകമാനം നിയമവിരുദ്ധമാക്കുകയും [de-legitimisation] ചെയ്തു. ആ മര്‍ദകഭരണകൂടം നവഉദാരജനാധിപത്യത്തിന്റെ കുപ്പായം കൂടി അണിയുന്നുണ്ടെങ്കില്‍ ആ നിയമവിരുദ്ധമാക്കലിന്റെയും അപമാനവീകരണത്തിന്റെയും ചിത്രം പൂര്‍ത്തിയാകുന്നു. തെരഞ്ഞെടുപ്പ് വഴി കൈവന്ന അവസരങ്ങളിലൂടെ വിജയിച്ച തദ്ദേശീയ ഇസ്‌ലാമികോദ്ധാരക പ്രസ്ഥാനങ്ങളായ മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഹമാസിനെയും അന്താരാഷ്ട്രസമൂഹത്തില്‍ നിന്ന് നേരിയൊരെതിര്‍പ്പ് പോലും ക്ഷണിച്ചുവരുത്താതെ ഹിംസയിലൂടെ തന്നെ അധികാരത്തില്‍ നിന്നിറക്കിവിടുക കൂടി ചെയ്തു; കാരണം, ജനാധിപത്യം തന്നെയും വെള്ളക്കാരനുള്ള പ്രത്യേകാധികാരമായണല്ലോ വീക്ഷിക്കപ്പെടുന്നത്.
ഇപ്പോള്‍, ആഗോളരാഷ്ട്രീയത്തില്‍ നിന്ന് സോവിയറ്റ് യൂണിയന്റെ പിന്‍മടക്കത്തിനുശേഷം മാര്‍ക്‌സിസം ഇപ്പോഴും ഒരു ബൃഹദാഖ്യാനമായി തുടിച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇസ്‌ലാം കേന്ദ്രീകൃത തദ്ദേശീയ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങളെയും പോളിറ്റികളെയും സംബന്ധിച്ച തങ്ങളുടെ എതിരാളികളുടെ അല്‍പദൂരക്കാഴ്ച തന്നെയാണ് അമേരിക്കല്‍ നിയോലിബറല്‍ പ്രൊജക്ടിനോട് തികച്ചും എതിര്‍പ്പുള്ള ഇടതു വ്യവഹാരവും പങ്കുവെക്കുന്നത്. ഇടതോ സോഷ്യലിസ്റ്റോ ആയ ഒരു വേരുണ്ടെങ്കിലേ സാമ്രാജ്യത്വത്തിനെതിരെയുള്ള ഒരു പോരാട്ടം ഈ പക്ഷത്തിന് കളങ്കമില്ലാത്തതായി തീരൂ. മറ്റുതരത്തിലുള്ള പ്രതിരോധാഖ്യാനങ്ങളെ അത് പുച്ഛത്തോടെ വീക്ഷിക്കുകയും കരുതിക്കൂട്ടി മറച്ചുവെക്കുകയും ചെയ്യുന്നു. സമകാലീന ലിബറല്‍ വ്യവഹാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന ഈ ചിറി കോട്ടല്‍ മനോഭാവം ഇസ്‌ലാം ഭീതിയാഖ്യാനങ്ങളെ കെട്ടഴിച്ചുവിടുകയും വംശീയാധികാരക്രമത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോഴത്തെ, ഏറ്റവും പുത്തനായ സംഘര്‍ഷത്തില്‍ 420 കുട്ടികളുള്‍പ്പെടെ 1,875 ഫലസ്തീനികള്‍ വധിക്കപ്പെടുകയും 8,000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് ലക്ഷത്തോളം പേര്‍ കുടിയൊഴിക്കപ്പെടുകയും ചെയ്തു. പക്ഷേ, മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി, തെക്കേ അമേരിക്കന്‍ ചേരിയില്‍ നിന്നുള്ള ധീര രാജ്യങ്ങളുടെ പിന്തുണയോടെ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. ഫലസ്തീനിയന്‍ ജനതയോടുള്ള ഈ കൂറ്റന്‍ സാഹോദര്യപ്രകടനത്തെ ഉചിതമായ പരിപ്രേക്ഷ്യത്തിലെടുക്കുമ്പോള്‍, ചില വംശീയക്കടമ്പകളെ നാം കണ്ടുമുട്ടുന്നു.
ഗസ്സയിലെ ജനങ്ങളല്ല, മറിച്ച് ഹമാസാണ് ഇസ്രയേലിന്റെ ശത്രുക്കളെന്നും സിവിലിയന്മാരുടെ മരണങ്ങളൊക്കെയും ഹമാസ് വരുത്തിക്കൂട്ടിയ ദുരന്തമാണെന്നും ബെഞ്ചമിന്‍ നെതന്യാഹു ജെറൂസലമിലെ ഒരു പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി. നെതന്യാഹുവിന്റെ കാലടികളെ പിന്തുടര്‍ന്ന്, സമാനവീക്ഷണം ആവര്‍ത്തിക്കുന്നോളം, അനേകം ലിബറലുകള്‍ 'ഞങ്ങള്‍ ഫലസ്തീനിയന്‍ ജനങ്ങളെ പിന്തുണക്കുന്നു' എന്നും പറയുകയുണ്ടായി. മറ്റുചിലപ്പോള്‍, 'ഞങ്ങള്‍ ഹമാസിനെ പിന്തുണക്കുന്നില്ല' എന്നുള്ള വ്യക്തമായ സന്ദേശങ്ങളും കാണപ്പെട്ടു. ഫലസ്തീന്‍ പോരാട്ടത്തിന്റെ അനുഭാവികളും പിന്തുണക്കാരുമായ നമുക്കെന്തുകൊണ്ടാണ് ഹമാസിനെ ദഹിക്കാത്തത്? ഇവിടെ ചോദിക്കാനുള്ളത് ഇതാണ്: കൊല്ലപ്പെട്ടും കുത്തിക്കെട്ടിയും നാം കണ്ട കുഞ്ഞുങ്ങളെക്കരുതിയുള്ള താല്‍ക്കാലിക പ്രകടനാത്മക സഹതാപമായിരുന്നോ നമ്മുടെ ആവിഷ്‌കാരങ്ങള്‍? അതോ, കുടിയേറ്റവംശീയ കൊളോണിയലിസത്തിനും സാമ്രാജ്യത്വപദ്ധതികള്‍ക്കും വംശഹത്യക്കുമെതിരെയുള്ള ഫലസ്തീനിയന്‍ സ്വാതന്ത്ര്യാഭിലാഷത്തോടുള്ള രാഷ്ട്രീയപിന്തുണയോ?
ലോകത്തെ മറ്റിടങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങളോട് നാം കാട്ടുന്ന സമാനമായ സാഹോദര്യപ്രകടനങ്ങളുടെ കടുത്ത വിപരീതമാണ് ഈ കാപട്യം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെനിസ്വേലക്കാര്‍ എന്ന് നമ്മുടെ മുദ്രാവാക്യങ്ങളും എഴുത്തുകളും വെറുതെ പറഞ്ഞുപോകാറില്ല; സാധാരണക്കാരനായ ഒരു വെനിസ്വേലക്കാരനെ നമ്മുടെ പോസ്റ്ററുകള്‍ കാട്ടാറില്ല. ദീര്‍ഘകാലത്തെ പോരാട്ടത്തിനു ശേഷം, ദക്ഷിണാഫ്രിക്കക്കാര്‍ വംശവിവേചനം അവസാനിപ്പിച്ചെന്ന് നാമാരും പ്രഖ്യാപിക്കാറില്ല; സാധാരണക്കാരനായ ഒരു ദക്ഷിണാഫ്രിക്കക്കാരന്റെ ചിത്രവും നമുക്കില്ല. മറിച്ച് സാമ്രാജ്യത്വത്തിനെതിരെ വെനിസ്വേലക്കാര്‍ നടത്തിയ പോരാട്ടത്തിന് ഹ്യൂഗോ ചാവേസ് നല്‍കിയ നേതൃത്വത്തെ, അദ്ദേഹത്തെ തന്നെ ആ സമരത്തിന്റെ മൂര്‍ത്തീമദ്ഭാവമായി കാട്ടിയാണ് നാം അഭിമാനിക്കാറ്. അതേപോലെ, വെള്ളക്കാരുടെ വംശീയമേധാവിത്തമനോഭാവത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയെയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും. ജനാഭിലാഷങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും എപ്പോഴും എല്ലാക്കാലവും ഒരു നിര്‍വാഹകത്വം ഉണ്ടായിരിക്കും. പ്രതിരോധത്തിന് എപ്പോഴും ഒരു ഘടനയും പ്രസ്ഥാനവും നേതൃത്വവും ഉണ്ടായിരിക്കും. പ്രാന്തത്തിലുള്ള ജനങ്ങളുടെ പ്രതിനിധികളാണ് ഈ പ്രസ്ഥാനങ്ങളും നേതാക്കളും. എല്ലാ സാഹോദര്യപ്രകടനങ്ങളും പിന്തുണയും ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും നേതാക്കള്‍ക്കും കൂടി ഉണ്ടാവണം.
ഇത്തരം പ്രസ്ഥാനങ്ങളെയും നേതാക്കളെയും കല്‍പനയായും കവിതയായും വിഗ്രഹമായും ആളുകള്‍ മാറ്റിത്തീര്‍ത്തിട്ടുണ്ട്. വിയറ്റ്‌നാമും ലാറ്റിന്‍ അമേരിക്കയും തെക്കെ അമേരിക്കയും ആഫ്രിക്കയും തെക്കനേഷ്യയും തുടങ്ങി സാമ്രാജ്യത്വവിരുദ്ധപ്രതിരോധത്തിന്റെ ഏത് രംഗവേദികളിലും അതങ്ങനെയായിരുന്നു. പക്ഷേ, വളരെ പരിമിതമായി മാത്രമേ അറബ്മുസ്‌ലിം ലോകത്തുള്ളൂ.
ഒരു വംശീയ ഭരണകൂടത്തിന്റെ മാരകാതിക്രമങ്ങള്‍ക്കെതിരെ, ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍, അതേ വംശീയതയുടെ ഒരു നിറം രാഷ്ട്രീയാവിഷ്‌കാരമില്ലാത്ത ഫലസ്തീന്‍ ജനതയ്ക്ക് മാത്രം പിന്തുണ നല്‍കുന്ന വിധത്തില്‍ നമ്മെ എത്തിക്കുന്നു. 'ഇസ്രായേലി ബോംബിങ്ങും ഹമാസിന്റെ റോക്കറ്റാക്രമണവും യുദ്ധക്കുറ്റങ്ങള്‍ തന്നെ', 'രണ്ടു കൂട്ടരും ആയുധം താഴെ വെക്കുക', 'ഫലസ്തീനികളുടെയും ഇസ്രായേലികളുടെയും ആലിംഗനച്ചങ്ങല', 'ഗാസയിലെ സ്ത്രീകളും കുട്ടികളും ഇസ്രായേലി പട്ടാളക്കാര്‍ക്ക് പനിനീര്‍ പൂക്കള്‍ നല്‍കുന്നു' തുടങ്ങിയ പൊള്ളയായ പ്രസ്താവനകളുടെ വ്യംഗാര്‍ഥം, 'നിങ്ങള്‍ നിഷ്‌ക്രിയരായ ഇരകളായി തുടരുന്നേടത്തോളമേ ഞങ്ങളുടെ പിന്തുണയുണ്ടാവൂ', അല്ലെങ്കില്‍ 'നിങ്ങള്‍ക്ക് പ്രതിരോധിക്കാനുള്ള അവകാശങ്ങള്‍ ഞങ്ങള്‍ നിഷേധിക്കുന്നു' എന്നാണ്. യൂറോ കേന്ദ്രീകൃത ജ്ഞാനത്തിന് പ്രത്യേകാവകാശം നല്‍കുന്ന കൊളോണിയല്‍ വ്യവഹാരത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവന് ഒരു വ്യക്തിനിഷ്ഠതയുമില്ല. ഫലസ്തീനികള്‍ എങ്ങിനെയാണ് പൊരുതേണ്ടതെന്ന്, ആര്‍ക്കവര്‍ വോട്ട് ചെയ്യണമെന്ന്, സാമ്രാജ്യാടിമത്തത്തെ ഉപബോധപരമായി പ്രോത്സാഹിപ്പിച്ച് എങ്ങനെയാണ് വിലപേശല്‍ നടത്തേണ്ടതെന്ന് 'ഞങ്ങള്‍' പാശ്ചാത്യവിദ്യാഭ്യാസം നേടി പരിഷ്‌കൃതരായ ലിബറല്‍ പുരുഷന്‍മാര്‍ തീരുമാനിച്ചുകൊള്ളാം. ഈ രക്ഷാകര്‍തൃമനോഭാവം, മുസ്‌ലിം വ്യക്തിനിഷ്ഠതയുടെ ഈ മായ്ച്ചുകളയല്‍ ക്ലാസിക്കല്‍ മാര്‍ക്‌സിസത്തില്‍ വളരെ പ്രകടമാണ്; മാര്‍ക്‌സ് തന്നെയും ഈയൊരു വ്യവസ്ഥയില്‍ നിന്ന് മുക്തനല്ല.
അതിനാല്‍, ഇസ്‌ലാം ഭീതിയുടേതായ ഇത്തരത്തിലൊരു ആഗോളപശ്ചാത്തലത്തില്‍, ഇസ്‌ലാമികാവിഷ്‌കാരങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ ബോധത്തില്‍ ആദ്യം വരുന്ന വാക്കുകള്‍ മധ്യകാലപരം (medieval), കാട്ടാളത്തം (barbaric), ടെററിസ്റ്റ്, വയലന്‍സ്, മിലിറ്റന്റ്, നിരക്ഷരന്‍ തുടങ്ങിയ സൂചനകളാണ്. ഹമാസിനെയും ഫലസ്തീനിയന്‍ പ്രതിരോധത്തിലെ മറ്റ് വിഭാഗങ്ങളെയും സംബന്ധിച്ച് നമുക്ക് ഇത്രമാത്രം വെറുപ്പുളവാക്കുന്ന സംഗതികള്‍ എന്തൊക്കെയാണ്? മുന്‍വിധി നിറഞ്ഞ ഒരു മനസ്സുണ്ടാക്കുന്നതില്‍ ദൃശ്യബിംബങ്ങള്‍ സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. മങ്കിത്തൊപ്പി ധരിച്ച്, നമുക്കറിയാത്ത ലിപികളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന മിലിറ്റന്റ്, ഫലസ്തീനിയന്‍ പ്രതിരോധത്തിന്റെ അപരിഷ്‌കൃതവും കാട്ടാളത്തപരവുമായ പ്രകൃതത്തിലേക്ക് ചൂണ്ടുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ട്. 'നമ്മുടെ' ഭാവനയിലുള്ള പരിഷ്‌കാരപരിണാമങ്ങളുടെ ആവശ്യം അവര്‍ക്ക് അധികമുണ്ട്. മെക്‌സിക്കോയിലെ സെപാറ്റിസ്റ്റ് പ്രസ്ഥാനത്തിന്റെ [Zapatista movement] സബ്‌കോമാന്റാന്റെ മാര്‍ക്കോസ് [Subcomandante Marcos] കൃത്യം അതേരൂപത്തിലുള്ള ചിത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍, നിഷേധസൂചകങ്ങളുടെ എല്ലാ ധ്വനിയും ഉദാരഇടതരുടെ മനസ്സില്‍ നിന്ന് പോവുകയും, മങ്കിത്തൊപ്പി ധരിച്ച ഈ പോസ്റ്റ് മോഡേണ്‍ സായുധനേതാവിനെയും അദ്ദേഹത്തിന്റെ മിലിറ്റന്റ് പ്രസ്ഥാനത്തെക്കുറിച്ചും വിപ്ലവസംജ്ഞകളും കാല്‍പനികവിവരണങ്ങളും കവിതയും ജീവചരിത്രങ്ങളും ഒഴുകുകയും ചെയ്യുന്നു. ലോകപ്രശസ്തരായ ഇടത് ചിന്തകരും ആഗോളീകരണ വിദഗ്ധരും സ്തുതിഗീതങ്ങള്‍ പാടുകയും സെപാറ്റിസ്റ്റകള്‍ക്കെതിരെ മെക്‌സിക്കന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്താല്‍ അപലപിക്കാന്‍ തയ്യാറായി നില്‍ക്കുകയും ചെയ്യുന്നു.
അതേ രീതിയില്‍ ഹമാസിനെ കാണാന്‍ എന്തുകൊണ്ട് കഴിയുന്നില്ല? അവരുടെ വിശ്വാസമായ ഇസ്‌ലാം ഹമാസിന്റെ പ്രത്യയശാസ്ത്രത്തില്‍ മുഖ്യപങ്ക് വഹിക്കുന്നു എന്ന വസ്തുതയുമായാണ് നിഷ്പക്ഷമല്ലാത്ത ഈ ആഖ്യാനത്തിന് കാരണം. നമ്മുടെയൊക്കെ തലച്ചോറുകള്‍ സര്‍വവ്യാപിയായ ഈ ആഖ്യാനത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നുള്ളതാണ് ദുഃഖകരമായ സത്യം. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വക്താവും ആസ്‌ട്രേലിയന്‍ഇസ്രായേലിയുമായ മാര്‍ക് റെജെവ്, കൂട്ടക്കൊലക്കും വംശഹത്യക്കും വംശശുദ്ധീകരണത്തിനും ആഹ്വാനം ചെയ്യുമ്പോള്‍, നമുക്ക് അസ്വസ്ഥതകളില്ല, അല്ലെങ്കില്‍, നേരിയ തോതിലേ നമ്മുടെ മനസ്സാക്ഷിക്ക് പരിക്കേല്‍ക്കുന്നുള്ളൂ. പക്ഷേ, മങ്കിത്തൊപ്പി ധരിച്ച ഇസ്സദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡിന്റെ നേതാവ്, സിവിലിയന്‍മാരെ ലക്ഷ്യം വെക്കില്ലെന്ന് പറയുമ്പോള്‍ അത് നമ്മുടെ ബോധത്തെ ശല്യപ്പെടുത്തുന്നു. ഇംഗ്ലീഷ് സംസാരിക്കാത്ത മുഖംമൂടി ധരിച്ച സ്വാതന്ത്ര്യസമരസേനാനിയേക്കാള്‍ നാം ഒരുപക്ഷേ നമ്മുടെ മനസ്സിന്റെ അഗാധതയില്‍ ആയിത്തീരാന്‍ കൊതിക്കുന്ന വ്യക്തി ക്ലീന്‍ഷേവ് ചെയ്ത, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു വെള്ളക്കാരന്‍ പുരുഷനായിരിക്കാം; എത്ര തന്നെ മാലിന്യമാണ് അയാളില്‍ നിന്ന് വമിക്കുന്നതെന്നാലും ശരി. ഹമാസ് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക പ്രക്ഷോഭഗ്രൂപ്പുകളുടെ 'അന്തര്‍ലീനമായ ഹിംസ'യാണ് 'വെളുത്ത മുഖംമൂടി ധരിച്ച കറുത്തതൊലിക്കാരായ' ഫലസ്തീന്‍ പിന്താങ്ങികളെ അസ്വസ്ഥപ്പെടുത്തുന്ന ഒരു വശം. ഒരു ഫലസ്തീന്‍ ഗാന്ധിക്കായി അവര്‍ നിരന്തരം ആഹ്വാനം ചെയ്യുന്നു. ഏതൊരു വിഭാഗത്തെയും പോലെ ഫലസ്തീനികളും ഹിംസയെ അപലപിക്കുന്നു. ഒരു നൂറ്റാണ്ടിന്റെ മുഖ്യപങ്കും വംശീയഹിംസയെ സഹിച്ച അവര്‍ 'ജീവിതം പഠിപ്പിക്കു'കയാണ്. വംശീയ വര്‍ഗാടിത്തറയില്‍ ഭൗതികപ്രമത്തമായ നേഷന്‍ സ്റ്റേറ്റുകള്‍ സ്ഥാപിച്ചവര്‍ മാത്രമാണ്, കൊള്ളക്കും കവര്‍ച്ചക്കുമായി അല്ലെങ്കില്‍ 'അപരത്തെ' പരിഷ്‌കരിക്കാനും ജനാധിപത്യവല്‍ക്കരിക്കാനുമായി ഹിംസയെ മനസ്സാക്ഷിക്കുത്തില്ലാതെ സാധാരണമാക്കിയതും സ്ഥാപനവല്‍ക്കരിച്ചതും. പരിഷ്‌കൃത പെരുമാറ്റത്തില്‍ നിന്നുള്ള താല്‍ക്കാലിക വിട്ടുനില്‍ക്കല്‍ പോലുമായി അതൊരിക്കലും വീക്ഷിക്കപ്പെട്ടില്ല; അതാണ് പാശ്ചാത്യനാഗരികതയുടെ ഉള്ളടക്കം. ദൈവവിളിയെന്ന മട്ടിലാണ് ഭൂമിയിലെ ദൗത്യം അവര്‍ നടപ്പിലാക്കിയത്. നാം അഭിമുഖീകരിക്കുന്ന ആശയക്കുഴപ്പം ഇതാണ്: പ്രതിരോധത്തില്‍ മാത്രം ഏര്‍പ്പെടുന്ന ഇസ്സദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിനെ നാം കാപട്യത്തോടെ അപലപിക്കുമ്പോള്‍, ക്യൂബക്കു പുറമെ കൊളംബിയയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും മെക്‌സിക്കോയിലും പോരാടിയ ഫിഡല്‍ കാസ്‌ട്രോക്കു വേണ്ടി പടപ്പാട്ടുകള്‍ രചിക്കുന്നു. ക്യൂബയില്‍ പോരാടിയ, കോംഗോയില്‍ പൊരുതിയ, ബൊളീവിയയില്‍ രക്തസാക്ഷിയായ, ഗറില്ലാ തന്ത്രങ്ങളെക്കുറിച്ച് പുസ്തകങ്ങളെഴുതിയ ചെ എന്ന അര്‍ജന്റീനക്കാരന്റെ ടീഷര്‍ട്ടുകള്‍ നാം അടിച്ചിറക്കുന്നു. ഉംഖോണ്ടോ വെ സിസ്വെ [Umkhonto we Sizwe] എന്ന തീവ്ര സായുധവിഭാഗം സ്വന്തമായുണ്ടായിരുന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ പേരില്‍ നാം ഇന്‍സ്റ്റിറ്റിയൂട്ടുകളും സെന്ററുകളും സ്ഥാപിക്കുന്നു. പ്രസിഡണ്ടായിരിക്കുമ്പോള്‍ മഡിബനെല്‍സണ്‍ മണ്ടേല തന്നെയും ലെസോത്തോയില്‍ ശാന്തിയും ജനാധിപത്യവും സ്ഥാപിക്കാനായി സൈനിക ഇടപെടല്‍ സംഘടിപ്പിച്ചിട്ടുണ്ട്.
(നെല്‍സണ്‍ മണ്ടേലയെ ഇപ്പോഴും ടെററിസ്റ്റ് ആയാണ് ഇസ്രായേല്‍ വീക്ഷിക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. 2008ല്‍ മാത്രമാണ് അദ്ദേഹത്തെ ടെറര്‍ വാച്ച് ലിസ്റ്റില്‍ നിന്ന് അമേരിക്ക നീക്കിയത്. ഇടത് ബഹുരാഷ്ട്ര പ്രതിരോധശ്രമങ്ങള്‍, ഭീകരവും ഫോറിന്‍ ജിഹാദിസ്റ്റുകള്‍ എന്ന് മുദ്രകുത്തപ്പെട്ടതുമായ ഇസ്‌ലാമിക ബഹുരാഷ്ട്ര പ്രതിരോധപ്രസ്ഥാനങ്ങളേക്കാള്‍ പവിത്രമാണ്) സെപറ്റിസ്റ്റയും മറ്റ് തദ്ദേശീയ സാമ്രാജ്യത്വവിരുദ്ധപ്രസ്ഥാനങ്ങളും ഉള്‍പ്പെടുന്ന ആളുകളെക്കാളും ഇതിഹാസങ്ങളെക്കാളും വലിയവര്‍ നമ്മുടെ പരമമായ ആദരവ് നേടുന്നുവെന്നതിലും നമ്മുടെ അന്തമില്ലാത്ത ആരാധനയും അര്‍ഹിക്കുന്നുവെന്നതിലും ഒരു സംശയവുമില്ല. പക്ഷേ, സ്വന്തം ഭൂമിയും ജീവനും രക്ഷിക്കാനായി മാത്രം ഹിംസ നടത്തേണ്ടിവരുന്ന, അതിന്റെ പേരില്‍, 'മുസ്‌ലിംകളല്ലേ, ഹിംസ നടത്തും' എന്ന ആവര്‍ത്തിതമായ വംശീയവാദി പ്രചാരണത്തിന് കാരണം നല്‍കേണ്ടിവരികയും അതുവഴി ഐകകണ്‌ഠ്യേനയുള്ള അയിത്തത്തിന് വിധേയമാകുകയും ചെയ്യുന്ന ഹമാസിനെ ഈ പട്ടികയില്‍ നിന്ന് പുറത്താക്കുമ്പോഴാണ് പ്രശ്‌നം.
വംശീയതയുടെയും കൊളോണിയലിസത്തിന്റെയും ബാധകളെക്കുറിച്ച് പഠിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സൈദ്ധാന്തികനായ ഫ്രാന്‍സ് ഫാനണ്‍ തന്റെ പ്രശസ്തമായ റെച്ചഡ് ഓഫ് ദ് ഏര്‍ത്തിന്റെ പ്രാരംഭവാക്യത്തില്‍ ഇങ്ങനെ കുറിക്കുന്നു: 'ദേശീയവിമോചനം, ദേശീയപുനരുത്ഥാനം, ജനങ്ങള്‍ക്ക് ദേശപദവി പുനഃസ്ഥാപിച്ചുനല്‍കല്‍, കോമണ്‍വെല്‍ത്ത്; അവതരിപ്പിക്കപ്പെട്ട പുതിയ സമവാക്യങ്ങള്‍ക്ക് നല്‍കുന്ന തലക്കെട്ടുകളെന്തു തന്നെയായാലും ശരി, ഡീ കോളനൈസേഷന്‍ എന്നുള്ളത് എപ്പോഴും ഹിംസാത്മകമായ ഒരു പ്രതിഭാസമാണ്. ഫാനന്‍ സൂചിപ്പിക്കുന്ന അള്‍ജീരിയന്‍ വിപ്ലവവും ഹമാസും ഉള്‍പ്പെടെയുള്ള തദ്ദേശീയമായ എല്ലാ പ്രതിരോധപ്രസ്ഥാനങ്ങളും ഭ്രാന്തമായ ഭ്രമാത്മകത കൊണ്ട് തുടികൊട്ടുന്നുവെന്ന് ഇത് അര്‍ഥമാക്കുന്നില്ല. മറിച്ച്, അവരുടെ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ അവശ്യചേരുവയായി ഹിംസ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുവെന്നതാണ് അതിന്റെ സാരം. വിമോചനപ്പോരാട്ടത്തില്‍ പ്രതിരോധപ്രസ്ഥാനങ്ങള്‍ ശാന്തിമാര്‍ഗം അവലംബിച്ചില്ലെന്നും ഇതര്‍ഥമാക്കുന്നില്ല. ദശാബ്ദങ്ങളായി ഫലസ്തീനികള്‍ അഹിംസാത്മരീതിയില്‍ തന്നെയാണ് ഇടപെട്ടുകൊണ്ടിരുന്നത്. അധിനിവേശത്തിന്റെ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് സയണിസ്റ്റുകള്‍ക്കെതിരെയുള്ള ആദ്യത്തെ റോക്കറ്റ് തൊടുക്കപ്പെടുന്നത്. ഫലസ്തീനിയന്‍ ഗാന്ധിമാര്‍ തീര്‍ച്ചയായും ഉണ്ട്. ഫലസ്തീനിയന്‍ കുഴിമാടങ്ങളില്‍ ആറടിത്താഴ്ചയിലും ഇസ്രയേലി ഇരുട്ടറകളില്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടും പീഡിപ്പിക്കപ്പെട്ടും അവരെ കാണാം. നീതിയും സ്വാതന്ത്ര്യവും തേടി കൈകോര്‍ത്ത് നീങ്ങിയ കറുത്തവര്‍ഗക്കാരെയും ഇന്ത്യക്കാരെയും പോലീസ് മര്‍ദനങ്ങള്‍ കൊണ്ടും അറസ്റ്റുകള്‍ കൊണ്ടും നേരിട്ട അമേരിക്കന്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ നിന്നും ബ്രിട്ടീഷ് രാജില്‍ നിന്നും വ്യത്യസ്തമായി, ഫലസ്തീനിയന്‍ പ്രകടനക്കാരെ സാധാരണയായി നേരിടുന്നത്, ലക്ഷ്യപരിശീലനം നേടുന്ന ഇസ്രായേലി സ്‌നൈപ്പര്‍മാരാണ്. എട്ടു മുതല്‍ എഴുപത് വരെ വയസ്സുള്ള ആരുമാവാം ലക്ഷ്യം. ലോകം അത് ശ്രദ്ധിക്കുന്നു പോലുമില്ല. ഏകദേശം നൂറോളം സമാധാനപരമായ പ്രകടനങ്ങളും അക്രമമില്ലാത്ത പ്രക്ഷോഭങ്ങളും പ്രതിവര്‍ഷം നടക്കുന്നുണ്ടെന്ന് ഫലസ്തീനിയന്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണപോലെ, സൗകര്യപ്രദമായി അക്കാര്യം മറക്കാനാണ് അന്താരാഷ്ട്ര മീഡിയ ഓര്‍മിക്കാറ്. മീഡിയ കവറേജ് ഉണ്ടെങ്കിലേ അഹിംസ ഒരു പ്രതിരോധമെന്ന നിലക്ക് ഫലപ്രദമാവൂ. ഗാന്ധിയുടെ വിശുദ്ധതത്ത്വമെന്ന നിലക്കുള്ള അഹിംസയുടെ ഈ മായക്ക് പുറത്ത് നാം കടന്നേ പറ്റൂ. ഡോ. ഇര്‍ഫാന്‍ അഹമ്മദിന്റെ ഏറ്റവും പുതിയ ഗാന്ധി, പാലസ്‌റ്റൈന്‍ ആന്റ് ഇസ്രയേല്‍ എന്ന ലേഖനം, ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഹിംസയുണ്ടായപ്പോള്‍ ഗാന്ധിക്ക് ആവേശം തോന്നിയ കാര്യം പരാമര്‍ശിക്കുന്നു. ചിലപ്പോഴൊക്കെ തന്റെ സമാധാനനീക്കങ്ങളില്‍ നിന്ന് ഗാന്ധി വ്യതിചലിച്ചിട്ടുണ്ട് എന്നുള്ളതും, സ്പാര്‍ട്ടന്‍ മിലിട്ടറിസത്തെ ഉദാഹരണയോഗ്യമായി ചൂണ്ടിക്കാട്ടിയതും, ഹിറ്റ്‌ലറെയും നാസിപ്രശ്‌നത്തെയും എങ്ങനെ നേരിടണമെന്ന് മറ്റൊരിക്കല്‍ വിശദീകരിച്ചതും, അതേരീതിയിലുള്ള അപായച്ചതുപ്പിലാണ് ഫലസ്തീനികള്‍ ഇപ്പോഴുള്ളതെന്നതും പ്രസ്താവ്യമാണ്.
ഹമാസ് മനുഷ്യമറ ഉപയോഗിക്കുന്നുവെന്നുള്ള ഇസ്രായേലി ഹസ്ബറയുടെ അവകാശവാദം പൊളിച്ചടുക്കപ്പെട്ടപ്പോള്‍, ഹമാസ് മനപ്പൂര്‍വം ഫലസ്തീന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് റോക്കറ്റ് തൊടുക്കുക വഴി അവരെ അപായപ്പെടുത്തുന്നുവെന്നായിരുന്നു അടുത്ത പ്രചാരണ തന്ത്രം. ഗസ്സയിലെ സ്ത്രീകളോടും കുട്ടികളോടും സഹതാപം കാട്ടുന്ന ലിബറലുകള്‍ ഇവ മുള്ളു തൊടാതെ വിഴുങ്ങുകയുണ്ടായി. സിവിലിയന്‍ പരിസരങ്ങളില്‍ നിന്ന് ഹമാസ് നിറയൊഴിക്കുന്നുണ്ടോ എന്നുള്ളതല്ല ചര്‍ച്ച. എനിക്ക് പ്രവേശനാധികാരമില്ലാത്ത, സൈനികതന്ത്രങ്ങളെക്കുറിച്ചും ഗറില്ലാസൂത്രങ്ങളെക്കുറിച്ചുമാണ് ചര്‍ച്ച. പക്ഷേ, സ്വന്തം കുറ്റകൃത്യങ്ങളെ വെള്ളപൂശുന്ന, വെസ്റ്റ് ബാങ്കില്‍ നിന്ന് കല്ലും ഗസ്സയില്‍ നിന്ന് റോക്കറ്റും വിട്ട് നടത്തുന്ന പ്രതിരോധത്തെ ജനങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന ഇസ്രായേലി പ്രചാരണവേലകളെക്കുറിച്ചാണ് യഥാര്‍ഥത്തില്‍ ചര്‍ച്ചവേണ്ടത്. നമ്മെ അസ്വസ്ഥപ്പെടുത്തുന്ന സൂക്ഷ്മവിശദാംശങ്ങളെ ചൂണ്ടി നാം പ്രതിരോധത്തെ വിമര്‍ശിക്കുമ്പോള്‍, സ്വാതന്ത്ര്യസമരത്തെയും പ്രതിരോധസങ്കല്‍പങ്ങളെയും സംബന്ധിച്ചുള്ള നമ്മുടെ ധാരണക്കുറവാണ് വെളിപ്പെടുന്നത്. ഫലസ്തീനികളെ സംബന്ധിച്ച്, പ്രതിരോധം തന്നെയാണ് നിലനില്‍പ്പ്.
ഉദാഹരണത്തിനായി, രണ്ടാം ലോകയുദ്ധത്തിലെ കേളികേട്ട ജൂതപ്രതിരോധത്തിലേക്ക് നോക്കുകയേ വേണ്ടൂ. ഇതിഹാസമായി പറയപ്പെടുന്ന 1943ലെ വാര്‍സോ ഗെറ്റോ അപ്‌റൈസിങ്ങാണ് നാസി അതിക്രമങ്ങള്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഒറ്റപ്പെട്ട ജുതപ്രതിരോധം. 1939ല്‍ നാസികള്‍ പോളണ്ടിനെ കീഴടക്കിയപ്പോള്‍, അവിടെയുള്ള നാലു ലക്ഷം ജൂതരെ അവര്‍ വാര്‍സോയിലെ മൂന്നര ചതുരശ്രമൈല്‍ പ്രദേശത്ത് തടവിലിട്ടു. 1940 നവംബര്‍ 15ന് അതിനുചുറ്റും പത്തടി മതില്‍ കെട്ടി മുദ്രവെച്ചു. ജൂതരെ പുറത്തുപോകാന്‍ അനുവദിച്ചില്ല. അതിനുശ്രമിച്ചാല്‍ കണ്ടിടത്ത് വെച്ച് വെടി എന്നതായിരുന്നു ശിക്ഷ. പുറംലോകവുമായി ഒരു ബന്ധവും അനുവദിച്ചിരുന്നില്ല. ജീവന്‍ നിലനിര്‍ത്താനല്ലാതെ, മതിയായ ഭക്ഷണം ഗെറ്റോയ്ക്കകത്ത് അനുവദിച്ചിരുന്നില്ല. പിന്നീടുള്ള രണ്ടുവര്‍ഷങ്ങളില്‍ അവിടെയുള്ള ഭൂരിപക്ഷം ജൂതരെയും ഗ്യാസ് ചേംബറുകളിലിട്ട് ഇല്ലാതാക്കാനായി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കയച്ചു. 1943ഓടെ സോബ് (ZOB) എന്ന ജൂതപ്പോരാട്ടസംഘടന വാര്‍സോ ഗെട്ടോയില്‍ സ്ഥാപിക്കപ്പെട്ടു. ഒളിത്തുരങ്കങ്ങളിലൂടെയാണ് നാസിവിരുദ്ധ പോളണ്ടുകാര്‍ അവര്‍ക്ക് ആയുധങ്ങള്‍ ഒളിച്ചുകടത്തിയത്. മട്ടുപ്പാവുകളിലും നിലവറകളിലും അട്ടങ്ങളിലും നിന്ന് ആക്രമണം നടത്തി, നാടുകടത്തലിനെ വിജയകരമായി പ്രതിരോധിക്കുന്നതില്‍ തുടക്കത്തില്‍ അവര്‍ വിജയിച്ചു.
1943 ഏപ്രില്‍ 19ന് ജൂതരുടെ പാസ്സോവര്‍ പെരുന്നാളിന്റെയന്ന് നാസികള്‍ ടാങ്കുകളും ഹെവി ആര്‍ട്ടിലറിയും ഫ്‌ളെയിം ത്രോവറുകളും ഉപയോഗിച്ച് പരക്കെ ആക്രമണം തുടങ്ങി. എസ്.എസിന്റെ ആദ്യ ആക്രമണം ജൂതര്‍ പ്രതിരോധിച്ചു. പന്ത്രണ്ടോളം ജര്‍മന്‍കാര്‍ കൊല്ലപ്പെട്ടു. ജര്‍മന്‍കാര്‍ ആക്രമണം വര്‍ധിപ്പിച്ചു. പോരാടിയ ശേഷം നിലവറകളുടെയും ഓവുചാലുകളുടെയും ഒളിവഴികളുടെയും ദുരൂഹങ്ങളിലേക്ക് പിന്‍വാങ്ങിയ ജൂതരുടെ ചെറു യുദ്ധസംഘങ്ങളെ കൊല്ലുകയോ പിടിക്കുകയോ ചെയ്യുക അസാധ്യമായിരുന്നു. പോരാട്ടത്തിന്റെ അഞ്ചാംദിവസം, മുഴുവന്‍ ഗെറ്റോയും മുഴുവന്‍ ബ്ലോക്കുകളും കത്തിച്ചുകളയാന്‍ നാസികള്‍ തീരുമാനിച്ചു. 1943 മേയ് 16ന് നിരന്തരമായ ജര്‍മന്‍ ആക്രമണത്തിനൊടുവില്‍ ജൂതപ്രതിരോധം തീര്‍ന്നു. ഈ ഓപ്പറേഷന്റെ ചുമതല വഹിച്ച നാസി ജനറല്‍ ജര്‍ഗണ്‍ സ്ട്രൂപ്പ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് അയച്ചു: 'വാര്‍സോ എന്ന പഴയ ജൂത മൂല ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. വലിയ തോതിലുള്ള ഈ ആക്ഷന്‍ സമയം 2015ന് വര്‍സോ സിനഗോഗ് തകര്‍ത്തു. കൈകാര്യം ചെയ്ത ജൂതരുടെ സംഖ്യ: 56,065, പിടിയിലാക്കപ്പെട്ട ജൂതരും കൃത്യമായി കണക്കാക്കാവുന്ന ജൂതരും ഉള്‍പ്പെടെയാണിത്.'
ജനങ്ങളെ പൂട്ടിയിടുക, അവരുടെ സഞ്ചാരം നിയന്ത്രിക്കുക, തുരങ്കങ്ങള്‍ കുഴിക്കുക, നിലവറകളിലും മട്ടുപ്പാവുകളിലും നിന്ന് പോരാടുന്ന സായുധ പ്രതിരോധസേന രൂപീകരിക്കുക, മതാചാരങ്ങളോടനുബന്ധിച്ച് കൂട്ടത്തോടെ ബോംബിടുക, അഴുക്കുചാലുകളും ഒളിവഴികളും പ്രതിരോധസേന തന്ത്രപരമായി ഉപയോഗിക്കുക, മുഴുവന്‍ ബ്ലോക്കുകളെയും അക്രമകാരികള്‍ തകര്‍ക്കുക തുടങ്ങിയ സമാനതകള്‍ സ്വയം സംസാരിക്കുന്നവയാണ്. ഹോളോകാസ്റ്റിന് നേരിട്ടുത്തരവാദിയും ഹിറ്റ്‌ലറുടെ വലംകയ്യുമായ ഹെന്റിക് ഹിംലര്‍ വാര്‍സോ യുദ്ധത്തിന്റെ ദുഷ്പരിണതിയുടെ ഉത്തരവാദിത്തം ജ്യൂയിഷ് ഫൈറ്റിങ് ഫോഴ്‌സിന്റെ മേല്‍ ചുമത്തുക കൂടി ചെയ്തു എന്ന സാമ്യത കൂടി ഒട്ടും അമ്പരപ്പിക്കുന്നതല്ല. നാസികളുടെ തന്ത്രം ആരാണ് ഇന്ന് നടപ്പിലാക്കുന്നതെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടുള്ളതല്ല.
ഈ ഓല റോക്കറ്റുകള്‍ക്കെതിരെയുള്ള പ്രതികാരമാണ്, വീടുകള്‍ക്കും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും നേരെയുള്ള ഇസ്രായേലി ബോംബിങ്ങെന്ന് നാം വിചാരിക്കുകയാണെങ്കില്‍ അങ്ങേയറ്റത്തെ നിഷ്‌കളങ്കതയായിരിക്കും. ഐ.ഡി.എഫ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ബോംബിടുന്നുണ്ടെങ്കില്‍ അതവര്‍ ഉദ്ദേശിച്ചിട്ടു തന്നെയാണ്. റോക്കറ്റുകളുണ്ടായാലും ഇല്ലെങ്കിലും കഴിഞ്ഞ നാല്‍പത് വര്‍ഷമായി അത് തന്നെയായിരുന്നു സ്ഥിരം പതിവ്. ഫലസ്തീനിയന്‍ പുരുഷന്‍മാരെയും സ്ത്രീകളെയം കുട്ടികളെയും കാടന്‍മാരായി കാണുകയെന്ന് ഇസ്രായേലീ സൈന്യം ആന്തരികവല്‍ക്കരിച്ച ഒന്നാണ്. കൂറകളായും മുതലകളായും അവരുടെ സൈന്യാധിപന്‍മാര്‍ ഫലസ്തീനികളെക്കുറിച്ച് കരുതുന്നു. അടുത്തിടെയായി അമ്മമാരെ ബലാല്‍സംഗം ചെയ്തും ഫലസ്തീനികളെ പാഠം പഠിപ്പിക്കണമെന്ന് ഒരാള്‍ പറഞ്ഞു. 'ഗസ്സയില്‍ സിവിലിയന്‍മാരേ ഇല്ലെന്നും ഉള്ളവരെല്ലാം തന്നെ മിലിട്ടറി ടാര്‍ജറ്റുകളാണെ'ന്നും കൂടി, അവര്‍ക്ക് മനുഷ്യപദവിയും മനുഷ്യാവകാശങ്ങളും പോലും നിഷേധിച്ചുകൊണ്ട്, വിരമിച്ച ഒരു ജനറല്‍ പറഞ്ഞു.
സ്‌നേഹവും ഇഷ്ടവും ബന്ധുക്കള്‍ക്കായുള്ള കരുതലും വെള്ളക്കാരായ ആംഗ്ലോ സാക്‌സണ്‍ ആളുകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്നും, മുസ് ലിംകളും അറബികളുമാണെന്ന കാരണത്താല്‍ തന്നെ ഹമാസിന് അവരുടെ പ്രിയപ്പെട്ടവരെ യുദ്ധഭൂമിയിലാക്കുന്നതില്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലെന്നുമുള്ള വംശീയാഖ്യാനത്തില്‍ നാം വിശ്വസിക്കുന്നു എന്ന വസ്തുത, ഇസ്രായേലീ മഹാമനസ്‌കതയെ ഒരു പശ്ചാത്തലവും വിമര്‍ശചിന്തയുമില്ലാതെ നാം അന്ധമായി വിശ്വസിക്കുന്നുവെന്നതിനെ വെളിവാക്കുന്നു. കെട്ടിയുണ്ടാക്കിയ ഈ ചവറ് ആവര്‍ത്തിക്കുക വഴി, ഫലസ്തീനിയന്‍ പ്രതിരോധത്തെ വെറുപ്പുളവാക്കുന്ന വിധം അപമാനവീകരിക്കുന്നതില്‍ നാം കൂട്ടുപ്രതികളാവുകയാണ്. സ്പാനിഷ് ഇന്‍ക്വിസിഷന്റെ കാലം തൊട്ട് കൊളോണിയല്‍ സാമ്രാജ്യത്വം, ഗ്ലോബല്‍ സൗത്തിലെ തദ്ദേശീയ ജനതക്കുനേരെ ഈ അപമാനവീകരണ പ്രക്രിയ ഗംഭീരമായ വിജയത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മൗനത്തോടെയുള്ള അംഗീകാരവും സ്വീകരണവുമാണ് ഈ വിജയത്തിന്റെ വലിയൊരു കാരണം.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, യു.എന്‍, മുതിര്‍ന്ന പത്രക്കാര്‍ തുടങ്ങിയവര്‍ ഐ.ഡി.എഫും ഹമാസും ചെയ്ത യുദ്ധക്കുറ്റങ്ങളെയും ലംഘനങ്ങളെയും അന്വേഷിക്കണമെന്ന് പറയുമ്പോള്‍ വളരെ വ്യക്തമായ ഈ വസ്തുതകള്‍ ഒന്നുകൂടി അവ്യക്തമാകുന്നു. നീതിയോടും രാജ്യാന്തരനിയമത്തോടും ജനീവ കണ്‍വെന്‍ഷന്‍സിനോടുമുള്ള അവരുടെ വളയാത്ത ആത്മാര്‍പ്പണം, അക്രമിയെയും വിധേയനേയും ഒരേ തരത്തില്‍ വിശുദ്ധനിഷ്പക്ഷമേഖലയിലേക്ക് തള്ളിവിടുന്നു. കാരണം, ഒടുക്കം നാമെല്ലാവരും സത്യം ചെയ്യുന്നത് രാജ്യാന്തരനിയമത്തെയും ജനീവ കണ്‍വെന്‍ഷന്‍സിനെയും തൊട്ടാണല്ലോ? നീതി ഒരിക്കലും നിഷ്പക്ഷമായി നില്‍ക്കുന്ന ഒന്നല്ല. ഈ ശാസനങ്ങളില്‍ ഉള്ളടങ്ങിയിരിക്കുന്ന മേല്‍ക്കോയ്മാ ജ്ഞാനശാസ്ത്രം ഈ നിഷ്പക്ഷതയിലേക്ക് നമ്മെ തള്ളിവിടുന്നു.
രാജ്യാന്തരനിയമത്തിന്റെ പ്രകൃതത്തെക്കുറിച്ച് കുറെക്കൂടി നിശിതമായ ഒരു പരിപ്രേക്ഷ്യം എന്റെ സുഹൃത്തും നിയമവിദഗ്ധനുമായ അസീസ കാഞ്ചി നല്‍കുന്നു.
'അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയന്‍ നിയമം പൊതുവെ പറഞ്ഞാല്‍ കൊളോണിയല്‍ പരിതസ്ഥിതിക്ക് അനുയോജ്യമല്ല. യുദ്ധനിയമങ്ങള്‍ അടിസ്ഥാനമാക്കിയിരിക്കുന്നത് രണ്ട് പരമാധികാര (യൂറോപ്യന്‍!) രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പാരഡൈമിലാണ്. അതിനാല്‍ തന്നെ, അധിനിവേശത്തെ സംബന്ധിച്ച നിയമങ്ങള്‍ ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശത്തെ മറ്റൊരു യൂറോപ്യന്‍ രാജ്യം താല്‍ക്കാലികമായി ഒക്യുപ്പൈ ചെയ്യുന്ന സാഹചര്യങ്ങളെ കണ്ടുള്ളതാണ്. ദീര്‍ഘകാലത്തെ കൊളോണിയല്‍ അധിനിവേശങ്ങള്‍, രാജ്യാന്തരനിയമത്തിന്റെ ഈ സംഘാതത്തില്‍ നിന്ന് പുറത്താണ്. അപരമായി സേവിക്കുന്ന കോളനികളെ കണ്ടാണ്, അതിനെതിരായുള്ള യൂറോപ്യന്‍ പരമാധികാര രാഷ്ട്രങ്ങളെ നിര്‍വചിച്ചിരിക്കുന്നത്.'
ചരിത്രസങ്കീര്‍ണതകളും പരിപ്രേക്ഷ്യങ്ങളും കണക്കിലെടുക്കാതെയുള്ള ഈ എക്‌സ് ക്ലൂഷണറി യൂറോപ്യന്‍ നിയമങ്ങള്‍ ഒരു സംഘര്‍ഷത്തിന്റെ യാഥാര്‍ഥ്യങ്ങളെ നേരിടാനോ ഫലസ്തീനികള്‍ക്ക് നീതി നല്‍കാനോ ഇസ്രായേലിന്റെ മേല്‍ കുറ്റം ചുമത്താനോ പര്യാപ്തമല്ല. ഈ ബൗദ്ധികമരണത്തെ അതിജീവിക്കാന്‍ നാം പരിശ്രമിക്കണം. കൊളോണിയല്‍ അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് നമ്മുടെ മനസ്സുകളെ നാം മോചിപ്പിക്കണം. നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതിബദ്ധതയോടെ സ്‌നേഹിക്കുന്നവരെന്ന നിലക്ക് ഫലസ്തീനികളുടെ അഭിലാഷങ്ങളോട് നാം താദാത്മ്യം പ്രാപിക്കണം. ഹമാസും ഫലസ്തീനിയന്‍ പ്രതിരോധത്തിലുള്ള മറ്റുവിഭാഗങ്ങളും സത്താപരമായി ആഗോളസാമ്രാജ്യത്വത്തിനെതിരെ മുന്‍നിരയില്‍നിന്ന് പോരാടുകയാണെന്ന് നാം മനസ്സിലാക്കണം. ആഗോളദേശരാഷ്ട്രങ്ങളുടെയും രാജാക്കന്‍മാരുടെയും പിന്തുണയുള്ള ഒരു സാമ്രാജ്യത്തെ നേരിടാന്‍ അവര്‍ ധൈര്യം കാണിച്ചിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ എടുപ്പുകളില്‍ ഇപ്പോള്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയിരിക്കുന്നു. ഈ ഫലസ്തീനിയന്‍ പ്രതിരോധത്തിന്, ജിയോപൊളിറ്റിക്കലി, ഒരു പാട് ശാഖകളായി പിരിഞ്ഞ് ഇപ്പോഴത്തെ അധികാരഘടനകളെ മാറ്റാന്‍ സാധിക്കും. ഫലസ്തീനിയന്‍ പ്രതിരോധത്തിന് നാം നല്‍കുന്ന നിരുപാധികപിന്തുണ കൊണ്ടുമാത്രമേ കോയ്മയുടേതും നിയന്ത്രണത്തിന്റെതുമായ കൊളോണിയല്‍ ഘടനയെ നമുക്കൊന്നിച്ച് ചെത്തിനീക്കാന്‍ സാധിക്കൂ. ഇസ്‌ലാം ഭീതിയുടേതായ അങ്കുശപരിതസ്ഥിതിയെ നാം മറികടക്കണം. പ്രതിരോധത്തെ ഫലസ്തീനികളുടെ അഭിലാഷമായി കാണുകയും, കൊളോണിയല്‍ ഇംപീരിയലിസത്തിനെതിരെയുള്ള നമ്മുടെ വിശാലയുദ്ധത്തിലെ ഒരു പങ്കാളിയെന്ന നിലക്ക് അവരുടെ പൊതുപ്രതിച്ഛായയെ സാധാരണവല്‍ക്കരിക്കാന്‍ നമുക്കാവണം.
'ഫലസ്തീന്‍ പ്രതിരോധവും അതിന്റെ നേതാക്കളും ബാനറുകളിലും പോസ്റ്ററുകളിലും ടീഷര്‍ട്ടുകളിലും ആഘോഷിക്കപ്പെടുന്നത് എനിക്ക് കാണണം' എന്ന് ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നതിനെ അനുസരിച്ചാണ് നമ്മുടെ ആത്മാര്‍ഥത വിലയിരുത്തപ്പെടുക. ഇസ്‌ലാമിക വിമോചനദൈവശാസ്ത്രത്തെയും ആഖ്യാനങ്ങളെയും അംഗീകരിക്കുന്നതിലും അതുമായി സംവാദത്തിലേര്‍പ്പെടുന്നതിലും നമുക്കുള്ള വല്ലായ്കയെ തട്ടിമാറ്റുകയും, അതിനെ ഇംപീരിയലിസത്തിനെതിരെയുള്ള നമ്മുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കുകയും വേണം. തദ്ദേശീയമായ കൊളോണിയല്‍ വിരുദ്ധസമരങ്ങള്‍ എപ്പോഴും ആളുകളില്‍ ആദരവ് കലര്‍ന്ന അമ്പരപ്പ് സൃഷ്ടിക്കുകയും ലക്ഷക്കണക്കിന് പേരെ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയുടെ ചെറുത്തുനില്‍പിനെ കാല്‍പനികവല്‍ക്കരിച്ചുള്ള ഫലസ്തീനിയന്‍ ധീരനായകന്‍ മഹ്മൂദ് ദര്‍വീഷിന്റെ ഗസ്സക്കായുള്ള മൗനം എന്ന കവിതയെ ഞാന്‍ ഓര്‍ത്തുകൊള്ളട്ടെ:
അരക്കെട്ടില്‍ ഡൈനാമിറ്റ് കെട്ടിമുറുക്കി
അവള്‍ പൊട്ടുന്നു
അതൊരു മരണമോ ആത്മഹത്യയോ അല്ല
ജീവിക്കാനുള്ള തന്റെ അര്‍ഹതയെ വിളംബരം ചെയ്തുള്ള ഗസ്സയുടെ ശൈലിയാണത്
... കുഞ്ഞുങ്ങളുടെ നെഞ്ചിലും പെണ്ണുങ്ങളുടെ വയറ്റിലും..
പിന്നെ കടലിലും
അവര്‍ക്ക് ടാങ്ക് കയറ്റാം
മണലും ചോരയും
അവളൊരിക്കലും കളവ് ആവര്‍ത്തിക്കുന്നില്ല.
അതിക്രമകാരികള്‍ക്കൊരിക്കലും അവളുടെ സമ്മതം കിട്ടുന്നില്ല.
അവള്‍ പൊട്ടുന്നത് തുടരുന്നു
അതൊരു മരണമോ ആത്മഹത്യയോ അല്ല
ജീവിക്കാനുള്ള തന്റെ അര്‍ഹതയെ വിളംബരം ചെയ്തുള്ള ഗസ്സയുടെ ശൈലിയാണത്
അവള്‍ പൊട്ടുന്നത് തുടരുന്നു
ജീവിക്കാനുള്ള തന്റെ അര്‍ഹതയെ വിളംബരം ചെയ്തുള്ള ഗസ്സയുടെ ശൈലിയാണത്.

വിവ: എ.പി മുഹമ്മദ് അഫ്‌സല്‍

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top