പുസ്തകത്തില്‍ മലയാളി മുസ്‌ലിം സ്വന്തത്തെ കണ്ട വിധം
ഹുദൈഫറഹ്മാന്‍ /സംസ്‌കാരപഠനം
കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ്്ബുക്കില്‍ കാണുന്ന പ്രവണതയാണ് ബുക്ക് ബക്കറ്റ് ചാലഞ്ച്. ഫേസ്ബുക് ശരിക്കും പുസ്തകമാകുന്നതാണ് അവിടെ കാണുന്നത്. ഓരോരുത്തരും തങ്ങള്‍ക്കിഷ്ടപ്പെട്ട പത്ത് പുസ്തകങ്ങളെ കുറിച്ച് എഴുതുന്നു. പലരും വായനയുടെ മഹത്ത്വത്തെ കുറിച്ച് വാചാലരാകുന്നു. ഇന്റര്‍നെറ്റിന്റെ കാലത്ത് ഇങ്ങനെ പുസ്തകങ്ങള്‍ വലിയ ഫെറ്റിഷ് ആകുന്നതിനെപ്പറ്റി വളരെ പരിമിതമായ ആലോചന നടത്താനാണ് ഞാന്‍ ഈ പേപ്പറില്‍ ശ്രമിക്കുന്നത്. അതും കേരളത്തിലുള്ള മുസ്‌ലിംകളുടെ ഉദാഹരണങ്ങളെ മുന്‍നിര്‍ത്തി മാത്രം. മാപ്പിളചിന്താലോകത്ത് പുസ്തകം എന്നതിന് കിട്ടുന്ന വലിയ സ്വാധീനമാണ് ഈ ലേഖനത്തിലെ ആലോചനാ വിഷയം എന്ന് പറയാം. പുസ്തകം എന്ന ഒരു അളവുകോല്‍ എങ്ങനെയാണ് മുസ്‌ലിം ആവിഷ്‌കാരങ്ങളെ സ്വാധീനിച്ചത് എന്ന കാര്യത്തെ മുസ്‌ലിം ബുദ്ധിജീവികളും മുസ്‌ലിം പൊതുജനങ്ങളും ഇവയില്‍ പുലര്‍ത്തിയ വ്യത്യസ്തവും വൈവിധ്യം നിറഞ്ഞതുമായ സമീപനങ്ങളെയും കുറിച്ചാണ് വിവരിക്കുന്നത്. മാപ്പിളമാര്‍ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയിലൂടെയും കടന്നുപോകുമ്പോഴും അച്ചടിക്ക് അവര്‍ നല്‍കുന്ന വര്‍ധിച്ച പ്രാധാന്യത്തെ പറ്റി അറിയേണ്ടതുണ്ട്. അച്ചടി എന്ന പാരഡൈമിന് നല്‍കുന്ന പ്രാധാന്യം എന്ന് അല്‍പം വിശദമാക്കി പറയാം. എല്ലാ മാപ്പിള ആവിഷ്‌ക്കാരങ്ങളെയും ഒരു പുസ്തകത്തിന്റെ ഫ്രെയിം വര്‍ക്കിലേക്ക് കൊണ്ടു വരാനാണ് മാപ്പിളബുദ്ധിജീവികള്‍ പ്രധാനമായും ശ്രമിച്ചത്.
അച്ചടിയും പുസ്തകവും അതിന്റെ ആശയലോകവും പ്രധാന മാതൃകകളായിത്തന്നെ തുടരുന്നുണ്ട് മുസ്‌ലിം ബുദ്ധിജീവികളില്‍ ഇന്നും എന്ന് കാണാനാകും. ഇതിന്റെ ഫലമോ, ബാക്കിയുള്ള സകല ആവിഷ്‌കാരങ്ങളെയും അതിന്റെ വൈവിധ്യങ്ങളെയും വേണ്ടത്ര പ്രാധാന്യത്തോടെ കാണാതിരിക്കുക എന്നതും. പുസ്തകത്തിന്റെയും അച്ചടിയുടെയും ചരിത്രങ്ങള്‍ പഠിക്കുന്ന ധാരാളം അന്വേഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൗത്തേഷ്യയുടെ പശ്ചാത്തലത്തില്‍ പുസ്തകത്തിന്റെ ചരിത്രം അന്വേഷിക്കുന്ന പ്രമുഖരാണ് അഭിജിത് ഗുപ്തയും സ്വപന്‍ ചക്രവര്‍ത്തിയും. ഇവര്‍ നടത്തിയ പഠനമാണ് പ്രിന്റ് ഏരിയാസ് : ബുക്ക് ഹിസ്റ്ററി ഇന്‍ ഇന്ത്യ. പബ്ലിഷിങ് ഹൗസുകളെ കുറിച്ച് തന്നെ പഠനം നടത്തിയ ഗവേഷകയാണ് ഉള്‍റിക് സ്റ്റാര്‍ക്. ലഖ്‌നൗവിലെ നവാല്‍ കിഷോര്‍ പ്രസിനെ പറ്റിയാണ് ഇവര്‍ നടത്തിയ അന്വേഷണങ്ങള്‍. തമിഴ്‌നാടിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു അന്വേഷണമാണ് സ്റ്റുവര്‍ട് ബ്ലാക്ക്‌ബേണ്‍ നടത്തുന്നത്. പ്രിന്റ്, നാഷനലിസം, ഫോക്ക്‌ലോര്‍ എന്ന കൃതി.
ഇതിന്റെ അവസാന ഭാഗത്ത് ബ്ലാക്ക്‌ബേണ്‍ പറയുന്ന കാര്യമുണ്ട്. വാമൊഴിയെയോ ഫോക്‌ലോറിനെയോ അച്ചടി ഇല്ലാതാക്കുകയല്ല മറിച്ച് അവക്ക് പുതിയ മാര്‍ഗങ്ങള്‍ തുറന്നു കൊടുക്കുകയാണ് ചെയ്തത് എന്ന്. പത്തൊമ്പതാം നൂറ്റാണ്ടിലെ തമിഴ്‌നാടിന്റെ പശ്ചാത്തലത്തിലാണ് ബ്ലാക്ക്‌ബേണ്‍ ഇക്കാര്യം ചര്‍ച്ചക്കെടുക്കുന്നത്. ''തമിഴ്‌നാടിന്റെ, പ്രത്യേകിച്ചും മദ്രാസിന്റെ പശ്ചാതലത്തില്‍ അച്ചടിയും ഫോക്ക്‌ലോറും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ചര്‍ച്ചക്കെടുക്കുമ്പോള്‍ ഈ പുസ്തകം ചില വൈരുധ്യങ്ങളെയും സങ്കീര്‍ണതകളെയും പറ്റി ശ്രദ്ധ ക്ഷണിക്കാനാണ് ശ്രമിച്ചത്. അച്ചടിയും വാമൊഴിയും തമ്മിലുള്ള പൊരുത്തമില്ലായ്മയെ സൂചിപ്പിച്ചാണ് ഞാന്‍ ഈ പുസ്തകം തുടങ്ങിയത്.'' (പു. 178) എന്നാല്‍ അച്ചടിയും വാമൊഴിയും തമ്മില്‍ അങ്ങനെ ഒരു ചേര്‍ച്ചക്കുറവ് നിലനില്‍ക്കുന്നില്ല എന്നാണ് ബ്ലാക്ക്‌ബേണ്‍ നിഗമനത്തിലെത്തുന്നത്. മാത്രമല്ല, അത് തുറന്ന മറ്റു സാധ്യതകളെ പറ്റിയാണ് ഇദ്ദേഹം സംസാരിക്കുന്നത്. പുതിയ ഗ്രാമറുകള്‍, ഗദ്യം, പഴയ കൃതികളെ അച്ചടിക്കുക വഴി വന്ന പുതിയ പാരമ്പര്യം എന്നിവയെ പറ്റി. ഇത് കൊളോണിയല്‍ കാലത്ത് തമിഴിന് തനതായ പാരമ്പര്യമുണ്ടെന്ന് തെളിയിക്കുന്നതിന് സഹായകമായി.
ദീപേഷ് ചക്രവര്‍ത്തി നടത്തുന്ന ഒരു ചര്‍ച്ചയിലേക്ക് പോകാം. എങ്ങനെയാണ് ബംഗാളിലെ പുതിയ മധ്യവര്‍ഗം പുസ്തകത്തെയും വായനയെയും കൈയൊഴിയുന്നത് എന്നതിലാണ് ഇദ്ദേഹം ശ്രദ്ധിക്കുന്നത്. അച്ചടി സാഹിത്യം ബംഗാളിലെ റൊമാന്റിക് പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയും സാമൂഹ്യ പരിഷ്‌കരണ വാദികളുടെ ജിഹ്വ ആയുമാണ് ചക്രവര്‍ത്തി അവതരിപ്പിക്കുന്നത്. അതിനാല്‍, പുതിയ തലമുറ ബംഗാളികള്‍ സാഹിത്യത്തിന് ആ പഴയ മൂല്യമോ അര്‍ത്ഥമോ കല്‍പിക്കുന്നില്ല. തന്റെ ഒരു സുഹൃത്ത് എഴുതിയ കത്തില്‍ നിന്നാണ് ചക്രവര്‍ത്തി തുടങ്ങുന്നത്. ''കല്‍ക്കത്തയില്‍ നിന്ന് എന്റെ ഒരു സുഹൃത്ത് ഈയിടെ എഴുതിയ കത്ത് എന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു. ബംഗാളികളുടെ കൊളോണിയല്‍ കാലത്തെ മോഡേണിറ്റിയുടെ അടയാളമായിരുന്ന സാഹിത്യത്തിന് ആഗോളവത്കരണ കാലത്ത് വല്ല പ്രസക്തിയുമുണ്ടോ? ബംഗാളികള്‍ക്ക് സാഹിത്യത്തിലുള്ള താല്‍പര്യം കുറഞ്ഞിരിക്കുന്നു. ബംഗാളികളുടെ വായനാ ശീലങ്ങള്‍ അടിമുടി മാറിയിരിക്കുന്നു. ഇന്നായിരുന്നു ഒരാള്‍ പഥേര്‍ പാഞ്ചാലി (1927-ല്‍ പ്രസിദ്ധീകരിച്ച പ്രശസ്ത നോവല്‍) ഇറക്കിയിരുന്നതെങ്കില്‍ ജനശ്രദ്ധ കിട്ടാന്‍ അതിന് സിനിമാ രൂപം വേണ്ടി വന്നേനെ. സാഹിത്യസൃഷ്ടികള്‍ക്ക് വളരാന്‍ അനുയോജ്യമായ കാലാവസ്ഥ വേണമെന്ന എന്റെ പക്ഷത്തോട് നീ യോജിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ കാലങ്ങളില്‍ കല്‍ക്കത്തയില്‍ നീ കണ്ടിരുന്ന അത്തരമൊരു കാലവസ്ഥ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. അതാരും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല.''(ചക്രവര്‍ത്തി 2004 : 654) ബ്രിട്ടീഷ് ബംഗാളില്‍ പുസ്തകവും സാഹിത്യവുമായിരുന്നു ബംഗാളി ഐഡന്റിറ്റിയെ നിശ്ചയിച്ചിരുന്ന പ്രധാന ഘടകം എന്നാണ് ചക്രവര്‍ത്തി സൂചിപ്പിക്കുന്നത്. (ഇബിഡ് : 655) തന്റെ തലമുറയുടെ ഐഡന്റിറ്റിയെ സാഹിത്യവും പുസ്തകവും തീരുമാനിക്കുന്നതില്‍ നിന്ന് ഓള്‍ ഇന്ത്യാ റേഡിയോ, ഗ്രാമഫോണ്‍ കമ്പനി എന്നിവയുടെ വരവ് മാറ്റിമറിച്ചു എന്നും ചാറ്റര്‍ജി. (ഇബിഡ് : 655)
എന്നാല്‍, നമ്മള്‍ മാപ്പിള ലോകത്ത് കാണുന്നത് നേരെ തിരിച്ചാണ്. ഓള്‍ഇന്ത്യാ റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് എന്നിവയുടെ വേലിയേറ്റങ്ങള്‍ക്കു ശേഷവും ഇവിടെ അച്ചടിച്ച പേജിന്റെ മാതൃകക്കാണ് വലിയ ആദരവ് കിട്ടുന്നത്. പുസ്തകം ഉണ്ടാക്കിയ സ്വാധീനങ്ങളെ കുറിച്ച് മികച്ച പഠനങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് അനിന്ദിഥാ ഗോഷിന്റെ പഠനങ്ങള്‍. അവര്‍ അതില്‍ കാണിച്ചുതരുന്നത് എപ്രകാരമാണ് യൂറോപ്പിലെ പുസ്തക ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ പുസ്തകം എന്ന ആശയത്തിന് വ്യത്യസ്തത വരുന്നത് എന്നാണ്. കൊളോണിയല്‍ കാലഘട്ടത്തെയും ബംഗാളിനെയുമാണ് പഠനമേഖലയായി തെരഞ്ഞെടുക്കുന്നത് എന്ന കാരണം കൂടാതെ തന്നെ ചിലതുണ്ട്. അച്ചടിച്ച പുസ്തകങ്ങള്‍ നിലവിലുള്ള ഓറല്‍ കള്‍ച്ചറിന്റെ ഭാഗമായ പെര്‍ഫോമന്‍സിലും മറ്റും മുങ്ങിപ്പോകുന്നതിനെ പറ്റിയാണ് എഴുതുന്നത്. ''ഇതിന്റെ തുടക്ക കാലങ്ങളില്‍ അച്ചടി ബുക്ക് വായനക്കാരുടെയും പെര്‍ഫോമേഴ്‌സിന്റെയും വലിയ ഊടുവഴികളില്‍ മുങ്ങിപ്പോയി.''(ഘോഷ് 2003 : 48)
എന്നാല്‍, ഇവയൊക്കെയും കഴിഞ്ഞ നൂറ്റാണ്ടിലെ കാര്യമായി മാത്രമാണ് അച്ചടിയെ കാണുന്നത്. ഈ നൂറ്റാണ്ടില്‍ അച്ചടി കടന്നു വരുന്നത് ഏത് റോളിലാണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ മാപ്പിളമാരുടെ ചരിത്ര പഠനങ്ങള്‍ എടുത്താല്‍ ഇതിനാവശ്യമായ ധാരാളം ഉദാഹരണങ്ങള്‍ കാണാം. അവക്കിടയില്‍ എഴുത്തിന് വേറെ വിധത്തിലുള്ള ഫെറ്റിഷിക് ആയ വാല്യൂ കിട്ടിയിരുന്നതായി കാണാം. ഇതിനായി ചില മാപ്പിള ചരിത്ര കൃതികളെ അല്‍പമൊന്ന് പരിശോധിക്കാനാണ് ഞാന്‍ ഈ പഠനത്തില്‍ തയാറാകുന്നത്. നാല് തരത്തിലുള്ള മാപ്പിള സാമ്പിളുകളെയാണ് ഇതിനായി ഞാന്‍ ആശ്രയിക്കുന്നത്. പൊന്നാനിക്കാര്‍ എഴുതിയ മാപ്പിള ചരിത്രങ്ങള്‍, ശംശാദ് ഹുസൈന്‍ തയ്യാറാക്കിയ മാപ്പിള സ്ത്രീകളുടെ ചരിത്രം, കാരശ്ശേരി ആദ്യമായി മാപ്പിള രാമായണം കണ്ടെടുത്ത അനുഭവത്തിന്റെ വിവരണം, പിന്നെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ചില പ്രൊഫൈലുകള്‍. എങ്ങനെയാണ് അച്ചടി, രേഖപ്പെടുത്തല്‍, പുസ്തക വായന എന്നിവ ഇവയില്‍ മാപ്പിള ഐഡന്റിറ്റിയുടെ എക്‌സ്പ്രഷനായി പ്രത്യക്ഷപ്പെടുന്നത് എന്ന് നോക്കാനുള്ള ശ്രമമാണ്.
മാപ്പിള ചരിത്രശകലങ്ങള്‍, മഖ്ദൂമും പൊന്നാനിയും, ചരിത്രമുറങ്ങുന്ന പൊന്നാനി എന്നീ കൃതികളെയാണ് ഇതില്‍ പരിശോധിക്കുന്നത്. പ്രൊഫസര്‍ കെ. വി അബ്ദുറഹിമാന്‍ എഴുതിയ പുസ്തകമാണ് മാപ്പിള ചരിത്രശകലങ്ങള്‍. ഈ പുസ്തകത്തെ പരിചയപ്പെടുത്തി സി.കെ കരീം എഴുതിയ അവതാരികയില്‍ സാഹിബിനെ വിശേഷിപ്പിക്കുന്നത് നോക്കുക. ''ഡിപ്പാര്‍ട്‌മെന്റിലെ അദ്ദേഹത്തിന്റെ അന്നത്തെ സഹപ്രവര്‍ത്തകരൊക്കെയും തങ്ങളുടെ സംശയ ദൂരീകരണത്തിനായി സമീപിച്ചിരുന്നത് പ്രൊഫ: അബ്ദുറഹിമാന്‍ സാഹിബിനെയായിരുന്നു. സഞ്ചരിക്കുന്ന വിശ്വ വിജ്ഞാന കോശം എന്നാണ് ഞങ്ങളൊക്കെ അദ്ദേഹത്തെപ്പറ്റി പറഞ്ഞു പോന്നിരുന്നത്.'' (പു. 33) വ്യക്തിയെ തന്നെ പുസ്തകമായി സങ്കല്‍പിക്കുന്നതില്‍ പുസ്തകത്തിന് വലിയ ആധികാരികത കൈവരുന്നു. പന്ത്രണ്ട് അധ്യായമുള്ള ഈ കൃതിയില്‍ രണ്ട് അധ്യായങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ അച്ചടിച്ച സാഹിത്യവുമായി ബന്ധപ്പെട്ടാണ്. ''കേരളം അറബി സാഹിത്യത്തില്‍'', ''ഇന്ത്യ അറബി സാഹിത്യത്തില്‍'' എന്നിവ. മറ്റ് അധ്യായങ്ങള്‍ രൂപപ്പെടുന്നതു തന്നെ എഴുത്തും ഗ്രന്ഥരചനയുമായി ബന്ധപ്പെടുത്തിയാണ്. ആറാമത്തെ അധ്യായത്തിന്റെ പേരു തന്നെ ശൈഖ് സൈനുദ്ദീന്‍ കേരളീയനായ ആദ്യത്തെ ചരിത്രകാരന്‍ എന്നാണ്. ''കേരള ചരിത്രത്തിന്റെ മൂലഗ്രന്ഥങ്ങളില്‍ അതിപ്രധാനമായൊരു സ്ഥാനം വഹിക്കുന്നതാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഅ്‌സി അഖ്ബാറില്‍ ബുര്‍ത്തഗാലിയ്യീന്‍''. കേരളചരിത്രത്തെ കുറിച്ച് നിഷ്പക്ഷവും ശാസ്ത്രീയവുമായ രീതിയില്‍ എഴുതപ്പെട്ടിട്ടുള്ള ആദ്യത്തെ ഗ്രന്ഥമാണിതെന്ന വസ്തുത ഇപ്പോള്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു''(പു. 72) എന്നും ''ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ ചില വിശിഷ്ട മതഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ചെറിയ സൈനുദ്ദീന്‍ എന്ന പേരിലറിയപ്പെടുന്ന ശൈഖ് സൈനുദ്ദീന്‍ ഇബ്‌നു ഗസ്സാലി ഇബ്‌നു സൈനുദ്ദീന്‍ ഇബ്‌നു അലി ഇബ്‌നു അഹ്മദ് മഅ്ബരി''. (പു. 72) പുസ്തകമെഴുത്താണ് ഒരാളുടെ ഏറ്റവും വലിയ ഐഡന്റിറ്റി എന്ന് അബ്ദുറഹിമാന്‍ സാഹിബ് കരുതുന്നതായി ഇതില്‍ നിന്ന് മനസ്സിലാക്കാം.
ഇതിന് തെളിവ് തരുന്ന വിധത്തില്‍ ധാരാളം വാക്യങ്ങള്‍ നമുക്ക് കാണാം. ''പൊന്നാനിയിലെ വലിയൊരു പണ്ഡിതനായിരുന്ന കൊങ്ങണംവീട്ടില്‍ ഇബ്രാഹീംകുട്ടി മുസ്‌ല്യാര്‍ ഹി:1289-ല്‍ രചിച്ച ഖസീദത്തുല്‍ മഖ്ദൂമിയ്യ എന്ന പദ്യത്തില്‍ മഖ്ദൂം കുടുംബത്തിന്റെ ആദ്യചരിത്രത്തെ കുറിച്ച് അല്പം വിവരിച്ചിട്ടുള്ളതില്‍ വലിയ സൈനുദ്ദീന്‍ മഖ്ദൂമിന്ന് അബ്ദുല്‍ അസീസ് എന്നും ഗസ്സാലി എന്നും പേരായ രണ്ടു പുത്രന്മാരുണ്ടായിരുന്നുവെന്നും ഗസ്സാലിയുടെ പുത്രനാണ് ഫത്ഹുല്‍ മുഈന്റെ കര്‍ത്താവെന്നും പറയുന്നു.'' (പു. 77) തുടര്‍ന്നും അബ്ദുല്‍ അസീസിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ''മസ്‌ലകുല്‍ അദ്കിയയുടെ കര്‍ത്താവെന്ന നിലയിലും അദ്ദേഹം വിഖ്യാതനായിത്തീര്‍ന്നു. മുര്‍ശിദിന്റെയും അദ്കിയയുടെയും മറ്റും കര്‍ത്താവായ സൈനുദ്ദീന്‍ ഇബ്‌നു അലിയുടെ പുത്രനാണ് താന്‍ എന്ന് അബ്ദുല്‍ അസീസ് മസ്‌ലകുല്‍ അദ്കിയയില്‍ പറഞ്ഞിട്ടുണ്ട്.'' ഗ്രന്ഥകര്‍ത്താവിന്റെ മകനാണ് എന്നതാണ് കെ.വിയെ സംബന്ധിച്ച് പ്രാധാന്യം കിട്ടുന്ന ഐഡന്റിറ്റി. ''കാരണം ഗസ്സാലി ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയി. അദ്ദേഹം പ്രശസ്തമായ ഗ്രന്ഥങ്ങളൊന്നും എഴുതിയിട്ടില്ല.'' (പു. 78) എന്നത് അല്‍പം പരിമിതിയായി തന്നെയാണ് കെ. വി കരുതുന്നത്. പൊന്നാനിയെ കുറിച്ചുള്ള ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാന കാരണം തന്നെ സൈനുദ്ദീന്‍ മഖ്ദൂമുമാരെ കുറിച്ചെഴുതുക എന്നതാണെന്ന് കാണാം. അതിനുള്ള കാരണമാകട്ടെ ഇവര്‍ ഗ്രന്ഥകാരന്മാരാണ് എന്നതാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം എന്ന അധ്യായം പൂര്‍ണമായും എഴുതപ്പെട്ട കൃതികളുടെ വിവരണങ്ങളാണ്.
പൊന്നാനിയും മഖ്ദൂമും എന്ന കൃതിയിലും കാണാം ഇത്തരത്തില്‍ ഗ്രന്ഥകര്‍ത്താക്കളെ ചുറ്റിയുള്ള ചരിത്രമഴുത്ത്. ഏഴ് ഭാഗങ്ങളും 466 പേജുമുള്ള ഈ വലിയ കൃതിയുടെ നാലും അഞ്ചും ആറും ഭാഗങ്ങള്‍ ഗ്രന്ഥകര്‍ത്താക്കളുടെ വിശേഷണങ്ങളാല്‍ സമ്പന്നമാണ്. നാലാം ഭാഗത്തിന്റെ പേര് പൊന്നാനിയുടെ വരദാനം എന്നാണ്. പൊന്നാനി ലിപി എന്ന വിഷയത്തോടെയാണ് ഈ ഭാഗം തുടങ്ങുന്നത്. പ്രകടമായും ഗ്രന്ഥ നിര്‍മ്മാണവും എഴുത്തുമായും ബന്ധപ്പെട്ട് തന്നെ. അഞ്ചാം ഭാഗത്തിന്റെ പേര് സ്തുതി കീര്‍ത്തനങ്ങള്‍ (മൗലീദ്, മാലപ്പാട്ട്) പടപ്പാട്ടുകള്‍, ആറാം ഭാഗത്തും ഇത് തന്നെയാണ് തുടരുന്നതെന്ന് സംസ്‌കൃതി എന്ന് ആ ഭാഗത്തിന് പേര് നല്‍കുന്നതിലൂടെ തന്നെ വ്യക്തമാകും. ധാരാളം ഗ്രന്ഥകാരന്‍മാരെ അവതരിപ്പിക്കുക എന്ന് മാത്രമല്ല മറ്റേതൊരു തൊഴില്‍മേഖലയില്‍ നിന്നുള്ളവരായാലും അവരെ പൂര്‍ണമാകണമെങ്കില്‍ വിദ്യാഭ്യാസം എന്നത് ഒഴിച്ചു കൂടാനാകാത്തവയാണ്. ഉദാഹരണത്തിന് പൊന്നാനിയിലെ പ്രമുഖ കച്ചവട പ്രമാണിയും മധ്യസ്ഥനുമായിരുന്ന കുട്ടി ഹസന്‍ കുട്ടിയെ അവതരിപ്പിക്കുന്നത് കാണുക. ''ബര്‍മാഷെല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെയും എ.സി.സി സിമന്റ്‌സിന്റെയും ഏജന്‍സിയായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന മധ്യസ്ഥനുമായിരുന്നു. കുറെക്കാലം കോടതിയില്‍ ഹോണററി മജിസ്‌ട്രേറ്റായും പ്രവര്‍ത്തിച്ചു. അക്കാലത്ത് നാട്ടുപ്രമാണിമാരെ കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ബ്രീട്ടീഷ് സര്‍ക്കാര്‍ നിയമിക്കാറുണ്ടായിരുന്നു.''(പു. 196)
ഈ പ്രൊഫൈല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. ''പൊന്നാനി ഏ.വി ഹൈസ്‌ക്കൂളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഹസ്സന്‍കുട്ടി ആദ്യകാലത്ത് ഇംഗ്ലീഷ് ഭാഷ പഠിച്ച പൊന്നാനിക്കാരില്‍ ഒരാളാണ്.'' (പു. 196) അതായത് വിദ്യാഭ്യാസം ഉണ്ട് എന്ന ഘടകമാണ് നാട്ടിന്റെ ചരിത്രത്തില്‍ വെറും പ്രമാണി മാത്രമായ ഈ വ്യക്തിക്ക് കയറിപ്പറ്റാനുള്ള യോഗ്യത എന്ന് കാണാം. പ്രമാണിക്ക് പ്രാമാണ്യം കിട്ടാനുള്ള വിദ്യ. വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിന് ജനനം 1888-ലായതാണ് കാരണമെന്ന് നമുക്ക് വ്യക്തമാകും. ബ്രിട്ടീഷ് കാലത്തെ കുറിച്ചാകുമ്പോള്‍ വരുന്ന പ്രധാന മാനദണ്ഡമാണല്ലോ വിദ്യാഭ്യാസം. മറ്റൊന്നാണ് സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം. മായന്ത്രിയകത്ത് മക്കി ഇമ്പിച്ചി എന്ന ആള്‍ക്ക് നാട്ടിന്റെ ചരിത്രത്തില്‍ സ്ഥാനം കിട്ടാനുള്ള കാരണം കാണുക. ''സ്വാതന്ത്ര്യ സമരനായകന്‍. കോസ്‌മൊപൊളിറ്റന്‍ ലൈബ്രറി, മുസ്‌ലിം മജ്‌ലിസ്, നിസ്സഹകരണ പ്രസ്ഥാനം എന്നിയില്‍ സജീവ സാന്നിധ്യം.'' (പു. 200) പത്തൊമ്പതാം നൂറ്റാണ്ടില്‍നിന്ന് പതിയെ ഇരുപതാം നൂറ്റാണ്ടിലേക്ക് പ്രൊഫൈല്‍ മാറുമ്പോള്‍ നേരിയ ഊന്നല്‍ വ്യത്യാസങ്ങള്‍ വരുന്നത് കാണാം. ആദ്യമായി ഇംഗ്ലീഷ് പഠിച്ചത്, സ്വാതന്ത്ര്യ സമരം എന്നിവ മാറി തൊഴിലാളി സമരം, മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനം എന്നിവക്ക് അല്‍പം കൂടുതല്‍ മേല്‍ക്കൈ കിട്ടുന്നത് കാണാം. ഉദാഹരണത്തിന് അടാണശ്ശേരി ഹംസയുടെ ലഘുജീവിതചിത്രം കാണുക. ''ജനനം 1920. പൊന്നാനി മാപ്പിള കലാ സാഹിത്യ സമിതി പ്രസിഡന്റ്. സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഇമ്പമാര്‍ന്ന ധാരാളം മാപ്പിളപ്പാട്ടുകള്‍ രചിച്ചു. നാടകകൃത്തും സംവിധായകനുമായിരുന്നു.'' (പു. 202)
മാപ്പിളപ്പാട്ടിനും സാംസ്‌കാരികമായ വശത്തിനും പ്രാധാന്യം കിട്ടുന്നതിനുള്ള കാരണം ജനനം ഇരുപതാം നൂറ്റാണ്ടാണ് എന്നതില്‍ നിന്ന് തെളിയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തന്നെ ജനിച്ച ഇമ്പിച്ചിബാവയുടെ പ്രൊഫൈല്‍ ഉണ്ടാകുന്നത് ബീഡിത്തൊഴിലാളി സമരങ്ങള്‍ മൂലമാണ്. അങ്ങനെ എഴുത്ത്, വായന, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള സാംസ്‌കാരിക പ്രവൃത്തിയാലാണ് ഒരു നാട്ടിന് ചരിത്രമുണ്ടാകു എന്ന് ഈ കൃതി കരുതുന്നു. പുസ്തകം, എഴുത്ത് എന്നിവക്ക് തന്നെയാണ് ഒന്നാം സ്ഥാനം. അതില്‍പെടാത്തവര്‍ക്കാണ് മാപ്പിളപ്പാട്ട്, ബീഡിത്തൊഴിലാളി സമരം പോലുള്ള ഘടകങ്ങള്‍ വേണ്ടിവരുന്നത്. പുസ്തകം, അച്ചടി എന്നിവക്ക് നല്‍കുന്ന പ്രാധാന്യം ഈ കൃതിയുടെ ആമുഖ ഭാഗത്ത് കാണാവുന്നതാണ്. സമര്‍പ്പണം എന്ന് പേരിട്ട ഈ ഭാഗത്ത് ഇങ്ങനെയാണ് പൊന്നാനിയെ കാണുന്നത്. ''പൊന്നാനിയുടെ ചരിത്രം ശേഖരിക്കുന്നതിന് ഞങ്ങള്‍ക്ക് ഏറെ പാടുപെടേണ്ടിവന്നു. പ്രാദേശിക സാഹിത്യങ്ങളും രേഖകളും ആരും വേണ്ടവിധം സൂക്ഷിച്ചുവെച്ചിട്ടില്ല. കൈയെഴുത്ത് കൃതികള്‍ പലതും അന്യാധീനപ്പെട്ടു കിടക്കുകയാണ്. നിരവധി പ്രസുകള്‍ പ്രവര്‍ത്തിക്കുകയും ഇസ്‌ലാമുമായി ബന്ധപ്പെട്ട അനേകം കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ പ്രദേശത്തെ പുതിയ തലമുറ എന്തിനും കൈമലര്‍ത്തുകയാണ്.'' (ഇറ്റാലിക്‌സ് ചേര്‍ത്തത്. പു. 9) പ്രസ് പ്രവര്‍ത്തിച്ചിരുന്നു എന്നത് ഈ നാട്ടിന്റെ ചരിത്രമെഴുത്തിനുള്ള അടിസ്ഥാന യോഗ്യതയായി മാറുന്നു.
ചരിത്രമുറങ്ങുന്ന പൊന്നാനി എന്ന കൃതിയിലും അക്ഷരപ്പെരുമ എന്ന തലക്കെട്ടിന് താഴെ എഴുതുന്നത് ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരെയും പറ്റിയാണ്.''ഭാഷാസാഹിത്യത്തിലും വിവിധ വിജ്ഞാന രംഗത്തും ആത്മീയ മേഖലയിലും ഋഷിതുല്യരായ മഹാജ്ഞാനികള്‍ക്ക് ഒരു പ്രദേശം ഒരേ കാലഘട്ടത്തില്‍ ജന്മം നല്‍കി എന്ന അനുപമ പൈതൃകം അവകാശപ്പെടാന്‍ ഈ പ്രദേശത്തിനല്ലാതെ മറ്റേത് ദേശത്തിനാണ് അര്‍ഹത.''(അബ്ദുറഹ്മാന്‍ 2013 പു. 29) ഈ നാട്ടിന്റെ മറ്റു ചരിത്രങ്ങളും വിഷയങ്ങളും അവതരിപ്പിക്കുന്നുണ്ടെങ്കിലും ഒരു പ്രധാന ഭാഗമായാണ് ഈ കൃതികളൊക്കെ ഗ്രന്ഥരചനയെ കാണുന്നത്. ''മലയാളത്തിന്റെ ആദ്യ ആത്മകഥാരചനയായി കലാശാലകള്‍ അക്കാദമിക് തലത്തില്‍ അംഗീകരിക്കുന്നത് വൈക്കത്ത് പാച്ചു മൂത്തതിന്റെ ആത്മകഥാ സംക്ഷേപം (1875)ആണ്. എന്നാല്‍, ഇതിന് ആറ് നൂറ്റാണ്ട് മുമ്പ് രചിച്ചതെന്ന് കരുതപ്പെടുന്നതും പന്നിയൂരിനെ പരാമര്‍ശിക്കുന്നതും ആഴത്തില്‍ ഗവേഷണ വിധേയമാവേണ്ടതുമായ കുമരനെല്ലൂര്‍ പടിഞ്ഞാറങ്ങാടി അപ്പത്ത് അടീരി(അടിതിരി)യുടെ ആത്മകഥയും കോഴിക്കോട് ചരിത്രം ആദ്യമായി രേഖപ്പെടുത്തിയ കാടഞ്ചേരി നമ്പൂതിരിയുടെ മാമാങ്കം കിളിപ്പാട്ടും, ഒരു കേരളീയ പണ്ഡിതന്റെ ആദ്യ ചരിത്ര കൃതി എന്ന് വിശേഷണമുള്ള തുഹ്ഫത്തുല്‍ മുജാഹിദീനും പൊന്നാനി തൃക്കാവിലുള്ള തൃക്കോവില്‍ ക്ഷേത്രാങ്കണത്തില്‍ വെച്ച് ശുദ്ധമായ മലയാള ഗദ്യ ശാഖയില്‍ സമൃദ്ധമായ ഒരു ദേശ ചരിത്രം 18-ാം നൂറ്റാണ്ടില്‍ പ്രഥമമായി കൈരളിക്ക് സമര്‍പ്പിച്ച പന്നിയൂര്‍ ഗ്രാമപ്രമുഖനും നവാബ് ഹൈദരലിയുടെ മിത്രവുമായ തവനൂര്‍ വെള്ളനമ്പൂതിരിയുടെ ചരിത്രകൃതിയും ഈ മേഖലയുടെ വരദാനമാണ്.'' (പു. 30) പുസ്തകമെഴുത്ത് എന്ന പ്രവൃത്തിയെയാണ് ഈ പ്രദേശത്തിന്റെ സാംസ്‌കാരികമായ ഐഡന്റിറ്റി കാര്‍ഡായി എടുത്ത് വീശുന്നത്. എന്നാല്‍, ഇവ പൊന്നാനിയുടെ മാത്രം ഉദാഹരണമാണെന്ന് കരുതേണ്ട. പൊതുവെ ഇരുപതാം നൂറ്റാണ്ടില്‍ മാപ്പിള ചിന്തയില്‍ പുസ്തകത്തെ മഹത്ത്വപ്പെടുത്തുന്ന അതിന് ചുറ്റും കറങ്ങുന്ന ഒരു ചിന്താലോകം ഉണ്ടായി എന്ന് കാണാം.
ശംശാദ് ഹുസൈന്‍ മാപ്പിള സാമൂഹ്യ നവോത്ഥാനത്തെ സ്ത്രീകളുടെ കണ്ണിലൂടെ പഠിക്കണമെന്ന് വാദിച്ചുകൊണ്ട് നടത്തുന്ന പഠനത്തിലെ ഉദ്ദേശ്യവും മാപ്പിളപ്പെണ്ണുങ്ങള്‍ പത്രമാസികകള്‍ നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കലാണ്. ''50-കളിലും 60-കളിലും കേരളത്തില്‍ ഏറെ പ്രചാരത്തിലിരുന്ന ചില മുസ്‌ലിം മാസികകളാണ് അന്‍സാരി, അല്‍-മനാര്‍, മുസ്‌ലീം റിവ്യു തുടങ്ങിയവ. ഇവയില്‍ ലേഖനങ്ങളെഴുതിയവരില്‍ നല്ലൊരു വിഭാഗം സ്ത്രീകളായിരുന്നു. അന്‍സാരിയുടെ ചില നബിദിന വിശേഷാല്‍ പതിപ്പുകള്‍ സ്ത്രീകളുടെ പതിപ്പുകളായാണ് ഇവര്‍ പ്രസിദ്ധീകരിച്ചിരുന്നത്....അന്‍സാരിയുടെ പല ലക്കങ്ങളിലും തുടര്‍ച്ചയായി എഴുതിയിരുന്ന പതിനഞ്ചോളം മുസ്‌ലിം സ്ത്രീകളുണ്ട്.''(ഹുസൈന്‍ 2009: 40) മുസ്‌ലിം സ്ത്രീകളെ കുറിച്ചുള്ള ആണുങ്ങളുടെ വാദത്തിന് മറുപടിയായി അവര്‍ക്ക് സ്വന്തമായ ഐഡന്റിറ്റി ഉെണ്ടന്ന് സ്ഥാപിക്കാനാണ് അവരുടെ എഴുത്ത് എന്ന പ്രവര്‍ത്തനത്തെ മുഖ്യമായി കൊണ്ടു വരുന്നത്. ''എന്തായാലും മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസവും പരിഷ്‌കരണവും അന്നത്തെ മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു.''(പു. 22) എന്നതാണ് അക്കാലത്തെ ആണുങ്ങളായ മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍ക്കിടയിലെ ചര്‍ച്ച എന്നാണ് ശംശാദ് കാട്ടിത്തരുന്നത്. ''എങ്കിലും, വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ പോലും നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വായിക്കപ്പെടുന്ന ഈ ലേഖനത്തില്‍ ഹലീമാ ബീവിയുടെ നിലപാടുകളെയോ പ്രവര്‍ത്തനങ്ങളെയോ അത്തരത്തില്‍ വിലയിരുത്താന്‍ ശ്രമിക്കുന്നില്ല.'' (പു. 33) മാത്രമല്ല, പുത്തൂര്‍ ആമിനയുടെ പാട്ടിനെ പുലിക്കോട്ടിലിന്റേതാണെന്ന് കരുതുന്ന ബാലകൃഷ്ണന്‍ വള്ളിക്കുന്നിനെ വിമര്‍ശിക്കുമ്പോള്‍ ഇങ്ങനെ എഴുതുന്നുണ്ട്. ''ഇത് സ്ത്രീ തന്നെ എഴുതിയതാണ് എന്ന് സമര്‍ഥിക്കാനും ഈ പാട്ടിനെ കുറിച്ചു പരാമര്‍ശിക്കുന്ന മറ്റു ചില പുസ്തകങ്ങളല്ലാതൊന്നുമില്ല.''(ഇറ്റാലിക്‌സ് ചേര്‍ത്തത്. പു. 35) ശംശാദിന്റെ വാദങ്ങളെ ഇങ്ങനെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആണുങ്ങള്‍ കരുതുന്നത് സ്ത്രീകള്‍ക്ക് എഴുത്തില്ല എന്നാണ്. എങ്കില്‍ അത് തെറ്റാണ്. സ്ത്രീകള്‍ എഴുത്തുകാരും പുസ്തക പത്ര മാസികകള്‍ പ്രസിദ്ധീകരിച്ചവരുമാണ്. പുസ്തകം എന്ന ഘടകത്തെയാണ് വലിയ ഐഡന്റിറ്റികാര്‍ഡായി ഈ പുസ്തകത്തിലും കാണുന്നത്. എഴുത്തുകാര്‍ എന്ന ചെറു തലക്കെട്ടില്‍ നല്‍കുന്ന ലിസ്റ്റ് ഇത് വീണ്ടും അടിവരയിടുന്നു. നോക്കുക. ''ബി.എം. സുഹറ, ഖദീജാ മുംതാസ്. സഹീറാ തങ്ങള്‍, മൈന ഉമൈബാന്‍ തുടങ്ങിയവരെല്ലാം ഇന്ന് മുന്‍നിര എഴുത്തുകാരായി തന്നെ നമ്മോടൊപ്പമുണ്ട്. ബി.എം. സുഹറയുടെ ഭ്രാന്ത് വളരെയധികം വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കഥയാണ്. നിലാവ്, ഇരുട്ട്, ആകാശഭൂമികളുടെ താക്കേല്‍ ഇവയെല്ലാമാണ് പ്രധാന നോവലുകള്‍. എലീറ്റ് ക്ലാസ് മുസ്‌ലിം സ്ത്രീയുടെ ജീവിതത്തെ പശ്ചാതലമാക്കി കൊണ്ടുള്ളതാണ് ഇവരുടെ എഴുത്തുകള്‍. ഖദീജാ മുംതാസിന്റെ ആദ്യ നോവല്‍ 'ആത്മ തീര്‍ത്ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്' ആണ്. രണ്ടാമതെഴുതിയ ബര്‍സയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. സഹീറാ തങ്ങള്‍ കവിതയും നോവലുമെഴുതിയിട്ടുണ്ട്. ഇതു കൂടാതെ ഷിംനയുടെ കവിതകള്‍, ഷീബാ അമീറിന്റെ അനുഭവക്കുറിപ്പുകള്‍, ഉമ്മി അബ്ദുള്ളയുടെ പാചകം ഇവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.''(പു. 63) എഴുത്ത് അച്ചടി എന്ന പാരഡൈം എന്നിവക്ക് മേല്‍ക്കൈ കിട്ടുന്നതിനാലാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നത്.
അച്ചടിച്ച പേജിലൂടെയേ ആധികാരികമായ ആവിഷ്‌കാരം സാധ്യമാകൂ എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ചില സങ്കല്‍പങ്ങള്‍ തന്നെയാണ് മിക്ക മുസ്‌ലിം ബുദ്ധിജീവികളെയും കീഴടക്കിയിരുന്നത് എന്നര്‍ത്ഥം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഫ്രെയിംവര്‍ക്ക് ആണ് നൂറ്റാണ്ടുകള്‍ മുമ്പുള്ള മാപ്പിള ചരിത്രത്തെ വിലയിരുത്താനായി ഈ ബുദ്ധിജീവികള്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും ഇത് തെളിഞ്ഞുനില്‍ക്കുന്നത് കാണാം. ഉദാഹരണത്തിന് ലുഖ്മാന്‍ കരുവാരക്കുണ്ട് എന്ന സുന്നി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ കാണുക. ഒരുപാട് പുസ്തകങ്ങള്‍ പിറകില്‍ അട്ടിയായി വച്ചിരിക്കുന്നതാണ് പ്രൊഫൈല്‍ ഫോട്ടോ തന്നെ. 2014 ജൂണ്‍ 28 ശനിയാഴ്ച 8:38 ന് പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് നല്‍കിയ വിവരണം ഇതാണ്. ഗോട്ട് ഫൈവ് ഫേവറിറ്റ് ബുക്‌സ് റ്റു റീഡ് എന്നാണ്. ഏതാണ് ആ പുസ്തകങ്ങള്‍ എന്ന് നോക്കുക. ആ പുസ്തകങ്ങള്‍ ഏതാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ പാകത്തിലാണ് ഈ ഫോട്ടോ. വില്‍ഡുറന്റിന്റെ ദ സ്റ്റോറി ഓഫ് ഫിലോസഫി, ആന്റന്‍ ചെക്കോവിന്റെ സെലക്റ്റഡ് ഷോര്‍ട്ട് സ്റ്റോറീസ്, രാമചന്ദ്രഗുഹയുടെ ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി എന്നിവക്ക് പുറമെ അലി ഇസ്സത്ത് ബോഗേവിച്ചിന്റെയും മുഹമ്മദ് അസദിന്റെയും പുസ്തകങ്ങള്‍ കൂടി കാണാം. 2014 ജൂണ്‍ 21 ശനിയാഴ്ച 8:08 ന് പോസ്റ്റ് ചെയ്ത് ഫോട്ടോ വായിക്കുന്ന ലുഖ്മാനെയാണ് കാട്ടിത്തരുന്നത്. എത്രമാത്രം ബുക്ക് ഒരു ഫെറ്റിഷ് ആയി മുസ്‌ലിം ലോകത്ത് പ്രവര്‍ത്തിച്ചു എന്ന് വ്യക്തമാക്കിത്തരും. പിറകിലെ റാക്കില്‍ അട്ടിവെച്ച പുസ്തകങ്ങളുള്ള ഫോട്ടോയില്‍ തന്റെ കൈയില്‍ കാമറക്ക് അഭിമുഖമായി പുസ്തകത്തെ കാട്ടുന്ന വിധത്തിലാണുള്ളത്. പുസ്തകം എങ്ങനെ തങ്ങളുടെ ഐഡന്റിറ്റിയുടെ ഒഴിച്ചു കൂടാനാകാത്ത ഭാഗമായിത്തീരുന്നു ഈ വെര്‍ച്വല്‍ മാധ്യമ കാലത്തും എന്നതാണ് നാം ശ്രദ്ധിക്കേണ്ട കാര്യം. ലുഖ്മാന്‍ എഴുതുന്ന ഒരനുഭവം വായിക്കുക. ''നാല് വര്‍ഷം മുമ്പ് ഒരു ജൂണിലാണ് എന്റെ ആദ്യ ലേഖനം വെളിച്ചം കാണുന്നത്. പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ സാരാമാഗോയെ പറ്റിയുള്ള അനുസ്മരണം. ആ ആഴ്ച കോഴിക്കോട് പോയി എഡിറ്ററെ കണ്ടു. എഴുത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം ഉണര്‍ത്തി. ആദ്യ രചനക്ക് പ്രതിഫലവും തന്നു. അതുമായി ഡിസിബുക്‌സില്‍ പോയി. മലയാളം തിസോറസ് വാങ്ങിച്ചു.''
ആദ്യ ലേഖനം, എഴുത്തുകാരനായ സാരാമാഗു, അതില്‍ നിന്ന് കിട്ടിയ കാശെടുത്ത് മറ്റൊരു പിസ്തകം എന്നിവയില്‍ പുസ്തകത്തിന്റെ ആകര്‍ഷണവും ഫെറ്റിഷിസവും തെളിയും. ''ഇപ്പോഴും മറ്റാവശ്യങ്ങള്‍ കഴിഞ്ഞ് പണം ബാക്കിയുണ്ടെങ്കില്‍ ഞാന്‍ പുസ്തകങ്ങള്‍ വാങ്ങും. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കൂട്ടുകാര്‍ക്ക് വായിക്കാന്‍ കൊടുക്കും....എന്തായായലും എഴുത്തും വായനയും കൊണ്ട് സമൃദ്ധമായിരുന്നു പോയ നാലു വര്‍ഷങ്ങള്‍.'' തുടര്‍ന്നെഴുതുന്ന വാചകങ്ങള്‍ കൂടി കാണുമ്പോഴേ ഈ പുസ്തക ഫെറ്റിഷിസത്തിന്റെ വലുപ്പം അറിയാനാകൂ.''ഇതിനിടയില്‍ നഷ്ടപ്പെട്ട കുറെ സമയങ്ങളുണ്ട്. ഫേസ്ബുക്ക് കവര്‍ന്നെടുത്ത കുറെ മണിക്കൂറുകള്‍. ആ സമയം ബൗദ്ധികമായി ഉപകാരപ്പെട്ടോ എന്നു ചോദിച്ചാല്‍ നിസ്സംശയം ഇല്ല എന്നു പറയും.'' സോഷ്യല്‍മീഡിയയെയും പുസ്തകത്തെയും പരസ്പരം വിരുദ്ധമായി വെക്കുമ്പോള്‍ തന്നെ ലുഖ്മാന്‍ അവസാനത്തെ വരിയില്‍ കാര്യങ്ങളെ അല്‍പം കൂടി കുഴക്കുന്നുണ്ട്. ''എന്നാലും എനിക്ക് കുറെ നല്ല സുഹൃത്തുക്കളെ തന്നിട്ടുണ്ട് ഫേസ്ബുക്ക്. നല്ല പുസ്തകങ്ങളെ പോലുള്ള നല്ല സുഹൃത്തുക്കള്‍.'' ഈ അവസാന വരിയില്‍ രണ്ട് കാര്യങ്ങളാണ് സംഭവിക്കുന്നത്. ഒന്നാമത്തേത് പുസ്തകത്തെ തന്നെയാണ് ഫെറ്റിഷൈസ് ചെയ്യുന്നത്. നല്ല പുസ്തകങ്ങളെ പോലുള്ള നല്ല സുഹൃത്തുക്കള്‍ എന്ന വിശേഷണത്തില്‍ ഇത് പ്രകടമാണ്. എന്നാല്‍, ഫേസ്ബുക്കിനെ ഇത് മഹത്വപ്പെടുത്തുന്നത് അത് നല്ല സുഹൃത്തുക്കളെ സംഭാവന ചെയ്തു എന്ന് പറഞ്ഞാണ്. ആ സുഹൃത്തുക്കള്‍ എങ്ങനെയുള്ളവരാണ് എന്നതിലാണ് നമ്മുടെ ചര്‍ച്ചയിലെ കാര്യങ്ങള്‍ കിടക്കുന്നത്. പുസ്തകം പോലെയുള്ള സുഹൃത്തുക്കള്‍. ലുഖ്മാന്റെ ബ്ലോഗിലെ വിശേഷണംതന്നെ ഞാനൊരു പാവം പുസ്തകപ്പുഴു എന്നാണ്. എന്നിട്ട് അതില്‍ എബൗട്ട് എന്ന ഭാഗത്ത് തന്നെ വീണ്ടും അവതരിപ്പിക്കുന്നത് രിസാല വാരികയില്‍ എഴുത്തുകാരന്‍, മുഖ്യവിനോദം വായന എന്നാണ്.
ഇതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏതൊരു ഖുര്‍ആന്‍ പരിഭാഷയും എടുത്ത് നോക്കുക. അതില്‍ കിതാബ് എന്നതിന് നല്‍കുന്ന പരിഭാഷ പുസ്തകം എന്നാണെന്ന് കാണാം. സൂറത്തുല്‍ കഹ്ഫിന്റെ ആരംഭ ആയത്തുകള്‍ ഇങ്ങനെയാണ് തുടങ്ങുന്നത്. ''അല്ലാഹുവിന് സര്‍വസ്തുതിയും തന്റെ അടിയാന്റെ മേല്‍ വേദഗ്രന്ഥം അതിന് യാതൊരു വക്രതയും (ഉണ്ടാക്കാത്ത) വരുത്താത്ത നിലയില്‍ അവതരിപ്പിച്ചവനത്രെ (അവന്‍)'' ഇത് അമാനി മൗലവിയുടെ പരിഭാഷയാണ്.(വാള്യം മൂന്ന് പു. 1855 ) കിതാബ് എന്നതിനാണ് ഗ്രന്ഥം എന്ന് പരിഭാഷപ്പെടുത്തിയത് എന്ന് കാണാം. ഞാന്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാന ചര്‍ച്ചയിലേക്ക് കടക്കുകയല്ല.
സമാനമായി ഇരുപതാം നൂറ്റാണ്ടില്‍ കാണുന്ന പ്രവണതയെ പറ്റി ഖുര്‍ആന്‍ ഗവേഷകനായ മുസ്തന്‍സിര്‍ മിര്‍ വ്യക്തമാക്കുന്നുണ്ട്. ''പരമ്പരാഗതമായ തഫ്‌സീറുകളില്‍ നിന്ന് ഇരുപതാം നൂറ്റാണ്ടിലെ വ്യാഖ്യാനങ്ങള്‍ ചില വേറിടല്‍ നടത്തുന്നുണ്ട്. ഖുര്‍ആനിലെ സൂറത്തുകളെ ആയത്തുകളായി കാണുന്ന പ്രവണതയാണിത്.''(പു. 66) ഖുര്‍ആന്‍ ഒരു പുസ്തകമാണെന്ന കാഴ്ചപ്പാട് പണ്ഡിതര്‍ക്കിടയിലെന്ന പോലെ ജനപ്രിയഎഴുത്തിലും കാണാം. എച്ച് ആന്റ് സി എന്ന ജനപ്രിയ പ്രസാധകശാല അച്ചടിച്ച ഖുര്‍ആന്‍ കഥകള്‍ കുട്ടികള്‍ക്ക് എന്ന കൃതിയുടെ ആമുഖം ഇത് വ്യക്തമക്കുന്നുണ്ട്. എന്‍. മൂസക്കുട്ടി എന്ന ഗ്രന്ഥകാരന്റെ പേര് വച്ചെഴുതിയ ആമുഖത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു. '' 'ഖുര്‍ആന്‍' എന്ന പദത്തിന്റെ അര്‍ത്ഥം 'പാരായണം ചെയ്യേണ്ട ഗ്രന്ഥം' എന്നാണ്....ദിവ്യസന്ദേശങ്ങള്‍ വിശ്വസ്ഥരായ അനുയായികള്‍ ഹൃദിസ്ഥമാക്കുകയും കുറിച്ചുവെക്കുകയും ചെയ്തു. അവ പിന്നീട് ഗ്രന്ഥരൂപത്തില്‍ ക്രോഡീകൃതമായി. ഇപ്രകാരം സമാഹൃതമായ ദിവ്യസന്ദേശശേഖരമാണ് 'ഖുര്‍ആന്‍'. ഈ വിശുദ്ധ ഗ്രന്ഥം ഇന്നും വള്ളിപുള്ളി മാറാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അറബി മൂലത്തിലുള്ള ഖുര്‍ആനില്‍ 114 അധ്യായങ്ങളും 6666 വചനങ്ങളും 77439 വാക്കുകളും 321180 അക്ഷരങ്ങളും ഉണ്ട്. മൂലരൂപത്തില്‍ ഇത്രയേറെ കോപ്പികള്‍ പകര്‍ത്തപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്ത ഗ്രന്ഥം ലോകത്തില്‍ വേറെയില്ല.''(പു. 4)
ഇത് ചില കാര്യങ്ങളെ വ്യക്തമാക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ മലയാളി മുസ്‌ലിംകള്‍ ആവിഷ്‌കാരം എന്നാല്‍ എഴുത്ത്, അതും പുസ്തകരൂപത്തിലുള്ളത് മാത്രം എന്ന് തറപ്പിച്ചു പറഞ്ഞതിനെ വെളിവാക്കുന്നു. എന്നാല്‍, പുസ്തക രൂപവും ഇവയുടെ മറ്റനവധി രൂപങ്ങളിലൂടെയുമാണ് മാപ്പിള ആവിഷ്‌കാരങ്ങള്‍ കിടക്കുന്നത്. വഴിവക്കിലെ മാപ്പിള ഗാനമേളകള്‍, മഞ്ചേരി ബ്ലൈന്റ് ബ്രദേഴ്‌സിന്റെ ഓഡിയോ കാസറ്റ് കഥാപ്രസംഗങ്ങള്‍, മലപ്പുറം ഭാഗത്ത് പ്രചാരത്തിലുള്ള ഹോം സിനിമകള്‍, യൂടൂബ് മൗലീദുകള്‍ എന്നിങ്ങനെ പോകുന്നു ഇവ. എന്നാല്‍, മിക്ക മാപ്പിള ഗവേഷണങ്ങളിലും ഈ വൈവിധ്യങ്ങളെ അത്രയും കാണാതെ പോകുന്ന സമീപനമാണ് കാണുക. ഏതൊരു മാപ്പിള ഇന്റലക്ച്വലും അച്ചടി, ഓഡിയോ, സിനിമ, ഇന്റര്‍നെറ്റ് എന്നിവയെ പുസ്തകത്തിന്റെ ആധികാരികതക്ക് മുന്നില്‍ ഒന്നുമല്ല എന്ന നിലപാട് സ്വീകരിക്കുന്നത് കാണാം. ഉദാഹരണത്തിന് കാരശ്ശേരിയുടെ മാപ്പിള രാമായണം കിസ്സയിലേക്ക് നീങ്ങാം. താന്‍ യൂനിവേഴ്‌സിറ്റിയില്‍ മാപ്പിള ഗവേഷകനായി വിലസുന്ന കാലത്താണ് ഈ കിസ്സ നടക്കുന്നത് എന്നാണ് കാരശ്ശേരി പറയുന്നത്. അങ്ങനെയിരിക്കെ വകുപ്പിലെ ഒരധ്യാപകന്‍ പറയുന്നു മാപ്പിളരാമായണം എന്നൊന്ന് ഉണ്ടെന്ന്. അതിന് വേണ്ടി ആദ്യം നല്‍കിയ മാഷെ അഡ്രസ് തപ്പിയെടുക്കുന്നു അതുവഴി ഈ പാട്ട് പാടുന്ന നമ്പ്യാരെ കണ്ടെത്തുന്നു. ഈ മാപ്പിള രാമായണം കണ്ടെത്താനുള്ള യാത്രയാണ് പിന്നെ. അതിനാല്‍ തന്നെ മാപ്പിളരാമായണം കണ്ടെത്തിയ കിസ്സ എന്നാണ് തലക്കെട്ട്. എന്നാല്‍ നമുക്ക് ശ്രദ്ധിക്കാനുള്ളത് മറ്റു ചില കാര്യങ്ങളാണ്. രേഖപ്പെടുത്താനും രേഖയില്‍ഉണ്ടോ എന്ന് അറിയാനുമുള്ള തിടുക്കങ്ങള്‍. നമ്പ്യാരെ കാണാനായി പോകുന്നത് ടേപ് റിക്കാര്‍ഡറുമായാണ്. അതിന് മുമ്പേ കാരശ്ശേരി പരതുന്നത് നിലവിലുള്ള സാഹിത്യചരിത്രപുസ്തകങ്ങളില്‍ ഇവ രേഖപ്പെട്ട് കിടക്കുന്നുണ്ടോ എന്നാണ്. ''പിറ്റേന്നു തന്നെ കേരളസാഹിത്യ ചരിത്രം മുതലായ വലിയ കിത്താബുകളൊക്കെ നോക്കി. ആ പേര് ഒരിടത്തുമില്ല.''(പു. 8) തുടര്‍ന്ന് നമ്പ്യാര്‍ പാടിയതിന്റെ ശബ്ദ രേഖയുമായി പത്രമാപ്പീസുകളില്‍ കയറിയിറങ്ങി. ''ബാക്കി ഭാഗങ്ങളുമായി ആരെങ്കിലും പുറപ്പെട്ട് വന്നേക്കും എന്നായിരുന്നു പ്രതീക്ഷ.'' (പു.11)
തുടര്‍ന്ന് ഇത് പല പ്രസിദ്ധീകരണങ്ങളിലും സ്ഥാനം പിടിച്ചു. ''1977-ല്‍ ജൂലൈ-സെപ്തംബര്‍ ലക്കം സാഹിത്യലോകത്തില്‍ എന്റെ ഒരു ലേഖനത്തിന്റെ അനുബന്ധമായി ഇതിലെ അഞ്ചുപാട്ടുകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഇതെന്താണ് സാധനം എന്ന് ഗവേഷകന്‍മാര്‍ക്കും സാഹിത്യ തല്‍പരര്‍ക്കും വ്യക്തമായത്. തുടര്‍ന്ന് സി.എന്‍. അഹമ്മദ് മൗലവിയും കെ. കെ അബ്ദുല്‍ കരീമും ചേര്‍ന്നെഴുതിയ 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം', എരുമേലി പരമേശ്വരന്‍പിള്ള രചിച്ച 'മലയാള സാഹിത്യ ചരിത്രം- കാലഘട്ടങ്ങളിലൂടെ' തുടങ്ങിയ സാഹിത്യചരിത്രങ്ങളില്‍ 'മാപ്പിളരാമായണ'ത്തിന് ഇടം ലഭിച്ചു.'' ഇങ്ങനെ ഈ കൃതി അച്ചടിച്ചു വന്ന വിശേഷങ്ങള്‍ വര്‍ണ്ണിക്കുന്നത് തീരുന്നില്ല. '' 'കുറിമാനം' എന്ന് പേരായി പുറപ്പെട്ട എന്റെ ലേഖനസമാഹാരത്തിന്റെ രണ്ടാം പതിപ്പ് മുതല്‍ (1989) ഈ പാട്ടുകള്‍ കൊടുത്തിട്ടുണ്ട്. അയ്യപ്പപ്പണിക്കര്‍ 'കേരളകവിത വാര്‍ഷികപ്പതിപ്പില്‍' (2005) മേല്‍പറഞ്ഞ അഞ്ചുപാട്ടുകളും എടുത്തു ചേര്‍ക്കുകയുണ്ടായി. രാമായണ ഗവേഷകരുടെ ശ്രദ്ധ ആഗോളതലത്തില്‍ തന്നെ ഈ രചനക്ക് ലഭിച്ചിട്ടുണ്ടെന്ന് അമ്പരപ്പോടെ ഞാന്‍ മനസ്സിലാക്കിയത് അമേരിക്കന്‍ ഗവേഷക പോളാ റിച്ച്മാന്‍ എന്നെ തിരഞ്ഞുവന്നപ്പോഴാണ്. അവരുടെ സുഹൃത്ത് ഫ്രീമാന്‍ എന്ന പാശ്ചാത്യ പണ്ഡിതന്‍ ഈ പാട്ടുകള്‍ മുഴുവന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു!'' (പു. 13) ഇവിടെ വരുന്ന ആശ്ചര്യ ചിഹ്നം വെറുതെ വരുന്നതല്ല. അച്ചടിച്ച് വരുന്നതിന്റെ രേഖപ്പെട്ടു കിടക്കുന്നതിന്റെ സന്തോഷത്തില്‍ നിന്ന് വരുന്നതാണിത്. ഇവിടെ നിന്ന് വര്‍ഷങ്ങള്‍ക്കും സാങ്കേതിക മാറ്റങ്ങള്‍ക്കും ശേഷം ലുഖ്മാന് തന്റെ ആദ്യ ലേഖനം വന്നപ്പോള്‍ തോന്നിയതും ഇതാണ്. മാപ്പിള ബുദ്ധിജീവികള്‍ എങ്ങനെയാണ് രേഖപ്പെടുത്തലിനെ കണ്ടത് എന്ന് വ്യക്തമാക്കുന്നു കാരശ്ശേരിയുടെ ഈ ആത്മകഥനം.
നിഗമനങ്ങള്‍
മാപ്പിള മലയാളിമാര്‍ ഇപ്പോഴും പുലര്‍ത്തുന്ന വലിയ തോതിലുള്ള പുസ്തക പൂജയാണ് ശ്രദ്ധേയം. ശംശാദില്‍ ഇത് സ്ത്രീകളുടെ സാമൂഹ്യമായ ഉന്നമനത്തിന്റെ ചരിത്രത്തിലെ പ്രധാന ഏടാണെങ്കില്‍ എല്ലാം രേഖയാക്കി അനശ്വരമാക്കാനുള്ള മാര്‍ഗമാണ് കാരശ്ശേരിക്ക് അച്ചടിയും പുസ്തകവും. കാരശ്ശേരിയെ സംബന്ധിച്ച് മാപ്പിള ആവിഷ്‌കാരങ്ങള്‍ക്ക് ആധികാരികത വരുന്നത് രേഖപ്പെടുത്തുന്നതു വഴിയാണ്. എന്താണോ മാപ്പിള സ്ത്രീകള്‍ക്ക് ഇല്ലാ എന്ന് മാപ്പിള ആണുങ്ങള്‍ പറഞ്ഞത് അത് ഉണ്ടെന്ന് തെളിയിക്കാന്‍ ശംശാദ് കൊണ്ടുവരുന്നതും എഴുത്താണ്. ഏതൊരു വ്യക്തിക്കും ജീവചരിത്രത്തിന് അര്‍ഹമാകണമെങ്കില്‍ അയാള്‍ എഴുത്തുമായോ വായനയുമായോ ബന്ധപ്പെട്ടിരിക്കണമെന്നാണ് പൊന്നാനിയിലെ മാപ്പിള ചരിത്രകാര്‍ കാട്ടിത്തരുന്നത്. മുഗള്‍ കാലഘട്ടത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ പുസ്തകത്തിന് എന്ത് റോളാണുണ്ടായിരുന്നതെന്ന് നൈല്‍ ഗ്രീന്‍ അന്വേഷിക്കുന്നുണ്ട്. പുസ്തകങ്ങള്‍ തനിയെ അറിവ് തരുന്നതായോ അതിന് ഒറ്റക്ക് ആധികാരികത ഉണ്ടായിരുന്നതായോ അക്കാലത്തെ മുസ്‌ലിംകള്‍ കരുതിയിരുന്നില്ലെന്നാണ് ഗ്രീന്‍ സൂചിപ്പിക്കുന്നത്. ആയതിനാല്‍, അറിവ് വേണ്ടവര്‍ ഒരു ഗുരുവിന്റെ അടുത്തേക്കാണ് പോയിരുന്നത്. അല്ലാതെ ബുക്ക് ഷോപ്പിലേക്കല്ല. എന്നാല്‍, ഇതിന് നേരെ മറിച്ചുള്ള അനുഭവമാണ് ഇന്റര്‍നെറ്റ് യുഗത്തില്‍ മാപ്പിള സാംസ്‌കാരിക ലോകത്തുള്ളതെന്ന് കഴിഞ്ഞ പേജുകളിലെ ചര്‍ച്ചകളില്‍ നിന്നും ഉദാഹരണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടാകും. ഫേസ്ബുക്കിലായിരിക്കുമ്പോഴും ലുഖ്മാനെ പോലുള്ളവര്‍ക്ക് പുസ്തകം എന്നത് ആഭിജാത്യത്തിന്റെ അടയാളമാണ്. ലുഖ്മാന്റെ ഉദാഹരണം മാത്രമല്ല ഇത്. അതാണ് ബുക്ക് ബക്കറ്റ് ചാലഞ്ച് തെളിയിക്കുന്നത്. പുസ്തകം എന്നത് കള്‍ചറല്‍ ഫെറ്റിഷ് ആയിമാറുകയാണിപ്പോള്‍. ഒരു സ്റ്റാറ്റസ് സിംബല്‍. ഉയര്‍ന്നതും മികച്ചതുമായ സാംസ്‌കാരിക വ്യക്തിത്വം തങ്ങള്‍ക്കുണ്ടെന്ന് കാണിക്കാന്‍ ഈ ഇന്റര്‍നെറ്റ് യുഗത്തിലും മാപ്പിളമാര്‍ പുസ്തകത്തെ പൊക്കിപ്പിടിക്കുന്നതിന് വലിയ പ്രതികാരത്തിന്റെ മണമുണ്ടെന്നാണ് എന്റെ പക്ഷം. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മുസ്‌ലിംകള്‍ക്കകത്തു തന്നെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയെല്ലാം വാദങ്ങള്‍ അക്ഷരമറിയാത്ത മാപ്പിള എന്നതായിരുന്നല്ലോ. അങ്ങനെ നോക്കുമ്പോള്‍ പുസ്തകത്തിലൂടെ നടത്തുന്നത് വെറും ഐഡന്റിറ്റി ഉണ്ടാക്കല്‍ മാത്രമല്ല; അതിനെ പൊലിപ്പിക്കല്‍ കൂടിയാണ്.