സയണിസം പടുത്തുയര്‍ത്തിയ മിത്തുകള്‍ തകരുന്നു

വി.എ. മുഹമ്മദ് അഷ്‌റഫ്‌‌
img

സ്രായേലിന്റെ രൂപീകരണത്തിനു വേണ്ടി ഒട്ടനവധി മിത്തുകള്‍ സാമ്രാജ്യത്വം വിപുലമായുപയോഗിച്ചിരുന്നു. 'രാജ്യമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാജ്യം' എന്നതായിരുന്നു അതില്‍ മുഖ്യമായത്.
ഫലസ്തീനില്‍ ജീവിച്ചിരുന്ന അഞ്ച് ലക്ഷത്തിലേറെ വരുന്ന ജനതയെ മനുഷ്യരായി അംഗീകരിക്കാന്‍ പോലും കൂട്ടാക്കാത്ത കടുത്ത അറബ്-ഇസ്‌ലാം വിരുദ്ധ വംശീയതയാണ് പ്രസ്തുത മിത്തില്‍ ത്രസിച്ചുനില്‍ക്കുന്നത്. ഇത്തരം മിത്തുകളുടെ നിരന്തരമായ ആവര്‍ത്തനത്തിലൂടെ ലോകജനതയെ കബളിപ്പിച്ചുകൊണ്ട് തങ്ങളുടെ വിഷലിപ്തമായ വംശവെറിയെ മറപിടിച്ചുകൊണ്ട് ഫലസ്തീന്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കാമെന്നാണ് ടെല്‍അവീവിലെ സയണിസ്റ്റ്-ഫാഷിസ്റ്റുകള്‍ കരുതുന്നത്.
ശക്തിപ്രയോഗത്തിലൂടെ വംശീയ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാമെന്ന് കരുതുന്ന ഈ നാസി മനഃസ്ഥിതിയാണ് ആഗോളതലത്തില്‍ ഭീകരതയുടെ പ്രഭവകേന്ദ്രം. ദുര്‍ബലനെ അക്രമകാരിയും ഭീകരനുമായി പ്രശ്‌നവല്‍ക്കരിച്ച് യാഥാര്‍ഥ്യത്തിന് മേല്‍മറയിട്ടുകൊണ്ട് കൊളോണിയല്‍ തേര്‍വാഴ്ച അഭംഗുരം തുടരാനാകുമെന്ന് സയണിസം സങ്കല്‍പിക്കുന്നു.
തങ്ങളുടെ സാമ്രാജ്യത്വ-കൊളോണിയല്‍-വംശീയ-വര്‍ഗീയ താല്‍പര്യങ്ങളുടെ സംരക്ഷണാര്‍ഥം സയണിസ്റ്റുകള്‍ ഏറക്കുറെ വിജയകരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 20 മിത്തുകളെയാണ് ഈ ലേഖനത്തില്‍ വിശകലന വിധേയമാക്കുന്നത്.

മിത്ത് 1
''ഈയിടെ (2014 ജൂലൈ 8 മുതല്‍ 2014 ആഗസ്റ്റ് 26 വരെ) ഗസ്സക്ക് നേരെ ഭീമമായ സൈനിക ആക്രമണം നടത്താന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത് ഹമാസാണ്.''
3 ഇസ്രായേല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് അതിന് പിന്നില്‍ ഹമാസാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരുന്നു. തങ്ങള്‍ക്കതില്‍ പങ്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഏറെ വൈകാതെ 800ലേറെ ഫലസ്തീനികളെ ചാര്‍ജൊന്നുമില്ലാതെ അറസ്റ്റ് ചെയ്തു; നിരവധി പേരെ പീഡിപ്പിച്ചു. ഹമാസുമായി ബന്ധമില്ലാത്തവരാണ് ഈ ക്രിമിനല്‍ പ്രവര്‍ത്തനത്തിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി.
സൈനിക കേന്ദ്രങ്ങളെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ടെല്‍അവീവ് മാറ്റിപ്പറഞ്ഞത് ഇതിന്റെ പേരിലാണ്. ഏതോ ദുര്‍ബുദ്ധികള്‍ ചെയ്ത ക്രൂരതക്ക് ഗസ്സയിലെ നിരപരാധികളായ ജനതയെ മുഴുവന്‍ ഇരയാക്കി യുദ്ധം അടിച്ചേല്‍പിച്ചത് യുദ്ധഭ്രാന്തിലൂന്നിയ വംശീയത തന്നെയാണെന്ന് തെളിയുന്നു.

മിത്ത് 2
''യുദ്ധത്തില്‍ ഹമാസ് ജനങ്ങളെ കവചമായി ഉപയോഗിക്കുകയായിരുന്നു.''
~ഒരു തെളിവിന്റെയും പിന്‍ബലമില്ലാത്ത തികച്ചും വ്യാജമായ ആരോപണമാണിത്. പിഞ്ചുകുട്ടികളെയും സ്ത്രീകളെയും കൂട്ടക്കുരുതി നടത്തുന്ന ഭീകരത തുറന്നു കാട്ടപ്പെട്ടപ്പോള്‍ ഇറക്കിയ തുറുപ്പുശീട്ടാണ് ഈ വ്യാജോക്തി. 1.8 മില്യണ്‍ വരുന്ന ഗസ്സ നിവാസികള്‍ കടുത്ത ഉപരോധത്തിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നത് എന്നതോ അവരില്‍ 90 ശതമാനത്തിനും ശുദ്ധജല ദൗര്‍ലഭ്യമുണ്ടെന്നതോ അത്തരം നിസ്സഹായരായ ജനതയെ അക്രമിക്കുന്നതിലെ അശ്ലീലതയോ സയണിസത്തെ പിന്തിരിപ്പിക്കുന്നില്ല. ഒരു ജനതയെ ഉന്മൂലനം ചെയ്യുക എന്ന നയം സാമ്രാജ്യത്വ പിന്തുണയോടെ അവര്‍ തുടരുകയാണ്.
ഇസ്രായേല്‍ അക്രമത്തിനിരയായവയില്‍ ആശുപത്രികള്‍, മസ്ജിദുകള്‍, സ്‌കൂളുകള്‍, യു.എന്‍ അഭയാര്‍ഥി ക്യാമ്പുകള്‍, റെഡ്‌ക്രോസ് കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. അവിടെയും മനുഷ്യകവചങ്ങള്‍ ഉണ്ടായിരുന്നിരിക്കണം!

മിത്ത് 3
''പുരാതനകാലം മുതല്‍ നിലനില്‍ക്കുന്ന ശത്രുതയാണ് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ളത്.''
1881ന് മുമ്പ് ജൂത-മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ താരതമ്യേന സമാധാനത്തില്‍ കഴിഞ്ഞുകൂടിയ രാജ്യമാണ് ഫലസ്തീന്‍. 1880കളില്‍ ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനില്‍ ഭൂമിവാങ്ങി കുടിയേറ്റം തുടങ്ങിയ കാലം മുതലാണ് യഥാര്‍ഥത്തില്‍ പ്രശ്‌നം ആരംഭിക്കുന്നത്. 1948ല്‍ ഇസ്രായേല്‍ രൂപീകൃതമായപ്പോള്‍ ജൂതര്‍ 8 ശതമാനം ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. തദ്ദേശവാസികളെ അക്രമിക്കുകയും കൊല ചെയ്യുകയും ഭീതിവിതക്കുകയും ചെയ്ത് ഭൂമി കൈയേറുന്ന പദ്ധതി 1919ന് ശേഷമാണ് സയണിസ്റ്റുകള്‍ തുടങ്ങുന്നത്; പിന്നീട്, ബ്രിട്ടീഷ് സാമ്രാജ്യത്വ പിന്തുണയോടെ അത് വ്യാപിപ്പിക്കുകയായിരുന്നു.
ക്രി.മു 1880ല്‍ ഹിബ്രുക്കള്‍ ഫലസ്തീനിലെത്തും മുമ്പേ കാനാനൈറ്റുകള്‍ അവിടെയുണ്ടായിരുന്നു. ഇന്നത്തെ ഫലസ്തീനികള്‍ കാനാനൈറ്റുകാരുടെയും അറബികളുടെയും പിന്മുറക്കാരാണ്. അവരില്‍ മിക്കവരും ക്രൈസ്തവരും മുസ്‌ലിംകളുമായി മാറി എന്നത് പൗരത്വത്തെ നിഷേധിക്കാനുള്ള കാരണമല്ല.
ഏത് മതത്തിന്റെയുമെന്നപോലെ ജൂതമതത്തിന്റെയും അടിസ്ഥാനം നീതിയാണ് (മീക്കാ 3:1-3 കാണുക). ഈ മൂല്യത്തെ ഘോരമായി ലംഘിച്ചുകൊണ്ടേയിരിക്കുന്ന സയണിസം അടിസ്ഥാനപരമായി ജൂതവിരുദ്ധമാണ്. സയണിസ്റ്റ് നേതാക്കള്‍ മിക്കവരും മതരഹിതരും അജ്ഞേയവാദികളുമാണെന്നത് അനുസ്മരിക്കുക.

മിത്ത് 4
''ഇസ്രായേലിന്റെ രൂപീകരണം ബൈബിളില്‍ നല്‍കപ്പെട്ട വാഗ്ദാനമനുസരിച്ചും അതിന്റെ പുലര്‍ച്ചയായുള്ളതുമാണ്; അതുകൊണ്ട് തന്നെ പിന്തുണക്കപ്പെടേണ്ടതാണ്.''
ഉല്‍പത്തി 15:18 അനുസരിച്ച് യൂഫ്രട്ടീസും ജോര്‍ഡാനും വരെ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന അവകാശവാദം അപക്വമാണ്. ഇത്തരമൊരു പാക്ഷിക വേദവ്യാഖ്യാനം ആധുനിക രാഷ്ട്ര നിര്‍മിതിക്കടിസ്ഥാനമാക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിടയാക്കും.
ആദിമ ഇസ്രായേലിന്റെ സംരക്ഷണം തന്നെ നീതിപാലനം എന്ന വ്യവസ്ഥയോടെയായിരുന്നു. തങ്ങളുടെ പരിധി ലംഘനഫലമായി അവര്‍ അപലപിക്കപ്പെടുകയും കടുത്ത ശിക്ഷകള്‍ക്കിരയാവുകയും ചെയ്തുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. യഥാര്‍ഥ ജൂതവിശ്വാസികള്‍ ഇത് അംഗീകരിക്കുകയും ചെയ്യുന്നു.
പഴയനിയമത്തില്‍ യാക്കോബ് സന്തതികളിലെ നേതാക്കളുടെ ചെയ്തികളെ അതിശക്തമായി അപലപിച്ചുകൊണ്ട് മീക്കാ പ്രവാചകന്റെ ഭര്‍ത്സനം നോക്കുക:
''യാക്കോബിന്റെ തലവന്മാരേ, ഇസ്രായേല്‍ ഭവനത്തിന്റെ അധിപന്മാരേ, ശ്രവിക്കുവിന്‍. നീതിയെ അറിയുക നിങ്ങളുടെ കടമയല്ലേ? നന്മയെ ദ്വേഷിക്കുകയും തിന്മയെ സ്‌നേഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ എന്റെ ജനത്തിന്റെ തൊലി ഉരിഞ്ഞെടുക്കുന്നു. അവരുടെ അസ്ഥികളില്‍നിന്ന് മാംസവും'' (മീക്കാ 3: 1-3). യാക്കോബ് ഭവനത്തിന്റെ തലവന്മാരേ, ഇസ്രായേല്‍ കുടുംബത്തിലെ അധിപന്മാരേ, കേള്‍ക്കുവിന്‍. നിങ്ങള്‍ നീതിയെ വെറുക്കുകയും ഋജുവായതെല്ലാം വളച്ചുകളയുകയും ചെയ്യുന്നു. രക്തത്താല്‍ നിങ്ങള്‍ സിയോണ്‍ പണിതുയര്‍ത്തുന്നു; അധര്‍മത്താല്‍ ജറൂസലമും.'' (മീക്കാ 3: 9-10).
നീതിയുടെ അടിത്തറയിലാണ് യഥാര്‍ഥത്തില്‍ രാഷ്ട്രം പടുത്തുയര്‍ത്തേണ്ടത്; തദ്ദേശീയ ജനതകളെ വംശവിച്ഛേദനം ചെയ്തുകൊണ്ട് അതിന് കഴിയില്ല.

മിത്ത് 6
''ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ വേരുകള്‍ കിടക്കുന്നത് മുസ്‌ലിംകളുടെ ജൂതവിരുദ്ധതയിലും ആന്റി സെമിറ്റിസത്തിലുമാണ്.''
'ആന്റിസെമിറ്റിസം' എന്ന പേരില്‍ ഘടനാപരമായിത്തന്നെ ജൂതരെ കുറ്റവാളി സമൂഹമാക്കുന്ന പ്രവണത യൂറോപ്യന്‍ ക്രൈസ്തവതയിലാണുത്ഭവിച്ചത്. 'യേശുവിന്റെ വധത്തിനുത്തരവാദികള്‍' എന്ന ആരോപണമുപയോഗിച്ചാണവര്‍ ഇത് വ്യാപിപ്പിച്ചത്.
ഖുര്‍ആനാകട്ടെ 'യേശുവധം' എന്ന പാപത്തില്‍നിന്ന് ജൂതരെ വിമുക്തമാക്കുകയാണ് ചെയ്തത് (4:157). ജൂതരെ ഗുണധര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുമ്പോഴും അവരില്‍ സച്ചരിതരുള്ളതായി പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പുകഴ്ത്തുന്നുണ്ട് (3: 111-115).
യൂറോപ്പില്‍ ആന്റിസെമിറ്റിസം കൊടുമ്പിരിക്കൊണ്ട വേളകളില്‍ മുസ്‌ലിം നാടുകളില്‍നിന്ന് ജൂതര്‍ പാലായനം ചെയ്യപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. യൂറോപ്പില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങളുടെ തെറ്റായ പ്രതികരണമാണ് യഥാര്‍ഥത്തില്‍ 'സയണിസം.' അറബികളില്ലാതിരുന്നതിനാല്‍ ആന്റിസെമിറ്റിസം കൊണ്ട് യൂറോപ്യര്‍ ഉദ്ദേശിച്ചത് ജൂതരെ മാത്രമായിരുന്നു. ഏറ്റവും വലിയ സെമിറ്റിക് ജനത യഥാര്‍ഥത്തില്‍ അറബികളാണ്. അറബികളുടെ അവകാശസംരക്ഷണത്തിനായി പൊരുതുന്ന ഫലസ്തീനികള്‍ക്ക് ഈ പദം ചേരില്ല എന്ന് പോലും തിരിച്ചറിയപ്പെടാതെപോകുന്നു. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ പോളിസിക്കെതിരായ വിമര്‍ശനങ്ങളെയൊക്കെ ഈ പദം കൊണ്ടാണവര്‍ ഇന്ന് നേരിടുന്നത്.
'ആന്റിസെമിറ്റിസം' എന്ന പദത്തിന്റെ യൂറോപ്യന്‍ പശ്ചാത്തലം അവഗണിക്കാനാവില്ല. ജൂതര്‍ക്കെതിരായ സഹസ്രാബ്ദങ്ങള്‍ നീണ്ട മര്‍ദനങ്ങള്‍ പാരമ്യത്തിലെത്തിയത് 19-ാം നൂറ്റാണ്ടിന്റെ ഒടുവിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമാണ്. 'ആന്റിസെമിറ്റിസം' എന്ന ജൂതവിരുദ്ധതയെ ഇസ്രായേല്‍ രാഷ്ട്ര രൂപീകരണത്തിന്റെ ഇന്ധനമാക്കുകയാണ് സയണിസം ചെയ്തത്. തങ്ങളുടെ രാജ്യങ്ങളിലേക്ക് ജൂതകുടിയേറ്റം തടഞ്ഞുകൊണ്ട് യൂറോപ്യന്‍ ആന്റിസെമിറ്റിക്കുകള്‍ സയണിസത്തെ സഹായിക്കുകയായിരുന്നു.

മിത്ത് 7
''1948-ലെ ഫലസ്തീനികളുടെ പലായനം അവരുടെ നേതാക്കളുടെ ആഹ്വാനമനുസരിച്ചായിരുന്നു.''
സ്വന്തം ഇഷ്ടമനുസരിച്ച് നാടുവിട്ടവരാണ് ഫലസ്തീനികള്‍ എന്നാണ് ഈ മിത്തിലൂടെ സയണിസം ആരോപിക്കുന്നത്. 1980കളില്‍ ഇസ്രായേല്‍ അവരുടെ സൈനിക ആര്‍ക്കൈവ്‌സ് (ഡി ക്ലാസിഫൈ ചെയ്തുകൊണ്ട്) പുറത്തിറക്കിയതുമുതല്‍ ഇസ്രായേലിലും യൂറോപ്പിലുമുള്ള ഗവേഷകര്‍ ഈ വാദം പരിശോധിക്കുകയും തള്ളിക്കളയുകയും ചെയ്തിട്ടുള്ളതാണ്. നൂറുകണക്കിന് റേഡിയോ സംപ്രേഷണങ്ങള്‍ പരതിയിട്ടും ഫലസ്തീനികളോട് ഒഴിഞ്ഞുപോകാനുള്ള ഒരു നേതൃനിര്‍ദേശവും കിട്ടിയില്ല.
1948-ലെ മധ്യപൗരസ്ത്യ ദേശത്തുനിന്നുള്ള റേഡിയോ സംപ്രേഷണങ്ങളെ മുഴുവന്‍ അപഗ്രഥിച്ച രേഖകള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. അവയിലും ഇത്തരം ആഹ്വാനങ്ങളില്‍ ഒന്നുപോലും കണ്ടെത്തിയിട്ടില്ല. നിരന്തരമായ ആവര്‍ത്തനത്തിലൂടെ ഇരകളെ അപരാധികളായി പ്രതിഷ്ഠിക്കാം എന്ന നാസി തന്ത്രമാണ് സയണിസ്റ്റുകള്‍ ഇതിലൂടെ പയറ്റുന്നത്.

മിത്ത് 8
''പ്രശ്‌നം അതീവ സങ്കീര്‍ണമാണ്''
യഥാര്‍ഥത്തില്‍ പ്രശ്‌നം സയണിസത്തിന്റെയും ജൂതരാഷ്ട്രത്തിന് വിടുപണി ചെയ്യുന്ന സാമ്രാജ്യത്വത്തിന്റേതും മാത്രമാണ്; മറ്റുവാക്കുകളില്‍ അധിനിവേശത്തിന്റേത് മാത്രം.
ഇസ്രായേല്‍ സ്ഥാപക നേതാവ് ഡേവിഡ് ബെന്‍ഗൂരിയന്‍ 1948ല്‍ എഴുതി:
''നെഗേവില്‍ നാം ഭൂമി വാങ്ങില്ല; പിടിച്ചടക്കും.''1
പരിഹാരം വളരെ ലളിതമാണ്: അന്താരാഷ്ട്ര നിയമങ്ങളെയും ജൂതമത സ്തംഭങ്ങളെയും ഉല്ലംഘിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ തങ്ങളുടെ സെറ്റില്‍മെന്റുകള്‍ നിര്‍ത്തുക; യു.എന്‍ പ്രമേയം 194 അനുസരിച്ച് പരദേശികളാക്കപ്പെട്ട ഫലസ്തീനികള്‍ക്ക് നഷ്ടപ്പെട്ട വീടും നാടും ലഭ്യമാക്കുക. 1967-ലെ അതിര്‍ത്തികളിലേക്ക് (യു.എന്‍ പ്രമേയം 242, 338) ഇസ്രായേല്‍ പിന്മാറുക.
അറിയുക: യു.എന്നില്‍ അംഗത്വം നല്‍കുമ്പോള്‍ പ്രമേയം 194 അനുവര്‍ത്തിക്കാമെന്ന് ഇസ്രായേല്‍ ഉറപ്പ് നല്‍കിയതാണ്!

മിത്ത് 9
''പ്രശ്‌നം അപരിഹാര്യം''
പരിഹരിക്കാന്‍ ഏറ്റവും എളുപ്പമുള്ള പ്രശ്‌നമാണ് ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം. യു.എന്‍ പ്രമേയം 242, രണ്ട് രാഷ്ട്രങ്ങളായി വിഭജിച്ചിട്ടുള്ള പരിഹാരം നിര്‍ദേശിച്ചത് അനുസരിച്ചാല്‍ മാത്രം മതി. പ്രസ്തുത പ്രമേയമനുസരിച്ച് 1967ലെ യുദ്ധത്തിന് മുമ്പത്തെ അതിര്‍ത്തികളിലേക്ക് ഇസ്രയേല്‍ പിന്മാറുകയും യു.എന്‍ പ്രമേയം 194 പ്രകാരം ആട്ടിയോടിക്കപ്പെട്ട ഫലസ്ത്വീനി അഭയാര്‍ഥികളെ സ്വന്തം നാട്ടിലേക്ക് വരാന്‍ അനുവദിക്കുകയും ചെയ്താല്‍ നിഷ്പ്രയാസം പ്രശ്‌നം പരിഹരിക്കാം.
പി.എല്‍.ഒ, ഹമാസ് തുടങ്ങിയവയൊക്കെ ഇത് അംഗീകരിക്കുന്നു. ഇസ്രയേല്‍ മാത്രം എതിര്‍ക്കുന്നു. മേല്‍പറഞ്ഞ യു.എന്‍ പ്രമേയങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി അമേരിക്കന്‍ ഭരണകൂടം പ്രകടിപ്പിച്ചാല്‍ മാത്രം മതി!

മിത്ത് 10
''1948ല്‍ നല്ലൊരു ഫലസ്തീന്‍ വിഭജന സാധ്യതയെ അറബികള്‍ അട്ടിമറിച്ചു''
1948ലെ ഫലസ്തീന്‍ വിഭജനം ഒട്ടും നീതിപൂര്‍വകമായിരുന്നില്ല. 1880വരെ ഫലസ്തീനില്‍ മൂന്ന് അബ്രഹാമിക മതങ്ങളും രമ്യതയില്‍ വര്‍ത്തിക്കുകയായിരുന്നു. ബ്രിട്ടീഷ് മാന്‍ഡേറ്റ് വേളയില്‍(1920-1948) ആണ് സയണിസ്റ്റ് രാഷ്ട്രം രൂപം കൊള്ളുന്നത്.
1948ലെ 181-ാം നമ്പര്‍ യു.എന്‍ പ്രമേയം 30 ശതമാനം വരുന്ന ജൂതര്‍ക്ക്(8 ശതമാനത്തില്‍ താഴെ ഭൂമി കൈവശമുള്ള), 56 ശതമാനം ഫലസ്തീന്‍ ഭൂമി അനുവദിച്ചുകൊടുക്കുകയായിരുന്നു. 70 ശതമാനം വരുന്ന അറബികള്‍ക്ക് 43 ശതമാനം ഭൂമിയും! മാത്രമല്ല, 1948ലെ യുദ്ധത്തില്‍ 78 ശതമാനം ഭൂമിയായി അത് വര്‍ധിപ്പിക്കുകയും 7 ലക്ഷത്തിലേറെ ഫലസ്തീനികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയും ചെയ്തു. 1967ലെ യുദ്ധത്തില്‍ ബാക്കിവരുന്ന 22ശതമാനം പ്രദേശത്തുനിന്ന് പോലും അവര്‍ പുറത്താക്കപ്പെടുകയായിരുന്നു. യു.എന്‍ വാഗ്ദാനം പൂര്‍ണമായി പാലിക്കപ്പെട്ടില്ല; അട്ടിമറിക്ക് സാമ്രാജ്യത്വം കൂട്ടുനില്‍ക്കുകയും ചെയ്തു.

മിത്ത് 11
''ഫലസ്തീനികളുടെ തിരിച്ചുവരവ് ഇസ്രായേലീ ജൂതരുടെ ഭീമമായ സ്ഥലംമാറ്റത്തിന് കാരണമാകും. അതിനാല്‍ അപ്രായോഗികം.''
ഫലസ്തീന്‍ ലാന്റ് സൊസൈറ്റി സ്ഥാപകന്‍ ഡോ. സല്‍മാന്‍ അബൂസിത്തയുടെ 2006ലെ പഠനപ്രകാരം
* ഇന്ന് ഇസ്രായേല്‍ കൈവശം വെച്ചിരിക്കുന്നതും മുമ്പ് ഫലസ്തീനികളുടേതുമായിരുന്ന 93 ശതമാനം ഭൂമിയില്‍ താമസിക്കുന്ന ജൂതരുടെ സംഖ്യ 1.5 ശതമാനം മാത്രമാണ്.
* ആട്ടിപ്പുറത്താക്കപ്പെട്ട ഫലസ്തീന്‍ ഗ്രാമങ്ങളിലെ 90 ശതമാനവും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. (അവിടെ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ചിട്ടുണ്ട്).
ഫലസ്തീനികളുടെ പുനരധിവാസം ജൂതര്‍ക്ക് കാര്യമായ ഒരു പ്രശ്‌നവുമുണ്ടാക്കില്ല. എന്നാല്‍, സയണിസം ഭയപ്പെടുന്നത് അറബ് ജനസംഖ്യാവര്‍ധനവ് തങ്ങളുടെ വംശീയ താല്‍പര്യങ്ങള്‍ക്ക് ഉയര്‍ത്തുന്ന ഭീഷണിയാണ്!

മിത്ത് 12
''സയണിസ്റ്റുകള്‍ അയല്‍ക്കാരുമായി എന്നും സമാധാനത്തിന് ഇഷ്ടപ്പെടുന്നു. എന്നാല്‍, അറബ് ഭീഷണി അവര്‍ക്ക് തടസ്സമാവുന്നു.''
1948 മുതല്‍ സൈനിക ശക്തിയില്‍ ഇസ്രായേല്‍, അറബികളെക്കാള്‍ ഏറെ മുന്നിലാണ്. ഏത് സംയുക്ത അറബ് സൈന്യത്തെയും അവര്‍ക്ക് എളുപ്പത്തില്‍ പരാജയപ്പെടുത്താം. ഇരുനൂറിലേറെ ന്യൂക്ലിയര്‍ ആയുധങ്ങള്‍ അവര്‍ക്ക് കൈവശമുണ്ട്; ഒരൊറ്റ അറബ് രാഷ്ട്രത്തിനും ആണവായുധമില്ല.
അയല്‍രാജ്യങ്ങളെ നിരന്തരമായി ആക്രമിക്കുന്ന പ്രവണതയാണ് ഇസ്രായേലിനുള്ളത്:
1978, 1982, 2006 കാലഘട്ടത്തില്‍ ലബനനെയും 2006, 2008, 2014 കാലഘട്ടത്തില്‍ ഗസ്സയെയും, അന്യായമായി ഇസ്രായേല്‍ ആക്രമിച്ചു. അമേരിക്കയിലെ ഇസ്രായേല്‍ ലോബിയുടെ ശക്തിയാണ് യു.എസ് പിന്തുണയുടെ രഹസ്യം.
മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ വാക്കുകളില്‍
''യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇസ്രായേലിനെതിരായ 40 പ്രമേയങ്ങളെ യു.എസ് വീറ്റോ ചെയ്തു. ഇതില്‍ ചിലത് അമേരിക്കക്ക് അന്താരാഷ്ട്ര നാണക്കേടുണ്ടാക്കി. മുസ്‌ലിം-മധ്യ പൗരസ്ത്യ ദേശത്തെ അമേരിക്കന്‍ വിരുദ്ധ വികാരങ്ങളുടെ വേരുകള്‍ കിടക്കുന്നത് ഫലസ്തീന്‍ പ്രശ്‌നത്തിന്റെ അപരിഹാര്യതയിലാണ്.''2

മിത്ത് 13
''ഇസ്രായേലിന്റെ വൈരാഗ്യബുദ്ധിയോടെയുള്ള ആക്രമണങ്ങള്‍ക്ക് ഫലം കാണുന്നുണ്ട്; ഭീകരതയെ കുറക്കുന്നതുകൊണ്ട് അത് ന്യായീകരണാര്‍ഹം.''
1948 മുതല്‍ ഇസ്രായേല്‍ അനുവര്‍ത്തിക്കുന്ന നയമാണ് അതിഭീകരമായ തോതിലുള്ള 'പ്രത്യാക്രമണം.' ഏറ്റവുമവസാനമായി ഗസ്സയില്‍ 3 ഇസ്രായേലികളുടെ പേരുപറഞ്ഞ് ഗസ്സയിലെ 2000ത്തിലേറെ നിരപരാധികളെ കുരുതികഴിക്കുകയും പതിനായിരങ്ങളെ പരിക്കേല്‍പിക്കുകയും ലക്ഷങ്ങളെ അഭയാര്‍ഥികളാക്കുകയും ഗസ്സയെ തകര്‍ക്കുകയും ചെയ്ത സംഭവം ഇതിനുദാഹരണം.
ഒരു പഴയ സംഭവം നോക്കുക: '1953ല്‍ ഒരു ഇസ്രായേലിയുടെ കൊലക്ക് പ്രതികാരമായി 40 ഫലസ്ത്വീന്‍ സിവിലിയന്മാരെ വധിക്കാന്‍ ഏരിയല്‍ ഷാരോണ്‍ (പില്‍ക്കാല ഇസ്രായേല്‍ പ്രധാനമന്ത്രി) നേതൃത്വം നല്‍കി.' 'ഇത്തരം അതിക്രമങ്ങള്‍ ഫലപ്രദമാണെന്നതിന് ഒരു തെളിവുമില്ല; അവ ന്യായവും അധാര്‍മികവുമാണ്.'3

മിത്ത് 14
''അറബികള്‍ എന്നും സമാധാനത്തിന് തടസ്സം നിന്നു.''
194, 242 നമ്പര്‍ യു.എന്‍ പ്രമേയങ്ങളെ ധിക്കരിച്ചുകൊണ്ട് സമാധാനത്തിന് നിരന്തരം വിലങ്ങുതടി സൃഷ്ടിക്കുകയാണ് ഇസ്രായേല്‍. അധിനിവിഷ്ട പ്രദേശങ്ങളില്‍ അവര്‍ നിരന്തരം സെറ്റില്‍മെന്റുകള്‍ നിര്‍മിക്കുന്നു. ചെറിയ കാരണങ്ങള്‍ പറഞ്ഞ് നിരപരാധികളെ വന്‍തോതില്‍ കൊലചെയ്യുന്നു.
ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുമ്പോള്‍ അന്താരാഷ്ട്ര അംഗീകാര അതിര്‍ത്തികളുള്ള ഒരു ഇസ്രായേലുമായി സമാധാനത്തില്‍ വര്‍ത്തിക്കാമെന്ന് 2006ല്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ വ്യക്തമാക്കിയിരുന്നു.4

മിത്ത് 15
''ഇസ്രായേലാണ് മധ്യപൗരസ്ത്യ ദേശത്തെ ഏകജനാധിപത്യ രാഷ്ട്രം.''
വംശീയതയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട മതരാഷ്ട്രം ജനാധിപത്യമാവില്ല. അധിനിവിഷ്ട പ്രദേശങ്ങളില്‍ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന രാഷ്ട്രമാണ് ഇസ്രായേല്‍. ഇസ്രായേലിനകത്ത് കഴിയുന്ന 20 ശതമാനം അറബികള്‍ ആഭ്യന്തര അഭയാര്‍ഥികളുടെ സ്ഥാനത്താണിപ്പോഴും. 1948-1966 കാലയളവില്‍ അവര്‍ കര്‍ശനമായ മിലിട്ടറി നിയമത്തിന്‍ കീഴിലായിരുന്നു. സ്വത്ത് കണ്ടുകെട്ടപ്പെടുകയും സ്ഥലം മാറ്റപ്പെടുകയും കസ്റ്റഡിയിലെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇന്നും അവര്‍ക്ക് തുല്യ പൗരത്വമില്ല; രാഷ്ട്രീയ അവകാശങ്ങളും വളരെ ലോലം. ഒരു രാഷ്ട്രത്തിലെ പൗരന്മാരെ വംശീയതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു നിര്‍ത്തുന്ന രാഷ്ട്രം ജനാധിപത്യമാവുന്നതെങ്ങനെ?
ഇസ്രായേലിലെ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ഈ ചോദ്യമുയര്‍ത്തുന്നുണ്ട്. ജൂതജനതക്ക് പ്രാമുഖ്യമുള്ള രാഷ്ട്രമായി നിലകൊള്ളുമെന്ന് ഇസ്രായേല്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

മിത്ത് 16
''ഇസ്രായേല്‍ രൂപീകരണം 6 മില്യണ്‍ ജൂതരുടെ കൊലക്കുള്ള(ഹോളോകോസ്റ്റ്) അനിവാര്യമായ പരിഹാരമായിരുന്നു.''
ഹോളോകോസ്റ്റിന് ഏറെ മുമ്പുതന്നെ സയണിസ്റ്റ് പദ്ധതി മുന്നോട്ട് പോയിരുന്നു. (1936 മുതല്‍ 1945 വരെയാണ് ഹോളോകോസ്റ്റ് നടന്നതായി പറയുന്നത്.) 1936ന് മുമ്പുതന്നെ ഫലസ്തീനികള്‍ പുറത്താക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. ഫലസ്തീന്‍ ജനതക്ക് ഹോളോകോസ്റ്റുമായി ഒരു ബന്ധവുമില്ല. ഹുസൈനി എന്ന ഒരു മുഫ്തിയുടെ ജര്‍മന്‍ ബാന്ധവത്തിന്റെ പേര് പറഞ്ഞുള്ള ആരോപണം ജുഗുപ്‌സാവഹമാണ്. ജര്‍മനിയുടെ വിജയം തന്റെ ജനതയെ സഹായിക്കുമെന്ന മൗഢ്യത്തില്‍ വിശ്വാസമര്‍പ്പിച്ച ഒരു മുഫ്തിയുടെ നാസി ബന്ധം പറഞ്ഞുള്ള സയണിസ്റ്റ് പ്രചാരണ തന്ത്രം അതിനീചമാണ്.

മിത്ത് 17
''ഫലസ്തീന്‍ പാഠപുസ്തകങ്ങള്‍ ജൂതര്‍ക്കെതിരെ വിഷം ചീറ്റുന്നു.''
ഇസ്രായേലിലും അമേരിക്കയിലും യൂറോപ്പിലും നടന്ന പഠനങ്ങള്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്.5
ഇത് സംബന്ധമായി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശാനുസരണം പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു:
''ഫലസ്തീന്‍ പാഠപുസ്തകങ്ങള്‍ ജൂതര്‍ക്കോ സമാധാനത്തിനോ എതിരല്ല. കരിക്കുലത്തിന്റെ പൊതുസമീപനം സമാധാനം ലക്ഷ്യംവെച്ചുള്ളതാണ്. മത-രാഷ്ട്രീയം സഹിഷ്ണുതകളെ അവ ഊന്നിപ്പറയുന്നു.''6
വിഷയത്തെപ്പറ്റി പഠിച്ച യൂറോപ്യന്‍ യൂണിയന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് രേഖപ്പെടുത്തി: 'പ്രകോപന മുക്തമായ ഉള്ളടക്കമുള്ള പാഠപുസ്തകങ്ങള്‍ യുവ ഫലസ്തീനികളുടെ വിജ്ഞാനത്തിനുതകുന്നതാണ്.'7
അതേസമയം, ഇസ്രായേലി പാഠപുസ്തകങ്ങളെപ്പറ്റി ടെല്‍അവീവ് സര്‍വകലാശാലയിലെ പ്രഫ. ഡാന്‍ ബാര്‍താല്‍ പറയുന്നു:
'അറബികളെ അംഗീകരിക്കാത്തതും അവരെ അസംസ്‌കൃതരും ജൂതരേക്കാള്‍ താഴ്ന്നവിഭാഗത്തിലുള്ളവരുമായി അവ ചിത്രീകരിക്കുന്നു.'

മിത്ത് 18
''ഭീകരവിരുദ്ധ യുദ്ധത്തിന് ഇസ്രായേലിനെ പിന്തുണക്കേണ്ടത് അനിവാര്യമാണ്.''
ഇസ്രായേല്‍ ഭീകരതയാല്‍ നിലവില്‍വന്ന, ഭീകരതയാല്‍ നിലനില്‍ക്കുന്ന, ഭീകരത വ്യാപിപ്പിക്കുന്ന രാഷ്ട്രമാണ്. ഇത് തെളിയിക്കാന്‍ ഒരൊറ്റ ഉദ്ധരണി മാത്രം ഹാജരാക്കുന്നു:
ഇസ്രായേലിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്ന ഇസ്ഹാഖ് ഷമീര്‍ 1943ല്‍ എഴുതി: ''ജൂത നൈതികതയോ മതപാരമ്പര്യമോ ഭീകരതയെ നിഷേധിക്കുന്നില്ല. ഇന്നത്തെ നിലക്ക് യുദ്ധത്തിന്റെ ഭാഗം തന്നെയാണ് ഭീകരത. നമ്മുടെ ശത്രുക്കള്‍ക്കെതിരെ (ഫലസ്തീനികള്‍) അതിന് വഹിക്കാനുള്ള പങ്ക് വലുതാണ്.''8

മിത്ത് 19
''ഫലസ്തീനികള്‍ ഇസ്രായേലിനെ അംഗീകരിക്കുന്നു പോലുമില്ല.''
1988ല്‍ തന്നെ ഫതാഹ് ഇസ്രായേലിനെ അംഗീകരിച്ചിരുന്നു. 2006ല്‍, 1967ലെ അതിര്‍ത്തിക്കകത്ത് ഒതുങ്ങിനില്‍ക്കുന്ന ഇസ്രായേലിനെ ഹമാസ് അംഗീകരിച്ചിരുന്നു. അതേസമയം, ഇസ്രയേല്‍ ഫലസ്തീനെ അംഗീകരിക്കുന്നില്ല. സ്വന്തം അതിര്‍ത്തികള്‍ നിശ്ചയിക്കാത്ത ഇസ്രായേല്‍ രാഷ്ട്രത്തെ അറബികള്‍ അംഗീകരിക്കുന്നില്ല എന്ന് ആരോപിക്കുന്നതിലെ വൈരുധ്യം പോലും അവര്‍ മറച്ചുപിടിക്കുന്നു. ഇസ്രായേല്‍ എന്നാല്‍ 1948ലെയോ 1967ലെയോ അതിര്‍ത്തിക്കകത്തുള്ളത് എന്ന ചോദ്യം മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മികാര്‍ട്ടര്‍ തന്നെ ഉയര്‍ത്തിയിട്ടുണ്ട്.

മിത്ത് 20
''ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തില്‍ ഒരു മധ്യമ നിലപാടല്ലേ കൂടുതല്‍ ഉചിതമായത്? അതായത് സമ്പൂര്‍ണമായും ഇസ്രായേലിനെ ഒറ്റപ്പെടുത്താത്ത ഒരു സമീപനം?''
ഫലസ്തീനികള്‍ക്ക് അടിച്ചമര്‍ത്തലിനെതിരെ പൊരുതാനുള്ള ധാര്‍മികമായ അവകാശമുണ്ട്. ഇസ്രായേലിന്റെ കൊളോണിയല്‍ പദ്ധതിയെ സമ്മതിച്ചുകൊണ്ട് ഒന്നാമത്തെ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂരിയന്‍ തന്നെ എഴുതി:
''ഞാന്‍ ഒരറബി നേതാവായിരുന്നെങ്കില്‍ ഇസ്രായേലുമായി ഒത്തുതീര്‍പ്പിന് നില്‍ക്കില്ലായിരുന്നു. അത് സ്വാഭാവികം മാത്രമാണ്. ഞങ്ങള്‍ അവരുടെ രാഷ്ട്രം തട്ടിയെടുത്തു. തീര്‍ച്ചയായും ദൈവം അത് ഞങ്ങള്‍ക്ക് വാഗ്ദത്തം ചെയ്തതാണ്. ഞങ്ങളുടെ ദൈവം അവരുടേതല്ല.''9
ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് വിരുദ്ധ നേതാവ് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വാക്കുകള്‍ ഇതാ:
''അനീതിയുടെ പര്‍വ്വങ്ങളില്‍ നിഷ്പക്ഷതയുടെ അര്‍ഥം അക്രമിയുടെ പക്ഷം ചേരല്‍ എന്നു തന്നെയാണ്.''

കുറിപ്പുകള്‍

1. Benny Moris, The Birth of the Palestinian Refugee Problem 1947-1949, Cambridge: C.U.P, 1988, P.170
2. Jimmy Carter, Palestine Peace Not Apartheid, Newyork: Simon Schuster, 2006, P. 209-210
3. Van Creveld, The Sword and Olive Tree, New York: Public Affairs, 2002, P. 130-135
4. Yitzhak Ben-Horin, 'We don't Want to throw them into the Sea', YNet Israel News, February 25, 2006
5. Len Traubman, Reports on Palestinian Kid's hatred Grossly Exaggerated, Jewish News Weekly of Northern California, February 6, 2004
6. 'Rewriting Palestinian Text Books and Tolerance Educaiton Program', Israel/Palestine Centre for Research and Information, Submitted to the Public Affairs Office, US Consulate General, Jerusalem, 2003.
7. Akiva Eldar, Reading, Writing and Propaganda, Haaretz, September 10, 2004
8. Noam Chomsky, Fateful Triangle, Boston: End Press, 1983, P. 485-486
9. John J. Mearsheimer and Stephen M. Walt, The Israel Lobby and US Foreign Policy N.Y: Farrar, Strans and Giroux, 2007, P.96

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top