എന്തുകൊണ്ട് ബ്രിട്ടന്‍ സയണിസ്റ്റ് കാര്‍ഡ് കളിച്ചു

അലന്‍ ഹെര്‍ട്ട്‌‌
img

1937 ജൂലൈയില്‍ ബാല്‍ഫോര്‍ പ്രഖ്യാപനം നടത്തിയത് എന്തിനാണ് എന്ന് വിശദീകരിക്കവേ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (ആ സമയത്ത് അദ്ദേഹം പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്നും പദവികളില്‍ നിന്നും പുറത്തായിരുന്നു) കോമണ്‍ സഭയില്‍ ഇങ്ങനെ പറയുകയുണ്ടായി: 'ഇത് വെറും ഒരു അപ്രായോഗിക മനുഷ്യസ്‌നേഹത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നടപടി ആണെന്നോ അത്യസാധാരണ ആവേശമാണെന്നോ ധരിച്ചു വശാവുന്നത് കേവലമൊരു മിഥ്യാബോധമാണെന്നേ പറയാന്‍ കഴിയൂ. സത്യത്തില്‍, യുദ്ധത്തില്‍ സഖ്യകക്ഷികളുടെ വിജയം സുഗമമാക്കാന്‍ വേണ്ടി കൈകൊണ്ട നടപടിയാണിത്. ഇതിനാവട്ടെ, നമുക്ക് പലയിടങ്ങളില്‍ നിന്നായി സഹായം ലഭിച്ചിട്ടുമുണ്ട്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സയണിസ്റ്റുകളുടെ സ്വാധീനം ഉപയോഗപ്പെടുത്തിയതിനും അവരുടെ സഹായം തേടിയതിനും ബ്രിട്ടന്‍ ചെയ്ത പ്രത്യുപകാരമാണിത്.
എവിടെയായിരുന്നു ബ്രിട്ടന് സയണിസ്റ്റ് സ്വാധീനം വേണ്ടിയിരുന്നത്?
1953 ഒക്ടോബറില്‍ പുറത്തിറങ്ങിയ 'അമേരിക്കന്‍ സയണിസ്റ്റ്'ല്‍ അമേരിക്കന്‍ സയണിസ്റ്റ് സംഘടനയുടെ മുന്‍ പ്രസിഡന്റ്റ് റാബി ഇമ്മാനുവല്‍ ന്യൂമാന്‍ അത് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ് : 'ജര്‍മനിയോടുള്ള യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയില്‍ റഷ്യയിലെയും അമേരിക്കയിലെയും ജൂതരുടെ പിന്തുണ കിട്ടാന്‍ ബ്രിട്ടന്‍ വ്യഗ്രത കാട്ടിയിരുന്നു. ജൂതരെ കുറിച്ചും അവരുടെ ശക്തിയെ കുറിച്ചും അതിശയോക്തി കലര്‍ന്ന പല കഥകളും നിലവിലുണ്ടായിരുന്നു. ബ്രിട്ടന്റെ ഈ സഖ്യതാല്‍പര്യം സയണിസ്റ്റുകള്‍ക്ക് അവര്‍ക്കൊരു പൊതുമുഖം ഉണ്ടാകാനും അവരുടെ വിലപേശല്‍ ശേഷി കൂട്ടാനും സഹായിച്ചു.
എന്തായിരുന്നു റഷ്യയിലും അമേരിക്കയിലും സയണിസ്റ്റുകള്‍ നല്‍കേണ്ടിയിരുന്ന ആ 'വിലപ്പെട്ടതും മൂല്യവത്തുമായ സഹായം?'
ആ ചോദ്യത്തിന് ഒരിക്കല്‍ പോലും ഒരു ഔദ്യോഗിക മറുപടി നല്‍കപ്പെടുകയുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. എഴുത്തുകാരും അന്വേഷണ കുതുകികളും അത് സ്വയം തന്നെ കണ്ടെത്തേണ്ടി വരും. ഈ ഒരു ഉദ്യമം സഫലമാവണമെങ്കില്‍ ചില കാര്യങ്ങളില്‍ അറിവ് ഉണ്ടായിരിക്കേണ്ടതുണ്ട്. ബാല്‍ഫര്‍ പ്രഖ്യാപന വേളയില്‍ ബ്രിട്ടന്റെയും സഖ്യകക്ഷികളുടെയും സ്ഥിതി എന്തായിരുന്നു എന്ന് മനസ്സിലാക്കലാണ് അതില്‍ ആദ്യത്തേത്. അതിനെക്കാളെല്ലാം ഉപരി സെമിറ്റിക് വിരുദ്ധ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായി മാസങ്ങളോളം നീണ്ടുനിന്ന വിലപേശല്‍ വേളയില്‍ ഇവരുടെ സ്ഥാനം എവിടെ ആയിരുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്
യുദ്ധവേളയില്‍ ബ്രിട്ടന്‍ 'വിഷമ സന്ധിയില്‍' ആയിരുന്നു എന്ന ന്യൂമന്റെ പ്രസ്താവന ഒരുവേള അതിശയോക്തി ആയിട്ടേ കരുതാനാവൂ.
1917-ന്റെ തുടക്കത്തില്‍ ബ്രിട്ടന്റെയും സഖ്യ കക്ഷികളുടെയും യുദ്ധത്തിലെ സാധ്യതകള്‍ മങ്ങലേറ്റ നിലയിലായിരുന്നു. തോല്‍വി ഏതാണ്ട് അടുത്തുനില്‍ക്കുന്ന അവസ്ഥ. വിഖ്യാത ബ്രിട്ടീഷ് ചരിത്രകാരന്‍ ജെ.എ.ആര്‍ മാര്‍നൊട്ട് ഇതിനെ വിശദീകരിച്ചത് ഇപ്രകാരമാണ്: 'ഭീതിദമായ നിലയില്‍ പരാജയ മുഖത്തായിരുന്നു സഖ്യ കക്ഷികള്‍. ബ്രിട്ടനെ സംബന്ധിച്ച് എല്ലാം അതിന്റെ കപ്പലുകളെയും യാത്രികരെയും ആശ്രയിച്ചാണ് നീങ്ങിയിരുന്നത്.'
ഫെബ്രുവരിയില്‍ നിയന്ത്രണങ്ങളേതും ഇല്ലാതിരുന്ന മുങ്ങിക്കപ്പല്‍ യുദ്ധമുറകള്‍ ആശ്രയിച്ചുകൊണ്ട് ജര്‍മനി ശക്തമായി മുന്നേറാന്‍ തുടങ്ങി. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന എല്ലാറ്റിനെയും യാതൊരു മുന്നറിയിപ്പുമില്ലാതെ മുക്കിക്കളയുന്ന തന്ത്രം. ഇങ്ങനെ അവര്‍ മുക്കിക്കളഞ്ഞവയില്‍ നിരായുധമായി പൊയ്‌ക്കൊണ്ടിരുന്ന കച്ചവട കപ്പലുകളും ആശുപത്രി കപ്പലുകളും നിഷ്പക്ഷ രാഷ്ട്രങ്ങളുടെ കപ്പലുകളും ഉണ്ടായിരുന്നു. ഈ മുങ്ങിക്കപ്പല്‍ തന്ത്രം അനിതര സാധാരണ വിജയം കൈവരിക്കുകയും ചെയ്തു. ബ്രിട്ടന്റെ നാശനഷ്ടങ്ങള്‍ അവര്‍ തോല്‍വിയുടെ വക്കില്‍ എത്തി നില്‍ക്കുന്നിടത്തോളം വരെ ആയി. ആഗസ്റ്റ് 1 ആവുമ്പോഴേക്കും ബ്രിട്ടന്‍ കീഴടങ്ങേണ്ടിവരുമെന്ന് ജര്‍മനി ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. ജര്‍മന്‍ മുങ്ങിക്കപ്പല്‍ ആക്രമണം ഇനിയും ചെറുത്തില്ലെങ്കില്‍ നവംബര്‍ തുടക്കത്തില്‍ തോല്‍വി സമ്മതിക്കേണ്ടി വരുമെന്ന് ബ്രിട്ടനും കണക്കു കൂട്ടി.
ബാല്‍ഫോര്‍ പ്രഖ്യാപനത്തിലേക്ക് നീങ്ങി ക്കൊണ്ടിരിക്കുന്ന ദിവസങ്ങളില്‍ കടലില്‍ മാത്രമല്ല കരയിലും ബ്രിട്ടനും സഖ്യകക്ഷികളും വലിയ പരാജയ മുനമ്പിലായിരുന്നു. റഷ്യയെ സഖ്യകക്ഷി കൂട്ടുകെട്ടില്‍ നിന്ന് നഷ്ടപ്പെടുമോ എന്ന ഭീതിയും പരക്കെ ഉണ്ടായിരുന്നു.
1914 ല്‍ വളരെ ശക്തമായ സാന്നിദ്ധ്യമായിരുന്ന സാമ്രാജ്യത്വ റഷ്യ യുദ്ധത്തിന്റെ ആരംഭത്തില്‍ സഖ്യ കക്ഷികളെ വലിയ തോതില്‍ സഹായിച്ചുപോന്നു. ജര്‍മന്‍ സൈന്യത്തിന് ഫ്രാന്‍സിനെയും റഷ്യയെയും അവര്‍ ഒരുമിച്ചു നില്‍ക്കുന്ന സമയത്ത് ഒരിക്കലും കീഴടക്കാന്‍ കഴിയുമായിരുന്നില്ല. 1916-ല്‍ റഷ്യ തുര്‍ക്കിക്കെതിരെ തുടരന്‍ വിജയങ്ങള്‍ നേടിയത് സഖ്യകക്ഷികളുടെ മെസപ്പട്ടോമിയന്‍ താല്‍പര്യങ്ങള്‍ക്ക് ഏറെ ഗുണപ്രദമാവുമെന്ന് (ഇപ്പോഴത്തെ ഇറാഖ്) ബ്രിട്ടന്‍ പ്രതീക്ഷിച്ചു. പക്ഷേ റഷ്യന്‍ സൈന്യം ആയുധങ്ങളും മറ്റും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം. സാധാരണ ജനങ്ങളുടെ പട്ടിണിയും ദുരിതവും ഇല്ലാതാക്കാന്‍ റഷ്യന്‍ ഗവണ്‍മെന്റ് ഒന്നും ചെയ്യാത്തതിലുള്ള അമര്‍ഷം ഉള്ളിലൊതുക്കുന്ന സാധാരണ പട്ടാളക്കാരായിരുന്നു അതില്‍ കൂടുതലും. അവര്‍ക്കിടയിലെ തന്നെ ചതിയും മോശം ഭരണവും റഷ്യയെ തീര്‍ത്തും ദുര്‍ബലമാക്കുകയും ചെയ്തു.
യഥാര്‍ഥത്തില്‍ ബ്രിട്ടന്‍ ഏറെ ആശ്രയിച്ചിരുന്ന റഷ്യ എന്ന വലിയ സാമ്രാജ്യം അതിന്റെ അന്തിമ ശ്വാസം വലിക്കുന്ന ഘട്ടത്തില്‍ ആയിരുന്നു. 1917 മാര്‍ച്ച് 12 ല്‍ അത് പൂര്‍ണമായും തകര്‍ന്നടിയുകയും ചെയ്തു. മൂന്നു ദിവസത്തിന് ശേഷം സാര്‍ നിക്കോളാസ് രാജിവെക്കേണ്ടിവന്നു. ഭക്ഷണത്തിനായി നീണ്ട വരി നിന്നും എല്ലാറ്റിനും പ്രക്ഷോഭം നടത്തിയും മടുത്ത ഒരു ജനതക്കു മുന്നില്‍ വേറെ വഴിയില്ലായിരുന്നു. റഷ്യന്‍ പട്ടാളം തീര്‍ത്തും നിഷ്‌ക്രിയമാണെന്നു ബോധ്യപ്പെട്ട ആ ജനത കലാപങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. എന്നിട്ടും, സാര്‍ നിക്കോളാസ് പൊതുജന സമ്മതിയുള്ള ഒരു ഗവണ്‍മെന്റ് സ്ഥാപിക്കാന്‍ ഒരുക്കമല്ലെന്ന് മനസ്സിലായപ്പോള്‍ പ്രക്ഷോഭകാരികള്‍ അയാളെയും കുടുംബത്തെയും കൊന്നു കളഞ്ഞു.
'മിതവാദികളുടെ വിപ്ലവം' എന്ന് യൂറോപ്പില്‍ പരക്കെ അറിയപ്പെട്ട വിപ്ലവം റഷ്യയിലെ പഴയ വ്യവസ്ഥയെ പാടെ ഇല്ലാതാക്കുന്നതായിരുന്നു. അവിടെ ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് അധികാരത്തിലെത്തി എന്ന് അറിഞ്ഞപ്പോള്‍ ബ്രിട്ടന്‍ വലിയ ആശയക്കുഴപ്പത്തില്‍ ആയി. ഈ ഗവണ്‍മെന്റിന് എത്രകാലം റഷ്യയെ യുദ്ധ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നായിരുന്നു അവര്‍ ആദ്യം ചിന്തിച്ചത്. റഷ്യയില്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ആശയങ്ങള്‍ വീണ്ടുമൊരു വിപ്ലവത്തിലേക്ക് നീങ്ങാതിരിക്കാനും എത്ര ഫലപ്രദമായി ഇത്തരം പ്രവണതകളെ ചെറുക്കാന്‍ ഈ ഗവണ്‍മെന്റിന് കഴിയുമെന്നും ബ്രിട്ടന്‍ സംശയിച്ചു. പരാജയ ഭീതിയില്‍ ആയിരുന്ന ബ്രിട്ടന് റഷ്യയിലെ സംഭവ വികാസങ്ങള്‍ വലിയ ഒരു ഉത്കണ്ഠ തന്നെയായിരുന്നു.
എല്ലാ വിപ്ലവങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ത്രാണിയുള്ള ഒരു ശക്തിയായി സയണിസം അവതരിക്കുന്നത് അങ്ങനെയാണ്. സയണിസത്തെ വിപ്ലവങ്ങള്‍ക്കും കമ്യൂണിസത്തിനും എതിരെ നിര്‍ത്താന്‍ കെല്‍പ്പുള്ള ഒന്നായി പാരീസ് സമാധാന സമ്മേളനത്തില്‍ ലോക സാമ്രാജ്യത്വ ശക്തികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
സാര്‍ നിക്കോളാസ് ഭരണത്തിലെ കടുത്ത ദാരിദ്ര്യവും വലിയ വംശഹത്യകളും കൊണ്ട് പൊറുതിമുട്ടി നില്‍ക്കുകയായിരുന്നു റഷ്യയിലെ ജൂത സമുദായം. അങ്ങനെയാണ് അവര്‍ കൂടുതല്‍ തീവ്രമായി ചിന്തിക്കാനും ഭരണമാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും തുടങ്ങിയത്.
ഏകാധിപത്യത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഒരുവേള യഥാര്‍ഥ വിപ്ലവം കൊതിച്ചിരുന്ന എല്ലാ ആളുകളുടെയും മുന്നണിപ്പോരാളികളായി നിലയുറപ്പിക്കാനും റഷ്യയുടെ യുദ്ധ താല്‍പര്യങ്ങള്‍ തകര്‍ത്തുകളയാനും അവര്‍ സജ്ജരായിരുന്നു. ബ്രിട്ടനാവട്ടെ ഈ ജൂത വിഭാഗത്തെ മുതലാളിത്ത വിരുദ്ധ കമ്യൂണിസ്റ്റ് ചേരിയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഏറക്കുറെ റഷ്യയെ യുദ്ധത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നും കമ്യൂണിസ്റ്റ് ആശയങ്ങളുടെ വളര്‍ച്ചക്ക് തടയിടാന്‍ കഴിയുമെന്നും ആശിച്ചു.
പണിപ്പുരയിലായിരുന്ന യഥാര്‍ഥ റഷ്യന്‍ വിപ്ലവത്തിന്റെ ചുക്കാന്‍ ഏന്തിയിരുന്ന രണ്ട് പ്രമുഖ നേതാക്കളില്‍ ഒരാള്‍ ജൂതനായിരുന്നു എന്നത് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.
ലേവ് ഡേവിഡോവിച്ച് ബ്രോണ്‍സ്‌റ്റൈന്‍ എന്നാണ് അയാളുടെ മുഴുവന്‍ പേര്. യുക്രൈനിലെ യാനുകോവ ഗ്രാമത്തില്‍ 1879 ഒക്‌ടോബര്‍ 26 നാണ് ഇദ്ദേഹത്തിന്റെ ജനനം. കര്‍ഷകനായിരുന്ന പിതാവ് ഡേവിഡും വിദ്യാസമ്പന്നയായ മാതാവ് അന്നയും അടങ്ങിയതായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം.
എട്ടാം വയസ്സില്‍ ഡേവിഡോവിച്ച് ബ്രോണ്‍സ്‌റ്റൈന്‍ പഠനാര്‍ഥം ഒഡേസയിലേക്ക് താമസം മാറി. ഭാഷ നൈപുണ്യവും സാഹിത്യ അഭിരുചിയും ചെറുപ്പത്തിലേ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 1896-ല്‍ സ്‌കൂള്‍ പഠനം പൂര്‍ത്തീകരിക്കുവാന്‍ അദ്ദേഹം നിക്കോളയോവിലേക്ക് പോയി. അവിടെവെച്ചാണ് അദ്ദേഹം കമ്യൂണിസ്റ്റ് ആശയവുമായി അടുക്കുന്നതും അവിടത്തെ രഹസ്യ സോഷ്യലിസ്റ്റ് ഗ്രൂപ്പില്‍ ചേരുന്നതും. കുറച്ചു കാലത്തെ സര്‍വകലാശാല പഠനത്തിനു ശേഷം അദ്ദേഹം ദക്ഷിണ റഷ്യന്‍ തൊഴിലാളി യൂനിയന്റെ നേതൃത്വം ഏറ്റെടുത്തു.
വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ 1898 ല്‍ അദ്ദേഹത്തെ ജയിലിലടക്കുകയും അവിടെനിന്ന് സൈബീരിയയിലേക്ക് നാട് കടത്തുകയും ചെയ്തു. നാല് വര്‍ഷത്തിനു ശേഷം കള്ള പാസ്‌പോട്ട് സംഘടിപ്പിച്ച് അദ്ദേഹം അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു. ലിയോണ്‍ ട്രോട്‌സ്‌കി എന്ന ആ കള്ളപ്പേരാണ് അദ്ദേഹം പിന്നീട് തന്റെ തൂലികാനാമം ആയി തെരഞ്ഞെടുത്തത്.
അവിടെനിന്ന് രക്ഷപ്പെട്ട ട്രോട്‌സ്‌കി ലണ്ടനിലേക്കാണ് പോയത്. പിന്നീട് ലെനിന്‍ എന്ന പേരില്‍ അറിയപ്പെട്ട ബോള്‍ഷെവിക് പാര്‍ട്ടി സ്ഥാപകന്‍ വ്‌ളാദിമിര്‍ ഇല്യാനോവ് നയിച്ചിരുന്ന റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് എന്ന പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോഴത്തെ അവരുടെ പ്രധാന പരിപാടി 'ഇസ്‌ക്ര' എന്ന വിപ്ലവ പത്രം പ്രസിദ്ധീകരിക്കലായിരുന്നു. എഴുത്തുകാരന്‍, സംഘാടകന്‍ വാഗ്മി എന്നീ നിലകളിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം കാരണത്താല്‍ ട്രോട്‌സ്‌കി പെട്ടെന്ന് നേതൃനിരയില്‍ എത്തി.
റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ സോഷ്യലിസത്തെ കുറച്ചുകൂടി ജനാധിപത്യപരമായി സമീപിച്ച മെന്‍ഷെവിക് പാര്‍ട്ടിയുമായി അദ്ദേഹം അടുക്കാന്‍ തുടങ്ങി. ഏതുവിധേനയും അധികാരത്തില്‍ എത്താമെന്നുള്ള ബോള്‍ഷെവിക് തത്ത്വത്തോട് അദ്ദേഹത്തിന് യോജിക്കാന്‍ കഴിയുമായിരുന്നില്ല. ലെനിന്‍ അടക്കമുള്ള ബോള്‍ഷെവിക്കുകളുടെ വിപ്ലവം ദ്രുദഗതിയില്‍ നടപ്പാക്കണമെന്നുള്ള ആശയവും ലെനിന്റെ തന്നെ സ്വേഛാധിപത്യ പ്രവണതകളും ആയി ഇടഞ്ഞ് അദ്ദേഹം ബോള്‍ഷെവിക് പാര്‍ട്ടിയില്‍ അനഭിമതനായി.
1905 ല്‍ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ അദ്ദേഹം റഷ്യയിലേക്ക് തന്നെ മടങ്ങി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സോവിയറ്റ് വര്‍ക്കേഴ്‌സ് കൗണ്‍സിലിന്റെ സാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖ്യ വക്താവായി അദ്ദേഹം നിലകൊണ്ടു. അതിന്റെ പേരില്‍ അദ്ദേഹത്തെ ജയിലില്‍ അടക്കുകയും സൈബീരിയയിലേക്ക് നാട് കടത്തുകയും ചെയ്തു. അവിടെ നിന്നും രക്ഷപ്പെട്ട അദ്ദേഹം കുറച്ചു കാലം വിയന്നയില്‍ യുദ്ധ റിപ്പോര്‍ട്ടര്‍ ആയി ജോലി ചെയ്തു. അപ്പോഴും അദ്ദേഹം മെന്‍ഷെവിക്ക് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ലെനിനടക്കമുള്ള ബോള്‍ഷെവിക് നേതാക്കളുമായി നിരന്തര തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
ഒന്നാം ലോക യുദ്ധം ആരംഭിച്ചപ്പോള്‍ യുദ്ധവിരുദ്ധ ചേരിയില്‍ അണി നിരന്നുകൊണ്ട് അദ്ദേഹം സാര്‍ ഭരണത്തിന്റെ എല്ലാ യുദ്ധ സന്നാഹങ്ങളെയും വിമര്‍ശിക്കാന്‍ ഉദ്യുക്തനായി. സ്വിറ്റ്‌സര്‍ലണ്ടിലേക്കും അവിടെ നിന്ന് ഫ്രാന്‍സിലേക്കും മാറി മാറി യാത്ര ചെയ്തുകൊണ്ട് അദ്ദേഹം അവിടങ്ങളിലെ യുദ്ധ വിരുദ്ധ പ്രസിദ്ധീകരണങ്ങള്‍ക്ക് പത്രാധിപരായി വര്‍ത്തിച്ചു. ഇതിന്‍ ഫലമായി ഫ്രാന്‍സില്‍ നിന്നും പിന്നീട് സ്‌പെയിനില്‍ നിന്നും നാട് കടത്തപ്പെട്ട അദ്ദേഹം 1917 തുടക്കത്തോടെ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു.
അപ്പോള്‍ നിഷ്പക്ഷമായിരുന്ന അമേരിക്കയില്‍ വെച്ചാണ് അദ്ദേഹം നേരത്തേ പറഞ്ഞ 'മിതവാദി' വിപ്ലവത്തിന് ആശീര്‍വാദം നേര്‍ന്നത്. പക്ഷേ, അദ്ദേഹത്തെയും ലെനിനേയും സംബന്ധിച്ചിടത്തോളം ഈ വിപ്ലവം പൂര്‍ത്തിയാവണമെങ്കില്‍ താല്‍ക്കാലിക ഗവണ്‍മെന്റ് നിലം പൊത്തണമായിരുന്നു. മുതലാളിത്തവിരുദ്ധ കമ്യൂണിസ്റ്റ് നേതാക്കള്‍ ഈ ഗവണ്മെന്റിനെ ബ്രിട്ടന്റെ കൈയിലെ പാവ സര്‍ക്കാര്‍ ആയിട്ടാണ് കരുതിപ്പോന്നത്.
അങ്ങനെയാണ് ട്രോട്‌സ്‌കി നടക്കാനിരിക്കുന്ന സംഭവ വികാസങ്ങളില്‍ തനിക്ക് നേതൃപരമായ പങ്ക് വഹിക്കാന്‍ ഉണ്ടെന്ന ബോധ്യത്തോടെ റഷ്യയിലേക്ക് മടങ്ങുന്നത്. ബ്രിട്ടീഷ് സര്‍ക്കാരും അവരുടെ പിണിയാളുകളും ലെനിനും ട്രോട്‌സ്‌കിയും റഷ്യയില്‍ കാലു കുത്താതിരിക്കാന്‍ പല ശ്രമങ്ങളും നടത്തി. ആദ്യ വിപ്ലവത്തിന്റെ സമയത്ത് ബോള്‍ഷെവിക്ക് പാര്‍ട്ടി എന്നത് 30000 ല്‍ താഴെ മാത്രം അംഗ സംഖ്യ ഉള്ള ഒരു ആള്‍ക്കൂട്ടം മാത്രമായിരുന്നു. ലെനിനെ പോലെയുള്ള പല നേതാക്കളും ജയിലിലോ നാട് കടത്തപ്പെട്ട അവസ്ഥയിലോ ആയിരുന്നു. ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ ഈ നാഥനില്ലാ പാര്‍ട്ടിയെ വലിയ ഭീഷണിയായി കണ്ടതുമില്ല.
മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ലെനിനും ട്രോട്‌സ്‌കിയും റഷ്യയിലേക്ക് മടങ്ങുന്നത് തടയാന്‍ ബ്രിട്ടന് കഴിഞ്ഞില്ലെങ്കിലും മുതലാളിത്ത വിരുദ്ധ കമ്യൂണിസ്റ്റുകള്‍ വിജയിക്കുമായിരുന്നില്ല, റഷ്യയെ യുദ്ധമുന്നണിയില്‍ തന്നെ നിര്‍ത്താന്‍ സയണിസവും ബ്രിട്ടനും കിണഞ്ഞു ശ്രമിച്ചില്ലായിരുന്നെങ്കില്‍. അത്രക്കധികം യുദ്ധക്കെടുതിയില്‍ മനം മടുത്തിരുന്നു റഷ്യന്‍ ജനതക്ക്. ഇത് പക്ഷെ ബോള്‍ഷെവിക് പാര്‍ട്ടിക്ക് പൊതുജന സമ്മതി നേടി കൊടുക്കുന്നതില്‍ നിര്‍ണായക ഘടകം ആവുകയും ചെയ്തു.
ബ്രിട്ടനും സയണിസവും അതിന്റെ സ്വാധീനം താല്‍ക്കാലിക ഗവണ്‍മെന്റില്‍ നടപ്പില്‍വരുത്തിയത് പ്രതിരോധ മന്ത്രി അലക്‌സാണ്ടര്‍ കേരേന്‍സ്‌കിയിലൂടെയാണ്. കമ്യൂണിസ്റ്റുകളെ പൊതുവിലും ബോള്‍ഷെവിക് പാര്‍ട്ടിക്കാരെ പ്രത്യേകിച്ചും ലക്ഷ്യംവെച്ച് ഇദ്ദേഹം വിപ്ലവത്തിന് വിലങ്ങുതടിയാവാന്‍ ശ്രമിച്ചു. ലെനിന്‍ അറസ്റ്റില്‍ ആവാതെ ഫിന്‍ലന്റിലേക്ക് രക്ഷപ്പെട്ടു. ട്രോട്‌സ്‌കി ജയിലിലടക്കപ്പെട്ടു. അതിനുശേഷം കേരേന്‍സ്‌കി പ്രധാനമന്ത്രി ആവുകയും ബ്രിട്ടന്റെ ഇംഗിതം പോലെ വലതുപക്ഷ ചേരിയില്‍ ചുവടുറപ്പിക്കുകയും ചെയ്തു.
ലെനിന്റെ സ്വേഛാധിപത്യ മനോഭാവം കൊണ്ട് ബോള്‍ഷെവിക് പാര്‍ട്ടിയില്‍നിന്ന് വിട്ടുനിന്നിരുന്ന ട്രോട്‌സ്‌കി ജയിലില്‍ വെച്ച് വീണ്ടും ആ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് പോയി. ജയിലില്‍നിന്ന് മോചിതനായ അദ്ദേഹം ലെനിന്റെ അഭാവത്തില്‍ അധികാരത്തിലേക്ക് അടുക്കുകയായിരുന്ന ബോള്‍ഷെവിക് പാര്‍ട്ടിയുടെ അമരക്കാരന്‍ ആയി.
തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ ബ്രിട്ടന്‍ മുന്‍ ഗവണ്മെന്റിലെ ആളുകളുമായി ഗൂഢാലോചന നടത്തുന്നുണ്ടെന്ന കേരേന്‍സ്‌കിയുടെ ഭയമാണ് ട്രോട്‌സ്‌കിയുടെ മോചനത്തില്‍ കലാശിച്ചത്. ട്രോട്‌സ്‌കിയെ മോചിതനാക്കുകയും ബോള്‍ഷെവിക് പാര്‍ട്ടിയുടെ മേലുള്ള നിയന്ത്രങ്ങളില്‍ അയവുവരുത്തുകയും ചെയ്തതിലൂടെ കേരേന്‍സ്‌കി തന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ഒരു ഞാണിന്‍മേല്‍ കളി നടത്തുകയായിരുന്നു. അപ്പോഴേക്കും ബോള്‍ഷെവിക് പാര്‍ട്ടി ഒഴികെ വേറെ ഒരു പാര്‍ട്ടിയെയും വിശ്വസിക്കാതിരിക്കാന്‍ പാകത്തില്‍ കലങ്ങി മറിഞ്ഞു കിടക്കുകയായിരുന്നു റഷ്യന്‍ രാഷ്ട്രീയം.
ഏറക്കുറെ അപ്രതീക്ഷിതമായിരുന്നു രണ്ടാമത്തെ വിപ്ലവത്തിന്റെ അന്ത്യം. ഒക്ടോബര്‍ 25ന്റെ അപരാഹ്നത്തില്‍ തന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു പ്രഭാഷണത്തിലൂടെ ട്രോട്‌സ്‌കി താല്‍ക്കാലിക ഗവണ്മെന്റിന്റെ അന്ത്യം കുറിച്ചു എന്നറിയിച്ചുകൊണ്ട് പില്‍ക്കാലത്ത് സോവിയറ്റ് യൂനിയന്‍ എന്നറിയപ്പെട്ട റഷ്യയുടെ ആദ്യ നേതാവായി ലെനിനെ പ്രഖ്യാപിച്ചു.
ലെനിന്റെയും ബോള്‍ഷെവിക് പാര്‍ട്ടിയുടെയും അധികാര ആരോഹണം റഷ്യയുടെ ഒന്നാം ലോക യുദ്ധ പങ്കാളിത്തം മുറിച്ചു കളഞ്ഞു എന്ന് മാത്രമല്ല ബോള്‍ഷെവിക് വിജയം ബ്രിട്ടനു വലിയ ആഘാതമായി ഭവിക്കുകയും ചെയ്തു.
അമേരിക്കയടക്കമുള്ള ബ്രിട്ടന്റെ സഖ്യകക്ഷികള്‍ റഷ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്തുവാന്‍ മാത്രം ചകിതരായി മാറിയിരുന്നു. സയണിസ്റ്റ് ഏജന്റുമാരുടെ ഗൂഢാലോചനയുടെ അനന്തര ഫലമായി പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്താല്‍ പ്രശ്‌ന കലുഷിതമായ റഷ്യയില്‍ ബ്രിട്ടനും സഖ്യകക്ഷികള്‍ക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ റഷ്യക്കാരുടെ(വൈറ്റ്‌സ്) പക്ഷത്തു സഖ്യകക്ഷികളും ലെനിനെതിരെ ഉള്ള ചേരിയില്‍ നിലയുറപ്പിച്ചു. വൈറ്റ്‌സ് പഴയ റഷ്യന്‍ സൈനിക ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആയിരുന്നു. ആഭ്യന്തര യുദ്ധം പക്ഷേ ലെനിന്‍ പക്ഷത്തിന്റെ വിജയത്തിലാണ് കലാശിച്ചത്. അതില്‍ എടുത്തുപറയേണ്ടത് ട്രോട്‌സ്‌കി വഹിച്ച പങ്കും.
ട്രോട്‌സ്‌കിയും ലെനിന്റെ പിന്‍ഗാമി സ്റ്റാലിനും തമ്മിലുള്ള പ്രത്യയശാസ്ത്ര അന്തരം വളരെ വലുതായിരുന്നു. ലോകത്താകമാനം സോഷ്യലിസവും കമ്യൂണിസവും പടര്‍ത്തണം എന്നായിരുന്നു സ്റ്റാലിന്‍ വാദിച്ചിരുന്നത്. റഷ്യയെ ലോക വിപ്ലവങ്ങളുടെ കമ്യൂണിസ്റ്റ് ആധാരശില ആക്കണം എന്ന് ട്രോട്‌സ്‌കിയും വാദിച്ചു. ഈയൊരു വാദമായിരുന്നു തുടക്കം മുതല്‍ ട്രോട്‌സ്‌കി ഉന്നയിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് ബ്രിട്ടന്‍ ലെനിനേക്കാള്‍ ട്രോട്‌സ്‌കിയെ ഭയപ്പെട്ടിരുന്നതും. ഒന്നാമത്തെ വിപ്ലവാനന്തരം ബാല്‍ഫോര്‍ പ്രഖ്യാപനത്തിന് മുമ്പ് ഇനിയൊരു വിപ്ലവം ഉണ്ടാവുകയാണെങ്കില്‍ അത് ട്രോട്‌സ്‌കിയുടെ ചിന്തകള്‍ക്ക് പഴുത് കൊടുക്കുമെങ്കില്‍ പിന്നീടങ്ങോട്ട് കമ്യൂണിസ്റ്റ് റഷ്യയായിരിക്കും ലോക വിപ്ലവങ്ങളുടെ അമരത്ത് വിരാജിക്കുക എന്നും അത് മുതലാളിത്ത വിരുദ്ധ ശക്തികള്‍ക്ക് ഊര്‍ജമാവുമെന്നും എല്ലാറ്റിലും ഉപരി തങ്ങളുടെ കോളനി വാഴ്ചക്ക് വിഘാതമാവുമെന്നും ബ്രിട്ടന്‍ ആശങ്ക പൂണ്ടു.
ന്യൂമാന്റെ പരാമര്‍ശം പോലെ റഷ്യയിലെ സയണിസ്റ്റുകള്‍ക്ക് അവരുടെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന വിധത്തില്‍ ബ്രിട്ടന്റെ ട്രോട്‌സ്‌കി ഭയവും അദ്ദേഹത്തിന്റെ സ്വാധീനത്തെ കുറിച്ചുള്ള ആധിയും നാള്‍ക്കുനാള്‍ പെരുത്തു കൊണ്ടിരുന്നു.
ഇല്ലസ്‌ട്രേറ്റഡ് സണ്ടേ ഹെറാള്‍ഡില്‍ 1920 ഫെബ്രുവരി 8 നു അന്നത്തെ യുദ്ധകാര്യ സെക്രട്ടറി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ 'സയണിസവും ബോള്‍ഷെവിസവും തമ്മില്‍' എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതി. ഇതില്‍ ചര്‍ച്ചില്‍ തന്റെ വായനക്കാര്‍ക്ക് വളരെ വ്യക്തമായ ഭാഷയില്‍ ട്രോട്‌സ്‌കിയെ പറ്റിയും അദ്ദേഹത്തിന്റെ 'ജൂത ആധിപത്യത്തില്‍ നില കൊള്ളുന്ന ഒരു ലോകവ്യാപക കമ്യൂണിസ്റ്റ് സ്‌റ്റേറ്റിനെ' കുറിച്ചും വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്. ഏത് വിധത്തിലാണ് സയണിസ്റ്റുകളെ പൊതുവിലും ഡോ. വീസ്മാനെ പ്രത്യേകിച്ചും ട്രോട്‌സ്‌കി ലക്ഷ്യംവെച്ചിരിക്കുന്നതെന്നും ചര്‍ച്ചില്‍ വിശദീകരിക്കുന്നു. ട്രോട്‌സ്‌കിയുടെ പദ്ധതികള്‍ ദോഷകരമായി ബാധിക്കുക സയണിസ്റ്റുകളെ ആണെന്നും അവര്‍ക്ക് മാത്രമേ ഇത് ചെറുക്കാന്‍ കഴിയു എന്നും ചര്‍ച്ചില്‍ പറഞ്ഞുവെക്കുന്നു. സയണിസ്റ്റുകളും ബോള്‍ഷെവിക് ജൂതന്മാരും തമ്മിലുള്ള ഇപ്പോഴത്തെ പോരാട്ടം വലിയ ഒരളവു വരെ ജൂത മനസ്സാക്ഷിക്ക് വേണ്ടിയുള്ളതാണ്.
അങ്ങനെയാണ് വീസ്മാനും അയാളുടെ സയണിസ്റ്റ് സംഘടനയും റഷ്യയില്‍ വിപ്ലവവിരുദ്ധ സംഘമായി ബ്രിട്ടന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത കാട്ടുന്നത്. ചര്‍ച്ചിലിന്റെ വിവരണം റഷ്യയിലെ സയണിസ്റ്റ് തന്ത്രങ്ങളെ പറ്റി ചില സന്ദേഹങ്ങള്‍ ഉയര്‍ത്താം. റഷ്യന്‍ ജൂതരായ ബോള്‍ഷെവിക്കുകാരെ വിപ്ലവത്തിന്റെ പാതയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന ധാരണയിലാണോ ഇങ്ങനെ ഒരു സയണിസ്റ്റ് കൂട്ടായ്മ ഉണ്ടാവുന്നത്? അതോ കമ്യൂണിസ്റ്റ് റഷ്യ എന്ന സങ്കല്‍പ്പം തകര്‍ക്കാന്‍ വേണ്ടി മാത്രമാണോ വീസ്മാനും സംഘവും ജൂതര്‍ക്കെതിരെ ജൂതര്‍ എന്ന ആശയവുമായി മുന്നോട്ട് വന്നത്?.
ഇതിന്റെ ഉത്തരം എന്തു തന്നെയായാലും ബ്രിട്ടന് അനുകൂലമായി റഷ്യയിലെ സംഭവവികാസങ്ങള്‍ തിരിച്ചു വിടാന്‍ സയണിസ്റ്റുകള്‍ക്ക് കഴിയണമെങ്കില്‍ റഷ്യയിലെ ജൂതരെ സ്വാധീനിക്കാന്‍ മാത്രം എന്തെങ്കിലും ഒരു പിടിവള്ളി സയണിസ്റ്റുകള്‍ക്ക് ഉണ്ടാവണം. സയണിസം അവര്‍ക്ക് ഫലസ്തീനില്‍ നല്ലൊരു ഭാവി വാഗ്ദാനം ചെയ്തു കൊണ്ടാണിത് നടപ്പാക്കിയത്. റഷ്യയില്‍ വിപ്ലവം വിജയം കണ്ടാല്‍ ജൂതര്‍ക്ക് ട്രോട്‌സ്‌കി വാഗ്ദാനം ചെയ്തതിനുമപ്പുറം പ്രതിപത്തി ഈ ഒരു സ്വപ്നത്തോടായിരിക്കും എന്നത് സ്വാഭാവികം മാത്രം. പക്ഷേ, ഇതിന് ഉദ്ദേശിച്ച ഫലം കാണണമെങ്കില്‍ കേവല വാഗ്ദാനം മാത്രം മതിയാവുമായിരുന്നില്ല. റഷ്യയിലെ ജൂതര്‍ ഇതിനെ ഗൗരവത്തില്‍ എടുക്കാന്‍ മാത്രം സയണിസ്റ്റുകളുടെ ഫലസ്തീന്‍ സ്വപ്നങ്ങള്‍ക്ക് ബ്രിട്ടന്‍ തുറന്ന സഹായം പ്രഖ്യാപിച്ചെങ്കില്‍ മാത്രമേ ഇത് സാധിക്കുമായിരുന്നുള്ളൂ.
അങ്ങനെ ബ്രിട്ടന്‍ സയണിസത്തെയും സയണിസം റഷ്യന്‍ ജൂതരെയും സമര്‍ഥമായി വഞ്ചിച്ചു. ഇരു കൂട്ടരുടെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം ലാക്കാക്കിയുള്ള ഒരു നടപടി. റഷ്യയില്‍ കമ്യൂണിസം ആണ് വിജയിക്കാന്‍ പോവുന്നതെങ്കില്‍ സയണിസത്തോടും ബ്രിട്ടനോടും സമരസപ്പെട്ടു മുന്നോട്ട് പോയിരുന്ന അവിടത്തെ ജൂതര്‍ കൊടുക്കേണ്ടി വരുന്ന വിലയെന്തായിരിക്കുമെന്നോ അതിന്റെ പ്രത്യാഘാതങ്ങള്‍ എത്ര മാത്രം ആയിരിക്കുമെന്നോ എന്നൊന്നും വീസ്മാനും സയണിസ്റ്റ് നേതൃത്വവും ചിന്തിച്ചിരുന്നില്ല. റഷ്യയില്‍ കമ്യൂണിസം വിജയക്കൊടി പാറിച്ചാല്‍ കമ്യൂണിസ്റ്റ് വിരുദ്ധവും വിപ്ലവ വിരുദ്ധവും ആയ നിലപാട് സ്വീകരിച്ച ജൂതരെ അനഭിമതരായി കാണാനും അതിനു തക്ക മറുപടി കൊടുക്കാനും സോവിയറ്റ് ഭരണകൂടം തയാറാവുമെന്നത് സുനിശ്ചിതമാണ്. സയണിസം റഷ്യന്‍ വിപ്ലവത്തില്‍ സ്വീകരിച്ച നിലപാട് അറിയാവുന്നവര്‍ക്കൊക്കെ സോവിയറ്റ് രാജ്യത്ത് അവിടത്തെ ജൂതരുടെ ഭാവി എന്തായിരുന്നു എന്ന് എളുപ്പം അനുമാനിക്കാന്‍ കഴിയും. ജൂതര്‍ തെരഞ്ഞെടുത്തത് സയണിസ്റ്റ് വിരുദ്ധ നിലപാടായിരുന്നെങ്കില്‍ സോവിയറ്റ് റഷ്യയിലെ അവരുടെ വിധി മറ്റൊന്നാവുമായിരുന്നു.
പക്ഷേ, ചിലപ്പോള്‍ റഷ്യയിലായിരിക്കില്ല സയണിസ്റ്റുകള്‍ ബ്രിട്ടന് ഏറ്റവും അധികം സഹായം ചെയ്തിട്ടുണ്ടാവുക. അമേരിക്കയിലെ ജൂതരുടെ സഹായത്തോടുകൂടി ആ രാജ്യത്തെ ലോക യുദ്ധത്തിലേക്ക് അടുപ്പിക്കുവാന്‍ അവിടത്തെ ജൂതരെ പ്രേരിപ്പിച്ചതിന് സയണിസ്റ്റുകള്‍ക്ക് നല്‍കിയ 'പാരിതോഷികമാണ്' ബാല്‍ഫോര്‍ പ്രഖ്യാപനം എന്ന് കരുതുന്നവരുമുണ്ട്. ബാല്‍ഫോര്‍ പ്രഖ്യാപനത്തിലേക്ക് ബ്രിട്ടനെ കൊണ്ടെത്തിച്ചതില്‍ മറ്റൊരു സുപ്രധാന ഘടകമായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നട്ടെല്ലെന്നു കരുതപ്പെടുന്ന സൂയസ് കനാലിന്റെ സംരക്ഷണം.
സയണിസവും ബ്രിട്ടനും തമ്മില്‍ ഒത്തുചേര്‍ന്ന് അവരവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചെയ്തതൊക്കെ കേവലം രഹസ്യ മാര്‍ഗങ്ങളിലൂടെ മാത്രമായിരുന്നില്ല. 'ട്രയല്‍ ആന്‍ഡ് എറര്‍' എന്ന തന്റെ പുസ്തകത്തില്‍ വീസ്മാന്‍ ഇത്തരുണത്തില്‍ നടത്തപ്പെട്ട ഒരു പൊതു പ്രഖ്യാപനത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
'ഫലസ്തീനില്‍ ബ്രിട്ടീഷ് സ്വാധീനം ഉണ്ടാവണമെന്നും അവിടത്തെ ജൂതകുടിയേറ്റത്തെ ബ്രിട്ടന്‍ പ്രോത്സാഹിപ്പിക്കണം എന്നും ധാരണയുണ്ടായി. അവര്‍ അവിടെ 30 വര്‍ഷങ്ങള്‍ കൊണ്ട് ഒരുദശലക്ഷം ആളുകളെയെങ്കിലും അധിവസിപ്പിക്കണം. അവിടെ സൂയസ് കനാലിന്റെ സംരക്ഷണമെന്ന അര്‍ത്ഥത്തില്‍ ജൂതര്‍ ഒരു രാഷ്ട്രം തന്നെ കെട്ടിപ്പടുക്കണം എന്നും നാം ആഗ്രഹിക്കുന്നു.'
ബ്രിട്ടന് അവരുടെതായ യുക്തി തദ്വിഷയകമായിട്ടുണ്ടായിരുന്നു. ഈജിപ്ത് സ്വാതന്ത്ര്യത്തിലേക്ക് അടുക്കുന്ന ആ വേളയില്‍, അറബ് ദേശീയത എന്ന വികാരം കത്തിനില്‍ക്കുമ്പോള്‍ കനാല്‍ സംരക്ഷണത്തിനായി ഏറ്റവും പെട്ടെന്ന് ആശ്രയിക്കാവുന്ന ഒരു ഉപാധിയായിട്ടാണ് ബ്രിട്ടന്‍ സയണിസത്തെ കണ്ടത്. ഭാവിയില്‍ എന്ത് തര്‍ക്കമുണ്ടായാലും അറബ് രാഷ്ട്രങ്ങള്‍ ആദ്യം മുന്നില്‍ വെക്കുന്ന അജണ്ട സൂയസ് കനാല്‍ അടച്ചുപൂട്ടുക എന്നതാവുമെന്ന് ബ്രിട്ടന്‍ സംശയിച്ചു. ഒരു സയണിസ്റ്റ് താവളം ഉണ്ടാവുക എന്നത് എന്തുകൊണ്ടും ഉചിതമാണെന്ന് ബ്രിട്ടന്‍ കരുതിയതിന്റെ ഫലം കൂടിയാണ് ബാല്‍ഫോര്‍ പ്രഖ്യാപനം. ഉപകാര സ്മരണയെന്നോണം കനാല്‍ സംരക്ഷണത്തിനായി സയണിസം കച്ചകെട്ടി ഇറങ്ങേണ്ടതായി വരികയും ചെയ്യും.
1917 കാലഘട്ടത്തില്‍ ബ്രിട്ടന്റെ അധികാര ഇടനാഴിയില്‍ മറ്റൊരു പ്രധാന ചര്‍ച്ചാവിഷയം പുകയുന്നുണ്ടായിരുന്നു. ജൂത താല്‍പര്യങ്ങളെയും സയണിസ്റ്റ് പദ്ധതികളെയും തലോടി പ്പോകാന്‍ പാകത്തില്‍ ജര്‍മനിയുടെ പക്കല്‍ ബാല്‍ഫോര്‍ പ്രഖ്യപാനത്തിനു സമാനമായ ഒരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇത് സ്വാഭാവികമായും ബ്രിട്ടനെ അലട്ടിയ ഒരു വിഷയമായി മാറി. ജര്‍മനി സയണിസവുമായി സന്ധിയിലാവുന്നത് ബ്രിട്ടനെ സംബന്ധിച്ച് ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു. അതല്ല, ഇത് ബ്രിട്ടീഷ് അധികാരികളെ വരുതിയിലാക്കാന്‍ സയണിസ്റ്റുകള്‍ പടച്ചുവിട്ട നുണക്കഥകള്‍ ആണോ എന്നും സംശയിക്കാം.
ബാല്‍ഫോര്‍ പ്രഖ്യാപനം നടത്താന്‍ മാത്രം ശക്തമായിരുന്നോ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സെമിറ്റിക്ക് വിരുദ്ധത എന്നതാണ് ഏറ്റവും കുഴക്കുന്ന ചോദ്യം. ബ്രിട്ടന്‍ കളിച്ച സയണിസ്റ്റ് കാര്‍ഡ് ഈ സെമിറ്റിക്ക് വിരുദ്ധതയുമായി എത്രമാത്രം കെട്ടുപിണഞ്ഞു കിടക്കുന്നു?
ബാല്‍ഫോര്‍ പ്രഖ്യാപനത്തില്‍ എന്ത് വിലകൊടുത്തും ഫലസ്തീനികളുടെ അവകാശസംരക്ഷണത്തിനായി വകുപ്പുകള്‍ ഉണ്ടാവണമെന്ന് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യന്‍ സ്‌റ്റേറ്റ് സെക്രട്ടറിയും അക്കൂട്ടത്തിലെ സയണിസ്റ്റ് വിരുദ്ധനും ആയ മൊണ്ടേഗു ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഈ ഒരു ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നു മാത്രമല്ല ഇദ്ദേഹത്തിന്റെ ഈ റിപ്പോര്‍ട്ട് അര നൂറ്റാണ്ടിനു ശേഷമാണ് പുറം ലോകം കാണുന്നതു തന്നെ.
എഡ്വിന്‍ സാമുവെല്‍ മൊണ്ടേഗു ലണ്ടനിലെ ഒരു ജൂത ബ്രിട്ടീഷ് കുടുംബത്തിലാണ് ജനിച്ചത്. 1906ല്‍ അദ്ദേഹം ലിബറല്‍ പാര്‍ട്ടി ടിക്കറ്റില്‍ പര്‍ലമെന്റ് അംഗമായി അന്നത്തെ പ്രധാനമന്ത്രിയുടെ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു. ബ്രിട്ടീഷ് അധികാര ശ്രേണിയിലെ പല വകുപ്പുകളും കൈകാര്യംചെയ്ത അദ്ദേഹം 1917 ല്‍ ബ്രിട്ടന്‍ സയണിസത്തെ പ്രീതിപ്പെടുത്താന്‍ ബാല്‍ഫോര്‍ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ബ്രിട്ടീഷ് ഇന്ത്യയിലെ സെക്രട്ടറി ആയിരുന്നു.
മൊണ്ടേഗു സയണിസ്റ്റുകളെ ഒരു വംശീയ വിഭാഗമായും ഫലസ്തീനികളെ ഭരിക്കാന്‍ അര്‍ഹതയുള്ളവരായും ചിത്രീകരിച്ചിരുന്ന, തന്റെതന്നെ സഹപ്രവര്‍ത്തകരുടെ ചെയ്തികളെ നിശിതമായി വിമര്‍ശിച്ചിരുന്ന ആളായിരുന്നു. സയണിസത്തിന്റെ ഫലസ്ത്വീന്‍ പദ്ധതിയിലൂടെ അതു വരെ പാശ്ചാത്യ നാടുകളില്‍ ഒരു സംഘടിത മതം എന്ന നിലയില്‍ തുല്യ അവകാശങ്ങളും സല്‍പ്പേരും നേടിയെടുത്ത ജൂതരുടെ വിശ്വാസ്യതക്ക് വിള്ളല്‍ ഏല്‍ക്കുമെന്ന് മൊണ്ടേഗു ഭയപ്പെട്ടു. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ സ്വതേ സെമിറ്റിക്ക് വിരുദ്ധരായ ബ്രിട്ടീഷുകാര്‍ ഫലസ്തീന്‍ ഉണ്ടാവുന്നതോട് കൂടി ബ്രിട്ടനില്‍ നിന്ന് ജൂതരെ പുറത്താക്കുമോ എന്നതായിരുന്നു ഇദ്ദേഹത്തെ അലട്ടിയ ആശങ്ക.
തന്റെയീ ആധി മൊണ്ടേഗു ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. 'ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ സെമിറ്റിക് വിരോധം' എന്ന തലക്കെട്ടില്‍ മൊണ്ടേഗു എഴുതിയ മെമ്മോറാണ്ടത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: എന്റെയീ മെമോറാണ്ടത്തിന് ഇങ്ങനെ ഒരു തലക്കെട്ട് കൊടുത്തത് യാതൊരു വിധ ദേഷ്യബുദ്ധിയിലുമല്ല. നമ്മുടെ ഗവണ്‍മെന്റ് സെമിറ്റിക്ക് വിരുദ്ധമാണെന്ന് സമര്‍ഥിക്കാനുമല്ല. പക്ഷേ, സംപൂജ്യയായ നമ്മുടെ രാജ്ഞിയുടെ ഗവണ്‍മെന്റിന്റെ പല നയങ്ങളും സെമിറ്റിക് വിരോധം ഉള്ളവയായിട്ടാണ് ഫലത്തില്‍ കലാശിക്കുന്നത്. ഇത് ലോകത്താകമാനം സെമിറ്റിക്ക് വിരോധികളെ സൃഷ്ടിക്കുമെന്നതും എന്നെ ഏറെ വിഷമവൃത്തിയിലാക്കുന്നു.
രാഷ്ട്രീയ ചിന്തകളുടെ ആണിക്കല്ലായി രാജ്യ സ്‌നേഹത്തെ പ്രതിഷ്ഠിച്ചു എന്നതാണ് യുദ്ധം ചെയ്ത വലിയ കര്‍ത്തവ്യം. ഈയൊരു അന്തരീക്ഷത്തിലാണ് ഫലസ്തീനില്‍ പുതിയ ഒരു രാജ്യം എന്ന ആശയത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് പിന്തുണക്കുന്നത്. റഷ്യന്‍ ജൂതരും ബ്രിട്ടീഷ് ജൂതരും റോമന്‍ ജൂതരും ബള്‍ഗേറിയന്‍ ജൂതരുമടക്കം ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള ജൂതര്‍ അടങ്ങിയ ഒരു രാഷ്ട്രമായിരുന്നു ഇത്.
എന്നെ സംബന്ധിച്ചിടത്തോളം സയണിസം എന്നത് ദുരൂഹമായ, ബ്രിട്ടനിലെ ഒരു ദേശസ്‌നേഹിയായ വ്യക്തിക്കും മനസ്സിലാക്കാന്‍ കഴിയാത്ത രാഷ്ട്രീയ സംഹിതയാണ്. ഞാന്‍ മനസ്സിലാക്കുന്നത് റഷ്യയില്‍ വലിയ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയാതെവന്ന ജൂതരാണ് പിന്നീട് ഈ സംഹിതയുടെ ആളുകള്‍ ആയതെന്നാണ്. പക്ഷേ, ഇതേ റഷ്യന്‍ ജൂതര്‍ തന്നെ അവര്‍ക്ക് ഒന്നും നിഷേധിക്കപ്പെട്ടിട്ടില്ല എന്ന് പറയുമ്പോള്‍ സയണിസം ബ്രിട്ടീഷ് ഗവണ്‍മെന്റ് ഔദ്യോഗികമായി അംഗീകരിക്കണം എന്ന് പറയുന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഫലസ്തീനിനെ ജൂതരുടെ ദേശീയ ഭൂമിയായി പുനര്‍നിര്‍മിക്കണം എന്ന ബാല്‍ഫോറിന്റെ ആവശ്യവും അസ്ഥാനത്തായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിന്റെ വിരോധാഭാസം എത്രത്തോളം ആണെന്ന് വെച്ചാല്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലീഷുകാര്‍ ഉള്ളത് പോലെയും ഫ്രാന്‍സില്‍ ഫ്രഞ്ചുകാര്‍ ഉള്ളത് പോലെയും ഫലസ്തീനില്‍ ഇപ്പോഴുള്ള ക്രിസ്ത്യാനികളും മുസ്‌ലിംകളും ആവില്ല എന്ന് മാത്രമല്ല അവര്‍ അവിടെ വൈദേശികരെ പോലെ കഴിയേണ്ടി വരും എന്നുള്ളതാണ്.
ഒരു ജൂത രാഷ്ട്രം ഇല്ല എന്നുള്ളത് ഞാന്‍ ഒന്നു കൂടി വ്യക്തമായി പറയുന്നു. ഒരു ഇംഗ്ലീഷ് ജൂതനും മൂറിഷ് ജൂതനും ഒരേ രാജ്യക്കാര്‍ ആണ് എന്നും ഒരു ഇംഗ്ലീഷ് ക്രിസ്ത്യനും ഫ്രഞ്ച് ക്രിസ്ത്യനും ഒരേ രാജ്യക്കാര്‍ ആണ് എന്നും ഒരേ വംശാവലിയില്‍ പെട്ടവര്‍ ആണെന്നും നാം ഒരിക്കലും ശരി വെക്കുന്ന വസ്തുത അല്ലല്ലോ. ബ്രിട്ടീഷ് ജൂതര്‍ നയിച്ച ജീവിതവും അവര്‍ നമ്മുടെ പൊതുമണ്ഡലത്തില്‍ വഹിച്ച പങ്കും ബ്രിട്ടീഷ് ജൂതരായിട്ടല്ല ജൂത ബ്രിട്ടീഷുകാര്‍ ആയിട്ടാണ് അവരെ കാണേണ്ടത് എന്ന ബോധ്യത്തിലേക്ക് എന്നെ നയിക്കുന്നു. അതുകൊണ്ടുതന്നെ ഏത് സയണിസ്റ്റിനെയും അംഗീകരിക്കാന്‍ ഞാന്‍ തയാറല്ല എന്നു മാത്രമല്ല സയണിസ്റ്റ് സംഘടനയെ നിയമ വിരുദ്ധമായും രാജ്യ താല്‍പര്യങ്ങള്‍ക്ക് എതിരായും ഞാന്‍ കാണുന്നു.
ഫലസ്തീന്‍ ഇപ്പോള്‍ ജൂതരുമായിട്ടാണ് ബന്ധപ്പെട്ടു കിടക്കുന്നത് എന്ന വാദവും ഞാന്‍ അംഗീകരിക്കില്ല. ഫലസ്തീന്‍ ജൂത ചരിത്രത്തിലെ നിര്‍ണായക ഏടാണെന്ന് സമ്മതിച്ചാല്‍ തന്നെയും ആ രാജ്യത്തിന് മുഹമ്മദരുടെ ചരിത്രവുമായും ക്രിസ്തീയ ചരിത്രവുമായും ഉള്ള ബന്ധത്തെ ഒരിക്കലും നിരാകരിക്കാന്‍ കഴിയുകയുമില്ല. പക്ഷേ, ഈ രാജ്യത്തെ ഒറ്റ മതവുമായി മാത്രം ബന്ധിപ്പിക്കുന്നവര്‍ ഒന്നുകില്‍ ചരിത്രത്തെ വളരെ ഇടുങ്ങിയ കണ്ണുകളോടെ മാത്രം നോക്കുന്നവരാണ്. ഇതിലൂടെ ഫലസ്തീന്‍ ചരിത്രത്തിന്റെ ഒരു സവിശേഷ ഘട്ടം മാത്രം നോക്കി ജൂതര്‍ക്ക് അവര്‍ അര്‍ഹിക്കാത്ത പ്രാധാന്യം ആ നാട്ടില്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കുകയും ചെയ്യുന്നുണ്ടവര്‍.
മൊണ്ടേഗു മെമോറാണ്ടം എഴുതുന്ന സമയത്ത് ഫലസ്തീനില്‍ ഉണ്ടായിരുന്ന ജൂതരെയാണ് യഥാര്‍ഥ നിര്‍വചനത്തില്‍ 'ഫലസ്തീനിലെ ജൂതര്‍' എന്ന് വിശേഷിപ്പിക്കാവുന്നത്. ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെ രണ്ട് മാസം മുമ്പ് ആണ് ഈ മെമ്മോറാണ്ടം എഴുതിയത് എന്നത് കൂടി ചേര്‍ത്തു വായിക്കണം. തന്റെ സഹപ്രവര്‍ത്തകരോട് അപ്പോള്‍ ഫലസ്തീനുള്ള ജൂതരുടെ അവകാശ സംരക്ഷണത്തെ മാത്രം പരിഗണിച്ചാല്‍ മതി എന്ന് ആവശ്യപ്പെടുന്നതിലൂടെ സയണിസത്തിന് ഇഷ്ട വിളയാട്ടം നടത്താതിരിക്കാന്‍ ഇടം കൊടുക്കാതിരിക്കുകയും സെമിറ്റിക് വിരോധം ഒരു പരിധി വരെ തടഞ്ഞുവെക്കുകയുമായിരുന്നു മൊണ്ടേഗു ലക്ഷ്യം വെച്ചത്.
ഇത്രയും പറഞ്ഞതില്‍നിന്ന് രണ്ട് കാര്യങ്ങള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഉറപ്പിക്കാം. ഒന്ന്: ചര്‍ച്ചില്‍ പറഞ്ഞതു പോലെ ബ്രിട്ടന്‍ സയണിസത്തിന് ബാല്‍ഫോര്‍ പ്രഖ്യാപനം നല്‍കിയത് ബ്രിട്ടന്റെ കൂടി താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. അതു മൂലം അറബികള്‍ക്കോ ജൂതന്മാര്‍ക്കൊ ലോകത്തിനു തന്നെയും സംഭവിക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അവര്‍ ചിന്തിച്ചിട്ടേ ഇല്ല.
രണ്ട്: സയണിസ്റ്റുകളാണ് ഏറ്റവും അധികം യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്തവര്‍. വീമാന്‍ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിച്ചത് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പുസ്തകം എഴുതിയ പോള്‍ ഗുഡ്മാന്‍ തന്നെയാണ്.
ഇത് ശ്രദ്ധേയമായ പല ചോദ്യങ്ങളിലേക്കും ഉള്ള ചൂണ്ടു പലകയാണ്.
സത്യത്തില്‍ ബ്രിട്ടണ്‍ സയണിസ്റ്റുകളുമായി നടത്തിയ ഒരു ഗൂഢാലോചനയാണോ ഇത്? ഫലസ്തീനികളോട് ക്രൂരമായ നീതികേട് കാട്ടി ഒരു രാഷ്ട്രം ഉണ്ടാക്കുവാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിച്ചതാണോ അതോ ജൂതര്‍ക്ക് ഒരു അഭയ കേന്ദ്രം എന്ന നിലയില്‍ മാത്രമാണോ അവര്‍ ഫലസ്തീന്‍ വിഷയത്തില്‍ ജൂതര്‍ക്കൊപ്പം കക്ഷി ചേര്‍ന്നത്?
ബാല്‍ഫോര്‍ പാരീസ് സമാധാന സമ്മേളനത്തിനായി തയാറാക്കിയ മെമ്മോറാണ്ടത്തില്‍ പറയുന്ന വാക്കുക്കള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു: 'ഫലസ്തീന്‍ വിഷയത്തില്‍ ആ നാട്ടില്‍ ജീവിക്കുന്നവരുടെ അഭിപ്രായം ആരായുക എന്ന സാമാന്യ മര്യാദ പോലും നാം നിര്‍വഹിച്ചിട്ടില്ല. നാല് വന്‍ശക്തികളുടെ കൂറ് സയണിസത്തോട് മാത്രമാണ്. സയണിസം ഭാവിയുടെ പ്രതീക്ഷയാണ്. ആ പുരാതന ഭൂമിയില്‍ അധിവസിക്കുന്ന ഏഴു ലക്ഷം അറബികളുടെ ജീവിതത്തേക്കാള്‍ നാം അതിനു വില മതിക്കുന്നു.
ആധുനിക ഭാഷയില്‍ ഇതിനെ മൊഴി മാറ്റിയാല്‍ അതിങ്ങനെ വായിക്കാം: 'മധ്യ പൗരസ്ത്യ ദേശത്ത് നാം അറബികളെയല്ല സയണിസ്റ്റുകളെയാണ് ബ്രിട്ടീഷ് താല്‍പര്യ സംരക്ഷകരായി കാണുന്നത്. അങ്ങനെവരുമ്പോള്‍, സയണിസ്റ്റുകളുടെ ആവശ്യങ്ങള്‍ക്കൊപ്പം നാം നിലയുറപ്പിക്കുക എന്നത് സ്വാഭാവികത മാത്രമാണ്. നമുക്ക് ഒരിക്കലും പരസ്യമായി പറയാന്‍ കഴിയില്ലെങ്കിലും നാം അത് നിഷേധിക്കുമെങ്കിലും നമ്മളെല്ലാം ഒരു ജൂത രാഷ്ട്രം എന്ന ആശയത്തിന് ഒപ്പമാണ്. ഫലസ്തീനികളെ ഇതില്‍ തിരുകി ക്കയറ്റാവുന്നതേയുള്ളൂ.'
വിവ: കെ.ഇ. മുഹമ്മദ്‌

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top