മലയാളത്തിലെ ഹജ്ജെഴുത്തിന്റെ വായനകള്‍

എ.പി കുഞ്ഞാമു‌‌
img

അവന്‍ നാട്ടിലുള്ള മാവുകളിലൊക്കെ വലിഞ്ഞുകയറും. അവയുടെ ഉച്ചിയിലെ ചില്ലക്കൊമ്പുകളില്‍ പിടിച്ച് ഇലപ്പടര്‍പ്പുകളുടെ മീതേകൂടി അനന്തമായ ലോക വിശാലതയില്‍ നോക്കുക അവന് ഒരു രസമാണ്. ചക്രവാളത്തിന്റെ അപ്പുറത്തുള്ള ലോകങ്ങള്‍ കാണാന്‍ അവനു കൊതിയാണ്. ഭാവനയില്‍ മുഴുകി അവന്‍ വൃക്ഷത്തിന്റെ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍ അടിയില്‍ നിന്ന് സുഹ്‌റാ വിളിച്ചു ചോദിക്കു:
മക്കം കാണാവോ ചെറ്ക്കാ?
മജീദ് അതിനുത്തരമായി ഉയരെ മേഘങ്ങളോട് പറ്റിച്ചേര്‍ന്നു പറക്കുന്ന പരുന്തുകളുടെ പാട്ട് എന്ന് വിശ്വസിക്കുന്ന വരികള്‍ സ്വരമാധുര്യത്തോടെ ഉരുവിടും:
മക്കം കാണാം, മദീനത്തേ പള്ളി കാണാം!
(ബാല്യകാല സഖി, ബശീര്‍)

വൈക്കം മുഹമ്മദ് ബശീറിന്റെ കഥാപാത്രങ്ങളായ മജീദും സുഹ്‌റയും 'മക്കവും മദീനവും' കാണാന്‍ കൊതിക്കുന്നതുപോലെ തന്നെയാണ് ലോകത്തുടനീളം മുസ്‌ലിം മനസ്സ്, സാമാന്യമായി ഇസ്‌ലാമിന്റെ ജന്മഗേഹമായ അറേബ്യയില്‍ കാലുകുത്താന്‍ ഉത്കടമായി അഭിലഷിക്കുന്നത്. മക്കയും മദീനയും കാണുകയും അവിടെ നടക്കുന്ന ആരാധനകളിലും മതാനുഷ്ഠാനങ്ങളിലും ഭാഗഭാക്കാവുകയും ചെയ്യുക എന്നത് ഇസ്‌ലാം മതവിശ്വാസികളുടെ ജന്മ സാഫല്യമാണ്. മക്കയെയും മദീനയെയും കുറിച്ചുള്ള ഓര്‍മ അവരെ ഭാവനലോലരാക്കുന്നു. ഭക്തി കാല്‍പനികഭാവമായിട്ടാണ് അന്നേരം വിശ്വാസികളില്‍ നിറയുന്നത്. 'ഹറമിന്റെ വശത്തുനിന്നടിക്കുന്ന കുളിര്‍ കാറ്റും', 'കതിര്‍കത്തും റസൂലിന്റെ തിരുറൗളയും' പാട്ടിന്റെ വരികളില്‍ തെളിയുന്നത് ഭക്തിസാന്ദ്രമായ മനസ്സുകളില്‍ മുളപൊട്ടുന്ന കാവ്യ പ്രചോദനത്തിന്റെ തെളിവുകളാണ്. ഹജ്ജ് തീര്‍ഥാടനം നിര്‍വഹിക്കുക, പ്രവാചകന്‍ ജനിക്കുകയും മതപ്രബോധനം നടത്തുകയും ജീവിക്കുകയും അന്ത്യവിശ്രമം കൊള്ളുകയും ചെയ്ത മണ്ണില്‍ കുറച്ചു നാളുകള്‍ കഴിച്ചുകൂട്ടുക എന്നൊക്കെ ആഗ്രഹിക്കാത്ത മുസ്‌ലിം ഇല്ല. ചില പ്രത്യേക മാനദണ്ഡങ്ങളുടെ പരിധിക്കുള്ളില്‍ വര്‍ത്തിക്കുന്നവര്‍ മാത്രമേ ഹജ്ജിന് പോകേണ്ടതുള്ളൂ- സാധാരണ മാപ്പിളയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'തടിയാലും മുതലാലും വഴിയാലും കഴിവുള്ളവര്‍'. അതായത് ആരോഗ്യവും സമ്പത്തും സൗകര്യവുമുള്ളവര്‍. എന്നാല്‍, ഇതൊന്നുമില്ലാത്ത മുസ്ലിംകളും ഹജ്ജ് ജീവിതാഭിലാഷമായിക്കൊണ്ടു നടക്കുന്നു. മജീദും സുഹ്‌റയും 'മക്കയും മദീന'യും കാണാന്‍ കൊതിക്കുന്നത് ലോകത്തെങ്ങുമുള്ള മുസ്‌ലിമിന്റെ സ്വകാര്യ മോഹത്തിന്റെ പ്രതീക സൂചനയാണെന്ന് സാരം.
ഈ മോഹം ഉള്ളിലുള്ളതുകൊണ്ടാണ് ഹജ്ജിനെപ്പറ്റി പറയാനും കേള്‍ക്കാനുമുള്ള താല്‍പര്യം ഒരു 'മുസ്‌ലിം സ്വഭാവമാ'യി നിലനില്‍ക്കുന്നത്. മലയാളം സംസാരിക്കുന്ന മുസ്‌ലിംകളിലും ഈ സ്വഭാവമുണ്ട്. ഹജ്ജെഴുത്ത് മലയാളത്തില്‍ ഏറെക്കുറെ പ്രബലമായത് ഈ പശ്ചാത്തലത്തിലാണ്. ഹജ്ജ് എന്ന അനുഷ്ഠാനത്തിന്റെ പ്രായോഗിക രൂപങ്ങളും അത് നിര്‍വഹിക്കുമ്പോള്‍ ഉരുവിടേണ്ട പ്രാര്‍ഥനകളും വിശദമായി വിവരിക്കുന്ന കൈപ്പുസ്തകങ്ങള്‍ മലയാളത്തില്‍ ധാരാളമുണ്ട് (ട്രാവല്‍ ഏജന്‍സികള്‍ പോലും ഇത്തരം പുസ്തകങ്ങള്‍ വ്യാപകമായി വിതരണം ചെയ്യുന്നു). ഹജ്ജ് യാത്രാ വിവരണങ്ങളും ധാരാളം. യു.എ ഖാദര്‍, സി.എച്ച് മുഹമ്മദ് കോയ, ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ തൊട്ട് ചരിത്രത്തില്‍ അത്രയൊന്നും തെളിഞ്ഞ നിറത്തില്‍ സ്വന്തം സ്ഥാനം രേഖപ്പെടുത്തിയിട്ടില്ലാത്ത സാധാരണക്കാര്‍ വരെ തങ്ങളുടെ ഹജ്ജ് യാത്രാനുഭവങ്ങള്‍ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് എന്ന ആത്മീയാനുഭവം ആവിഷ്‌കരിക്കാനുള്ള മുസ്‌ലിം മനസ്സിന്റെ വ്യഗ്രത ഇതില്‍നിന്ന് വ്യക്തമാണ്. അമ്പതുകളില്‍ തന്നെ മലയാളത്തില്‍ ഹജ്ജ് യാത്രാ വിവരണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. വയനാട് സ്വദേശി പള്ളിയാല്‍ മൊയ്തു ഹാജി എഴുതിയ ഒരു പുസ്തകം പി.കെ ബ്രദേഴ്‌സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നാണറിവ്. അമ്പതുകളുടെ പാതിയില്‍ ടി. അബ്ദുല്‍ അസീസ് എഴുതിയ ഹജ്ജ് യാത്രയാണ് ഈ വിഷയത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ ലക്ഷണമൊത്ത കൃതി എന്നു തോന്നുന്നു. നീലാമ്പ്ര മരക്കാര്‍ ഹാജി, എന്‍.എ.എം പെരിങ്ങത്തൂര്‍, വി.എസ്.എ കരീം, പ്രഫ. കെ.എ റഹ്മാന്‍ തുടങ്ങിയ നിരവധി ആളുകള്‍ ഹജ്ജ് യാത്രാനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്. അവയില്‍ പലതും മികച്ചയാത്രാ വിവരണങ്ങളാണ്. ചിലതെല്ലാം ഹജ്ജിന്റെ ആത്മീയ തലങ്ങളെക്കുറിച്ച് സവിശേഷമായി അന്വേഷണം നടത്തുന്ന രചനകളുമാണ്.
ഹജ്ജ് യാത്രയെക്കുറിച്ച് പദ്യരൂപത്തിലും മലയാളത്തില്‍ കൃതികളുണ്ടായിട്ടുണ്ട്. പി.ടി ബീരാന്‍ കുട്ടി മൗലവിയുടെ പ്രശസ്തമായ കൃതിയാണ് ഹജ്ജ് യാത്ര. മുസ്‌ലിംലീഗിന്റെ ആദ്യകാല മുന്‍നിര പ്രവര്‍ത്തകരിലൊരാളായിരുന്നു 'ലീഗെന്നും നശിക്കില്ല, ലേശം പിന്‍വലിക്കില്ല, നേശത്തിന്‍ പച്ചക്കൊടിയേ' എന്നും മറ്റുമുള്ള ഗാനങ്ങളിലൂടെ മലബാറിലെ മുസ്‌ലിം ലീഗുകാര്‍ക്കിടയില്‍ ആവേശത്തിന്റെ അലകള്‍ സൃഷ്ടിച്ച മാപ്പിളപ്പാട്ടു കവിയായ ബീരാന്‍ കുട്ടി മൗലവി തന്റെ ഹജ്ജ് തീര്‍ഥാടനാനുഭവങ്ങള്‍ പാട്ടിലൂടെ പങ്കുവെച്ചു. കെ.ടി മാനു മുസ്‌ലിയാര്‍, കെ.വി.എം പന്താവൂര്‍ എന്നിവരും ഹജ്ജ് യാത്ര പദ്യരൂപത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പല ജീവിതാനുഭവങ്ങളുടെയും കൂട്ടത്തില്‍ യാത്രയും പാട്ടുരൂപത്തില്‍ ആവിഷ്‌കരിക്കുക എന്ന മാപ്പിളപ്പാട്ടു പാരമ്പര്യത്തിന്റെ ഭാഗമായിട്ടായിരിക്കണം ഇത്തരം കൃതികള്‍ രചിക്കപ്പെട്ടത്.
സി.എച്ച് മുഹമ്മദ് കോയയുടെ 'എന്റെ ഹജ്ജ് യാത്ര' ഏറെ വായിക്കപ്പെട്ട പുസ്തകമാണ്. സി.എച്ചിന്റെ ആദ്യ ഗ്രന്ഥമാണ് എന്റെ ഹജ്ജ് യാത്ര. അതിന്റെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ച് മൂന്നാഴ്ചകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നു (അടുത്ത കാലത്ത് ഒലീവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ പതിപ്പും അതിവേഗം വിറ്റുതീരുകയുണ്ടായി). സി.എച്ച് എന്ന എഴുത്തുകാരന് ഏറ്റവും ഉചിതമായ രചനാ മാധ്യമം യാത്രാ വിവരണമാണെന്ന് തെളിയിക്കുന്ന കൃതിയാണിത്. തീര്‍ഥയാത്രയുടെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍, അത് പ്രസന്ന മധുരവും നര്‍മനോഹരവുമാകണമെന്നില്ല. മാത്രമല്ല, മതാത്മകമായ കാഴ്ചപ്പാടുകള്‍ യാത്രാ സ്മരണകളിലേക്ക് കടന്നുവന്ന് അവയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു കൂടെന്നുമില്ല. എന്നിട്ടും യാത്രയെ യാത്രയായിത്തന്നെ അവതരിപ്പിക്കാന്‍ 'എന്റെ ഹജ്ജ് യാത്ര'യില്‍ ഗ്രന്ഥകാരന് സാധിക്കുന്നുണ്ട്. 'ഞാന്‍ പോയി, ഞാന്‍ കണ്ടു, ഞാന്‍ എഴുതി' എന്ന് ഏതാണ്ട് ഒരു കുറ്റസമ്മതത്തിന്റെ സ്വരത്തില്‍ സി.എച്ച് ആമുഖമായി പ്രതിപാദിക്കുന്നു. യഥാര്‍ഥത്തില്‍ അത് അദ്ദേഹത്തിന്റെ രചനകളുടെ പരിമിതികളല്ല വെളിപ്പെടുത്തുന്നത്. ഈ അനിഛാപൂര്‍വകത (spontaniety) നേരു പറഞ്ഞാല്‍ കൃതിയുടെ മേന്മയായി വര്‍ത്തിക്കുകയാണ് ഹജ്ജ് യാത്രയെ അതിന്റെ വികാരം ഒട്ടും ചോരാതെയാണ് സി.എച്ച് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ചരിത്രമുറങ്ങിക്കിടക്കുന്ന അനുഷ്ഠാനങ്ങളിലേര്‍പ്പെടുമ്പോഴും ബദ്ര്‍ ശുഹദാക്കള്‍ വീണു മരിച്ച രണാങ്കണത്തിലെത്തുമ്പോഴുമെല്ലാം ഗ്രന്ഥകാരന്‍ വികാരപരവശനാവുന്നു. 'ഹൃദയമിടിപ്പുകള്‍ പകര്‍ത്താന്‍ അയ്യോ, എന്റെ തൂലിക നീങ്ങുനിന്നില്ലല്ലോ' എന്നാണദ്ദേഹം വിലപിക്കുന്നത്. ഈ രചനാരീതി അതിവൈകാരികതയായി മുദ്രകുത്തപ്പെടാം. എന്നാല്‍, സി.എച്ചിനെപ്പോലെ കാല്‍പനിക മനസ്സുള്ള ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചേടത്തോളം ആത്മാവിഷ്‌കാരം അങ്ങനെയേ സാധിക്കുയുള്ളൂ. വാചാലത 'എന്റെ ഹജ്ജ് യാത്ര'യില്‍ പലേടത്തും പ്രകടമാണ്. ഹജ്ജിനെ അതിന്റെ സാമൂഹിക പ്രസക്തിയുടെ പശ്ചാത്തലത്തില്‍ കാണാനാണ് സി.എച്ചിന് ഇഷ്ടം. കേവലമായ ആരാധന എന്നതിലപ്പുറം അതിനെ ഒരു അന്താരാഷ്ട്ര സമ്മേളനം എന്ന് അദ്ദേഹം വിളിക്കുന്നു. അതോടെ സി.എച്ചിലെ രാഷ്ട്രീയ ചിന്തകന്‍ ഉണരുകയായി. 'ആറ്റം ബോംബിട്ട് മനുഷ്യനെ കരിച്ചുകൊന്നതിനു ശേഷം കൂടുതല്‍ മാരകായുധങ്ങള്‍ ഉണ്ടാക്കുന്നതിനായി വിശ്രമം ലഭിക്കുന്നതിനു വേണ്ടി വിളിച്ചു കൂട്ടിയ സമാധാന സമ്മേളനമല്ല അത്; കറുത്തവനെ തീണ്ടാപ്പാടകലം നിര്‍ത്തി സാഹോദര്യം പ്രസംഗിക്കുന്ന സമ്മേളനവുമല്ല' എന്നെല്ലാം വാചാലനാവുന്നത് കാണാം. എഴുത്തുകാരനും പ്രഭാഷകനും തമ്മില്‍ നടത്തുന്ന ഒളിച്ചുകളിയാണ് പലപ്പോഴും സംഭവിക്കുന്നത്. ഒടുവില്‍ എഴുത്തുകാരന്‍ തന്നെ വിജയിക്കുന്നു. താന്‍ കാണുന്ന കാഴ്ചകളുടെ വാങ്മയ ചിത്രങ്ങള്‍ ഹൃദ്യമായി വിവരിച്ചുകൊണ്ടാണ് സി.എച്ചിലെ എഴുത്തുകാരന്‍ മേല്‍ക്കൈ സ്ഥാപിക്കുന്നത്. നര്‍മം തുള്ളിത്തെറിക്കുന്ന ഭാഷയില്‍ അദ്ദേഹം യാത്രാനുഭവങ്ങള്‍ വിവരിക്കുന്നു. കപ്പല്‍ യാത്രയില്‍ മലബാറില്‍ നിന്നുള്ള ഇത്താത്തമാര്‍ നടത്തുന്ന പ്രകടനങ്ങള്‍ വിവരിക്കുന്നേടത്തും ഹിന്ദുസ്ഥാനിക്കാരായ സ്ത്രീകള്‍ 'ഇടങ്ങഴിയും നാഴിയും ഉഴക്കും' പോലെയുള്ള കുഞ്ഞുങ്ങളെയും കൊണ്ടാണ് യാത്ര ചെയ്യുന്നതെങ്കിലും തൊട്ടിയുമായി വന്നു വെള്ളം പിടിച്ചു കുളിമുറിയില്‍ പോയി കുളിക്കുകയും വീണ്ടും വെള്ളമെടുത്ത് ആണുങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യുന്ന കാര്യം പറയുമ്പോഴും സി.എച്ചിലെ തമാശക്കാരന്‍ ഉണര്‍ന്നെഴുന്നേല്‍ക്കും. മലയാളികളായ ചില 'ധീരവനിതകള്‍' ആണുങ്ങള്‍ വെള്ളം പിടിച്ചു കുളിമുറിയില്‍ വെച്ചു കൊടുത്താല്‍ കുളിക്കാന്‍ സമ്മതിച്ചാലായി എന്നാണ് സി.എച്ചിന്റെ കമന്റ്. ഇത്തരം നിര്‍ദോഷമായ കളിയാക്കലുകള്‍ ആത്മീയതയുടെ അന്തരീക്ഷത്തിലും പുട്ടിനു തേങ്ങയിടുന്നതുപോലെ വരുന്നു. അറേബ്യയിലെ ആടുകള്‍ ചുന്നാമക്കി എന്ന വിരേചനൗഷധ സസ്യം തിന്നുന്നതിനാല്‍ ആട്ടിറച്ചി കൂട്ടിയാല്‍ വയറിളകുമെന്നു പേടിക്കുന്ന മലയാളിയെയും കഞ്ഞി സര്‍വരോഗകുലാന്തകമാണെന്ന നമ്മുടെ വിശ്വാസത്തെയുമെല്ലാം സി.എച്ച് കണക്കിനു കളിയാക്കുന്നുണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താവും മതഭക്തനുമായ സി.എച്ച് മുഹമ്മദ് കോയയെയാണ് പുസ്തകത്തില്‍ സാമാന്യേന കാണാനുള്ളത്. എന്നാല്‍, പ്രസ്തുത ഭാവതലത്തിന്റെ അടിസ്ഥാന ശ്രുതിയായി അദ്ദേഹത്തിന്റെ സാഹിത്യ രചനാ കൗശലം വര്‍ത്തിക്കുന്നു. എസ്.കെ പൊറ്റക്കാട്ടിലെ സഞ്ചാര സാഹിത്യകാരനെ അനുസ്മരിപ്പിക്കുന്ന നിരീക്ഷണങ്ങളാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെയാവണം 'ഞാന്‍ പോയി, ഞാന്‍ കണ്ടു, ഞാന്‍ എഴുതി' എന്ന നിഷ്‌കളങ്കമായ ആമുഖ വചനം, വായനക്കാരനുമായി സംവദിക്കുന്നത് ഈ തുറന്ന മനസ്സാണ്. ഹജ്ജ് എന്ന ആത്മീയാനുഭവത്തെ മാറ്റി നിര്‍ത്തിയാല്‍ പോലും ഒരു യാത്രാ വിവരണ ഗ്രന്ഥം എന്ന നിലയില്‍ 'എന്റെ ഹജ്ജ് യാത്ര' വായിച്ചുപോകാം ഇസ്‌ലാമിന്റെ സാഹോദര്യ ബോധത്തിലും അതിന്റെ മൂലസ്രോതസ്സായ സമത്വദര്‍ശനത്തിലുമാണ് സി.എച്ചിന്റെ ഹജ്ജെഴുത്ത് ഊന്നുന്നത്; നര്‍മത്തിന്റെ മധുരം അതിന്റെ ആന്തരികബലം കുറക്കുന്നില്ല.
ടി. അബ്ദുല്‍ അസീസിന്റെ ഹജ്ജ് യാത്ര ഹജ്ജ് എന്ന ആരാധനയെയും ഹജ്ജിന്റെ പശ്ചാത്തലമായി നിലകൊള്ളുന്ന മക്കയിലെയും മദീനയിലെയും ജീവിതാവസ്ഥകളെയും ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ടു വളര്‍ന്നുവന്നിട്ടുള്ള കച്ചവടത്തട്ടിപ്പുകളെയും മറ്റും ഒട്ടൊന്ന് വിമര്‍ശനാത്മകമായി സമീപിക്കുന്ന കൃതിയാണ്. ഇസ്‌ലാമിക ജീവിതചര്യകളെ യുക്തിയുടെയും ആധുനിക കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്താനുള്ള ശ്രമം 'ഹജ്ജ് യാത്ര'യിലുണ്ട്. കുറേക്കൂടി സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഗ്രന്ഥകാരന്റെ സാമൂഹിക വിമര്‍ശനത്തിന് ഹജ്ജ് അടിത്തറയായിത്തീരുകയാണെന്ന് പറയാം. ഈ പുസ്തകത്തിന് അവതാരിക എഴുതിയത് സി.എച്ച് മുഹമ്മദ് കോയയാണ്. 'ഹജ്ജിന്റെ ആത്മീയ വശത്തിലേക്ക് വെളിച്ചം വീശുന്ന മതപരമായ ഒരു ലേഖന പരമ്പരയോ ഒരു യാത്രാ വിവരണമോ, അല്ലെങ്കില്‍ അതെല്ലാം കൂടിയോ ആണിത്' എന്ന് അവതാരികയില്‍ അദ്ദേഹം പറയുന്നു. 'മി. അസീസ് യുക്തിക്കും ചിന്തക്കും ഒരു നീണ്ട കയറനുവദിക്കുന്നുണ്ടെങ്കിലും അതിന്റെ മറ്റേ അറ്റം മതത്തിന്റെ കുറ്റിയിന്മേല്‍ത്തന്നെ കെട്ടിയിട്ടുണ്ട്. പലപ്പോഴും ചിന്ത വേലിയിലോളം പോകുന്നുണ്ടെങ്കിലും കുറ്റി ഉറച്ചുനില്‍ക്കുന്നു' എന്നാണ് അവതാരികാകാരന്റെ നിരീക്ഷണം.
പക്ഷേ, എത്രത്തോളം? 1955 ജൂലൈ മാസത്തിലാണ് ടി. അബ്ദുല്‍ അസീസ് ഹജ്ജിന്നുപോകുന്നത്. 'തീര്‍ഥാടന വേളയില്‍ കണ്ടും കേട്ടും അനുഭവിച്ചും ഗ്രഹിച്ച അറിവുകള്‍' ആഴ്ചതോറും കത്തുകള്‍ വഴി അദ്ദേഹം നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നു. അത് അന്നത്തെ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ പി.എ മുഹമ്മദ് കോയ ലേഖന പരമ്പരയായി പ്രസിദ്ധീകരിക്കുകയാണുണ്ടായത്. തിരിച്ച് നാട്ടില്‍ വന്നിറങ്ങിയപ്പോഴാണ് ലേഖകന്‍ വിവരമറിയുന്നത്. പ്രസ്തുത ലേഖനങ്ങളാണ് ഹജ്ജ് യാത്രയെന്ന പുസ്തകമായി വൈകാതെ പ്രസിദ്ധീകരിക്കപ്പെട്ടത്. തന്റെ പുസ്തകത്തിന്റെ അവതാരികയില്‍ ടി. അബ്ദുല്‍ അസീസ് സഅദിയുടെ ഒരു വാചകം ഉദ്ധരിക്കുന്നു-' നിരീക്ഷണ സ്വഭാവമില്ലാത്ത സഞ്ചാരി ചിറകറ്റ പക്ഷിയെപ്പോലെയാണ്.' ഹജ്ജ് യാത്രയിലും ആ ചിറകുകള്‍ ഞാന്‍ വിടര്‍ത്തിപ്പിടിച്ചുപോയി എന്നും അതൊരു കുറ്റമാണെങ്കില്‍ ആ കുറ്റം ഇനിയുമിനിയും ഞാന്‍ ചെയ്യും എന്നും ചങ്കുറപ്പോടെ പറയാനും അദ്ദേഹം തയാര്‍.
മതപരിഷ്‌കരണവുമായി ബന്ധപ്പെട്ട തന്റെ ആശയങ്ങള്‍ ഹജ്ജിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യാനുള്ള ഉദ്യമമാണ് ടി. അബ്ദുല്‍അസീസ് നടത്തുന്നതെന്ന് വ്യക്തം കുറേയേറെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചോദ്യം ചെയ്തു കൂടാത്ത അനുസരണമാണ് മതമെന് വരുന്നത് മതത്തിനു തന്നെ ആപത്താണ് എന്ന് അദ്ദേഹം തുറന്നു പറയുന്നു. ഇസ്‌ലാം ഈ വിപത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും മതത്തിന്റെ പച്ചപ്പാടത്ത് സര്‍വത്ര അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കളകള്‍ തഴച്ചുവളരുവാന്‍ അതു ഹേതുവായി എന്നും ഹജ്ജിനെയും ആ കളകള്‍ കൈയേറിയിട്ടുണ്ടെന്നും അമ്പതുകളില്‍ തന്നെ അദ്ദേഹം എഴുതിയിരുന്നു. ടി. അബ്ദുല്‍ അസീസിന്റെ 'ഹജ്ജ് യാത്ര' അതിനാല്‍ ഒരു സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനം കൂടിയാണ്. കപ്പല്‍ വഴിയുള്ള ഹജ്ജ് യാത്രയില്‍ അക്കാലത്ത് സാധാരണക്കാരായ ഹാജിമാര്‍ ധാരാളം പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു. മുത്വവ്വിഫുമാര്‍ ഹാജിമാരെ ചൂഷണം ചെയ്യുന്നതും മസ്ജിദുല്‍ ഹറാമില്‍ പ്രാവുകള്‍ക്കു കൊടുക്കുന്ന ഗോതമ്പും അവിടെ കിടന്നു ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതും തവാഫ് വേളയില്‍ തവാഫ് മുല്ലമാര്‍ അപഹാസ്യമാംവിധം പ്രാര്‍ഥനകള്‍ കൂവിക്കൊടുക്കുന്നതും അഞ്ചും ആറും അട്ടിക്ക് അറുത്തിട്ട ആടുകളുടെ ശവങ്ങളില്‍ ചവിട്ടിച്ചവിട്ടിപ്പോയി ഹദ്‌യ് അറുത്തു തിരിച്ചുപോന്നതുമെല്ലാം വിവരിക്കുന്നേടത്ത് ഹജ്ജ് എന്ന ആരാധനയുടെ വിശുദ്ധ പരിവേഷത്തിനു നേരെയുള്ള വിമര്‍ശനാത്മകമായ നോട്ടങ്ങളാണുള്ളത്. മക്കയില്‍ നടക്കുന്ന മോഷണങ്ങളെപ്പറ്റി പറയുന്നേടത്തും വിശുദ്ധ ഭൂമിയെപ്പറ്റിയുള്ള പൊതുധാരണകളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഹജ്ജ് കൂടുതല്‍ സുഖകരവും സൗകര്യപ്രദവുമാക്കാനും മക്കയിലും മദീനയിലും കൂടുതല്‍ ശുചിത്വവും താമസസൗകര്യങ്ങളും സൃഷ്ടിക്കാനും ഗ്രന്ഥകാരന്‍ പലനിര്‍ദേശങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. അവയില്‍ പലതും ഇപ്പോള്‍ നടപ്പിലായിക്കഴിഞ്ഞു.
ഇസ്‌ലാംമത വിശ്വാസികളുടെ ചില അടിസ്ഥാന ധാരണകളുമായി ബന്ധപ്പെട്ട്‌കൊണ്ട്, ഹജ്ജ് എന്ന ആരാധനാ കര്‍മത്തിന്റെ പശ്ചാത്തലത്തില്‍ സന്ദേഹങ്ങള്‍ പ്രകടിപ്പിക്കുന്ന കൃതിയാണിത്. ഹാജറയുടെ ഉത്കണ്ഠാകുലമായ പ്രാര്‍ഥനയുടെ ഫലമായി ആകസ്മികമായി പൊട്ടിയുറഞ്ഞതു തന്നെയോ സംസം എന്നദ്ദേഹം സന്ദേഹിക്കുന്നു. 'സ്ത്രീയും ഹജ്ജും' എന്ന ഒരധ്യായം തന്നെയുണ്ട് ഈ കൃതിയില്‍. ഈ അധ്യായത്തില്‍ മുഖം മറക്കുന്ന പര്‍ദാ സമ്പ്രദായത്തെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുന്നു. ടി. അബ്ദുല്‍അസീസിന്റെ കൃതി ഏറ്റവും ശ്രദ്ധേയമാകുന്നത് ചരിത്ര സ്മാരകങ്ങളോടുള്ള സുഊദി ഭരണ കൂടത്തിന്റെ സമീപനങ്ങളെ വിമര്‍ശിക്കുന്നിടത്താണ്; ചരിത്ര സ്മാരകങ്ങള്‍ നാമാവശേഷമാക്കുന്ന വഹാബിസത്തെ അദ്ദേഹം തുറന്ന് എതിര്‍ക്കുന്നു. തികഞ്ഞ നിരീക്ഷണ പാടവം പുലര്‍ത്തുന്ന മൗലിക രചനയാണ് ഹജ്ജ് യാത്ര. നിങ്ങള്‍ ഹജ്ജിനു പോകുന്നോ എന്ന അവസാനത്തെ അധ്യായത്തില്‍ ഹജ്ജ് യാത്രക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ എന്തൊക്കെയായിരിക്കണം എന്നാണ് പ്രതിപാദിക്കുന്നത്. ഇന്നത്തെ നിലയില്‍ ചുരുങ്ങിയത് 'ആയിരത്തി അഞ്ഞൂറു ഉറുപ്പിക കൈവശമില്ലാതെ ആരും അതിനെപ്പറ്റി ചിന്തിക്കുകയേ വേണ്ടെന്ന്' എഴുതിയത് വായിക്കുമ്പോള്‍ ഇപ്പോള്‍ നാം ഊറിച്ചിരിച്ചുപോകും. കാലം പോയ പോക്ക് നോക്കണേ.
മലയാളത്തിലെ ഒട്ടുമുക്കാലും ഹജ്ജ് യാത്ര പുസ്തകങ്ങള്‍ കേവലമായ യാത്രാ വിവരണങ്ങളാണ്. ഇസ്‌ലാം മതവിശ്വാസികളാണ് ഹജ്ജ് കര്‍മം അനുഷ്ഠിക്കുന്നത് എന്നതിനാല്‍ പുണ്യഭൂമിയിലെ ഓരോ കാഴ്ചയും അവരെ പ്രചോദിപ്പിക്കുകയും ഭക്തിയുടെ നിറവുകളിലേക്ക് അവര്‍ യാത്രയാക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയിലും യാത്രയിലെ അനുഭവങ്ങള്‍ അവരുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നുണ്ട്. മിക്കവാറും ഹജ്ജ് യാത്രാ പുസ്തകങ്ങളെല്ലാം നിര്‍ദോഷകരമായ അനുഭവവിവരണങ്ങളാണ്. ഇക്കൂട്ടത്തില്‍ വളരെയധികം രസിച്ചു വായിക്കാവുന്ന പുസ്തകങ്ങളാണ് പ്രഫ. കെ.എ റഹ്മാന്റെ ധന്യതീര്‍ഥാടനവും നീലാമ്പ്രമരക്കാര്‍ ഹാജിയുടെ ഹജ്ജ് യാത്രയും. ഭാഷയുടെ ലാളിത്യവും സമീപനത്തിലെ ആത്മാര്‍ഥതയുമാണ് അവയെ വായിപ്പിക്കുന്ന രചനകളാക്കുന്നത്. അബ്ദു ചെറുവാടിയുടെ 'ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കള്‍' ആണ് എടുത്തുപറയാവുന്ന മറ്റൊരു കൃതി. യാത്രാ വിവരണത്തിന്റെ പതിവ് ശൈലിയില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന രചനയാണ് ഈ പുസ്തകത്തിന്റേത്. തീര്‍ഥാടകന്റെ വേഷത്തില്‍ മക്കയിലേയും മദീനയിലെയും ചരിത്ര ഭൂമികയില്‍ നില്‍ക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവിന്റെ മനസ്സ് ആ പ്രദേശങ്ങളുടെ പ്രാചീനതയിലേക്ക് തിരിച്ചു നടക്കുന്നു. പിന്നീട് സംഭവിക്കുന്നത് മനസ്സിന്റെ പ്രയാണമാണ്. ഈ പ്രയാണത്തില്‍ തന്റെ ബാല്യകൗമാരങ്ങളും സത്യാന്വേഷണങ്ങളും ഗൃഹാതുരതകളുമാണ് അയാള്‍ക്ക് കൂട്ട്. ബദര്‍ ഗ്രന്ഥകര്‍ത്താവില്‍ നിറയ്ക്കുന്നത് ചാണകം മെഴുകിയ ഉമ്മറമുറ്റത്ത് നിറച്ച നെല്‍ക്കറ്റകള്‍ക്കിടയില്‍ ഓലത്തടുക്കില്‍ വിരിച്ച പായയില്‍ മകരനിലാവും ഇളംകുളിരും കൂട്ടാക്കി ഉമ്മയും ബാപ്പയും ചൊല്ലിക്കൊടുത്ത മോയിന്‍കുട്ടിവൈദ്യരുടെ ബദ്ര്‍ കിസ്സപ്പാട്ടിന്റെ വരികളാണ്. ചെറുവാടിയുടെയും ചുള്ളിക്കാപറമ്പിന്റെയും സ്മൃതിചിത്രങ്ങള്‍ക്കിടയിലൂടെയാണ് പിന്നീട് അബ്ദുവിന്റെ യാത്ര. ഈ യാത്രയില്‍ ദൂരങ്ങളും സംസ്‌കാര വൈവിധ്യങ്ങളും ഇല്ലാതാവുകയും, അറേബ്യന്‍ മരുഭൂമിയും കേരളവും ഒരേ ബിന്ദുവില്‍ സന്ധിക്കുകയും ചെയ്യുന്നു. യാത്രാവിവരണങ്ങളുടെ ഏകതാനതയെ മറികടന്ന്, ആത്മഭാഷണങ്ങളുടെ വൈകാരിക തലങ്ങളിലേക്ക് ഉയരുന്ന ഓര്‍മക്കുറിപ്പുകളാണ് ഈ കൃതിയിലുടനീളം. വ്യത്യസ്തമായ യാത്രാനുഭവങ്ങളാണ് പുസ്തകം പ്രദാനം ചെയ്യുന്നത്. സ്വഫാമര്‍വാ കുന്നുകളെ സാമാന്യമായി നാം ബന്ധപ്പെടുത്താറുള്ളത് ഹാജറാ ബീവിയുടെ വ്യഥകളുമായാണല്ലോ. അബ്ദു ചെറുവാടി, പക്ഷേ സ്വഫയെ പ്രവാചക ജീവിതത്തോട് ചേര്‍ത്തുവെക്കുന്നു. നബി പരസ്യ പ്രബോധനം നടത്താന്‍ തെരഞ്ഞെടുത്ത സ്ഥലം, നബിയെ അബൂജഹല്‍ തെറിവിളിക്കുകയും അടിക്കുകയും ചെയ്ത സ്ഥലം, മക്കാവിജയ ദിവസം മുസ്‌ലിംകള്‍ ഒരുമിച്ചു ചേര്‍ന്ന സംഗമസ്ഥാനം എന്നീ നിലകളിലാണ് അദ്ദേഹം സ്വഫയെ അടയാളപ്പെടുത്തുന്നത്. ചരിത്ര സ്മാരകങ്ങള്‍ സൈന്‍ബോര്‍ഡുകള്‍ പോലുമില്ലാതെ തകര്‍ത്തതിന്റെ വ്യഥകളും ഈ കൃതിയിലുണ്ട്. വി.എസ്.എ കരീമിന്റെ അതുല്യ തീര്‍ഥാടനം, ടി.പി കുട്ടിയമ്മു സാഹിബിന്റെ 'ഹജ്ജ് യാത്രയിലെ സാമൂഹ്യചിന്തകള്‍' ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ഹജ്ജ് യാത്ര' എന്നിവ മതപരമായ കാഴ്ചവട്ടത്തിലൂടെ ഹജ്ജിനെ നോക്കിക്കാണുന്നവയാണ്. അവയില്‍ യാത്രയേക്കാള്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത് ഹജ്ജിന്റെ മതാത്മകതക്കും സാമൂഹിക ദര്‍ശനത്തിനുമാണ്. യു.എ ഖാദറിന്റേത് ഒരു കൊച്ചു കൃതിയാണ്. ഒരു സര്‍ഗാത്മക, എഴുത്തുകാരന്‍ ഹജ്ജിന്റെ സര്‍ഗാത്മകത തിരിച്ചറിയുന്നതിന്റെ സൂക്ഷ്മമായ രേഖാ ചിത്രമാണത്.
രണ്ട് സ്ത്രീപക്ഷ ഹജ്ജ് യാത്രാനുഭവങ്ങളുമുണ്ട് മലയാളത്തില്‍. എന്നാല്‍ ടി. അബ്ദുല്‍ അസീസിന്റെ പുസ്തകത്തിലെന്നതുപോലെ മുസ്‌ലിം സ്ത്രീ അനുഭവിക്കുന്ന വിവേചനങ്ങളെപ്പറ്റിയുള്ള പരിതാപങ്ങള്‍ അവയിലില്ല. അസ്‌റാ നുഅ്മാനിയുടെ Standing Alone in Mecca യില്‍ ഹജ്ജിന്റെ സ്ത്രീപക്ഷ വായനയുണ്ടല്ലോ. വി.എ സമീനയുടെ ഹജ്ജ് ഒരനുഭവസാക്ഷ്യവും കല്ലടി മുംതസ് ഹമീദിന്റെ ഒരു തീര്‍ഥാടകയുടെ നിനവുകളും വായിക്കുമ്പോള്‍ അത്തരം ആത്മഭാഷണങ്ങളൊന്നും കേള്‍ക്കാനാവുകയില്ല. 'സ്വന്തം ജീവിതത്തിന് പുതിയ വെളിച്ചം പകര്‍ന്നു കിട്ടിയ പുണ്യദിനസ്മരണകള്‍' അയവിറക്കുക മാത്രമാണ് പി.എ സമീന ചെയ്യുന്നത്. ഒരു സാധാരണ ഹജ്ജ് യാത്രക്കാരിയുടെ അനുഭവക്കുറിപ്പ് എന്ന അവകാശ വാദമേ കല്ലടി മുംതസ് ഹമീദിന്നുമുള്ളൂ. എന്നാല്‍ മുംതസ് ഹമീദിന്റെ നിരീക്ഷണങ്ങളില്‍ പലപ്പോഴും, സാധാരണ സ്ത്രീത്വത്തിന്റെ നിഷ്‌കളങ്കമായ വികാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് അവയെ കൗതുകകരമാക്കുന്നു. 'ഞങ്ങളുടെ മുഖമക്കന ഒട്ടും സുന്ദരമായിരുന്നില്ല, അതിന്റെ ഡിസൈനെക്കുറിച്ച് ഒട്ടും മതിപ്പുതോന്നിയില്ല' എന്ന് ഒരിടത്ത്. 'മുടി ബോബ് ചെയ്ത അതി സുന്ദരിയായ, നന്നായി മെയ്ക്കപ്പിട്ട എയര്‍ ഹോസ്റ്റസി'നെപ്പറ്റി വേറെയൊരിടത്ത്. കറുപ്പില്‍ വെള്ളക്കല്ല് പതിച്ച പര്‍ദയെപ്പറ്റിയും സുന്ദരമായ ചിത്രത്തുന്നലുള്ള വലിയ മക്കനയെപ്പറ്റിയുമൊക്കെ ഗ്രന്ഥകാരി വാചാലയാകുമ്പോള്‍, അവരുടെ നിരീക്ഷണപാടവവും സൗന്ദര്യബോധവും വ്യക്തമാവും. വളരെ രസകരമായി വായിച്ചു പോകാവുന്ന അനുഭവക്കുറിപ്പുകളാണ് ഒരു തീര്‍ഥാടകയുടെ നിനവുകള്‍. കെ.പി കുഞ്ഞിമൂസയുടെ ഒരു പത്ര പ്രവര്‍ത്തകന്റെ തീര്‍ഥാടന സ്മൃതികള്‍ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, ഏതു യാത്രയിലുമുണ്ടാകാവുന്ന തരത്തില്‍, കണ്ണും കാതും തുറന്നു പിടിച്ചു സഞ്ചരിക്കുമ്പോഴുള്ള കണ്ടെത്തലുകളാണ്. രസിച്ചു വായിക്കാവുന്ന പുസ്തകം. ഗ്രന്ഥകര്‍ത്താവ് ഉദ്ദേശിച്ചതു പോലെ ഹജ്ജ് യാത്രികര്‍ക്ക് അല്‍പമെങ്കിലും മുന്‍കരുതലും മനസ്സാന്നിധ്യവും പ്രദാനം ചെയ്യാനുതകുന്ന ഉന്മേഷദായകമായ കുറിപ്പുകള്‍. എന്ന് ഈ പുസ്തകത്തെപ്പറ്റി പറയാം.
മലയാളത്തിലെ ഹജ്ജെഴുത്ത് പക്ഷേ, പുഷ്‌ക്കലമാവുന്നത് ചില മൊഴിമാറ്റങ്ങളിലൂടെയാണ്. കലീം പരിഭാഷപ്പെടുത്തി ഐ.പി.എച്ച് പ്രസിദ്ധീകരിച്ച അലി ശീഅത്തിയുടെ 'ഹജ്ജ്' പ്രസ്തുത ആരാധനയുടെ ചൈതന്യം അനാവരണം ചെയ്യുന്ന ഏറ്റവും മികച്ച മലയാള പുസ്തകമാണ്. അലക്ഷ്യമായ ഒരു ചലനം എന്ന നിലയില്‍ നാം ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ ഹജ്ജ് എപ്രകാരം നിര്‍ണിത ലക്ഷ്യത്തോട് കൂടിയ ചാക്രിക ചലനമാക്കിത്തീര്‍ക്കുന്നു എന്ന്, ഹജ്ജിന്റെ ഓരോ അനുഷ്ഠാനത്തെയും വിശകലനം ചെയ്തുകൊണ്ട് സമര്‍ഥിക്കുന്ന രചനയാണ് ശരീഅത്തിയുടേത് വ്യക്തിഗതമായ ആരാധനാകര്‍മത്തെ സാമൂഹ്യതലത്തില്‍ പ്രതിഷ്ഠിക്കുകയാണ് ശരീഅത്തി ചെയ്യുന്നത് . അപ്പോഴും വ്യക്തിയുടെ ആത്മപ്രതിരോധത്തിലാണ് ഊന്നല്‍. ശരീഅത്തിയുടെ ഈ കൃതിയുടെ പിന്നുരയായി ചേര്‍ത്ത എം.കെ.എന്‍ പോറ്റി വിവര്‍ത്തനം ചെയ്ത നാസിര്‍ ഖുസ്രുവിന്റെ കവിത അവസാനിക്കുന്നത് ഹജ്ജിന്റെ ഓരോ അനുഷ്ഠാന വേളയിലും ശരിയായതോതില്‍ ആത്മസമര്‍പ്പണം നടത്തിയിട്ടില്ലാത്ത തീര്‍ഥാടകന്നു നല്‍കുന്ന ഉത്തരങ്ങളിലാണ്
അവനോട് ഞാന്‍ തീര്‍ത്തുരച്ചു നീ സത്യത്തില്‍
പരിശുദ്ധ ഹജ്ജ് ചെയ്തില്ലാ
അനുസരിച്ചില്ല നീ ദൈവത്തെ, മക്കയില്‍
വെറുതേ കറങ്ങിയേയുള്ളൂ,
മരുഭൂ പ്രയാസങ്ങളേറ്റു വാങ്ങാന്‍ പണം
വെറുതേ കളഞ്ഞതേയുള്ളൂ.
മൈക്കല്‍ വുള്‍ഫിന്റെ ഹാജിയുടെ മലയാള പരിഭാഷ(വിവ. ഔസാഫ് അഹ്‌സന്‍) ഹജ്ജനുഭവത്തിന്റെ ഏറ്റവും ഹൃദയഹാരിയായ ആഖ്യാനങ്ങളിലൊന്നാണ്. 'ഹജ്ജ് അധികം പേര്‍ക്കും പൂര്‍ണതയുടെ സാഫല്യമാണ്, എനിക്കോ തുടക്കവും' എന്നാണ് സ്വന്തം അനുഭവത്തെ മൈക്കല്‍ വുള്‍ഫ് വിശേഷിപ്പിക്കുന്നത്. ജീവിതം അവസാനിക്കുന്നത് സ്രഷ്ടാവിന്റെ സന്നിധിയില്‍ എത്തിച്ചേര്‍ന്നുകൊണ്ടാണ്. ഹജ്ജ് ആ എത്തിച്ചേരലിലേക്കുള്ള യാത്രയുടെ തുടക്കവും. ഹജ്ജ് കര്‍മം അനുഷ്ഠിക്കുന്നതോടെ മനുഷ്യന്‍ അന്നേരം പ്രസവിച്ച കൊച്ചുകുട്ടിയായിത്തീരുന്നു. നവജാത ശിശുവിന്റെ നിഷ്‌കളങ്കതയില്‍ അയാളുടെ ജീവിതം ആരംഭിക്കുകയാണ്. ഹജ്ജിന്റെ കാഴ്ചകളെയും അതിന്റെ മാസ്മരികതയെയും അതിമനോഹരമായി ചിത്രീകരിക്കുന്ന രചനയാണ് ഹാജി, മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയിലും (വിവ. എം.എന്‍ കാരശ്ശേരി) ഹജ്ജ് മരുഭൂമിയിലെ വിഭ്രാമജനകമായ അനുഭവമായി ബാക്കിനില്‍ക്കുന്നു. മാല്‍ക്കം എക്‌സിന്റെ ആത്മകഥയില്‍ (രചന: അലക്‌സ് ഹാലി) ഹജ്ജിനെപ്പറ്റി ഒരധ്യായമുണ്ട്. എലിജാ മുഹമ്മദിന്റെ അനുയായി ആയിരുന്ന മാല്‍ക്കം മുഖ്യധാരാ ഇസ്‌ലാമിലേക്ക് കടന്നുവരുന്നത് ഹജ്ജ് തീര്‍ഥാടനത്തിനു ശേഷമാണ്. തുടര്‍ന്ന് അദ്ദേഹം 'അല്‍ഹാജ് മാലിക് അശ്ശഹ്ബാസ്' ആയിമാറി. ഇസ്‌ലാമിന്റെ സാഹോദര്യ സങ്കല്‍പം മാല്‍ക്കം എക്‌സ് പൂര്‍ണമായി ഉള്‍ക്കൊണ്ടത് ഹജ്ജ് തീര്‍ഥാടന വേളയിലാണ്. മാല്‍ക്കം എക്‌സിന്റെ ആത്മകഥയില്‍ ഈ അനുഭവ പശ്ചാത്തലം യുക്തിഭദ്രതയോടെ സവിശദം പ്രതിപാദിക്കുന്നു. സിയാവുദ്ദീന്‍ സര്‍ദാറിന്റെ സ്വര്‍ഗം തേടി നിരാശയോടെ (വിവ. കെ.സി സലീം) എന്ന പുസ്തകത്തില്‍ ഹജ്ജുമായി ബന്ധപ്പെട്ട് സുഊദി അറേബ്യയിലെ ഒരു ഔദ്യോഗിക ഗവേഷണ സംരംഭത്തിന്റെ തലവനെന്ന നിലയിലുണ്ടായ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പ്രായോഗികമായ എല്ലാ ആവിഷ്‌കാര രൂപങ്ങളിലും വച്ച് ഭാവനയെ ഏറ്റവും ശക്തമായി പിടിച്ചെടുക്കുന്നത് ഹജ്ജാണ് എന്ന് സര്‍ദാര്‍ അവകാശപ്പെടുന്നു. മുസ്‌ലിംകള്‍ തങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ ശേഷിപ്പുകളും ഹജ്ജിനുവേണ്ടി ഉപയോഗിച്ചേക്കാം. ഹജ്ജ് അധ്വാനമാണ്. സാര്‍ഥകമായ അസ്തിത്വത്തിന്റെ എല്ലാ മാനങ്ങളുടെയും സാന്ദ്രീകൃതാവസ്ഥ. പവിത്രത, ചരിത്രം, ആത്മീയാനുഭവം- ഇവ കൂടിച്ചേരുമ്പോള്‍ മക്ക ഭൂമിശാസ്ത്രപരമായ അസ്തിത്വം എന്നതിനപ്പുറത്തേക്ക് സഞ്ചരിച്ച് ഗാഢമായ അനുഭവമായിമാറുന്നു. ഈ അനുഭവം ഹജ്ജിന്ന് നല്‍കുന്ന ഡൈനാമിക്‌സിനെപ്പറ്റിയാണ് സര്‍ദാര്‍ സംസാരിക്കുന്നത്. എന്നാല്‍, പിന്നീട് ആധുനിക സാങ്കേതിക വിദ്യയുടെ ഔദാര്യങ്ങള്‍ ഹജ്ജിന്റെ ആത്മാവ് ചോര്‍ത്തിക്കളഞ്ഞതിനെച്ചൊല്ലി അദ്ദേഹം വിലപിക്കുകയും ചെയ്യുന്നു. ഹജ്ജ് കേവലം ഭൗതികമായ അനുഷ്ഠാന പ്രക്രിയയായി മാറുന്നു എന്നതിലാണ് അദ്ദേഹത്തിന് പരാതി. മുറാദ് ഹോഫ്മാന്റെ ഹജ്ജിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് (തീര്‍ഥാടകന്റെ കനവുകള്‍)
അമീര്‍ അഹ്മദ് അലവിയുടെ ഹജ്ജ് യാത്രയുടെ പുണ്യപാതയില്‍(വിവ. പി.വി യാസിര്‍) എന്ന കൃതി യാത്രാ സൗകര്യങ്ങള്‍ തീരെ ഇല്ലാതിരുന്ന കാലത്ത് ഒരു ഇന്ത്യന്‍ ഉന്നതോദ്യോഗസ്ഥന്‍ നടത്തിയ ഹജ്ജ് യാത്രയുടെ അനുഭവക്കുറിപ്പുകളാണ്. സ്വന്തക്കാരെ ഹജ്ജിന്റെ വിശേഷങ്ങള്‍ അറിയിക്കാനാണ് അഹ്മദ് അലവി ഈ കുറിപ്പുകളെഴുതിയത്. യാതനകളുടെയും സഹനങ്ങളുടെയും ഈ അനുഭവവിവരണം ഹജ്ജിന്റെ ചൈതന്യത്തെക്കുറിച്ച് വായനക്കാരില്‍ തീവ്രമായ വൈകാരികാനുഭൂതികള്‍ സൃഷ്ടിക്കും. ശ്രദ്ധേയമായ ഹജ്ജെഴുത്താണ് ഇതും.  അഹ്മദ് അലവിയുടെ കൃതിയില്‍ വഹാബിസത്തിന്റെ വിമര്‍ശനങ്ങളും ധാരാളം. നജ്ദികള്‍, ഇസ്‌ലാമിക ചരിത്ര സ്മൃതികള്‍ തുടിച്ചുനില്‍ക്കുന്ന സ്മാരകങ്ങള്‍ ഇടിച്ചു പൊളിച്ചു നാമാവശേഷമാക്കിയതിനെച്ചൊല്ലി അദ്ദേഹം പരിതപിക്കുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തോടുള്ള എതിര്‍പ്പും അദ്ദേഹത്തിന്റെ വാക്കുകളില്‍ ദര്‍ശിക്കാം. നമുക്ക് പരിചിതമായ ഇപ്പോഴത്തെ അറേബ്യന്‍ സമ്പന്നതയുടെ സ്ഥാനത്ത്, കീറിപ്പറിഞ്ഞ പരവതാനികളും പൊടിപിടിച്ച വാതിലുകളും യാചകര്‍ നിറഞ്ഞു നില്‍ക്കുന്ന പള്ളിമുറ്റങ്ങളുമൊക്കെയുള്ള ദരിദ്രമായ ഒരു നാടിന്റെ ചിത്രമാണ് അദ്ദേഹം വരയ്ക്കുന്നത്. ലാളിത്യവും തുറന്നസമീപനവും ഭക്തിയുടെ നിറവുമാണ് ഈ കൃതിയുടെ പ്രത്യേകതകള്‍.
മലയാളത്തിലെ സര്‍ഗാത്മക രചനകളില്‍ ഡോ. ഖദീജ മുംതസിന്റെ ബര്‍സയില്‍ മാത്രമേ ഹജ്ജ് ഒരു പ്രമേയമായി കടന്നു വരുന്നുള്ളൂ. ബര്‍സയുടെ കഥാപശ്ചാത്തലം അറേബ്യയാണ്. അറേബ്യയില്‍ ജീവിക്കുന്ന സബിത എന്ന നവമുസ്‌ലിം ഡോക്ടറുടെ കാഴ്ചപ്പാടുകളിലൂടെയാണ് ഹജ്ജിനെ നോവലിസ്റ്റ് സമീപിക്കുന്നത്. ഹാജറാബീവിയുടെ ജീവിതത്തെ സ്ത്രീപക്ഷ വായനക്ക് വിധേയമാക്കുകയാണവര്‍. ഹാജറ നോവലില്‍ പുരുഷ കേന്ദ്രീകൃതമായ ജീവിത വ്യവസ്ഥയുടെ ഇരയായിത്തീരുന്ന മാതൃത്വത്തിന്റെ പ്രതീകമാണ്. അസ്‌റാ നുഅ്മാനിയെപ്പോലെ തന്നെ ഹാജറയെ ഇസ്‌ലാമിലെ സ്ത്രീപക്ഷ ചിന്തയുടെ കേന്ദ്രബിന്ദുവായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് നോവലിസ്റ്റ് ഹജ്ജ് എന്ന അനുഭവത്തെ വായിക്കുന്നത്. യു.എ ഖാദറിന്റെ 'ഹാജിബാബ' എന്ന കഥ ഹജ്ജ് എന്ന ആരാധനയുടെആത്മാവന്വേഷിക്കുന്ന രചനയാണ്. സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു ഹജ്ജ് എന്ന ആശയം എങ്ങനെ ജീവിത വിശുദ്ധിയിലേക്കുള്ള വ്യക്തിയുടെ സഞ്ചാരത്തെ പ്രചോദിപ്പിക്കുന്നു എന്ന് പ്രതിപാദിക്കുന്ന സിനിമയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട കണ്ടം ബെച്ച കോട്ട് എന്ന ടി. മുഹമ്മദ് യൂസുഫിന്റെ നാടകവും പിന്നീടു വന്ന അതേ പേരിലുള്ള സിനിമയും, മറ്റൊരു തലത്തില്‍ നിന്നുകൊണ്ടാണെങ്കിലും, അന്വേഷിക്കുന്നത് ഇതേ ജീവിത വിശുദ്ധി തന്നെ.
ഹജ്ജ് യാത്രാനുഭവങ്ങളില്‍ ഒട്ടുമുക്കാലും ആത്മനിഷ്ഠമാണ്. ഭക്തിയാണ് അവയുടെ കേന്ദ്രപ്രമേയം മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ഏകദൈവവിശ്വാസവും അതിന്റെ അമൂര്‍ത്തതയും വല്ലാത്തൊരു വെല്ലുവിളിയാണ്. പൂജിക്കാന്‍ മുസ്‌ലിംകള്‍ക്ക് വിഗ്രഹങ്ങളില്ല, ആരാധനാമൂര്‍ത്തികളില്ല. രൂപമോ പടംപോലുമോ ഇല്ല. നിരാകാരമായ ഈ ദൈവസങ്കല്‍പം, മനുഷ്യമനസ്സില്‍ പ്രവര്‍ത്തനക്ഷമമാവുന്നത് മറ്റുചില ഉപാധികള്‍ വഴിയാണ്. ദൈവത്തിന്റെ ഇംഗിതങ്ങള്‍ നിറവേറ്റിയ പ്രവാചകന്മാരുടെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങള്‍ അവരുടെ ദൈവാന്വേഷണത്തിന്റെ ലക്ഷ്യസ്ഥാനങ്ങളായിത്തീരുന്നത് അങ്ങനെയാണ്. അല്ലാഹുവുമായി വിനിമയം നടത്തിയവരാണ് ഇബ്‌റാഹീമും ഇസ്മാഈലും മുഹമ്മദുമെല്ലാം. അവരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ദേശങ്ങള്‍, മുസ്‌ലിംകള്‍ക്ക് ദൈവികസ്ഥാനങ്ങളാണ്. അതുകൊണ്ട്തന്നെ ആരാധന എന്നതിലേറെ ഈ സ്ഥലങ്ങളിലേക്കുള്ള പ്രയാണം മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ദൈവത്തെയും അതുവഴി സ്വന്തം ആത്മാവിനെയും തേടലാണ്. മക്കയെയും മദീനയെയും ആഗ്രഹിച്ചുകൊണ്ടുള്ള തീരാത്ത തേടലാണ് അവരുടെ ജന്മം; വിശുദ്ധ മണ്ണില്‍, പ്രവാചക സ്മരണകളില്‍, ത്യാഗസ്മൃതികളില്‍ അവര്‍ നോക്കുന്നതും കാണുന്നതും ദൈവത്തെത്തന്നെ. അറഫ അവര്‍ക്ക് ദൈവത്തിന്റെ മുമ്പാകെ നില്‍ക്കുന്ന മഹ്ശറയായിത്തീരുന്നു, ഹജ്ജ് തൗബയായിത്തീരുന്നു. ഹജ്ജെഴുത്തുകള്‍, ഭക്തിസാന്ദ്രമാവുന്നത് ഈ വൈകാരിക പശ്ചാത്തലത്തിലാണ് എന്ന് തീര്‍ച്ച.
ഹജ്ജിനെ മറ്റൊരു തരത്തില്‍കൂടി സമീപിക്കാവുന്നതാണ്. ഹജ്ജ് പടിഞ്ഞാറന്‍ സംസ്‌കൃതി അടിച്ചേല്‍പിച്ച മൂല്യബോധങ്ങളെ നിരാകരിക്കാനുള്ള മുസ്‌ലിം മനസ്സിന്റെ അഭിവാഞ്ഛ പ്രതിഫലിപ്പിക്കുന്ന ആരാധനകൂടിയാണ്. അതൊരു സ്വത്വാന്വേഷണമാണ്. അറേബ്യയിലാണ് ഇസ്‌ലാം രൂപപ്പെട്ടത്. പലദേശങ്ങളിലേക്ക് അത് കടന്ന് വരുകയും അവിടങ്ങളിലെ സംസ്‌കാരങ്ങളുമായി കൊള്ളക്കൊടുക്കകള്‍ സ്ഥാപിക്കുകയും, മുസ്‌ലിംകള്‍ പ്രാദേശിക ഇസ്‌ലാമിക സമൂഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. പക്ഷേ, മൂലമാതൃകയായി കലര്‍പ്പറ്റ ഇസ്‌ലാം (Pristine Islam) ഉണ്ട്. മക്കയും മദീനയും ബദ്‌റും ഉഹ്ദും മറ്റു ചരിത്രസ്മാരകങ്ങളും അതിന്റെ പ്രതിനിധാനങ്ങളായി വര്‍ത്തിക്കുന്നു. യൂറോപ്യന്‍ കൊളോണിയലിസം, ഇസ്‌ലാമിക വിരുദ്ധമായ സമീപനമാണ് എക്കാലത്തും പുലര്‍ത്തിയത്. അതിനാല്‍ കൊളോണിയല്‍ സമൂഹങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടനങ്ങള്‍ക്ക് ചെറുത്തുനില്‍പിന്റെ തലമുണ്ട്. അവ തങ്ങള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞതോ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതോ ആയ ഇസ്‌ലാമിക സ്വത്വത്തെ അന്വേഷിച്ചു കൊണ്ടുള്ള യാത്രകള്‍ കൂടിയാണ്. ഹജ്ജെഴുത്തുകളിലും ഈ സ്വത്വാന്വേഷണത്തിന്റെ സാന്നിധ്യമുണ്ട്. മുഹമ്മദ് അസദിന്റെയും മാല്‍ക്കം എക്‌സിന്റെയും അനുഭവലക്ഷ്യങ്ങളും മുറാദ് ഹോഫ്മാന്റെ വിശകലനങ്ങളും ഈ വസ്തുത നമ്മെ ബോധ്യപ്പെടുത്തുന്നു. വഹാബി ആശയങ്ങളുടെ തീവ്രത ഇസ്‌ലാമിക സ്മാരകങ്ങള്‍ തകര്‍ത്തുകളഞ്ഞതിനെപ്പറ്റി അമീര്‍ അഹ്മദ് അലവിയും ടി. അബ്ദുല്‍ അസീസും പരിതപിക്കുമ്പോള്‍, സ്വന്തം സ്വത്വം നഷ്ടപ്പെട്ടുപോകുന്ന സഞ്ചാരിയുടെ തുണയില്ലായ്മയാണ് അവയില്‍ പ്രകടമാകുന്നത്. ഓര്‍മകള്‍ വഴി സ്വന്തം സ്വത്വബോധത്തിനുവേണ്ടി കലാപം ചെയ്യാനുള്ള ആയുധങ്ങളാണ് അവര്‍ക്ക് നഷ്ടമായത്. ഈ നഷ്ടബോധം എഴുത്തില്‍ പ്രകടമാവുന്നു.
ഹജ്ജ് മറ്റേതു തീര്‍ഥയാത്രയെയും പോലെ ദൈവത്തിലേക്കുള്ള യാത്രയാണ്, ദൈവത്തിന്റെ പൊരുള്‍ തേടിയുള്ള യാത്ര. അതിനാല്‍ അതില്‍ വിശുദ്ധി അന്തര്‍ലീനമാണ്. ഹജ്ജിനെ ചുറ്റിപ്പറ്റി ഒരുപാട് കഥകള്‍ രൂപപ്പെട്ടത് അങ്ങനെയാണ്. ചെയ്ത ഹജ്ജിനെക്കാള്‍ ദൈവത്തിന് പ്രിയപ്പെട്ടത് ചെയ്യാത്ത ഹജ്ജാണ് എന്ന് ധ്വനിപ്പിക്കുന്ന ഒരു ഇംഗ്ലീഷ് കവിതയുണ്ട്. വിശുദ്ധയിലേക്കുള്ള വഴിയാണ് ഹജ്ജ്. ഹജ്ജ് അനുഷ്ഠിക്കാതെ തന്നെ ഈ വിശുദ്ധി സ്വയം നേടാന്‍ സാധിച്ച നല്ല മനുഷ്യനെപ്പറ്റി ഈ കവിത പരാമര്‍ശിക്കുന്നു. കണ്ടം ബെച്ച കോട്ടും ആദാമിന്റെ മകന്‍ അബുവും ഇത്തരം വിശുദ്ധന്മാരെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഹജ്ജെഴുത്തുകളില്‍ ഉടനീളം ഈ അന്വേഷണമുണ്ട്. അവയെ ആര്‍ദ്രവും ആസ്വാദനക്ഷമവുമാക്കുന്നത്, ഓരോ വ്യക്തിയും നടത്തുന്ന തന്റേതുമാത്രമായ അന്വേഷണത്തിന്റെ മൗലികതയും ആത്മാര്‍ഥയുമാണ്. ഹജ്ജ് ഓരോ വ്യക്തിയുടെയും ആത്മാവിഷ്‌കാരമാണ് എന്ന് ചുരുക്കം. അവയെക്കുറിച്ചുള്ള എഴുത്തും അങ്ങനെത്തന്നെയായേ തീരൂ.
ഈ പശ്ചാത്തലത്തില്‍ മോക്കണ്ടി അബ്ദുല്ലക്കോയ എന്ന അറബി അധ്യാപകന്‍ എഴുതി സ്വന്തം നിലക്ക് പ്രസിദ്ധപ്പെടുത്തിയ 'ഞങ്ങളുടെ ഹജ്ജ് യാത്രാ സ്മരണകള്‍' എന്ന അറുപത്തിനാലു പേജ് പുസ്തകത്തെപ്പറ്റി എനിക്ക് ഇവിടെ പരാമര്‍ശിക്കാതിരിക്കാന്‍ വയ്യ. ഈ പുസ്തകത്തിന് വിലയിട്ടിട്ടില്ല. വില്‍പന ഉദ്ദേശിക്കുന്നില്ലെന്നാണ് അതിന്റെ അര്‍ഥം. അതായത് സ്വന്തം മനസ്സംതൃപ്തിക്കുവേണ്ടിയുള്ള ആത്മാവിഷ്‌കാരംമാത്രമാണ് ഈ ഓര്‍മപ്പുസ്തകം. ഒരു സാധാരണ മനുഷ്യനില്‍ എങ്ങനെ ഹജ്ജ് പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ഈ പുസ്തകം ഉപകരിക്കും. നിരീക്ഷണ പാടവവും നര്‍മബോധവും ചരിത്രപരമായ കാഴ്ചപ്പാടുമെല്ലാം പ്രതിഫലിക്കുന്ന ചെറിയൊരു പുസ്തകമാണിത്. എന്തുകൊണ്ട് എഴുത്തുകാരനല്ലാത്ത ഈ മനുഷ്യന്‍ ഇങ്ങനെയൊരു പുസ്തകമെഴുതി അച്ചടിപ്പിച്ചു? ഹജ്ജെഴുത്തുകള്‍ക്ക് പിന്നിലെ ആത്മ പ്രചോദനത്തിന് ഈ പുസ്തകത്തിന്നപ്പുറം മറ്റൊരു ഉദാഹരണമില്ല എന്നാണ് അതിന്ന് ഉത്തരം. മലയാളത്തിലെ എല്ലാ ഹജ്ജെഴുത്തുകളും ഇങ്ങനെയൊരു ആത്മബോധത്തില്‍നിന്ന് പിറവിയെടുത്തതാണല്ലോ.

© Bodhanam Quarterly. All Rights Reserved

Back to Top