വിശുദ്ധ ഖുര്‍ആന്‍ സമീപനത്തിന്റെ രീതിശാസ്ത്രം
ഡോ. യൂസുഫുല്‍ ഖര്‍ദാവി [പ്രസാധനം: സുന്ന-സീറ റിസര്‍ച്ച് സെന്റര്‍- ഖത്തര്‍ യൂനിവേഴ്‌സിറ്റി, പേജ്: 444]
ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരില്‍ ഡോ. യൂസുഫുല്‍ ഖര്‍ദാവിയെപോലെ ഇസ്‌ലാമിക വിജ്ഞാന ശാഖയെ ഇത്രയേറെ സമ്പന്നമാക്കിയ ഒരാള്‍ വേറെയില്ല. ചെറുതും വലുതുമായി നൂറിലേറെ കൃതികള്‍ അദ്ദേഹത്തിന്റേതായി വെളിച്ചം കണ്ടിട്ടുണ്ട്. ഫിഖ്ഹുസ്സകാത്ത്, അല്‍ മുര്‍ത്വഖാ, ഫതാവാ മുആസ്വിറ, ഫിഖ്ഹുല്‍ ജിഹാദ് തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങളും മറ്റനേകം ചെറുകൃതികളും അക്കൂട്ടത്തിലുണ്ട്. കര്‍മശാസ്ത്രവും ഇസ്‌ലാമിക പ്രബോധനവുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളെങ്കിലും ഹദീസ്, അഖീദ, ഉസൂലുല്‍ ഫിഖ്ഹ്, ഉലൂമുല്‍ ഹദീസ് എന്നീ വിജ്ഞാനശാഖകളിലും അദ്ദേഹം കനപ്പെട്ട രചനകള്‍ നടത്തിയിട്ടുണ്ട്. പ്രസ്തുത കൃതികള്‍ ജനപ്രീതി നേടിയവയും ആഗോള വ്യാപകവുമാകാന്‍ കാരണം, അവയുടെ ഭാഷാ സൗകുമാര്യവും സമര്‍ഥന രീതിയുടെ സവിശേഷതയുമാണ്. ഇസ്‌ലാമിക പൈതൃകങ്ങളോട് ആദരവ് പുലര്‍ത്തി പ്രകോപനമില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഖര്‍ദാവിക്കുള്ള കഴിവ് അനിതര സാധാരണമത്രെ.
'കൈഫ നതആമലു മഅല്‍ ഖുര്‍ആനില്‍ അദീം' (വിശുദ്ധ ഖുര്‍ആനുമായി എങ്ങനെ സഹവസിക്കണം) എന്ന ഗ്രന്ഥം 1997-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ 'മര്‍കസു ബുഹൂസി സ്സീറ: വസ്സുന്ന'യാണ് പ്രസാധകര്‍. നാനൂറ്റിഅമ്പതോളം പേജുകള്‍ വരുന്ന ഈ കൃതി രചിക്കാനുള്ള പ്രചോദനമെന്തെന്ന് ഖര്‍ദാവി വിശദീകരിക്കുന്നു: 'സുന്നത്തുമായി നാം എങ്ങനെ സഹവസിക്കണം' എന്ന കൃതി അമേരിക്കയിലെ ട്രിപ്പ്ള്‍ ഐ.ടിയിലെ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പുറത്തിറക്കുകയുണ്ടായി. അതിന് നല്ല പ്രതികരണവും സ്വീകാര്യതയുമാണ് ലഭിച്ചത്. ധാരാളം സംശയങ്ങള്‍ ദൂരീകരിക്കാനും തെറ്റുകള്‍ തിരുത്താനും അതുമൂലം സാധിച്ചു.
''വിശുദ്ധ ഖുര്‍ആനുമായി നാമെങ്ങനെ സഹവസിക്കണം എന്ന ശീര്‍ഷകത്തില്‍ ഇതുപോലൊരു ഗ്രന്ഥം താങ്കള്‍ രചിക്കുകയാണെങ്കില്‍ മുന്‍ചൊന്ന ഗ്രന്ഥത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അത് വളരെ സഹായകമാകുമെന്ന് പലരും എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തീര്‍ച്ചയായും, അത്‌കൊണ്ടാണ് അത് ഉടനെ ആരംഭിക്കുമെന്നും ഞാനവര്‍ക്ക് വാക്കുകൊടുത്തു.''
നാലു വലിയ ചര്‍ച്ചാവിഷയങ്ങളായി ഗ്രന്ഥത്തെ അദ്ദേഹം തരംതിരിച്ചിരിക്കുന്നു. ഖുര്‍ആന്റെ സവിശേഷതകള്‍(ഖസ്വാഇസ്വുല്‍ ഖുര്‍ആന്‍) ഖുര്‍ആന്റെ ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ (മഖാസ്വിദുല്‍ ഖുര്‍ആന്‍) എന്നീ ശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒന്നാം അധ്യായം. ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നും അമാനുഷികമാണെന്നും മനുഷ്യജീവിതത്തെയഖിലം ചൂഴ്ന്നുനില്‍ക്കുന്നതാണെന്നും എക്കാലത്തേക്കും എല്ലാവര്‍ക്കുമുള്ളതാണെന്നും വിശദീകരിക്കുകയാണ് ഖുര്‍ആനിന്റെ സവിശേഷതകള്‍ എന്ന ശീര്‍ഷകത്തില്‍. വിശ്വാസാദര്‍ശങ്ങള്‍ കുറ്റമറ്റതാക്കുക, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, മനുഷ്യാത്മാവിനെ സംസ്‌കരിക്കുക, കുടുംബ സംവിധാനം സാധിക്കുക, സ്ത്രീകളോട് നീതി പുലര്‍ത്തുക, സത്യസാക്ഷ്യ ദൗത്യം നിര്‍വഹിക്കുന്ന സമൂഹത്തെ നിര്‍മിക്കുക, പരസ്പരം സഹകരിക്കുന്ന ഒരു ലോകക്രമത്തിന് ആഹ്വാനം ചെയ്യുക, ദൈവഭക്തി സൃഷ്ടിക്കുക എന്നിവയാണ് ഖുര്‍ആന്റെ ഉദ്ദിഷ്ടലക്ഷ്യങ്ങളായി എടുത്തു പറയുന്നത്.
നൂറ്റി പതിനഞ്ചുമുതല്‍ നൂറ്റി എണ്‍പതാം പേജുവരെയുള്ള രണ്ടാം അധ്യായത്തില്‍ ഖുര്‍ആന്‍ പാരായണം, മനഃപാഠം, ശ്രവണം എന്നിവയെ സംബന്ധിച്ച് സവിസ്തരമായി ചര്‍ച്ചചെയ്യുന്നുണ്ട്. തദ്വിഷയമായുള്ള പ്രമാണങ്ങളും പൂര്‍വ സൂരികളുടെ അഭിപ്രായങ്ങളും ഇതില്‍ ക്രോഡീകരിച്ചിരിക്കുന്നു.
ഈ ഗ്രന്ഥത്തിലെ ഏറ്റവും ശ്രദ്ധേയവും പഠനാര്‍ഹവുമായ ഭാഗം മൂന്നാം അധ്യായമാണെന്ന് തോന്നുന്നു. നൂറ്റി എണ്‍പത്തി ഒന്നുമുതല്‍ മുന്നൂറ്റി എഴുപത്തെട്ടുവരെ പേജുകളില്‍ അത് പരന്നു കിടക്കുന്നു. 'തഫ്‌സീര്‍' എന്നതിന്റെ അര്‍ഥവും താല്‍പര്യവും പറഞ്ഞുകൊണ്ടാരംഭിക്കുന്ന പ്രസ്തുത അധ്യായത്തില്‍, ഖുര്‍ആന്‍ മനസ്സിലാക്കുന്നതില്‍ തഫ്‌സീറുകളുടെ പങ്ക് വിശദീകരിക്കുകയും അവയെ 'തഫ്‌സീറുന്‍ ബില്‍ മഅ്ഥൂര്‍', 'തഫ്‌സീറുന്‍ ബിര്‍റഅ്‌യ്' എന്നിങ്ങനെ രണ്ടായി തരം തിരിക്കുകയും ചെയ്യുന്നു. പിന്നീട്, ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍ സൂക്ഷ്മമായി പാലിക്കേണ്ട അടിസ്ഥാന തത്വങ്ങളും മാനദണ്ഡങ്ങളും ചര്‍ച്ചചെയ്യുകയും ഖുര്‍ആന്റെ ആശയങ്ങള്‍ ഗ്രഹിക്കുന്നതില്‍ എന്തുകൊണ്ട് അബദ്ധങ്ങളും സ്ഖലിതങ്ങളും സംഭവിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ ഖുര്‍ആന്‍ തന്നെയാണ് ഏറ്റവും സഹായകം. ഒരു ഭാഗത്ത് ചുരുക്കിയ വിഷയം ഖുര്‍ആന്‍ തന്നെ മറ്റൊരിടത്ത് വിശദീകരിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ പ്രബലമായ ഹദീസുകള്‍ ഖുര്‍ആനിക സൂക്തങ്ങളെ വ്യക്തമാക്കും. അതുമല്ലെങ്കില്‍ സ്വഹാബിമാരുടെയും താബിഉകളുടെയും വ്യാഖ്യാനങ്ങള്‍ ആശയം ഗ്രഹിക്കാന്‍ സഹായകമാകും. ഇവക്കെല്ലാം ധാരാളം ഉദാഹരണങ്ങള്‍ നിരത്തുന്ന ഗ്രന്ഥകാരന്‍ പൂര്‍വിക പൈതൃകങ്ങളെയെല്ലാം തിരസ്‌കരിച്ച് മനംപോലെ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിക്കുന്നു: ദൈവിക വചനങ്ങളെ നിസ്സങ്കോചം വ്യാഖ്യാനിക്കുന്ന ചിലര്‍ ഈ കാലഘട്ടത്തിന്റെ വൈജ്ഞാനിക പൈതൃകങ്ങളെയും വലിച്ചെറിയുന്നു. പൂജ്യത്തില്‍നിന്ന് തുടങ്ങാനാണവരുടെ ഉദ്ദേശ്യം. എങ്കിലേ, ഖുര്‍ആനെ സ്വന്തം ഇംഗിതങ്ങള്‍ക്കും ഇഛകള്‍ക്കുമനുസരിച്ച് മെരുക്കിയെടുക്കാന്‍ കഴിയുകയുള്ളൂ. പ്രമാണങ്ങള്‍ക്കും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ക്കും എതിരായ ചിന്തകള്‍ സ്ഥാപിക്കാന്‍ കഴിയൂ. (പേ: 207)
പശ്ചാതലം(സിയാഖ്)വും അവതരണ കാരണവും(സബബുന്നുസൂല്‍) പരിഗണിക്കേണ്ടത് ഖുര്‍ആന്റെ ആശയം വ്യക്തമാകാന്‍ അനിവാര്യമാണെന്ന് ഖര്‍ദാവി സമര്‍ഥിക്കുന്നു. ഇവ പരിഗണിക്കാതെ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത് വലിയ അബദ്ധത്തിന് ഇടവരുത്തും. ഉദാഹരണമായി 'കിതാബ്' എന്ന പദം ഒമ്പതിലേറെ അര്‍ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നു. 'ആയത്' എന്നത് വേദ ഗ്രന്ഥങ്ങളിലെ സൂക്തങ്ങള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍, അമാനുഷിക സംഭവങ്ങള്‍ എന്നീ അര്‍ഥങ്ങളിലെല്ലാം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഓരോ സ്ഥലത്തും അര്‍ഥം നിര്‍ണയിക്കുന്നത് 'പശ്ചാതല'മാണ്. അതുപോലെ ഒരേ കാര്യം വിവിധ പദങ്ങളില്‍ വ്യവഹരിക്കുന്നതും ഖുര്‍ആന്റെ ശൈലിയാണ്. ഉദാഹരണമായി ദിക്‌റ്, ഫുര്‍ഖാന്‍, അല്‍ കിതാബ് എന്നിവയെല്ലാം ഖുര്‍ആനെയാണ് വിവക്ഷിക്കുന്നത്.
അവതരണ പശ്ചാത്തലം അറിയാത്തത് കാരണം അബദ്ധം പിണഞ്ഞ സംഭവം, ഇമാം അഹ്മദും നസാഈയും നിവേദനം ചെയ്തത് ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്: 'ഖുദാമതുബ്‌നു മദ്ഊന്‍ എന്നൊരാള്‍ മദ്യപിച്ചു. അദ്ദേഹത്തെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ സൂറഃ മാഇദയിലെ 93-ാം സൂക്തം ഉദ്ധരിച്ച് തന്റെ നിലപാട് ന്യായീകരിച്ചു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക്, അവര്‍ ഭയഭക്തരും വിശ്വാസികളുമാണെങ്കില്‍ എന്ത് ആഹരിക്കുന്നതും കുറ്റകരമല്ല' എന്നാണ് പ്രസ്തുത സൂക്തത്തിന്റെ അര്‍ഥം. എന്നാല്‍ ദൈവിക മാര്‍ഗത്തില്‍ സമരം ചെയ്ത് വീരമൃത്യു വരിച്ച തങ്ങളുടെ സഹോദരങ്ങള്‍ മദ്യം നിരോധിക്കുന്നതിന് മുമ്പ് മദ്യപാനികളായിരുന്നതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോയല്ലോ എന്ന് ചില സ്വഹാബികള്‍ വേപഥു കൊണ്ടപ്പോഴാണ് പ്രസ്തുത സൂക്തം അവതരിച്ചതെന്നും പില്‍ക്കാലത്തുള്ളവര്‍ക്ക് ബാധകമല്ലെന്നും അത് മനസ്സിലാക്കാത്തതിനാലാണ് ഈ അമളി പിണഞ്ഞതെന്നും പ്രസ്തുത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, അവതരണ കാരണങ്ങള്‍ മനസ്സിലാക്കുന്നതിലും അബദ്ധങ്ങള്‍ സംഭവിക്കുമെന്ന് ഗ്രന്ഥകാരന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരേ ആയത്തിനെക്കുറിച്ചു തന്നെ വ്യത്യസ്ത അവതരണ കാരണങ്ങള്‍ പറയുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ കാണാം. ഉദ്ധരിക്കപ്പെടുന്ന സംഭവവുമായി, പ്രസ്തുത സൂക്തത്തിന് ബന്ധമുള്ളതാണെന്ന് മാത്രമേ മുന്‍ഗാമികള്‍ അവകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂവെന്ന് ഇമാം സര്‍ക്കശി, ഇബ്‌നുതൈമിയ എന്നിവര്‍ പറഞ്ഞതായി ഖര്‍ദാവി ഉദ്ധരിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് നിരവധി അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എട്ടുകാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഖര്‍ദാവി വിശദീകരിക്കുന്നു. 1) ആശയവ്യക്തത(മുഹ്കമാത്ത്)യുള്ള സൂക്തങ്ങള്‍ ഉപേക്ഷിച്ച് അന്യഥാ വ്യാഖ്യാന പഴുതുകളുള്ള (മുതശാബിഹാത്ത്) സൂക്തങ്ങളുടെ പിറകെ പോവുക. 2) ബോധപൂര്‍വം ദുര്‍വ്യാഖ്യാനം ചെയ്യുക. 3) ടെക്സ്റ്റുകളെ അവയുടെ സ്ഥാനത്ത് നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കുക. 4) വ്യക്തമായ രേഖകളില്ലാതെ ചില വിധികള്‍ ദുര്‍ബലമാക്കപ്പെട്ടവയാണെന്ന് (മന്‍സൂഖ്) വാദിക്കുക. 5) പ്രവാചക ചര്യയെയും പൂര്‍വസൂരികളുടെ അഭിപ്രായങ്ങളെയും കുറിച്ച അജ്ഞത. 6) ഇസ്‌റാഈലിയാത്തില്‍ വിള സമര്‍പ്പിക്കുക 7) സമുദായത്തിന്റെ ഏകകണ്ഠമായ നിലപാടിനെ തിരസ്‌കരിക്കുക. 8) ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് വേണ്ടത്ര വൈജ്ഞാനിക നിലവാരം ഇല്ലാതിരിക്കുക എന്നിവയാണവ. മേല്‍പറഞ്ഞ ഓരോ വിഷയങ്ങളെക്കുറിച്ചും ഗ്രന്ഥകാരന്‍ ദീര്‍ഘമായി ഉപന്യസിച്ചിരിക്കുന്നു. ഖുര്‍ആന്‍ നിരോധിച്ചത് കൂട്ടുപലിശയാണെന്നും(‡¯Yƒ¡Êe ƒaƒ©¡VCG) മിതപ്പലിശയല്ലെന്നുമുള്ള വാദവും ബാത്വിനികളുടെയും മുഅ്തസിലുകളുടെയും ശിയാക്കളുടെയും സൂഫികളുടെയും മുര്‍ജിഅകളുടെയും ജബ്‌രികളുടെയും ബഹായികളുടെയും ദുര്‍വ്യാഖ്യാനക്കസര്‍ത്തുകളുമെല്ലാം ഇതില്‍ ചോദ്യം ചെയ്യപ്പെടുന്നു.
സൂറത്തു സ്വാഫാത്തിലെ 6 മുതല്‍ 9 വരെ ആയത്തുകള്‍ക്ക് ശൈഖ് മറാഗി നല്‍കിയ വ്യാഖ്യാനം കൃത്രിമവും അറബി ഭാഷയുമായി ബന്ധമില്ലാത്തതുമാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. ആകാശ ഭൂമികളെപ്പറ്റി ആഴത്തില്‍ ചിന്തിക്കാന്‍ ശ്രമിക്കാതെ ദേഹേഛകളുടെയും പൈശാചിക വികാരങ്ങളുടെയും പിറകെ നെട്ടോട്ടമോടുന്നവര്‍ക്ക് യാഥാര്‍ഥ്യം കണ്ടെത്താന്‍ കഴിയില്ലെന്നും അവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നുമാണ് പ്രസ്തുത സൂക്തങ്ങള്‍ക്ക് മറാഗിയുടെ വ്യാഖ്യാനം. ആകാശ ലോകത്തുള്ള ഉത്തുംഗ മേഖല(അല്‍ മലഉല്‍ അഅ്‌ലാ)യിലേക്ക് എത്തിനോക്കാനും കട്ടുകേള്‍ക്കാനും ശ്രമിക്കുന്ന പിശാചുക്കളെ എറിഞ്ഞോടിക്കുമെന്നാണ് ഖുര്‍ആന്‍ പ്രസ്തുത സൂക്തങ്ങളില്‍ പറയുന്നത്. ഇക്കാര്യം മറ്റു പല സ്ഥലങ്ങളിലും ആവര്‍ത്തിച്ചിട്ടുമുണ്ട്. സൂറത്തുല്‍ ജിന്നില്‍ പറയുന്നു: ഞങ്ങള്‍ വാനലോകം പരതിനോക്കി- അപ്പോള്‍ അവിടെ ബലിഷ്ഠരായ കാവല്‍ക്കാരാല്‍ നിറക്കപ്പെട്ടതായും തീജ്വാലകള്‍ വര്‍ഷിക്കുന്നതായും കണ്ടു. പണ്ട് കട്ടുകേള്‍ക്കുന്നതിനായി വാനലോകത്ത് ചിലേടങ്ങളില്‍ ഞങ്ങള്‍ ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കട്ടുകേള്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്, അവരെ കാത്തിരിക്കുന്ന തീയമ്പിനെ നേരിടേണ്ടി വരുന്നു. (ജിന്ന് 8,9)
നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്) അല്ലാഹുവിന് മാത്രമാണെന്നത് ഇസ്‌ലാമില്‍ സര്‍വാംഗീകൃതമായ യാഥാര്‍ഥ്യമാണെന്നും അതില്‍ സുന്നികള്‍ക്കോ മുഅ്തസിലുകള്‍ക്കോ അഭിപ്രായ വ്യത്യാസമില്ലെന്നും ഖര്‍ദാവി എഴുതുന്നു: 'സമകാലീനരായ ചില പൊങ്ങച്ചക്കാര്‍ സൂക്ഷ്മതയില്ലാതെയാണ് ''സോവര്‍നിറ്റി സിദ്ധാന്തം അബുല്‍ അഅ്‌ലാ മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും കണ്ടുപിടുത്തമാണ്'' എന്ന് പറയുന്നത്. വിവരക്കുറവുകൊണ്ടും അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന് വിഷയം പഠിക്കാത്തതുകൊണ്ടുമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. (പേ: 297, 298) വിശുദ്ധ ഖുര്‍ആന്‍ ബഹുഭാര്യാത്വം വിരോധിക്കുകയാണ് ചെയ്യുന്നതെന്നതിന് 'സ്ത്രീകള്‍ക്കിടയില്‍ നീതിപാലിക്കാന്‍ എത്ര ശ്രമിച്ചാലും നിങ്ങള്‍ക്ക് സാധ്യമല്ല' എന്ന സൂക്തമുദ്ധരിക്കുന്നവരെയും ഖുര്‍ആന്‍ സംഗീതം നിഷിദ്ധമാക്കുന്നുവെന്നതിന് സൂറത്തുലുഖ്മാന്‍ 6-ാം സൂക്തം തെളിവായി പറയുന്നവരെയുമെല്ലാം ഗ്രന്ഥകാരന്‍ വിമര്‍ശിക്കുന്നുണ്ട്. ഇവരെല്ലാം ഖുര്‍ആന്‍ വചനങ്ങളെ അവയുടെ യഥാസ്ഥാനത്ത്‌നിന്ന് തെറ്റിച്ചുകൊണ്ടാണ് വ്യാഖ്യാനങ്ങള്‍ ചമച്ചിരിക്കുന്നത്.
ഖുര്‍ആന്റെ ശാസ്ത്രീയ വ്യാഖ്യാനത്തെക്കുറിച്ചും ഇതില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശൈഖ് ശല്‍തൂത്, അമീനുല്‍ ഖൂലി, സയ്യിദ് ഖുതുബ് എന്നിവര്‍ ഈ പ്രവണതയെ വിമര്‍ശിക്കുമ്പോള്‍, ഇമാം ഗസാലി, ഇമാം സുയൂഥി എന്നിവര്‍ ഇതിന്നനുകൂലമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരാണെന്നും ഇമാം ശാഥബി പക്ഷേ, എതിര്‍ക്കുകയാണ് ചെയ്യുന്നതെന്നും എടുത്തുപറയുന്നു. തുടര്‍ന്ന് ഇതിനെക്കുറിച്ച ഗ്രന്ഥ കര്‍ത്താവിന്റെ നിലപാട് വിവരിച്ചിരിക്കുന്നു. ശാസ്ത്രത്തിനോട് ജയിക്കാന്‍ കൃത്രിമമായ രീതികള്‍ സ്വീകരിക്കുന്നതിന്റെ അപഹാസ്യത വെളിപ്പെടുത്തുന്നതോടൊപ്പം പ്രാപഞ്ചിക വിജ്ഞാനങ്ങളിലേക്കുള്ള ഖുര്‍ആനിക സൂചനകള്‍ സത്യമാണെന്നും ഇവ്വിഷയകമായി ഡോ. അഹ്മദ് സക്കി, വഹീദുദ്ദീന്‍ ഖാന്‍, അബ്ദുസ്വബൂര്‍ ശാഹീന്‍ തുടങ്ങിയവര്‍ എഴുതിയ കൃതികള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്ന്, ഖുര്‍ആന്റെ ശാസ്ത്രീയ അമാനുഷികത (അല്‍ ഇഅ്ജാസുല്‍ ഇല്‍മി) എന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു വിഷയമാണെന്നും ഇവ്വിഷയകമായി ശൈഖ് അബ്ദുല്‍ മജീദ് സന്ദാനി തുടങ്ങിയവരുടെ സേവനങ്ങള്‍ വിലപ്പെട്ടതാണെന്നും ഉദാഹരണങ്ങള്‍ നിരത്തി ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു.
നാലാമത്തെ അധ്യായം ഖുര്‍ആനിനെ ജീവിതത്തില്‍ എങ്ങനെ പിന്തുടരണമെന്നും എപ്രകാരം ഖുര്‍ആനിക സന്ദേശം പ്രചരിപ്പിക്കണമെന്നുമാണ് പ്രതിപാദിക്കുന്നത്. പ്രവാചകനായിരുന്നു ഖുര്‍ആന്റെ യഥാര്‍ഥ അനുഗാമി എന്നും തിരുമേനിയുടെ ജീവിതം അതിന്റെ ദര്‍പ്പണമായിരുന്നുവെന്നും ആഇശ(റ)യുടെ പ്രസ്താവം അദ്ദേഹം ഉദ്ധരിക്കുന്നു. സ്വഹാബിമാര്‍ എപ്രകാരമായിരുന്നു ഓരോ അധ്യാപനങ്ങളും നടപ്പാക്കിയിരുന്നതെന്നും വിശദീകരിക്കുന്നു. ജിഹാദിനുള്ള ആഹ്വാനങ്ങള്‍ കേള്‍ക്കുമ്പോള്‍, സമ്പത്ത് ദൈവിക മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ ആവശ്യപ്പെടുമ്പോള്‍, മദ്യപാനം ഉപേക്ഷിക്കാന്‍ കല്‍പിക്കപ്പെടുമ്പോള്‍, ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ എല്ലാ വേളകളിലും കേട്ടപാടെ കല്‍പനകള്‍ നടപ്പില്‍ വരുത്തുന്ന നിലപാടായിരുന്നു അവരുടേത്.
ദൈവിക കല്‍പനകള്‍ക്ക് വിധേയമായ ഭരണക്രമം ഇസ്‌ലാമിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഖര്‍ദാവി വ്യക്തമാക്കുന്നു. ദൈവത്തിന്റെ നിയമനിര്‍മാണാധികാരം' (അല്‍ഹാകിമിയ്യ അല്‍ ഇലാഹിയ്യ) ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസമാണ്. കപടവിശ്വാസികള്‍ക്ക് മാത്രമേ അത് നിഷേധിക്കാന്‍ സാധിക്കൂ. (അന്നിസാഅ് 60-65 നോക്കുക) മുസ്‌ലിം ഭരണാധികാരികള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി നിയമ നിര്‍മാണം നടത്തുന്ന അസംബ്ലികളും പാര്‍ലമെന്റുകളും ഇതിന് വിധേയമായിരിക്കണമെന്നും ഇക്കാര്യത്തില്‍ റശീദ് രിദാ, മഹ്മൂദ് ശല്‍തൂത് തുടങ്ങിയവരും മുഴുവന്‍ കര്‍മശാസ്ത്രപണ്ഡിതരും ഏകാഭിപ്രായക്കാരണെന്നും ഖര്‍ദാവി പറയുന്നു. (പേ. 402)
ലോകത്തുള്ള മുഴുവന്‍ മനുഷ്യ സമൂഹവും ഖുര്‍ആന്റെ പ്രബോധകരാണ്. ഖുര്‍ആന്റെ ആദര്‍ശങ്ങളിലോ അധ്യാപനങ്ങളിലോ ദേശ-ഭാഷാ-വര്‍ഗ-വര്‍ണ വിവേചനം ദൃശ്യമല്ല. മനുഷ്യരാശിയെ അത് ഒന്നായി കാണുന്നു. ഖുര്‍ആനിക സന്ദേശങ്ങള്‍ മനുഷ്യര്‍ക്കെത്തിക്കുന്നതിനുള്ള രീതിശാസ്ത്രം എന്താകണമെന്നും അത് വ്യക്തമാക്കുന്നുണ്ട്. 'യുക്തിയോടും സദുപദേശത്തോടും കൂടി മസ്തിഷ്‌കത്തോടാണ് അത് സംവദിക്കുന്നത്. ഏറ്റവും ഉത്തമമായ സംവാദരീതിയാണ് അഭികാമ്യമായി കരുതുന്നത്. ഈ വസ്തുതകളെല്ലാം പ്രമാണങ്ങള്‍ നിരത്തി ഗ്രന്ഥകാരന്‍ വിവരിക്കുന്നു. ഖുര്‍ആന്റെ ചിലഭാഗം വിശ്വസിച്ച് മറ്റുചിലത് തള്ളിക്കളയുന്നതിന്റെ അപഹാസ്യത ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
ഓരോ വിഷയങ്ങള്‍ക്കും ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യക്രമം അവ പിന്തുടരുമ്പോഴും പാലിക്കേണ്ടതുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കല്‍പിക്കുകയും വലിയ കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നത് ഖുര്‍ആനോട് കാണിക്കുന്ന അതിക്രമമാണ്. ഈ പ്രവണത മുസ്‌ലിം ജീവിതത്തില്‍ പലതരത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. നബിതിരുമേനിയുടെ ജന്മദിനം മുസ്‌ലിം സമുദായം വര്‍ണപ്പകിട്ടോടെ പലേടത്തും കൊണ്ടാടാറുണ്ട്. അതാകട്ടെ ഖുര്‍ആനില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടാത്ത വിഷയമാണ്. അതേസമയം ജിഹാദിനെക്കുറിച്ചും പ്രവാചകന്മാരുടെ പ്രബോധന ചരിത്രങ്ങളെക്കുറിച്ചും ആരും ഗൗനിക്കാറില്ല. ഇതും വികലമായ ഖുര്‍ആന്‍ വായനയാണ്.
ചുരുക്കത്തില്‍, എന്തുകൊണ്ടും പഠനാര്‍ഹമായ ഒരു മഹദ്ഗ്രന്ഥമാണ് ഖര്‍ദാവിയുടെ ഈ പുസ്തകം. ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ സുന്ന-സീറാ റിസര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിച്ച ഒന്നാം പതിപ്പില്‍ ധാരാളം അച്ചടിത്തെറ്റുകളുണ്ടായിരുന്നു. എന്നാല്‍ 'ദാറുശ്ശുറൂഖ്' പ്രസിദ്ധീകരിച്ച പിന്നീടുള്ള പതിപ്പുകളില്‍ ഇവ തിരുത്തപ്പെടുകയും ഗ്രന്ഥകാരന്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 'ബോധന'ത്തിലും മറ്റുമായി ഈ പുസ്തകത്തിന്റെ പല ഭാഗങ്ങളും ഇതിനകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പുസ്തകം പൂര്‍ണമായി ഗ്രന്ഥരൂപത്തില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ഏറ്റവും സഹായകമായിരിക്കും. എഴുത്തുകാര്‍ക്കും പ്രഭാഷകര്‍ക്കും അതൊരു റഫറന്‍സ് കൂടിയാകും.
വി.കെ അലി
(കൈഫ നതആമലു മഅല്‍ ഖുര്‍ആനില്‍ അദീം. ഡോ. യൂസുഫുല്‍ ഖര്‍ദാവി. പ്രസാധനം: സുന്നഃ സീറ റിസര്‍ച്ച് സെന്റര്‍, ഖത്തര്‍ യൂനിവേഴ്‌സിറ്റി. പേ: 444)