തുരുമ്പെടുത്ത ജീവിതരീതിയുടെ അവസാനത്തെ സാക്ഷി

ആരിഫ് സൈന്‍‌‌
img

ഈ ചിത്രം അയച്ചുതന്ന് പത്രപ്രവര്‍ത്തകനായ സുഹൃത്ത് പറഞ്ഞു: 'ഉടനെ എനിക്കിതിന്റെ പേര് കിട്ടണം' അര മണിക്കൂര്‍ പോലും ചങ്ങാതി സമയം അനുവദിച്ചതുമില്ല. മേലുദ്യോഗസ്ഥനും വിദ്യാസമ്പന്നനുമായ ഇമാറത്തിയുടെ അരികിലേക്കോടി. പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ആദരം പിടിച്ചു പറ്റിയ മുപ്പതുകളിലെത്തിയ ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. കിതച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. 'ഇതിന്റെ പേരെന്താ?' പതിവുപോലെ ചിരിച്ചുകൊണ്ട് മറുപടി പറയാന്‍ തുടങ്ങി. 'ഇത് പഴയ കാലത്ത് അറബി വീടുകളിലുണ്ടായിരുന്ന ശീതോഷ്ണ നിയന്ത്രണ സംവിധാനമാണ്. തണുപ്പുകാലത്ത് ചൂടും, ചൂടു കാലത്ത് തണുപ്പും പ്രദാനം ചെയ്തിരുന്നു. എന്റെ പിതാവിന്റെ തറവാട്ടു വീട്ടില്‍ ഈ സംവിധാനമുണ്ടായിരുന്നു. ഇപ്പോള്‍ പഴയ കാലത്തിന്റെ പ്രതീകമായല്ലാതെ യഥാര്‍ഥ ആവശ്യത്തിന് വേണ്ടി ആരും ഇതുപയോഗിക്കാറില്ല.'
എല്ലാം റെഡി പേര് മാത്രമില്ല.
'അതെല്ലാമറിയാം സീദി, ഇതിന്റെ പേരാണ് കിട്ടേണ്ടത്.' അല്‍പനേരത്തെ ആലോചനാഭിനയത്തിന് ശേഷം പറഞ്ഞു: 'മാ ആറഫ് അഖൂയ്, വല്ലാഹ്.' അതറിഞ്ഞു കൂടാ എന്ന്. അല്‍പം നിരാശയോടെ സീറ്റിലേക്ക് മടങ്ങി. നിരന്തരം ബദുക്കള്‍ കയറിയിറങ്ങിയിരുന്ന ഓരോഫീസിലായിരുന്നു അന്ന് ഞാന്‍ ജോലി ചെയ്തിരുന്നത്. നല്ല നേരത്ത് ഒരു ബദുവന്ന് കാലില്‍ ചുറ്റി. ചിത്രം കാണിച്ച മാത്രയില്‍ അയാള്‍ പറഞ്ഞു. 'ഇത് ബറാജീല്.'
ബദുക്കളിലെ പുതു തലമുറ മാറുകയാണ്. അഥവാ അവര്‍ ഹദരി(നാഗരികര്‍)കളായി മാറിക്കഴിഞ്ഞു. കഴിഞ്ഞ പത്തുമുപ്പത് വര്‍ഷം കൊണ്ട അറബിക്കുണ്ടായ മാറ്റം അതിന് മുമ്പ് പതിനായിരമോ അതിലധികമോ വര്‍ഷങ്ങളില്‍ പോലുമുണ്ടായിക്കാണില്ല.
മരുഭൂമിക്ക് സ്വന്തമായി ഒരു ജീവിതമുണ്ട്. ലയമുണ്ട്. താളമേളങ്ങളുണ്ട്. സംസ്‌കാരമുണ്ട്. ബദവിയായ അറബിയുടെ ജീവിതവും ഹദരിയായ അറബിയുടെ ജീവിതവും തമ്മില്‍ ഘടനാപരമായ ചില വ്യതിരിക്തതകളുണ്ടായിരുന്നു. പോകപ്പോകെ ആ രേഖ ഇല്ലാതായിക്കഴിഞ്ഞു. ചുരുങ്ങിയ പക്ഷം ഒരു വലിയ വിഭാഗത്തിനെങ്കിലും ഈ മാറ്റം നന്മയോ തിന്മയോ എന്ന് തീര്‍പ്പ് കല്‍പിക്കാനൊന്നും കഴിയില്ല. പക്ഷേ, അദ്വിതീയമായ ഒരു ജീവിത രീതി അന്യം നിന്ന് പോവുകയാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ കരുതുന്നു.
ജീവിതം അതിന്റെ മഹിമയില്‍ നിങ്ങള്‍ അനുഭവിക്കുക മരുഭൂമിയിലാണെന്ന് മുഹമ്മദ് അസദ് പറയുന്നുണ്ട്. ഒരു മനുഷ്യന്‍ ജീവിക്കാന്‍ വേണ്ട ഏറ്റവും കുറച്ച് വിഭവങ്ങളുമായി ഒരായുസ്സ് മുഴുവന്‍ കഴിച്ചു കൂട്ടാന്‍ ബദവിക്ക് കഴിയുന്നു. കുടിക്കാന്‍ വെള്ളവും ഒട്ടകപ്പാലും കടുപ്പമേറിയ ഗഹ്‌വയും തിന്നാന്‍ ഉണങ്ങിയ ഇറച്ചിയും പരുക്കന്‍ റൊട്ടി(ഖുബ്‌സ്)യും താമസിക്കാന്‍ കൂടാരമായി രൂപം പ്രാപിക്കാന്‍ കഴിയുന്ന ഒരു തുണിയും. കുറച്ച് പാത്രങ്ങളും ഒന്നോ രണ്ടോ ഒട്ടകങ്ങളും ഏതാനും ആടുകളും. കഴിഞ്ഞു ബദുവിന്റെ അറ്റുറ്റാദികള്‍. അരക്കു ചുറ്റും ഒരു തുണി മാത്രമാണവരുടെ വേഷം വലിയ ആര്‍ഭാടക്കാര്‍ ഒരു നീളന്‍ കുപ്പായവും ധരിക്കും. ഒരു കുടുംബത്തിന്റെ മുഴുവന്‍ വസ്തു വഹകളും ഒരു ചെറിയ ഭാണ്ഡത്തില്‍ കൊണ്ടു നടക്കാനാകും. ഈഗലിറ്റേറിയന്‍ ജീവിതാവസ്ഥയുടെ ലക്ഷണമൊത്ത മാതൃകയാണ് ബദവീ ജീവിതം; അനാര്‍ഭാടതയുടെ ആഘോഷമാണത്.
ഈ ജീവിതം അടുത്തറിഞ്ഞ മരുഭൂയാത്രികനാണ് ബ്രിട്ടീഷുകാരനായ വില്‍ഫ്രെഡ് തേസിഗര്‍. രണ്ട് തവണ, സഹാറക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ റുബൂഅ് അല്‍ഖാലി (Empy qurater) മുറിച്ചുകടന്നിട്ടുണ്ടദ്ദേഹം. മരുഭൂജീവിതത്തെക്കുറിച്ച് ഏറ്റവും ആധികാരികമായ രേഖകളില്‍ പലതും ആ യാത്രകളില്‍നിന്ന് പിറന്ന് വീഴുകയും ചെയ്തു.
തന്റെ ജീവിതത്തിന്റെ വലിയ അഭിലാഷമായിരുന്ന റുബൂഅ് അല്‍ഖാലി മുറിച്ചു കടക്കുക എന്ന മോഹവുമായിനടക്കുന്നതിനിടെ പലരുമായും അതിനെക്കുറിച്ച് സംസാരിച്ചു. ബദുക്കള്‍ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടായിരുന്നില്ല. ദൈവത്തിന് മാത്രമേ അറിയൂ എന്നായിരുന്നു അവരുടെ പ്രതികരണം. ഒരു പക്ഷേ, രിമാലിനെക്കുറിച്ചാകും ഇദ്ദേഹം സംസാരിക്കുന്നത് എന്ന് ഒരിക്കല്‍ സദസ്സിലുള്ള ഒരു ബദുവിന്റെ വിശദീകരണത്തോടെയാണ് അനിശ്ചിതാവസ്ഥ ഒഴിവായത്. റുബൂഅ് അല്‍ഖാലി ഹദരികളുടെ ഭാഷയാണ് ബദവിക്ക് അത് രിമാല്‍ അഥവാ മണല്‍ ആണ്. അതുകൊണ്ടു തന്നെയാണ് അറേബ്യന്‍ സാന്‍ഡ് എന്ന് തേസിഗര്‍ തന്റെ പുസ്തകത്തിന് പേരിട്ടതും.
ലാളിത്യത്തിന്റെയും നിഷ്‌കളങ്കതയുടെയും ഉദാഹരണമായിരുന്നു ബദവി ജീവിതം പുറത്തെന്ത് നടന്നാലും അവര്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞാല്‍ തന്നെ വിഷയവുമല്ല. പുറം ലോകത്ത് കുതൂഹലത്തോടെ ചര്‍ച്ച ചെയ്യുന്ന സമയത്തിന്റെ വിലയൊന്നും ബദവിക്കറിഞ്ഞുകൂടാ. രണ്ടാം ലോകയുദ്ധം നടക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ തമ്മില്‍ എന്തോ യുദ്ധം നടക്കുന്നുവെന്നതിനപ്പുറം അവര്‍ക്കൊന്നുമറിയുമായിരുന്നില്ല. ഇബ്‌നു സുഊദ് രാജാവിനെക്കുറിച്ചല്ലാതെ മറ്റൊരു ഭരണാധികാരിയെക്കുറിച്ചും അവര്‍ കേട്ടിരുന്നില്ല.
അത്ഭുതങ്ങളുടെ കലവറയാണ് മരുഭൂമി. മരുഭൂവാസികളുടെ സഹജമെന്നോ നൈസര്‍ഗികമെന്നോ പറയാവുന്ന കുറേ ബോധങ്ങളും കഴിവുകളും അതിശയിപ്പിക്കുന്നവ തന്നെയാണ്. തന്നെ അത്ഭുത പരതന്ത്രനാക്കിയ ഒരു സംഭവം വിവരിക്കുന്നുണ്ട് തേസിഗര്‍. ഒരിക്കല്‍ ഒട്ടകങ്ങള്‍ കടന്നു പോയതിന്റെ അവശേഷങ്ങള്‍ കാണാനിടയായ അദ്ദേഹത്തിന്റെ ബദവി സഹയാത്രികര്‍ (തേസിഗറിന് അത് ഒട്ടകങ്ങളുടേതാണെന്ന് പോലുമറിയുമായിരുന്നില്ല. അത്രക്ക് അവ്യക്തമായ, കാറ്റു കാര്‍ന്ന് കഴിഞ്ഞിരുന്ന കുറേ അടയാളങ്ങള്‍) ആരുടെ ഒട്ടകങ്ങളായിരുന്നു അത് വഴി കടന്നു പോയിരുന്നതെന്നറിയാന്‍ കൂട്ടുകാര്‍ക്കുത്സാഹമായി. തങ്ങളുമായി ശാത്രവത്തിലുള്ള ഗോത്രക്കാരുടേതാണെങ്കില്‍ പിന്നെ അതിനുള്ള മുന്‍കരുതലുകള്‍ വേണമല്ലോ. കൂട്ടത്തിലെ നരച്ച താടിക്കാരന്‍ അല്‍പം മുമ്പോട്ട് പോയി പൊടുന്നനെ അയാള്‍ ഒട്ടകപ്പുറത്തുനിന്ന് ചാടിയിറങ്ങി. മണല്‍ത്തരികള്‍ക്കു പകരം അല്‍പം ഉറച്ച മണ്ണുണ്ടായിരുന്ന അവിടെ ചിതറിക്കിടന്ന ഉണങ്ങിയ ഒട്ടകച്ചാണകം കൈയിലെടുത്ത് പൊടിച്ച് പരിശോധിച്ചു. അയാള്‍ തിരിച്ചു വന്നു. 'ആമിറുകളായിരുന്നു അവര്‍. അവര്‍ ആറു പേരായിരുന്നു. ജനൂബയില്‍ മിന്നലാക്രമണം നടത്തുകയും അവരുടെ മൂന്നൊട്ടകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സഹ്മയില്‍നിന്നാണ് വരവ്, മഗ്‌സിനില്‍ വെച്ച് വെള്ളം ശേഖരിച്ചു. പത്തുദിവസം മുമ്പാണവര്‍ ഇത് വഴി കടന്നുപോയത്.'
പതിനേഴ് ദിവസത്തിനിടെ ഒരൊറ്റ ബദുവിനെയും അവര്‍ കണ്ടിരുന്നില്ല. മടക്കയാത്രയില്‍ ഏതാനും ബൈത് കസീര്‍കാരെ കണ്ടുമുട്ടി. വഴിയിലുടനീളമുള്ള വാര്‍ത്തകള്‍ കൈമാറി അവര്‍ പറഞ്ഞു. 'ജനൂബയില്‍ അവാമിറുകള്‍ മിന്നലാക്രമണം നടത്തിയിരിക്കുന്നു. മൂന്ന് ജനൂബക്കാര്‍ കൊല്ലപ്പെട്ടു. അവരുടെ മൂന്നൊട്ടകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.' ഈ വാര്‍ത്തകളില്‍നിന്ന് അവര്‍ക്ക് പുതുതായി ലഭിച്ച വിവരം മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്ന് മാത്രമായിരുന്നു.
പ്രായം ചെന്ന ബദുക്കള്‍ക്കിടയില്‍ ഇതുപോലെയുള്ള അത്ഭുത വിവരങ്ങള്‍ നല്‍കാന്‍ കഴിവുള്ള ആളുകള്‍ ഇപ്പോഴുമുണ്ട്. ജോലിയുടെ ഭാഗമായി അടുത്തടപഴകിയ സ്‌നേഹിതന്‍ മുഷ്താഖ് ആണ് എനിക്ക് സഈദെന്ന എണ്‍പതിലും ഊര്‍ജ്വലനായ വയോധികന്റെ ഇത്തരത്തിലൊരു ആറാമിന്ദ്രിയ സമാനമായ ബോധത്തിന്റെ കഥ പറഞ്ഞു തന്നത്. സഈദിനെ എനിക്ക് നേരിട്ടറിയാമായിരുന്നു. അയാളുടെ കോടീശ്വരനായ കൂട്ടുകാരന്റെ വിക്കി എന്ന നായയെ ഒരു സുപ്രഭാതത്തില്‍ കാണാതായി. വിക്കി ഒരു നായയല്ല, മനുഷ്യനാണ് എന്ന നിലയില്‍ തെരച്ചില്‍ നടത്തണമെന്ന് മുതലാളിയുടെ കല്‍പന. അദ്ദേഹത്തിന്റെ ബന്ധങ്ങളും സ്വാധീനവും വെച്ച് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഹെലികോപ്ടറുകള്‍ ഇരമ്പിപ്പറന്നു. മരുഭൂമിയുടെ എല്ലാത്തിനെയും ദഹിപ്പിക്കുന്ന ആര്‍ത്തമായ ജഠരാന്തര്‍ഭാഗത്തേക്ക് പുതുതലമുറ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. മൂന്ന് ദിവസത്തെ വ്യാപകമായ തിരച്ചിലിനു ശേഷവും ഫലമൊന്നുമുണ്ടായില്ല.
എഴുത്തും വായനയുമൊന്നുമറിഞ്ഞുകൂടെങ്കിലും മരുഭൂമിയുടെ കുഴികളും മടക്കുകളുമെല്ലാമറിയുന്നയാളായിരുന്നു സഈദ്. ഉംറക്കായി മക്കയിലായിരുന്ന സഈദ് തിരിച്ചെത്തിയ വിവരം ലഭിക്കേണ്ട താമസം അയാളെ വിളിച്ചുവരുത്തി. സഈദ് ഏകനായി തന്റെ തെരച്ചില്‍ ആരംഭിച്ചു. അഞ്ചുമണിക്കൂര്‍ എടുത്ത തെരച്ചിലിനൊടുവില്‍, അവശനായി മരുഭൂമിയില്‍ കിടക്കുകയായിരുന്ന വിക്കിയുമായി സഈദ് തിരിച്ചെത്തി.
പിന്നീട് സഈദിനെ കണ്ടപ്പോള്‍, കേട്ട കാര്യം ശരിയാണോ എന്ന് തിരക്കി. അതെ, അയാള്‍ പറഞ്ഞു. മരുഭൂമിയില്‍ ജീവിക്കാനുള്ള വിദ്യാഭ്യാസം താന്‍ ചെറുപ്പത്തിലേ ബദവി ജീവിതത്തില്‍ നിന്ന് നേടിയിരുന്നുവെന്നും പറഞ്ഞു.
ഗോത്രപരമായ കൂറും സൗഹൃദവും വെറുപ്പുമെല്ലാം ബദുക്കളുടെ ജീവിതത്തിന്റെ ഊടും പാവും നെയ്തു. തീര്‍ത്തും നിസാരവും ബാലിശവുമെന്ന് തോന്നുന്ന കാരണങ്ങള്‍ക്കായി അവര്‍ ഒടുങ്ങാത്ത യുദ്ധങ്ങളിലേര്‍പ്പെട്ടു. അവരുടെ നീതിവ്യവസ്ഥ പലപ്പോഴും ക്രൂരവും മരുഭൂമിക്ക് മാത്രം ചേരുന്നതുമായിരുന്നു. തോക്കിന് കുഴലുകള്‍ പുകയുന്നതെന്തിനാണെന്ന് അവര്‍ക്ക് തന്നെ അറിയുമായിരുന്നോ എന്ന് സംശയമാണ്. പോയവാരം ഒരു പ്രത്യേക ഗോത്രക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടു എന്നിരിക്കട്ടെ. കൊല്ലപ്പെട്ടയാളുടെ ഗോത്രത്തിലെ പ്രമാണിമാര്‍ തങ്ങളുമായി നിതാന്ത ശത്രുതയിലുള്ള മറ്റൊരു ഗോത്രത്തെ കുറ്റവാളികളായി പ്രഖ്യാപിക്കുകയും ഏറ്റവുമാദ്യം കാണുന്ന ശത്രുഗോത്രക്കാരന്റെ വാരിയെല്ലുകള്‍ക്കിടയിലൂടെ കഠാര പായിക്കുകയും ചെയ്യുന്നു. അതൊരു കൗമാരക്കാരനാണെങ്കില്‍ പോലും ഒരു പക്ഷേ, തങ്ങളുമായി സഖ്യത്തിലേര്‍പ്പെട്ട ഒരു ഗോത്രത്തിന് വേണ്ടിയായിരിക്കാം ഈ കൊല്ലലും പിടിച്ചെടുക്കലുമെല്ലാം. പിടിച്ചെടുക്കുന്നത് മിക്കപ്പോഴും ഒട്ടകങ്ങളെയാവും. നിതാന്തശാത്രവത്തിന്റെ നെരിപ്പോട് സദാ എരിഞ്ഞു കൊണ്ടിരിക്കുന്ന ഗോത്ര ഘടനയില്‍ ഒരു ഭീരുവിന് അഥവാ ലോല ഹൃദയന് സ്ഥാനമില്ല. സ്വന്തം അതിജീവനത്തിനെതിരെ വരാനിടയുള്ള അപകടങ്ങള്‍ മണത്തറിയുക, നിഷ്‌കരുണം അവയെ ഇല്ലായ്മ ചെയ്യുക എന്ന ബദുവിന്റെ സഹജവാസനയെ ഒരു നിലക്കും അങ്ങനെയൊരാള്‍ തൃപ്തിപ്പെടുത്തുന്നില്ല. ശത്രു മരിച്ചു മലര്‍ക്കുന്നതു വരെ പക പുകഞ്ഞു കൊണ്ടിരിക്കും; കണ്ണിലും മനസ്സിലും.
സഹാറാ മരുഭൂമിയുടെ പരിരംഭണത്തിലുള്ള എത്യോപ്യയില്‍ വെച്ചുണ്ടായ ഒരനുഭവം തേസിഗര്‍ പങ്കുവെക്കുന്നുണ്ട്. ഗോത്രങ്ങള്‍ തമ്മിലുള്ള കിടമത്സരത്തില്‍ ജയിച്ച കൂട്ടര്‍ തങ്ങളുടെ വലിപ്പത്തരം കാണിക്കുന്നതിന് വേണ്ടി പ്രദര്‍ശിപ്പിച്ചിരുന്ന തെളിവ് ശത്രു ഗോത്രക്കാരുടെ വൃഷ്ണങ്ങളായിരുന്നുവത്രെ. അവര്‍ കൊന്നത് പുരുഷാരത്തെ തന്നെയാണെന്ന് കാണിക്കുകയാണ് ലക്ഷ്യം. മൃഗയാ വിനോദങ്ങളിലേര്‍പ്പെട്ടിരുന്നവര്‍ പണ്ട് പുലിത്തോലും മാന്‍ കൊമ്പുമെല്ലാം ജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതുപോലെ ഗോത്രനീതി എല്ലായിടത്തും ഒരു പോലെതന്നെ.
ഒട്ടകങ്ങള്‍ ബദവി ജീവിതത്തിന്റെ തുടിപ്പും ചൈതന്യവുമാണ്. അവയെ അവര്‍ ചുംബിക്കുകയും തലോടുകയും ചെയ്യും. അഞ്ഞൂറു മൈല്‍ ചുറ്റളവിലുള്ള ഒട്ടകങ്ങളെ തിരിച്ചറിയാനുള്ള അടയാളങ്ങളും അവയുടെ ജീവചരിത്രവും അവര്‍ക്ക് മനഃപാഠമാണ്. ഒട്ടകത്തിന്റെ ഉണങ്ങിയ കാഷ്ഠം ഡീകോഡ് ചെയ്ത് ആമിറുകളുടെ എണ്ണം വരെ കൃത്യമായിപ്പറഞ്ഞ ബദുവിന്റെ പരിചയത്തിലും പരിജ്ഞാനത്തിലും തേസിഗര്‍ അത്ഭുത പരതന്ത്രനായി നിന്നത് നാം കണ്ടു. ഒട്ടകങ്ങള്‍ എത്രയുണ്ടായിരുന്നു, അവയിലെത്ര കുട്ടികളുണ്ടായിരുന്നു, അവസാനമായി അവ മേഞ്ഞത് ഏത് മരുപ്പച്ചയിലായിരുന്നു, എത്ര ദിവസങ്ങള്‍ക്ക് മുമ്പാണ് അവ വെള്ളം കുടിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഒറ്റ ശ്വസത്തില്‍ അവര്‍ പറഞ്ഞു തീര്‍ക്കും.
ഒട്ടകങ്ങള്‍ ഒരു ബദു എത്രമാത്രം പ്രാധാന്യമാണ് നല്‍കുന്നതെന്നറിയാന്‍ അവരുടെ ജീവിതത്തിന്റെ നടുവില്‍ നില്‍ക്കുക തന്നെ വേണം. തേസിഗര്‍ പരമ്പരാഗത ബദവി ജീവിതവുമായി താദാമ്യം പ്രാപിച്ചിരുന്നുവല്ലോ. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പതിനായിരം മൈലാണ് ഒട്ടകപ്പുറത്ത് അദ്ദേഹം യാത്ര ചെയ്തത്. അത്വാഅല്ലാഹ് (ദൈവത്തിന്റെ ദാനം) എന്നാണ് ബദു ഒട്ടകത്തെ വിളിക്കുക. അവയെ ഉപദ്രവിക്കുകയോ അടിക്കുക പോലുമോ ചെയ്യുന്ന ഒരു ബദുവിനെയും കാണാനാകില്ല. എപ്പോഴും ഒട്ടകത്തിന്റെ ആവശ്യങ്ങള്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നിന്നു. അവയെ തലോടുകയും ചുംബിക്കുകയും ചെയ്യുന്നതോടൊപ്പം ബദു ശീലിച്ചിട്ടില്ലാത്ത പതിഞ്ഞ സ്വരത്തില്‍ അവയോട് കിന്നാരം പറയുകയും ചെയ്യുന്നു. വല്ല തലതിരിഞ്ഞവനും ഒട്ടകങ്ങളോട് മോശമായി പെരുമാറുന്നത് കാണാനിടയായാല്‍ ബദുക്കള്‍ അയാളെ എന്തുചെയ്യുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. അങ്ങനെ നിരവധി അനുഭവങ്ങള്‍ തേസിഗര്‍ അയവിറക്കുന്നുണ്ട്. തിരിച്ച് ഒട്ടകങ്ങള്‍ നായ്ക്കളെപ്പോലെ യജമാനനോട് കൂറ് കാണിക്കുന്നു. യജമാനന്റെ തുണിയുടെ ഒരു കഷണമെങ്കിലുമില്ലാതെ അവ തങ്ങളുടെ മേല്‍ സവാരി ചെയ്യാന്‍ ആരെയും അനുവദിക്കില്ല. അവയുടെ സഞ്ചാരത്തിന്റെ താളത്തിനനുസരിച്ച് ബദുക്കള്‍ തങ്ങളുടെ കവിതകള്‍ക്ക് താളങ്ങളും വൃത്തങ്ങളും നല്‍കി. ബദുവിന്റെ ഈ ഒട്ടകപ്രേമമാണ് അറബി ഭാഷയില്‍ എണ്ണമറ്റ പദങ്ങള്‍ ഒട്ടകത്തിന് നേടിക്കൊടുത്തത്. ഏകവചനം, ബഹുവചനം, ലിംഗം, നിറം, പ്രായം, കുലം... എല്ലാമനുസരിച്ച് അവയ്ക്ക് പുതിയ പുതിയ പേരുകള്‍ ലഭിച്ചുകൊണ്ടിരുന്നു.
ഒട്ടകങ്ങളെ ഇന്ന് വാഹനങ്ങളായി ഉപയോഗിക്കുന്നത് കുറവാണെങ്കിലും അവയോടുള്ള സ്‌നേഹം ബദുക്കളില്‍ ഇപ്പോഴും കാണാം. ജി.സി.സിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഒട്ടകപ്പന്തയങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി ബോര്‍ഡര്‍ പാസുകളും ഡ്രൈവര്‍മാരുടെ വിസയും മറ്റും ശരിപ്പെടുത്തിയിരുന്നത് അക്കാലത്ത് ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസായിരുന്നു. അഫ്ഗാനിയായി രണ്ടരപ്പടപ്പ് (ഞാനങ്ങനെയായിരുന്നു അയാളെ പരാമര്‍ശിച്ചിരുന്നത്, അമ്മാതിരി തണ്ടു തടിയുമാണ്) പാഷം ഗുല്‍ യാത്രയിലുടനീളമുള്ള പ്രയാസങ്ങളെപ്പറ്റി പറഞ്ഞു. വലിയ വാതാനുകൂല വാഗണുകളില്‍ എത്രയും പെട്ടെന്ന് അവയെ ലക്ഷ്യസ്ഥാനത്തെത്തിക്കണം, അതിനിടെ ഒരിട്ടത്തു പോലും വണ്ടി നിര്‍ത്തിയിടാന്‍ പാടില്ല വയറിനകത്തെ ആളല്‍ തീര്‍ക്കാന്‍. വിശ്രമമില്ലാത്ത ഓട്ടം. ഒട്ടകങ്ങള്‍ ഒരു നിലക്കും പ്രയാസപ്പെടരുത്. ഒക്കെകഴിഞ്ഞിട്ട് അയാളുടെ വക ഒരു ആത്മഗതമുണ്ട്. 'ഇവിടെ ട്രെയ്‌ലര്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിലും ഭേദം ഒരൊട്ടകമായി ജീവിക്കുന്നതായിരുന്നു.'
തേസിഗര്‍ ഭംഗിയായി വിവരിക്കുന്ന ബദവിപ്പെരുമ, അവരുടെ അതിഥി സല്‍ക്കാരവും ഉദാരതയുമാണ്. ഹാതിം അത്ത്വാഈ എന്ന പൗരാണികകാലത്തെ ദാരിദ്ര്യം ഭയക്കാതെ ദാനം ചെയ്ത ധര്‍മിഷ്ഠന്റെ കഥകള്‍ അറബി സാഹിത്യ വിദ്യാര്‍ഥിക്ക് കാണാപാഠമാണ്. അടിത്തട്ടില്ലാത്ത ദാനം കൊണ്ട് ഹാതിം അത്ത്വാഇ ഉദാരതയുടെ മായാത്ത പ്രതീകമായി. ഹാതിം അത്ത്വാഇമാര്‍ ബദുക്കള്‍ക്കിടയില്‍ നിരവധിയാണ്.
ഒരു സംഭവം ഓര്‍ത്തെടുക്കുന്നുണ്ട് തേസിഗര്‍. ബദുക്കളോടൊത്തുള്ള ജീവിതം അദ്ദേഹം അക്കാലത്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഉളുപ്പില്ലാത്ത യാചകരാണ് ബദുക്കള്‍ എന്ന ധാരണ മനസ്സില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന കാലം. വളരെ വളരെ ദരിദ്രനെന്ന് തോന്നിച്ച വൃദ്ധന്‍ അദ്ദേഹത്തിന്റെ തമ്പിലേക്ക് കടന്നുവന്നു. പിന്നിയ നീളക്കുപ്പായം, പഴയ കൈത്തോക്ക്, കീറിയ വാളുറയിലൂടെ സ്വാതന്ത്ര്യമന്വേഷിക്കുന്ന വാള്‍. തേസിഗറുടെ യാത്രാ സംഘത്തിലെ റാഷിദുകള്‍ ഒന്നടങ്കം അയാള്‍ക്ക് വേണ്ടി എഴുന്നേറ്റുനിന്നു.
'മര്‍ഹബാ ബഖീത്ത്' അവര്‍ ഒരേ സ്വരത്തില്‍ ആഗതനെ അഭിവാദ്യം ചെയ്തു. പതിവ് ഉപചാരവാക്കുകളുടെ പ്രവാഹം. ചുളിഞ്ഞ് ഞളുങ്ങിയ ഈ വൃദ്ധനോട് ഇവരെന്തിന് ഇങ്ങനെ ഭവ്യതയോടെയും ബഹുമാനത്തോടെയും പെരുമാറണം. തേസിഗര്‍ അത്ഭുതപ്പെട്ടു. മുമ്പില്‍ വെച്ചുകൊടുത്ത ഈത്തപ്പഴം മുഴുക്കെ വൃദ്ധന്‍ തിന്നുതീര്‍ത്തു. അവര്‍ അയാള്‍ക്കു വേണ്ടി ഗഹ്‌വ തിളപ്പിച്ചു. കാഴ്ചയില്‍ പരമദരിദ്രനായ ഒരു യാചകന്‍ അയാള്‍ വൈകാതെ എന്തെങ്കിലും തന്നോട് ആവശ്യപ്പെടുമെന്ന് ഉറപ്പിച്ചു തേസിഗര്‍. വിചാരിച്ചതു പോലെ തന്നെ അയാള്‍ ചോദിക്കുകയും ചെയ്തു. അഞ്ച് റിയാല്‍ നല്‍കി വൃദ്ധനെ പിരിച്ചുവിട്ടതിന് ശേഷം സഹായിയായിരുന്ന ബിന്‍ കബീനയോട് വില്‍ഫ്രെഡ് ചോദിച്ചു. 'ആരാണിയാള്‍? നിങ്ങളെന്തിനാണയാളെ അതിരറ്റാദരിച്ചത്?' ബിന്‍ കബീനയുടെ മറുപടിയോടെ വില്‍ഫ്രഡ് തന്റെ അഭിപ്രായം തിരുത്തി. 'ബെയ്ത്ത് ഇമാനി ഗോത്രക്കാരനാണദ്ദേഹം. വളരെ പ്രശസ്തന്‍.
'ഏതുകാര്യത്തിലാണയാള്‍ പ്രശസ്തന്‍?'
'അയാളുടെ ഉദാരതയില്‍' ബിന്‍ കബീന പറഞ്ഞു.
'ഉദാരനാകാന്‍ മാത്രം എന്താണയാളുടെ കൈയിലുള്ളത്?'
'ഇപ്പോഴൊന്നും കൈയിലില്ല; ഒരൊട്ടകം പോലും. ഭാര്യയില്ല. മകനെ, നല്ലൊരു കുട്ടിയായിരുന്നു അവന്, രണ്ട് കൊല്ലം മുമ്പ് ദഹ്മുകാര്‍ കൊന്നു. ഒരു കാലത്ത് അദ്ദേഹം ഈ ഗോത്രത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു. എല്ലാം തുലഞ്ഞു പോയി ഇന്നിപ്പോള്‍ ഏതാനും ആടുകള്‍ മാത്രമാണദ്ദേഹത്തിന്റേതായുള്ളത്.'
'എന്തുപറ്റി അദ്ദേഹത്തിന്റെ ഒട്ടകങ്ങള്‍ക്ക്? ഏതെങ്കിലും മിന്നലാക്രമണത്തില്‍ നഷ്ടപ്പെട്ടതാവുമോ? അതല്ലെങ്കില്‍ നടപ്പുദീനം പിടിപെട്ട്?..'
'അല്ല, ദാനമാണ് അദ്ദേഹത്തെ തുലച്ചു കളഞ്ഞത്. തന്റെ ടെന്റിലെത്തിയ ഒരാളെയും ഒരൊട്ടകത്തെ അറുത്തല്ലാതെ അദ്ദേഹം സല്‍ക്കരിച്ചിരുന്നില്ല.
അറബികളുടെ ദാനത്തിന്റെ കുളിര്‍മ അനുഭവിച്ചവര്‍ നിരവധിയാണ്. ഈ അടുത്ത കാലം വരെ. കൃത്യമായിപ്പറഞ്ഞാല്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളും ഷെയര്‍ മാര്‍ക്കറ്റുകളുമെല്ലാം അവരുടെ കണ്ണും കാതും മനസ്സും ഹൃദയവും എന്തിന്, ശരീരവും കവര്‍ന്നെടുക്കുന്നതിന് തൊട്ടുമുമ്പ് വരെ, ചുറ്റുപാടുമുള്ളവരെ തഴുകിയിരുന്ന ദാനത്തിന്റെ തോന്നലായിരുന്നുവല്ലോ അവര്‍.
ബദുവിന്റെ ആതിഥ്യ മര്യാദ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ്. ഒരാഴ്ചയോളമായി തേസിഗറുടെ സംഘാംഗങ്ങള്‍ ഒന്നും കഴിച്ചിരുന്നില്ല. റുബ്അ് അല്‍ഖാലി പേര് സൂചിപ്പിക്കുന്നത് പോലെ ഒഴിഞ്ഞ ചതുരമാണ്. വന്ധ്യവും ഊഷരവുമായ മരുഭൂമിയില്‍ അവര്‍ക്ക് ഒന്നും പ്രതീക്ഷിക്കാനാകുമായിരുന്നില്ല. നീരറ്റ മണ്ണിന്റെ കൗര്യത്തിന് പട്ടിണി കാവലിരുന്ന നീണ്ട് നിവര്‍ന്ന ദിവസങ്ങളിലായിരുന്നു അവര്‍. ആഴ്ചകള്‍ക്ക് മുമ്പ് കഴിക്കാതെ വലിച്ചെറിഞ്ഞ ഒരു ധാന്യമണിക്കു വേണ്ടി മരുഭൂമിയില്‍ അവര്‍ വൃഥാ തെരച്ചില്‍ നടത്തി. ദിവസങ്ങള്‍ കൂടിയിട്ടാണ് ഒരു ചെറിയ മുയലിനെ കിട്ടുന്നത്. ഭക്ഷണത്തിന്റെ യഥാര്‍ഥ രുചി ആസ്വദിക്കുന്ന സുദിനമായിരുന്നു അത്. സാഘോഷം അവര്‍ മുയലിറച്ചി വേവിച്ചു. വേവാന്‍ അധിക സമയം ബാക്കിയില്ല. അന്നേരമുണ്ട് സംഘാംഗങ്ങളിലൊരാള്‍ അപരിചിതരായ മൂന്ന് പേരുമായി ഉറക്കെ സംസാരിച്ചുകൊണ്ട് കടന്നുവരുന്നു.
ആതിഥേയര്‍ ആഹ്ലാദം തിരതല്ലുന്ന ശബ്ദഘോഷങ്ങളോടെ അതിഥികളെ സ്വീകരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച ഒരു സല്‍ക്കാരത്തിനായി അവരെ കാത്തിരിക്കുകയായിരുന്നതു പോലെ, വെന്തുവന്ന മുയിലിറച്ചി മുഴുവന്‍ അതിഥികള്‍ക്ക് വേണ്ടി നീക്കി വെച്ച് അവര്‍ വയര്‍ മുറുക്കി. ഇറച്ചി വേവുന്നതും കാത്ത് ടെന്റില്‍ കിടക്കുകയായിരുന്ന തേസിഗര്‍ പതുക്കെ കമിഴ്ന്ന് കിടന്ന് കണ്ണുകള്‍ പൂട്ടി. അദ്ദേഹത്തിന്റെ ഞരമ്പെല്ലാം മാംസത്തിലലിഞ്ഞു ചേര്‍ന്നിരുന്നു.
ബദു എപ്പോഴും വിശന്നാണിരിക്കുക. അതുകൊണ്ട് തന്നെ ഒരു ക്ഷണത്തിന് അയാള്‍ കാത്തിരിക്കാറില്ല. ക്രിസ്ത്യാനിയുടെ കൈയില്‍ (തേസിഗറെ അങ്ങനെയായിരുന്നു സഹയാത്രികര്‍ വിളിച്ചിരുന്നത്) ധാരാളം ധനവും ധാന്യവുമുണ്ടെന്നവര്‍ കണക്കുകൂട്ടി. അവര്‍ ഭക്ഷണ സമയത്ത് ക്രിസ്ത്യാനിക്കു ചുറ്റും അടുത്തു കൂടി. ബദുക്കളായ തേസിഗറുടെ കൂട്ടുകാര്‍ പക്ഷേ, ധാന്യം തീര്‍ന്നു പോകുമെന്ന അദ്ദേഹത്തിന്റെ മാല്‍ത്തൂസിയന്‍ ആശങ്കകള്‍ ഗൗനിച്ചതുമില്ല. അവര്‍ക്കുറപ്പാണ്, അല്ലാഹ് കരീം- ദൈവം ഉദാരനാണ്. ഒരു ബദുവും അഥിതിയെ ഭക്ഷിപ്പിക്കാതെ വിടില്ല. കാരണം മരുഭൂമിക്ക് നടുവില്‍ വെള്ളവും ഭക്ഷണവും എന്താണെന്ന് അവര്‍ക്കറിയാമല്ലോ.
വിശാലമായ മജ്‌ലിസില്‍ ശൈഖ് അഹ്മദിന്റെ ബദുക്കള്‍ ഭക്ഷണം കഴിക്കുന്ന വേളയിലായിരുന്നു ജോലിത്തിരക്കുകള്‍ക്കിടയില്‍നിന്ന് അല്‍പം സമയം മാന്തിയെടുത്ത് നമസ്‌കരിക്കാനായി ഞങ്ങളവിടെയെത്തുക. കൂട്ടത്തോടെ അവരെല്ലാം വലിയ ശബ്ദത്തില്‍ (ബദു സംസാരിക്കുന്നുണ്ടെങ്കില്‍ അത് വലിയ ശബ്ദത്തിലായിരിക്കും കാതടപ്പിക്കുന്ന മരുഭൂമിശബ്ദതയെ തോല്‍പിക്കാനായിരിക്കുമൊരു പക്ഷേ ഈ തൊണ്ട കീറല്‍) പേര് വിളിച്ച് അവര്‍ ഞങ്ങളോട് ഭക്ഷണത്തില്‍ പങ്കു ചേരാനാവശ്യപ്പെടും. കൂടെയിരുന്ന് കഴിച്ചാല്‍ വലിയ സന്തോഷമാകും. വിലപ്പചെറുപ്പങ്ങള്‍ ഇക്കാര്യത്തിലില്ല. അതുതന്നെ പിറ്റേന്നും ആവര്‍ത്തിക്കും. അതിന് പിറ്റേന്നും....
പണ്ട് ഉത്തരേന്ത്യയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് അബദ്ധ വശാല്‍ വല്ലവനും ഭക്ഷണം കഴിക്കുന്ന സമയത്ത് റൂമില്‍ കേറിച്ചെന്നാല്‍ അയാള്‍ നിങ്ങളോട് പറയും. 'ആയിയേ ജോയിന്റ് മി' നിങ്ങള്‍ പറയേണ്ടത് 'നോ താങ്ക്‌സ്. ജസ്റ്റ് ഐ ഹാഡ്' എന്നാണ്. ക്ഷണം സ്വീകരിച്ച് നിങ്ങളയാളുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചുവെന്ന് കരുതുക. എങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു മര്യാദ കേട് രേഖപ്പെടുത്തും. ഒന്നും വിചാരിക്കരുത് അതാണ് കലാലയത്തിന്റെ പോരിശയാക്കപ്പെട്ട ഫ്യൂഡല്‍ ട്രഡിഷന്‍.
ദാഹിച്ചു വലഞ്ഞ ഒരു ഘട്ടത്തിനൊടുവില്‍ മരുപ്പച്ചയിലെ താമസക്കാരനായ ബദുക്കള്‍ വച്ചു നീട്ടിയ ഒട്ടകപ്പാല്‍ വലിച്ചു കുടിക്കാന്‍ ആനത്തലയോളം ആര്‍ത്തിയുണ്ടായിരുന്നിട്ടും തേസിഗറുടെ ബദുജീവിതം പകര്‍ന്നു നല്‍കിയ മര്യാദ അതിന് സമ്മതിച്ചില്ല. കൂടെയുള്ളവര്‍ പറഞ്ഞു. 'ക്രിസ്ത്യാനീ, നിങ്ങള്‍ കുടിച്ചോളൂ.'
'അപ്പോള്‍ നിങ്ങളൊക്കെയോ?'
'നമ്മുടെ ഒട്ടകങ്ങളെ വെള്ളം കാട്ടിക്കൊണ്ടിരിക്കുന്ന സഹയാത്രികര്‍ വരാതെ ഞങ്ങള്‍ കുടിക്കില്ല' അവരുടെ മറുപടി.
എണ്ണയുടെ കണ്ടെത്തലും റോഡുകളുടെ വരവും തേസിഗറെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. എണ്ണ കണ്ടെത്തിയതിന് ശേഷം എഴുപതുകളുടെ തുടക്കത്തില്‍ അബൂദബി സന്ദര്‍ശിച്ചപ്പോഴുണ്ടായ തന്റെ നിരാശ മരണം വരെ അദ്ദേഹം പങ്കുവെച്ചിരുന്നു. നുരുമ്പിക്കൊണ്ടിരുന്ന ഒരു ജീവിത രീതിയുടെ അവസാനത്തെ സാക്ഷിയായിരുന്നു അദ്ദേഹം.
കാപ്പച്ചീനോയും ഇറ്റാലിയന്‍ ചോക്കലേറ്റ് വിഭവങ്ങളുമാണ് ഇപ്പോള്‍ അറബി യുവാവിനെ ഭ്രമിപ്പിക്കുന്നത്. കടുപ്പമേറിയ ഗഹ്‌വ ഇന്ന് അയാളുടെ ഇഷ്ട പാനീയമല്ല. ഏറ്റവും പുതിയ വാഹനങ്ങളിലേറി നിരത്തിലൂടെ ഇരമ്പിയൊഴുകുമ്പോള്‍ ഒട്ടകങ്ങള്‍ അയാളില്‍ ഒരു കൗതുകവുമുണര്‍ത്തുന്നില്ല. ലാളിത്യത്തിന്റെ പ്രതീകമായിരുന്ന ബദവീ ജീവിതം ഇന്ന് ധാരാളിത്തത്തിന്റെ അങ്ങേ അതിരില്‍ നില്‍ക്കുന്നു. ഇവിടെയാണ് വില്‍ഫ്രെഡ് കണ്ട് പരിചയിച്ച ബദവീ ജീവിതവും നാം കണ്ടുകൊണ്ടിരിക്കുന്ന അറബ് ജീവിതവും തമ്മിലുള്ള അതിര്‍ രേഖ ഒരു റിലീഫ് മാപ്പിലെ മലകള്‍ പോലെ എഴുന്ന് നില്‍ക്കുന്നത്.

© Bodhanam Quarterly. All Rights Reserved

Back to Top