കലയുടെ മാര്‍ക്‌സിസ്റ്റ് ആഖ്യാനവും ഗരോഡിയും
മാര്‍ക്‌സിസ്റ്റ് സൗന്ദര്യമീമാംസയുടെ പ്രാരംഭബിന്ദു കണ്ടെത്തുന്നതിനുവേണ്ടിയുള്ള അന്വേഷണത്തില്‍ നമുക്ക് മാര്‍ഗദര്‍ശനം ചെയ്യാന്‍ രണ്ടു സമാന വസ്തുതകള്‍ പര്യാപ്തങ്ങളാണ്- മാര്‍ക്‌സ് തന്റെ 'മൂലധന'ത്തില്‍ രൂപപ്പെടുത്തിയ സമീപനരീതിയും 'ചരിത്രപരമായ ഭൗതികവാദ'മെന്ന പേരില്‍ അദ്ദേഹം വികസിപ്പിച്ച സമീപന രീതിയും. രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയുടെ കാര്യത്തില്‍ അദ്ദേഹം പ്രയോഗിച്ച 'ക്ലാസിക്കല്‍ യുക്തിവാദ'മാണ് ആദ്യത്തേത്; രണ്ടാമത്തേതിന്റെ പ്രയോഗത്തിന് ഏതാനും ഉത്തമോദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
ചരിത്രപരമായ ഒരു പ്രതിഭാസത്തെക്കുറിച്ചുള്ള പഠനത്തിന്റെ ആരംഭത്തില്‍ മാര്‍ക്‌സ് ഊന്നിപ്പറയുന്നത്, മനുഷ്യന്‍ തന്നെയാണ് സ്വന്തം ചരിത്രം സൃഷ്ടിക്കുന്നതെന്നും എന്നാല്‍ അവന്‍ ഇക്കാര്യം നിര്‍വഹിക്കുന്നത് തനിക്കു തോന്നുംപോലെയല്ലെന്നുമാണ്.
ഇതനുസരിച്ച് ജര്‍മന്‍ തത്വശാസ്ത്രത്തിന്റെ തുടക്കത്തോട് -പ്രത്യേകിച്ച് കാന്റിന്റെയും ഹെഗലിന്റെയും തത്വചിന്തയുടെ പ്രാരംഭത്തോടു-പൊരുത്തമുള്ള ഒരു സ്ഥാനത്തുനിന്നാണ് മാര്‍ക്‌സ് തുടങ്ങുന്നത്. ജര്‍മനിയിലെ ക്ലാസിക്കല്‍ ആശയവാദത്തിന് ഒരു മെച്ചം ഉണ്ടായിരുന്നു. അറിവിന്റെ സര്‍ഗാത്മകവശ'ത്തെയും, കുറേക്കൂടി സാധാരണമായി, മനുഷ്യന്റെ സൃഷ്ടിവ്യാപാരം നിര്‍വഹിക്കുന്ന കര്‍ത്തവ്യത്തെയും അതു വെളിപ്പെടുത്തുന്നു. മനുഷ്യന്‍ നിരന്തരമായി തന്നെത്തന്നെ സൃഷ്ടിവ്യാപാരം നിര്‍വഹിക്കുന്ന കര്‍ത്തവ്യത്തെയും അതു വെളിപ്പെടുത്തുന്നു. മനുഷ്യന്‍ നിരന്തരമായി തന്നെത്തന്നെ സൃഷ്ടിക്കുന്ന പ്രക്രിയ എന്ന നിലയില്‍ ചരിത്രത്തെയാകമാനം ദര്‍ശിക്കത്തവണ്ണം അവര്‍ ഈ സര്‍ഗാത്മകവശത്തിന് പ്രാധാന്യം നല്‍കിയിരുന്നു. അതില്‍നിന്നു വ്യത്യസ്തമായി, നൂതനവും ഭൗതികവുമായ ഒരു രൂപത്തില്‍ ഈ സര്‍ഗവ്യാപാരത്തെ മാര്‍ക്‌സ് വിഭാവനം ചെയ്യുന്നു. മനുഷ്യനു ബാഹ്യമായിട്ടും അവനില്‍നിന്നു സ്വതന്ത്രമായിട്ടും പ്രകൃതിയില്‍ നിലനില്‍ക്കുന്ന ജീവികളും മനുഷ്യരും കൂടി നിരന്തരം നടത്തുന്ന പരസ്പരപൂരകമായ പ്രവര്‍ത്തനത്തെപ്പറ്റി അദ്ദേഹം ഊന്നിപ്പറയുന്നു. മനുഷ്യാദ്ധ്വാനത്തിന്റെ തലത്തില്‍ പ്രകൃതിയില്‍ നിന്ന് എപ്രകാരമാണ് സ്വാതന്ത്ര്യം സംജാതമാകുന്നതെന്നു കണ്ടെത്താനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
മാര്‍ക്‌സ് ആശയവാദിയല്ല, യാന്ത്രിക ഭൗതികവാദിയുമല്ല
അങ്ങനെ മാര്‍ക്‌സ്, സങ്കല്‍പങ്ങളുടെ സൃഷ്ടിയെന്ന നിലയില്‍ കേവല രൂപത്തില്‍ മാത്രം അധ്വാനത്തെ വിഭാവനം ചെയ്യുന്ന രീതി കൈവിടുകയും ആശയവാദത്തില്‍നിന്നു മൗലികമായി അകന്നുനില്‍ക്കുകയും ചെയ്യുന്നതോടൊപ്പം, അറിവിന്റെ ക്രിയാത്മക വശത്തെയും മനുഷ്യന്‍ നിര്‍വഹിക്കുന്ന സര്‍ഗാത്മകകര്‍മത്തെയും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത യാത്രിക ഭൗതികവാദത്തില്‍നിന്നും മൗലികമായി വ്യതിചലിക്കുന്നു. അത്തരം ഭൗതികവാദം അസ്തിത്വത്തിന്റെ നിഷ്‌ക്രിയമായ പ്രതിഫലനം മാത്രമായി അറിവിനെ തരംതാഴ്ത്തുന്നു; ഏതൊരവസ്ഥയിലാണോ മനുഷ്യന്‍ രൂപം പ്രാപിക്കുകയും വളരുകയും ചെയ്തത്, അതിന്റെ ഒരു നിര്‍മിതിയോ ഫലമോ മാത്രമായിട്ട് മനുഷ്യനെയും അതു തരം താഴ്ത്തുന്നു.
വിജ്ഞാന സിദ്ധാന്തത്തിന്റെ ഇപ്പറഞ്ഞ വിഭിന്നരൂപാന്തരങ്ങളെല്ലാം സൗന്ദര്യമീമാംസയുടെ മണ്ഡലത്തിലേക്കും ആനീതങ്ങളായിട്ടുണ്ട്. വസ്തുനിഷ്ഠമായ ആശയവാദം ഇന്ദ്രിയാതീതമായ സൗന്ദര്യ സങ്കല്‍പത്തിനു വഴിതെളിച്ചു. പ്ലേറ്റോയെ സംബന്ധിച്ചേടത്തോളം ആശയങ്ങളുടെ, അഥവാ അന്തസ്സത്തകളുടെ, സവിേഷതയാണു സൗന്ദര്യം; മനുഷ്യനെ അപേക്ഷിച്ചുതന്നെ അതീതമായ അവസ്ഥയാണ് അതിനുള്ളത്.
ചില കാല്‍പനികതാവാദികളുടെ ആത്മനിഷ്ഠമായ ആശയവാദമാകട്ടെ, സൗന്ദര്യത്തെ നിരീക്ഷകന്റെ പ്രതിബിംബമോ നിര്‍മിതിയോ മാത്രമാക്കിത്തീര്‍ത്തു. വ്യക്തിയുടെ 'ഐന്ദ്രജാലിക' സൃഷ്ടിയായിട്ടുപോലും അവര്‍ അതിനെ കരുതി.
യാന്ത്രികമായ ഭൗതികവാദത്തിലാകട്ടെ, പതിനെട്ടാം ശതകത്തിലെ ഫ്രഞ്ചു ഭൗതികവാദികളെ സംബന്ധിച്ചേടത്തോളം, സൗന്ദര്യം വസ്തുക്കളുടെ ഒരു ധര്‍മം മാത്രമായി കലാശിച്ചു. യഥാര്‍ഥത്തിന്റെ അനുകരണാത്മകമായ പ്രതിഫലനം മാത്രമായി കലാവസ്തുക്കളെ തരംതാഴ്ത്തിയ ഒരുതരം നാച്വറലിസത്തിന് ഇതു വഴിതെളിച്ചു. ഉദാഹരണമെന്ന നിലയില്‍ ഏതൊന്നിനാണോ പ്രകൃതിയില്‍ ഉത്തേജകമൂല്യം ഉള്ളത്, അതുമാത്രം തെരഞ്ഞെടുത്തു പ്രതിഫലിപ്പിക്കുവാനേ നാച്വറലിസം തല്‍പരമായിരുന്നുള്ളൂ.
ആത്മനിഷ്ഠമോ വസ്തുനിഷ്ഠമോ ആയ ആശയവാദത്തില്‍നിന്നും യാന്ത്രികമായ ഭൗതികവാദത്തില്‍നിന്നും ഉറവെടുത്ത ഈ മൂന്നുസങ്കല്‍പങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് സൗന്ദര്യമീമാംസക്കും തമ്മില്‍ മൗലികമായ അന്തരമുണ്ട്.
എങ്കിലും പ്രസ്തുത മനോഭാവങ്ങളോടുള്ള എതിര്‍പ്പിന്റെ രൂപത്തില്‍. വൈരുധ്യത്തെ മാത്രം ആസ്പദമാക്കി, അതിനെ നിര്‍വചിക്കുന്നതിനെക്കാള്‍ നല്ലത്, മനുഷ്യനെയും ലോകത്തെയുംകുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് സങ്കല്‍പത്തിന്റെ കേന്ദ്രബിന്ദുവില്‍നിന്ന്, ചരിത്രപരമായ നേതൃത്വത്തിന്റെ പ്രവര്‍ത്തനക്രമത്തിലും അതില്‍ അന്തര്‍ലീനമായിരിക്കുന്ന സൃഷ്ടിയിലും നിന്ന്, നാം ചിന്തിച്ചുതുടങ്ങുന്നതാണ്.
കല സംജാതമായത് അധ്വാനത്തില്‍നിന്നാണെങ്കില്‍, അതിന് സ്വതന്ത്രമായ നിലനില്‍പ് കൈവരാനിടയായത് എങ്ങനെ?
ലോകവും മനുഷ്യനും പുനസൃഷ്ടിക്കപ്പെടുന്നു.
പ്രകൃതിയെ രൂപാന്തരപ്പെടുത്തുന്നവന്‍, അഥവാ പ്രവര്‍ത്തനനിരതന്‍ എന്ന നിലയില്‍ മനുഷ്യര്‍ അനുഷ്ഠിക്കുന്ന കര്‍മത്തിന്റെ ഒരു സൃഷ്ടിയാണ് കല.
മനുഷ്യന്‍ അധ്വാനപ്രക്രിയയിലൂടെ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി വസ്തുക്കള്‍ നിര്‍മിച്ചത് എപ്രകാരമാണെന്ന് മാര്‍ക്‌സ് വിശദീകരിച്ചു. മനുഷ്യനെ സംബന്ധിച്ചും അവനിലൂടെയുമല്ലാതെ യാതൊരു നിലനില്‍പ്പും അര്‍ഥവും ഈ വസ്തുക്കള്‍ക്കില്ല. അവയുടെ ആകെത്തുക ഒരു 'ദ്വിതീയപ്രകൃതി'യായിത്തീരുന്നു. ഏറ്റവും വിശാലമായ അര്‍ഥത്തിലുള്ള സംസ്‌കാരത്തിന്റെയും സാങ്കേതിക ശാസ്ത്രത്തിന്റെയും ലോകമാണ് അത്. ഒരുതരം പ്രകൃതിതന്നെയാണ് ആ ലോകം-മാനുഷികമായ പ്രകൃതി. മാനുഷികനിലവാരങ്ങള്‍ക്ക് അനുഗുണമായി പുനര്‍നിര്‍മിതമായ പ്രകൃതിയാണ് അത്.
മനുഷ്യ നിര്‍മിത വസ്തുക്കളിലും സ്ഥാപനങ്ങളിലും കൂടി രൂപവല്‍കൃതമായ ഈ പ്രകൃതിയും മനുഷ്യനും തമ്മില്‍ എപ്രകാരം നൂതനബന്ധങ്ങള്‍ ആവിര്‍ഭവിക്കുന്നു?
മനുഷ്യന്‍ പ്രകൃതിയെ രൂപാന്തരപ്പെടുത്തുന്നതോടൊപ്പം സ്വയം രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. പുതിയ വസ്തുക്കളുടെ സൃഷ്ടി പുതിയൊരു 'കര്‍ത്താവിന്റെ സൃഷ്ടിക്കു സമാനമത്രെ. കര്‍ത്താവും വസ്തുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ആശയവാദികള്‍ വെച്ചുപുലര്‍ത്തുന്ന സങ്കല്‍പത്തില്‍നിന്ന് വളരെ അകന്ന ഒരു നിലപാടിലാണ് മാര്‍ക്‌സ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ആശയവാദികള്‍ കര്‍ത്താവിനെ മാത്രം സ്രഷ്ടാവായി വീക്ഷിച്ചു. അതുപോലെതന്നെ അന്ധസിദ്ധാന്തപക്ഷപാതികളായ ഭൗതികവാദികളുടെ സങ്കല്‍പത്തില്‍നിന്നും അദ്ദേഹം വളരെയകലെ വന്നെത്തിയിരിക്കുന്നു. മുന്‍കൂട്ടി നിര്‍മിച്ച നിലയിലും മാറ്റാനാവാത്ത വിധത്തിലും 'ദത്ത'മായ ഒന്നാണ് 'വസ്തു'വെന്നും അതിന്റെ നിഷ്‌ക്രിയമായ പ്രതിഫലനത്തില്‍ കവിഞ്ഞ് യാതൊന്നും 'കര്‍ത്താ'വില്‍ ഇല്ലെന്നുമാണ് അത്തരം ഭൗതികവാദികള്‍ വിശ്വസിച്ചത്.
പുതിയ ആവശ്യങ്ങള്‍, പുതിയ വിജ്ഞാനം
വാസ്തവത്തില്‍ മനുഷ്യന്‍ സ്വന്തം സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉപാധികള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ തത്തുല്യമായ പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. 1844-ലെ സാമ്പത്തികവും തത്വചിന്താപരവുമായ ലേഖനങ്ങളില്‍ മാര്‍ക്‌സ് ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ മനുഷ്യന്റെ മാനുഷികമായ യഥാര്‍ഥ സമ്പന്നത ഈ പുതിയ ആവശ്യങ്ങളില്‍ അധിഷ്ഠിതമാണ്. അവന്‍ മാനുഷികമായ പ്രത്യേകാവശ്യങ്ങള്‍ തനിക്കായി കൂടുതല്‍ സൃഷ്ടിക്കുന്തോറും മൗലികമായ മൃഗത്വത്തില്‍നിന്ന് അവന്‍ കൂടുതല്‍ ഉത്കര്‍ഷം നേടുന്നു. പ്രകൃതിയോടു മനുഷ്യനുള്ള പ്രത്യക്ഷവും ഏകപക്ഷീയവുമായ ബന്ധം പ്രകാശിപ്പിക്കുക എന്നതിനപ്പുറം ചിലതെല്ലാം നിര്‍വഹിക്കാന്‍ ഈ ആവശ്യങ്ങള്‍ പര്യാപ്തങ്ങളാകുന്നു. പ്രസ്തുത ബന്ധം മൃഗീയനിലവാരത്തിന്റെ സവിശേഷതയാണ്; വിശപ്പുശമിപ്പിക്കുക. അക്രമണങ്ങളെ പിന്തിരിപ്പിക്കുക എന്നിങ്ങനെ. പുതിയ ആവശ്യങ്ങള്‍ മനുഷ്യന് പ്രകൃതിയോടുള്ള ബന്ധങ്ങളെ വര്‍ധമാനമാക്കുകയും പ്രത്യക്ഷമായ ഒരുതരം വിജ്ഞാനം സാധ്യമാക്കുകയും ചെയ്യുന്നു. സയന്‍സില്‍ നാം കാണുന്ന വിജ്ഞാനരൂപം അതാണ്. പ്രത്യക്ഷങ്ങളായ ചോദനകള്‍ മനുഷ്യനെ പൊതിഞ്ഞു നില്‍ക്കുന്ന അവസ്ഥ ഇല്ലാതാകുന്ന ഘട്ടത്തോളം മാത്രമേ ഇത്തരം അറിവിനു വികസിക്കാനാവൂ. തന്റെ ആവശ്യം നിറവേറ്റുന്ന കാര്യത്തില്‍ അല്‍പം പ്രവര്‍ത്തന സ്വാതന്ത്ര്യം സ്വയം അനുവദിക്കാന്‍ അവനു സാധ്യമാകേണ്ടതുണ്ട്. പദ്ധതികളും അവ സാക്ഷാത്കരിക്കുന്നതിനുവേണ്ടിയുള്ള ഉപായങ്ങളും ബോധപൂര്‍വം പ്രവാര്‍ത്തികമാക്കാന്‍ സൗകര്യം നല്‍കുന്ന ഭാവനയുടെ പന്ഥാവിനെ അവലംബിക്കാനും ആത്യന്തികമായി സങ്കല്‍പിതാശയത്തെ പ്രദക്ഷിണം വച്ചുകൊണ്ട് ശാഖാചംക്രമണം നടത്താനും ഇതുമൂലം സാധ്യമാകുന്നു.
കല-സര്‍ഗശക്തിയുടെ പ്രതീകം
ഒരാവശ്യം നിറവേറ്റുന്നതിനു വേണ്ട വസ്തുവും പ്രസ്തുത ആവശ്യവും തമ്മില്‍ നേരിട്ടുള്ള പ്രത്യക്ഷബന്ധത്തില്‍ ഇടര്‍ച്ച ഉളവാക്കുന്ന തരത്തിലുള്ള ഒരു നിസ്സംഗത അധ്വാനത്തിന്റെ ശാസ്ത്രീയമാനം സ്വാധീനമാക്കാന്‍ ആവശ്യമായിരിക്കുന്നപോലെ തന്നെ, അധ്വാനത്തിന്റെ കലാപരമായ മാനം സ്വായത്തമാക്കാനും അതു കൂടിയേതീരൂ. അപ്പോള്‍ മാത്രമേ ഒരു അനുധ്യാനം സാധ്യമാകൂ. വസ്തുവിന്റെ പ്രയോജനാത്മക പ്രാധാന്യമുള്ള ഉള്ളടക്കം-മനുഷ്യന്റെ ശരീപോഷണം, വസ്ത്രധാരണം, അധ്വാനം, ആത്മരക്ഷ എന്നിവയോട് ബന്ധപ്പെട്ട ഉള്ളടക്കം- മാത്രമല്ല. അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന സര്‍ഗാത്മക മനുഷ്യവ്യാപാരത്തിന്റെ പ്രകാശനം കൂടി ഈ അനുധ്യാനത്തിലൂടെ വസ്തുവില്‍ കണ്ടെത്താന്‍ അവനു കഴിയും. താന്‍ സൃഷ്ടിച്ച വസ്തുവില്‍ തന്റെ ആവശ്യം നിറവേറ്റാനുള്ള മാര്‍ഗത്തില്‍ കവിഞ്ഞ് എന്തോ ഒന്നുകൂടി കണ്ടെത്തി ആനന്ദമടയാന്‍ മനുഷ്യന്‍ ശക്തനാകുമ്പോള്‍, തന്റെ സര്‍ഗവ്യാപാരത്തിന്റെ ദൃഷ്ടാന്തമെന്ന നിലയില്‍ ആ വസ്തുവിനെ അവന്‍ ദര്‍ശിക്കുമ്പോള്‍, ആണ് സൗന്ദര്യ ശാസ്ത്രപരമായ സമീപനം തുടങ്ങുന്നത്. എല്ലാതരം വസ്തുക്കള്‍ക്കും ബാധകമായ നിയമം അനുസരിച്ചു പ്രവര്‍ത്തിക്കുന്നതിനുപകരം ഒരുതരം വസ്തുക്കള്‍ക്ക് മാത്രം ബാധകമായ നിയമം അനുസരിച്ച് സര്‍വഥാ പ്രവര്‍ത്തിക്കുന്ന മനുഷ്യന്റെ തികച്ചും നൂതനമായ സ്വഭാവത്തെക്കുറിച്ച് 1844-ലെ ലേഖനങ്ങളില്‍ മാര്‍ക്‌സ് പറയുന്നുണ്ട്.
കലയുടെ ധര്‍മം ഉപയോഗാത്മകമല്ല
അധ്വാനത്തിന്റെ ശിശുവായ കല അതില്‍നിന്നു വ്യതിരിക്തമായ എന്തോ ഒന്നായിരിക്കണമെന്നു നിര്‍ബന്ധമില്ല; അധ്വാനത്തിനു വിരുദ്ധമായിരിക്കണമെന്നു തീരെ നിര്‍ബന്ധമില്ല. നേരെ മറിച്ച് അധ്വാനം കൊണ്ട് നിര്‍മിതമാകുന്ന വസ്തുവിന്റെ പൂര്‍ണമായ ആന്തരാര്‍ഥം അതു പ്രകാശിപ്പിക്കുന്നു. ഈ അര്‍ഥത്തെ സംബന്ധിച്ചുള്ള 'ദശശനദ്വയ'ത്തെയാണ് കല പ്രകാശിപ്പിക്കുന്നതെന്നു പറയാം. എന്തുകൊണ്ടെന്നാല്‍ ആ വസ്തു മനുഷ്യന് ദ്വിമുഖ 'പ്രയോജനം' കാഴ്ചവെക്കുന്നു; പരിഛേദ്യമായ ഒരാവശ്യം നിറവേറ്റാന്‍ കഴിവുള്ള ഒരു നിര്‍മിതവസ്തുവെന്ന നിലയില്‍ അതിനുള്ള പ്രത്യക്ഷവും സാമ്പത്തികവുമായ ഉപയോഗം ഒന്ന്. സ്രഷ്ടാവെന്ന നിലയിലുള്ള മനുഷ്യന്റെ പ്രതിഛായ ആ വസ്തു അവന് എത്രത്തോളം കാട്ടിക്കൊടുക്കുന്നുവോ അതിന് സാമാന്യതരവും മാനുഷികവുമായ ആവശ്യകത കൂടെയുണ്ട് (ആധ്യാത്മികമായ ആവശ്യകത എന്നുവേണമെങ്കില്‍ പറയാം.) അതു മനുഷ്യന്റെ സര്‍ഗശക്തിയെ പ്രത്യക്ഷീകരിക്കുന്നു. ഈ പ്രത്യക്ഷീകരണം ആനന്ദാഭിമാനനിര്‍ഭരമായ ഒരനുഭൂതി മനുഷ്യനില്‍ ഉണര്‍ത്തുന്നതോടൊപ്പം സര്‍ഗശക്തിയെക്കുറിച്ച് അവനെ നിരന്തരമായി ഓര്‍മപ്പെടുത്തി ഒരുതരം ആശങ്കാകുലതയും ഉത്തരവാദിത്വബോധവും കൂടി അവനില്‍ ഉദ്ദീപിപ്പിക്കുന്നു.
വെങ്കലയുഗത്തിലെ മനുഷ്യന്‍ കളിമണ്ണില്‍ മെനഞ്ഞെടുത്ത പാനപാത്രത്തിന്മേല്‍ എന്തോ കുത്തിവരച്ച് ഒരു രൂപം ചിത്രീകരിച്ചപ്പോള്‍ ആ വസ്തുവിന് അതുവരെ ഉണ്ടായിരുന്ന ഉപയോഗാത്മകമായ ധര്‍മത്തെ അപേക്ഷിച്ച് ഒരു തരം സ്വാതന്ത്ര്യം ആ ചമല്‍കൃതശില്‍പത്തിനു സിദ്ധി്ച്ചു. അങ്ങനെ മനുഷ്യന്‍ തന്റെ സര്‍ഗക്രിയയില്‍ സ്വയം ആനന്ദം കണ്ടെത്തുകയും ചെയ്തു.
ഇന്ദ്രിയങ്ങളിലൂടെ സമഗ്രമായ സാംസ്‌കാരികാനുഭൂതി
പ്രകൃതിയുടെ സാമ്രാജ്യത്തില്‍ അന്നോളം അജ്ഞാതമായിരുന്ന പുതിയ ഒരാവശ്യം അപ്പോള്‍ ആദ്യമായി സംജാതമായി. മനുഷ്യന്‍ തനിക്കായി സ്വയം സൃഷ്ടിച്ച മറ്റെല്ലാ ആവശ്യങ്ങളെപ്പോലെയും അവ നിറവേറ്റാന്‍ അവന്‍ കണ്ടുപിടിച്ച ഉപാധികളെപ്പോലെയും ഈ ആവശ്യം തല്‍ക്കര്‍ത്താവിനെ സമ്പന്നനാക്കുകയും സമൂലപരിവര്‍ത്തനത്തിന് വിധേയനാക്കുകയും ചെയ്യുന്നു. അവന്റെ ഐന്ദ്രിയാനുഭൂതികള്‍ തന്നെയും വികസിച്ച് പൂര്‍വാധികം തീക്ഷ്ണങ്ങളാകുന്നു. ഒഴിവാക്കേണ്ട ഒരു വിപത്തിന്റെയോ അന്വേഷിക്കേണ്ട ഒരു നിഗൂഢ നിക്ഷേപത്തിന്റെയോ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന ഏതെങ്കിലുമൊരു അടയാളം കണ്ടറിയാന്‍ മാത്രമല്ല, ആ വസ്തുവിനെക്കുറിച്ച് വിഭാവനം ചെയ്യാനും കൂടി കണ്ണുകള്‍ പാടവം നേടുന്നു. ശാരീരികമായ ഒരാവശ്യ നിര്‍വഹണത്തോട് അനുബന്ധിച്ച് ഏകപക്ഷീയമായി വസ്തുവിനെക്കുറിച്ചു നേടുന്ന അവബോധത്തിന് ഉപരിയായി. മനുഷ്യന്റെ ആത്മനിഷ്ഠതയുടെ- അവന്റെ ഭീതികളുടെയും സംശയങ്ങളുടെയും പ്രത്യാശകളുടെയും-സര്‍വോപരി സ്രഷ്ടാവെന്ന നിലയില്‍ അവനുള്ള ആത്മാഭിമാനത്തിന്റെയും- പ്രത്യക്ഷരൂപമായി വസ്തുവിന്റെ സമഗ്രഭാവം കണ്ടാനന്ദിക്കാന്‍ ഈ അര്‍ഥത്തില്‍ അതിനെ ഉള്‍ക്കൊള്ളാന്‍ കണ്ണിനു കഴിവുണ്ടാകുന്നു. അപ്പോള്‍ മനുഷ്യന്റെ കണ്ണ് വാസ്തവത്തില്‍ മാനുഷികനേത്രമായി കലാശിക്കുകയും ചെയ്യുന്നു. നമ്മുടെ കാതുകള്‍ ഒരു ഹെലികോപ്റ്റര്‍ യന്ത്രത്തിന്റെ ശബ്ദത്തെ ജെറ്റ് യന്ത്രത്തിന്റെ ശബ്ദത്തില്‍നിന്ന് വേര്‍തിരിച്ചറിയുമ്പോള്‍ ഒരു സംസ്‌കാരത്തിന്റെ സമഗ്രത നമ്മുടെ ശ്രവണേന്ദ്രിയാനുഭൂതിയില്‍ രൂഢമൂലമായിക്കഴിഞ്ഞിട്ടുണ്ടെന്നു പറയാം. ഒര വാദ്യസംഗീതാലാപനത്തിനിടയില്‍ ഒരൊറ്റവയലിനില്‍നിന്നു പുറപ്പെടുന്ന അപസ്വരം കണ്ടുപിടിക്കാന്‍ കാതുകള്‍ക്കു കഴിയുകയും ആ സ്വരം അതിനു ദുസ്സഹമായി അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ സാംസ്‌കാരിക വികാസം കുറേക്കൂടി ഗോചരമാകുന്നു. മാര്‍ക്‌സ് പറഞ്ഞതുപോലെ നമ്മുടെ ഇന്ദ്രിയങ്ങള്‍ തത്വജ്ഞരായിത്തീര്‍ന്നിരിക്കുന്നു. മനുഷ്യസമുദായം ഒരു വര്‍ഗമെന്ന നിലയില്‍ അതിന്റെ ചരിത്രത്തിലുടനീളം ആര്‍ജിച്ച അറിവും ശക്തിയും മുഴുവന്‍, പെട്ടെന്ന് ഉണ്ടാകുന്നതായി കാണപ്പെടുന്ന ഒരു പ്രതികരണത്തിലൂടെ, ഇന്ദ്രിയങ്ങളാല്‍ സമന്വയിക്കപ്പെടുന്നു. മൃഗീയവാസനയില്‍നിന്ന് പെട്ടെന്ന് ഉളവാകുന്നതും സഞ്ചിത സ്വഭാവമില്ലാത്തതുമായ പ്രതികരണങ്ങളുടെ മാത്രം ശാശ്വതരൂപമല്ല നമ്മുടെ ഐന്ദ്രിയാനുഭൂതികളില്‍ ജീവിക്കുകയും വികസിക്കുകയും ചെയ്യുന്നത്; നേരമറിച്ച് ഒരു സമൂഹത്തിന്റെ സമഗ്രസംസ്‌കാരമത്രേ. ഇന്ദ്രിയങ്ങളുടെ ഈ മാനുഷീകരണം സഭവിക്കുന്നത് തദനുരൂപമായി വസ്തുക്കള്‍ക്കു വന്നുചേരുന്ന മാനുഷീകരണത്തോടൊപ്പമാണ്. മാനുഷീകൃതമായ പ്രകൃതിയോട് ഇന്ദ്രിയങ്ങള്‍ക്ക് സിദ്ധിക്കുന്ന ബന്ധത്തിലൂടെയാണ് ഇന്ദ്രിയങ്ങളും മാനുഷികത കൈവരിക്കുന്നത്; മാനുഷികസ്വഭാവം നേടിയ പ്രകൃതിയാണെങ്കില്‍, മനുഷ്യാദ്ധ്വാനത്തിന്റെ സൃഷ്ടിയുമാണ്.
പഞ്ചേന്ദ്രിയങ്ങളുടെ ഘടനയ്ക്കും പ്രവര്‍ത്തനത്തിനും പ്രകൃതിസൃഷ്ടമായ ശാരീരികാടിസ്ഥാനം ഉണ്ടെങ്കിലും ദീര്‍ഘകാലം കൊണ്ട് മനുഷ്യനു സംഭവിച്ച ചരിത്രപരവും സാമൂഹ്യവുമായ പരിണാമത്തിന്റെ ഫലമായി അവയ്ക്കും മാനുഷിക ഭാവം സിദ്ധിച്ചിട്ടുണ്ട്.
പഞ്ചേന്ദ്രിയങ്ങളുടെ വികാസം മനഷ്യസമൂഹങ്ങളുടെ സാര്‍വലൗകിക ചരിത്രത്തിന്റെ സൃഷ്ടിയാണെന്ന് മാര്‍ക്‌സ് പറയുകയുണ്ടായി.
ഈ പഞ്ചേന്ദ്രിയങ്ങളാല്‍ സജ്ജീകൃതനായ കര്‍ത്താവ് ഏകാകിയായ ഒരു വ്യക്തിയല്ല; മറിച്ച് സമൂഹത്തിലൂടെ പ്രകൃതിയോട് ഒരു തരം സങ്കീര്‍ണബന്ധം ആര്‍ജിച്ച സാമൂഹ്യ ജീവിയാണ്. ഈ പ്രകൃതി സാമൂഹ്യമായ അധ്വാനത്തിന്റെ സൃഷ്ടിയുമാണ്.
വിവ: കെ.എസ് നാരായണപിള്ള
(മള്‍ബറി-കോഴിക്കോട് പ്രസിദ്ധീകരിച്ച ഗരോഡിയുടെ 'മാര്‍ക്‌സിസവും കലയും' എന്ന പുസ്തകത്തില്‍നിന്ന്)