എന്റെ അള്‍ജീരിയന്‍ അനുഭവങ്ങള്‍

റോഴെ ഗരോഡി‌‌
img

അള്‍ജീരിയന്‍ പണ്ഡിതനും നേതാവുമായ അമീര്‍ അബ്ദുല്‍ ഖാദിറിനെ ഞാന്‍ ആദ്യമായി കാണുന്നത് 1944 ല്‍ ശൈഖ് മുഹമ്മദ് ബശീര്‍ ഇബ്രാഹീമിയുടെ വീട്ടില്‍ വെച്ചാണ്. അബ്ദുല്‍ ഖാദിറിനെക്കുറിച്ച ചേതോഹരമായ ഒരു ചിത്രം ആ കൂടിക്കാഴ്ച എന്റെ മനസ്സില്‍ വരച്ച് വെച്ചു. 'ലോകനാഗരികതക്ക് അറബ്-ഇസ്‌ലാമിക നാഗരികതയുടെ സംഭാവന' എന്ന പ്രബന്ധം ഞാന്‍ എഴുതിയ സന്ദര്‍ഭവുമായിരുന്നു അത്. അബ്ദുല്‍ ഖാദിറിനെ സന്ദര്‍ശിക്കുമ്പോള്‍ എന്റെ കൂടെ അള്‍ജീരിയന്‍ സ്വാതന്ത്ര്യാനന്തരം കൃഷിമന്ത്രിയായത്തീര്‍ന്ന അമ്മാര്‍ ഔസ്ജാനും ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ട്‌പേരും മൂന്ന് വര്‍ഷക്കാലം തടവറയില്‍ ഒരുമിച്ച് കിടന്നിട്ടുണ്ട്.
ഒരേ സമയം എങ്ങനെ മതകീയനും പോരാളിയുമാകാം എന്നതിന്റെ മികച്ച മാതൃകയായി ശൈഖ് ഇബ്രാഹീമിയുടെ മുമ്പിലുണ്ടായിരുന്നത് അബ്ദുല്‍ ഖാദിര്‍ തന്നെയായിരുന്നു. അള്‍ജീരിയന്‍ സ്വത്വവും പൈതൃകവും തേച്ച് മായ്ച്ച് കളയാനുള്ള ഫ്രഞ്ച് അധിനിവേശ നീക്കത്തിനെതിരെ 1930 മുതല്‍ അള്‍ജീരിയന്‍ ജനത തുടരുന്ന പോരാട്ടത്തെക്കുറിച്ച് അബ്ദുല്‍ ഖാദിര്‍ വിവരിച്ചു. അപ്പോഴേക്കും ഫ്രഞ്ച് അധിനിവേശം ഒരു നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞിരുന്നു. അധിനിവേശകരുമായി ചേര്‍ന്ന് ഇസ്‌ലാമിനെ വികൃതമാക്കാനുള്ള യത്‌നങ്ങളിലേര്‍പ്പെട്ട മുറാബിത്വുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് ഉള്‍വലിയാനും പരലോകചിന്തയില്‍ മാത്രം വ്യാപരിക്കാനും ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന വഴിതെറ്റിയ സൂഫി ചിന്തക്കെതിരായ പോരാട്ടം കൂടിയായിരുന്നു അത്. 'ഭൗമ ജീവിതം ആഗ്രഹിക്കരുതെന്ന് പറയുന്ന മായം ചേര്‍ത്ത ആത്മീയത' എന്നാണ് മറ്റൊരു അള്‍ജീരിയന്‍ പരിഷ്‌കര്‍ത്താവായ ഇബ്‌നു ബാദീസ് അതിനെ വിശേഷിപ്പിച്ചത്. ഇസ്‌ലാമിക പ്രമാണങ്ങളുടെ ഉയര്‍ന്നതലങ്ങളില്‍ വിശ്വാസത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാന്‍ അബ്ദുല്‍ ഖാദിറിന് കഴിഞ്ഞു. അങ്ങനെ മതത്തെയും രാഷ്ട്രീയത്തെയും അവിഭാജ്യ സ്തംഭങ്ങളായി ഉയര്‍ത്തി നിര്‍ത്തി.
ഇബ്‌നു ബാദീസും ശൈഖ് ഇബ്രാഹീമിയും അള്‍ജീരിയന്‍ നവോത്ഥാന സംരംഭങ്ങള്‍ തോളിലേറ്റിയത്, ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും റശീദ് റിദയുടെയും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നായിരുന്നു. മതകീയവും രാഷ്ട്രീയവും സാംസ്‌കാരികവുമായ നവോത്ഥാനമായിരുന്നു അത്. ഈ നവോത്ഥാന നായകരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് അതില്‍ വലിയൊരു പങ്കുണ്ട്. 'പണ്ഡിതരുടെ മുമ്പില്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ വഴി തുറന്നത് രശീദ് റിദയാണ്. അള്‍ജീരിയയില്‍ എന്നല്ല, വടക്കനാഫ്രിക്കയില്‍ മുഴുവന്‍ ചിന്താനവോത്ഥാന വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അബ്ദുല്‍ ഹമീദ്ബ്‌നു ബാദീസിലാണ് ഈ വ്യാഖ്യാനത്തുടര്‍ച്ച നാം കാണുന്നത്.' എന്ന് ശൈഖ് ഇബ്രാഹീമി എഴുതിയിട്ടുണ്ട്.
അള്‍ജീരിയയിലെ ചിന്താവിപ്ലവത്തിന്റെ ബുദ്ധികേന്ദ്രങ്ങളായിരുന്നു ശൈഖ് ഇബ്രാഹീമിയും ശൈഖ് ഇബ്‌നു ബാദീസും. ആ ചിന്താ വിപ്ലവത്തിന്റെ ബലത്തിലാണ് 1962 ല്‍ അള്‍ജീരിയന്‍ ജനത 130 വര്‍ഷം നീണ്ട ഫ്രഞ്ച് അധിനിവേശത്തെ തൂത്തെറിഞ്ഞത്. അറബ് ഇസ്‌ലാമിക സ്വത്വം തിരിച്ച് പിടിക്കാനും ഈ ചിന്താ വിപ്ലവം അള്‍ജീരിയന്‍ ജനതയെ പ്രാപ്തരാക്കി. പോരാട്ടങ്ങളുടെ നേതൃത്വം അബ്ദുല്‍ ഖാദിറിനായിരുന്നു. ശൈഖ് ബൂഅമ്മാര്‍, മക്‌റാനി തുടങ്ങിയവരുടെ പോരാട്ടവും 1954 ലെ വിപ്ലവവുമെല്ലാം 1962 ലെ വിമോചനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
1913 ല്‍ ഇബ്‌നു ബാദീസുമൊത്ത് മദീനമുനവ്വറയില്‍ വെച്ച് രാത്രികാലങ്ങള്‍ ചെലവഴിച്ചത് ശൈഖ് ഇബ്രാഹീമി ഓര്‍ത്തെടുക്കുന്നുണ്ട്. ആ രാത്രിസംസാരങ്ങള്‍ സുബ്ഹി വരെ നീണ്ടുപോകും. 'പണ്ഡിത സംഘം'(ജമാഅത്തുല്‍ ഉലമാ) എന്ന ആശയം ഇബ്‌നു ബാദീസ് മുന്നോട്ട് വെക്കുന്നത് ആ സന്ദര്‍ഭത്തിലാണ്; അതിന്റെ സാക്ഷാല്‍ക്കാരമുണ്ടാകുന്നത് 1931 ല്‍ ആണെങ്കിലും. ആധുനികതയെയും പാശ്ചാത്യവല്‍ക്കരണത്തെയും കൂട്ടിക്കലര്‍ത്തിക്കൊണ്ട് തുര്‍ക്കിയിലെ കമാല്‍ അത്താത്തുര്‍ക്ക് പ്രസരിപ്പിച്ചുകൊണ്ടിരുന്ന ചിന്തകളെ ഇവര്‍ രണ്ട് പേരും നിരാകരിച്ചു. കാരണം ആ ചിന്തകളില്‍ നിന്ന് ഇസ്‌ലാം പറ്റെ ചോര്‍ന്ന് പോയിരുന്നു. യാന്ത്രികമായി പാശ്ചാത്യരെ അനുകരിക്കുക മാത്രമാണ് അത്താതുര്‍ക്ക് ചെയ്തത്. ഭാവിയിലേക്ക് കടക്കാന്‍ വിസമ്മതിച്ച് പിന്‍വാങ്ങുന്നവരുടെ 'അന്ധമായ അനുകരണ'മായിരുന്നു ഇതിന്റെ മറുവശത്ത്. അവര്‍ 'മരിച്ചവരുടെ കണ്ണുകളി'ലൂടെ ഖുര്‍ആന്‍ പരായണം ചെയ്തു. സൈത്തുന സര്‍വകലാശാലയില്‍ 1912 വരെ രണ്ട് തഫ്‌സീറുകളേ പഠിപ്പിച്ചിരുന്നുള്ളു- ബൈദാവിയും ജലാലൈനിയും. ആദരവര്‍ഹിക്കുന്നവര്‍ തന്നെയാണ് ഈ ഖുര്‍ആന്‍ വ്യാഖാതാക്കള്‍. പക്ഷെ, ഇസ്‌ലാമിക ചിന്ത അവരിലെത്തി നിന്ന് പോവുക എന്നത് വളരെ അപകടം പിടിച്ച പ്രവണതയാണ്. നമ്മുടെ കാലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യകാല ചിന്തകള്‍ മതിയാവും എന്ന ധാരണയാണിതിന് കാരണം. സൈത്തൂന സര്‍വകലാശാലയുടെ ഭരണസംവിധാനം തന്നെ ഈ ധാരണയെ വിശുദ്ധപ്പെടുത്തുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു. 'കാലങ്ങളായി പണ്ഡിതരിലൂടെ നമ്മിലേക്കെത്തിയ തത്ത്വങ്ങള്‍ നാം ചര്‍ച്ചക്കെടുക്കേണ്ടതില്ല, കാരണം അവ തന്നെയാകുന്നു ജ്ഞാനം എന്ന് പറയുന്നത്' എന്ന് വരെ സര്‍വ്വകലാശാല അധികൃതര്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു.
ഈ ഇരട്ട ദുരന്തങ്ങളെയായിരുന്നു ശൈഖ് ഇബ്രാഹീമിയും ശൈഖ് ഇബ്‌നു ബാദീസിനും നേരിടേണ്ടിയിരുന്നത്. അതായത് അന്ധമായ പാശ്ചാത്യ അനുകരണത്തെയും അന്ധമായ ഭൂതകാല അനുകരണത്തെയും. ഇരുകൂട്ടര്‍ക്കും പറ്റിയ ഗുരുതര വീഴ്ചകള്‍ എന്തെന്ന് ശൈഖ് ഇബ്രാഹീം ഇങ്ങനെ വിശദീകരിച്ചു: 'പാശ്ചാത്യരെ അനുകരിക്കുന്നവര്‍ ഇസ്‌ലാമിന്റെ മൗലിക സത്യങ്ങളെക്കുറിച്ച് പൂര്‍ണമായി അജ്ഞരാണ്. ഭൂതകാലപ്രേമികളാവട്ടെ, കാലഘട്ടത്തിന്റെ ആവശ്യങ്ങളെന്ത്, പ്രശ്‌നങ്ങളെന്ത് എന്ന് തീരെ അറിഞ്ഞ് കൂടാത്തവരും.'
ഇസ്‌ലാം ഒരു ഏകകമായത് കൊണ്ട്, അടിസ്ഥാനങ്ങളില്‍ മാറ്റമില്ലാതെ തന്നെ അതിനെ എങ്ങനെ നവീകരിക്കാനാവും എന്നതായിരുന്നു വലിയ വെല്ലുവിളി. അതായത് പാശ്ചാത്യരില്‍ നിന്ന് കടമെടുക്കാതെയുള്ള നവീകരണം. ഇവിടെയാണ് ഈജിപ്തിലെ മുഹമ്മദ് അബ്ദുവും റശീദ് റിദയും, അള്‍ജീരിയയിലെ ഇബ്‌നു ബാദീസിനും ശൈഖ് ഇബ്രാഹീമിയും വഴികാട്ടികളായത്. പക്ഷെ, അബ്ദുവിന്റെയും റിദയുടെയും വഴികള്‍ അതേപടി പകര്‍ത്തുകയല്ല അവര്‍ ചെയ്തത്. അള്‍ജീരിയന്‍ സാഹചര്യവും പ്രത്യേകതകളും കൂടി അവര്‍ കണക്കിലെടുത്തു. ഒരു അധിനിവേശ ശക്തിയെ അവര്‍ക്ക് നേരിടേണ്ടതുണ്ടായിരുന്നു. അതൊരു സൈനിക, രാഷ്ട്രീയ, ആധ്യാത്മികം പോലുമായ അധിനിവേശമായിരുന്നു. ആദ്യകാല ഇസ്‌ലാമിന്റെ സര്‍ഗാത്മക ആക്ടിവിസത്തിലാണ് അതിന്റെ പരിഹാരം അന്വേഷിക്കേണ്ടിയിരുന്നത്. അതിലേക്കുള്ള വഴി ഖുര്‍ആനിലൂടെയും പ്രവാചകചര്യയിലൂടെയും മാത്രമായിരുന്നു.
ഈ ലക്ഷ്യത്തിലേക്കെത്തണമെങ്കില്‍ ആയിരത്തിലധികം വര്‍ഷങ്ങളായി കുമിഞ്ഞ് കൂടിക്കിടക്കുന്ന പലതരം കലര്‍പ്പുകളെയും വകഞ്ഞുമാറ്റേണ്ടതുണ്ടായിരുന്നു. 'ശറഇ'നെക്കുറിച്ചുള്ള പലതരം ഇടുങ്ങിയ അക്ഷരവായനകളാണ് ഈ കലര്‍പ്പുകള്‍. അവയെ ഒഴിവാക്കി വീണ്ടും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചെത്തുക. ജീവിതാഷ്‌കാരത്തിന്റെ ചലനാത്മക സ്രോതസ്സുകളായി ഖുര്‍ആനെയും സുന്നത്തിനെയും സ്വീകരിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഈ അന്വേഷണത്തെ 'ചലനാത്മകതയുടെ അടിത്തറ' എന്ന് അല്ലാമ ഇഖ്ബാല്‍ വിശേഷിപ്പിക്കുന്നു. ഈ അന്വേഷണത്തിലേ ഇസ്‌ലാമിന്റെ സര്‍ഗാത്മക കരുത്ത് വെളിപ്പെടൂ. 'ഇസ്‌ലാം വ്യാപനത്തിന്റെ ഭാവി ഈ അന്വേഷണത്തിലാണ് കുടികൊള്ളുന്നത്' എന്ന് റശീദ് റിദ. നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ ഫിഖ്ഹീ വീക്ഷണങ്ങളെയും വ്യാഖാനങ്ങളെയും തര്‍ക്കവിതര്‍ക്കങ്ങളെയും വകഞ്ഞ് മാറ്റി, ദിവ്യവെളിപാടും പ്രവാചക ചര്യയുമാകുന്ന മൂലസ്രോതസ്സുകളിലെത്താന്‍ കഴിഞ്ഞു എന്നതാണ് മുഹമ്മദ് അബ്ദു, റശീദ് റിദ, ഇബ്‌നുബാദീസ്, ശൈഖ് ഇബ്രാഹീമി എന്നിവരുടെ വിജയം. ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിലെ മുന്‍കാല മഹാരഥന്‍മാര്‍ നല്‍കിയതിന് സമാനമായ സംഭാവനകള്‍ നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുകയും ചെയ്തു. പുതിയ ചരിത്ര പശ്ചാതലത്തില്‍ ദിവ്യവെളിപാടിന്റെ സ്ഥായിയായ മൂല്യങ്ങളെ പ്രകാശിപ്പിക്കുകയായിരുന്നു അവര്‍. ശരീഅത്ത് ഒരു ചരിത്രസന്ധിയിലും സ്തംഭിച്ച് നിന്നുകൂടാ. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങള്‍ മുമ്പില്‍ വെച്ച് ആ ചിരന്തന മൂല്യങ്ങള്‍ക്ക് ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യന്‍ പുതിയ ആവിഷ്‌കാരങ്ങള്‍ നല്‍കേണ്ടതുണ്ട്.
ഇവരുടെ നവോഥാന യത്‌നങ്ങളെക്കുറിച്ച് ഇഖ്ബാല്‍ വീണ്ടും: 'പുതിയ കാലത്തിന്റെയും വൈയക്തികമായ ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തില്‍ ഫിഖ്ഹിന്റെ മൂലാധാരങ്ങളെ പുനഃപരിശോധിക്കണമെന്നാണ് എനിക്ക് തോന്നിയത്. നിരന്തരം മാറ്റത്തിന് വിധേയമാവുന്ന ഒരു പ്രക്രിയായി ജീവിതത്തെ പരിചയെപ്പടുത്തുകയാണ് ഖുര്‍ആന്‍. തീര്‍ച്ചയായും മുന്‍ തലമുറകള്‍ക്ക് പിന്‍തലമുറകള്‍ക്കായി ഒരു പാട്്   ജീവിതപാഠങ്ങള്‍ പകര്‍ന്ന് നല്‍കാനുണ്ടാവും. അതിനര്‍ഥം ഓരോ തലമുറക്കും അവരവരുടെ പ്രശ്്്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവകാശമില്ല എന്നായിപ്പോകരുത്.'
ഒരു പ്രത്യേക ചരിത്രസന്ദര്‍ഭത്തില്‍ രൂപപ്പെട്ട തത്വങ്ങളെയും തീര്‍പ്പുകളെയും അതേപടി ആവര്‍ത്തിച്ച് വായിച്ചുകൊണ്ടേയിരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. മൗലിക സ്രോതസ്സുകളില്‍ നിന്ന് നേരിട്ട് വെളിച്ചം കൊളുത്തിയെടുക്കുക വഴി മുന്‍ഗാമികള്‍ എത്തിപ്പിടിച്ച അതേ ലക്ഷ്യങ്ങള്‍ പുതിയ ചരിത്രസന്ദര്‍ഭങ്ങളില്‍ ഇവരും എത്തിപ്പിടിക്കുകയുണ്ടായി. ഖുസ്തന്‍തീനിയയില്‍ ഇബ്‌നു ബാദീസും അല്‍ജീയേഴ്‌സില്‍ ശൈഖ് ത്വയ്യിബ് അഖ്ബിയും ഹൗറാനിലും തിലിംസാനിലും ശൈഖ് ഇബ്രാഹീമിയും പുതുതലമുറക്ക് പകര്‍ന്ന് നല്‍കിയത് മൂലസ്രോസ്സുകളില്‍ നിന്ന് വീണ്ടടുത്ത ഇസ്‌ലാമിനെയായിരുന്നു. ആ ഇസ്‌ലാമാണ് അള്‍ജീരിയന്‍ വിമോചനപ്പോരാട്ടങ്ങളുടെ ചാലകശക്തിയായി വര്‍ത്തിച്ചത്.
ഇസ്‌ലാമിന്റെ വെളിച്ചത്തില്‍ മാത്രമാണ് അള്‍ജീരിയന്‍ പ്രശ്‌നത്തെ അതിന്റെ എല്ലാ മാനങ്ങളോടും കൂടി നമുക്ക് മനസ്സിലാക്കാനാവുക. കൊളോണിയല്‍ ശക്തികളുടെ അതേ നിയമാവലികള്‍ പിന്തുടര്‍ന്നു കൊണ്ട്, ആ ശക്തികള്‍ക്ക് പകരം  അള്‍ജീരിയക്കാരെ അധികാരസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുക എന്നതായിരുന്നില്ല അള്‍ജീരിയന്‍ വിപഌവത്തിന്റെ ലക്ഷ്യം. അപ്പോള്‍ സ്വാഭാവികമായും കഴിഞ്ഞ 130 വര്‍ഷമായി കൊളോണിയലിസം കൊണ്ട് നടക്കുന്ന മൂല്യങ്ങളില്‍ നിന്ന് തീര്‍ത്തും ഭിന്നമായ ഒരു മൂല്യവ്യവസ്ഥ സമര്‍പ്പിക്കേണ്ടിവരും. അത് ഇസ്‌ലാമിക മൂല്യവ്യവസ്ഥയാകാനേ തരമുള്ളു. അപ്പോള്‍ ജനങ്ങളുടെ ചിന്താഗതികളെ മാറ്റേണ്ടി വരും. നിലനില്‍ക്കുന്ന സ്ഥാപനങ്ങളെയും മാറ്റേണ്ടിവരും. എല്ലാവരും മാറട്ടെ, ഞങ്ങള്‍ മാത്രം മാറില്ല എന്ന ചില കപട വിപ്ലവകാരികളുടെ രീതിയില്‍ നിന്ന് തീര്‍ത്തും ഭിന്നമാണിത്. 'സ്വയം മാറാത്തവരെ അല്ലാഹു മാറ്റുകയില്ല' എന്ന് ഖുര്‍ആന്‍ പറഞ്ഞത് ഇത്തരക്കാരെക്കുറിച്ചാണ്.
ഈ ഖുര്‍ആനിക സത്യം ആഴത്തില്‍ ഉള്‍ക്കൊണ്ടവരായിരുന്നു ഇബ്‌നു ബാദീസും ശൈഖ് ഇബ്രാഹീമിയും. മാറ്റത്തിന് വഴിമരുന്നിടാന്‍ തന്നെയാണ് 1931 ല്‍ അവര്‍ 'പണ്ഡിത കൂട്ടായ്മ' (റാബിത്വത്തുല്‍ ഉലമ) ക്ക് രുപം നല്‍കിയത്. അള്‍ജീരിയന്‍ സ്വത്വത്തെ തേച്ച് മായ്ച്ച് കളയാനുള്ള കൊളോണിയല്‍ ബൗദ്ധികാക്രമണത്തെ ചെറുക്കുക എന്നതായിരുന്നു അതിന്റെ മുന്‍ഗണനകളില്‍ പ്രഥമം. അള്‍ജീരിയന്‍ ബാലനെ അവന്റെ പൈതൃക വേരുകളില്‍നിന്ന്് അറുത്ത് മാറ്റാനായിരുന്നു കൊളോണിയലിസ്റ്റുകളുടെ ശ്രമം. ഇസ്‌ലാമിക ചൈതന്യത്തിന്റെ തെളിച്ചം കെടുത്തുന്ന മുറാബിത്വീ അന്ധവിശ്വാസപ്രചാരണങ്ങളുടെ ഇരുട്ട് മറുവശത്ത്. ഇതിനെതിരെയും ഇസ്‌ലാമിന്റെ പേരില്‍ ഭൂതകാലത്തെ അക്ഷരവായന നടത്തുന്ന രോഗാതുരമായ സകല വിധ ആവിഷ്‌കാരങ്ങള്‍ക്കെതിരെയും കൂടിയായിരുന്നു ആ പരിഷ്‌കര്‍ത്താക്കളുടെ പോരാട്ടം. അതൊരു ഇരട്ട പോരാട്ടമായിരുന്നു. സംസ്്കാരത്തിന്റെയും വികസനത്തിന്റെയും പാശ്ചാത്യ മാതൃകയില്‍ നിന്നും മധ്യയുഗത്തിലേതല്ലാത്ത ഒന്നും സ്വീകരിക്കില്ലെന്ന് പറയുന്ന സമ്പൂര്‍ണ്ണ നിരാകരണത്തില്‍ നിന്നും മോചനം നേടാനുള്ള പോരാട്ടം. ഒന്നിനെയും അന്ധമായി നിരാകരിച്ചില്ല എന്നതാണ് ഈ പരിഷ്‌കര്‍ത്താക്കളുടെ പ്രത്യേകത. പാശ്ചാത്യ ശാസ്ത്രത്തില്‍ നിന്നും ടെക്‌നോളജിയില്‍ നിന്നും വേണ്ടതെല്ലാം അവര്‍ തെരഞ്ഞെടുത്തു; അവയെ ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍.
ഈ പ്രവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ചും ആഴത്തെക്കുറിച്ചും കൊളോണിയലിസ്റ്റുകള്‍ക്ക്് നല്ല ധാരണയുണ്ടായിരുന്നു. അവര്‍ 1940 മാര്‍ച്ചില്‍ ശൈഖ് ഇബ്രാഹീമിയെ വീട്ടുതടങ്കലിലാക്കി. ഇബ്‌നു ബാദീസിന്റെ മരണശേഷം റാബിത്വത്തുല്‍ ഉലമയുടെ പ്രസിഡന്റായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ശൈഖ് ഇബ്രാഹീമി. 1943 ആദ്യത്തില്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിതനായപ്പോള്‍ ഒരൊറ്റ വര്‍ഷം കൊണ്ട് പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 73 വിദ്യാസ്ഥാപനങ്ങളാണ് അദ്ദേഹം നിര്‍മിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ 400 വിദ്യാലയങ്ങള്‍ കൂടി പടുത്തുയര്‍ത്തി. 1945 ല്‍ അദ്ദേഹം വീണ്ടും തടങ്കലിലായി. മോചിപ്പിക്കപ്പെട്ട ഉടന്‍ തന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം അതിവേഗം മുന്നോട്ട് കുതിക്കുകയും ചെയ്തു.

* * *
അള്‍ജീരിയയില്‍ തടവുകാരനായി  കഴിഞ്ഞിരുന്ന ഞാന്‍ വിമോചിതനായതിന് ശേഷം അറബ്-ഇസ്‌ലാമിക സംസ്‌കാരത്തെ അടുത്തറിയാനുള്ള ശ്രമത്തിലായിരുന്നു. 1944ല്‍ തലസ്ഥാനമായ അള്‍ജീയേഴ്‌സില്‍ വെച്ച് പ്രചുര പ്രചാരം നേടിയ ഒരു പുസ്തകം കാണാനിടയായി. 'ഇസ്‌ലാമിക രാഷ്ട്രമീമാംസാ സംഗ്രഹം' എന്നായിരുന്നു അതിന്റെ പേര്. കൊളോണിയല്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന, ക്രൈസ്തവ അധ്യാപനങ്ങള്‍ നിറഞ്ഞ ഒരു കൃതി. അതില്‍ വന്ന ഒരു നിര്‍വചനം ഞാന്‍ വളരെ സൂക്ഷമതയോടെ വായിച്ചു: 'അറേബ്യന്‍ ജ്ഞാനം/ ശാസ്ത്രം എന്നത് മരിച്ച് മണ്ണടിയുകയും പൂര്‍ണമായി ഉപയോഗശൂന്യമാവുകയും ചെയ്ത ഒന്നാണ്. കാലഹരണപ്പെട്ട ഗ്രീക്ക് ഗ്രന്ഥങ്ങളില്‍ നിന്ന് മധ്യയുഗങ്ങളില്‍  ജൂതന്മാരുടെ കൈകളാല്‍ പകര്‍ത്തി എഴുതപ്പെട്ടതായിരുന്നു ആ ജ്ഞാനമത്രയും.' അതേ വര്‍ഷം തന്നെ, 'അറബ് ഇസ്‌ലാമിക നാഗരികതയുടെ ചരിത്രപരമായ പങ്കാളിത്ത'ത്തെക്കുറിച്ച് ഞാനൊരു കൃതി രചിച്ചു. ആ പുസ്തകത്തിന്റെ അറബി പരിഭാഷ 25 വര്‍ഷങ്ങള്‍ക്ക് ശേഷം(1969ല്‍) ഞാന്‍ അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുന്നാസറിന്റെ കൈയില്‍ കണ്ടു. ഈജിപ്തിലേക്ക് എന്നെ സ്വാഗതം ചെയ്തുകൊണ്ട് നാസര്‍ പറഞ്ഞു: 'ഈ ചെറിയ പുസ്തകത്തിലൂടെ വളരെക്കാലമായി ഞാന്‍ താങ്കളെ അറിഞ്ഞിട്ടുണ്ട്.'
ഈ പുസ്തകം കൈപുറ്റ അനുഭവങ്ങളെയും ഓര്‍മയില്‍ കൊണ്ട് വരുന്നു. തുനീഷ്യന്‍ തലസ്ഥാനമായ തൂനിസ് നഗരത്തില്‍ പുതിയൊരു സര്‍വകലാശാല സ്ഥാപിക്കുന്നതോടനുബന്ധിച്ച് 1944ല്‍ ഒരു സമ്മേളനം സംഘടിപ്പിക്കപ്പെട്ടിരുന്നു, 'ലോകനാഗരികതക്ക് അറബ്-ഇസ്‌ലാമിക നാഗരികതയുടെ സംഭാവന' എന്ന വിഷയത്തില്‍. സമ്മേളനം കഴിഞ്ഞ് അടുത്ത ദിവസം പുറപ്പെടാനിരിക്കുമ്പോള്‍, ഹോട്ടലിന് മുമ്പില്‍ അതാ കുറച്ച് പോലീസുകാര്‍. അവരെന്നെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി. ഹൈകമിഷണര്‍ ജനറല്‍ മാസ്റ്റ് എന്നെ അള്‍ജിയേഴ്‌സിലേക്ക് നാട് കടത്താന്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. 'ഫ്രാന്‍സിന് അപമാനകരമായ പരാമര്‍ശങ്ങള്‍' നടത്തി എന്നതായിരുന്നു ചാര്‍ത്തപ്പെട്ട കുറ്റം. ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവം ക്രി. 732ലെ പോറ്റിയേ(Poiters) യുദ്ധം ആണെന്നും അന്നാണ് ഫ്രഞ്ച് ബര്‍ബറിസത്തിന് മുമ്പില്‍ അറബ് നാഗരികതക്ക് പിന്‍വാങ്ങേണ്ടി വന്നതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ടത്രെ. ഞാന്‍ ചിരിച്ച് ചിരിച്ച് എന്റെ ഓഫീസില്‍ കുഴഞ്ഞിരുന്നു പോയി. അനത്തൊലി ഫ്രാന്‍സ്(Anatole France) പറഞ്ഞ വാക്കുകളാണ് എന്റെ തലയില്‍ കെട്ടിവെച്ചിരിക്കുന്നത്!
* * *
അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരിക്കെ 'വിദ്യാഭ്യാസ ഏടുകള്‍' എന്ന പേരില്‍ ഞാന്‍ ചില കൂറിപ്പുകള്‍ തയാറാക്കിയിരുന്നു. ആ തലക്കെട്ട് കടുത്ത പരിഹാസം ദ്യോതിപ്പിക്കുന്നതായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചൊന്നുമായിരുന്നില്ല അതില്‍ പറഞ്ഞിരുന്നത്. ഫ്രഞ്ച് കൊളോണിയല്‍ തമ്പുരാക്കന്‍മാരായിരുന്ന ബൂസ്വോ, മാര്‍ഷല്‍ സാന്‍ടി ആര്‍നോ, കാവേക്ക് തുടങ്ങിയവരുടെ എഴുത്തുകുത്തുകളും ഓര്‍മക്കുറിപ്പുകളുമാണ് ഞാന്‍ ആ കുറിപ്പില്‍ എടുത്ത് ചേര്‍ത്തിരുന്നത്. അള്‍ജീരിയ ജയിച്ചടക്കാനുള്ള ശ്രമത്തില്‍ തങ്ങള്‍ എങ്ങനെ യുദ്ധക്കുറ്റവാളികളായി എന്ന് അവര്‍ സ്വയം വെളിപ്പെടുത്തുകയായിരുന്നു അതിലൂടെ.
ബൂസ്വോ ഹൈക്കമ്മീഷണര്‍മാര്‍ക്ക് മുമ്പില്‍ എഴുതി സമര്‍പ്പിച്ചത്(1840 മെയ് 14) ഇങ്ങനെയായിരുന്നു: 'ആഫ്രിക്കയില്‍ ഒരു സമ്പൂര്‍ണ യുദ്ധം തന്നെയാണ് വേണ്ടത്....അതിന്റെ ജലസ്രോതസ്സുകളും ഫലഭൂയീഷ്ടമായ മണ്ണുമെല്ലാം കീഴ്‌പ്പെടുത്തി സ്വന്തമാക്കേണ്ടതുണ്ട്. അവിടത്തെ നിവാസികള്‍ ആരാണെന്ന് തരിമ്പും നാം ശ്രദ്ധിക്കേണ്ടതില്ല.'
മാര്‍ഷല്‍ ആര്‍നോ എഴുതിയത് ഇങ്ങനെ: 'ദീര്‍ഘിച്ച ദൂരം പിന്നിട്ടാണ് ഞാന്‍ വരുന്നത്. അതിനിടക്ക് കണ്ട മൂഴുവന്‍ ഗ്രാമങ്ങളും ഞാന്‍ നശിപ്പിച്ചു. അവ ഏകദേശം ഇരുനൂറ് ഗ്രാമങ്ങളെങ്കിലും വരും. പിന്നെ സകല തോട്ടങ്ങളും നശിപ്പിച്ചു. സൈത്തൂന്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചു'(1851, മെയ്). തന്റെ 'പോരാളിയുടെ കത്തുകളില്‍' കേണല്‍ മോണ്‍തിയാക് എഴുതി: 'ഞങ്ങള്‍ ശത്രുവിനെ ആട്ടിയോടിച്ചു. സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും ബാര്‍ലി ഗോതമ്പാദി ധാന്യങ്ങളെയും ഞങ്ങള്‍ സ്വന്തമാക്കി.'(1842, ജനുവരി 19). 'തടവുകാരുടെ മുറിച്ചെടുത്ത ബാരല്‍ കണക്കിന് ചെവികള്‍ കൊണ്ട് വന്നതിനെ'ക്കുറിച്ചും 'അവരുടെ സ്ത്രീകളെ കവര്‍ന്നെടുത്തതിനെ'ക്കുറിച്ചും മാര്‍ഷല്‍ ആര്‍നോ എഴുതിയിട്ടുണ്ട്്.
ഇതൊക്കെയാണ് 'വിദ്യാഭ്യാസ ഏടുകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്്. അവയുടെ ആയിരക്കണക്കിന് കോപ്പികള്‍ വിദ്യാലയങ്ങളില്‍ വിതരണം ചെയ്യാനും സാധിച്ചു. ഉടനെത്തന്നെ അവ അധികാരികള്‍ കണ്ട്‌കെട്ടി. അള്‍ജീരിയ വിമോചിതമായതിന് ശേഷം, 'സംസ്‌കാരങ്ങളുടെ സംവാദം: പടിഞ്ഞാറാണ് ഭീഷണി' എന്ന എന്റെ ഗ്രന്ഥത്തില്‍ ഞാനീ കുറിപ്പുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്്.
വിവ: അശ്‌റഫ് കീഴുപറമ്പ്

('ഇസ്‌ലാമും 21-ാം നൂറ്റാണ്ടും: മുസ്‌ലിം നവോത്ഥാനത്തിന്റെ ഉപാധികള്‍' എന്ന കൃതിയുടെ ആമുഖത്തില്‍നിന്ന്)

© Bodhanam Quarterly. All Rights Reserved

Back to Top