ഇസ്‌ലാമിക ദര്‍ശനത്തിന്റെ മൂലശില

ശമീര്‍ബാബു കൊടുവള്ളി‌‌
img

''ദൈവമല്ലാതെ മറ്റൊരു ആരാധ്യനില്ല(മഅ്ബൂദ്), മുഹമ്മദ്(സ) ദൈവത്തിന്റെ ദൂതനാകുന്നു'' ഈ ആദര്‍ശമാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിത്തറ. ഇതിന്മേലാണ് ഇസ്‌ലാമിന്റെ മുഴുവന്‍ കാര്യങ്ങളും നിലകൊള്ളുന്നത്. അതിന്റെ പ്രപഞ്ചവീക്ഷണം, ദൈവശാസ്ത്രം, വിശ്വാസസംഹിത, രാഷ്ട്രമീമാംസ, ചരിത്രം, വിദ്യാഭ്യാസം.... എന്നിങ്ങനെ ഓരോന്നും ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നു.
വര്‍ത്തമാനകാല മുസ്‌ലിംകള്‍ ആദര്‍ശത്തെക്കുറിച്ച് അജ്ഞതയിലാണ്. മുസ്‌ലിം ഉമ്മത്തിന്റെ പ്രഥമതലമുറ ആദര്‍ശവും അതിന്റെ തേട്ടങ്ങളും നല്ലവണ്ണം ഗ്രഹിക്കുകയും അവ നിലനിര്‍ത്തിപോരുകയും ചെയ്തിരുന്നു. എന്നാല്‍ പിന്‍കാല തലമുറകള്‍ അ.....ത്തില്‍ പരതുകയായിരുന്നു. വിശിഷ്യ, യൂറോപ്യന്‍ നവോത്ഥാനത്തിനുശേഷം വന്ന മുസ്‌ലിംകള്‍. മുസ്‌ലിംകള്‍ക്ക് ഈ സ്ഥിതിവിശേഷം സംജാതമാവാന്‍ കാരണങ്ങളുണ്ടായിരുന്നു. അറബിസാഹിത്യത്തിലുള്ള ഉമ്മത്തിന്റെ അറിവില്ലായ്മ, വിശുദ്ധ വേദത്തോടും തിരുചര്യയോടുമുള്ള നിഷേധമനോഭാവം, ഗവേഷണ(ഇജ്തിഹാദ്)ത്തിന്റെ അഭാവംമൂലം ഉണ്ടായ ചിന്താമുരടിപ്പ്, നാസ്തികവാദത്തിന്റെ രംഗപ്രവേശം, മുസ്‌ലിംനാടുകളുടെ കോളനിവല്‍ക്കരണം തുടങ്ങിയവ അവയില്‍ ചിലതാണ്.
ആദര്‍ശവും അതിന്റെ ഉള്ളടക്കവും സാമാന്യമായി ഗ്രഹിക്കല്‍ ഓരോ മുസ്‌ലിമിന്റെയും കര്‍ത്തവ്യമാണ്. ''പ്രവാചരേ അറിയുക: അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്ന്....'' (മുഹമ്മദ്: 19). പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി: ''അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്ന അറിവോടെ മരണംവരിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു'' (മുസ്‌ലിം). ഇസ്‌ലാമിനെ പഠിക്കാന്‍ വന്ന റബീഅ ഗോത്രത്തിന് പ്രവാചകന്‍ നല്‍കുന്ന പ്രഥമപാഠവും യമനിലേക്ക് നിയോഗിതനായ മുആദ്(റ) യമനികളെ ക്ഷണിക്കേണ്ട പ്രഥമകാര്യവും ആദര്‍ശ സംബന്ധിയായിരുന്നു. പ്രാഥമികമായി ഒരു മുസ്‌ലിം നേടേണ്ട വിജ്ഞാനം ആദര്‍ശമാണെന്ന് പൂര്‍വസൂരികളായ ഇസ്‌ലാമിക ദാര്‍ശനികന്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്താണ്, എന്തല്ല ആദര്‍ശം
ഇസ്‌ലാമിക ദര്‍ശനത്തിന്റെ ആദര്‍ശം ''ലാഇലാഹ ഇല്ലല്ലാഹ്'' എന്ന വചനമാണെന്ന് വിശുദ്ധവേദവും തിരുചര്യയും ഒരുപോലെ വ്യക്തമാക്കുന്നുണ്ട്: 'അവനല്ലാതെ ദൈവമില്ലെന്ന് അല്ലാഹു സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്നു. അജയ്യനും അഭിജ്ഞനുമായ അവനല്ലാതെ സത്യത്തില്‍ ഒരു ദൈവവുമില്ലെന്ന് മാലാഖമാരും ജ്ഞാനികളും നീതിപൂര്‍വം സാക്ഷ്യം വഹിച്ചിരിക്കുന്നു'' (ആലുഇംറാന്‍: 18). പ്രവാചകന്‍ അരുളി: ''ഇസ്‌ലാം അഞ്ച് തത്വങ്ങളില്‍ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക,... എന്നിവയാണവ'' (ബുഖാരി). 'വിശ്വാസം എഴുപതില്‍-അറുപതെന്നും- അധികം ശാഖകളാകുന്നു. ലാഇലാഹ ഇല്ലല്ലാഹ് ഉദ്‌ഘോഷിക്കലാണ് അതില്‍ ഏറ്റവും ശ്രേഷ്ഠം....'' (മുസ്‌ലിം)
ആദര്‍ശം ഒരേസമയം ക്രിയാത്മകവും നിഷേധാത്മകവുമായ രണ്ട് സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതിന്റെ ക്രിയാത്മകമായ സ്വഭാവം ഇതാണ്: ദിവ്യത്വം ഉള്‍ചേര്‍ന്ന അസ്തിത്വവും അഖിലലോകത്തിന്റെ സ്രഷ്ടാവും രക്ഷിതാവും നിയന്ത്രകനും ഉടമസ്ഥനും സര്‍വാധിപതിയും പരമാധികാരിയും പ്രകൃതി-സാന്മാര്‍ഗിക വിധികര്‍ത്താവും ഏകനായ അല്ലാഹു മാത്രമാണ്. ആ അല്ലാഹുവിനെ സാക്ഷാല്‍ ദൈവമായി അംഗീകരിക്കുകയും അവനില്‍ വിശ്വസിക്കുകയും ഇബാദത്ത്(ആരാധന, അടിമത്തം, അനുസരണം) അവനു മാത്രമാക്കുകയും ചെയ്യുക. വിശുദ്ധവേദം പറയുന്നു: ''താങ്കള്‍ക്കുമുമ്പ് ഏതൊരു ദൂതനെയും നാം നിയോഗിച്ചിട്ടുള്ളത്, 'ഞാനല്ലാതെ മറ്റൊരു ദൈവമില്ല. അതിനാല്‍ എനിക്കുമാത്രം ഇബാദത്ത് ചെയ്യണം' എന്നു ദിവ്യബോധനം നല്‍കിക്കൊണ്ടു മാത്രമാകുന്നു'' (അല്‍അമ്പിയാഅ്: 25)
ജീവിതത്തിന്റെ പരമമായ മാനദണ്ഡം അല്ലാഹു മാത്രമാകല്‍, ഇബാദത്തിന്റെ പൂര്‍ണതയില്‍ പെട്ടതാണ്. ദിവ്യത്വത്തിന്റെ സകലരൂപങ്ങളാലും പ്രചോദിതമായ അല്ലാഹുവിന്റെ സത്തയിലും അവന്റെ കഴിവുകളിലും വിശേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും അടിയുറപ്പോടെ വിശ്വസിക്കുക; അല്ലാഹുവിനെ കൈകാര്യകര്‍ത്താവും ആവശ്യങ്ങള്‍ നിറവേറ്റുന്നവനും ബുദ്ധിമുട്ടുകള്‍ തീര്‍ക്കുന്നവനും സഹായിയുമായി അംഗീകരിക്കുക, ഏതൊന്നിനും അല്ലാഹുവിനെ മാത്രം അവലംബിക്കുകയും സകലവിധ പ്രതീക്ഷകളും അവനില്‍ അര്‍പ്പിക്കുകയും ചെയ്യുക; അല്ലാഹുവിനെ ഭയപ്പെടുകയും അവനോട് ഭയഭക്തി പുലര്‍ത്തുകയും അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യുക; മുഴുജീവിതവും പ്രവാചകന്‍ മുഹമ്മദ്(സ) മുഖേന അല്ലാഹു മാനുഷികതത്തിന് നിര്‍ദേശിച്ച സന്മാര്‍ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തുക.
ആദര്‍ശത്തിന്റെ നിഷേധാത്മകമായ സ്വഭാവം താഴെപറയുന്നവയാണ്. അല്ലാഹുവിനെ കൂടാതെ ദിവ്യത്വമുടയവനും പ്രപഞ്ചത്തിന് സ്രഷ്ടാവും രക്ഷിതാവും നിയന്ത്രകനും ഉടമസ്ഥനും സര്‍വാധികാരിയും പരമാധികാരിയും പ്രകൃതി-സാന്മാര്‍ഗിക വിധികര്‍ത്താവും ഉണ്ടെന്ന് വിശ്വസിക്കാതിരിക്കുക. ഇങ്ങനെ ചെയ്യുന്നപക്ഷം അത് ശിര്‍ക്കാ(ബഹുദൈവത്വവാദം)യി മാറും. ശിര്‍ക്കിന് വ്യത്യസ്തരൂപങ്ങളുണ്ട്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ദിവ്യത്വം മറ്റൊരസ്തിത്വത്തില്‍ ആരോപിക്കുക, അവന്റെ കഴിവുകളും വിശേഷണങ്ങളും പ്രവര്‍ത്തനങ്ങളും ഇതരര്‍ക്ക് ചാര്‍ത്തിക്കൊടുക്കുക, വിഗ്രഹാരാധനപോലുള്ളവ നടത്തുക, പ്രപഞ്ചത്തിന് ഒന്നിലേറെ ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കുക, പിശാചിന് അടിപ്പെട്ട് സ്വേഛയെ ജീവിതത്തിന്റെ പരമമായ മാനദണ്ഡമാക്കുക, സ്രഷ്ടാവിനെ ഉപേക്ഷിച്ച് സൃഷ്ടിയുടെ വിധിവിലക്കുകള്‍ അനുസരിക്കുക തുടങ്ങിയവ ബഹുദൈവത്വത്തിന്റെ ചിലരൂപങ്ങളാണ്. ബഹുദൈവ വിശ്വാസത്തിന്റെ എല്ലാ രൂപങ്ങളും കൈവെടിയണം.
ആദര്‍ശത്തിന്റെ പ്രധാനപ്പെട്ട മൂന്ന് താല്‍പര്യങ്ങള്‍
ആദര്‍ശത്തിന്റെ പ്രധാനപ്പെട്ട മൂന്ന് തേട്ടങ്ങളാണ് അല്ലാഹുവിന്റെ സൃഷ്ടിപ്രതിഭാസവും (‡Ç²dƒN) ഉടമത്തരവും(‡Çµdƒg) വിധികര്‍തൃത്വാവകാശവും(‡ÇµdƒM) ഇവ മൂന്നും അഭേദ്യമായ ബന്ധം പുലര്‍ത്തുന്നവയും ഒരു നിലക്കും ഒഴിവാക്കാനാവാത്തതുമാണ്.
ഈ പ്രപഞ്ചവും അതിലെ ചരാചരങ്ങളും സ്വയംഭൂവല്ല. സ്വയം ഒരു വസ്തു രൂപപ്പെടുകയെന്നത് യുക്തിവിരുദ്ധവും അചിന്തനീയവുമാണ്. ഒരു നദിയില്‍ ഒരു കപ്പല്‍ സ്വയമുണ്ടാവുകയും സ്വയം ചരക്കുകള്‍ കയറ്റുകയും ഓടിക്കുകയും ശേഷം മറ്റൊരു തുറമുഖത്ത് നങ്കൂരമിടുകയും ചരക്കുകള്‍ ഇറക്കുകയും പഴയ തുറമുഖത്തേക്ക് തിരികെ വരികയും ചെയ്യുകയെന്നത് എത്രത്തോളം അസംബന്ധമാണോ അതിനേക്കാള്‍ വലിയ അസംബന്ധമാണ് പ്രപഞ്ചം സ്വയമുണ്ടായി എന്ന വാദം. ഈ പ്രപഞ്ചവും മറ്റും അല്ലാഹു സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. അഥവാ അല്ലാഹു അവനൊഴികെയുള്ള അഖിലലോകത്തിന്റെയും സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവാണ്. ''വാനഭുവനങ്ങളെ മൗലികമായി ആവിഷ്‌കരിച്ചവനാകുന്നു അവന്‍. അവനെങ്ങനെയാണൊരു പുത്രനുണ്ടാകുന്നത്- ജീവിതസഖിതന്നെ ഇല്ലാതിരിക്കെ? അവന്‍ സകലവസ്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നു. അവന്‍ സകലസംഗതികളും അറിയുകയും ചെയ്യുന്നു. അവനാകുന്നു നിങ്ങളുടെ റബ്ബായ അല്ലാഹു. അവല്ലാതൊരു ദൈവവുമില്ല- സകലവസ്തുക്കളുടെയും സ്രഷ്ടാവായിട്ടുള്ളവന്‍. അതിനാല്‍ നിങ്ങള്‍ അവന് ഇബാദത്ത് ചെയ്യുവിന്‍. അവന്‍ സകല കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു'' (അല്‍അന്‍ആം: 101,102).
മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയാകും ദൈവത്തിന്റെ സൃഷ്ടിവൈഭവം ബോധ്യമാവാന്‍. മര്‍ത്യനെ വിശിഷ്ടമായ ഘടനയിലാണ് അല്ലാഹു ആവിഷ്‌കരിച്ചിരിക്കുന്നത്. കൈക്കുറ്റ പാടുകള്‍ ഒട്ടും അവശേഷിക്കുന്നില്ല. ഓരോ അവയവത്തിനും കൃത്യമായ സ്ഥാനം നിര്‍ണയിക്കുകയും അവിടെ അവ ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു. കണ്ണിന്റെ സ്ഥാനത്ത് കണ്ണ്, മൂക്കിന്റെ സ്ഥാനത്ത് മൂക്ക്....'' അവനോ, സൃഷ്ടിച്ചു, ഏറ്റപ്പറ്റുകള്‍ തീര്‍ത്ത് ശരിപ്പെടുത്തി, സന്തുലിതമാക്കി, അവനുദ്ദേശിച്ച അതേ രൂപത്തില്‍ തന്നെ ഘടിപ്പിച്ചു'' (അല്‍ ഇന്‍ഫിത്വാര്‍: 7,8). മനുഷ്യനെ കളിമണ്ണില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ ജീവചൈതന്യം നിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു: അവന്‍ മനുഷ്യസൃഷ്ടി കളിമണ്ണില്‍നിന്ന് തുടങ്ങി. പിന്നെ അവന്റെ വംശാവലിയെ മ്ലേഛദ്രാവകം പോലുള്ള ഒരു സത്തില്‍നിന്നുളവാക്കി. എന്നിട്ട് അവനെ സന്തുലിതമാക്കി ശരിപ്പെടുത്തുകയും അതില്‍ അവങ്കല്‍നിന്നുള്ള ജീവന്‍ ഊതുകയും ചെയ്തു'' (അസ്സജദ: 7-9). ഘട്ടം ഘട്ടമായാണ് മനുഷ്യന്റെ വളര്‍ച്ചയും പുരോഗതിയും.'' മനുഷ്യനെ നാം മണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്‌കണമായി പരിവര്‍ത്തിച്ചു. പിന്നീട് ആ രേതസ്‌കണത്തെ ഒട്ടുന്ന പിണ്ഡമാക്കി. അനന്തരം ആ പിണ്ഡത്തെ മാംസമാക്കി. പിന്നെ മാംസത്തെ അസ്ഥികളാക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. അല്ലാഹു വളരെ അനുഗ്രഹമുടയവന്‍ തന്നെ. നിര്‍മാണകരിലേറ്റം നിപുണനായ നിര്‍മാണകന്‍'' (അല്‍മുഅ്മിനൂന്‍: 12-4).
പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയിലും നിശ്ചിതമായ ഐക്യവും ലക്ഷ്യവും നിലനില്‍ക്കുന്നുണ്ട്. ദൈവകബോധത്താല്‍ പ്രചോദിതമാണ് സകലസൃഷ്ടികളും. അതിനാലാണ് അവ സ്വമേധയാലോ നിര്‍ബന്ധിതമായോ ദൈവത്തെ പ്രകീര്‍ത്തിക്കുകയും കീഴ്‌വണങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതാണ് സൃഷ്ടിയിലെ ഐക്യം. എല്ലാ സൃഷ്ടികളും ജനനത്തിനും മരണത്തിനും വിധേയവും ദൈവത്തിലേക്ക് മടങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതാണ് സൃഷ്ടികളില്‍ കാണപ്പെടുന്ന ലക്ഷ്യം.
അല്ലാഹു മനുഷ്യന്റെ സ്രഷ്ടാവ് മാത്രമല്ല, ഉടമസ്ഥന്‍ കൂടിയാണ്. സൃഷ്ടിപ്പിനുള്ള അവകാശം ആര്‍ക്കാണോ അവനുമാത്രമേ ഉടമസ്ഥതയുടെ അവകാശവുമുള്ളൂ. മനുഷ്യനിലുള്ള അല്ലാഹുവിന്റെ ഉടമസ്ഥാവകാശം സമ്പൂര്‍ണവും പരമവുമാണ്. അറബിഭാഷയില്‍ ഉടമസ്ഥന് വേണ്ടി പ്രയോഗിക്കുന്ന 'മില്‍കിയ്യത്ത്' എന്ന പദം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. n¶n¸ne എന്നാല്‍ കൈവശപ്പെടുത്തി, ഉടമപ്പെടുത്തി, അധികാരം സ്ഥാപിച്ചു ആധിപത്യം ചെലുത്തി എന്നൊക്കെയാണ്. ഈ പദം ഒരു വസ്തുവിനോട് ചേരുമ്പോള്‍ നിയന്ത്രിച്ചുവെന്നും അധികാരം സ്ഥാപിച്ചുവെന്നും സമുദായത്തോടും വ്യക്തികളോടും ചേരുമ്പോള്‍ കീഴ്‌പെടുത്തി അധികാരം സ്ഥാപിച്ചുവെന്നും സ്വന്തത്തോട് ചേരുമ്പോള്‍ ആത്മനിയന്ത്രണം പാലിച്ചുവെന്നും സ്ത്രീയോടാവുമ്പോള്‍ വിവാഹം കഴിച്ചുവെന്നും അര്‍ഥം ലഭിക്കും. ഒരു അസ്തിത്വത്തിന് മറ്റൊന്നിനുമേലുള്ള സമ്പൂര്‍ണമായ അധികാരത്തെയും ഉടമസ്ഥതയെയുമാണ് മൊത്തത്തില്‍ ഈ പദം കുറിക്കുന്നത്.
മനുഷ്യന്‍, അവന്റെ മനസ്, ആത്മാവ്, മസ്തിഷ്‌കം, ശരീരം, അവയവങ്ങള്‍, ജനനം, മരണം തുടങ്ങി എല്ലാറ്റിന്മേലും അല്ലാഹുവിന് സമ്പൂര്‍ണമായ ഉടമസ്ഥാവകാശം ഉണ്ട്. ഒരെ..... ജീവനില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. പിന്നെ ആ ജീവനില്‍നിന്ന് തന്നെ അതിന്റെ ഇണയെ ഉണ്ടാക്കി. നിങ്ങള്‍ക്ക് വേണ്ടി കാലികളില്‍നിന്ന് എട്ട് ഇണകളെ സൃഷ്ടിച്ചു. അവന്‍ മാ.... ഉദരങ്ങളില്‍ നിന്ന് ഇരുട്ടുകള്‍ക്കുള്ളില്‍ നിങ്ങളെ ഒന്നിനു പിറകെ ഒന്നായി രൂപപരിണാമം ചെയ്‌തെടുക്കുന്നു: ഇതൊക്കെയും ചെയ്യുന്ന അല്ലാഹുവാകുന്നു നിങ്ങളുടെ റബ്ബ്. ആധിപത്യം അവനു മാത്രമുള്ളതാകുന്നു. അവനല്ലാതെ ദൈവമേതുമില്ല എന്നിരിക്കെ അങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് (അസ്സുമര്‍: 6). അല്ലാഹു ആകാശഭൂമികളുടെ ആധിപത്യത്തിനുടവനാകുന്നു. അവനിഛിക്കുന്നതെന്തും സൃഷ്ടിക്കുന്നു. ഇഛിക്കുന്നവര്‍ക്ക് പെണ്‍മക്കളെ സമ്മാനിക്കുന്നു. ഇഛിക്കുന്നവര്‍ക്ക് ആണ്‍മക്കളെ സമ്മാനിക്കുന്നു. അവനിഛിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒന്നിച്ചുകൊടുക്കുന്നു. ഇഛിക്കുന്നവരെ വന്ധ്യന്മാരാക്കുന്നു. അവന്‍ ഒക്കെയും അറിയുന്നവനും എന്തിനും കഴിവുള്ളവനുമല്ലോ (അശ്ശൂറാ: 49,50). ''അവരോട് ചോദിക്കുക: 'ആകാശ ഭൂമികളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാകുന്നു? ഈ കാതും കണ്ണുമൊക്കെ ആരുടെ അധീനത്തിലാകുന്നു? മൃതവസ്തുക്കളില്‍നിന്ന് സജീവവസ്തുക്കളെയും സജീവ വസ്തുക്കളില്‍നിന്ന് മൃതവസ്തുക്കളെയും ഉദ്പാദിപ്പിക്കുന്നവനാരാകുന്നു? തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന് ചോദിക്കുക: എന്നിട്ടും നിങ്ങള്‍ സൃഷ്ടിക്കുന്നതെന്ത്? (യൂനുസ്: 31). ദൈവേതരശക്തികള്‍ക്ക് സമ്പൂര്‍ണ ഉടമസ്ഥത അവകാശപ്പെടാവതല്ല. അകാശഭൂമികളുടെ പരമാധിപത്യം അവന്റേതാകുന്നു. അവന്‍ ആരെയും പുത്രനായി വരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് യാതൊരു പങ്കാളിയുമില്ല. സകലവസ്തുക്കളെയും അവന്‍ സൃഷ്ടിക്കുകയും അവയ്ക്ക് കൃത്യമായ പരിണാമം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. ഈ ജനം അവനെ വെടിഞ്ഞ് ഇതരദൈവങ്ങളെ വരിച്ചു. അവരോ യാതൊന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാകുന്നു. തങ്ങള്‍ക്കു വല്ല ഗുണമോ ദോഷമോ ചെയ്യാനുള്ള അധികാരവും അവയ്ക്കില്ല. മരണമേകാനോ ജീവിതമേകാനോ, മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനോ ഒന്നും കഴിവുമില്ല'' (അല്‍ഫുര്‍ഖാന്‍: 2,3).
മനുഷ്യശരീരത്തിലുള്ള ദൈവത്തിന്റെ ഉടമസ്ഥത നിരാകരിക്കുന്നുവെന്നതാണ് ഉത്തരാധുനിക യുഗത്തിന്റെ പ്രധാനപ്പെട്ട ഒരു സവിശേഷത. തന്റെ ശരീരത്തില്‍ താന്‍ ഉദ്ദേശിക്കുന്നതെന്തോ അവ പ്രാവര്‍ത്തികമാക്കാനുള്ള അവകാശമുണ്ടെന്നാണ് ഉത്തരാധുനികര്‍ വിശ്വസിച്ചുകൊണ്ടിരിക്കുന്നത്. ഈ വാദത്തിന്റെ അടിത്തറയിലാണ് വഴിവിട്ട സൗന്ദര്യശസ്ത്രക്രിയകളും ശരീര രൂപാന്തരീകരണങ്ങളും കുത്തഴിഞ്ഞ ലൈംഗിക ആഭാസത്തരങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
അല്ലാഹു മനുഷ്യന്റെ സ്രഷ്ടാവും ഉടമസ്ഥനും മാത്രമല്ല, വിധികര്‍ത്താവുകൂടിയാണ്. മനുഷ്യവര്‍ഗം ഭൂമിയില്‍ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കരുതെന്നും നിശ്ചയിക്കാനും തീരുമാനിക്കാനുമുള്ള അല്ലാഹുവിന്റെ പരമാധികാരമെന്ന് ഹാക്കിമിയ്യത്തിന്റെ(വിധികര്‍തൃത്വാവകാശം) അടിസ്ഥാനം. ഭൂമിയില്‍ സുഖകരമായ ജീവിതത്തിന് ഒരു സന്മാര്‍ഗദര്‍ശകനും അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. അതില്‍ മനുഷ്യജീവിതത്തിനാവശ്യമായ, അടുക്കള മുതല്‍ കോടതിവരെയുള്ള കാര്യങ്ങള്‍ക്ക് വിധി. വിലക്കുകളും നിയമ-നിര്‍ദേശങ്ങളും ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത സന്മാര്‍ഗത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ തന്റെ മുഴുജീവിതവും പടുത്തുയര്‍ത്തേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''വിധികര്‍തൃത്വം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. അവനെ കൂടാതെ മറ്റാര്‍ക്കും നിങ്ങള്‍ ഇബാദത്ത് ചെയ്യരുതെന്നും അവന്‍ കല്‍പിച്ചിരിക്കുന്നു. അതാണ് ചൊവ്വായ ജീവിതമാര്‍ഗം. പക്ഷേ, അധികജനവും അറിയുന്നില്ല'' (യൂനുസ്: 40). ''അവനാകുന്നു ഏകനായ അല്ലാഹു. അവനെക്കൂടാതെ ഇബാദത്തിനര്‍ഹനായി ആരുമില്ല. സ്‌തോത്രം അവനു മാത്രമുള്ളതാകുന്നു, ഇഹത്തിലും പരത്തിലും വിധികര്‍തൃത്വവും അവനുമാത്രമുള്ളതാകുന്നു. നിങ്ങളെല്ലാവരും അവങ്കലേക്ക് തന്നെ തിരിച്ചയക്കപ്പെടുവന്നവരത്രെ'' (അല്‍ഖസ്വസ്: 70). ക്രൈസ്തവരും ജൂതരും പണ്ഡിത-പുരോഹിത വര്‍ഗത്തെ വിധികര്‍തൃത്വത്തിന്റെ അടിസ്ഥാനമായി ഗണിച്ചതിനെ വിശുദ്ധവേദം നിശിതമായി വിമര്‍ശിക്കുന്നുണ്ട്: ''അവന്‍ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനെ കൂടാതെയുള്ള റബ്ബുകളായി വരിച്ചു. അപ്രകാരം തന്നെ മര്‍യമിന്റെ പുത്രന്‍ ഈസയെയും. അവരോ, ഒറ്റ ദൈവത്തിന് മാത്രമല്ലാതെ ഇബാദത്ത് ചെയ്യാന്‍. കല്‍പിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇബാദത്തിന് അര്‍ഹനായിട്ട് അവനല്ലാതെ ആരുമില്ല തന്നെ. ഇക്കൂട്ടര്‍ ആരോപിക്കുന്ന ബഹുത്വത്തില്‍നിന്ന് എത്രയോ വിശുദ്ധനത്രെ അവന്‍'' (തൗബ: 30). ക്രിസ്ത്യാനിയായിരുന്ന അദിയ്യുബ്‌നു ഹാത്വിം നബി(സ)യെ സമീപിച്ചപ്പോള്‍ തിരുമേനി ഈ സൂക്തം പാരായണം ചെയ്യുന്നതു കേട്ടു. 'ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ലല്ലോ' എന്നു അദിയ്യ് അന്വേഷിച്ചപ്പോള്‍ തിരുമേനി പ്രതിവചിച്ചു: അല്ലാഹു ഹലാലാക്കിയതിനെ അവന്‍ ഹറാമാക്കിയപ്പോള്‍ നിങ്ങളും ഹറാമാക്കിയില്ലേ? അല്ലാഹു ഹറാമാക്കിയതിനെ അവര്‍ ഹലാലാക്കിയപ്പോള്‍ നിങ്ങളും ഹലാലാക്കിയില്ലേ?' അദിയ്യ് പറഞ്ഞു: അതെ, അതുണ്ടായിട്ടുണ്ട്.' അപ്പോള്‍ തിരുമേനി പറഞ്ഞു: 'അതാണ് അവര്‍ക്കുള്ള ഇബാദത്ത്' (തിര്‍മിദി, അഹ്മദ്).
മനുഷ്യവര്‍ഗത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയാണ് മനുഷ്യജീവിതത്തിനാവശ്യമായ വിധിവിലക്കുകള്‍ ദൈവം നിശ്ചയിച്ചത്. ദൈവിക ശരീഅത്ത് മനുഷ്യശരീരം, ബുദ്ധി, വിശ്വാസം, ആദര്‍ശം തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു. ഒരുദാഹരണം വഴി ഈ വസ്തുത ഗ്രഹിക്കാനാവും. ഒരു കമ്പനി ഒരിനം കാര്‍ കമ്പോളത്തിലിറക്കുന്നുവെന്ന് കരുതുക. പ്രസ്തുത കാറിന്റെ നിര്‍മാണപ്രക്രിയയെക്കുറിച്ച് സമ്പൂര്‍ണവും കൃത്യവുമായ അറിവ് കമ്പനിക്കായിരിക്കും ഉണ്ടായിരിക്കുക. അതുപോലെ കാറിന്റെ ഉടമസ്ഥാവകാശം കമ്പനിയില്‍ മാത്രം നിക്ഷിപ്തമായിരിക്കും. അപ്രകാരംതന്നെ, കാര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ചെയ്യരുതെന്നും നിര്‍ദേശിക്കുന്ന നിയമാവലിയും കമ്പനി ഉപഭോക്താവിന് കൈമാറിയിക്കും. ഈ നിയമാവലി പാലിക്കുമ്പോഴാണ് കാറിന്റെ സുഖകരമായ സഞ്ചാരം സാധ്യമാവുക.
അല്ലാഹുവിന്റെ ഉത്തമനാമങ്ങള്‍
ആദര്‍ശത്തെയും അതിന്റെ തേട്ടങ്ങളെയും കുറിച്ചും ആഴത്തില്‍ ഗ്രഹിക്കാന്‍ ദൈവത്തിന്റെ ഉത്തമനാമങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ മതിയാവും. ദൈവത്തിന് കുറേവേറെ ഉത്തമനാമങ്ങളുണ്ട്: 'അവന്‍ അല്ലാഹുവാകുന്നു. അവനല്ലാതെ ദൈവമില്ല. ഉത്കൃഷ്ട നാമങ്ങള്‍ അവനുള്ളതാകുന്നു' (ത്വാഹ: 8). 'പ്രവാചകന്‍, അവരോടു പറയുക: 'അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുക. അല്ലെങ്കില്‍ റഹ്മാനേ എന്ന് വിളിച്ചു പ്രാര്‍ഥിക്കുക. ഏതു പേരു വിളിച്ചും പ്രാര്‍ഥിച്ചു കൊള്ളുക. വിശിഷ്ട നാമങ്ങളൊക്കെയും അവന്നുള്ളതാകുന്നു' (അല്‍ഇസ്‌റാഅ്: 110) അല്ലാഹുവിന് ഉത്കൃഷ്ടമായ നാമങ്ങളുണ്ട്. ഉത്കൃഷ്ടനാമങ്ങളാല്‍തന്നെ അവനെ പ്രാര്‍ഥിക്കുവിന്‍. അവനു പേരുകളിടുന്നതില്‍ വഴിവിട്ടുപോകുന്നവരെ വെടിയുവിന്‍. തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രതിഫലം അവര്‍ക്കു ലഭിക്കുക തന്നെ ചെയ്യും'' (അല്‍ അഅ്‌റാഫ്: 180). പ്രവാചകന്‍ പറയുകയുണ്ടായി: 'തീര്‍ച്ചയായും അല്ലാഹുവിന്, നൂറില്‍ ഒന്നു കുറച്ച് അഥവാ തൊണ്ണൂറ്റി ഒമ്പത് നാമങ്ങളുണ്ട്. അവ മനസ്സിലാക്കിയവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അല്ലാഹു ഏകനാണ്. അവന്‍ ഒറ്റയെ ഇഷ്ടപ്പെടുന്നു' (ബുഖാരി, മുസ്‌ലിം). തിര്‍മിദി ഉദ്ധരിച്ച ഒരു ഹദീസില്‍ പ്രസ്തുത തൊണ്ണൂറ്റിഒമ്പത് നാമങ്ങള്‍ എന്തൊക്കെയെന്ന് പ്രവാചകന്‍ വ്യക്തമാക്കുന്നുണ്ട്. 'അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല. അവന്‍ പരമകാരുണികനും (അര്‍റഹ്മാന്‍), കരുണാവാരിധിയും(അര്‍റഹീം) രാജാവും(അല്‍മലിക്) പരമപരിശുദ്ധനും(അല്‍ഖുദ്ദൂസ്) അന്യൂനനും(അസ്സലാം) അഭയദായകനും(അല്‍മുഅ്മിന്‍) സംരക്ഷകനും(അല്‍മുഹയ്മിന്‍) പ്രതാപശാലിയും(അല്‍അസീസ്) അടക്കി ഭരിക്കുന്നവനും(അല്‍ജബ്ബാര്‍) അര്‍ഹതയോടെ അഹങ്കരിക്കുന്നവനും(അല്‍മുതകബ്ബിര്‍) സൃഷ്ടിപദ്ധതി ആവിഷ്‌കരിക്കുന്നവനും(അല്‍ഖാലിഖ്) സൃഷ്ടിപദ്ധതി നടപ്പിലാക്കുന്നവനും(അല്‍ബാരിഅ്) രൂപം നല്‍കുന്നവനും(അല്‍മുസവ്വിര്‍) മാപ്പരുളുന്നവനും(അല്‍ഗഫ്ഫാര്‍) സര്‍വാധിജയനും(അല്‍ഖഹ്ഹാര്‍) അത്യുദാരനും(അല്‍വഹ്ഹാബ്) അന്നദാതാവും(അര്‍റസ്സാഖ്) വളരെയേറെ തുറക്കുന്നവനും(അല്‍ഫത്താഹ്) സര്‍വജ്ഞനും(അല്‍അലീം) ചുരുട്ടുന്നവനും(അല്‍ഖാബിദ്) നിവര്‍ത്തുന്നവനും(അല്‍ബാസിത്ത്) താഴ്ത്തുന്നവനും(അല്‍ഖാഫിദ്) ഉയര്‍ത്തുന്നവനും(അര്‍റാഫിഅ്) പ്രതാപമേകുന്നവനും(അല്‍മുഇസ്സ്) നിന്ദിതനാക്കുന്നവനും(അല്‍മുദില്ല്) സര്‍വശ്രോതാവും(അസ്സമീഅ്) സര്‍വദ്രഷ്ടാവും(അല്‍ബസീര്‍) വിധികര്‍ത്താവും(അല്‍ഹകം) നീതിമാനും(അല്‍അദല്‍) രഹസ്യമറിയുന്നവനും(അല്ലത്വീഫ്) സൂക്ഷ്മജ്ഞനും(അല്‍ഖബീര്‍) അത്യധികം സഹനമുള്ളവനും(അല്‍ഹലീം) മഹാനും(അല്‍ അളീം) ഏറെ പൊറുക്കുന്നവനും(അല്‍ഗഫൂര്‍) നന്ദിയുള്ളവനും(അശ്ശതൂര്‍) അത്യുന്നതനും(അല്‍അലിയ്യ്) മഹനീയനും(അല്‍കബീര്‍) സംരക്ഷകനും(അര്‍റഖീബ്) ഉത്തരം നല്‍കുന്നവനും(അല്‍മുജീബ്) വിശാലനും(അല്‍വാസിഅ്) യുക്തിമാനും(അല്‍ഹകീം) ഏറെ സ്‌നേഹമുള്ളവനും(അല്‍വദൂദ്) അത്യധികം മഹത്വമുള്ളവനും(അല്‍മജീദ്) പുനരുജ്ജീവിപ്പിക്കുന്നവനും(അല്‍ബാഇസ്) സാക്ഷിയും(അശ്ശഹീദ്) സത്യവും(അല്‍ഹഖ്) ഭരമേല്‍പിക്കപ്പെടുന്നവനും(അല്‍വക്കീല്‍) ശക്തനും(അല്‍ ഖവിയ്യ്) പ്രബലനും(അല്‍മതീന്‍) രക്ഷാകര്‍ത്താവും(അല്‍വലിയ്യ്) സ്തുത്യനും(അല്‍ഹമീദ്) ക്ലിപ്തമായി അറിയുന്നവനും(അല്‍മുഹ്‌സ്വി) സൃഷ്ടി ആരംഭിക്കുന്നവനും(അല്‍ മുബ്ദിഅ്) സൃഷ്ടി ആവര്‍ത്തിക്കുന്നവനും(അല്‍ മുഈദ്) ജീവിപ്പിക്കുന്നവനും(അല്‍മുഹ്‌യി) മരിപ്പിക്കുന്നവനും(അല്‍മുമീത്ത്) എന്നെന്നും ജീവിച്ചിരിക്കുന്നവനും(അല്‍ഹയ്യ്) സ്വയം നിലനില്‍ക്കുകയും പ്രപഞ്ചത്തെ നിലനിര്‍ത്തുകയും ചെയ്യുന്നവനും(അല്‍ഖയ്യൂം) ആവശ്യമായവ ഉള്ളവനും(അല്‍വാജിദ്) മാഹാത്മ്യമുള്ളവനും(അല്‍മാജിദ്) ഏകനും(അല്‍വാഹിദുല്‍ അഹദ്) ഒറ്റയും(അല്‍ഫര്‍ദ്) സര്‍വാശ്രിതനും(അസ്സ്വമദ്) കഴിവുള്ളവനും(അല്‍ഖാദിര്‍) കഴിവുറ്റവനും(അല്‍മുഖ്തദിര്‍) മുന്നിലാക്കുന്നവനും(അല്‍മുഖദ്ദിം) പിന്നിലാക്കുന്നവനും(അല്‍മുഅഖിര്‍) ആദ്യനും(അല്‍അദ്വല്‍) അന്ത്യനും(അല്‍ആഖിര്‍) വ്യക്തമായവനും(അള്ളാഹിര്‍) ഗോപ്യമായവനും(അല്‍ബാത്വിന്‍) രക്ഷാധികാരിയും(അല്‍വാലി) അത്യുന്നതസ്ഥാനിയും(അല്‍ മുത്തആലി) ഉദാരനും(അല്‍ബര്‍റ്) പശ്ചാത്താപം സ്വീകരിക്കുന്നവനും(അത്തവ്വാബ്) ശിക്ഷിക്കുന്നവനും(അല്‍മുന്‍തഖിം) ഏറെ വിട്ടുവീഴ്ച ചെയ്യുന്നവനും(അല്‍ അഫുവ്വ്) കൃപയുള്ളവനും(അര്‍റഊഫ്) പ്രപഞ്ചാധിപതിയും(മാലികുല്‍മുല്‍ക്) മഹിത പ്രഭാവവാനും(ദുല്‍ജലാലിവല്‍ ഇക്‌റാം) നീതി നടപ്പാക്കുന്നവനും(അല്‍മുഖ്‌സിഅ്) സമ്മേളിപ്പിക്കുന്നവനും(അല്‍ജാമിഅ്) ഐശ്വര്യവാനും(അല്‍ഗനിയ്യ്) ഐശ്വര്യം നല്‍കുന്നവനും(അല്‍മുഗ്‌നി) നാശനഷ്ട ഹേതുക്കള്‍ തട്ടിമാറ്റി സംരക്ഷിക്കുന്നവനും(അല്‍മാനിഅ്) ദോഷം വരുത്തുന്നവനും(അദ്ദാര്‍റ്) ഗുണം ചെയ്യുന്നവനും(അന്നാഫിഅ്) പ്രകാശവും(അന്നൂര്‍) മാര്‍ഗദര്‍ശകനും(അല്‍ഹാദി) അതുല്യനും(അല്‍ബദീഅ്) നിത്യം അവശേഷിക്കുന്നവനും(അല്‍ബാഖി) അനന്തരാവകാശിയും(അല്‍ വാരിസ്) വിവേകിയും(അര്‍റശീദ്) അങ്ങേയറ്റം ക്ഷമയുള്ളവനും(അസ്സ്വബൂര്‍) ആകുന്നു അവന്‍' (തിര്‍മിദി, ഉദ്ധരണം ഇബ്‌നു കസീര്‍ 2: 278)
അല്ലാഹുവിന്റെ നാമങ്ങളെക്കുറിച്ച് സാമാന്യമായ വിവരണം നല്‍കുക മാത്രമല്ല, ഇസ്‌ലാമികദര്‍ശനം ചെയ്യുന്നത്. അവ ഏതൊക്കെയെന്നും എത്രയെണ്ണവുമുണ്ടെന്നും വ്യക്തമാക്കുകയാണിവിടെ. ചില വിജ്ഞാനപടുക്കളുടെ അഭിവീക്ഷണത്തില്‍ ദൈവനാമങ്ങള്‍ എണ്ണത്തിന്റെ വൃത്തത്തില്‍ ഒതുക്കാനാവില്ലെന്നും അവ അപരിമേയമാണെന്നുമാണ്. തികച്ചും ശരിയാണ് പ്രസ്തുത വീക്ഷണം. കാരണം, വിശുദ്ധഗ്രന്ഥവും തിരുചര്യയും വായിക്കുമ്പോള്‍ എണ്ണമറ്റ വേറെയും ദൈവനാമങ്ങള്‍ കാണാനാവും. തൊണ്ണൂറ്റൊമ്പത് നാമങ്ങളില്‍ ചിലതിന്റെ ലഘുവിവരണം താഴെ ചേര്‍ക്കുന്നു. ഓരോ നാമത്തിന്റെയും പരപ്പ് എത്രയുണ്ടെന്ന് അതിലൂടെ ഗ്രഹിക്കാനാവും.
അല്ലാഹുവിന്റെ ഉത്തമനാമങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് നാമങ്ങളാണ് അര്‍റഹ്മാന്‍, അര്‍റഹീം. റഹ്മ് എന്ന ധാതുവില്‍നിന്ന് നിഷ്പന്നമായ പ്രസ്തുത നാമങ്ങള്‍ മനുഷ്യകഴിവിനതീതമായ ദൈവിക കാരുണ്യത്തെയും അനുകമ്പയെയും സ്‌നേഹത്തെയും ദ്യോതിപ്പിക്കുന്നു. ഏറെക്കുറെ പര്യായപദങ്ങളാണ്. അവയെങ്കിലും ചില മൗലിക വ്യത്യാസങ്ങള്‍ അവക്കിടയിലുണ്ട്. അല്ലാഹു എന്ന വചനത്തോട് അടുപ്പമുള്ള അര്‍റഹ്മാന് കൂടുതല്‍ അര്‍ഥവ്യാപ്തിയുണ്ട്. തന്റെ ദാസന്മാരിലും അവര്‍ ദൈവദര്‍ശനം സ്വീകരിക്കട്ടെ സ്വീകരിക്കാതിരിക്കട്ടെ- ഇതരജീവികളിലും ഒട്ടും വിവേചനം കൂടാതെ കരുണയുടെ പേമാരി വര്‍ഷിക്കുന്നവാണ് അര്‍റഹ്മാന്‍. കൊടു ക്രിമിനലുകള്‍ക്കുപോലും നിശ്ചിത സമയംവരെ ജീവിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും നല്‍കിയത് അല്ലാഹുവിന്റെ റഹ്മാനിത്വത്തിന്റെ ഭാഗമാണ്. ഇസ്‌ലാമികദര്‍ശനം അംഗീകരിച്ച് ദൈവമാര്‍ഗത്തില്‍ അടിയുറപ്പോടെ നിലകൊള്ളുന്ന വിശ്വാസികളോടുള്ള അഗാധമായ സ്‌നേഹവാത്സല്യത്തെ കുറിക്കുന്നു അര്‍റഹീം. പാരത്രിക ഗേഹത്തിലാണ് ഈ സ്‌നേഹവാത്സല്യം കൂടുതല്‍ പ്രകടമാവുക.
അല്ലാഹുവിന്റെ കാരുണ്യം സമഗ്രവും വിശാലവും അപരിമേയവുമാണ്. അത് അഖിലലോകത്തെയും സര്‍വചരാചരങ്ങളെയും വലയം ചെയ്തിരിക്കുന്നു. അവനല്ലാത്തവരിലുള്ള കാരുണ്യം അംശവും അപൂര്‍ണവുമാണ്. അതിനാലാണ് പ്രവാചകന്‍(സ) ഇപ്രകാരം പ്രതിവചിച്ചത്. 'കാരുണ്യത്തെ സൃഷ്ടിച്ച ദിവസം അല്ലാഹു നൂറ് കാരുണ്യത്തെ സൃഷ്ടിച്ചു. അതില്‍ തൊണ്ണൂറ്റി ഒമ്പത് കാരുണ്യത്തെയും തന്റെ പക്കല്‍ തന്നെ നിലനിര്‍ത്തി. ഒരു കാരുണ്യത്തെ മാത്രമാണ് മുഴുവന്‍ സൃഷ്ടികളിലേക്കുമായി അയച്ചത്. അല്ലാഹുവിന്റെയടുക്കലുള്ള മുഴുവന്‍ കാരുണ്യങ്ങളെയും സത്യനിഷേധി മനസ്സിലാക്കിയിരുന്നെങ്കില്‍ സ്വര്‍ഗത്തെപ്പറ്റി അവന്‍ നിരാശനാവുകയില്ല. അല്ലാഹുവിന്റെയടുക്കലുള്ള മുഴുവന്‍ ശിക്ഷകളെയും പറ്റി സത്യവിശ്വാസി അറിഞ്ഞിരുന്നുവെങ്കില്‍ നരകത്തെപ്പറ്റി അവന്‍ നിര്‍ഭയനാവുകയില്ല'' (ബുഖാരി) ''നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ വേറെ ദൈവമില്ല. അവന്‍ കൃപാനിധിയും ദയാപരനുമാകുന്നു'' (അല്‍ബഖറ: 163).
അല്ലാഹുവിന്റെ മറ്റു രണ്ട് നാമങ്ങളാണ് അല്‍ഖുദ്ദൂസ്, അസ്സലാം തുടങ്ങിയവ കറകളഞ്ഞ പരിശുദ്ധിയുടെ സ്വത്വം എന്നാണ് അല്‍ഖുദ്ദൂസിന്റെ അര്‍ഥം. പരിശുദ്ധിയുടെയും പവിത്രതയുടെയും ഉടമസ്ഥനും സ്രോതസുമാണ് അല്ലാഹു. നന്മകളും ഉത്കൃഷ്ട സ്വഭാവങ്ങളും അവനോട് മാത്രമേ ചേരുകയുള്ളൂ. മ്ലേഛതകളും തിന്മകളും കളങ്കസ്വഭാവങ്ങളും അവനോട് ചേരുകയില്ല. കൂടാതെ മനോഭാവനയും ചിന്തയും മെനഞ്ഞെടുക്കുന്നതും സങ്കല്‍പിക്കുന്നതുമായ സകലവിധ വര്‍ണങ്ങളില്‍നിന്നും മാലിന്യങ്ങളില്‍നിന്നും മുക്തനും അതീതനുമാണ് അല്ലാഹു. അല്ലാഹുവിന്റെ ഈ പരിശുദ്ധിയെയാണ് പ്രപഞ്ചത്തിലെ ജീവവര്‍ഗങ്ങളും മാലാഖമാരും സുകൃതവാന്മാരും സദാവാഴ്ത്തിക്കൊണ്ടിരിക്കുന്നത്.
സത്തയും ഗുണ-വിശേഷങ്ങളും പ്രവൃത്തികളും ന്യൂനതകളില്‍നിന്ന് സുരക്ഷയുള്ളവനും മറ്റുള്ള പ്രാപഞ്ചിക അസ്തിത്വങ്ങള്‍ക്ക് സുരക്ഷ നല്‍കുകയും ചെയ്യുന്നവനാണ് അസ്സലാം. ലോകത്തുള്ള ഏതൊരു സുരക്ഷയും ശാന്തിയും സമാധാനവും അല്ലാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഥവാ അവയുടെ സ്രോതസ്സാണ് അല്ലാഹു. സാലിം, സലീം എന്നിങ്ങനെയുള്ള പദങ്ങളെക്കാള്‍ അര്‍ഥത്തിലും ആശയത്തിലും വ്യാപ്തിയുണ്ട്. അസ്സലാം എന്ന പദത്തിന്.
ഇപ്രകാരം, അല്ലാഹുവിന്റെ ഓരോ നാമങ്ങളെയും അവയുടെ അര്‍ഥങ്ങളെയും ആശയങ്ങളെയും കുറിച്ചാലോചിച്ചാല്‍ അവക്ക് ഒരുതിരുമില്ലെന്ന് ബോധ്യമാവും.
വിശുദ്ധവേദം പറയുന്നു: ''പ്രവാചകരേ, പറയുക: സമുദ്രം എന്റെ റബ്ബിന്റെ വചനങ്ങള്‍ എഴുതുന്നതിനുള്ള മഷിയാവുകയാണെങ്കില്‍, എന്റെ റബ്ബിന്റെ വചനങ്ങള്‍ തീരും മുമ്പ് വറ്റിപോകും. എന്നല്ല, അത്രയും തന്നെ മഷി വേറെയും കൊണ്ടുവന്നാലും മതിയാവുകയില്ല'' (അല്‍കഹ്ഫ്: 109).
ആദര്‍ശത്തിന്റെ കാതല്‍
ആദര്‍ശത്തിലും അതിന്റെ തേട്ടങ്ങളിലും അല്ലാഹു ഏകനാണ്(വാഹിദുല്‍ അഹദ്). അതായത് ദൈവം സത്തയിലും വിശേഷണങ്ങളിലും കഴിവുകളിലും പ്രവര്‍ത്തനങ്ങളിലും ഒരേ ഒരുവനാണ്. ഈ വക കാര്യത്തില്‍ ദൈവത്തിന് തുല്യനോ, പങ്കാളിയോ, സദൃശ്യനോ, സഹായിയോ ഇല്ല. അവന് മാതാപിതാക്കളോ സന്താനങ്ങളോ ഇല്ല. ദൈവത്തിന് തുല്യനായി ദൈവം മാത്രമേയുള്ളൂ. ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ ദൈവത്തിന്റെ വംശാവലി വിവരിക്കാന്‍ അറേബ്യന്‍ ബഹുദൈവവിശ്വാസികളും ക്രൈസ്തവരും ജൂതന്മാരും അഗ്നിയാരാധകരും പ്രവാചകനോട് നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. സൂറത്ത് ഇഖ്‌ലാസ് പാരായണം ചെയ്തുകൊണ്ടായിരുന്നു പ്രവാചകന്‍(സ) അവര്‍ക്ക് മറുപടി നല്‍കാറുണ്ടായിരുന്നത്: ''പ്രവാചകരേ, പറഞ്ഞുകൊടുക്കുക: അവന്‍ അല്ലാഹുവാകുന്നു. ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല. അവന് തുല്യനായി ആരുമില്ല'' (അല്‍ഇഖ്‌ലാസ്: 1-4)
അല്ലാഹുവിന് പോരായ്മയോ ന്യൂനതയോ ഇല്ല. അവനെ ഉറക്കവും മയക്കവും ബാധിക്കുകയില്ല. മരണം, നാശം എന്നിവയില്‍നിന്ന് തീര്‍ത്തും മുക്തനാണവന്‍. അവന്‍ നിത്യനും ശാശ്വതനും സദ്ഗുണസമ്പൂര്‍ണനുമാണ്. സ്ഥല-കാലതീതനും ശരീരഹിതനും നിബന്ധനകളില്‍നിന്നും പരിധികളില്‍നിന്ന് മോചിതനും ബ്രഹ്മാണ്ഡകടാഹത്തിന്റെ സര്‍വാധിപനുമാണവന്‍. അവന്റെ കഴിവ്, നീതി, സത്യം, ജ്ഞാനം, ധര്‍മം, പ്രകാശം, കാരുണ്യം തുടങ്ങിയവ പ്രപഞ്ചത്തെയും അതിലെ സൂക്ഷ്മ കണികയെയും വലയം ചെയ്തിരിക്കുന്നു. അല്ലാഹുവിന് ആദിയോ അന്തിയോ ഇല്ല. അവന്‍ തന്നെയാണ് ആദിയും അന്തിയും. അവന് പ്രത്യക്ഷമോ പരോക്ഷമോ ആയ അവസ്ഥയില്ല. അവന്‍ തന്നെയാണ് പ്രത്യക്ഷവും പരോക്ഷവുമായ അസ്തിത്വം. അല്ലാഹു ഒഴികെയുള്ളവ അവന്റെ സൃഷ്ടികളാണ്. സൃഷ്ടികള്‍ക്ക് ദിവ്യത്വമോ നിത്യതയോ ഇല്ല. സൃഷ്ടികള്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട അസ്തിത്വത്തെ(വാജിബുല്‍ വുജൂദ്) അഥവാ അല്ലാഹുവിനെ ആശ്രയിക്കുകയും സ്വമേധയായോ നിര്‍ബന്ധിതമായോ അവന് കീഴ്‌വണങ്ങുകയും ഒടുവില്‍ അവനിലേക്ക് മടങ്ങുകയും ചെയ്യുന്നു.
സമൂഹത്തിന്റെ ജനിതകസ്വഭാവം
പ്രപഞ്ചത്തിന് ഒരു ദൈവമുണ്ടെന്നും അവന്‍ ദിവ്യത്വമുടയവനും പരമേശ്വരനും സര്‍വാധിപനുമാണെന്ന് പൂര്‍വസമൂഹങ്ങളുള്‍പ്പെടെ മുഴുവന്‍ സമൂഹങ്ങളും അംഗീകരിച്ചിരുന്നു. ചരിത്രത്തിലെവിടെയും നാസ്തികത ഉടലെടുത്തിരുന്നില്ല. ആധുനികകാലത്ത് നാസ്തികത ഒരു പ്രത്യശാസ്ത്രമായി രൂപപ്പെട്ടുവെങ്കിലും അത് ക്രമേണ കൂമ്പടഞ്ഞ് പോവുകയാണുണ്ടായത്.
ജീവിതത്തില്‍ ഗുരുതരമായ രണ്ട് തെറ്റുകളായിരുന്നു വഴിപിഴച്ച സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നത്. യഥാര്‍ഥ ദൈവത്തില്‍ വിശ്വസിച്ചതോടൊപ്പം വിശ്വാസ രംഗത്ത് സ്വയംകൃത വിശ്വാസങ്ങള്‍ നെയ്‌തെടുത്തുവെന്നതായിരുന്നു ഒന്നാമത്തെ തെറ്റ്. ഈ സ്വയംകൃത വിശ്വാസങ്ങള്‍ ശുദ്ധ ദൈവവിശ്വാസത്തിന് കടകവിരുദ്ധമായിരുന്നു. അവയാകട്ടെ ജീവിതത്തെ മുഴുവനും ചൂഴ്ന്നു നില്‍ക്കുന്നതായിരുന്നു.
അല്ലാഹുവിനെ കൂടാതെ ദിവ്യത്വം മറ്റുചില അസ്തിത്വങ്ങള്‍ക്കും ഉണ്ടെന്ന വാദമായിരുന്നു വിശ്വാസവൈകൃതങ്ങളില്‍ പ്രധാനപ്പെട്ടവ. ദൈവത്തിന് പങ്കാളികളും മാതാപിതാക്കളും സന്താനങ്ങളും ഉണ്ടെന്നും മാലാഖമാര്‍ ദൈവത്തിന്റെ പുത്രിമാരാണെന്നും ദൈവം ചിലരിലൂടെ അവതാരമായി അവതരിക്കുമെന്നും വഴിവിട്ട സമൂഹങ്ങള്‍ വിശ്വസിച്ചുപോന്നു. ഈ വിശ്വാസങ്ങള്‍ വ്യക്തിജീവിതമുള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവര്‍ നിലനിര്‍ത്തി. കുടുംബജീവിതത്തില്‍ വിഗ്രഹപൂജയും ബിംബാരാധനയും വിവിധ ബലി-നേര്‍ച്ചകളും സാമൂഹിക ജീവിതത്തില്‍ അന്ധവിശ്വാസങ്ങളുടെ അകമ്പടിയില്‍ പടുത്ത തീര്‍ഥാടനകേന്ദ്രങ്ങളുടെ നിര്‍മാണവും ഖബര്‍പൂജയും വ്യക്തിപൂജയും രാഷ്ട്രീയജീവിത്തില്‍ പൂജാരിമാരുടെയും പുരോഹിത-പാതിരിമാരുടെയും അനുഗ്രഹാശീര്‍വാദങ്ങള്‍ തേടലും സാമ്പത്തിക ജീവിതത്തില്‍ വിഗ്രഹങ്ങള്‍ക്ക്മുമ്പില്‍ കാണിക്കവെക്കലും തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് സാമ്പത്തിക നേര്‍ച്ച നേരലും സാംസ്‌കാരിക ജീവിതത്തില്‍ നഗ്നപൂജയും ദേവീ-ദേവന്മാരുടെ നഗ്നതയിലുള്ള വിശ്വാസവും നാഗരികജീവിതത്തില്‍ വിളക്കു കൊളുത്തലും വിശ്വാസരംഗത്ത് വഴിപിഴച്ച സമൂഹങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വികലമായ ധാരണകളായിരുന്നു.
ജീവിതത്തിന്റെ കര്‍മരംഗത്ത് സ്വയംകൃത നിയമങ്ങള്‍ നിര്‍മിച്ച് ശുദ്ധഭൗതികജീവിതം നയിച്ചുവെന്നതാണ് വഴിപിഴച്ച സമൂഹങ്ങള്‍ ചെയ്ത രണ്ടാമത്തെ ഗുരുതരമായ തെറ്റ്. വിശ്വാസവുമായി കര്‍മത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ദൈവത്തിനുള്ളത് ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക്'' എന്ന പ്രമാണയുക്തിയാണ് ഇവിടെ വര്‍ത്തിച്ചത്. സാക്ഷാല്‍ ദൈവത്തെ കര്‍മരംഗത്തെ മാനദണ്ഡമാക്കുന്നതിനുപകരം ഇവകളെ ദൈവമാക്കി സ്വയംകൃത നിയമങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് വ്യക്തിജീവിതത്തില്‍ ഇത്തരം സമൂഹങ്ങള്‍ മുന്നോട്ടു പോയത്. കുടുംബജീവിതത്തിലാകട്ടെ തറവാട് മൂപ്പന്മാരുടെയും കാക്കകാരണവന്മാരുടെയും താല്‍പര്യങ്ങള്‍ക്കും നിയമങ്ങള്‍ക്കുമായിരുന്നു മുന്‍ഗണന. സാമൂഹികരംഗത്ത് നാട്ടുപ്രമാണിമാരുടെയും നേതാക്കന്മാരുടെയും തീരുമാനങ്ങള്‍ക്കും നിയമങ്ങള്‍ക്കുമായിരുന്നു സ്വാധീനം. രാഷ്ട്രീയമേഖലയാവട്ടെ തീര്‍ത്തും ദൈവപ്രമാണങ്ങളില്‍നിന്ന് അകലയായിരുന്നു. ഭരണകൂടത്തിന്റെ സകലതുറകളിലും തോന്നുംവിധം ഭരണം നടത്തിയും നിയമം നിര്‍മിച്ചും രാഷ്ട്രം മുന്നോട്ടുപോയി. സാമ്പത്തികരംഗം മൂലധനവാദികള്‍ കൈയടക്കി. അവിഹിത സമ്പാദ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. സാംസ്‌കാരിക രംഗത്താവട്ടെ സദാചാരസീമകളെ അതിലംഘിക്കുന്ന അശ്ലീല നിലപാടുകള്‍ക്ക് അംഗീകാരം ലഭിക്കുകയുണ്ടായി. നാഗരികരെഗത്തെ വികസനവും പുരോഗതിയുമൊക്കെ ദൂരമൂത്ത ഭൗതികലക്ഷ്യം മാത്രം മുന്‍നിര്‍ത്തി മുന്നേറുകയും ചെയ്തു.
പിന്‍കുറികള്‍
വിശ്വാസവും കര്‍മവും ആദര്‍ശമെന്ന ഏകബിന്ദുവില്‍ കേന്ദ്രീകരിച്ച് ജീവിതം ഇബാദത്താവണമെന്നാണ് ഇസ്‌ലാമികാദര്‍ശനത്തിന്റെ നിലപാട്. 'ദൈവത്തിനുള്ളത് ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക്' എന്ന പ്രമാണ യുക്തിക്ക് ഇവിടെ സ്ഥാനമില്ല. പൂര്‍വസമുദായങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സ്വയംകൃത വിശ്വാസങ്ങളെയും സ്വയംകൃത നിയമങ്ങളെയും അതിനിശിതമായ നിരൂപണത്തിന് വിധേയമാക്കിയാണ് മാനുഷികജീവിതത്തിന് ഏകത്വത്തെ കുറിച്ച് ഇസ്‌ലാം സംസാരിക്കുന്നത്. വിശ്വാസരംഗത്ത് സംഭവിക്കുന്ന ശിര്‍ക്കിനെ പ്രതിപാദിക്കുന്ന അതേ ഭാഷയില്‍ തന്നെ കര്‍മരംഗത്ത് സംഭവിക്കുന്ന ശിര്‍ക്കിനെക്കുറിച്ചും ഇസ്‌ലാം സംസാരിക്കുന്നുണ്ട്. വിശ്വാസവും കര്‍മവും ഒറ്റചരടില്‍ ബന്ധിപ്പിക്കുന്നു ഇസ്‌ലാം. ഏകദൈവത്തില്‍ വിശ്വസിച്ച് അവന്റെ നിയമങ്ങള്‍ അനുസരിച്ച് കര്‍മജീവിതം നയിക്കുകയാണ് മനുഷ്യര്‍ ചെയ്യേണ്ടതെന്ന് ചുരുക്കം. അതാണ് ആദര്‍ശത്തിന്റെ യഥാര്‍ഥ താല്‍പര്യം.

© Bodhanam Quarterly. All Rights Reserved

Back to Top