അന്ത്യനാളും പാളിപ്പോയ പ്രവചനങ്ങളും

വി.എ മുഹമ്മദ് അശ്‌റഫ്‌‌‌
img

ദൈവം നിര്‍ണ്ണയിച്ച കൃത്യമായ ഒരു കാലയളവ് വരെ മാത്രമേ മനുഷ്യവാസം സാദ്ധ്യമായ വിധം ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളൂവെന്നും അന്ത്യനാളെത്തിക്കഴിഞ്ഞാല്‍ ഈ ലോകത്തിന്റെ ഇന്നത്തെ ക്രമം അവസാനിക്കുമെന്നുമുള്ള സങ്കല്പം സെമിറ്റിക് മതങ്ങള്‍ (ജൂത-ക്രൈസ്തവ-ഇസ്‌ലാം) പൊതുവായി പങ്കുവെയ്ക്കുന്ന ആശയമാണ്. പ്രാപഞ്ചിക സംവിധാനം മറ്റൊരു രീതിയിലേക്ക് വഴുതിമാറുന്ന അതിഭീകരമായ ഈ സംഭവത്തിന്റെ മുന്നോടിയായി നടക്കുന്ന ഘട്ടങ്ങളെപ്പറ്റി സെമിറ്റിക് വേദങ്ങള്‍ വിപുലമായി പ്രതിപാദിക്കുന്നുണ്ട്; ഇവയ്ക്ക് സമാനതകളെന്നപോലെ വൈജാത്യങ്ങളുമുണ്ട്.
ബൈബിളിന്റെ വെളിച്ചത്തില്‍ നടത്തപ്പെട്ട അന്ത്യനാള്‍ പ്രവചനങ്ങളെക്കുറിച്ച സാമാന്യമായ ഒരവലോകനമാണ് ഈ പ്രബന്ധം. 1948 ലെ ഇസ്രയേല്‍ രാഷ്ട്രരൂപീകരണത്തിനുശേഷം അന്ത്യനാള്‍ പ്രവചനത്തിന്റെ തീവ്രത കൂടിയതായി കണ്ടെത്താനാകും. പശ്ചിമേഷ്യയില്‍ യുദ്ധം പടര്‍ത്തിവിടുക, ഇസ്രയേലിനെ അന്ധമായി പിന്തുണച്ചുകൊണ്ട് എണ്ണയുടെ രാഷ്ട്രീയത്തില്‍ ഇടപെടുക തുടങ്ങിയവയ്ക്ക് ബൈബിള്‍ പ്രവചനങ്ങള്‍ ഉപയോഗിക്കപ്പെട്ടുവെന്ന് എളുപ്പത്തില്‍ നിരൂപിക്കാനാവും. ഈ സമീപന രീതിയുടെ വേരുകളിലേക്ക് വെളിച്ചം വീശാന്‍ കൂടി ഈ പ്രബന്ധം ലക്ഷ്യം വെക്കുന്നു.
പഴയനിയമ പുസ്തകത്തില്‍ മൊത്തം 23210 വചനങ്ങളുള്ളതായും അവയില്‍ 6641 വാക്യങ്ങള്‍ (28.5%) പ്രവചനപരമാണെന്നും കണക്കാക്കപ്പെടുന്നു. പുതിയനിയമ പുസ്തകത്തിലെ 7914 വാക്യങ്ങളില്‍ 1711 എണ്ണം (21.5%) പ്രവചനപരമാണ്. മൊത്തം ബൈബിളിന്റെ 31124 വാക്യങ്ങളില്‍ 8352 വാക്യങ്ങള്‍ (27%) പ്രവചനപരമാണ് എന്ന് കാണാനാവും. അതായത് ബൈബിളിന്റെ ഏതാണ്ട് മൂന്നിലൊന്ന് വരുന്ന ഭാഗങ്ങള്‍ ഭാവിയെ ചൂണ്ടി സംസാരിക്കുന്നവയാണ്!
പ്രവചനങ്ങള്‍, പാളിച്ചകള്‍
യേശുക്രിസ്തുവിന്റെ രണ്ടാംവരവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷ ക്രൈസ്തവതയുടെ പ്രാരംഭവേളയില്‍ത്തന്നെ ആരംഭിച്ചിരുന്നു. വിശുദ്ധ പൗലോസിന് (ക്രി.5-67) പോലും ഈ ധാരണയുണ്ടായിരുന്നുവെന്ന് കണ്ടെത്തുന്ന പണ്ഡിതന്മാരുണ്ട്. (1)
ലോകാവസാനം ആദ്യസഹസ്രാബ്ദത്തിന്റെ ഒടുവിലുണ്ടാകുമെന്ന് വിശുദ്ധ അഗസ്റ്റിന്‍ (354-430) അഭിപ്രായപ്പെട്ടു. ക്രിസ്ത്വബ്ദം 999-ല്‍ ആദ്യസഹസ്രാബ്ധത്തിന്റെ ഒടുവില്‍, ഫ്രഞ്ച് പാതിരിയായ മാര്‍ക്കുള്‍ഫ് ഇങ്ങനെ മുന്നറിയിപ്പ് നല്കി:
'ലോകത്തിന്റെ അവസാനത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ വന്നിരിക്കുന്നു. നാശം ഇനി കൂടുതല്‍ തീക്ഷ്ണമാകും.'(2)
ലൂതറന്‍ സഭയുടെ സ്ഥാപകനും പ്രൊട്ടസ്റ്റന്റ് നവീകരണ പ്രസ്ഥാന തലവനും കൂടിയായ മാര്‍ട്ടിന്‍ ലൂതര്‍ (1483-1546) ലോകം 1600-ാം ആണ്ടിനപ്പുറം കടക്കില്ല എന്ന് കരുതി. (3) ലൂതര്‍ കുറിച്ചു: 'അന്ത്യവിധി സമീപസ്ഥമാണെന്ന് ഞാന്‍ കരുതുന്നു.'(4)
ലൂതറിന്റെ മരണശേഷവും കാലത്തിന്റെ തികവ് സംബന്ധിച്ച ലൂതറന്‍ വീക്ഷണം സഭയുടെ പില്‍കാല നേതാക്കളും പുലര്‍ത്തി. 1546-ല്‍ ലൂതറന്‍ നേതാവായിരുന്ന അദാം നാകെന്‍മോസര്‍, സുവിശേഷം സകലരാജ്യങ്ങളിലേക്കും പ്രഘോഷിക്കപ്പെട്ടതിനാല്‍ അന്ത്യനാള്‍ അതിവേഗം വന്നെത്തുമെന്ന് നിരൂപിച്ചു. ഇത് സംബന്ധമായ വിവിധ ഊഹാപോഹങ്ങള്‍ ഉയര്‍ത്തിയതിനുശേഷം ലോകാവസാനത്തിന് സാദ്ധ്യതയുള്ള വര്‍ഷമായി 1635 അദ്ദേഹം സ്ഥിരപ്പെടുത്തി.(5)
ലോകം സൃഷ്ടിക്കപ്പെട്ടത് ക്രി.മു. 5343 ലാണെന്നും 7000 വര്‍ഷം മാത്രമേ അത് നിലനില്‍ക്കുകയുള്ളൂവെന്നും കണക്കാക്കിക്കൊണ്ട് 1658-ല്‍ അന്ത്യനാള്‍ വന്നെത്തുമെന്ന് ക്രിസ്റ്റോഫര്‍ കൊളമ്പസ്(1451-1506) കണക്ക് കൂട്ടി. (6)
17-ാം നൂറ്റാണ്ടിലെ ഐറിഷ് ആര്‍ച്ച് ബിഷപ്പായിരുന്ന ജെയിംസ് ഉഷര്‍ (1581-1656) വിഖ്യാതനായ ബൈബിള്‍ കലണ്ടര്‍ വിശാരദനായിരുന്നു. ലോകാവസാനം 1997 ഒക്ടോബര്‍ 23 ന് സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു (7)
ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ച 2000-ാം ആണ്ടില്‍ ആരംഭിക്കുമെന്ന് വിഖ്യാത ശാസ്ത്രകാരന്‍ സര്‍ ഐസക് ന്യൂട്ടണ്‍ (1642-1727) കണക്ക് കൂട്ടിയിരുന്നു. (8)
18-ാം നൂറ്റാണ്ടിലെ യു.എസ്. ഇവാഞ്ചലിക്കല്‍ നേതാവ് ജോനാഥന്‍ എഡ്വേര്‍ഡ് (1703-1758), 2000-ാം ആണ്ടില്‍ യേശുവിന്റെ സഹസ്രാബ്ദവാഴ്ച തുടങ്ങുമെന്ന് കണക്ക് കൂട്ടി. (9)
ബാപ്റ്റിസ്റ്റ് ഉപദേശകനായിരുന്ന വില്യം മില്ലറുടെ (1782-1849) അദ്ധ്യാപനങ്ങളിലാണ് അഡ്‌വെന്റിസം ഉദയം കൊണ്ടത്. യേശുവിന്റെ രണ്ടാംവരവ് 1844 മാര്‍ച്ച് 21 നു മുമ്പ് സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. പ്രവചിതദിനം കഴിഞ്ഞപ്പോള്‍ 1844 ഏപ്രില്‍ 18 എന്ന മറ്റൊരുദിനം അദ്ദേഹം മുന്നോട്ടുവച്ചു. (10) മില്ലറുടെ മറ്റൊരനുയായി ഈ ദിനം പിന്നീട് 1844 ഒക്ടോബര്‍ 22 ന് പുനഃപ്രതിഷ്ഠിച്ചു.
1999-ല്‍ ലോകാവസാനം ഉണ്ടാകുമെന്ന് സെവന്‍ത്‌ഡേ അഡ്‌വെന്റിസ്റ്റുകള്‍ പ്രവചനം നടത്തി. (11)
16-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ച ഉണ്ടാകുമെന്ന് 1533-ല്‍ അനാബാപ്റ്റിസ്റ്റുകള്‍ പ്രചരിപ്പിച്ചു. (12)
അസംബ്ലീസ് ഗോഡ് സഭയുടെ ഔദ്യോഗിക വാരികയായ ദി വീക്കിലി ഇവാഞ്ചല്‍ അതിന്റെ 1916 മേയ് 13 ലക്കത്തില്‍ അര്‍മഗെഡ്ഡന്‍ (അന്തിമമായ ഭീകരയുദ്ധം) 1934-35 നു മുമ്പ് സംഭവിക്കുമെന്ന് പ്രവചിച്ചു.
ഇംഗ്ലണ്ടിലെ പ്രസ്ബിറ്റേറിയന്‍ സഭാപിതാക്കളിലൊരാളായിരുന്ന, 1562 മുതല്‍ 1607 വരെ ജീവിച്ച, തോമസ് ബ്രൈറ്റ്മാന്‍ അനേകം ജൂതന്മാരുടെ ക്രൈസ്തവതയിലേക്കുള്ള മതപരിവര്‍ത്തനവും ഫലസ്തീനിലെ അവരുടെ ചേക്കേറലും പാപ്പായിസത്തിന്റെ പതനവുമൊക്കെ 1650 നും 1695 നുമിടക്ക് സംഭവിക്കുമെന്ന് പ്രവചിച്ചു.(13)
1618-1651 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രസ്ബിറ്റേറിയന്‍ സഭയിലെ വേദപണ്ഡിതന്‍ ക്രിസ്റ്റോഫര്‍ ലവ് ഈ വിധം പ്രവചിച്ചു: (1) ബാബിലോണ്‍ 1758-ല്‍ നിലംപൊത്തും. (2) അസാന്മാര്‍ഗ്ഗികളോടുള്ള ദൈവീക രോഷം 1759 ഓടെ പ്രകടമാകും. (3) 1763-ല്‍ ലോകമെങ്ങും വമ്പന്‍ ഭൂകമ്പങ്ങളുണ്ടാകും. (14)
1926-ല്‍ ഓസ്‌വാള്‍ഡ് സ്മിത്ത് എന്ന ബൈബിള്‍ പണ്ഡിതന്‍ (1889-1986), ഇറ്റാലിയന്‍ ഫാഷിസ്റ്റ് ബെനിറ്റോ മുസോളിനിയാണ് അന്തിക്രിസ്തുവെന്ന് പ്രവചിച്ചു. (15)
പിന്നീട് മറ്റ് ചിലര്‍, സോവിയറ്റ് യൂണിയന്റെ ഭരണത്തലവന്‍ ജോസഫ് സ്റ്റാലിനെ അന്തിക്രിസ്തുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചുവെങ്കിലും 1953 മാര്‍ച്ച് 5 ന് രക്തസമ്മര്‍ദ്ദം ബാധിച്ച് കിടപ്പായതിനെ തുടര്‍ന്ന് പ്രവചനം പാളി. (16)
യേശുക്രിസ്തു, ക്രി.മു.5-ാമാണ്ടില്‍ സെപ്റ്റംബറില്‍ ജനിച്ചതായും 1996 സെപ്റ്റംബര്‍ 14 ന് കൃത്യമായി 2000 വര്‍ഷം പൂര്‍ത്തിയായതായും കണക്കാക്കിക്കൊണ്ട് അന്ത്യനാള്‍ വിദഗ്ധന്‍ ബാര്‍നി ഫുള്ളര്‍ എഴുതി:
'ദാനിയേല്‍ പ്രവചന പ്രകാരമുള്ള 17-ാമത്തെ ആഴ്ച 2003 ന് ശേഷം 7 വര്‍ഷത്തിനുള്ളില്‍ അവസാനിക്കും.' (17)
'റപ്ചര്‍' (18) 1988 ല്‍ നടക്കുമെന്ന് എഡ്ഗാര്‍വിറ്റ്‌സെനാറ്റ് എന്ന ബൈബിള്‍ പണ്ഡിതന്‍ പ്രവചിച്ചു. (19) പിന്നീട് ആണവ തീപിടിത്തത്താല്‍ 1994 ല്‍ ലോകം നശിക്കുമെന്ന് അദ്ദേഹം തിരുത്തിപ്പറഞ്ഞു. നടക്കാതെ വന്നപ്പോള്‍ 1997 ലേക്ക് വര്‍ഷം മാറ്റി പ്രതിഷ്ഠിച്ചു. (20) ഒന്നും പുലര്‍ന്നില്ല.
2000-ാം ആണ്ടോടെ യേശു ഭൂമിയില്‍ തിരികെയെത്തുമെന്ന് പാസ്റ്റര്‍ എഡ് ഡോബ്‌സണ്‍ പ്രവചിച്ചു. (21)
1938-മുതല്‍ 1948 വരെയുള്ള കാലഘട്ടത്തില്‍ വേള്‍ഡ് വൈഡ് ചര്‍ച്ച് ഓഫ് ഗോഡിന്റെ സ്ഥാപകനേതാവായ ഹെര്‍ബെര്‍ട്ട് ഡബ്ല്യൂ ആംസ്‌ട്രോങ് (1892-1986) പാളിപ്പോയ 21 വന്‍ പ്രവചനങ്ങള്‍ നടത്തി. 1986-ല്‍ മരിക്കുന്നതുവരെ ബൈബിളിനെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ 200 ഓളം പ്രവചനങ്ങളാണ് തെറ്റിയത്. 1934-ല്‍ അദ്ദേഹം ഇപ്രകാരം പ്രവചിച്ചു:
വിജാതീയരുടെ കാലത്തികവായിരിക്കും 1936 -ാ മാണ്ട്. ഇന്നത്തെ ലോകത്തെ സാമ്പത്തികദുരിതവും യുദ്ധഭീതിയും 1936 വരെ തുടരും! ഝടുതിയില്‍ ജ്യോതിര്‍ഗോളങ്ങളും സൂര്യചന്ദ്രന്മാരും കറുക്കുകയും നക്ഷത്രങ്ങള്‍ പതിക്കുകയും ചെയ്യും. തുടര്‍ന്നാകും രക്ഷകന്റെ ദിനം വന്നെത്തുക.(22)
ഇതേ വ്യക്തി 1940 ആയപ്പോഴേക്കും വര്‍ഷം മാറ്റിപ്പറഞ്ഞുകൊണ്ടെഴുതി: ‘അര്‍മഗെഡ്ഡണ്‍ യുദ്ധത്തിന് ഇനി ചുരുങ്ങിയത് മൂന്ന് - നാല് വര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്.' (23)
റപ്ചര്‍ (18) 1936-ല്‍ നടക്കുമെന്ന് ആംസ്‌ട്രോങ് തന്റെ സഭാംഗങ്ങളോട് നേരത്തേ പറയാറുണ്ടായിരുന്നു. പ്രവചനം തെറ്റിയപ്പോള്‍ തിയതി മാറ്റിപ്പറഞ്ഞുകൊണ്ടേയിരുന്നു. (24)
വിഖ്യാത അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ റേഡിയോ പ്രഭാഷകനാണ് ഹാരോള്‍ഡ് കാമ്പിംഗ് (1921). 150 റേഡിയോ സ്റ്റേഷനുകളുള്ള ഫാമിലി റേഡിയോയുടെ പ്രസിഡന്റുമാണ്. 1970-ല്‍ കാമ്പിംഗ് പ്രസിദ്ധീകരിച്ച ചരിത്രത്തെ സംബന്ധിച്ച ബൈബിള്‍ കലണ്ടര്‍ (25) പിന്നീട് 'ആദം എപ്പോള്‍' എന്ന തലക്കെട്ടോടെ പുന:പ്രസിദ്ധീകരിച്ചു. ഈ കൃതിയില്‍ പ്രപഞ്ചസൃഷ്ടി ക്രിസ്തുവിനുമുമ്പ് 11013 ലും നോഹയുടെ പ്രളയം ക്രി.മു 4990 ലും നടന്നതായി കണക്കാക്കിയിരുന്നു. ബിഷപ്പ് ഉഷറിന്റെ ക്ലാസിക്കല്‍ കാലഗണനാക്രമത്തിന്റെ അപാകത തിരുത്തുന്നതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. (ഉഷറുടെ ഗണനപ്രകാരം കിസ്തുവിനുമുമ്പ് 4004 ല്‍ സൃഷ്ടിയും ക്രിസ്തുവിനുമുമ്പ് 2348 ല്‍ പ്രളയവും നടന്നു.)
അന്ത്യദിനം 1988 മേയ് 21 നും 1994 സെപ്റ്റംബര്‍ 7 നും ഇടയ്ക്ക് നടക്കുമെന്ന് ആദ്യം പ്രവചിച്ച കാമ്പിംഗ് (26) പിന്നീട് 2011 ന് ലോകാവസാനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. (27) പിന്നീട് 2011 ജനുവരി 2 ന് ലോകാവസാനത്തിന്റെ വളരെ കൃത്യമായ തീയതിതന്നെ കാമ്പിംഗ് കണക്കുകൂട്ടി പറഞ്ഞു: 2011 ഒക്ടോബര്‍ 21. 2011 മേയ് 21 ന് യേശുക്രിസ്തു തിരിച്ചുവരുമെന്നും അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു.(28)
ഈ പ്രവചനത്തിന്റെ പ്രചരണാര്‍ത്ഥം ഫാമിലി റേഡിയോ 100 മില്യണ്‍ ഡോളര്‍ ചെലവിട്ടു. സദ്‌വൃത്തര്‍ സ്വര്‍ഗ്ഗത്തിലേക്ക് പറക്കുമെന്നും ഭൂമിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തം, പ്ലേഗ് എന്നീ വ്യാധികളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ദിനേന മരണപ്പെടുമെന്നും ഈ പ്രക്രിയയുടെ പാരമ്യത്തിലാകും ലോകാവസാനം വന്നെത്തുകയെന്നുമാണ് കാമ്പിംഗിന്റെ നിഗമനം.
പ്രവചനം പാളിയതിനെ തുടര്‍ന്ന് 2011 ജൂണ്‍ 9 ന് ശക്തമായ രക്തസമ്മര്‍ദ്ദം ബാധിച്ച് കാമ്പിംഗ് ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ടു.
യഹോവ സാക്ഷികളും സഹസ്രാബ്ദവാഴ്ചയും
സര്‍വ്വശക്തനായ ദൈവത്തിന്റെ യുദ്ധം (വെളിപാട് 16:14),1914-ല്‍ അവസാനിക്കുമെന്നും ഭൂമിയിലെ അധികാരം മുഴുക്കെ ചുഴറ്റിയെറിയപ്പെടുമെന്നും യഹോവ സാക്ഷി പ്രസ്ഥാനം 1886 ല്‍ പ്രഖ്യാപിച്ചു. (29)
1914 കഴിഞ്ഞപ്പോള്‍ അവര്‍ വര്‍ഷം 1915 ആക്കി പുനര്‍ നിര്‍ണ്ണയിച്ചു.(30) 1915 ഉം കഴിഞ്ഞപ്പോള്‍ 1918 ല്‍ സഭകളെ ദൈവം നശിപ്പിക്കുമെന്നും പാസ്റ്റര്‍ റസ്സലിന്റെ (യഹോവ സാക്ഷിയുടെ താത്വിക നേതാവ് ) പ്രവര്‍ത്തന മേഖലകളിലുള്‍പ്പെടുന്നവര്‍ക്ക് മാത്രമായി രക്ഷ പരിമിതപ്പെടുമെന്നും അവര്‍ പ്രഖ്യാപിച്ചു.(31)
പ്രസ്തുത പ്രവചനം പരാജയപ്പെട്ടപ്പോള്‍ പഴയലോകം ക്രമേണ അവസാനിച്ച് 1925 ല്‍ വിശ്വാസികളുടെ പുനരുത്ഥാനമുണ്ടാകുമെന്നായി അവകാശവാദം. (32)
1938 ല്‍ സാക്ഷികളോട് സന്താനോല്പാദനം നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നു. അന്തിമയുദ്ധം ഉടനുണ്ടാകുമെന്ന പ്രതീക്ഷയാണ് കാരണമായി പറഞ്ഞത്.(33)
1975 ഓടെ ആദം മുതലുള്ള മനുഷ്യചരിത്രം 6000 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് അവര്‍ കണക്കുകൂട്ടി.(34) ഏഴാമത്തെ സഹസ്രാബ്ദം നിതാന്തതയുടെ ഒരു പുതുയുഗ പിറവിയായിരിക്കും എന്നവര്‍ ഗണിച്ചെടുത്തു.(35)
പാപപങ്കിലമായ ലോകവ്യവസ്ഥ 1975 ഓടെ അവസാനിക്കുമെന്നതിനാല്‍ (ഇനി ഏറെ നാള്‍ അവശേഷിക്കാത്തതിനാല്‍) യഹോവ സാക്ഷികള്‍ സ്വന്തം ഭവനങ്ങള്‍ വിറ്റുകൊണ്ട് അന്ത്യനാളിലേക്കുള്ള തങ്ങളുടെ പാഥേയമൊരുക്കാനായി ദൈവവേല (യഹോവ സാക്ഷികളുടെ പ്രചാരണം) ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്യപ്പെട്ടു.(36)
തുടര്‍ച്ചയായ പ്രവചന പാളിച്ചയെ തുടര്‍ന്നാകണം പിന്നീടവര്‍ അടവ് മാറ്റിച്ചവിട്ടി. 1914 ല്‍ ജീവിച്ചവര്‍ അവസാന തലമുറയാണെന്നും അവര്‍ മരിച്ചു തീരുന്നതുവരെ അന്ത്യയുഗത്തിന് കാത്തിരിക്കണമെന്നുമായി വാദം.(37)
കടുത്ത ദുരിതത്തിന്റെ (38) കേളികൊട്ട് തുടങ്ങിക്കഴിഞ്ഞതായും 1914 ലെ തലമുറ ഏതാണ്ട് അവസാനിക്കാറായെന്നുമുള്ള പ്രഖ്യാപനം 1980-ല്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.(39) അനുകൂല സാഹചര്യമുള്ളവര്‍ ദീര്‍ഘായുഷ്മരായി കഴിയുന്നതാണ് അന്ത്യനാളിനെ വൈകിക്കുന്നതെന്നും വിശദീകരണം വന്നു.(40)
തുടരെ തുടരെയുള്ള പ്രവചന പരാജയങ്ങള്‍ക്ക് ഒരു നീതികരണവും അവര്‍ നിരത്തി. യഹോവയുടെ നാമത്തിലല്ല തങ്ങളുടെ പ്രവചനങ്ങള്‍, അതുകൊണ്ട് തെറ്റ് വലിയ പ്രശ്‌നമായി കാണുന്നില്ല!
പിന്നീട് മലക്കം മറിഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു: എണ്ണപ്പെട്ട ദിനങ്ങളെപ്പറ്റി ഊഹാപോഹം നടത്തുന്നത് നിരര്‍ത്ഥകമാണ്.! ദുഷിച്ചുനാറിയ ഈ വ്യവസ്ഥിതി എത്രയും വേഗം നശിച്ചുകാണണമെന്നുള്ള ആഗ്രഹമാണ് തങ്ങള്‍ വരുത്തിയ അബദ്ധങ്ങളുടെ കാരണമെന്ന് യഹോവ സാക്ഷികളുടെ പ്രസിദ്ധീകരണം ഒടുവില്‍ സമ്മതിച്ചു.(41)
ക്രൈസ്തവ സയണിസം: യുദ്ധത്തിന്റെ തുടികൊട്ടല്‍
കാലഘട്ടവാദം അഥവാ പൂര്‍വ്വസഹസ്രാബ്ദവാഴ്ച,(42) മുഖ്യധാരാ ദൈവശാസ്ത്രത്തില്‍ നിന്ന് ഭിന്നമായി 1820 കളില്‍ മാത്രം രൂപം കൊണ്ടതിനാല്‍ വളരെ വിമുഖതയോടെയാണ് ബൈബിള്‍ പണ്ഡിതന്മാര്‍ സ്വീകരിച്ചത.് 1920 ഓടെ സ്ഥിതിഗതികള്‍ മാറി. ആധുനികതയില്‍നിന്ന് നേരിട്ട കനത്ത വെല്ലുവിളികള്‍ ഇതിനൊരു കാരണമായി സാംസ്‌കാരിക വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.(43)
1970 കളില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി ക്രൈസ്തവ സയന്റിസ്റ്റ് പ്രവചന കൃതിയായ 'പരേതനായ ഭൂമി എന്ന മഹാഗ്രഹം' ആണ്.(44) ലിന്റ്‌സേയുടെ ഈ കൃതി പുസ്തക പ്രബോധന രംഗത്തെ തന്നെ ഒരത്ഭുതമായി വിലയിരുത്തപ്പെടുന്നു. പ്രസിദ്ധീകരിച്ച ആദ്യമാസം തന്നെ ഒരു ദശലക്ഷത്തിലേറേ കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി മൊത്തം 30 മില്യണ്‍ കോപ്പികളാണ് ചെലവായത്. ഇതുകൂടാതെ 54 ഭാഷകളിലേക്ക് കൃതി വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു.(45) പുസ്തകത്തിന്റെ ആദ്യപതിപ്പില്‍, 1948 ല്‍ ഇസ്രയേല്‍ രാഷ്ട്രം രൂപംകൊണ്ടതിനുശേഷം ഒരൊറ്റ തലമുറ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന വീക്ഷണമാണ് മുന്നോട്ടുവച്ചത്.വിചാരണ 40 വര്‍ഷവും കടുത്തദുരിതത്തിന്റെ 7 വര്‍ഷവും നീണ്ടുനില്‍ക്കുമെന്നതുകൊണ്ട് യേശുക്രിസ്തുവിന്റെ രണ്ടാംവരവ് താഴെ പറയുന്ന വിധം കണക്കാക്കി:(46) 1948 + 40 - 7 = 1981.
ഇസ്രയേല്‍ രൂപീകരണത്തിന്റെ 40-ാം വര്‍ഷം റപ്ചര്‍ (സ്വര്‍ഗാരോഹണം) നടക്കുമെന്നും 2000-ാം വര്‍ഷത്തോടെ ലോകാവസാനമായിരിക്കുമെന്നും ലിന്റ്‌സേ ധീരതയോടെ ദീര്‍ഘദര്‍ശനം ചെയ്തു.(47)
ഇതേ പ്രവചനം ഇതിനു മുമ്പുനടത്തിയ വേള്‍ഡ് വൈഡ് ചര്‍ച്ച് ഓഫ് ഗോഡ് പിന്നീട് അതില്‍നിന്ന് പിന്മാറിയിരുന്നു(48) എന്നാല്‍ ലിന്റ്‌സേ ഇതിന് തയ്യാറായില്ല. അല്പമൊക്കെ തെറ്റിയാലും അന്ത്യനാള്‍ വിദൂരത്തല്ല എന്ന് തന്നെയാണ് കക്ഷിയുടെ നിലപാട്.
ലോകാവസാനം 1982 ലെ ഒക്ടോബറിലോ നവംബറിലോ ഉണ്ടാകുമെന്ന പ്രവചനം അമേരിക്കന്‍ ക്രൈസ്തവ സയണിസ്റ്റ് നേതാവ് പാറ്റ് റോബര്‍ട്ട്‌സണ്‍ 1976 ല്‍ നടത്തി.(49) ഇതേ വ്യക്തി 1990 ല്‍ ഇറക്കിയ പുതിയ സഹസ്രാബ്ദം എന്ന കൃതിയില്‍ 2007 ഏപ്രില്‍ 29 ന് ഭൂമി നശിക്കും എന്നാണ് ദീര്‍ഘദര്‍ശനം ചെയ്തിരിക്കുന്നത്.(50)
1992 ഡിസംബര്‍ 27 ന് ക്രൈസ്തവസയണിസ്റ്റ് സൈദ്ധാന്തികന്‍ ജെറിഫാള്‍വെല്‍ (1933-2007) മറ്റൊരു നൂറ്റാണ്ടോ സഹസ്രാബ്ദമോ താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. ക്രൈസ്തവ സയണിസത്തിന് താത്വിക വ്യാഖ്യാനം നല്‍കിയ ജോണ്‍ വാള്‍വൂര്‍ഡ് തന്റെ ജീവിതത്തിനുള്ളില്‍ത്തന്നെ റാപ്ചര്‍ (സ്വര്‍ഗാരോഹണം) നടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.(51) എന്നാല്‍ തന്റെ 92-ാമത്തെ വയസ്സില്‍ 2002 ല്‍ വാള്‍വൂര്‍ഡ് അന്തരിച്ചു.
നിരവധി കൃതികളിലൂടെ ഇസ്രയേലി സൈനീക ദുഷ്‌ചെയ്തികളെ ന്യയീകരിച്ച വ്യക്തിയാണ് വാള്‍വൂര്‍ഡ്. അന്തിമയുദ്ധം ആസന്നമാണെന്ന സൂചനകളാണ് അദ്ദേഹം നല്‍കിക്കൊണ്ടിരുന്നത്.(52)
ക്രൈസ്തവ സയണിസത്തെ ജനകീയമാക്കിയത് നോവലുകളാണ്. പുതിയ സഹസ്രാബ്ദത്തിന്റെ ആരവം കേട്ടുതുടങ്ങിയതോടെ 1990 കളില്‍ ടിം ലഹായേ, ജെറി ജെന്‍കിന്‍സ് എന്നിവര്‍ ചേര്‍ന്ന് നോവല്‍ പരമ്പരകള്‍തന്നെ ഇറക്കി. 'ലെഫ്റ്റ് ബിഹൈന്റ്' (അവശേഷിച്ചവര്‍) എന്ന സീരിസില്‍ പുറത്തിറങ്ങിയ ഇവയുടെ 70 മില്യണ്‍ കോപ്പികളാണ് അമേരിക്കയില്‍ വിറ്റഴിഞ്ഞത്. എന്നാല്‍ സയണിസ്റ്റ് പ്രചരണത്തിലൂന്നിയ ഇത്തരം കൃതികള്‍ക്ക് ഏതാണ്ട് 80 ലേറേ വര്‍ഷത്തെ പാരമ്പര്യമെങ്കിലുമുണ്ടെന്ന് സാംസ്‌കാരിക വിദഗ്ദ്ധന്‍ ജോണ്‍സണ്‍ ഫ്രൈക്കോം ഓര്‍മ്മപ്പെടുത്തുന്നു.(53) 1913-ല്‍ ഇറങ്ങിയ സിഡ്്‌നി വാട്‌സന്റെ സ്‌കാര്‍ലറ്റ് ആന്റ് പര്‍പ്പിള്‍, 1916 -ല്‍ ഇറങ്ങിയ ‘ഇന്‍ ദി ട്വിങ്ക്‌ളിംങ് ഓഫ് ആന്‍ ഐ' തുടങ്ങിയവ അനേകം പ്രാവശ്യം പുന:പ്രസിദ്ധീകരിച്ചവയാണ്.
വെളിപാട് 20:1-6, 1 തെസലോന്യര്‍ 4: 16-18 എന്നിവയില്‍ പറയുന്ന റപ്ചര്‍ അക്ഷരാര്‍ത്ഥത്തില്‍ നടക്കുമെന്നാണ് കാലഘട്ടവാദികള്‍ (ക്രൈസ്തവ സയണിസ്റ്റുകള്‍) പറയുന്നത്. മരിച്ചുപോയ സത്യവിശ്വാസികള്‍ (ബോണ്‍ അഗൈന്‍) ആകാശത്തിലേക്കുയര്‍ത്തപ്പെടും. ജീവിച്ചിരിക്കുന്ന സത്യവിശ്വാസികള്‍ കാര്‍, വിമാനം, ഫാക്ടറി ജോലി, ഗൃഹം, കുടുംബം, കൂട്ടുകാര്‍ എന്നിവ ഉപേക്ഷിച്ചാണ് മുകളിലേക്കുയരുക!
എന്നാല്‍ റോമന്‍ കത്തോലിക്കാസഭയും മറ്റു ലിബറല്‍ സഭകളും ഇതൊന്നും അക്ഷരാര്‍ത്ഥത്തില്‍ നടക്കുമെന്ന് കരുതുന്നവരല്ല. അന്തിക്രിസ്തു പ്രത്യക്ഷപ്പെട്ട് 7 വര്‍ഷത്തോളം കടുത്ത ദുരിത നാളുകള്‍ (ട്രിബുലേഷന്‍) ആയിരിക്കുമെന്നും പിന്നീടാകും റപ്ചര്‍ എന്ന പ്രതിഭാസം അരങ്ങേറുക എന്നുമാണ് ക്രൈസ്തവ സയണിസ്റ്റുകള്‍ കരുതുന്നത്. ഇതിന് ശേഷമായിരിക്കും യേശുവിന്റെ നേതൃത്വത്തില്‍ സഹസ്രാബ്ദവാഴ്ച നടക്കുക.
ഈ വിശ്വാസം തര്‍ത്തുല്യന്‍, ജസ്റ്റീന്‍ മാര്‍ട്ടിയര്‍, ഐറിനിയസ് തുടങ്ങിയ സഭാപിതാക്കള്‍ക്കുണ്ടായിരുന്നുവെങ്കിലും പ്രിമില്ലെനീയം (കാലഘട്ടവാദം) ഒരു പാഷാണ്ഡതയായാണ് ക്രിസ്ത്വബ്ദം 431-ല്‍ എഫീസസില്‍ ചേര്‍ന്ന സഭാകൗണ്‍സില്‍ വിലയിരുത്തിയത്. എന്നാല്‍ ഈ സിദ്ധാന്തത്തെ പുനരുജ്ജീവിപ്പിക്കുകയാണ് 1820 കളില്‍ ജോണ്‍ നെല്‍സണ്‍ ഡാര്‍ബി എന്ന ബ്രിട്ടീഷുകാരന്‍ ചെയ്തത്. 1909-ല്‍ സ്‌കോഫീല്‍ഡ് റഫറന്‍സ് ബൈബിളിലേക്ക് ഈ സിദ്ധാന്തം സമര്‍ത്ഥമായി തിരികിക്കയറ്റിയതു മൂതലാണ് പൂര്‍വ്വസഹസ്രാബ്ദവാഴ്ചാ സിദ്ധാന്തം പ്രചാരത്തിലായത്.
1967-ല്‍ ജറുസലേം നഗരത്തെ ഇസ്രയേല്‍ കയ്യടക്കിയതിനെ സക്കരിയ്യാവ് 8:3 ന്റെ പ്രവചന നിവര്‍ത്തിയായി കാലഘട്ടവാദികള്‍ കൊട്ടിഘോഷിച്ചു. (54) എല്ലാ വ്യാഖ്യാനങ്ങളും ഇസ്രായേലിന്റെ നിലനില്പ്, സുരക്ഷിതത്വം, ആധിപത്യം എന്നിവയെ അരക്കിട്ടുറപ്പിക്കാനുദ്ദേശിച്ചാണ് ക്രൈസ്തവ സയണിസ്റ്റുകള്‍ നടത്തുക.
ഉദാഹരണത്തിന് ലുതറന്‍ ദൈവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ജോണ്‍ ന്യൂഹാസ് ഓര്‍മ്മപ്പെടുത്തുന്നു: ‘രാഷ്ട്രമെന്ന നിലക്കുള്ള ഇസ്രായേലിന്റെ അതിജീവനം എന്ന പ്രശ്‌നത്തില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തപ്പെടരുത്.' (55)
നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ആന്റിസെമിറ്റിസത്തിന്റെയും നാസികള്‍ നടത്തിയ യൂറോപ്യന്‍ ജൂതവേട്ടയുടേയും കുറ്റബോധം ഇസ്രയേല്‍ രാഷ്ട്രരൂപീകരണത്തില്‍ വലിയ പങ്ക് വഹിച്ചതായി റോസ്‌മേരി റൂതര്‍ എന്ന വിമോചന ദൈവശാസ്ത്രജ്ഞ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (56) എന്നാല്‍ അമേരിക്കയുടെ ഇസ്രയേലി പക്ഷപാതിത്തം എന്ന പ്രഹേളികയുടെ കുരുക്കഴിക്കാന്‍ ഇതു അപര്യാപ്തമാണ്.
വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്. ഈ ദര്‍ശനം അമേരിക്കന്‍ ജനത അബോധപൂര്‍വ്വം ആവാഹിച്ചിരിക്കുന്നതായാണ് വിമോചന ദൈവശാസ്ത്രജ്ഞന്‍ കോളിന്‍ ചാപ്മാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. (57)
അമേരിക്ക തന്നെ പുതിയ ഇസ്രായേലാണെന്ന ദൈവശാസ്ത്ര വാദമുയര്‍ത്തിയാണ് റെഡ് ഇന്ത്യക്കാരെ നിഗ്രഹിച്ചുകൊണ്ട് അവരുടെ ഭൂമി പിടിച്ചെടുത്ത് വെള്ളക്കാരന്റെ ആധിപത്യമുറപ്പിച്ചത്. ഈ പ്രക്രീയയെ 'വെളിപാട് പുസ്തക പാരമ്പര്യത്തിന്റെ അമേരിക്കവല്ക്കരണം' എന്നാണ് ചരിത്രകാരന്മാര്‍ വിളിക്കുന്നത്. (58)
അമേരിക്കന്‍ വിദേശനയത്തെ ഇസ്രയേല്‍ അനുകൂലമാക്കി നിലനിര്‍ത്തുന്ന പ്രധാനഘടകം അന്ത്യനാള്‍ പ്രവചനങ്ങളാണ്! പല മീഡിയാ വിദഗ്ദ്ധരും ഈ രഹസ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ജോര്‍ജ്ജ് ബുഷ് ജൂനിയറുടെ വിദേശനയം ക്രൈസ്തവസയണിസ്റ്റ് ടിം ലാഹായുടേതാണെന്ന് കപ്ലാന്‍ ചൂണ്ടിക്കാട്ടുന്നു. (59)
1988 വരെ സോവിയറ്റ് വിരുദ്ധമായ ബൈബിള്‍ പ്രവചന കൃതികള്‍ സുലഭമായിറങ്ങിയിരുന്നു.മിഖായേല്‍ ഗൊര്‍ബെച്ചോവിനെവരെ അന്തിക്രിസ്തുവാക്കിക്കൊണ്ട് അതിനുള്ള കാരണങ്ങള്‍ ബൈബിളില്‍നിന്ന് പരതിയെടുക്കുന്നു, ഒരു പ്രവചനവീരന്‍. (60)
എസക്കിയേല്‍ 38:2 ല്‍ പരാമര്‍ശിക്കുന്ന ‘റോഷ്' റഷ്യയാണെന്ന് ക്രൈസ്തവ സയണിസ്റ്റുകളായ ലിന്റ്‌സേയും ടിം ലാഹേയും വാദിച്ചു. (61) എന്നാല്‍ ശീതയുദ്ധം അവസാനിച്ചതിനുശേഷം ശത്രു, ഇസ്‌ലാമും മുസ്‌ലിംനാടുകളും മാത്രമായി ഝടുതിയില്‍ പരിവര്‍ത്തനപ്പെടുന്നതാണ് നാം കാണുന്നത്!
ഉദാഹരണത്തിന് ഇറാനുമായുള്ള യുദ്ധം അനിവാര്യമാണെന്നും ഇസ്രയേലുമായി ചേര്‍ന്ന് അമേരിക്ക അതിന് തുനിയണമെന്നും ക്രൈസ്തവസയണിസ്റ്റ് ആചാര്യനും ഡോ.ആര്‍മഗഡ്ഡെണ്‍ എന്ന അപരനാമത്തിലറിയപ്പെടുന്നവനുമായ ജോണ്‍ഹാഗി തുറന്നടിക്കുന്നു.(62) സന്ദര്‍ഭോചിതമായി, ഇറാനുമായുള്ള യു.എസ്.സംഘര്‍ഷത്തിനാക്കം കൂടും വിധമുള്ള കൃതികള്‍ ക്രൈസ്തവ സയണിസം വിദഗ്ധമായി പടച്ചുവിട്ടുകൊണ്ടേയിരിക്കുന്നു.(63)
ഇസ്‌ലാംവിരുദ്ധമായ ക്രൈസ്തവ പാരമ്പര്യത്തിന് കുരിശുയുദ്ധങ്ങളുടെ (1095-1291) പഴക്കമെങ്കിലുമുണ്ട്. മാര്‍ട്ടിന്‍ ലൂതര്‍ പോലും മുസ്‌ലീങ്ങളെപ്പറ്റി 'അക്രമാസക്തരായ തുര്‍ക്കികള്‍' എന്ന പ്രയോഗം നടത്തിയിട്ടുണ്ട്. (64)
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ മുഖ്യപ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ പോലും ഇസ്‌ലാം പ്രതിസ്ഥാനത്ത് തന്നെയുണ്ടായിരുന്നു. 1960 കളിലും 1970 കളിലും കാലഘട്ടവാദികളായ ക്രൈസ്തവ സയണിസ്റ്റ് രചനകളില്‍ സോവിയറ്റ് നേതൃത്വത്തിലുള്ള ഇസ്രയേല്‍ ആക്രമണത്തിന് ഇസ്‌ലാം പിന്തുണ നല്കുമെന്ന് പറഞ്ഞായിരുന്നു ഇസ്‌ലാം വിരുദ്ധത പ്രകടമാക്കിയത്.
എന്നാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ഗോഗ് മഗോഗ് ആയി റഷ്യയെ കണ്ടവര്‍ ക്രമേണ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും തല്‍സ്ഥാനത്തേക്ക് പറിച്ചുനടുകയായിരുന്നു. ചുവപ്പു ഭീഷണിക്കു പകരം പച്ച ഭീഷണി പടര്‍ന്നു പിടിക്കുന്നതായി പ്രചാരണയുദ്ധം നടത്തി. 1990 കള്‍ക്ക് ശേഷമുള്ള പ്രവചന കൃതികളുടെ തലക്കെട്ട് തന്നെ ഇത് ദ്യോതിപ്പിക്കുന്നു.(65)
2001 സെപ്റ്റംബര്‍ 11 ന്റെ ഭീകരാക്രമണമാണ് ഇസ്‌ലാം വിരുദ്ധതയെ മൂര്‍ഛിപ്പിക്കുവാന്‍ ക്രൈസ്തവസയണിസ്റ്റുകള്‍ ഉപയോഗിച്ചത്. ആയുധ-യുദ്ധ-വ്യവസായ താല്പര്യക്കാരും എണ്ണക്കമ്പനികളും പെന്റഗന്റെ സാമ്രാജ്യത്വപദ്ധതികളും ഇതര ക്രൈസ്തവ സയണിസ്റ്റുകളും ചേര്‍ന്ന മുന്നണിയാണ് ഇസ്‌ലാമോഫോബിയ കത്തിപ്പടര്‍ത്തുന്നത്.
അമേരിക്കയുടെ നിലനില്‍പ്പിനും അഭിവൃദ്ധിക്കുമുള്ള തുരുപ്പുശീട്ടും താക്കോലും ഇസ്രയേലിനുള്ള സര്‍വ്വതോമുഖമായ പിന്തുണയാണെന്ന ഇവാഞ്ചിക്കല്‍ സയണിസ്റ്റ് ഭാഷ്യം, അമേരിക്കയുടെ അന്തരാത്മാവിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവ സയണിസ്റ്റുകളുടെ ഇസ്രയേലി പക്ഷപാതിത്വം അറബ്- ഇസ്‌ലാം വിരുദ്ധതയായി രൂപപ്പെടുക സ്വാഭാവികം മാത്രമാണ്.
ഉദാഹരണത്തിന് ഖുര്‍ആന്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് ഒരു ക്രൈസ്തവസയണിസ്റ്റ് കൃതി ആരോപിക്കുന്നു.(66)
ഒട്ടേറേ ഇസ്‌ലാംവിരുദ്ധ പ്രസ്താവങ്ങള്‍ നടത്തിയ ജെറി ഫാള്‍വെല്‍, പാറ്റ് റോബര്‍ട്ട്‌സണ്‍,ബില്ലിഗ്രഹാം എന്നീ ക്രൈസ്തവ സയണിസ്റ്റുകളെയാണ് ബുഷ് തന്റെ ആത്മീയ ഉപദേശക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
2003 മാര്‍ച്ചിലാണ് കൂട്ടുകക്ഷികളുമായി ചേര്‍ന്ന് അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തുന്നത്. എന്നാല്‍ ഇസ്‌ലാം ക്രിസ്ത്യാനികളുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കുകയാണ് എന്ന തലതിരിഞ്ഞവാദമാണ് ക്രൈസ്തവസയണിസ്റ്റ് തലവന്‍ പാറ്റ് റോബര്‍ട്ട്‌സണ്‍ ഉയര്‍ത്തിയത്. (67)
മറ്റൊരു ക്രൈസ്തവ സയണിസ്റ്റ് താത്വികന്‍ ഡേവിഡ് ഡേവിസ്, മുസ്‌ലിം നാടുകളിലെ യു.എസ്.അധിനിവേശങ്ങളെ ന്യായീകരിക്കുന്നതീവിധമാണ്:
'ഇറാന്‍-ഇറാഖ് രാഷ്ട്രങ്ങളിലെ നശീകരണായുധങ്ങളെ മുന്‍കൂറായി തകര്‍ക്കുന്ന അദ്ദേഹം (ബുഷ്) ദൈവീകാജ്ഞയെ അനുവര്‍ത്തിക്കുന്നവനാണ്'.(68)
വാലിദ് ഷൂബത്ത് എന്ന ക്രൈസ്തവ സയണിസ്റ്റ് കൂടുതല്‍ വീറോടെ മുസ്‌ലിം നിഗ്രഹത്തിനും കുരുതിക്കും ആഹ്വാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രവചനപ്രകാരം യേശു തന്റെ രണ്ടാംവരവില്‍ എല്ലാ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കുമെതിരെ പോരാടും.(69) യമന്‍ എന്ന രാഷ്ട്രത്തെയും സൗദി അറേബ്യയിലെ ചില പട്ടണങ്ങളെയും യേശുക്രിസ്തു നശിപ്പിച്ചുകളയും. (70) അന്തിക്രിസ്തു തുര്‍ക്കി കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക. (71) 2020 ഓടെ പൂര്‍ത്തിയാവുന്ന അന്താരാഷ്ട്ര ഖിലാഫത്ത് ആഗോള സംഘര്‍ഷങ്ങളെ മൂര്‍ഛിപ്പിക്കും.(72)
സോളമന്റെ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മിതിയുമായി യേശുവിന്റെ രണ്ടാംവരവിനെ സമര്‍ത്ഥമായി ബന്ധിപ്പിച്ചുകൊണ്ട് മറ്റൊരു മുസ്‌ലിം വിരുദ്ധ സംഘര്‍ഷ മേഖല തുറക്കുകയാണ് ഹാള്‍ ലിന്റ്‌സേ. (73) മുസ്‌ലിം ദേവാലയങ്ങളായ ഡോം ഓഫ് റോക്കും മസ്ജിദുല്‍ അഖ്‌സയും നില്‍ക്കുന്നിടത്ത് അവ നശിപ്പിച്ചു കൊണ്ടുതന്നെ ടെമ്പിള്‍ മൗണ്ട് നിര്‍മ്മിക്കണമെന്ന പിടിവാശി മതവൈരവും യുദ്ധഭ്രാന്തും ആളിപ്പടര്‍ത്താനുദ്ദേശിച്ചാണ്.
അന്ത്യനാള്‍ പ്രവചനക്കാര്‍ തങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെ അവയുടെ പൂര്‍ത്തീകരണത്തിനനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് സാംസ്‌കാരിക പണ്ഡിതന്‍ റസ്സല്‍ വ്യക്തമാക്കുന്നു. (74)
അമേരിക്കന്‍ ക്രൈസ്തവരുടെ ഇസ്രയേല്‍ പ്രേമത്തിന് പഴക്കമേറെയുണ്ട്; ജൂതസയണിസത്തേക്കാള്‍ പഴക്കം. വില്യം യൂജിന്‍ ബ്ലാക്ക്‌സ്റ്റോണ്‍ (1841-1935) എന്ന ക്രൈസ്തവസയണിസ്റ്റിന്റെ സംഭാവനകളെ മുന്‍നിര്‍ത്തി ക്രൈസ്തവ സയണിസത്തിന് ജൂതസയണിസത്തേക്കാള്‍ പാരമ്പര്യമുണ്ടെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രേഖപ്പെടുത്തി. (75)
ബ്ലാക്ക്‌സ്റ്റോണ്‍ 1908-ല്‍ പ്രസിദ്ധീകരിച്ച ‘യേശുവരുന്നു' എന്ന കൃതി 3 എഡിഷനുകളിലായി 10 ലക്ഷത്തിലേറേ കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും 30 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. (76)
1891-ല്‍ ബ്ലാക്ക്സ്റ്റണ്‍ 413 പ്രമുഖരെകൊണ്ട് ഒപ്പ് വെപ്പിച്ച ഒരു മെമ്മോറാണ്ടം പ്രസിഡന്റ് ബെഞ്ചമിന്‍ ഹാരിസണ് സമര്‍പ്പിച്ചു. റോമന്‍ പൂര്‍വ്വീകരാല്‍ ക്രൂരമായി പുറത്താക്കപ്പെട്ടവരെ ഫലസ്തീനില്‍ പുനരധിവസിപ്പിക്കേണ്ടതിന്റെ ആവശ്യകത മമ്മോറാണ്ടം ഊന്നിപ്പറഞ്ഞിരുന്നു. സയണിസത്തിന്റെ പിതാവായി ഈ ക്രൈസ്തവ പണ്ഡിതനെ വിശേഷിപ്പിക്കാറുണ്ട്. 1957-ല്‍ ഇസ്രയേല്‍ ഇദ്ദേഹത്തെ ആദരിച്ചുകൊണ്ട് ഒരു കാടിന് വില്യം ബ്ലാക്ക്സ്റ്റണ്‍ എന്ന പേര്‍ നല്‍കി. (77)
പൂര്‍വ്വിക കാലത്ത് സൈറസ് നടത്തിയതുപോലുള്ള ഈ പിന്തുണയ്ക്ക് സമാനമാണ് ഇസ്രയേല്‍ രൂപീകരണത്തിനുള്ള തന്റെ പിന്തുണയെന്നും അതുവഴി താന്‍ ദൈവീക പദ്ധതി നടപ്പിലാക്കുന്നുവെന്നുമുള്ള വിശ്വാസമാണ് ഹാരി ട്രൂമാന് (1884-1972) ഉണ്ടായിരുന്നത്. ഇസ്രയേലിനെ നിമിഷങ്ങള്‍ക്കകം അംഗീകരിച്ച ട്രൂമാന്‍, ക്രൈസ്തവ സയണിസ്റ്റ് പരിപ്രേക്ഷ്യത്തിലൂടെയാണ് ലോകത്തെ വീക്ഷിച്ചതെന്നും ഇത് അദ്ദേഹത്തിന്റെ വിദേശനയത്തെ വലിയ തോതില്‍ സ്വാധീനിപ്പിച്ചെന്നും രാഷ്ട്രീയ വിദഗ്ദ്ധര്‍ കണ്ടെത്തി.(78)
പ്രവചന പൂര്‍ത്തീകരണാര്‍ത്ഥം ത്യാഗപരിശ്രമങ്ങള്‍ നടത്തിയ ബ്ലാക്ക്സ്റ്റണ്‍, ഹാരിട്രൂമാന്‍ എന്നിവരെപോലെ ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയും യത്‌നിക്കുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനം നോക്കുക:
ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (79)
യുദ്ധപ്രഭുക്കളുടെയും എണ്ണക്കമ്പനികളുടെയും പെന്റഗന്റെയും സാമ്രാജ്യത്വ ലക്ഷ്യങ്ങളെ ഒരേസമയം തൃപ്തിപ്പെടുത്തുന്ന ആഹ്വാനമാണ് ഹാഗി നടത്തുന്നത്. പ്രതികാര മൂര്‍ത്തിയും രക്തദാഹിയുമായി യഹോവയെയും യേശുവിനെയും ഇകഴ്ത്തുന്നു ക്രൈസ്തവ സയണിസം. മദ്ധ്യപൗരസ്ത്യ ദേശത്തെ സമാധാനത്തിന് വേണ്ടിയുള്ള ഏത് ശ്രമങ്ങളും ദൈവവചന വിരുദ്ധവും അന്തിക്രിസ്തുവിന് അനുകൂലവുമാണെന്ന് തുറന്നടിച്ച ടെലി ഇവാഞ്ചലിസ്റ്റ് ജിം റോബിണ്‍സണെത്തന്നെ 1984 ലെ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്താന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ക്ഷണിച്ചു.(80)
സ്വയംകൃതാനര്‍ത്ഥം നടത്തുന്ന പ്രവചന പൂര്‍ത്തീകരണ ലക്ഷ്യങ്ങളോടെയുള്ള തീവ്രവാദ ഐക്യമുന്നണി (ജൂത-ക്രൈസ്തവ സയണിസ്റ്റുകള്‍), യുദ്ധങ്ങളെ ക്ഷണിച്ചുവരുത്തുമെന്നും ഈ പ്രക്രിയയില്‍ ഭൂമി എന്ന ഗ്രഹം തന്നെ അപകടത്തിലേക്കു പതിക്കുമെന്നം രാഷ്ട്രീയ നിരീക്ഷക ഗ്രേസ് ഹാള്‍സെല്‍ മുന്നറിയിപ്പ് നല്കിയിരുന്നു. (81)
ക്രൈസ്തവ സയണിസ്റ്റുകള്‍
ക്രൈസ്തവരുടെ ജൂതമര്‍ദ്ദനങ്ങള്‍ തന്നെയാണ് ആന്റിസെമിറ്റിസത്തിലേക്കും ഹോളോക്കോസ്റ്റ് കുരുതികളിലേക്കുമെത്തിച്ചതെന്നതില്‍ തര്‍ക്കമില്ല.(82)
ആന്റിസെമിറ്റിസം എന്ന ആരോപണമുപയോഗിച്ച് തങ്ങളുടെ അതിക്രമങ്ങളെ എതിര്‍ക്കുന്നവരെ മുഴുവന്‍ സയണിസ്റ്റുകള്‍ അടിച്ചിരുത്തുന്നു.(83) ആന്റിസെമിറ്റിസത്തേക്കാള്‍ ഭീകരമായ മനുഷ്യക്കുരുതികളുടെയും അനീതികളുടെയും മറ്റൊരു പരമ്പരക്കാണ് ക്രൈസ്തവ സയണിസം കോപ്പുകൂട്ടുന്നത്.
വംശഭ്രാന്ത് മൂത്ത് തന്റെ ജനതയ്ക്കുവേണ്ടി ഏത് കടുംകൈയും ചെയ്യാന്‍ മടിക്കാത്ത വര്‍ഗ്ഗീയവാദിയാണ് സയണിസ്റ്റുകള്‍ക്ക് യഹോവ. ഇതിനുപോല്‍ബലകമായി ഇക്കൂട്ടര്‍ ഏശയ്യ 31:4, ജോയേല്‍ 3:2-4 എന്നീ ബൈബിള്‍ സൂക്തങ്ങള്‍ ഉദ്ധരിക്കുന്നു.
വംശീയ പ്രോക്ത രാഷ്ട്രവാദികളായ അവിശ്വാസികളുടെ നേതൃത്വത്തിലാണ് ജൂതസയണിസം രൂപംകൊണ്ടത്. തിയഡോര്‍ ഹെര്‍സെല്‍, ഡേവിഡ് ബെന്‍ഗൂരിയന്‍, ഗോള്‍ഡാ മെയെര്‍ തുടങ്ങിയവര്‍ക്കൊക്കെ ഉണ്ടായിരുന്നത് ജൂതവംശീയതയിലൂന്നിയ ദേശീയ ബോധം മാത്രമായിരുന്നു. (84)
ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ജൂത-ക്രൈസ്തവ സയണിസ്റ്റുകളുടേത്. ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളും ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുണ്ട്.(85) യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്നവര്‍ കരുതുന്നു. (86) സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ്.(87)
വിശുദ്ധഭൂമി ദൈവത്തിന്റെതാണ് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു (ജോഷ്വാ 24:13, ജറമിയ 2:7). ദൈവീക നിയമത്തിന്റെ പാലനവുമായി ബന്ധപ്പെട്ട് അഥവാ നീതിപാലനവുമായി ചേര്‍ത്ത് മാത്രമാണ് ഭൂമി നല്കപ്പെടുക (ജറമിയ 16:18). ദൈവീകാജ്ഞകള്‍ മനുഷ്യാവകാശങ്ങളുമായി ഇഴചേര്‍ന്നിരിക്കുന്നു (എസക്കിയേല്‍ 33:21-26). ഭൂമി തിരികെ ലഭിക്കാനും ദൈവീകാര്‍പ്പണം മൂന്നുപാധിയായി വേദഗ്രന്ഥം സമര്‍പ്പിക്കുന്നു (ലേവ്യര്‍ 26:39-45, ആവര്‍ത്തനം 30:1-10).
ദൈവകല്പനയെ തള്ളിപ്പറയുന്നവരെ നിഷേധിക്കാന്‍ നീതിമാനായ യഹോവ മടിക്കുന്നില്ല (എശയ്യ 1:3). ക്രി.മു. 587-ല്‍ വിശ്വാസലംഘനത്തിന്റെ പ്രതികരണമായി ഇസ്രയേലി ജനതയുടെ മേല്‍ ദൈവീകകോപം നിപതിച്ചതുപോലെ തങ്ങളുടെ ബാദ്ധ്യതകള്‍ ഇന്ന് ഇസ്രയേല്‍ മറന്നു കഴിഞ്ഞിരിക്കുന്നു.(88)
ഭൂമിയുടെ മേലുള്ള അവകാശത്തെപ്പറ്റി യേശുക്രിസ്തുവിന് വളരെ കുറച്ചുമാത്രമേ പറയാനുണ്ടായിരുന്നുള്ളുവെന്നത് അത്ഭുതകരമാണ്. ആകെ കൂടി അദ്ദേഹം പറഞ്ഞത് മത്തായി 5:5 ല്‍ ഇങ്ങനെ വായിക്കാം:
ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി അവകാശമാക്കും''.
അവിശ്വാസികളായ സെക്കുലറിസ്റ്റുകളുടെ ജൂതരാഷ്ട്രരൂപീകരണത്തെ വിശ്വാസികളായ ജൂതര്‍ ദൈവനിന്ദയായാണ് കണ്ടത.് (89)
ക്രൈസ്തവ സയണിസ്റ്റുകള്‍ യേശുവിന്റെ ഈ വചനമെങ്കിലും വായിച്ചിരിക്കണം: “എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ദുഷ്‌പ്രേരണ നല്കുന്നവന്‍ ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരിക്കല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും.'' (മത്തായി 18:6)
കാലഘട്ടവാദം ചരിത്രപരമായും വേദവിശ്വാസ ശാസ്ത്രപരമായും അന്ത:സ്സാര ശൂന്യമാകുന്നത്, അവ യേശുക്രിസ്തുവിന്റെ പാതയുടെ നേര്‍വിപരീത ദിശയിലൂടെയുള്ള പ്രയാണമായതുകൊണ്ടാണെന്ന് ലൂക്കോസ് 24:45 ഉദ്ധരിച്ചുകൊണ്ട് ലാറോണ്‍ ഡെല്ലെ എന്ന ബൈബിള്‍ പണ്ഡിതന്റെ വാദം (90) ഗൗരവപൂര്‍വ്വമായി പരിഗണിക്കപ്പെടേണ്ടതാണ്.
ഇസ്രയേലിന്റെ ആധിപത്യം നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഖുര്‍ആനികവേദം വ്യക്തമാക്കിയിരുന്നു. ഇതിനെ ദൈവവുമായുണ്ടാക്കിയ കരാര്‍ എന്ന് ഖുര്‍ആന്‍ കൃത്യമായി വിശേഷിപ്പിക്കുന്നു (2:79-80, 2:124, 2:83, 5:12). ഏതാണ്ട് ഇതേ അര്‍ത്ഥത്തില്‍ ബൈബിളും ഇക്കാര്യം പരാമര്‍ശിക്കുന്നു (ആവര്‍ത്തനം 4:25-27, 29:22-28, 30:1-5).
പിതാവിനല്ലാതെ യേശുവിന് പോലും അജ്ഞാതമായ ഒന്നാണ് യേശുവിന്റെ രണ്ടാംവരവ് (മാര്‍ക്കോസ് 13:32-33 മത്തായി 24:36, 25:13). ക്രൈസ്തവ സയണിസ്റ്റുകളായ ടിം ലാഹായുടേയും മറ്റും പ്രവചനരീതിയെ വിശകലനം ചെയ്തുകൊണ്ട് തികച്ചും ദുര്‍ഞ്‌ജേയമായ വാക്യങ്ങളെയും സൂചകങ്ങളേയും തങ്ങള്‍ക്കുചിതമാംവിധം വ്യാഖ്യാനിച്ചു പാകപ്പെടുത്തുന്നുവെന്ന ക്രിസ് ഹെഡ്ജസിന്റെ നിരൂപണം ശ്രദ്ധേയമാണ്. (91)
രാഷ്ട്രങ്ങള്‍ തമ്മില്‍ ഒപ്പുവയ്ക്കുന്ന സമാധാന കരാറുകള്‍, നിരായുധീകരണ ചര്‍ച്ചകള്‍ തുടങ്ങിയവയെ കാലഘട്ടവാദികള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. (92) ജനിച്ച വീടും നാടും നഷ്ടപ്പെട്ട് അന്യാധീനരാക്കപ്പെട്ട 8 ലക്ഷത്തോളം ഫലസ്തീന്‍കാരുടെ ദുരിതത്തെ സയണിസ്റ്റുകളുടെ ദൈവം നിസ്സാരമായാണ് കാണുന്നത്. ഒരു ജനതയോട് വിരോധം ജനിപ്പിക്കുകയാണ് അവരുടെ നേരേ അനീതികാട്ടുവാനുള്ള പ്രവണതയെ ത്വരിതപ്പെടുത്തുന്നത് എന്ന തിരിച്ചറിവാണ് ക്രൈസ്തവ സയണിസത്തിന്റെ മുസ്‌ലിം വിരുദ്ധ പ്രചാരണം യുദ്ധത്തിന് പിന്നിലുള്ളത്.
ലോകത്തിന്റെ അധോഗതി സ്വാഭാവിക പ്രക്രിയയാണെന്നും അതിനെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്യാനാവില്ലെന്നും ചെയ്യേണ്ടതില്ലെന്നുമാണ് കാലഘട്ടവാദികളായ ക്രൈസ്തവ സയണിസം പൊതുവെ കരുതുന്നത്. മാത്രമല്ല, നീതിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ജീര്‍ണന പ്രക്രീയയെ വൈകിച്ചുകൊണ്ട് യേശുവിന്റെ രണ്ടാംവരവിനെ താമസിപ്പിക്കുമെന്ന് കൂടി അവര്‍ കരുതുന്നു. (93)
റൊണാള്‍ഡ് റീഗന്റെയും ബുഷ്, കെമ്പ് തുടങ്ങിയ യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെയും മനോഗതി ഈ സങ്കല്പത്തിനനുകൂലമായിരുന്നു. പട്ടിണി, പരിസ്ഥിതി മലിനീകരണം, ആണവ വ്യാപനം എന്നിവകളാല്‍ ഭൂമി പൊട്ടിത്തെറിക്കപ്പെടുകയാണെത്രേ ദൈവീക പദ്ധതി. (94) ഇസ്രയേല്‍ നടത്തുന്ന കുരുതികളും വെട്ടിപ്പിടുത്തങ്ങളുമൊക്കെ മിശിഹയുടെ രണ്ടാംവരവിനുള്ള മുന്നൊരുക്കങ്ങളായതിനാല്‍ സ്വാഗതം ചെയ്യപ്പെടണമെന്ന ക്രൈസ്തവസയണിസ്റ്റ് വീക്ഷണവും ഇതേ പ്രവണതയുടെ ഭാഗമാണ്.
കരുണ, സഹിഷ്ണുത, സ്‌നേഹം തുടങ്ങിയ ക്രിസ്തുവിന്റെ ആശയങ്ങള്‍ക്ക് പകരം അവജ്ഞ, അസഹിഷ്ണുത, ക്രൗര്യം എന്നിവയെ ക്രൈസ്തവ സയണിസം പ്രതിഷ്ഠിച്ചുവെന്ന കരണ്‍ ആംസ്‌ട്രോങിന്റെ നിരീക്ഷണം വളരെ സൂക്ഷ്മമാണ്. (95)
മതാത്മക അട്ടിമറിയെ ചെറുക്കുക
മതാത്മകമായ ഉറപ്പുപയോഗിച്ചാണ് മനുഷ്യന്‍ തിന്മകളെ ആഹ്ലാദപൂര്‍വ്വം അനുവര്‍ത്തിക്കുന്നതെന്ന ഫ്രഞ്ച് ദാര്‍ശികന്‍ ബ്ലെയിസ് പാസ്‌ക്കലിന്റെ (1623-1662) നിരീക്ഷണം വളരെ കൃത്യതയാര്‍ന്നതാണ്.
നിരന്തരമായ പ്രവചന പരാജയങ്ങള്‍കൊണ്ട് പ്രവചനങ്ങള്‍ നിര്‍ത്തുന്നതിനു പകരം മറ്റൊരുലക്ഷ്യവും പ്രമേയവുമായി വേറൊരു പ്രവചന പരമ്പരയ്ക്ക് ജന്മം നല്കുകയാണ് ചെയ്യുന്നതെന്ന് 1956-ല്‍ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നു(96)
വേദപാഠങ്ങളെ ചിന്താശേഷിയോടെ സമീപിക്കാതെ ഊഹങ്ങളെ അവലംബിക്കുകയും അന്ധമായി നേതാക്കളെ പിന്തുടരുകയും ചെയ്യുന്നതാണ് മതാത്മകമായ അട്ടിമറിയെ സഹായിക്കുന്നത്.(97) വ്യാജപ്രവാചകന്മാരെക്കുറിച്ച് ബൈബിള്‍ വീക്ഷണം കൂടുതല്‍ ശ്രദ്ധയോടെ വായിക്കപ്പെടേണ്ടതുണ്ട്: ''ഒരു പ്രവാചകന്‍ ഞാന്‍ കല്പിക്കാത്ത കാര്യം എന്റെ നാമത്തില്‍ പറയുകയോ അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍, ആ പ്രവാചകന്‍ വധിക്കപ്പെടണം. ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്താല്‍ ആ വാക്ക് കര്‍ത്താവ് അരുളിചെയ്തിട്ടുള്ളതല്ല''. (ആവര്‍ത്തനം 18:20 22)
എല്ലാത്തരം സമാധാന ഒത്തുതീര്‍പ്പുകളെയും തകിടം മറിക്കാന്‍ വ്യഗ്രത പൂണ്ടവരാണ് ക്രൈസ്തവ വലതുപക്ഷക്കാര്‍. (98) സമകാലികമായി നടത്തുന്ന സാമൂഹ്യ-രാഷ്ട്രീയ സംഭവ വികാസങ്ങളെ ബൈബിള്‍ പ്രവചനനങ്ങളോട് അക്ഷരാര്‍ത്ഥത്തില്‍ സംയോജിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇസ്രയേലിന്റെ ദൈവത്തെ ഊഹം പറയുന്നവനായി ഇകഴ്ത്തുമെന്ന ബൈബിള്‍ പണ്ഡിതനായ ഹാന്‍ ലാറോണ്‍ ഢെല്ലെയുടെ നിരീക്ഷണം (99) ഏറെ കൃത്യമാണ്.
കുറിപ്പുകള്‍
1. Charles Freeman, The Closing of the Western Mind: The Rise of Faith and Fall of Reason, Vintage: New York, 2002, p.133
2. Stefan Kanfer, Millennial Megababble, Time Magazine, January 8, 1990, p.72
3. Eugen Weber, Apocalypses, Harvard University Press: Cambridge, MA, 1999, p.66
4. Peter Newman Brooks, Reformation Principles and Practices: Essays in Honour of Arthur Geoffrey Dickens, Scolar Press: London, 1980, p.169
5. Robin Bruce Barnes, Prophecy and Gnosis Apocalypticism in the Wake of the Lutheran
Protestant Reformation, Stanford University Press: Stanford, Calif, 1988, p.64
6. Tom Mclever, The End of the World: An Annotated Bibliography, McFarland & Co: NC, 1999, # 77
7. Stephen Jay Gould, Millennium Prophecies, Longmeadow Press: Stanford, CT, 1994, p.105
8. Hillel Schwartz, Century’s End: An Orientation Manual Toward the year 2000, Doubleday: New York, 1995, p.96
9. Eugen Weber, Apocalypses, Harvard University Press: Cambridge, MA, 1999, p.171
10. George R. Knight, Millennial Fever and the End of the World, Pacific Press: ID, Boise, 1993, p.163-164
11. Stephen Skinner, Millennium Prophecies, Longmeadow Press: Stanford, CT, 1994, p.105
12. Festinger L, Riecken, H., & Schachter, S. When Prophecy Fails, University of Minnesota Press: Minneapolis, 1956, p.117
13. Bryan W.Ball, A Great Expectation - Eschatological Thought in English Protestantism to 1660, E. J. Brill: Leiden, 1975, p.117
14. James West Davidson, The Logic of Millennial Thought, Yale University Press: New Haven, 1977, p.200
15. Oswalt J.Smith, Is the Antichrist at Hand? What of Mussolini? The Christian Alliance Publishing Co: Harrisburg, PA, 1927
16. Charles Wesley Eving, The comedy of Errors, The Kingdom Digest, July 1983, p.45-46
17. Barney Fuller, Nations Without God, Huntington House Publishers: Lafayelte, LA, 1995, p.17-18
18. Rupture: The Rapture is a term in Christian eschatology which refers to the “being caught up” discussed in 1 Thessalonians 4:17, when the “dead in Christ” and “we who are alive and remain” will be “caught up in the clouds” to meet “the Lord.”
19. Gary DeMar, Doomsday Deja Vu, In Why the End of the World is Not In Your Future, American Vision Press: Powder Springs, Georgia, 2009, p.9
20. Ibid
21. Ed Dobson, The End: Why Jesus Could Return by AD 2000, Zondervan: Michigan, 1997
22. Herbert W. Armstrong, Plain Truth Magazine, 1934, June-July, p.5
23. Herbert W. Armstrong, The Plain Truth, April-May 1940
24. Eva Shaw, Eve of Destruction, Lowell House: Los Angeles, 1995, p.99
25. Harold Camping, The Biblical Calendar of History, Family Stations, Inc: California, 1995
26. Harold Camping, 1994?, Vantage Press: New York, 1992, p.531
27. Harold Camping, Time Has an End: A Biblical History of the World 11013 BC-2011 AD, Vantage Press: New York, 2005
28. Elizabeth Tenety, Washington Post, January 3, 2011
29. The Time is at Hand, Studies in the Scriptures Vol.2, 1886, 1911 edition, p.101
30. Ibid, 1915 edition, p.101
31. Charles Taze Russell, The Finished Mystery, Studies in the scriptures, Vol.7, 1917, p.485
32. J. F. Rutherford, Millions Now Living Will Never Die, International Bible Students Association: Brooklyn, 1920, p.97
33. The Watchtower, November 1, 1938, p.324
34. The Watchtower, August 15, 1968, p.494
35. Life Everlasting – In Freedom of the Sons of God, Watchtower Bible and Tract Society: New York, Inc, 1966, p.29
36. Kingdom Ministry, May 1974, p.3
37. The Truth that Leads to Eternal Life, Watchtower Bible and Tract Society: New York, Inc, 1968, p.94-95
38. Tribulation: As taught by most Bible scholars, Tribulation encompasses a future seven year period when God will complete his discipline of Israel and final judgment upon the unbelieving citizens of the world.
39. The Watchtower, October 15, 1980, p.31
40. Insight On the Scriptures, Vol. 1 , The Watchtower Bible and Tract Society: New York, Inc, 1988, p.917-918
41. A Time to Keep Awake, The Watchtower, November 1, 1994, p.17
42. Premillennialism: It is the belief that Jesus Christ will literally and physically be on the earth for his Millennial reign at his second coming.
43. Julie Scott Jones, Being the Chosen: Exploring a Christian Fundamentalist worldview, Ashgate: Burlington, VT, 2012, p.37-38
44. Hal Lindsey, The Late Great Planet Earth, Zondervan: Grand Rapids, MI, 1970, p.53-54
45. Victoria Clark, Allies for Armageddon: The Rise of Zionism, Yale University Press: New Harven, CT, 2007, p.155
46. Hal Lindsey, Op.cit, p.43
47. Ibid, p.53-54
48. Michael Feazell, The Liberation of the Worldwide Church of God, Zondervan: Grand Rapids, MI, 2001, p.88-96
49. Paul Boyer, When Time Shall Be No More, Harvard University Press: Cambridge, MA, 1992, p.138
50. Richard Ebanes , End-Time Visions, Four Walls Eight Windows: New York, 1998, p.138
51. Kenneth L. Woodward, The Final Days are Here Again, Newsweek, March 18, 1991, p.55
52. John W. Walvoord, Armageddon, Oil and the Middle East Crisis, Zondervan: Grand Rapids, MI, 1990, p.228
53. Amy Johnson Frykholm, Rapture Culture: Left Behind in Evangelical America, OUP: New York, 2004, p.205-207
54. Hal Lindsey, New World Coming, Vision House Publishers: Santa Ana, CA, 1973, p.115
55. Richard Neuhaus, Christian Faith and public policy, Augsburg: Minneapolis, 1977, p.99
56. Rosemary Radford Ruether, Zionism and the Ideological Manipulation of Christian Groups, American Arab Affairs, 22, 1987, p.63
57. Colin Chapman, Whose Promised Land, Lion Publishing: Oxford, 2002, p.253
58. P. Boyer, When Time Shall Be No More: Prophecy, Belief in Modern American culture, Belknap Press: Cambridge, 1992, p.68
59. Esther Kaplan, With God on their Side: How Christian fundamentalists Trampled Science, Polity and Democracy in George W Bush White House, The New Press: New York, 2004, p.30
60. Robert F.Faid, Gorbachev: Has the Real Anti-Christ Come? Victory House Publishers: Tulsa, OK, 1988
61. Hal Lindsey, Late Great Planet Earth, Op. Cit, p.59-71, Tim LaHaye, The Beginning of the End, Wheaton: IL, 1991, p.65
62. John Hagee, Jerusalem Countdown: A Warning to the World, FrontLine: Lake Mary, Florida, 2006
63. Mark Hitchcock, The Apocalypse of Ahmadinejad: The Revelation of Iran’s Nuclear Prophet, Multnomah: Colorado Springs, 2007; Mark Hitchcock, Iran: The Coming Crisis: Radical Islam, Oil, and the Nuclear Threat, Multnomah: Colorado Springs, 2006
64. Martin Luther, On War Against the Turk, 1529, Luther’s Works vol.46, Fortress Press: New York, 1967, p.161-205
65. Hal Lindsey, The Everlasting Hatred: The Roots of Jihad, Unveiling Islam, Secrets of the Koran, Anis A. Shorrosh, Islam Revealed, Thomas Nelson: Nashville, Tennessee, 1988
66. Don Richardson, Secrets of the Koran, Regal Books: Ventura, Ca, 2003, p.64
67. CBN, March 27, 2003
68. David Davis, The Rise and Fall of Islam, The Elijah Legacy, Kehilat HaCarmel: Haifa, Israel, 2003, p.19
69. Walid Shoebat, God’s War on Terror: Islam, Prophecy and the Bible, Top Executive Media: Lafayette, LA, 2008, p.30
70. Ibid, p.187-188
71. Ibid, p.436
72. Ibid, p.453
73. Hal Lindsey, Planet Earth: The Final Chapter, Western Front: Beverley Hills, Ca, 1998, p.164
74. D.S.Russell, Apocalyptic: Ancient and Modern, Fortress Press: Philadelphia, 1977, p.64
75. Benjamin Netanyahu, A Place Among the Nations: Israel and the world, Bantam: New York, 1993, p.16
76. Michael B.Oren, Power, Faith and Fantasy: America in the Middle East 1776 to the Present, NN Norton& Co: New York, 2007, p.278
77. Timothy P. Weber, On the Road to Armageddon, Baker Academic: Grand Rapids, 2004, p.102-106
78. Paul C. Merkley, The Politics & Christian Zionism: 1891-1948, Frank Cass: London, 1998, p.159
79. Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64
80. Grace Halsell, Prophecy and Politics: Militant Evangelists on the Road to Nuclear War, Lawrence Hill & Co. Westport, CT 1986, p.16
81. Ibid, p.197-198
82. David E. Holwerda , Jesus and Israel, Apollos: Leicester, 1995, p.6
83. Stephen Sizer, Zion’s Christian soldiers, Op. Cit, p.19
84. Marion Woolfson, Prophets in Babylon, Faber and Faber: London, 1980, p.12
85. Boyer, When Time shall Be No More, Op. Cit, p.181
86. Timothy P. Weber, Living in the Shadow of the Second Coming: American
Premillennialism, I875-I925, Oxford University: New York, 1979, p.128-131
87. John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108
88. Gary M.Burge, Whose Land? Whose Promise?, Pilgrim: Cleveland, 2003, p.270
89. Akiva Orr, the UnJewish State, Ithaca Press: London, 1983, p.1
90. Hans K. LaRondelle, The Israel of God in Prophecy: Principles of Prophetic Interpretations, Andrews, university Press: Berrien Springs, MI, 1983, p.5
91. Chris Hedges, American Fascists, Free Press: New York, 2007, p.184
92. Amy Johnson Frykholm, Rapture culture: Left Behind in Evangelical America, O.U.P: New York, 2007, p.121
93. Donald Dayton, Discovering an Evangelical Heritage, Harper & Row, New York, 1976, p.126
94. Grace Halsell, Prophecy and Politics, Op.cit, p.39
95. Karen Armstrong, The Battle for God, Alfred A.Knopf: New York, 2000, p.366
96. Leon Festinger, Henry Rieckan Stanley Shachter, When Prophecy Fails, University of Minnesota Press: Minneapolis, MN, 1956
97. Charles Kimball, when Religion Becomes Evil, Harper Collins: San Francisco, 2002, p.59
98. Donald E.Wagner, Dying in the land of Promise: Palestine and Palestinian Christianity from Pentecost to 2000, Melisends: London, 2003, p.280
99. Hans K. LaRondelle, Op. Cit, p.2

© Bodhanam Quarterly. All Rights Reserved

Back to Top