ഗരോഡിയുടെ 'മൗലികവാദ' വിമര്‍ശനങ്ങള്‍
ഡോ. മുഹമ്മദ് അമ്മാറഃ
ഫ്രഞ്ച് തത്വചിന്തകനായ റോഴെ ഗരോഡി ക്ലിഷ്ടമായ ധൈഷണിക സഞ്ചാരത്തിനൊടുവില്‍ ഇസ്‌ലാം ആശ്ലേഷിച്ചതായി പ്രഖ്യാപിച്ചപ്പോള്‍ മുസ്‌ലിം ലോകം ആഹ്ലാദചിത്തരായി. ബൗദ്ധിക രംഗത്തും മാധ്യമ-സാംസ്‌കാരിക രംഗങ്ങളിലും മികവു പുലര്‍ത്തുന്ന പാശ്ചാത്യ മണ്ഡലങ്ങളില്‍ മുസ്‌ലിം ലോകത്തിന്റെ നീതിപൂര്‍വമായ പ്രശ്‌നങ്ങള്‍ക്ക് പ്രതിരോധം ചമക്കുന്നതില്‍ ഈ ദാര്‍ശനികനില്‍ വലിയ പ്രതീക്ഷകള്‍ അര്‍പ്പിക്കപ്പെട്ടു. ഗരോഡി മുസ്‌ലിമായപ്പോള്‍, സത്യമാണോ എന്നറിയില്ല, 'ഇന്നൊരു കറുത്ത ദിനമാണെ'ന്ന് ഫ്രഞ്ച് ഓറിയന്റലിസ്റ്റ് ഴാക്ക് ബെര്‍ക് (Jaque Berque)* പ്രസ്താവിച്ചതായി കേട്ടിരുന്നു. എങ്കിലും 'സമകാലിക മൗലികവാദങ്ങള്‍: കാരണങ്ങളും ലക്ഷണങ്ങളും' (അല്‍ ഉസ്വൂലിയ്യാത്തുല്‍ മുആസ്വറഃ അസ്ബാബുഹാ വ മളാഹിറുഹാ) എന്ന പുസ്തകവുമായി ഗരോഡി രംഗത്ത് വന്നപ്പോള്‍, പടിഞ്ഞാറന്‍ നിഷേധാത്മക ഉള്ളടക്കമുള്ള 'മൗലികവാദം' എന്ന സാങ്കേതിക സംജ്ഞ ഇസ്‌ലാമിക ജാഗരണ പ്രതിഭാസത്തിന്‌മേല്‍ പതിച്ച് നല്‍കുന്നതിനെ നിരാകരിച്ച ഴാക്ക് ബെര്‍ക്കിന്റെ നീതിബോധം നമ്മെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പറയേണ്ടതുണ്ട്. ഗരോഡി തന്റെ പുസ്തകത്തിലൂടെ സമകാലിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മേല്‍ മൊത്തമായി തന്റെ രോഷം ചൊരിയുകയാണ്. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ഈ പ്രസ്ഥാനങ്ങള്‍ സമസ്തവും ''മൗലികവാദ അര്‍ബുദവും നാഗരികതക്കെതിരിലുള്ള കലാപവും നാഗരികതയെ അപ്പാടെ കാര്‍ന്ന് തിന്നുന്ന വ്രണവു'' മാണ്! അങ്കലാപ്പിലാക്കുന്നതാണ് ഗരോഡിയുടെ നിലപാട്; ബെര്‍ക്കിന്റെതുമായി താരതമ്യം ചെയ്യുമ്പോള്‍ വിശേഷിച്ചും. കാരണവും ഉത്തരവും തേടുമ്പോള്‍ രണ്ടു പേരുടെയും സഞ്ചാരപഥങ്ങള്‍ കൗതുകമുളവാക്കുന്നു.
ഇസ്‌ലാമുമായി ഗരോഡിയുടെ ബന്ധത്തിന്റെ 'പുതുക്ക'വും അദ്ദേഹത്തിന്റെ ഈടുവെയ്പുകളുടെയും ഈ മേഖലകളിലെ അറിവിന്റെയും പരിചയത്തിന്റെയും 'കമ്മി'യുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്‌ലാമിക ചിന്തയും മുസ്‌ലിം ജീവിതവും അവയുടെ സുദീര്‍ഘ ചരിത്രവുമായുള്ള ബെര്‍ക്കിന്റെ വിപുലമായ പരിചയ സമ്പര്‍ക്കങ്ങളാണോ ഇതിനു കാരണം?
ഗരോഡിയുടെ ഗ്രന്ഥങ്ങളില്‍ -വിശിഷ്യാ രാഷ്ട്രീയ പ്രധാനമായവയില്‍- ഇപ്പോഴും കാണപ്പെടുന്ന പ്രതിഭാസ വിശകലനത്തിലെ മാര്‍ക്‌സിയന്‍ രീതിശാസ്ത്രമാണോ ഇതിനു കാരണം? 'ആത്മീയ' വിഷയങ്ങളില്‍ സൂഫി ഗുരു മുഹ്‌യുദ്ദീന്‍ ഇബ്‌നു അറബി(ക്രി. 1165-1240) യുടെ ശിഷ്യനായിരിക്കുമ്പോഴും 'ബൗദ്ധിക' വിഷയങ്ങളില്‍, രാഷ്ട്രീയ പ്രശ്‌നങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നാഗരിക സംഘട്ടനങ്ങളും വിശകലനം ചെയ്യുമ്പോള്‍ മാര്‍ക്‌സിയന്‍ യുക്തിയുടെ സ്വാധീന വലയത്തിലാണദ്ദേഹം.
മുന്‍വിധിക്ക് മുതിര്‍ന്നുകൊണ്ടുള്ള ഉത്തരത്തിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. 'മൗലികവാദം', ഇസ്‌ലാമിക ശരീഅത്ത്, ഇസ്‌ലാമിക നിയമമീമാംസ(ഫിഖ്ഹ്), സമകാലിക ഇസ്‌ലാമിക നവജാഗരണ പ്രതിഭാസം എന്നീ വിഷയങ്ങളില്‍ ഗരോഡിയുടെ അഭിപ്രായങ്ങളെ വിശകലനം ചെയ്യുന്ന ഈ പഠനത്തിന്റെ താളുകളിലൂടെ കടന്ന് പോകുന്ന വായനക്കാരനെ സ്വന്തമായ നിഗമനത്തിലെത്തിച്ചേരാന്‍ വിടുകയാണ്. വിധികളും നിഗമനങ്ങളും 'കള്ളികളി'ലാക്കുകയല്ല ലക്ഷ്യം. നാം ജീവിക്കുന്ന മനുഷ്യാവസ്ഥക്ക് ഭീഷണിയായ 'പരസ്പര സംഹാര'ത്തിന് പകരമായി ഗരോഡി തന്നെ കാണുന്ന 'സംവാദ'മാണ് ലക്ഷ്യം.
മൗലികവാദത്തിന്റെ പാശ്ചാത്യ നിര്‍വചനങ്ങള്‍
മൗലികവാദ നിര്‍വചനത്തില്‍ പാശ്ചാത്യ നിഘണ്ടുകളെയാണ്, എന്നല്ല ഫ്രഞ്ച് നിഘണ്ടു മാത്രമാണ് ഗരോഡിയുടെ അവലംബം. തുടര്‍ന്ന് ഈ നിര്‍വചനങ്ങളിലൂടെ വ്യത്യസ്ത മത-നാഗരിക-ചിന്താഗതികള്‍ പുലര്‍ത്തുന്ന എല്ലാ വിശ്വാസ പ്രസ്ഥാനങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. അവയെ മുഴുക്കെ ഈ നിര്‍വചനങ്ങളുടെ 'കൂട്ടി'ല്‍ അടക്കുകയാണദ്ദേഹം. അവയല്ലാത്ത ഒരു നിര്‍വചനവും അദ്ദേഹം കാണുന്നില്ല.
1966ല്‍ പുറത്തിറങ്ങിയ ലാറോസ് ഷോര്‍ട്ട് നിഘണ്ടു വളരെ സാമാന്യമായി നിര്‍വചിച്ചതാണ് അദ്ദേഹം അവതരിപ്പിക്കുന്ന 'മൗലികവാദം.' ''പുതിയ സാഹചര്യങ്ങളുമായി വിശ്വാസത്തെ പൊരുത്തപ്പെടുത്തുന്നതിനെ നിരാകരിക്കുന്നവരുടെ നിലപാട്'' എന്നതാണ് ആ നിര്‍വചനം. എന്നാല്‍ 1979-ല്‍ പുറത്തിറങ്ങിയ ലാറോസ് പോക്കറ്റ് നിഘണ്ടു പ്രകാരം കത്തോലിക്കക്ക് മാത്രം ബാധകമാണ് മൗലികവാദം. ''ആധുനിക ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് ഇഷ്ടപ്പെടാത്ത ചില കത്തോലിക്കാ വിഭാഗങ്ങളുടെ ചിന്താഗതി'' എന്നാണ് പോക്കറ്റ് നിഘണ്ടു നിര്‍വചിക്കുന്നത്. ലാറോസ് മഹാനിഘണ്ടു(1984-ലെ പതിപ്പ്) മൗലികവാദത്തെ പരിചയപ്പെടുത്തുന്നതിങ്ങനെ: എല്ലാവിധ പുരോഗതിക്കും വികാസത്തിനുമെതിരെയുള്ള മുരടന്‍ നിലപാട്; രാഷ്ട്രീയ വിശ്വാസ വിഷയത്തിലെ യാഥാസ്ഥിതിക മുരടന്‍ ചിന്താഗതി.''1
മൗലികവാദ നിര്‍വചനത്തില്‍ ഗരോഡി അവലംബിക്കുന്നത് ഒരേയൊരു നിഘണ്ടു മാത്രമാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നാതാണ്. ഈ നിഘണ്ടുവിലെ നിര്‍വചനപ്രകാരം മൗലികവാദം കത്തോലിക്കാ വിഭാഗത്തില്‍ പരിമിതമാണെന്നും മനസ്സിലാക്കാം. പിന്നീട് എന്തുകൊണ്ടെന്നറിയില്ല ഈ നിര്‍വചനം സാമാന്യവല്‍കരിച്ചുകൊണ്ട് എല്ലാ വിശ്വാസധാരകള്‍ക്കും മത-നാഗരികതകള്‍ക്കും ചിന്താ പ്രസ്ഥാനങ്ങള്‍ക്കും ബാധകമാക്കാനാണ് ഗരോഡി ശ്രമിച്ചു കാണുന്നത്. അദ്ദേഹം എഴുതുന്നു: മൗലികവാദങ്ങള്‍, എല്ലാ മൗലികവാദങ്ങളും അവ ടെക്‌നോക്രാറ്റിക്കാകട്ടെ, സ്റ്റാലിനിസ്റ്റാകട്ടെ, ക്രൈസ്തവമാകട്ടെ, യഹൂദവിശ്വാസപരമാകട്ടെ, ഇസ്‌ലാമികമാകട്ടെ ഭാവിയെ സംബന്ധിച്ചേടത്തോളം വലിയൊരു ഭീഷണിയായിരിക്കയാണിന്ന്. സ്വയം ഉള്‍വലിഞ്ഞ പക്ഷപാത ചിന്താഗതികളാണവ. സംഘട്ടനത്തിലേക്കാണ് അവ മുഖം തിരിച്ച് വെച്ചിരിക്കുന്നത്. മൗലികവാദം മാരകമായ അര്‍ബുദമാണ്; നാഗരികതയെ അപ്പാടെ കാര്‍ന്ന് തിന്നുന്ന ഭീഷണമായ ആത്മീയവ്രണം.''2
എല്ലാ മത-രാഷ്ട്രീയ ധാരകളെയും സാമാന്യവല്‍കരിക്കുന്ന ഗരോഡി, 'മതത്തിന്റെ രാഷ്ട്രീയ വല്‍ക്കരണ'വും 'രാഷ്ട്രീയത്തിന്റെ പവിത്രീകരണ'വുമാണ് മൗലികവാദത്തിന്റെ രണ്ട് സവിശേഷതകളെന്ന് തുടര്‍ന്ന് വിധിനടത്തുന്നു.3
ലാറോസ് നിഘണ്ടുവിനെമാത്രം ആശ്രയിച്ച് ഫ്രഞ്ച് നിര്‍വചനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് 'മൗലികവാദത്തിന്റെ അടിസ്ഥാന നിര്‍മാണഘടകങ്ങളെ' ഇങ്ങനെ സംഗ്രഹിക്കുന്നു:
ഒന്ന്: മുരട്ടു വാദവും ആയോജനനിരാസവും. എല്ലാ പുരോഗതിയെയും വികാസത്തെയും എതിര്‍ക്കുന്ന ചിന്താജാഡ്യം.
രണ്ട്: ഭൂതകാലത്തിലേക്കുള്ള പിന്‍മടക്കം. യാഥാസ്ഥിതിക പൈതൃകത്തോടുള്ള ഒട്ടിപ്പിടുത്തം.
മൂന്ന്: അസഹിഷ്ണുതയും സൈദ്ധാന്തിക മരവിപ്പും എതിര്‍ മനോഭാവവും.
അക്ഷരാര്‍ഥത്തില്‍ ഇവ്വിധമുള്ള മൗലികവാദം പുരോഗമനത്തിനെതിരെ മുരട്ടു നിലപാടെടുക്കും. പൈതൃകമെന്ന നിലയില്‍ അത് ആധുനികതക്കെതിരാകും. ചിന്താസരണിയിലെ ജഡത നിഷ്പക്ഷ നിലപാടിനെ നിരാകരിക്കും. ഒറ്റവാക്കില്‍ സെക്യുലരിസത്തിന്റെ വിപരീതമായിരിക്കും ഫണ്ടമെന്റലിസം.'' 4
കത്തോലിക്കാ മതമൗലികവാദത്തിന്റെ ഈ ഫ്രഞ്ച് നിര്‍വചനം മനുഷ്യ ചരിത്രത്തിലുടനീളം ഭൂമുഖത്തുണ്ടായിട്ടുള്ള എല്ലാ വിശ്വാസധാരകളുടെ മേലും സാമാന്യവല്‍ക്കരിച്ചു ബാധകമാക്കുമ്പോള്‍ ഒരു ചോദ്യമുയരുന്നു.
മതപൈതൃകവുമായി ചേര്‍ന്ന് നില്‍ക്കുന്നത് സെക്യുലരിസത്തിന് വിരുദ്ധമായതിനാല്‍ മൗലികവാദവും മരവിപ്പുമാണെങ്കില്‍ മതരഹിത പാരമ്പര്യവുമായി- വിശിഷ്യാ ഗ്രീക്ക് പാരമ്പര്യവുമായി- ചേര്‍ന്ന് നില്‍ക്കുന്ന സെക്യുലരിസത്തെക്കുറിച്ചും മുരടന്‍ മൗലികവാദമെന്ന് പറഞ്ഞുകൂടേ? സെക്യുലരിസമാണെങ്കില്‍ ഗ്രീക്ക് പാരമ്പര്യത്തേക്കാള്‍ ആധുനികമായ ഇസ്‌ലാമിന്റെ വിപരീതവുമാണ്. ഡമോക്രസിക്കും ഇത് ബാധകമാക്കിക്കൂടേ? കാരണം ഗ്രീക് അഥീനിയന്‍ പാരമ്പര്യവുമായാണ് അതിന്റെ ബാന്ധവം. അഥീനിയന്‍ പാരമ്പര്യമാണെങ്കില്‍ ക്രൈസ്തവതയേക്കാളും ഇസ്‌ലാമിനേക്കാളും പുരാതനമാണ്. രാഷ്ട്രീയത്തിന്റെ മതവല്‍ക്കരണമായ ഇസ്‌ലാമിലെ ശൂറ(കൂടിയാലോചന സിദ്ധാന്തം) അഥീനിയന്‍ പൈതൃകത്തെ അപേക്ഷിച്ചു 'ആധുനികത'യെ പ്രതിനിധാനം ചെയ്യുന്നതുമാണ്.
അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശ ഘട്ടത്തിലെ സൂഫീസരണികളെ -'മുറാബിത്വുകള്‍' എന്ന് തെറ്റായാണ് തന്റെ ഗ്രന്ഥത്തില്‍ ഗരോഡി ഇതിനെ തര്‍ജമ ചെയ്തിരിക്കുന്നത്- കൂടുതല്‍ അളവില്‍ മൗലികവാദ-പാശ്ചാത്ഗമന പ്രവണത പുലര്‍ത്തുന്നവയായാണ് ഗരോഡി വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം ഇബ്‌നു ബാദീസിനെയും ഇബ്‌റാഹീമിയെയും അള്‍ജീരിയയിലെ മതപണ്ഡിത സംഘത്തെ(ജംഇയ്യത്തുല്‍ ഉലമാ അല്‍ മുസ്‌ലിമീന്‍)യും കാലഘട്ടത്തിന്റെ താല്‍പര്യങ്ങളെ തിരിച്ചറിയുന്ന ഉദാര ഇസ്‌ലാമിന്റെ വക്താക്കളായ പുരോഗമന മതപണ്ഡിതന്മാരായും അദ്ദേഹം കാണുന്നു.* എന്നാല്‍ ത്വരീഖത്തുകളും(സൂഫീസരണികള്‍) ജംഇയ്യത്തുല്‍ ഉലമായും പൈതൃകത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണെന്നതാണ് യാഥാര്‍ഥ്യം. ഗരോഡിക്ക് അരോചകമായ സലഫി പൈതൃകമാണ് ജംഇയ്യത്തുല്‍ ഉലമായുടേത്. ത്വരീഖത്തുകളുടെ പൈതൃകമാകട്ടെ, ഗരോഡിയെ ഏറ്റവുമധികം ആകര്‍ഷിച്ച സൂഫിസവുമാണ്. മാത്രമല്ല, ജംഇയ്യത്തുല്‍ ഉലമയെ സംബന്ധിച്ചേടത്തോളം ഇസ്‌ലാം മതവും രാഷ്ട്രവുമാണ്. ''മതത്തെ രാഷ്ട്രീയ വല്‍ക്കരിക്കുകയും രാഷ്ട്രീയത്തെ മതവല്‍ക്കരിക്കുകയും'' ചെയ്യുന്നവരാണവര്‍. ആ അര്‍ഥത്തില്‍ സെക്യുലര്‍ വിരുദ്ധരാണവര്‍. സെക്യുലരിസമാകട്ടെ, ഗരോഡിയുടെ ദൃഷ്ടിയില്‍ അപലപനീയമായ മൗലികവാദത്തിന്റെ എതിര്‍ ദിശയില്‍ നില്‍ക്കുന്ന സിദ്ധാന്തവുമാണ്.
കൊളോണിയല്‍ സെക്യുലരിസത്തെ പിന്തുണച്ചവരായിരുന്നു അള്‍ജീരിയന്‍ സൂഫീ സരണികള്‍. സാമൂഹിക വിഷയങ്ങള്‍ മതവുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്യുന്നതിനെ അവഗണിച്ച അവര്‍ മുസ്‌ലിംകളുടെ മതത്തെ ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെടുത്തുന്നതിലും പരാങ്മുഖരായിരുന്നു. ക്രിസ്തീയ സഭയെപ്പോലെ ആത്മാവിന്റെ രക്ഷയെപ്പറ്റി മാത്രം ചിന്തിച്ച അവരാണ്, ഗരോഡി സാക്ഷ്യപത്രം നല്‍കുന്ന സെക്യുലരിസവുമായി ഏറ്റവും അടുപ്പമുള്ളവര്‍.
ഈ 'അയുക്തികത'യില്‍നിന്നുള്ള മോചനം ഇങ്ങനെ പറയുന്നതാകും: 'മുരടിപ്പി'ന്റെയും 'നവീകരണ'ത്തിന്റെയും അളവുകോലുകള്‍ പൈതൃകവുമായുള്ള കേവല ബന്ധമോ കേവല പൈതൃകമോ അല്ല. 'മുന്‍ഗാമി'കളോ 'പൈതൃകമോ' ഇല്ലാത്ത മനുഷ്യരോ പ്രസ്ഥാനങ്ങളോ ഇല്ല. താഴെ പറയുന്നതായിരിക്കണം വേര്‍തിരിവിന്റെ മാനദണ്ഡം:
- ഏത് തരം പൈതൃകം?
- ഈ പൈതൃകവുമായി നാം എങ്ങനെ വര്‍ത്തിക്കുന്നു?
ലാ റോസ് നിഘണ്ടുവും ഗരോഡിയും 'പിന്തിരിപ്പ'നായി കാണുന്ന കത്തോലിക്കാ പൈതൃകവുമായുള്ള പ്രതിബദ്ധത 'മുരടിപ്പാ'യിരിക്കാം. അത് അതിന്റേതായ മണ്ഡലത്തില്‍ പഠിക്കേണ്ട വിഷയമാണ്. എല്ലാ പൈതൃകങ്ങളിലും മത-നാഗരികതകളിലും എല്ലാ പൈതൃകങ്ങളോടുമുള്ള സമീപന-രീതി ശാസ്ത്രങ്ങളിലും അതിനെ സാമാന്യവല്‍ക്കരിച്ചു ബാധകമാക്കാവതല്ല.
പാശ്ചാത്യ മൗലികവാദങ്ങള്‍
പാശ്ചാത്യ മൗലികവാദങ്ങളെ പരാമര്‍ശിക്കെ 'സ്റ്റാലിനിസ്റ്റ്' മൗലികവാദം,' 'കത്തോലിക്കാ-വത്തിക്കാന്‍ മൗലികവാദം തുടങ്ങി 'ശാസ്ത്രമൗലികവാദ'ത്തെക്കുറിച്ചും ഗരോഡി എഴുതുന്നുണ്ട്: ''ശാസ്ത്രത്തിന്റെ നിര്‍ജീവമായ ഭൂതകാല സങ്കല്‍പത്തെ ആസ്പദിക്കുന്നതാണ് ശാസ്ത്രമൗലികവാദം'' എന്ന് അദ്ദേഹം നിര്‍വചിക്കുന്നു. ''ശാസ്ത്രത്തിന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. അതിന്റെ പരീക്ഷണത്തിന്നതീതമായി യാതൊന്നും തന്നെ ഇല്ല. ഈ സങ്കുചിതമായ പ്രകൃതിതത്വജ്ഞാനവാദം(Positivism) ജീവിതത്തിന്റെ ഉത്തുംഗമാനങ്ങളായ സ്‌നേഹം, കലാസൃഷ്ടി, വിശ്വാസം എന്നിവയോട് അയിത്തം പാലിക്കുന്നതാണ്. ആഭിചാര സമാനം അധമമായ ശാസ്ത്രമൗലികവാദമാണിത്. ശാസ്ത്രമല്ലാത്ത എല്ലാം കണ്ടുകെട്ടുന്ന ടോട്ടലിറ്റേറിയന്‍ മൗലികവാദം എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാന്‍.''5
ജ്ഞാനത്തെയും മനുഷ്യ ചിന്തയെയും അനുഭവവേദ്യമായ പ്രതിഭാസങ്ങളില്‍ പരിമിതപ്പെടുത്തുന്ന, മതം, മതവിശ്വാസം, ദൈവിക വെളിപാട്, മനനം എന്നീ ജ്ഞാന സ്രോതസ്സുകളും ഉപാധികളും പാടേ നിരാകരിച്ച് ജ്ഞാന മാര്‍ഗങ്ങള്‍ മുഴുവന്‍ ഇന്ദ്രിയ സംവേദത്തിലും ബൗദ്ധിക തെളിവുകളിലും ഒതുക്കുന്ന പാശ്ചാത്യ മനോഭാവത്തെ കുറിച്ച ഗരോഡിയുടെ വിമര്‍ശിക നിലപാടിനോട് നാമും യോജിക്കുന്നു. അതോടൊപ്പം ഇങ്ങനെ പറയുന്ന അദ്ദേഹം തന്നെയല്ലേ മൗലിക വാദങ്ങളുടെ നിര്‍വചനത്തെ 'സെക്യുലരിസത്തിന്റെ വിപരീത'മായി സംഗ്രഹിച്ചതെന്നും ചോദിക്കേണ്ടിവരുന്നു.
ഈ പ്രകൃതി തത്വജ്ഞാന വാദം തന്നെയല്ലേ സെക്യുലരിസത്തിന്റെ ദര്‍ശനവും അടിസ്ഥാനവും? ജ്ഞാനത്തെ അനുഭവജ്ഞാനത്തിലും പ്രത്യക്ഷ ലോകത്തിലെ യാഥാര്‍ഥ്യങ്ങളിലും പരിമിതപ്പെടുത്തുക, പ്രപഞ്ചത്തെ അതില്‍തന്നെ പര്യാപ്തമാക്കുക, ബുദ്ധിയെയും അനുഭവത്തെയും വിശ്വാസത്തില്‍നിന്നും ആത്മീയാനുഭവങ്ങളില്‍നിന്നും ദൈവികവെളിപാടിലൂടെ ലഭ്യമായ തെളിവുകളില്‍നിന്നും നിരാശ്രയമാക്കുക- ഇത് തന്നെയാണ് സെക്യുലരിസത്തിന്റെ കാതലും അടിസ്ഥാനവും. ഈ അടിസ്ഥാനത്തില്‍നിന്നാണ് മനുഷ്യന്റെ നാഗരിക- ജീവിത സംവിധാനങ്ങളില്‍ മതവിശ്വാസത്തിന്റെയും ദൈവിക നിയമവ്യവസ്ഥയുടെയും പങ്കാളിത്തവും മാനദണ്ഡങ്ങളും മാറ്റിനിര്‍ത്തണമെന്ന ചിന്ത ഉരുവം കൊള്ളുന്നത്. അതുകൊണ്ടാണ് കാന്റര്‍ബറി ബിഷപ്പ് ഡോ. ജോര്‍ജ് കാരി ഇങ്ങനെ പറഞ്ഞത്: ''ജീവിതത്തെയും ജ്ഞാനത്തെയും നാഗരികതയെയും ഈ ജീവിതത്തിനപ്പുറത്തേക്ക് യാതൊരു സൂചനയുമില്ലാതെ വ്യാഖ്യാനിക്കാനുള്ള ഒരു വ്യവസ്ഥയെന്ന നിലയില്‍ സെക്യുലരിസത്തിന് എതിരാണ് നാം. അതി ഭൗതിക വിഷയങ്ങള്‍ അംഗീകരിക്കാത്ത സ്വയം നിലനില്‍പുള്ള ചിന്താ വ്യവസ്ഥയെന്ന നിലയില്‍ മാനവതയെയും നാഗരികതയെയും വ്യാഖ്യാനിക്കുന്ന ഈ സിദ്ധാന്തങ്ങളെ നാം നിരാകരിക്കുന്നു.'' 6
അപ്പോള്‍ അപലപനീയമായ മൗലികവാദം സെക്യുലരിസത്തിന്റെ നിരാകരണമാവുകയും അതേസമയം തന്നെ സെക്യുലരിസത്തിന്റെയും അതിന്റെ ദര്‍ശനത്തിന്റെയും അടിസ്ഥാനമായ പ്രകൃതിതത്വജ്ഞാനവാദം 'അധമ മൗലികവാദ'മാവുകയും ചെയ്യുന്നതെങ്ങനെ?
യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഉല്‍പന്നമാണ് സെക്യുലരിസം. കോളനി ഭരണകാലത്ത് യൂറോപ്യന്‍ സാമ്രാജ്യത്വം അധീശ ജനതകളുടെ മേല്‍ അടിച്ചേല്‍പിച്ചതാണത്. ഗരോഡിയാകട്ടെ, സാമ്രാജ്യത്വ വിരോധിയുമാണ്. നമ്മുടെ സാംസ്‌കാരിക-നാഗരിക വ്യതിരേകങ്ങള്‍ക്ക് പകരം സാമ്രാജ്യത്വം അടിച്ചേല്‍പിക്കുന്ന പടിഞ്ഞാറന്‍ മാതൃകക്കും എതിരാണദ്ദേഹം. അങ്ങനെയിരിക്കെ ഈ സെക്യുലരിസം ഒരേസമയം തിരസ്‌കരിക്കപ്പെടേണ്ട മൗലികവാദത്തിന്റെ വിപരീതവും പ്രകൃതിതത്വജ്ഞാന മൗലികവാദവുമാകുന്നതെങ്ങനെയാണ്? ദാര്‍ശനികനായ ഗരോഡി വിശദീകരിക്കേണ്ട വ്യക്തമായ വൈരുധ്യമാണിത്.
ലെനിനിസവും സ്റ്റാലിനിസവും
പ്രകൃതി തത്വശാസ്ത്ര മൗലികവാദം പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ സ്റ്റാലിനുമായി (1879-1953) ബന്ധപ്പെടുത്തി സ്റ്റാലിനിസ്റ്റ് മൗലികവാദവും ലെനിനു(1870-1924) മായി ബന്ധപ്പെടുത്തി ലെനിനിസ്റ്റ് മൗലികവാദവും ഗരോഡിയുടെ വിമര്‍ശപാത്രമാകുന്നുണ്ട്. രണ്ടും മുരടന്‍ മൗലികവാദമാണു അദ്ദേഹത്തിന്റെ വീക്ഷണത്തില്‍. കാരണം:
1. മാര്‍ക്‌സി(1817-1883)ന്റെ സങ്കല്‍പമനുസരിച്ചല്ല റഷ്യന്‍ വിപ്ലവം സംഭവിച്ചത്. മാര്‍ക്‌സ് പറഞ്ഞത് വ്യാവസായിക പുരോഗതി നേടിയ മുതലാളിത്ത സമൂഹത്തില്‍ സംഭവിക്കുന്ന തൊഴിലാളി വിപ്ലവത്തെ കുറിച്ചാണ്. റഷ്യയെപ്പോലെ വ്യാവസായികമായും മുതലാളിത്തപരമായും പിന്നാക്കാവസ്ഥയിലുള്ള കാര്‍ഷിക സമൂഹങ്ങളിലല്ല ഈ സങ്കല്‍പപ്രകാരം വിപ്ലവം സംഭവിക്കേണ്ടിയിരുന്നത്. മാര്‍ക്‌സിയന്‍ മാതൃകയില്‍ നിന്നുള്ള ഈ അകലത്തെക്കുറിച്ചു പൂര്‍ണ ബോധവാനായിരുന്നു ലെനിന്‍. മാര്‍ക്‌സ് വിഭാവനം ചെയ്ത വിപ്ലവപദ്ധതിയെ അട്ടിമറിക്കുകയായിരുന്നു അദ്ദേഹം.''
2. ലെനിനിസം-സ്റ്റാലിനിസത്തില്‍ വിശ്വാസം കീഴടങ്ങലിന്റെ ഐഡിയോളജിയാണ്; നിരീശ്വരത്വം രാഷ്ട്രത്തിന്റെ മതവും. മാര്‍ക്‌സാവട്ടെ, ഹെഗലിയന്‍ തത്വശാസ്ത്ര വിമര്‍ശനത്തിന്റെ പ്രവേശികയില്‍ ജനങ്ങള്‍ക്കെതിരെയുള്ള 'വിശുദ്ധ സഖ്യത്തിന്റെ ചൈതന്യത്തെ ''ജനത്തെ മയക്കുന്ന കറുപ്പാ''യാണ് വിശേഷിപ്പിക്കുന്നത്. മാര്‍ക്‌സ് മതത്തെ കാണുന്നത് ''അഗാധമായ മനുഷ്യ ദുഃഖത്തിന്റെ പ്രകാശനവും ആ ദുഖത്തിനെതിരെയുള്ള പ്രതിഷേധവുമായാ''ണ്. അപ്പോള്‍ മതത്തെ സംബന്ധിച്ച മാര്‍ക്‌സിന്റെ നിലപാടില്‍നിന്നുള്ള വ്യതിയാനമാണ് സ്റ്റാലിനിസ്റ്റ് മൗലികവാദം. ''അഗാധമായ മനുഷ്യ വ്യഥയുടെ ആവിഷ്‌കാരവും പ്രതിഷേധവു''മായി അതിനെ കാണുന്നതിന് പകരം സ്റ്റാലിനിസ്റ്റ് വീക്ഷണത്തില്‍ കീഴടങ്ങലിന്റെ ഐഡിയോളജിയായി അത് മാറുന്നു. അങ്ങനെ സ്റ്റാലിനിസം തദ്സ്ഥാനത്ത് നിരീശ്വരത്വത്തെ രാഷ്ട്രത്തിന്റെ മതമായി അവരോധിച്ചു.
3. വിമര്‍ശനാത്മക ദര്‍ശനമാണ് മാര്‍ക്‌സിയന്‍ ചിന്ത. ജ്ഞാനവിമര്‍ശനതത്വശാസ്ത്രത്തിലധിഷ്ഠിതമാണ് അതിന്റെ സോഷ്യലിസ്റ്റ് സങ്കല്‍പം. ആശയങ്ങളാണ് ചരിത്രത്തിന്റെ ചാലകം എന്ന മിഥ്യക്കെതിരെയുള്ള സുരക്ഷാ കവചത്തിന്റെ അന്വേഷണത്തില്‍ മാര്‍ക്‌സിന്റെ ചരിത്രപരമായ ഭൗതികവാദം നിര്‍ണായകമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.... ''സ്റ്റാലിനിസ്റ്റ് മൗലികവാദം മാര്‍ക്‌സിന്റെ മാര്‍ക്‌സിസത്തെ അതിന്റെ വിപരീത ദിശയിലാക്കുന്ന വ്യതിയാനമാണ്.''7
ഇസ്‌ലാം ആശ്ലേഷിച്ച ശേഷവും മാര്‍ക്‌സിനോടും മാര്‍ക്‌സിന്റെ ഭൗതികവാദത്തോടുമുള്ള ഗരോഡിയുടെ അനുഭാവം പ്രകടമാണ്. മതത്തെ മനുഷ്യവ്യഥയുടെ കേവലാവിഷ്‌കാരമായി ചുരുക്കിക്കെട്ടുകയാണദ്ദേഹം. ഇവിടെ ഒരു ചോദ്യം ഉദ്ഭവിക്കുന്നു. ആശയങ്ങള്‍ ചരിത്രത്തിന്റെ ചാലകമാണെന്നത് കേവലം മിഥ്യാ സങ്കല്‍പവും മതം തന്നെ മനുഷ്യവ്യഥയുടെ കേവലാവിഷ്‌കാരവുമായി കാണുന്ന ഭൗതികവാദത്തിന്റെ വക്താവായ മാര്‍ക്‌സിനെ ലെനിനിസവും സ്റ്റാലിനിസവും യഥാര്‍ഥത്തില്‍ അതിലംഘിക്കുന്നുണ്ടോ? മതത്തെ കീഴടങ്ങലിന്റെ ഐഡിയോളജിയായി കാണുകയും നിരീശ്വരത്വത്തെ രാഷ്ട്രത്തിന്റെ മതമായി അവരോധിക്കുകയും ചെയ്യുമ്പോള്‍ 'സ്റ്റാലിനിസ്റ്റ് മൗലികവാദം' മാര്‍ക്‌സിയന്‍ ഭൗതികവാദത്തെ അതിവര്‍ത്തിക്കുകയാണെന്ന് പറയുന്നത് ശരിയാകുമോ?
റഷ്യയുടെ സവിശേഷമായ ആധുനിക സാഹചര്യവുമായി താദാത്മ്യപ്പെടുന്ന മാര്‍ക്‌സിസത്തിന്റെ നവീകരണവും പുരോഗമനാത്മക വികാസവുമായി സ്വയം സമര്‍പ്പിക്കുന്ന ലെനിനിസവും മുരട്ടുമൗലികവാദമാണെന്നാണ് ഗരോഡിയുടെ കാഴ്ചപ്പാട്. അങ്ങനെയാണെങ്കില്‍ മാര്‍ക്‌സിന്റെ പൈതൃകത്തില്‍, അതും യുവാവായ മാര്‍ക്‌സിന്റെ പൈതൃകത്തില്‍ ഉറച്ചു നില്‍ക്കുന്ന, അതിനെ അതിവര്‍ത്തിക്കുകയോ നവീകരിക്കുകയോ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുത്തുകയോ ചെയ്യാന്‍ സന്നദ്ധനല്ലാത്ത ഗരോഡി തന്നെയല്ലേ 'മൗലികവാദ' വിശേഷണത്തിന് കൂടുതല്‍ അര്‍ഹന്‍. 'മൗലികവാദം' എന്നാല്‍ പുരോഗതിക്കെതിരെയുള്ള മുരട്ടുവാദവും നവീനതക്കെതിരെയുള്ള പൈതൃകവും ആ പൈതൃകവുമായുള്ള ഒട്ടിപ്പിടുത്തവും ഭൂതകാലത്തിലേക്കുള്ള പിന്‍വാങ്ങലുമാണെന്നാണല്ലോ അദ്ദേഹത്തിന്റെ വാദം.8
പാശ്ചാത്യ പ്രകൃതിതത്വജ്ഞാനത്തിനും ലെനിനിസത്തിനും സ്റ്റാലിനിസത്തിനും വത്തിക്കാന്നും ക്രൈസ്തവതക്കും അവയുടേതായ മൗലികവാദപ്പട്ടം ചാര്‍ത്തുകയും ഇസ്‌ലാമിക മൗലികവാദത്തെ അഞ്ചായി വര്‍ഗീകരിക്കുകയും* ചെയ്യുന്ന ഗരോഡി അറിയാതെ സ്വയം ഒരു മാര്‍ക്‌സിയന്‍ മൗലികവാദിയായി അവതരിക്കുകയാണ്. മാര്‍ക്‌സിന്റെ ഏറ്റവും പഴക്കമുള്ള പൈതൃകത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഈ മൗലികവാദം അതിനെ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്ത് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുത്തുന്ന ലെനിനിസം-സ്റ്റാലിനിസത്തെ നിരാകരിക്കുന്നു. ''ആശയങ്ങള്‍ ചരിത്രത്തിന്റെ ചാലകശക്തിയാണെന്ന'' സങ്കല്‍പത്തെ നിഷേധിക്കുന്ന മാര്‍ക്‌സിയന്‍ ഭൗതികവാദത്തെ, മാര്‍ക്‌സിസ്റ്റ് മൗലികവാദത്തില്‍ നിലയുറപ്പിക്കുന്ന ഗരോഡി തള്ളിക്കളയുന്നില്ല; ചരിത്രപരമായ ഭൗതികവാദം കൊണ്ട് പ്രസ്തുത മിഥ്യക്കെതിരെയുള്ള കോട്ടകെട്ടാന്‍ ശ്രമിക്കുകയാണ്. പ്രവാചകന്മാര്‍ക്ക് വെളിപാടിലൂടെ അവതരിച്ച, വിശ്വാസികള്‍ ദൈവികമെന്ന് കരുതുന്ന മതം മാര്‍ക്‌സിന് മനുഷ്യന്‍ അനുഭവിക്കുന്ന അഗാധമായ വ്യഥയുടെ ആവിഷ്‌കാരം മാത്രമാണ്. ഭൗതിക-പ്രകൃതി തത്വചിന്തയെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ആ അര്‍ഥത്തില്‍ മനുഷ്യന്റെ നിര്‍മിതിയാണ് മതം; ദൈവിക വെളിപാടല്ല. ഗരോഡിക്ക് ഇത് സ്വീകാര്യമാകുന്നു!
ഇപ്രകാരം തന്നെ ഗരോഡിയിലെ മാര്‍ക്‌സിസ്റ്റ് മൗലികവാദം കമ്യൂണിസ്റ്റ് വ്യവസ്ഥയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പരാജയം ലെനിനിസം-സ്റ്റാലിനിസത്തിന്റെ പരാജയമായാണ് കാണുന്നത്; മാര്‍ക്‌സിസത്തിന്റെ തന്നെ പരാജയമായല്ല.
ഇവാഞ്ചലിക്കല്‍ മൗലികവാദം
വത്തിക്കാനി-കത്തോലിക്കാ മൗലിക വാദത്തെ അപലപിക്കുകയും മറ്റൊരു മൗലികവാദത്തിനും നല്‍കാത്തത്ര സ്ഥലം തന്റെ പുസ്തകത്തില്‍ അതിനെതിരെയുള്ള ആക്രമണത്തിന് അനുവദിക്കുകയും ചെയ്ത ഗരോഡി ഇവാഞ്ചലിക്കല്‍ മൗലികവാദ'ത്തെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നത് അത്ഭുതകരമായി തോന്നുന്നു. യഹൂദീയതയുമായി, തല്‍മൂദിയന്‍ യഹൂദീയതയുമായി താദാത്മ്യപ്പെടുന്നതാണ് ഇവാഞ്ചലിക്കല്‍ മൗലികവാദം. ഭാവനാത്മകമായ ഉട്ടോപ്യന്‍ സുവിശേഷ ദര്‍ശനങ്ങളെയും ആലങ്കാരിക യൗഗികാവിഷ്‌കാരങ്ങളെയും ഭൗതികയാഥാര്‍ഥ്യമായി അത് വ്യാഖ്യാനിക്കുന്നു. എന്നിട്ട് ഫലസ്ത്വീന്‍ ഭൂമിയില്‍ അതിനെ സ്ഥാപിച്ചെടുക്കാന്‍ യത്‌നിക്കുന്നു. കത്തോലിക്കാനിസം ചെയ്യാത്തതാണത്. അറബികളുടെയും മുസ്‌ലിംകളുടെയും നീതിപൂര്‍വമായ പ്രശ്‌നങ്ങളെ സംബന്ധിച്ചേടത്തോളം ഏറ്റവും അപകടകരമാണ് ഇവാഞ്ചലിക്കല്‍ മൗലികവാദം. ഗരോഡിയാകട്ടെ, ഈ പ്രശ്‌നങ്ങളില്‍ പ്രകടമായും കുലീനമായ നിലപാടെടുത്ത എഴുത്തുകാരനുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഇവാഞ്ചലിക്കല്‍ മൗലികവാദത്തെ കുറിച്ച് നിശ്ശബ്ദനായി എന്നത് അത്ഭുതകരമാണ്. ഇതര പടിഞ്ഞാറന്‍ ക്രൈസ്തവ മതമൗലികവാദങ്ങളെ അവഗണിച്ചു തന്റെ വിമര്‍ശം മുഴുവന്‍ കത്തോലിക്ക മൗലികവാദത്തില്‍ കേന്ദ്രീകരിക്കാന്‍ ഗരോഡിയെ പ്രേരിപ്പിച്ചത്, കത്തോലിക്കാ സംഘട്ടനത്തിലെ അദ്ദേഹത്തിന്റെ 'മാര്‍ക്‌സിയന്‍ പൈതൃക'മായിരിക്കുമോ?
വിമര്‍ശന രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണിവ. മാര്‍ക്‌സിന്റെ പൈതൃകത്തിലെ വിമര്‍ശക ദര്‍ശനത്തോടും പ്രവണതയോടും ഇപ്പോഴും പ്രതിബദ്ധത പുലര്‍ത്തുന്ന ഗരോഡിയുടെ മുന്നില്‍ ഈ ചോദ്യങ്ങള്‍ നാം സമര്‍പ്പിക്കുന്നു.
ഇസ്‌ലാമിക മൗലികവാദങ്ങള്‍
ക്രൈസ്തവ മൗലികവാദത്തെക്കുറിച്ച ചര്‍ച്ച കത്തോലിക്ക മൗലികവാദത്തില്‍ മാത്രം ഒതുക്കിയപ്പോള്‍ ഇസ്‌ലാമിക മൗലികവാദത്തെ ഗരോഡി നാലായി തരംതിരിച്ചതായി കാണുന്നു. അള്‍ജീരിയന്‍ മൗലികവാദം (ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ്), ഇറാനിയന്‍ മൗലികവാദം(ഇറാന്‍ വിപ്ലവം), സുഊദി മൗലികവാദം, മുസ്‌ലിം ബ്രദര്‍ഹുഡ് മൗലികവാദം എന്നിവയാണവ. നാസിറിന്റെ പീഡനങ്ങളെ തുടര്‍ന്ന് ഗള്‍ഫില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായ ബ്രദര്‍ഹുഡുകാര്‍ ഹസനുല്‍ബന്ന(1906-1946)യുടെ ഇസ്‌ലാമിക നവീകരണത്തില്‍നിന്ന് സുഊദി മൗലികവാദത്തിലേക്ക് വഴിമാറി എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റിന്റെ (ജബുഹത്തുല്‍ ഇന്‍ഖാദില്‍ ഇസ്‌ലാമിയ്യ) 'അള്‍ജീരിയന്‍ മൗലികവാദ' സവിശേഷതകള്‍ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: നമ്മുടെ കാലഘട്ടം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഇസ്‌ലാമിക ജാഗരണത്തിന് വേണ്ടിയല്ല മതമൗലികവാദികള്‍ യത്‌നിക്കുന്നത്. എല്ലാം നടക്കുന്നത് ഇമ്മട്ടിലാണ്:
1. പത്ത് നൂറ്റാണ്ട് മുമ്പത്തെ അബ്ബാസി ഖലീഫമാരുടെ പ്രജകളെപോലെ ജീവിക്കാനാഗ്രഹിക്കുന്നവനാണ് അവരുടെ ദൃഷ്ടിയില്‍ മുസ്‌ലിം.
2. അടിസ്ഥാനങ്ങളിലേക്കുള്ള മടക്കം.
3. ഇക്കാരണത്താല്‍ തന്നെ ഒരു സാമൂഹിക പദ്ധതി, ഇരുപതാം നൂറ്റാണ്ടിന്റെ നിയമമീമാംസ(ഫിഖ്ഹ്) നിര്‍മിക്കാന്‍ അശക്തരാണു മൗലികവാദികള്‍.
4. ചിന്തയും പങ്കാളിത്ത തത്വവും സക്രിയമാക്കാനല്ല അവരുടെ നീക്കം. ഖുര്‍ആന്റെ വിധികള്‍ക്ക് വിരുദ്ധമായി സ്വയം ദൈവത്തിന്റെ ഉദ്യോഗസ്ഥരായി ചമയുന്ന, മതം തൊഴിലായി സ്വീകരിച്ച മതമേധാവികള്‍ക്കുള്ള നിഷ്‌ക്രിയ വിധേയത്വത്തിലേക്കാണ് അവരുടെ ക്ഷണം.10
ഇത്രമേല്‍ സാമാന്യവല്‍ക്കരിച്ചു അള്‍ജീരിയന്‍ ഇസ്‌ലാമിക ആഭിമുഖ്യത്തിന് ഗരോഡി ചാര്‍ത്തിക്കൊടുക്കുന്ന വിശേഷണങ്ങള്‍ സൂക്ഷ്മവും സത്യസന്ധവുമാണോ? സ്ട്രാറ്റജി വിദഗ്ധനായ മുന്‍ യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ നിരീക്ഷണം ഗരോഡിയുടേതിനേക്കാള്‍ അഗാധവും സമര്‍ഥവുമാണ്. ഗരോഡിയെപ്പോലെ നിക്‌സന്റെ ദൃഷ്ടിയിലും ഇസ്‌ലാമിക ജാഗരണ പ്രതിഭാസം 'മതമൗലികവാദം' തന്നെയാണ്. എന്നാല്‍ ഗരോഡി തെറ്റിദ്ധരിച്ചപോലെ അബ്ബാസി ഖലീഫമാരുടെ പ്രജകളെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഭൂതകാല ഗൃഹാതുരത്വത്തിന്റെ മുരട്ടുവാദ പ്രസ്ഥാനമായല്ല നിക്‌സന്‍ അതിനെ കാണുന്ത്. ഈ പ്രതിഭാസത്തിന്റെ 'ലക്ഷ്യങ്ങളെ' നിരീക്ഷിച്ച നിക്‌സന്‍ ഭൂതകാലത്തെ അവര്‍ ഉപയോഗപ്പെടുത്തുന്നത് ഭാവിയുടെ നിര്‍മാണത്തിനും വിപ്ലവകരമായ പരിവര്‍ത്തനത്തിനുമാണെന്നാണ് പറയുന്നത്; ഭൂതകാല മുരടിപ്പില്‍ അടിയുറച്ചുനില്‍ക്കാനാണെന്നല്ല. അതിനാല്‍ ഈ 'മൗലികവാദം' പുനരുജ്ജീവിപ്പിച്ച പൈതൃക പ്രതീകങ്ങളെയും രൂപങ്ങളെയുമല്ല നിക്‌സന്‍ കണക്കിലെടുക്കുന്നത്. ജീവിതരീതികളുടെയും നാഗരികാഭിമുഖ്യങ്ങളുടെയും സിദ്ധാന്തങ്ങളുടെയും വ്യതിരിക്തതകള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ അത്തരം പ്രതീകങ്ങളുടെ പങ്കും ധര്‍മങ്ങളും സാമൂഹിക ശാസ്ത്രത്തിലും ധൈഷണിക സംഘട്ടനങ്ങളിലും പഠനം നടത്തിയിട്ടുള്ള വിദഗ്ധന്മാര്‍ തന്നെ സമ്മതിച്ചിട്ടുള്ളതുമാണ്. വ്യത്യസ്ത പ്രസ്ഥാനങ്ങളൊക്കെ ഉപയോഗപ്പെടുത്തി വരുന്നതാണത്. ഒരു സ്ട്രാറ്റജി വിദഗ്ധന്റെ ഉള്‍ക്കാഴ്ചയോടെ ഈ മൗലികവാദി'കളില്‍ നിക്‌സന്‍ കണ്ടെത്തുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:
1. പടിഞ്ഞാറിനോടുള്ള ശക്തമായ പകയാണ് അവരുടെ ചാലകശക്തി.
2. ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ പൂര്‍വിക ഇസ്‌ലാമിക നാഗരികത തിരിച്ചു കൊണ്ടുവരുന്നതില്‍ ശാഠ്യമുള്ളവരാണവര്‍.
3. ഇസ്‌ലാമിക ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണമാണ് അവര്‍ ലക്ഷ്യം വെക്കുന്നത്.
4. ഇസ്‌ലാം മതവും രാഷ്ട്രവുമാണെന്നാണ് അവരുടെ മുദ്രാവാക്യം.
5. ഭൂതകാലത്തിലേക്ക് നോക്കുമ്പോഴും അവരതിനെ ഭാവിയിലേക്കുള്ള വെളിച്ചമായാണ് സ്വീകരിക്കുന്നത്. അവര്‍ യാഥാസ്ഥിതികരല്ല; വിപ്ലവകാരികളാണ്.11
ഇനി, 'അള്‍ജീരിയന്‍ മൗലികവാദം' പരിഗണിച്ചില്ലെന്ന് ഗരോഡി പറയുന്ന 'സാമൂഹിക പദ്ധതി'യുടെ സ്ഥിതി എന്താണെന്ന് പരിശോധിക്കാം. ശ്രേഷ്ഠനാഗരിക പദ്ധതി*യുടെ മാതൃകയിലുള്ള സാമൂഹിക പദ്ധതിയാണോ ഉദ്ദേശ്യം? അതോ സമകാലിക ഇസ്‌ലാമിക സമൂഹങ്ങളുടെ സവിശേഷതകളായ സുസ്ഥിരമൂല്യങ്ങളെയും വൈവിധ്യത്തെയും പരിപാലിക്കുന്ന നാഗരികതയെ അടയാളപ്പെടുത്തുന്ന പദ്ധതികളോ?
ഏതെങ്കിലും രാഷ്ട്രീയ-ചിന്താധാരയ്ക്ക് അതിന്റെ സൈദ്ധാന്തികാധാരങ്ങളെ അവഗണിച്ചുകൊണ്ട് സമകാലിക ലോകത്തിന് വേണ്ടിയുള്ള നിയമസംഹിത(ഫിഖ്ഹ്: Juriprudence) സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമോ? ശാഖകളും വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന വിജ്ഞാനമാണ് നിയമം. അനുഭവലോകത്ത് ഉരുവംകൊള്ളുന്ന പ്രശ്‌നങ്ങളാണ് അനുയോജ്യമായ നിയമാവിഷ്‌കാരത്തിന് പ്രേരകമായി ഭവിക്കുന്നത്. അന്നിലക്ക് സാഹചര്യങ്ങളില്‍ അവഗാഹമില്ലാതെ നിയമാവിഷ്‌കാരത്തില്‍ എങ്ങനെ ബൗദ്ധികവ്യവഹാരം സാധ്യമാകും? അതോ മറ്റുള്ളവരെ പ്രീണിപ്പിക്കാനായി ആത്മവഞ്ചനയിലൂടെയുള്ള 'ഉട്ട്യോപ്യന്‍' ആശയങ്ങള്‍ മാത്രമാണോ ഒക്കെയും?
പ്രസക്തമായ മറ്റ് ചില ചോദ്യങ്ങള്‍ കൂടി:
-റോമന്‍ സാഹചര്യങ്ങളുടെ മര്‍മറിയുന്ന ധിഷണകള്‍ക്ക് പുറത്ത് വെച്ചാണോ റോമന്‍ നിയമം രൂപപ്പെട്ടത്?
-അനുഭവ ലോകത്തെ ജീവിത പ്രശ്‌നങ്ങളില്‍ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ആധികാരിക കേന്ദ്രങ്ങളായിരുന്ന നിയമജ്ഞന്മാര്‍ക്ക് ഒരു പങ്കുമില്ലാതെയാണോ ഇസ്‌ലാമിക നിയമസംഹിത(ഫിഖ്ഹ്) ആവിഷ്‌കരിക്കപ്പട്ടത്? അതോ രാഷ്ട്രത്തിലെ ന്യായാധിപന്മാരും മുഫ്തിമാരും വഖ്ഫ് ഭരണാധികാരികളുമായിരുന്ന നിയമജ്ഞന്മാര്‍ തങ്ങളുടെ അധികാര പ്രയോഗങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചതായിരുന്നോ അത്?
- മംലൂകീ കാലഘട്ടത്തില്‍ ശരീഅത്തിന്റെയും സാമൂഹിക വ്യവഹാര നിയമത്തിന്റെയും സ്ഥാനത്ത് ജംഗീസുഖാന്റെ 'യാസ'12 നിയമ സംഹിത നടപ്പിലാക്കപ്പെട്ടു. രാജ്യത്തിന്റെ പൊതു നിയമമായി അത് മാറി. ഇത് തന്നെയായിരുന്നില്ലേ നിയമഗവേഷണ(ഇജ്തിഹാദ്)ത്തിന്റെ കവാടം കൊട്ടിയടക്കപ്പെടാനും സാമൂഹിക ഇടപാടുകളില്‍ ഇസ്‌ലാമിക നിയമം മുരടിക്കാനും കാരണം?
- പിന്നീട് സാമ്രാജ്യത്വ കാലഘട്ടത്തില്‍ ഇസ്‌ലാമിക നിയമ സംഹിതക്ക് പകരം സെക്യുലര്‍ നിയമ വ്യവസ്ഥക്ക് പ്രാബല്യം കൈവന്നു. സാമൂഹിക വ്യവഹാര മേഖലയിലെ ഇസ്‌ലാമിക നിയമങ്ങള്‍ മുരടിച്ചുപോയതിന്റെ പിന്നില്‍ അതും കാരണമായിരുന്നില്ലേ?
-സംഭവ ലോകത്ത് പ്രയോഗവല്‍ക്കരണത്തിന് ആരംഭം കുറിച്ചപ്പോഴൊക്കെ ആധുനിക ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഗവേഷണ(ഇജ്തിഹാദ്) ത്തിന്റെ കവാടം തുറന്നിട്ടില്ലേ? സമ്പദ്‌വ്യവസ്ഥ, ബാങ്കിംഗ്, സൈദ്ധാന്തിക പദ്ധതികള്‍, ജ്ഞാനമേഖലകള്‍, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലൊക്കെ? ജീവിത പരിതഃസ്ഥിതികള്‍ ഗാഢമായി പഠിച്ച് പുതിയ ഗവേഷണങ്ങളിലൂടെ ഇസ്‌ലാമിക മാനഃദണ്ഡങ്ങള്‍ക്കനുസൃതം അവയെ പരിഷ്‌കരിച്ചു പുനരാവിഷ്‌കരിക്കാന്‍ യഥാര്‍ഥമായ സാമൂഹിക പദ്ധതികള്‍ അവ മുന്നോട്ടു വെച്ചില്ലേ?
- തങ്ങളുടെ സാമൂഹിക പദ്ധതിയുടെ പൊതുനയസമീപനങ്ങള്‍ വ്യക്തമാക്കുന്ന 'ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റി'ന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രിക ഗരോഡി വായിച്ചിട്ടില്ലേ? ആ പ്രകടന പത്രികയുടെ അടിസ്ഥാനത്തിലല്ലേ മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പാര്‍ട്ടി ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്? അതോ, ഗരോഡി ആരോപിക്കുന്ന പോലെ അബ്ബാസി ഖലീഫമാരുടെ കാലത്തെ ജീവിതത്തിലേക്ക് നയിക്കുന്ന ടൂറിസ്റ്റ് ഗൈഡായിട്ടാണോ സാല്‍വേഷന്‍ ഫ്രന്റിനെ അള്‍ജീരിയന്‍ ജനത തെരഞ്ഞെടുത്തത്?
- അവസാനമായി, അള്‍ജീരിയന്‍ അവസ്ഥയില്‍ ഇസ്‌ലാമിക പ്രസ്ഥാനം ഭരണകൂട ഉദ്യോഗസ്ഥന്മാരായ മതനേതാക്കള്‍ക്ക് കീഴടങ്ങിയത് എവിടെയാണ്? ഏകാധിപത്യ വ്യവസ്ഥയും ഭരണകൂടങ്ങളുമായുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ബന്ധം സദാ എതിര്‍ദിശയിലായിരുന്നു. മിക്കപ്പോഴും സംഘട്ടനാവസ്ഥയിലായിരുന്നു അത്.
അള്‍ജീരിയന്‍ ഇസ്‌ലാമിക പ്രതിഭാസത്തെക്കുറിച്ചുള്ള തന്റെ നിലപാട് ഗരോഡി പുനര്‍വിചിന്തനത്തിന് വിധേയമാക്കുമോ? അതോ, അള്‍ജീരിയന്‍ ഫ്രാങ്കോഫോണ്‍ധാര മുറുകെ പിടിക്കുന്ന സെക്യുലരിസത്തിന്റെ നിരാകരണം തന്നെ, ഗരോഡി ഉദ്ധരിക്കുന്ന ഫണ്ടമെന്റലിസത്തിന്റെ പാശ്ചാത്യനിര്‍വചനപ്രകാരം അള്‍ജീരിയന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുരട്ടു വാദത്തിനും അടഞ്ഞ ചിന്താജാഡ്യത്തിനും ഭൂതകാല രതിക്കും തെളിവായി ധാരാളം മതിയെന്നാണോ ഗരോഡി പറയുന്നത്?
ഇറാനിയന്‍ മൗലികവാദം
പാശ്ചാത്യമായ എന്തിനെയും നിരാകരിക്കുന്നതിന്റെ ഉയര്‍ന്ന മാതൃകയാണ് ഇറാനിയന്‍ വിപ്ലവമെന്ന് ഗരോഡി പറയുന്നു. 'പടിഞ്ഞാറന്‍ നാഗരികതക്കെതിരെയുള്ള പ്രഥമ വിപ്ലവമാണത്. പാശ്ചാത്യന്‍ രാഷ്ട്രീയ വ്യവസ്ഥക്കോ, സാമ്പത്തിക-സാമൂഹിക അന്തഃസംരചനക്കോ എതിരായിട്ടല്ല നാഗരികതക്കെതിരായിട്ടാണ് ആ വിപ്ലവം നടന്നത്.'12
1979ല്‍ പ്രസിദ്ധീകരിച്ച, ഇറാനിയന്‍ വിപ്ലവത്തെക്കുറിച്ചുള്ള നമ്മുടെ സംവരണങ്ങള്‍ നിലനിറുത്തിക്കൊണ്ട് തന്നെ ചോദിക്കട്ടെ:
-ഇറാനിയന്‍ വിപ്ലവം പാശ്ചാത്യ ഭരണഘടന-പാര്‍ലമെന്ററി സ്ഥാപനങ്ങളിലും ജനാധിപത്യ പ്രവര്‍ത്തന രീതികളിലും അവയുടെ യൂറോപ്യന്‍ അനുഭവങ്ങളിലും നടന്ന വിപ്ലവങ്ങളെ നിരാകരിക്കുകയുണ്ടായോ? വിപ്ലവ ഭരണഘടനയും പാര്‍ലമെന്ററി വ്യവസ്ഥയും യൂറോപ്യന്‍ സമ്പ്രദായത്തില്‍, വ്യക്തമായി പറഞ്ഞാല്‍ ഫ്രഞ്ച് മാതൃകയില്‍ തന്നെ നിലനില്‍ക്കുകയല്ലേ ഉണ്ടായത്?
-ഇറാനിയന്‍ വിപ്ലവം പാശ്ചാത്യ ശാസ്ത്രത്തെയും അതിന്റെ സാങ്കേതിക പ്രയോഗത്തെയും നിരാകരിക്കുകയുണ്ടായോ?
-ഇറാന്‍ വിപ്ലവം പടിഞ്ഞാറിന്റെ ശാസ്ത്രത്തെയും സാങ്കേതിക പ്രയോഗവല്‍ക്കരണങ്ങളെയും നിരാകരിച്ചോ? മറിച്ചു പടിഞ്ഞാറല്ലേ അവയൊക്കെ തടഞ്ഞു ഇറാനെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നത്? പടിഞ്ഞാറന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തി വികസനത്തിന്റെയും പുരോഗതിയുടെയും സാധ്യതകള്‍ തേടുന്നതിന് പടിഞ്ഞാറല്ലേ തടസ്സം നിന്നു കൊണ്ടിരിക്കുന്നത്?13 ഇറാന്‍ വിപ്ലവം നാഗരികതക്കെതിരെയുള്ള വിപ്ലവാണെന്ന് ആരോപിക്കുന്ന ഗരോഡി, ഇറാന്‍ പാശ്ചാത്യ ശാസ്ത്രത്തിന് പകരം 'ആലുബൈതി' (നബി കുടുംബ)ന്റെ ശാസ്ത്രം സ്വീകരിച്ചതായി കേട്ടിട്ടുണ്ടോ? അതോ, പാശ്ചാത്യാധിനിവേശവും അമേരിക്കന്‍ ജീവിത ശൈലിയും നിരാകരിച്ചു സ്വന്തം ദേശീയ-ഇസ്‌ലാമിക സംസ്‌കാരം പുനരുജ്ജീവിപ്പിക്കാനുള്ള ഇറാന്റെ ശ്രമത്തെ പടിഞ്ഞാറിന്റെ സമൂല നിരാകരണവും നാഗരികതക്കെതിരെയുള്ള വിപ്ലവവുമായി കാണുകയാണോ ഗരോഡി?
-അടിച്ചമര്‍ത്തപ്പെട്ട ജനതകള്‍ക്ക് സ്വന്തം സംസ്‌കാരവും സാഹിത്യ കലകളും വ്യതിരിക്ത നാഗരികാടയാളങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ പാടില്ലെന്നുണ്ടോ? അത് മുരടിപ്പും നാഗരിക വികസനത്തിന്നെതിരെ കലാപം ചെയ്യുന്ന പാരമ്പര്യ പ്രതിബദ്ധതയുമാണെന്നോ?
- നാഗരികതയുടെ നിര്‍വചനം തന്നെ മറ്റൊരു നാഗരികതക്കും സ്ഥാനമില്ലാത്ത പാശ്ചാത്യ നാഗരികതയെന്നാണോ?
സുഊദി മൗലികവാദം
ഗരോഡിയുടെ വീക്ഷണത്തിലെ മൂന്നാമത്തെ മൗലികവാദം സുഊദി മൗലികവാദമാണ്. എണ്ണയുടെ തിണ്ണബലത്തില്‍ ഇസ്‌ലാമിക ലോകത്ത് സ്വാധീനം ചെലുത്തുന്ന സുഊദി അറേബ്യ പ്രഭവ കേന്ദ്രമായുള്ള മൗലിക വാദം. ''ഇസ്‌ലാമിക മതമൗലികവാദ സൈദ്ധാന്തകരില്‍ ഏറ്റവും ശക്തനായ മൗദൂദിയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് സുഊദി അറേബ്യ ലോക വ്യാപകമായി പ്രചരിപ്പിക്കുന്നു'' എന്നതാണ് ഇതിന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന തെളിവ്.14
വകതിരിവുള്ള രാഷ്ട്രീയ ബുദ്ധി ശാലിയാണ് ഗരോഡി. ഇപ്പറഞ്ഞ എല്ലാ ചിന്താധാരകളെയും സംഘടനകളെയും 'ഇസ്‌ലാമിക മതമൗലികവാദ'മെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരേ കുട്ടയില്‍ തട്ടുന്ന ഗരോഡി അവയ്ക്കിടയിലെ ബന്ധങ്ങളെയും അവയുടെ നിലപാടുകളെയും കുറിച്ചു ചിന്തിച്ചിരുന്നെങ്കില്‍ താഴെ പറയുന്ന വസ്തുതകള്‍ അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നു.
-ഇറാനിയന്‍ വിപ്ലവത്തോടുള്ള സുഊദിയുടെ നിലപാടുകളും അതിന്റെ പിന്നിലെ കാരണങ്ങളും. 'മദ്ഹബീ(നിയമമീമാംസാപരം)തലത്തിലായാലും ഒന്നാം ഗള്‍ഫ് യുദ്ധത്തെ സംബന്ധിച്ചായാലും 'ഇറാനിയന്‍ മൗലികവാദ'ത്തിന്റെ എതിര്‍ ധ്രുവത്തിലായിരുന്നു സുഊദി അറേബ്യ.
-അള്‍ജീരിയയിലെ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റിന്റെ കാര്യത്തിലും 'അള്‍ജീരിയന്‍ മൗലികവാദ'ത്തിന് അനുകൂലമായ നിലപാടായിരുന്നില്ല സുഊദി അറേബ്യ സ്വീകരിച്ചിരുന്നത്.
-അബുല്‍ അഅ്‌ലാ മൗദൂദി(1909-1979)യുടെ വിപ്ലവ പദ്ധതിയും സുഊദി രാജഭരണ കൂടത്തിന് സ്വീകാര്യമായതല്ലെന്ന് ഗരോഡിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ; മതസ്ഥാപനങ്ങളെന്നോ ഭരണകൂടമെന്നോ അതില്‍ വ്യത്യാസമില്ല. എണ്‍പതുകളില്‍ മൗദൂദിയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച 'അദ്ദാറുസ്സുഊദിയ്യ ലിന്നശ്ര്‍' സുഊദിയിലെ ഒരു സ്വകാര്യ പ്രസിദ്ധീകരണാലയം മാത്രമാണെന്ന് ഗരോഡി മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൈദി* വിഭാഗത്തില്‍ പെട്ട സുഊദി ഇതരനായിരുന്നു അതിന്റെ ഉടമ. ''എണ്ണപ്പണം ഉപയോഗിച്ചു മതമൗലികവാദ സൈദ്ധാന്തികനായ മൗദൂദി കൃതികള്‍ സുഊദി സര്‍ക്കാര്‍ ലോകവ്യാപകമായി പ്രസിദ്ധീകരിക്കുന്നു''വെന്ന് ഗരോഡി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഗരോഡിയുടെ ആരോപണവും മുന്‍ചൊന്ന പ്രസാധനാലയം മൗദൂദി കൃതികള്‍ പ്രസിദ്ധീകരിച്ചതും തമ്മില്‍ യാതൊരു ബന്ധവുമില്ല.
അനുഷ്ഠാന നിയമങ്ങളില്‍ ഹനഫീസരണി പിന്തുടരുന്ന വ്യക്തിയാണ് മൗദൂദി. ദൈവശാസ്ത്ര വിഷയങ്ങളില്‍ അശ്അരി ചിന്തകളോടാണ് അദ്ദേഹത്തിന് ആഭിമുഖ്യം; സാമൂഹിക പരിവര്‍ത്തനത്തില്‍ വിപ്ലവ പദ്ധതിയുടെ വക്താവും. 'സുഊദി മൗലികവാദം' ലോകമെമ്പാടും പ്രചരിപ്പിക്കാനുദ്ദേശിക്കുന്നതിന് ഒട്ടും മാതൃകയാകാന്‍ പറ്റിയ വ്യക്തിയല്ല അദ്ദേഹം.
ബ്രദര്‍ഹുഡ് മൗലികവാദം
മുസ്‌ലിം ബ്രദര്‍ഹുഡ് മൗലികവാദത്തെ പരാമര്‍ശിക്കെ, നാസിറിന്റെ ഭരണകൂട പീഡനത്തെ തുടര്‍ന്ന് നിരവധി നേതാക്കള്‍ സുഊദിയിലേക്കും ഗള്‍ഫ് നാടുകളിലേക്കും പലായനം ചെയ്യുന്നതിന് മുമ്പത്തെ ദശകങ്ങളില്‍, ഹസനുല്‍ ബന്നാ(1906-1949)യുടെ കാലത്ത് ഈ പ്രസ്ഥാനത്തെ മൗലികവാദ ലക്ഷണങ്ങള്‍ തീണ്ടിയിട്ടില്ലെന്ന് ഗരോഡി പറയുന്നുണ്ട്. ബന്നായുടെ ചിന്തയില്‍ രൂപം കൊണ്ടത് 'ഇസ്‌ലാമിക നവീകരണ' പ്രസ്ഥാനമായിരുന്നു; തുറസ്സില്ലാത്ത മുരടന്‍ മൗലികവാദ'മായിരുന്നില്ല. ഗരോഡിയുടെ ഭാഷയില്‍:
''ഹസനുല്‍ ബന്നാ നവീകരണവും പാശ്ചാത്യവല്‍ക്കരണവും കൂട്ടിക്കലര്‍ത്തിയില്ല. സാമൂഹിക നീതിയിലധിഷ്ഠിതമായ രാഷ്ട്രനിര്‍മാണത്തിനായി നവ ഇസ്‌ലാമിക പദ്ധതി ആവിഷ്‌കരിച്ചു അദ്ദേഹം. ഉറവിടത്തില്‍നിന്ന് അടിസ്ഥാനം കണ്ടെത്തി; നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളില്‍ ബോധവാന്മാരായി പുതിയ ഉത്തരങ്ങള്‍ കണ്ടെത്തി കര്‍മാവിഷ്‌കാരം നടത്തുകയാണു ആവശ്യം. സമഗ്രമായ ജീവിതപദ്ധതിയെ ത്വരിപ്പിക്കുന്ന ജീവനുള്ള ഒരു ഇസ്‌ലാമിനു വേണ്ടിയുള്ള ജിഹാദ്. എല്ലാ കക്ഷിത്വങ്ങള്‍ക്കും അതീതമായ, സാമ്പത്തികം മുതല്‍ സംസ്‌കാരവും രാഷ്ട്രീയവുമെല്ലാം ഉള്‍ക്കൊള്ളുന്ന ജീവിതപദ്ധതി. ഹസനുല്‍ ബന്ന തന്റെ സംഘടനയിലും നേതൃഘടനകളിലും ക്രൈസ്തവര്‍ക്ക് സ്ഥാനം നല്‍കുകയുണ്ടായി.''
''1952 ജൂലൈ 23ലെ വിപ്ലവാനന്തരം ബ്രദര്‍ഹുഡ് താഴെ പറയുന്ന പ്രവര്‍ത്തന പരിപാടി ആവിഷ്‌കരിക്കുകയുണ്ടായി:
1. എല്ലാവര്‍ക്കും തൊഴില്‍
2. ദരിദ്രര്‍ക്ക് സാമൂഹിക സംരക്ഷിതത്വം
3. വന്‍കിട ഭൂവുടമകളുടെ പരിധിനിര്‍ണയം
4. ഭൂമി അതില്‍ പണിയെടുക്കുന്നവര്‍ക്ക് ക്രമത്തില്‍ ലഭ്യമാകുംവിധം കാര്‍ഷിക വ്യവസ്ഥ
5. തൊഴിലാളി വര്‍ഗത്തിന് സംരക്ഷണം നല്‍കുന്ന തൊഴില്‍ നിയമം
6. കേന്ദ്രീകരണത്തിനും ബ്യൂറോക്രസിക്കും തടയിടുകയും ശമ്പള ശ്രേണിയിലെ വിടവു കുറക്കുകയും ചെയ്യുംവിധം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പരിഷ്‌കരണം.
7. പ്രത്യേകാനുകൂല്യങ്ങള്‍ റദ്ദ് ചെയ്യല്‍
8. മസ്ജിദുകള്‍ മത-സാമൂഹിക-സാംസ്‌കാരിക കേന്ദ്രങ്ങളാക്കി മാറ്റല്‍
ഈ ഇസ്‌ലാമിക നവീകരണ പദ്ധതിക്ക് ആകസ്മികമായി നേരിട്ട തിരിച്ചടിയെയും അത് ബ്രദര്‍ഹുഡിനെ അപ്പാടെ 'സുഊദി മൗലികവാദ'ത്തിലേക്ക് അട്ടിമറിച്ചതിനെയും കുറിച്ചാണ് പിന്നീട് ഗരോഡി പറയുന്നത്.
''എന്നാല്‍ അറുപതുകളില്‍ അബ്ദുന്നാസിറില്‍ നിന്നേറ്റ ശക്തമായ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് ബ്രദര്‍ഹുഡിന്റെ ദിശയെ തിരിച്ചുവിട്ട ചില സംഭവങ്ങളുണ്ടായി. ഈജിപ്ത് ഉപേക്ഷിച്ച് പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞവര്‍ വിദേശത്താണ് പിന്നീട് ജീവിച്ചത്. അവരില്‍ അധികപേരും എത്തിച്ചേര്‍ന്നത് സുഊദിയിലും ഇതര ഗള്‍ഫ് നാടുകളിലുമാണ്. ആധുനികതക്ക് ഇസ്‌ലാമിക ജീവിതം നല്‍കാന്‍ 'ഇസ്‌ലാമിന്റെ പ്രഭാത' ഘട്ടത്തിലെ ജീവനുള്ള സ്രോതസ്സിലേക്ക് മടങ്ങുക എന്ന ഹസനുല്‍ ബന്നയില്‍നിന്ന് അവര്‍ക്ക് ലഭിച്ച മൗലികത, അതോടെ സുഊദി മൗലികവാദം പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശുഷ്‌ക പൈതൃകത്തിലേക്കുള്ള മടക്കമായി മാറി. ദൈവേഛയെ പ്രതിനിധാനം ചെയ്യുന്നവരായി സ്വയം കരുതുന്ന ഭരണാധികാരികള്‍ക്കുള്ള നിരുപാധികമായ അനുസരണത്തിലേക്ക് നയിക്കുന്നതായിരുന്നു അത്. ബ്രദര്‍ഹുഡിന്റെ ദിശയെ തന്നെ മൗലികമായി അത് മാറ്റിമറിച്ചു. 1961ല്‍ ഇറാഖി ബ്രദര്‍ഹുഡ് നേതാവായ മഹ്മൂദ് സ്വവ്വാഫിന്റെ 'ഇസ്‌ലാമില്‍ സോഷ്യലിസമില്ല' (ലാ ഇശ്തിറാകിയ്യ ഫില്‍ ഇസ്‌ലാം) എന്ന പുസ്തകം ജിദ്ദയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.''
ചിലര്‍ 'ഗള്‍ഫ് പ്രതിഭാസ'മെന്നും നാം 'ഖലീജ് സലഫി സ്‌കൂള്‍' എന്നും വിളിക്കുന്ന ചിന്തയുടെ സ്വാധീനഫലങ്ങള്‍ ചില ഇസ്‌ലാമിക പ്രസ്ഥാന വിഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നത് നാം നിഷേധിക്കുന്നില്ല. അതില്‍ ചില ബ്രദര്‍ഹുഡ്കാരും പെടും. എന്നാല്‍ ബ്രദര്‍ഹുഡിന്റെ ആഭിമുഖ്യത്തില്‍ ആകസ്മികമായുണ്ടായ മൗലികമാറ്റം ഹസനുല്‍ ബന്നാ ആവിഷ്‌കരിച്ചതും, 1952 ജൂലൈയിലെ വിപ്ലവാനന്തരം സംഘടന രൂപം നല്‍കിയ പ്രവര്‍ത്തന പരിപാടിയില്‍ ഉള്‍പ്പെടുത്തിയതുമായ ഇസ്‌ലാമിക നവീകരണ പദ്ധതിയില്‍നിന്ന് ബ്രദര്‍ഹുഡിനെ അപ്പാടെ വ്യതിചലിപ്പിച്ചു എന്ന് ഗരോഡി പറയുമ്പോള്‍ അതിനോട് പൂര്‍ണമായും യോജിക്കാന്‍ പ്രയാസമാണ്.
-ഹസനുല്‍ ബന്നായുടെ ചിന്താ പദ്ധതിക്ക് ഈ നിമിഷം വരെ ബ്രദര്‍ഹുഡ് അണികള്‍ക്കുള്ള സ്ഥാനത്തെ കുറിച്ച് ഗരോഡി മനസ്സിലാക്കിയിരുന്നെങ്കില്‍ സംഘടനയുടെ ദിശാബോധത്തിലുണ്ടായ 'പുതിയ വ്യതിയാന'ത്തെ കുറിച്ച് അദ്ദേഹം പറയുമായിരുന്നില്ല.
-അവസാന ദശകങ്ങളില്‍ സംഘടനയുടെ അംഗത്വ ഘടനയിലുണ്ടായിട്ടുള്ള പുതിയ സവിശേഷതകളും ചിന്താപരവും വൈജ്ഞാനികവും തൊഴില്‍ പരവുമായി വൈദഗ്ധ്യം നേടിയവര്‍ അണികളെ സമ്പന്നമാക്കിയ വസ്തുതയും മനസ്സിലാക്കിയിരുന്നെങ്കില്‍ ഭൂതകാലത്തില്‍ മാത്രം അഭിരമിക്കുന്ന ബ്രദര്‍ഹുഡിന്റെ പിന്തിരിപ്പത്വത്തെക്കുറിച്ച് ഗരോഡിക്ക് ആരോപണം ഉന്നയിക്കാന്‍ സാധിക്കുമായിരുന്നില്ല.
- ബ്രദര്‍ഹുഡിന്റെ ചിന്താപരവും വിശ്വാസപരവുമായ ആഭിമുഖ്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഗള്‍ഫ് സലഫികള്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്ന വിമര്‍ശനകൃതികളെക്കുറിച്ചു എന്തെങ്കിലും അറിയാമായിരുന്നെങ്കില്‍ ഗരോഡിക്ക് ഇമ്മട്ടില്‍ എഴുതാനാകുമായിരുന്നില്ല.
- നിരവധി പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ഗള്‍ഫ് നിലപാടും ബ്രദര്‍ഹുഡ് നിലപാടും വ്യത്യസ്തമാണ്. ഒന്നും രണ്ടും ഗള്‍ഫ് യുദ്ധങ്ങള്‍, ഇറാന്‍ വിപ്ലവം, അള്‍ജീരിയന്‍ പ്രതിസന്ധി എന്നിവ ഉദാഹരണം. ഇത് മനസ്സിലാക്കിയിരുന്നെങ്കില്‍ ബ്രദര്‍ഹുഡ് ഇസ്‌ലാമിക നവീകരണ പദ്ധതിയില്‍നിന്ന് 'സുഊദി മൗലികവാദ'ത്തിലേക്ക് ചുവട് മാറി എന്ന് ഗരോഡി ആരോപിക്കുമായിരുന്നില്ല.
- ശൈഖ് സ്വവ്വാഫിന്റെ 'ഇസ്‌ലാമില്‍ സോഷ്യലിസമില്ല' എന്ന കൃതിയാണ് ബ്രദര്‍ഹുഡ് സാമൂഹിക നീതിയിലധിഷ്ഠിതമായ തങ്ങളുടെ പദ്ധതി അട്ടിമറിച്ചതിന് ഗരോഡി ഉന്നയിക്കുന്ന മറ്റൊരു തെളിവ്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് മുസ്ത്വഫസ്സിബാഇയുടെ 'ഇസ്‌ലാമിലെ സോഷ്യലിസം' (ഇശ്തിറാകിയ്യത്തുല്‍ ഇസ്‌ലാം) എന്ന കൃതിയെ ഗരോഡി അവഗണിച്ചു? ശൈഖ് സ്വവ്വാഫിന്റെ കൃതിയേക്കാള്‍ കൂടുതല്‍ പ്രസിദ്ധിയും പ്രചാരവും നേടിയ കൃതി ഇതാണ് താനും. ചിന്താപരമായ ഇത്തരം വൈവിധ്യത്തെ സങ്കുചിത ചട്ടക്കൂട്ടിലൊതുക്കുന്നത് ശരിയോ? അതിന്റെ ഒരു വശം മാത്രം എടുത്ത് സാമാന്യവല്‍ക്കരിക്കുന്നതിന് ധൃഷ്ടമാകേണ്ടതുണ്ടോ?
വൈരുധ്യങ്ങള്‍
മുസ്‌ലിമായ ശേഷവും സ്റ്റാലിനിസ്റ്റ്-ലെനിനിസ്റ്റ് പ്രയോഗവല്‍ക്കരണത്തിനുമുമ്പുള്ള മാര്‍ക്‌സിസത്തിന്റെ ആദിമ സങ്കല്‍പത്തോടുള്ള തന്റെ അഭിനിവേശം ഗരോഡി മറച്ചുവെച്ചിട്ടില്ല. 'ഇസ്‌ലാമിക മൗലികവാദം' എന്ന് ഗരോഡി വിളിക്കുന്ന പ്രതിഭാസത്തോടുള്ള വിരോധത്തിന്റെ യുക്തിയും അദ്ദേഹം അതിനെ നിര്‍വചിച്ചു സംഗ്രഹിച്ചപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. 'അടഞ്ഞ, അര്‍ബുദ സമാനമായ ഈ മുരട്ടുവാദം 'മതേതരത്വത്തിന്റെ വിപരീതമാണെന്ന്' പറഞ്ഞുകൊണ്ടാണ് അദ്ദേഹം തള്ളിക്കളയുന്നത്.
ഗരോഡിയുടെ തന്നെ അറിയപ്പെടുന്ന സങ്കല്‍പമനുസരിച്ച് ഒരു യൂറോപ്യന്‍ സിദ്ധാന്തമാണ് മാര്‍ക്‌സിസം. കാരണം ജര്‍മന്‍ തത്വശാസ്ത്രത്തിലും ഫ്രഞ്ച് സോഷ്യലിസത്തിലും ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രത്തിലും അധിഷ്ഠിതമാണത്. സെക്യുലരിസമാകട്ടെ, തര്‍ക്കമില്ലാത്ത എല്ലാ മാനദണ്ഡപ്രകാരവും യൂറോപ്യന്‍ പ്രബുദ്ധതയുടെയും പാശ്ചാത്യ തത്വശാസ്ത്രത്തിന്റെയും ഉല്‍പന്നവുമാണ്. അപ്പോള്‍ പാശ്ചാത്യമല്ലാത്തതെന്തും' നാഗരികതയെ അപ്പാടെ കാര്‍ന്നു തിന്നുന്ന മാരക അര്‍ബുദമായ മൗലികവാദമായാണോ ഗരോഡി കാണുന്നത്! ഇതര സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും മേലുള്ള പാശ്ചാത്യ അധീശാധികാരത്തെ അപലപിക്കുന്ന, ദക്ഷിണ സമൂഹങ്ങളുടെ നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും സ്വത്വങ്ങളുടെയും മേല്‍ പാശ്ചാത്യ മാതൃകയെ അടിച്ചേല്‍പിക്കുന്നതിന്റെ പ്രത്യാഘാതമായി 'മൗലിക വാദ'ത്തെ കാണുന്ന ഗരോഡിയുടെ തന്നെ നിലപാടുകള്‍ക്ക് വിരുദ്ധമല്ലേ ഇത്?
പൈതൃകത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച ഗരോഡിയുടെ നിലപാടിലെ വൈരുധ്യം താഴെ ഉദ്ധരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാകും:
'ഇസ്‌ലാമിന്റെ സമസ്ത മാനങ്ങളും പുനര്‍കണ്ടെത്താതെ ജീവനുള്ള ഇസ്‌ലാമിന്റെ വീണ്ടെടുപ്പു സാധ്യമാവുകയില്ല:
1- ഖുര്‍ആന്റെ മാനമാണ് ഇസ്‌ലാമിന്റെ സമഗ്രമാനം. ഇസ്‌ലാം ഏതെങ്കിലും പൈതൃകത്തില്‍ പരിമിതപ്പെട്ടുപോവാതിരിക്കണമെങ്കില്‍, നിലവിലെ അതിന്റെ അടഞ്ഞ പ്രകൃതത്തില്‍ അത് വിനഷ്ടമാവാതിരിക്കണമെങ്കില്‍ ഈ ഖുര്‍ആനിക മാനം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
2. അക്ഷരത്തിലൊതുങ്ങുന്ന വരണ്ട അനുഷ്ഠാനകോലങ്ങളുടെ എല്ലാ ചിന്താസരണികളെയും നേരിട്ട, ദിന്നൂന്‍ മുതല്‍ ഇബ്‌നു അറബി വരെയുള്ള സൂഫി മഹാഗുരുക്കന്മാര്‍ സംരക്ഷണം നല്‍കിയ ദിവ്യാനുരാഗബദ്ധമായ അതിന്റെ ആത്മീയമാനം വീണ്ടെടുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ജീവിതത്തിന്റെ രൂപത്തെ ഉയര്‍ത്താനുള്ളതാണ് ഇസ്‌ലാമിന്റെ അനുഷ്ഠാന സ്തംഭങ്ങള്‍- ദൈവത്തെ പ്രാപിക്കുന്നതിന് പ്രാര്‍ഥനകള്‍: ജനങ്ങളുമായി ഐക്യപ്പെടുന്നതിന് സകാത്ത്; ആഗോള മുസ്‌ലിം സമൂഹവുമായി ഐക്യപ്പെടുന്നതിന് ഹജ്ജ്; ഒരേസമയം ദൈവസ്മരണയും വിശപ്പും അനുഭവിച്ചറിയുന്നതിന് ഉപവാസം.
3. ഇതുപോലെതന്നെ, പരസ്പരം പോരടിക്കുന്ന താല്‍പര്യങ്ങളെയും സമൂഹത്തിലെ ഒരു ധ്രുവത്തില്‍ സമ്പത്തും മറ്റൊരു ധ്രുവത്തില്‍ ദാരിദ്ര്യവും കേന്ദ്രീകരിക്കുന്നതിനെയും നിരാകരിക്കുന്ന ഇസ്‌ലാമിന്റെ സാമൂഹികമാനവും വീണ്ടെടുക്കേണ്ടതുണ്ട്.
4. അവസാനമായി, അതിന്റെ വിമര്‍ശനാത്മക മാനവും പുനര്‍നവീകരിക്കാതെ വയ്യ. ഈ വിമര്‍ശകാത്മ ചൈതന്യമാണ് 'ഇജ്തിഹാദ്' (പുതിയ ഗവേഷണങ്ങള്‍). ഇഖ്ബാല്‍ പറഞ്ഞപോലെ, ചത്ത കണ്ണുകള്‍കൊണ്ടു ഖുര്‍ആന്‍ പരായണം ചെയ്യുന്ന മഹാമാരിയില്‍നിന്ന് ഇസ്‌ലാമിന് സംരക്ഷണം നല്‍കുന്ന ശക്തി അതാണ്.
ഉറവിടത്തിലേക്കുള്ള ഈ മടക്കം ഭൂതകാലത്തിലേക്കുള്ള പിന്‍മടക്കമല്ല. കാരണം, നദി സമുദ്രത്തിലേക്കൊഴുകുമ്പോള്‍ ഉറവിടത്തോടു കൂറുപുലര്‍ത്തുക മാത്രമാണത് ചെയ്യുന്നത്.''15
മൗലികവാദങ്ങളെ നിര്‍വചിച്ചപ്പോള്‍ നടത്തിയ സാമാന്യ വല്‍ക്കരണത്തിന് വിപരീതമായി മേല്‍ ഉദ്ധരണിയില്‍ ഗരോഡി സംവരണം പാലിച്ചതായി കാണാം. ഭൂതകാലത്തിലേക്കുള്ള മടക്കം 'മൗലിക വാദമുരടിപ്പാ'യി വിലയിരുത്തിയ ഗരോഡി ഇവിടെ ഇസ്‌ലാമിന്റെ ഉറവിടത്തിലേക്കുള്ള മടക്കത്തെയും അതിന്റെ ആത്മീയവും സാമൂഹികവും വിമര്‍ശാത്മകവുമായ സമഗ്രമാനങ്ങളുടെ വീണ്ടെടുപ്പിനെയും കുറിച്ചാണ് സംസാരിക്കുന്നത്. അത് 'മൗലികവാദ മുരടിപ്പ'ല്ലെന്നും 'ജീവത്തായ ഇസ്‌ലാമിന്റെ ഉയിര്‍പ്പാ'ണെന്നും വിലയിരുത്തുകയും ചെയ്യുന്നു.
ഇസ്‌ലാമിന്റെ സാമൂഹിക-വിമര്‍ശനാത്മക മാനങ്ങളില്‍ ഊന്നുന്ന ഗരോഡി അവയുടെ വീണ്ടെടുപ്പില്‍ ജീവത്തായ ഇസ്‌ലാമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ദര്‍ശിക്കുമ്പോള്‍ ഈ രണ്ടു മാനങ്ങളിലും നമുക്ക് കണ്ടെത്താനാവുക പൈതൃകവും ചിന്താ പ്രസ്ഥാനങ്ങളും ആശയസംഘട്ടനങ്ങളും ചരിത്രവും' തന്നെയാണ്. ദിന്നൂന്‍ മുതല്‍ ഇബ്‌നു അറബി വരെയുള്ള സൂഫി മഹാഗുരുക്കന്മാര്‍ സംരക്ഷണ കവചം നല്‍കിയ 'ദിവ്യാനുരാഗ ആത്മീയമാനം' പുനരുജ്ജീവിപ്പിക്കാന്‍ ഗരോഡി ആഹ്വാനം ചെയ്യുമ്പോഴും ഈ സൂഫീ മഹാരഥന്മാരുടെ ആത്മീയ പൈതൃകത്തിലേക്ക് വ്യത്യസ്ത നിലപാടുകളും പ്രവണതകളുമുള്ള അതേ പൈതൃകത്തിലേക്ക് മടങ്ങാന്‍ തന്നെയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പൈതൃകത്തിലേക്കും ഉറവിടങ്ങളിലേക്കും മടങ്ങാനുള്ള ഈ ആഹ്വാനത്തില്‍ 'അര്‍ബുദസമാനമായ മൗലികവാദ'ത്തെ 'ഭൂതകാലത്തേക്കുള്ള മടക്കവും 'പൈതൃക ബന്ധവുമായി നിര്‍വചിച്ച സാമാന്യവല്‍ക്കരണങ്ങള്‍ എവിടെയാണ് നിലയുറപ്പിക്കുന്നത്?
പ്രശ്‌നം കേവലം പൈതൃകത്തിന്റേതല്ല; ഏത് പൈതൃകം എന്നതാണ്; ആ പൈതൃകത്തെ എങ്ങനെ സമീപിക്കുന്നു എന്നതും. മൗലികവാദത്തിന്റെ വിപരീതമായി ഗരോഡി കാണുന്ന 'സെക്യുലരിസം' പോലും പൈതൃകം തന്നെയാണ്. അത് ഇസ്‌ലാമിന്റെ പൈതൃകമല്ല, മറിച്ച് പടിഞ്ഞാറന്‍ മതരഹിത പൈതൃകമാണെന്ന് മാത്രം.
നമ്മുടെ നാഗരിക-ചരിത്ര പൈതൃകത്തെ ഗരോഡി രണ്ട് ധാരകളായി നിര്‍വചിക്കുന്നു:
1- പാരമ്പര്യവാദികളും (അഹ്‌ലുല്‍ അഥര്‍), ഹദീസ് വക്താക്കളും(അസ്വ്ഹാബുല്‍ ഹദീസ്). പാഠ(Text)ത്തെ മുറുകെപ്പിടിക്കുന്ന പ്രവണത മികച്ചു നില്‍ക്കുന്ന വിഭാഗമാണിത്. 'മുരടിപ്പും അനുകരണവും' സവിശേഷമായുള്ള പല ഗ്രൂപ്പുകളും ഇവരിലുണ്ട്. ചരിത്രത്തിലുടനീളം ഇസ്‌ലാമിക ചിന്താധാരകളില്‍ 'ന്യൂനപക്ഷ'മായിരുന്നു ഇവരെല്ലാം.
2. 'പാരമ്പര്യവും പാഠ'വും 'സ്വ അഭിപ്രായ'വും നിയമ(ഫിഖ്ഹ്)വും സംയോജിപ്പിച്ച് 'സ്വതന്ത്രബുദ്ധി'കളുടെ ധാര. ഈ ധാരയില്‍ പെട്ട ഓരോ വിഭാഗത്തിന്റെയും ചിന്തയുടെ ആരൂഢങ്ങളില്‍ പാരമ്പര്യവും സ്വതന്ത്രാഭിപ്രായവും തമ്മിലുള്ള അനുപാതമനുസരിച്ചാണ് ആ വിഭാഗങ്ങളുടെ വ്യതിരിക്തത. ചരിത്രത്തിലുടനീളം മുസ്‌ലിം ചിന്തയില്‍ ഏറ്റഴും സക്രിയമായി വര്‍ത്തിച്ച വലിയ ചിന്താധാര ഇതാണ്.'
ഇസ്‌ലാമിനും അതിന്റെ നാഗരികതക്കും പൈതൃകത്തിനും വ്യത്യസ്ത ചിന്താധാരകളെക്കുറിച്ചുള്ള യഥാര്‍ഥ നിലപാട് വിശദീകരിക്കാന്‍ അതിന്റേതായ സാങ്കേതിക സംജ്ഞാവലികളുണ്ട്. അക്കൂട്ടത്തില്‍ 'മൗലികവാദം' എന്നൊരു സാങ്കേതിക ശബ്ദം ഇല്ല തന്നെ.
(ഈജിപ്ഷ്യന്‍ അക്കാദമിക വൃത്തത്തിലെ സമാദരണീയ വ്യക്തിത്വമാണ് അമ്മാറ)
വിവ: വി.എ കബീര്‍
**************************
* ഖുര്‍ആന്‍ ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്ത ഓറിയന്റലിസ്റ്റ്. വിവ:
1. Roger Garaudy: Integrisms. ഡോ. ഖലീല്‍ അഹ്മദ് ഖലീലിന്റെ അറബി വിവര്‍ത്തനം 'അല്‍ ഉസ്വൂലിയ്യാത്തുല്‍ മുആസ്വറ' ('സമകാലിക മൗലികവാദങ്ങള്‍') പേ: 13, ദാര്‍ ആലം അല്‍ഫൈന്‍, പാരീസ്, 1992.
2. അതേ പുസ്തകം. പേജ് 11,12,117
3. അതേ പുസ്തകം. പേജ് 72
4. അതേ പുസ്തകം. പേ: 13
* ഫ്രഞ്ച് അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ നേതൃപരമായ പങ്ക് വഹിച്ചവരാണ് അബ്ദുല്‍ ഹമീദ് ഇബ്‌നു ബാദീസും(1889-1940) മുഹമ്മദ് അല്‍ ബഷീര്‍ ഇബ്‌റാഹീമി(1889-1965)യും ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനയും - വിവ.
5. ഗരോഡിയുടെ മുന്‍ സൂചിപ്പിച്ച കൃതി. പേ. 24
6. ഇസ്‌ലാമിക-ക്രൈസ്തക സംവാദം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍' (അത്തഹദ്ദിയാത് അല്ലതീ തുവാജിഹു അല്‍ ഹിവാര്‍ അല്‍ മസീഹി-അല്‍ ഇസ്‌ലാമി') അശ്ശഅബു പത്രം പ്രസിദ്ധീകരിച്ച ലേഖനം (കൈറോ, 29.12.1995)
7. ഗരോഡിയുടെ മുന്‍ചൊന്ന പുസ്തകം. പേ. 26-35
8. ഗരോഡിയുടെ മുന്‍ചൊന്ന പുസ്തകം. പേ: 13
* അള്‍ജീരിയന്‍ മൗലികവാദം, ഇറാനിയന്‍ മൗലികവാദം, സുഊദി മൗലികവാദം, ബ്രദര്‍ഹുഡ് മൗലികവാദം, വിദൂര പൗരസ്ത്യ മൗലികവാദം
വിവ.
9. മുന്‍ചൊന്ന പുസ്തകം. പേ: 38-55
10. മുന്‍ചൊന്ന പുസ്തകം പേ: 60-61
11. Nixen, Seize the Moment. അഹ്മദ് സ്വിദ്ഖി മുറാദിന്റെ അറബി വിവര്‍ത്തനം (അല്‍ഫുര്‍സ്വഃ അസ്സാനിഹ) പേ. 140,141 കെയ്‌റോ 1992
* അബൂനസര്‍ മുഹമ്മദ് അല്‍ ഫാറാബി(ചരമം. ഹി: 950)യുടെ 'അറാഉ അഹ്‌ലില്‍ മദീനഃ അല്‍ ഫാദിലഃ' എന്ന കൃതിയിലെ 'ശ്രേഷ്ഠനഗരി'യിലേക്കാണു സൂചന. വിവ:
12. ജംഗീസ്ഖാന്‍(1167-1227) മംഗോളിയരില്‍ നടപ്പിലാക്കിയ നിയമസംഹിതയാണു 'യാസ' അഥവാ 'അല്‍യസ്ഖ്'. ക്രൈസ്തവ-യഹൂദ-ഇസ്‌ലാമിക- ബഹുദൈവത്വ നിയമങ്ങളുടെ മിശ്രണമാണത്. മംലൂക്കുകളുടെ കാലത്ത് രാഷ്ട്രത്തിന്റെ പൊതു നിയമം അതായിരുന്നു. എങ്കിലും ആഭ്യന്തരമായി മുസ്‌ലിംകള്‍ ശരീഅത്ത് തന്നെ പിന്തുടര്‍ന്ന് പോന്നു. അല്‍ മഖ്‌റീസിയുടെ 'അല്‍ ഖുത്വത്വ്' നോക്കുക. വാ: 3, പേ: 60,61,63 ദാറുത്തഹ്‌രീര്‍ പതിപ്പ്, കെയ്‌റോ.
12. ഗരോഡിയുടെ മുന്‍ചൊന്ന പുസ്തകം. പേജ് 65
13. ഇറാന്നെതിരെ ചില രഹസ്യ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായ നിയമ നിര്‍മാണത്തിന് കോണ്‍ഗ്രസിനെ വഴക്കിയെടുക്കുന്നതില്‍ യു.എസിലെ സയണിസ്റ്റ് സമ്മര്‍ദശക്തികള്‍ക്ക് 1995 ഡിസംബറില്‍ സാധിക്കുകയുണ്ടായി. സാമ്പത്തിക-ശാസ്ത്ര-സാങ്കേതിക ഉപരോധം ഇതില്‍ പെടുന്നു. സി.ഐ.എ ബജറ്റിന് ഏതാണ്ട് സമാനം(28 മില്യന്‍ യു.എസ് ഡോളര്‍) ഇതിന് നീക്കിവെച്ചു. വാഷിംഗ്ടണ്‍ പോസ്റ്റിനെ (27.12.95) ഉദ്ധരിച്ചു 'അല്‍-ഹയാത്ത്'പത്രം (27.12.95) റിപ്പോര്‍ട്ട് ചെയ്തത്.
14. നടേ സൂചിപ്പിച്ച ഗരോഡിയുടെ പുസ്തകത്തിന്റെ അറബി വിവര്‍ത്തനം. പേ: 73,79
* സുന്നികളോട് ഏറ്റവുമടുത്ത് നില്‍ക്കുന്ന ഒരു ശിയാവിഭാഗം. യമനിലാണ് ഇവര്‍ കൂടുതല്‍. വിവ:
15. ഗരോഡിയുടെ നടേ പറഞ്ഞ പുസ്തകം. പേ: 94,96,97