ഖുര്‍ആനിലെ പദകൗതുകങ്ങള്‍ استأنس استأذن
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
'പ്രവേശനാനുമതി തേടുക' എന്ന അര്‍ഥത്തിലുള്ള രണ്ടു പദങ്ങളാണ് എന്നാണ് പലരും ധരിച്ചുവശായിരിക്കുന്നത്. രണ്ടു പദങ്ങളും രണ്ട് അര്‍ഥങ്ങള്‍ക്കായാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്.
'ഇസ്തഅ്‌നസ' എന്നാല്‍ മാനസികമായ ഇണക്കം
'ഈനാസ്' എന്ന ക്രിയാധാതുവില്‍നിന്നുള്ള ഭൂതകാലക്രിയയാണ് 'ആനസ.' ഒരേ പശ്ചാത്തലത്തിലായി ഈ പദം ഖുര്‍ആനില്‍ മൂന്നു തവണ വന്നിട്ടുണ്ട്. മൂന്നിടത്തും മൂസാ നബിയെക്കുറിച്ചാണ് പരാമര്‍ശം. മദ്‌യനില്‍നിന്ന് ഈജിപ്തിലേക്ക് വരികയായിരുന്ന അദ്ദേഹത്തിന് മരുഭൂമിയില്‍വെച്ച് വഴിതെറ്റുകയുണ്ടായി. ദൂരെ ത്വൂര്‍ പര്‍വതത്തില്‍ തീ കണ്ടപ്പോഴുണ്ടായ അനുഭവം ഇങ്ങനെ വിവരിക്കുന്നു:
فَلَمَّا قَضَىٰ مُوسَى الْأَجَلَ وَسَارَ بِأَهْلِهِ آنَسَ مِن جَانِبِ الطُّورِ نَارًا قَالَ لِأَهْلِهِ امْكُثُوا إِنِّي آنَسْتُ نَارًا لَّعَلِّي آتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِّنَ النَّارِ لَعَلَّكُمْ تَصْطَلُونَ ﴿٢٩﴾
'അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും തന്റെ കുടുംബവും കൊണ്ട് യാത്ര പോവുകയും ചെയ്തപ്പോള്‍ പര്‍വതത്തിന്റെ ഭാഗത്തുനിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ, ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീ കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നു തന്നേക്കാം. നിങ്ങള്‍ക്ക് തീ കായാമല്ലോ' (ഖസ്വസ്വ്: 29).
മേല്‍ സൂക്തത്തിലെ 'ആനസ' എന്ന ക്രിയയിലെ 'ഉന്‍സ്' എന്നതിന്റെ വിവക്ഷ മാനസികമായ ഇണക്കമാണ്. ദൂരെ തീ കണ്ടപ്പോള്‍ അവിടെ ഏതെങ്കിലുമൊരു വഴികാട്ടിയെ ലഭിച്ചേക്കുമെന്ന് അദ്ദേഹത്തിന് മാനസികാശ്വാസമുണ്ടായി.
അന്യവീടുകളില്‍ കടന്നു ചെല്ലുമ്പോള്‍ അതിനു മുമ്പായി വീട്ടുകാരുമായുള്ള മാനസികമായ ഇണക്കം ലഭിച്ചിരിക്കണമെന്ന് അല്ലാഹു നിര്‍ദേശിക്കുന്നു:
يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَاۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴿٢٧﴾
'ഹേ, സത്യവിശ്വാസികളേ നിങ്ങളുടേതല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്; നിങ്ങള്‍ക്ക് മാനസികമായ ഇണക്കം ലഭിക്കുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്)' (നൂര്‍: 27).
'ഇസ്തഅ്ദന': ഭൗതികമായ അനുവാദം
വീടുകളില്‍ പ്രവേശിക്കുമ്പോള്‍ അനുവാദമാരായണമെന്ന് അല്ലാഹു മുസ്‌ലിംകളോട് കല്‍പിച്ചിരിക്കുന്നു:
يَا أَيُّهَا الَّذِينَ آمَنُوا لِيَسْتَأْذِنكُمُ الَّذِينَ مَلَكَتْ أَيْمَانُكُمْ وَالَّذِينَ لَمْ يَبْلُغُوا الْحُلُمَ مِنكُمْ ثَلَاثَ مَرَّاتٍۚ مِّن قَبْلِ صَلَاةِ الْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ الظَّهِيرَةِ وَمِن بَعْدِ صَلَاةِ الْعِشَاءِۚ ثَلَاثُ عَوْرَاتٍ لَّكُمْۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌ بَعْدَهُنَّۚ طَوَّافُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِۗ وَاللَّهُ عَلِيمٌ حَكِيمٌ ﴿٥٨﴾ وَإِذَا بَلَغَ الْأَطْفَالُ مِنكُمُ الْحُلُمَ فَلْيَسْتَأْذِنُوا كَمَا اسْتَأْذَنَ الَّذِينَ مِن قَبْلِهِمْۚ
'സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ(അടിമകള്‍)രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്നു സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്‌കാരത്തിനു മുമ്പും ഉച്ച സമയത്ത് (ഉറങ്ങാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും ഇശാ നമസ്‌കാരത്തിനു ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇവ. ഈ സന്ദര്‍ഭങ്ങള്‍ക്കു ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു. നിങ്ങളില്‍നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തി എത്തിയാല്‍ അവര്‍ അവര്‍ക്ക് മുമ്പുള്ളവര്‍ സമ്മതം ചോദിച്ചതുപോലെ തന്നെ സമ്മതം ചോദിക്കേണ്ടതാണ്. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു' (നൂര്‍: 58,59).
'ഇസ്തഅ്‌നസ', 'ഇസ്തഅ്ദന' എന്നീ രണ്ടു പദങ്ങളും വീടുകളില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പറയുന്നേടത്താണ് വന്നിരിക്കുന്നത്. രണ്ടിലെയും ഹംസയും സീനും താഉം (اِسْتَ)അപേക്ഷാ സ്വരത്തിലാണ്. 'ഇസ്തഅ്‌നസ' എന്നാല്‍ 'ഇണക്കം നേടുക.' 'ഇസ്തഅ്ദന' എന്നാല്‍ 'അനുവാദം ആരായുക.'
രണ്ടും തമ്മിലെ വ്യത്യാസം
രണ്ടും തമ്മില്‍ രണ്ടു വ്യത്യാസങ്ങളുണ്ട്.
ഒന്ന്) രണ്ടാം ഘട്ടമായ അനുവാദം ആരായുന്നതിനു മുമ്പ് ഒന്നാം ഘട്ടമായ ഇണക്കം നേടിയിരിക്കണം. ഒരാള്‍ അയാളുടെ സഹോദരനെ അയാളുടെ വീട്ടില്‍ ചെന്നു കാണാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പ്രവേശനാനുമതി ആരായുന്നതിനു മുമ്പ് മാനസികമായ സംതൃപ്തി, അഥവാ ഇണക്കം ഉറപ്പുവരുത്തിയിരിക്കണം. 'ഹത്താ തസ്തഅ്‌നിസൂ' (നിങ്ങള്‍ ഇണക്കം നേടുന്നതുവരെ) എന്നതിന്റെ വിവക്ഷ അതാണ്.
ഉദാഹരണമായി, കാണാന്‍ ചെല്ലുമ്പോള്‍ സുഹൃത്ത് മാനസികമായി സംതൃപ്തനായിരിക്കുമോ? തനിക്ക് അദ്ദേഹവുമായും അദ്ദേഹത്തിന് താനുമായും പൂര്‍ണ മനസ്സാന്നിധ്യത്തോടെ ഇണങ്ങിപ്പെരുമാറാന്‍ കഴിയുമോ? ഇത് സന്ദര്‍ശനത്തിന് പറ്റിയ സമയമാണോ? താന്‍ അദ്ദേഹത്തിന് ഭാരമായി മാറുമോ? ഇത്തരം ചിന്തകള്‍ മനസ്സിനെ അലട്ടാതിരിക്കണം.
ഇത്തരം മാനസികമായ പ്രയാസങ്ങളൊന്നുമില്ലാതെ സഹോദരന്റെ വീട്ടിലേക്കെത്തുന്ന ആള്‍ വാതിലിന് മുട്ടുന്നു, അഥവാ ബെല്ലടിക്കുന്നു. ഇതാണ് ഭൗതികമായ അനുവാദം ആരായല്‍.
'ഇസ്തിഅ്‌നാസ്' ഒരാളുടെ ഹൃദയംഗമവും മാനസികവുമായ അനുഭവവും ബോധ്യവുമാണെങ്കില്‍ 'ഇസ്തിഅ്ദാന്‍' എന്നത് വീട്ടിലേക്ക് വരുന്നവരില്‍ നിന്നുണ്ടാവേണ്ട ഭൗതിക പ്രക്രിയയാണ്. അഥവാ നടപടിക്രമമാണ്.
രണ്ട്) 'ഇസ്തിഅ്‌നാസ്' എന്നത് വീട്ടിലേക്ക് പുറമെനിന്നു വരുന്ന സന്ദര്‍ശകനുണ്ടാവേണ്ട മാനസികമായ ബോധ്യമാണ്. സന്ദര്‍ശനം ഉചിതസമയത്തു തന്നെയോ എന്നതാണ് അതില്‍ പ്രധാനം. അനുവാദമാരായുക എന്നത് അടുത്ത ഘട്ടമാണ്.
'ഇസ്തിഅ്ദാന്‍' (അനുവാദം ആരായല്‍) എന്നത് ആഭ്യന്തരമായ പ്രക്രിയ കൂടിയാണ്. അതായത് ഒരു വീട്ടിലെ താമസക്കാര്‍, അവിടത്തെ വേലക്കാര്‍ മുതലായവര്‍ വീട്ടിലേക്കും വീടകങ്ങളിലേക്കും പ്രവേശിക്കുമ്പോള്‍ ആഭ്യന്തരമായി അനുവാദം ആരാഞ്ഞിരിക്കണം. 'നിങ്ങളുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവരും പ്രായപൂര്‍ത്തി തികയാത്തവരും നിങ്ങളോട് സമ്മതം ചോദിക്കട്ടെ', 'നിങ്ങളിലെ കുട്ടികള്‍ പ്രായപൂര്‍ത്തി എത്തിയാല്‍ അവര്‍ക്കു മുമ്പുള്ളവര്‍ സമ്മതം ചോദിച്ചതുപോലെ, അവരും സമ്മതം ചോദിച്ചുകൊള്ളട്ടെ.'
ഖുര്‍ആനിക ഭാഷ്യമനുസരിച്ച് 'ഇസ്തിഅ്‌നാസ്' എന്നാല്‍, അനുയോജ്യമായ സന്ദര്‍ഭത്തില്‍, സമ്മതം ആരായുന്നതിനു മുമ്പ്, ദൂരെനിന്ന് വരുന്നയാള്‍ക്ക് ഉണ്ടാവേണ്ട മാനസികാവസ്ഥയാണ്.
'ഇസ്തിഅ്ദാന്‍' എന്നാല്‍ വീടിനടുത്തെത്തിയ ആള്‍ക്കും, വീട്ടില്‍ കഴിയുന്നവര്‍ക്കുമാണ് ബാധകമാവുക. അല്ലാഹു ആണ് ഏറ്റവും നന്നായി അറിയുന്നവന്‍.