മനുഷ്യന്റെ അധികാരപരിധി
ഡോ. മുഹമ്മദ് അമാറ
[മൗദൂദിയും ദൈവിക പരമാധികാര സങ്കല്‍പവും - 3/4]
ഇനി മനുഷ്യന്റെ അധികാരപരിധി എത്രവരെയാണ് മൗദൂദി കാണുന്നതെന്നും നാഗരികതയുടെ വികസനത്തിലും സമൂഹ സംഘാടനത്തിലും രാജ്യനടത്തിപ്പിലും സമൂഹത്തിന്റെ അധികാരപരിധി അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ എത്രമാത്രമാണെന്നും നമുക്ക് പരിശോധിച്ചുനോക്കാം.
നിയമനിര്‍മാണത്തില്‍ ഉമ്മത്തി(ഇസ്‌ലാമിക സമൂഹം)ന്റെ സ്വാതന്ത്ര്യം ഇസ്‌ലാമിക ശരീഅത്തിന്റെ പരിധി വിട്ടുകടക്കരുതെന്ന കാര്യത്തില്‍ മൗദൂദി എല്ലാ ഇസ്‌ലാമിക ചിന്തകരോടും യോജിക്കുന്നു. ഇസ്‌ലാമിക നിയമ(ഫിഖ്ഹ്)ത്തിന്റെയും അതിന്റെ പ്രയോഗവല്‍ക്കരണത്തിന്റെയും ദിവ്യബോധന(വഹ് യ്)ത്താല്‍ സ്ഥാപിതമായ 'ദൈവികമായൊരു കിടപ്പ് വശ'മാണിത്. ഈ ശരീഅത്ത് അടിസ്ഥാനപരമായി ചില ലക്ഷ്യങ്ങളും ദര്‍ശനങ്ങളുമാണെന്നതിലും മൗദൂദി അവരുമായി യോജിക്കുന്നു. ഇജ്തിഹാദിലൂടെയും മുജ്തഹിദുകളി(ഗവേഷക പ്രതിഭകള്‍)ലൂടെയും നിയമങ്ങളും വ്യവസ്ഥകളും ടൂളുകളും ആവിഷ്‌കരിക്കാന്‍ മുസ്‌ലിം സമൂഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആ ലക്ഷ്യങ്ങളും ദര്‍ശനങ്ങളും സാക്ഷാല്‍ക്കരിക്കുന്നതിന് ഉറപ്പുനല്‍കുംവിധം സ്ഥലകാലങ്ങളിലൂടെ അത് വികസ്വരമായിക്കൊണ്ടിരിക്കും. പിന്തുടരല്‍ നിര്‍ബന്ധമായ ഭദ്രമായ ചില നിയമങ്ങള്‍ക്ക് അല്ലാഹു ചില ഉദാഹരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന കാര്യത്തിലും അദ്ദേഹം അവരുമായി യോജിച്ചിട്ടുണ്ട്. സ്ഥലകാലഭേദങ്ങള്‍ക്കനുസരിച്ച് മാറാത്ത സുസ്ഥിരവും സാകല്യസ്വഭാവത്തോടുകൂടിയതുമായ കാര്യങ്ങള്‍ അവയിലുണ്ട്. ജീവന്‍, ധനം, അഭിമാനം, മതം, ബുദ്ധി എന്നിവയുടെ പരിരക്ഷ ഉദാഹരണം. ഇസ്‌ലാമിക പരിധികളാണവ. തദനുബന്ധമായി വന്നിട്ടുള്ള ശിക്ഷാ നിയമങ്ങളുടെ പ്രമാണ പാഠങ്ങള്‍ (നസ്സ്വുകള്‍) ഖണ്ഡിതവും സുസ്ഥിരവുമായ തെളിവുകളാണ്. ഇസ്‌ലാമിക നാഗരികതയുടെ അടയാളങ്ങളിലൊന്നായി എണ്ണപ്പെടുന്ന, ഇസ്‌ലാമിക നിയമ വ്യവസ്ഥയുടെ/വ്യതിരേക ഭാവത്തെ പ്രതിനിധാനം ചെയ്യുന്നതാണ് അത്തരം നിയമങ്ങളുടെ സുസ്ഥിരത.
നിയമനിര്‍മാണത്തില്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണ പരിധികളെ കുറിച്ച ധാരണയിലും മൗദൂദി ഇസ്‌ലാമിക ചിന്തകരുമായെല്ലാം യോജിക്കുന്നു. ഈ പരിധികള്‍ വളരെ പരിമിതമാണെന്ന വിഷയത്തിലും- നാം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ വളരെ പ്രധാനമാണ് ഈ പ്രശ്‌നം- ഏറ്റവും വിശാലമായ മേഖല തന്നെ- വിശാലമല്ല, ഏറ്റവും വിശാലം- ശരീഅത്ത് മനുഷ്യന് നിയമനിര്‍മാണത്തിനായി വിട്ടുകൊടുത്തിരിക്കുകയാണെന്നുള്ള വിഷയത്തിലും മൗദൂദിക്ക് ഇതര പണ്ഡിതന്മാരുമായി യോജിപ്പാണ്. ശരീഅത്ത് നിശ്ശബ്ദത പാലിച്ച ഈ മേഖലയില്‍ ശരീഅത്തിന്റെ ചൈതന്യത്തിനും ലക്ഷ്യങ്ങള്‍ക്കും ദര്‍ശനത്തിനും പൊരുത്തപ്പെടുംവിധം മനുഷ്യന് നിയമനിര്‍മാണമാകാം. ഇവിടെ, ഈ പ്രവിശാല മേഖലയില്‍, ഇസ്‌ലാമിക സമൂഹ(ഉമ്മത്ത്)മാണ് സമസ്താധികാരങ്ങളുടെയും സ്രോതസ്സ്. നാഗരിക ചൈതന്യത്തിന് സമാനമായ ചട്ടക്കൂടും, ആ നാഗരിക വ്യതിരേകം കാത്തുസൂക്ഷിക്കുന്ന നിയമവ്യവസ്ഥയുടെ സവിശേഷാടയാളങ്ങളുമല്ലാതെ മറ്റൊരു നിയന്ത്രണവും ശരീഅത്തിന് ഇവിടെയില്ല. നിയമങ്ങളുടെ വികസ്വരതക്കും സംഭവങ്ങളുടെയും സ്ഥലകാലങ്ങളുടെയും മാറ്റങ്ങള്‍ക്കുമൊപ്പം അതിന്റെ നാഗരിക വ്യതിരേകഭാവം കാത്തുസൂക്ഷിക്കുന്ന അടയാളങ്ങള്‍.
മൗദൂദിയുടെ എഴുത്തുകളില്‍ ഇമ്മട്ടിലുള്ള ചിന്തകള്‍ വഹിക്കുന്ന നിരവധി നിരവധി താളുകള്‍ നമുക്ക് വായിക്കാന്‍ കഴിയുന്നു:
''ഇസ്‌ലാമിന്റെ പ്രഥമ സ്രോതസ്സായ വിശുദ്ധ ഖുര്‍ആന്‍ ശാഖാപരമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമല്ല; പ്രത്യുത, സാകല്യസ്വഭാവത്തോടുകൂടിയ നിയമങ്ങളുടെയും സാമാന്യാശയങ്ങളുടെയും ഗ്രന്ഥമാണ്. ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ധൈഷണിക-ധാര്‍മിക അടിത്തറകള്‍ വ്യക്തമായി പ്രകാശനം ചെയ്യുക എന്നതാണ് അതിന്റെ യഥാര്‍ഥ ദൗത്യം. പിന്നീടവയെ രണ്ടു വഴിക്ക് ശക്തമായി അത് സ്ഥാപിക്കുന്നു; ബൗദ്ധിക തെളിവുകളിലൂടെയും വൈകാരിക പ്രേരണയിലൂടെയും. എന്നാല്‍ ഇസ്‌ലാമിക ജീവിതത്തിന്റെ പ്രായോഗിക രൂപവുമായി ബന്ധപ്പെട്ടവയെ സംബന്ധിച്ചേടത്തോളം സുവിശദമായ നിയമ വ്യവസ്ഥകള്‍ ആവിഷ്‌കരിച്ചുകൊണ്ട് മനുഷ്യനെ അത് നയിക്കുന്നില്ല. അടിസ്ഥാന സീമകള്‍ നിര്‍ണയിച്ചുകൊടുക്കുകയേ ചെയ്യുന്നുള്ളൂ.''17
'സാകല്യസ്വഭാവത്തോടുകൂടിയ അടിസ്ഥാനങ്ങളും ആശയങ്ങളും' 'ഇസ്‌ലാമിക വ്യവസ്ഥയുടെ ധൈഷണിക-ധാര്‍മിക അടിത്തറകളും' ഒഴികെയുള്ളത് മുഴുവന്‍ തന്നെ മനുഷ്യന്റെ അധികാരത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്... അതായത് ശരീഅത്തിന്റെ പ്രഥമ ധര്‍മം ഇസ്‌ലാമിക സമൂഹത്തിന്റെ വ്യതിരിക്ത ചൈതന്യം കാത്തുരക്ഷിക്കുക എന്നതാണ്. അപ്പോള്‍ ഈ സമുദായത്തിന് ശരീഅത്തിന്റെ ചട്ടക്കൂടില്‍നിന്നു കൊണ്ട് എല്ലാ സ്വാതന്ത്ര്യവും ഭരണാധികാരവുമുണ്ട്. അതായത്, ഇസ്‌ലാമിക സമൂഹം സാകല്യ സ്വഭാവത്തോടുകൂടിയ അതിന്റെ അടിസ്ഥാനാശയങ്ങള്‍ നഷ്ടപ്പെട്ട് മറ്റൊരു നാഗരികതയില്‍ ലയിച്ചു നശിക്കാതെ, സമുദായം ഇസ്‌ലാമികമായിത്തന്നെ അവശേഷിക്കണമെങ്കില്‍ ഇതാവശ്യമാണ്.
''ജനാധിപത്യ ദര്‍ശനം അംഗീകരിച്ച പാശ്ചാത്യ രാജ്യങ്ങളില്‍ പാര്‍ലമെന്റുകളും കൂടിയാലോചനാ സഭകളും ബഹുജനത്തിന്റെ കൈകളില്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ അഴിച്ചുവിട്ടിരിക്കുകയാണ്. ജനപ്രതിനിധികള്‍ക്ക് അവിടെ ഹലാല്‍ ഹറാമാക്കാനും ഹറാം ഹലാലാക്കാനും അധികാരമുണ്ട്. മതേതരത്വത്തെ പിന്‍പറ്റുന്ന ആ രാജ്യങ്ങള്‍ രാഷ്ട്രവും സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്ന്, സമസ്ത ലൗകിക കാര്യങ്ങളില്‍നിന്നും മതത്തെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അതിനാല്‍ അവക്ക് മതമൂല്യങ്ങളെ മറികടക്കാനാകും. പാശ്ചാത്യ ജനാധിപത്യത്തിന്റെയും അവിടത്തെ ജനസഭകളുടെ അധികാരത്തിന്റെയും അവസ്ഥ ഇതാണ്. എന്നാല്‍ ഇസ്‌ലാമിക കൂടിയാലോചനാ (ശൂറ) സഭകള്‍ സ്വതന്ത്രമാണെങ്കിലും ശരീഅത്തിന്റെ ചട്ടക്കൂടിലും അതിന്റെ ലക്ഷ്യങ്ങളുടെ പരിധികളിലും ഒതുങ്ങുന്നതാണ് ആ സ്വാതന്ത്ര്യം. ഖണ്ഡിത പ്രമാണങ്ങളുടെ സീമകള്‍ വിട്ടുകടക്കാന്‍ അതിന് സാധിക്കുകയില്ല. ഇസ്‌ലാമിക നിയമമീമാംസ(ഫിഖ്ഹ്)യില്‍ 'ഹുദൂദ്' എന്ന് വ്യവഹരിക്കപ്പെടുന്ന സുസ്ഥിരമായ ചില നിയമങ്ങള്‍ക്ക് വിധേയമാണത്. ദൈവത്തിന്റെ നിയമ(ശരീഅത്ത്)ത്തില്‍ വ്യക്തമായ പ്രമാണ പാഠങ്ങള്‍ വന്നിട്ടുള്ള വിഷയങ്ങളില്‍ വിധി പുറപ്പെടുവിക്കാനോ നിയമം ആവിഷ്‌കരിക്കാനോ പാര്‍ലമെന്റിനോ മജ്‌ലിസ് ശൂറാക്കോ അനുവാദമുണ്ടായിരിക്കുകയില്ല... എന്നാല്‍ ശര്‍ഈ പ്രമാണ പാഠങ്ങള്‍ വന്നിട്ടില്ലെങ്കില്‍, ഏറെ വിശാലമാണ് ഈ മേഖല പരസ്പര കൂടിയാലോചനയിലൂടെ സമുദായത്തിന്റെ താല്‍പര്യം സാക്ഷാല്‍ക്കരിക്കുന്ന നിയമനിര്‍മാണത്തിനായി വിചിന്തനം (ഇജ്തിഹാദ്) നടത്താന്‍ 'അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിദഗ്ധ സമിതിക്ക് അവകാശമുണ്ടായിരിക്കും. ശരീഅത്തിന്റെ അടിത്തറകളുടെ പൊതുവായ ചട്ടക്കൂടുമായി ഒത്തുപൊരുത്തമുള്ളതായിരിക്കണം അവ എന്നു മാത്രം.''18
അപ്പോള്‍, മുസ്‌ലിം സമൂഹത്തിന് സ്വന്തം പ്രതിനിധികളും മുജ്തഹിദുകളും വഴി വ്യക്തമായ പ്രമാണ പാഠങ്ങള്‍ (TEXT) ഇല്ലാത്ത വിഷയങ്ങളില്‍ 'നിയമങ്ങളും' 'വ്യവസ്ഥകളും' പുതുതായി ആവിഷ്‌കരിക്കാവുന്നതാണ്. 'ഏറെ വിശാലമാണ് ആ മേഖല.'
'ഈ പ്രവിശാല മേഖല'യില്‍ സ്വന്തം പ്രതിനിധികള്‍ വഴിയും മുജ്തഹിദുകള്‍ വഴിയും നവംനവങ്ങളായ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസൃതം നിയമചട്ടങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. സാമ്രാജ്യത്വാക്രമണത്തിനു മുമ്പ് കഴിഞ്ഞ പന്ത്രണ്ടു നൂറ്റാണ്ടുകളില്‍ നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് അത് വികസിച്ച അതേ മട്ടില്‍ വര്‍ത്തമാനകാലത്തെയും ഭാവിയിലെയും നമ്മുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊണ്ട് പുനര്‍വികസിക്കാന്‍ അതിന് സാധിക്കുന്നതാണ്;19
ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ഇസ്‌ലാമികരാഷ്ട്രം വികസിക്കുകയും പുതിയ ഭൂഖണ്ഡങ്ങള്‍ അതിനോട് ചേര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ സ്വഹാബിവര്യന്മാര്‍ ചെയ്തതു പോലെ. ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമായ വിധികള്‍ വന്നിട്ടില്ലാത്ത അനേകം വ്യവഹാരങ്ങള്‍ അന്ന് അവരുടെ മുന്നില്‍ വന്നപ്പോള്‍ ഇസ്‌ലാമിക ശരീഅത്തിന്റെയും അതിന്റെ മൂലതത്വങ്ങളുടെയും ചൈതന്യത്തോട് പൊരുത്തപ്പെടുന്ന പുതിയ നിയമങ്ങള്‍ അവര്‍ ആവിഷ്‌കരിക്കുകയുണ്ടായി.20
സ്വഹാബികള്‍ അന്ന് ചെയ്ത മട്ടില്‍ നമുക്കും നമ്മുടെ നിയമ വ്യവസ്ഥ, ഭരണഘടനാ നിയമത്തിലും സിവില്‍ ഭരണനിയമത്തിലും വികസിപ്പിക്കാം. 'എന്തുകൊണ്ടെന്നാല്‍ എല്ലാ കാലത്തും എല്ലായിടത്തേക്കുമുള്ള വിശദമായൊരു ഭരണഘടന നമുക്ക് നല്‍കപ്പെട്ടിട്ടില്ല.'21 ''ഇസ്‌ലാമിക ശരീഅത്ത് കനപ്പെട്ട അതിന്റെ നിയമമീമാംസ(ഫിഖ്ഹ്)യാലും അതിനും മുമ്പത്തെ പ്രവാചകന്റെ രാഷ്ട്രത്തിലെയും ഖിലാഫത്തുര്‍റാശിദയിലെയും അനുഭവത്താലും സമ്പന്നമാണെങ്കിലും സമസ്ത ശാഖകളോടും കൂടിയ ഭരണകൂട നടത്തിപ്പിന് സുവിശദമായൊരു നിയമക്രമം അവ പ്രദാനം ചെയ്യുന്നില്ല. നമ്മുടെ ആവശ്യങ്ങള്‍ക്കും അവസ്ഥകള്‍ക്കുമനുസരിച്ച് നമ്മുടെ സിവില്‍ നിയമത്തില്‍ വിശദമായ വ്യവസ്ഥകളും ക്രമീകരണങ്ങളും ആവിഷ്‌കരിക്കാന്‍ നമ്മെ അത് ഭരമേല്‍പിച്ചിരിക്കുകയാണ് എന്നാണ് അതിന്റെ അര്‍ഥം; നമ്മുടെ ഭരണഘടനാ നിയമത്തിലും അതേ.... ശരീഅത്തിന്റെ പരിധികളിലും അടിസ്ഥാന നിയമങ്ങള്‍ക്കനുസരിച്ചുമായിരിക്കണം അത്.''22
ഖണ്ഡിതവും സുസ്ഥിരവുമായ ദൈവിക പ്രമാണങ്ങള്‍ വന്നിട്ടില്ലാത്ത അതിവിശാല ജീവിത മേഖലകളില്‍ ഇസ്‌ലാമിക നിയമത്തിന്റെ വികാസ പുരോഗതി അതിനാല്‍ സീമാതീതമത്രെ.
നമ്മുടെ നാഗരികതയെ വേര്‍തിരിച്ചു കാണിക്കുകയും വികാസത്തോടൊപ്പം അതിന്റെ പ്രയാണ നൈരന്തര്യത്തെ കാത്തു സൂക്ഷിക്കുകയും ചെയ്യത്തക്കവിധം ഇസ്‌ലാമിക ശരീഅത്ത് ചില ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും സുസ്ഥിരമായ ആരൂഢങ്ങളാല്‍ ഭദ്രമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, മൗദൂദി പറയുന്നപോലെ, ഇളക്കം തട്ടാത്തതും മാറ്റം സ്വീകരിക്കാത്തതുമായ ഒരു ഘടകവുമില്ലാതെ സ്വതന്ത്രവും സ്വയംപര്യാപ്തവുമായി എന്നെന്നും നിലനില്‍ക്കുന്ന ഒരു നാഗരികതയും ലോകത്ത് ചൂണ്ടിക്കാണിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല.23
സുസ്ഥിരമായവയില്‍ ഇതാണ് ദൈവിക ശരീഅത്തിന്റെ 'അധികാര' പരിധിയെങ്കില്‍ നിയമനിര്‍മാതാവായ ദൈവം കൂടുതല്‍ വിശാലമായ മേഖലയില്‍ ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ 'മനുഷ്യനെന്ന നിലയിലുള്ള അധികാരവും ജനത്തിന്റേതായ അധികാരവും' മനുഷ്യന് വിട്ടുകൊടുത്തിട്ടുണ്ട്. 'മാറുന്നവ'യുടേതാണ് ആ മേഖല. 'ഇസ്‌ലാമിക നിയമം' എന്ന സാങ്കേതിക പദം മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ക്കും ഇസ്‌ലാമിക നിയമമീമാംസകരുടെ (ഫുഖഹാഅ്) വിചിന്തനങ്ങള്‍ക്കും ബാധകമല്ലെന്നു വരുമ്പോള്‍ അതിന്റെ വിവക്ഷ താഴെ പറയുന്നവയില്‍ മാത്രം പരിമിതമാകും:
1. ഖുര്‍ആനില്‍ അല്ലാഹുവിങ്കല്‍നിന്ന് സ്ഥിരപ്പെട്ട വിധികള്‍.
2. ഈ ഖുര്‍ആനിക വിധികളുടെ വിശദീകരണമായി വന്ന സ്ഥിരപ്പെട്ട നബിചര്യ.
3. മുസ്‌ലിം ഭൂരിപക്ഷം അംഗീകരിച്ചുപോരുന്നതും ഭൂരിപക്ഷം പണ്ഡിതന്മാര്‍ ഫത്‌വ(മതവിധി) നല്‍കിയതുമായ ഇജ്മാഅ് (അഭിപ്രായ സമന്വയം), ഇസ്തിഹ്‌സാന്‍, ഖിയാസ് (താരതമ്യനിയമം അഥവാ വ്യക്തമായ വിധി വന്ന ഒരു വിഷയത്തിലെ വിധി, വിധി വന്നിട്ടില്ലാത്ത തത്തുല്യമായ വിഷയത്തിന് ബാധകമാക്കല്‍) തുടങ്ങിയവയിലൂടെ കണ്ടെത്തുന്ന വിധികള്‍.
4. സമൂഹം ആധികാരിക കേന്ദ്രമായി (അഹ് ലുല്‍ ഹല്ല് വല്‍ അഖ്ദ്) അംഗീകരിക്കുന്നവരുടെ ഏകോപിതാഭിപ്രായം, അല്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായം.24
ഇതാണ് സമൂഹം പ്രതിബദ്ധത പുലര്‍ത്തേണ്ടതും സമൂഹത്തിന്റെ അധികാരത്തെ ഭരിക്കുന്ന ചട്ടക്കൂടുകളും പരിധികളും പ്രതിനിധാനം ചെയ്യുന്നതുമായ 'ഇസ്‌ലാമിക നിയമ'ത്തിന്റെ അടയാള സീമകളെങ്കില്‍ ഈ 'ഇസ്‌ലാമിക നിയമ'ത്തിന്റെ അയവിന്റെയും, നിശ്ചലാവസ്ഥയില്‍നിന്നുള്ള അതിന്റെ അകലത്തിന്റെയും സവിശേഷ സ്വഭാവം മൗദൂദി എടുത്തുകാണിക്കുന്നു. അപ്പോള്‍ ഒരു കാലത്ത് ഈ ഇസ്‌ലാമിക നിയമത്തിന്റെ വൃത്തത്തില്‍ വരുന്നത് മറ്റൊരു കാലത്ത് ആ വൃത്തത്തില്‍നിന്ന് പുറത്തുപോകാം; അതത് കാലത്തെ സാഹചര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടു തന്നെ. അതോടെ 'ഇസ്‌ലാമിക നിയമ നവീകരണം' എന്നത് മുസ്‌ലിം ജീവിതത്തില്‍ എന്നെന്നും നടന്നുകൊണ്ടിരിക്കേണ്ട ദൗത്യങ്ങളിലൊന്നായിത്തീരുന്നു. എന്തുകൊണ്ടെന്നാല്‍ ഈ 'ഇസ്‌ലാമിക നിയമം' ഏതെങ്കിലും ഒരു കാലത്ത്, ഒരു നിശ്ചിത സാഹചര്യത്തില്‍ ക്രോഡീകൃതമായി എന്നതുകൊണ്ട് കാലത്തിന്റെ കറക്കത്തില്‍ സ്ഥലകാലങ്ങള്‍ മാറുമ്പോഴും യാതൊരു മാറ്റത്തിനും വഴങ്ങാതെ എന്നെന്നും അപ്പടി അവശേഷിപ്പിക്കുമാര്‍ ഉറച്ചുപോയ (STATIC) നിയമങ്ങളില്‍ പെടുന്നതല്ല. ഇസ്‌ലാമിക നിയമത്തെ ഇത്തരമൊരു നിശ്ചല നിയമമായി കാണുന്നവര്‍ക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു. അവര്‍ ഇസ്‌ലാമിന്റെ ചൈതന്യം മനസ്സിലാക്കാത്തവരാണെന്നു പറഞ്ഞാല്‍ ഞാന്‍ സത്യത്തിന്റെ അതിരു ലംഘിക്കുകയല്ല. എന്തുകൊണ്ടെന്നാല്‍ ശരീഅത്തിന്റെ അടിസ്ഥാനം പ്രതിഷ്ഠിച്ചിരിക്കുന്നത് നീതി, സത്യസന്ധത, യുക്തിദീക്ഷ എന്നിവയിന്മേലാണ്. അതിന്റെ യഥാര്‍ഥ നിയമനിര്‍മാണ ലക്ഷ്യം അടിസ്ഥാനത്തിനനുസൃതം മനുഷ്യബന്ധങ്ങളുടെയും വ്യവഹാരങ്ങളുടെയും ക്രമീകരണമല്ലാതെ മറ്റൊന്നുമല്ല... ഈ സമുന്നത ലക്ഷ്യത്തിനു വേണ്ടിയാണ് ജീവിതത്തിന്റെ സമസ്ത ശാഖകള്‍ക്കും വേണ്ടി ഖുര്‍ആനില്‍ ഒരു കൂട്ടം നിര്‍ദേശങ്ങള്‍ പ്രവാചകന് ഇറക്കിക്കൊടുത്തത്. പ്രവാചകന്‍ ഈ അധ്യാപനങ്ങള്‍ കര്‍മജീവിതത്തില്‍ സാക്ഷാല്‍ക്കരിച്ചു കാണിച്ചുതന്നു. അങ്ങനെ യുക്തവും നീതിപൂര്‍വകവുമായ ഒരു ഉത്തമ ജീവിത മാതൃക അദ്ദേഹം നമുക്ക് സമര്‍പ്പിച്ചു. ഈ നിര്‍ദേശങ്ങള്‍ ഒരു പ്രത്യേക കാലത്ത്, ഒരു പ്രത്യേക സാഹചര്യത്തില്‍ ഇറങ്ങിയതാണെന്നതില്‍ സംശയമില്ല. അത് നടപ്പിലായതും ഒരു പ്രത്യേക സമൂഹത്തിലായിരുന്നു. എങ്കിലും ആ അധ്യാപനങ്ങളുടെ വാക്കുകളില്‍നിന്നും തദടിസ്ഥാനത്തില്‍ പ്രവാചകന്‍ അവ നടപ്പിലാക്കിയ രീതികളില്‍നിന്നും എല്ലാ കാലത്തും എല്ലാ സ്ഥലത്തും എല്ലാ അവസ്ഥകളിലും ഒരുപോലെ മനുഷ്യസമൂഹത്തിന് ക്രമവും ചിട്ടയും പ്രദാനം ചെയ്യത്തക്ക വിധം അവ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന സമഗ്രമായ അടിസ്ഥാന തത്വങ്ങള്‍ നമുക്ക് ഉരുത്തിരിച്ചെടുക്കാനാകും. ഈ അടിസ്ഥാന തത്വങ്ങളാണ് മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത സുസ്ഥിര പ്രമാണങ്ങള്‍. ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍നിന്ന് ആവശ്യങ്ങള്‍ക്കും പരിതോവസ്ഥകള്‍ക്കുമനുസൃതം നിയമങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയും നിയമനിര്‍മാതാവായ ദൈവം അതിലൂടെ ഉദ്ദേശിച്ച ലക്ഷ്യം സാക്ഷാല്‍ക്കരിക്കുംവിധം അവ നടപ്പിലാക്കുകയും ചെയ്യേണ്ട കടമ ഗവേഷണ ബുദ്ധികളായ (മുജ്തഹിദ്) പണ്ഡിതന്മാര്‍ക്കുണ്ട്. ഈ അടിസ്ഥാന തത്വങ്ങള്‍ക്കുള്ളതു പോലെയുള്ള പരിവര്‍ത്തനക്ഷമമല്ലാത്ത സുസ്ഥിരത ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍നിന്ന് മനുഷ്യര്‍ ആവിഷ്‌കരിക്കുന്ന നിയമങ്ങള്‍ക്ക് അവകാശപ്പെടാനാവുകയില്ല. കാരണം ആ അടിസ്ഥാന തത്വങ്ങളുടെ ആവിഷ്‌കര്‍ത്താവ് ദൈവമാകുന്നു. എന്നാല്‍ ഈ നിയമങ്ങളും വിധികളും ഉരുത്തിരിച്ചെടുത്ത് ക്രോഡീകരിച്ചതാകട്ടെ മനുഷ്യരല്ലാതെ മറ്റാരുമല്ല. അപ്പോള്‍ അടിസ്ഥാന തത്വങ്ങള്‍ എല്ലാ കാലത്തേക്കും എല്ലാ സ്ഥലത്തേക്കും എല്ലാ അവസ്ഥകളിലേക്കുമുള്ളതാണ്; ഈ നിയമങ്ങളും വിധികളുമാകട്ടെ പ്രത്യേക അവസ്ഥകളിലേക്കും അറിയപ്പെട്ട സാഹചര്യങ്ങള്‍ക്കുമുള്ളതും....
''ശര്‍ഇന്റെ അടിസ്ഥാനങ്ങള്‍ക്ക് വിധേയമായി കാലത്തിന്റെ സവിശേഷതകളും സാഹചര്യങ്ങളുടെ മാറ്റവും പരിഗണിച്ച് നിയമങ്ങളില്‍ മാറ്റം സ്ഥിരീകരിക്കാന്‍ മാത്രം പ്രവിശാലവും സുസജ്ജവുമാണ് ഇസ്‌ലാം. എന്നല്ല, മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന നവംനവങ്ങളായ ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് സ്വന്തം നിയമങ്ങളും വിധികളും ക്രമീകരിച്ചു കൊണ്ടിരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യം.... മറ്റുള്ളവരില്‍നിന്നൊക്കെ അവകാശം കവര്‍ന്നെടുത്ത് എല്ലാ കാലത്തേക്കും സാഹചര്യങ്ങള്‍ക്കും നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഒരു കാലക്കാര്‍ക്കും പ്രത്യേകാവകാശമില്ല.''25
''നിയമങ്ങളുടെ ബാഹ്യവശങ്ങളില്‍ നിലയുറപ്പിക്കുക എന്നതിലല്ല, 'നീതിയുക്തമായ ലക്ഷ്യങ്ങള്‍' സാക്ഷാല്‍ക്കരിക്കുക എന്നതിലാണ് ഇസ്‌ലാമിന്റെ ഒന്നാമത്തെ താല്‍പര്യം..... ഇസ്‌ലാമിക നിയമത്തില്‍ വിധികളുടെ ലക്ഷ്യങ്ങള്‍ക്കുള്ളതുപോലെ അതിന്റെ ബാഹ്യവശങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ല. നിയമജ്ഞന്റെ അസ്സല്‍ ദൗത്യം അയാളുടെ ദൃഷ്ടിയില്‍നിന്ന് ഒരിക്കലും നിയമദാതാവായ ദൈവത്തിന്റെ ഉദ്ദേശ്യവും യുക്തിയും താല്‍പര്യവും മറഞ്ഞുപോകാതിരിക്കുക എന്നതാകുന്നു. ചില അവസ്ഥകള്‍ നമുക്ക് വന്നുചേരും. പൊതു അവസ്ഥകള്‍ക്ക് നിയമദാതാവ് കല്‍പിച്ചരുളിയ നിയമങ്ങളുടെ ബാഹ്യരൂപം അവയില്‍ പ്രാവര്‍ത്തികമാക്കിയാല്‍ നിയമദാതാവി(ശാരിഅ്)ന്റെ ഉദ്ദേശ്യം നമുക്ക് പാഴായിപ്പോകും. അപ്പോള്‍ അതിന് വിപരീതമാകും നമ്മുടെ പ്രവര്‍ത്തനം. അത്തരം അവസ്ഥകളില്‍ നിയമങ്ങളുടെ ബാഹ്യവശങ്ങള്‍ ഉപേക്ഷിച്ചു ശാരിഇന്റെ യഥാര്‍ഥ ലക്ഷ്യമാണ് നാം സാക്ഷാല്‍ക്കരിക്കേണ്ടത്... സംഭവങ്ങളുടെ സവിശേഷതകളും താല്‍പര്യങ്ങളുമനുസരിച്ച് നിയമങ്ങള്‍ മാറ്റല്‍ അനുവദനീയമാണെന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. ഈ മാറ്റം നിയമദാതാവിന്റെ സാക്ഷാല്‍ ഉദ്ദേശ്യം പാഴാക്കിക്കളയാതെ സാക്ഷാല്‍ക്കരിക്കുന്നിടത്താണിത്.''26
പ്രമാണ പാഠങ്ങളില്‍ (TEXT) വരുന്ന പദങ്ങളുമായുള്ള ഉദ്ദിഷ്ട ലക്ഷ്യങ്ങളു(മഖാസ്വിദ്)ടെ ബന്ധത്തിന്റെ അവസ്ഥയും അപ്രകാരം തന്നെ: ''സവിശേഷ സന്ദര്‍ഭങ്ങളെ പരിഗണിച്ച് സവിശേഷ വാക്കുകളില്‍ വന്ന ചില ശരീഅത്ത് നിയമങ്ങളുണ്ട്. ഈ പദസഞ്ചയങ്ങളുടെ ബന്ദിയാവുക എന്നതല്ല നിയമജ്ഞന്റെ (ഫഖീഹ്) ധര്‍മം. മറിച്ച്, ആ പദസഞ്ചയങ്ങളില്‍ എന്താണ് നിയമദാതാവിന്റെ ഉദ്ദിഷ്ട ലക്ഷ്യം എന്ന് കണ്ടെത്തലാണ്. എന്നിട്ട് വര്‍ത്തമാനകാലത്തെ പുതിയ സാഹചര്യങ്ങളില്‍ നിയമദാതാവിന്റെ ഉദ്ദിഷ്ട ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് അനുയോജ്യമായ പുതിയ നിയമങ്ങള്‍ അയാള്‍ ആവിഷ്‌കരിക്കണം....''27 ''...അപ്പോള്‍ ശര്‍ഈ നിയമങ്ങള്‍ സന്ദര്‍ഭ താല്‍പര്യങ്ങളില്‍ അധിഷ്ഠിതമത്രെ. അതിന്റെ ഓരോ നിയമത്തിനും ഒരു കാരണമുണ്ടാകും. നിയമദാതാവ് അത് വ്യക്തമാക്കട്ടെ, വ്യക്തമാക്കാതിരിക്കട്ടെ...''28 അതിനാല്‍ തങ്ങള്‍ ആവിഷ്‌കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന നിയമങ്ങളില്‍ സമൂഹതാല്‍പര്യങ്ങള്‍ ദീക്ഷിക്കുന്നതില്‍ കണ്ണ് നട്ടിരിക്കുക എന്നതാണ് നിയമജ്ഞന്മാരുടെയും ഗവേഷകബുദ്ധികളായ പണ്ഡിതന്മാരുടെയും കടമ.
ഇതൊക്കെയാണ് ഇസ്‌ലാമിക നിയമത്തില്‍ 'സുസ്ഥിരങ്ങളും' 'പരിവര്‍ത്തനക്ഷമങ്ങളും' തമ്മിലുള്ള ബന്ധം. ദൈവത്തെ പ്രതിനിധീകരിച്ച് 'ഭൂമിയില്‍ ഭരണാധികാരി'യാകുന്നതിന് മനുഷ്യന്റെ മേല്‍ 'ഖിലാഫത്ത്' എന്ന 'അനാമത്ത്' വഹിപ്പിച്ചപ്പോള്‍ 'മര്‍ത്ത്യാധികാര'ത്തിന്റെ വൃത്തം വികസ്വരമാക്കാനായി ഇവ്വിധം വഴിയൊരുക്കപ്പെടുകയും വിശാലമായ കവാടം തുറന്നിടുകയും ചെയ്തിരിക്കുന്നു.
ഇത്രയുമല്ല, ഗവേഷക പ്രതിഭകളുടെയും നിയമമീമാംസകരുടെയും മാധ്യമത്തിലൂടെ, 'ഇസ്‌ലാമിക നിയമം' രൂപപ്പെട്ടുവരുന്ന 'നിയമ പദാവലികളി'ലും 'നിയമങ്ങളുടെ ബാഹ്യാകാരങ്ങളി'ലും മനുഷ്യേഛക്കും മനുഷ്യാധിപത്യത്തിനും പ്രവേശവും അധികാരവും നല്‍കിയ ശേഷം മൗദൂദി പിന്നെയും കുറേക്കൂടി മുന്നോട്ടു പോകുന്നുണ്ട്. ഖണ്ഡിതവും സുസ്ഥിരവുമായ പ്രമാണ പാഠങ്ങളിലും ഈ മനുഷ്യാധിപത്യത്തിന് വിപുല മേഖല തുറന്നുകൊടുക്കുന്നിടത്തോളം മുന്നോട്ടു പോകുന്നുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ കൃതികളില്‍ തദനുസൃതമായ ഒട്ടേറെ പ്രതിപാദ്യങ്ങള്‍ കാണാം: ''ഭേദഗതിക്കതീതവും പരിവര്‍ത്തനക്ഷമമല്ലാത്തതുമായ ഈ ഖണ്ഡിത ഘടകത്തോടൊപ്പം തന്നെ അനന്തമാംവിധം ഇസ്‌ലാമിക നിയമത്തില്‍ വിശാലത സൃഷ്ടിക്കുകയും കാലത്തിന്റെ വികസ്വര സാഹചര്യങ്ങളിലെല്ലാം പുരോഗതിയും മാറ്റവും സ്വാഗതം ചെയ്യാന്‍ അതിനെ പര്യാപ്തമാക്കുകയും ചെയ്യുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. പല ഇനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണത്:
1. നിയമങ്ങളുടെ വ്യാഖ്യാന വിശദീകരണങ്ങള്‍ ഇസ്‌ലാമിക ഫിഖ്ഹി(JURISPUDENCE)ല്‍ പ്രവിശാലമായൊരു മേഖലയാണിത്. വ്യക്തമായ ഖണ്ഡിത നിയമങ്ങളില്‍ പോലും കൂര്‍മബുദ്ധികള്‍ക്ക് വിസ്തൃത രംഗം അതില്‍ കണ്ടെത്താനാകും. അവരില്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ ഗ്രാഹ്യതക്കും ഉള്‍ക്കാഴ്ചക്കുമനുസരിച്ച് തെളിവുകളുടെയും പശ്ചാത്തല സൂചകങ്ങളുടെയും അടിസ്ഥാനത്തില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ ആവിഷ്‌കാരങ്ങള്‍ക്ക് പ്രാബല്യം നല്‍കാന്‍ സാധിക്കും. ഇസ്‌ലാമിക സമൂഹത്തിലെ ധിഷണാശാലികളായ നിയമജ്ഞന്മാര്‍ക്കിടയില്‍ പണ്ടുമുതലേ ഈ ആവിഷ്‌കാര വൈജാത്യങ്ങള്‍ നിലനിന്നുപോന്നിട്ടുണ്ട്. ഭാവിയിലും അതങ്ങനെത്തന്നെ തുറന്നുകിടക്കാതെ വയ്യ.
2. 'ഖിയാസ്' അഥവാ താരതമ്യ നിയമം. വ്യക്തമായ വിധി വന്നിട്ടില്ലാത്ത ഒരു പ്രശ്‌നത്തിന് സമാന പ്രശ്‌നത്തിലെ വിധി ബാധകമാക്കലാണത്.
3. ഇജ്തിഹാദ് അഥവാ നിയമവിചിന്തനം. ശരീഅത്തില്‍ സമാന ദൃഷ്ടാന്തങ്ങളില്ലാത്ത പുതിയ പ്രശ്‌നങ്ങളില്‍ ശരീഅത്തിന്റെ പൊതുവായ അടിസ്ഥാന തത്ത്വങ്ങള്‍ ഗ്രഹിച്ച് കണ്ടെത്തുന്ന നിയമം പ്രയോഗവല്‍ക്കരിക്കലാണത്.
4. ഇസ്തിഹ്‌സാന്‍, അഥവാ പൊതുതാല്‍പര്യ ദീക്ഷ. അപരിമിതമായ ചര്‍ച്ചാ വിഷയ വൃത്തത്തില്‍ ആവശ്യാനുസ