ഖുര്‍ആനിലെ ശാസ്ത്രപരാമര്‍ശങ്ങള്‍ സമീപനം എങ്ങനെയാവണം?

മുഹമ്മദുല്‍ അമീന്‍ വലദുശ്ശൈഖ്‌‌‌
img

ചോദ്യം:
ആധുനിക ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ക്കനുസൃതമായി ഖുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിക്കാമോ? ഇങ്ങനെ വ്യാഖ്യാനിക്കുന്നത് കുറ്റകരമാണോ?
മറുപടി: ഖുര്‍ആനിലെ ശാസ്ത്രസൂചനകളെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിലും, ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് അനുസൃതമായും വ്യാഖ്യാനിക്കുന്നതു സംബന്ധിച്ച് ഭിന്നവീക്ഷണങ്ങള്‍ നിലവിലുണ്ട്. ചില പണ്ഡിതന്മാര്‍ അത്തരം വ്യാഖ്യാനം ശരിയാണെന്നു പറയുമ്പോള്‍ മറ്റു ചിലര്‍ അതിനെ നിരാകരിക്കുന്നു.

ഖുര്‍ആനിലും സുന്നത്തിലും വന്ന ശാസ്ത്രസൂചനകളെയും പരാമര്‍ശങ്ങളെയും ആധുനിക ശാസ്ത്രത്തിന്റെ ഖണ്ഡിതമായ തെളിവുകളുടെ ബലത്തില്‍ സ്ഥാപിക്കുകയാണ് ഖുര്‍ആന്റെ ശാസ്ത്ര അമാനുഷികത ലക്ഷ്യമാക്കുന്നത്. അതിലൂടെ സത്യവിശ്വാസികളുടെ വിശ്വാസം വര്‍ധിക്കുന്നു, കൂടുതല്‍ ബലപ്പെടുന്നു. അമുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെയും നബിയുടെയും ഖുര്‍ആന്റെയും സത്യത ബോധ്യപ്പെടുന്നു. ഖുര്‍ആന്റെ അത്ഭുതങ്ങളും രഹസ്യങ്ങളും അനാവൃതമാവുന്നു. സിദ്ധാന്തങ്ങളെയും ഊഹങ്ങളെയും മുന്‍നിര്‍ത്തി നിലപാടെടുക്കുന്നതിനു പകരം ഓരോ ശാസ്ത്രശാഖയിലും വിദഗ്ധരായവര്‍ മാത്രം ഖണ്ഡിതമായ തെളിവുകളെ ആധാരമാക്കി കണ്ടെത്തുന്ന, പുലര്‍ന്ന യാഥാര്‍ഥ്യങ്ങളെയാണ് ഖുര്‍ആനിലെ ശാസ്ത്ര അമാനുഷികതയായി പണ്ഡിതന്മാര്‍ അവതരിപ്പിക്കുന്നത്. അറബി ഭാഷാ നിയമങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളും ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ഇതഃപര്യന്തം അംഗീകരിച്ചുപോന്നിട്ടുള്ള അടിസ്ഥാനങ്ങളുമായിരിക്കണം ഈ പ്രക്രിയയില്‍ ഘടകങ്ങളായിരിക്കേണ്ടത്. ഏതെങ്കിലും വിഷയത്തില്‍ അവകാശപ്പെടുന്ന ശാസ്ത്ര യാഥാര്‍ഥ്യം പ്രമാണങ്ങള്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അതിനെ ശാസ്ത്രീയ വസ്തുതയായി അംഗീകരിക്കാവതല്ല.

ഖുര്‍ആനിലെയും ഹദീസിലെയും ശാസ്ത്ര അമാനുഷികതകള്‍ സംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് അതത് പഠന മേഖലയില്‍ വൈദഗ്ധ്യമുണ്ടാവണം. പ്രമാണങ്ങള്‍ ആധികാരികമായി പഠിക്കാനുള്ള വൈജ്ഞാനിക യോഗ്യത വേണം. അറബി ഭാഷാ നിയമങ്ങള്‍ അറിയണം. ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചിക്കണം. മത-മതേതര വിജ്ഞാനീയങ്ങളില്‍ പ്രാഗത്ഭ്യമുള്ള വ്യക്തിത്വങ്ങള്‍ സഹകരിച്ചുകൊണ്ടാണ് ഈ ദൗത്യം നിര്‍വഹിക്കേണ്ടത്.

അംഗീകരിക്കുന്നവര്‍, വാദങ്ങള്‍
മുഹമ്മദ് അബ്ദ, ശിഷ്യന്‍ മുഹമ്മദ് റശീദ് രിദാ, അബ്ദുല്‍ ഹമീദ് ബ്‌നു ബാദീസ്, മുഹമ്മദ് അബൂസഹ്‌റ, അബുല്‍ ഫൈദ് അഹ്‌മദുബ്‌നു സ്വദീഖുല്‍ ഗമാരി, മുഹമ്മദുല്‍ അമീന്‍ ശന്‍ഖീത്വി മുതലായ ഭൂരിപക്ഷം പണ്ഡിതന്മാരും ഉപാധികള്‍ക്ക് വിധേയമായി ഖുര്‍ആനെ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാമെന്ന വീക്ഷണക്കാരാണ്.
ഉപാധികള്‍:
1. അറബി ഭാഷയുടെ നിയമങ്ങള്‍ക്ക് വിധേയമായാവണം, പദങ്ങള്‍ക്ക് ഖുര്‍ആന്‍ അവതരിച്ച വേളയിലെ അര്‍ഥകല്‍പന തന്നെ പരിഗണിക്കണം, വ്യാകരണ നിയമങ്ങള്‍ പാലിക്കണം, സാഹിത്യ നിയമങ്ങളും അവയുടെ ആശയങ്ങളും സ്വീകരിക്കണം, സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ മാത്രമേ പദങ്ങള്‍ക്ക് ആലങ്കാരികാര്‍ഥങ്ങള്‍ നല്‍കാവൂ.
2. ഖുര്‍ആന്റെ ശാസ്ത്ര അമാനുഷികത വ്യാഖ്യാനിച്ചൊപ്പിക്കുന്ന രീതിയിലാവരുത്.
3. ഖുര്‍ആനിക യാഥാര്‍ഥ്യങ്ങളാവണം അടിസ്ഥാനം. അവയ്ക്കനുസൃതമായ ശാസ്ത്ര കണ്ടെത്തലുകളെ സ്വീകരിക്കാം, വിരുദ്ധമായവ നിരാകരിക്കണം.
4. ശാസ്ത്രം ഇതിനകം കണ്ടെത്തി തീര്‍പ്പിലെത്തിയ യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയാവണം ഖുര്‍ആനെ വ്യാഖ്യാനിക്കുന്നത്. അല്ലാതെ, വ്യത്യസ്ത സാധ്യതകളുള്ള സങ്കല്‍പങ്ങള്‍ വെച്ചോ തുടര്‍ന്നും പഠനഗവേഷണങ്ങള്‍ ആവശ്യമുള്ള തീര്‍പ്പിലെത്താത്ത ഊഹങ്ങള്‍ വെച്ചോ ആവരുത്.

നിരാകരിക്കുന്നവര്‍, വാദങ്ങള്‍
ശൈഖ് മഹ്‌മൂദ് ശല്‍തൂത്, സയ്യിദ് ഖുത്വ്ബ്, ഡോ. മുഹമ്മദ് ഹുസൈന്‍ ദഹബി പോലുള്ളവര്‍ താഴെ കാരണങ്ങളാല്‍ ഖുര്‍ആനെ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുന്നതിനെ നിരാകരിക്കുന്നു:
1. ഖുര്‍ആന്‍ ഒരു സന്മാര്‍ഗദായക ഗ്രന്ഥമാണ്. ശാസ്ത്ര തത്ത്വങ്ങളോ തരാതരം വിജ്ഞാനങ്ങളോ അറിവിന്റെ സൂക്ഷ്മതലങ്ങളോ വിശദീകരിക്കുക ഖുര്‍ആന്റെ ലക്ഷ്യമല്ല.
2. ശാസ്ത്രജ്ഞാനങ്ങള്‍ സ്ഥിരമല്ല, സ്ഥായിയല്ല. മാറ്റങ്ങള്‍ക്ക് വിധേയമാണ്. സ്ഥല-കാല ബന്ധിയല്ല. ഖുര്‍ആന്‍ കാലാതിവര്‍ത്തിയാണ്.
3. ശാസ്ത്ര വ്യാഖ്യാനങ്ങള്‍ക്ക് ഉദ്യുക്തരാകുന്നവര്‍ പലപ്പോഴും അമാനുഷികതക്ക് വിരുദ്ധമായി തത്സമയ ബോധ്യങ്ങള്‍ക്ക് വിധേയരാവും.
4. പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ വിശദീകരിക്കുകയല്ല ഖുര്‍ആന്റെ ലക്ഷ്യം.
താഴെ ഹദീസ് കാണുക:

عن معاد رضي الله عنه انه قال: يا رسول الله، إن اليهود تغشانا ويكثرون مسألتنا عن الأهلة فما بال الهلال يبدو دقيقا ثم يزيد حتى يستوي ويستدير ، ثم ينتقص حتى يعود كما كان؟ فأتر الله
يَسْأَلُونَكَ عَنِ الْأَهِلَّةِۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّۗ

മുആദില്‍നിന്ന് നിവേദനം. അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ! തീര്‍ച്ചയായും യഹൂദികള്‍ ഞങ്ങളുടെ ചുറ്റുംകൂടിക്കൊ് ബാലചന്ദ്രനെപ്പറ്റി കൂടുതലായി അന്വേഷിച്ചുകൊിരിക്കുന്നു. നേര്‍ത്തു തുടങ്ങുന്ന ബാലചന്ദ്രന്‍ ക്രമേണ വൃത്തത്തിലാവുന്നു. പിന്നീട് അത് കുറഞ്ഞ് ആദ്യത്തെ പോലെയാവുന്നു. ഇതെന്താ?' അപ്പോള്‍ അല്ലാഹു താഴെ സൂക്തം അവതരിപ്പിച്ചു; 'അവര്‍ നിന്നോട് ചന്ദ്രന്റെ വൃദ്ധിക്ഷയത്തെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അത് ജനങ്ങള്‍ക്ക് സമയനിര്‍ണയങ്ങള്‍ക്കുള്ളതാണ്.'

വാദങ്ങള്‍ പരിശോധിക്കുമ്പോള്‍
ഖുര്‍ആന്‍ ശാസ്ത്ര വിശദീകരണം പാടില്ല എന്നതിന് തെളിവായി മുകളില്‍ പറഞ്ഞ ന്യായങ്ങള്‍ തെളിവായി പരിഗണിക്കാമോ?
1. ഖുര്‍ആന്‍ സന്മാര്‍ഗ ഗ്രന്ഥമാണെന്നാല്‍ അതില്‍ പരോക്ഷമോ പ്രത്യക്ഷമോ ആയ ശാസ്ത്രസൂചനകള്‍ ഇല്ല എന്ന് അര്‍ഥമില്ല. ആകാശഭൂമികള്‍, സൂര്യചന്ദ്രന്മാര്‍, രാപ്പകലുകള്‍, ഇതര പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ മുതലായവ ഖുര്‍ആനില്‍ വിഷയീഭവിച്ചിട്ടുണ്ട്. മനുഷ്യന്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ എന്നിവ വര്‍ധിച്ച തോതില്‍ ഖുര്‍ആനില്‍ ചര്‍ച്ചയാവുന്നു്.
2. മേല്‍ വിഷയങ്ങളെക്കുറിച്ച വിശദമായ പരാമര്‍ശങ്ങള്‍, ഖുര്‍ആന്‍ സന്മാര്‍ഗ ഗ്രന്ഥമാണെന്നതിന് വിരുദ്ധമല്ല. എന്നുതന്നെയല്ല, ജനങ്ങളെ ദൈവിക സന്മാര്‍ഗത്തിലേക്ക് നയിക്കാനുള്ള ഉപാധികളായാണ് അവ ഖുര്‍ആനില്‍ പലേടങ്ങളിലായി വിന്യസിച്ചിരിക്കുന്നത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.
3. എന്നാല്‍, ഖുര്‍ആന്‍ പറയുന്ന യാഥാര്‍ഥ്യങ്ങളെ കേവല ശാസ്ത്ര സങ്കല്‍പങ്ങളുമായി ബന്ധപ്പെടുത്തുന്നത് തള്ളിക്കളയേണ്ടതാണ്. അങ്ങനെ തള്ളിപ്പറയാന്‍ ആദ്യമായി മുന്നോട്ടു വന്നിട്ടുള്ളത്, ഖുര്‍ആന്റെ ശാസ്ത്രീയ വ്യാഖ്യാനത്തിന് മുന്‍കൈയെടുക്കുന്നവര്‍ തന്നെയാണ്.
4. ഖുര്‍ആനെ ശാസ്ത്രാനുസൃതമായി വ്യാഖ്യാനിക്കുമ്പോള്‍ പലപ്പോഴും കൃത്രിമമായി വ്യാഖ്യാനിക്കുന്ന രീതിയിലേക്ക് മാറിപ്പോകാന്‍ സാധ്യതകളേറെയാണ്. പദങ്ങളുടെ യഥാര്‍ഥ അര്‍ഥം വിവക്ഷിക്കുന്നതിന് തടസ്സമാകത്തക്ക വിധമുള്ള സാഹചര്യത്തെളിവുകള്‍ ഉണ്ടെങ്കിലേ ആ രീതിയില്‍ വ്യാഖ്യാനിക്കാന്‍ പാടുള്ളൂ.
'ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു' എന്ന സൂക്തത്തിന്റെ അവതരണകാരണം സംബന്ധിച്ച് ഖതാദയില്‍നിന്ന് ഇമാം ത്വബരി ഉദ്ധരിച്ചത് ശ്രദ്ധേയമാണ്: എന്തുദ്ദേശ്യത്തിലാണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ നിശ്ചയിച്ചതെന്ന ചോദ്യത്തിന്റെ ഉത്തരമായാണ് മേല്‍ സൂക്തം അവതരിച്ചത്. മുസ്‌ലിംകളുടെ നോമ്പ്, ഹജ്ജ് പോലുള്ള മതപരമായ ചടങ്ങുകളുടെ സമയം നിര്‍ണയിക്കാന്‍. റബീഅ്, ഇബ്‌നു ജുറൈജ് എന്നിവരില്‍നിന്നും ഇതുപോലെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 'വൃദ്ധിക്ഷയങ്ങള്‍ എന്തിനുവേണ്ടിയാണ് സംവിധാനിച്ചത് എന്ന ചോദ്യത്തിനാണ് മേല്‍ മറുപടി. അല്ലാതെ, ബാലചന്ദ്രനായി ഉദിക്കുന്ന ചന്ദ്രന്‍ ദിവസംതോറും വലുതായി വലുതായി വന്ന് വൃത്തത്തിലായി പിന്നെ ക്ഷയിച്ചു ശോഷിച്ചു പോകുന്നതെന്തുകൊണ്ട് എന്നായിരുന്നില്ല. അതുകൊണ്ടുതന്നെ മേല്‍സൂക്തത്തെ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുന്നതിന് തടസ്സമില്ല.
ഖുര്‍ആനിലെ ശാസ്ത്ര അമാനുഷികതയെക്കുറിച്ച് ശൈഖ് അബ്ദുല്‍മജീദ് സിന്ദാനി ഒരു സ്വതന്ത്ര കൃതി രചിച്ചിട്ടുണ്ട്. ഖുര്‍ആനിലെ ശാസ്ത്ര അമാനുഷികതയെ നിര്‍വചിച്ചുകൊണ്ട് സിന്‍ദാനി എഴുതുന്നു: ശാസ്ത്രം പരീക്ഷിച്ച് ബോധ്യപ്പെട്ട ഒരു യാഥാര്‍ഥ്യത്തെക്കുറിച്ച് ഖുര്‍ആനോ സുന്നത്തോ പരാമര്‍ശിക്കുകയും എന്നാല്‍ നബി(സ)യുടെ കാലത്ത് മനുഷ്യസാധ്യമായ മാധ്യമങ്ങളിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങളെ ഖുര്‍ആന്റെ അമാനുഷികതയായി വ്യവഹരിക്കാവുന്നതാണ്. നബി(സ) അല്ലാഹുവില്‍നിന്ന് ഉദ്ധരിച്ച വിവരങ്ങളുടെ സത്യത ബോധ്യപ്പെടുന്ന വിജ്ഞാന മേഖലയാണിവ.

എല്ലാ ദൂതന്മാര്‍ക്കും തങ്ങളുടേതായ കാലത്തിനും സമൂഹത്തിനും യോജിച്ച വിധമുള്ള മുഅ്ജിസത്തുകള്‍ ലഭിച്ചിരുന്നു. മുഹമ്മദ് നബിയുടെ മുമ്പുള്ള നബിമാരെല്ലാം നിശ്ചിത കാലത്തേക്കും സമൂഹങ്ങളിലേക്കും മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നു. അവര്‍ക്കെല്ലാം അനുഭവവേദ്യമായ മുഅ്ജിസത്തുകള്‍ നല്‍കിയിരുന്നു. മൂസാ നബിയുടെ വടി, ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചത് മുതലായവ ഉദാഹരണം. ഇവയത്രയും അക്കാലത്തെ സമൂഹങ്ങളെ തൃപ്തിപ്പെടുത്താന്‍ പോന്നതായിരുന്നു. പില്‍ക്കാല സമൂഹങ്ങള്‍ ദീനില്‍നിന്ന് വഴിതെറ്റുമ്പോള്‍ പുതിയ പ്രവാചകനെ, പുതിയ മുഅ്ജിസത്തുമായി അയക്കുന്നു.

ശാസ്ത്രത്തിലൂന്നിയ മുഅ്ജിസത്ത് അന്തിമ ദൗത്യത്തിനും വ്യത്യസ്ത മാനവ നിലവാരങ്ങളുമായും പൂര്‍ണമായും യോജിക്കുന്നതാണ് - ലോകാവസാനം വരെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കത്തക്കവിധം വ്യക്തമായ തെളിവാല്‍ ഇസ്‌ലാമിനെ അല്ലാഹു ശക്തിപ്പെടുത്തിയിരിക്കുന്നു.
قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَةًۖ قُلِ اللَّهُۖ شَهِيدٌ بَيْنِي وَبَيْنَكُمْۚ وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنذِرَكُم بِهِ وَمَن بَلَغَۚ
'(നബിയേ) ചോദിക്കുക: സാക്ഷ്യത്തില്‍ വെച്ച് ഏറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കും ഇടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്. അതു മുഖേന നിങ്ങള്‍ക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിനു വേിയാകുന്നു' (അന്‍ആം: 19).
ശാസ്ത്രം എന്ന അമാനുഷികതയും ഖുര്‍ആനില്‍ കടന്നുവരുന്നുണ്ട്.
لَّٰكِنِ اللَّهُ يَشْهَدُ بِمَا أَنزَلَ إِلَيْكَۖ أَنزَلَهُ بِعِلْمِهِۖ
'എന്നാല്‍ അല്ലാഹു നിനക്കവതരിപ്പിച്ചുതന്നതിന്റെ കാര്യത്തില്‍ അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്റെ അറിവോടുകൂടി തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്' (നിസാഅ്: 166).

വൈജ്ഞാനിക ചക്രവാളങ്ങള്‍ കീഴടക്കിയുള്ള മാനവതയുടെ പ്രയാണങ്ങള്‍ക്കിടയില്‍ നവീകരിച്ചുകൊണ്ടിരിക്കുന്ന ഖുര്‍ആനിക മുഅ്ജിസത്തിന്റെ പ്രകൃതിയെക്കുറിച്ച വ്യക്തമായ സൂചന നല്‍കുന്ന മേല്‍സൂക്തം വിശദീകരിച്ചുകൊണ്ട് ഖാസിന്‍ എഴുതുന്നു: 'മുഹമ്മദേ, താങ്കള്‍ക്ക് അവതരിപ്പിച്ച ഖുര്‍ആന്‍ മുഖേന താങ്കളുടെ പ്രവാചകത്വത്തെ അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു.' ഇബ്‌നു കസീറില്‍ ഇങ്ങനെ വായിക്കാം: 'താങ്കള്‍ക്ക് ഖുര്‍ആന്‍ അവതരിപ്പിച്ച അല്ലാഹു താങ്കള്‍ അവന്റെ ദൂതനാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.' 'അവന്റെ അറിവാല്‍ അതിനെ അവന്‍ അവതരിപ്പിച്ചിരിക്കുന്നു.' എന്നതിന്റെ വിവക്ഷ, സന്മാര്‍ഗം, വ്യക്തമായ തെളിവുകള്‍, സത്യാസത്യ വിവേചനം, അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങള്‍, അവന്‍ വെറുക്കുന്ന കാര്യങ്ങള്‍, ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളിലെ അദൃശ്യജ്ഞാനങ്ങള്‍ മുതലായവയും പെടുന്നു.
ഇബ്‌നു തൈമിയ്യ എഴുതുന്നു: നബിക്ക് അവതീര്‍ണമായ ഖുര്‍ആനെ സാക്ഷ്യപ്പെടുത്തുക എന്നാല്‍ അല്ലാഹുവാണ് അത് അവതരിപ്പിച്ചിരിക്കുന്നത്. അതിലുള്ളത് അല്ലാഹുവിന്റെ വിവരങ്ങളാണ് എന്ന സാക്ഷ്യപ്പെടുത്തലാണ്. അതിലുള്ളവയെല്ലാം അല്ലാഹുവില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമാണ്, മറ്റാരുമായും അതിനു ബന്ധമില്ല.
فَإِلَّمْ يَسْتَجِيبُوا لَكُمْ فَاعْلَمُوا أَنَّمَا أُنزِلَ بِعِلْمِ اللَّهِ
'അവരാരും നിങ്ങളുടെ വിളിക്കുത്തരം നല്‍കിയില്ലെങ്കില്‍ അല്ലാഹുവിന്റെ അറിവോടു കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക' (ഹൂദ്: 14).

അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നു പറഞ്ഞതിന്റെ വിവക്ഷ അക്കാര്യം അല്ലാഹുവിനറിയാം എന്നല്ല. കാരണം, എല്ലാ കാര്യങ്ങളും അല്ലാഹുവിന് അറിയാവുന്നതാണല്ലോ. മറിച്ച്, മേല്‍സൂക്തത്തിന്റെ ആശയം ഖുര്‍ആനിലൂടെ അല്ലാഹു തന്റെ വിജ്ഞാനം അവതരിപ്പിച്ചിരിക്കുന്നു എന്നാണ്.
قُلْ أَنزَلَهُ الَّذِي يَعْلَمُ السِّرَّ فِي السَّمَاوَاتِ وَالْأَرْضِۚ
'ആകാശങ്ങളിലും ഭൂമിയിലുമുള്ള രഹസ്യം അറിയുന്നവനാണ് അത് അവതരിപ്പിച്ചിരിക്കുന്നതെന്ന് താങ്കള്‍ പറയുക' (ഫുര്‍ഖാന്‍: 6).
മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇതേ വീക്ഷണക്കാരാണ്. എല്ലാ കാലങ്ങളിലും സ്ഥലങ്ങളിലുമുള്ള ജനങ്ങള്‍ക്ക് നവംനവങ്ങളായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയത്തക്കവിധമാണ് ഖുര്‍ആന്റെ ഘടന. അതുകൊണ്ടുതന്നെ നബി(സ) ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.

ما مِنَ الأنْبِياءِ نَبِيٌّ إلَّا أُعْطِيَ ما مِثْلهُ آمَنَ عليه البَشَرُ، وإنَّما كانَ الذي أُوتِيتُ وحْيًا أوْحاهُ اللَّهُ إلَيَّ، فأرْجُو أنْ أكُونَ أكْثَرَهُمْ تابِعًا يَومَ القِيامَةِ
'നബിമാരില്‍ ഒരു നബിക്കും, ജനങ്ങള്‍ വിശ്വസിച്ചതിനു തുല്യം മറ്റു അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാതിരുന്നിട്ടില്ല. എനിക്ക് നല്‍കപ്പെട്ടവ അല്ലാഹുവില്‍നിന്നുള്ള വഹ്‌യായിരുന്നു. ആയതിനാല്‍ അന്ത്യനാളില്‍, നബിമാരില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ളവന്‍ ഞാനാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്‌നു ഹജര്‍ എഴുതുന്നു:

ومعجزة القرآن مستمرة إلى يوم القيامة ، وخرقه العادة في أسلوبه وبلاغته وإخباره بالمغيبات ، فلا يمر عصر من الأعصار إلا ويظهر فيه شيء مما أخبر به أنه سيكون يدل على صحة دعواه ........... فعم نفعه من حضر ومن غاب، ومن وجد ومن سيوجد، إِنْ هُوَ إِلَّا ذِكْرٌ لِلْعَالَمِينَ. وَلَتَعْلَمُنَّ نَبَأَهُ بَعْدَ حِينٍ
ഖുര്‍ആന്റെ അമാനുഷികതയും ശൈലിയിലെയും സാഹിത്യത്തിലെയും അനന്യതയും അദൃശ്യ കാര്യങ്ങളെ സംബന്ധിച്ച അതിന്റെ വര്‍ത്തമാനങ്ങളും അസാധാരണ പ്രതിഭാസങ്ങളായി ലോകാവസാനം വരെ തുടര്‍ന്നുകൊണ്ടിരിക്കും. ഭാവിയില്‍ ഉണ്ടാകുമെന്ന് ഖുര്‍ആന്‍ പറഞ്ഞ ഏതു കാര്യവും സംഭവിക്കുക തന്നെ ചെയ്യുമെന്ന അതിന്റെ വാദം സാധൂകരിച്ചുകൊണ്ട് പുലര്‍ന്നുകൊണ്ടിരിക്കും. അതിലൂടെ ഹാജറുള്ളവര്‍ക്കും ഹാജറില്ലാത്തവര്‍ക്കും ഇപ്പോഴുള്ളവര്‍ക്കും ഉണ്ടാകാനിരിക്കുന്നവര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും.
وَلَتَعْلَمُنَّ نَبَأَهُ بَعْدَ حِينٍ
'ഒരു കാലയളവിനുശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക് മനസ്സിലാവുക തന്നെ ചെയ്യും' (സ്വാദ്: 88).

ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ശാസ്ത്രസാക്ഷ്യങ്ങള്‍ അറബികള്‍ക്കും അനറബികള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ലോകാന്ത്യം വരെ നൂതന പ്രതിഭാസമായി തുടരും. വ്യക്തമായ അറബി ഭാഷയിലായതുകൊണ്ട് ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാവുന്ന വാര്‍ത്തകള്‍ ഖുര്‍ആനിലുണ്ട്. പക്ഷേ, അതിന്റെ യാഥാര്‍ഥ്യങ്ങളും രൂപരീതികളും ചിലപ്പോള്‍ ഭാവികാലങ്ങളില്‍ മാത്രമേ മനസ്സിലാവുകയുള്ളൂ.
لِّكُلِّ نَبَإٍ مُّسْتَقَرٌّۚ وَسَوْفَ تَعْلَمُونَ
(അന്‍ആം: 67)

സ്വാദ്: 88-ലെ 'ഹീന്‍' വിശദീകരിച്ചുകൊണ്ട് ഫര്‍റാഅ് എഴുതുന്നു: 'മരണത്തിനു മുമ്പും ശേഷവുമായി ഞാന്‍ പറയുന്നതിന്റെ യാഥാര്‍ഥ്യം നിങ്ങള്‍ക്കറിയാറാവും.' ഇമാം ത്വബരി 'ഹീന്‍' എന്ന പദത്തെക്കുറിച്ച വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉദ്ധരിച്ച ശേഷം എഴുതുന്നു: അതേക്കുറിച്ച ഏറ്റവും ശരിയായ വ്യാഖ്യാനം ഇങ്ങനെയാണ്: ഖുര്‍ആന്റെ വര്‍ത്തമാനം പിന്നീട് ബഹുദൈവവിശ്വാസികള്‍ അറിയുക തന്നെ ചെയ്യും. 'പിന്നീട്' എന്നാല്‍ ഉടനെയാവാം, വൈകിയാവാം. അതിന് സമയപരിധിയില്ല. 'ഹീന്‍' എന്നതിന് അറബികള്‍ പരിധി നിശ്ചയിക്കാറില്ല. അങ്ങനെയെങ്കില്‍ അല്ലാഹു പറഞ്ഞതിനെ പ്രത്യേക സമയം നിര്‍ണയിക്കാതെ മനസ്സിലാക്കുകയാണ് വേണ്ടത്. എപ്പോഴുമാവാം എന്നര്‍ഥം.
لِّكُلِّ نَبَإٍ مُّسْتَقَرٌّۚ وَسَوْفَ تَعْلَمُونَ
'ഓരോ വൃത്താന്തത്തിനും അത് (സത്യമായി) പുലരുന്ന ഒരു സന്ദര്‍ഭമു്. വഴിയെ നിങ്ങള്‍ അത് അറിഞ്ഞുകൊള്ളും' (അന്‍ആം: 67).
ഓരോരുത്തര്‍ക്കും സവിശേഷമായ സമയമുണ്ട്. അപ്പോള്‍ അത് യാഥാര്‍ഥ്യമാവും. അത് സംഭവിച്ചുകഴിഞ്ഞാല്‍ അത് ദൃശ്യഗോചരമാവും. ഖുര്‍ആനിലെ അക്ഷരങ്ങളും പദങ്ങളും പ്രതിനിധീകരിക്കുന്ന ആശയം പ്രകാശിതമാവും. ശാസ്ത്ര അമാനുഷികതകള്‍ അതത് സന്ദര്‍ഭങ്ങളില്‍ നവീകൃതമായി ആവിഷ്‌കൃതമായിക്കൊണ്ടേയിരിക്കും. അന്‍ആം: 67 ഇത് കൂടിയാണ് സൂചിപ്പിക്കുന്നത്.

പുലരാനിരിക്കുന്ന ദൈവിക വാര്‍ത്തകള്‍ പല രൂപങ്ങളില്‍ പ്രത്യക്ഷീഭവിക്കാം. ഇമാം ത്വബരി എഴുതുന്നു: 'എല്ലാ ദൈവിക വൃത്താന്തങ്ങള്‍ക്കും ഒരു നിശ്ചിത സ്ഥലമുണ്ട്, അത് ചെന്നെത്തുന്ന ഒരിടവുമുണ്ട്. അതോടെ അതിന്റെ സത്യവും മിഥ്യയും അനാവൃതമാവും. ഞാന്‍ പറഞ്ഞത് കളവാക്കുന്നവരേ, പിന്നീട് നിങ്ങള്‍ അറിയുക തന്നെ ചെയ്യും' - ഇബ്‌നു അബ്ബാസ് പറയുന്നു: 'എല്ലാ ദൈവിക വൃത്താന്തങ്ങളും യാഥാര്‍ഥ്യമാണ്. വൈകിയാണെങ്കിലും അവ സംഭവിക്കാനുള്ളതാണ്. (സ്വാദ്: 88)
لِكُلِّ أَجَلٍ كِتَابٌ

'ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമു്' (റഅ്ദ്: 38).
ആകാശഭൂമികളെക്കുറിച്ച ഖുര്‍ആനിലെ വൃത്താന്തങ്ങള്‍ കണ്ടുപിടിത്തങ്ങളുടെ കാലത്ത് പുലരാനുള്ളതാണ്. ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന് മാത്രം അറിയുന്നവയാണവ.

قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
'താങ്കള്‍ പറയുക: അകാശഭൂമികളില്‍ അല്ലാഹുവിന്നറിയാത്തവ നിങ്ങള്‍ അവന് പറഞ്ഞുകൊടുക്കുകയാണോ? അവര്‍ പങ്കുചേര്‍ക്കുന്നവയില്‍നിന്ന് അവന്‍ പരിശുദ്ധനും ഉന്നതനുമാണ്' (യൂനുസ് 18). ആകാശഭൂമികളെക്കുറിച്ച വൃത്താന്തം എന്നാല്‍ അവയിലുള്ളവയെക്കുറിച്ച വിവരങ്ങള്‍ എന്നാണ് വിവക്ഷ. ഖുര്‍ആനിലും സുന്നത്തിലും അവയെക്കുറിച്ച വിവരങ്ങള്‍ ധാരാളമുണ്ട്. അവയത്രയും മനുഷ്യര്‍ നടത്തുന്ന പഠന പര്യവേക്ഷണങ്ങളിലൂടെ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.
حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّۗ
'തീര്‍ച്ചയായും അത് (ഖുര്‍ആന്‍) സത്യമാണെന്ന് ബോധ്യപ്പെടുന്നതുവരെ' (ഫുസ്സ്വിലത്ത്: 53).

ശാസ്ത്രീയ അമാനുഷികതയും ശാസ്ത്രീയ വ്യാഖ്യാനവും തമ്മിലെ അന്തരം
പ്രാപഞ്ചിക വിജ്ഞാനീയങ്ങളിലെ ഏറ്റവും ബലപ്പെട്ട വീക്ഷണങ്ങള്‍ക്കനുസൃതമായി ഖുര്‍ആനിലെയും ഹദീസിലെയും ആശയങ്ങളെ വ്യാഖ്യാനിച്ചു മനസ്സിലാക്കലാണ് ശാസ്ത്രീയ വ്യാഖ്യാനം.

ശാസ്ത്രീയ അമാനുഷികത എന്നതിന്റെ വിവക്ഷ നബിയുടെ കാലത്ത് മനുഷ്യസാധ്യമായ മാധ്യമങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയാത്തതും ആധുനിക ശാസ്ത്രം ഏറ്റവും ഒടുവിലായി പരീക്ഷിച്ചു ബോധ്യപ്പെട്ടതുമായ ഒരു യാഥാര്‍ഥ്യത്തെക്കുറിച്ച് ഖുര്‍ആനോ സുന്നത്തോ മുന്‍കൂട്ടി പ്രസ്താവിക്കുക എന്നത്രെ.
ഇങ്ങനെ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളുമായി സംയോജിച്ചുവരുന്നത് അനുഭവവേദ്യമാവും.

ചില പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ നൂറ്റാണ്ടുകളിലൂടെ ഘട്ടം ഘട്ടമായാവും പ്രകാശിതമാവുക. 'സമഗ്ര വചനങ്ങള്‍' നല്‍കപ്പെട്ട നബിയുടെ പരാമര്‍ശങ്ങള്‍ക്ക് വ്യാപകത്വവും സമഗ്രതയും കൂടും. അതുകൊണ്ടുതന്നെ അമാനുഷികതയും അപാരമായിരിക്കും.

സംഗ്രഹം:
1. അല്ലാഹുവിന്റെ ജ്ഞാനമാണ് സമഗ്രവും തെറ്റുപറ്റാത്തതും ന്യൂനത ഇല്ലാത്തതും. മനുഷ്യന്റെ ജ്ഞാനം പരിമിതവും പരിധികള്‍ക്കു വിധേയവും വര്‍ധിക്കാവുന്നതും തെറ്റുപറ്റാന്‍ സാധ്യത യുള്ളതുമാണ്.
2. അല്ലാഹുവില്‍നിന്നുള്ള വഹ്‌യില്‍ ഖണ്ഡിതമായി മനസ്സിലാക്കാവുന്നവ ഉള്ളപോലെ ശാസ്ത്രത്തിന്റെ കണ്ടെത്തലുകളില്‍ ഖണ്ഡിതമായ പ്രാപഞ്ചിക ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളുമുണ്ട്.
3. അല്ലാഹുവില്‍നിന്നുള്ള വഹ്‌യില്‍ ഖണ്ഡിതമായി മനസ്സിലാക്കാന്‍ കഴിയാത്ത ചിലതുള്ളതുപോലെ ശാസ്ത്രത്തിന്റെ കണ്ടെത്തലുകളിലും തീര്‍ച്ച മനസ്സിലാക്കാന്‍ കഴിയാത്തവയുണ്ട്.
4. ഖണ്ഡിതമായ വഹ്‌യും പരീക്ഷിച്ചു ബോധ്യപ്പെട്ട ശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവില്ല. അവ തമ്മില്‍ ബാഹ്യമായ അന്തരമുണ്ടെങ്കില്‍ അവയില്‍ ഏതെങ്കിലും ഒന്നിന്റെ തീര്‍പ്പില്‍ ഇനിയും പ്രശ്‌നങ്ങള്‍ ബാക്കിയുണ്ടാവും.
5. അല്ലാഹു തന്റെ അടിമകള്‍ക്ക് ഖുര്‍ആനിലെയോ ഹദീസിലെയോ തന്റെ ദൃഷ്ടാന്തങ്ങളെ ചക്രവാളങ്ങളിലോ അവരവരില്‍ തന്നെയോ കാണിച്ചു കൊടുക്കുമ്പോള്‍ ഉള്ളടക്കം വ്യക്തമാവും, പൊരുത്തവും ചേര്‍ച്ചയും ബോധ്യമാവും, പ്രമാണങ്ങളിലെ പദങ്ങളുടെ ആശയങ്ങള്‍ കണ്ടെത്തിയ ശാസ്ത്രീയ വസ്തുതകളുമായി കൃത്യമായും യോജിച്ചുവരും. ഇതാണ് അമാനുഷികത.
6. ഖുര്‍ആനിലെയും ഹദീസിലെയും പ്രമാണങ്ങള്‍ സമഗ്രാശയമുള്ള പദങ്ങളിലാണ് അവതരിച്ചത്- കടന്നുപോകുന്ന തലമുറകളിലൂടെയെല്ലാം പുലരാവുന്ന വിധമുള്ള സമഗ്ര പദങ്ങളാണ് അവയിലുള്ളത്.
7. ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പറഞ്ഞ ഒരു കാര്യവും ഒരു ശാസ്ത്രീയ സിദ്ധാന്തവും തമ്മില്‍ വൈരുധ്യമുണ്ടായാല്‍ ശാസ്ത്രസിദ്ധാന്തം തള്ളിക്കളയണം. കാരണം, എല്ലാറ്റിനെയും വിജ്ഞാനത്താല്‍ ചൂഴ്ന്നുനില്‍ക്കുന്ന അല്ലാഹുവിന്റേതാണ് പ്രമാണം. രണ്ടും തമ്മില്‍ യോജിക്കുന്നുവെങ്കില്‍ ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ ശരിയാണെന്നതിന് പ്രമാണം ശരിയാണെന്ന് വന്നു. അതേസമയം പ്രമാണം ഖണ്ഡിതമായ തീര്‍പ്പ് നല്‍കാതിരിക്കുകയും ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ ഖണ്ഡിതവുമാണെങ്കില്‍ പ്രമാണത്തെ അതനുസരിച്ച് വ്യാഖ്യാനിച്ച് മനസ്സിലാക്കണം.
8. ഒരു ഖണ്ഡിത ശാസ്ത്രീയ യാഥാര്‍ഥ്യവും സ്ഥിരീകൃതമെന്ന് ഉറപ്പില്ലാത്ത ഒരു ഹദീസും തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍, ഖണ്ഡിത ശാസ്ത്രീയ തത്ത്വത്തിനനുസൃതമായി ഖണ്ഡിതമല്ലാത്ത ഹദീസിനെ വ്യാഖ്യാനിച്ചു മനസ്സിലാക്കണം. സംയോജിപ്പിച്ചു മനസ്സിലാക്കാന്‍ വഴിയില്ലെങ്കില്‍ ഖണ്ഡിതമായ കണ്ടെത്തലിന് മുന്‍തൂക്കം നല്‍കണം.

ഖുര്‍ആനിലെയും സുന്നത്തിലെയും ശാസ്ത്രീയ അമാനുഷികതകളുടെ ബഹുമുഖ തലങ്ങള്‍
1. ഖുര്‍ആനിലെയും സുന്നത്തിലെയും പ്രമാണങ്ങളും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളും ഖുര്‍ആന്‍ അവതീര്‍ണമായ കാലത്തെ അറിയാത്ത ശാസ്ത്രീയ രഹസ്യങ്ങളും തമ്മിലുള്ള പൊരുത്തം.
2. സൃഷ്ടിരഹസ്യങ്ങളെക്കുറിച്ച് ഗതകാല സമൂഹങ്ങളില്‍ നിലനിന്ന അന്ധവിശ്വാസങ്ങളെയും തെറ്റായ ധാരണകളെയും ഖുര്‍ആനും സുന്നത്തും തിരുത്തുന്നു.
3. ഖുര്‍ആനും സുന്നത്തും പരസ്പരപൂരകമായാണ് വര്‍ത്തിക്കുന്നത്. ഒന്നില്‍ അപൂര്‍ണമായോ ഭാഗികമായോ പരാമര്‍ശിച്ചത് മറ്റേതില്‍ പൂര്‍ണമായി പരാമര്‍ശിക്കുന്നതും അതിലൂടെ യാഥാര്‍ഥ്യം വ്യക്തമാകുന്നതും കാണാം. അതേസമയം ഇത്തരം പരാമര്‍ശങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി അവതരിച്ചവയും ഖുര്‍ആനില്‍ പലേടങ്ങളിലായി ചിതറിക്കിടക്കുന്നവയുമാണ്. എന്നിട്ടും അവ വിഷയങ്ങളെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പകര്‍ന്നുതരുന്നുണ്ടെങ്കില്‍ അത് രഹസ്യജ്ഞാനിയായ അല്ലാഹുവില്‍നിന്നാവാതെ തരമില്ല.
4. ഖുര്‍ആന്‍ അവതരിച്ച കാലത്ത് മിക്കവാറും അവ്യക്തമായിരുന്ന ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളിലെ പല യുക്തികളും വിവിധ മേഖലകളിലെ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളിലൂടെ കണ്ടെത്തുകയുണ്ടായി.
5. പ്രപഞ്ചത്തെയും അതിലെ രഹസ്യങ്ങളെയും വിവരിക്കുന്ന ഖണ്ഡിതമായ പ്രമാണങ്ങളും, ശാസ്ത്രം തീര്‍പ്പിലെത്തിയ യാഥാര്‍ഥ്യങ്ങളും തമ്മില്‍ സംഘട്ടനമില്ല എന്നത് ശ്രദ്ധേയമാണ്.

وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَۖ إِذًا لَّارْتَابَ الْمُبْطِلُونَ ﴿٤٨﴾ بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ ﴿٤٩﴾ وَقَالُوا لَوْلَا أُنزِلَ عَلَيْهِ آيَاتٌ مِّن رَّبِّهِۖ قُلْ إِنَّمَا الْآيَاتُ عِندَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ ﴿٥٠﴾ أَوَلَمْ يَكْفِهِمْ أَنَّا أَنزَلْنَا عَلَيْكَ الْكِتَابَ يُتْلَىٰ عَلَيْهِمْۚ إِنَّ فِي ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ ﴿٥١﴾ قُلْ كَفَىٰ بِاللَّهِ بَيْنِي وَبَيْنَكُمْ شَهِيدًاۖ يَعْلَمُ مَا فِي السَّمَاوَاتِ وَالْأَرْضِۗ وَالَّذِينَ آمَنُوا بِالْبَاطِلِ وَكَفَرُوا بِاللَّهِ أُولَٰئِكَ هُمُ الْخَاسِرُونَ ﴿٥٢﴾

'ഇതിനു മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു. എന്നാല്‍ ജ്ഞാനം നല്‍കപ്പെട്ടവരുടെ ഹൃദയങ്ങളില്‍ അത് സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല. അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഇവന്നു ഇവന്റെ രക്ഷിതാവിങ്കല്‍നിന്ന് എന്തുകൊണ്ട് ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കപ്പെടുന്നില്ല? നീ പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു എന്നതുതന്നെ അവര്‍ക്ക് (തെളിവിന്) മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ കാരുണ്യവും ഉദ്‌ബോധനവുമുണ്ട്. (നബിയേ) പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവന്‍ അറിയുന്നു. അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍' (അന്‍കബൂത്ത് 48-52).

ഇതൊക്കെയും ശാസ്ത്രസംബന്ധമായ വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നവയാണ്. വിശ്വാസപരവും ആരാധനാപരവും സ്വഭാവപരവും വ്യവഹാരപരവുമായ കാര്യങ്ങളെക്കുറിച്ച തീര്‍പ്പുവിധികള്‍ നബി(സ) വിശദീകരിച്ചുകഴിഞ്ഞതാണ്.

വഹ്‌യും സംഭവ യാഥാര്‍ഥ്യവും യോജിച്ചുവന്നപ്പോള്‍ നബി(സ)യുടെ സന്തോഷം
ഇമാം മുസ്‌ലിം, ഫാത്വിമ ബിന്‍ത് ഖൈസില്‍നിന്ന് ഉദ്ധരിക്കുന്നു:
ഒരു ദിവസം നമസ്‌കാരം കഴിഞ്ഞ ശേഷം നബി(സ) മിമ്പറില്‍ ചിരിച്ചുകൊണ്ടിരുന്ന ശേഷം പറഞ്ഞു: 'എല്ലാവരും നമസ്‌കാര സ്ഥലത്തിരിക്കുക! ഞാന്‍ നിങ്ങളെ എന്തിനാണ് വിളിച്ചുകൂട്ടിയതെന്ന് നിങ്ങള്‍ക്കറിയുമോ? സ്വഹാബികള്‍: 'അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും നന്നായറിയുക' നബി(സ): 'ഞാന്‍ നിങ്ങളെ എന്തെങ്കിലും ആഗ്രഹത്താലോ ഭയത്താലോ അല്ല വിളിച്ചുകൂട്ടിയത്. തമീമുദ്ദാരിയെക്കുറിച്ച് ചിലതു പറയാനുണ്ട്. ക്രൈസ്തവനായിരുന്ന അദ്ദേഹം എന്നെ സമീപിച്ച് അനുസരണ പ്രതിജ്ഞ ചെയ്ത് ഇസ്‌ലാമാശ്ലേഷിച്ചു. മസീഹുദ്ദജ്ജാലിനെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നതുപോലുള്ള ഒരു വര്‍ത്തമാനം അദ്ദേഹം എന്നോട് പറഞ്ഞു.' തുടര്‍ന്ന് നബി(സ) തമീമുദ്ദാരിയുടെ ഒരു മാസം നീണ്ടുനിന്ന കടല്‍ യാത്രയെപ്പറ്റി വിവരിച്ചു. മുമ്പ് നബി(സ) പറഞ്ഞിരുന്നതിനോട് യോജിക്കുംവിധമായിരുന്നു തമീമിന്റെ വിവരണം.
ഉസാമബ്‌നു സൈദിന്റെ വംശപരമ്പരയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ സംശയാലുക്കളായിരുന്നു (പിതാവ് സൈദുബ്‌നു ഹാരിസ വെളുത്ത നിറമുള്ളയാളും മകന്‍ ഉസാമ തവിട്ടുനിറത്തിലുമായിരുന്നു. അതിനാല്‍, ഉസാമയെ സൈദിന്റെ മകനായി പരിഗണിക്കാന്‍ ചിലര്‍ കൂട്ടാക്കിയിരുന്നില്ല. ഇത് നബിക്ക് പ്രയാസമുാക്കിയിരുന്നു). ആഇശ(റ)യില്‍നിന്ന് നിവേദനം: നബി(സ) ഒരിക്കല്‍ സന്തോഷവാനായി എന്റെ അടുത്തുവന്നു. അദ്ദേഹത്തിന്റെ മുഖം പ്രകാശത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. തിരുമേനി പറഞ്ഞു:

ألم ترى أن مجزرا نظر انفا الى زيد بن حارثة وأسامة بن زيد (وفي رواية وعلَيهِما قطيفةٌ، قد غطَّيا رؤوسَهُما وقد بدَت أقدامُهُما، فقالَ: إنَّ هذِهِ الأقدامَ بعضُها مِن بعضٍ
'പാദങ്ങള്‍ നോക്കി പിതൃ-പുത്ര ബന്ധം നിര്‍ണയിക്കുന്ന ഒരാള്‍ ഇപ്പോള്‍ സൈദുബ്‌നു ഹാരിസിനെയും ഉസാമബ്‌നു സൈദിനെയും നോക്കിയത് നീ കണ്ടില്ലേ?' (മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ: അവര്‍ പുതച്ചിരുന്നു. അവരുടെ തലകള്‍ മൂടിയിരുന്നു, പാദങ്ങള്‍ പുറത്തു കാണാമായിരുന്നു). അയാള്‍ പറഞ്ഞു: 'ഈ പാദങ്ങള്‍ ചിലത് ചിലതില്‍നിന്നുള്ളതാണ്' (സൈദ് പിതാവും ഉസാമ മകനുമാണെന്നു സാരം). സംശയം നീങ്ങിയതിന്റെ സന്തോഷമാണ് നബി(സ)യുടെ മുഖത്ത് ദൃശ്യമായത്.
(മൗറിത്താനിയയിലെ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് ലേഖകന്‍).

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top