മഹ്ദിയുടെ ആഗമനം: പുനര്‍ വിചിന്തനത്തിന്റെ ആവശ്യകത

ശൈഖ് അബ്ദുല്ലാഹിബ്‌നു സൈദ് ആലുമഹ്‌മൂദ്‌‌‌
img

(അടുത്ത കാലത്ത് മരണപ്പെട്ട ശൈഖ് അബ്ദുല്ലാഹിബ്‌നു സൈദ് ആലു മഹ്‌മൂദ് ഖത്തറിലെ ശരീഅ കോടതികളുടെ മേധാവിയായിരുന്നു. സലഫീ ധാരയിലെ അറിയപ്പെടുന്ന പണ്ഡിതനാണദ്ദേഹം. പല വിഷയങ്ങളിലും അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ശ്രദ്ധേയവും ബുദ്ധിപൂര്‍വകവുമായിരുന്നു. പെരുന്നാളുകളുടെ ഏകോപനം 
(توحيد أعياد المسلمين)
 , ജിദ്ദയില്‍നിന്ന് ഇഹ്‌റാം കെട്ടല്‍, മധ്യാഹ്നത്തിന് മുമ്പ് ഹാജിമാര്‍ ജംറകളില്‍ കല്ലെറിയല്‍, വേദക്കാര്‍ അറുത്ത മാംസം, ഇന്‍ഷുറന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന് പുതിയ ഇജ്തിഹാദുകളുണ്ട്.  
لا مهدي ينتظر
എന്ന കൃതി 'മഹ്ദി എന്ന മിഥ്യ' എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത കൃതിയിലെ ചില ഭാഗങ്ങളാണ് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത് - പത്രാധിപര്‍).

മുസ്‌ലിം ചിന്തകന്മാര്‍ക്കിടയില്‍ വളരെയേറെ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമായ വിഷയമാണ് മഹ്ദിയുടെ ആഗമനം. ഈ വിഷയകമായി വന്ന ഹദീസുകള്‍ പ്രബലങ്ങളാണെന്നും അല്ലെന്നുമുള്ള അഭിപ്രായമുണ്ട്. എന്നാല്‍ ഈ ഹദീസുകളെക്കുറിച്ച സൂക്ഷ്മമായ പഠനവും അവയുടെ പരമ്പരകളെക്കുറിച്ച പര്യാലോചനയും അവ പരസ്പരവിരുദ്ധങ്ങളും സംശയാസ്പദങ്ങളുമാണെന്ന് തെളിയിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ടുകള്‍ പരസ്പരം സമന്വയിക്കാന്‍ കഴിയാത്തത്ര ഭിന്നങ്ങളാണ്. അതു തന്നെ അവ വ്യാജങ്ങളാണെന്ന് തെളിയിക്കുന്നു. പിന്‍ഗാമികളും മുന്‍ഗാമികളുമായ പണ്ഡിതന്മാര്‍ അവ പ്രവാചകവചനങ്ങളല്ല, വ്യാജോക്തികളാണെന്ന് സമര്‍ഥിച്ചിട്ടുണ്ട്.
എന്നാല്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ മഹ്ദിയുടെ ആഗമനത്തെ ശരിവെച്ചിട്ടുണ്ട്. ബുദ്ധിയുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ വസ്തുതകള്‍ വിശകലനം ചെയ്യുന്ന അഗാധ പണ്ഡിതനാണ് അദ്ദേഹമെന്നത് അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, മഹ്ദിയെക്കുറിച്ച് അബൂദാവൂദ് നിവേദനം ചെയ്ത ഏഴു ഹദീസുകള്‍ അംഗീകരിച്ചുകൊണ്ടുള്ള ഇബ്‌നു തൈമിയ്യയുടെ അഭിപ്രായം ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മഹ്ദിയെക്കുറിച്ച ഹദീസുകളുടെ ന്യൂനതകളും പരസ്പരവൈരുധ്യങ്ങളും സവിസ്തരം മനസ്സിലാക്കിയപ്പോള്‍ റസൂലിനു ശേഷം ഒരു മഹ്ദി വരില്ലെന്ന് എനിക്കുറപ്പായി. ശൈഖുല്‍ ഇസ്‌ലാം നമുക്കെല്ലാം പ്രിയപ്പെട്ടവനാണ്. എന്നാല്‍ അദ്ദേഹത്തെ പ്രവാചകനായോ റബ്ബായോ നാം കാണുന്നില്ല. പണ്ഡിതശ്രേഷ്ഠന്മാര്‍ക്ക് പിഴവുകള്‍ സംഭവിക്കാം. സമ്പൂര്‍ണത അല്ലാഹുവിന് മാത്രമാണല്ലോ.'

ഇമാം ബുഖാരിയുടെ സ്വഹീഹില്‍ എണ്‍പതിലേറെ സ്ഥലങ്ങളില്‍ ദാറുഖുത്വ്‌നി വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ബുഖാരിയുടെയോ ദാറുഖുത്വ്‌നിയുടെയോ ന്യൂനതയായി ഇതാരും കണക്കാക്കിയിട്ടില്ല. നാലു മദ്ഹബുകള്‍ നിലകൊള്ളുന്നത്, അവരില്‍ ഓരോരുത്തരും മറ്റൊരാള്‍ കാണാത്ത തെളിവുകള്‍ അടിസ്ഥാനമാക്കി അഭിപ്രായം രൂപവല്‍ക്കരിക്കുന്നതുകൊണ്ടാണ്.

അല്ലാഹു ഈ ദീന്‍ നമുക്ക് പൂര്‍ത്തിയാക്കിത്തരികയും അന്ത്യപ്രവാചകനെ നിയോഗിക്കുക വഴി അവന്റെ അനുഗ്രഹം നമുക്ക് സമ്പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു. ''ഇന്ന് ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക് പൂര്‍ണമാക്കി. എന്റെ അനുഗ്രഹം സമ്പൂര്‍ണമാക്കിത്തരികയും ചെയ്തു. ഇസ്‌ലാമിനെ നിങ്ങള്‍ക്ക് ദീനായി തൃപ്തിപ്പെട്ടു തന്നിരിക്കുന്നു'' (5:3). അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ ചര്യയുമുള്ളപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്ന മഹ്ദിയുടെ ദീന്‍ നമുക്കാവശ്യമില്ല. മഹ്ദി അല്ലാഹുവിന്റെ സമീപസ്ഥനോ മലക്കോ പ്രവാചകനോ അല്ല. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സമര്‍പ്പിക്കുന്ന ദീനില്‍ ഇനി മഹ്ദി വന്ന് പൂര്‍ത്തീകരിക്കേണ്ട ഒരു വിടവും അവശേഷിക്കുന്നില്ല. അറഫയില്‍ വെച്ച് തിരുമേനി പറഞ്ഞു: 'ഈ വര്‍ഷത്തിനു ശേഷം നിങ്ങളെ ഞാന്‍ കണ്ടുമുട്ടിയെന്ന് വരില്ല. രണ്ടു കാര്യങ്ങള്‍ വിട്ടേച്ചുകൊണ്ടാണ് ഞാന്‍ വിടപറയുന്നത്; അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയും.' എനിക്കു ശേഷം മഹ്ദിയെ വിട്ടേച്ചുപോകുന്നു എന്ന് തിരുമേനി പറഞ്ഞിട്ടില്ല. മഹ്ദിയെന്ന ഒരു പേര് തന്നെ സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടില്ല.

മഹ്ദിയെ സംബന്ധിച്ച ഹദീസുകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കപ്പെട്ടതാണ്. പ്രവാചക കുടുംബത്തില്‍നിന്ന് ഭരണാധികാരം നഷ്ടപ്പെട്ടപ്പോള്‍ ബനൂഉമയ്യയെ ഭീഷണിപ്പെടുത്താന്‍, മഹ്ദി വരാന്‍ സമയമായിരിക്കുന്നു, അദ്ദേഹം ബനൂ ഉമയ്യയില്‍നിന്ന് അധികാരം പിടിച്ചെടുത്ത് യഥാര്‍ഥ അവകാശികളായ നബികുടുംബത്തെ തദ്സ്ഥാനത്ത് അവരോധിക്കും എന്നെല്ലാം അവര്‍ പ്രചരിപ്പിച്ചു. ഇതില്‍ പ്രധാന പങ്കു വഹിച്ചത് അബ്ദുല്ലാഹിബ്‌നു സബഅ് ആയിരുന്നു. അലി(റ)യുടെ പുത്രന്‍ മുഹമ്മദുബ്‌നു ഹനഫിയ്യയാണ് മഹ്ദിയെന്നും അദ്ദേഹം മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പട്ടിട്ടുണ്ടെന്നും മക്കയുടെയും മദീനയുടെയും ഇടയിലുള്ള റദ്‌വാ പര്‍വതത്തില്‍ ജീവിപ്പിരിപ്പുണ്ടെന്നും അയാള്‍ പ്രചരിപ്പിച്ചു. ഈ വിശ്വാസം ഉള്‍ക്കൊണ്ടവര്‍ സബഇകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഖുലഫാഉര്‍റാശിദുകളുടെയും സ്വഹാബികളുടെയും താബിഉകളുടെയും കാലം കഴിഞ്ഞു. അവര്‍ക്കു ശേഷം പണ്ഡിതന്മാരും ഉത്തമ നൂറ്റാണ്ടുകളിലെ സത്യവിശ്വാസികളും കഴിഞ്ഞുപോയി. ഇവരാരുടെയും വിശ്വാസത്തിനോ ഭക്തിക്കോ മഹ്ദി വരാത്തതുകൊണ്ട് ഒരു കോട്ടവും തട്ടിയിട്ടില്ല. റസൂല്‍ (സ) ശേഷം മറ്റൊരു പ്രവാചകന്‍ ഇല്ലാത്ത പോലെ മറ്റൊരു മഹ്ദിയും വരാനില്ലെന്ന് നാം വിശ്വസിക്കുന്നു. ഇവ്വിഷയകമായി വന്ന ഹദീസുകളെല്ലാം ദുര്‍ബലമാണ്. ഇവ്വിഷയകമായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്:

(1) മഹ്ദി വരുമെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമില്ല. മഹ്ദിയെ നിഷേധിക്കുന്നവരെ അപലപിക്കേണ്ടതുമില്ല.

(2) മഹ്ദിയിലുള്ള വിശ്വാസം 'അഖീദ'യുടെ ഭാഗമല്ല. മഹ്ദി വിശ്വാസം അഖീദയില്‍ പെട്ടതാണെന്ന ചിലരുടെ വാദം അബദ്ധമാണ്. ശീഈകളുടെ വിശ്വാസമനുസരിച്ച്, പന്ത്രണ്ട് ഖലീഫമാരില്‍ പതിനൊന്നാമന്‍ ഹസന്‍ അല്‍ അസ്‌കരിയുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രന്‍ മുഹമ്മദ് ബിന്‍ ഹസന്‍ പന്ത്രണ്ടാമത്തെ ഇമാമായിരിക്കെ സാമര്‍റായിലെ ഗഹ്വരത്തില്‍ അപ്രത്യക്ഷനാവുകയാണുണ്ടായത്. അദ്ദേഹമാണ് മഹ്ദിയായി പ്രത്യക്ഷപ്പെടാന്‍ പോകുന്നതെന്ന ശീഈ വിശ്വാസം 'അഹ്‌ലുസ്സുന്ന'യിലേക്കും കടന്നുകൂടുകയും 'സ്വഫാരീദി'യെ പോലുള്ളവര്‍ അത് വിശ്വാസത്തിന്റെ ഭാഗമാക്കുകയുമാണുണ്ടായത്.

(3) മഹ്ദിയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലോ, ബുഖാരി-മുസ്‌ലിം പോലുള്ള പ്രബല ഹദീസു സമാഹാരങ്ങളിലോ യാതൊരു പരാമര്‍ശവുമില്ല.

(4) നബി(സ)യുടെ ശൈലി അസാധാരണമായിരുന്നു. ആഇശ(റ) പറഞ്ഞപോലെ, നബി കുറഞ്ഞ വാക്കുകളില്‍ ആശയസമ്പുഷ്ടമായ ശൈലിയിലായിരുന്നു സംസാരിച്ചിരുന്നത്. എന്നാല്‍ മഹ്ദിയെ പരാമര്‍ശിക്കുന്ന നിവേദനങ്ങള്‍ ആയിരത്തൊന്ന് രാവുകളിലെ കഥാകഥനം പോലെയാണ്. ഭിന്നവിരുദ്ധങ്ങളായ ആശയങ്ങളാണവക്കുള്ളത്. ചിലത് അലി(റ)യാണ് മഹ്ദിയെന്ന് പറയുമ്പോള്‍ മറ്റുചിലത് ഹസനാണെന്നാണ്. മൂഹമ്മദുബ്‌നു ഹനഫിയ്യയാണെന്ന് മറ്റൊരു വിഭാഗം. അദ്ദേഹം 'റദ്‌വാ' പര്‍വതത്തില്‍ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തിനടുത്ത് തേനരുവിയുണ്ടെന്നും പറയപ്പെടുന്നു. ഹാരിസ് എന്ന ആളാണ് മഹ്ദിയെന്നും അഭിപ്രായമുണ്ട്.

(4) മഹ്ദിയുടെ വിശദീകരണങ്ങളില്‍ മുഹമ്മദ് ബിന്‍ അബ്ദില്ല എന്ന പേരും ഖുറൈശി ഗോത്രക്കാരനാണെന്നും തിളക്കുന്ന നെറ്റിത്തടവും വളഞ്ഞ നാസികയും അടയാളങ്ങളാണെന്നും അലിയുടെ സന്താനപരമ്പരയിലായിരിക്കുമെന്നും വാദമുണ്ട്. ഈ സന്താനപരമ്പരയിലെ ഒരാളാണ് ഞാനും. എന്നാല്‍ ഈ മഹ്ദിവാദവുമായി ആരെങ്കിലും വന്നാല്‍ അദ്ദേഹത്തോട് പോരാടുന്ന ഒന്നാമന്‍ ഞാനായിരിക്കും.

(5) പ്രതീക്ഷിക്കപ്പെടുന്ന മഹ്ദി ഏഴുവര്‍ഷം കൊണ്ട് അക്രമങ്ങള്‍ നിര്‍മാര്‍ജനം ചെയ്ത് ഭൂമിയിലാകെ നീതി നടപ്പാക്കുമെന്നും അദ്ദേഹത്തിന് അമാനുഷികവും അസാധാരണവുമായ കഴിവുകളുണ്ടെന്നുമാണ് വാദം. നബിതിരുമേനിയേക്കാള്‍ അല്ലാഹുവിങ്കല്‍ അഭിവന്ദ്യനാണോ ഇദ്ദേഹം? തിരുമേനിക്ക് 23 വര്‍ഷത്തെ ത്യാഗപരിശ്രമങ്ങള്‍ക്കു ശേഷം നേടാന്‍ സാധിച്ചത് അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ മാത്രം ഇസ്‌ലാമിന്റെ വ്യാപനമാണ്.

(6) ചരിത്രത്തില്‍ മഹ്ദിവാദവുമായി വന്നവരെയെല്ലാം സമരം ചെയ്ത് തോല്‍പിക്കുകയാണ് മുസ്‌ലിം ജനവിഭാഗവും അവരിലെ പണ്ഡിതന്മാരുമെല്ലാം സ്വീകരിച്ച നയം. ഈ വാദം അടിസ്ഥാനരഹിതമാണെന്നതിന് ഇതിനപ്പുറം മറ്റെന്ത് തെളിവ് വേണം?

(7) നബിയുടെ അനുചരന്മാര്‍ സച്ചരിതരും സത്യസന്ധരുമായിരുന്നു. അവര്‍ കളവ് പറയില്ല. എന്നാല്‍ സമുദായത്തില്‍ കുഴപ്പങ്ങള്‍ തലപൊക്കുകയും ജമല്‍ യുദ്ധം, സ്വിഫ്ഫീന്‍ സംഭവം, ഖവാരിജുകളുമായുള്ള ഏറ്റുമുട്ടല്‍, ഇബ്‌നുസുബൈറിന്റെ വിപ്ലവം, ഹജ്ജാജിന്റെ അതിക്രമങ്ങള്‍ എല്ലാം കുഴപ്പങ്ങള്‍ക്ക് വഴിമരുന്നിട്ടു. പള്ളിമിനാരങ്ങള്‍ പോലും പരസ്പരം തെറിപറയാന്‍ ഉപയോഗിക്കപ്പെട്ടു. ഇത്തരം സാഹചര്യത്തിലാണ് വികലമായ ഈദൃശ ആശയങ്ങള്‍ ഉടലെടുത്തത്.

(8) പ്രവാചകന്റെ നിയോഗവും ഖുര്‍ആന്റെ അവതരണവും വഴി ഈ ദീന്‍ പൂര്‍ണമായിരിക്കുന്നു. നബി(സ) പറഞ്ഞു: 'രണ്ടു കാര്യങ്ങള്‍ നിങ്ങളില്‍ വിട്ടേച്ചുകൊണ്ട് ഞാന്‍ പോകുന്നു. അവ മുറുകെ പിടിക്കും കാലം വരെയും നിങ്ങള്‍ വഴിപിഴക്കില്ല; അല്ലാഹുവിന്റെ കിതാബും എന്റെ ചര്യയും.' അതിനാല്‍ മഹ്ദി കൊണ്ടുവരുന്ന ദീനോ നീതിയോ നമുക്കാവശ്യമില്ല.

(9) അബൂദാവൂദ്, ഇബ്‌നുകസീര്‍, സ്വഫാരീദി പോലുള്ള പണ്ഡിതന്മാര്‍ അന്ത്യനാളിന്റെ അടയാളങ്ങളിലാണ് മഹ്ദിയെക്കുറിച്ച ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹദീസ് നിരൂപകരൊന്നും ഈ ഹദീസുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. എന്നാല്‍ ഹിജ്‌റ 9-ാം നൂറ്റാണ്ടില്‍ മഹ്ദിവാദക്കാര്‍ പെരുകുകയും കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തപ്പോള്‍ ചില പണ്ഡിതന്മാര്‍ പ്രസ്തുത ഹദീസുകളെ സൂക്ഷ്മമായി പഠനവിധേയമാക്കി. നിവേദക പരമ്പര സസൂക്ഷ്മം പരിശോധിച്ചു. ഇബ്‌നുഖല്‍ദൂന്‍ ഇക്കൂട്ടത്തില്‍ ഒരാളാണ്. ഹദീസുകളെ അപഗ്രഥനം ചെയ്ത് അവയെല്ലാം ദുര്‍ബലങ്ങളും അസ്വീകാര്യങ്ങളുമാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. എന്നാല്‍ ഇബ്‌നുഖല്‍ദൂന്‍ ചരിത്രകാരനാണെന്നും ഹദീസ് നിരൂപകനല്ലെന്നുമുള്ള അടിസ്ഥാനരഹിതമായ വാദം ചിലരുന്നയിക്കുന്നുണ്ട്. ഇബ്‌നുഖല്‍ദൂന്‍ മഹാനായ പണ്ഡിതനാണ്. അദ്ദേഹത്തെക്കുറിച്ച് പണ്ഡിതലോകത്തിന് നല്ല അഭിപ്രായവുമാണ്. ഒരാള്‍ ചരിത്രകാരനായതുകൊണ്ട് ഹദീസുകള്‍ നിരൂപണം ചെയ്യാനറിയില്ല എന്നില്ല. യഥാര്‍ഥത്തില്‍ റിപ്പോര്‍ട്ടര്‍മാരുടെ ബലാബലങ്ങളെക്കുറിച്ച പഠനം ഹദീസ് വിജ്ഞാനത്തിന്റെ എന്ന പോലെ ചരിത്രപഠനത്തിന്റെയും ഭാഗമാണ്. ഇബ്‌നുഖല്‍ദൂന്‍ ഫത്ഹുല്‍ ബാരിയുടെ കര്‍ത്താവായ ഇബ്‌നു ഹജറുമായി പല കാര്യങ്ങളിലും സംവാദം നടത്തിയിട്ടുണ്ട്.

ഇബ്‌നുഖല്‍ദൂന്റെ അതേ അഭിപ്രായം പൂര്‍വികരിലെ പണ്ഡിതശ്രേഷ്ഠനായ ഇബ്‌നുല്‍ ഖയ്യിം തന്റെ 'അല്‍ മനാറുല്‍ മുനീഫ്' എന്ന കൃതിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട് (ഈ ഗ്രന്ഥത്തില്‍നിന്നുള്ള പൂര്‍ണ ഉദ്ധരണി അടുത്ത ലക്കത്തില്‍ -പത്രാധിപര്‍) ഇമാം ശാത്വിബി 'അല്‍ ഇഅ്തിസ്വാം' എന്ന  ഗ്രന്ഥത്തില്‍ മഹ്ദികളും ഇമാമുകളും ബിദ്അത്തിന്റെ വക്താക്കളാണെന്ന് വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: 'മഹ്ദിവിശ്വാസക്കാരുടെ നിലപാട് മഹ്ദിയുടെ കര്‍മങ്ങള്‍- ശര്‍ഇന്റെ നിയമങ്ങള്‍ക്ക് എതിരായാലും- തെളിവാണെന്നാണ്. എന്നല്ല, അവയില്‍ പലതും വിശ്വാസത്തിന് അനിവാര്യമാണെന്നും. അവ ലംഘിക്കുന്നവരെ അവിശ്വാസികളായാണവര്‍ ഗണിക്കുന്നത്, യഥാര്‍ഥത്തില്‍ ഇതാണ് സാക്ഷാല്‍ അവിശ്വാസികളുടെ നിലപാട്' (അല്‍ ഇഅ്തിസ്വാം, പേ. 801). ഇബ്‌നുഖല്‍ദൂനു മുമ്പ് ആരും മഹ്ദിയെക്കുറിച്ച് വന്ന ഹദീസുകള്‍ ദുര്‍ബലമാണെന്ന് പറഞ്ഞിട്ടില്ല എന്ന വാദം ബാലിശമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഈജിപ്തിലെയും സിറിയയിലെയും പണ്ഡിതന്മാര്‍ ഏകകണ്ഠമായി ഈ ഹദീസുകളുടെ ദൗര്‍ബല്യം സ്ഥാപിച്ചിട്ടുണ്ട്.

(10) തിരുമേനി നിയുക്തനായത് സന്മാര്‍ഗം തെളിയിച്ചുകാണിക്കാനും നാശമാര്‍ഗങ്ങള്‍ കൊട്ടിയടക്കാനുമാണ്. മഹ്ദീവാദക്കാര്‍ നാശകാരികളും രക്തം ചിന്തുന്നവരുമായാണ് അനുഭവം. ശരീഅത്തിന്റെ ആത്മാവിനോട് യോജിക്കാത്ത കാര്യമാണ്. മഹ്ദി ഇല്ലാതിരിക്കുന്നതിനേക്കാള്‍ അപകടം ഉണ്ടാകുന്നതാണ്. ചുരുക്കത്തില്‍, രാഷ്ട്രീയവും സാമൂഹികവുമായ ചില പശ്ചാത്തലങ്ങളില്‍ ശീഈ വിഭാഗം സാധാരണക്കാരുടെ മതബോധവും ത്യാഗ സന്നദ്ധതയും ചൂഷണം ചെയ്ത് പടച്ചുണ്ടാക്കിയതാണ് മഹ്ദീവാദം. വിവിധ മാര്‍ഗങ്ങളിലൂടെ അവരത് പ്രചരിപ്പിച്ചു. നിഷ്‌കളങ്കരായ സാധാരണക്കാര്‍ അത് വിശ്വസിച്ചു. തിരുമേനിയുടെ പേരിലും അവിടുത്തെ കുടുംബത്തിന്റെ പേരിലും കൃത്രിമമായ ഹദീസുകള്‍ സൃഷ്ടിച്ചു. യഥാര്‍ഥത്തില്‍ ബുദ്ധിയും പ്രകൃതിയും അംഗീകരിക്കാത്തതാണ് ഈ മഹ്ദീവാദം.
(ശേഷം അടുത്ത ലക്കത്തില്‍)

സംഗ്രഹ വിവര്‍ത്തനം:
എം.വി മുഹമ്മദ് സലീം മൗലവി

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top