മുഹമ്മദ് നബി(സ)യുടെ ദൗത്യം യുദ്ധപ്രഖ്യാപനമോ? ഒരു ഹദീസും ചില ദുര്‍വ്യാഖ്യാനങ്ങളും

അബ്ദുല്ലത്വീഫ് കൊടുവള്ളി‌‌
img

ഇസ്‌ലാം അസഹിഷ്ണുതയുടെ മതവും മുഹമ്മദ് നബി(സ) രണോത്സുകനുമായിരുന്നു എന്നു വരുത്താന്‍ ചിലര്‍ കരുവാക്കുന്ന ഒരു ഹദീസും അതിന്റെ യഥാര്‍ഥ വസ്തുതകളും പരിശോധിക്കുകയാണിവിടെ. ഖുര്‍ആന് കുഴപ്പമില്ല, ഹദീസുകളാണ് വില്ലന്‍ എന്നുവരുത്തി ശുദ്ധപിള്ള ചമയുന്ന ഹദീസ് നിഷേധികള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഇതിനെ ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഹദീസ് ഇങ്ങനെ:

أُمِرْتُ أَن أُقاتِلَ النَّاسَ حَتَّى يَشْهَدُوا أَن لا إِلهَ إِلاَّ اللَّه وأَنَّ مُحَمَّدًا رَسُولُ اللَّهِ، ويُقِيمُوا الصَّلاةَ، وَيُؤْتُوا الزَّكاةَ، فَإِذا فَعَلوا عَصَمُوا مِنِّي دِمَاءَهُمْ وأَمْوَالَهم إِلاَّ بحَقها وحِسابُهُمْ عَلى اللَّهِ
അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം. നബി(സ) പ്രസ്താവിച്ചു: 'അല്ലാഹു അല്ലാതെ ദൈവമില്ലെന്നും, മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നതുവരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ ശാസിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്താല്‍ അവര്‍ എന്നില്‍നിന്ന് അവരുടെ രക്തങ്ങളെയും സമ്പത്തുക്കളെയും- ന്യായമായ കാരണങ്ങളില്ലെങ്കില്‍- സംരക്ഷിച്ചിരിക്കുന്നു' (ബുഖാരി 25, മുസ്‌ലിം 22).
ചില പദഭേദങ്ങളോടെ ശാഫിഈ, അഹ്‌മദ്, അബൂദാവൂദ്, തിര്‍മിദി, നസാഈ, അബ്ദുര്‍റസാഖ്, ഹാകിം, ഇബ്‌നുമാജ, ദാരിമി, ദാറഖുത്‌നി, ത്വബറാനി, ബൈഹഖി, ഇബ്‌നുശൈബ മുതലായവര്‍ ഉദ്ധരിച്ചതാണ് മേല്‍ ഹദീസ്.

വിമര്‍ശനം
'നബി(സ)യുടെ ജീവിതത്തിന്റെ തുടക്കത്തില്‍ ഇസ്‌ലാമിനെ സമാധാനപരമായി പ്രബോധനം ചെയ്യാനായിരുന്നു മുസ്‌ലിംകള്‍ കല്‍പിക്കപ്പെട്ടിരുന്നത്. പിന്നീട് അത് ദുര്‍ബലപ്പെടുത്തപ്പെട്ടു. അതേ തുടര്‍ന്ന് ആളുകളെ നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് കൊണ്ടുവരണമെന്ന് നിര്‍ദേശിക്കപ്പെട്ടു' എന്നാണ് ഈ ഹദീസ് മുന്‍നിര്‍ത്തിയുള്ള ഇസ്‌ലാം വിരോധികളുടെ പ്രചാരണം. മേല്‍വാദങ്ങള്‍ താഴെ കാരണങ്ങളാല്‍ നിലനില്‍ക്കത്തക്കതല്ല.

വിശകലനം
ഇസ്‌ലാമിക പ്രബോധനം സാര്‍വകാലികവും സാര്‍വലൗകികവും സാര്‍വജനീനവുമായി ശാന്തവും സമാധാനപൂര്‍ണവുമായ അന്തരീക്ഷത്തില്‍ നിര്‍വഹിക്കപ്പെടേണ്ടുന്ന മഹദ് ദൗത്യമായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنذِرَكُم بِهِ وَمَن بَلَغَۚ 
'ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്, അതു മുഖേന നിങ്ങള്‍ക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിനു വേണ്ടിയാകുന്നു' (അല്‍ അന്‍ആം: 19).
فَذَكِّرْ بِالْقُرْآنِ مَن يَخَافُ وَعِيدِ
'എന്റെ താക്കീതിനെ ഭയപ്പെടുന്നവരെ താങ്കള്‍ ഖുര്‍ആന്‍കൊണ്ട് ഉദ്‌ബോധിപ്പിക്കുക' (ഖാഫ്: 45).
إِنَّمَا أَنتَ مُذَكِّرٌ ﴿٢١﴾ لَّسْتَ عَلَيْهِم بِمُصَيْطِرٍ
'താങ്കള്‍ ഉല്‍ബോധകന്‍ മാത്രമാണ്. താങ്കള്‍ അവരുടെമേല്‍ അധികാരം ചെലുത്തുന്നവനല്ല' (ഗാശിയ 21-22).
ഒരു ഘട്ടത്തില്‍ ശല്യം സഹിക്കവയ്യാതെ നബി(സ)ക്ക് ഇങ്ങനെ പറയേണ്ടി വന്നു:  - 
وَإِن لَّمْ تُؤْمِنُوا لِي فَاعْتَزِلُونِ
'നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ എന്നെ എന്റെ പാട്ടിനു വിടുക' (ദുഖാന്‍: 21).
മക്കയിലും മദീനയിലും നബിക്ക് നില്‍ക്കപ്പൊറുതി കൊടുക്കാതിരുന്ന ശത്രുക്കളെ മദീനാഘട്ടത്തില്‍ അമര്‍ച്ച ചെയ്യാന്‍ യുദ്ധങ്ങള്‍ തന്നെ വേണ്ടിവന്നെങ്കിലും മുകളില്‍ പറഞ്ഞവയും സമാനമായവയുമായ സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ല.
قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِيۖ
'(നബിയേ) പറയുക: ഇതാണ് എന്റെ മാര്‍ഗം ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു, ഞാനും എന്നെ പിന്‍പറ്റിയവരും?' (യൂസുഫ്: 108).
ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ
'യുക്തിദീക്ഷയോടും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ചുപോയവരെ പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനത്രെ' (നഹ്ല്‍: 125).

وَإِن مَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ
'നിന്റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. (അവരുടെ) കണക്കു നോക്കുന്ന ബാധ്യത നമുക്കാകുന്നു' (റഅ്ദ്: 40).
فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِي أَنفُسِهِمْ قَوْلًا بَلِيغًا
'(നബിയേ) താങ്കള്‍ അവരെ വിട്ടുതിരിഞ്ഞു കളയുക. അവര്‍ക്കു സദുപദേശം നല്‍കുകയും, അവരുടെ മനസ്സില്‍ തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക' (നിസാഅ്: 63).
فَإِنْ أَعْرَضُوا فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًاۖ إِنْ عَلَيْكَ إِلَّا الْبَلَاغُۗ
'ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ) താങ്കളെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ' (ശൂറാ 48) മുതലായ സൂക്തങ്ങള്‍ നബി(സ)യുടെ ദൗത്യം യുക്തിജ്ഞതയോടെയുള്ള സന്ദേശപ്രചാരണമാണെന്നും ബലാല്‍ക്കാരവും യുദ്ധവുമല്ലെന്നും വ്യക്തമാക്കുന്നതാണ്. ഒരാളെ പ്രത്യേക ആദര്‍ശം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാവതല്ല. അത് സാധ്യവുമല്ല. 'മതത്തില്‍ ബലാല്‍ക്കാരമില്ല' (ബഖറ: 256) എന്ന സൂക്തം സംശയാതീതമായി ഇക്കാര്യം സ്ഥാപിക്കുന്നുണ്ട്. യഹൂദികളോ ക്രൈസ്തവരോ ആയ മക്കളെ നിര്‍ബന്ധമായും ഇസ്‌ലാമിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്ന മുസ്‌ലിം മാതാപിതാക്കളെ വിലക്കിക്കൊണ്ടാണ് മേല്‍ സൂക്തം അവതരിച്ചതുതന്നെ. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ഭൗതിക ക്ഷേമവും പാരത്രിക മോക്ഷവും വ്യക്തികള്‍ സ്വാഭിലാഷമനുസരിച്ച് തെരഞ്ഞെടുക്കേണ്ടതാണ്. നിര്‍ബന്ധിച്ച് വാങ്ങിക്കൊടുക്കേണ്ടതല്ല.

2. അതേസമയം പീഡിപ്പിക്കപ്പെടുകയും വീടുകളില്‍നിന്ന് പുറത്താക്കപ്പെടുകയും സമ്പത്തുക്കള്‍ നഷ്ടപ്പെടുകയും ആത്യന്തികമായി ഇസ്‌ലാമിക പ്രബോധനം അസാധ്യമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശത്രുക്കളെ പ്രതിരോധിക്കുക എന്നത് ഏത് ധര്‍മശാസ്ത്രമനുസരിച്ചും ലോകബോധ്യമനുസരിച്ചും സാധുവായ സംഗതി മാത്രമാണ്. അല്‍ഹജ്ജ് അധ്യായത്തില്‍ യുദ്ധത്തിന് അനുവാദം ലഭിച്ചു. ബഖറ: 190-ല്‍ കല്‍പനയായി. ഈ സൂക്തത്തിനു ശേഷം ശത്രുക്കളെ പ്രതിരോധിക്കാന്‍ വിശദമായിത്തന്നെ നിര്‍ദേശിക്കുകയുണ്ടായി (ബഖറ: 191-194).
മേല്‍ സൂക്തങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയും ചരിത്രപശ്ചാത്തലം അവഗണിച്ചും ഇസ് ലാമിന്റെ നിലപാടിനെ വക്രീകരിച്ചവതരിപ്പിക്കുന്നത് സത്യസന്ധമായ നിലപാടല്ല. ഒരേ വിഷയത്തില്‍ അവതരിച്ച വ്യത്യസ്ത സൂക്തങ്ങളെ യഥാതഥമായി മനസ്സിലാക്കാന്‍ ഈ നിലപാട് സഹായിക്കില്ല.

3. യുദ്ധവിഷയകമായി ഖുര്‍ആനില്‍ മുപ്പത് സൂക്തങ്ങളുണ്ട്. അവയില്‍ ആറെണ്ണം ഹിജ്‌റയുടെ മുമ്പും ഇരുപത്തി നാലെണ്ണം ശേഷം മദീനയിലും അവതരിച്ചവയാണ്. ഖുറൈശികളും സഖ്യശക്തികളും ഇസ്‌ലാമിനെതിരെ കടുത്ത ശത്രുതാപരമായ നിലപാട് സ്വീകരിച്ച ഘട്ടമായിരുന്നു മദീനയിലേത്. സ്വയ രക്ഷാര്‍ഥം പ്രതിരോധം മുസ്‌ലിംകളുടെ മൗലികാവകാശമായിരുന്നു.

4. 'ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു' എന്നതിലെ 'ജനം' എന്നതിന്റെ വിവക്ഷ, നബി(സ)യുമായി നിരന്തരം ശത്രുതയിലും സംഘട്ടനത്തിലും കഴിഞ്ഞ മക്കയിലെ ശത്രു ജനതയാണ്. 'അന്നാസ്' എന്ന പദം ഇസ്‌ലാമിക ശരീഅത്തില്‍ മൊത്തം ജനങ്ങളെയും ചിലരെ മാത്രം പ്രത്യേകമായും സൂചിപ്പിക്കാന്‍ പ്രയോഗിക്കാറുണ്ട്.
(എ) മാനവസമൂഹം മുഴുവന്‍.
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ
  'മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ റബ്ബിന് ഇബാദത്ത് ചെയ്യുക' (ബഖറ: 21).
وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً، وَبُعِثْتُ إِلَى النَّاسِ كَافَّةً
'നബി തന്റെ ജനതയിലേക്ക് മാത്രമായി നിയോഗിക്കപ്പെടാറുണ്ട്. എന്നാല്‍ ഞാന്‍ എല്ലാ ജനങ്ങളിലേക്കുമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്' (ബുഖാരി, മുസ്‌ലിം).
(ബി) ചിലരെ മാത്രം ഉദ്ദേശിച്ച്.
وَأَذِّن فِي النَّاسِ بِالْحَجِّ
 - 'അല്ലാഹു ഇബ്‌റാഹീം നബിയോട് പറഞ്ഞു) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക' (ഹജ്ജ്: 27). ഇവിടെ 'ജനം' എന്നതിന്റെ വിവക്ഷ മുസ്‌ലിംകളാണ്.
(സി) ഒരേ സൂക്തത്തില്‍ വ്യത്യസ്ത വിവക്ഷകളോടെ.
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ
'ആ 'ജന'ങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്ന് 'ജന'ങ്ങള്‍ അവരോട് പറഞ്ഞപ്പോള്‍....' (ആലുഇംറാന്‍: 173).
സൂക്തത്തിലെ ഒന്നാമത്തെ 'ജനം' എന്നതിന്റെ വിവക്ഷ നുഐമുബ്‌നു മസ്ഊദ് അല്‍അശ്ജഈ അല്ലെങ്കില്‍ അബ്ദ് ഖൈസിലെ സംഘവും, രണ്ടാമത്തെ 'ജനം' എന്നതിന്റെ വിവക്ഷ അബൂസുഫ്‌യാനും സംഘവുമാണ്. വര്‍ഗത്തെ പറഞ്ഞ് ആ വര്‍ഗത്തിലെ ഒരാളെ ഉദ്ദേശിക്കുക എന്ന ഭാഷാ പ്രയോഗമാണിത്.
فلان يركب الخيل وماله الّا فرس واحد 
''ഒരാള്‍ 'അല്‍ഖൈലി'നെ യാത്രക്കുപയോഗിക്കുന്നു. അയാള്‍ക്ക് ഒരു കുതിര മാത്രമേയുള്ളൂ.'' ഇവിടെ 'അല്‍ഖൈല്‍' എന്നത് കുതിരയുടെ വര്‍ഗനാമമാണ്. ഖുര്‍ആനിലും ഇത്തരം പ്രയോഗം കാണാം. ഉദാ:
فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ
''അങ്ങനെ അദ്ദേഹം - സകരിയ്യാ- മിഹ്‌റാബില്‍ പ്രാര്‍ഥിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ 'മലക്കുകള്‍' അദ്ദേഹത്തെ വിളിച്ചുകൊണ്ട് പറഞ്ഞു'' (ആലുഇംറാന്‍: 39). 'മലക്കുകള്‍' എന്നാണ് ഇവിടെ പ്രയോഗിച്ചതെങ്കിലും ജിബ്‌രീലാണ് വിവക്ഷ. ഇബ്‌നു അത്വിയ്യ, 'അല്‍ മുഹര്‍ററുല്‍ വജീസി'ല്‍ എഴുതുന്നു: 'ഭൂരിപക്ഷ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും വീക്ഷണത്തില്‍ വിളിച്ചത് ജിബ്‌രീലാണ്. നബിമാര്‍ക്കുള്ള വഹ്‌യിന്റെ സാധാരണ രീതി ഇങ്ങനെയാണ്.' 

'അന്നാസ്' എന്നതിന് എല്ലാ ജനങ്ങളും എന്നാണ് അര്‍ഥകല്‍പന നല്‍കുന്നതെങ്കില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മൊത്തം ജനങ്ങള്‍ വധാര്‍ഹരാണ് എന്നു പറയേണ്ടി വരും. അതായത്, ഇസ്‌ലാം സ്വീകരിച്ചാലും നബി(സ)യുടെ വാളില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്ന്! ചുരുക്കത്തില്‍, 'ജനം' എന്നാണ് പദത്തിന്റെ അര്‍ഥമെങ്കിലും വിവക്ഷ നബിയുടെ കാലത്തെ അറേബ്യയിലെ ബഹുദൈവവിശ്വാസികളായ ശത്രുക്കളാണെന്ന് ചുരുക്കം. ഖുര്‍ആനിലെ 'അന്നാസ്' എന്ന പദപ്രയോഗം കൂടുതലും മക്കയിലെ ശത്രുക്കളായ ബഹുദൈവവിശ്വാസികളെ ഉദ്ദേശിച്ചാണ്. എല്ലാ ജനങ്ങളും അതിന്റെ വിവക്ഷാ പരിധിയില്‍ വരില്ല. ഇബ്‌നു ഹജര്‍ എഴുതുന്നു: ഇവിടെ 'അന്നാസ്' എന്നതിന്റെ വിവക്ഷ യഹൂദ-ക്രൈസ്തവര്‍ ഒഴികെയുള്ള അറേബ്യയിലെ ബഹുദൈവവിശ്വാസികളാണ്.1

5. 'മതത്തില്‍ ബലാല്‍ക്കാരമില്ല' എന്ന വാചകം 'ഖബരി'യാണ്. അതുകൊണ്ടു തന്നെ ഖണ്ഡിതവുമാണ്. ഇത്തരം വാചകങ്ങള്‍ ദുര്‍ബലപ്പെടില്ലെന്നാണ് നിദാനശാസ്ത്രകാരന്മാരുടെ നിലപാട്.2 
മുസ്‌ലിംകളുമായി യുദ്ധത്തിലേര്‍പ്പെടാത്ത ബഹുദൈവ വിശ്വാസികള്‍ തന്നെയായ അമുസ്‌ലിംകളോട് നല്ല രീതിയിലുള്ള സഹവര്‍ത്തിത്വം പുലര്‍ത്തണമെന്ന് ആജ്ഞാപിക്കുന്ന 140-ഓളം വരുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍ബലമായി കാണാന്‍ യാതൊരു ന്യായവുമില്ല.

സത്യനിഷേധികളെ സത്യനിഷേധത്തിന്റെ പേരില്‍ വധിക്കുക എന്നത് ഇസ്‌ലാമിന്റെ ലക്ഷ്യമായിരുന്നുവെങ്കില്‍ ഇസ്‌ലാം സ്വീകരിക്കാന്‍ കൂട്ടാക്കാത്ത സത്യനിഷേധികളില്‍നിന്ന് ജിസ്‌യ ഈടാക്കണമെന്ന ഖുര്‍ആനിക നിയമത്തിന് എന്ത് പ്രസക്തിയാണുണ്ടാവുക? ജിസ്‌യ ഈടാക്കുന്നതു തന്നെയും വളരെ ദയാപൂര്‍ണമായിരിക്കണമന്നാണ് ഇസ്‌ലാമിക വിധി (ഇമാം നവവിയുടെ 'റൗദത്തുത്ത്വാലിബീന്‍' 10/315, ഇബ്‌നു ഖുദാമയുടെ 'മുഗ് നി' 4/250, മുഹമ്മദ് സഈദില്‍ ബൂത്വിയുടെ 'അല്‍ജിഹാദു ഫില്‍ ഇസ്‌ലാം', ദാറുല്‍ ഫിക്‌റ്, ദിമശ്ഖ് 2005 കാണുക). ചുരുക്കത്തില്‍, മുസ്‌ലിംകള്‍ക്കെതിരെ പീഡന-ബഹിഷ്‌കരണ നയം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ബദ്ധശത്രുക്കള്‍ക്കെതിരെയാണ് യുദ്ധാഹ്വാനം. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായം ഇതാണെന്ന് ഇമാം ത്വബരി (2/258) രേഖപ്പെടുത്തുന്നു. 
'അന്നാസ്' എന്നതിലെ അലിഫും ലാമും വര്‍ഗത്തെയല്ല, ഒരു പ്രത്യേക കാലത്തെ സൂചിപ്പിക്കുന്ന 'ലാമുല്‍ അഹ്ദ്' ആണെന്ന ശക്തമായ നിരീക്ഷണവും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചും നബിയുടെ കാലത്തെ മക്കയിലെ ശത്രുക്കളായ ബഹുദൈവ വിശ്വാസികള്‍ തന്നെയാണ് വിവക്ഷ. ഇവരെക്കുറിച്ച ഖുര്‍ആന്‍ ഭാഷ്യം ഇങ്ങനെ:

لَا يَرْقُبُونَ فِي مُؤْمِنٍ إِلًّا وَلَا ذِمَّةًۚ وَأُولَٰئِكَ هُمُ الْمُعْتَدُونَ
'ഒരു സത്യവിശ്വാസിയുടെ കാര്യത്തിലും കുടുംബബന്ധമോ ഉടമ്പടിയോ അവര്‍ പരിഗണിക്കാറില്ല. അവര്‍ തന്നെയാണ് അതിക്രമകാരികള്‍' (തൗബ: 10). ഒരു യുദ്ധത്തില്‍ മുസ്‌ലിംകളാല്‍ ഒരു വനിത വധിക്കപ്പെട്ടപ്പോള്‍ നബി(സ) നടത്തിയ ما كانت هذه لتقاتل - 'ഇവര്‍ വധിക്കപ്പെടരുതായിരുന്നു' എന്ന പ്രസ്താവന സാധാരണ ഗതിയില്‍ യുദ്ധത്തില്‍ പങ്കാളിത്തമില്ലാത്ത സ്ത്രീകള്‍ വധിക്കപ്പെടരുതെന്നാണ് വ്യക്തമാക്കുന്നത്.

6. പേര്‍ഷ്യക്കാര്‍ ഇസ്‌ലാം സ്വീകരിച്ച ശേഷമുള്ള മൂന്നു നൂറ്റാണ്ടുകളില്‍ അവിടത്തെ സതുരഷ്ട്ര മതവിശ്വാസികളില്‍ ഭൂരിപക്ഷവും അതേ മതത്തില്‍ തന്നെ തുടരുകയായിരുന്നു. ഇസ്‌ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ അവര്‍ വധിക്കപ്പെട്ടിരുന്നില്ലെന്നതാണ് ചരിത്രം.
6 എ. 'ഉമിര്‍ത്തൂ' (ഞാന്‍ കല്‍പിക്കപ്പെട്ടു) എന്നാണ് ഹദീസിന്റെ തുടക്കം. നബി(സ) കാരുണ്യമാണെന്നു പറഞ്ഞ (അമ്പിയാഅ്: 107) അല്ലാഹു തന്നെയാണ് നബിക്ക് ശാസന നല്‍കിയത്. ഉംദത്തുല്‍ ഖാരിയില്‍ ബദ്‌റുദ്ദീന്‍ ഐനി എഴുതുന്നു: അല്ലാഹു അല്ലാതെ മറ്റൊരാള്‍ നബി(സ)യോട് കല്‍പിക്കാനില്ല. അല്ലാഹു എന്നോട് കല്‍പിച്ചു എന്ന് നേരര്‍ഥം.
'ഉമിര്‍ത്തു' എന്നാണ് കല്‍പന. അല്ലാതെ, 'ഉമിര്‍ത്തും' (നിങ്ങള്‍ കല്‍പിക്കപ്പെട്ടു), 'ഉമിര്‍നാ' (നാം കല്‍പിക്കപ്പെട്ടു), 'അമറകും' (അവന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു) എന്നല്ല. അതായത്, നബി(സ)യോട് മാത്രമാണ് കല്‍പന. എല്ലാ മുസ്‌ലിംകളോടുമാണ് കല്‍പന എന്നതിന് ഹദീസില്‍ സാഹചര്യത്തെളിവില്ല. സുമര്‍: 12, അന്‍ആം: 14 എന്നിവയിലെ 'ഉമിര്‍ത്തു' എന്നതും നബി(സ)യോട് മാത്രമായുള്ള കല്‍പ്പനയാണ്.
നേതാവ് എന്ന നിലയിലാണ് നബി(സ)യോട് മാത്രമുള്ള കല്‍പന. ഇമാം ഖറാഫി 'അല്‍ ഇഹ്കാമി'ല്‍ ഇതിന്റെ ന്യായം വിശദീകരിക്കുന്നു:

وأما تصرفه عليه السلام بالإمامة فهو وصف زائد على النبوة والرسالة والفتيا والقضاء لأن الإمام هو الذي فوّضت إليه السياسة العامة في الخلائق، وضبط معاقد المصالح ودرء المفاسد، وقمع الجناة، وقتل الطغاة ...... الى غير ذلك مما هو من الجنس
'നബി(സ) നേതൃത്വം കൈകാര്യം ചെയ്തിരുന്നത് പ്രവാചകത്വം, ദൗത്യം, ഫത്‌വ നല്‍കല്‍, വിധിന്യായം എന്നിവക്കപ്പുറമുള്ള അധിക വിശേഷണം എന്ന നിലയിലാണ്. വിവിധ താല്‍പര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തുക, അതിക്രമകാരികളെ വധിക്കുക പോലുള്ള ഈ ഇനത്തില്‍പെട്ട, മനുഷ്യരുമായി ബന്ധപ്പെട്ട പൊതുനേതൃത്വം ചുമതലപ്പെടുത്തപ്പെട്ടിരിക്കുന്നത് നേതാവിലാണ്.'

ആയതിനാല്‍, 'ഞാന്‍ കല്‍പിക്കപ്പെട്ടു' എന്ന പ്രസ്താവന ഭരണാധികാരി എന്ന നിലയിലാണ്. അതതുകാലത്തെ ഭരണാധികാരിയുടെ കീഴിലല്ലാതെയോ, സമ്മതത്തോടെയല്ലാതെയോ പോരാട്ടം പാടില്ല. 'നിങ്ങള്‍ അദ്ദേഹത്തെ -നബി(സ)യെ- പിന്‍പറ്റുക. നിങ്ങള്‍ സന്മാര്‍ഗപ്രാപ്തരാകും' (അഅ്‌റാഫ്: 158) എന്ന സൂക്തപ്രകാരം അദ്ദേഹത്തെ മറികടക്കാവതല്ല.

7. ഹദീസിലെ 'ഖാതല' (പോരാടി) എന്ന പദത്തെ 'ഖതല' (വധിച്ചു) എന്ന അര്‍ഥധ്വനി നല്‍കി തെറ്റിദ്ധരിപ്പിക്കുന്നത് ഒട്ടും വൈജ്ഞാനിക സത്യസന്ധതയല്ല. 'ഖതല' എന്നാല്‍ ഒരാള്‍ ഏകപക്ഷീയമായി നടത്തുന്ന വധമാണ്. 'ഖാതല' എന്നാല്‍ 'ശത്രുവോട് പോരാടി, യുദ്ധം ചെയ്തു' എന്നും. അതായത്, എതിര്‍പക്ഷത്തുനിന്ന്, വകവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമുണ്ടാവുമ്പോള്‍ മറുപക്ഷത്തുനിന്നും പ്രതിരോധപൂര്‍വം പോരാടുക എന്നാണ്. പോരാട്ടത്തില്‍ ചുരുങ്ങിയത് രണ്ടു പങ്കാളികളെങ്കിലും ഉണ്ടാവും. വധോദ്ദേശ്യത്തോടെ ഒരാള്‍ ഒരുമ്പെടുന്നതിനാണ് 'ഖാതല' ഉപയോഗിക്കുക. 'ഖാതല' എന്നത് വധോദ്യമവുമായി വരുന്നവരോട് പോരാടുന്നതിനാണ്. ഇക്കാര്യം ബദ്‌റുദ്ദീന്‍ ഐനീ 'ഉംദത്തുല്‍ ഖാരി'യില്‍ എടുത്തു പറയുന്നുണ്ട്.
وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةًۚ
'ബഹുദൈവ വിശ്വാസികള്‍ നിങ്ങളോട് ഒന്നടങ്കം യുദ്ധം ചെയ്യുന്നതുപോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക' (തൗബ: 36) എന്ന സൂക്തം ശത്രുപക്ഷം ആക്രമണത്തിനു തുടക്കമിട്ടതിനാലാണ് അവര്‍ക്കെതിരെ പോരാടേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. ഹുദൈബിയ വേളയില്‍ 'നബിയേ, താങ്കള്‍ വന്നത് ആരെയെങ്കിലും കൊല്ലാനോ, ആരുമായെങ്കിലും പോരാടാനോ വന്നതല്ലല്ലോ' എന്ന് അബൂബക്ര്‍ പറഞ്ഞപ്പോള്‍ തിരുമേനിയുടെ പ്രതികരണം 
من صدّنا عنه قاتلناه
 (നമ്മെ തടയുന്നവരോട് നാം പോരാടും) എന്നായിരുന്നു.
അറബിഭാഷ പ്രാഥമികമായി മാത്രം പഠിച്ചവര്‍ 'ഖതല'യും 'ഖാതല'യും തമ്മിലുള്ള വ്യത്യാസമറിയാതെ രണ്ടും ഒന്നാണെന്ന് ധരിച്ചുവശാവാറുണ്ട്. ഇസ്‌ലാമിക വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍ ആദ്യം വേണ്ടത് ഇസ്‌ലാമിനെ സംരക്ഷിച്ചുപോരുന്ന കവചമായ അറബി ഭാഷയില്‍ പ്രാവീണ്യം നേടുകയാണ്. ഇല്ലെങ്കില്‍ എത്തിച്ചേരുന്ന നിഗമനങ്ങളിലും നിലപാടുകളിലും ഭീമാബദ്ധങ്ങള്‍ വരെ സംഭവിക്കും. പ്രമാണങ്ങളെ അവതരണ പശ്ചാത്തലങ്ങള്‍ മുമ്പില്‍ വെച്ചുവേണം വ്യാഖ്യാനിച്ചു ഗ്രഹിക്കാന്‍. 1400-ലധികം വര്‍ഷങ്ങളായി നിലനിന്നുപോരുന്ന ഇസ്‌ലാമിക പാരമ്പര്യവും പ്രധാനം തന്നെ.

ഖുര്‍ആനില്‍ 'ഖാതിലൂ' (നിങ്ങള്‍ പോരാടുക) എന്ന ആഹ്വാനം പ്രതിരോധം ആവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ബഖറ 190-ലെ 'അതിക്രമകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല' എന്ന സൂക്തം ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോടല്ലാതെ യുദ്ധം ചെയ്യുന്നത് പരിധിലംഘനമാണെന്ന് വ്യക്തമാക്കുന്നു. അറബി ഭാഷാ പ്രയോഗമനുസരിച്ച് 
لأقتلن من اعتدى على مالي
 (എന്റെ സമ്പത്ത് കൈയേറിയവനെ ഞാന്‍ കൊല്ലുക തന്നെ ചെയ്യും) എന്ന പ്രയോഗം തെറ്റാണ്.
من اعتدى على مالي لأقاتلنّ
 (എന്റെ സമ്പത്ത് കൈയേറിയവനോട് ഞാന്‍ പോരാടുക തന്നെ ചെയ്യും) എന്നതാണ് ശരിയായ പ്രയോഗം. നബി(സ)  
أمرت ان أقتل
(എന്നോട് വധിക്കാന്‍ കല്‍പിച്ചു) എന്ന് പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ വധത്തിന്റെ പ്രശ്‌നമുദിക്കുന്നില്ല.
അറബി ഭാഷാ വ്യാകരണപ്രകാരം 'ഖാതല' രൂപം കൊണ്ട 'ഫാഅല' യുടെ മാതൃകയില്‍ രൂപം കൊള്ളുന്ന ക്രിയകളുടെ അര്‍ഥം താഴെ ചേര്‍ത്തവിധമായിരിക്കും:

بابها الغالب أن تكون من اثنين يفعل كلّ واحد منهما بصاحبه مايفعله صاحبه به مثل: ضاربته وحاربته
'ഫാഅല' എന്ന ക്രിയാരൂപം കൂടുതലായും രണ്ടു പേരില്‍ നിന്നായാണ് സംഭവിക്കുക. ഒരു കൂട്ടുകാരന്‍ മറ്റെ കൂട്ടുകാരനോട് എന്താണോ ചെയ്യുന്നത് അതു തന്നെയായിരിക്കും അയാള്‍ ഇയാളോടും ചെയ്യുക. പരസ്പരം പോരാടി, പരസ്പരം അടികൂടി എന്നെല്ലാം പറയുന്നതുപോലെ.5

المعنى الصحيح لكلمة أقاتل أن هناك طرفا يقاتل طرفا آخر وهذ الطرف الآخر يردّ عليه القتال - ولا يلزم من إباحته المقاتلة ءابا حة القتل
'ഉഖാതിലു' എന്ന പദത്തിന്റെ ശരിയായ വിവക്ഷ, ഒരു പക്ഷത്തോട് മറ്റൊരു പക്ഷം യുദ്ധം ചെയ്യുന്നുണ്ടെന്നാണ്. യുദ്ധം ചെയ്യപ്പെടുന്നവര്‍ യുദ്ധം ചെയ്യുന്നവരോട് പോരാടുന്നുണ്ടെന്നുമാണ്. ഇത്തരം ഘട്ടത്തില്‍ യുദ്ധം ചെയ്യല്‍ അനുവദനീയമാണ് എന്നതിന്റെ അര്‍ഥം വധം അനുവദനീയമാണെന്നല്ല.'6
ഇങ്ങോട്ട് പോരാടാന്‍ വരുന്നവര്‍ക്കെതിരെ പോരാടാന്‍ അനുവാദമുണ്ട്. അവര്‍ പോരാട്ടം നിര്‍ത്തുകയാണെങ്കില്‍ പോരാട്ടം തുടരാനോ വധിക്കാനോ പാടില്ല (ബഖറ: 190). യുദ്ധം പ്രഖ്യാപിച്ച ശത്രു ഇസ്‌ലാം സ്വീകരിക്കുകയോ ജിസ്‌യ ഒടുക്കാന്‍ സമ്മതിക്കുകയോ ചെയ്താല്‍ എല്ലാ യുദ്ധനടപടികളും നിര്‍ത്തിവെക്കണം. ഇമാം ശാഫിഈ എഴുതുന്നു:
ليس القتال من القتل بسبيل . فقد يحلّ قتال الرّجل ولا يحلّ قتله
'പോരാട്ടം വധത്തിനുള്ള വഴിയേ അല്ല. ചിലപ്പോള്‍ ഒരാളുമായി പോരാടല്‍ അനുവദനീയമാണെന്ന് കരുതി അയാളെ വധിക്കുന്നത് അനുവദനീയമാവില്ല.'7
നിയമാവിഷ്‌കാരങ്ങളില്‍ പദഭേദങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഉദാഹരണമായി മനഃപൂര്‍വം നമസ്‌കാരം ഉപേക്ഷിക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തിലെ മുസ്‌ലിം പൗരനെ വധിക്കേണ്ടതുണ്ടോ എന്ന വിഷയകമായ ചര്‍ച്ചയില്‍ ഇബ്‌നു ഹജറില്‍ അസ്ഖലാനി എഴുതുന്നു.
وعلى هذا ففي الا ستدلال بهذ الحديث قتل تارك الصّلوة نظر للفرق بين صيغة “أقاتل” “وأقتل” والله اعلم
'ഉഖാതിലു', 'അഖ്തുലു' എന്നീ പദങ്ങല്‍ തമ്മിലുള്ള വ്യത്യാസം പരിഗണിക്കുമ്പോള്‍, നമസ്‌കാരം ഉപേക്ഷിക്കുന്നവനെ വധിക്കുന്നതിന് മേല്‍ ഹദീസിനെ ആധാരമാക്കി തെളിവെടുക്കുന്നത് ശരിയല്ല.3
ഇബ്‌നു ദഖീഖില്‍ ഈദ് 'ശര്‍ഹുല്‍ ഉംദ'യില്‍ എഴുതുന്നു: ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ അനുവാദമുണ്ട് എന്നതിനര്‍ഥം വധം അനുവദനീയമാണ് എന്നല്ല. രണ്ടു ഭാഗത്തുനിന്നുമുള്ള യുദ്ധാവസ്ഥയെ 'മുഖാതല' എന്നാണ് പറയുക.

8. അറേബ്യാ ഉപദ്വീപിലെ അറബികളായ ബഹുദൈവ വിശ്വാസികള്‍ക്കെതിരെ സ്വീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് വേദവിശ്വാസികളായ അറബി ഗോത്രങ്ങളോട് സ്വീകരിച്ചിരുന്നതെന്ന് ചില ചരിത്രകാരന്മാരുടെ നിരീക്ഷണവും പ്രസക്തമാണ്. നജ്‌റാനില്‍നിന്നെത്തിയ അറുപതംഗ ക്രൈസ്തവ സംഘത്തിന് മദീനാപള്ളിയില്‍ തങ്ങളുടെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ അവസരം നല്‍കിയത് ഇതിനോട് ചേര്‍ത്തുവായിക്കണം.
ഇമാം ഇബ്‌നുതൈമിയ്യയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.

إنّ الله تعالى امر نبيّه بقتال المحاربين الذين أذن الله في قتالهم ولم يرد قتال المعاهدين الذين أمر الله وفاء عهدهم....

'യുദ്ധം പ്രഖ്യാപിച്ച ശത്രുക്കളോട് യുദ്ധം ചെയ്യാനാണ് അല്ലാഹു നബിയോട് കല്‍പിച്ചത്. നേരത്തേ സമാധാന കരാറില്‍ കക്ഷികളായവരോട് യുദ്ധം ചെയ്യാന്‍ കല്‍പിച്ചിട്ടില്ല.4

9. ഇസ്‌ലാമിനെയും ഖുര്‍ആനെയും നേര്‍ക്കുനേരെ വിമര്‍ശിക്കാന്‍ കഴിയാതിരിക്കുമ്പോള്‍, ഖുര്‍ആന്റെ വക്താക്കളാണെന്ന ഭാവേന സുന്നത്തിനെ വിമര്‍ശിക്കുന്ന രീതി വ്യാപകമാണ്. 'നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ പോരാടുക. നിങ്ങള്‍ അതിരു കവിയരുത്' (ബഖറ: 190) എന്ന സൂക്തത്തിന് വിരുദ്ധമാണ് 'ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു' എന്ന ഹദീസ് എന്ന് വാദിക്കുന്നവര്‍, 'സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നു, സത്യനിഷേധികളാവട്ടെ ദൈവേതര മാര്‍ഗത്തിലും പോരാടുന്നു, ആയതിനാല്‍ നിങ്ങള്‍ പിശാചിന്റെ മിത്രങ്ങളോട് പോരാടുവിന്‍' (നിസാഅ്: 67) എന്ന സൂക്തത്തെപ്പറ്റി എന്താണ് പറയുക? നബി(സ)യുടെ അവസാന കാലത്തിറങ്ങിയ 'ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടേടത്തു വെച്ച് കൊല്ലുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കു വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കിക്കൊടുക്കുകയും ചെയ്യുക' (തൗബ: 5), 'സത്യവിശ്വാസികളേ, ബഹുദൈവ വിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിനു ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്.... വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്തുകൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കൈയോടെ കപ്പം കൊടുക്കുന്നതുവരെ' (തൗബ: 28,29), 'സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം' (തൗബ: 123) മുതലായ സൂക്തങ്ങള്‍ ഇസ്‌ലാം വിമര്‍ശകര്‍ തള്ളിക്കളയുന്ന ഹദീസിലെ ആശയം ശക്തമായി സമര്‍ഥിക്കുന്നവയല്ലേ? ഹദീസിലേതിനു സമാനമായ പശ്ചാത്തലമാണ് മേല്‍സൂക്തങ്ങള്‍ക്കും എന്നത് മറ്റൊരു കാര്യം!

(10) ഖുര്‍ആനിലെ സൂക്തങ്ങള്‍ തമ്മിലോ, ഖുര്‍ആന്‍ സൂക്തവും ഹദീസും തമ്മിലോ, ഹദീസുകള്‍ തമ്മിലോ വൈരുധ്യമുള്ളതായി തോന്നിയാല്‍ ആദ്യം അവ സംയോജിപ്പിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കണം. അതു സാധ്യമായില്ലെങ്കില്‍ ദുര്‍ബലപ്പെടുത്തിയതും ദുര്‍ബലപ്പെടുത്തപ്പെട്ടതും തിരിച്ചറിയണം, അത് സാധ്യമായില്ലെങ്കില്‍ മൊത്തം തെളിവുകള്‍ വെച്ച് ഏതിന് മുന്‍ഗണന നല്‍കണമെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. അതും സാധ്യമല്ലെങ്കില്‍ അവ ആധാരമാക്കി നിയമം ആവിഷ്‌കരിക്കുന്നത് നിര്‍ത്തിവെക്കണം. ഇസ്‌ലാമിക പണ്ഡിത സമൂഹം ഇതഃപര്യന്തം അംഗീകരിച്ചുപോന്ന ഈ തത്ത്വത്തിന് വിരുദ്ധമായി തങ്ങളുടെ ബുദ്ധിക്ക് യോജിക്കാത്തവ തള്ളിക്കളയുക എന്നതാണ് ഹദീസ്‌നിഷേധികളുടെ രീതി.

(11) 'ഉമിര്‍ത്തു അന്‍ ഉഖാതില' എന്ന ഹദീസ് യുദ്ധത്തിന് പ്രേരിപ്പിക്കുകയല്ല. പ്രത്യുത, യുദ്ധം അവസാനിപ്പിക്കാന്‍ പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. ശത്രുക്കളെ കൊന്നൊടുക്കുക എന്നത് ഇസ്‌ലാമിന്റെ ലക്ഷ്യമല്ല. ശത്രുക്കള്‍ ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നതോടെ അഥവാ ജിസ്‌യ ഒടുക്കാന്‍ സന്നദ്ധമാവുന്നതോടെ, യുദ്ധം അവസാനിക്കും. ശത്രുക്കളാണെങ്കില്‍ മുസ്‌ലിം സേനയെ മുച്ചൂടും നശിപ്പിക്കുകയോ ബന്ദികളാക്കുകയോ ചെയ്യുന്നതുവരെ യുദ്ധം ചെയ്യുകയായിരുന്നു അന്നത്തെ രീതി. 'ഹത്താ' (വരെ) എന്ന പദം കാലപരിധി കഴിയുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

(12) മക്കയിലെ ദുര്‍ബല വിഭാഗങ്ങളെ ഇസ്‌ലാം സ്വീകരിക്കാന്‍ സമ്മതിക്കാതിരുന്ന സത്യനിഷേധികളെ നിശിതമായി വിമര്‍ശിച്ച ഖുര്‍ആന്‍ സംവാദത്തിന് തയാറാകാന്‍ അവരോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയിരിക്കെ ഖുര്‍ആന്‍ സത്യനിഷേധികള്‍ക്ക് ആശയസ്വാതന്ത്ര്യം നിരാകരിച്ചു എന്നു മനസ്സിലാക്കാന്‍ കഴിയുമോ? അത് രണ്ടു താപ്പുകൊണ്ട് അളക്കലാവില്ലേ? ഒരേസമയം ആശയസംവാദത്തിന് ക്ഷണിക്കുക, മറുവശത്ത് യുദ്ധത്തിലൂടെ കൊന്നു തീര്‍ക്കാന്‍ ആഹ്വാനം ചെയ്യുക. ഇതുരണ്ടും എങ്ങനെയാണ് പൊരുത്തപ്പെടുക? ചുരുക്കത്തില്‍, മേല്‍ ഹദീസിന്റെ വിവക്ഷ ഇതാണ്: 'ബഹുദൈവ  വിശ്വാസികളെ ഉന്മൂലനം ചെയ്യുക എന്നത് എന്റെ ലക്ഷ്യമല്ല. കരാര്‍ ലംഘിച്ചുകൊണ്ട് യുദ്ധത്തിനു വരുന്ന ശത്രുക്കളോട് പോരാടാനാണ് ഞാന്‍ അല്ലാഹുവിനാല്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്.'

(13) നബി(സ) ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത് പ്രത്യേക സാഹചര്യത്തിലായിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്തവര്‍ സാഹചര്യം വിശദീകരിച്ചില്ലെന്നു മാത്രം. മുസ്‌ലിംകളെ ചതിപ്രയോഗം നടത്തിയശേഷം ഇസ്‌ലാം പ്രഖ്യാപിച്ച ഒരു ഗോത്രത്തിനെതിരെ നടപടികളൊന്നും എടുക്കേണ്ടതില്ലെന്ന് ചില മുസ്‌ലിംകള്‍ വാദിച്ചപ്പോള്‍ നബി(സ) അവരോട് താഴെ വിധം പറയുകയായിരുന്നു: 'കരാര്‍ ലംഘകരായ ഇവര്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ യുദ്ധം നിര്‍ത്തിവെക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചു എന്ന് അവര്‍ പറഞ്ഞാല്‍ തന്നെയും അവര്‍ക്കെതിരെ യുദ്ധമുണ്ടാവില്ല.' രണ്ടു ശഹാദത്ത് കലിമകള്‍ ഉച്ചരിച്ച ഒരാളെ കൊന്ന ഉസാമ(റ)യോട് ശഹാദത്ത് കലിമകള്‍ ഉച്ചരിച്ച ആളെ വധിച്ചുവോ? എന്ന് നബി(സ) നീരസം പ്രകടിപ്പിച്ചത് ഇത്തരമൊരു സംഭവമാണ്. അതായത്, സത്യനിഷേധികളായതുകൊണ്ട് ആളുകളെ യുദ്ധം ചെയ്ത് തുടച്ചുനീക്കണമെന്ന ധ്വനി ഈ ഹദീസിലില്ല.

(14) മേല്‍ ഹദീസ് വിധികളുടെ അടിസ്ഥാനം ആവിഷ്‌കരിക്കാനുള്ള സ്രോതസ്സല്ല. പ്രത്യുത, ഖുര്‍ആന്‍ സംക്ഷേപിച്ചു പറഞ്ഞതിനെ വിശദമായി മനസ്സിലാക്കാനുള്ള സ്രോതസ്സാണ്. ഹദീസിന്റെ പശ്ചാത്തലവും പ്രധാനമാണ്. പശ്ചാത്തലം മനസ്സിലാകാത്ത ഹദീസുകളെ ഖുര്‍ആന്‍ അടിസ്ഥാനമാക്കി വേണം വ്യാഖ്യാനിച്ച് മനസ്സിലാക്കാന്‍ എന്നത്രെ ഹദീസ് പണ്ഡിതന്മാരുടെ നിലപാട്.

(15) എല്ലാ സത്യനിഷേധികളെയും നിര്‍ബന്ധപൂര്‍വം ഇസ്‌ലാമിലേക്ക് കൊണ്ടുവരിക, അല്ലെങ്കില്‍ വധിച്ചുകളയുക എന്നതാണ് ഇസ്‌ലാമിന്റെ നിലപാടെങ്കില്‍ താഴെ സൂക്തങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുണ്ടാവുക: 'അവരെ കണ്ടുമുട്ടുന്നേടത്തു വെച്ച് നിങ്ങള്‍ അവരെ കൊന്നുകളയുക, അവര്‍ നിങ്ങളെ പുറത്താക്കിയേടത്തുനിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദനം കൊലയേക്കാള്‍ നിഷ്ഠുരമാകുന്നു- മസ്ജിദുല്‍ ഹറാമിനടുത്തു വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അവര്‍ നിങ്ങളോട് അവിടെവെച്ച് യുദ്ധം ചെയ്യുന്നതു വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്. സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം' (ബഖറ: 191), 'മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചു മാത്രമാണ്- അവരോട് മൈത്രി കാണിക്കുന്നത്- അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍' (മുംതഹന: 9), 'വേറെ ഒരു വിഭാഗത്തെയും നിങ്ങള്‍ കണ്ടെത്തിയേക്കും. നിങ്ങളില്‍നിന്ന് സ്വന്തം ജനതയില്‍നിന്നും ഒരുപോലെ സുരക്ഷിതരായി കഴിയാന്‍ അവര്‍ ആഗ്രഹിക്കുന്നു. കുഴപ്പത്തിലേക്ക് അവര്‍ തിരിച്ചു വിളിക്കപ്പെടുമ്പോഴെല്ലാം അവര്‍ തലകുത്തി വീഴുന്നു. എന്നാല്‍ അവര്‍ നിങ്ങളെ വിട്ട് ഒഴിഞ്ഞുനില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും, സ്വന്തം കൈകള്‍ അടക്കിവെക്കുകയും ചെയ്യാത്ത പക്ഷം അവരെ നിങ്ങള്‍ പിടികൂടുകയും അവരെ കണ്ടുമുട്ടുന്നേടത്തു വെച്ച് നിങ്ങള്‍ വധിക്കുകയും ചെയ്യുക. അത്തരക്കാര്‍ക്കെതിരെ നിങ്ങള്‍ വ്യക്തമായ നല്‍കിയിരിക്കുന്നു' (നിസാഅ്: 91).

(16) നബി(സ)യില്‍നിന്ന് മുതവാതിറായി (അനേക പരമ്പരകളിലൂടെ) ഉദ്ധരിക്കപ്പെട്ടതാണ് മേല്‍ഹദീസ്. പതിനഞ്ച് സ്വഹാബികള്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.8
അബൂഹുറൈറ, ഉമറുബ്‌നുല്‍ ഖത്ത്വാബ്, ജാബിറുബ്‌നു അബ്ദില്ല, ത്വാരിഖുബ്‌നു അശീം അല്‍ അശ്ജഈ, ഔസുബ്‌നു ഔസ് അസ്സഖഫീ, മുആദുബ്‌നു ജബല്‍, നുഅ്മാനുബ്‌നു ബശീര്‍ മുതല്‍ പതിനഞ്ചു പേര്‍ നബി(സ)യില്‍നിന്ന് നേരിട്ടുദ്ധരിച്ചു.9 ബുഖാരി, മുസ്‌ലിം എന്നിവര്‍ക്കു പുറമെ സുനനുകാരും അഹ്‌മദും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.10
التواتر يفيد القطعيّة في الثبوت
 - 'മുതവാതിറായ നിവേദന പരമ്പര ഹദീസിനെ ഖണ്ഡിതമായി സ്ഥിരപ്പെടുത്തും' എന്നാണ് ഹദീസ് നിദാനശാസ്ത്ര തത്ത്വം.

(17) നബി(സ)യുടെ കാലത്തോ അതിനുശേഷം ഇതുവരെയുമോ സത്യനിഷേധികളെയും ബഹുദൈവ വിശ്വാസികളെയും ഉന്മൂലനം ചെയ്യുക എന്ന നിലപാട് മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തെറ്റായ വിശ്വാസങ്ങളെയും വീക്ഷണങ്ങളെയും തെളിവുകള്‍ നിരത്തി തിരുത്തേണ്ടുന്ന തെറ്റുകളായാണ് ഇസ്‌ലാം മനസ്സിലാക്കുന്നത്. പ്രബോധനത്തിന് തടസ്സം നിന്ന ശത്രുക്കളെ പാഠം പഠിപ്പിക്കുക മാത്രമേ ഇസ്‌ലാം ചെയ്തിട്ടുള്ളൂ. ഇമാം ഇബ്‌നു തൈമിയ്യയുടെ വാക്കുകള്‍: 'നിയമാനുസൃത യുദ്ധത്തിന്റെ അടിസ്ഥാനം ജിഹാദാണ്. അതിന്റെ ലക്ഷ്യം ഇസ്‌ലാമിന്റെ വളര്‍ച്ചയും ഉയര്‍ച്ചയുമാണ്. അതിന് വിഘാതം നില്‍ക്കുന്നവര്‍ക്കെതിരെ പൊരുതണം. വിഘാതം നില്‍ക്കാത്ത സ്ത്രീകള്‍, കുട്ടികള്‍, പുരോഹിതന്മാര്‍, വൃദ്ധര്‍, അന്ധര്‍ പോലുള്ളവരെ വധിക്കാവതല്ല. ഇസ്‌ലാമിന്റെ പ്രചാരണത്തിനെതിരു നില്‍ക്കുന്നവര്‍ക്കെതിരിലാണ് ഇസ്‌ലാമിന്റെ പോരാട്ടം.'11

(18) ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: നബി(സ) ആരെയും ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ശത്രുതാ നയം സ്വീകരിച്ചവരോട് മാത്രം യുദ്ധം ചെയ്തു. സന്ധിയിലേര്‍പ്പെട്ടവരുമായി അതു തുടരുവോളം നല്ല ബന്ധം നിലനിര്‍ത്തി. 
فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْۚ
 - 'അവര്‍ നിങ്ങളോട് ശരിയായി  വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക' (തൗബ: 7) എന്നതായിരുന്നു പ്രവാചക നയവും നിലപാടും.
മദീനയില്‍ നബി(സ) യഹൂദികളുമായി കരാര്‍ ചെയ്തു. അവര്‍ കരാര്‍ ലംഘിച്ച് യുദ്ധം ചെയ്തപ്പോള്‍ തിരിച്ചടിക്കേണ്ടി വന്നു. ചിലരോട് ഔദാര്യം കാണിച്ചു, ചിലരെ നാടുകടത്തി, ചിലരോട് യുദ്ധം ചെയ്തു. പത്തുവര്‍ഷക്കാലത്തേക്ക് പ്രഖ്യാപിച്ച യുദ്ധമില്ലാക്കരാര്‍ ലംഘിക്കപ്പെട്ടപ്പോള്‍ മാത്രമാണ് അവര്‍ക്കെതിരെ നീക്കമുണ്ടായത്.12

നബി(സ)യുടെ സൈനിക പ്രതിരോധങ്ങള്‍ എത്രമാത്രം ജാഗ്രതയോടെയായിരുന്നു എന്നു മനസ്സിലാക്കാന്‍ താഴെ ഹദീസ് സഹായിക്കും. നബി(സ) സൈന്യത്തെ അയക്കുമ്പോള്‍ സേനാനായകനെയും സഹസേനാനികളെയും അല്ലാഹുവെ ഭയപ്പെടാന്‍ ഉപദേശിക്കുമായിരുന്നു....

اغْزُوا بسم الله في سبيل الله، قاتِلُوا مَن كَفَر بالله، اغْزُوا ولا تَغُلُّوا ولا تَغْدِروا ولا تُـمَثِّلُوا ولا تَقْتُلُوا وَلِيدًا، وإذا لَقِيتَ عَدُوَّك مِن المشركين فادْعُهم إلى ثلاث خِصال -أو خِلال-، فأيَّتُهُنَّ ما أجابوك فاقْبَلْ منهم وكُفَّ عنهم، ثم ادْعُهم إلى الإسلام فإن أجابوك فاقْبَلْ منهم. ثم ادْعُهم إلى التَّحَوُّل مِن دارهم إلى دار المهاجرين، وأَخْبِرْهم أنهم إن فَعَلُوا ذلك فلهم ما للمهاجرين وعليهم ما على المهاجرين، فإن أَبَوْا أن يَتَحَوَّلُوا منها فأَخْبِرْهم أنهم يكونون كأَعْرَاب المسلمين يَجْرِي عليهم حُكْمُ الله تعالى، ولا يكون لهم في الغَنِيمَة والفَيْء شيءٌ إلا أن يُجَاهِدُوا مع المسلمين، فإن هم أَبَوْا فاسْأَلْهم الجِزْيَةَ، فإن هم أجابوك فاقْبَلْ منهم وكُفَّ عنهم، فإن هم أَبَوْا فاستَعِن بالله وقَاتِلْهم. وإذا حاصَرْتَ أَهْلَ حِصْنٍ فأرادُوك أن تَجْعَلَ لهم ذِمَّةَ الله وذِمَّةَ نَبِيِّه، فلا تَجْعَلْ لهم ذِمَّةَ الله وذِمَّةَ نَبِيِّه، ولكن اجْعَلْ لهم ذِمَّتَك وذِمَّةَ أصحابك؛ فإنكم أن تُخْفِرُوا ذِمَمَكم وذِمَّةَ أصحابكم أَهْوَنُ مِن أن تُخْفِرُوا ذِمَّةَ الله وذِمَّةَ نَبِيِّه، وإذا حاصَرْتَ أَهْلَ حِصْنٍ فأرادُوك أن تُنْزِلَهم على حُكْم الله فلا تُنْزِلْهم، ولكن أَنْزِلْهم على حُكْمِك، فإنك لا تَدْرِي أَتُصِيبُ فيهم حُكْمَ الله أم لا”.
'നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുക. അല്ലാഹുവിനെ നിഷേധിച്ചവര്‍ക്കെതിരെ നിങ്ങള്‍ പോരാടുക. നിങ്ങള്‍ പോരാടുക, വഞ്ചിക്കരുത്, ചതിക്കരുത്, ചിത്രവധം ചെയ്യരുത്, കുട്ടികളെ വധിക്കരുത്. ബഹുദൈവ വിശ്വാസികളായ ശത്രുക്കളെ കണ്ടുമുട്ടിയാല്‍ അവരെ മൂന്നു കാര്യങ്ങളിലേക്ക് ക്ഷണിക്കുക. അവയില്‍ ഏതെങ്കിലുമൊന്നിന് അവര്‍ ഉത്തരം നല്‍കിയാല്‍ അത് സ്വീകരിക്കുക. വധം ഒഴിവാക്കുക, ശേഷം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. ഇസ്‌ലാം സ്വീകരിക്കാന്‍ തയാറായാല്‍ അത് അംഗീകരിക്കുക. ശേഷം അവരോട് അവരുടെ ദേശത്തുനിന്ന് മുഹാജിറുകളുടെ ദേശത്തേക്ക് മാറിത്താമസിക്കാന്‍ പറയുക. അങ്ങനെ മാറിത്താമസിച്ചാല്‍ അവര്‍ക്ക് മുഹാജിറുകളുടെ ബാധ്യതകളും അവകാശങ്ങളും ഉണ്ടായിരിക്കും. മാറിത്താമസിക്കാന്‍ വിസമ്മതിച്ചാല്‍ അവര്‍ക്ക് മുസ്‌ലിംകളിലെ അപരിഷ്‌കൃത അറബികളുടെ അവസ്ഥയായിരിക്കും പരിഗണിക്കപ്പെടുക. അല്ലാഹുവിന്റെ വിധിയാണവരില്‍ നടത്തപ്പെടുക. മുസ് ലിംകള്‍ക്കൊപ്പം ജിഹാദ് ചെയ്താല്‍ മാത്രമേ അവര്‍ക്ക് സമരാര്‍ജിതമായും സമര രഹിതമായും ലഭിക്കുന്ന സ്വത്തുക്കളില്‍നിന്ന് വിഹിതം ലഭിക്കുകയുള്ളൂ. അതിന് അവര്‍ വിസമ്മതിച്ചാല്‍ അവരോട് ജിസ്‌യ (കപ്പം) ചോദിക്കുക. അതിന് അവര്‍ ഉത്തരം നല്‍കിയാല്‍ അവരില്‍നിന്ന് അത് സ്വീകരിക്കുക. യുദ്ധം നിര്‍ത്തിവെക്കുക. ഇസ്‌ലാം സ്വീകരിക്കാതെ കപ്പം നല്‍കുന്നതിന് അവര്‍ വിസമ്മതിച്ചാല്‍ അല്ലാഹുവോട് സഹായം തേടിയ ശേഷം അവരോട് പോരാടുക.....' (മുസ്‌ലിം).

ഇസ്‌ലാമിന്റെ പ്രചാരണത്തിനും വ്യാപനത്തിനും വിഘ്‌നം നില്‍ക്കുന്നവരുടെ നേരെ സ്വീകരിക്കേണ്ട ക്രമപ്രവൃദ്ധവും അതീവസൂക്ഷ്മതയോടെയുള്ളതുമായ നടപടികളാണ് മേല്‍ ഹദീസില്‍ വിവരിച്ചിരിക്കുന്നത്.

മുസ്‌ലിംകളുമായി ഇടപഴകാനും ഖുര്‍ആന്‍ കേള്‍ക്കാനും അനുഷ്ഠാനങ്ങള്‍ കണ്ടുപഠിക്കാനുമാണ് നവ മുസ്‌ലിംകളോട് മുഹാജിറുകള്‍ കഴിയുന്നേടത്ത് താമസിക്കാന്‍ നിര്‍ദേശിച്ചത്.

(19) 'അവരുടെ വിചാരണ അല്ലാഹുവിങ്കലായിരിക്കും' എന്ന ഹദീസിലെ ഭാഗം, ശത്രുക്കള്‍ സൈനിക അടിയറവിന് തയാറായാല്‍ യുദ്ധം നിര്‍ത്തിവെക്കും. രക്ഷപ്പെടാനായി കപടമായി വഴങ്ങിയതാണെങ്കിലും പിന്നീടുള്ളതെല്ലാം അല്ലാഹുവിന് വിട്ടുകൊടുക്കുക എന്നതാണ് രീതി. അത്തൗബ അധ്യായം 5-13 വരെയുള്ള സൂക്തങ്ങള്‍ ഇറങ്ങുന്നതിനു മുമ്പും ശേഷവും നബി(സ), യുദ്ധത്തിനൊരുമ്പെടാത്ത ഏതെങ്കിലും സമൂഹത്തിനെതിരെ യുദ്ധം ചെയ്ത ഒരു സംഭവം പോലും ഉദ്ധരിക്കാനാവില്ല. ദുര്‍ബലരായ ചില വിഗ്രഹാരാധക ഗോത്രങ്ങള്‍ മദീനക്കടുത്ത് താമസിച്ചിരുന്നുവെങ്കിലും ഇത്തരം ഒരു നടപടി നബി(സ)യുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. യുദ്ധസാഹചര്യത്തില്‍ പരിധിവിടുക എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിനു വരാത്തവരെയും വധിക്കലാണെന്ന് ഉമറുബ്‌നു അബ്ദില്‍ അസീസ്, യഹ്‌യബ്‌നു യഹ്‌യല്‍ ഹസ്സാനിയുടെ കത്തിനു മറുപടി നല്‍കിയതും ഇതിനോട് ചേര്‍ത്തു വായിക്കാം.

(20) മക്കാവിജയവേളയില്‍ സ്വന്തം വീടുകളിലോ മസ്ജിദുല്‍ ഹറാമിലോ അബൂസുഫ്‌യാന്റെ വീട്ടിലോ പ്രവേശിച്ചവര്‍ക്ക് അഭയമുണ്ടെന്ന പ്രഖ്യാപനം പോരാട്ടമുഖമുള്ള നബി(സ)യുടെ കാരുണ്യത്തിന്റെ ഭാഗമായിരുന്നു. തന്നെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും നില്‍ക്കപ്പൊറുതിയില്ലാതെ ജീവിതം ദുസ്സഹമാക്കുകയും ചെയ്തവരെ ഒന്നും പകരം ഈടാക്കാതെ വിട്ടയക്കുകയാണുണ്ടായത്. തന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് ഒരിക്കല്‍ അവിടുന്ന് പ്രസ്താവിച്ചത് ഇങ്ങനെയാണ്:
تألفو الناس وتأنّوا بهم ولا تغيروا عليهم حتى تدعوهم فما على الأرض من اهل بيت ولا وبر الّا أن تأتوني بهم مسلمين أحبّ اليّ من أن تأتوني بنسائهم وأولادهم وتقتلوا رجالهم
'നിങ്ങള്‍ ജനങ്ങളുമായി ഇണങ്ങിപ്പെരുമാറുക, അവരോട് അവധാനതയോടെ പെരുമാറുക, നിങ്ങള്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതുവരെ അവരെ അക്രമിക്കരുത്. ഭൂമിയിലെ ഏതുതരം വീടുകളില്‍ കഴിയുന്നവരെയും മുസ്‌ലിംകളായി എന്റെ അടുത്ത് കൊണ്ടുവരുന്നതാണ്, അവരിലെ സ്ത്രീകളെയും കുട്ടികളെയും എന്റെ മുമ്പില്‍ ഹാജരാക്കുന്നതിനേക്കാളും അവരുടെ പുരുഷന്മാരെ കൊല്ലുന്നതിനേക്കാളും ഞാന്‍ ഇഷ്ടപ്പെടുന്നത്' (അബൂനുഐം).

യഥാര്‍ഥത്തില്‍ മേല്‍ ഹദീസ് ബഖറ 190, തൗബ: 5,13 എന്നിവയുടെ പ്രായോഗിക വിശദീകരണമാണ്. അഥവാ, ഇങ്ങോട്ട് പോരാടിയാല്‍ മാത്രം പോരാടാനുള്ള നിര്‍ദേശം. പോരാടാന്‍ വരാത്തവരോടുള്ള നിലപാട് എന്താവണമെന്ന് തൗബ 6-ല്‍ വിശദീകരിച്ചിട്ടുണ്ട്:
وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ
'ബഹുദൈവ വിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന് അഭയം നല്‍കുക. എന്നിട്ട് അവന് സുരക്ഷിതത്വമുള്ള സ്ഥലനത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടാണത്.'

കുറിപ്പുകള്‍
1. فتح الباري 1/77
2. Dr. Carmer Pagli, Jihad and the Islamic Law of war and Peace in Islam P: 56-76
(2. R. Bulliet, The Patri ciance of Nishapoor, Cambridge, Harvad University Press 1972 and islam the view from the Edge, New york Columbia University Press 1994)
4. مجموع فتاوى ابن تيميّة 19/20
5. المصباح المنير 1/304
6. إحكام الأحكام 2/219
7. مانقله البيهقي عن الشافعي
8. التنوير شرح الجامع الصّغير 3/244
9. مجمع الزّوائد 1/24-26
10. السلسلة الصحيحة 1/691
11. السياسة الشرعيّة ص: 99
12. هداية الحياري في أجوبة اليهود والنصارى 1/238

റഫറന്‍സ്
1. كيف يفسّر الحديث ، اذا تعارض مع القرآن؟
Echoroukonline.com
2. لا تعارض بين السنّة الصّحيحة والقرآن الكريم
islamweb.net
3. سلسلة الرّدّ المجمل على الطاعنين في أحاديث صحيح البخاري (6)
4. سلسلة أخطاء شائعة Facebook
5. دفع الشبهات عن حديث أمرت ......
Salaf Centre
علاء إبراهيم عبد الرحيم
6. www.elbalad.news
7. حديث أمرت أن أقاتل.......
Hes press
8. azhar graduates.org
مفاهيم مغلوطة - شرح حديث أمرت أن .......
9. islam Syria.com
رفع الإشتباه عن مشكل حديث أمرت ......
10. فصل في تفسير حديث أمرت ......
www.ibn mahmoud.com
11. الرّدّ على شبهة أمرت أن أقاتل .......
مدوّنة التاعب

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top