'ഏക വ്യക്തി നിവേദന'ത്തിന്റെ സ്വീകാര്യത

എന്‍.കെ അബ്ദുല്‍ ഖാദിര്‍ മൗലവി‌‌
img

നമ്മുടെ നിത്യജീവിതത്തിലെ പ്രായോഗിക രംഗം 99 ശതമാനവും ഒരാളുടെ മാത്രം റിപ്പോര്‍ട്ടുകളെ ആസ്പദിച്ചാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് കാണാം. അതും മിക്കപ്പോഴും റിപ്പോര്‍ട്ടര്‍മാരുടെ ധാര്‍മിക-സദാചാര സ്വഭാവങ്ങളോ സത്യസന്ധത, നീതിബോധം, ദൈവഭക്തി തുടങ്ങിയ ഗുണങ്ങളോ പരിഗണിക്കാറുമില്ല. നീണ്ട ഒരു യാത്രക്കുവേണ്ടി ഇറങ്ങിത്തിരിച്ചവനോട് വഴിമധ്യേ, 'ബസ്സ് തൊഴിലാളികള്‍ ഇന്ന് മുതല്‍ സമരത്തിലാണെന്ന കഥ അറിഞ്ഞില്ലേ' എന്നൊരാള്‍ പറഞ്ഞാല്‍ അത് കേട്ടമാത്രയില്‍ സംഗതി ശരിയായിരിക്കാമെന്ന ധാരണയോടെ അദ്ദേഹം വീട്ടിലേക്ക് തിരിക്കും. ബസ്സുകള്‍ ഓടാന്‍ തുടങ്ങി, സമരം ഒത്തുതീര്‍പ്പായി എന്ന് മറ്റൊരാള്‍ പറഞ്ഞുകേട്ടാല്‍ യാത്ര നിര്‍ത്തിവെച്ചവരെല്ലാം അതിന്നൊരുങ്ങുകയുമായി. കയറ്റുമതി വ്യവസായിയായ ഒരു വ്യക്തിക്ക് തന്റെ ചരക്കുകള്‍ കയറ്റിയയക്കാന്‍, താനുമായി ഇടപാട് നടത്താന്‍ സന്നദ്ധനായ ഒരു വ്യക്തിയുടെ വിദേശത്തു നിന്നുള്ള ഫോണ്‍ ലഭിച്ചാല്‍ ലക്ഷക്കണക്കില്‍ രൂപയുടെ ചരക്കുകള്‍ ഉടന്‍ അയാള്‍ കയറ്റിയയക്കുന്നു. ഇന്ന തീയതിക്ക് ഇത്ര മണിക്ക് 'ഞാന്‍ പുറപ്പെടുന്നു'വെന്ന വാര്‍ത്ത ഫോണ്‍മുഖേന വിദേശത്തുനിന്ന് ഒരു സഹോദരന്‍ അറിയിക്കുമ്പോഴും അയാളെ സ്വീകരിക്കാന്‍ കാറുമായിച്ചെന്ന് വിമാനത്താവളത്തില്‍ നാം അക്ഷമയോടെ കാത്തിരിക്കുന്നു. ജീവിതായോധനത്തിലെ ഇത്തരം നൂറുനൂറു രംഗങ്ങളില്‍ ഏക വ്യക്തിയുടെ അറിയിപ്പുകളും റിപ്പോര്‍ട്ടുകളും മാത്രം അവലംബിക്കുന്നത് നമ്മുടെ നിത്യാനുഭവങ്ങളാണല്ലോ. ഇവയൊന്നും 'ഖബര്‍ വാഹിദാ'യിപ്പോയി; 'അസീസാ'യില്ല എന്ന കാരണത്താല്‍ ആരും തള്ളിക്കളയാറില്ല. അഥവാ ബസ്സോടാത്ത വാര്‍ത്തയും ബസ്സോടാന്‍ തുടങ്ങിയ വാര്‍ത്തയും മറ്റും രണ്ടാളൊന്നിച്ച് പറഞ്ഞില്ല;  രണ്ടാളൊന്നിച്ച് ഫോണ്‍ ചെയ്തിട്ടുമില്ല; അതിനാല്‍ ഉറപ്പ് ലഭിച്ചിട്ടില്ല എന്ന കാരണങ്ങളാല്‍ ആരും അവഗണിക്കാറില്ല, കേവലം ഊഹങ്ങളെ മാത്രം അടിസ്ഥാനമാക്കി ജീവിത ഇടപാടുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ധാരാളം ഉദാഹരണങ്ങള്‍ കാണാം. ദൃഢമായ ഉറപ്പു ലഭിച്ചാല്‍ മാത്രമേ എന്തും പ്രവര്‍ത്തിക്കൂവെന്ന് വാശിയുള്ളവര്‍ക്ക് ഇവിടെ ഒന്നും ചെയ്യാനാവില്ല.

ഏത് ഗള്‍ഫ് സഹോദരനെ സ്വീകരിക്കാനാണോ ഭീമമായ സംഖ്യ ചെലവഴിച്ച്, കാറും പിടിച്ച്, സാഹസപ്പെട്ട് നീണ്ട യാത്രക്കു ശേഷം വിമാനത്താവളത്തില്‍ നിങ്ങള്‍ കാത്തിരുന്നത്, അയാള്‍ ഫോണ്‍ മുഖേന അറിയിച്ച കൃത്യസമയത്തു തന്നെ എത്തുമെന്നതിനു എന്തുറപ്പ്? ആ വ്യക്തിക്ക് യാദൃഛികമായി ഉണ്ടായേക്കാവുന്ന ഏതോ പ്രതിബന്ധത്താല്‍ യാത്രാ പരിപാടി നീട്ടിവെക്കാന്‍ സാധ്യതയില്ലേ? അല്ലെങ്കില്‍, ഗള്‍ഫില്‍നിന്ന് പുറപ്പെടേണ്ട വിമാനത്തിന് എന്തോ തകരാര്‍ സംഭവിക്കുകയാല്‍ അന്നത്തെ യാത്ര മുടങ്ങിക്കൂടെന്നുണ്ടോ? അതുമല്ലെങ്കില്‍, നിങ്ങള്‍ കാത്തിരിക്കുന്ന വ്യക്തി പെട്ടെന്ന് മരിച്ചുകൂടെന്നുണ്ടോ? അതും പോകട്ടെ, വിമാനം യാത്രാമധ്യേ തകര്‍ന്നുപോകില്ലെന്നാരു കണ്ടു? ഇങ്ങനെ നൂറുനൂറു സാധ്യതകള്‍ ഉള്ളപ്പോള്‍ ഉദ്ദിഷ്ട വ്യക്തി നിശ്ചിത സമയത്ത് എത്താനുള്ള സാധ്യത എത്ര വിരളം!

ഇതൊക്കെ ഐഹിക കാര്യങ്ങളാണ്; മതകാര്യങ്ങളില്‍ ഇതൊന്നും പോരെന്നാണ് വാദമെങ്കില്‍ അവരോടൊന്ന് പറഞ്ഞുകൊള്ളട്ടെ: ശരി, മതകാര്യം ഗൗരവതരം തന്നെ. അതുകൊണ്ടു തന്നെയാണ്, നിഷ്പക്ഷമതികളെ, റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന, അല്ല, നിര്‍ബന്ധിക്കുന്ന ഒട്ടേറെ ഉപാധികളും ഗുണവിശേഷങ്ങളും റിപ്പോര്‍ട്ടര്‍മാരില്‍ ഉണ്ടായിരിക്കണമെന്ന് പണ്ഡിതലോകം മുമ്പേ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ലോകം കണ്ടതില്‍ വെച്ചേറ്റവും മഹത്തരവും നിസ്തുലവുമായ ഉപാധികളാണവ.

ഹദീസ് സ്വീകരിക്കാനുള്ള ഉപാധികള്‍
ഹദീസിന്റെ പരമ്പര എവിടെയും അറ്റുപോകാതെ പരസ്പരം ബന്ധപ്പെട്ടിരിക്കുക, കേട്ടവര്‍ കേട്ടവരില്‍നിന്നുമാത്രം റിപ്പോര്‍ട്ട് ചെയ്യുക, സത്യസന്ധനും ദൈവഭക്തനുമായിരിക്കുക, കൂടാതെ തന്റെ നേര്‍ക്കു നേരെയുള്ള ഗുരുവിനെ വിട്ട് മറ്റൊരാളെ ഗുരുവായി സ്വീകരിച്ചുകൊണ്ട് ഒളിച്ചുകളി നടത്തുന്നവനോ (مدلّس) ഓര്‍മക്കുറവ് നിമിത്തമോ പ്രായാധിക്യം കൊണ്ടോ ഊഹത്തെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് ചെയ്യുന്നവനോ ആകാതിരിക്കുക; മാത്രമല്ല, നീതിമാന്‍ എന്ന് വിശേഷിപ്പിക്കാന്‍ അവശ്യമായ സല്‍ഗുണങ്ങള്‍ മുറുകെ പിടിച്ചവനും മതദൃഷ്ട്യാ നിരോധിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും വര്‍ജിക്കുന്നവനുമായിരിക്കുക, റിപ്പോര്‍ട്ടര്‍ മനഃപാഠത്തെ അവലംബിക്കുന്നവനാണെങ്കില്‍ താനുദ്ദേശിക്കുന്ന ഏതവസരത്തിലും അത് അവതരിപ്പിക്കാന്‍ സാധിക്കും വിധം തന്റെ ഗുരുവില്‍നിന്ന് കേട്ടതിനെ മനസ്സില്‍ ഉറപ്പിച്ചുവെക്കുന്നവനായിരിക്കുക, (മറിച്ച്) റിപ്പോര്‍ട്ടിന് അവലംബം ഗ്രന്ഥമാണെങ്കില്‍ അതിന്റെ ഉള്ളടക്കം ഗുരുവില്‍നിന്ന് കേട്ടതു പ്രകാരം തെറ്റു കൂടാതെ രേഖപ്പെടുത്തപ്പെട്ടതും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതുവരെ അത് ഭദ്രമായി സൂക്ഷിക്കപ്പെട്ടതുമായിരിക്കുക, സര്‍വോപരി ഓര്‍മശക്തി, നിഷ്‌കളങ്കത, ശുദ്ധമനസ്‌കത, ആദര്‍ശ ശുദ്ധി തുടങ്ങിയ ഒട്ടേറെ ഗുണങ്ങളും ഹദീസ് നിവേദകരില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കുക എന്നീ ഉപാധികള്‍ നിര്‍ണയിച്ചത്.

شَرْطُ الصَّحِيحِ اَنْ يَكُونَ اِسْنَادُهُ مُتَّصِلًا وَاَنْ يَكُونَ رَاويه مُسْلِمًا صَادِقًا غَيْرَ مُدَلّسٍ وَلا مُخْتَلِطٍ مُتَّصِفًا بِصِفاَتِ الْعَدالة ضَابِطا مُتَحَفِّظَا سَلِيم الذّهْنِ قَلِيل الوَهْمِ سَلِيمَ الإِعْتِقَادِ (1)
وَالمُرادُ بِالْعَدْلِ مَنء له مَلَكَةٌ تَحْمِلُهُ عَلى مُلازَمَة التَّقْوى وَالمُرُوئَة والمُرَادُ بِالتَّقْوَى اِجْتِنابُ الأعْمَال السّيّئَةِ .............. وَالضَّبْطُ ضَبْطُ صَدْرٍ وَهُوَ أنْ بُثْبِتَ مَا سَمِعَهُ بِحَيْثُ يَتَمَكَّنُ منِ اسْتِحْضَارِهِ مَتى شَآءَ وضَبْطُ كِتَابٍ وَهُوَ صِيانَتُهُ لَدَيْهِ مُنْذُ سَمِعَ فِيهِ وَصحَّحَهُ اِلَى اَنْ يُؤَدّى مِنْهُ (2)

ബുഖാരി(റ)യുടെ അടുക്കല്‍ ഒരു ഹദീസ് സ്വീകാര്യമാകാനുള്ള സാമാന്യ ഉപാധികളാണവ. ആറു ലക്ഷം ഹദീസുകളില്‍നിന്ന് സത്തെടുത്ത നാലായിരം-ആവര്‍ത്തനം ഒഴിവാക്കിക്കൊണ്ട്- ഹദീസുകളുടെ സമാഹാരമാണ് അദ്ദേഹത്തിന്റെ  
الجامع الصحيح المسند من حديث رسول الله صلعم وسننه وايامه 

എന്ന മഹല്‍ഗ്രന്ഥം.

മുഹദ്ദിസുകളുടെ സൂക്ഷ്മത
'കുളിച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ച ശേഷമല്ലാതെ ഒരു ഹദീസും ഞാന്‍ ഈ ഗ്രന്ഥത്തില്‍ എഴുതിയിട്ടില്ല' എന്ന് ഇമാം ബുഖാരി(റ) പറഞ്ഞത് മുഖദ്ദിമത്തു ഫത്ഹില്‍ ബാരി രേഖപ്പെടുത്തുന്നു. ബുഖാരി(റ) തന്റെ ഗ്രന്ഥത്തിലെ പിഴവ് തീര്‍ത്ത് പകര്‍പ്പെഴുതിയത് നബി(സ)യുടെ ഖബ്‌റിനും മിമ്പറിനും മധ്യത്തില്‍ വെച്ചാണെന്നും, അതും ഓരോ അധ്യായവും ഈരണ്ട് റക്അത്തുകള്‍ നമസ്‌കരിച്ച ശേഷമാണ് എഴുതിയതെന്നും ധാരാളം പണ്ഡിതന്മാര്‍ പറഞ്ഞത് പ്രസ്തുത മുഖദ്ദിമയില്‍തന്നെ കാണാം. മാത്രമല്ല, തന്റെ ഈ ഗ്രന്ഥം താന്‍ തയാറാക്കിയ ശേഷം അഹ്‌മദുബ്‌നു ഹമ്പല്‍, യഹ്‌യബ്‌നു മഈന്‍, അലിയ്യുബ്‌നുല്‍ മദീനി എന്നീ സുപ്രസിദ്ധ നിരൂപകരെല്ലാവരും ഗ്രന്ഥത്തെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. നാല് ഹദീസുകളൊഴിച്ച് മറ്റെല്ലാം സ്വീകാര്യമാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഈ നാല് ഹദീസുകളും സ്വീകാര്യമാണെന്ന ബുഖാരിയുടെ അഭിപ്രായമാണ് ശരിയെന്ന് ഇബ്‌നു ഹജര്‍ അസ്ഖലാനി(റ) അദ്ദേഹത്തിന്റെ 'ഫത്ഹുല്‍ ബാരി'യില്‍ പ്രസ്താവിച്ചത് ശ്രദ്ധാര്‍ഹമത്രെ.
ഇന്ന ശിഷ്യന്‍ ഇന്ന ഗുരുവില്‍നിന്ന് റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്ന ശൈലി (അഥവാعنعَنة ) (ഉദാ: 
حَدَّثَنَا قتيْبَةُ حدثنا اللَّيْثُ عن ابن شهاب
 തന്റെ ഗ്രന്ഥത്തില്‍ ബുഖാരി (റ) അവലംബിക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും കേവലം സമകാലീനരായാല്‍ മാത്രം പോരാ, മറിച്ച് അവര്‍ പരസ്പരം ഒരിടത്ത് ഒന്നിച്ചിട്ടുണ്ടെന്നുകൂടി ബോധ്യപ്പെട്ടാല്‍ മാത്രമേ അത് അദ്ദേഹം അംഗീകരിക്കുകയുള്ളൂ. ഈ വ്യവസ്ഥ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ വളരെ കണിശമായിത്തന്നെ അദ്ദേഹം പാലിച്ചിട്ടുമുണ്ട്. ഇത് മേലുദ്ധരിച്ച ഉപാധികള്‍ക്കു പുറമെയാണെന്നോര്‍ക്കണം.
ആകയാല്‍ ബുഖാരി(റ) തന്റെ ഈ ഗ്രന്ഥത്തില്‍ സമാഹരിച്ച ഹദീസുകളുടെ അതുല്യമായ നിബന്ധനകളിലും അങ്ങേയറ്റത്തെ സൂക്ഷ്മതയിലും മറ്റെല്ലാവരെയും കവച്ചുവെച്ചിട്ടുണ്ടെന്നത് അനിഷേധ്യ യാഥാര്‍ഥ്യമത്രെ. അതുകൊണ്ടുതന്നെ അതൊരു അതുല്യഗ്രന്ഥവുമാണ്. ഈ പരമസത്യം മുസ്‌ലിം ലോകം അംഗീകരിച്ചിട്ടുമുണ്ട്. ബുഖാരി(റ) മാത്രമല്ല ഹദീസ് ശേഖരണത്തില്‍ തങ്ങളുടെ വിലപ്പെട്ട ജീവിതകാലം മുഴുവനും വിനിയോഗിച്ച മുസ്‌ലിം (റ) തുടങ്ങിയ മറ്റു പണ്ഡിതന്മാരും ഹദീസ് നിവേദനം ചെയ്യുന്ന വിഷയത്തില്‍ ഒട്ടധികം നിബന്ധനകളും വ്യവസ്ഥകളും പാലിച്ചവരത്രെ. ആരെങ്കിലും എന്തെങ്കിലും ഉരുവിടുമ്പോഴേക്കും അതപ്പാടെ വിഴുങ്ങുന്ന സ്വഭാവം ഈ മഹാത്മാക്കളാരും സ്വീകരിച്ചിട്ടില്ല. കാരണം, ദീനിന്റെ കാര്യമാണെന്ന ഭാരിച്ച ഉത്തരവാദിത്വബോധം അവര്‍ക്ക് നല്ലപോലെ ഉണ്ടായിരുന്നു. 'കേള്‍ക്കുന്നതെന്തും റിപ്പോര്‍ട്ട് ചെയ്യുന്ന നയം തന്നെ മതി ഒരുവനെ പാപിയാക്കി മാറ്റാന്‍' 
(كفى بالمرء أن يُحدِّث بكل ما سمع)
  എന്ന നബി(സ)യുടെ ഗൗരവതരമായ താക്കീത് ഈ പണ്ഡിതന്മാരെ എല്ലാവരെയും കടിഞ്ഞാണിട്ട് നിയന്ത്രിച്ചിരുന്നു. അത്രത്തോളം പക്വമതികളും സൂക്ഷ്മാലുക്കളും ഭക്തരും നാളത്തെ ദൈവിക കോടതിയെ അഭിമുഖീകരിക്കേണ്ടവരാണ് തങ്ങളെന്ന യാഥാര്‍ഥ്യബോധമുള്ളവരുമായിരുന്നു അവര്‍. എന്തിനധികം തന്റെ ഗുരു ഗ്രന്ഥം പാരായണം ചെയ്യുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മശക്തിയില്‍ സംശയിച്ചുകൊണ്ട്, അദ്ദേഹത്തില്‍നിന്ന് ഹദീസ് നിവേദനം ഉപേക്ഷിച്ചവര്‍ പോലും നിവേദകരുടെ കൂട്ടത്തിലുണ്ട്. എങ്കില്‍ ഈ രംഗത്ത് അവരുടെ സൂക്ഷ്മത എത്രമാത്രമുണ്ടായിരുന്നുവെന്ന് ബുദ്ധിയുള്ളവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. 'മസ്ഊദി' എന്ന മഹാപണ്ഡിതന്‍ ഹദീസ് ഗ്രന്ഥം നോക്കി വായിക്കുന്നതു കണ്ടപ്പോള്‍ മുആദുബ്‌നു മുആദുല്‍ അമ്പരീ അദ്ദേഹത്തില്‍നിന്ന് നിവേദനം ഉപേക്ഷിച്ചത് ഇതിന്ന് മകുടോദാഹരണമത്രെ.

ആകയാല്‍ റിപ്പോര്‍ട്ടര്‍മാരുടെ നാട്, അവരുടെയും പിതാക്കളുടെയും പിതാമഹന്മാരുടെയും പേരുകള്‍, അവരുടെ വിശ്വസ്തത, ദൈവഭക്തി, നീതിബോധം, ധാര്‍മിക-സദാചാര നിലവാരങ്ങള്‍, സൂക്ഷ്മത, വിദ്യാഭ്യാസം, പ്രായം, ഓര്‍മശക്തി, തങ്ങളുടെ ഗുരുനാഥന്മാരുമായുള്ള അവരുടെ സമ്പര്‍ക്കം, അതിന്റെ ഏറ്റക്കുറവുകള്‍, അവര്‍ പരസ്പരം ഒന്നിക്കാനുള്ള സാധ്യത തുടങ്ങി റിപ്പോര്‍ട്ടര്‍മാരെ സംബന്ധിച്ച നാനാവിധ ചരിത്രങ്ങളും പഠിക്കാന്‍ ഹദീസ് നിവേദനത്തിനും ശേഖരണത്തിനും വേണ്ടി ഇറങ്ങിത്തിരിച്ച നിഷ്‌കളങ്കരായ മഹാത്മാക്കള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അതിന്റെ ഫലമായി അതുല്യമായൊരു കല-ഹദീസ് റിപ്പോര്‍ട്ടര്‍മാരെ സംബന്ധിച്ച ചരിത്ര സമ്പത്ത്-ലോകത്തിന് കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചു. തങ്ങളുടെ മതത്തെ സംബന്ധിച്ച്, മുസ്‌ലിംകളെപ്പോലെ സൂക്ഷ്മാലുക്കള്‍ ഈ ഭൂഗോളത്തില്‍ മറ്റാരുമില്ലാത്തതിനാല്‍ ഇതര മതക്കാര്‍ക്ക് കൈവരിക്കാന്‍ സാധിക്കാത്ത ഒരു നേട്ടവുമാണിത്.
'താങ്കളുടെ പേരും പ്രശസ്തിയും നാം ഉയര്‍ത്തിപ്പിടിക്കും' 

(وَرَفَعْنَا لَكَ ذِكرَكَ)
 എന്ന് അല്ലാഹു മുഹമ്മദ് നബിയോട് ചെയ്ത വാഗ്ദത്തം സാക്ഷാല്‍ക്കരിക്കപ്പെടാന്‍ നബിയുടെ ജീവചരിത്രവും അദ്ദേഹത്തെ സംബന്ധിച്ച പരാമര്‍ശങ്ങളും അന്ത്യനാള്‍ വരെ നിലനില്‍ക്കാന്‍ ഈ ആസൂത്രിത പരിപാടി (ഹദീസ് ക്രോഡീകരണം) ഒരു അനിവാര്യ സംരംഭമായിരുന്നു. അതുകൊണ്ടുതന്നെ അന്ത്യപ്രവാചകന്റെ മഹദ് വ്യക്തിത്വം ലോകത്ത് നിലനിര്‍ത്താന്‍ ശ്രമിച്ച ബുഖാരി(റ), മുസ്‌ലിം(റ) എന്നീ മഹാന്മാരെപ്പോലുള്ള പണ്ഡിത ശിരോമണികള്‍ മരിച്ചാലും മരിക്കാതെ ലോകത്ത് എന്നെന്നും നിലനില്‍ക്കുന്നു. നിലനില്‍ക്കേണ്ടതുണ്ട്.

മുസ്‌ലിം ലോകത്തിന്റെ അഭിമാനസ്തംഭമായി എന്നെന്നും ഉയര്‍ന്നുനില്‍ക്കുന്ന ഈ കലയെക്കുറിച്ച് ഡോ. സ്‌പ്രെഞ്ചര്‍ (sprenger) പറഞ്ഞത് എത്ര ശ്രദ്ധേയം!
اَلَا صابة في اَحْوَالِ الصّحاَبَةِ
 എന്ന ഇബ്‌നുഹജര്‍ അസ്ഖലാനി(റ)യുടെ ഗ്രന്ഥത്തിന് താനെഴുതിയ ഇംഗ്ലീഷ് മുഖവുരയില്‍ അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായം അബുല്‍ ഹസന്‍ അലി നദ്‌വി ഇപ്രകാരം ഉദ്ധരിക്കുന്നു: 
لَمْ تُعرَف أمَّةُ فى التَّارِيخِ وَلاَ توجد الآنَ عَلَى ظَهْرِ الارْضِ وُفِّقَتْ لإخْتِرَاعِ فَنٍّ مِثْلَ  فَنِّ اَسْمَاءِ الرِّجَالِ الَّذي نَسْتَطِيعُ بِفَضْلِهِ اَنْ نَقفَ عَلَى تَرْجُمَةِ خَمْسِ مِأَةِ اَلْفٍ (نصف مليون) مِن الرِّجَالِ
'അഞ്ചു ലക്ഷം (അര മില്യന്‍) മഹാത്മാക്കളുടെ ചരിത്രം മനസ്സിലാക്കാന്‍ നമ്മെ അനുഗ്രഹിച്ച ഹദീസ് നിവേദകരുടെ ചരിത്രകലക്ക് തുല്യമായൊരു കല ആവിഷ്‌കരിക്കാന്‍ സൗഭാഗ്യം സിദ്ധിച്ച മുസ് ലിംകളെപ്പോലെ മറ്റൊരു സമുദായം ലോകചരിത്രത്തില്‍ ഇന്നോളം അറിയപ്പെട്ടിട്ടില്ല.'3

ഹദീസ് ശേഖരിച്ച ഈ പണ്ഡിതന്മാര്‍ തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ കേവലം പരിചയപ്പെടുത്തുക മാത്രമല്ല, മറിച്ച് അവരെ സംബന്ധിച്ച നാനാവിധ ചരിത്രങ്ങളും രേഖപ്പെടുത്തുന്നതില്‍ തികഞ്ഞ സത്യസന്ധത കൈക്കൊള്ളുകകൂടി ചെയ്തിട്ടുണ്ട്. ഈ രംഗത്ത് യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിക്കുന്ന നയം അശേഷം അവര്‍ സ്വീകരിച്ചിട്ടില്ല. എത്ര ഉയര്‍ന്ന നേതാവായാലും അയാളുടെ ചരിത്രത്തിലെ കറുത്ത പുള്ളികള്‍ രേഖപ്പെടുത്താന്‍ അവര്‍ സങ്കോചം കാണിച്ചിട്ടില്ല; ഭയന്നിട്ടുമില്ല. പ്രത്യുത 'നിങ്ങള്‍ നിതിക്കുവേണ്ടി നിലകൊള്ളുന്നവരാവുക, അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സത്യത്തിന് സാക്ഷികളാവുക; അതിന്റെ അനന്തരഫലം നിങ്ങള്‍ക്കു തന്നെയുമോ, സ്വന്തം മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ പ്രതികൂലമായി പരിണമിച്ചാലും ശരി' (നിസാഅ്: 135)

كونوا قوّامين بالقسط شهداء الله ولو على أنفسكم أو الوالدين والأقربين
എന്ന കര്‍ശനമായ ദൈവിക ഉത്തരവ് പാലിക്കുന്നതില്‍ അവര്‍ക്ക് മുടിനാരിഴ പോലും വീഴ്ച സംഭവിച്ചിട്ടില്ല. ഇതാണ് ഈ കലയുടെ സവിശേഷത. ചുരുക്കത്തില്‍, ഇത്തരം ചരിത്രഗ്രന്ഥങ്ങളുടെ മഹത്തായ ശേഖരം സുപ്രയിലെ വിഭവങ്ങള്‍ കണക്കെ ഇന്ന് നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ട്, ഏതെങ്കിലും ഹദീസിനെ കുറിച്ച് വല്ല സംശയവും ജനിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥങ്ങള്‍ മുഖേന അതിന്റെ റിപ്പോര്‍ട്ടര്‍മാരുടെ ചരിത്രം പരിശോധിച്ച് ഹദീസിനെ വിലയിരുത്താന്‍ നിഷ്പ്രയാസം സാധിക്കുന്നു. എന്നിട്ടും മേല്‍പറഞ്ഞ ഉപാധികളോടെ ശേഖരിക്കപ്പെട്ട ഹദീസുകള്‍ അവയുടെ ഓരോ കണ്ണിയിലും ഈരണ്ടാളുകള്‍ ഇല്ലായെന്ന ബാലിശമായ കാരണമുന്നയിച്ച് തനിക്ക് സ്വീകാര്യമല്ലെന്ന് ആരെങ്കിലും ജല്‍പിക്കുന്നുവെങ്കില്‍ അവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു; മഹാനായ ഇമാം ബുഖാരിയെപ്പോലുള്ള പണ്ഡിതന്മാരെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിക്കാന്‍ ധൈര്യപ്പെടുമ്പോള്‍ വിശേഷിച്ചും.

ഹദീസ് പണ്ഡിതന്മാരുടെ മനോദാര്‍ഢ്യവും അവിശ്രമ പരിശ്രമങ്ങളും
ഹദീസ് ശേഖരണമെന്ന മഹല്‍കൃത്യം നിര്‍വഹിക്കാന്‍ ആയിരക്കണക്കില്‍ വിജ്ഞാനദാഹികളെ അല്ലാഹു സജ്ജമാക്കിയെന്നതാണ് പരമാര്‍ഥം. ഉയര്‍ന്ന മനോദാര്‍ഢ്യം, തളരാത്ത ഉന്മേഷം, എന്തും തരണം ചെയ്യാനുള്ള അസാധാരണമായ സഹനശക്തി, അതുല്യമായ മനഃപാഠ വൈഭവം എന്നീ യോഗ്യതകളാണ് അവരുടെ സവിശേഷതകള്‍. അനറബ് നാടുകളില്‍നിന്ന് മുഴുവന്‍ മുസ്‌ലിം നാടുകളിലേക്കും അവര്‍ പ്രവഹിച്ചുകൊണ്ടിരുന്നു. ഹദീസ് ശേഖരണത്തിലുള്ള തങ്ങളുടെ ശക്തിമത്തായ അഭിരുചിയും സീമാതീതമായ അഭിലാഷവും അവരുടെ ഹൃദയാന്തരാളങ്ങളെ സ്വാധീനിക്കുകയും ഐഹിക സുഖസൗകര്യങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ മതില്‍ക്കെട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. തദ്ഫലമായി വൈവിധ്യമാര്‍ന്ന റിപ്പോര്‍ട്ടുകളും സ്വീകാര്യമായ പരമ്പരകളും തേടിക്കൊണ്ട് നാടൊട്ടുക്കും അവര്‍ സഞ്ചരിച്ചു. ഈ രംഗത്ത് അവര്‍ പ്രദര്‍ശിപ്പിച്ച അവര്‍ണനീയമായ അധ്വാനവും താല്‍പര്യവും ചരിത്രത്തില്‍ നിസ്തുലമാണ്. മുസ്‌ലിംനാടുകളില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിച്ചുകൊണ്ട് അവര്‍ സൃഷ്ടിച്ച ഐതിഹാസികമായ ജ്ഞാനാന്വേഷണത്തിന്റെ ചരിത്രം ഈ യാഥാര്‍ഥ്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. സാധാരണഗതിയില്‍ നമ്മെപ്പോലുള്ളവര്‍ കളിവിനോദങ്ങളില്‍ ലയിച്ചു ജീവിതം ആസ്വദിക്കുന്ന കേവലം പതിനാലു വയസ്സു പ്രായത്തില്‍ മഹാനായ ഇമാം ബുഖാരി (റ) ഈ മഹദ്കൃത്യത്തിനു വേണ്ടിയുള്ള തന്റെ യാത്രക്ക് ആരംഭം കുറിച്ചിരുന്നു. അങ്ങനെ ബുഖാറക്കും ഈജിപ്തിനുമിടയിലുള്ള മുഴുവന്‍ മുസ്‌ലിം നാടുകളും ആ മഹാത്മാവ് സന്ദര്‍ശിക്കുകയും അന്നാട്ടുകാരായ ഗുരുനാഥന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു.

'എന്റെ ആദ്യത്തെ യാത്രയില്‍ ഞാന്‍ ഏഴു വര്‍ഷം വിനിയോഗിക്കുകയും വെറും കാല്‍നടയായി ആയിരത്തില്‍പരം കാതങ്ങള്‍ (3250-ല്‍പരം മൈലുകള്‍) സഞ്ചരിക്കുകയും ചെയ്തു. പിന്നീട് വഴിദൂരം എണ്ണുന്ന സ്വഭാവം ഞാന്‍ ഉപേക്ഷിച്ചു. അങ്ങനെ ബഹ്‌റൈന്‍ മുതല്‍ ഈജിപ്ത് വരെ, കാല്‍നടയായി ഞാന്‍ സഞ്ചരിച്ചു. എനിക്കന്ന് ഇരുപത് വയസ്സ് പ്രായമാണ്' എന്ന് അബൂഹാതിമുര്‍റാസി (ജനനം 277 ഹിജ്‌റാബ്ദം) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സ്‌പെയ്‌നിലെ ഹദീസ് പണ്ഡിതന്‍ ഇബ്‌നുഹജുന്‍ സ്വദേശത്തു വെച്ചും ഇറാഖ്, ഹിജാസ്, യമന്‍ എന്നീ നാടുകളില്‍ വെച്ചും ഹദീസ് പഠിച്ചു. അങ്ങനെ ത്വഞ്ച മുതല്‍ ഈജിപ്ത് വരെയുള്ള ആഫ്രിക്കന്‍ ഭൂപ്രദേശങ്ങള്‍ അദ്ദേഹം താണ്ടിക്കടന്നു. ചെങ്കടലും തരണം ചെയ്തു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലും ഹദീസ് ശേഖരണത്തിന് സഞ്ചരിച്ച മഹാത്മാക്കളുമുണ്ട്. അന്ന് നാഗരികത സിദ്ധിച്ച യൂറോപ്പിന്റെ അറ്റമായ സ്‌പെയിന്‍ മുതല്‍ ഖുറാസാന്‍ വരെയും ഇതേ ആവശ്യാര്‍ഥം സഞ്ചരിച്ച ധാരാളം വിജ്ഞാനകുതുകികളും ഉണ്ടായിട്ടുണ്ട്. വിജ്ഞാനശേഖരണത്തില്‍ എണ്ണമറ്റ ദുരിതങ്ങളും ത്യാഗങ്ങളും ക്ഷമാപൂര്‍വം അവര്‍ തരണം ചെയ്തു. അതുവഴി ഉദ്ദിഷ്ടലക്ഷ്യം പ്രാപിക്കുന്നതില്‍ അവര്‍ പ്രദര്‍ശിപ്പിച്ച അനിതരസാധാരണമായ ത്യാഗപരിശ്രമങ്ങള്‍ അവരുടെ ചരിത്രം പാരായണം ചെയ്യുന്ന ഏവരെയും അത്ഭുതസ്തബ്ധരാക്കാന്‍ പര്യാപ്തമാണ്. അവര്‍ മനഃപാഠമാക്കിയ ഹദീസുകളുടെ സംഖ്യാധിക്യം ഏവരിലും പുളകം ജനിപ്പിക്കും. മഹാനായ ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ (റ) ഏഴുലക്ഷത്തില്‍പരം ഹദീസുകള്‍ മനഃപാഠമാക്കിയിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അബൂസുര്‍അഃയും(റ) തഥൈവ. മഹാനായ ഇമാം ബുഖാരി (റ) മറ്റുള്ളവരെ തെര്യപ്പെടുത്താന്‍ വേണ്ടി രണ്ടുലക്ഷം ദുര്‍ബല ഹദീസുകളും, ഒരു ലക്ഷം പ്രബല ഹദീസുകളും മനഃപാഠമാക്കിയിരുന്ന മഹദ് വ്യക്തിത്വമായിരുന്നു. 'എന്റെ ഈ ഗ്രന്ഥം മൂന്ന് ലക്ഷം ഹദീസുകളില്‍നിന്ന് ഞാന്‍ സത്തെടുത്തു'വെന്ന് മഹാനായ ഇമാം മുസ്‌ലിം (റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു.

ഇമാം ബുഖാരി(റ)യെക്കുറിച്ച് ബഗ്ദാദിലെ ധാരാളം പണ്ഡിതന്മാര്‍ പറഞ്ഞുകേട്ട ചരിത്രസത്യം അബൂഅഹ്‌മദു ബ്‌നു അദിയ്യ് ഉദ്ധരിക്കുന്നത് ഏവരിലും അത്ഭുതം സൃഷ്ടിക്കാന്‍ മതിയായതാണ്. ഇമാം ബുഖാരി ബഗ്ദാദില്‍ വന്നു. ഈ വാര്‍ത്ത നാട്ടിലാകെ പരന്നു. ഹദീസ് പണ്ഡിതന്മാര്‍ അദ്ദേഹത്തെ പരിശോധിക്കാന്‍ തീരുമാനിച്ചതനുസരിച്ച് നൂറു റിപ്പോര്‍ട്ടുകള്‍ അവര്‍ കൈയിലെടുത്തു. അവയുടെ പരമ്പരകളും (سند) ഹദീസുകളും (متن) പരസ്പരം മാറ്റി. ഒരു ഹദീസിന്റെ പരമ്പര മറ്റൊരു ഹദീസിനും ആ ഹദീസ് മറ്റൊരു പരമ്പരയിലും സമ്മിശ്രമാക്കി. ഇതേ നയം നൂറു ഹദീസുകളിലും സ്വീകരിച്ചു. അനന്തരം പത്ത് വ്യക്തികള്‍ പത്തുവീതം ഹദീസുകള്‍ ബുഖാരി(റ)യുടെ മുമ്പില്‍ സമര്‍പ്പിക്കാനും അവയെക്കുറിച്ച് ചോദിക്കാനും തീരുമാനിച്ചു. ഇമാം അവര്‍കള്‍ സദസ്സില്‍ ഉപവിഷ്ടനായപ്പോള്‍ സ്വദേശികളും തടിച്ചുകൂടിയ ആ മഹാസദസ്സില്‍ പ്രസ്തുത വ്യക്തികള്‍ ഓരോരുത്തരും ഏറ്റെടുത്ത കൃത്രിമ ഹദീസുകള്‍ ഓരോന്നോരോന്നായി അദ്ദേഹത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ തുടങ്ങി. അവയില്‍ ഓരോന്നിനെക്കുറിച്ചും 'എനിക്കറിയില്ല' എന്ന് മാത്രം പ്രതിവചിച്ചുകൊണ്ട് അദ്ദേഹം മുമ്പോട്ട് നീങ്ങുന്നത് കണ്ടപ്പോള്‍ സദസ്സ് പരിഹാസഭാവത്തില്‍ ഇരുന്നു. അവയില്‍ ഓരോന്നിനെക്കുറിച്ചും 'എനിക്കറിയില്ല' എന്നു മാത്രം പ്രതിവചിച്ചപ്പോള്‍ സദസ്സില്‍ പരിഹാസം തലപൊക്കാന്‍ തുടങ്ങി. കാരണം ഹദീസുകളില്‍ ബുഖാരി(റ)യുടെ പേരും പ്രശസ്തിയും സുപ്രസിദ്ധമായിരുന്നു. അത്തരം ഒരു വ്യക്തി 'എനിക്കറിയില്ല' എന്ന് പറയുമ്പോള്‍ പരിഹാസം സഹജമാണല്ലോ. നൂറു ഹദീസുകളും അവര്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ ഇമാം ബുഖാരി (റ) ഈ നൂറു റിപ്പോര്‍ട്ടുകളുടെയും പരമ്പരകളും ഹദീസുകളും യഥാര്‍ഥത്തില്‍ ഉള്ളതു പോലെ ചേര്‍ത്തു പറയുക മാത്രമല്ല, പത്തു പേരില്‍ ഓരോരുത്തരെയും വഴിക്കുവഴി ക്ഷണിക്കുകയും അവരില്‍ ഓരോ പേരും അവതരിപ്പിച്ച റിപ്പോര്‍ട്ടുകളുടെ ശരിയായ ചിത്രം ക്രമമനുസരിച്ച് വഴിക്കുവഴിയായിത്തന്നെ അവരുടെ മുമ്പില്‍ സമര്‍പ്പിക്കുക കൂടി ചെയ്തുവെന്നതാണ് മഹാത്ഭുതം.

ഇത്രയും പ്രതിപാദിച്ചതില്‍നിന്ന് ഹദീസ് ശേഖരണത്തിന് ഇറങ്ങിത്തിരിച്ച ഈ മഹാത്മാക്കള്‍ തരണം ചെയ്യേണ്ടിവന്ന അളവറ്റ ത്യാഗങ്ങളും സൂക്ഷ്മതകളും ഐതിഹാസികമായ അവരുടെ ഓര്‍മശക്തിയും സ്പഷ്ടമായല്ലോ. നമ്മെപ്പോലെ സ്വവസതികളില്‍, ഫാനിനു താഴെ കസേരകളില്‍ ഉപവിഷ്ടരായിക്കൊണ്ട് പത്രം വായിച്ച് വാര്‍ത്തകള്‍ അറിയുന്നവരും അതില്‍ വിശ്വാസം അര്‍പ്പിക്കുന്നവരും ആയിരുന്നില്ല അവര്‍. 'കാളപെറ്റു'വെന്ന് കേള്‍ക്കുമ്പോഴേക്കും 'കുട്ടിയെന്ത്' എന്ന് ചോദിക്കുന്ന കണക്കെ, 'പാകിസ്താനില്‍ പിഞ്ചുപൈതലിനെ കല്ലെറിഞ്ഞു കൊന്നു' തുടങ്ങിയ അതിശയോക്തി കലര്‍ന്നതും സത്യവിരുദ്ധവുമായ വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിക്കുന്ന മാത്രയില്‍ അത് വാരിപ്പുണരുകയും അപ്പടി അകത്താക്കുകയും ചെയ്യുന്ന സ്വഭാവക്കാരുമായിരുന്നില്ല. കേവലം ഒരേയൊരു ഹദീസ് തേടിപ്പിടിക്കാന്‍ ഒരു മാസക്കാലത്തെ നീണ്ട യാത്രക്ക് ഉദ്യുക്തരായവര്‍ പോലും അവരിലുണ്ടായിരുന്നു.
'വിജ്ഞാന പഠനത്തിന് യാത്ര'  
(باب الخروج فى طلب العلم)
 എന്ന അധ്യായത്തില്‍ ഇമാം ബുഖാരി, സിറിയയിലായിരുന്ന അബ്ദുല്ലാഹിബ്‌നു ഉനൈസില്‍നിന്ന് ഒരു ഹദീസ് പഠിക്കാന്‍ ജാബിര്‍(റ) നീണ്ട ഒരു മാസക്കാലം യാത്രചെയ്ത ചരിത്രം ഉദ്ധരിച്ചത് ഇതിന് ഉദാഹരണമാണ്.

ഏക വ്യക്തിയുടെ റിപ്പോര്‍ട്ട് - പ്രമാണങ്ങളുടെ വെളിച്ചത്തില്‍
ഇനി നമുക്ക് ഒറ്റ വ്യക്തിയുടെ റിപ്പോര്‍ട്ട് (خبر الواحد) സ്വീകാര്യമാണോ എന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കാം. ഏക വ്യക്തികളുടെ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നവര്‍ വിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് സമ്മതിക്കുന്നുണ്ട്. അതിനാല്‍ ആദ്യമായി ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം:
يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
'സത്യവിശ്വാസികളേ, ഏതോ ദുര്‍മാര്‍ഗി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ (അതിന്റെ സത്യാസത്യത്തെക്കുറിച്ച്) നിങ്ങള്‍ അന്വേഷിച്ചറിയുക. (അല്ലാത്ത പക്ഷം നിരപരാധികളായ) ഒരു ജനതയെ അറിയാതെ നിങ്ങള്‍ വല്ല ഉപദ്രവവും ഏല്‍പിക്കും. ചെയ്തുപോയ നടപടിയെ സംബന്ധിച്ച് പിന്നീട് നിങ്ങള്‍ ഖേദിക്കേണ്ടിയും വരും' (ഹുജുറാത്ത്: 6).

'ഫാസിഖ്' എന്ന ശബ്ദം സത്യനിഷേധി എന്ന അര്‍ഥത്തിലാണ് മിക്ക സ്ഥലങ്ങളിലും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. താഴെ കൊടുക്കുന്ന ആയത്തുകള്‍ അതിനുദാഹരണങ്ങളത്ര:
أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًاۚ لَّا يَسْتَوُونَ
وَأَمَّا الَّذِينَ فَسَقُوا فَمَأْوَاهُمُ النَّارُۖ
فَفَسَقَ عَنْ أَمْرِ رَبِّهِۗ إنَّ اللَّه لَا يَهْدِي الْقَوْمَ الْفَاسِقِينَ

(വിവിധ സ്ഥലങ്ങളില്‍).

ആകയാല്‍ ദുര്‍മാര്‍ഗികളുടെ (സത്യനിഷേധി) റിപ്പോര്‍ട്ട് അസ്വീകാര്യമാണെന്നു ചുരുക്കം. കാരണം അയാളുടെ സത്യനിഷേധവും ദുര്‍മാര്‍ഗവും തന്നെ. മറിച്ച് നീതിബോധമുള്ള ഒരു സന്മാര്‍ഗി, അഥവാ സത്യവിശ്വാസിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ അത് സ്വീകാര്യമാണെന്ന ഈ ആയത്തിന്റെ വിധി مفهوم مخالفة)) ഏവര്‍ക്കും സ്പഷ്ടമാണല്ലോ.
'ദരിദ്രര്‍ക്ക് കൊടുക്കൂ' എന്ന നിര്‍ദേശത്തോടെ ഒരു തുക ഒരു ചെറിയ കുട്ടിയുടെ കൈയില്‍ അവന്റെ പിതാവ് കൊടുത്തു എന്ന് സങ്കല്‍പിക്കുക. പിതാവിന്റെ നിര്‍ദേശം മാനിക്കുന്ന കുട്ടിയാണെങ്കില്‍ ദരിദ്രരെ തെരഞ്ഞുപിടിച്ച് അവര്‍ക്കു മാത്രമേ അവനത് കൊടുക്കുകയുള്ളൂ. എന്തുകൊണ്ടെന്നാല്‍ പിതാവിന്റെ ധര്‍മത്തിന് അര്‍ഹത നേടിക്കൊടുക്കുന്നത് ദാരിദ്ര്യമാണെന്ന് ആ കുട്ടിക്ക് പോലും അവ്യക്തമല്ല. ഇതൊരു ലളിത സത്യമായതുകൊണ്ടു മാത്രമാണ് അപൂര്‍വം ചില സ്ഥലങ്ങളൊഴിച്ച് ഇത്തരം വ്യംഗ്യാര്‍ഥങ്ങള്‍(مفهوم مخالفة )  ) തെളിവാണെന്ന് കര്‍മശാസ്ത്ര) മൂല സിദ്ധാന്തങ്ങള്‍ കൈയാളുന്ന പണ്ഡിതന്മാര്‍ പണ്ടേ രേഖപ്പെടുത്തിയത്. സത്യവിശ്വാസികളായ പുണ്യവാളന്മാര്‍ സ്വര്‍ഗത്തിലാണ് എന്നതിന്റെ ധ്വനി, സത്യനിഷേധികളായ ദുര്‍മാര്‍ഗികള്‍ക്കത് ബാധകമല്ല എന്നു തന്നെയാണല്ലോ. ഇതേ ധ്വനി ഖുര്‍ആന്‍ പരിഗണിച്ചതുകൊണ്ടു തന്നെയാണ്
إِنَّ الْأَبْرَارَ لَفِي نَعِيمٍ
 (സജ്ജനങ്ങള്‍ സ്വര്‍ഗത്തിലാണ്) എന്നതിന് വിപരീതമായി
وَإِنَّ الْفُجَّارَ لَفِي جَحِيمٍ
  (സത്യനിഷേധികള്‍ നരകത്തിലാണ്) എന്ന് അത് വ്യക്തമാക്കിയത്.
ചുരുക്കത്തില്‍, സത്യനിഷേധിയായ ദുര്‍മാര്‍ഗിയുടെ റിപ്പോര്‍ട്ട് അസ്വീകാര്യമാണെന്ന പോലെ നീതിബോധമുള്ള ഒരു സത്യവിശ്വാസിയുടേത് സ്വീകാര്യവുമാണെന്ന് മേല്‍ പ്രസ്താവിച്ച സൂക്തം കൊണ്ട് വ്യക്തമായി. ഇത് നമ്മുടെ മാത്രം കണ്ടുപിടിത്തമല്ല. സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും മറ്റു പണ്ഡിതരും ഇതേ സൂക്തം ഏക വ്യക്തിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമാണെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്.
....... وَمَفْهُومُ إنء جَاءَكُمْ فَاسِقُ قَبُولُ كَلَامِ غَيرِ الفَاسِقِ وأنّهُ لاَ يُتَثَبَّتُ عِنْدَهُ وَقَدْ يُسْتَدَلّ بِه عَلى قَبُولِ خَبَر الوَاحِدِ العَدْلِ
'ഫാസിഖ്' നിങ്ങളുടെ അടുക്കല്‍ വന്നാല്‍ എന്ന വാക്കിന്റെ വ്യംഗ്യാര്‍ഥം(مفهوم)  'ഫാസിഖ്' അല്ലാത്തവരുടെ വാക്ക് സ്വീകാര്യമാണെന്നും അതിനെക്കുറിച്ച് പരിചിന്തനത്തിന്റെ ആവശ്യമില്ലെന്നുമാണ്. നീതിമാനായ ഒരാളുടെ റിപ്പോര്‍ട്ട് (خبر الواحد)സ്വീകാര്യമാണെന്നതിന് ഇത് തെളിവാണ്. (4)
ഇമാം റാസി പറയുന്നു:

....... وَمَفْهُومُ إنء جَاءَكُمْ فَاسِقُ قَبُولُ كَلَامِ غَيرِ الفَاسِقِ وأنّهُ لاَ يُتَثَبَّتُ عِنْدَهُ وَقَدْ يُسْتَدَلّ بِه عَلى قَبُولِ خَبَر الوَاحِدِ العَدْلِ
............ ثُمَّ اِنَّ الله تَعَالَى أمَرَ بالتَّبَيُّنِ فى الخَبَرِ وَالنَّبَإِ وَبابُ الشَّهَادَةِ أضْيَقُ مِن بابِ الخَبَرِ

'നമ്മുടെ പണ്ഡിതന്മാര്‍ ഏക വ്യക്തിയുടെ റിപ്പോര്‍ട്ട് തെളിവാണെന്നതിനും ദുര്‍മാര്‍ഗിയുടെ (ഫാസിഖ്) സാക്ഷ്യം അസ്വീകാര്യമാണെന്നതിനും ഈ സൂക്തം തെളിവായി സ്വീകരിച്ചിരിക്കുന്നു. ഇതില്‍ ഒന്നാം വാദത്തെ അവര്‍ ന്യായീകരിക്കുന്നത് ഇപ്രകാരമാണ്: നീതിമാനായൊരു സന്മാര്‍ഗിയുടെ റിപ്പോര്‍ട്ട് അസ്വീകാര്യമാണെങ്കില്‍ ദുര്‍മാര്‍ഗിയുടേതാകയാല്‍ അത് പഠനവിധേയമാക്കണമെന്ന് പ്രത്യേകം വിശേഷിപ്പിച്ചതിന് ഒരര്‍ഥവുമില്ലെന്ന് വരും. എന്നാല്‍ ദുര്‍മാര്‍ഗിയായതുകൊണ്ട് അവന്റെ റിപ്പോര്‍ട്ട് പരിചിന്തനത്തിന് വിധേയമാക്കാനാണ് ഖുര്‍ആന്റെ കല്‍പന. ഇത് വ്യംഗ്യാര്‍ഥത്തെ(مفهوم)  തെളിവായി സ്വീകരിക്കുന്ന വിഭാഗത്തില്‍പെടുന്നു.

...........ദുര്‍മാര്‍ഗിയുടെ റിപ്പോര്‍ട്ട് തന്നെ പഠനവിധേയമാക്കാന്‍ അല്ലാഹു കല്‍പിച്ചിരിക്കുമ്പോള്‍ റിപ്പോര്‍ട്ടിനേക്കാള്‍ അത്യധികം കുടുസ്സായ അവന്റെ സാക്ഷ്യത്തിന്റെ കാര്യം പറയേണ്ടതുമില്ല.' (5)
ഇമാം ആലൂസി പറയുന്നു:

وَاسْتُدِلَّ بالآيَة .......... وَعَلَى جَوازِ قَبُول خَبَرِ العَدْلِ الواحِد، وَقَرَّرَهُ الاُصولِيُّونَ بِوَجْهَيْنِ : أحَدُهُمَا أَنَّهُ لو لمْ يُقْبَلْ خَبَرُهُ لما كانَ عَدَمُ قَبولِهِ مُعَلَّلًا بالفِسْقِ، وذالِكَ لأنَّ خَبَرَ الواحِدِ عَلى هذا التّقْدِير يَقْتضِى عَدَمَ القَبُولِ لِذاتِهِ وَهُوَ كَوْنُهُ خَبَرَ وَاحِدٍ فَيَمْتَنِعُ تَعْلِيلُ عَدَمِ قَبُولِهِ بِغَيْرِهِ لِأَنَّ الحُكْمَ المُعَلّل بالذَّاتِ لا يَكُونُ معلّلا بالغَيْرِ إذ لو كان مُعَلَّلا بِهِ يَقْتَضى حُصولَهُ بِه مَعَ انّهُ حَاصِلٌ قَبْلَهُ لِكَوْنِهِ مُعَلّلاً بالذّات وهُوَ باطِل لِأَنَّهُ تَحْصِيلٌ لِلحاصِلِ ........ فَثبتَ أنّ خَبَرَ الواحِدِ لَيْسَ مَرْدُودًا وَإذا ثبتِ ذلِكَ ثَبت أنّهُ مَقْبُولُ يُعْمَلُ بِه، ثانيهما أنّ الامْرَ بالتَّبَيُّنِ مَشْرُوطٌ بمَجيئ الفاسِقِ وَمَفْهُومُ الشَّرْطِ مُعْتَبَرٌ عَلىَ الصَّحيح فَيَجِبُ العَمَل بِهِ إذالم يَكُنْ فاسِقًا لِأَنَّ الظَّنَّ يُعْمَلُ به هُنَا ..... نَعَمْ قَال ابن الحاجبِ وَعَضُد الدِّينِ : قَدْ اِسْتَدَلَّ مَنْ قَبْلَنَا عَلَى وُجُوبِ العَملِ بِخَبَر الواحِد بِظَواهِرِ لا تُفِيدُ إلاّ الظّنَّ ولا تَكْفى فى المسائِلِ العِلْمِيَّةِ وَذكرَ مِن ذلِكَ الآية المذْكُورَةَ
''............നീതിബോധമുള്ള ഏക വ്യക്തിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമാണെന്നതിനും ഈ സൂക്തം തെളിവാണ്. രണ്ടു ന്യായങ്ങള്‍ മുഖേനയാണ് 'ഉസ്വൂലീ' പണ്ഡിതന്മാര്‍ അത് സ്ഥാപിക്കുന്നത്: (1) അയാളുടെ റിപ്പോര്‍ട്ട് ഏക വ്യക്തി എന്ന കാരണത്താല്‍ അസ്വീകാര്യമാണെങ്കില്‍ അതിനെ തള്ളിക്കളയാന്‍ ഫിസ്ഖ് (നേര്‍മാര്‍ഗ വ്യതിയാനം) ഒരു കാരണമായി പൊക്കിപ്പിടിക്കേണ്ടിയിരുന്നില്ല. ഈ സങ്കല്‍പമനുസരിച്ച് ഏക വ്യക്തിയുടെ റിപ്പോര്‍ട്ട്, ഏക വ്യക്തിയുടെ റിപ്പോര്‍ട്ടാകയാല്‍തന്നെ തള്ളപ്പെട്ടതാണെന്നുവരും. അഥവാ, ഏക വ്യക്തിയുടെ റിപ്പോര്‍ട്ടുകളാകുന്നതുതന്നെ അതിനെ തള്ളിക്കളയാന്‍ മതിയായൊരു കാരണമാണെന്നുവരും. എങ്കില്‍ അതിനെ തള്ളിക്കളയാന്‍ പിന്നെ മറ്റൊരു കാരണം ഉന്നയിക്കേണ്ടതില്ല. അതേ, നേര്‍മാര്‍ഗ വ്യതിയാനം ഒരു കാരണമായി ഉയര്‍ത്തിപ്പിടിക്കേണ്ടതില്ല. ഒന്നിന്റെ സ്വന്തം നിലപാട് തന്നെ അതിനെ കുറിച്ചൊരു നയം സ്വീകരിക്കാന്‍ കാരണമാണെങ്കില്‍ മറ്റൊരു കാരണം അതിന് തേടിപ്പിടിക്കേണ്ടതില്ലല്ലോ. സ്വന്തം കാരണത്താല്‍ മുമ്പുതന്നെ നേടിക്കഴിഞ്ഞൊരു കാര്യം മറ്റൊരു കാരണത്താല്‍ വീണ്ടും നേടിയെടുക്കുക എന്നത്രെ അതിനര്‍ഥം. അതാകട്ടെ കൈവന്നതിനെ വീണ്ടും കൈവരിക്കുകയെന്ന പാഴ്‌വേലയാണ്.

..................... ആകയാല്‍ ഏക വ്യക്തിയുടെ റിപ്പോര്‍ട്ട് തള്ളപ്പെടാവതല്ല. അത് സ്വീകാര്യമാണ്. അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ് എന്ന് സ്ഥാപിതമായിക്കഴിഞ്ഞു. (2) പരിചിന്തനവിധേയമാക്കണമെന്ന ഖുര്‍ആന്റെ കല്‍പന, ദുര്‍മാര്‍ഗിയുടെ റിപ്പോര്‍ട്ട് എന്ന ഉപാധിക്ക് വിധേയമാണ്. ഈ ഉപാധിയുടെ(مفهوم) ധ്വനി  'ഉസ്വൂലി'ല്‍ സ്വീകാര്യമായ അഭിപ്രായമനുസരിച്ച് പരിഗണനീയവുമാണ്. തദനുസാരം പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധവും-റിപ്പോര്‍ട്ട് ചെയ്യുന്നവന്‍ ദുര്‍മാര്‍ഗിയല്ലെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുമാനവും നിഗമനവുമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമുണ്ട്....... മാത്രമല്ല, ഏക വ്യക്തിയുടെ റിപ്പോര്‍ട്ടനുസരിച്ച് പ്രവര്‍ത്തിക്കല്‍, നിര്‍ബന്ധമാണെന്നു പോലും മുന്‍ഗാമികള്‍ക്ക് അഭിപ്രായമുള്ളതായി ഇബ്‌നു ഹാജിബ്, അദുദുദ്ദീന്‍ എന്നീ പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു. ദൃഢമായ വിജ്ഞാനങ്ങളെ ആസ്പദിച്ചു നീങ്ങേണ്ടുന്ന പ്രശ്‌നങ്ങളില്‍ അപര്യാപ്തവും നിഗമനത്തിലേക്ക് നയിക്കുന്നതുമായ ചില ബാഹ്യതെളിവുകളാണ് ഈ മുന്‍ഗാമികള്‍ക്കവലംബം. മുമ്പ് പ്രസ്താവിച്ച സൂക്തം അവരുടെ തെളിവുകളില്‍ ഒന്നായി ഈ രണ്ട് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.''(6)

ദുര്‍മാര്‍ഗിയായ സത്യനിഷേധിയുടേതെന്ന പോലെ നീതിബോധമുള്ള സത്യവിശ്വാസിയുടെ റിപ്പോര്‍ട്ടും അസ്വീകാര്യമാണെന്ന് ഇനിയും ആരെങ്കിലും ജല്‍പിക്കുന്ന പക്ഷം അവരോട് മിതമായ ഭാഷയില്‍ പറയാനുള്ളത്, പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവെ കടന്നുവെട്ടാന്‍ നിങ്ങള്‍ മുതിരരുതെന്നാണ് - നിങ്ങള്‍ ദൈവവിശ്വാസികളാണെങ്കില്‍. സത്യവിശ്വാസിയെയും സത്യനിഷേധിയെയും ഇവര്‍ ഒരേ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നുവെന്നല്ലേ ഇതിനര്‍ഥം. അല്ലാഹു അരുളുന്നു.
أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًاۚ لَّا يَسْتَوُونَ (السجدة
'സത്യവിശ്വാസിയായ ഒരുവന്‍ സത്യനിഷേധിയായ ഒരു ദുര്‍മാര്‍ഗിയെപ്പോലെയാണോ? അവര്‍ ഒരിക്കലും സമന്മാരല്ല.'

ഒരുവന്റെ സങ്കേതം സ്വര്‍ഗമാണെങ്കില്‍ മറ്റവന്റേത് നരകമാണെന്ന് ഖുര്‍ആന്‍ തുറന്നു പറയുന്നുമുണ്ട്. അപ്പോള്‍ ഇരുകൂട്ടരുടെയും റിപ്പോര്‍ട്ടുകള്‍ ഒരുപോലെ തള്ളിക്കളയുന്നതില്‍ അന്തര്‍ലീനമായിരിക്കുന്ന അര്‍ഥം രണ്ടു കൂട്ടരെയും സമമായി വീക്ഷിക്കുന്നു എന്നത്രെ.

റിപ്പോര്‍ട്ടിന്റെ സ്വീകാര്യതയും അസ്വീകാര്യതയും റിപ്പോര്‍ട്ടര്‍മാരുടെ എണ്ണത്തെ ആശ്രയിച്ചല്ല, മറിച്ച് അതില്‍ വിശ്വാസം ജനിക്കുന്നതിനെ പരിഗണിച്ചു മാത്രമാണ്. വിശ്വാസം ജനിക്കുന്നില്ലെങ്കില്‍ റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം രണ്ടല്ല, രണ്ടായിരമുണ്ടായിട്ടും പ്രയോജനമില്ല. ധാരാളം എണ്ണമുണ്ടായിരുന്നിട്ടും തങ്ങളുടെ ശത്രുക്കള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആരും സ്വീകരിക്കുകയില്ലല്ലോ. അവരില്‍ വിശ്വാസം ഇല്ലാത്തതാണ് അതിനു കാരണം. ഈ വീക്ഷണത്തില്‍ മത-ലൗകിക കാര്യങ്ങള്‍ക്കിടയില്‍ വിവേചനമില്ല, വിവേചനം സ്വീകാര്യവുമല്ല. എന്നാല്‍ റിപ്പോര്‍ട്ടില്‍ വിശ്വാസം ജനിപ്പിക്കാന്‍ തികച്ചും മതിയായ സല്‍ഗുണങ്ങളാണ്, ഹദീസ് റിപ്പോര്‍ട്ടര്‍മാരില്‍ അവശ്യം ആവശ്യമായ മുന്‍ പ്രസ്താവിച്ച ഉപാധികളെന്ന വസ്തുത ശ്രദ്ധേയമത്രെ. റിപ്പോര്‍ട്ടര്‍ നിസ്വാര്‍ഥനാണെന്ന് തങ്ങള്‍ക്ക് ബോധ്യം വരുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ വിശ്വാസം ജനിക്കുന്നത് സ്വാഭാവികമാണ്; അയാള്‍ ഗുണകാംക്ഷി കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും. ദീനീകാര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതില്‍ ഈ രണ്ട് ഗുണങ്ങള്‍ സ്വാഭാവികമായും ഉണ്ടായിരിക്കുമെന്ന വസ്തുത വിസ്മരിക്കാവതല്ല. ഇത്തരം ഏക വ്യക്തികളുടെ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുകയും തദനുസാരം പ്രവര്‍ത്തിക്കുകയും ചെയ്തതിന് ഖുര്‍ആനില്‍ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്:

وَجَاءَ رَجُلٌ مِّنْ أَقْصَى الْمَدِينَةِ يَسْعَىٰ قَالَ يَا مُوسَىٰ إِنَّ الْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَاخْرُجْ إِنِّي لَكَ مِنَ النَّاصِحِينَ ﴿٢٠﴾ فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُۖ قَالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿٢١﴾
''ആ പട്ടണത്തിന്റെ അറ്റത്തുനിന്ന് ഒരാള്‍ ധൃതിപ്പെട്ട് വന്നുകൊണ്ട് പറഞ്ഞു: 'ഓ മൂസാ, ആ പൗരപ്രധാനികള്‍ താങ്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് താങ്കള്‍ (ഉടനെ) നാട്ടില്‍നിന്നു പുറത്തു പോകണം. ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളില്‍ ഒരുവനാകുന്നു.' 'എന്റെ നാഥാ, അക്രമികളില്‍നിന്ന് നീ എന്നെ രക്ഷിച്ചാലും' (ഖസ്വസ്വ്: 20,21) എന്ന പ്രാര്‍ഥനയോടെ ഭയവിഹ്വലനും (ആപത്തിനെക്കുറിച്ച്) ഉത്കണ്ഠാകുലനുമായി മൂസാ ഉടന്‍ നാടുവിട്ടു.''
മൂസാ നബി(അ)യുടെ പ്രവാചകത്വത്തിനു മുമ്പ് ഈജിപ്തിലെ ജീവിതകാലത്ത് നടന്ന ഒരു സംഭവമാണിത്. തന്റെ സ്വന്തം സമുദായത്തില്‍പെട്ട ഒരു ഇസ്രാഈലിയും ശത്രുസമൂഹത്തില്‍പെട്ട ഒരു ഖിബ്ത്വിയും തമ്മില്‍ അടിപിടി കൂടിക്കൊണ്ടിരിക്കുന്ന ഒരു രംഗം മൂസാ (അ) കാണാനിടയായി. തദവസരത്തില്‍ തന്റെ സമുദായക്കാരന്‍ തന്നോട് സഹായം തേടിയതിനെത്തുടര്‍ന്ന് ഖിബ്ത്വിയെ മൂസാ(അ) ഒന്നടിച്ചു. നിര്‍ഭാഗ്യവശാല്‍ അതയാളുടെ മരണത്തിന് ഹേതുവായി. ഓര്‍ക്കാപ്പുറത്ത് വന്നുപോയ അബദ്ധത്തില്‍ മൂസാ(അ) മനസ്സാ പശ്ചാത്തപിച്ച് അല്ലാഹുവിങ്കലേക്ക് മടങ്ങി. കൊലയുടെ പ്രതികാരമെന്നോണം, മൂസാ(അ)യെ വകവരുത്താന്‍ ഖിബ്ത്വികള്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതാണ് ഈ സംഭവത്തിന്റെ പശ്ചാത്തലം.
താങ്കളുടെ കൂടെ ഒരു രണ്ടാമനില്ലാത്തതുകൊണ്ട് റിപ്പോര്‍ട്ട് 'അസീസായില്ല'; ഒരാളുടെ മാത്രം റിപ്പോര്‍ട്ട്  (خبر الواحد)അസ്വീകാര്യമാണ് എന്നൊക്കെപ്പറഞ്ഞ് മൂസാ (അ) ആ മനുഷ്യന്റെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞില്ല. മറിച്ച് അത് തികച്ചും അംഗീകരിച്ചുകൊണ്ടും അതില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടും അദ്ദേഹം ഉടന്‍ നാടുവിടുകയാണുണ്ടായതെന്ന് നാം കണ്ടു.
فَجَاءَتْهُ إِحْدَاهُمَا تَمْشِي عَلَى اسْتِحْيَاءٍ قَالَتْ إِنَّ أَبِي يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَاۚ فَلَمَّا جَاءَهُ وَقَصَّ عَلَيْهِ الْقَصَصَ قَالَ لَا تَخَفْۖ نَجَوْتَ مِنَ الْقَوْمِ الظَّالِمِينَ

''ആ രണ്ട് പെണ്‍കിടാങ്ങളില്‍ ഒരുത്തി നാണം കുണുങ്ങി നടന്നുകൊണ്ട് മൂസായെ സമീപിച്ച് പറഞ്ഞു: 'താങ്കള്‍ (ഔദാര്യമായി ഞങ്ങളുടെ കാലികളെ) ഞങ്ങള്‍ക്കു വേണ്ടി കുടിപ്പിച്ചുതന്നതിന് പ്രതിഫലം നല്‍കാന്‍ എന്റെ പിതാവ് താങ്കളെ ക്ഷണിക്കുന്നു.' അപ്പോള്‍ മൂസാ (അ) ആ ക്ഷണം സ്വീകരിച്ചുകൊണ്ട് അവളുടെ പിതാവിന്റെ അടുക്കല്‍ ചെന്നു; തന്റെ കഥകളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. തദവസരം മൂസാ(അ)യെ സമാധാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'താങ്കള്‍ പേടിക്കേണ്ട; ആ അക്രമികളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു.'' (ഖസ്വസ്വ്: 25).

തന്നെ വകവരുത്താന്‍ വേണ്ടിയുള്ള ശത്രുക്കളുടെ ഗൂഢാലോചനയുടെ മേല്‍ പ്രസ്താവിച്ച റിപ്പോര്‍ട്ട് മൂസാ(അ)ക്ക് ലഭിച്ചപ്പോള്‍ ഈജിപ്തില്‍നിന്ന് അദ്ദേഹം നേരിട്ട് യാത്ര തിരിച്ചത് മദ്‌യനിലേക്കായിരുന്നു. മദ്‌യനിലെ ഒരു തടാകത്തിലെത്തിയപ്പോള്‍ ഒരു കൂട്ടം ജനങ്ങള്‍, കാലികള്‍ക്ക് വെള്ളം കുടിപ്പിക്കുന്നതിനിടയില്‍ രണ്ട് പെണ്‍കിടാങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന കാഴ്ച അദ്ദേഹം കണ്ടു. ദയാപൂര്‍വം അവരോടദ്ദേഹം വിവരം ചോദിച്ചു. 'ഇടയന്മാരെല്ലാം തങ്ങളുടെ മൃഗങ്ങളെ തിരിച്ചുകൊണ്ട് പോയാലല്ലാതെ ഞങ്ങളുടെ മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കാറില്ല. ഞങ്ങളുടെ പിതാവാകട്ടെ വയോവൃദ്ധനുമാണ്' എന്നായിരുന്നു അവരുടെ മറുപടി. ഇതുകേട്ട ഉടനെ അവരുടെ കാലികള്‍ക്ക് വെള്ളം കൊടുക്കുന്ന കാര്യം ഔദാര്യപൂര്‍വം മൂസാ(അ) നിര്‍വഹിച്ചുകൊടുത്തു. അനന്തരം യാത്രാക്ലേശങ്ങളും വിശപ്പും നിമിത്തം അവശനായ അദ്ദേഹം സ്ഥലത്തെ ഒരു തണലില്‍ വിശ്രമിക്കവെ, തിരിച്ചുപോയ പെണ്‍കിടാങ്ങളില്‍ ഒരാള്‍ സഹജമായ നാണത്തോടെ പിതാവിന്റെ ക്ഷണവുമായി മൂസായെ സമീപിക്കുന്നു. അസാധാരണമാംവിധം നേരത്തേ അന്നു വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കിടാങ്ങള്‍, വിവരം പിതാവിനെ അറിയിച്ചപ്പോള്‍ തന്റെ ദുര്‍ബലകളായ മക്കളെ സഹായിച്ച ആ അപരിചിതന് പ്രതിഫലം നല്‍കാന്‍ വേണ്ടി ക്ഷണിക്കാന്‍ തന്റെ ഒരു മകളെ ഉടനെ അദ്ദേഹം അയച്ചതായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പലരുടെയും അഭിപ്രായപ്രകാരം ആ പിതാവ് ശുഐബ് നബി(അ)യായിരുന്നു. ഇബ്‌റാഹീം നബി(അ)യുടെ മതമനുസരിച്ച് ജീവിക്കുന്ന ഒരു സദ്‌വൃത്തനായിരുന്നു അദ്ദേഹമെന്ന് ചില ഗവേഷണ പടുക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മൂസാ(അ) ഇപ്പോഴും പറഞ്ഞില്ല, ഏക വ്യക്തിയുടെ റിപ്പോര്‍ട്ട് അസ്വീകാര്യമാണെന്ന്. പ്രത്യുത, ആ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് ഉടനെ അദ്ദേഹം ആ പിതാവിന്റെ അടുത്തേക്ക് യാത്ര തിരിക്കുകയാണുണ്ടായത്. ആ സദ്‌വൃത്തനും (അല്ലെങ്കില്‍ നബി) മൂസായെ ക്ഷണിക്കാന്‍ ഒരു സ്ത്രീയെ മാത്രമാണ് അയച്ചതെന്ന വസ്തുത ശ്രദ്ധേയമാണ്.
(3) യൂസുഫ് നബി(അ)യുടെ കൂടെയുണ്ടായിരുന്ന രണ്ട് ജയില്‍വാസികളില്‍ ഒരാള്‍ മോചിതനായി. 'എന്നെ സംബന്ധിച്ച് നിന്റെ യജമാനന്റെ (അക്കാലത്തെ ഈജിപ്തിലെ രാജാവ്) അടുക്കല്‍ പരാമര്‍ശിക്കണം' എന്ന് യൂസുഫ്(അ) അദ്ദേഹത്തോട് പറഞ്ഞിരുന്നു. അയാള്‍ അത് പറ്റേ മറന്നുപോയി. കാലം അങ്ങനെ മുമ്പോട്ടു നീങ്ങി. അതിനിടെ താന്‍ കണ്ട ഒരു സ്വപ്‌നത്തിന്റെ ശരിയായ വ്യാഖ്യാനം അറിയാതെ രാജാവ് വിഷമിച്ചുകൊണ്ടിരുന്ന ഒരു സന്ദര്‍ഭമുണ്ടായി. യൂസുഫ്(അ) സ്വപ്‌നവ്യാഖ്യാനം നല്ലപോലെ അറിയുന്ന ആളാണെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്ന ജയില്‍മോചിതന്‍ ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ ഓര്‍ത്തു. അവസരം പാഴാക്കാതെ അയാള്‍ രാജാവിനെ സമീപിച്ച് ഇങ്ങനെ അഭ്യര്‍ഥിച്ചു: 'സ്വപ്‌നവ്യാഖ്യാനം ഞാന്‍ അറിയിച്ചുതരാം, എന്നെ യൂസുഫിന്റെ അടുക്കലേക്ക് അയച്ചാലും.' തദനുസാരം രാജാവ്, തന്റെ ദൂതനായി അദ്ദേഹത്തെ നിയോഗിച്ചതനുസരിച്ച് അയാള്‍ യൂസുഫി(അ)നെ സമീപിക്കുകയും സ്വപ്‌നവ്യാഖ്യാനം ചോദിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് അല്ലാഹു അരുളി:

وَقَالَ الَّذِي نَجَا مِنْهُمَا وَادَّكَرَ بَعْدَ أُمَّةٍ أَنَا أُنَبِّئُكُم بِتَأْوِيلِهِ فَأَرْسِلُونِ ﴿٤٥﴾ يُوسُفُ أَيُّهَا الصِّدِّيقُ أَفْتِنَا .................. تَزْرَعُونَ
(യൂസുഫ്: 45,46).
ഇവിടെ ഏക വ്യക്തിയെയാണ് രാജാവ് തന്റെ ദൂതനായി നിയോഗിച്ചത്. യൂസുഫ് നബി(അ), അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കുകയും സ്വപ്‌നവ്യാഖ്യാനം പറഞ്ഞുകൊടുക്കുകയും ചെയ്തു. താങ്കള്‍ ഒരാള്‍ മാത്രമാണ് രാജാവില്‍നിന്നുള്ള വാര്‍ത്തയുമായി വന്നത്, അതുകൊണ്ട് ഈ വാര്‍ത്ത അസ്വീകാര്യമാണ്; ഒരാളെക്കൂടി കൂട്ടിക്കൊണ്ടു വരൂ എന്നു പറഞ്ഞ് ആ മനുഷ്യനെ യൂസുഫ് നബി തിരിച്ചയച്ചില്ല.
(4) തന്റെ സ്വപ്‌നത്തിന്റെ വ്യാഖ്യാനം ദൂതന്‍ തന്നെ അറിയിച്ചപ്പോള്‍ സന്തുഷ്ടനായ രാജാവിന് യൂസുഫിനെ അരനിമിഷം പോലും ഇനി ജയിലില്‍ വെക്കുന്നത് ഭൂഷണമല്ലെന്ന ബോധോദയം ഉണ്ടായി. അതിനാല്‍, ഇതേ ദൂതനെ വീണ്ടും രാജാവ് യൂസുഫ് നബിയെ ക്ഷണിക്കാനായി ജയിലിലേക്കയക്കുന്നു. ദൂതന്‍ ചെന്ന് രാജാവിന്റെ ക്ഷണം യൂസുഫ് നബിയെ അറിയിച്ചപ്പോള്‍ അദ്ദേഹം അയാളെ തിരിച്ചയച്ചു. ഏകവ്യക്തിയുടെ റിപ്പോര്‍ട്ടായതുകൊണ്ടല്ല, തന്റെ നിരപരാധിത്വം രാജാവും കുടുംബവും സമ്മതിക്കണമെന്ന നിര്‍ബന്ധം കൊണ്ടു മാത്രം. ഇതിനെ പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു അരുളി:

وَقَالَ الْمَلِكُ ائْتُونِي بِهِۖ فَلَمَّا جَاءَهُ الرَّسُولُ قَالَ ارْجِعْ إِلَىٰ رَبِّكَ فَاسْأَلْهُ مَا بَالُ النِّسْوَةِ اللَّاتِي قَطَّعْنَ أَيْدِيَهُنَّ ..........
(യൂസുഫ്: 50).

ഇപ്പോള്‍ രണ്ടാം വട്ടവും 'ഖബര്‍ വാഹിദ്' (ഏകവ്യക്തി റിപ്പോര്‍ട്ട്) യൂസുഫ് (അ) സ്വീകരിച്ചത് നാം കണ്ടു.
(5) മൂസാ, യൂസുഫ് എന്നീ പ്രവാചകന്മാര്‍ ഏകവ്യക്തിയുടെ റിപ്പോര്‍ട്ടുകള്‍  (خبر الواحد)സ്വീകരിക്കുകയും തദനുസാരം പ്രവര്‍ത്തിക്കുകയും ചെയ്തതിനുള്ള ഖുര്‍ആന്റെ അനിഷേധ്യമായ സാക്ഷ്യപത്രങ്ങളാണ് ഇതുവരെയും നാം പ്രതിപാദിച്ചത്. ഇനി മുഹമ്മദ് നബി(സ) അത് സ്വീകരിച്ചതിന് ഖുര്‍ആനില്‍ തന്നെ വല്ല തെളിവുമുണ്ടോ എന്ന് പരതാം:
പൂര്‍വകാലത്തെ അറബികള്‍, തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം നടത്താന്‍ പ്രയോഗിച്ചിരുന്ന വാക്ക് ഇന്നത്തെപ്പോലെ 'ത്വലാഖ്' എന്ന് മാത്രമല്ല,
انت عليّ كظهر امي
  (നീ എനിക്ക് എന്റെ മാതാവിന്റെ മുതുകുപോലെയാണ്) എന്നതും തങ്ങളുടെ ഭാര്യമാരെ അഭിമുഖീകരിച്ചുകൊണ്ട് അവര്‍ ഉപയോഗിച്ചിരുന്നു. ഭാര്യമാരോട് വെറുപ്പ് തോന്നുമ്പോള്‍ ഈ വാക്യം പ്രയോഗിച്ചാല്‍ അവര്‍ എന്നന്നേക്കുമായി തങ്ങളുമായി വിവാഹബന്ധം വേര്‍പെട്ടുവെന്നു പോലും ജാഹിലിയ്യ അറബികള്‍ വിശ്വസിച്ചിരുന്നു. ഇതേ ശൈലി ഒരു ദിവസം ഔസുബ്‌നു സ്വാമിത് എന്ന സ്വഹാബിവര്യന്‍ തന്റെ ഭാര്യ സഅ്‌ലബത്തിന്റെ മകള്‍ ഖൗലത്തിനോട് പറഞ്ഞു. തന്റെയും പിഞ്ചുപൈതങ്ങളുടെയും ഭാവിയോര്‍ത്ത് വേദനിച്ച ആ വൃദ്ധ അണപൊട്ടുന്ന ദുഃഖത്തോടെ നബിയെ സമീപിച്ച് തന്റെ വേദനാജനകമായ പരാതി സമര്‍പ്പിക്കുകയും പരിഹാരം ആരായുകയും ചെയ്യുന്നു. 'ഭര്‍ത്താവ് ഔസ് എന്റെ യുവത്വം തിന്നുമുടിച്ചു. കുറേ മക്കളെയും ഞാനദ്ദേഹത്തിന് പ്രസവിച്ചുകൊടുത്തു. ഞാനിപ്പോള്‍ വൃദ്ധയായ ഒരു മാതാവ്. ഈ ഘട്ടത്തില്‍ അദ്ദേഹം ഞാനുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. എന്റെ കുടുംബക്കാരെല്ലാം മരിച്ചുപോയി' - ഇതായിരുന്നു ആ വനിതയുടെ റിപ്പോര്‍ട്ടിന്റെ രത്‌നച്ചുരുക്കം. ഈ റിപ്പോര്‍ട്ട്(خبر الواحد)  നബി സ്വീകരിച്ചു. പക്ഷേ, അല്ലാഹുവിന്റെ ഉത്തരവ് ലഭിക്കാതെ സ്വേഛ അനുസരിച്ച് തനിക്കൊന്നും പറയാനില്ലാത്തതിനാല്‍ നിലവിലുള്ള ആചാരപ്രകാരം വിവാഹബന്ധം വേര്‍പ്പെട്ടതായിത്തന്നെ നബി അവരെ അറിയിക്കാന്‍ നിര്‍ബന്ധിതനായി. അതു കേട്ടപ്പോള്‍ ദുഃഖിതയായ ആ വനിത 'നബിയേ അത് പറയാതിരുന്നാലും! ഞാന്‍ ഒറ്റപ്പെട്ട ഒരു പെണ്ണാണ്, എന്റെ കുടുംബക്കാരെല്ലാം മരിച്ചുപോയി, ഭര്‍ത്താവ് ഔസ് മാത്രമാണ് എന്റെ ഏകാവലംബം' എന്ന് പറയുക മാത്രമല്ല, അതിനിടക്ക് അവരിങ്ങനെ ആവലാതിപ്പെടുക കൂടി ചെയ്തു: 'അല്ലാഹുവേ, എന്റെ പിഞ്ചുപൈതങ്ങളെ ഞാന്‍ അദ്ദേഹത്തിന് (ഭര്‍ത്താവിന്) വിട്ടുകൊടുത്താല്‍ അവര്‍ നഷ്ടപ്പെട്ടതുതന്നെ. വിട്ടുകൊടുക്കാതിരുന്നാല്‍ അവര്‍ വിശന്നു മരിക്കുകയും ചെയ്യും.' തദവസരം ഖുര്‍ആന്‍ അവതരിക്കുന്നു:
قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَاۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ
'(നബിയേ!) തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ താങ്കളുമായി തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് ആവലാതി ബോധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പെണ്ണിന്റെ വാക്ക് അല്ലാഹു കേട്ടുകഴിഞ്ഞു. നിങ്ങള്‍ ഇരുവരുടെയും സംഭാഷണം അല്ലാഹു കേള്‍ക്കുന്നുണ്ട്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ' (അല്‍ മുജാദല: 1).
തുടര്‍ന്ന് അടിമത്തമോചനം, അതിന് സാധ്യമല്ലെങ്കില്‍ രണ്ടുമാസക്കാലത്തെ തുടര്‍ച്ചയായ നോമ്പനുഷ്ഠാനം, അതിനും സാധ്യമാകാത്തപക്ഷം അറുപത് അഗതികള്‍ക്ക് ഭക്ഷണം നല്‍കല്‍ എന്ന പ്രായശ്ചിത്തങ്ങള്‍ മുഖേന ഇതേ അധ്യായം തന്നെ പരിഹാരം നിര്‍ദേശിക്കുന്നുമുണ്ട്. ഇപ്പോള്‍ തന്റെ ഭര്‍ത്താവ് തന്നെ വിവാഹമോചനം നടത്തിയ വാര്‍ത്തയുടെ റിപ്പോര്‍ട്ട് ഒരു വനിത ഒറ്റക്ക് സമര്‍പ്പിച്ചത് നബി(സ) സ്വീകരിച്ച പരമാര്‍ഥം നിങ്ങള്‍ കണ്ടുവല്ലോ.

تَحَاوُرَكُمَا (നിങ്ങള്‍ ഇരുവരുടെയും സംഭാഷണം) എന്ന് ദ്വിവചനം പ്രയോഗിച്ചത് നബി(സ)യെയും ആ വനിതയെയും അഭിമുഖീകരിച്ചുകൊണ്ടാണ്. قولَ الّتِّي (ആ പെണ്ണിന്റെ വാക്ക്) എന്ന് ഏക വചനമായാണ് പ്രയോഗിച്ചതെന്നോര്‍ക്കണം. അപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പണത്തില്‍, തന്നെ സഹായിക്കാന്‍ ഈ വനിതയോടൊപ്പം ആരുമുണ്ടായിരുന്നില്ലെന്ന് സ്പഷ്ടം. ചുരുക്കത്തില്‍, ഇത് ഖബറുല്‍ വാഹിദ് തന്നെ.

സാക്ഷ്യം പോലെയാണ് റിപ്പോര്‍ട്ടുമെങ്കില്‍ ഏക വനിതയുടെ റിപ്പോര്‍ട്ട് നബി(സ) സ്വീകരിക്കുമായിരുന്നില്ലല്ലോ. കാരണം, സ്ത്രീ ഒറ്റക്കല്ലാതെ പുരുഷന്മാരുടെ കൂട്ടത്തിലാവുമ്പോള്‍ മാത്രമേ ഒരുവേള അവളുടെ സാക്ഷ്യം സ്വീകാര്യമാകൂ എന്നത് നിസ്തര്‍ക്കമാണ്. അതും രണ്ട് സ്ത്രീകള്‍ ഉണ്ടാകുമ്പോള്‍. ഇവിടെ പുരുഷന്റെ സാന്നിധ്യമില്ലാതെ കേവലം ഒരു വനിതയുടെ റിപ്പോര്‍ട്ട് നബി(സ) സ്വീകരിച്ചപ്പോള്‍ റിപ്പോര്‍ട്ടിനെ, സാക്ഷ്യത്തിന്റെ മാനദണ്ഡം വെച്ച് അളക്കുന്നവരുടെ വാദം അടിയോടെ തകര്‍ന്നുകഴിഞ്ഞു.
(6) ഇസ്രാഈല്യരുടെ പന്ത്രണ്ട് ഗോത്രത്തലവന്മാരെ, ശത്രുസമൂഹത്തിന്റെ രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ നിരീക്ഷകരായി അല്ലാഹു നിയോഗിച്ചയച്ചുവല്ലോ. ഒറ്റക്കൊറ്റക്കായിട്ടായിരുന്നു അവര്‍ നിയോഗിക്കപ്പെട്ടിരുന്നത്. ഈ സംഭവത്തെക്കുറിച്ച് അല്ലാഹു പറയുന്നു:
وَبَعَثْنَا مِنْهُمُ اثْنَيْ عَشَرَ نَقِيبًا
'അവരില്‍നിന്ന് പന്ത്ര് നേതാക്കളെ നിയോഗിക്കുകയുമുായി' (മാഇദ: 12).
ഇവരില്‍ ഓരോരുത്തരും മൂസാ നബി(അ)ക്കായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. സുപ്രസിദ്ധ തഫ്‌സീറുല്‍ ഖുര്‍ത്വുബി, ഏക വ്യക്തിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമാണെന്ന കാര്യം ഖുര്‍ആന്‍ പ്രയോഗവല്‍ക്കരിച്ചതിനു തെളിവായി ഈ ആയത്ത് ഉദ്ധരിച്ചിട്ടുണ്ട് (ആകയാല്‍ ഏകവ്യക്തിയുടെ റിപ്പോര്‍ട്ടുകള്‍ പ്രവാചകന്മാര്‍ സ്വീകരിച്ചതായി ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ ഇതംഗീകരിച്ചത് നാം കണ്ടു. പോരെങ്കില്‍ ഇതും ചേര്‍ത്ത് വായിക്കുക).
(7) ഈസാ നബിയുടെ ജനനത്തിന് ആരംഭം കുറിച്ചുകൊണ്ട് മര്‍യമിന്റെ അടുക്കലേക്ക് അല്ലാഹു ദൂതനായി ജിബ്‌രീലി(അ)നെ അയച്ചു. ശരിയായ ഒരു മനുഷ്യവേഷത്തിലായിരുന്നു ജിബ്‌രീല്‍ മര്‍യമിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഉത്തമനായ ഒരു മനുഷ്യന്റെ റിപ്പോര്‍ട്ട് സ്വീകരിക്കാവതാണെന്ന് വ്യംഗ്യമായി ഈ സംഭവം പഠിപ്പിക്കുന്ന കാര്യം ബുദ്ധിയുള്ളവര്‍ക്കാര്‍ക്കും ഗോപ്യമല്ല. അത്, മര്‍യം സ്വീകരിക്കുകയും ചെയ്തു. ഇതിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് അല്ലാഹു അരുളി:
فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا
'നാം അവളുടെ അടുത്തേക്ക് നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നിയോഗിച്ചു' (മര്‍യം: 17).

പാവനമായൊരു തത്ത്വം
ദൈവഭക്തിയും മനുഷ്യത്വവും ഏത് ഘട്ടത്തിലും കൈവിടാതെ മുറുകെ പിടിക്കാന്‍ പ്രേരിപ്പിക്കുന്ന സുസ്ഥിരമായൊരു മാനസികാവസ്ഥയുടെ ഉടമ  
(مَنْ لَهُ مَلَكَة تَحْمِلُهُ عَلَى مُلَازَمَةِ التَّقْوَى وَالمروئَة)
എന്നത്രെ ഹദീസ് നിവേദനത്തില്‍ 'നീതിമാന്‍' എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
ഇത്തരം ഒരു വ്യക്തിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നത് ലോകത്തെ മുഴുവന്‍ നീതിമാന്മാരുടെയും റിപ്പോര്‍ട്ടുകള്‍ തള്ളുന്നതിന് തുല്യമാണ്. കാരണം വിശുദ്ധ ഖുര്‍ആന്‍ വിളംബരം ചെയ്യുന്ന പാവനമായൊരു തത്ത്വം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മനുഷ്യാത്മാവ് വളരെ സമാദരണീയവും ലോകത്തേക്കാള്‍ വിലപ്പെട്ടതുമാണ് - ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍. അതുകൊണ്ട് അതിനെ അകാരണമായി ഹനിക്കാന്‍ ആര്‍ക്കും പാടുള്ളതല്ല. അതിനാല്‍ അന്യനെ വധിക്കുകയോ രാജ്യദ്രോഹക്കുറ്റം പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത ഒരു വ്യക്തിയെ വൃഥാ വധിച്ചുകൊണ്ട് മനുഷ്യാത്മാവിനെ ആരെങ്കിലും അനാദരിച്ചാല്‍ അത് മുഴുവന്‍ മനുഷ്യാത്മാക്കളെയും അനാദരിക്കുന്നതിനു തുല്യമാണ്. ഒരു വ്യക്തിയുടെ മാത്രം ആത്മാവിനെ സമാദരിക്കുന്നതും തഥൈവ. ഈ പാവനമായ സത്യം വിശുദ്ധ ഖുര്‍ആന്‍ ഉറക്കെ പ്രഖ്യാപിക്കുന്നു:

مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًاۚ
'അന്യനെ വധിക്കുകയോ നാട്ടില്‍ കുഴപ്പം സൃഷ്ടിക്കുകയോ ചെയ്യാത്ത ഒരു മനുഷ്യനെ വധിക്കുന്നത് മാനവലോകത്തെ അഖിലവും ജീവിക്കാന്‍ അനുവദിക്കാതെ വധിക്കുന്നതിന് തുല്യമാണ്. മറിച്ച് ഇത്തരം ഒരു മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കുന്നത് മുഴുവന്‍ മനുഷ്യരെയും ജീവിക്കാന്‍ അനുവദിക്കുന്നതിനും തുല്യമത്രെ' (മാഇദ: 32).

നബി(സ)യും ഏക വ്യക്തി റിപ്പോര്‍ട്ടും

(1) ഖിബ്‌ലഃ ബൈത്തുല്‍ മുഖദ്ദസില്‍ നിന്നും മസ്ജിദുല്‍ ഹറാമിലേക്ക് മാറ്റിയല്ലോ. ഈ വാര്‍ത്ത ഒരേയൊരു വ്യക്തിയാണ് മദീനയിലെ ഖുബാ മസ്ജിദില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുന്നവരെ അറിയിച്ചത്. തദനുസാരം വാര്‍ത്തയറിഞ്ഞയുടന്‍ ബൈത്തുല്‍ മുഖദ്ദസിലേക്ക് അഭിമുഖമായി നമസ്‌കരിച്ചിരുന്നവര്‍ നേരെ മസ്ജിദുല്‍ ഹറാമിലേക്ക് തിരിഞ്ഞുകൊണ്ട് അത് പ്രയോഗവല്‍ക്കരിച്ചു.

(2) അബൂത്വല്‍ഹയും ഒരു സംഘവും മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് നിരോധിക്കപ്പെട്ട വാര്‍ത്ത ഒരു വ്യക്തി അവരെ അറിയിച്ചു. തദവസരം മദ്യപാനം നിര്‍ത്തുക മാത്രമല്ല, അത് സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ നശിപ്പിച്ചുകളയാന്‍ അവര്‍ ജനങ്ങളോട് നിര്‍ദേശിക്കുക കൂടി ചെയ്തു. ഇത്തരം വാര്‍ത്തകള്‍ നബി(സ)യുടെ അറിവില്‍ പെട്ടില്ലെന്ന് വിചാരിക്കുന്നത് തികച്ചും തെറ്റാണ്. മറിച്ച് നബിയുടെ അറിവോടു കൂടിയാണെന്ന് വ്യക്തം. എന്നിട്ടും ഒരാളുടെ മാത്രം റിപ്പോര്‍ട്ടിനെ ആസ്പദമാക്കി മുന്‍ ഖിബ്‌ല കൈയൊഴിച്ചതും, മുമ്പ് അനുവദനീയമായിരുന്ന മദ്യപാനം ഉപേക്ഷിച്ചതും നബി(സ) ചോദ്യം ചെയ്യുകയോ ഒരാളുടെ മാത്രം അറിയിപ്പ് അവലംബമാക്കി പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിക്കുകയോ രണ്ടാളുകളില്‍ കുറഞ്ഞവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അസ്വീകാര്യമാണെന്ന് അവരെ ഉണര്‍ത്തുകയോ ചെയ്തിട്ടില്ല. ഒരാളുടെ മാത്രം റിപ്പോര്‍ട്ട് അസ്വീകാര്യമായിരുന്നുവെങ്കില്‍ ആ മഹാത്മാവ് അതവരെ പഠിപ്പിക്കുമായിരുന്നുവല്ലോ. തെറ്റായ ഒരു കാര്യം നബി അംഗീകരിക്കുകയില്ലെന്ന് തീര്‍ച്ച.

(3) നോമ്പുകാരനായ ഭര്‍ത്താവ് തന്നെ ചുംബിച്ചത് തെറ്റല്ലെന്ന് ഒരു വനിതയെ അറിയിക്കാന്‍ നബി(സ) സ്വഭാര്യ ഉമ്മുസലമ(റ)യെ അധികാരപ്പെടുത്തി അയച്ചു. ഉമ്മുസലമ(റ) ഏക വനിതാ റിപ്പോര്‍ട്ടറായിരുന്നു ഈ സംഭവത്തിലെന്നോര്‍ക്കണം.

(4) ഒരു സ്ത്രീയുടെ പേരില്‍ വ്യഭിചാരാരോപണം ഉയര്‍ന്നപ്പോള്‍ അവളെ സമീപിച്ച് അന്വേഷണം നടത്താനും അവളതിനു സ്വയം സമ്മതിക്കുന്ന പക്ഷം അവളെ കല്ലെറിഞ്ഞു കൊല്ലാനും അധികാരപ്പെടുത്തിക്കൊണ്ട് നബി(സ) ഉനൈസുല്‍ അസ് ലമി എന്ന ഏക സ്വഹാബിവര്യനെ നിയോഗിച്ചു. പ്രസ്തുത കുറ്റം അവള്‍ സ്വയം ഏറ്റു പറഞ്ഞതനുസരിച്ച് അവളെ അദ്ദേഹം കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു. ഒരു മഹാത്മാവിനെ വധിക്കേണ്ടിവരുന്ന ഇത്തരം ക്രിമിനല്‍ നടപടികളില്‍ പോലും ഏക വ്യക്തിയുടെ റിപ്പോര്‍ട്ട് നബി(സ) അംഗീകരിച്ചത് എത്ര ശ്രദ്ധാര്‍ഹം!

(5) വധശിക്ഷക്ക് അര്‍ഹനായ ഖാലിദു ബ്‌നു സുഫ്‌യാനിനെ (ഹുദലീ ഗോത്രജന്‍) വധിക്കാന്‍ ഉനൈസിനെ (മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്ദുല്ലാഹിബ്‌നു ഉനൈസിനെ) നബി(സ) നിയോഗിച്ചു. ഇങ്ങനെ ദീനീനിയമങ്ങള്‍ പഠിപ്പിക്കാനും സകാത്ത് വസൂല്‍ ചെയ്യാനും അത് കൊടുക്കേണ്ടവര്‍ക്ക് കൊടുക്കാനും ക്രിമിനല്‍ നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കുവാനും മറ്റും നബി (സ) തന്റെ ദൂതരെയും ഗവര്‍ണര്‍മാരെയും ഒറ്റക്കൊറ്റക്ക് അയച്ചതിന് ഉദാഹരണങ്ങള്‍ ഇനിയും ധാരാളമുണ്ട്. എന്നാല്‍ നിയോഗിക്കപ്പെടുന്ന വ്യക്തികള്‍, അന്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ സത്യസന്ധരായി അറിയപ്പെട്ടവരായിരുന്നു എന്ന വസ്തുത വിസ്മരിക്കാവതല്ല.

(6,7) നബി(സ) അബൂബക്‌റി (റ)നെ ഹജ്ജിന് നേതൃത്വം നല്‍കാന്‍ മക്കയിലേക്കയച്ചത് ഇസ്‌ലാമിക ചരിത്രത്തില്‍ സുപ്രസിദ്ധമാണല്ലോ. തുടര്‍ന്ന് അതേ വര്‍ഷത്തില്‍ സൂറത്ത് ബറാഅഃയിലെ ആദ്യ ആയത്തുകള്‍ മക്കയില്‍ വിളംബരം ചെയ്യാന്‍ അലിയ്യുബ്‌നു അബീത്വാലിബിനെ അയച്ചതും ചരിത്രപ്രസിദ്ധമാണ്.

യുദ്ധമില്ലാക്കരാര്‍ അതിലംഘിച്ച മക്കയിലെ അമുസ്‌ലിംകളുടെ മുമ്പില്‍ പ്രസ്തുത കരാര്‍ ദുര്‍ബലപ്പെടുത്തുക, കരാര്‍ പാലിച്ച അമുസ്‌ലിംകള്‍ക്ക് തങ്ങളുമായുള്ള കരാറിന്റെ കാലാവധി അംഗീകരിച്ചുകൊടുക്കുക, ബഹുദൈവ വിശ്വാസികളുടെ മസ്ജിദുല്‍ ഹറാമിലെ പ്രവേശനവും നഗ്നരായിക്കൊണ്ടുള്ള കഅ്ബാ പ്രദക്ഷിണവും മേലില്‍ പാടില്ലെന്ന് വിളംബരം ചെയ്യുക, തങ്ങളുടെ ഭാവിയെക്കുറിച്ച് പര്യാലോചിക്കാന്‍ അമുസ്‌ലിംകള്‍ക്ക് നല്‍കപ്പെട്ട നാലു മാസങ്ങള്‍ക്കു ശേഷം തുറന്ന യുദ്ധത്തിന് ആരംഭം കുറിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുക തുടങ്ങി ഗൗരവതരമായ ഒട്ടധികം വിഷയങ്ങളുടെ പ്രഖ്യാപനത്തിനു പോലും അലിയ്യുബ്‌നു അബീത്വാലിബി(റ)നെ ഒറ്റക്ക് അധികാരപ്പെടുത്തിയിരുന്നുവെന്ന വസ്തുത ഈ സന്ദര്‍ഭത്തില്‍ സ്മരണീയമത്രെ.

ഇത്തരം സുപ്രധാനങ്ങളായ സന്ദേശങ്ങളുടെ ഏകവാഹകനായി നിയോഗിതനായ അലി(റ)യുടെ വിളംബരം 'താങ്കള്‍ ഏകവ്യക്തിയായതു കൊണ്ട് ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് ഒരൊറ്റ സ്വഹാബിയും പറയാതിരുന്നതുകൊണ്ട് ഒറ്റവ്യക്തി റിപ്പോര്‍ട്ട് സ്വീകാര്യമാണെന്ന കാര്യത്തില്‍ അവര്‍ ഏകാഭിപ്രായക്കാരായിരുന്നുവെന്ന് വ്യക്തമാണ്.
(8) ഇസ്‌ലാമിക ചരിത്രത്തില്‍ സുപ്രസിദ്ധവും അനിഷേധ്യവുമായൊരു സംഭവമാണല്ലോ, യമന്‍കാരിലേക്ക് മുആദി(റ)നെ നിയോഗിച്ചത്. അദ്ദേഹത്തെ നിയോഗിച്ചതോ, നബി(സ) തന്നെ. ഗവര്‍ണറും തന്നെ എതിര്‍ക്കുന്നവരോട് യുദ്ധം ചെയ്യാന്‍ ആജ്ഞാപിക്കപ്പെട്ട ഒരു ഭടനുമായിട്ടായിരുന്നു മുആദിന്റെ നിയോഗം. അനന്തരം നബിയെ തീരെ കണ്ടിട്ടില്ലാത്ത ഒരു ജനതയെ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കാനും നമസ്‌കാരം അനുഷ്ഠിക്കാനും സകാത്ത് നല്‍കാനും മറ്റും ക്ഷണിച്ചു. ഒരു വിഭാഗം ജനങ്ങള്‍ അത് സ്വീകരിച്ചപ്പോള്‍ മറ്റൊരു വിഭാഗം തിരസ്‌കരിച്ചു. മുആദും മുസ്‌ലിംകളും ഒന്നിച്ച് എതിരാളികളോട് യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായി. മുആദിനോടൊപ്പം യുദ്ധത്തില്‍ അണിനിരന്ന ഈ മുസ്‌ലിംകള്‍ക്ക് നബിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ യുദ്ധം ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ സത്യസന്ധതയിലുള്ള വിശ്വാസം മാത്രമായിരുന്നു ഏക അവലംബം. ഏകനായ മുആദിനെ നിയോഗിച്ചതു മുഖേന യമന്‍കാരോടുള്ള നബിയുടെ ദൗത്യം നിര്‍വഹിക്കപ്പെട്ടുവോ? ഇല്ലെന്നാണ് വാദമെങ്കില്‍ മുആദിന്റെ റിപ്പോര്‍ട്ടുകളെ ആധാരമാക്കി യുദ്ധം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് ഉത്തരവാദിയാര്/ മുആദോ അതോ മുആദിനെ ഒറ്റക്ക് നിയോഗിച്ചയച്ച നബി(സ)യോ?

ഇത്തരം ചരിത്രയാഥാര്‍ഥ്യങ്ങളെ തള്ളിക്കളയാന്‍ ഇനി ഹദീസ്‌നിഷേധികള്‍ക്ക് രണ്ട് മാര്‍ഗങ്ങളേയുള്ളൂ; ഒന്നുകില്‍ നബി(സ)യാല്‍ നിയോഗിക്കപ്പെട്ടവര്‍ മേല്‍പ്രസ്താവിച്ച ഒറ്റൊറ്റ വ്യക്തികള്‍ മാത്രമായിരുന്നില്ലെന്നും, മറിച്ച് അവരോടൊപ്പം മറ്റു ചിലരും നിയോഗിതരായിരുന്നുവെന്നും അവര്‍ ഇന്നയിന്ന വ്യക്തികളായിരുന്നുവെന്നും സലക്ഷ്യം സ്ഥാപിക്കുക. അല്ലെങ്കില്‍ അബൂബക്ര്‍, അലിയ്യുബ്‌നു അബീത്വാലിബ്, മുആദ് എന്നീ ചരിത്രപുരുഷന്മാരും ഉപര്യുക്ത സംഭവങ്ങളും തീരെ ഉണ്ടായിട്ടില്ലെന്ന് വാദിക്കുക. യേശുക്രിസ്തു എന്നൊരു ചരിത്രപുരുഷന്‍ ഈ ഭൂമിയിലുണ്ടായിരുന്നില്ലെന്ന് വാദിച്ചവരും ഈ നവയുഗത്തിലുണ്ടല്ലോ.

(9) 'ഭക്ഷണപാനീയങ്ങള്‍ കഴിക്കേണ്ട ദിവസമാണിന്ന്; അതിനാല്‍ ആരും ഇന്ന് നോമ്പനുഷ്ഠിക്കരുത്' എന്ന് മിനായില്‍ പ്രഖ്യാപിക്കാന്‍ ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ) അലിയെ ഒറ്റക്ക് നിയോഗിച്ചയച്ചു. നൂറുകണക്കില്‍ ആളുകളെ ഒന്നിച്ചയക്കാന്‍ യാതൊരു പ്രയാസവുമില്ലാത്ത, ആളുകള്‍ക്ക് പഞ്ഞമില്ലാത്ത ഒരു സന്ദര്‍ഭത്തിലാണ് ഇതെന്നോര്‍ക്കുക. ഏകവ്യക്തിയുടെ റിപ്പോര്‍ട്ട് അസ്വീകാര്യമായിരുന്നെങ്കില്‍ നബി(സ) ഇങ്ങനെ ചെയ്യുമായിരുന്നോ? 

അടുത്ത ലക്കത്തില്‍ അവസാനിക്കും
(1993 ജൂലൈ 26 തിങ്കളാഴ്ച എറിയാട് മാടവനയില്‍ നിര്യാതനായ പ്രമുഖ പണ്ഡിതനായ ലേഖകന്റെ 'തിരുസുന്നത്ത്-കുപ്രചാരണങ്ങള്‍ക്ക് മറുപടി' എന്ന ലഘുകൃതിയുടെ#െ പുനഃപ്രസിദ്ധീകരണം)

കുറിപ്പുകള്‍

1. مقدّمة فتح الباري ص:9
2. نُخبَةُ الفِكْرِ
3. رِجَال الفِكْرِ وَالدَّعْوَةِ فِي الإسْلام ص 104
4. تَفسير البحر المحيط لأبى حيان جزء 8 ص: 109
5. التفسير الكبير للرازى جزء 28 ص 120
6. تفسير روح المعانى للآلوسي جزء 25، صفحة 146

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top