മുഹമ്മദ് നബി(സ) കൈക്കൊണ്ട സൈനിക നടപടികള്‍
ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി
ഇസ്‌ലാം എന്ന് കേള്‍ക്കുമ്പോഴേക്കും കലിതുള്ളുന്നവരാണ് ഏറക്കുറെ അതിന്റെ ശത്രുക്കള്‍ എല്ലാവരും. കലി മനുഷ്യന്റെ സമനില തെറ്റിക്കുന്നു എന്നത് മനഃശാസ്ത്രപരമായും വസ്തുതാപരമായും അംഗീകരിക്കപ്പെട്ട ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമും മുസ്‌ലിമുമായി ബന്ധപ്പെട്ട എന്തിനെയും മഞ്ഞക്കണ്ണടയിലൂടെ നോക്കിക്കാണാനും അതിനെ വിമര്‍ശിക്കുക മാത്രമല്ല, മാന്യതയുടെയും സഭ്യതയുടെയും സകല അതിര്‍വരമ്പുകളും ഉല്ലംഘിച്ചുകൊണ്ട് അതിനെതിരെ അസഭ്യവര്‍ഷം ചൊരിയാനും അവര്‍ ഉദ്യുക്തരാവുക കൂടി ചെയ്യുന്നു.
ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും തെറിപറയാനും ഭര്‍ത്സിക്കാനും ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്ന പല കാര്യങ്ങളില്‍ ഒന്നു മാത്രമാണ് ഇസ്‌ലാമിക ചരിത്രത്തിലെ, വിശേഷിച്ചും പ്രവാചക ചരിത്രത്തിലെ യുദ്ധങ്ങളും സൈനിക നടപടികളും. യുദ്ധങ്ങളിലേക്കും സൈനിക നടപടികളിലേക്കും കൊണ്ടെത്തിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് അത്തരക്കാര്‍ ചര്‍ച്ച നടത്താറേയില്ല. യുദ്ധഘട്ടത്തെ പേരിനുവേണ്ടി അംഗീകരിച്ചാല്‍ പോലും യുദ്ധസാഹചര്യത്തെ സമാധാന സാഹചര്യത്തിനു സമാനം വിലയിരുത്തുന്ന തണുത്തുറഞ്ഞ മാനസികാവസ്ഥ പോലുമുണ്ട് ഈ വിഭാഗങ്ങള്‍ക്ക്. നമ്മുടെ നാട്ടിലെ യുക്തിവാദികളെന്നോ സ്വതന്ത്ര ചിന്തകരെന്നോ സ്വയം വിശേഷിപ്പിക്കുന്നവരാണ് ഇതിന്റെ മുന്‍നിരയില്‍.
ഇവരുടെ മുന്‍വിധിയും താളംതെറ്റിയ മാനസികാവസ്ഥയും മാറ്റിനിര്‍ത്തി പരിശോധിച്ചാല്‍ ബോധ്യമാവും യാഥാര്‍ഥ്യം എന്തായിരുന്നുവെന്ന്.
ഈ വിഷയം പഠനവിധേയമാക്കുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. പ്രവാചകന്റെ മക്കാ ജീവിത ഘട്ടമാണ് ഒന്ന്. പ്രവാചകത്വ ലബ്ധി മുതല്‍ ഏകദേശം പതിമൂന്ന് വര്‍ഷക്കാലത്തെ അവിടുത്തെ സമീപനമാണ് ഇവിടെ പഠനവിധേയമാക്കേണ്ടത്. ഈ ഘട്ടത്തില്‍ പ്രവാചകനും അനുചരന്മാരും കൈക്കൊണ്ട തുല്യതയില്ലാത്ത സഹനത്തിന്റെയും ക്ഷമയുടെയും സമീപനമാണ് അതില്‍ പ്രധാനം. പ്രലോഭനങ്ങള്‍, പ്രകോപനങ്ങള്‍, താഡനപീഡനങ്ങള്‍, ബഹിഷ്‌കരണങ്ങള്‍, അധിക്ഷേപങ്ങള്‍, ഭര്‍ത്സനങ്ങള്‍, തേജോവധങ്ങള്‍, അരുംകൊലകള്‍ വരെ നടന്നിട്ടും ഒരു തരത്തിലുള്ള എതിര്‍പ്രതികരണങ്ങള്‍ക്കും തുനിയാതെ ആ ധര്‍മസംഘം എങ്ങനെ ജീവിച്ചുപോന്നു എന്നതാണ് യഥാര്‍ഥത്തില്‍ ഇവിടെ പഠനവിധേയമാക്കേണ്ടത്.
മദീനാ ഘട്ടം എന്ന് പറയുന്ന പത്തു വര്‍ഷമാണ് രണ്ടാമത്തേത്. അവിടെ ശത്രുക്കളുമായി നടത്തിയ ഏറ്റുമുട്ടലുകളിലേക്കും യുദ്ധങ്ങളിലേക്കും നയിച്ച പ്രകോപനങ്ങള്‍ വല്ലതുമുണ്ടായിരുന്നുവോ? പ്രവാചകന്‍ ഏകപക്ഷീയമായി ശത്രുക്കളെ യുദ്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവോ? അതോ ഏറ്റുമുട്ടാനും യുദ്ധം ചെയ്യാനും പ്രവാചകന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവോ? പ്രവാചകന്‍ യുദ്ധം ചെയ്തിരുന്നില്ലായിരുന്നുവെങ്കില്‍ ശത്രുക്കള്‍ അടങ്ങിയിരിക്കുമായിരുന്നുവോ?
തെക്ക് യമനും വടക്ക് ശാമും സമീപപ്രദേശങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഹിജാസിന്റെ ഭാഗങ്ങളിലെ സാമൂഹിക-രാഷ്ട്രീയ രീതികള്‍ എന്തായിരുന്നു എന്നതാണ് പഠനവിധേയമാക്കേണ്ട മൂന്നാമത്തെ കാര്യം.
മക്കാ ജീവിതത്തില്‍ പ്രവാചകന്നും അനുചരന്മാര്‍ക്കും ലഭിച്ച നിര്‍ദേശം ക്ഷമിക്കുക (16:127, 46:35), കൈ അടക്കിവെക്കുക (4:77) എന്നിങ്ങനെയായിരുന്നു. അതുകൊണ്ടുതന്നെ കൊടിയ മര്‍ദനങ്ങള്‍ക്കിടയിലും ഒരു തരത്തിലുള്ള തിരിച്ചടിക്കും അവിടെ പ്രവാചകനോ അനുചരന്മാരോ മുതിര്‍ന്നില്ല. എല്ലാം സഹിച്ച് കര്‍മനിരതരാവുകയായിരുന്നു.
മദീനയിലാണ് അവസ്ഥ മാറുന്നത്. അവിടെയാണ് യുദ്ധാനുമതി ലഭിക്കുന്നത്. ഈ അനുമതിക്ക് ഖുര്‍ആന്‍ കാരണം പറയുന്നുണ്ട്. അവര്‍ മര്‍ദിതരാണെന്നതാണത്: ''യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ട വിഭാഗത്തിന് അവര്‍ മര്‍ദിതരാണെന്ന കാരണത്താല്‍ തിരിച്ചടിക്കാന്‍ അനുവാദം നല്‍കപ്പെട്ടിരിക്കുന്നു'' (22:39,40).
കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യിന് മക്കയിലെ ശത്രുക്കള്‍ എഴുതിയ ഭീഷണിക്കത്ത്, യഹൂദരും മക്കക്കാരും നടത്തിയ ഉപജാപങ്ങള്‍, മദീനയെ ആക്രമിക്കാന്‍ യഹൂദരും ഇതര ഗോത്രങ്ങളുമായി അവര്‍ നടത്തിയ കൂട്ടായ ശ്രമങ്ങള്‍, മദീനയോട് യുദ്ധം ചെയ്യാനുദ്ദേശിച്ച് നടത്തിയ സമ്പത്തിന്റെയും യുദ്ധക്കോപ്പുകളുടെയും ഒരുക്കൂട്ടല്‍ ഇതൊന്നും ചരിത്രവിദ്യാര്‍ഥികള്‍ക്ക് അജ്ഞാതമാവാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. ശത്രുക്കളുടെ ഏതു സമയത്തുമുള്ള ആക്രമണം പ്രതീക്ഷിക്കാവുന്നതായിരുന്നു അന്നത്തെ മദീനാ സാഹചര്യം. അതുകൊണ്ടുതന്നെ അതിനെ എപ്പോഴും എവിടെവെച്ചും നേരിടാനുള്ള തയാറെടുപ്പും വേണ്ട ആസൂത്രണവും നടത്താന്‍ പ്രവാചകന്‍ നിര്‍ബന്ധിതനായിരുന്നു. യുദ്ധവും യുദ്ധസാഹചര്യവും വേര്‍തിരിച്ചു നിര്‍ത്താന്‍ പറ്റാത്തത്ര സങ്കീര്‍ണമായിരുന്നു ഹിജ്‌റയുടെ ആറാം വര്‍ഷം മുതല്‍ ഹുദൈബിയാ സന്ധിവരെയെങ്കിലും മദീനയിലുായിരുന്നത്.
ഇനിയുമുണ്ട് ഒരു പ്രശ്‌നം. നടേ പറഞ്ഞ പോലെ അന്ന് അറേബ്യയില്‍ വ്യവസ്ഥാപിത ഭരണകൂടങ്ങളില്ലായിരുന്നു. ഗോത്രനായകന്മാര്‍ തീരുമാനിക്കുന്നതായിരുന്നു അവിടെ നിയമം. പല ഗോത്രങ്ങളും കൊള്ളയും പിടിച്ചുപറിയും ശീലമാക്കിയവരും. 'ഇവര്‍ക്കു ചുറ്റുംനിന്ന് ജനങ്ങള്‍ റാഞ്ചിയെടുക്കപ്പെടുന്നു' എന്ന് ഖുര്‍ആന്‍ 29:67-ല്‍ പറയുന്നത് ശ്രദ്ധേയാണ്. അത്തരം ഗോത്രങ്ങളെ വ്യവസ്ഥാപിത ഭരണകൂടങ്ങളാണെന്ന പോലെ മുന്നറിയിപ്പു നല്‍കിയും ചര്‍ച്ച നടത്തിയുമൊന്നും ബന്ധപ്പെടുക സാധ്യമാവുമായിരുന്നില്ല. അവരെ ചിലപ്പോള്‍ ഓര്‍ക്കാപ്പുറത്ത് വേണ്ടിവരും ആക്രമിക്കാന്‍. വ്യവസ്ഥാപിത ഭരണകൂടങ്ങളുടെ നമ്മുടെ കാലഘട്ടത്തില്‍ പോലും പലപ്പോഴും ആക്രമണം എങ്ങനെ നടക്കുന്നു എന്ന് ഏവര്‍ക്കുമറിയാവുന്നതാണ്.
ഈ ഗോത്രങ്ങളില്‍ തന്നെ ചിലത് നാടോടികളായിരുന്നു. അവരെ കൈയാളുന്നത് തീര്‍ത്തും വ്യത്യസ്ത രീതിയിലാവും. അത്തരം ഗോത്രങ്ങള്‍ കൊള്ളക്ക് പദ്ധതിയിട്ടതറിഞ്ഞ് നടപടി സ്വീകരിക്കാനൊരുങ്ങുമ്പോഴേക്കും അവര്‍ കൊള്ള നടത്തി സ്ഥലംവിട്ടിരിക്കും. ഇത്തരം സങ്കീര്‍ണതകള്‍ അത്രയും സമര്‍ഥമായി കൈകാര്യം ചെയ്തിടത്താണ് ഒരു ഭരണാധികാരി, സൈനിക നായകന്‍, ന്യായാധിപന്‍ എന്നീ നിലകളിലൊക്കെ പ്രവാചകന്റെ കഴിവും വീര്യവും പ്രകടമാവുന്നത്.
ഹി. അഞ്ചാം വര്‍ഷം നടന്ന ഖന്‍ദഖ് യുദ്ധം കഴിഞ്ഞ് അടുത്ത വര്‍ഷം രൂപപ്പെട്ട ഹുദൈബിയ്യ സന്ധിക്കു ശേഷമാണ് ഖുറൈശികളുടെ ഭാഗത്തുനിന്നുള്ള ആക്രമണ ഭീഷണിക്ക് അറുതി വരുന്നത്. അതും മദീനക്ക് കൈവന്ന വലിയൊരാശ്വാസമായിരുന്നു. എന്നുവെച്ച് ഭീഷണി തീര്‍ത്തും ഒഴിഞ്ഞുകിട്ടി എന്നല്ല. പിന്നെയും മറ്റു ഗോത്രങ്ങളുടെ ഭീഷണി നിലനിന്നിരുന്നു. അത് ഖുറൈശികളുടേതുപോലെ തലവേദന സൃഷ്ടിക്കുന്നതായിരുന്നില്ലെന്നു മാത്രം.
മേല്‍വിവരിച്ച സാഹചര്യങ്ങളത്രയും പരിഗണിക്കാന്‍ തയാറാവുന്ന നിഷ്പക്ഷനായ ഒരു ചരിത്ര വിദ്യാര്‍ഥി പ്രവാചകന്‍ നടത്തിയ സൈനിക നീക്കങ്ങളെ അധിക്ഷേപിക്കുംമുമ്പ് പലവട്ടം ആലോചിക്കും. അതുകൊണ്ടാണ് ലോകതലത്തില്‍ തന്നെ പ്രശസ്തരായ ചരിത്രകാരന്മാര്‍ പലരും -ഇസ്‌ലാമിന് പുറത്തുള്ളവര്‍ തന്നെ- തദ്വിഷയകമായി പ്രവാചകനെ വിമര്‍ശിക്കാന്‍ മുതിരാതിരുന്നത്.
ഇനി പ്രവാചകന്‍ നടത്തിയ സൈനിക നീക്കങ്ങളെ വര്‍ഷം പ്രതി നമുക്ക് പരിശോധിക്കാം.
മക്കാ ഘട്ടം: യാതൊരു വിധ സൈനിക നീക്കവുമില്ല.
മദീനാ ഘട്ടം:
ഒന്നാം വര്‍ഷം:
സൈനിക നീക്കങ്ങള്‍ മൂന്ന്: മൂന്നും സരിയ്യയാണ്. ഗസ്‌വയും സരിയ്യയും തമ്മിലുള്ള വ്യത്യാസം തുടര്‍ വായനയില്‍ വ്യക്തമാവും.
1) നായകന്‍ ഹംസ. മാസം റമദാന്‍.
2) നായകന്‍ ഉബൈദതുബ്‌നു ഹാരിസ്. മാസം ശവ്വാല്‍
3) നായകന്‍ സഅ്ദുബ്‌നു അബീവഖ്ഖാസ്വ്. മാസം ദുല്‍ഖഅ്ദ.
രണ്ടാം വര്‍ഷം:
ഗസ്‌വ എട്ട്. സരിയ്യ രണ്ട്.
ഗസ്‌വ:
1) ഗസ്‌വതുവദ്ദാന്‍ / ഗസ്‌വതു അബവാഅ്. മാസം സ്വഫര്‍.
2) ഗസ്‌വതു ബുവാത്വ്. മാസം റബീഉല്‍ അവ്വല്‍.
3) ഗസ്‌വതു ദാതുല്‍ ഉശൈറ. മാസം ജമാദുല്‍ ആഖിര്‍.
4) ഗസ്‌വതു ബദ്‌രില്‍ ഊലാ. മാസം ജമാദുല്‍ ആഖിര്‍.
5) ഗസ്‌വതു ബദ്‌രില്‍ കുബ്‌റാ. മാസം റമദാന്‍
6) ഗസ്‌വതു ബനീ ഖൈനുഖാഅ്. മാസം ശവ്വാല്‍.
7) ഗസ്‌വതുസ്സവീഖ്
8) ഗസ്‌വതു ബനീ സുലൈം. മാസം ശവ്വാല്‍
സരിയ്യ:
1) നായകന്‍ അബ്ദുല്ലാഹിബ്‌നു ജഹ്ശ്. മാസം ജുമാദാ അല്‍ ആഖിറ
2) നായകന്‍ ഗാലിബുബ്‌നി അബ്ദില്ല. മാസം ശവ്വാല്‍
മൂന്നാമാണ്ട്
ഗസ്‌വ:
1) ഗസ്‌വതു നജ്ദ്/ ഗസ്‌വതു ദീ അമര്‍. മാസം റബീഉല്‍ അവ്വല്‍
2) ഗസ്‌വതു ഫുറൂഅ്. മാസം റബീഉല്‍ ആഖിര്‍
3) ഗസ്‌വതു ഉഹുദ്. മാസം ശവ്വാല്‍
4) ഗസ്‌വതു ഹംറാഉല്‍ അസദ്. മാസം ശവ്വാല്‍
സരിയ്യ:
1) സരിയ്യതു സൈദിബ് ഹാരിസ. മാസം റബീഉല്‍ അവ്വല്‍
നാലാമാണ്ട്
ഗസ്‌വ:
1) ഗസ്‌വതുര്‍ റജീഅ്
2) ഗസ്‌വതു ബനിന്നദീര്‍
3) ഗസ്‌വതു ബനീ ലിഹ്‌യാന്‍
4) ഗസ്‌വതു ദാതിര്‍രിഖാഅ്
5) ഗസ്‌വതു ബദ്‌രില്‍ ആഖിറ
സരിയ്യ:
1) സരിയ്യതു അബീസലമ. മാസം മുഹര്‍റം
2) സരിയ്യതു അംരിബ്‌നി ഉമയ്യ
3) സരിയ്യ ബിഅ്‌റു മഊന
അഞ്ചാമാണ്ട് ഗസ്‌വ:
1) ഗസ്‌വതു ദൂമതുല്‍ ജന്‍ദല്‍. മാസം റബീഉല്‍ അവ്വല്‍/ റബീഉല്‍ ആഖിര്‍
2) ഗസ്‌വതു ഖന്‍ദഖ്. മാസം ശവ്വാല്‍
3) ഗസ്‌വതു ബനൂഖുറൈള. മാസം ശവ്വാല്‍
ആറാമാണ്ട് ഗസ്‌വ:
1) ഗസ്‌വതു ദീഖറജ്
2) ഗസ്‌വതു ബനില്‍ മുസ്ത്വലഖ് / ഗസ്‌വതുല്‍ മുറൈസീഅ്
3) ഗസ്‌വതു ഹുദൈബിയ്യ. മാസം ദുല്‍ഖഅ്ദ
സരിയ്യ:
1) സരിയ്യതു മുഹമ്മദിബ്‌നി മസ്‌ലമ
2) സരിയ്യതു ഉക്കാശതുബ്‌നി മിഹ്‌സ്വാന്‍
3) സരിയ്യതു അബീഉബൈദ
4) സരിയ്യതു മുഹമ്മദിബ്‌നി മസ്‌ലമ
5) സരിയ്യതു സൈദിബ്‌നി ഹാരിസ
6) സരിയ്യതു സൈദിബ്‌നി ഹാരിസ
7) സരിയ്യതു സൈദിബ്‌നി ഹാരിസ
8) സരിയ്യതു സൈദിബ്‌നി ഹാരിസ
9) സരിയ്യതു സൈദിബ്‌നി ഹാരിസ
10) ഗസ്‌വതു അലിയ്യിബ്‌നി അബീത്വാലിബ്
11) സരിയ്യതു അബ്ദിര്‍റഹ്‌മാനിബ്‌നി ഔഫ്
12) സരിയ്യതു കുര്‍സുബ്‌നി ജാബിര്‍
ഏഴാമാണ്ട് ഗസ്‌വ:
1) ഗസ്‌വതു ഖൈബര്‍
2) ഗസ്‌വതു ഫദക്
3) ഗസ്‌വതു വാദില്‍ഖുറാ
4) ഗസ്‌വതു തൈമാഅ്
5) ഗസ്‌വതു ദാതിര്‍രിഖാഅ്
സരിയ്യ:
1) സരിയ്യതു ഗാലിബ്‌നി അബ്ദില്ല
2) സരിയ്യതു സൈദുബ്‌നി ഹാരിസ
3) സരിയ്യതു ഉമറിബ്‌നില്‍ ഖത്ത്വാബ്
4) സരിയ്യതു ബശീറിബ്‌നി സഅ്ദ്
5) സരിയ്യതു ഗാലിബ്‌നി അബ്ദില്ല
6) സരിയ്യതു അബ്ദില്ലാഹിബ്‌നി റവാഹ
7) സരിയ്യതു അബീബക്ര്‍ അസ്സ്വിദ്ദീഖ്
8) സരിയ്യതു അബീഹദ്‌റദ്
9) സരിയ്യതു അബ്ദില്ലാഹിബ്‌നി അബീഹദ്‌റദ്
10) സരിയ്യതു അബ്ദില്ലാഹിബ്‌നി ഹുദാഫ
11) സരിയ്യതു ഇബ്‌നി അബില്‍ അര്‍ജാഇസ്സലമി
എട്ടാമാണ്ട് ഗസ്‌വ:
1) ഗസ്‌വതു ഫത്ഹി മക്ക
2) ഗസ്‌വതു ഹവാസിന്‍
3) ഗസ്‌വതു ഔത്വാസ്
4) ഗസ്‌വതു ത്വാഇഫ്
സരിയ്യ:
1) സരിയ്യതു ശജാഉബ്‌നി വഹ്ബ്
2) സരിയ്യതു കഅ്ബിബ്‌നി ഉമൈര്‍
3) സരിയ്യതു മുഅ്ത
4) സരിയ്യതു ദാതിസ്സലാസില്‍
5) സരിയ്യതു അബീഉബൈദ
ഒമ്പതാമാണ്ട് സരിയ്യ
1) സരിയ്യതു ഉയൈനതുബ്‌നു ഹിസ്വ്ന്‍
2) സരിയ്യതു ഖുത്വുബതുബ്‌നു ആമിര്‍
3) സരിയ്യതു ദഹ്ഹാകിബ്‌നി സുഫ്‌യാന്‍
4) സരിയ്യതു അല്‍ഖമതിബ്‌നി മുജ്‌സിര്‍
5) സരിയ്യതു അലിയ്യിബ്‌നി അബീത്വാലിബ്
ഗസ്‌വ:
1) ഗസ്‌വതു തബൂക്
നബി(സ)യുടെ മദീനാ ജീവിതത്തിലെ ഒമ്പതു വര്‍ഷമാണ് സൈനിക നടപടികള്‍ കൈക്കൊള്ളേണ്ടിവന്നത്. മൊത്തം 33 ഗസ്‌വയും 42 സരിയ്യയുമാണ് ഈ കാലയളവില്‍ നടന്നിട്ടുള്ളത്. ഇവയെ മൂന്നായി തരംതിരിക്കാം:
ഒന്ന്: ശത്രുവിന്റെ ശക്തിസംഭരണ ശ്രമത്തിന് തടയിടുക
രണ്ട്: ഇസ്‌ലാമിന്റെ പ്രചാരണം ശക്തിപ്പെടുത്തുക.
മൂന്ന്: ശത്രുവിനെ എതിരിടുക.
ഇതു മൂന്നും നബി(സ)യെ സംബന്ധിച്ചേടത്തോളം അനിവാര്യ നടപടികളായിരുന്നു. പ്രവാചകന്‍ എന്ന നിലക്ക് ഇസ്‌ലാമിക പ്രചാരണം അദ്ദേഹത്തിന്റെ ബാധ്യതയായിരുന്നു. രാഷ്ട്രനായകന്‍ എന്ന നിലക്ക് എതിരെ വരുന്ന ശത്രുനീക്കങ്ങളെ നേരിടാന്‍ ബദ്ധശ്രദ്ധനായിരിക്കേണ്ടതും അദ്ദേഹത്തിന്റെ ബാധ്യതയാണ്. അദ്ദേഹം കൈക്കൊണ്ട സൈനിക നടപടികളില്‍ തന്നെ പലതും ഏറ്റുമുട്ടലുകളില്ലാത്തവയാണ്. ശത്രു പക്ഷത്ത് കുറച്ചധികം പേര്‍ കൊല്ലപ്പെട്ടത് ബദ്ര്‍, ഉഹുദ്, ബനൂഖുറൈള സംഭവങ്ങളിലാണ്. മറ്റു പലതിലും മുസ്‌ലിംകളാണ് കൂടുതലും വധിക്കപ്പെട്ടിട്ടുള്ളത്.
യുദ്ധവും യുദ്ധസാഹചര്യവും
യുദ്ധവും യുദ്ധസാഹചര്യവും ഒന്നല്ല എന്നത് ശരിതന്നെ. യുദ്ധമുഖത്ത് ശത്രുവുമായി മുഖാമുഖം എതിരിടുകയാവും. യുദ്ധസാഹചര്യത്തിലോ?
യുദ്ധസാഹചര്യത്തിലായാലും ഒരു രാഷ്ട്രത്തെ സംബന്ധിച്ചേടത്തോളം ജാഗ്രത്തായിരിക്കുക അനിവാര്യമത്രെ. ശത്രുവിന്റെ കരുനീക്കങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ട്. അവരുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട് ചില നടപടികള്‍ കൈക്കൊള്ളേണ്ടിയും വരും. അത് അവരുടെ മുന്നേറ്റം തടയാന്‍ അനിവാര്യമായിരിക്കും. വ്യവസ്ഥാപിത ഭരണക്രമമില്ലാത്ത ഒറ്റപ്പെട്ട ഗോത്രങ്ങളുടെയും കലാപ സംഘങ്ങളുടെയും നീക്കങ്ങളെ ഓര്‍ത്തിരിക്കാനേരത്ത് വേണ്ടിവരും ചിലപ്പോള്‍ നേരിടാന്‍. അതത്രയും യുദ്ധതന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ശത്രു പിന്മാറിയതായി പ്രഖ്യാപിക്കാത്ത കാലത്തോളം അവര്‍ക്കെതിരിലുള്ള സൈനിക നീക്കങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഒരു രാഷ്ട്രത്തിനും സാധ്യമാവുകയില്ല. മദീനയും അന്ന് അതാണ് ചെയ്തത്. അത്തരം നടപടികളുടെ പേരില്‍ പ്രവാചകനെ ഭര്‍ത്സിക്കാന്‍ മിനക്കെടുന്നവര്‍ രാഷ്ട്രസംവിധാനത്തെപ്പറ്റി യാതൊരു പിടിപാടുമില്ലാത്തവരാണ്. അല്ലെങ്കില്‍ വസ്തുതാവിരുദ്ധവും യുക്തിവിരുദ്ധവുമായി മാത്രം കാര്യങ്ങള്‍ നോക്കിക്കാണുന്നവരാണ്. രണ്ടായാലും കുറ്റം പ്രവാചകന്റേതല്ല, കുറ്റപ്പെടുത്തുന്നവരുടേതാണ്.
ഇതോടൊപ്പം പരിശോധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. പ്രവാചകനേക്കാള്‍ യുദ്ധങ്ങള്‍ നടത്തുകയും ഭടന്മാരെന്നോ സാധാരണക്കാരെന്നോ നോക്കാതെ ജനങ്ങളെ ഒന്നടങ്കം -വൃദ്ധജനത്തെയും സ്ത്രീകളെയും കുട്ടികളെയുമെല്ലാം- നിഷ്‌കരുണം കൂട്ടക്കൊല നടത്തുകയും ചെയ്ത ഒരുപാടൊരുപാട് സൈനിക നടപടികള്‍ മതങ്ങളുടെ പേരിലും ഇസങ്ങളുടെ പേരിലുമൊക്കെ ലോകത്ത് പലയിടത്തും പലപ്പോഴായി നടന്നിട്ടുണ്ട്. വിപ്ലവങ്ങള്‍ക്കുശേഷം പല രാഷ്ട്രങ്ങളിലും പുതിയ ഭരണസംവിധാനത്തിലും ഇല്ലാത്ത മാരകായുധത്തിന്റെയും മറ്റും പേരു പറഞ്ഞ് നമ്മുടെ കാലത്ത് 'പുരോഗമന, സമ്പന്ന സംസ്‌കാര' നാട്യക്കാരായ രാഷ്ട്രങ്ങള്‍ അങ്ങനെ പലതും നടത്തിയ യുദ്ധങ്ങളോ അരുംകൊലകളോ ഭേദ്യങ്ങളോ ഒക്കെ നടന്നിട്ടുണ്ട്. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. അതൊന്നും ഇവര്‍ക്ക് വിഷയമാവാതെ പോകുന്നത് എന്തുകൊണ്ടാണ്? ഈ കാര്യമാണ് പരിഗണനയര്‍ഹിക്കുന്നത്.
ഈ പരിഗണന വെച്ച് പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യം ഇതാണ്; ആഗോളതലത്തില്‍ തന്നെ ശത്രുക്കള്‍ രൂപകല്‍പന നല്‍കിയ ചില തീരുമാനങ്ങളുടെയും ഉപജാപങ്ങളുടെയും പ്രതിഫലനം മാത്രമാണ് ഏതു ഭാഗത്തു നിന്നുമുള്ള ഈ ഇസ്‌ലാംവിരുദ്ധ പ്രചാരണം. അത് 'യുക്തിവാദികളു'ടെ ഭാഗത്തുനിന്നാവാം, 'സ്വതന്ത്ര ചിന്തകരു'ടെ ഭാഗത്തുനിന്നാവാം, ഹദീസ്‌നിഷേധികളുടെ ഭാഗത്തുനിന്നാവാം, സര്‍വമത-സര്‍വവേദ സത്യവാദികളുടെ ഭാഗത്തുനിന്നാവാം.... എല്ലാറ്റിന്റെയും പ്രഭവ സ്ഥാനം ഒന്നുമാത്രം.
റഫറന്‍സ്
അല്‍ബിദായ വന്നിഹായ, ഇബ്‌നു കസീര്‍
സാദുല്‍ മആദ്, ഇബ്‌നുല്‍ ഖയ്യിം