ഇത്തിഹാദുല്‍ ഉലമാ കേരള പഠനസംഗമം
റിപ്പോര്‍ട്ട് - പി.കെ ജമാല്‍
ഇസ്ലാമിക ശരീഅത്തും കര്‍മശാസ്ത്രവും തമ്മിലെ ബന്ധം എന്താണെന്നും വിശ്വാസികളുടെ ജീവിതത്തെ ക്രമീകരിക്കുന്നതില്‍ അത് നിര്‍വഹിക്കുന്ന പങ്ക് എന്താണെന്നും വലിയൊരു വിഭാഗം മുസ്ലിംകള്ക്ക് അറിയില്ല എന്നത് ഒരു വസ്തുതയാണ്. ആരാധനാപരമായ കാര്യങ്ങള്‍ മാത്രമാണ് ഫിഖ്ഹിന്റെ പ്രവര്‍ത്തന മണ്ഡലമെന്ന് പലരും ധരിച്ചുവശായിരിക്കുന്നു. ഈ ധാരണ തിരുത്താനും ഖുര്‍ആനും ഹദീസും ഫിഖ്ഹും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാനും ശാന്തപുരം അല്‍ജാമിഅയില്‍ ഇത്തിഹാദുല്‍ ഉലമാ സംഘടിപ്പിച്ച പഠനസംഗമം സഹായകമായി. വിജ്ഞാനപ്രദമായ വിഷയാവതരണങ്ങള്‍ കൊണ്ടും ചൂടുപിടിച്ച ചര്‍ച്ചകള്‍ കൊണ്ടും സംഗമം ശ്രദ്ധേയമായി.
ഇത്തിഹാദുല്‍ ഉലമാ പ്രസിഡന്റ് എം.വി മുഹമ്മദ് സലീം മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. ഫിഖ്ഹിന് ഇസ്ലാമിക ശരീഅത്തില്‍ വലിയ സ്ഥാനമുണ്ടെന്നും പുതിയ തലമുറ ഫിഖ്ഹിനോട് കാണിക്കുന്ന അവഗണന ക്ഷന്തവ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ക്കിംഗ് പ്രസിഡന്റ് വി.കെ അലി അധ്യക്ഷനായിരുന്നു. ഔപചാരികമോ അനൗപചാരികമോ ആയി ഇസ്ലാമിക വിദ്യാഭ്യാസം നേടിയവര്‍ അംഗങ്ങളായി ഇത്തിഹാദിനെ ശക്തിപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടെന്നും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയത്തക്കവിധം പണ്ഡിതന്മാര് വൈജ്ഞാനികമായി സ്വയം ശാക്തീകരണം ആര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന്, 'ഇസ്ലാമിക കര്‍മശാസ്ത്രം ഒരു പ്രവേശിക' എന്ന വിഷയം അല്‍ജാമിഅ ദഅ്വ കോളേജ് ഡീന്‍ കെ.എം അശ്റഫ് അവതരിപ്പിച്ചു. പ്രമാണങ്ങളില്‍നിന്ന് നിര്‍ധാരണം ചെയ്ത കര്‍മശാസ്ത്ര നിയമങ്ങളാണ് ഫിഖ്ഹ്. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ട് കാണാത്ത വിധികള്‍ ഗവേഷണത്തിലൂടെയും ന്യായാധികരണത്തിലൂടെയും കണ്ടെത്തുന്നത് ഫുഖഹാക്കളാണ്. അവര്‍ക്കുമാത്രമാണ് അതിനുള്ള യോഗ്യതയും അവകാശവും. ഈ നിയമാവിഷ്കാരങ്ങളുടെ പേരാണ് ഫിഖ്ഹ്. വിശ്വാസികളുടെ എല്ലാ ഇടപാടുകളും വ്യവഹാരങ്ങളും ഫിഖ്ഹ് ബന്ധിതമാണ്. നബി(സ)യുടെ കാലം മുതല്‍ ഫിഖ്ഹ് വികസിച്ചുകൊണ്ടേയിരിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
വയനാട് പിണങ്ങോട് ഉമ്മുല്‍ ഖുറാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുര്‍ആന്‍ ഡയറക്ടര്‍ കെ. ഇല്യാസ് മൗലവി, ഫിഖ്ഹിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ വിശദീകരിച്ചു. ഇസ്ലാമിക കര്‍മശാസ്ത്രം രൂപംകൊള്ളുന്ന അടിസ്ഥാന തത്ത്വങ്ങള്‍ 'ഉസ്വൂലുല്‍ ഫിഖ്ഹ്' എന്നറിയപ്പെടുന്നു. നിലവിലുള്ള നിയമങ്ങള്‍ പഠിച്ചശേഷം കാലത്തിന്റെ താല്പര്യങ്ങള് കൂടി പരിഗണിച്ചുകൊണ്ട് ഗുണപരമായ മാറ്റങ്ങള്‍ ശരീഅത്ത് തത്ത്വങ്ങളിലൂന്നി വരുത്താവുന്നതാണ്.
ഹദീസ് പണ്ഡിതനായ അഅ്മശിന് മറുപടി പറയാന്‍ കഴിയാതിരുന്ന വിഷയത്തില്‍, കര്മശാസ്ത്രകാരനായ അബൂഹനീഫ മറുപടി പറഞ്ഞപ്പോള്‍, അഅ്മശിന്റെ പ്രതികരണം 'നഹ്നുസ്സ്വയാദിലഃ, വ അന്തുമുല് അത്വിബ്ബാഅ്' (ഞങ്ങള്‍ -ഹദീസ് പണ്ഡിതന്മാര്- ഫാര്‍മസിസ്റ്റുകളാണ്, നിങ്ങളാവട്ടെ, ഡോക്ടര്‍മാരും) എന്നായിരുന്നു. ഹദീസില്‍നിന്ന് ഫിഖ്ഹ് ആവിഷ്കരിക്കുന്നത് ഫഖീഹിന്റെ വൈദഗ്ധ്യമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ഫിഖ്ഹ് പഠിച്ചവര്‍ക്കു മാത്രമേ ശരിയായ വിധി പറയാന്‍ കഴിയുകയുള്ളൂ. അല്ലാത്തവര്‍ വിധിപറഞ്ഞാല് ഫാര്‍മസിസ്റ്റുകള്‍ ചികിത്സിച്ച പോലെയാവും. ഏതു മരുന്ന്, എപ്പോള്‍, ഏതളവില്‍ കഴിക്കണമെന്നത് മരുന്നുപോലെ തന്നെ പ്രധാനമാണ്. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും വിധികള്‍ അറിയുക എന്നതു പോലെ പ്രധാനമാണ് അവയുടെ പ്രയോഗവും എന്നര്‍ഥം. ഫുഖഹാക്കളുടെയും മുഫ്തിമാരുടെയും പ്രധാന ടൂളുകളാണ് ഉസ്വൂലുല്‍ ഫിഖ്ഹ്- ഇല്യാസ് മൗലവി അഭിപ്രായപ്പെട്ടു.
അല്‍ജാമിഅ ശരീഅ കോളേജ് ഡീന്‍ ഡോ. അബ്ദുല്‍ വാസിഅ് 'മഖാസ്വിദുശ്ശരീഅഃ' (ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍) അവതരിപ്പിച്ചു. ശരീഅത്തിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. അല്ലാഹുവിന്റെ നിയമങ്ങള്‍ മനുഷ്യരുടെ നന്മകള്‍ക്കോ അവര്‍ക്കുണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ തടയാനോ ആയിരിക്കും. ഈ ശാഖയിലെ പൗരാണികരും ആധുനികരുമായ പണ്ഡിതന്മാരെ അദ്ദേഹം അവതരിപ്പിച്ചു.
അല്‍ജാമിഅ ഫിഖ്ഹ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി സമീര്‍ കാളികാവ് അനുബന്ധ ഭാഷണം നടത്തി. ഇസ്ലാമിക വിജ്ഞാനകോശം എഡിറ്റര്‍ ഡോ. എ.എ ഹലീം, ബോധനം പത്രാധിപര്‍ അബ്ദുല്ലത്വീഫ് കൊടുവള്ളി ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ജമാല്‍ സ്വാഗതമാശംസിച്ചു.