കൂട്ടുകച്ചവടം, ലാഭവിഹിതം, പലിശ
ഇല്‍യാസ് മൗലവി
ചോദ്യം: ഷെയറുകള്‍ സ്വീകരിക്കുന്ന ഒരു ബിസിനസ് സ്ഥാപനം, നിക്ഷേപിക്കുന്ന തുകയുടെ (മുടക്കുമുതലിന്റെ) പത്തു ശതമാനം എല്ലാ മാസവും ലാഭവിഹിതമായി നല്‍കുമെന്ന് നിക്ഷേപകര്‍ക്ക് ഓഫര്‍ ചെയ്യുന്നു. കൂടാതെ നിക്ഷേപത്തുക സുരക്ഷിതമായിരിക്കുമെന്ന ഉറപ്പും.
അതുപോലെതന്നെ ലാഭം നിക്ഷേപത്തുകയുടെ ഇത്ര ശതമാനം എന്നു നിശ്ചയിക്കാതെ, എന്നാല്‍ എല്ലാ മാസവും ലാഭവിഹിതം കൃത്യമായി നല്‍കുകയും, വര്‍ഷാവസാനം കണക്കുനോക്കി കൂടുതലുണ്ടെങ്കില്‍ അതിനനുസരിച്ച് ഇനി കുറവാണെങ്കില്‍ അതിനനുസരിച്ച് ലാഭവിഹിതം നല്‍കുകയും ചെയ്യുന്ന സംരംഭങ്ങളും ഉണ്ട്. ഇത്തരം സംരംഭങ്ങളില്‍ ഭാഗഭാക്കാകുന്നതിന്റെ വിധി എന്താണ്?
ഉഭയകക്ഷികള്‍ പരസ്പരം തൃപ്തിപ്പെട്ട് നടക്കുന്ന (ലാഭം പങ്കുവെക്കുമ്പോഴുളള ഈ ഏറ്റക്കുറച്ചിലില്‍) ഇത്തരം ബിസിനസ് സംരംഭങ്ങള്‍ ഇസ്ലാമികദൃഷ്ട്യാ അനുവദനീയമാണോ?
മറുപടി:
കച്ചവടത്തില്‍ ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷേപകര്‍ക്ക് മുടക്കുമുതലിന്റെ ഒരു നിശ്ചിത ശതമാനം ലാഭം നല്‍കുമെന്നും മുടക്കുമുതല്‍ സുരക്ഷിതമായി അവശേഷിക്കുമെന്നും വ്യവസ്ഥ വെച്ചുകൊണ്ടുള്ള എല്ലാതരം ഇടപാടുകളും അനിസ്‌ലാമികവും നിഷിദ്ധവുമാണ്. പൗരാണികരും ആധുനികരുമായ മുഴുവന്‍ ഫുഖഹാക്കളുടെയും ഫിഖ്ഹ് അക്കാദമികളുടെയുമെല്ലാം അഭിപ്രായവുംഇതുതന്നെയാണ്. ആധുനിക കാലത്തെ സാമ്പത്തിക ഇടപാടുകളെയും വ്യവഹാരങ്ങളെയും പറ്റി ബന്ധപ്പെട്ട സാമ്പത്തിക വിദഗ്ധന്മാരെ വിളിച്ചുവരുത്തി അവരുടെ അഭിപ്രായമാരാഞ്ഞശേഷം അവയുടെ ഇസ്‌ലാമികവിധി തീരുമാനിക്കുക എന്നതാണ് ഫിഖ്ഹ് അക്കാദമികളുടെ രീതി.
ഇന്ന് ഇസ്‌ലാമികലോകത്തുളള പ്രഗത്ഭരായ പണ്ഡിതന്മാരുള്‍ക്കൊളളുന്ന ധാരാളം ഫിഖ്ഹ് കൗണ്‍സിലുകളും ഗവേഷണവേദികളും ഇപ്പോള്‍ നിലവിലുണ്ട്.
മുകളില്‍ സൂചിപ്പിച്ച തരം ഇടപാടുകള്‍ നിഷിദ്ധമായിത്തീരുന്നത് രണ്ട് കാരണങ്ങളാലാണ്:
ഒന്ന്: ഇസ്‌ലാം നിരോധിച്ച പലിശയുമായി അവക്ക് യാതൊരു വ്യത്യാസവുമില്ല എന്നതാണ്. അതുപോലെ മുടക്കുമുതല്‍ കടംകൊടുത്താലെന്നപോലെ സുരക്ഷിതവും ഗ്യാരണ്ടിയുള്ളതുമായി അവശേഷിക്കുമെന്നതാണ്.
രണ്ട്: ലാഭം മുടക്കുമുതലിന്റെ നിശ്ചിത ശതമാനം എന്നു വ്യവസ്ഥ ചെയ്യുന്നു എന്നതാണ് രണ്ടാമത്തെ കാരണം (സംരംഭത്തിന് ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം എന്നല്ല). ഇപ്പറഞ്ഞത് വിശദമായി നമുക്ക് പരിശോധിക്കാം:
ഇസ്ലാം നിരോധിച്ച പലിശ എന്താണ്?
ഇമാം റാസി പലിശയെ വിശദീകരിച്ചതിങ്ങനെ:
ജാഹിലീ കാലത്ത് ഏറെ പ്രശസ്തവും പരിചിതവുമായിരുന്നതാണ് 'അവധിപ്പലിശ' എന്നു പറയുന്ന കാര്യം. ഓരോ മാസവും ഒരു നിശ്ചിത തുക നല്‍കിക്കൊളളാമെന്ന വ്യവസ്ഥയോടെ അവര്‍ പണം (മൂലധനം) നല്‍കാറുായിരുന്നു. മൂലധനം അതേമട്ടില്‍ അവശേഷിക്കുകയും ചെയ്യും. അങ്ങനെ കടത്തിന്റെ അവധിയായാല്‍ മൂലധനം ആവശ്യപ്പെടും. തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവധി നീട്ടിക്കൊടുത്ത് കൂടുതല്‍ സംഖ്യ വസൂലാക്കുകയും ചെയ്യും. ഇതായിരുന്നു ജാഹിലീകാലത്ത് അവര്‍ നടത്തിയിരുന്ന പലിശ രീതി.
وَقَالَ الإِمَامُ الرَّازِي:
“أَمَّا رِبَا النَّسِيئَةِ فَهُوَ الأَمْرُ الَّذِي كَانَ مَشْهُورًا مُتَعَارِفًا فِي الجَاهِلِيَّةِ، وَذَلِكَ أَنَّهُمْ كَانُوا يَدْفَعُونَ المَالَ عَلَى أَنَّ يَأْخُذُوا كُلَّ شَهْرٍ قَدْرًا مُعَيَّنًا، وَيَكُونُ رَأْسُ المَالِ بَاقِيًا، ثُمَّ إِذَا حَلَّ الدَّينُ طَالَبُوا المَدْيُونَ بِرَأْسِ المَالِ، فَإِنَّ تَعَذَّرَ عَلَيْهِ الأَدَاءُ زَادُوا فِي الحَقِّ وَالأَجَلِ، فَهَذَا هُوَ الرِّبَا الَّذِي كَانُوا فِي الجَاهِلِيَّةِ يَتَعَامَلُونَ بِهِ.
ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി പറയുന്നു:
മൂലധനം അതേ നിലയില്‍ അവശേഷിക്കുന്നവിധം ഓരോ മാസവും നിശ്ചിത തുക നല്‍കിക്കൊളളാമെന്ന വ്യവസ്ഥയോടെ ഒരാള്‍ മറ്റൊരാള്‍ക്ക് ഒരവധിക്ക് പണം കടംകൊടുക്കുന്നതായിരുന്നു ജാഹിലീകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന അവധിപ്പലിശ.
وَرِبَا النَّسِيئَةِ هُوَ الَّذِي كَانَ مَشْهُورًا فِي الْجَاهِلِيَّةِ لِأَنَّ الْوَاحِدَ مِنْهُمْ كَانَ يَدْفَعُ مَالَهُ لِغَيْرِهِ إلَى أَجَلٍ عَلَى أَنْ يَأْخُذَ مِنْهُ كُلَّ شَهْرٍ قَدْرًا مُعَيَّنًا وَرَأْسُ الْمَالِ بَاقٍ بِحَالِهِ، فَإِذَا حَلَّ طَالِبُهُ بِرَأْسِ مَالِهِ، فَإِنْ تَعَذَّرَ عَلَيْهِ الْأَدَاءُ زَادَ فِي الْحَقِّ وَالْأَجَلِ، وَتَسْمِيَةُ هَذَا نَسِيئَةً مَعَ أَنَّهُ يَصْدُقُ عَلَيْهِ رِبَا الْفَضْلِ أَيْضًا لِأَنَّ النَّسِيئَةَ هِيَ الْمَقْصُودَةُ فِيهِ بِالذَّاتِ وَهَذَا النَّوْعُ مَشْهُورٌ الْآنَ بَيْنَ النَّاسِ وَوَاقِعٌ كَثِيرًا .
.
ഇതേ കാര്യം ഇമാം ത്വബരിയുള്‍പ്പെടെയുളള പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വ്യക്തമാക്കുന്നുണ്ട്.
عَنْ مُجَاهِدٍ، قَالَ فِي الرِّبَا الَّذِي نَهَى اللَّهُ عَنْهُ: كَانُوا فِي الْجَاهِلِيَّةِ يَكُونُ لِلرَّجُلِ عَلَى الرَّجُلِ الدَّيْنُ ، فَيَقُولُ: لَكَ كَذَا وَكَذَا وَتُؤَخِّرُ عَنِي فَيُؤَخِّرُ عَنْهُ.
عَنْ قَتَادَةَ أَنَّ رِبَا اهل الْجَاهِلِيَّةِ، يَبِيعُ الرَّجُلُ الْبَيْعَ إِلَى أَجَلٍ مُسَمًّى، فَإِذَا حَلَّ الأَجَلُ وَلَمْ يَكُنْ عِنْدَ صَاحِبِهِ قَضَاءٌ زَادَهُ وَأَخَّرَ عَنْهُ.
وَكَانَ أَكْلُهُمْ ذَلِكَ فِي جَاهِلِيَّتِهِمْ أَنَّ الرَّجُلَ مِنْهُمْ كَانَ يَكُونُ لَهُ عَلَى الرَّجُلِ مَالٌ إِلَى أَجَلٍ، فَإِذَا حَلَّ الأَجَلُ طَلَبَهُ مِنْ صَاحِبِهِ، فَيَقُولُ لَهُ الَّذِي عَلَيْهِ الْمَالُ: أَخِّرْ عَنَى دَيْنَكَ وَأَزِيدُكَ عَلَى مَالِكَ فَيَفْعَلاَنِ ذَلِكَ ، فَذَلِكَ هُوَ الرِّبَا أَضْعَافًا مُضَاعَفَةً، فَنَهَاهُمُ اللَّهُ عَزَّ وَجَلَّ فِي إِسْلاَمِهِمْ عَنْهُ.-
ഇമാം അബൂബക്ര്‍ അല്‍ ജസ്സ്വാസ്വ് പറയുന്നു:
قَال الْجَصَّاصُ:
وَالرِّبَا الَّذِي كَانَتِ الْعَرَبُ تَعْرِفُهُ وَتَفْعَلُهُ إِنَّمَا كَانَ قَرْضَ الدَّرَاهِمِ وَالدَّنَانِيرِ إِلَى أَجَلٍ بِزِيَادَةٍ عَلَى مِقْدَارِ مَا اسْتَقْرَضَ عَلَى مَا يَتَرَاضَوْنَ بِهِ.وَقَالَ فِي مَوْضِعٍ آخَرَ: مَعْلُومٌ أَنَّ رِبَا الجَاهِلِيَّةِ إِنَّمَا كَانَ قَرَضًا مُؤَجَّلًا بِزِيَادَةٍ مَشْرُوطَةٍ، فَكَانَتْ الزِّيَادَةُ بَدَلًا مِنَ الأَجَلِ فَأَبْطَلَهُ اللَّهُ تَعَالَى وَحَرَّمَهُ.
അറബികള്‍ക്ക് പരിചയമുള്ളതും, അവര്‍ ഇടപാട് നടത്തുകയും ചെയ്തിരുന്ന പലിശ എന്നു പറയുന്നത്, ഉഭയകക്ഷികള്‍ പരസ്പരം തൃപ്തിപ്പെടുന്നത് അധികം തരണമെന്ന അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അവധിക്ക് ദീനാറുകളും ദിര്‍ഹമുകളും കടംകൊടുക്കലായിരുന്നു. മറ്റൊരിടത്ത് അദ്ദേഹം തന്നെ പറയുന്നു: ഒരു നിശ്ചിത തുക അധികം ഉപാധിയാക്കിക്കൊണ്ട് ഒരു നിശ്ചിത അവധിക്ക് കടംകൊടുക്കുക എന്നതാണ് ജാഹിലിയ്യാ പലിശ എന്ന് പറയുന്നത്. അപ്പോള്‍ ഈ അധികസംഖ്യ അവധിക്ക് പകരമായിട്ടുള്ളതായിരുന്നു. അതാണ് അല്ലാഹു ദുര്‍ബലപ്പെടുത്തുകയും ഹറാമാക്കുകയും ചെയ്തത് (അഹ്കാമുല്‍ ഖുര്‍ആന്‍).
ഇസ്ലാം നിരോധിച്ച പലിശ, അതിലെ പ്രധാനതത്ത്വങ്ങള്‍
ഒരു നിശ്ചിത അവധി നിശ്ചയിച്ച് ഒരാള്‍ തന്റെ പണം മറ്റൊരാള്‍ക്ക് നല്‍കുന്നു. അതിന് കൃത്യമായ ഒരു സംഖ്യ ലാഭം വ്യവസ്ഥ ചെയ്യുന്നു. അതോടൊപ്പം നല്‍കുന്ന അടിസ്ഥാന സംഖ്യ (മൂലധനം) സ്ഥായിയായി അവശേഷിക്കുകയും ചെയ്യുന്നു. ഇത്തരം വ്യവസ്ഥകളടങ്ങിയ എല്ലാതരം ഇടപാടുകളും ഏതു പേരിലറിയപ്പെട്ടാലും ഇസ്‌ലാമികദൃഷ്ട്യാ നിരോധിക്കപ്പെട്ടതാകുന്നു.
സൗകര്യത്തിനുവേണ്ടി മാസാമാസം ഒരു നിശ്ചിത സംഖ്യ നല്‍കുകയും വര്‍ഷാവസാനം കണക്കുനോക്കി ലാഭനഷ്ടങ്ങള്‍ക്കനുസരിച്ച് വിഹിതം കൃത്യപ്പെടുത്തുകയും ചെയ്യുന്നതിന് വിരോധമില്ല. കാരണം അപ്പോഴും ലാഭനഷ്ടങ്ങളില്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ടല്ലോ. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ലാഭനഷ്ടങ്ങള്‍ക്ക് കൃത്യമായ കണക്കുണ്ടായിരിക്കണം എന്നതാണ്. വ്യവസ്ഥയില്‍ മാറ്റമില്ല, പ്രായോഗിക സൗകര്യത്തിന് ഒരു വഴി സ്വീകരിച്ചു എന്നുമാത്രം. ഇങ്ങനെയാണങ്കില്‍ കുഴപ്പമില്ല.
പലിശാധിഷ്ഠിത വ്യവസ്ഥക്കായി പരിശ്രമിക്കുന്ന ഇസ്‌ലാംവിരുദ്ധശക്തികളും ജൂതലോബിയും ചേര്‍ന്ന് പലിശ (INTEREST) എന്ന പദത്തിന് പകരം ലാഭം (PROFIT)േ رِبَاഎന്നും എന്ന അറബിപദത്തിന് പകരമായി فَائِدَة (ലാഭം) എന്ന വാക്കും ഉപയോഗിച്ച് വ്യത്യസ്ത സമൂഹങ്ങളില്‍ വ്യത്യസ്ത രീതിയില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ബോധപൂര്‍വമോ അല്ലാതെയോ അതില്‍പെടുത്താനാണ് ഇത്തരം കുത്സിതമാര്‍ഗങ്ങള്‍ അവര്‍ അവലംബിക്കുന്നത്. ഇങ്ങനെയുള്ള ഒരു ഘട്ടം വരുമെന്ന് പ്രവാചകന്‍(സ) ഇസ്‌ലാമിക സമൂഹത്തെ ബോധവല്‍ക്കരിച്ചത് കാണുക:
لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ يَسْتَحِلُّونَ الرِّبَا بِالْبَيْعِ
'കച്ചവടമാണെന്ന് പേരിട്ട് പലിശയെ അനുവദനീയമാക്കുന്ന ഒരു കാലം സമൂഹത്തിലുണ്ടാവുക തന്നെ ചെയ്യുമെ'ന്ന് പ്രവാചകന്‍ പ്രവചിച്ചിരിക്കുന്നു.
ഞാന്‍ പലിശയിടപാടിനെതിരാണെന്നും ബിസിനസില്‍ പങ്കാളിയാവുക മാത്രമേ ചെയ്തിട്ടുള്ളുവെന്നുമാണ് പല സഹോദരങ്ങളും പറയാറുളളത്. അവര്‍ വിശ്വസിക്കുന്നതും അങ്ങനെത്തന്നെയായിരിക്കും. എന്നാല്‍ യാഥാര്‍ഥ്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. ലോകത്ത് നടക്കുന്ന ഒരിടപാടും അത് കച്ചവടമോ കൃഷിയോ വ്യവസായമോ അധ്വാനം കൊണ്ട് മാത്രം നടത്തുന്നതോ ആവട്ടെ, അധ്വാനവും മൂലധനവുംവഴി നിര്‍വഹിക്കുന്നതാവട്ടെ, ഇവയൊന്നും തന്നെ നഷ്ടസംഭവ്യതയില്‍നിന്ന് തികച്ചും മുക്തമല്ല. എപ്പോഴും നിശ്ചിതമായ ഒരു ലാഭം ലഭിക്കുമെന്ന് അവയൊന്നും ഉറപ്പ് നല്‍കുന്നുമില്ല. പങ്കാളികളെ ലഭിക്കാനായി അത്തരം ഉറപ്പ് നല്‍കുന്നുവെങ്കില്‍ തന്നെ നടത്തിപ്പുകാരുടെ പിടിപ്പുകേട് കാരണമോ, സര്‍ക്കാരിന്റെയും അധികാരികളുടെയും ഇടപെടലുകള്‍ കാരണമോ യുദ്ധം, പ്രകൃതിക്ഷോഭം, കലാപങ്ങള്‍, അപകടങ്ങള്‍ തുടങ്ങി നിരവധി മനുഷ്യനിയന്ത്രണത്തില്‍ പെട്ടതും അല്ലാത്തതുമായ പലതരം കാരണങ്ങളാല്‍ അങ്ങനെയോരു ഉറപ്പിന് യാതൊരു ഗ്യാരണ്ടിയും ഇല്ലെന്നതാണ് വാസ്തവം.
വര്‍ത്തമാനകാലത്ത് ഇതൊന്നും വല്ലാതെ വിശദീകരിക്കേണ്ട ആവശ്യമേ ഇല്ല. വസ്തുത ഇതായിരിക്കെ കാശ് മുടക്കുന്ന വ്യക്തി മാത്രം നഷ്ടത്തിന്റെ എല്ലാ സാധ്യതയില്‍നിന്നും തികച്ചും സുരക്ഷിതനായി നിശ്ചിത ലാഭത്തിന് അവകാശിയായി നിലകൊളളുക, ഇതുതന്നെയല്ലെ നേരത്തേ നിര്‍വചിച്ച പലിശയും!?
ലാഭകരമായ സംരംഭത്തില്‍ മുതലിറക്കാനാണ് കാശ് നല്‍കുന്നതെന്നും ലാഭം വളരെ തുഛമാണെന്നും വെക്കുക. അപ്പോഴും ഇവിടെ ഉത്ഭവിക്കുന്ന ചോദ്യം ഇതാണ്: സമയവും അധ്വാനവും യോഗ്യതയും മൂലധനവും സദാ വിനിയോഗിച്ചുകൊണ്ടിരിക്കുന്നതാരോ, വ്യാപാരത്തിന്റെ അഭിവൃദ്ധി ആരുടെ ത്യാഗപരിശ്രമങ്ങളെ ആശ്രയിച്ചിരിക്കുന്നുവോ അവരെ സംബന്ധിച്ചേടത്തോളം ഒരു നിശ്ചിത ലാഭത്തിന്റെ യാതൊരുറപ്പുമില്ല. നഷ്ടത്തിന്റെ മുഴുവന്‍ അപകടസാധ്യതയും അവര്‍ക്ക് മീതെ തൂങ്ങിക്കിടക്കുന്നുണ്ടു താനും.
എന്നാല്‍ പണം നല്‍കുക മാത്രം ചെയ്തവന്‍ യാതൊരു അപകടസാധ്യതയും കൂടാതെ ഒരു നിശ്ചിത ലാഭം കൃത്യമായി വസൂലാക്കിക്കൊണ്ടിരിക്കുന്നു. ഇത് നീതിയുടെയോ യുക്തിയുടെയോ താല്‍പര്യമല്ല, ഇസ്‌ലാമികവുമല്ല. ഉദാഹരണത്തിന് ഒരാള്‍ ഒരു വ്യവസായത്തില്‍ 10 കൊല്ലത്തേക്ക് ഒരു സംഖ്യ മുടക്കുന്നു. ഇനി വരുന്ന 10 കൊല്ലം വരെ വര്‍ഷാന്തം, അല്ലെങ്കില്‍ മാസാന്തം മുടക്കുമുതലിന്റെ അഞ്ചുശതമാനം ലാഭവിഹിതം വസൂലാക്കാന്‍ തനിക്കവകാശമുണ്ടെന്ന് ഇന്ന് തന്നെ തീരുമാനിക്കുകയും ചെയ്യുന്നു. ആ വ്യവസായശാല ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് ഇനിവരുന്ന 10 വര്‍ഷത്തിനകം മാര്‍ക്കറ്റില്‍ എന്തു വില കിട്ടുമെന്നോ, ഭാവിയില്‍ എത്ര കണ്ട് ഉയര്‍ച്ചയോ താഴ്ചയോ ഉണ്ടാകുമെന്നാ ആര്‍ക്കുമറിഞ്ഞുകൂട താനും. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തു തന്നെ സംഭവിച്ചാലും തന്റെ ലാഭവിഹിതം കൃത്യമായി ഇത്ര എന്ന് വ്യവസ്ഥ ചെയ്യുകയും മുടക്കിയ തുക യാതൊരു കുറച്ചിലുമില്ലാതെ അവശേഷിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നത് നിക്ഷേപിച്ച തുകക്ക് പലിശ വാങ്ങുന്നതു പോലെ തന്നെയാണ്.
വിഖ്യാത കര്‍മശാസ്ത്ര ഗ്രന്ഥമായ 'മുഗ്‌നി'യില്‍ ഇമാം ഇബ്‌നുഖുദാമ പറയുന്നു:
مَتَى جَعَلَ نَصِيبَ أَحَدِ الشُّرَكَاءِ دَرَاهِمَ مَعْلُومَةً، أَوْ جَعَلَ مَعَ نَصِيبِهِ دَرَاهِمَ، مِثْلُ أَنْ يَشْتَرِطَ لِنَفْسِهِ جُزْءًا وَعَشْرَةَ دَرَاهِمَ، بَطَلَتْ الشَّرِكَةُ.قَالَ ابْنُ الْمُنْذِرِ أَجْمَعَ كُلُّ مِنْ نَحْفَظُ عَنْهُ مِنْ أَهْلِ الْعِلْمِ عَلَى إبْطَالِ الْقِرَاضِ إذَا شَرَطَ أَحَدُهُمَا أَوْ كِلَاهُمَا لِنَفْسِهِ دَرَاهِمَ مَعْلُومَةً.وَمِمَّنْ حَفِظْنَا ذَلِكَ عَنْهُ مَالِكٌ وَالْأَوْزَاعِيُّ وَالشَّافِعِيُّ، وَأَبُو ثَوْرٍ وَأَصْحَابُ الرَّأْيِ، وَالْجَوَابُ فِيمَا لَوْ قَالَ: لَك نِصْفُ الرِّبْحِ إلَّا عَشْرَةَ دَرَاهِمَ، أَوْ نِصْفُ الرِّبْحِ وَعَشْرَةُ دَرَاهِمَ، كَالْجَوَابِ فِيمَا إذَا شَرَطَ دَرَاهِمَ مُفْرَدَةً.وَإِنَّمَا لَمْ يَصِحّ ذَلِكَ لِمَعْنَيَيْنِ: َحَدُهُمَا، أَنَّهُ إذَا شَرَطَ دَرَاهِمَ مَعْلُومَةً، احْتَمَلَ أَنْ لَا يَرْبَحَ غَيْرَهَا، فَيَحْصُلَ عَلَى جَمِيعِ الرِّبْحِ، وَاحْتَمَلَ أَنْ لَا يَرْبَحَهَا، فَيَأْخُذَ مِنْ رَأْسِ الْمَالِ جُزْءًا.وَقَدْ يَرْبَحُ كَثِيرًا، فَيَسْتَضِرُّ مَنْ شُرِطَتْ لَهُ الدَّرَاهِمُ.وَالثَّانِي، أَنَّ حِصَّةَ الْعَامِلِ يَنْبَغِي أَنْ تَكُونَ مَعْلُومَةً بِالْأَجْزَاءِ، لَمَّا تَعَذَّرَ كَوْنُهَا مَعْلُومَةً بِالْقَدْرِ، فَإِذَا جُهِلَتْ الْأَجْزَاءُ، فَسَدَتْ، كَمَا لَوْ جُهِلَ الْقَدْرُ فِيمَا يُشْتَرَطُ أَنْ يَكُونَ مَعْلُومًا بِهِ.وَلِأَنَّ الْعَامِلَ مَتَى شَرَطَ لِنَفْسِهِ دَرَاهِمَ مَعْلُومَةً، رُبَّمَا تَوَانَى فِي طَلَبِ الرِّبْحِ؛ لِعَدَمِ فَائِدَتِهِ فِيهِ وَحُصُولِ نَفْعِهِ لِغَيْرِهِ، بِخِلَافِ مَا إذَا كَانَ لَهُ جُزْءٌ مِنْ الرِّبْحِ.
പങ്കാളികളിലാരെങ്കിലും തന്റെ ലാഭവിഹിതം നിര്‍ണിത എണ്ണം ദിര്‍ഹം നിശ്ചയിക്കുകയോ, അല്ലെങ്കില്‍ ഒരു ഭാഗവും 10 ദിര്‍ഹമും എന്നു നിശ്ചയിക്കുകയോ ചെയ്താല്‍ ആ കൂട്ടുകച്ചവടം അതോടെ ബാത്വിലായി. ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍ പറഞ്ഞു: കൂറുകച്ചവടത്തില്‍ പങ്കാളികളിലാരെങ്കിലും ഒരാളോ ഇനി രണ്ടു പേരുമോ തങ്ങളുടെ ലാഭവിഹിതം സുനിര്‍ണിതമായ സംഖ്യ നിബന്ധനയായി വെച്ചാല്‍ ആ ഇടപാട് അസാധുവാണെന്ന കാര്യത്തില്‍ പണ്ഡിതന്മരെല്ലാം ഏകോപിച്ചിരിക്കുന്നു. അങ്ങനെ നാം മനസ്സിലാക്കിയിട്ടുള്ളവരില്‍ ഇമാം മാലിക്, ഔസാഈ, ശാഫിഈ, അബു സൗര്‍, ഹനഫീ മദ്ഹബുകാര്‍ തുടങ്ങിയവരെല്ലാം പെടുന്നു. ആ ഇടപാട് സാധുവാകാത്തത് രണ്ട് കാരണങ്ങളാലാണ്: ഒന്ന്, നിര്‍ണിത സംഖ്യ ഉപാധി വെച്ചാല്‍ അതല്ലാതെ ലാഭം നേടില്ലെന്ന് വരാം. അപ്പോള്‍ കിട്ടിയ ലാഭം മുഴുവന്‍ ഒരാളിലേക്കു മാത്രമായി ചുരുങ്ങും, ലാഭം ഉപാധിവെച്ച തുകയേക്കാള്‍ കുറഞ്ഞന്നും വരാം. അപ്പോള്‍ മുതലില്‍നിന്നും എടുത്തു കൊടുക്കേണ്ടിവരും. ഇനി ലാഭം ഉപാധി വെച്ചതിനേക്കാള്‍ അധികമാണെങ്കില്‍ ഉപാധിവെച്ചവന് അതുവഴി കോട്ടം സംഭവിക്കുകയും ചെയ്യും. രണ്ട്, എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ജോലി ചെയ്യുന്നവന്റെ ഓഹരിഭാഗം തിരിച്ചു കണക്കാക്കേണ്ടതുണ്ട്. അപ്രകാരം വിഹിതം അജ്ഞാതമാകുന്ന പക്ഷം ആ കൂട്ടുകച്ചവടം അസാധുവായി. അതുപോലെ തന്നെയാണ് ജോലിചെയ്യുന്നവന്‍ ഒരു നിശ്ചിത തുക ലാഭം ഉപാധിവെച്ചാലും. കാരണം ജോലി ചെയ്യുന്നവന്‍ തന്റെ വിഹിതം നിശ്ചിത സംഖ്യയായി നിര്‍ണയിച്ചാല്‍ ഒരുവേള ലാഭമുണ്ടാക്കുന്നതില്‍ ഉദാസീനത കാണിക്കാനിടവരാം. അവനതില്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്തതാണ് അതിന് കാരണം. അതിന്റെ ഗുണം മറ്റേ കക്ഷിക്കാണല്ലോ. നേരെമറിച്ച് തനിക്കുള്ളത് ലാഭത്തില്‍നിന്ന് ഒരു വിഹിതമെന്നാണെങ്കില്‍ പരമാവധി ലാഭം നേടാനായിരിക്കും അയാളുടെ ശ്രമം.
ചുരുക്കത്തില്‍, പേരിലോ വാക്കിലോ പദപ്രയോഗത്തിലോ അല്ല; രൂപത്തിലും സ്വാഭാവത്തിലുമാണ് കാര്യം. ഇസ്‌ലാം വിരോധിച്ച പലിശയുടെ സ്വഭാവവും രൂപവും നാം കണ്ടു. അതേ സ്വഭാവത്തിലുള്ള ഇടപാടുകള്‍ക്കു പേര് ലാഭം, പ്രോഫിറ്റ്, ഫാഇദ എന്നു തുടങ്ങി ഏത് വാക്കായാലും ശരി കേവലം വാക്കു മാറ്റി പറഞ്ഞതുകൊണ്ട് ഹറാം ഹലാലാവുകയില്ല. ഇടപാടുകളുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ശരീഅത്തിന്റെ ഒരു പ്രധാന തത്ത്വമാണ്. .
الْعِبْرَةَ فِي الْعُقُودِ لِلْمَقَاصِدِ وَالْمَعَاني لَا لِلْأَلْفَاظِ وَالْمَبَانِي
അതായത് ഇടപാടുകളില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും ആശയത്തിനുമാണ് പരിഗണന, അല്ലാതെ പദങ്ങള്‍ക്കോ വാക്യഘടനക്കോ അല്ല എന്നര്‍ഥം. അതിനാല്‍ പലിശയിടപാട് എന്നു പറയുന്നില്ലെങ്കിലും, മുടക്കിയ മുതലിന് ഒരു നിശ്ചിത ശതമാനം ലാഭം വ്യവസ്ഥചെയ്യുന്ന എല്ലാ സംരംഭങ്ങളും ഈയടിസ്ഥാനത്തില്‍ അനുവദനീയമല്ല.
ഇത്തരം ഇടപാടുകള്‍ നിഷിദ്ധമാവുന്നതിന്റെ രണ്ടാമത്തെ കാരണം നിക്ഷേപകന്‍ അഥവാ സംരംഭത്തില്‍ മുതല്‍മുടക്കി പങ്കാളിയാകുന്നവന്‍ തന്റെ മുടക്കുമുതല്‍ ഗ്യാരണ്ടിയായിരിക്കുമെന്ന വ്യവസ്ഥഉളളതിനാലാണ്. ഇതും ഇസ്‌ലാമികമല്ല
ഹനഫീ മദ്ഹബിലെ ഇമാം കാസാനി പറയുന്നു:
وَقَالَ الْإِمَامُ الْكَاسَانِيّ:
وَمِنْهَا أَنْ يَكُونَ الْمَشْرُوطُ لِكُلِّ وَاحِدٍ مِنْهُمَا مِنْ الْمُضَارِبِ وَرَبِّ الْمَالِ مِنْ الرِّبْحِ جُزْءًا شَائِعًا، نِصْفًا أَوْ ثُلُثًا أَوْ رُبْعًا، فَإِنْ شَرَطَا عَدَدًا مُقَدَّرًا بِأَنْ شَرَطَا أَنْ يَكُونَ لِأَحَدِهِمَا مِائَةُ دِرْهَمٍ مِنْ الرِّبْحِ أَوْ أَقَلُّ أَوْ أَكْثَرُ وَالْبَاقِي لِلْآخَرِ لَا يَجُوزُ، وَالْمُضَارَبَةُ فَاسِدَةٌ ؛ لِأَنَّ الْمُضَارَبَةَ نَوْعٌ مِنْ الشَّرِكَةِ، وَهِيَ الشَّرِكَةُ فِي الرِّبْحِ ، وَهَذَا شَرْطٌ يُوجِبُ قَطْعَ الشَّرِكَةِ فِي الرِّبْحِ ؛ لِجَوَازِ أَنْ لَا يَرْبَحَ الْمُضَارِبُ إلَّا هَذَا الْقَدْرَ الْمَذْكُورَ، فَيَكُونُ ذَلِكَ لِأَحَدِهِمَا دُونَ الْآخَرِ، فَلَا تَتَحَقَّقُ الشَّرِكَةُ، فَلَا يَكُونُ التَّصَرُّفُ مُضَارَبَةً
മുദാറബ (ലാഭക്കൂറു കൂറു സംരംഭം) സാധുവാകാനുള്ള ശര്‍ത്വുകളില്‍ പെട്ടതാണ്, മുതല്‍ മുടക്കുന്ന കക്ഷിയുടെയും അധ്വാനിക്കുന്ന കക്ഷിയുടെയും നിശ്ചയിക്കപ്പെടുന്ന ലാഭം പകുതി, മൂന്നില്‍ രണ്ട്, നാലില്‍ ഒന്ന് എന്നിങ്ങനെയുള്ള അനുപാതത്തിലായിരിക്കണം എന്നുള്ളത്. എന്നാല്‍ ഇടപാടുകാരിലൊരാള്‍ക്ക് നൂറ് ദിര്‍ഹം ലാഭമുണ്ടായിരിക്കും, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടിയതോ കുറഞ്ഞതോ ആയ ഒരു നിശ്ചിത സംഖ്യ ഒരാള്‍ക്കും ബാക്കി മറുകക്ഷിക്കും എന്ന രൂപത്തിലാണ് രണ്ടു പേരും ഉപാധിവെച്ചതെങ്കില്‍ ഇടപാട് സാധുവാകുകയില്ല. അത് ഫാസിദാണ്. കാരണം മുദാറബ ഒരു തരം പങ്കാളിത്ത ഇടപാടാണ്. അഥവാ ലാഭത്തിലുള്ള പങ്കാളിത്തം. ഇവിടെ ലാഭം അറുത്തു മുറിച്ചു നിര്‍ണയിച്ചു കൊണ്ടുള്ളതാണ് നിബന്ധന. അധ്വാനിക്കുന്നവന് ആകെ കിട്ടുന്ന ലാഭം ആ നിര്‍ണയിച്ച സംഖ്യമാത്രമാവാന്‍ സാധ്യതയുണ്ടല്ലോ, അങ്ങനെ വരുമ്പോള്‍ ലാഭം ഒരാള്‍ക്കു മാത്രമായിത്തീരുകയും മറ്റേയാള്‍ക്ക് ഒന്നും കിട്ടാതെ വരികയും ചെയ്യും. അപ്പോള്‍ അവിടെ പങ്കാളിത്തം സാക്ഷാല്‍കൃതമാവുന്നില്ല. ആ ഇടപാട് മുദാറബയും ആകുന്നില്ല (ബദാഇഉ സ്സ്വനാഇഅ്: 13/171).
മാലികീ മദ്ഹബിലെ ഇമാം ഇബ്‌നു റുശ്ദ് പറയുന്നു:
وَقَالَ الْإِمَامُ ابْنُ رُشْدٍ: وَمِنْهَا إذَا شَرَطَ رَبُّ الْمَالِ الضَّمَانَ عَلَى الْعَامِلِ، فَقَالَ مَالِكٌ: لَا يَجُوزُ الْقِرَاضُ وَهُوَ فَاسِدٌ، وَبِهِ قَالَ الشَّافِعِيُّ. وَقَالَ أَبُو حَنِيفَةَ وَأَصْحَابُهُ الْقِرَاضُ جَائِزٌ وَالشَّرْطُ بَاطِلٌ
മുതല്‍മുടക്കുന്നവന്‍ ബിസിനസ് നടത്തുന്നവന്റെ മേല്‍ ഗ്യാരണ്ടി നിബന്ധനയാക്കിയാല്‍ ആ ഇടപാട് അനുവദനീയമല്ല. ഇമാം മാലിക് പറയുന്നത് അത് ഫാസിദാകുന്നു എന്നാണ്. ഇമാം ശാഫിഈയുടെയും പക്ഷം അതുതന്നെയാണ് (അസാധു).
അവസാനമായി ചോദ്യകര്‍ത്താവ് സൂചിപ്പിച്ചതു പോലുള്ള സംരംഭങ്ങള്‍ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് അനുവദനീയമാകണമെങ്കില്‍ ചില മാറ്റങ്ങള്‍ അനിവാര്യമായും വരുത്തേണ്ടതുണ്ട്:
ഒന്ന്) ഷെയര്‍ എത്രയാണെന്ന് ക്ലിപ്തപ്പെടുത്തുക
നിക്ഷേപകരുടെ ഓഹരിയും നടത്തിപ്പുകാരന്റെ ഓഹരിയും മൊത്തം സംരംഭത്തിന്റെ എത്ര ശതമാനം വരുമെന്ന് നിര്‍ണയിക്കുക. കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തതിന്റെ ശരാശരി കണക്കാക്കുക. ഉദാഹരണത്തിന് 4 പേരുളള സംരംഭമാണെങ്കില്‍ ഒരാള്‍ നടത്തിപ്പുകാരനാണെന്ന് വെക്കുക. മൊത്തം സംരംഭത്തെ ഓഹരിയാക്കി ഓരോരുത്തരുടെയും ഓഹരി 1/5 എന്നോ മറ്റോ പരസ്പര ധാരണയോടെ നിര്‍ണയിക്കുക. ഇവിടെ പലപ്പോഴും സംഭവിക്കാറുള്ളത് ഷെയര്‍ ചേര്‍ക്കുന്നു എന്നു പറയുമെങ്കിലും പങ്കാളികള്‍ക്ക് സംരംഭത്തില്‍ എത്ര ശതമാനം ഷെയറുണ്ടെന്ന കാര്യം ഒരിക്കലും വ്യക്തമാക്കില്ല എന്നതാണ്. അവരെ പങ്കാളികളായി പരിഗണിച്ചെങ്കിലല്ലേ അക്കാര്യം വ്യക്തമാക്കാനൊക്കൂ?! യഥാര്‍ഥത്തില്‍ തന്റെ സംരംഭത്തില്‍ മറ്റാരെയും ഇവര്‍ പങ്കാളിയായി ചേര്‍ക്കുന്നില്ല. പ്രത്യുത തന്റെ സംരംഭം വികസിപ്പിക്കാന്‍ വേണ്ടി പലരില്‍നിന്നുമായി പണം കടംവാങ്ങിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അത്രയും വലിയ തുക ബാങ്കില്‍നിന്ന് ലോണ്‍ എടുത്താല്‍ തിരിച്ചടക്കുമ്പോള്‍ വലിയ പലിശ ഒടുക്കേണ്ടിവരും. എന്നാല്‍ ഇങ്ങനെ കടംവാങ്ങിച്ചാലോ, അതിനേക്കാള്‍ എത്രയോ കുറഞ്ഞ നിരക്കിലുള്ള ഒരു തുക ലാഭം എന്ന പേരില്‍ കൊടുത്ത് അവരെ തൃപ്തിപ്പെടുത്തുകയും ചെയ്യാം. നല്ല ലാഭകരമായി നടക്കുന്ന സംരംഭമായതുകൊണ്ട് എന്തെങ്കിലുമൊക്കെ ലാഭംകൊടുക്കാന്‍ സാധിക്കും എന്ന ബോധ്യത്തില്‍നിന്നാണ് ഇങ്ങനെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഇത്തരം സംരംഭകര്‍ ധൃഷ്ടരാക്കുന്നത് എന്നതാണ് വസ്തുത. ഇതില്‍ ഷെയര്‍ എടുക്കുന്നു എന്ന നിലക്ക് മുതല്‍ മുടക്കുന്നവരെ സംബന്ധിച്ചേടത്തോളം (യഥാര്‍ഥത്തില്‍ അവര്‍ കടംനല്‍കുകയാണ് ചെയ്യുന്നത്, അതവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും യാഥാര്‍ഥ്യം അതാണ്) ഒരു നിശ്ചിതലാഭം കൃത്യമായി തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അവര്‍ക്കും സംതൃപ്തി ആയിരിക്കും. എന്നാല്‍ സംരംഭം നഷ്ടത്തില്‍ കലാശിക്കുകയോ പൊളിയുകയോ സംരംഭകന്‍ മുങ്ങുകയോ ഒക്കെ ചെയ്യുമ്പോഴായിരിക്കും ഇതിലെ അപകടവും ചതിക്കുഴിയും, തങ്ങള്‍ കബളിപ്പിക്കപ്പെട്ടതിന്റെ ആഴവും പലരും തിരിച്ചറിയുക. ഇവിടെയാണ് ഇത്തരം കൂട്ടുസംരംഭങ്ങള്‍ സാധുവാകാന്‍ അനിവാര്യമായും ഉണ്ടായിരിക്കണം എന്ന് ഇസ്‌ലാമിക ശരീഅത്ത് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധിവിലക്കുകള്‍ക്കുമൊക്കെയുള്ള പ്രസക്തി.
രണ്ട്) ലാഭവിഹിതം മുന്‍കൂട്ടി നിശ്ചയിക്കുക
ലാഭം നിര്‍ണയിക്കുമ്പോള്‍ ഓരോരുത്തരും മുടക്കിയതിന്റെ ഇത്ര ശതമാനം എന്ന് നിശ്ചയിക്കാതെ, കിട്ടുന്ന ലാഭത്തിന്റെ ഇത്ര ശതമാനം എന്ന് നിര്‍ണയിക്കുക. ഉദാഹരണമായി, ഓരോരുത്തരുടെയും ഓഹരി ഓരോ ലക്ഷമാണെങ്കില്‍ ലാഭം അതിന്റെ 10 ശതമാനം എന്ന് നിശ്ചയിക്കാതെ, ഓരോരുത്തരുടെയും ലാഭം ഭാവിയില്‍ കിട്ടാനിരിക്കുന്ന മൊത്തം ലാഭത്തിന്റെ ഇത്ര ശതമാനമായിരിക്കുമെന്ന് തുടക്കത്തില്‍ തന്നെ നിശ്ചയിക്കുക. ഒരാള്‍ക്ക് മൊത്തം ലാഭത്തിന്റെ 10 ശതമാനം നല്‍കാമെന്നാണ് വ്യവസ്ഥയെങ്കില്‍ കിട്ടിയ മൊത്തം ലാഭം ഒരു ലക്ഷമാണെങ്കില്‍ അയാള്‍ക്ക് 10,000 ലഭിക്കും. ഇനി മൊത്തം ലാഭം രണ്ടു ലക്ഷമാണെങ്കില്‍ അയാള്‍ക്ക് 20,000 ലഭിക്കും. ഇനി മൊത്തം ലാഭം കേവലം നൂറു രൂപ മാത്രമാണെങ്കില്‍ അയാള്‍ക്ക് 10 മാത്രമേ ലഭിക്കുകയുള്ളൂ. ചുരുക്കത്തില്‍, സംരംഭത്തിന്റെ മൊത്തം ലാഭത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ഷെയറുകാരില്‍ ഓരോരുത്തരുടെയും ലാഭവിഹിതവും കൂടിയും കുറഞ്ഞുമിരിക്കുമെന്നര്‍ഥം. ഇനി ലാഭമായി ഒന്നുംതന്നെ ലഭിച്ചില്ലെങ്കിലോ പങ്കാളികള്‍ക്കും ലാഭവിഹിതമായി ഒന്നും കൊടുക്കേണ്ടിവരികയില്ല. ഇതാണ് നീതി, ഇതാണ് ന്യായവും.
എന്നാല്‍ ഓരാരുത്തര്‍ക്കും തങ്ങള്‍ മുടക്കിയ മുതലിന്റെ ഇത്ര ശതമാനം ലാഭം ലഭിക്കും എന്നാണ് നിബന്ധന വെക്കുന്നതെങ്കിലോ, ഒന്നുകില്‍ അന്യായമായ ലാഭം പറ്റാനും അല്ലെങ്കില്‍ ന്യായമായ ലാഭവിഹിതം ലഭിക്കാതിരിക്കാനുമെല്ലാം സാധ്യതയുണ്ട്.
നേരത്തേ പറഞ്ഞ ഉദാഹരണമനുസരിച്ച് ഒരു ലക്ഷം മുടക്കിയവന് പ്രതിമാസം അതിന്റെ 10 ശതമാനം ലാഭം നല്‍കും എന്നാണ് വ്യവസ്ഥയെങ്കില്‍ 4 പേര്‍ക്ക് പ്രതിമാസം 40,000/-, നല്‍കേണ്ടിവരുമല്ലോ. എന്നാല്‍ ഏതെങ്കിലും ഒരു മാസം ആകെ കിട്ടിയ ലാഭം കേവലം 40,000/- മാത്രമേ ഉള്ളൂ എങ്കില്‍ നടത്തിപ്പുകാരന് ഒന്നും ലഭിക്കാതെ വരും. ഇനി അതിലധികമാണെങ്കില്‍ ഓഹരിക്കാര്‍ക്ക് ലഭിക്കേണ്ട ന്യായമായ വിഹിതം ലഭിക്കാതെയും വരാം. നിശ്ചയിക്കപ്പെട്ട തുകയേക്കാള്‍ കുറവാകുകയോ നഷ്ടത്തിലാവുകയോ ചെയ്താലോ, ആ നഷ്ടം നടത്തിപ്പുകാരന്‍ മാത്രം സ്വയം സഹിക്കേണ്ടിവരികയും ചെയ്യും. ഇത്തരം യാതൊരു അനീതിയും ഇസ്‌ലാം അനുവദിക്കുന്നില്ല. അല്ലാഹു കര്‍ശനമായി വിലക്കിയ മറ്റുള്ളവരുടെ മുതല്‍ അന്യായമായി ഭുജിക്കലാവുമത്. അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلَّا أَنْ تَكُونَ تِجَارَةً عَنْ تَرَاضٍ مِنْكُمْ وَلَا تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا. وَمَنْ يَفْعَلْ ذَلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا وَكَانَ ذَلِكَ عَلَى اللَّهِ يَسِيرًا
''വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ധനം അന്യോന്യം നിഷിദ്ധ മാര്‍ഗങ്ങളിലൂടെ തിന്നരുത്. പരസ്പരം പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ. നിങ്ങള്‍ നിങ്ങളെത്തന്നെ കൊന്നുകളയരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്‍ച്ച. അക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്നവരെ നാം നരകത്തീയിലിട്ട് കരിക്കുകതന്നെ ചെയ്യും. അത് അല്ലാഹുവിന് ഏറെ എളുപ്പമാകുന്നു'' (അന്നിസാഅ്: 29-30).
'നിഷിദ്ധമാര്‍ഗം' എന്നുവെച്ചാല്‍ സത്യവിരുദ്ധവും, ശരീഅത്തിലോ സദാചാരമുറയിലോ അനാശാസ്യവുമായ സകല മാര്‍ഗങ്ങളുമാകുന്നു. 'ക്രയവിക്രയം' കൊണ്ടുള്ള വിവക്ഷ, ആദായങ്ങളോ ലാഭങ്ങളോ അധ്വാനഫലങ്ങളോ കൈമാറുന്ന എല്ലാ ഇടപാടുകളുമാണ്. വാണിജ്യം, വ്യവസായം, തൊഴില്‍ ആദിയായ ഇടപാടുകളില്‍ ഒരാള്‍ ഇതരന്റെ ആവശ്യാര്‍ഥം അധ്വാനിക്കുകയും ഇതരന്‍ ആ അധ്വാനത്തിന് പ്രതിഫലം നല്‍കുകയും ചെയ്യുന്നു. അതിനാല്‍, ഈ വിനിമയങ്ങള്‍ 'തിജാറത്തി'(ക്രയവിക്രയം)ന്റെ പരിധിയില്‍ പെട്ടതാണ്. ഉഭയസമ്മതം എന്നുവെച്ചാല്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദമോ ചതിയോ വഞ്ചനയോ കൂടാതെ പരസ്പരം തൃപ്തിപ്പെടുകയെന്നര്‍ഥം. പലിശയും കൈക്കൂലിയും കരിഞ്ചന്തയുമൊക്കെ പരസ്പര ഹിതാനുസാരമുള്ളതെന്നു ബാഹ്യത്തില്‍ തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ ആ സംതൃപ്തി നിര്‍ബന്ധിതവും സമ്മര്‍ദഫലവുമാണ്.....ചതിയോടും വഞ്ചനയോടും കൂടിയുള്ള ഇടപാടുകളില്‍ പരസ്പര ഹിതമുണ്ടെന്ന് തോന്നിയേക്കാമെങ്കിലും യാഥാര്‍ഥ്യത്തെക്കുറിച്ച അജ്ഞതയില്‍നിന്നും തെറ്റിദ്ധാരണയില്‍നിന്നും ഉടലെടുത്തതാണത്. മറുകക്ഷിക്കു യാഥാര്‍ഥ്യം ശരിക്കും അറിയാമായിരുന്നെങ്കില്‍ അയാള്‍ ഒരിക്കലുമത് തൃപ്തിപ്പെടുമായിരുന്നില്ല. അതിനാല്‍, പ്രസ്തുത കൊള്ളക്കൊടുക്കകളെല്ലാം നിഷിദ്ധങ്ങളാകുന്നു.............. 'നിങ്ങള്‍ സ്വയം കൊല്ലരുത്' എന്നുപറഞ്ഞതിന്റെ ഉദ്ദേശ്യം അന്യന്റെ ധനം അധര്‍മമായി തിന്ന് നിങ്ങള്‍ സ്വാത്മാക്കളെ നാശകൂപത്തില്‍ വീഴ്ത്തരുത്. അതായത്, ഹറാം തിന്നാന്‍ മുതിര്‍ന്നാല്‍ നാഗരിക വ്യവസ്ഥ തന്മൂലം താറുമാറാകും; അതിന്റെ ദുരന്തഫലങ്ങളില്‍നിന്ന് ഒടുവില്‍ 'ഹറാംതീനി'കള്‍ക്ക് തന്നെയും രക്ഷപ്പെടാന്‍ കഴിയുകയില്ല. കൂടാതെ, പാരത്രിക ജീവിതത്തില്‍ അതുവഴി കഠോരമായ ശിക്ഷയും അനുഭവിക്കേണ്ടിവരും. സ്വതന്ത്ര വാക്യമാകുമ്പോള്‍ അതിന് രണ്ടര്‍ഥമുണ്ട്: ഒന്ന്, ഒരുവന്‍ അപരനെ കൊലചെയ്യരുതെന്ന്. രണ്ട്, ആത്മഹത്യ ചെയ്യരുതെന്ന്; മൂന്ന് അര്‍ഥങ്ങള്‍ക്കും പര്യാപ്തമായ തരത്തിലാണ് വാചകഘടന. എല്ലാം ശരിയുമാണ് (തഫ്ഹീമുല്‍ ഖുര്‍ആന്‍).
ഇവ്വിഷയകമായി 1995 ജനുവരിയില്‍ മക്കയില്‍ ചേര്‍ന്ന ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി കൗണ്‍സിലിന്റെ തീരുമാനം കാണുക:
قَرَارُ الْمَجْمَعِ الْفِقْهِيِّ:
إِنَّ مَجْلِسَ الْمَجْمَعِ الْفِقْهِي الْإِسْلَامِيِّ، بِرَابِطَة ِالعَالَمِ الإِسْلاَمِيِّ، فِي دَوْرَتِهِ الرَّابِعَةَ عَشْرَةَ، الْمُنْعَقِدَةِ بِمَكَّةَ الْمُكَرَّمَةَ، وَاَلَّتِي بَدَأَت يَوْمَ السَّبْتِ 20مِنْ شَعْبَانَ 1415هـ- 21/1/1995م: قَدْ نَظَرَ فِي هَذَا الْمَوْضُوعِ، وَقَرَّر: أَنَّهُ لَا يَجُوزُ فِي الْمُضَارَبَةِ أَنْ يُحَدِّدَ الْمُضَارِبُ لِرَبِّ الْمَالِ مِقْدَارًا مُعَيَّنًا مِنَ الْمَالِ، لِأَنَّ هَذَا يَتَنَافَى مَعَ حَقِيقَةِ الْمُضَارَبَةِ، وَلِأَنَّهُ يَجْعَلُهَا قَرْضًا بِفَائِدَةٍ، وَلِأَنّ الرِّبْحَ قَدْ لَا يَزِيدُ عَلَى مَا جَعَلَ لِرَبِّ الْمَالِ فَيَسْتَأْثِرُ بِهِ كُلَّهُ، وَقَدْ تَخْسَرُ الْمُضَارَبَةُ، أَوْ يَكُونُ الرِّبْحُ أَقَلَّ مِمَّا جُعَلَ لِرَبِّ الْمَالِ، فَيَغْرَمُ الْمُضَارِبُ.
കൂറുകച്ചവടക്കാരന്‍ നടത്തിപ്പുകാരന്റെ മേല്‍ നിശ്ചിത തുക ലാഭം നിശ്ചയിക്കാന്‍ പാടില്ല. കാരണം അത് കൂറുകച്ചവടത്തിന്റെ ചൈതന്യത്തിന് എതിരാകുന്നു. അതു പലിശക്ക് കടം കൊടുക്കലായിത്തീരുകയും ചെയ്യും. ലാഭം ഒരുവേള ഈ നിശ്ചയിച്ചതിനേക്കാള്‍ കൂടുതലായി ഒന്നും കിട്ടാതെ വരാം, അങ്ങനെ വരുമ്പോള്‍ മുഴുവന്‍ സംഖ്യയും അവന്‍ സ്വന്തമാക്കും. ഇനി സംരംഭം നഷ്ടത്തിലാവുകയോ നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞ ലാഭമേ കിട്ടിയുളളു എന്നും വരാം, അങ്ങനെ അപ്പോള്‍ നടത്തിപ്പുകാരന്‍ നഷ്ടം സ്വയം സഹിക്കേണ്ടിയും വരും.
മൂന്ന്) നഷ്ടം സംഭവിച്ചാല്‍ എന്ത് എന്നത് കൃത്യപ്പെടുത്തുക
ലാഭത്തിലുളള പങ്കാളിത്തം നിശ്ചയിക്കുന്നതു പോലെ നഷ്ടത്തിലും പങ്കാളിത്തം ഉറപ്പുവരുത്തുകയും നിശ്ചയിക്കുകയും ചെയ്യണം. ഓരോരുത്തരും അവരവരുടെ ഓഹരിയനുസരിച്ച് വഹിക്കുമെന്ന് വ്യവസ്ഥ ചെയ്യണം.
ചോദ്യത്തില്‍ സൂചിപ്പിച്ച 'പരസ്പര തൃപ്തിയോടെ' എന്ന പരാമര്‍ശത്തെപ്പറ്റി ഒരു അടിസ്ഥാന തത്ത്വം എന്ന നിലക്ക് മനസ്സിലാക്കാനായി പറയട്ടെ:
الرِّضَا لَا يُبِيحُ الْحَرَامَ
(ഇടപാടുകാരുടെ പരസ്പര തൃപ്തി ഒരു ഹറാമിനെയും ഹലാലാക്കുകയില്ല) എന്നതാണ് ആ തത്ത്വം.
അങ്ങനെയെങ്കില്‍ പലിശയും വ്യഭിചാരവും അനുവദനീയമാക്കേണ്ടി വരും. ഇടപാടുകള്‍ പരസ്പര തൃപ്തിയോടെ ആയിരിക്കുക എന്നത് ഒരു പ്രധാന കാര്യമായതു പോലെ പ്രധാനമാണ് അവ ശരീഅത്തിന്റെ അടിസ്ഥാനത്തിലായിരിക്കുക എന്നതും.