ഖുര്‍ആന്‍ നിദാനശാസ്ത്രം: വളര്‍ച്ചയും വികാസവും

ഡോ. അബ്ദുല്‍വാസിഅ് ധര്‍മഗിരി‌‌
img

പ്രവാചകകാലത്തോളം പഴക്കം ചെന്ന ഇസ്‌ലാമിക വൈജ്ഞാനിക ശാഖയാണ് ഖുര്‍ആന്‍ നിദാനശാസ്ത്രം. വിശുദ്ധ ഖുര്‍ആന്‍ അവതരണത്തോടൊപ്പം വളര്‍ന്ന് വികസിച്ച, ഖുര്‍ആനിക വായനകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനവും ഏകകവുമായി വര്‍ത്തിച്ചത് ഭാഷയുടെയും ഉപമകളുടെയും അവതരണ പശ്ചാത്തലങ്ങളുടെയും കീഴില്‍ വളര്‍ന്നു വന്ന ഈ വിജ്ഞാന ശാഖയായിരുന്നു. ഖുര്‍ആന്‍ പ്രയോഗിച്ച പദങ്ങളുടെ ഭാഷാപരവും സാങ്കേതികവുമായ വിവക്ഷ, അവയുടെ ദൈവികത, വെളിപാടിന്റെ ഇനങ്ങള്‍, ഖുര്‍ആനിന്റെ അവതരണ ഘട്ടങ്ങള്‍, അവയില്‍ ആദ്യമവതരിച്ചവ, പില്‍ക്കാലത്ത് അവതരിച്ചവ, അവയില്‍ സംഗ്രഹിച്ചും വിവരിച്ചും പരാമര്‍ശിച്ചവ, ഖുര്‍ആനിക വചനങ്ങളുടെ അവതരണഹേതുവായ സംഭവവികാസങ്ങള്‍, സാമൂഹിക സാഹചര്യങ്ങള്‍, ഖുര്‍ആനിക അധ്യായങ്ങളുടെ വേര്‍തിരിവ്, അവയുടെ ക്രമം, ക്രോഡീകരണം തുടങ്ങിയവയെല്ലാം ഈ വിജ്ഞാന ശാഖക്കു കീഴില്‍ ഖുര്‍ആന്‍ നിദാനശാസ്ത്രമെന്ന പേരില്‍ ശേഖരിക്കപ്പെടുകയും വിശകലനവിധേയമാക്കപ്പെടുകയും ചെയ്തു. ഉലൂമുല്‍ ഖുര്‍ആന്‍, ഉലൂമുത്തന്‍സീല്‍, ഉലൂമുല്‍ കിതാബ് തുടങ്ങിയ പേരുകളില്‍ പരാമര്‍ശിക്കപ്പെട്ട ഈ വൈജ്ഞാനിക ശാഖ പില്‍ക്കാലത്ത് 'ഉലൂമുല്‍ ഖുര്‍ആന്‍' എന്ന പേരില്‍ പ്രശസ്തമാവുകയാണുണ്ടായത്. 

ഖുര്‍ആന്‍ അവതരണ വേളയില്‍ തിരുദൂതരുടെ വിശദീകരണവും അറബിഭാഷയിലെ മികവുമായിരുന്നു ഖുര്‍ആനിക വായനക്ക് സ്വഹാബാക്കള്‍ അവലംബിച്ചിരുന്നത്. പിന്നീട് ഖുലഫാഉര്‍റാശിദുകളുടെ ആദ്യകാലത്ത് തിരുദൂതര്‍(സ) പകര്‍ന്നു നല്‍കിയ ഖുര്‍ആന്‍ പഠനവ്യാഖ്യാന മാനദണ്ഡങ്ങളും അടിസ്ഥാനങ്ങളുമായിരുന്നു അവലംബമെങ്കില്‍ പോലും അവയെ ഒരു വൈജ്ഞാനിക ശാഖയെന്ന രീതിയില്‍ പരിഗണിക്കുകയോ വികസിപ്പിക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഖുര്‍ആനിക അവതരണം പൂര്‍ത്തിയായി, അനുചരസമക്ഷം പ്രസ്തുത വേദജ്ഞാനമേല്‍പിച്ച് തിരുദൂതര്‍ (സ) പരലോക പ്രാപ്തനാവുകയും, മുസ്‌ലിം ഉമ്മത്ത് മുന്‍മാതൃകകളില്ലാത്ത നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്തപ്പോഴാണ് അത്തരമൊരു വൈജ്ഞാനിക ശാസ്ത്രം ആവശ്യമായി വന്നത്. പ്രവാചകവിയോഗത്തിനു ശേഷം മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിച്ച തത്വചിന്താപരമായ പ്രതിസന്ധികളെയും കാലികമായ വെല്ലുവിളികളെയും പ്രവാചക പാരമ്പര്യത്തിന്റെയും ഭാഷാപരമായ മേന്മയുടെയും കരുത്തു കൊണ്ട് അതിജീവിക്കാന്‍ ഖുലഫാഉര്‍റാശിദുകള്‍ക്ക് സാധിച്ചിരുന്നു. അബൂബക്ര്‍(റ), ഉമര്‍(റ) തുടങ്ങിയവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ അനുഭവിച്ച പ്രശ്‌നങ്ങളെ തീര്‍ത്തും വൈജ്ഞാനികമായ അടിത്തറയില്‍ തരണം ചെയ്തതില്‍ ഖുര്‍ആന്‍ നിദാനശാസ്ത്രത്തിന് കാര്യമായ പങ്കുണ്ടായിരുന്നു. 

എങ്കില്‍പോലും പ്രവാചകന്റെയോ സ്വഹാബാക്കളുടെയോ കാലത്ത് ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രമോ, ഗവേഷണരീതിയോ ക്രോഡീകരിക്കപ്പെടുകയോ രേഖപ്പെടുത്തപ്പെടുകയോ ചെയ്തിരുന്നില്ല. ഗുരുമുഖത്തു നിന്ന് നേരിട്ട് കേള്‍ക്കുകയും ഖുര്‍ആന്‍ പണ്ഡിതന്മാരുടെ പാഠശാലകളില്‍നിന്ന് കേട്ട് മനസ്സിലാക്കുകയും ചെയ്യുകയെന്നതായിരുന്നു അതിന്റെ പ്രചാരണരീതി. എഴുത്തുപകരണങ്ങളുടെ ദൗര്‍ലഭ്യതയും എഴുത്തറിയുന്നവരുടെ അഭാവവുമെല്ലാം ഇതിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. എങ്കിലും വിശുദ്ധ ഖുര്‍ആന്‍ ഖുറൈശി ശൈലിയില്‍ ക്രോഡീകരിച്ച ഉസ്മാന്റെ(റ) ശ്രമം ഖുര്‍ആന്‍ നിദാനശാസ്ത്ര ക്രോഡീകരണത്തിന്റെ പ്രഥമഘട്ടമായി വിലയിരുത്താവുന്നതാണ്. കാരണം ഖുര്‍ആന്‍ നിദാനശാസ്ത്രത്തിന്റെ സുപ്രധാന ഭാഗമായ ഖുര്‍ആന്‍ പാരായണ രീതികളെ ഉസ്മാനീ റസ്മില്‍ യോജിപ്പിച്ച മഹത്തായ ശ്രമമായിരുന്നു ഖുര്‍ആന്‍ ക്രോഡീകരണം. ഇല്‍മ് റസ്മില്‍ ഖുര്‍ആന്‍ അഥവാ ഖുര്‍ആനെഴുത്തിന്റെ ശാസ്ത്രം എന്ന പേരില്‍ ഖുര്‍ആന്‍ നിദാനശാസ്ത്രത്തില്‍ ഒരു പ്രത്യേക വിഷയം തന്നെയുണ്ട്. പില്‍ക്കാലത്ത് അനറബികള്‍ ധാരാളമായി ഇസ്‌ലാം ആശ്ലേഷിക്കുകയും അവരുമായുള്ള സമ്പര്‍ക്കഫലമായി അറബി ഭാഷയുടെ തനിമക്ക് ദൗര്‍ബല്യം സംഭവിച്ച് തുടങ്ങിയ കാലത്ത്, അതിന്റെ സംരക്ഷണാര്‍ഥം അറബിഭാഷാ വ്യാകരണ നിയമങ്ങള്‍ ക്രോഡീകരിക്കാന്‍ അബുല്‍ അസ്‌വദുദ്ദുഅലിയോട് നാലാം ഖലീഫ അലിയ്യുബ്‌നു അബീത്വാലിബ്(റ) നിര്‍ദേശിച്ചതും ഖുര്‍ആന്‍ നിദാനശാസ്ത്രത്തിന്റെ പ്രാഥമിക ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഖുര്‍ആന്‍ നിദാനശാസ്ത്രത്തിലെ 'ഇല്‍മു ഇഅ്‌റാബില്‍ ഖുര്‍ആന്‍' അഥവാ ഖുര്‍ആന്‍ വ്യാകരണശാസ്ത്രത്തിന്റെ പ്രാരംഭപടിയായിരുന്നു അത്. അബുല്‍ അസ്‌വദുദ്ദുഅലി അറബിഭാഷാ വ്യാകരണനിയമങ്ങള്‍ ഖുര്‍ആനിക വചനങ്ങളില്‍നിന്നായിരുന്നു ഗവേഷണം ചെയ്‌തെടുത്തത് എന്നു മാത്രമല്ല, പ്രസ്തുത വചനങ്ങളുടെ സംരക്ഷണത്തില്‍ പ്രസ്തുത ഭാഷാ തത്വങ്ങള്‍ പില്‍ക്കാലത്ത് നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും ഗവേഷണത്തിനും, അതില്‍നിന്നുള്ള നിയമനിര്‍ധാരണത്തിനും ബലവത്തായ ചട്ടക്കൂട് നിര്‍മിച്ചെടുക്കുകയെന്നതു തന്നെയായിരുന്നു അക്കാലത്ത് മുസ്‌ലിം ഉമ്മത്തിന്റെ അനിവാര്യതേട്ടം.

സ്വഹാബാക്കളുടെയും താബിഉകളുടെയും കാലം ഖുര്‍ആന്‍ വിജ്ഞാനീയങ്ങളുടെ വികാസഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. സ്വഹാബാക്കളില്‍ ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ്, സൈദുബ്‌നു സാബിത്, അബൂമൂസല്‍ അശ്അരി, അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) തുടങ്ങിയവരും താബിഉകളില്‍ മുജാഹിദ്, അത്വാഅ്, ഇക്‌രിമഃ, ഖതാദഃ, ഹസന്‍ ബസ്വ്‌രി, സഈദുബ്‌നു ജുബൈര്‍, ത്വാവൂസ്, അത്വാഉബ്‌നു അബീറബാഹ്, സൈദ് ബിന്‍ അസ്‌ലം, മസ്‌റൂഖ് തുടങ്ങിയവരും ഖുര്‍ആന്‍ വിജ്ഞാനീയങ്ങളിലെ അവഗാഹവും പാണ്ഡിത്യവും കൊണ്ട് അറിയപ്പെട്ടവരായിരുന്നു. അവരില്‍ പലര്‍ക്കും ഇസ്‌ലാമിക ഖിലാഫത്തിനു കീഴിലെ സുപ്രധാന പട്ടണങ്ങളില്‍ വ്യവസ്ഥാപിത ഖുര്‍ആനിക പാഠശാലകള്‍ വരെയുണ്ടായിരുന്നു. ഇമാം ഇബ്‌നുതൈമിയ്യഃ പറയുന്നു: ''ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ കൂടുതല്‍ വിവരമുള്ളത് മക്കയില്‍ ഇബ്‌നു അബ്ബാസി(റ)ന്റെ പാഠശാലയില്‍ വളര്‍ന്നവര്‍ക്കായിരുന്നു. മുജാഹിദ്, അത്വാഉബ്‌നു അബീറബാഹ്, ഇബ്‌നു അബ്ബാസിന്റെ അടിമ ഇക്‌രിമഃ തുടങ്ങിയവരെപ്പോലുള്ളവര്‍. ത്വാവൂസ്, അബുശ്ശഅ്‌സാഅ, സഈദുബ്‌നു ജുബൈര്‍ തുടങ്ങിയവരും ഇതില്‍പെടുന്നു. അതുപോലെ തന്നെ കൂഫയിലെ ഇബ്‌നു മസ്ഊദി(റ)ന്റെ ശിഷ്യന്മാരും. ഇമാം മാലിക് തഫ്‌സീര്‍ സ്വീകരിച്ച സൈദുബ്‌നു അസ്‌ലം മദീനയിലെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായിരുന്നു.'' ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, അവതരണ പശ്ചാത്തലം, മക്കീ-മദനീ അധ്യായങ്ങള്‍, ഖുര്‍ആനിക വചനങ്ങളിലെ നാസിഖ്-മന്‍സൂഖ്, ഖുര്‍ആനിലെ തന്നെ അപൂര്‍വമായ പദപ്രയോഗങ്ങളെക്കുറിച്ച വിജ്ഞാനം തുടങ്ങിയവയുടെയെല്ലാം ആവിഷ്‌കാരവും പ്രാരംഭവും മേലുദ്ധരിച്ച ഖുര്‍ആനിക പണ്ഡിതന്മാര്‍ വഴിയാണ് സംഭവിച്ചത്. 

ഖുര്‍ആന്‍ നിദാനശാസ്ത്രം സ്വതന്ത്രമായ ഒരു വൈജ്ഞാനിക ശാഖയെന്ന തലത്തില്‍ വളര്‍ന്ന് വികസിച്ചു തുടങ്ങിയത് ഏകദേശം ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണ്. ഉമവി ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) നടത്തിയ ചരിത്രപരമായ യജ്ഞമായിരുന്നു അതിന് പ്രേരകമായി വര്‍ത്തിച്ചത്. പ്രവാചകചര്യയുടെ സംരക്ഷണാര്‍ഥം അവയുടെ ക്രോഡീകരണം ലക്ഷ്യമാക്കി അദ്ദേഹം ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളായിരുന്നു അത്. ഇമാം ബുഖാരി(റ) പറയുന്നു: ''മദീനയിലെ ഗവര്‍ണര്‍ അബൂബക്‌റുബ്‌നു ഹസമിന് ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ് ഒരു സന്ദേശമയച്ചു. തിരുദൂതരുടെ(സ) ഹദീസുകള്‍ ശേഖരിച്ച് താങ്കള്‍ രേഖപ്പെടുത്തുക. വിജ്ഞാനവും പണ്ഡിതന്മാരും നഷ്ടപ്പെട്ടുപോവുമെന്ന് ഞാന്‍ ഭയപ്പെടുന്നു. 

ഹദീസ് ക്രോഡീകരണത്തെ തുടര്‍ന്ന് ഖുര്‍ആനിക വിജ്ഞാനീയങ്ങള്‍ സമ്പുഷ്ടമായി. അതുമായി ബന്ധപ്പെട്ട ധാരാളം ഗവേഷണങ്ങളും രചനകളും രംഗത്തു വന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ തന്നെ യസീദുബ്‌നു ഹാറൂന്‍ അസ്സുല്‍മാ, ശുഅ്ബഃ ബ്‌നു അല്‍ഹജ്ജാജ്, വകീഉ ബ്‌നു അല്‍ജര്‍റാഹ്, സുഫ്‌യാനുബ്‌നു ഉയൈനഃ, അബ്ദുര്‍റസാഖ് അസ്സ്വന്‍ആനി തുടങ്ങിയവരും ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് രചനകള്‍ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും അവയില്‍ സ്വന്‍ആനിയുടെ ഖുര്‍ആന്‍ വ്യാഖ്യാനമാണ് കൈയെഴുത്ത് പകര്‍പ്പിന്റെ രൂപത്തിലെങ്കിലും മുസ്‌ലിം ലോകത്ത് ലഭ്യമായിട്ടുള്ളത്. തിരുദൂതരി(സ)ല്‍നിന്ന് സനദ് അഥവാ പരമ്പര വഴി താന്‍ ശേഖരിച്ച വിവരണങ്ങളാണ് തന്റെ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തില്‍ സ്വന്‍ആനി ക്രോഡീകരിച്ചിട്ടുള്ളത്. ഖുര്‍ആനിലെ അപരിചിതമായ പദങ്ങളുടെ വിശദീകരണം, ഖുര്‍ആനിക അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും ശ്രേഷ്ഠതകള്‍, അവതരണ പശ്ചാത്തലങ്ങള്‍, ഖുര്‍ആനിക വചനങ്ങളുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര വിധികള്‍, പ്രവാചക ചരിത്രങ്ങള്‍, ജാഹിലിയ്യാ കാലത്തെ പ്രധാന സംഭവങ്ങള്‍ തുടങ്ങിയവ സ്വന്‍ആനി തന്റെ തഫ്‌സീറില്‍ ഉദ്ധരിച്ചതായി കാണാവുന്നതാണ്. 

അബ്ദുല്ലാഹിബ്‌നു ആമിര്‍, ഹമ്മാമുബ്‌നു യഹ്‌യ, മുഹമ്മദുബ്‌നു ശിഹാബ് അസ്സുഹ്‌രി, മുഖാതിലുബ്‌നു സുലൈമാന്‍ തുടങ്ങി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാന്മാരായ പണ്ഡിതന്മാര്‍ ഖുര്‍ആന്‍ നിദാനശാസ്ത്രത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക വിഷയങ്ങളെക്കുറിച്ചും ഗഹനമായ രചനകള്‍ സമര്‍പ്പിച്ചവരാണ്. ഇമാം ബുഖാരിയുടെ ശൈഖായിരുന്ന അലിയ്യുബ്‌നു അല്‍മദീനി അവതരണ പശ്ചാത്തലത്തെക്കുറിച്ചും, അബൂ ഉബൈദില്‍ ഖാസിം നാസിഖ്-മന്‍സൂഖ് എന്നതിനെക്കുറിച്ചും രചിച്ച ഗ്രന്ഥങ്ങള്‍ അവയില്‍പെടുന്നു. ഇമാം ശാഫിഈ(റ)യുടെ വചനങ്ങളും വ്യാഖ്യാനങ്ങളും ക്രോഡീകരിച്ച് അബൂബക്ര്‍ അല്‍ബൈഹഖി രചിച്ച 'അഹ്കാമുല്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥത്തില്‍ 'നാസിഖ്-മന്‍സൂഖ്', അവയുടെ തെളിവുകള്‍, കാരണങ്ങള്‍, ഇനങ്ങള്‍, ആദ്യമിറങ്ങിയ വചനങ്ങള്‍, ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഭാഷയുടെ പങ്ക് തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിച്ചതായി കാണാവുന്നതാണ്. 

എന്നാല്‍ ഖുര്‍ആന്‍ നിദാനശാസ്ത്രമെന്ന നിലയില്‍ അവയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചേര്‍ത്തുവെച്ച സുപ്രധാനമായ ആദ്യകാല രചനകളിലൊന്ന് പ്രസിദ്ധ ഹദീസ് പണ്ഡിതനായിരുന്ന അല്‍ഹാരിസ് അല്‍മുഹാസിബിയുടെ 'ഫഹ്‌മുല്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥമാണ്. ഖുര്‍ആനിന്റെ മഹത്വം, ഖുര്‍ആനിന്റെ കര്‍മശാസ്ത്രം, മുഹ്കം-മുതശാബിഹ്, വര്‍ധിച്ചു വന്ന അക്ഷരങ്ങള്‍, മുന്തിക്കപ്പെട്ടതും പിന്തിക്കപ്പെട്ടതുമായ (തഅ്ഖീറും തഖ്ദീമും) ഭാഷാ പ്രയോഗങ്ങള്‍, നസ്ഖ് തുടങ്ങിയവയെല്ലാം അദ്ദേഹം വിശകലനവിധേയമാക്കിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ 'ജാമിഉല്‍ ബയാനു'മായി ഇമാം ഇബ്‌നുജരീര്‍ അത്ത്വബരി രംഗപ്രവേശം ചെയ്തത്. ഹിജ്‌റ നാലാം നൂറ്റാണ്ടിനു മുമ്പ് ഖുര്‍ആന്‍ നിദാനശാസ്ത്രത്തില്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുനൂറ്റിയമ്പതിലധികം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരുന്നതായി ഇബ്‌നുന്നദീം ഹിജ്‌റ 377-ല്‍ രചിച്ച തന്റെ 'അല്‍ഫിഹ്‌റസ്തി'ല്‍ കുറിച്ചിട്ടുണ്ട്. 

ഹിജ്‌റ ആദ്യനൂറ്റാണ്ടുകളില്‍ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ തന്നെയായിരുന്നു ഖുര്‍ആന്‍ നിദാനശാസ്ത്രത്തിന്റെ മുഖ്യഅവലംബം എന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. ഖുര്‍ആനുമായി ബന്ധപ്പെട്ട മക്കി-മദനി, അവതരണ പശ്ചാതലം, ഖുര്‍ആനിക കഥകള്‍, നാസിഖ്-മന്‍സൂഖ് തുടങ്ങി ഖുര്‍ആന്‍ നിദാനശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാനീയങ്ങളും ചേര്‍ത്തുവെച്ച, ബൃഹത്തായ രചനകളായിരുന്നു ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍. അതിനാല്‍തന്നെ പല പൂര്‍വകാല പണ്ഡിതന്മാരും തങ്ങളുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ 'ഉലൂമുല്‍ ഖുര്‍ആന്‍' എന്ന പ്രയോഗം ചേര്‍ത്ത് നാമകരണം ചെയ്തതായി കാണാവുന്നതാണ്. മുഅ്തസിലി പണ്ഡിതനായിരുന്ന അബുല്‍ ഹസന്‍ അലി ബിന്‍ ഈസാ അര്‍റഹ്‌മാനി തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തെ 'അല്‍ജാമിഅ് ലി ഇല്‍മില്‍ ഖുര്‍ആന്‍' എന്നാണ് പേരു വിളിച്ചിട്ടുള്ളത്. പ്രമുഖ ചരിത്രകാരനായിരുന്ന വാഖിദിയുടെ 'അത്തര്‍റഗീബ് ഫീ ഇല്‍മില്‍ ഖുര്‍ആന്‍', മുഹമ്മദുബ്‌നു ഖലഫിന്റെ 'അല്‍ഹാവീ ഫീ ഉലൂമില്‍ ഖുര്‍ആന്‍', യൂനുസുബ്‌നു മുഹമ്മദ് അല്‍വഫ്‌റാവന്‍ദിയുടെ 'അശ്ശാഫീ ഫീ ഇല്‍മില്‍ ഖുര്‍ആന്‍' തുടങ്ങിയവയും ഇവക്കുദാഹരണങ്ങളാണ്. 

ഖുര്‍ആന്‍ നിദാനശാസ്ത്രവും ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രവും തമ്മിലുള്ള അന്തരം ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമാണ്. ഖുര്‍ആന്‍ നിദാനശാസ്ത്രത്തിന്റെ ഒരു സുപ്രധാന ഭാഗം മാത്രമാണ് ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം. ഖുര്‍ആന്‍ വ്യാഖ്യാനം, മക്കി-മദനി, വിവിധ തരം ഖിറാഅത്തുകള്‍, നാസിഖ്-മന്‍സൂഖ് തുടങ്ങി നിരവധി വിഷയങ്ങള്‍ ഖുര്‍ആന്‍ നിദാനശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു. അതേസമയം മേല്‍പറഞ്ഞ വിഷയങ്ങളൊക്കെയും ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നതിനാല്‍തന്നെ, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ അവയെക്കുറിച്ച ചര്‍ച്ചകളില്‍നിന്ന് മുക്തമല്ല എന്നതാണ് യാഥാര്‍ഥ്യം. ഉദാഹരണമായി ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ സുപ്രധാന വിഷയമായ 'ഗരീബുല്‍ ഖുര്‍ആന്‍', അഥവാ അപരിചിതമായ പദങ്ങളുടെ ഭാഷാപരമായ അപഗ്രഥനം ഖുര്‍ആന്‍ നിദാനശാസ്ത്രവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ ഗ്രന്ഥങ്ങളിലും സവിശേഷമായി വിശകലനം ചെയ്യപ്പെട്ടതായി കാണാവുന്നതാണ്. ഇമാം സര്‍കശിയുടെ 'അല്‍ബുര്‍ഹാന്‍', സുയൂത്വിയുടെ 'അല്‍ഇത്ഖാന്‍' തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. 

ഇവര്‍ക്കു മുമ്പ്, ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ഖുര്‍ആനിലെ പദങ്ങളെ പരിചയപ്പെടുത്തി അബൂബക്ര്‍ സജിസ്താനി 'ഫീ ഗരീബില്‍ ഖുര്‍ആന്‍' എന്ന പേരില്‍ ഗ്രന്ഥരചന നടത്തി. അഞ്ചാം നൂറ്റാണ്ടില്‍ അലിയ്യുബ്‌നു സഈദ് അല്‍ഹൂഫിയും, ആറില്‍ അബുല്‍ ഖാസിം അബ്ദുര്‍റഹ്‌മാന്‍ അസ്സുബൈലിയും, ഏഴില്‍ സഖാവിയുമെല്ലാം ഖുര്‍ആന്‍ നിദാനശാസ്ത്ര രചനകളില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഖുര്‍ആന്‍ നിദാനശാസ്ത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക വിജ്ഞാനതലം ആസ്പദമാക്കി ഗഹനവും സമ്പൂര്‍ണവുമായ രചനകള്‍ നിര്‍വഹിക്കുകയെന്നതായിരുന്നു ഇവരുടെ രീതി. 

സാങ്കേതികാര്‍ഥത്തില്‍ ഖുര്‍ആന്‍ നിദാനശാസ്ത്രം അഥവാ ഉലൂമുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ ഒരു സമ്പൂര്‍ണ വൈജ്ഞാനിക ശാഖയായി പഴുത്തു പാകമായത് ഹിജ്‌റ ഏഴാം നൂറ്റാണ്ടിലായിരുന്നു എന്ന അഭിപ്രായമാണ് പ്രചാരത്തിലുള്ളത്. എന്നാല്‍ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ഫാത്വിമീ ഭരണകാലത്ത് ജീവിച്ചിരുന്ന അലിയ്യുബ്‌നു ഇബ്‌റാഹീം അല്‍ഹൂഫി 'അല്‍ബുര്‍ഹാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍' എന്ന പേരില്‍ ഏകദേശം മുപ്പത് വാള്യങ്ങളുള്ള ഗ്രന്ഥം രചിച്ചിരുന്നതായും അവയില്‍ പതിനഞ്ച് വാള്യങ്ങളുടെ കൈയെഴുത്തു പ്രതികള്‍ ക്രമരഹിതമായെങ്കിലും ലഭ്യമാണെന്നും ഇമാം സര്‍ഖാനി തന്റെ 'മനാഹിലുല്‍ ഇര്‍ഫാന്‍' എന്ന സുപ്രസിദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെയും അതിലെ വിഷയാവതരണ ശൈലിയെയും കുറിച്ചും ശൈഖ് സര്‍ഖാനി വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഇമാം അല്‍ഹൂഫിയുടെ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. ഖുര്‍ആന്‍ നിദാനശാസ്ത്രത്തിലെ പ്രഥമ ഗ്രന്ഥമാണ് അല്‍ഹൂഫിയുടെ 'അല്‍ബുര്‍ഹാന്‍' ആണെന്ന് അബ്ദുല്‍ അളീം അസ്സര്‍ഖാനി നിരീക്ഷിക്കുന്നു. ശൈഖ് മന്നാഉല്‍ ഖത്ത്വാന്‍, മുഹമ്മദ് സ്വബ്ബാഗ് തുടങ്ങിയവരും ഇതേ അഭിപ്രായക്കാരാണ്. എന്നാല്‍ ഡോ. മുഹമ്മദ് അബീ ശുഹ്ബഃ, ഡോ. ഫഹ്ദ് റൂമി തുടങ്ങിയവര്‍ അല്‍ഹൂഫിയുടെ ഗ്രന്ഥം കേവല ഖുര്‍ആന്‍ വ്യാഖ്യാനമാണെന്ന് വിലയിരുത്തുന്നു. ഇവര്‍ക്ക് മുമ്പ് ഇമാം സര്‍കശി, സുയൂത്വി എന്നിവരും ഇതേ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കാല ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ഖുര്‍ആന്‍ നിദാനശാസ്ത്രത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും മേല്‍സൂചിപ്പിച്ച പോലെ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നതാണ് ഈ ചര്‍ച്ചയുടെ മര്‍മം. ശാഫിഈ പണ്ഡിതനായിരുന്ന ഇമാം മാവര്‍ദി ഖുര്‍ആനിലെ ഉപമകളെക്കുറിച്ച് ഒരു രചന നിര്‍വഹിക്കുകയുണ്ടായി. ആറാം നൂറ്റാണ്ടില്‍  ഇബ്‌നുല്‍ ജൗസി 'ഫുനൂനുല്‍ അഫ്‌നാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍', 'അല്‍ മുജ്തബാ ഫീ ഉലുമിന്‍ തതഅല്ലഖു ബില്‍ ഖുര്‍ആന്‍' എന്നീ പേരുകളില്‍ രണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ ആദ്യത്തേത് ഖുര്‍ആനിന്റെ മഹത്വം, ഏഴ് പാരായണ രീതികള്‍, ഖുര്‍ആന്‍ എഴുതുന്ന രീതി, മക്കീ-മദനീ അധ്യായങ്ങള്‍, ഭാഷാ വൈവിധ്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. 

ഹിജ്‌റ എട്ടാം നൂറ്റാണ്ടിലാണ് ഇമാം സര്‍കശി തന്റെ പ്രശസ്തമായ 'അല്‍ബുര്‍ഹാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍' രചന നിര്‍വഹിച്ചത്. ഖുര്‍ആന്‍ നിദാനശാസ്ത്രവുമായി ബന്ധപ്പെട്ട് മുന്‍കാല പണ്ഡിതന്മാര്‍ നടത്തിയ പഠനഗവേഷണങ്ങളെയെല്ലാം ചേര്‍ത്തുവെച്ച സമ്പൂര്‍ണായ കൃതികളിലൊന്നാണിത്. പിന്നീട് ജലാലുദ്ദീന്‍ അല്‍ബല്‍ഖീനി, ജലാലുദ്ദീന്‍ അസ്സുയൂത്വി എന്നിവരും ഖുര്‍ആന്‍ നിദാനശാസ്ത്രത്തില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയവരില്‍പെടുന്നു. 'അത്തഹ്ബീര്‍ ഫീ ഉലൂമിത്തഫ്‌സീര്‍' എന്ന പേരില്‍ ഗ്രന്ഥം രചിച്ചിരുന്ന ഇമാം സുയൂത്വി, കൂടുതല്‍ ഗഹനമായി വിഷയത്തെ സമീപിച്ച് 'അല്‍ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍' എന്ന പേരില്‍ മറ്റൊരു ഗ്രന്ഥം കൂടി രചിച്ചു. ഖുര്‍ആന്‍ നിദാനശാസ്ത്രത്തില്‍ പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ക്ക് മുഖ്യ അവലംബമായി വര്‍ത്തിച്ച ഈ ഗ്രന്ഥത്തില്‍ ഖുര്‍ആന്‍ നിദാനശാസ്ത്രവുമായി ബന്ധപ്പെട്ട എണ്‍പതോളം ഇനങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഖുര്‍ആനിക വചനങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ട് മക്കീ-മദനീ പാരമ്പര്യ വിഭജനത്തോടൊപ്പം, ഉഷ്ണ-ശൈത്യ കാലങ്ങളില്‍ അവതരിച്ചവ, വിരിപ്പില്‍ വെച്ചും ഉറക്കവേളയിലും അവതരിച്ചവ, ഒന്നിച്ചോ ഭാഗികമായോ അവതരിച്ചവ തുടങ്ങിയ പല പുതിയ വിഭജനരീതികളും അദ്ദേഹം ആവിഷ്‌കരിച്ചു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇമാം ത്വബരിയോട് കടപ്പെട്ടതു പോലെ, ഖുര്‍ആന്‍ നിദാനശാസ്ത്രം 'അല്‍ഇത്ഖാനു'മായി കടപ്പെട്ടിരിക്കുന്നുവെന്നാണ് മുസ്‌ലിം ലോകം അംഗീകരിച്ച വാമൊഴികളിലൊന്ന്. 
ഇമാം സുയൂത്വിക്കു ശേഷം ഖുര്‍ആന്‍ നിദാനശാസ്ത്രത്തില്‍ പഠനഗവേഷണങ്ങള്‍, അര്‍ധവിരാമം കുറിച്ചുവെന്നു വേണം പറയാന്‍. എന്നാല്‍ അധികം താമസിയാതെ ഹിജ്‌റ പതിമൂന്ന് മുതല്‍ പതിനഞ്ച് വരെയുള്ള നൂറ്റാണ്ടുകളില്‍ ത്വാഹിര്‍ അല്‍ജസാഇരീ, ശൈഖ് മുഹമ്മദ് അലി സലാമഃ, അബ്ദുല്‍ അളീം സര്‍ഖാനി, മുസ്വ്ത്വഫാ സ്വാദിഖ് അര്‍റാഫിഈ, മുഹമ്മദ് അബ്ദുല്ലാഹ് ദര്‍റാസ് തുടങ്ങിയ പണ്ഡിതന്മാരുടെ അതിമഹത്തായ കൃതികള്‍ ഖുര്‍ആന്‍ നിദാനശാസ്ത്രത്തിന്റെ പല തലങ്ങളിലേക്കും വെളിച്ചം വീശുന്നവയായിരുന്നു. എന്നാല്‍ പൂര്‍വസൂരികളുടെ രചനകളില്‍നിന്ന് ഭിന്നമായ ശൈലികളോടും ഉള്ളടക്കങ്ങളോടും കൂടിയാണ് ആധുനിക കാലത്തെ രചനകള്‍ രംഗത്തുവന്നത്. ത്വാഹിറുല്‍ ജസാഇരി തന്റെ 'അത്തിബ്‌യാന്‍' എന്ന ഗ്രന്ഥത്തില്‍ ഏകദേശം എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുകയും സുയൂത്വിയുടെ 'അല്‍ഇത്ഖാനി'ലെ വിശകലനങ്ങളെ സംഗ്രഹിക്കുകയും ചെയ്തു. 

ഖുര്‍ആന്‍ നിദാനശാസ്ത്രത്തില്‍ പ്രത്യേകം വിശകലനമര്‍ഹിക്കുന്ന വിഷയങ്ങളില്‍ ബൃഹത്തായ പഠനങ്ങളും ആധുനികകാലത്ത് രംഗത്തു വരികയുണ്ടായി. മാലിക് ബിന്നബിയുടെ 'അള്ളാഹിറഃ അല്‍ഖുര്‍ആനിയ്യഃ', മുഹമ്മദ് അബ്ദുല്ലാഹ് ദര്‍റാസിന്റെ 'അന്നബഅ് അല്‍അളീം', ഡോ. മുസ്വത്വഫാ സൈദിന്റെ 'അന്നസ്ഖ് ഫില്‍ഖുര്‍ആന്‍', ഡോ. ആഇശ അബ്ദുര്‍റഹ്‌മാന്റെ 'അല്‍ ഇഅ്ജാസുല്‍ ബയാനി ലില്‍ ഖുര്‍ആന്‍' തുടങ്ങിയവ അവയില്‍പെടുന്നു. 

ലോകത്ത് അറിയപ്പെടുന്ന ലൈബ്രറികളിലെ ഗ്രന്ഥശേഖരങ്ങളില്‍ മുഖ്യമായ പങ്ക് ഖുര്‍ആനുമായി ബന്ധപ്പെട്ട രചനകളാണെന്നതില്‍ രണ്ടഭിപ്രായമില്ല. ഖുര്‍ആന്‍ നിദാനശാസ്ത്രവുമായി ബന്ധപ്പെട്ട് ധാരാളം പുതുമയാര്‍ന്ന രചനകള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ മറ്റ് പാരമ്പര്യ വിജ്ഞാനീയങ്ങളെപ്പോലെ ഖുര്‍ആന്‍ നിദാനശാസ്ത്രത്തിലും ആവര്‍ത്തനവിരസതയോ പുനര്‍വായനയുടെ അഭാവമോ അനുഭവപ്പെടാറുണ്ട്. അവതരണ പശ്ചാത്തലം, ഖുര്‍ആനിലെ നാസിഖ്-മന്‍സൂഖ്, പല അര്‍ഥങ്ങളെക്കുറിക്കുന്ന വിവിധതരം പാരായണങ്ങള്‍ തുടങ്ങിയവയെക്കുറിച്ച ചര്‍ച്ചകള്‍ മുന്‍മാതൃകകള്‍ പകര്‍ത്തുന്നതിനു പകരം കൂടുതല്‍ സൂക്ഷ്മതയോടെ പുനര്‍വായനക്ക് വിധേയമാക്കേണ്ടതുണ്ട്. ഖുര്‍ആനിക വചനങ്ങളെ കേവലം ചരിത്രപരമാക്കാതിരിക്കുന്ന വിധത്തില്‍ അവതരണ പശ്ചാത്തലങ്ങളെ അവതരിപ്പിക്കുക, ദൈവിക വചനങ്ങളുടെ കാലികപ്രസക്തി നഷ്ടപ്പെടാത്ത വിധത്തില്‍ നാസിഖ്-മന്‍സൂഖുകളെ വിലയിരുത്തുക, ഖുര്‍ആനിന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കാത്ത വിധത്തില്‍ വിവിധ പാരായണങ്ങളെ ഏകീകരിക്കുക തുടങ്ങിയവയെല്ലാം ഖുര്‍ആന്‍ നിദാനശാസ്ത്രവുമായി ബന്ധപ്പെട്ട് അനിവാര്യമായും നടക്കേണ്ട ചില ചര്‍ച്ചകളാണ്. ഏതൊരു വൈജ്ഞാനികതലത്തിലും ആദ്യകാല രചനകള്‍ക്ക് നിര്‍ണായകമായ സ്വാധീനം വരുമെന്ന് അംഗീകരിക്കുന്നതോടൊപ്പം, അവയുടെ ഉള്ളടക്കത്തിന്റെ ആവര്‍ത്തങ്ങളേക്കാളുപരി, ഇസ്‌ലാമിക പ്രമാണങ്ങള്‍ മുന്‍നിര്‍ത്തി അവയെ വിമര്‍ശനബുദ്ധ്യാ വിശകലനം ചെയ്യുന്നത് ആധുനിക മുസ്‌ലിം ഉമ്മത്ത് അനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായകമായിരിക്കും.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top