ഖുര്‍ആനിന്റെ അമാനുഷികത ഒരു ലഘുപരിചയം

എം.വി മുഹമ്മദ് സലീം‌‌
img

വിശുദ്ധ ഖുര്‍ആന്‍ അമാനുഷ വേദഗ്രന്ഥമാണ്. പ്രവാചകന്‍ മുഹമ്മദ് സ്വന്തമായി രചിച്ചതല്ല. അദ്ദേഹം ഇക്കാര്യം സ്പഷ്ടമായി പലതവണ പറയുന്നു. അദ്ദേഹത്തിന് ഇത്രയും ഉത്തമമായ ഒരു രചന നടത്താന്‍ കഴിയില്ലെന്ന് തെളിവുകള്‍ സഹിതം സമര്‍ഥിക്കുന്നു. അതേ, ഖുര്‍ആന്‍ മനുഷ്യന്റെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും ഭാവനക്കും വഴങ്ങാത്ത കാലാതിവര്‍ത്തിയായ വേദഗ്രന്ഥമാകുന്നു.  ഖുര്‍ആനിന്റെ അമാനുഷികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. 

ഖുര്‍ആന്‍ മനുഷ്യനിര്‍മിതമല്ല, ദൈവികമാണ് എന്ന് സമര്‍ഥിക്കുന്നതിന്റെ പൊരുള്‍ എല്ലാ മനുഷ്യര്‍ക്കും  സ്വീകാര്യമായ ഗ്രന്ഥമാണത് എന്നത്രെ. മനുഷ്യരില്‍ ആര്‍ക്കും അതില്‍ വല്ല അധികാരമോ സ്വാധീനമോ പങ്കാളിത്തമോ ഇല്ല. ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും അതംഗീകരിക്കേണ്ടവര്‍ മാത്രമാണ്.

ഖുര്‍ആനിന്റെ അമാനുഷികത വളരെ വിശദമായി ചര്‍ച്ചചെയ്ത വിഷയമാണ്. അനേകായിരം കൃതികളില്‍ അതിന്റെ  വിശദീകരണങ്ങള്‍ ലഭ്യമാണ്. അറബി ഭാഷക്കു പുറമെ അനേകം ഭാഷകളില്‍ അത് ചര്‍ച്ചാവിധേയമായിട്ടുണ്ട്. ആധുനിക ദൃശ്യമാധ്യമങ്ങളില്‍ ഒരു വലിയ പങ്ക് ഖുര്‍ആനിന്റെ അമാനുഷികത സ്ഥാപിക്കാന്‍ ധാരാളമായി ഉപയോഗിക്കുന്നതായി കാണാം.

പുതുമ നശിക്കാത്ത ഒരു വിഷയമാണത്. ഒരിക്കലും വറ്റാത്ത നീരുറവ. ഓരോ വശവും ഓരോ വിഭാഗം ജനത്തെ ആകര്‍ഷിക്കുന്നു. പണ്ഡിതരും പാമരരും ഒരുപോലെ ആസ്വദിക്കുന്ന വിഷയം. പണ്ടുള്ളവര്‍ അതൊരര്‍ഥത്തില്‍ മനസ്സിലാക്കി. ആധുനികര്‍ മറ്റൊരര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. ഒരു നിത്യചൈതന്യ പ്രതിഭാസമാണത്. ഇതില്‍ ഒരു സമ്പൂര്‍ണ പഠനം സാധ്യമല്ല. ദിനേന പുതിയ പുതിയ തെളിവുകള്‍ നമ്മുടെ മുമ്പിലെത്തുന്നു. അറുപതുകളില്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ എന്റെ നിരീക്ഷണം ഇന്നും തുടരുകയാണ്. അതിനാല്‍ അനുവാചകര്‍ക്ക് അമാനുഷികതയുടെ വിവിധ വശങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ലഘു പഠനം ഇവിടെ നടത്താന്‍ ശ്രമിക്കാം.

ഭാഷാ നൈപുണ്യം
പരിശുദ്ധ ഖുര്‍ആന്‍ ഒരു ഗ്രന്ഥരൂപത്തിലാണ്  നമ്മുടെ മുമ്പില്‍ ഉള്ളത്. അതിനൊരു ഭാഷയുണ്ട്. അമാനുഷികത പ്രകടമാകുന്ന ആദ്യ മുഖം ആ ഭാഷ തന്നെ. അറബികള്‍ ഭാഷയില്‍ താല്‍പര്യവും നൈപുണ്യവും തികഞ്ഞവരായിരുന്നു. അവരുടെ ഭാഷാഭിരുചി അംഗീകരിച്ചു കൊണ്ടു തന്നെ അവര്‍ക്കൊട്ടും പരിചിതമല്ലാത്ത ഒരു പുതിയ ഭാഷാ ശൈലി ഖുര്‍ആന്‍ അവതരിപ്പിച്ചു. അത് ഗദ്യമാണ്, എന്നാല്‍ അവര്‍ പരിചയിച്ച ഗദ്യമല്ല. പദ്യമാണ്, എന്നാല്‍ അവര്‍ ശീലിച്ച പദ്യമല്ല. അതിലെ പദങ്ങളുടെ പ്രയോഗത്തില്‍ പ്രത്യേകതയുണ്ട്; ആശയങ്ങളില്‍ പുതുമയുണ്ട്; ക്രോഡീകരണത്തില്‍ മേന്മയുണ്ട് ;അതിന്റെ ഗാംഭീര്യം നിസ്തുലമാണ്! വായിച്ചു കേള്‍ക്കാന്‍ കാതിനിമ്പം; കേള്‍ക്കുമ്പോള്‍ വളരെ ലളിതം, മനനം ചെയ്യുമ്പോള്‍ എത്രയോ ഗഹനം! അര്‍ഥ വിശാലത  അനന്തം, അപാരം.

ഖുര്‍ആന്‍ അറബികളെ വെല്ലുവിളിച്ചു; അവര്‍ക്കിതില്‍ സംശയമുണ്ടെങ്കില്‍ തത്തുല്യമായ ഒരു ഗ്രസ്ഥം രചിക്കാന്‍. അതവര്‍ക്കായില്ല. വീണ്ടും തത്തുല്യമായ പത്ത് അധ്യായം രചിക്കാന്‍. അതുമായില്ല. അവസാനം ഒരധ്യായമെങ്കിലും രചിക്കാനുള്ള വെല്ലുവിളിക്കു മുമ്പിലും അവര്‍ മുട്ടുമടക്കി. എന്താണ് ഇതിന്റെ രഹസ്യം?
ഖുര്‍ആനിന്റെ ഭാഷാ നൈപുണ്യമാണ് അവരെ തളര്‍ത്തിയ അമാനുഷ ഘടകം. അറബി ഭാഷയിലെ മറ്റൊരു കൃതിക്കുമില്ലാത്ത അനേകം സവിശേഷതകള്‍ വിശുദ്ധ ഖുര്‍ആനില്‍ അവര്‍ കണ്ടെത്തി. അതവര്‍ക്ക് അപ്രാപ്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഭാവനാ സാഹിത്യത്തില്‍ മാത്രം കാണുന്ന, ഗൗരവ സാഹിത്യത്തില്‍ മനുഷ്യര്‍ ഒട്ടും പ്രയോഗിക്കാത്ത സവിശേഷ ശൈലി പരിശുദ്ധ ഖുര്‍ആന്‍ സ്വീകരിക്കുന്നു. ഇതാണ് ഭാഷാപരമായി ഖുര്‍ആനിനെ മികച്ചതാക്കിത്തീര്‍ക്കുന്ന ഒരു പ്രധാന ഘടകം. സാധാരണ ഭാവനാ സാഹിത്യത്തില്‍ മാത്രം പ്രയോഗിക്കുന്ന സാഹിത്യ ശൈലിയില്‍ ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍  അതിന് വലിയ പുതുമയുണ്ട്. ചില ഉദാഹരണങ്ങളിലൂടെ കടന്നുപോകാം: അധ്യായങ്ങളുടെ തലവാചകം പ്രതീകാത്മകം, സംഭവങ്ങളുടെ ചിത്രീകരണ രീതി, കഥാകഥനത്തില്‍ പുതുമയേറിയ ശൈലി,  ഉപമയും അലങ്കാരവും ഉല്‍പ്രേക്ഷയും നിറഞ്ഞു നില്‍ക്കുന്ന അവതരണം, കവിതക്ക് അനുകൂലമായ പ്രാസവും വൃത്തവും, ആശയത്തിന്റെ ഭാവങ്ങള്‍ സ്ഫുരിക്കുന്ന ഈണവും സംഗീതവും. എല്ലാറ്റിനുമുപരി ഇതിവൃത്തം ഭംഗിയുള്ള ചിത്രീകരണങ്ങളാക്കി മാറ്റുന്ന നിസ്തുല ശൈലി... ഇങ്ങനെ എടുത്തു പറഞ്ഞാല്‍ തീരാത്തത്ര പ്രത്യേകതകള്‍ ഖുര്‍ആനിന്റെ ഭാഷക്കും അവതരണത്തിനും ഉണ്ട്. ശഹീദ് സയ്യിദ് ഖുത്വ്ബ് ഈ വിഷയത്തില്‍ ഒരു ഗവേഷണ ഗ്രന്ഥം രചിച്ചിട്ടുണ്ട്. അത്തസ്വ്‌വീറുല്‍ ഫന്നി ഫില്‍ ഖുര്‍ആനില്‍ കരീം(ഖുര്‍ആനിലെ കലാപരമായ ചിത്രീകരണം) എന്നാണ് പേര്‍. അറബി ഭാഷ നന്നായി വശമുള്ളവര്‍ അത് വായിക്കാന്‍ തുടങ്ങിയാല്‍ തീരുവോളം പുസ്തകം കൈയില്‍ നിന്ന് വെക്കുകയില്ല.

രചനാരീതി
വിശുദ്ധ ഖുര്‍ആനിന്റെ  രചനാ രീതിയിലാണ്  മറ്റൊരു പ്രധാന അമാനുഷികത. ഒരു ഗ്രന്ഥകര്‍ത്താവ് തന്റെ കൃതി തയാറാക്കുമ്പോള്‍ സ്വീകരിക്കുന്ന ഒരു തത്ത്വവും പാലിക്കാതെയാണ് പരിശുദ്ധ ഖുര്‍ആന്‍ രചിച്ചിട്ടുള്ളത്. ജീവിതത്തിന്റെ എല്ലാ തുറകളിലും വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു. ഗ്രന്ഥകാരന്റെ മനഃസ്സാന്നിധ്യമോ സാഹചര്യമോ, ചിന്താപരമായ ഏകാഗ്രതയോ ഒന്നും പരിഗണിക്കപ്പെടാത്ത  സന്ദര്‍ഭങ്ങള്‍. അതും  സുദീര്‍ഘമായ ഇരുപത്തിമൂന്ന് വര്‍ഷക്കാലം. ഇതിനിടയിലാണ് ഖുര്‍ആനിന്റെ അവതരണം  പൂര്‍ത്തിയായത്. വ്യത്യസ്ത വലുപ്പത്തിലുള്ള നൂറ്റിപ്പതിനാല് അധ്യായങ്ങളുണ്ട് ഖുര്‍ആനില്‍. അവ അവതരിച്ചത് ക്രമപ്രകാരം അല്ല, പൂര്‍ണമായല്ല. ഒരു അധ്യായത്തില്‍ ചേര്‍ക്കേണ്ട വചനം എത്രയോ വര്‍ഷം കഴിഞ്ഞാണ് അതില്‍ ചേര്‍ക്കുക.  ഉദാഹരണമായി,  രണ്ടാമത്തെ അധ്യായമായ അല്‍ ബഖറ ഒമ്പതു വര്‍ഷം കൊണ്ടാണ് അവതരിച്ചുതീര്‍ന്നത്. ആദ്യം അവതരിച്ചത് ആദ്യം എന്ന ക്രമത്തിലല്ല ഖുര്‍ആന്‍ ക്രോഡീകരിച്ചിട്ടുള്ളത്.
എന്നാല്‍ ഇന്ന് നാം വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പല കാലങ്ങളിലായി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അവതരിച്ച വചനങ്ങളാണ് അവയെന്ന് നമുക്കൊരിക്കലും അനുഭവപ്പെടുന്നില്ല. ഇതാണ് പരിശുദ്ധ ഖുര്‍ആനിന്റെ ദിവ്യത്വത്തിന് തെളിവായി പറയുന്ന ഒരു പ്രധാന ന്യായം. ഇത്രയും നീണ്ട കാലയളവില്‍ പ്രഗത്ഭനായ ഒരെഴുത്തുകാരന്‍ ഒരു ഗ്രന്ഥം രചിക്കുകയാണെങ്കില്‍ അതിന്റെ ആദ്യവും അന്ത്യവും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടാകും എന്നതില്‍ രണ്ടു പക്ഷമില്ല.

വിജ്ഞാന ചിന്തകള്‍

വൈജ്ഞാനിക രംഗം വളരെ വിശാലമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ നേടിയെടുക്കാവുന്ന ജ്ഞാനമാണ് ഒന്ന്. പഞ്ചേന്ദ്രിയ ജ്ഞാനത്തോടൊപ്പം ബുദ്ധി ഉപയോഗിച്ചുള്ള ഭാവനകളാണ് മറ്റൊരു ഇനം. ഉദാഹരണമായി കറുത്ത നിറത്തിലുള്ള ആനയെ കണ്ണുകൊണ്ടു കാണാം. എന്നാല്‍ ചുവന്ന നിറത്തിലുള്ള ഒരാനയെ ബുദ്ധിക്ക് ഭാവനയില്‍ ഉണ്ടാക്കിയെടുക്കാം. മനുഷ്യന്റെ ഭാവനയും ബുദ്ധിയും പരിമിതമാണ്. അവയത്രയും കാലവുമായി ബന്ധപ്പെട്ടതാണ്. സ്ഥലകാല പരിമിതികള്‍ക്കപ്പുറം അറിവിന്റെ മഹാസാഗരം നിലകൊള്ളുന്നു. ആ സാഗരത്തില്‍നിന്നുള്ള  ജ്ഞാനമാണ്  പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. വൈജ്ഞാനിക  രംഗത്ത്  ബൃഹത്തായ സംഭാവനകളാണ് ഖുര്‍ആന്‍ നല്‍കുന്നത്. വിശ്വാസകാര്യങ്ങളിലായാലും സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളിലായാലും ദാര്‍ശനിക ചിന്തകളിലായാലും ശാസ്ത്രീയ പഠനങ്ങളിലായാലും   അവയോട് കിടപിടിക്കുന്ന ഒരു സംഭാവനയും മനുഷ്യരാശിക്ക് ഖുര്‍ആനിനു മുമ്പ് ലഭിച്ചിട്ടില്ല. പണ്ടുകാലത്ത് നിലവില്‍ പ്രചാരത്തിലിരുന്ന ഒട്ടേറെ അബദ്ധങ്ങള്‍ തിരുത്തുകയും അവക്ക് അത്യുത്തമമായ പകരം സമര്‍പ്പിക്കുകയും ചെയ്യുന്നു ഖുര്‍ആന്‍.
ദൈവശാസ്ത്രത്തില്‍ വിവിധ സമൂഹങ്ങള്‍ അവരുടെ ഭാവനക്കൊത്ത് പ്രചരിപ്പിച്ച എല്ലാ അബദ്ധധാരണകളും തിരുത്തുകയും ഏകദൈവവിശ്വാസം അടിസ്ഥാനമാക്കിയുള്ള ഒരു കുറ്റമറ്റ ദൈവശാസ്ത്രം അവതരിപ്പിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. മരണാനന്തര ജീവിതം കണ്‍മുമ്പില്‍ കാണുന്നതു പോലെ വിശദമായി ചിത്രീകരിക്കുന്നതും ഖുര്‍ആന്‍ തന്നെ. മനുഷ്യബുദ്ധിക്കും ചിന്താ ശക്തിക്കും അപ്രാപ്യമായ ഇത്തരം വിഷയങ്ങള്‍ എല്ലാം ഖുര്‍ആനിന്റെ  അമാനുഷികത ഊന്നിപ്പറയുന്നു. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ പലതും മനുഷ്യര്‍ ചര്‍ച്ച ചെയ്തതും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതും ആണ്. എന്നാല്‍ ഖുര്‍ആനിന്റെ പ്രതിപാദനരീതി മനുഷ്യരുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമായി നമുക്ക് കാണാം. പ്രായോഗിക നിയമങ്ങളാണ് ഖുര്‍ആന്‍ മനുഷ്യനു മുമ്പില്‍ വെക്കുന്നത്. അമിതമായ ആഗ്രഹത്തില്‍ മനുഷ്യന്‍ ഭാവനയില്‍ കാണുന്ന കാര്യങ്ങളെ പ്രായോഗികമായി നടപ്പിലാക്കാന്‍ പറ്റുന്ന രൂപത്തില്‍ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അത് ശരീരത്തെ അവഗണിക്കുന്നില്ല, ആത്മാവിനെയും പരിഗണിക്കാതിരിക്കുന്നില്ല. ഈ സന്തുലിതത്വം ഖുര്‍ആനിലെ വിഷയാവതരണത്തില്‍ സദാ വീക്ഷിക്കാം.

മാനവാവശ്യങ്ങളുടെ പൂര്‍ത്തീകരണം

മാനവരാശിക്ക് എവിടെയും എക്കാലത്തും ഉണ്ടാവുന്ന ആവശ്യങ്ങളെ പരിപൂര്‍ണമായും പരിഹരിക്കുന്ന മാര്‍ഗദര്‍ശനമാണ് വിശുദ്ധ ഖുര്‍ആനില്‍ ഉള്ളത്. ഇതര മതങ്ങളിലോ നിയമാവലി കളിലോ നമുക്കിത് ദൃശ്യമല്ല. ഇക്കാര്യം ഖുര്‍ആനിക അടിസ്ഥാന ഉദ്ദേശ്യങ്ങള്‍  പഠനവിധേയമാക്കിയാല്‍ നമുക്ക് ബോധ്യം വരും.

വിശ്വാസ സംസ്‌കരണം
മനുഷ്യജീവിതത്തില്‍ വിശ്വാസത്തിനുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ല. വിശ്വാസത്തില്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് സാമൂഹികജീവിതത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടാ ക്കുന്നത്. സൃഷ്ടിപ്പ്, മരണം, മരണാനന്തര ജീവിതം, അല്ലാഹുവിലും മലക്കുകളിലും പ്രവാചകന്മാരിലും അന്ത്യനാളിലും ഉള്ള വിശ്വാസം- ഇവയെല്ലാം ഖുര്‍ആന്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു.

മാനവ സംസ്‌കരണത്തിന് അനിവാര്യമായ ആരാധനാമുറകള്‍ വിശദീകരിക്കുന്നതോടൊപ്പം വ്യക്തിയെയും സമൂഹത്തെയും സംസ്‌കരിക്കാന്‍ അവ എങ്ങനെ പ്രയോജനപ്പെടുമെന്ന് മനസ്സിലാക്കിത്തരുന്നു.

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. വ്യക്തികളുടെ നന്മ സമൂഹത്തെ സൗഹൃദത്തിലും സമാധാനത്തിലും ജീവിക്കാന്‍ സഹായിക്കുന്നു. വ്യക്തികളില്‍ നന്മയും സല്‍സ്വഭാവവും ഉണ്ടാക്കിയെടുക്കുന്ന ശിക്ഷണങ്ങളാണ് ഖുര്‍ആന്‍ നമ്മുടെ മുമ്പില്‍ വെക്കുന്നത്.
കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ആവശ്യമായ എല്ലാ കരുക്കളും നീക്കി കൊണ്ട് ഭദ്രമായ ഒരു സമൂഹത്തെ രൂപപ്പെടുത്താനുള്ള  ശിക്ഷണങ്ങള്‍ ഖുര്‍ആനില്‍ കാണാം. വ്യക്തികളോടെന്നപോലെ സമൂഹങ്ങളോടും  സഹകരണത്തില്‍ വര്‍ത്തിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ നല്‍കുന്നു. അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നു, ഒപ്പം ബാധ്യതകളെ കുറിച്ചും പഠിപ്പിക്കുന്നു. ഖുര്‍ആനികരീതി മാത്രമേ സമൂഹത്തില്‍ സമാധാനവും സഹകരണവും സഹവര്‍ത്തിത്വവും സംജാതമാക്കുകയുള്ളു.  മാനുഷിക സാഹോദര്യത്തില്‍ മാതൃകയില്ലാത്ത ഒരുത്തമ സമൂഹത്തെ രൂപപ്പെടുത്താന്‍ ഖുര്‍ആനിനു സാധിച്ചു.

ഖുര്‍ആനിന്റെ രാഷ്ട്രീയ സംസ്‌കരണം നിസ്തുലമാണ്. സമത്വം, നീതി എന്നീ അടിത്തറയില്‍ കെട്ടിപ്പടുത്തതാണത്. പ്രജാക്ഷേമ തല്‍പരനായ ഒരു ഭരണാധികാരിക്ക് അനിവാര്യമായ എല്ലാ ഗുണങ്ങളും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.   രാഷ്ട്രത്തിന്റെ തകര്‍ച്ചക്ക് കാരണമാകുന്ന എല്ലാ ദുര്‍ഗുണങ്ങളില്‍നിന്നും വിട്ടുനില്‍ക്കേണ്ടതിന്റെ അനിവാര്യത അത് നമ്മെ പഠിപ്പിക്കുന്നു.

സാമ്പത്തിക രംഗത്ത് മിതവ്യയം, സമ്പത്തിന്റെ സംരക്ഷണം,   ഇല്ലാത്തവനെ പരിഗണിക്കുക,  പ്രയാസപ്പെടുന്നവരെ സഹായിക്കുക പൊതു നന്മക്കു വേണ്ടി പണം ചെലവഴിക്കുക എന്നിത്യാദി കാര്യങ്ങള്‍ ഖുര്‍ആനിന്റെ  പ്രധാന ശിക്ഷണങ്ങളാണ്.
ഖുര്‍ആനിന്റെ അവതരണ കാലത്ത് പരിപൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുന്ന വനിതാ വിഭാഗത്തിന് സംരക്ഷണവും സംസ്‌കരണവും നല്‍കി അവകാശങ്ങള്‍ നേടിക്കൊടുത്തതും ഖുര്‍ആനിന്റെ പ്രത്യേകതയാണ്. അവിടെ വനിതകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും ഉണ്ടായിരുന്നില്ല.

യുദ്ധം മനുഷ്യനെ കൊന്നുതീര്‍ക്കാനുള്ളതല്ല എന്നും, മഹനീയ ലക്ഷ്യങ്ങള്‍ സാധിക്കാന്‍ വേണ്ടി മാത്രം സ്വീകരിക്കേണ്ടതാണെന്നും ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നു.
മനുഷ്യരെ അടിമകളാക്കുകയും വിവിധ രൂപത്തില്‍ ചൂഷണം ചെയ്യുകയും മേലാളരും കീഴാളരുമായി തരംതിരിക്കുകയും ചെയ്യുന്നതെല്ലാം എന്നന്നേക്കുമായി അവസാനിപ്പിച്ചു. പല പാപങ്ങള്‍ക്കും പ്രായശ്ചിത്തമായി അടിമത്ത മോചനം നടപ്പാക്കി. അങ്ങനെ അടിമത്ത സമ്പ്രദായം അവസാനിപ്പിച്ചു.

അഭിപ്രായ സ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും
മതത്തിന്റെ പേരില്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായത്തിന് വിരാമം കുറിച്ചത് വിശുദ്ധ ഖുര്‍ആനാണ്. മതവിശ്വാസം ഒരാളുടെ ബോധ്യത്തില്‍നിന്നുണ്ടാവണം. അതിനു മാത്രമേ പുണ്യമുള്ളൂ. നിര്‍ബന്ധ മതപരിവര്‍ത്തനം തെറ്റാണ്.
ഖുര്‍ആനിലെ ശിക്ഷണങ്ങളും മനുഷ്യരാശി ഇതഃപര്യന്തം നടപ്പാക്കിയ നിയമങ്ങളും താരതമ്യപ്പെടുത്തി നോക്കിയാല്‍ മനുഷ്യചിന്തക്കതീതമായ നിര്‍ദേശങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയതും നടപ്പാക്കിയതും എന്ന് സുതരാം  വ്യക്തമാകും.

ഖുര്‍ആനും പ്രാപഞ്ചിക ജ്ഞാനവും
വിശുദ്ധ ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. ശാസ്ത്രീയ വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതിന് ഖുര്‍ആനിന് അതിന്റേതായ രീതിയുണ്ട്. വിശ്വാസത്തിലേക്ക് നയിക്കുന്ന ദൈവിക ദൃഷ്ടാന്തങ്ങള്‍ സമര്‍ഥിക്കാനാണ് ഖുര്‍ആന്‍ ശാസ്ത്ര സത്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്. ഓരോ കാലഘട്ടത്തിലും മനുഷ്യര്‍ കണ്ടെത്തുന്ന ശാസ്ത്ര സത്യങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ രേഖപ്പെട്ടു കിടക്കുന്നു. അക്കാലത്ത് മനുഷ്യന് അറിയാതിരുന്ന കാര്യം  എങ്ങനെയാണ് പരിശുദ്ധ ഖുര്‍ആനില്‍ രേഖപ്പെട്ടു കിടക്കുന്നത്? ഇതു മാത്രം ചിന്തിച്ചാല്‍ ഖുര്‍ആന്‍ അമാനുഷികമാണ് എന്ന് ഗ്രഹിക്കാം. ധാരാളം ശാസ്ത്രജ്ഞര്‍ ഇസ്‌ലാമാശ്ലേഷിക്കാന്‍ കാരണമായ വസ്തുത അടുത്ത കാലത്ത് മാത്രം ശാസ്ത്രം കണ്ടെത്തിയ സത്യങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ഉണ്ടെന്നറിഞ്ഞതാണ്.
ആധുനിക നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട  വിഷയമാണ് ഖുര്‍ആനും ശാസ്ത്രവും.  ഒരുകാലത്ത് മതം ശാസ്ത്രത്തിന്റെ ശത്രുവാണ് എന്ന ധാരണ പ്രചരിച്ചിരുന്നു. മതങ്ങളെ അന്ധവിശ്വാസങ്ങളുടെ പ്രചാരകരായി ശാസ്ത്രം മനസ്സിലാക്കിയ കാലം. ചില മതങ്ങളിലുള്ള  അന്ധവിശ്വാസങ്ങളാണ് ഈ ധാരണക്ക് കാരണമായത്.

ഇസ്‌ലാം എല്ലാ അന്ധവിശ്വാസങ്ങളെയും വിപാടനം ചെയ്തു. യഥാര്‍ഥ വിശ്വാസം സ്ഥാപിച്ചു. അതോടെ മതവും ശാസ്ത്രവും ഒന്നിച്ചു പോകും എന്ന ഒരു പുതിയ ചിന്ത രൂപപ്പെട്ടു. വേദഗ്രന്ഥങ്ങള്‍ ശാസ്ത്ര സത്യങ്ങളുടെ വെളിച്ചത്തില്‍ പരിശോധനക്ക് വിധേയമായി. തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര സത്യത്തിനും വിരുദ്ധമല്ല വിശുദ്ധ ഖുര്‍ആന്‍ എന്ന് സമര്‍ഥിക്കപ്പെട്ടു.

ഖണ്ഡശ്ശ അവതരണം
നീണ്ട ഇരുപത്തിമൂന്നു വര്‍ഷങ്ങളില്‍ അനേകം ഖണ്ഡങ്ങളായാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. ഓരോ സന്ദര്‍ഭത്തിലും ആവശ്യമായ നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ ഇറങ്ങുകയായിരുന്നു. തത്തുല്യമായ പ്രശ്‌നം ഉള്ളേടത്തെല്ലാം പ്രായോഗികമാണ് ആ നിര്‍ദേശങ്ങള്‍. ഹൃദിസ്ഥമാക്കി പാരായണം ചെയ്യാനെന്ന പോലെ ജീവിതത്തില്‍ പകര്‍ത്താനും ഈ രീതി സഹായകമാണ്. ഇങ്ങനെ അവതരിച്ച ഖണ്ഡങ്ങള്‍ അധ്യായങ്ങളില്‍ ഒന്നിച്ചു ചേരുമ്പോള്‍ വേര്‍തിരിച്ചറിയാന്‍ കഴിയില്ല. ഇത് ഖുര്‍ആനിന്റെ ദിവൃത്വത്തിന്  തെളിവാണ്.

ആവര്‍ത്തനം ഖുര്‍ആനിന്റെ ഒരു പ്രത്യേകതയാണ്. സന്ദര്‍ഭത്തിനൊത്ത് നിയമങ്ങള്‍ ഗ്രഹിക്കാന്‍ അത് സഹായകമാകുന്നു. അഭിസംബോധിതരുടെ വളര്‍ച്ചയും പക്വതയും പരിഗണിച്ച് ക്രമപ്രവൃദ്ധമായി നിയമങ്ങള്‍ നല്‍കുമ്പോള്‍ ആവര്‍ത്തനം അനിവാര്യമായി വരുന്നു. വിശ്വാസപരമായ കാര്യങ്ങള്‍ പലവുരു ആവര്‍ത്തിക്കുന്നത് അവ മനസ്സില്‍ രൂഢമൂലമാക്കാന്‍ സഹായിക്കുന്നു. ഒരേ വചനം ആവര്‍ത്തിച്ചു വരുമ്പോള്‍ വ്യത്യസ്തമായ അര്‍ഥതലങ്ങള്‍ മനസ്സിലേക്ക് കടന്നുവരുന്നു. ഇതെല്ലാം വിശുദ്ധ ഖുര്‍ആനിന് സ്വന്തം.
മതം ബുദ്ധിക്കും യുക്തിക്കും വിരുദ്ധമായ അന്ധവിശ്വാസ സമുച്ചയമാകുമ്പോള്‍ അതില്‍ ചിന്തക്കോ മനനത്തിനോ പഴുതില്ല. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ പടുത്തുയര്‍ത്തിയ വിശ്വാസാചാരങ്ങള്‍ ബുദ്ധിയുടെ മാറ്റുരക്കലില്‍ പതറുകയില്ല. പരിശുദ്ധ ഖുര്‍ആന്‍ ബുദ്ധിയോടാണ് സംവദിക്കുന്നത്. ഖുര്‍ആനിന്റെ ഇതിവൃത്തം സത്യസന്ധവും അതിനെതിരിലുള്ളവ അന്ധവിശ്വാസവുമാണെന്ന് തെളിയിക്കുന്നതാണീ രീതി. ഖുര്‍ആന്‍ മനുഷ്യനിര്‍മിതമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.
ഒരു മനുഷ്യന്‍ ഗ്രന്ഥരചന നടത്തുമ്പോള്‍ അതില്‍ അദൃശ്യകാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാല്‍ അവയില്‍ ഒന്നു പോലും തെറ്റാതിരിക്കില്ല. കേട്ടുകേള്‍വിയുടെയോ അനുമാനത്തിന്റെയോ അടിസ്ഥാനത്തിലാണ് അവ രേഖപ്പെടുത്തുക. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ മൂന്നു രൂപത്തിലുള്ള അദൃശ്യകാര്യങ്ങള്‍ പരാമര്‍ശിച്ചതു കാണാം. ഒന്ന് ഭൂതകാല കാര്യങ്ങള്‍. പ്രവാചകന്‍മാരുടെയും സദ്വൃത്തരുടെയും ചരിത്രവും അവരുടെ ജീവിതമാതൃകയുമാണ് ഇതില്‍ പ്രധാന പങ്ക്. മനുഷ്യന്റെ സൃഷ്ടിപ്പ്, ഭൂനിവാസത്തിന്റെ തുടക്കം, പിശാചിന്റെ പിണക്കം തുടങ്ങിയ സുപ്രധാന കാര്യങ്ങളും ഭൂതകാലത്തെ അദൃശ്യങ്ങളില്‍ ഉണ്ട്. ഇതില്‍ പല കാര്യങ്ങളും തെളിയിക്കാന്‍ സഹായിക്കുന്ന രേഖകളും വസ്തുതകളും ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നു. 

വര്‍ത്തമാനകാലത്തു തന്നെ അദൃശ്യമായ ധാരാളം വിഷയങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. അല്ലാഹുവിലും മലക്കുകളിലും സ്വര്‍ഗത്തിലും നരകത്തിലുമെല്ലാമുള്ള വിശ്വാസം ഈ ഇനത്തില്‍ പെടുന്നു.

നബി തിരുമേനി(സ)യുടെ അനുചരന്മാരില്‍ നുഴഞ്ഞുകയറിയ കപടന്മാരെ എടുത്ത് പറഞ്ഞ് അവരുടെ  ഗൂഢതന്ത്രങ്ങള്‍ ഖുര്‍ആന്‍ എടുത്തു കാണിക്കുന്നു. ദിവ്യജ്ഞാനമാണ് ഖുര്‍ആന്‍ എന്നതിന്റെ പ്രസ്പഷ്ടമായ തെളിവാണല്ലോ അത്.

ഭാവി പ്രവചനങ്ങള്‍
ഖുര്‍ആനിന്റെ അദൃശ്യജ്ഞാന അവതരണത്തില്‍ ഏറ്റവും പ്രധാനമാണ് ഭാവി പ്രവചനങ്ങള്‍. അവയില്‍ നബി തിരുമേനി(സ) ജീവിച്ചിരിക്കുമ്പോള്‍ പുലര്‍ന്നവയുണ്ട്, തിരുമേനിയുടെ വിയോഗാനന്തരം പുലര്‍ന്നവയുണ്ട്, ഇനിയും പുലരാനുള്ളവയുണ്ട്.
റോമാ സാമ്രാജ്യം പരാജയപ്പെട്ട ശേഷം വീണ്ടും വിജയിക്കുമെന്ന പ്രവചനം ഒരുദാഹരണമാണ്. അര്‍റൂം അധ്യായത്തിലെ ആദ്യത്തെ അഞ്ചു വചനങ്ങളില്‍ ഈ പ്രവചനം വിശദമായി വന്നിരിക്കുന്നു.  ക്രിസ്ത്വബ്ദം 614-ല്‍ നടന്ന പോരാട്ടത്തിലാണ് പേര്‍ഷ്യക്കാര്‍ റോമിനെ തോല്‍പിച്ചത്. എട്ടുവര്‍ഷം കഴിഞ്ഞ് 622-ല്‍ റോം തിരിച്ചുവന്നു. അതേ വര്‍ഷമാണ് അല്ലാഹുവിന്റെ പ്രത്യേക സഹായത്തോടെ മുസ്‌ലിംകള്‍ ബദ്ര്‍ മഹായുദ്ധം ജയിച്ചത്.

മക്കാവിജയമടക്കമുള്ള ധാരാളം സംഭവങ്ങള്‍ ഖുര്‍ആന്‍ പ്രവചിച്ച സുപ്രധാന വിഷയങ്ങളാണ്. വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെ സുരക്ഷിതമായി നിലനില്‍ക്കും എന്നതും ഇതു പോലെ പ്രധാനമായ പ്രവചനമാണ്. ഇതര വേദഗ്രന്ഥങ്ങള്‍ സുരക്ഷിതമായി നിലകൊള്ളുന്നില്ല എന്നോര്‍ക്കുമ്പോള്‍ ഈ പ്രവചനത്തിന് പ്രസക്തി വര്‍ധിക്കുന്നു.

നബിതിരുമേനിയെ ആക്ഷേപിക്കുകയും തിരുത്തുകയും ചെയ്യുന്ന ധാരാളം വചനങ്ങള്‍ ഖുര്‍ആനില്‍ കാണാം. തിരുമേനിയായിരുന്നു ഖുര്‍ആന്‍ രചിച്ചത് എങ്കില്‍ ഇങ്ങനെയുള്ള ആക്ഷേപങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടാവാന്‍  സാധ്യതയില്ല എന്നത് നിസ്തര്‍ക്കം.
കപട വിശ്വാസികള്‍ക്ക് യുദ്ധത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍  അനുവാദം നല്‍കിയതാണ് നിരൂപണം ചെയ്യപ്പെട്ട ഒരു വിഷയം. അനുവാദം ലഭിക്കുന്നതിനു മുമ്പ് യുദ്ധത്തടവുകാരെ മോചിപ്പിച്ചതാണ് വിമര്‍ശിക്കപ്പെട്ട മറ്റൊരു വിഷയം.
അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം തിരുമേനിയുടെ ഉപദേശം കേള്‍ക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ പരിഗണിക്കാതെ മുഖംതിരിച്ചതാണ് മറ്റൊരു വീഴ്ചയായി ചൂണ്ടി ക്കാണിച്ചിട്ടുള്ളത്. ഇവ ഖുര്‍ആന്‍ അമാനുഷമാണെന്ന തോടൊപ്പം പൂര്‍ണമായും സുരക്ഷിതമാണ് എന്നു കൂടി തെളിയിക്കുന്നു. നബിതിരുമേനിക്കെതിരിലുള്ള വചനങ്ങള്‍  പോലും അദ്ദേഹം ഒളിപ്പിച്ചു വെച്ചിട്ടില്ലല്ലോ!

അവതരണ സമയം
ഓരോ വചനവും എപ്പോള്‍ അവതരിപ്പിക്കണമെന്ന് അല്ലാഹു  നിശ്ചയിക്കുന്നതാണ്. അതില്‍ നബിതിരുമേനിക്ക് യാതൊരു സ്വാധീനവുമില്ല. ചില ഉദാഹരണങ്ങള്‍ കാണുക: ഖിബ്‌ലമാറ്റം നബി തിരുമേനി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ദീര്‍ഘകാലം ആഗ്രഹിച്ച ഒരു വിഷയമായിരുന്നു. എന്നാല്‍ ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് ബൈത്തുല്‍ മഖ്ദിസില്‍നിന്ന് മസ്ജിദുല്‍ ഹറാമിലേക്ക് ഖിബ്‌ല മാറ്റാനുള്ള നിര്‍ദേശം ലഭിച്ചത്.
പ്രിയ പത്‌നി ആഇശ(റ)യെക്കുറിച്ച് കപടന്മാര്‍ അപവാദം പ്രചരിപ്പിച്ചപ്പോള്‍ നിജഃസ്ഥിതി വിശുദ്ധ ഖുര്‍ആന്‍ അറിയിച്ചത്  മാസങ്ങള്‍ക്കു ശേഷമാണ്. വിശുദ്ധ ഖുര്‍ആനിന്റെ  അവതരണം ദിവ്യമായ കാലനിര്‍ണയത്തിന് വിധേയമാകുന്നു എന്നതാണ് ഇതില്‍നിന്ന് നമുക്ക് മനസ്സിലാവുന്നത്. ഗുഹാവാസികളെക്കുറിച്ച് ചോദിച്ചവരോട് നാളെ പറഞ്ഞുതരാം എന്ന് മറുപടി പറഞ്ഞത് അല്ലാഹു അംഗീകരിക്കുകയുണ്ടായില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ് അല്‍ കഹ്ഫ് അധ്യായം അവതരിച്ച് സംഭവം വിശദീകരിച്ചത്.

ഖുര്‍ആനിന്റെ അമാനുഷികതയിലേക്കുള്ള ഒരെത്തിനോട്ടം മാത്രമാണ് ഇവിടെ നടത്തിയത്. വിഷയത്തിന്റെ ഓരോ വശവും വിശദമായി പ്രതിപാദിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എങ്കില്‍തന്നെ ഇനിയും പല മുഖങ്ങളിലേക്കും ചര്‍ച്ച കൊണ്ടു പോകാവുന്നതാണ്.
ഖുര്‍ആന്‍ നടപ്പാക്കിയ നിയമങ്ങള്‍ ഇതര വ്യവസ്ഥിതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടതിന് പ്രധാന കാരണം ഖുര്‍ആനിന്റെ രീതിയും അവര്‍ സ്വീകരിച്ച മാര്‍ഗവും വ്യത്യസ്തമായതാണ്.  ദാരിദ്ര്യനിര്‍മാര്‍ജനം, പലിശരഹിത സാമ്പത്തിക സംവിധാനം, മദ്യനിരോധം, അടിമത്ത മോചനം, സ്ത്രീ വിമോചനം, ലോകസമാധാനം എന്നീ മഹത്തായ ലക്ഷ്യങ്ങളെല്ലാം ഖുര്‍ആനിന്റെ ദിവ്യ മാര്‍ഗദര്‍ശനത്തിലൂടെ മാനവരാശിക്ക് സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കും. അക്രമം, അനീതി, അസമത്വം, അഴിമതി തുടങ്ങിയ സകല ദുര്‍ഗുണങ്ങളും വിശുദ്ധ ഖുര്‍ആനിലെ ശിക്ഷണത്തിലൂടെ നമുക്ക് നിര്‍മൂലനം ചെയ്യാം.

മാനവരാശി കൊതിച്ചുകൊിരിക്കുന്ന സമാധാനപൂര്‍ണമായ, സംതൃപ്തമായ ഒരു ജീവിതം കാഴ്ചവെക്കാന്‍ വിശുദ്ധ ഖുര്‍ആനിന്റെ ശിക്ഷണങ്ങള്‍ക്ക് മാത്രമേ സാധിക്കൂ.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top