ശൈഖ് മുഹമ്മദ് അബ്ദുല്ല ദര്‍റാസ്; ഖുര്‍ആനില്‍ ജീവിച്ച ദാര്‍ശനിക പ്രതിഭ

പി.കെ ജമാല്‍‌‌
img

ഇസ്‌ലാമിക ശരീഅത്തിനെയും ആധുനിക വിജ്ഞാനീയങ്ങളെയും കൂട്ടിയിണക്കി, താന്‍ ജീവിച്ച കാലത്തില്‍ കാലുറപ്പിച്ച് നിന്നു കൊണ്ട് ഭാവിയുടെ സാധ്യതകളെ അഭിസംബോധന ചെയ്യാന്‍ ആര്‍ജവം കാണിച്ച മഹാമനീഷിയും ദാര്‍ശനികനുമായ പണ്ഡിതശ്രേഷ്ഠനായിരുന്നു മുഹമ്മദ് അബ്ദുല്ല ദര്‍റാസ്. ഖുര്‍ആനികാശയങ്ങളുടെ അഗാധതകളില്‍ ഇറങ്ങി ഗവേഷണവും പര്യവേക്ഷണവും നടത്തിയ ദര്‍റാസിന്റെ പ്രതിഭയില്‍നിന്ന് വൈജ്ഞാനിക ലോകത്തിന് ലഭിച്ച സംഭാവനകള്‍ ദൈവിക വചനത്തിന്റെ സാംസ്‌കാരിക സാരാംശങ്ങളിലേക്കുള്ള തീര്‍ഥയാത്രയും ആ യാത്രയിലെ ധന്യമായ അനുഭവങ്ങള്‍ വിശദീകരിക്കുന്ന മഹത്തായ രചനകളുമാണ്. ആധുനിക വിജ്ഞാനീയങ്ങളുടെ ഉപലബ്ധികളെ മാനിച്ചുകൊണ്ട് ഖുര്‍ആന്‍ നിറഞ്ഞ മനസ്സുമായി ഓരോ നിമിഷവും ജീവിച്ച ആ പ്രതിഭാശാലിയുടെ തൂലികയില്‍നിന്ന് പിറവിയെടുത്ത 'അന്നബഉല്‍ അളീം' ദൈവിക ഗ്രന്ഥത്തിന്റെ സത്യതയും സ്വച്ഛതയും വിളംബരം ചെയ്യുന്ന കിടയറ്റ കൃതിയാണ്. ബുദ്ധിയുടെയും ചരിത്രത്തിന്റെയും അനിഷേധ്യമായ തെളിവുകള്‍ നിരത്തി ഖുര്‍ആനിന്റെ ആധികാരികതയും അമാനുഷികതയും സമര്‍ഥിക്കുന്ന ദര്‍റാസിന്റെ ആഖ്യാന പാടവത്തിനു മുന്നില്‍ വിനയാന്വിതനായി നിലകൊള്ളാനേ പഠിതാവിന് കഴിയൂ. സമകാലിക പണ്ഡിതന്മാരുടെ രചനകളില്‍നിന്ന് ദര്‍റാസിന്റെ പഠനം വേറിട്ടുനില്‍ക്കുന്നു. ആ പണ്ഡിത വര്യന്റെ വ്യക്തിത്വ രൂപവല്‍ക്കരണത്തില്‍ ഖുര്‍ആന്‍ വഹിച്ച നിസ്തുല പങ്കിനെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ 'അന്നബഉല്‍ അളീം' എന്ന രചനയെ യഥാര്‍ഹം വിലയിരുത്താനാവുകയുള്ളൂ. അക്ഷരാര്‍ഥത്തില്‍ ഖുര്‍ആനിന്റെ തോഴനായിരുന്നു അദ്ദേഹം. ഖുര്‍ആനിനോടുള്ള അദമ്യ ബന്ധമായിരുന്നു ദര്‍റാസിന്റെ വ്യക്തിത്വത്തില്‍ ശോഭ ചാര്‍ത്തിയ മുഖ്യഘടകം. ഖുര്‍ആനുമായി പുലര്‍ത്തിയ ആത്മബന്ധം ആ മഹദ്ജീവിതത്തിലെ ഓരോ ചലനത്തിലും ദൃശ്യമായിരുന്നു. പാരായണം, പഠനം, ഗവേഷണം, മനനം... തുടങ്ങി ഖുര്‍ആനുമായി ചേര്‍ത്തു പറയാവുന്ന പ്രവര്‍ത്തനങ്ങളില്‍ സായൂജ്യം കണ്ടെത്തിയ ആ മഹാനുഭാവന്റെ ജീവിതം ഖുര്‍ആനിനു ചുറ്റും കറങ്ങി. വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെല്ലാം ഖുര്‍ആനിനെ ആധാരമാക്കി മാത്രമായിരുന്നു. ദിനേന ഖുര്‍ആനിലെ ആറ് ഭാഗങ്ങള്‍ പാരായണം ചെയ്യും. തന്റെ തഫ്‌സീര്‍ പ്രഭാഷണ വേളയിലായാലും സുജൂദുത്തിലാവത്ത് ഒഴിവാകില്ല. ലാഹോറില്‍ നടന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ ദര്‍റാസിനോടൊപ്പം പങ്കെടുത്ത ശൈഖ് മുഹമ്മദ് അബൂസഹ്‌റ ഓര്‍മിക്കുന്നു: ''ഇശാ നമസ്‌കാരത്തിന് ഞങ്ങള്‍ക്ക് ഇമാം ആയി നില്‍ക്കുക ശൈഖ് ദര്‍റാസ് ആണ്. നമസ്‌കാരം കഴിഞ്ഞ് ഞങ്ങളെല്ലാം ഉറങ്ങാന്‍ പോകും. പക്ഷേ ശൈഖ് ദര്‍റാസ് നമസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും വ്യാപൃതനാകും. ഖുര്‍ആന്‍ ഓതിക്കൊണ്ടോ നമസ്‌കരിച്ചുകൊണ്ടോ അല്ലാതെ നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയില്ല.'' അങ്ങേയറ്റത്തെ ആത്മാഭിമാനിയായിരുന്ന അദ്ദേഹം നിരവധി സവിശേഷ ഗുണങ്ങളുടെ ഉടമയായിരുന്നു. ഖത്തറിലെ ശൈഖ് അബ്ദുല്ല അന്‍സാരി, ദര്‍റാസിന്റെ സ്വഭാവ സവിശേഷതകള്‍ എണ്ണിയെണ്ണി പറഞ്ഞു: 'ധിഷണാ വൈഭവം, സാമര്‍ഥ്യം, വിവേകം, അവധാനത, വിനയം, സൗമ്യത, ധീരത, ആത്മാര്‍പ്പണം, നിശ്ചയദാര്‍ഢ്യം, പ്രതിബദ്ധത, സരസ ഭാഷണം, സഹാനുഭൂതി, ആദരവ് തുടങ്ങിയ ഉയര്‍ന്ന മൂല്യങ്ങളാല്‍ അനുഗൃഹീതനായിരുന്നു മഹാപണ്ഡിതനായ അബ്ദുല്ലാ ദര്‍റാസ്.' താന്‍ വഹിക്കുന്ന ഖുര്‍ആനിന്റെ മഹിമയും ഗരിമയും തിരിച്ചറിഞ്ഞ മഹദ് വ്യക്തിത്വത്തെ ശൈഖ് യൂസുഫുല്‍ ഖറദാവി കണ്ടതിങ്ങനെ: ''ഞങ്ങള്‍ കണ്ടപ്പോഴും സംസാരിച്ചപ്പോഴുമൊക്കെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കാര്യമോര്‍ത്ത് വ്യഥകൊള്ളുന്ന ഒരു ഹൃദയത്തെയാണ് ഞാന്‍ ദര്‍റാസില്‍ കണ്ടത്.''

സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍
അറബി ഭാഷയില്‍ എന്നതു പോലെ ഫ്രഞ്ച് ഭാഷയിലും അദ്ദേഹം വ്യുല്‍പത്തി നേടി. പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിച്ച അനുഭവ പരിജ്ഞാനം ഇസ്‌ലാമിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ അങ്ങേയറ്റം തല്‍പരനായിരുന്നു ദര്‍റാസ്. 1916-ല്‍ അസ്ഹറില്‍നിന്ന് ബിരുദമെടുത്തു. 1928-ല്‍ അസ്ഹറിലെ ഉസ്വുലുദ്ദീന്‍ ഫാക്കല്‍റ്റിയില്‍ തഫ്‌സീര്‍ പ്രഫസറായി. ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ പഠനം തുടരാന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച ദര്‍റാസ് പന്ത്രണ്ട് വര്‍ഷം അവിടെ പഠന-ഗവേഷണങ്ങളില്‍ ചെലവഴിച്ചു. പാശ്ചാത്യ സംസ്‌കാരത്തെ അതിന്റെ ഈറ്റില്ലങ്ങളില്‍നിന്ന് അറിയാനായി എന്നത് ആ പണ്ഡിതവര്യനെ സംബന്ധിച്ചേടത്തോളം സുപ്രധാന നേട്ടമായിരുന്നു. ഖുര്‍ആനിലെ സനാതന സാരങ്ങളുമായി പടിഞ്ഞാറന്‍ സദാചാരമൂല്യങ്ങളെ താരതമ്യം ചെയ്ത് പഠിക്കാനുള്ള സുവര്‍ണാവസരമായിരുന്നു അദ്ദേഹത്തിന് ആ പഠനകാലം. പ്രസിദ്ധ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരായ എവറിസ്റ്റേ ലെവി പ്രൊവന്‍സാല്‍ ബര്‍നാര്‍ഡ് ലൂയിസ്. ചോസന്‍ എന്നിവരുടെ കീഴില്‍ പഠനം നടത്താന്‍ അവസരമുണ്ടായ ശൈഖ് ദര്‍റാസിന് 1947-ല്‍ 'മതങ്ങളുടെ തത്വശാസ്ത്രം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് കിട്ടി. മതങ്ങളെക്കുറിച്ച ദര്‍റാസിന്റെ ഗവേഷണ പ്രബന്ധം മതതാരതമ്യ പഠനമേഖലയില്‍ വിഹരിക്കുന്നവര്‍ക്ക് അക്ഷയ ഖനിയാണ്. അസ്ഹറിന്റെ സ്വപുത്രനും സോര്‍ബോണിന്റെ സന്തതിയായും വാഴ്ത്തപ്പെട്ടു അദ്ദേഹം. ദര്‍റാസിനെ സൃഷ്ടിച്ചതില്‍ അസ്ഹറിന്റെ പങ്ക് അനിഷേധ്യമാണ്. ദര്‍റാസിനെ പോലെ വിശിഷ്ട പണ്ഡിത വ്യക്തിത്വത്തെ വാര്‍ത്തെടുത്തതില്‍ സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയും അഭിമാനം കൊണ്ടു. അറബ്-ഇസ്‌ലാമിക ലോകത്തെ തത്വശാസ്ത്ര-സംസ്‌കാര പഠനമേഖലയില്‍ വിരാജിച്ച ചുരുക്കം ചില പ്രഗത്ഭ വ്യക്തിത്വങ്ങളില്‍ ഒരാളാണ് അദ്ദേഹം. സോര്‍ബോണില്‍നിന്ന് ബിരുദമെടുത്ത് പുറത്തിറങ്ങിയിട്ടും അസ്ഹര്‍ സര്‍വകലാശാലയുടെ പരമ്പരാഗത വേഷം കൈയൊഴിക്കാന്‍ -ജുബ്ബയും തലപ്പാവും- ദര്‍റാസ് തയാറായിരുന്നില്ല.

അസ്ഹര്‍ ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റിയില്‍ ദര്‍റാസിന്റെ ശിഷ്യനാവാന്‍ ഭാഗ്യമുണ്ടായ ഡോ. യൂസുഫുല്‍ ഖറദാവി അനുസ്മരിക്കുന്നു: ''ഉസ്വൂലുദ്ദീന്‍ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ഞാന്‍ ശൈഖ് ദര്‍റാസിനെ അടുത്തറിയുന്നത്. അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യത്തിന്റെ തെളിമയാര്‍ന്ന തെളിവായി പ്രശോഭിക്കുന്ന 'അന്നബഉല്‍ അളീം', 'അര്‍രിബാ' എന്നീ രചനകള്‍ വിദ്യാര്‍ഥികളായ ഞങ്ങള്‍ വായിച്ചിട്ടുണ്ടായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തെ ചെറുക്കുന്ന ദൗത്യവുമായി സൂയസ് കനാലിലേക്ക് പോകാന്‍ ഞങ്ങള്‍ രൂപവല്‍ക്കരിച്ച സ്‌കൗട്ടിന് സഹായമര്‍ഥിക്കാനായിരുന്നു ഞങ്ങള്‍ ചില വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഞങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയ അദ്ദേഹം ഞങ്ങളെ ശക്തമായി പിന്തുണക്കുന്നതില്‍ ഒരു പോരായ്മയും വരുത്തിയില്ല. 'ഇല്‍മുല്‍ അഖ്‌ലാഖ്' ആയിരുന്നു അദ്ദേഹം ഞങ്ങള്‍ക്കെടുത്തത്. ആ ക്ലാസിന്റെ ആഴവും പരപ്പും ആവിഷ്‌കാര ഭംഗിയും ഒന്ന് വേറെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസുകള്‍ ഞങ്ങള്‍ അതീവ കൗതുകത്തോടെ കാത്തിരിക്കും. ദാഹാര്‍ത്തന്‍ തെളിനീരരുവി കണ്ടാലുള്ള ആഹ്ലാദത്തിലായിരിക്കും ഞങ്ങളപ്പോള്‍. അദ്ദേഹത്തില്‍നിന്ന് അറിവ് നുകരുക മാത്രമായിരുന്നില്ല ഞങ്ങള്‍. പഠിപ്പിക്കേണ്ടതെങ്ങനെയെന്നും ഞങ്ങള്‍ അദ്ദേഹത്തില്‍നിന്ന് പഠിച്ചു. ഞാനും അഹ്‌മദ് അസാലും അഹ്‌മദ് ഹമദും 1956-ല്‍ സൈനിക ജയിലില്‍നിന്ന് മോചിതരായ ഉടനെ അപ്പര്‍ ഈജിപ്തിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഞങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. എന്തൊരു സ്വീകരണമായിരുന്നു! വീടെന്ന പോലെ ഹൃദയവാതിലുകളും ഞങ്ങള്‍ക്കായി അദ്ദേഹം തുറന്നുതന്നു.

വ്യതിരിക്തമായ ആഖ്യാനപാടവം
സൂക്ഷ്മവും വസ്തുനിഷ്ഠവുമായ അറിവിന്നുടമയായ ആ പണ്ഡിതവര്യന്‍ സങ്കീര്‍ണ പ്രശ്‌നങ്ങളെ അനായാസമായി, ലളിതമായി കൈകാര്യം ചെയ്യുന്ന രീതി ഞങ്ങളെ അത്ഭുത സ്തബ്ധരാക്കിയിരുന്നു. പാരമ്പര്യത്തിന്റെ മൗലികതയും സമകാലികതയുടെ ചാരുതയും മേളിച്ച ആഖ്യാന ശൈലിയുടെ വികാരങ്ങളെ അദ്ദേഹം ഉത്തേജിപ്പിക്കുകയും ധിഷണകളെ ത്രസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മം അല്ലാഹു സമുദായത്തിനേകിയ വരമായിട്ടാണ് ഞങ്ങള്‍ കണ്ടത്. നവീന ചിന്തകളുടെയും ജ്ഞാനോദയത്തിന്റെയും സാക്ഷികളായി ജീവിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധികളായ ഞങ്ങള്‍ മൂവരും അദ്ദേഹത്തെ സന്ദര്‍ശിച്ച് അറിവ് കരസ്ഥമാക്കാനുള്ള അതിരറ്റ ആഗ്രഹം തുറന്നു പറഞ്ഞപ്പോള്‍ സന്തോഷപൂര്‍വം അദ്ദേഹം ഞങ്ങളുടെ ആവശ്യം പരിഗണിച്ചു. ആഴ്ചയില്‍ ഒരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ അദ്ദേഹത്തെ സന്ദര്‍ശിച്ച് ആ വിജ്ഞാന നിര്‍ഝരിയില്‍നിന്ന് വല്ലതും നേടിയെടുക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അസ്ഹറിനെ പ്രതിനിധാനം ചെയ്ത് ലാഹോര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. സമ്മേളനം കഴിഞ്ഞ് വന്ന ശേഷം ഞങ്ങളുടെ പാഠ്യക്രമവും സമയവും നിശ്ചയിച്ചുതരുമെന്ന ധാരണയിലാണ് ഞങ്ങള്‍ പിരിഞ്ഞത്. അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ലാഹോര്‍ സമ്മേളനാനന്തരം ശൈഖ് ദര്‍റാസിന്റെ ചേതനയറ്റ ശരീരമാണ് ഈജിപ്തിലേക്ക് മടങ്ങിയത്. അസ്ഹറിലെ പള്ളിയില്‍ ജനാസ നമസ്‌കരിച്ച ആ മൃതശരീരം ഈജിപ്തിന്റെ മണ്ണില്‍ മറമാടപ്പെട്ടു.
അല്ലാഹുവുമായി നിതാന്ത ബന്ധം പുലര്‍ത്തിയ ആത്മീയ ഗുരുവര്യന്മാരുടെ നിരയിലാണ് ശൈഖ് അബ്ദുല്ല ദര്‍റാസിന്റെ സ്ഥാനം. ശൈഖ് അബ്ദുല്‍ഹലീം മഹ്‌മൂദിനെപ്പോലെ സ്വൂഫി പരമ്പരകളിലേക്ക് കണ്ണിചേര്‍ക്കപ്പെട്ടില്ലെങ്കിലും പരിവ്രാജകനായാണ് അദ്ദേഹം ജീവിച്ചത്. വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അദ്ദേഹത്തെ ഖുര്‍ആനിലാണ് ഞങ്ങള്‍ കാണുക. ദൈവസ്മരണയിലും നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളിലും വൈജ്ഞാനിക വൃത്തിയിലും വ്യാപൃതനായിരുന്നു സദാ സമയവും അദ്ദേഹം.

ഈജിപ്തിലെ വിപ്ലവ ഗവണ്‍മെന്റ് 'ശൈഖുല്‍ അസ്ഹര്‍' പദവി അദ്ദേഹത്തിന് വെച്ചുനീട്ടി. തങ്ങളുടെ ആവശ്യം ശൈഖ് സന്തോഷത്തോടെ സ്വീകരിക്കുമെന്നായിരുന്നു അവരുടെ വിചാരം. പദവി ഏറ്റെടുക്കാന്‍ അദ്ദേഹം വെച്ച നിബന്ധനകള്‍ കേട്ടപ്പോള്‍ അവര്‍ ഞെട്ടി; 'അസ്ഹറിനെ നന്നാക്കാനും പരിഷ്‌കരിക്കാനും ആരുടെയും കൈകടത്തലില്ലാത്ത സ്വാതന്ത്ര്യം വേണം.' ഇറങ്ങിപ്പോയ അവര്‍ പിന്നെ തിരിച്ചുചെന്നില്ല. അവര്‍ക്ക് വേണ്ടിയിരുന്നത് തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് മേലൊപ്പ് ചാര്‍ത്തുന്ന, കൃതജ്ഞതാ നിര്‍ഭരമായ ഹൃദയത്തോടെ അവരെ നോക്കിക്കാണുന്ന ഒരു ശൈഖുല്‍ അസ്ഹറിനെയായിരുന്നു.

'അഖീദയിലും ഫല്‍സഫയിലും' അഗാധജ്ഞാനമുള്ള പണ്ഡിതവര്യന്മാരില്‍ ഒരാളായിരുന്നു ദര്‍റാസ്. തന്റെ വ്യതിരിക്തമായ വൈജ്ഞാനിക വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതാണ് 'അദ്ദീന്‍' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം. മതചരിത്രങ്ങളുടെ അവതാരികയായി ഗണിക്കാവുന്ന പഠനമാണിത്. വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ ക്ലാസുകളുടെ സമാഹാരമാണിവ.

സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചത് ഖുര്‍ആനിലെ സനാതന സാരങ്ങളെ കുറിച്ച ഗവേഷണത്തിനാണ്. ഡോ. അബ്ദുസ്സബൂര്‍ ശാഹിന്‍ ഫ്രഞ്ചില്‍നിന്ന് ആ ഗ്രന്ഥം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്; 'ദസ്തൂറുല്‍ അഖ്‌ലാഖി ഫില്‍ ഖുര്‍ആനില്‍ കരീം' എന്ന പേരില്‍. ശൈഖിന്റെ ധൈഷണിക വ്യക്തിത്വത്തിന്റെ ഉത്തമ നിദര്‍ശനമാണ് ആ ഗ്രന്ഥം. രണ്ടു ഭാഗങ്ങളായാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. ഖുര്‍ആനിന്റെ ചരിത്രത്തെക്കുറിച്ച പഠനമാണ് ഗ്രന്ഥത്തിന്റെ പ്രവേശികയായി ചേര്‍ത്തിട്ടുള്ളത്. എണ്ണൂറ് പേജ് വരുന്ന 'ദസ്തൂറുല്‍ അഖ്‌ലാഖി ഫില്‍ ഖുര്‍ആനില്‍ കരീം' രണ്ടാം ഭാഗമായാണ് വിന്യസിച്ചിട്ടുള്ളത്. താത്വികമായും പ്രായോഗികമായും ഉള്ള ഖുര്‍ആനിന്റെ സദാചാര വീക്ഷണത്തെക്കുറിച്ച സമഗ്ര പഠനമാണിത്. പരമ്പരാഗത സങ്കേതങ്ങളില്‍നിന്ന് വ്യത്യസ്തമായി ഖുര്‍ആനിലെ 'ശരീഅത്തുല്‍ അഖ്‌ലാഖ്' സവിശേഷമായ ഒരു വിജ്ഞാനശാഖയായി കൈകാര്യം ചെയ്യപ്പെട്ടു എന്നതാണ് ഈ ഗവേഷണ യത്‌നത്തിന്റെ മഹത്വം. പെരുമാറ്റമര്യാദകളുടെ ഭ്രമണപഥത്തില്‍ കറങ്ങിയിരുന്ന സ്വഭാവ-സദാചാര സങ്കല്‍പങ്ങളെയും പ്രഭാഷണവേദികളില്‍ പരിചയപ്പെടുത്തുന്ന സംസ്‌കാര പരികല്‍പനകളെയും അകലേക്ക് മാറ്റിനിര്‍ത്തി ഇസ്‌ലാമിക സ്വഭാവ-സംസ്‌കാര സംഹിതകളുടെ വൈജ്ഞാനിക പ്രതലത്തിലൂടെയുള്ള സഞ്ചാരത്തിന് തുടക്കമിട്ടു എന്നതാണ് ശൈഖ് ദര്‍റാസിന്റെ പഠനത്തിന്റെ പ്രത്യേകത. ഗ്രന്ഥങ്ങളും പഠനങ്ങളുമായി പതിനാല് രചനകളാണ് ദര്‍റാസിന്റേതായി ഉള്ളത്. അന്നബഉല്‍ അളീം, അദ്ദീന്‍, ബുഹൂസുന്‍ മുമഹ്ഹദഃ ലിതാരീഖില്‍ അദ്‌യാന്‍, അര്‍റിബാ ഫീ നള്‌രില്‍ ഖാനൂനില്‍ ഇസ്‌ലാമി, മബാദിഉല്‍ ഖാനൂനില്‍ ആം ഫില്‍ ഇസ്‌ലാം, ഹൗലല്‍ മുഅ്തമറാത്തില്‍ ആലമിയ്യത്തി ലില്‍ അദ്‌യാന്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. 'തഫ്‌സീറുല്‍ ഫാതിഹ', 'മുഖദ്ദിമത്തുത്തിലാവ' തുടങ്ങിയ കൃതികള്‍ ഖുര്‍ആനിലുള്ള അഗാധജ്ഞാനം വെളിപ്പെടുത്തുന്നതാണ്. 'അല്‍ മുഖ്താറു മിന്‍ കുനൂസിസ്സുന്ന' മറ്റൊരു ഫിഖ്ഹുല്‍ ഹദീസ് കൃതിയാണ്. ഇമാം ശാത്വിബിയുടെ 'അല്‍ ഇഅ്തിസ്വാം' നവീകരിച്ച് 'അല്‍മീസാനു ബൈനസ്സുന്നത്തി വല്‍ ബിദ്അഃ' എന്ന ഗ്രന്ഥം രചിക്കാനൊരുങ്ങവെയാണ് ദര്‍റാസ് അല്ലാഹുവിലേക്ക് യാത്രയായത്.

ഡോ. യൂസുഫുല്‍ ഖറദാവിയുടെ അനുസ്മരണക്കുറിപ്പ് ഖുര്‍ആനില്‍ ജീവിച്ച ദാര്‍ശനിക പ്രതിഭയായ തന്റെ ഗുരുവര്യനെക്കുറിച്ച നേര്‍ക്കാഴ്ചയാണ്. ദര്‍റാസിന്റെ ശിഷ്യത്വം അഭിമാനത്തോടെ ഓര്‍ക്കുന്ന ഖറദാവിയെപ്പോലെ ഒരു വിശ്വപണ്ഡിതനെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതില്‍ ദര്‍റാസും അല്ലാഹുവിന്റെ സന്നിധിയില്‍ അഭിമാനത്തോടെ പറയുന്നുണ്ടാവണം.

സന്തുലിത വീക്ഷണം
അതിവാദങ്ങളുടെ സ്പര്‍ശമില്ലാത്ത സന്തുലിത ഇസ്‌ലാമിന്റെ വക്താവും നായകനുമായിരുന്നു ശൈഖ് ദര്‍റാസ്. വിശാലമായ പരിപ്രേക്ഷ്യത്തില്‍ ഇസ്‌ലാമിനെ നോക്കിക്കണ്ട ആ പണ്ഡിതപ്രതിഭ ദൈവിക വചനങ്ങളുടെ ആത്മ ചൈതന്യം കണ്ടെത്തുന്നതില്‍ വിജയിച്ചു എന്ന് തെളിയിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ഇസ്‌ലാമിക ചിന്താ മണ്ഡലത്തിലെ കുഴമറിച്ചിലിനിടയാക്കിയ നിരവധി വിരുദ്ധ ദ്വന്ദങ്ങളെ യുക്തിഭദ്രമായി കൈകാര്യം ചെയ്യാന്‍ ദര്‍റാസിനെ പ്രാപ്തനാക്കിയത് ഖുര്‍ആനുമായുള്ള നിരന്തരവും നിസ്തന്ദ്രവുമായ ആത്മബന്ധമാണ്. നിവേദനാത്മക വിജ്ഞാനവും ഗവേഷണാത്മക വിജ്ഞാനവും അഖ്ല്‍-നഖ്ല്‍, സുന്നത്ത്-ബിദ്അത്ത്, നിര്‍ബന്ധിത മേഖല- സ്വാതന്ത്ര്യമേഖല, യുദ്ധം-സന്ധി, മതവും ശാസ്ത്രവും, പ്രകൃതിയും നിയമവും തുടങ്ങി നിരവധി ദ്വന്ദങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ അമാന്തിച്ചോ വിഭ്രമിച്ചോ സ്തംഭിച്ചുനില്‍ക്കുന്ന പണ്ഡിത ലോകത്തിന് അപവാദമായിരുന്നു ദര്‍റാസ്. ഈ സങ്കീര്‍ണ ദ്വയങ്ങളെ പണ്ഡിതോചിതമായി ഇഴകീറി പരിശോധിക്കാനുള്ള വൈജ്ഞാനിക കരുത്തിനുടമയായിരുന്നു ദര്‍റാസ്. 'നന്മയും തിന്മയും വിവേചിച്ചറിയാനുള്ള കഴിവ് മനുഷ്യമനസ്സില്‍ ഉള്ളടങ്ങിയ അന്തഃഛോദനയാണ്. പിന്നീടാണ് അതിനെ സാധൂകരിക്കുന്ന ദൈവിക നിയമത്തിന്റെ കടന്നുവരവ്. ദൈവിക നിയമങ്ങള്‍ ജൈവികവും പ്രകൃതിപരവുമായ സ്വഭാവ സംസ്‌കാര ധാര്‍മിക മൂല്യങ്ങള്‍ക്ക് പൂരകമായി വര്‍ത്തിക്കുന്നു' എന്ന് സിദ്ധാന്തിക്കുന്ന ശൈഖ് ദര്‍റാസ് പരമ്പരാഗത ശൈലിയില്‍നിന്ന് വേറിട്ട് സഞ്ചരിക്കുന്നു എന്നു കാണാം.

നന്മയെയും തിന്മയെയും ധര്‍മത്തെയും നിര്‍വചിക്കുന്നതില്‍ കേവല ബുദ്ധിയും കേവല യുക്തിയും പരാജയമടയുന്നു. അവിടെയാണ് വഹ്‌യ്, അഥവാ ദിവ്യബോധനം കടന്നുവരുന്നത്. ദിവ്യബോധനത്തിന്റെ അഭാവത്തില്‍ മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികള്‍ക്ക് ചരിത്രം സാക്ഷി. ബുദ്ധമതത്തിലെ നിര്‍വാണവും ഗ്രീക്ക് തത്വശാസ്ത്രത്തില്‍ ഉരുവംകൊണ്ട അരാജക വാദവുമെല്ലാം ചരിത്രത്തിലെ അപഥ സഞ്ചാരങ്ങളുടെ ഫലമായി ഉണ്ടായ ധാരണകളും വിശ്വാസങ്ങളുമാണ്.

'പ്രകൃതിനിയമങ്ങളുടെയും ആകാശനിയമങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവിന്റെ ഇംഗിതം പോലെത്തന്നെ വഹ്‌യിന്റെ വെളിച്ചവും പ്രകൃതിയിലെ അന്തഃഛോദന വെളിച്ചവും ഒപ്പത്തിനൊപ്പം സഞ്ചരിക്കേണ്ടതാണ്, പന്തയക്കുതിരകളെപ്പോലെ' - ശൈഖ് ദര്‍റാസ് വിശദീകരിക്കുന്നു.

ഖുര്‍ആന്‍ വിജ്ഞാനശാഖയില്‍ നവീകരണത്തിന്റെ വക്താവും പ്രയോക്താവുമാണ് ശൈഖ് ദര്‍റാസ്. ഖുര്‍ആനിന്റെ ഭാഷാപരവും സാഹിത്യപരവുമായ ആവിഷ്‌കാരത്തെ ആധാരമാക്കി വിശുദ്ധ വേദഗ്രന്ഥത്തിന്റെ മൗലിക ഭാവുകത്വത്തെ വിശദീകരിക്കുന്ന രീതിയാണ് മുമ്പു മുതല്‍ക്കേ പണ്ഡിതന്മാര്‍ കൈക്കൊണ്ട രീതി. ദര്‍റാസാവട്ടെ ഖുര്‍ആനിന്റെ യുക്തിഭദ്രവും ചരിത്രപരവുമായ ദൗത്യത്തെ വിശകലനാത്മകമായി അപഗ്രഥിക്കുന്ന രീതിയാണ് സ്വീകരിച്ചത്. പരമ്പരാഗത രീതികളില്‍നിന്നുള്ള മാറിനടത്തമാണിത്. അറബി സാംസ്‌കാരിക പശ്ചാത്തലത്തില്‍നിന്ന് വേര്‍പ്പെട്ട് സാര്‍വലൗകിക പരിസരങ്ങളിലേക്ക് ഖുര്‍ആന്‍ ആനയിക്കപ്പെട്ടു എന്നതാണ് ഈ 'ദര്‍റാസ് രീതി' കൊണ്ടുണ്ടായ നേട്ടം.

സമൂഹത്തിന്റെയും ജീവിക്കുന്ന സാഹചര്യങ്ങളുടെയും പൊടിയും പുകയുമേല്‍ക്കാതെ ആശയങ്ങളുടെ ദന്തഗോപുരങ്ങളില്‍ വസിക്കുകയായിരുന്നില്ല അദ്ദേഹം. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങളില്‍ വേവുന്ന ഹൃദയവുമായാണ് അദ്ദേഹം ജീവിച്ചത്. 1919-ലെ വിപ്ലവാനന്തരം ഈജിപ്തിലെ പാശ്ചാത്യ എംബസികളില്‍ കയറിയിറങ്ങി തന്റെ രാഷ്ട്രത്തിന്റെ നിലപാട് വിശദീകരിക്കാന്‍ ഫ്രഞ്ച് ഭാഷയില്‍ പ്രഭാഷണ പരമ്പരകള്‍ നടത്തിയ രാജ്യസ്‌നേഹിയാണ് അദ്ദേഹം.

ഫ്രാന്‍സിലെ പഠനകാലത്ത് ഫലസ്ത്വീന്‍-മൊറോക്കോ-അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരങ്ങളെ പരസ്യമായി പിന്തുണക്കാന്‍ ധൈര്യം കാണിച്ച ഈ പണ്ഡിതവര്യന്‍ അള്‍ജീരിയന്‍ പണ്ഡിതസഭയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇക്കാലത്താണ് അള്‍ജീരിയന്‍ സ്വാതന്ത്ര്യസമര നായകന്‍ മാലിക് ബിന്നബിയുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചത്. അള്‍ജീരിയയിലെ അബ്ദുല്‍ ഹമീദ് ബിന്‍ ബാദിസുമായും ദര്‍റാസ് സുദൃഢബന്ധം ഉണ്ടാക്കി. അള്‍ജീരിയന്‍ വിദ്യാര്‍ഥികള്‍ക്ക് അസ്ഹര്‍ സര്‍വകലാശാലയില്‍ പ്രവേശനം നേടിക്കൊടുക്കാന്‍ ഇടപെട്ടതും ദര്‍റാസ് തന്നെ.

സാര്‍ഥക ജീവിതം
'കിഴക്കിനും പടിഞ്ഞാറിനും പുതിയതൊന്നും സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ അധ്വാനം വ്യര്‍ഥമാണ്' എന്ന മുഖവുരയോടെയാണ് 'ദസ്തൂറുല്‍ അഖ്‌ലാഖി ഫില്‍ ഖുര്‍ആന്‍' ദര്‍റാസ് എഴുതിത്തുടങ്ങുന്നത്. ഗ്രന്ഥത്തിലെ ഓരോ വാചകവും പരസ്പരബന്ധിതവും പരസ്പരപൂരകവുമാണ്. പൂര്‍വാപരബന്ധത്തിന്റെ അതിശയകമായ സമന്വയമാണ് അദ്ദേഹത്തിന്റെ എഴുത്തില്‍ കാണാന്‍ കഴിയുക. വിഷയങ്ങളുടെ മര്‍മത്തിലേക്കിറങ്ങി ചെല്ലുന്ന രീതിയായതിനാല്‍ മൗലിക വിഷയങ്ങള്‍ക്കാണ് പ്രതിപാദനത്തില്‍ പ്രാമുഖ്യം ലഭിക്കുക. പ്രതിപാദനത്തിലെ മര്‍മത്തില്‍നിന്നകന്ന് വഴിയോരക്കാഴ്ചകളിലേക്ക് തെന്നിമാറില്ല. ഏതു വിഷയത്തെയും യുക്തിഭദ്രമായും പണ്ഡിതോചിതമായും സമീപിക്കും. ശര്‍ഈ പ്രമാണങ്ങള്‍, ചരിത്ര വസ്തുതകള്‍, ബുദ്ധിയുടെയും യുക്തിയുടെയും ന്യായങ്ങള്‍- ഈ മൂന്ന് അടിസ്ഥാനങ്ങളില്‍ ഊന്നിയാണ് അദ്ദേഹത്തിന്റെ രചനകളെല്ലാം.

ഖുര്‍ആനിലെ ഓരോ സൂക്തത്തെക്കുറിച്ചുമുണ്ട് ശൈഖ് ദര്‍റാസിന് വസ്തുനിഷ്ഠമായ കാഴ്ചപ്പാട്. ഫാതിഹ അധ്യായം ഉദാഹരണം. ആ ചിന്തകള്‍ കേവല സൂക്തങ്ങളിലും അര്‍ഥങ്ങളിലും ഉടക്കിനിന്നില്ല. ഖുര്‍ആനിലെ മറ്റ് അധ്യായങ്ങളുമായി സൂറത്തുല്‍ ഫാതിഹക്കുള്ള അഭേദ്യ ബന്ധമാണ് അദ്ദേഹത്തിന്റെ ചിന്താവിഷയമായത്. അധ്യായം ചെറുതാണെങ്കിലും ഖുര്‍ആനിന്റെ സമുന്നത ലക്ഷ്യങ്ങളെല്ലാം ഫാതിഹയില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സമര്‍ഥിച്ചു. സര്‍വ അധ്യായങ്ങളും 'ഫാതിഹഃ' സൂറത്തിന്റെ വിവരണവും വ്യാഖ്യാനവുമാണ്.
ദര്‍റാസിന്റെ വീക്ഷണത്തില്‍ സിദ്ധാന്തപരവും പ്രായോഗികവുമായ രണ്ട് സമുന്നത ലക്ഷ്യങ്ങളാണ് ഖുര്‍ആനിനുള്ളത്. സിദ്ധാന്തപരമായ രണ്ടു ലക്ഷ്യങ്ങള്‍: സത്യജ്ഞാനം, നന്മയുടെ തിരിച്ചറിവ്.

പ്രായോഗിക ലക്ഷ്യങ്ങള്‍: ജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും ഉല്‍പന്നങ്ങളാണവ. സത്യജ്ഞാനത്തിന്റെ ഫലം അതിനെ മഹത്വവല്‍ക്കരിക്കുകയാണ്. തിരിച്ചിറിവിന്റെ ഫലം പ്രതിബദ്ധതയോടെ ജീവിക്കുകയാണ്.

സൂറത്തുല്‍ ഫാതിഹയിലെ ആദ്യത്തെ മൂന്ന് സൂക്തങ്ങള്‍ അല്ലാഹുവിനെക്കുറിച്ച അടിസ്ഥാനപരമായ അറിവാണ്. തൗഹീദും പ്രവാചകദൗത്യവും പരലോകവുമാണ് അതിലെ ഇതിവൃത്തം. അടിമത്തവും സഹായാഭ്യര്‍ഥനയുമാണ് അതിന്റെ പ്രാവര്‍ത്തിക രൂപം. അധ്യായത്തിന്റെ രണ്ടാം പകുതി മാനുഷിക വശങ്ങളുമായി ബന്ധപ്പെട്ടതാണ്. മനുഷ്യകര്‍മങ്ങളുടെ വൈവിധ്യം സൂചിപ്പിക്കുന്ന ഭാഗമാണത്. സന്മാര്‍ഗവും ദുര്‍മാര്‍ഗവും വ്യതിയാനവും അപഥസഞ്ചാരവും അതില്‍ പ്രതിപാദ്യവിഷയമാണ്. 'നേരായ മാര്‍ഗം കാണിക്കണേ'യെന്ന പ്രാര്‍ഥന പ്രാവര്‍ത്തികമായ രൂപം കാണിക്കാനുള്ള അഭ്യര്‍ഥനയാണ്. മറ്റൊരു രീതിയിലും ദര്‍റാസ് ഫാതിഹയെ നോക്കിക്കാണുന്നു. മനുഷ്യജിഹ്വയില്‍നിന്ന് വരുന്ന ഒരേയൊരു അധ്യായമാണത്. ബാക്കി എല്ലാ അധ്യായങ്ങളും ദൈവിക ജിഹ്വയുടെ മേലധികാരത്തില്‍നിന്നാണ്. ഫാതിഹ പ്രാര്‍ഥനയാണ്, യാചനയാണ്, അര്‍ഥനയാണ്. മറ്റ് അധ്യായങ്ങള്‍ തേടിയ സന്മാര്‍ഗത്തിന്റെ വിവരണമാണ്.

ഈജിപ്തിലെ ദയായ് പ്രവിശ്യയില്‍ 1894-ല്‍ ജനനം. അസ്ഹറില്‍നിന്ന് 1916-ല്‍ ആലിം ബിരുദം. 1928-ല്‍ അസ്ഹറില്‍ അധ്യാപകനായി നിയമനം. 1946-ല്‍ ഉപരിപഠനാര്‍ഥം ഫ്രാന്‍സിലേക്ക്. സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ്. കൈറോ യൂനിവേഴ്‌സിറ്റിയിലും ദാറുല്‍ ഉലൂമിലും കുല്ലിയ്യത്തുല്ലുഗത്തില്‍ അറബിയ്യയിലും അധ്യാപനം. ഉന്നത പണ്ഡിതസഭയില്‍ അംഗത്വം. അന്താരാഷ്ട്ര വേദികളില്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു. 1958-ല്‍ പാകിസ്താനിലെ ലാഹോറില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിച്ചു തിരിച്ചുവരുമ്പോള്‍ മരണം.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top