ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഉത്കൃഷ്ട രീതി
ഡോ. യൂസുഫുല്‍ ഖറദാവി
ഖുര്‍ആന്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുകയെന്നതാണ് ഓരോ മുസ്‌ലിമിന്റെയും ലക്ഷ്യം. ഖുര്‍ആന്‍ പഠനത്തിന്റെ വൈജ്ഞാനിക ഫലമാണത്. അതിന്റെ കര്‍മഫലം ഖുര്‍ആന്റെ വിധിവിലക്കുകള്‍ മുറുകെ പിടിക്കാന്‍ കഴിയുകഎന്നതും. ഖുര്‍ആന്‍ ശരിയാംവിധം ഗ്രഹിക്കാന്‍ സഹായകമാകുന്നത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാവുന്ന വ്യാഖ്യാനത്തിലൂടെയാണ്. അപ്പോഴാണ് രഹസ്യങ്ങളും മുത്തുമണികളും വെളിപ്പെടുക.
എന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ഏത് മാര്‍ഗം അവലംബിച്ചാണ് ഈ ഉദ്ദേശ്യം സാധ്യമാവുക എന്ന് ചോദിച്ചാല്‍, അതിന് അവലംബിക്കേണ്ട ചില അടിസ്ഥാനങ്ങളും തത്വങ്ങളും അവലംബിക്കുമ്പോള്‍ എന്നതാണുത്തരം.
ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ അടിസ്ഥാനങ്ങള്‍
1. നിവേദനങ്ങളും യുക്തിചിന്തയും സമന്വയിപ്പിക്കുക. പൂര്‍വികരുടെ സത്യസന്ധമായ നിവേദനങ്ങളെ പില്‍ക്കാല പണ്ഡിതന്മാരുടെ ചിന്തകളും അഭിപ്രായങ്ങളുമായി ചേര്‍ത്തുവെക്കുക. വളരെയധികം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ മാര്‍ഗം സ്വീകരിച്ചവരാണ്. ഇബ്‌നു ജരീറുത്ത്വബരി ഈ വിഭാഗത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. എന്നാല്‍ ചിലര്‍ അദ്ദേഹത്തെ കേവലം നിവേദനം വ്യാഖ്യാതാക്കളുടെ (تفسير بالرواية)ഗണത്തില്‍ പെടുത്തുന്നുണ്ട്. ഇത് യഥാര്‍ഥത്തില്‍ അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്. ത്വബരിയുടെ തഫ്‌സീര്‍ വായിക്കുന്നവര്‍ക്ക് അദ്ദേഹം നിവേദനങ്ങള്‍ ഉദ്ധരിക്കുന്നതും അവ ചര്‍ച്ചാവിഷയമാക്കി കൂടുതല്‍ ശരിയെന്ന് തോന്നുന്ന അഭിപ്രായത്തിലേക്ക് എത്തിച്ചേരുന്നതും കാണാം.
ഹാഫിള് ഇബ്‌നു കസീറും ഏറക്കുറെ ഇതേ സരണി തന്നെയാണ് പിന്‍പറ്റിയത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നതില്‍ ഇബ്‌നു ജരീറിനോളം മികവ് ഇബ്‌നു കസീറിനില്ലെങ്കിലും ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടുതന്നെ വിശദീകരിക്കുക പോലുള്ള വിഷയങ്ങളില്‍ അദ്ദേഹമാണ് മികച്ചു നില്‍ക്കുന്നത്. ഇമാം ഖുര്‍ത്വുബി പാരമ്പര്യ വ്യാഖ്യാനത്തെയും സ്വതന്ത്ര വ്യാഖ്യാനത്തെയും സമന്വയിപ്പിക്കുന്ന രീതിയാണ് തന്റെ 'അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥത്തില്‍ അവലംബിച്ചത്; സ്വതന്ത്ര വ്യാഖ്യാനമാണ് കൂടുതല്‍ പ്രകടമാകുന്നതെങ്കിലും.
പില്‍ക്കാലക്കാരില്‍ മുഹമ്മദുബ്‌നു അലി അശ്ശൗകാനി തന്റെ 'ഫത്ഹുല്‍ ഖദീറി'ല്‍ രിവായതും ദിറായതും സമന്വയിപ്പിക്കുന്ന ശൈലിയാണ് അവലംബിച്ചത്. തന്റെ നിലപാട് വിശദകരിച്ചുകൊണ്ട് സ്വന്തം തഫ്‌സീറിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതുന്നു:
മുഫസ്സിറുകള്‍ പൊതുവെ രണ്ട് വിഭാഗമാണ്. 1. പൂര്‍വസൂരികളുടെ നിവേദനങ്ങള്‍ മാത്രം അവലംബിച്ചവര്‍. 2. കേവലം ഭാഷയില്‍ കേന്ദ്രീകരിക്കുകയും നിവേദനങ്ങളെ പാടേ തള്ളിക്കളയുകയും ചെയ്തവര്‍.
എന്നാല്‍ നബി(സ)യില്‍നിന്ന് ഖുര്‍ആന്‍ വ്യാഖ്യാനമായി സ്ഥിരപ്പെട്ടു വന്നത് ഏതാനും സൂക്തങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. സ്വഹാബത്തില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന വ്യാഖ്യാനങ്ങള്‍ കേവലം ഭാഷയില്‍നിന്നവര്‍ മനസ്സിലാക്കിയതാണെങ്കില്‍ അതുതന്നെ സ്വീകരിക്കണമെന്നില്ല. അതുപോലെ തന്നെയാണ് താബിഉകളുടെയും പില്‍ക്കാലക്കാരുടെയും വ്യാഖ്യാനങ്ങളും. മാത്രമല്ല, വിശ്വാസയോഗ്യമായി അവ ഉദ്ധരിക്കപ്പെടുന്നില്ലെങ്കില്‍ അവ അവലംബനീയവുമല്ല.
അതുകൊണ്ട് ഈ രണ്ടു സരണികളെയും സംയോജിപ്പിക്കുക എന്ന രീതിയാണ് കൂടുതല്‍ അനുയോജ്യം. ഈ മാര്‍ഗമാണ് ഞാന്‍ അവലംബിച്ചതും തെരഞ്ഞെടുത്തതും. എന്നാല്‍ അല്ലാഹുവിന്റെ കലാമിനെ യഥേഷ്ടം വ്യാഖ്യാനിക്കുന്ന ഒരു വിഭാഗത്താല്‍ നാം പരീക്ഷിക്കപ്പെട്ടിരിക്കുന്നു. പൂര്‍വികരുടെതും ആധുനികരുടേതുമായ എല്ലാ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും അവര്‍ പിറകോട്ടെറിയുകയാണ്. ഖുര്‍ആനെ സ്വന്തം ഇഛകള്‍ക്കും ഇംഗിതങ്ങള്‍ക്കും അനുകൂലമാക്കാന്‍ ബുദ്ധിക്ക് നിരക്കാത്തതും പ്രമാണങ്ങള്‍ക്ക് വിരുദ്ധവും അടിസ്ഥാനരഹിതവുമായ ചിന്തകളാണവര്‍ ഇഷ്ടപ്പെടുന്നത്. പഴയതിനെ പാടേ തള്ളിക്കളഞ്ഞ് പുതിയത് കെട്ടിപ്പടുക്കുക എന്നത് ഒരു വിജ്ഞാനശാഖലയിലും കേട്ടുകേള്‍വിയില്ലാത്തതാണ്.
II ഖുര്‍ആനിനെ ഖുര്‍ആന്‍കൊണ്ട് വ്യാഖ്യാനിക്കുക
വിശുദ്ധ ഖുര്‍ആനിന്റെ ചിലഭാഗം മറ്റു ചിലഭാഗങ്ങളെ വ്യാഖ്യാനിക്കും. ഒരിടത്ത് ചുരുക്കിപ്പറയുന്നത് മറ്റിടത്ത് വിശദീകരിച്ചിരിക്കും. ചിലയിടത്ത് അവ്യക്തമായി പറഞ്ഞത് മറ്റു ചിലേടത്ത് വ്യക്തമായി പറഞ്ഞിരിക്കും. മൊത്തമായി പറഞ്ഞത് മറ്റിടത്ത് സോപാധികമാക്കും. പൊതുവായി പറഞ്ഞത് മറ്റിടത്ത് പ്രത്യേകമാക്കും. അതിനാല്‍ ഖുര്‍ആന്‍ മൊത്തമായെടുത്ത് ചിന്തിക്കുമ്പോഴേ ആശയങ്ങള്‍ വ്യക്തമാകൂ.
ഇക്കാര്യം ആദ്യമായി പഠിപ്പിച്ചത് പ്രവാചകന്‍ തന്നെയാണ്.
الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾
(വിശ്വസിക്കുകയും വിശ്വാസത്തോട് അതിക്രമം കലര്‍ത്തുകയും ചെയ്യാത്തവര്‍ക്ക് നിര്‍ഭയത്വമുണ്ട്. അവര്‍ സന്മാര്‍ഗചാരികളാണ് - അല്‍അന്‍ആം 82) എന്ന സൂക്തം പാരായണം ചെയ്തപ്പോള്‍ സ്വഹാബികള്‍ അസ്വസ്ഥരായി. കാരണം, സൂക്തത്തിന്റെ ബാഹ്യാര്‍ഥം വിശ്വാസികളില്‍നിന്ന് തെറ്റ് സംഭവിക്കുന്നതോടെ അവര്‍ക്ക് ശാന്തിയും സന്മാര്‍ഗവും നഷ്ടമായെന്നാണല്ലോ. അവര്‍ ചോദിച്ചു: 'പ്രവാചകരേ! ഇങ്ങനെ ഒരു തെറ്റും ചെയ്യാത്തവര്‍ ആരാണുണ്ടാവുക? അപ്പോള്‍ നബി പറഞ്ഞു: 'അത് നിങ്ങള്‍ വിചാരിക്കും പോലെയല്ല. അല്ലാഹുവിന്റെ ദാസന്‍ (ലുഖ്മാന്‍) പറയുന്നത് നിങ്ങള്‍ പാരായണം ചെയ്യുന്നില്ലേ?
إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ
(തീര്‍ച്ചയായും, ബഹുദൈവ വിശ്വാസമാണ് കനത്ത അതിക്രമം - ലുഖ്മാന്‍ 13).'
ഖുര്‍ആനിനെ ഖുര്‍ആന്‍കൊണ്ട് വ്യാഖ്യാനിക്കുക എന്ന രീതി ഏറ്റവും പൂര്‍ണമായി അവലംബിച്ചത് ഇമാം ഇബ്‌നുകസീറാണ്. ഫാതിഹയിലെ (അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍) എന്നതിന്റെ വിശദീകരണത്തില്‍ അദ്ദേഹം എഴുതുന്നു: ഇവിടെ റുബൂബിയ്യത്തിന്റെ വിവക്ഷ വിശദീകരിച്ചിട്ടില്ല. അത് സബ്ബിഹിസ്മ റബ്ബിക.... എന്നതില്‍ വിവരിച്ചിട്ടുണ്ട്. സൃഷ്ടിപ്പ്, സംവിധാനം, വിധിനിര്‍ണയം, മാര്‍ഗദര്‍ശനം എന്താണെന്ന് അവിടെ വിശദീകരിച്ചിരിക്കുന്നു. സൂറ അശ്ശുഅറാഇലും ഇതിലേക്ക് സൂചനയുണ്ട്.
قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ ﴿٢٣﴾ قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَاۖ إِن كُنتُم مُّوقِنِينَ ﴿٢٤﴾
(റബ്ബുല്‍ ആലമീന്‍ എന്താണെന്ന് ഫിര്‍ഔന്‍ ചോദിച്ചു. മൂസാ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവ രണ്ടിനുമിടക്കുള്ളവയുടെയും പരിപാലകന്‍). സൂറതുല്‍ ഫാതിഹയില്‍ തന്നെ
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ
എന്നതില്‍ നീ അനുഗ്രഹിച്ചവര്‍ ആരാണെന്ന് പറഞ്ഞില്ല. സൂറത്തുന്നിസാഇല്‍ അത് വിവരിച്ചിട്ടുണ്ട്:
وَمَن يُطِعِ اللَّهَ وَالرَّسُولَ فَأُولَٰئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَۚ
(അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ചവരുടെ -നബിമാര്‍, സിദ്ദീഖുകള്‍, രക്തസാക്ഷികള്‍, സ്വാലിഹുകള്‍- എന്നിവരോടൊപ്പമായിരിക്കും).
ഇബ്‌നു ദഖീഖില്‍ ഈദ് ഇതിന്റെ കുറേയേറെ ഉദാഹരണങ്ങള്‍ പറയുന്നുണ്ട്. സൂറതുല്‍ മുഅ്മിന്‍
وَإِن يَكُ صَادِقًا يُصِبْكُم بَعْضُ الَّذِي يَعِدُكُمْۖ
(ഇനി അദ്ദേഹം സത്യവാനാണെങ്കില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്ന ചിലത് നിങ്ങളെ ബാധിക്കും) എന്ന സൂക്തത്തില്‍ ആ ചിലതിന്റെ താല്‍പര്യം ഐഹിക ശിക്ഷയാണെന്ന് ഗാഫിര്‍ അധ്യായത്തിലെ
فَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ
(അവര്‍ക്ക് നാം മുന്നറിയിപ്പ് നല്‍കുന്ന ചിലത് നിനക്ക് നാം കാണിക്കുകയോ നിങ്ങളെ നാം മരിപ്പിക്കുകയോ ചെയ്താല്‍ നമ്മിലേക്കായിരിക്കും അവരെല്ലാം മടക്കപ്പെടുന്നത്) വിശദീകരിച്ചിട്ടു്.
സൂറത്തുന്നിസാഇല്‍ 'ആരെങ്കിലും വല്ല തിന്മയും ചെയ്താല്‍ അതിന്റെ തക്ക പ്രതിഫലം അവന് നല്‍കും (123) എന്ന സൂക്തത്തില്‍ പറയുന്ന തിന്മകള്‍ പലതും അല്ലാഹു വിട്ടുവീഴ്ച ചെയ്യുമെന്ന്
وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴿٣٠﴾
(നിങ്ങളെ ബാധിക്കുന്ന ഏതു വിപത്തും നിങ്ങളുടെ ചെയ്തികളുടെ ഫലമാണ്. എന്നാല്‍ വളരെയേറെ കുറ്റങ്ങള്‍ അല്ലാഹു വിട്ടുവീഴ്ച ചെയ്യും) എന്നു മനസ്സിലാക്കാം. ആദ്യത്തേതിലെ സമഗ്രതയെ രണ്ടാമത്തേതില്‍ പരിമിതമാക്കുന്നു.
പരസ്പരവിരുദ്ധമാണെന്ന് കരുതുന്ന പലതും സംയോജിപ്പിച്ചാല്‍ വൈരുധ്യം അവസാനിക്കും. മനുഷ്യരെ മണ്ണില്‍നിന്ന് സൃഷ്ടിച്ചുവെന്ന് ചിലേടത്ത് പറയുമ്പോള്‍ മറ്റു ചിലേടത്ത്طين (ചളിമണ്ണ്)-ല്‍നിന്ന് എന്നു പറയുന്നു.صلطال ല്‍ നിന്നാണെന്ന് വേറൊരിടത്ത് പറയുന്നു. ഇതെല്ലാം ചേര്‍ന്നതാണെന്ന് വെച്ചാല്‍ ആശയക്കുഴപ്പം തീരും.
III സുന്നത്തിലൂടെ ഖുര്‍ആന്‍ വ്യാഖ്യാനിക്കുക
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: ഖുര്‍ആന്‍ വ്യാഖ്യാനിക്കാനുള്ള ഏറ്റവും ശരിയായ മാധ്യമം ഖുര്‍ആന്‍ തന്നെയാണ്. അത് അസാധ്യമാണെങ്കില്‍ സുന്നത്ത്. സുന്നത്ത് ഖുര്‍ആന്റെ വിശദീകരണമാണ്. ഇമാം ശാഫിഈ പറഞ്ഞു: പ്രവാചകന്റെ വിധികളെല്ലാം അദ്ദേഹം ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കിയതാണ്. ഖുര്‍ആന്‍ പറയുന്നു: 'ഈ ഗ്രന്ഥം നാം നിനക്ക് അവതരിച്ചത് അവര്‍ക്ക് അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങള്‍ നീ അവര്‍ക്ക് വിശദീകരിക്കാനാണ്' (അന്നഹ്ല്‍ 64). അതുകൊണ്ടാണ്, 'എനിക്ക് ഖുര്‍ആനും അതോടൊപ്പം തത്തുല്യമായതും നല്‍കപ്പെട്ടിരിക്കുന്നു' എന്ന് നബി(സ) പറഞ്ഞത്. ഖുര്‍ആന്‍ അവതരിക്കുന്നതു പോലെ സുന്നത്തും നബിക്ക് അവതരിക്കും. പക്ഷെ, ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന പോലെ അത് പാരായണം ചെയ്യില്ല. അതുകൊണ്ടാണ് പാരായണം ചെയ്യപ്പെടാത്ത വഹ്‌യ് എന്ന് സുന്നത്ത് വിളിക്കപ്പെടുന്നത്.
ഇമാം ശാഫിഈ പറഞ്ഞു: ഖുര്‍ആനിന്റെ വ്യാഖ്യാനം അതില്‍നിന്ന് ലഭിച്ചില്ലെങ്കില്‍ സുന്നത്തില്‍നിന്ന് ലഭിക്കും. നബി മുആദിനെ യമനിലേക്കയച്ചപ്പോള്‍ ചോദിച്ചു: 'എന്ത് ആധാരമാക്കിയാണ് നീ വിധിക്കുക?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ കിത്താബ് പ്രകാരം.' 'അതില്‍നിന്ന് ലഭിച്ചില്ലെങ്കില്‍?' 'പ്രവാചകന്റെ സുന്നത്ത് പ്രകാരം.' 'അതില്‍നിന്നും ലഭിച്ചില്ലെങ്കില്‍?' മുആദ്: 'ഞാനെന്റെ അഭിപ്രായം രൂപീകരിക്കും.' ഇത് കേട്ടപ്പോള്‍ മുആദിന്റെ നെഞ്ചത്ത് കൈവെച്ചുകൊണ്ട് നബി പറഞ്ഞു. 'അല്ലാഹുവിന് സ്തുതി. അവന്‍ തന്റെ പ്രവാചകന്റെ ദൂതന് അവന്‍ ഇഷ്ടപ്പെടുന്ന രീതി കാണിച്ചുകൊടുത്തു.'
വെള്ള നൂലും കറുത്ത നൂലും കൊണ്ടുദ്ദേശ്യം പകലിന്റെ വെള്ളയും രാത്രിയുടെ കറുപ്പുമാണെന്നും (അല്‍ബഖറ: ....) വേദക്കാര്‍ തങ്ങളുടെ പണ്ഡിത-പുരോഹിതന്മാരെ റബ്ബുകളാക്കി എന്നതിന്റെ താല്‍പര്യം അവര്‍ ഹലാലിനെ ഹറാമാക്കുമ്പോഴും ഹറാമിനെ ഹലാലാക്കുമ്പോഴും അതംഗീകരിക്കുന്നു എന്നതാണെന്നും സിദ്‌റതുല്‍ മുന്‍തഹായുടെ അടുത്ത് പ്രവാചകന്‍ കണ്ടുവെന്ന് പറഞ്ഞത് ജിബ്‌രീലിനെയാണെന്നും (അന്നജ്മ് 13,14) വിശദീകരണം ലഭിച്ചത് സുന്നത്തിലൂടെയാണ്.
ഇമാം ഇബ്‌നുല്‍ വസീര്‍ എഴുതുന്നു:
നബിയുടെ വ്യാഖ്യാനം ഖുര്‍ആന്‍ കൊണ്ടും പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായം (ഇജ്മാഅ്) കൊണ്ടും പ്രമാണയോഗ്യമാണ്. അല്ലാഹു പറഞ്ഞു: 'പ്രവാചകന്‍ കല്‍പിക്കുന്നത് സ്വീകരിക്കുക. നിരോധിക്കുന്നത് വര്‍ജിക്കുകയും ചെയ്യുക' (അല്‍ഹശ്ര്‍ 7).
അനന്തരാവകാശികള്‍ക്ക് വസ്വിയ്യത്ത് പാടില്ലെന്ന് വിശദീകരിച്ചുകൊണ്ട് ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് വസ്വിയ്യത്ത് നല്‍കാന്‍ നിര്‍ദേശിച്ച ഖുര്‍ആനിക സൂക്തത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്തിയത് ഹദീസിലൂടെയാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ചു പറയുന്നു.
അവതരണ കാരണങ്ങള്‍ പറയുന്ന നിവേദനങ്ങളും ഈ ഗണത്തില്‍ പെടുന്നു. ഇമാം വാഹിദി ഈ വിഷയത്തില്‍ സ്വന്തമായി ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതുപോലെ സൂക്തങ്ങളുടെ വ്യാപ്തി(عموم)യെ പരിമിതപ്പെടുത്തുക, അധികം വിശദീകരണങ്ങള്‍ നല്‍കുക തുടങ്ങിയവയെല്ലാം ഈ ഇനത്തില്‍പെടുന്നു.
IV. സ്വഹാബിമാരുടെയും താബിഉകളുടെയും വ്യാഖ്യാനം
സ്വഹാബിമാര്‍ പ്രവാചകന്റെ പാഠശാലയിലെ പഠിതാക്കളാണ്. അവിടെനിന്നാണവര്‍ പാസായത്, അവരുടെ ബുദ്ധിയും ചിന്തയും വളര്‍ന്ന് വികസിച്ചത്. അവര്‍ ഏതെങ്കിലും വ്യാഖ്യാനം നല്‍കിയാല്‍ നാമത് ശ്രദ്ധാപൂര്‍വം കേള്‍ക്കും. കാരണം, അവതരണകാരണങ്ങള്‍, പശ്ചാത്തലങ്ങള്‍ എല്ലാം അവര്‍ക്കാണ് നന്നായറിയുക. നാം കേള്‍ക്കാത്തത് അവര്‍ കേട്ടു, നാം കാണാത്തത് അവര്‍ കണ്ടു. ഭാഷാ മികവിലും ശുദ്ധപ്രകൃതിയിലും ദൃഢവിശ്വാസത്തിലുമെല്ലാം അവരാണ് മുന്നില്‍. അവര്‍ ഒരു വ്യാഖ്യാനത്തില്‍ ഏകോപിച്ചാല്‍ അത് പ്രവാചകനില്‍നിന്ന് ലഭിച്ചതാകാനേ സാധ്യതയുള്ളു; പ്രത്യേകിച്ചും, അവര്‍ക്കിടയില്‍ പ്രചാരം സിദ്ധിച്ച ഒരഭിപ്രായത്തിന് ആരും എതിര്‍ പറഞ്ഞിട്ടില്ലെങ്കില്‍.
അവര്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ അവയില്‍ കൂടുതല്‍ അനുയോജ്യമായത് തെരഞ്ഞെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. സ്വന്തം അഭിപ്രായമാണവര്‍ പ്രകടിപ്പിച്ചതെങ്കില്‍ അതും തെറ്റുപറ്റാന്‍ സാധ്യതയുള്ളവരുടെ അഭിപ്രായമായി പരിഗണിച്ചാല്‍ മതി. ഏതെങ്കിലും ഒരു സ്വഹാബിയുടെ അഭിപ്രായം ഉദ്ധരിക്കപ്പെട്ടാല്‍ അതുതന്നെ സ്വീകരിക്കണമെന്ന് ചില പണ്ഡിതന്മാര്‍ ശഠിക്കുന്നുണ്ട്. മറ്റുചിലര്‍ അത് അംഗീകരിച്ചിട്ടുമില്ല. ഇമാം ഇബ്‌നുതൈമിയ്യ പറയുന്നു: ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും വ്യാഖ്യാനം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വഹാബിമാരുടെ അഭിപ്രായങ്ങള്‍ മാനിക്കണം. വിശിഷ്യാ അവരിലെ പണ്ഡിതന്മാരും മുതിര്‍ന്നവരുമായ ഖുലഫാഉര്‍റാശിദുകള്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു അബ്ബാസ് തുടങ്ങിയവര്‍ പോലെ. സ്വഹാബിമാരുടെ വ്യാഖ്യാനം ലഭിച്ചില്ലെങ്കില്‍ താബിഉകളുടെ അഭിപ്രായം അവലംബിച്ച ധാരാളം ഇമാമുകളുണ്ട്. മുജാഹിദ്, ഖത്താദ, സഈദുബ്‌നു ജുബൈര്‍, ഇക്‌രിമ, അത്വാഅ്, ഹസന്‍ ബസ്വരി, മസ്‌റൂഖ്, ഇബ്‌നുല്‍ മുസയ്യബ്, അബുല്‍ ആലിയ, ദഹ്ഹാക് പോലുള്ളവരുടെ അഭിപ്രായങ്ങള്‍.
എന്നാല്‍ സ്വഹാബിമാരുടെയും താബിഉകളുടെയും അഭിപ്രായങ്ങളില്‍ അത്രയൊന്നും സൂക്ഷ്മമല്ലാത്തവയും കാണാം. ചിലപ്പോള്‍ അവ ചില ഉദാഹരണങ്ങള്‍ മാത്രമായിരിക്കും. ഫാതിഹയിലെ
الصِّرَاطَ الْمُسْتَقِيمَ
(നേര്‍മാര്‍ഗം)-ന്റെ വിവക്ഷ ഇസ്‌ലാം, ഖുര്‍ആന്‍, സുന്നത്ത്, ഖുലഫാഇന്റെ ചര്യ, അടിമത്ത മാര്‍ഗം, അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കല്‍ എന്നെല്ലാം അഭിപ്രായപ്പെട്ടതായി കാണാം. ഇവ തമ്മില്‍ വൈരുധ്യമില്ല. അവയെല്ലാം സ്വിറാത്വുല്‍ മുസ്തഖീമിന്റെ ഉദാഹരണങ്ങളെത്രെ.
وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ എന്നതില്‍ لهو الحديث ഗാനമാണെന്ന് പറയുന്നത് പോലെ. അതൊരു ഉദാഹരണം മാത്രം. ഖുര്‍ആന്‍ വ്യാഖ്യാതാവിന് മുഖ്യമായി തോന്നുന്ന ഒരു വിഷയം പ്രത്യേകം എടുത്തു പറഞ്ഞു എന്നുമാത്രം.
V. ഭാഷാ പ്രയോഗങ്ങള്‍ പരിഗണിക്കുക
ഖുര്‍ആന്‍ ശുദ്ധ അറബി ഭാഷയിലാണ് അവതരിച്ചത്. (അശ്ശുഅറാഅ്: 195) അതിനാല്‍ ഖുര്‍ആനിലെ പദങ്ങളുടെ ഭാഷാര്‍ഥങ്ങളും പ്രയോഗങ്ങളും പരിഗണിക്കല്‍ നിര്‍ബന്ധമാണ്. പദങ്ങളില്‍ ചിലത് ആലങ്കാരികമാവാം. മറ്റു ചിലത് നാനാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാവാം. അപ്പോള്‍ ഏത് അര്‍ഥമാണ് വിവക്ഷയെന്ന് സൂക്ഷ്മതയോടെ തെരഞ്ഞെടുക്കേണ്ടിവരും. കേവലം ഭാഷാര്‍ഥം പരിഗണിച്ചാല്‍ മതിയാകില്ല. അത് അബദ്ധത്തില്‍ ചാടിക്കും. ദൈവസരണി (സബീലുല്ലാഹ്) ഉദാഹരണമായെടുക്കാം. എല്ലാ നല്ല കാര്യങ്ങള്‍ക്കും അതുപയോഗിക്കാം. അങ്ങനെ മനസ്സിലാക്കിയാല്‍ സകാത്ത്, നമസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, വഴിയില്‍നിന്ന് മാലിന്യമകറ്റല്‍, മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍ തുടങ്ങി നല്ല കാര്യങ്ങള്‍ക്കെല്ലാം ഈ പദം പ്രയോഗിക്കാം. എന്നാല്‍ അങ്ങനെയാരും പറയുന്നില്ല. അതിനാല്‍ നബിയില്‍നിന്നും സ്വഹാബിമാരില്‍നിന്നും താബിഉകളില്‍നിന്നും ഉദ്ധരിക്കപ്പെടുന്ന അതിന്റെ ആശയത്തെ പരിമിതപ്പെടുത്തുന്ന കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടിവരും.
പരക്കെ അറിയപ്പെടുന്ന അര്‍ഥത്തിന് അപൂര്‍വമായി മാത്രം പ്രയോഗിക്കപ്പെടുന്ന അര്‍ഥത്തേക്കാള്‍ മുന്‍ഗണന നല്‍കുക, ശരീഅത്തില്‍ സുപരിചിതമായത്, പതിവ് സമ്പ്രദായം, ഭാഷാര്‍ഥങ്ങള്‍ എന്നീ ക്രമം പാലിക്കുക മുതലായവ ശ്രദ്ധിക്കേതാണ്. ചില വസ്തുതകള്‍ ഇവിടെ പ്രത്യേകം അറിഞ്ഞിരിക്കണം:
1) നാനാര്‍ഥങ്ങളുള്ള പദം എല്ലാ അര്‍ഥത്തിലും വ്യാഖ്യാനിക്കാന്‍ പറ്റില്ല. ഉദാഹരണമായി قرء എന്നതിന് ആര്‍ത്തവമെന്നും ആര്‍ത്തവശുദ്ധിയെന്നും അര്‍ഥമുള്ളപ്പോള്‍ ഇത് രണ്ടും ഒരുപോലെ വിവക്ഷയാണെന്ന് പറയാവതല്ല.
2) حقيقة (വാസ്തവോക്തി)-ഉംمجاز (ആലങ്കാരികം)-ഉം ഒരുപോലെ പരിഗണിക്കാവതല്ല.
اساس البلاغة എന്ന നിസ്തുല ഗ്രന്ഥത്തില്‍ ഇത് സവിശദം വായിക്കാം.
3) സാക്ഷാല്‍ അര്‍ഥമെന്നാണോ അതിനെ സൂചിപ്പിക്കാന്‍ دلالة المطابقة എന്നു പറയും.
അനിവാര്യമായി അതില്‍ പെടുന്നതാണെങ്കില്‍ دلالة التضمن (ഉള്ളടക്കത്തെ സൂചിപ്പിക്കുന്ന) എന്നു പറയും. മുഖം കഴുകാന്‍ പറഞ്ഞാല്‍ അതില്‍ കണ്ണുകൂടി ഉള്‍പ്പെടുന്ന പോലെ. آية الوضوء വുദൂ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്നപോലെ.
ഖുര്‍ആന്‍ വേണ്ടവിധം മനസ്സിലാകണമെങ്കില്‍ ഒരു പദം എവിടെയെല്ലാം പ്രയോഗിക്കപ്പെട്ടിരിക്കുന്നു എന്നു നോക്കണം. ഉദാഹരണമായി اجتنبوه (നിങ്ങളത് വര്‍ജിക്കുക) എന്നത് മദ്യം നിരോധിച്ചുകൊണ്ടുള്ള സൂക്തത്തില്‍ കാണാം(المائدة 90) . ചിലര്‍ വാദിക്കുന്നത് ഹറാമാക്കി(حرّم) എന്ന് നേര്‍ക്കുനേരെ പറയുന്നതു പോലെ ശക്തമല്ല ഈ പദമെന്നാണ്. എന്നാല്‍ اجتناب-എന്ന പദത്തെ നിരീക്ഷിച്ചാല്‍, ബിംബങ്ങളെ വര്‍ജിക്കുക(الحجّ 30), , ത്വാഗൂത്തിനെ വര്‍ജിക്കുക(النحل 36) വന്‍ദോഷങ്ങള്‍ വര്‍ജിക്കുക (النساء 31) എന്നീ പ്രയോഗങ്ങള്‍ കാണാം. അതിനാല്‍ പ്രസ്തുത വ്യാഖ്യാനം അബദ്ധമാണെന്ന് വ്യക്തം. മാത്രമല്ല تحريم(നിഷിദ്ധം)-നേക്കാള്‍ കര്‍ക്കശമാണ് اجتناب (വര്‍ജനം) എന്നുകൂടി മനസ്സിലാക്കാം. കാരണം تحريم എന്നത് ഒരു പ്രവൃത്തി ചെയ്യുന്നത് നിഷിദ്ധമാണെന്ന് കുറിക്കുമ്പോള്‍ اجتناب അതിന്റെ സമീപത്ത് പോലും പോകരുതെന്ന ആശയം കൂടി സൂചിപ്പിക്കുന്നു.
VI. പശ്ചാത്തലം പരിഗണിക്കുക (സന്ദര്‍ഭം)
ഖുര്‍ആന്‍ സൂക്ഷ്മമായി മനസ്സിലാക്കാനും അതിന്റെ ശരിയായ വ്യാഖ്യാനം ഗ്രഹിക്കാനും ഏതു പശ്ചാത്തലത്തിലാണ് അത് അവതരിച്ചതെന്ന് പരിഗണിക്കണം. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് പൂര്‍വാപര ബന്ധങ്ങള്‍ അവഗണിക്കരുത്. ഇമാം സര്‍കശി എഴുതുന്നു: സന്ദര്‍ഭമാണ് യഥാര്‍ഥ ഉദ്ദേശ്യം വ്യക്തമാക്കുന്നത്. غام(പൊതുവായി പറഞ്ഞതി)-നെخاص (പ്രത്യേകമാ) ആക്കുന്നതും مطلق(നിരുപാധികം)-നെ مقيّد(സോപാധിക) ആക്കുന്നതും വിവിധാര്‍ഥങ്ങളില്‍ ഏതാണുദ്ദേശ്യം എന്ന് നിജപ്പെടുത്തുന്നതും ഇപ്രകാരമാണ് (വലിയ പ്രതാപിയും മാന്യനുമായി നടന്നവനേ, നീ ഇതാസ്വദിക്ക് - അദ്ദുഖാന്‍ 49)- ഇവിടെ യഥാര്‍ഥ ഉദ്ദേശ്യം നിന്ദ്യനും നീചനുമായവനെ എന്നാണ്.
സന്ദര്‍ഭത്തോട് യോജിക്കുന്നില്ലെങ്കില്‍ അവതരണ കാരണമെന്ന് പറയുന്നതൊന്നും പരിഗണിക്കേണ്ടതില്ല. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ കാണാം. യൂസുഫ് നബിയുടെ കഥ വിശദീകരിച്ചപ്പോള്‍ 'നിസ്സാര വിലയ്ക്ക് -ഏതാനും ദിര്‍ഹമുകള്‍ക്ക്- അവരവനെ വിറ്റു. അവര്‍ക്കദ്ദേഹത്തില്‍ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല' എന്ന ആയത്തിലെ شروه (അവര്‍ വിറ്റു) എന്നത് യൂസുഫിന്റെ സഹോദരന്മാരാണെന്ന് പറയുന്നു. എന്നാല്‍ സന്ദര്‍ഭം മനസ്സിലാക്കിയാല്‍ ഇവിടെ പരാമര്‍ശിക്കുന്നത് കച്ചവടസംഘത്തെക്കുറിച്ചാണെന്നു കാണാം. കാരണം യൂസുഫ് സഹോദരന്മാരെക്കുറിച്ചുള്ള പ്രതിപാദനം അവസാനിക്കുകയും سيارة)കച്ചവടസംഘത്തെ(പ്പറ്റി പറയാന്‍ തുടങ്ങുകയും ചെയ്തിരുന്നു. അവരത് കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിവാക്കിയത്. കാരണം, കുട്ടിയുടെ ഉടമകള്‍ വന്ന് തങ്ങളില്‍ നിന്നവനെ തിരിച്ചെടുക്കുമോ എന്നവര്‍ക്ക് ആശങ്കയുണ്ടായിരുന്നു.
ഇതേ സൂറത്തില്‍ കാണുന്ന 'ഞാന്‍ നിരപരാധിയാണെന്ന് പറയുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്‌കര്‍മങ്ങള്‍ക്ക് പ്രേരണ നല്‍കും. എന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ' എന്നത് യൂസുഫ് നബിയുടെ വാക്കുകളായി വ്യാഖ്യാനിക്കാറുണ്ട്. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ സംസാരം അവസാനിക്കുകയും അസീസിന്റെ ഭാര്യയുടെയും തുടങ്ങുകയും ചെയ്തിട്ടുണ്ടായിരുന്നു. അവ..... പറയുന്നത്: ഇപ്പോള്‍ ഇതും വെളിപ്പെട്ടു. ഞാനാണവന്റെ പിറകെ കൂടിയത്. അവന്‍ സത്യമാണ് പറയുന്നത്. ഞാനദ്ദേഹത്തെ ചതിച്ചില്ലെന്ന് വ്യക്തമാക്കാനാണിത്. വഞ്ചകരുടെ കുതന്ത്രം അല്ലാഹു വിജയിപ്പിക്കില്ല. ഞാന്‍ നിരപരാധിയാണെന്ന് പറയുന്നില്ല....' ഈ വാചകം ഇതിന് മുമ്പുള്ളതുമായി ബന്ധപ്പെട്ടതാണ്. ഇത് വെട്ടിമാറ്റി യൂസുഫിലേക്ക് ചേര്‍ക്കേണ്ടതിന്റെ യാതൊരാവശ്യവുമില്ല. പ്രത്യേകിച്ചും ഇത് പറയുമ്പോള്‍ അദ്ദേഹം രാജസന്നിധിയിലില്ല. ഇതെല്ലാം കഴിഞ്ഞാണ് രാജാവ് പറയുന്നത്. അദ്ദേഹത്തെ എന്റെയടുത്തേക്ക് കൊണ്ടുവരൂ. ഞാനവനെ സ്വന്തക്കാരനാക്കാം (യൂസുഫ് 54).
സന്ദര്‍ഭാനുസൃതം അര്‍ഥവ്യത്യാസം
ഒരേ പദം ഖുര്‍ആനില്‍ വിവിധ അര്‍ഥങ്ങളില്‍ പ്രയോഗിക്കും. സന്ദര്‍ഭമാണ് അര്‍ഥം നിര്‍ണയിക്കുന്നത്. ഉദാഹരണം 'കിത്താബ്' എന്ന പദം. അതിന്റെ മൂലംكتب (എഴുതി) എന്നാണ്. അപ്പോള്‍ 'കിത്താബ്' എന്നാല്‍ എഴുത്ത് എന്നര്‍ഥം. ഇതിന്റെ വ്യത്യസ്ത പ്രയോഗങ്ങള്‍ കാണുക. അല്‍ബഖറ 2, ആലുഇംറാന്‍ 3, അന്നഹ്ല്‍ 89 എന്നീ ആയത്തുകളിലെ കിത്താബിന്റെ വിവക്ഷ ഖുര്‍ആനാണ്. അല്‍ ഇസ്രാഅ് 2, ഗാഫിര്‍ 53 എന്നിവയില്‍ അത് തൗറാത്ത് ആണ്. അല്‍അന്‍ആം 156 അത് തൗറാത്തും ഇഞ്ചീലുമാണ്. ഏതെങ്കിലും പ്രവാചകന് അവതരിച്ച ദിവ്യഗ്രന്ഥം എന്ന അര്‍ഥത്തിലാണ് അല്‍ഹദീദ് 25, അല്‍ബഖറ 213, അല്‍ബഖറ 177 എന്നീ സൂക്തങ്ങളില്‍الكتاب പ്രയോഗിച്ചിട്ടുള്ളത്. ലൗഹുല്‍ മഹ്ഫൂള് എന്ന അര്‍ഥത്തില്‍ അല്‍ അഹ്‌സാബ് 6, അല്‍ അന്‍ആം 59 എന്നിവയില്‍ ഈ പദം വന്നിട്ടുണ്ട്. എഴുതപ്പെട്ടത് എന്നാണ് അല്‍ബഖറ 79-ല്‍ ഉദ്ദേശിക്കുന്നത്. മോചനപത്രം എന്നാണ് അന്നൂര്‍ 23-ല്‍ الكتاب -ന്റെ അര്‍ഥം. മനുഷ്യരുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തിയ കര്‍മരേഖ എന്നാണ് അല്‍ ഇസ്രാഅ് 14-ല്‍ ഇതിന്റെ അര്‍ഥം. ഇങ്ങനെ നാനാവിധ അര്‍ഥങ്ങളുടെ നിര്‍ണയം സാധിക്കുന്നത് സന്ദര്‍ഭത്തിന്റെ താല്‍പര്യമനുസരിച്ചാണ്.
മറ്റൊരു പദമാണ്آية . ഭാഷയില്‍ അതിന്റെ അര്‍ഥം അടയാളം എന്നാണ്. ഖുര്‍ആനില്‍ വിവിധ അര്‍ഥങ്ങളില്‍ അത് വന്നിട്ടുണ്ട്: 1) ദൈവിക ഗ്രന്ഥത്തിലെ സൂക്തങ്ങള്‍. 2) പ്രപഞ്ചത്തില്‍ കറങ്ങുന്ന ദൃഷ്ടാന്തങ്ങള്‍. 3) പ്രവാചകന്മാര്‍ക്ക് സത്യസന്ധത വ്യക്തമാക്കുന്ന അമാനുഷികതകള്‍. ഒന്നാമത്തേതിന്റെ ഉദാഹരണങ്ങള്‍ യൂനുസ് 1, ഹൂദ് 1, യൂസുഫ് 1, റഅ്ദ് 1, ഖസ്വസ്വ് 1. രണ്ടാമത്തേതിന് ഉദാഹരണം ആലുഇംറാന്‍ 190, അദ്ദാരിയാത്ത് 20,21, ഫുസ്സ്വിലത് 53-* പലപ്പോഴും ഈ ആയത്തുകള്‍ അത്ഭുത സംഭവങ്ങളാകും. മൂസാ നബിക്ക് വെളിപ്പെട്ട 9 ദൃഷ്ടാന്തങ്ങള്‍ (ഇസ്രാഅ് 101), ഈസാ നബിയുടെ അമാനുഷിക സംഭവങ്ങള്‍ (അല്‍മാഇദ 110), സ്വാലിഹ് നബിയുടെ ഒട്ടകം ഹൂദ് 64.* പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍, ദൈവാസ്തിക്യം, അവന്റെ ഏകത്വം, അവന്റെ കാരുണ്യം, ഹിക്മത്ത് എന്നിവക്ക് തെളിവായി വ്യാപകമായി കാണുന്നവയാണ് ആലുഇംറാന്‍ 190, ഫുസ്സ്വിലത് 53 എന്നിവ പോലെ.
ഒരേ പദത്തിന് വ്യത്യസ്ത അര്‍ഥങ്ങളുണ്ടാകുമ്പോള്‍ അവയുടെ അര്‍ഥം നിര്‍ണയിക്കുന്നത് സന്ദര്‍ഭമാണ്. ഉദാഹരണമായി എന്നത്قرأن വിശുദ്ധ ഖുര്‍ആന്‍ എന്ന അര്‍ഥവും പാരായണം എന്നും (അല്‍ഖിയാമ 18) ചിലപ്പോള്‍ قرآن -നു പകരം كتابഎന്നും (ഇബ്‌റാഹീം 1) അന്നഹ്ല്‍ 89) ഫുര്‍ഖാന്‍നും പ്രയോഗിക്കും (അല്‍ഫുര്‍ഖാന്‍ 1). മറ്റു ചിലപ്പോള്‍ ذكر എന്നും പ്രയോഗിക്കും. അന്നഹ്ല്‍ 44, അല്‍ ഹിജ്ര്‍ 9.
വിവ: വി.കെ അലി