'അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് ഇഴഞ്ഞുകൊണ്ടായിരിക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കുക' എന്ന ഹദീസ് ഒരു നിരൂപണപഠനം

സലീല‌‌

നബിയനുചരന്മാരില്‍ ബഹുമുഖമായ ഇസ്‌ലാമിക സേവന മേഖലയില്‍ പ്രമുഖനാണ് അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് (മരണം: ഹി. 32).1 അദ്ദേഹത്തിന്റെ ഔദാര്യവും ബലിയര്‍പ്പണവും ത്യാഗസന്നദ്ധതയും ഇസ്‌ലാമിക ചരിത്രകൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ശിശുക്കളെ പോലെ ഇഴഞ്ഞുനീങ്ങിയായിരിക്കും അദ്ദേഹം സ്വര്‍ഗത്തിലെത്തുക എന്ന തെറ്റിദ്ധാരണ മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. ഇതുവഴി അദ്ദേഹത്തിന്റെ ത്യാഗങ്ങള്‍ക്കും മഹദ് ഗുണങ്ങള്‍ക്കും ഔദാര്യങ്ങള്‍ക്കും മീതെ കനത്ത തിരശ്ശീല വീണുകിടക്കുന്നു. സത്യസന്ധമായ സമീപനം നഷ്ടപ്പെടുന്നു. അദ്ദേഹത്തെക്കുറിച്ച ചരിത്രവസ്തുതകള്‍ പഠിക്കുമ്പോള്‍ സന്തോഷിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ വിവരങ്ങള്‍ നമ്മുടെ മുമ്പാകെ വരും.

'ഇഴഞ്ഞായിരിക്കും സ്വര്‍ഗത്തിലേക്ക് വരിക' എന്ന ഹദീസ് പരമ്പര പരിശോധിക്കാതെ ഉദ്ധരിച്ച പ്രമുഖ പണ്ഡിതന്മാരുണ്ട്.2 അതേസമയം അതിന്റെ പരമ്പരയെക്കുറിച്ച് കൂലങ്കശമായി പഠിച്ച് നിരൂപണം ചെയ്ത പണ്ഡിതന്മാരുണ്ട്.

ഇബ്‌നു ഔഫിന്റെ ചരിത്രമുള്ള കൃതികള്‍
അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫിന്റെ ചരിത്രം ക്രോഡീകരിച്ച കൃതികളെ മൂന്നായി തിരിക്കാം:

1.    ഇമാം ബുഖാരി (മരണം ഹി. 256)യുടെ അത്താരീഖുല്‍ കബീര്‍ (5/240)
2.    ത്വബരി(മരണം ഹി. 310)യുടെ താരീഖുര്‍റുസുലി വല്‍ മുലൂക് (4/307)
3.    ഇബ്‌നു ഹജറി(മരണം ഹി. 852)ന്റെ അല്‍ ഇസ്വാബഃ (6/311)
4.    സ്വഫൂരി(മരണം ഹി. 896)യുടെ നുസ്ഹത്തുല്‍ മജാലിസ് വ മുന്‍തഖബുന്നഫാഇസ് (2/220)
ഇവരൊന്നും തന്നെ ഇഴഞ്ഞുനീങ്ങിയുള്ള സ്വര്‍ഗപ്രവേശത്തെക്കുറിച്ച റിപ്പോര്‍ട്ട് അവലംബിച്ചിട്ടില്ല.

രണ്ടാമത്തെ വിഭാഗം കൃതികള്‍
1.    ദഹബി(മരണം ഹി. 748)യുടെ സിയറു അഅ്‌ലാമിന്നുബലാഅ് (1/68-92)
2.    ഇബ്‌നുകസീറി(മരണം ഹി. 774)ന്റെ അല്‍ബിദായ വന്നിഹായ (7/163,164)
3.    ഇബ്‌നുല്‍ ഇമാദി(മരണം ഹി: 1067)ന്റെ ശദറാത്തുദ്ദഹബ് (1/194,195)
ഇവര്‍ ഇബ്‌നു ഔഫിന്റെ ജീവചരിത്രം വിശദപഠനത്തിനു വിധേയമാക്കുകയും അദ്ദേഹത്തിന്റെ സ്വര്‍ഗപ്രവേശത്തെ സംശയാസ്പദമാക്കുന്ന ചിലരുടെ പരാമര്‍ശത്തെ നിശിതമായി നിരാകരിക്കുകയും ചെയ്യുന്നു.

മൂന്നാമത്തെ വിഭാഗം
1.    ഇമാം ഗസ്സാലി(മരണം ഹി. 505)യുടെ ഇഹ്‌യാ ഉലൂമിദ്ദീന്‍ (3/266)
2.    ത്വബരി(മരണം ഹി. 694)യുടെ അര്‍രിയാദുന്നദിറഃ ഫീ മനാഖിബില്‍ അശ്‌റഃ (2/376-390)
3.    ദഹബി(മരണം ഹി. 748)യുടെ താരീഖുല്‍ ഇസ്‌ലാം (3/392)
4.    ആധുനിക എഴുത്തുകാരനായ ഖാലിദ് മുഹമ്മദ് ഖാലിദിന്റെ രിജാലുന്‍ ഹൗലര്‍റസൂല്‍ (പേ. 584, 585).
ഇവര്‍ പരാമര്‍ശത്തെ ബലപ്പെടുത്തുകയോ അഭിപ്രായം പറയാതെ മൗനം പാലിക്കുകയോ ചെയ്തിരിക്കുന്നു.

അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫിനെക്കുറിച്ച് ഇത്തരമൊരു ധാരണ സമൂഹത്തില്‍ പ്രചരിക്കാന്‍ പ്രധാന കാരണം പത്ത് നൂറ്റാണ്ടോളമായി മുസ്‌ലിംകള്‍ക്കിടയില്‍ പല തലങ്ങളില്‍ പ്രചാരമുള്ള ഇമാം ഗസ്സാലിയുടെ 'ഇഹ്‌യാ'യുടെ സ്വാധീനമാണ്. ആളുകളില്‍ ഭൗതിക വിരക്തി വളര്‍ത്താനായി 'ഇഴഞ്ഞു നീങ്ങുന്ന ഇബ്‌നു ഔഫി'ന്റെ ചരിത്രം വിവരിച്ച് വിവരിച്ച് അക്കഥ വേരൂന്നുകയായിരുന്നു.

എന്നാല്‍, അഹ്‌മദുബ്‌നു ഹമ്പലി(മരണം ഹി. 241)നെപ്പോലുള്ള പ്രമുഖ ഹദീസ് പണ്ഡിതനോ ഇമാം ഇബ്‌നുല്‍ ജൗസി(മരണം ഹി. 597)യോ ഈ റിപ്പോര്‍ട്ട് നിരാകരിച്ചിരിക്കുന്നു. അഹ്‌മദുബ്‌നു ഹമ്പല്‍ പ്രസ്തുത റിപ്പോര്‍ട്ട് മുന്‍കറും ഗര്‍ഹണീയവുമാണെന്നും ഇബ്‌നുല്‍ ജൗസി ബുദ്ധിപരമായും പ്രമാണപരമായും സ്വീകാര്യമല്ലെന്നും രേഖപ്പെടുത്തിയിരിക്കുന്നു (ഇബ്‌നുല്‍ ജൗസിയുടെ 'അല്‍ മൗദൂആത്ത് മിനല്‍ അഹാദീസില്‍ മര്‍ഫൂആത്' കാണുക).

ഹദീസുകള്‍ പരിശോധിക്കുമ്പോള്‍
1. അനസുബ്‌നു മാലിക്, സാബിതുല്‍ ബുനാനീ, ഇമാറഃ ഇബ്‌നു സാദാന്‍, അബ്ദുസ്സ്വമദു ബ്‌നു ഹസന്‍ വഴി അഹ്‌മദുബ്‌നു ഹമ്പല്‍ ഉദ്ധരിക്കുന്നു: ''ആഇശ(റ) തന്റെ വീട്ടില്‍ ഇരിക്കവെ അവര്‍ മദീനയില്‍നിന്ന് ഒരു ശബ്ദം കേട്ടു. അവര്‍ ചോദിച്ചു: 'അതെന്താണ്?' ജനം പറഞ്ഞു: 'ശാമില്‍നിന്ന് എല്ലാമായി വന്ന അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫിന്റെ കച്ചവടസംഘത്തിന്റെ ശബ്ദമാണ്. എഴുന്നൂറ് ഒട്ടകങ്ങളുണ്ടായിരുന്നു. അതു കാരണമാണ് ബഹളമുണ്ടായത്.' ആഇശ പറഞ്ഞു: 'അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് ഇഴഞ്ഞായിരിക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു.' വിവരമറിഞ്ഞ ഇബ്‌നു ഔഫ് ഇങ്ങനെ പ്രതികരിച്ചു: 'എനിക്ക് സാധിക്കുമെങ്കില്‍ ഞാന്‍ എഴുന്നേറ്റു നടന്നു തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കും.' ഇതും പറഞ്ഞദ്ദേഹം അത്രയും ചരക്കുകള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മം ചെയ്തു.''

നിരൂപണം
ഈ ഹദീസിനെക്കുറിച്ച് ഇമാം അഹ്‌മദ് പറയുന്നു: ഈ ഹദീസ് കള്ളവും അറിയപ്പെടാത്തതുമാണ്. നിവേദക പരമ്പരയിലെ ഇമാറത്തുബ്‌നു സാദാന്‍ മുന്‍കറായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നയാളാണ്. അബൂഹാതിം റാസി പറയുന്നു: ഇമാറത്തുബ്‌നു സാദാനെ തെളിവിനു പറ്റില്ല.3

2. ജര്‍റാഹുബ്‌നു മിന്‍ഹാല്‍ അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫില്‍നിന്ന് ഉദ്ധരിക്കുന്നു. നബി(സ) അദ്ദേഹത്തോട് പറഞ്ഞു:
'ഇബ്‌നു ഔഫ്! താങ്കള്‍ പണക്കാരനാണ്. നിങ്ങള്‍ ഇഴഞ്ഞുകൊണ്ടേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂ. താങ്കള്‍ അല്ലാഹുവിന് കടം നല്‍കുക. അവന്‍ താങ്കളുടെ പാദങ്ങളെ മോചിപ്പിച്ചുതരും.'

നിരൂപണം
ഇമാം ജൗസി പറയുന്നു: നസാഈ: ഇത് വ്യാജമായ ഹദീസാണ്. ജര്‍റാഹിന്റെ ഹദീസ് സ്വീകാര്യമല്ല!
യഹ്‌യ: ജര്‍റാഹിന്റെ ഹദീസ് ഒന്നുമല്ല.
ഇബ്‌നുല്‍ മദീനി: അയാളുടെ ഹദീസ് രേഖപ്പെടുത്തേണ്ടതല്ല.
ഇബ്‌നു ഹിബ്ബാന്‍: അയാള്‍ കളവു പറയുമായിരുന്നു.
ദാറുഖുത്വ്‌നി: ഇബ്‌നു ഇസ്ഹാഖ് അയാളില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്.
മിന്‍ഹാലുബ്‌നു ജര്‍റാഹ് പേരുമാറ്റിയാണ് ഉദ്ധരിച്ചത്. അയാള്‍ പരിത്യക്തനാണ്.
ഇബ്‌നുല്‍ ജൗസി നിവേദക പരമ്പര നിരൂപണം ചെയ്തശേഷം ഹദീസിലെ മൂലവാക്യത്തെപ്പറ്റി ഇങ്ങനെ പറയുന്നു: 'ഇത്തരം വ്യാജ ഹദീസുകളെ ഉപജീവിച്ചാണ് വിവരമില്ലാത്തവര്‍ സര്‍വസംഗപരിത്യാഗത്തെ ന്യായീകരിക്കുന്നത്. സമ്പത്ത് സ്വര്‍ഗപ്രവേശനത്തിന് തടസ്സമാണെന്നവര്‍ മനസ്സിലാക്കുന്നു. സമ്പത്തിന്റെ പേരില്‍ ഇബ്‌നു ഔഫിന് സ്വര്‍ഗത്തിലേക്ക് ഇഴഞ്ഞുപോകേണ്ടിവന്നെങ്കില്‍ അതുതന്നെ മതി ഭൗതിക വിരക്തിക്ക് തെളിവായി എന്നവര്‍ മനസ്സിലാക്കുന്നു. ഈ ഹദീസ് സ്വഹീഹല്ല. സമ്പത്ത് സമാഹരിക്കുന്നത് അനുവദനീയമാണ്. അനുവദനീയമല്ലാത്ത രീതിയില്‍ സമ്പാദിക്കുന്നതും വിനിയോഗിക്കേണ്ട മാര്‍ഗത്തില്‍ വിനിയോഗിക്കാതിരിക്കുന്നതുമാണ് വിലക്കപ്പെട്ടത്. ഇത് രണ്ടില്‍നിന്നും പരിശുദ്ധനാണദ്ദേഹം. ത്വല്‍ഹ മുന്നൂറ് ചുമട് സ്വര്‍ണം വിട്ടേച്ചുകൊണ്ടാണ് മരിച്ചത്. സുബൈറുള്‍പ്പെടെ മറ്റു ചില സ്വഹാബികളും ഇതുപോലെ സമ്പാദിച്ചിരുന്നു. അതു പാടില്ലായിരുന്നുവെങ്കില്‍ അവര്‍ അവയൊക്കെ പാഴാക്കിക്കളയുമായിരുന്നു. എത്രയെത്ര കഥാകാരന്മാരാണ് ഇത്തരം അടിസ്ഥാനരഹിത കഥകള്‍ വിളമ്പി ആളുകളെ ഉദ്ബുദ്ധരാക്കുന്നത്. സ്വഹീഹായ ഹദീസുകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയും അടിസ്ഥാനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്ന പണ്ഡിതന്മാര്‍ക്ക് മംഗളം.4

3. ഇമാം അഹ്‌മദ്, ഉബൈദുല്ലാഹിബ്‌നു സഹ്‌റ്, അലിയ്യുബ്‌നു യസീദ് ഖാസിം, അബൂ ഉമാമഃ വഴി നബിയില്‍നിന്ന് ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അപ്പോള്‍ അവിടെവെച്ച് എന്റെ മുമ്പില്‍നിന്നായി ഒരു ശബ്ദം കേട്ടു ഞാന്‍: 'അതെന്താണ്?' ആരോ പറഞ്ഞു: 'ബിലാല്‍.' ഞാന്‍ മുന്നോട്ടു നടന്നു. അപ്പോള്‍ സ്വര്‍ഗത്തില്‍ മുഹാജിറുകളിലെ ദരിദ്രരും മുസ്‌ലിം കുഞ്ഞുങ്ങളുമാണ് കൂടുതല്‍.

പണക്കാരും സ്ത്രീകളുമാണ് സ്വര്‍ഗത്തില്‍ ഏറ്റവും കുറവ്. പണക്കാര്‍ സ്വര്‍ഗകവാടങ്ങളില്‍ വിചാരണ ചെയ്യപ്പെടുന്നു. സ്ത്രീകളെയാവട്ടെ, സ്വര്‍ണവും പട്ടും അശ്രദ്ധമാക്കിക്കളഞ്ഞു. പിന്നീട് ഞങ്ങള്‍ സ്വര്‍ഗത്തിന്റെ എട്ടാം കവാടത്തിലൂടെ പുറത്തു കടന്നു. കവാടത്തിനടുത്തു വെച്ച് ഒരു തട്ട് കൊണ്ടുവരപ്പെട്ടു. ഞാന്‍ അതില്‍ വെക്കപ്പെട്ടു. മറ്റൊരു തട്ടില്‍ എന്റെ സമുദായം വെക്കപ്പെട്ടു. എന്റെ തട്ട് കനം തൂങ്ങി. പിന്നീട് അബൂബക്‌റിനെ കൊണ്ടുവന്നു. അദ്ദേഹം ഒരു തട്ടില്‍ വെക്കപ്പെട്ടു. എന്റെ സമുദായത്തെ മുഴുവനായി മറ്റൊരു തട്ടില്‍ വെച്ചു. അപ്പോള്‍ അബൂബക്‌റിന്റെ തട്ട് കനം തൂങ്ങി. പിന്നീട് ഉമറിനെ ഒരു തട്ടില്‍ വെച്ചു. എന്റെ സമുദായത്തിലെ എല്ലാവരെയും മറ്റൊരു തട്ടില്‍ വെച്ചു. അപ്പോള്‍ ഉമറിന്റെ തട്ട് കനം തൂങ്ങി. എന്റെ സമുദായത്തിലെ ഓരോരുത്തരെയും എന്റെ മുമ്പില്‍ കാണിച്ചു. അവര്‍ നടക്കുന്നുണ്ടായിരുന്നു.

അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് പതുക്കെയാണ് നടന്നിരുന്നത്. അദ്ദേഹം നിരാശനായി തിരിച്ചുവന്നു. ഞാന്‍ ചോദിച്ചു: 'അബ്ദുര്‍റഹ്‌മാന്‍!' അദ്ദേഹം: 'അല്ലാഹുവിന്റെ ദൂതരേ! താങ്കളെ സത്യവുമായി അയച്ച അല്ലാഹുവാണ! എനിക്ക് താങ്കളുടെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. എനിക്ക് താങ്കളെ ഒരിക്കലും കാണാന്‍ കഴിയില്ലെന്നുവരെ ഞാന്‍ വിചാരിച്ചു' നബി ചോദിച്ചു: 'അതെന്തുകൊണ്ട്?' ഇബ്‌നു ഔഫ്: 'എനിക്ക് സമ്പത്ത് കൂടുതലുള്ളതുകൊണ്ട് ഞാന്‍ കണിശമായി വിചാരണ ചെയ്യപ്പെടും.'5

നിരൂപണം
ഈ ഹദീസ് നിരൂപണം ചെയ്തുകൊണ്ട് ഇബ്‌നു ജൗസി: ഈ ഹദീസ് സ്വഹീഹല്ല. ഉബൈദുല്ലാഹിബ്‌നു സഹ്ര്‍ പ്രസ്താവ്യനേ അല്ലെന്ന് യഹ്‌യ പ്രസ്താവിച്ചിരിക്കുന്നു. അലിയ്യുബ്‌നു യസീദ് പരിത്യക്തനാണ്.

ഇബ്‌നു ഹിബ്ബാന്‍: ഉബൈദുല്ലാ വിശ്വസ്തര്‍ പറഞ്ഞു എന്ന രീതിയില്‍ വ്യാജ ഹദീസുകള്‍ ഉദ്ധരിക്കുന്നയാളാണ്. അലിയ്യുബ്‌നു യസീദില്‍നിന്നാവുമ്പോള്‍ അയാള്‍ വമ്പന്‍ കള്ളങ്ങള്‍ എഴുന്നള്ളിക്കും. ഒരു നിവേദക പരമ്പരയില്‍ ഉബൈദുല്ലാഹിബ്‌നു സഹ്‌റും അലിയ്യുബ്‌നു യസീദും ഖാസിം അബൂ അബ്ദിര്‍റഹ്‌മാനും ഒരുമിച്ചാല്‍ അതിന്റെ അര്‍ഥം ആ ഹദീസ് അവരുടെ കൃതിപ്പായിരിക്കും. എന്നാണ്.6
ഇമാം ദഹബി: പരമ്പര വളരെ ദുര്‍ബലമാണ്.7

ചില പ്രശ്‌നങ്ങള്‍
ഒന്നാമത്തെ റിപ്പോര്‍ട്ടില്‍, നബി(സ)യില്‍നിന്ന് ആഇശ നേരിട്ടു കേട്ടതായാണുള്ളത്. അതുകേട്ടപ്പോള്‍ അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് നേരത്തേ അക്കാര്യം അറിയാത്തതുപോലെയാണ് പ്രതികരിച്ചത്.
രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫിലേക്ക് ചേര്‍ത്തു പറയുന്ന റിപ്പോര്‍ട്ടില്‍, പക്ഷേ, കച്ചവടസംഘത്തെപ്പറ്റിയുള്ള പരാമര്‍ശമില്ല. മൂന്നാമത്തെ റിപ്പോര്‍ട്ടില്‍, 'നിരങ്ങിനീങ്ങും' എന്ന പരാമര്‍ശമില്ല. വിചാരണ വൈകുമെന്നേയുള്ളൂ. വിചാരണ വൈകുന്നതും നിരങ്ങി നിങ്ങുന്നതും ഒന്നല്ല, രണ്ടും രണ്ടു കാര്യങ്ങളാണ്.
ഇമാം മുന്‍ദിരിയുടെ നിരീക്ഷണം:

ഇമാം മുന്‍ദിരി തന്റെ 'അത്തര്‍ഗീബ് വത്തര്‍ഹീബ്' എന്ന കൃതിയില്‍ ഈ വിഷയകമായി നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. സ്വഹാബികള്‍ നബിയില്‍നിന്ന് ഉദ്ധരിക്കുന്ന ചില ഹദീസുകളില്‍ അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് സമ്പത്തിന്റെ ആധിക്യം കാരണം നിരങ്ങിനീങ്ങിയായിരിക്കും സ്വര്‍ഗത്തിലെത്തുക എന്നു കാണാം. ആ റിപ്പോര്‍ട്ടുകളില്‍ ഏറ്റവും നല്ലതുപോലും അത്യുത്തമമല്ല. 'ഹസന്‍' എന്നു പറയാവുന്നവ പോലും അവയിലില്ല. 'സച്ചരിതരായ മനുഷ്യന് നല്ല സമ്പത്ത് എത്ര നല്ലത്' എന്ന് നബി വിശേഷിപ്പിച്ച തരമായിരുന്നു അദ്ദേഹത്തിന് സമ്പത്ത്. ഇങ്ങനെയുള്ള ഒരാളുടെ പ്രതിഫലം എങ്ങനെയാണ് പരലോകത്ത് കുറയുക? സമുദായത്തിലെ മറ്റു പണക്കാര്‍ക്കൊന്നുമില്ലാത്തവിധം അദ്ദേഹത്തിന്റേതുമാത്രം എങ്ങനെയാണ് ചുരുങ്ങുക? ഇദ്ദേഹമല്ലാത്ത മറ്റൊരു ധനികന്റെയും വിഷയത്തില്‍ ഇത്തരം പരാമര്‍ശം കാണുന്നില്ല. സമുദായത്തിലെ ദരിദ്രര്‍ സമ്പന്നരെ അപേക്ഷിച്ച് നേരത്തേ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്നേയുള്ളൂ.'8

ഇതാണ് ഒരു വശം. മറ്റൊരു കാര്യം, വിസ്മൃതിയിലായ ഈ റിപ്പോര്‍ട്ട് വ്യത്യസ്ത ശൈലികളില്‍ നിവേദകരിലൂടെ പല വാക്കുകളില്‍ പ്രചരിച്ചതാകാന്‍ നല്ല സാധ്യതയുണ്ട്.
ഇമാം ദഹബി, ഖാലിദുബ്‌നു ഹാരിസ്, മുഹമ്മദുബ്‌നു അംറ്, അബൂസലമ പിതാവ് അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫില്‍നിന്ന് ഉദ്ധരിക്കുന്നു: 'ഞാന്‍ സ്വര്‍ഗം സ്വപ്‌നം കണ്ടു, ഞാന്‍ അതില്‍ നിരങ്ങിയാണ് പ്രവേശിച്ചത്. അതില്‍ പാവങ്ങളല്ലാതെ പ്രവേശിക്കുകയില്ലെന്നും സ്വപ്‌നത്തില്‍ കണ്ടു.' അനുബന്ധമായി ദഹബി എഴുതുന്നു: ഇതിന്റെ പരമ്പര നല്ലതാണ്. അദ്ദേഹം സ്വപ്‌നമാണ് വിവരിക്കുന്നത്. സ്വപ്‌നം വ്യാഖ്യാനവിധേയമാണ്. തന്റെ സ്വപ്‌നം അദ്ദേഹത്തിന് പ്രയോജനപ്പെട്ടു. അദ്ദേഹം ധാരാളം സമ്പത്ത് ദാനം ചെയ്തു. അതുവഴി അദ്ദേഹം സ്വര്‍ഗാവകാശിയായി.9 അതേസമയം, 'സ്വര്‍ഗത്തില്‍ പാവങ്ങള്‍ മാത്രമേ പ്രവേശിക്കുകയുള്ളൂ എന്ന് സ്വപ്‌നത്തില്‍ കണ്ടു' എന്ന ഭാഗം സാധുവല്ല. അത് റിപ്പോര്‍ട്ടര്‍മാരുടെ വക കൂട്ടിച്ചേര്‍ത്തതാവാനേ സാധ്യതയുള്ളൂ.

സമാപനം
അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫിന് സ്വഹീഹായ ഹദീസുകളിലൂടെ സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത ലഭിച്ച സാഹചര്യത്തില്‍, നിരങ്ങിനീങ്ങിയുള്ള സ്വര്‍ഗപ്രവേശത്തെക്കുറിച്ച റിപ്പോര്‍ട്ട് ബലവത്തല്ല. ജീവിച്ചിരിക്കുമ്പോള്‍ സന്തോഷവാര്‍ത്ത ലഭിച്ചയാള്‍ നിരങ്ങിനീങ്ങി പ്രവേശിക്കുക എന്നത് ആദരവാകുന്നതെങ്ങനെ? സാധാരണ മനുഷ്യര്‍ തങ്ങളുടെ അതിഥികളോട് ഇങ്ങനെ പെരുമാറുകയില്ലെങ്കില്‍ മനുഷ്യരുടെ സ്രഷ്ടാവായ അല്ലാഹുവാണോ അങ്ങനെ പെരുമാറുക? വിശിഷ്യാ, അവിസ്മരണീയമായ സേവനങ്ങള്‍ ചെയ്ത ഒരാളോട്. ഇബ്‌നുകസീര്‍, ഇമാം സുഹ്‌രിയില്‍നിന്ന് ഉദ്ധരിക്കുന്നു: നബി(സ)യുടെ കാലത്ത് സമ്പത്തിന്റെ വലിയൊരു വിഹിതം നല്‍കി (നാലായിരം ദീനാര്‍), പിന്നീട് നാല്‍പതിനായിരം, പിന്നീട് നാല്‍പതിനായിരം, പിന്നീട് അഞ്ഞൂറ് കുതിരകള്‍ക്ക് വഹിക്കാവുന്ന ചുമടുകള്‍, പിന്നീട് അഞ്ഞൂറ് ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്ന ചുമടുകള്‍.10
ആയതിനാല്‍, സ്വര്‍ഗത്തെക്കുറിച്ച സുവാര്‍ത്ത ലഭിച്ച പത്തിലൊരാളും, ഇസ്‌ലാമിലേക്ക് ആദ്യം കടന്നുവന്ന എട്ടു പേരിലൊരാളും, ശൂറാ സമിതിയിലെ ആറിലൊരാളുമായ അദ്ദേഹത്തെ പറ്റി ഈ കഥ ഇനിയും പറഞ്ഞു പരത്തുന്നതില്‍നിന്ന് നമ്മുടെ ഖത്വീബുമാരും മറ്റും വിട്ടുനില്‍ക്കണം.

ഹദീസ് നിവേദകനും പണ്ഡിതനും പല വിഷയങ്ങളിലും തനതായ നിലപാടും ദീര്‍ഘവീക്ഷണവും ഉള്ളയാളും നിയമാനുസൃതമായ രീതിയില്‍ പണം സമ്പാദിച്ച് അനുയോജ്യമായ മാര്‍ഗങ്ങളില്‍ വിനിയോഗിച്ചിരുന്നയാളുമായ അദ്ദേഹത്തെ പോലുള്ള ഒരാളെക്കുറിച്ച് കരുതലോടെയാവണം നാം അഭിപ്രായം പറയുന്നത്.

ഹി. 742-ല്‍ നിര്യാതനായ മിസ്സി തന്റെ 'തുഹ്ഫത്തുല്‍ അശ്‌റാഫ് ബി മഅ്‌രിഫത്തില്‍ അത്വ്‌റാഫ്' എന്ന കൃതിയില്‍ ഇബ്‌നു ഔഫില്‍നിന്ന് ഇരുപത്തിമൂന്ന് ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഖിയ്യുബ്‌നു മുഖല്ലദിന്റെ മുസ്‌നദില്‍ 65 ഹദീസുകള്‍ കാണാം.11 അദ്ദേഹം മാത്രം റിപ്പോര്‍ട്ട് ചെയ്ത ഹദീസ് സ്വീകരിക്കപ്പെട്ടു എന്നത് മറ്റൊരു സവിശേഷതയാണ്.12 നമസ്‌കാരത്തില്‍ റക്അത്തുകള്‍ കൂടിയോ കുറഞ്ഞോ എന്ന് സംശയിക്കുന്ന സാഹചര്യമുണ്ടായാല്‍ എന്തു ചെയ്യണം എന്ന വിഷയകമായി അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫിന്റെ മാത്രം ഹദീസിനെ ആധാരമാക്കിയാണ് ഉമര്‍ നിലപാടെടുത്തിരുന്നത്. ഇമാം ദഹബി ഇതേപ്പറ്റി തന്റെ സിയറില്‍ (1/73) വിശദീകരിക്കുന്നു: 'നബിയുടെ സ്വഹാബിമാര്‍ എല്ലാവരും സത്യസന്ധരാണെങ്കിലും അവരിലെ ചിലര്‍ മറ്റു ചിലരേക്കാള്‍ കൂടുതല്‍ സത്യസന്ധരാണ്. അതുകൊണ്ടാണ് ഉമര്‍ ഇബ്‌നു ഔഫിന്റെ റിപ്പോര്‍ട്ടില്‍ തൃപ്തനായത്.'

പണ്ഡിതന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലേടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട്. ഇബ്‌നുല്‍ ഖയ്യിമിന്റെ 'സാദുല്‍ മആദി'ല്‍ അവയില്‍ ചിലത് ഉദ്ധരിച്ചിട്ടുണ്ട്.13 പ്ലേഗുള്ള സ്ഥലങ്ങളില്‍ കഴിയാമോ, പുറത്തു കടക്കാമോ എന്ന വിഷയത്തില്‍ ഉമറും അബൂഉബൈദയും വ്യത്യസ്ത നിലപാടുകാരായിരുന്നു. അതില്‍ അന്തിമ നിലപാടായത് ഇബ്‌നു ഔഫിന്റെ തീരുമാനമായിരുന്നു. ഹജ്‌റിലെ മജൂസികളില്‍നിന്ന് ജിസ്‌യ സ്വീകരിക്കാന്‍ തീരുമാനമായതും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ്.

ചരിത്രപ്രധാനമായ ചില സംഭവങ്ങളില്‍ നിര്‍ണായകമായ പങ്കുവഹിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ചരിത്രം രേഖപ്പെടുത്തിത്തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ചയുണ്ടായപ്പോള്‍ നിര്‍ണായകമായ അഭിപ്രായം പ്രകടിപ്പിച്ചത് ഇബ്‌നു ഔഫാണെന്ന് ഇമാം സഖാവി (മരണം: ഹി. 902) രേഖപ്പെടുത്തുന്നു.14

ദീര്‍ഘ ദൃഷ്ടിയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. അനസുബ്‌നു മാലിക് പറയുന്നു: അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് മദീനയില്‍ മുഹാജിറായെത്തി. നബി(സ) അദ്ദേഹത്തെയും അന്‍സ്വാരിയായ സഅ്ദുബ്‌നുര്‍റബീഇല്‍ ഖസ്‌റജിയെയും ആദര്‍ശ സഹോദരന്മാരായി പ്രഖ്യാപിച്ചു. സഅ്ദ് പറഞ്ഞു: 'എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവളെ ഞാന്‍ വിവാഹമോചനം ചെയ്യാം. നിങ്ങള്‍ക്ക് അവളെ വിവാഹം ചെയ്യാം. എന്റെ പകുതി സ്വത്ത് ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം.' അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അല്ലാഹു താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അനുഗ്രഹം ചൊരിയട്ടെ! നിങ്ങള്‍ എനിക്ക് മാര്‍ക്കറ്റ് കാണിച്ചു തന്നാല്‍ മതി.' അങ്ങനെ അദ്ദേഹം പോയി. ധാരാളം സമ്പത്ത് നേടി.'15

തുടര്‍ന്ന് ഇസ്‌ലാമിക സേവനത്തിനായി വാരിക്കോരി ചെലവഴിച്ചപ്പോള്‍, ഇഴഞ്ഞായിരിക്കും ഇബ്‌നു ഔഫ് സ്വര്‍ഗത്തിലെത്തുക എന്നു നബി പറയാന്‍ വിദൂരസാധ്യത പോലുമില്ല.

അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് മാത്രമായിരുന്നോ സമ്പന്നന്‍?
ഇബ്‌നു ഔഫ് മാത്രമായിരുന്നില്ല നബിയനുചരന്മാരിലെ സമ്പന്നന്‍. പണക്കാരായിരുന്ന അബൂബക്‌റും ഉസ്മാനും ഇഴഞ്ഞുപോവാത്തത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതില്ലേ? ഇമാം അബൂനുഐം അദ്ദേഹത്തെക്കുറിച്ചെഴുതിയത് ശ്രദ്ധേയമാണ്; 'അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് വിശ്വസ്തരുടെയും നിക്ഷേപകരുടെയും ഗണത്തില്‍പെട്ടയാളാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിസ്തരിച്ച് അദ്ദേഹം ചെലവഴിച്ചു. സമ്പദ്‌വിഷയകമായി പരീക്ഷണത്തിലകപ്പെടാതിരിക്കാനായി അദ്ദേഹം അല്ലാഹുവോട് അഭയംതേടി, കൈകള്‍ക്കൊണ്ട് വാരിക്കോരി ധര്‍മം ചെയ്തു. ഹൃദയങ്ങളും കണ്ണുകളും അശ്രുബിന്ദുക്കളാല്‍ ഒഴുകി. സമ്പത്തുള്ളവര്‍ക്ക് മാതൃകയാണദ്ദേഹം.'16

കുറിപ്പുകള്‍
1.    താരീഖുല്‍ ഇസ്‌ലാമി(3/390,391)ല്‍ കൊടുത്ത വിശദമായ ജീവചരിത്ര ആധാര കൃതികളുടെ വിവരങ്ങള്‍ കാണുക.
2.    ഹദീസ് തങ്ങളുടെ സ്‌പെഷ്യലൈസേഷനല്ല എന്ന നിലയില്‍ കൈകാര്യം ചെയ്തവര്‍ ഇബ്‌നുല്‍ ജൗസിയുടെ തല്‍ബീസു ഇബ്‌ലീസ് പേ: 114 കാണുക.
3.    الموضوعات (2/13) (2/246-247)، سير أعلام النبلاء (1/76-77)، شذرات الذهب (1/194-195)
സമ്പത്തിന്റെ ഭാരത്താലാണ് ഇഴയേണ്ടിവരുന്നതെന്ന ഒരു വ്യാഖ്യാനം ചിലര്‍ പറയുന്നുണ്ട്. ഇതിന് അടിസ്ഥാനമൊന്നുമില്ല. സമ്പത്ത് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുകയാണെങ്കില്‍, നേരെ നിവര്‍ന്നുനിന്ന് ആരാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക?
4.    الموضوعات (2/247-248)، كتاب القصّاص والمذكّرين لإبن الجوزي
5.     مسند أحمد (5/259)، تاريخ بغداد (14/78)، ابن الجوزي: الموضوعات (2/248)
  6.   الموضوعات (2/249)    
7.    سير أعلام النبلاء (1/77)

    ഇമാം ദഹബി ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട്, ഇബ്‌നു ഔഫ് വിചാരണാ ഭാരം നേരിട്ടു എന്നുവന്നാലും അദ്ദേഹത്തിന്റെ സ്ഥാനം അലിയുടെയും സുബൈറിന്റെയും സ്ഥാനത്തേക്കാള്‍ ഒട്ടും താഴെയല്ല, എല്ലാവരെയും അല്ലാഹു തൃപ്തിപ്പെടട്ടെ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
8.    كتاب التوبه والزهد (4/137)
9.    سير أعلام النبلاء (1/81-82)
10.    البداية والنّهاية: (7/164)
11.    بقيّ بن مخلّد ومقدّمة سنده: دكتور اكرام العمري ص: 84
12.    حديث السّهو فى الصّلاة ، أحمد (1/190) ترمذي (398) باب ماجاء في الرّجل يصلّي فيشكّ في الزّيادة والنقصان
13.    زاد المعاد (2/244)
14.    الإعلان بالتوبيخ لمن ذمّ أهل التواريخ ص: 511
15.    صحيح البخاري، كتاب البيوع (2048)، مناقب الأنصار (3780)
16.    أبونعيم، حلية الأولياء :(1/100)، طبقات ابن سعد (1-3/16)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top