ദൃശ്യാവിഷ്‌കാരത്തിന്റെ പ്രാധാന്യം ഖുര്‍ആനില്‍
ഡോ. മുഹമ്മദ് പാണ്ടിക്കാട്
ആശയവിനിമയ രംഗത്ത് ദൃശ്യാവിഷ്‌കാരങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. യാഥാര്‍ഥ്യങ്ങളെ ഹൃദയങ്ങളുടെ അടിത്തട്ടിലേക്ക് സന്നിവേശിപ്പിക്കാനുള്ള അവയുടെ ശേഷി അദ്വിതീയമാണ്. പ്രബോധന-അധ്യാപന രംഗങ്ങളില്‍ ദൃശ്യങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ദൃശ്യഭാഷകള്‍ ഒരേസമയം പ്രേക്ഷകരുടെ ഹൃദയങ്ങളോടും മസ്തിഷ്‌കങ്ങളോടും സംവദിക്കുന്നു. ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കാന്‍ ഇവ ഉപയോഗപ്പെടുത്തണമെന്നതിനുള്ള സൂചനകള്‍ വിശുദ്ധ ഖുര്‍ആനില്‍ ധാരാളം കാണാന്‍ സാധിക്കും.
ഭൂമിയിലെത്തിയ മനുഷ്യനെ, അല്ലാഹു ആദ്യമായി അഭ്യസിപ്പിച്ചത് ഒരു ചെറിയ ദൃശ്യാവിഷ്‌കാരത്തിലൂടെയാണ്. സഹോദരന്‍ ഹാബീലിനെ വധിച്ച ആദമിന്റെ പുത്രന്‍ ഖാബീലിനെ ജഡം മറവ് ചെയ്യേണ്ടതെങ്ങനെയെന്ന് അല്ലാഹു പഠിപ്പിച്ചത് മനോഹരമായ ഒരു ചിത്രീകരണത്തിലൂടെയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം സുവ്യക്തം വിവരിക്കുന്നുണ്ട്.1
'എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈനീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു. എന്റെ പാപവും നിന്റെ പാപവും നീ തന്നെ പേറണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു. അങ്ങനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ'2 എന്ന് മനസ്സിന്റെ അകക്കാമ്പ് കൊണ്ട് ഹാബീല്‍ ഖാബീലിനെ ഉപദേശിച്ചുവെങ്കിലും അതൊന്നും അവന്റെ ഹൃദയത്തെ ഇളക്കിയില്ല. പക്ഷേ, ഒരു കാക്ക കുഴിയുണ്ടാക്കി മറ്റൊരു കാക്കയെ കുഴിച്ചുമൂടുന്ന ദൃശ്യമാണ് അവനില്‍ തന്റെ തെറ്റിനെക്കുറിച്ചുള്ള ബോധമുണ്ടാക്കി ഖേദത്തിനിടയാക്കിയത്. തഫ്ഹീമുല്‍ ഖുര്‍ആന്‍ എഴുതി: 'അല്ലാഹു ഒരു കാക്കയെ അയച്ച്, തെറ്റ് പ്രവര്‍ത്തിച്ച ആദംപുത്രന് തന്റെ ബുദ്ധിശൂന്യതയും വിഡ്ഢിത്തവും തെര്യപ്പെടുത്തുകയുണ്ടായി. അങ്ങനെ സ്വന്തത്തെക്കുറിച്ച് ചിന്തിക്കാന്‍ ഒരവസരം കിട്ടിയപ്പോള്‍ അയാളില്‍ ഖേദം ജനിച്ചു. സ്വസഹോദരന്റെ മൃതദേഹം മറക്കാനൊരു പോംവഴി ആരായുന്നതില്‍ താന്‍ ആ കാക്കയുടെ പുറകിലായല്ലോ എന്നതില്‍ മാത്രമായിരുന്നില്ല ഖേദം. സ്വസഹോദരനെ കൊലചെയ്തുകൊണ്ട് താന്‍ എത്ര വലിയ അവിവേകമാണ് ചെയ്തുപോയതെന്നും അയാള്‍ക്ക് ബോധ്യം വരുകയുണ്ടായി. 'അവന്‍ നെടുംഖേദത്തില്‍ പതിച്ചു' എന്ന അനന്തരവാക്യം അതാണ് കുറിക്കുന്നത്.3 ദൃശ്യങ്ങള്‍ക്ക് മനുഷ്യമനസ്സുകളെ ഏറെ സ്വാധീനിക്കാനാവും എന്നാണ് ഇത് വ്യക്തമാക്കുന്നത്.
പ്രവാചകന്മാര്‍ തങ്ങളുടെ പ്രബോധനത്തില്‍ അധികം ഊന്നിയിരുന്നത് പ്രബോധിതര്‍ പ്രകൃതിയിലെ പ്രതിഭാസങ്ങളിലേക്ക് നോക്കി യാഥാര്‍ഥ്യങ്ങള്‍ അറിയണമെന്നതിലായിരുന്നു. ഏഴ് ആകാശങ്ങളിലേക്കും അവയില്‍ തിളങ്ങുന്ന ചന്ദ്രനിലേക്കും ജ്വലിക്കുന്ന സൂര്യനിലേക്കും പരന്ന ഭൂമിയിലേക്കും അതിലെ വിശാലമായ വഴികളിലേക്കും നോക്കി ഏകദൈവത്തിന്റെ മാഹാത്മ്യം മനസ്സിലാക്കാന്‍ നൂഹ് നബി (അ) തന്റെ പ്രബോധിതരോട് ആവശ്യപ്പെടുന്നുണ്ട്.4
ഇബ്‌റാഹീം നബി(അ) ബിംബാരാധനയുടെ പൊള്ളത്തരം സമൂഹത്തെ ബോധ്യപ്പെടുത്തിയത് മനോഹരമായ ഒരു ദൃശ്യാവിഷ്‌കാരത്തിലൂടെയായിരുന്നു.5 തുണ്ടംതുണ്ടമാക്കപ്പെട്ട കൊച്ചു വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ മഴുവുമേന്തി നില്‍ക്കുന്ന വലിയ വിഗ്രഹം. ഈ ദൃശ്യം ആ സമൂഹത്തിന് വിഗ്രഹാരാധനയുടെ യുക്തിശൂന്യത ഗ്രഹിപ്പിക്കുന്നതായിരുന്നു. ആ ദൃശ്യത്തിലേക്ക് ചൂണ്ടി 'ഇതൊക്കെയും ചെയ്തത് ഇവരുടെ ഈ പെരിയവനാകുന്നു. ഇവരോടു തന്നെ ചോദിച്ചുനോക്കൂ- ഇവര്‍ സംസാരിക്കുന്നവരാണെങ്കില്‍' എന്ന ഇബ്‌റാഹീം നബിയുടെ ചോദ്യം കൂടിയായപ്പോള്‍ അക്ഷരാര്‍ഥത്തില്‍ തങ്ങളുടെ ബുദ്ധിശൂന്യത അവര്‍ക്ക് ബോധ്യപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ അതിനെ വര്‍ണിച്ചതിങ്ങനെ:
''ഇതുകേട്ട് അവര്‍ സ്വന്തം മനസ്സാക്ഷിയിലേക്ക് തിരിഞ്ഞു. പിന്നെ സ്വയം പറഞ്ഞു: വാസ്തവത്തില്‍ നിങ്ങള്‍ തന്നെയാണ് അക്രമികള്‍.''6 ഈ വാക്യത്തെ വിശദീകരിച്ച് തഫ്ഹീം ഇപ്രകാരം എഴുതി: 'ഇബ്റാഹീമിന്റെ പ്രത്യുത്തരം അവരുടെ ഹൃദയങ്ങളില്‍ ആഞ്ഞു തറച്ചു. അതു മൂലം യഥാര്‍ഥ അതിക്രമികള്‍ തങ്ങള്‍ തന്നെയാണെന്ന് അവര്‍ക്കു തോന്നി. നാം ദൈവമാക്കി ആരാധിച്ചുകൊണ്ടിരിക്കുന്ന, തങ്ങളെ തച്ചുടച്ചതാരാണെന്ന് പറയാന്‍ പോലും നാവിന് കെല്‍പ്പില്ലാത്ത ഈ വസ്തുക്കള്‍ എന്തുമാത്രം അബലരും അവശരുമാണെന്ന് അവര്‍ ചിന്തിച്ചു.' പ്രബോധിതരുടെ അകക്കണ്ണ് തുറപ്പിക്കാന്‍ ആശയങ്ങളെ ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതിനുള്ള സ്വാധീനത്തെ വിളിച്ചറിയിക്കുന്നതാണ് ഈ സംഭവം.
യാഥാര്‍ഥ്യങ്ങള്‍ കാണുന്നതിനായി കണ്ണ് തുറക്കാത്തവരെ നേര്‍മാര്‍ഗത്തിലാക്കാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.7 പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ കാണാത്തവരാണ് പരലോകത്ത് ശിക്ഷാര്‍ഹരാവുക എന്നും വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്.8 പ്രകൃതിയിലെ ദൃഷ്ടാന്തങ്ങള്‍ ഭൂമിയില്‍ ചുറ്റിക്കറങ്ങി കാണാന്‍ ധാരാളം വാക്യങ്ങളിലൂടെ അല്ലാഹു ആവശ്യപ്പെടുന്നു.9 ഇപ്രകാരം സത്യത്തെ സ്വീകരിക്കാനുള്ള പ്രധാന ഉപാധിയായിട്ടാണ് കാഴ്ചയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. കണ്ണുപൊട്ടന്മാരെ അവരകപ്പെട്ട ദുര്‍മാര്‍ഗത്തില്‍നിന്ന് നേര്‍വഴിയിലേക്കു നയിക്കാന്‍ നിനക്കാവില്ല എന്ന് പ്രവാചകനോട് പലയിടങ്ങളിലും അല്ലാഹു പറയുന്നുണ്ട്.10 കാഴ്ചയും കേള്‍വിയും ഒന്നിക്കുമ്പോഴാണ് സന്മാര്‍ഗ സ്വീകരണം എളുപ്പമാവുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഹൃദയമുള്ളവന്നും കണ്ടിരിക്കേ കേള്‍ക്കുന്നവന്നും ഇതില്‍ ഓര്‍ക്കാനേറെയുണ്ട്.11
വിശുദ്ധ ഖുര്‍ആന്‍ ആശയവിനിമയത്തിനായി ചെറുതും വലുതുമായ അമ്പതോളം കഥകളും ധാരാളം ഉപമാലങ്കാരങ്ങളും പ്രയോഗിച്ചതായി കാണാന്‍ കഴിയും. വായനക്കാരുടെ മനസ്സുകള്‍ക്കകത്ത് ആശയങ്ങളുടെ ചിത്രങ്ങള്‍ തെളിഞ്ഞുവരാനാണിത്. ഹൃദയങ്ങളില്‍ തറക്കുന്ന വാക്കുകള്‍ പ്രയോഗിക്കണമെന്നാണ് പ്രബോധകരോട് വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്: ''അവര്‍ക്ക് സദുപദേശം നല്‍കുക. അവരോട് ഉള്ളില്‍തട്ടുന്ന വാക്ക് പറയുകയും ചെയ്യുക.''12 ആശയങ്ങള്‍ക്കൊപ്പം അവയുടെ ദൃശ്യങ്ങള്‍കൂടിയാവുമ്പോഴാണ് ഹൃദയങ്ങള്‍ക്കത് ഏറെ ആകര്‍ഷകമാവുക. സ്വര്‍ഗ-നരകങ്ങളുടെ വര്‍ണനകളില്‍ മാത്രമല്ല, സാരോപദേശങ്ങളില്‍ പോലും ദൃശ്യരൂപങ്ങള്‍ കൊണ്ടുവരാന്‍ വിശുദ്ധ ഖുര്‍ആന്‍ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണമായി, കരാര്‍പാലിക്കണമെന്ന് നിര്‍ദേശിച്ച ശേഷം വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: 'ഭദ്രതയോടെ നൂല്‍ നൂറ്റ ശേഷം അത് പല തുണ്ടുകളാക്കി പൊട്ടിച്ചുകളഞ്ഞവളെപ്പോലെ നിങ്ങളാകരുത്.'13 ഇവിടെ ഒരു നൂല്‍നൂല്‍പ്പുകാരി വസ്ത്രം തയ്ക്കുന്നതിന്റെയും പിന്നീട് വേര്‍പ്പെടുന്നതിന്റെയും ചിത്രം മനസ്സില്‍ കോറിയിട്ടുകൊണ്ടാണ് കരാര്‍ലംഘനത്തിന്റെ വിവേകരാഹിത്യം അവതരിപ്പിക്കുന്നത്. ഇപ്രകാരം ഒരുപാട് തിരക്കഥകളുടെ സമാഹാരം തന്നെ വിശുദ്ധ ഖുര്‍ആനില്‍ കാണാന്‍ സാധിക്കും. ആധുനിക ദൃശ്യമാധ്യമങ്ങള്‍ പ്രവാചകന്മാരുടെ കാലത്തുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവരവയെ ഉപയോഗപ്പെടുത്തുമായിരുന്നു.
ഇസ്ലാമിക പ്രബോധകരും പുതുലോകത്തെ ദൃശ്യാവിഷ്‌കാര മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്നതിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്.
ആശയപ്രചാരണത്തിനുള്ള മികച്ച മാധ്യമങ്ങളാണ് അവ. പൊതുമനസ്സിനെ രൂപപ്പെടുത്താനും പരിവര്‍ത്തിപ്പിക്കാനും മറ്റേതൊരു മാധ്യമത്തേക്കാളും ഇവക്ക് കഴിയും. കാരണം മനുഷ്യന്റെ എല്ലാ സംവേദന അവയവങ്ങളിലേക്കും ഇത്തരം വിനിമയമാധ്യമങ്ങളിലൂടെയുള്ള സന്ദേശം കടന്നു ചെല്ലുന്നു. കേള്‍വിയിലൂടെയും കാഴ്ചയിലൂടെയും മാത്രമല്ല, അനുഭവത്തിലൂടെയും സന്ദേശം കൈമാറുകയാണ് അവ ചെയ്യുന്നത്. അധാര്‍മികവും അശ്ലീലവുമായ കാര്യങ്ങള്‍ക്കേ അവ പ്രയോജനപ്പെടൂ എന്ന ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. കളിവിനോദങ്ങളേ അവയിലൂടെ അവതരിപ്പിക്കാനാവൂ എന്ന വീക്ഷണവും ശരിയല്ല. മദ്യവും സ്ത്രീയും യുദ്ധവും പ്രതിപാദിക്കാത്തവയൊന്നും സാഹിത്യമല്ല എന്ന് കരുതിയിരുന്ന ജാഹിലിയ്യാ കവികളെ, സത്യത്തെയും ധര്‍മത്തെയും സുന്ദര സാഹിത്യങ്ങളാക്കുന്ന പുതിയൊരു ശൈലി വിശുദ്ധ ഖുര്‍ആനാണ് അഭ്യസിപ്പിച്ചത് എന്ന് ഇമാം റാസി വ്യക്തമാക്കുന്നുണ്ട്.14
ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പലരും ദൃശ്യാവിഷ്‌കാരങ്ങളെ പ്രബോധനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് വ്യക്തമാക്കുന്നുണ്ട്. യൂസുഫുല്‍ ഖറദാവി എഴുതി: 'സിനിമ വിവരസാങ്കേതിക മാധ്യമങ്ങളിലൊന്നാണ്. മറ്റുള്ളവയെപ്പോലെ സിനിമയെയും നന്മക്കും തിന്മക്കും ഉപയോഗപ്പെടുത്താം. അവക്ക് മാത്രമായി ഒരു വിധിയില്ല. എന്തിനാണോ അവ ഉപയോഗിക്കുന്നത് അതിനനുസരിച്ചാണ് ഹറാമാണോ ഹലാലാണോ എന്ന് തീരുമാനിക്കുക.'15 ശൈഖ് ഇബ്‌നുബാസ് എഴുതി: 'സിനിമയും നാടകവും ഇസ്ലാമിക നിയമങ്ങളോട് യോജിക്കുന്ന ഉപകാരപ്രദമായവയാണെങ്കില്‍ അനുവദനീയമാണ്. സത്യത്തെ വ്യക്തമാക്കുന്ന, യാഥാര്‍ഥ്യങ്ങളെ പ്രചരിപ്പിക്കുന്ന, പൂര്‍വസൂരികളുടെ ചരിത്രം ചിത്രീകരിക്കുന്ന സിനിമകള്‍ ഹലാലാണ്. അശ്ലീലതകളും അധര്‍മങ്ങളും പ്രചരിപ്പിക്കുമ്പോഴാണ് അവ ഹറാമാകുന്നത്.'16
യഥാര്‍ഥത്തില്‍, ആധുനിക വാര്‍ത്താ വിനിമയ മാധ്യമങ്ങള്‍ വജ്രായുധങ്ങളാണ്. അവ ഉപയോഗപ്പെടുത്തുന്നവര്‍ ലക്ഷ്യം നേടിയെടുക്കുന്നു; ലക്ഷ്യം നല്ലതായാലും ചീത്തയായാലും. ലക്ഷ്യം നല്ലതായിരുന്നിട്ടും അവ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിച്ചേ തീരൂ. ഈ കാര്യകാരണ ലോകത്ത് അല്ലാഹു ആര്‍ക്കു വേണ്ടിയും അവന്റെ പ്രാപഞ്ചിക നിയമങ്ങളില്‍ മാറ്റം വരുത്തുകയില്ല, തീര്‍ച്ച.
കുറിപ്പുകള്‍
1. അല്‍ മാഇദ: 31
2. അല്‍ മാഇദ: 28, 29
3. തഫ്ഹീമുല്‍ ഖുര്‍ആന്‍ അല്‍മാഇദ വാക്യം 31-ന്റെ വിശദീകരണം
4. നൂഹ്: 15-20
5. അമ്പിയാഅ് 57-67
6. അമ്പിയാഅ്: 64
7. യൂനുസ്: 43
8. ഹൂദ്: 20
9. ആലുഇംറാന്‍: 137, അന്‍ആം: 11, യൂസുഫ്: 109, അന്നഹ്ല്‍: 36, അന്നംല്: 69, അല്‍ അന്‍കബൂത്ത്: 20, അര്‍റൂം: 09,42, ഫാത്വിര്‍: 44, ഗാഫിര്‍: 21, മുഹമ്മദ്: 10
10. യൂനുസ്: 3, അന്നംല്: 81, അര്‍റൂം: 53, അസ്സുഖ്‌റുഫ്: 40
11. ഖാഫ്: 37
12. അന്നിസാഅ്: 63
13. അന്നഹ്ല്‍: 92
14. അല്‍ ബഖറ 23-ാം വാക്യത്തിന് ഇമാം റാസി നല്‍കിയ വിശദീകരണത്തില്‍നിന്ന്
15. https://www.al-qaradawi.net/node/3893
16. https://binbaz.org.sa/fatwas/18552/
حكم-دخول-السينما-والمسرح