ചില്ലറവ്യാപാര മേഖലയിലെ കുത്തകവല്‍ക്കരണം; ഇസ്‌ലാമിക വിശകലനം

ടി. മുഹമ്മദ് വേളം‌‌
img

മാര്‍ക്കറ്റിന്റെ അല്ലെങ്കില്‍ വിലകളുടെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച ഇസ്‌ലാമിക വിധി എന്താണ്? മദീനയില്‍ ഒരിക്കല്‍ വിലവര്‍ധിച്ചപ്പോള്‍ ആളുകള്‍ പ്രവാചകന്റെ അടുത്തു വന്ന് വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു.
عَنْ أَنَسِ رَضِي الله عَنه قَالَ: غَلاَ السِّعْرُ عَلَى عَهْدِ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَقَال النّاس يَا رَسُولَ اللَّهِ غَلاَ السِّعْرُ فَسَعِّرْ لَنَا ‏.‏ فَقَالَ ‏رَسُول الله صلى الله عليه وسلم: إِنَّ اللَّهَ هُوَ الْمُسَعِّرُ الْقَابِضُ الْبَاسِطُ الرَّازِقُ وإِنِّي لأَرْجُو أَنْ أَلْقَى الله وَلَيْسَ أَحَدٌ منكم يَطْلُبُنِي فِي دَمٍ وَلاَ مَالٍ
അനസില്‍നിന്ന് നിവേദനം: നബിയുടെ കാലത്ത് ഒരിക്കല്‍ വിലനിലവാരം ഉയര്‍ന്നു. ആളുകള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, വിലനിലവാരം ഉയരുന്നു. താങ്കള്‍ വിലനിശ്ചയിച്ച് തന്നാലും!' അവിടുന്ന് പറഞ്ഞു: 'അല്ലാഹുവാണ് വില കയറ്റുന്നത്, ചുരുക്കുന്നതും അയക്കുന്നതും അന്നം തരുന്നതും അവനാകുന്നു. എന്റെ മേല്‍ നിങ്ങളൊരാളും ജീവനിലോ ധനത്തിലോ യാതൊരന്യായവും ആരോപിക്കാത്ത നിലയില്‍ എന്റെ രക്ഷിതാവിനെ കണ്ടുമുട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'

ചരക്കുകളുടെ വില നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് നിഷിദ്ധമാണെന്ന് ഈ ഹദീസില്‍നിന്ന് പണ്ഡിതന്മാര്‍ നിര്‍ധാരണം ചെയ്തതായി ഫിഖ്ഹുസ്സുന്നയില്‍ സയ്യിദ് സാബിഖ് രേഖപ്പെടുത്തുന്നു. കാരണം സര്‍ക്കാര്‍ വിലനിശ്ചയത്തില്‍ അനീതി ഉണ്ടാവാനിടയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ഇടപാടുകളില്‍ ജനങ്ങള്‍ സ്വതന്ത്രരാണ്. അവരുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഈ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇമാം ശൗകാനി പറയുന്നു: 'ജനങ്ങള്‍ തങ്ങളുടെ സമ്പത്തില്‍ അധികാരമുള്ളവരാണ്. വില നിയന്ത്രണം ഈ അധികാരത്തെ വിലക്കുന്നു. ഭരണാധികാരിയാവട്ടെ മുസ്‌ലിംകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കല്‍പിക്കപ്പെട്ടവനാണ്. അദ്ദേഹം ക്രേതാവിന്റെ താല്‍പര്യം പരിഗണിച്ച് വില കുറക്കുന്നതിന് വിക്രേതാവിന്റെ താല്‍പര്യം പരിഗണിച്ച് വില കൂട്ടുന്നതിനേക്കാള്‍ മുന്‍ഗണനയില്ല. രണ്ട് കാര്യങ്ങളും വിരുദ്ധമായി വന്നാല്‍ ഇരുവരും സ്വയം ചിന്തിച്ച് ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് വേണ്ടത്.' ചരക്കുടമയെ അയാള്‍ തൃപ്തിപ്പെടാത്ത വിലയ്ക്ക് വില്‍പന നടത്താന്‍ നിര്‍ബന്ധിക്കുന്നത് ഖുര്‍ആനിന് വിരുദ്ധമാണെന്നദ്ദേഹം പറയുന്നു.
إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْۚ (النساء 29)
വില നിയന്ത്രണം പൂഴ്ത്തിവെപ്പിനു കാരണമാകുമെന്നും അത് വിലകയറ്റത്തിനിടയാക്കുമെന്നും സയ്യിദ് സാബിഖ് ചൂണ്ടിക്കാട്ടുന്നു. വിലനിയന്ത്രണം വിലക്കയറ്റമുണ്ടാക്കുന്ന ചില സന്ദര്‍ഭങ്ങളെക്കുറിച്ച് ഇബ്‌നു ഖുദാമ പറഞ്ഞതായി ഇബ്‌നുല്‍ ഖയ്യിം ഉദ്ധരിക്കുന്നുണ്ട്.

ഈ പ്രവാചകവചനം വിപണിയിലുള്ള സര്‍ക്കാരിന്റെ എല്ലാ നിയന്ത്രണത്തെയും അസാധുവാക്കുന്നുണ്ടോ? വിപണി എല്ലാ സാമൂഹിക നിയന്ത്രണങ്ങളില്‍നിന്നും സ്വതന്ത്രമായ ഒരു സംവിധാനമാണോ? സ്വദേശി-വിദേശി കുത്തകകള്‍ മാര്‍ക്കറ്റിലേക്ക് വരുമ്പോള്‍ അവയെ നിരോധിക്കാനോ നിയന്ത്രിക്കാനോ ഇസ്‌ലാമില്‍ സര്‍ക്കാരിന് അധികാരമുണ്ടോ? ഈ ഹദീസിനു തുല്യമായ ഒരു പ്രവാചകവചനം അബൂദാവൂദും ഉദ്ധരിക്കുന്നുണ്ട്. തീര്‍ത്തും സ്വതന്ത്രമായ ഒരു മാര്‍ക്കറ്റിനെയാണോ സൂചിപ്പിക്കുന്നത്? ക്ലാസിക്കല്‍ മുതലാളിത്തവിഭാവനയിലുള്ള തുറന്ന വിപണിയാണോ ഇസ്‌ലാം രൂപകല്‍പന ചെയ്യുന്ന മാര്‍ക്കറ്റ്?

വിശകലനം
ഫിഖ്ഹുസ്സുന്നയില്‍ സയ്യിദ് സാബിഖ് എഴുതുന്നു: 'അവശ്യഘട്ടത്തില്‍ വില നിയന്ത്രിക്കാം.'
വ്യാപാരികള്‍ ചൂഷണത്തിലേര്‍പ്പെടുകയും മാര്‍ക്കറ്റിനെ താറുമാറാക്കുംവണ്ണം വ്യാപകമായ അനീതികള്‍ കാണിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതും വില നിയന്ത്രിക്കേണ്ടതും നിര്‍ബന്ധമാകുന്നു. ജനങ്ങളുടെ അവകാശം സംരക്ഷിക്കാനും വ്യാപാരികളുടെ ആര്‍ത്തി മൂലമുള്ള ചൂഷണവും പൂഴ്ത്തിവെപ്പും തടയാനും അതാവശ്യമാണ്.

ഇക്കാരണത്താല്‍ വിലനിയന്ത്രണം (അഥവാ മാര്‍ക്കറ്റ് നിയന്ത്രണം-ലേഖകന്‍) അനുവദനീയമാണെന്നാണ് ഇമാം മാലികിന്റെ പക്ഷം. വിലക്കയറ്റത്തിന്റെ സാഹചര്യങ്ങളില്‍ ഇതാവാമെന്ന് ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. സയ്ദിയ്യ വിഭാഗത്തില്‍പെട്ട ചില ഇമാമുമാരും ഇതേ വീക്ഷണക്കാരാണ്. സഈദുബ്‌നു മുസയ്യബ്, റബീഅത്തുബ്‌നു അബ്ദുര്‍റഹ്‌മാന്‍, യഹ്‌യബ്‌നു സഅ്ദില്‍ അന്‍സാരി എന്നിവരും ഈ അഭിപ്രായക്കാരാണ്. സമൂഹനന്മക്ക് ആവശ്യമാണെന്നു കാണുന്ന സന്ദര്‍ഭങ്ങളില്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്താവുന്നതാണെന്ന് ഇവരെല്ലാവരും അഭിപ്രായപ്പെട്ടിരിക്കുന്നു. അല്‍ഹിദായയുടെ കര്‍ത്താവ് എഴുതുന്നു: ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് വില നിയന്ത്രിച്ചു കൊടുക്കേണ്ടതില്ല. ഭക്ഷ്യവിഭവങ്ങളുടെ ഉടമകള്‍ ആധിപത്യം പുലര്‍ത്തുകയും വില നിശ്ചയിക്കുന്നതില്‍ വഷളാംവണ്ണം അതിരുകവിയുകയും വിലനിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടല്ലാതെ ഭരണാധികാരിക്ക് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധ്യമല്ലാത്ത പരിതഃസ്ഥിതി സംജാതമാവുകയും ചെയ്താല്‍ ആ സാഹചര്യത്തില്‍ അദ്ദേഹം കാര്യവിവരവും ഉള്‍ക്കാഴ്ചയും ഉള്ളവരോട് കൂടിയാലോചിച്ചുകൊണ്ട് അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല.

മാലികീ മദ്ഹബുകാരനായ ഇബ്‌നുല്‍ അറബിയുടെ ഒരു നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. അനസ് (റ) ഉദ്ധരിച്ച വില നിയന്ത്രണത്തെക്കുറിച്ച ഹദീസ് വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം എഴുതി: കച്ചവടക്കാര്‍ ജനങ്ങളുടെ ധനത്തില്‍ കുഴപ്പമുണ്ടാക്കുമെന്ന് ഭയപ്പെടുന്ന സന്ദര്‍ഭത്തിലാണ് വിലനിയന്ത്രണം. പ്രവാചകന്‍ പറഞ്ഞത് സത്യമാണ്. അദ്ദേഹം പ്രവര്‍ത്തിച്ചത് വിധിയുമാണ്. എന്നാല്‍ അത് ശരിക്കും സത്യത്തില്‍ ഉറച്ചുനിന്നവരും അല്ലാഹുവിനെ യഥാവിധി സമര്‍പ്പിച്ചവരുമായ ജനതയുടെ കാര്യത്തിലാണ്. എന്നാല്‍ ജനത്തിന്റെ ധനം തിന്നാനും അവര്‍ക്കിടയില്‍ ഞെരുക്കമുണ്ടാക്കാനും ശ്രമിക്കുന്നവരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ വാതില്‍ വിശാലമാണ്. അവന്റെ വിധി നടപ്പിലാക്കപ്പെടും.2
ويقول ابن العربي المالكي في عارضة الأحوذي بعد ذكره حديث أنس: والتسعير على الناس. اذا خيف على أهل السوق أن يفسدوا أموال المسلمين..... وما قاله النبي صلى الله عليه وسلم حق، وما فعله حكم: لكن على قوم صح ثباتهم صح ثباتهم واستسلموا إلى ربهم. وأما قوم قصدوا أكل أموال الناس والتضييق عليهم فباب الله أوسع وحكمه أمضى
വളരെ ശുദ്ധവും സ്വഛവുമായ ഒരു ഇസ്‌ലാമിക സമൂഹത്തിനു നല്‍കിയ വിധി വളരെ കുടിലവും ജനവിരുദ്ധവുമായ ശക്തികള്‍ക്കനുകൂലമായി അല്ലെങ്കില്‍ വളരെ സങ്കീര്‍ണമായ മറ്റൊരു സന്ദര്‍ഭത്തില്‍ അങ്ങനെത്തന്നെ ഉദ്ധരിക്കുന്നത്, ബാധകമാക്കുന്നത് ശരിയല്ലെന്നാണ് ഇബ്‌നുല്‍ അറബി ചൂണ്ടിക്കാട്ടുന്നത്. വിലനിയന്ത്രണം (മാര്‍ക്കറ്റില്‍ ഇടപെടല്‍) അനുവദനീയമാണെന്നാണ് ഹനഫികളുടെയും മാലികികളില്‍ ഒരു വിഭാഗത്തിന്റെയും ഇബ്‌നുതൈമിയ്യയുടെയും ഇബ്‌നുല്‍ ഖയ്യിമിന്റെയും അഭിപ്രായം.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യഃ എഴുതുന്നു: ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള ചരക്കുകള്‍ അതിന്റെ ഉടമകള്‍ മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ قيمة المعروف അധിക വിലയ്ക്കാണ് വില്‍ക്കുന്നതെങ്കില്‍ അവരെ അത് യഥാര്‍ഥ വില قيمة المثل ക്ക് വില്‍പന നടത്തിക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ട്. മാന്യമായ വില കച്ചവടക്കാരുടെ മേല്‍ നിര്‍ബന്ധമാക്കേണ്ടതാണ്.3
ويقول ابن تيمية في كتابه الحسبة: فمثل أن يمتنع أرباب السلع من بيعها مع ضرورة الناس إليها إلا بزيادة على القيمة المعروفة فهنا يجب عليهم بيعها بقيمة المثل ولا معنى للتسعير إلا إلزامهم بقيمة المثل فيجب أن يلتزموا بما ألزمهم الله به.
മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ പറയുന്നത് വ്യക്തിതാല്‍പര്യം പൊതുതാല്‍പര്യത്തിന് വിധേയമായിരിക്കണമെന്നത് ശരീഅത്തിന്റെ ഒരടിസ്ഥാനമാണ്. ഇത് ധാരാളം ഹദീസുകളിലൂടെയും സംഭവങ്ങളിലൂടെയും സ്ഥിരപ്പെട്ടതാണ്. ഈയടിസ്ഥാനത്തില്‍ നിന്നുകൊണ്ട് വില ഉള്‍പ്പെടെ മാര്‍ക്കറ്റിന് സാമൂഹിക നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതാണ്, കൊണ്ടുവരേണ്ടതാണ്.4
وما ذهب إليه الفريق الثاني من جواز التسعير في حالة الغلاء هو الأولى بالأخذ لأنه يوافق روح الشريعة التي تقوم أصلا على مراعاة الصلح العام. وإذا كانت المصلحة الفردية قد روعيت في كثير من الأحاديث والوقانع فإن مراعاة المصلحة العامة تكون من باب أولى
സ്വാഭാവികമായ വിലക്കയറ്റത്തില്‍ ഭരണകൂടം ഇടപെടരുത് എന്നാണ് ഹദീസ് നല്‍കുന്ന പാഠം. അഥവാ സാധനങ്ങളുടെ ദൗര്‍ലഭ്യം കാരണമോ ഉപഭോക്താക്കളുടെ വര്‍ധനവ് കാരണമോ ഉണ്ടാകുന്ന വിലക്കയറ്റമാണ് സ്വാഭാവിക വിലക്കയറ്റം. ഇതില്‍ ഭരണകൂടം പുറത്തുനിന്ന് ഇടപെട്ട് വിലകുറച്ചാല്‍ കച്ചവടക്കാരനോട് ചെയ്യുന്ന അനീതിയായിരിക്കും.
فإذا كان الناس يبيعون سلعهم على الوجه المعروف من غير ظلم منهم وقد ارتفع السعر إما لقلة الشيء وإما لكثرة الخلق إلى الخلق فهذا إلى الله فإلزام الناس أن يبيعوا بقيمة بعينها إكراه بغير حق
ഇബ്‌നുല്‍ ഖയ്യിം പറയുന്നു: വിലനിയന്ത്രണം രണ്ടു തരത്തിലുണ്ട്. അത് ജനത്തോടുള്ള അക്രമവും കച്ചവടക്കാരന്‍ തൃപ്തിപ്പെടാത്ത വിലയ്ക്ക് അത് വില്‍ക്കാന്‍ നിര്‍ബന്ധിക്കലുമാണെങ്കില്‍ അത് നിഷിദ്ധമായ വില നിയന്ത്രണമാണ്. എന്നാല്‍ കച്ചവടക്കാരനെ ന്യായവിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതുമാണെങ്കില്‍ അത് അനുവദനീയമാണെന്നു മാത്രമല്ല, നിര്‍ബന്ധവുമാണ്
മാര്‍ക്കറ്റില്‍ സ്വഛതയും സ്വാഭാവികതയും സംരക്ഷിക്കുക എന്നതാണ് ഇസ്‌ലാമില്‍ ഭരണകൂടത്തിന്റെ ബാധ്യത. അതില്‍ അന്യായം നടത്തി വിലവര്‍ധിപ്പിക്കുകയോ മറ്റ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നവരുടെ കൈക്കു പിടക്കല്‍ ഇസ്‌ലാമില്‍ ഭരണകൂടത്തിന്റെ ബാധ്യതയാണ്.

എല്ലാതരം കുത്തകവല്‍ക്കരണവും മാര്‍ക്കറ്റിന്റെ സ്വാശ്രയത്വത്തെയും ജനാധിപത്യത്തെയും തകര്‍ക്കലാണ്. ഇതിന് തടയിടാന്‍ ഇസ്‌ലാമിക വീക്ഷണപ്രകാരം ഭരണകൂടത്തിന് ബാധ്യതയുണ്ട്.

ഒരു പ്രദേശത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നതു മുഴുവന്‍ മാര്‍ക്കറ്റിലെത്താതെ വിലപേശല്‍ സാധ്യമാകാതെ ഒരു ഏജന്‍സി വാങ്ങി സംഭരിക്കുന്നു എന്നത് ചെറുകിട മേഖലയിലെ കുത്തകവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു മുഖ്യവിഷയമായിരുന്നു. റസൂല്‍(സ) പറഞ്ഞു.
حديث إبْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَلَقَّوُا الرُّكْبَانَ وَلاَ يَبِيعُ حَاضِرٌ لِبَادٍ ،‏ (قَالَ الرَّاوي) فَقُلْتُ لاِبْنِ عَبَّاسٍ مَا قَوْلُهُ لاَ يَبِيعُ حَاضِرٌ لِبَادٍ؟ قَالَ: لاَ يَكُونُ لَهُ سِمْسَارًا‏
ഇബ്‌നു അബ്ബാസ് പറയുന്നു: ചരക്ക് അങ്ങാടിയിലേക്ക് കൊണ്ടുവരുന്നവരില്‍നിന്ന് ഇടയ്ക്കുവെച്ച് ചരക്ക് വാങ്ങരുതെന്നും ഗ്രാമീണനുവേണ്ടി അവന്റെ ചരക്ക് പട്ടണവാസി വില്‍ക്കരുതെന്നും നബി(സ) പറഞ്ഞു. റിപ്പോര്‍ട്ടര്‍ പറഞ്ഞു: ഇബ്‌നു അബ്ബാസി(റ)നോട് ഞാന്‍ ചോദിച്ചു. ഈ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണ്? അദ്ദേഹം പറഞ്ഞു: അവനുവേണ്ടി ദല്ലാളായി നില്‍ക്കരുതെന്ന് ഉദ്ദേശ്യം.

ഇബ്‌നുല്‍ഖയ്യിം എഴുതുന്നു: വഴിയിലോ ഗ്രാമത്തിലോ ഉള്ള ഒരു കച്ചവടം ഒരാള്‍ വാടകയ്‌ക്കെടുക്കുന്നു. എന്നിട്ട് വാടകക്കെടുത്ത ആള്‍ (مُسْتأجِرْ) വാടകക്ക് കൊടുത്തയാളോട് (المؤْجِرْ) നിബന്ധന വെക്കുന്നു; അയാള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും സാധനം വില്‍ക്കരുത്. ഇത് അക്രമവും നിഷിദ്ധവുമാണ്. ഇത് ചെയ്യുന്നയാള്‍ വിശാലതക്ക് തടയിടുകയാണ് ചെയ്യുന്നത്. ജനത്തിനുള്ള ഔദാര്യവും അന്നവും അയാള്‍ തടഞ്ഞതുപോലെ അല്ലാഹു അവന്റെ കാരുണ്യത്തില്‍നിന്ന് ഇവരെയും തടയുന്നതിനെ അവര്‍ ഭയപ്പെട്ടുകൊള്ളട്ടെ.
ومن أقبح الظلم إيجار الحانوت على الطريق أو في القرية بأجرة معينة على ألا يبيع أحد غيره فهذا ظلم حرام على المؤجر والمستأجر وهو نوع من أخذ أموال الناس قهرا وأكلها بالباطل وفاعله قد تحجرّ واسعا فيخاف علي أن يحجر الله عنه رحمته كما حجر على الناس فضله ورزقه
മാര്‍ക്കറ്റിലെ എല്ലാ കുത്തകവല്‍ക്കരണത്തെയും ഇസ്‌ലാം തടയുന്നു. അങ്ങനെ കുത്തകവല്‍ക്കരണം നടക്കുമ്പോഴെല്ലാം وَلِيّ المُؤجِر  -ന് അഥവാ ഗവണ്‍മെന്റിന് അതിനെ തടയാന്‍ അധികാരമുണ്ട്. എന്നല്ല, അത് ഗവണ്‍മെന്റിന്റെ നിര്‍ബന്ധ ബാധ്യതയാണ്.
മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് ഒരാള്‍ മാത്രം വിറ്റാല്‍ അവനെ തടയണമെന്നും അവനില്‍നിന്ന് ചരക്ക് വാങ്ങാന്‍ പാടില്ലെന്നും ഇബ്‌നുതൈമിയ്യഃ അഭിപ്രായപ്പെടുന്നു. കാരണം അവന്‍ മാര്‍ക്കറ്റ് മെക്കാനിസത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. അത് തകര്‍ന്നുകഴിഞ്ഞാല്‍ അവന്‍ ക്രമാതീതമായി വില വര്‍ധിപ്പിക്കാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരാള്‍ എങ്ങനെ വിലവര്‍ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുന്നു എന്നന്വേഷിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിനവകാശമുണ്ട്. ഇബ്‌നു ഹബീബ് എന്ന പണ്ഡിതന്‍ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്:
فَقَالَ ابْنُ حَبِيب: يَنْبَغي لِلْأمَامِ أَنْ يَجْمَعَ وُجُوه أَهْلِ سُوقِ ذَلِك الشَّيْء، وَيَحْضَرُ غَيْرُهُمْ اسْتِظْهَارَا عَلَى صِدْقِهِمْ: فَيَسْأَلُهُمْ : كَيْفَ يَشْتَرُونَ؟ وَكَيْفَ يَبِيعُون؟ فَيُنَازِلَهُمْ إِلَى مَا فِيه لَهُمْ وَلِلْعَامّة سَدَادٌ حَتَى يَرْضوْا وَلا يُجْبرُونَ عَلَى التَّسْعِيرِ : وَلَكنْ عَنْ رِضَا.
'നഗരവാസി ഗ്രാമീണനില്‍നിന്ന് നേരിട്ട് കച്ചവടം നടത്തരുത്' എന്ന പ്രവാചകവചനം ഈ ചര്‍ച്ചയില്‍ ഏറെ പ്രസക്തമാണ്. ഇതിന് രണ്ട് നഷ്ടങ്ങളുണ്ട് എന്ന് ഇബ്‌നുല്‍ ഖയ്യിം വിശദീകരിക്കുന്നു: ഒന്ന്, ഉല്‍പാദകന് മാര്‍ക്കറ്റ് നിലവാരം അറിഞ്ഞ് വില്‍ക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. അയാള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനേക്കാള്‍ പ്രധാനമാണ് ഇബ്‌നുല്‍ഖയ്യിം നടത്തുന്ന രണ്ടാമത്തെ നിരീക്ഷണം. ഏതൊരു സാധനവും തുറന്ന മാര്‍ക്കറ്റില്‍ എത്തേണ്ടതുണ്ട്.
കുത്തകകള്‍ ഉല്‍പാദകരില്‍നിന്ന് നേരിട്ട് ഭക്ഷ്യവിഭവങ്ങള്‍ ശേഖരിക്കുമ്പോള്‍ മാര്‍ക്കറ്റിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് മേല്‍ ഉദ്ധരിച്ച പ്രവാചക കല്‍പന പ്രകാരം തീര്‍ത്തും ഇസ്‌ലാംവിരുദ്ധ നടപടിയാണ്.

ചെറുകിട വ്യാപാരരംഗത്തെ കുത്തകകള്‍ക്കെതിരായ ഒരു പ്രധാന വിമര്‍ശനം അവര്‍ സാധാരണ മാര്‍ക്കറ്റ് മെക്കാനിസത്തെ തകര്‍ക്കുകയും അവരുടേതായ ഒരു ബദല്‍ ശൃംഖല രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്. ഇത് അനുവദിക്കാന്‍ പാടില്ലാത്തതാണ്.
മാര്‍ക്കറ്റിന്റെ സ്വാഭാവികത, അഥവാ അല്ലാഹുവിന്റെ പരിധികള്‍ പാലിക്കുന്നേടത്തോളം മാര്‍ക്കറ്റില്‍ ഇടപെടാന്‍ സര്‍ക്കാരിനധികാരമില്ല. ഒരു വിഭാഗത്തിന് ചന്തയില്‍ കച്ചവടം നടത്താം, ഒരു വിഭാഗം നടത്തരുത് എന്ന് നിരുപാധികം പറയാനും സര്‍ക്കാരിനധികാരമില്ല. പണ്ഡിതന്മാര്‍ പറയുന്നു: 'ജനങ്ങള്‍ അല്ലാഹുവിന്റെ പരിധികള്‍ പാലിക്കുകയും അവര്‍ ചതി, വഞ്ചന, പൂഴ്ത്തിവെപ്പ് എന്നിവ നടത്താതിരിക്കുകയും ചെയ്യാത്തേടത്തോളം ഇടപാടുകള്‍ നടത്താന്‍ ജനത്തിന് സ്വാതന്ത്ര്യമുണ്ട് എന്നത് ശരീഅത്തിന്റെ അടിസ്ഥാനമാണ്.'
എന്നാല്‍ മറ്റു സ്ഥാപനങ്ങളെ തകര്‍ക്കല്‍, പൂഴ്ത്തിവെപ്പ് മുതലായ ആരോപണങ്ങള്‍ ചെറുകിട മേഖലയിലെ കുത്തകകള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.
ചെറുകിട മേഖലയുമായി ബന്ധപ്പെട്ട വളരെ ഗുരുതരമായ ഒരു ഇസ്‌ലാമിക വിഷയമാണ് പൂഴ്ത്തിവെപ്പ്. ഉമറുല്‍ അദ്‌വി മഅ്മറുബ്‌നു അബ്ദില്ല(റ)യില്‍നിന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞു: തെറ്റുകാരനല്ലാതെ പൂഴ്ത്തിവെക്കുകയില്ല.
عَنْ معمر بن عبد الله العدوى أن النبي صلى الله عليه وسلم قال لاَ يَحْتَكِرُ إلاّ خَاطئ
ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ജനത്തിനാവശ്യമായ വസ്തുക്കള്‍ വില ഉയര്‍ത്താന്‍ വേണ്ടി പൂഴ്ത്തിവെക്കുന്നത് പൊതുജനത്തോടുള്ള അക്രമമാണ്.6
പൂഴ്ത്തിവെപ്പിനെക്കുറിച്ച വിഷയം ഇബ്‌നുല്‍ ഖയ്യിം ചര്‍ച്ച ചെയ്യുന്നത് വിലനിയന്ത്രണവുമായി(تسعير)  , അല്ലെങ്കില്‍ സര്‍ക്കാരിന്റെ മാര്‍ക്കറ്റ് ഇടപെടലുമായി ബന്ധപ്പെട്ടാണെന്നത് ശ്രദ്ധേയമാണ്. ഒരാള്‍ ജനത്തിനാവശ്യമായ ഒന്ന് പൂഴ്ത്തിവെച്ചാല്‍ അത് ന്യായവിലയ്ക്ക് വില്‍ക്കാന്‍ അയാളെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഇബ്‌നുല്‍ ഖയ്യിം കൂട്ടിച്ചേര്‍ക്കുന്നു.
മാര്‍ക്കറ്റിന്റെ കുത്തകവല്‍ക്കരണത്തെക്കുറിച്ച് ഇബ്‌നുല്‍ ഖയ്യിം വീണ്ടും പറയുന്നു: 'ഉല്‍പ്പന്നങ്ങള്‍ ചിലര്‍ക്ക് മാത്രം വില്‍ക്കാന്‍ ജനത്തെ നിര്‍ബന്ധിതരാക്കുന്നത് വലിയ അക്രമമാകുന്നു. ഇത് ഭൂമിയില്‍ കുഴപ്പമുണ്ടാക്കലാണ്. അക്കാരണത്താല്‍ ആകാശത്തിന്റെ തുള്ളികള്‍ തടയപ്പെടും. ഇവിടെ സര്‍ക്കാര്‍ ഇടപെട്ട് വിലനിയന്ത്രണം നടത്തല്‍ നിര്‍ബന്ധമാണ്. അഥവാ ന്യായവിലയ്ക്ക് അവരെ വില്‍ക്കാന്‍ നിര്‍ബന്ധിക്കേണ്ടതാണ്.'

ഇവിടെയും വിലനിയന്ത്രണത്തിന്റെ സ്വാഭാവികവും സ്വച്ഛവുമായ വിപണിവ്യവസ്ഥയെ അട്ടിമറിക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇബ്‌നുല്‍ ഖയ്യിം ചൂണ്ടിക്കാട്ടുന്നത്.
وروى أحمد بن حنبل رحمه الله عن النبى صلى الله عليه وسلم أنه قال من دخل في شيء من أسعار المسلمين ليغليه عليهم كان حقا على الله أن يقعده بعظم من النار يوم القيامة أي بمكان عظيم من النار وروى أيضا عن النبى صلى الله عليه وسلم أنه قال من احتكر حكرة يريد أن يغلى بها على المسلمين فهو خاطىء وقد برئت منه ذمة الله، وروى ابن ماجه عن عمر أنه قال سمعت النبى صلى الله عليه وسلم يقول من احتكر على المسلمين طعامهم ضربه الله بالجذام والإفلاس إلى غير ذلك من الأحاديث
അഹ്‌മദുബ്‌നു ഹമ്പല്‍ നബിയില്‍നിന്ന് ഉദ്ധരിക്കുന്നു: വിലനിലവാരം ഉയര്‍ത്താനായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അന്ത്യനാളില്‍ അല്ലാഹു അയാളെ നരകത്തില്‍ വലിയൊരിടത്ത് ഇരുത്തും. അങ്ങനെ പ്രവര്‍ത്തിക്കുന്നവന്‍ തെറ്റുകാരനാണ്. ഇതിനുപുറമെ, ഹാകിം ഉദ്ധരിച്ച ഹദീസില്‍ അയാളില്‍നിന്ന് അല്ലാഹുവിന്റെ ഉത്തരവാദിത്വം മുക്തമാണ് എന്നുണ്ട്. ഇബ്‌നുമാജ ഉദ്ധരിച്ച ഹദീസില്‍, അല്ലാഹു അത്തരക്കാരെ കുഷ്ഠരോഗത്താലും പാപ്പരാക്കിയും പരീക്ഷിക്കും എന്നുണ്ട്.
ഉപഭോക്താക്കള്‍ക്കിടയില്‍ ചരക്കിന് ദൗര്‍ലഭ്യം നേരിടുകയും അങ്ങനെ വിലക്കയറ്റം ഉണ്ടാവുകയും ചെയ്യുന്നതിനുവേണ്ടി സാധനം വാങ്ങി സൂക്ഷിച്ചു വെക്കുകയാണ് പൂഴ്ത്തിവെപ്പ് എന്ന് ഫിഖ്ഹുസ്സുന്നയില്‍ സയ്യിദ് സാബിഖ് പറയുന്നു. അദ്ദേഹം തുടരുന്നു:
ചൂഷണം, അത്യാര്‍ത്തി, ദുഃസ്വഭാവം, ജനങ്ങളെ ബുദ്ധിമുട്ടിക്കല്‍ എന്നിവ ഉള്‍ക്കൊള്ളുന്നതിനാല്‍ പൂഴ്ത്തിവെപ്പിനെ ശരീഅത്ത് നിരോധിച്ചിരിക്കുന്നു.
നബി(സ) പ്രസ്താവിച്ചതായി അഹ്‌മദ്, ഹാകിം, ഇബ്‌നു അബീശൈബ, ബസ്സാര്‍ എന്നിവര്‍ നിവേദനം ചെയ്യുന്നു:
مَنِ احْتَكَرَ الطَعَامَ أَرْبَعِينَ أَرْبَعِينَ لَيْلَةَ فَقَدْ بَرِئَ مِنَ الله وَبَرِئَ الله مِنْه
(വല്ലവനും ഭക്ഷ്യവസ്തുക്കള്‍ 40 നാള്‍ പൂഴ്ത്തിവെച്ചാല്‍ അവന്‍ അല്ലാഹുവില്‍നിന്നു വിമുക്തനായി. അല്ലാഹു അവനില്‍നിന്നും വിമുക്തനായി).
നബി(സ) പറഞ്ഞതായി റസീന്‍ തന്റെ ഹദീസ് സമാഹാരത്തില്‍ ഉദ്ധരിക്കുന്നു:
بِئْس الْعَبْد المحتكر إن سمع برخص ساءه وإن سمع بغلاء فرح
(പൂഴ്ത്തിവെക്കുന്ന ദൈവദാസന്‍ എത്ര ദുഷ്ടന്‍! വില താഴ്ന്നതായി കേട്ടാല്‍ അവന്‍ ദുഃഖിതനാകുന്നു. വില കയറിയതായി കേട്ടാല്‍ അവന്‍ ആഹ്ലാദിക്കുന്നു).
ഇവിടെ വിലക്കയറ്റവുമായി ബന്ധിപ്പിച്ചാണ് റസൂല്‍(സ) പൂഴ്ത്തിവെപ്പിനെ പരാമര്‍ശിക്കുന്നത്.
നബി(സ) പ്രസ്താവിച്ചതായി അഹ്‌മദും ത്വബറാനിയും മഅ്ഖലുബ്‌നു യസാറില്‍നിന്നു നിവേദനം ചെയ്യുന്നു:
مَنْ دَخَلَ فِي شَيْءِ مِنء أَسْعَار الْمُسْلِمِين لِيُغْلِيَهُ عَلَيْهِم كَان حَقّا عَلى الله تَبَاركَ وَتَعَالى أَنْ يُقْعِدَهُ بِعظم مِن النَّار يَوْم الْقِيَامَة
(വല്ലവനും മുസ്‌ലിംകളുടെ വിലകളിലേതെങ്കിലുമൊന്നു വര്‍ധിപ്പിക്കുന്നതിനുവേണ്ടി ശ്രമിച്ചാല്‍ പുനരുത്ഥാന നാളില്‍ നരകീയാസ്ഥികളില്‍ അവനെ ഇരുത്തുകയെന്നത് അല്ലാഹുവിന്റെ ബാധ്യതയായിത്തീരുന്നു).
നബി(സ) പറഞ്ഞതായി ഇബ്‌നുമാജയും ഹാകിമും ഇബ്‌നുഉമറില്‍നിന്ന് നിവേദനം ചെയ്യുന്നു:
الْجَالِبُ مَرْزُوقٌ وَالْمُحْتَكِر مَلْعُو
(വിഭവങ്ങള്‍ സമാഹരിക്കുന്നവന് അല്ലാഹുവില്‍നിന്ന് വിഭവങ്ങള്‍ ലഭിക്കുന്നതായിരിക്കും. പൂഴ്ത്തിവെക്കുന്നവന്‍ അഭിശപ്തനാണ്).
ചരക്കുകള്‍ ശേഖരിക്കുകയും ചുരുങ്ങിയ ലാഭത്തിന് വില്‍ക്കുകയും ചെയ്യുന്നവനാണ് വലിച്ചുകൂട്ടുന്നവന്‍ എന്നതിന്റെ വിവക്ഷ എന്ന് ഫിഖ്ഹുസ്സുന്നയില്‍ സയ്യിദ് സാബിഖ് അഭിപ്രായപ്പെടുന്നു. മാര്‍ക്കറ്റിനെ സമ്പന്നനാക്കുന്നവന്‍, അല്ലെങ്കില്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നവന്‍ വിഭവങ്ങള്‍ സമാഹരിക്കുന്നവനും അനുഗൃഹീതനുമാണ്. വിഭവങ്ങള്‍ മാര്‍ക്കറ്റിലെത്താതെ പൂഴ്ത്തിവെക്കുന്നവന്‍ അഭിശപ്തനാണ്. ഒരാളുടെ പ്രവര്‍ത്തനം മാര്‍ക്കറ്റിനെ സമ്പന്നമാക്കുന്നതാണെങ്കില്‍ മറ്റേയാളുടേത് മാര്‍ക്കറ്റിനെ ദരിദ്രമാക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതുമാണ്. സമ്പന്നവും സ്വച്ഛവും ജനാധിപത്യപരവുമായ മാര്‍ക്കറ്റിനെ സ്ഥാപിച്ച് നിലനിര്‍ത്തുക എന്നതാണ് വിപണിയുമായി ബന്ധപ്പെട്ട എല്ലാ പ്രവാചകപാഠങ്ങളുടെയും ശരീഅത്ത് നിയമങ്ങളുടെയും ഉദ്ദേശ്യലക്ഷ്യം.

കുത്തകയുടെ ഇസ്‌ലാമിക വിശകലനം

ആധുനിക സാമ്പത്തിക ശാസ്ത്രത്തിലെ കുത്തക(Monopoly)ക്ക് അറബി ഭാഷയില്‍ ഇഹ്തികാര്‍ എന്നാണ് പറയുക. ഒരു ഉല്‍പന്നത്തിന്റെ നിര്‍മാണമോ വിതരണമോ ഒരു സ്ഥാപനത്തിന്റെ മാത്രം നിയന്ത്രണത്തിലാകുന്നതാണ് മോണോപൊളി. ആവശ്യവും വിതരണവും (Demand and supply) നിയന്ത്രിക്കാനും പരമാവധി ലാഭം ഉറപ്പുവരുത്താനും മോണോപൊളിക്ക് സാധിക്കുന്നു. ഈ അര്‍ഥപ്രകാരമുള്ള ഇഹ്തികാര്‍ മതനിയമത്തില്‍ അനുവദനീയമല്ല. കാരണം അതില്‍ അത്യാര്‍ത്തിയും ജനദ്രോഹവുമുണ്ട്. പൂഴ്ത്തിവെക്കുന്നവനെ ഖാതിഅ് (തെറ്റുകാരന്‍) എന്നാണ് നബി വിളിച്ചത്.

ഇഹ്തികാര്‍ നിരോധിച്ചതിലെ യുക്തി
പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കുകയും അവശ്യവസ്തുക്കളും മറ്റും പൂഴ്ത്തിവെച്ച് അമിതലാഭം ഉണ്ടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന കച്ചവടക്കാരുടെ അത്യാര്‍ത്തിയില്‍നിന്ന് അവരെ സംരക്ഷിക്കുകയുമാണ് ഇഹ്തികാര്‍ നിരോധിച്ചതിലെ യുക്തി. ഇഹ്തികാറിന്റെ നിയമപരിധിയില്‍ വരുന്ന സാധനങ്ങളെ സംബന്ധിച്ച് കര്‍മശാസ്ത്രപണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നതുമാത്രമേ നിയമവിരുദ്ധമാകുന്നുള്ളൂവെന്ന് അബൂഹനീഫ, മുഹമ്മദുബ്‌നു ഹസന്‍ തുടങ്ങിയവരും ശാഫിഈ, ഹമ്പലീ മദ്ഹബുകാരും അഭിപ്രായപ്പെടുന്നു. താഴെ ഉദ്ധരിക്കുന്ന നബിവചനങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവരുടെ ഈ അഭിപ്രായം:
'മുസ്‌ലിംകള്‍ക്ക് ദ്രോഹകരമാകുന്ന വിധം ഒരാള്‍ ഭക്ഷണം പൂഴ്ത്തിവെച്ചാല്‍ അല്ലാഹു അയാളെ കുഷ്ഠരോഗവും പാപ്പരത്തവും നല്‍കി ശിക്ഷിക്കട്ടെ.'
'ഒരാള്‍ 40 രാത്രി ഭക്ഷണം പൂഴ്ത്തിവെച്ചാല്‍ അയാള്‍ അല്ലാഹുവില്‍നിന്നും അല്ലാഹു അവനില്‍നിന്നും മുക്തനായി.'

ജനങ്ങള്‍ക്കാവശ്യമുള്ളതും പൂഴ്ത്തിവെപ്പുമൂലം ജനങ്ങള്‍ ക്ലേശിക്കാനിട വരുന്നതുമായ ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ വസ്തുക്കളും ഇഹ്തികാറിന്റെ നിയമപരിധിയില്‍ വരുമെന്ന് മാലികികളും ഹനഫീ പണ്ഡിതന്മാരായ അബൂയൂസുഫും അഭിപ്രായപ്പെടുന്നു. അദ്ദേഹം പറയുന്നു: 'കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതു മൂലം ജനങ്ങള്‍ക്ക് ദ്രോഹകരമായിത്തീരുന്നതെല്ലാം ഇഹ്തികാര്‍ തന്നെ. അത് സ്വര്‍ണമോ വെള്ളിയോ ആയാലും.' താഴെ ഉദ്ധരിക്കുന്ന നബിവചനമാണ് ഇവരുടെ അഭിപ്രായത്തിനുള്ള തെളിവ്.
'ജനങ്ങളില്‍നിന്ന് അമിതവില ഈടാക്കാനുദ്ദേശിച്ച് ആരെങ്കിലും ഒരു സാധനം പൂഴ്ത്തിവെച്ചാല്‍ അവന്‍ അപരാധിയാകുന്നു.'
ഇഹ്തികാര്‍ ഇക്കാലത്ത് വിവിധ രൂപങ്ങള്‍ കൈവരിച്ചിട്ടുണ്ട്:

1. ഇഹ്തികാറുല്‍ ഖില്ല: ഒരു സാധനത്തിന്റെ ഉല്‍പാദനം ഏതാനും ഉല്‍പാദകരുടെ കുത്തകയാവുന്ന അവസ്ഥയാണിത്. മൊത്തം ഉല്‍പാദനത്തിന്റെ ഒരു വലിയ ഭാഗം ഓരോ ഉല്‍പാദകനും നിര്‍മിക്കുന്നു. ഉല്‍പാദനം കൂട്ടിയോ കുറച്ചോ കമ്പോളവിലയെ സ്വാധീനിക്കാന്‍ ഉല്‍പാദകരുടെ സംഘത്തിന് സാധിക്കുന്നു.

2. ഇഹ്തികാറുല്‍ ഇന്‍താജി വല്‍ ബൈഇല്‍ കാമില്‍: ഒരു സാധനത്തിന്റെ ഉല്‍പാദനവും വിതരണവും വിപണനവും ഒരുല്‍പാദകന്റെ കുത്തകയാവുക. എന്നാല്‍ അതിന് ധാരാളം ഉപഭോക്താക്കളുണ്ട്. നാട്ടിലോ മറുനാട്ടിലോ ഉല്‍പാദിപ്പിക്കപ്പെടുന്ന മറ്റൊരു സാധനം പകരമായി ലഭിക്കില്ലതാനും. ഉല്‍പാദകന്‍ തന്നെയാണ് സാധനത്തിന്റെ വില നിശ്ചയിക്കുന്നത്. ശുദ്ധജലം, വൈദ്യുതി മുതലായവയുടെ ഉല്‍പാദന-വിതരണരംഗത്ത് മിക്ക നാടുകളിലും നിലനില്‍ക്കുന്ന സര്‍ക്കാര്‍ കുത്തക ഇതിനുദാഹരണമാണ്. സ്വകാര്യവ്യക്തികളോ കമ്പനികളോ ചിലപ്പോള്‍ ഇത്തരം സേവനങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കാറുണ്ട്. ഉല്‍പാദകന്റെയും ഉപഭോക്താവിന്റെയും താല്‍പര്യം പരിഗണിച്ച് സേവനത്തിന് ന്യായവില നിശ്ചയിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
3. ഇഹ്തികാറുശ്ശിറാഅ്: സാധനമോ സേവനമോ വിലയ്‌ക്കെടുക്കുന്നത് ഒരു കുത്തകമാത്രം. വില്‍പനക്കാര്‍ ധാരാളമുണ്ട്. നിശ്ചിത വില ചുമത്തി കുത്തക എല്ലാ സാധനങ്ങളും വിലയ്‌ക്കെടുക്കുന്നു. കുത്തകയെ നേരിടാനുള്ള കഴിവനുസരിച്ച് മെച്ചപ്പെട്ട വില നേടിയെടുക്കാന്‍ പ്രബലരായ വില്‍പനക്കാര്‍ക്ക് സാധിച്ചേക്കും. ദുര്‍ബല വിഭാഗമാകട്ടെ കൂടുതല്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നു. പരമാവധി ലാഭം ഉറപ്പുവരുത്താന്‍ കുത്തകകള്‍ക്കു സാധിക്കുന്ന സംവിധാനമാണിത്.
4. ഇഹ്തികാറു ജമാഅത്തില്‍ മുന്‍തിജീന്‍: ഒരു സാധനം ഉല്‍പാദിപ്പിക്കുന്ന കുറേ ഉല്‍പാദകര്‍ സംഘടിച്ച് തങ്ങളുടെ സാധനത്തിന്റെ വിലയും ഉല്‍പാദനത്തോതും പരസ്പര ധാരണയോടെ നിജപ്പെടുത്തുന്നു. ഉല്‍പാദകര്‍ ധാരാളമുണ്ടായാലും പരമാവധി ലാഭം നേടണം എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളത്. പ്രൈസ് എഗ്രിമെന്റ് (Price agreement) എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്.

പരസ്പര ധാരണയോടു കൂടിയല്ലാതെയും പ്രബല വ്യവസായികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചെറുകിട ഉല്‍പാദകര്‍ പ്രബലരെ പിന്‍പറ്റാന്‍ നിര്‍ബന്ധിതരാകുന്നു. എതിരാളികളെ തല്‍ക്ഷണം ഒതുക്കാന്‍ വന്‍കിടക്കാര്‍ക്ക് ഒരു പ്രയാസവും ഇല്ല. പൊടുന്നനെ സാധനവില കുറച്ചുകൊണ്ടിരിക്കും. ചിലപ്പോള്‍ ഈ ശിക്ഷാനടപടി പ്രൈസ് ലീഡര്‍ഷിപ്പ് എന്ന പേരിലാണറിയപ്പെടുന്നത്.
ഉല്‍പാദകര്‍ക്കിടയില്‍ നിലവിലുള്ള മറ്റൊരുതരം കുത്തകയാണ് കാര്‍ട്ടല്‍ (Cartel). ഉല്‍പാദകരുടേതായ ഒരു കുത്തക തന്നെയാണിത്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുകയും വിപണനം നടത്തുകയും ചെയ്യാന്‍ അംഗങ്ങള്‍ പരസ്പരം സഹകരിക്കുന്നു. ഓരോ അംഗവും ഉല്‍പാദിപ്പിക്കേണ്ട സാധനത്തിന്റെ ക്വാട്ട നിശ്ചയിച്ചശേഷം ഉല്‍പന്നങ്ങള്‍ മുഴുവന്‍ അംഗങ്ങളില്‍നിന്നും സംഘം തന്നെ വിലയ്‌ക്കെടുക്കുന്നു. നേരത്തേ നിശ്ചയിക്കുന്ന വിലയ്ക്ക് സംഘം പിന്നീട് സാധനങ്ങള്‍ വിറ്റഴിക്കുന്നു. ലാഭം അംഗങ്ങള്‍ക്കിടയില്‍ ആനുപാതികമായി വീതിക്കപ്പെടുന്നു.
ഒരു നാട്ടില്‍ രൂപം പ്രാപിക്കുന്ന ഇത്തരം കാര്‍ട്ടലുകള്‍ മറ്റു മുതലാളിത്ത രാജ്യങ്ങളിലെ സമാനസ്വഭാവമുള്ള കാര്‍ട്ടലുകളായി ചേര്‍ന്ന് ആഗോളതലത്തില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചേക്കാം. ഇതിനെ ഇന്റര്‍നാഷ്‌നല്‍ കാര്‍ട്ടല്‍ എന്നു പറയുന്നു. തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ തങ്ങള്‍ക്കെതിരായി മത്സരിക്കാന്‍ വരുന്നവരെ ഇത്തരം കാര്‍ട്ടലുകള്‍ ചെറുത്തുതോല്‍പിക്കും. അവര്‍ക്ക് അസംസ്‌കൃത പദാര്‍ഥങ്ങള്‍ ലഭിക്കുന്നത് തടയുക, അവരുടെ ഉല്‍പന്നങ്ങളുടെ വിതരണം സ്തംഭിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളാണ് ഇതിനു സ്വീകരിക്കാറുള്ളത്.

ഇങ്ങനെയുള്ള ബഹുരാഷ്ട്ര കാര്‍ട്ടലുകള്‍ അംഗങ്ങള്‍ക്കിടയില്‍ ലോകകമ്പോളം വീതിക്കാറുണ്ട്. ഇപ്രകാരം വീതിച്ചുകിട്ടുന്ന കമ്പോളങ്ങളില്‍ മാത്രമായി തങ്ങളുടെ വ്യാപാരം പരിമിതപ്പെടുത്താന്‍ പ്രാദേശിക കാര്‍ട്ടലിലെ ഓരോ അംഗവും ശ്രദ്ധിക്കുന്നു.
വികസ്വര നാടുകളുടെ വ്യവസായവല്‍ക്കരണത്തെ തങ്ങളുടെ ശക്തിയും സ്വാധീനവും ഉപയോഗിച്ച് ഈ കാര്‍ട്ടലുകള്‍ തുരങ്കം വെക്കുന്നു. വ്യാവസായിക ഉല്‍പാദനങ്ങളില്‍ വികസ്വര നാടുകള്‍ തങ്ങളോട് മത്സരിക്കാതിരിക്കാനും അന്നാടുകളിലെ അസംസ്‌കൃത പദാര്‍ഥങ്ങള്‍ നിസ്സാര വിലയ്ക്ക് കൈയടക്കാനുമാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. വികസ്വര നാടുകളില്‍ പട്ടിണി പടരാനും ഉല്‍പന്നവില ക്രമാതീതമായി ഉയരാനും ഇത് നിമിത്തമാകുന്നു.

ലോകത്തെവിടെയും ഇന്ന് വിദേശകുത്തകകളെ കാണാം. സമ്പന്നരും ശക്തരുമായ നാടുകള്‍ ദരിദ്ര-ദുര്‍ബല നാടുകള്‍ക്കുനേരെ പുലര്‍ത്തിപ്പോരുന്ന രാഷ്ട്രീയ-സാമ്പത്തിക മേല്‍ക്കോയ്മയുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണിത്. ആയുധക്കച്ചവടം, എണ്ണ പര്യവേക്ഷണം, ഖനനം, വ്യാപാരം പോലെയുള്ള കുത്തകയും അതുവഴിയുള്ള ലാഭക്കൊയ്ത്തും ഈ വൈദേശികക്കുത്തകയുടെ ബഹിര്‍പ്രകടനമാണ്.
മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള മുഴുവന്‍ കുത്തകകളും ഇസ്‌ലാമികദൃഷ്ട്യാ നിഷിദ്ധങ്ങളാണ്. കാരണം അവ വിവിധ രൂപത്തില്‍ ജനദ്രോഹകരങ്ങളാണ്: 1. ഉല്‍പാദനരംഗത്തെ കുത്തകകള്‍ പുതിയ കമ്പനികള്‍ ആ രംഗത്തേക്ക് കടന്നുവരുന്നത് തടയുന്നു. 2. വിതരണരംഗത്തെ കുത്തകകള്‍ സ്വതന്ത്ര സംരംഭകരുടെ ഉല്‍പന്നങ്ങളുടെ വിതരണം തടസ്സപ്പെടുത്തിയോ സ്വന്തം ഉല്‍പന്നങ്ങളുടെ വില കുറച്ച് സപ്ലൈ വര്‍ധിപ്പിച്ചുകൊണ്ടോ അവരെ രംഗത്തുനിന്ന് തുരത്തുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉല്‍പാദനവും വിലയും നിയന്ത്രിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. അവശ്യവസ്തുക്കളുടെ ഉല്‍പാദനവും വിതരണവും നീതിപൂര്‍വം നിര്‍വഹിക്കാന്‍ സാധിക്കുമെങ്കില്‍ രാഷ്ട്രം തന്നെ അവ ഏറ്റെടുത്തു നടത്തണം.

ജനത്തിനാവശ്യമായ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കണമെന്ന് ഉല്‍പാദകരെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിനധികാരമുണ്ട്. ഇത്തരം ഉല്‍പാദനം പഠിക്കുക എന്നത് സാമൂഹിക ബാധ്യത-فرض كفاية  യാണെന്ന് ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ പണ്ഡിതന്മാര്‍ പറഞ്ഞതായി ഇബ്‌നുല്‍ ഖയ്യിം ഉദ്ധരിക്കുന്നു. മയ്യിത്ത് സംസ്‌കരണം, മറമാടല്‍, സമൂഹത്തിന്റെ മറ്റു പൊതുതാല്‍പര്യമുള്ള കാര്യങ്ങള്‍ മുതലായവയും ഇതുപോലെ കൈകാര്യം ചെയ്യപ്പെടണം.
ومن ذلك أن يحتاج الناس إلى صناعة كالفلاحة والنساجة والبناء وغير ذلك فلولي الأمر أن يلزمهم بذلك بأجرة مثلهم فإنه لا تتم مصلحة الناس إلا بذلك.
ولهذا قالت طائفة من أصحاب أحمد والشافعي أن تعلم هذه الصناعات فرض على الكفاية لحاجة الناس إليها وكذلك تجهيز الموتى ودفنهم وكذلك أنواع الولايات العامة والخاصة التي لا تقوم مصلحة الأمة إلا به
ചെറുകിട വ്യാപാര മേഖലയിലെ കുത്തകകളെക്കുറിച്ച പഠനങ്ങള്‍ പറയുന്നത് അവര്‍ വിപണിയെത്തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. ആദ്യം വില കുറക്കുന്നത് വിപണിയുടെ സ്വാഭാവികതകളെ തകര്‍ക്കാന്‍ വേണ്ടിയാണ്. ഇതു തടയാന്‍ ഇസ്‌ലാമികമായ ഭരണകൂടം ബാധ്യസ്ഥമാണ്.
ജനത്തിനാവശ്യമുള്ള വസ്തുക്കള്‍ ഒരു വിഭാഗത്തിനേ വില്‍ക്കൂ എന്ന് ഉല്‍പാദകന്‍ നിലപാടെടുത്താല്‍ അതിന്റെ വില നിയന്ത്രിക്കാന്‍, നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.

ഒരു കച്ചവടക്കാരന്‍, ഒരു മാര്‍ക്കറ്റില്‍ മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ വിലകുറച്ച് സാധനങ്ങള്‍ വിറ്റാല്‍ അയാളെ തടയേണ്ടതാണ് എന്ന് ഇബ്‌നുതൈമിയ്യ അഭിപ്രായപ്പെടുന്നുണ്ട്. കാരണം അയാള്‍ ആദ്യം വില കുറക്കുകയും അങ്ങനെ മാര്‍ക്കറ്റ് താറുമാറായിക്കഴിഞ്ഞാല്‍ പിന്നീട് വില വര്‍ധിപ്പിക്കുകയും ചെയ്യും എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇത് ചെറുകിട മേഖലയിലെ കുത്തകകളെക്കുറിച്ചു ഉയര്‍ന്ന വളരെ പ്രധാനമായ നിരീക്ഷണമാണ്.
ഇവിടെ നിന്നെല്ലാം വ്യക്തമാവുന്ന കാര്യം മാര്‍ക്കറ്റ് മെക്കാനിസത്തിന്റെ സ്വച്ഛതയിലാണ് ഇസ്‌ലാം ഊന്നുന്നത് എന്നത്രെ. പക്ഷേ, ഇതിനെ ഭംഗപ്പെടുത്തുന്ന, കൃത്രിമമായ വിലക്കയറ്റമോ വിലത്തകര്‍ച്ചയോ സൃഷ്ടിക്കുന്ന നീക്കങ്ങള്‍ കച്ചവടക്കാരുടെ ഭാഗത്തുനിന്നുണ്ടായാലും ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുണ്ടായാലും അത് തടഞ്ഞ് വിപണികളുടെ സ്വാഭാവികത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇക്കാര്യം ഇസ്‌ലാമിക ചരിത്രത്തിലെയും മാനവചരിത്രത്തിലെ തന്നെയും ഏറ്റവും വലിയ സാമ്പത്തികശാസ്ത്ര ചിന്തകനായിരുന്ന ഇബ്‌നുഖല്‍ദൂന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കുത്തകവല്‍ക്കരണം എന്നത് ക്ലാസിക്കല്‍ മുതലാളിത്തത്തിന്റെ തന്നെ സിദ്ധാന്തങ്ങള്‍ക്കെതിരായ ജനാധിപത്യവിരുദ്ധമായ വിപണി സമീപനമാണ്.
പട്ടണവാസി ഗ്രാമീണനോട് ചരക്ക് ചന്തയില്‍ എത്തുന്നതിനു മുമ്പ് കച്ചവടം ചെയ്യരുത് എന്ന പ്രവാചക പാഠത്തിന്റെ അര്‍ഥം മാര്‍ക്കറ്റിനെ റദ്ദാക്കുന്ന ഒരു നടപടിയും അനുവര്‍ത്തിക്കരുതെന്നാണ്. കുത്തകകള്‍ മാര്‍ക്കറ്റിനെ റദ്ദ് ചെയ്യുകയാണ് ചെയ്യുന്നത്.
ജപ്പാന്‍, അമേരിക്ക, തായ്‌ലന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റീട്ടെയ്ല്‍ കുത്തകകളുടെ മേല്‍ പലതരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണം അവര്‍ മാര്‍ക്കറ്റിലെ വിധ്വംസക ശക്തിയാണെന്നതുകൊണ്ടാണ്. മാര്‍ക്കറ്റിലെ എല്ലാ വിധ്വംസക ശക്തികളെയും നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യണമെന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. 

കുറിപ്പുകള്‍
1.    رواه الخمسه إلا النسائي وصححه ابن حبان وقال ابو عيسى الترمذي: حديث حصن صحيح.
2.    ഉദ്ധരണം: ഇസ്‌ലാമിക് നെറ്റ്
3.    ഉദ്ധരണം: ഇസ്‌ലാമിക് നെറ്റ്
4.    ഉദ്ധരണം: ഇസ്‌ലാമിക് നെറ്റ്
5.    أخرجه البخاري في: -34 كتاب البيوع:-68 باب هل يبع حاضر لباد بغير أجر وهل يعينه بنصحه
6.    مسلم في صحيحه

7.    ഇബ്‌നുമാജ, കിതാബുത്തിജാറാത്ത്
8.    അല്‍ഹാകിം, കിതാബുല്‍ ബുയൂഅ്
9.    മുസ്‌ലിം, അഹ്‌മദ് 2:351
10.    ഇഹ്തികാര്‍ ഇസ്‌ലാമിക വിജ്ഞാനകോശം ആറാം വാല്യം.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top