അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍
എ. അമീന്‍ നാസ്വിഹ്
ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ (ഉലൂമുല്‍ ഖുര്‍ആന്‍) വിരചിതമായ വിഖ്യാത ഗ്രന്ഥമാണ് അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍. ഹിജ്‌റ പത്താം നൂറ്റാണ്ടിലെ പ്രഗത്ഭ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇമാം ജലാലുദ്ദീനിസ്സുയൂത്വിയാണ് (മ. 911/1505) രചയിതാവ്. ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ രചിക്കപ്പെട്ട എക്കാലത്തെയും മികച്ച രചനകളിലൊന്നായി അല്‍ ഇത്ഖാനെ പണ്ഡിത ലോകം പരിഗണിച്ചിട്ടുണ്ട്. അത്രക്ക് പ്രൗഢവും സമഗ്രവും പ്രയോജനപ്രദവുമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
ഉലൂമുല്‍ ഖുര്‍ആനില്‍ രചിക്കപ്പെട്ട ആദ്യത്തെ പ്രധാന ഗ്രന്ഥം ബദ്‌റുദ്ദീന്‍ മുഹമ്മദുബ്‌നു അബ്ദില്ലാഹിസ്സര്‍കശി (മ.794/1391) യുടെ അല്‍ബുര്‍ഹാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍ ആണ്. ഇമാം സുയൂത്വി ഈ കൃതിയെ ധാരാളമായി ഉപയോഗപ്പെടുത്തുകയും അതിലെ പല ഭാഗങ്ങളും തന്റെ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. അല്‍ ബുര്‍ഹാനു ശേഷം ഈ വിജ്ഞാനശാഖയില്‍ രചിക്കപ്പെട്ട മറ്റൊരു കൃതി ഈജിപ്തിലെ ഹദീസ് പണ്ഡിതന്മാരിലൊരാളായിരുന്ന ജലാലുദ്ദീന്‍ അബ്ദുര്‍റഹ്‌മാനുബ്‌നു ഉമറല്‍ ബുല്‍ഖീനിയുടെ മവാഖിഉല്‍ ഉലൂം ഫീ മവാഖിഇന്നുജൂം ആണ്. തുടര്‍ന്ന് മുഹ് യിദ്ദീനില്‍ കാഫീജി (മ. 897/1491)യും ഒരു ലഘു കൃതി രചിക്കുകയുണ്ടായി. ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ വ്യാപരിക്കുന്ന പഠിതാക്കളെ സംബന്ധിച്ചേടത്തോളം ഈ ഗ്രന്ഥങ്ങളെല്ലാം അപര്യാപ്തമാണെന്ന് ഇമാം സുയൂത്വി വിലയിരുത്തി.
ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധയിനം വിജ്ഞാന ശാഖകള്‍ വേറെയുമുണ്ടെന്നും ആരും അവ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്നും മനസ്സിലാക്കിയ അദ്ദേഹം മറ്റാരും കൈവെച്ചിട്ടില്ലാത്ത വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അത്തഹ്ബീറു ഫീ ഇല്‍മിത്തഫ്‌സീര്‍ എന്ന പേരില്‍ 100 അധ്യായങ്ങളുള്ള ഒരു കൃതി രചിച്ചു. ഇതേ ഗ്രന്ഥത്തെ വീണ്ടും സംശോധിക്കുകയും പരിഷ്‌കരിക്കുകയും വികസിപ്പിക്കുകയും ചെയ്താണ് അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍ രചിച്ചത്. 80 അധ്യായങ്ങളാണ് ഇതിലുള്ളത്.
അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്റെ രചനക്കായി തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ അവലംബിച്ചിട്ടുള്ളതായി ആമുഖത്തില്‍ ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം, കാരണം, അവതരണ കാലം, സ്ഥലം, അധ്യായങ്ങള്‍, വാക്യ ഘടന, ഭാഷ, പാരായണം, പാരായണ മര്യാദകള്‍, ഖുര്‍ആന്‍ വ്യാഖ്യാനം തുടങ്ങിയവ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു പുറമെ, ഉസ്വൂലുദ്ദീന്‍, അഖീദഃ, ബലാഗഃ മുതലായവയുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും ഗ്രന്ഥത്തിലുണ്ട്. മിക്ക അധ്യായങ്ങളും ഗ്രന്ഥകാരന്റെ സ്വന്തം അഭിപ്രായം സമര്‍ഥിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
അവതരണ കാലവും സ്ഥലവും മാനദണ്ഡമാക്കി ഖുര്‍ആനികാധ്യായങ്ങളെ മക്കിയെന്നും മദനിയെന്നും മറ്റുമുള്ള സാമാന്യ വര്‍ഗീകരണത്തിന് പുറമേ ഈ വിജ്ഞാന ശാഖയിലേക്ക് പുതുതായി ധാരാളം ഇനങ്ങള്‍ ഇമാം സുയൂത്വി അല്‍ ഇത്ഖാനില്‍ അവതരിപ്പിക്കുന്നുണ്ട്. നബി തിരുമേനി(സ) ഭൂമിയിലായിരിക്കെ അവതരിച്ച സൂറകളും ആകാശത്തായിരിക്കെ അവതരിച്ച സൂക്തങ്ങളും (മിഅ്‌റാജിന്റെ സന്ദര്‍ഭത്തില്‍ അവതീര്‍ണമായവ ഉദാഹരണം) അവയില്‍ ഉള്‍പ്പെടുന്നു. അപ്രകാരം തന്നെ പ്രവാചക അനുചരന്മാര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ സാധൂകരിച്ചുകൊണ്ടോ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായോ അവതീര്‍ണമായ ഖുര്‍ആന്‍ ആയത്തുകളും മുന്‍കാല പ്രവാചകന്മാരില്‍ ആര്‍ക്കും നല്‍കിയിട്ടില്ലാത്ത വിധികളും നിര്‍ദേശങ്ങളും അടങ്ങിയിട്ടുളള വചനങ്ങളും അദ്ദേഹം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം സര്‍ക്കശി തന്റെ അല്‍ ബുര്‍ഹാനില്‍ പരാമര്‍ശിക്കാത്ത പല വിഷയങ്ങളും ഇമാം സുയൂത്വി തന്റെ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഉദാഹരണമായി പ്രവാചകന് ശൈത്യകാലത്ത് അവതരിച്ചത്, ഉഷ്ണകാലത്ത് അവതരിച്ചത്, ഉറക്കത്തിലോ മയക്കത്തിലോ കിടക്കയിലോ ആയിരിക്കെ അവതരിച്ചത്, ഒരുമിച്ചവതീര്‍ണമായ സൂറത്തുകള്‍, വേര്‍പ്പെട്ട് അവതരിച്ച അധ്യായങ്ങള്‍, ഒറ്റയായിട്ടിറങ്ങിയ സൂറത്തുകള്‍, വ്യത്യസ്ത പാരായണ ശൈലികള്‍ക്ക് നിമിത്തമായ സൂക്തങ്ങള്‍, വ്യക്തിനാമങ്ങളും വ്യംഗ്യാര്‍ഥ പ്രയോഗങ്ങളും ഉള്‍ക്കൊള്ളുന്ന ആയത്തുകള്‍, ഇദ്ഗാമ്, ഇള്ഹാര്‍, ഇഖ്ഫാഅ്, ഇഖ്‌ലാബ് തുടങ്ങിയ തജ്‌വീദീ നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ സഹായകമായ സൂക്തങ്ങള്‍ തുടങ്ങിയവയാണവ.
ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം മനസ്സിലാക്കാന്‍ പര്യാപ്തമായ മാനദണ്ഡങ്ങളും ഇത്ഖാനില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഈ വിജ്ഞാന ശാഖയുമായി ബന്ധപ്പെട്ട് ഇത്ഖാനില്‍ പരാമര്‍ശിക്കാത്ത ചില കാര്യങ്ങള്‍ അദ്ദേഹം, തന്റെ തന്നെ മറ്റു ചില ഗ്രന്ഥങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആന്റെ ഏഴു പാരായണ രീതികളെക്കുറിച്ച് സുനനുന്നസാഈയുടെ വ്യാഖ്യാനത്തില്‍ വിശദീകരിച്ചത് അതിന് ഉദാഹരണമാണ്. ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ മുന്‍ഗാമികളായ പല പണ്ഡിതന്മാരും പ്രകടിപ്പിച്ച അഭിപ്രായങ്ങളെ ഈ ഗ്രന്ഥത്തില്‍ സുയൂത്വി വിമര്‍ശനവിധേയമാക്കുകയും അവക്ക് മറുപടി പറയുകയും ചെയ്തിട്ടുണ്ട്.
വേറെയും ധാരാളം സവിശേഷതകള്‍ ഇത്ഖാനെ മറ്റു ഗ്രന്ഥങ്ങളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നു. ഉലൂമുല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വൈവിധ്യമാണ് അതില്‍ മുഖ്യം. കൈകാര്യം ചെയ്യുന്ന വിഷയം സമര്‍ഥിക്കാനായി ഗ്രന്ഥകാരന്‍ കൊണ്ടുവരുന്ന തെളിവുകള്‍, വിവിധ കാലഘട്ടങ്ങളിലെ പഠനങ്ങള്‍, ഓരോ ഉപവിഷയത്തിലും പ്രത്യേകം എഴുതപ്പെട്ട ഗ്രന്ഥങ്ങളെക്കുറിച്ചുള്ള സൂചനകള്‍ എന്നിവയെല്ലാംതന്നെ ഖുര്‍ആനിക വിജ്ഞാനീയങ്ങളില്‍ തുടര്‍പഠനങ്ങള്‍ക്കുള്ള വഴിതുറക്കാന്‍ പര്യാപ്തവും ഗവേഷകര്‍ക്ക് ഏറെ സഹായകവുമാണ്. വൃഥാസ്ഥൂലവും പ്രയോജനരഹിതവുമായ കാര്യങ്ങള്‍ ഒഴിവാക്കി പ്രധാനപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഇമാം സുയൂത്വി ഇത്ഖാനില്‍ ചര്‍ച്ച ചെയ്യുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, പൊതുവും സവിശേഷവുമായ സംഗതികള്‍ തുടങ്ങിയവ ഏറെ പ്രാധാന്യത്തോടെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
ഗ്രന്ഥരചനക്കായി ധാരാളം സ്രോതസ്സുകള്‍ ആസ്പദമാക്കിയതിനാല്‍തന്നെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ വളരെ സംക്ഷിപ്തമായി മാത്രമാണ് ഈ ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്.
ഗ്രന്ഥത്തിന്റെ രചനാരീതിയും വ്യതിരിക്തമാണ്. പരാമൃഷ്ട വിഷയങ്ങള്‍ സംക്ഷിപ്തമായ, എന്നാല്‍, സമഗ്രമായ രീതിയിലാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മറ്റു ഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണികളും പണ്ഡിതാഭിപ്രായങ്ങളും ആവശ്യാനുസൃതം ഇത്ഖാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ നേരത്തേ രചിക്കപ്പെട്ട സര്‍ക്കശിയുടെ അല്‍ ബുര്‍ഹാനില്‍നിന്നുള്ള ഉദ്ധരണികളാണ് കൂടുതലും. ബുര്‍ഹാനില്‍നിന്ന് ഉദ്ധരിക്കുമ്പോള്‍ ചിലയിടങ്ങളില്‍ ഗ്രന്ഥകാരന്റെ പേര് പറഞ്ഞുകൊണ്ടും മറ്റ് ചിലപ്പോള്‍ ചിലര്‍ പറഞ്ഞു എന്ന രീതിയിലുമാണ് കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കശിയുടെയും സുയൂത്വിയുടെയും സ്രോതസ്സുകള്‍ വ്യത്യസ്തമായിരുന്നുവെങ്കിലും മിക്ക വിഷയങ്ങളിലും അവര്‍ തമ്മില്‍ യോജിപ്പുണ്ടെന്ന് കാണാന്‍ സാധിക്കും. ഇമാം സുയൂത്വി ഹദീസുകളും അഭിപ്രായങ്ങളും ഉദ്ധരിക്കുമ്പോള്‍ അവയുടെ നിവേദക പരമ്പര നല്‍കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു. പ്രാമാണികവും അറിയപ്പെട്ടതുമായ ഗ്രന്ഥങ്ങളില്‍നിന്നാണ് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുള്ളത്. ഉദ്ദിഷ്ട ചര്‍ച്ചകളുടെ വിശകലനങ്ങള്‍ക്ക് അദ്ദേഹം അറബി കവിതാ ശകലങ്ങളും ഉദ്ധരിക്കുന്നതുകാണാം.
അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, നമുക്ക് ഇന്ന് ലഭ്യമല്ലാത്ത അനേകം ഗ്രന്ഥങ്ങളില്‍നിന്നുമുളള പല പ്രമാണങ്ങളും തെളിവുകളും ധാരാളമായി ഇതില്‍നിന്ന് ലഭിക്കുന്നുവെന്നതാണ്. ജഅബരി, ബാഖില്ലാനി, സംലകാനി, ഇബ്‌നുല്‍ അന്‍ബാരി തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ ഉദാഹരണം. ചുരുക്കത്തില്‍, ഖുര്‍ആനുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളുടെ അമൂല്യമായൊരു കലവറയാണ് ഈ ഗ്രന്ഥമെന്ന് നിസ്സംശയം പറയാം. ഇന്ത്യ, ഈജിപ്ത്, ലബനാന്‍, സിറിയ, സുഊദി അറേബ്യ തുടങ്ങിയ നാടുകളിലെ നിരവധി പ്രസാധനാലയങ്ങളില്‍നിന്ന് ഇതിന്റെ ധാരാളം പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മുഹമ്മദ് അബുല്‍ ഫദ്ല്‍ ഇബ്‌റാഹീം സംശോധന ചെയ്ത പതിപ്പാണ് അവയില്‍ പ്രധാനം. രണ്ട് വാല്യത്തിലായി നാലു ഭാഗമായിട്ടാണ് പ്രസ്തുത പതിപ്പ് പുറത്തിറങ്ങിയത്.