സങ്കീര്‍ണമായ സാഹചര്യങ്ങളും പണ്ഡിതന്മാരുടെ ബാധ്യതകളും
'ബോധനം' പുതിയൊരു നിയോഗവുമായി വീണ്ടും വായനക്കാരുടെ കൈകളിലെത്തുകയാണ്. 'ഇത്തിഹാദുല്‍ ഉലമാ കേരള' എന്ന നവജാത പണ്ഡിത വേദിയുടെ ആഭിമുഖ്യത്തിലാണ് ഈ ലക്കം മുതല്‍ ഇറങ്ങുന്നത്. കാലഘട്ടം താല്‍പര്യപ്പെടുന്ന മഹത്തായ ഈ ദൗത്യനിര്‍വഹണത്തിന് സര്‍വശക്തന്റെ സഹായമുണ്ടാവട്ടെ എന്ന് ആദ്യമേ പ്രാര്‍ഥിക്കുന്നു. പ്രഗത്ഭമതികളായ പണ്ഡിതശ്രേഷ്ഠരുടെ നേതൃത്വത്തിലാണ് മുസ്‌ലിം സമുദായം നൂറ്റാണ്ടുകളായി സഞ്ചരിച്ചുവന്നത്. പ്രവാചകന്നും സ്വഹാബികള്‍ക്കും ശേഷം മദ്ഹബുകളുടെ ഇമാമുകളും മുജദ്ദിദുകളുമായിരുന്നു അവരുടെ മാര്‍ഗദര്‍ശികള്‍. അവരുടെ വൈജ്ഞാനിക പൈതൃകങ്ങളും ചിന്താധാരകളുമാണ് നമ്മുടെ യാത്രാ സരണിയിലെ ദീപസ്തംഭങ്ങള്‍. ദൗര്‍ഭാഗ്യവശാല്‍ കാലാന്തരേണ ഇത്തരം പണ്ഡിതവര്യന്മാരുടെ സാന്നിധ്യം കുറഞ്ഞുവരികയും സമുദായത്തിന്റെ നേതൃത്വം സ്വാര്‍ഥംഭരികളും ഭൗതികാസക്തരുമായ പണ്ഡിതവേഷധാരികള്‍ കൈയടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി ആശങ്കിക്കപ്പെടുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ മുസ്‌ലിം ലോകത്ത് ജീവിച്ചു മരിച്ചുപോയ പണ്ഡിതശിരോമണികളുടെയും ഇന്നത്തെപണ്ഡിതന്മാരുടെയും അന്തരം പരിഗണിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. പ്രവാചകന്റെ പ്രവചനം പ്രത്യക്ഷരം പുലരുന്നതു പോലെ; 'അല്ലാഹു ജനങ്ങളില്‍നിന്ന് വിജ്ഞാനം ഒറ്റയടിക്ക് ഊരിയെടുക്കുകയില്ല. പ്രത്യുത, പണ്ഡിതന്മാരുടെ നിര്യാണത്തിലൂടെയാണ് അവന്‍ വിജ്ഞാനം തിരിച്ചെടുക്കുന്നത്. അങ്ങനെ പണ്ഡിതരൊന്നും അവശേഷിക്കാത്ത സാഹചര്യം വരുമ്പോള്‍ ജനങ്ങള്‍ അവിവേകികളെ നേതാക്കളായി വാഴിക്കും. അവരോട് ചോദിക്കുമ്പോള്‍ വിവരമില്ലാതെ തന്നെ അവര്‍ ഫത്‌വകള്‍ നല്‍കും. അങ്ങനെ അവര്‍ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും'(ബുഖാരി, മുസ്‌ലിം). 'ഇത്തിഹാദുല്‍ ഉലമാ കേരള' ലക്ഷ്യമിടുന്നത് പൂര്‍വികരുടെ മഹത്തായ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുന്നതിനാണ്. ഇസ്‌ലാമിനെതിരെ നാനാ ഭാഗത്തുനിന്നും ആക്രമണങ്ങളുടെ കൂരമ്പുകള്‍ തുരുതുരാ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍ അവധാനതയോടും ബുദ്ധിപരമായും അവയെ നേരിടുകയെന്നത് ക്ഷിപ്രസാധ്യമല്ല. സമുദായത്തിനു നേരെ അക്രമപരമായും ദുഷ്ടലാക്കോടു കൂടിയും നടക്കുന്ന ഈ വളഞ്ഞിട്ടാക്രമണമാണ് യുവാക്കളില്‍ ചിലരെയെങ്കിലും വഴിവിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മത-സാമൂഹിക-സാംസ്‌കാരിക-സാമുദായിക പ്രശ്‌നങ്ങളില്‍ സമൂഹത്തിന് ശരിയായ മാര്‍ഗദര്‍ശനം നല്‍കേണ്ടതുണ്ട്. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ തമ്മിലടിക്കുകയും ആഭ്യന്തര ശൈഥില്യം വളര്‍ത്തുകയും ചെയ്യുന്ന സമീപനങ്ങളില്‍നിന്ന് പണ്ഡിതന്മാര്‍ മാറിനില്‍ക്കണം. ഉത്തമ സമുദായം എന്ന നിലക്ക് സൃഷ്ടികര്‍ത്താവ് ചുമതലപ്പെടുത്തിയ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ അവര്‍ ഒത്തൊരുമിച്ച് നില്‍ക്കേണ്ടതുണ്ട്. നാട്ടില്‍ നന്മ വളര്‍ത്തുകയും തിന്മ തടയുകയും ചെയ്യുന്നതിന് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് മുസ്‌ലിംകള്‍ എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുമ്പോള്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദവും രഞ്ജിപ്പും ഉടലെടുക്കും. വിഷയങ്ങളെക്കുറിച്ച് അഗാധമായ പാണ്ഡിത്യമുള്ളവര്‍ക്കേ പ്രശ്‌നങ്ങളെക്കുറിച്ച് ആധികാരികമായി അഭിപ്രായപ്രകടനം സാധ്യമാകൂ. സങ്കീര്‍ണമായ പല പ്രശ്‌നങ്ങളെക്കുറിച്ചും എത്ര ലാഘവത്തോടെയാണ് നമ്മുടെ പുതുതലമുറ അഭിപ്രായം പ്രകടിപ്പിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചാല്‍ ബോധ്യപ്പെടും. ഉമറുബ്‌നുല്‍ ഖത്ത്വാബാണ് ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നതെങ്കില്‍ ബദ്‌റില്‍ പങ്കെടുത്ത മുഴുവന്‍ സ്വഹാബത്തിനെയും വിളിച്ചുകൂട്ടി കൂടിയാലോചിച്ച ശേഷം മാത്രമേ എന്തെങ്കിലും അഭിപ്രായം പറയുകയുള്ളൂ. എന്നാല്‍ ഇരുന്ന ഇരിപ്പില്‍ ഏതു വിഷയത്തിലും ഫത്‌വകള്‍ നല്‍കുന്ന ചെറുപ്പക്കാരെയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. സമുദായത്തെ നേരായ വഴിയിലൂടെ നയിക്കുക എന്ന ഇത്തിഹാദുല്‍ ഉലമാ കേരളയുടെ പ്രഖ്യാപിത ലക്ഷ്യത്തിനനുസൃതമായ നിലപാട് തന്നെയാകും 'ബോധനം' സ്വീകരിക്കുന്നത്. സന്തുലിതവും പ്രമാണബദ്ധവുമായിരിക്കും അതിന്റെ സമീപനം. ഇന്ന് യുവാക്കള്‍ക്കിടയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും വലിയൊരു വിഭാഗത്തെ അപഥ സഞ്ചാരത്തിലേക്ക് നയിക്കുകയും ചെയ്ത ഹദീസുകളോടുള്ള സമീപനം എന്ന വിഷയമാണ് ഈ ലക്കത്തില്‍ മുഖ്യമായി ചര്‍ച്ച ചെയ്യുന്നത്. വിഷയത്തിന്റെ വിവിധ വശങ്ങള്‍ പ്രതിപാദിക്കുന്ന പ്രൗഢ ലേഖനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിവിധ പ്രശ്‌നങ്ങളെക്കുറിച്ച മതവിധികള്‍ അന്വേഷിച്ചുകൊണ്ട് ധാരാളം കത്തുകള്‍ പണ്ഡിതവേദിക്ക് ലഭിക്കുന്നുണ്ട്. അവയില്‍നിന്ന് തെരഞ്ഞെടുത്ത ചില അന്വേഷണങ്ങള്‍ക്ക് ഫത്‌വാ കൗണ്‍സില്‍ തയാറാക്കിയ മറുപടികളും ഈ ലക്കത്തില്‍ വായിക്കാം. വിവിധ വിഷയങ്ങളെക്കുറിച്ച വ്യത്യസ്ത ലേഖനങ്ങള്‍ക്കു പുറമെ ഗ്രന്ഥപരിചയം, ചരിത്ര പുരുഷന്മാര്‍ തുടങ്ങിയ മറ്റു പംക്തികളും സ്ഥിരമായി പ്രസിദ്ധീകരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ കരങ്ങളിലേക്ക് ബോധനത്തിന്റെ കോപ്പികള്‍ എത്തിക്കാനും അതേറ്റെടുത്ത ദൗത്യം വിജയിപ്പിക്കാനും അഭ്യുദയകാംക്ഷികള്‍ മുന്നോട്ടുവരണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു. പണ്ഡിതരും പ്രതിഭാശാലികളുമായ സുഹൃത്തുക്കള്‍ അവരുടെ വിലപ്പെട്ട പഠനങ്ങളും അഭിപ്രായങ്ങളും ലേഖനങ്ങളും നല്‍കി സഹകരിക്കണമെന്നും അപേക്ഷിക്കുന്നു.