സുന്നത്തിന്റെ പ്രാമാണികത വെളിച്ചം വീഴാത്ത മേഖലകള്‍

വി.കെ അലി‌‌
img

മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ പ്രവാചകനാണ്. പ്രവാചകന്‍ എന്ന പദവിയുള്ളതോടൊപ്പം തിരുമേനി ഒരു പച്ചമനുഷ്യനുമാണ്. നിങ്ങള്‍ ആഹരിക്കുന്നത് ആഹരിക്കുകയും നിങ്ങള്‍ കുടിക്കുന്നത് കുടിക്കുകയും ചെയ്യുന്ന, നിങ്ങളെപ്പോലെ അങ്ങാടികളിലൂടെ സഞ്ചരിക്കുന്ന, നിങ്ങളെ പോലെയുള്ള സാധാരണ മനുഷ്യന്‍.
 (يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ  (المؤمنون : 33
(നിങ്ങള്‍ ഭക്ഷിക്കുന്നത് അദ്ദേഹവും ഭക്ഷിക്കുന്നു. നിങ്ങള്‍ കുടിക്കുന്നത് അദ്ദേഹവും കുടിക്കുന്നു).
مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِۙ (الفرقان : 7)
(ഈ പ്രവാചകനെന്തുപറ്റി? അദ്ദേഹം ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നുവല്ലോ).
قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌۖ (الكهف : 110)
(പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകനായ ദൈവമാണെന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെടുന്നു).
പ്രവാചകന്‍ എന്ന നിലക്ക് തിരുമേനിയുടെ ബാധ്യത ദൈവിക വചനങ്ങള്‍ കേള്‍പ്പിക്കുകയും ജനങ്ങളെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും ജ്ഞാനവും പഠിപ്പിക്കുകയുമാണ്.
 
هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ (الجمعة : 2)

(അക്ഷരാഭ്യാസമില്ലാത്ത ജനതയില്‍ അവരില്‍ തന്നെയുള്ള ഒരാളെ പ്രവാചകനായി നിയോഗിച്ചത് അവന്‍ (അല്ലാഹു) ആണ്. അദ്ദേഹം അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിനുമുമ്പ് അവര്‍ വ്യക്തമായ വഴികേടിലായിരുന്നു).
ഈ അവസ്ഥകളിലെല്ലാം പ്രവാചകന്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. അവ അല്ലാഹുവിനുള്ള അനുസരണയുമാണ്.
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِۚ (النساء : 64)
(ദൈവാനുമതിയോടെ അനുസരിക്കപ്പെടുന്നതിനു വേണ്ടിയാണ് നാം എല്ലാ പ്രവാചകന്മാരെയും നിയോഗിച്ചത്).
مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَۖ (النساء : 80)
(ആര്‍ പ്രവാചകനെ അനുസരിക്കുന്നുവോ അവന്‍ അല്ലാഹുവെയാണ് അനുസരിക്കുന്നത്).
فَإِن تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ (آل عمران : 32)
(അവര്‍ പിന്തിരിയുകയാണെങ്കില്‍ നിശ്ചയമായും അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നില്ല).
പ്രവാചകന്‍ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ വിശുദ്ധ വേദവചനങ്ങളുണ്ട്. അവ അല്ലാഹുവില്‍നിന്ന് ജിബ്‌രീല്‍ മുഖേന ലഭിക്കുന്ന അറബി ഭാഷയിലുള്ള ദിവ്യവചനങ്ങളാണ്.
وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ ﴿١٩٢﴾ نَزَلَ بِهِ الرُّوحُ الْأَمِينُ ﴿١٩٣﴾ عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ ﴿١٩٤﴾ بِلِسَانٍ عَرَبِيٍّ مُّبِينٍ ( الشعراء : ١٩٥)
(ഇത് ലോകനാഥനില്‍നിന്ന് അവതീര്‍ണമായതാണ്. സത്യസന്ധനായ മാലാഖയാണ് അതുമായി താങ്കളുടെ ഹൃദയത്തില്‍ ഇറങ്ങിയത്. താങ്കള്‍ മുന്നറിയിപ്പുകാരില്‍ ഉള്‍പ്പെടുന്നതിനായിരുന്നു അത്. സുവ്യക്തമായ അറബിഭാഷയിലാണിത്).
ഇതിനെക്കുറിച്ചാണ്, നബി(സ) പറയുന്ന കാര്യങ്ങള്‍ സ്വേഛയാ പറയുന്നതല്ല. അതെല്ലാം ദിവ്യബോധനമാണെന്ന് ഖുര്‍ആന്‍ പറയുന്നത്.
وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾ عَلَّمَهُ شَدِيدُ الْقُوَىٰ ﴿٥﴾

(അദ്ദേഹം സ്വന്തം ഇഛയാല്‍ ഒന്നും പറയുന്നില്ല. അത് ബോധനം നല്‍കപ്പെടുന്ന വഹ്‌യാണ്. അതിശക്തനായ മാലാഖയാണത് പഠിപ്പിക്കുന്നത്).
അതേപോലെ ചിലപ്പോള്‍ മലക്കിലൂടെയോ വെളിപാടിലൂടെയോ ദിവ്യബോധനങ്ങള്‍ തിരുമേനിക്ക് ലഭിക്കും. പക്ഷേ, അവക്ക് ഖുര്‍ആനിനെപോലുള്ള അമാനുഷികതയോ പവിത്രതയോ ഉണ്ടായിരിക്കില്ല. ഇത്തരം സംഭവങ്ങള്‍ ഖുര്‍ആനിലൂടെയും ഹദീസുകളിലൂടെയും ധാരാളമായി മനസ്സിലാക്കാം. ഉദാ:

وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلَّا لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِۚ (البقرة : 143)

(നീ പിന്‍പറ്റിയിരുന്ന ഖിബ്‌ലയെ നാം നിനക്ക് നിശ്ചയിച്ചുതന്നത് പ്രവാചകനെ പിന്‍പറ്റുന്നവരും അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോകുന്നവരും ആരെന്ന് തിരിച്ചറിയുന്നതിനു വേണ്ടിയാണ്).
مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَائِمَةً عَلَىٰ أُصُولِهَا فَبِإِذْنِ اللَّهِ (الحشر : 5)
(നിങ്ങള്‍ വെട്ടിമുറിക്കുന്ന ഈത്തപ്പനകളും വെട്ടാതെ നിലനിര്‍ത്തുന്ന മരങ്ങളുമെല്ലാം അല്ലാഹുവിന്റെ അനുമതിയോടെയായിരുന്നു).
ഈ രണ്ടു ഉദാഹരണങ്ങളില്‍ പറഞ്ഞ സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെ നല്‍കപ്പെട്ട കല്‍പനകളല്ല. എങ്കിലും അവ ദൈവികമായിരുന്നുവെന്ന് പിന്നീട് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പ്രവാചകന്‍ തുടക്കത്തില്‍ ബൈതുല്‍ മഖ്ദിസിലേക്ക് തിരിഞ്ഞു നമസ്‌കരിച്ചതും അല്ലാഹുവിന്റെ കല്‍പനപ്രകാരമായിരുന്നു. ജൂതന്മാരുടെ ഈത്തപ്പനകള്‍ യുദ്ധവേളയില്‍ വെട്ടിമുറിക്കാന്‍ തീരുമാനിച്ചതും ദൈവിക നിര്‍ദേശപ്രകാരമായിരുന്നു.
ജിബ്‌രീല്‍ വന്നുകൊണ്ട്  ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ എന്നിവയെ കുറിച്ച് അന്വേഷിച്ച സംഭവം ഹദീസ്ഗ്രന്ഥങ്ങളില്‍ സുപരിചിതമാണ്.
ഇവക്ക് പുറമെ നബി(സ) ദൈവികമായ വഹ്‌യുകള്‍ ലഭിക്കാത്ത ചില വിഷയങ്ങളില്‍ ഇജ്തിഹാദ് നടത്താറുണ്ടായിരുന്നു. ഇത്തരം ഇജ്തിഹാദുകള്‍ക്കും പ്രാമാണികതയുണ്ട്. കാരണം, അവയില്‍ എന്തെങ്കിലും പിശകുകള്‍ സംഭവിച്ചാല്‍ അല്ലാഹു ഇടപെട്ട് ഉടനെ തിരുത്തും.  ഇതാണ് പ്രവാചകന്റെ ഇജ്തിഹാദും മറ്റുള്ളവരുടെ ഇജ്തിഹാദും തമ്മിലുള്ള അന്തരം. ഇത്തരം ഇജ്തിഹാദുകളുടെ ഉദാഹരണങ്ങളും ഖുര്‍ആനില്‍നിന്ന് ലഭ്യമാണ്.
عَفَا اللَّهُ عَنكَ لِمَ أَذِنتَ لَهُمْ (التوبة : 43)
(അല്ലാഹു നിനക്ക് മാപ്പ് നല്‍കിയിരിക്കുന്നു. നീ എന്തിനാണവര്‍ക്ക് അനുവാദം നല്‍കിയത്). തബൂക്ക് യുദ്ധത്തിന് പോകാന്‍ മടിച്ച കപടവിശ്വാസികള്‍ വ്യാജ ഒഴികഴിവുകളുമായി സമ്മതം ചോദിച്ചപ്പോള്‍ തിരുമേനി അവര്‍ക്ക് യുദ്ധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ സമ്മതം നല്‍കി. ഇതിനെയാണ് അല്ലാഹു ചോദ്യം ചെയ്തത്.
مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِۚ (الأنفال : 67)
(ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി സ്ഥാപിക്കുന്നതുവരെ യുദ്ധത്തടവുകാര്‍ ഉണ്ടാകുന്നത് ഒരിക്കലും ഭൂഷണമല്ല).
ബദ്ര്‍ യുദ്ധത്തിലെ ബന്ദികളെ മോചനദ്രവ്യം നല്‍കി വിട്ടയക്കണോ അതോ കൊന്നുകളയണോ എന്ന വിഷയത്തില്‍ ആദ്യനിലപാടാണ് പ്രവാചകന്‍ അംഗീകരിച്ചത്. ശക്തരായ പ്രതിയോഗികള്‍ പുറത്തിറങ്ങി വിഹരിക്കുന്നത് കൂടുതല്‍ അപകടം വരുത്തുമെന്നും അവരെ വധിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നും പിന്നീട് ദിവ്യബോധനമുണ്ടായി.
عَبَسَ وَتَوَلَّىٰ ﴿١﴾ أَن جَاءَهُ الْأَعْمَىٰ (عبس :٢)
(ആ അന്ധനായ വ്യക്തി വന്നപ്പോള്‍ അവന്‍ മുഖംചുളിച്ചു പിന്തിരിഞ്ഞു).
ഖുറൈശി പ്രമുഖരെ അഭിമുഖീകരിച്ച് പ്രബോധന ദൗത്യം നിര്‍വഹിക്കുന്ന സദസ്സിലേക്ക് ഔചിത്യബോധമില്ലാതെ കടന്നുവന്ന് സംശയമുന്നയിച്ച ഇബ്‌നു ഉമ്മിമക് തൂമിന്റെ പെരുമാറ്റം പ്രവാചകനില്‍ നീരസം ജനിപ്പിച്ചു. എന്നാല്‍ ഇത് ശരിയായില്ല എന്ന വിമര്‍ശനമാണ് അല്ലാഹുവിങ്കല്‍നിന്നുണ്ടായത്. മുകളില്‍ പറഞ്ഞ മൂന്ന് ഉദാഹരണങ്ങളിലും നബിയുടെ ഇജ്തിഹാദ് പിഴച്ചുപോയി എന്ന് ഖുര്‍ആന്‍ തിരുത്തുന്നു.
എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി, ഒരു സാധാരണ മനുഷ്യന്‍ എന്ന നിലക്ക് പ്രവാചകന്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ നബിയുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്. ഇത്തരം കാര്യങ്ങളെല്ലാം അപ്പടി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ട ബാധ്യത മുസ്‌ലിം സമുദായത്തിനില്ല. അവ തെറ്റാകാനും ശരിയാകാനും സാധ്യതയുണ്ട്. ഇവക്ക് പ്രാമാണികതയില്ല. അതിനാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് സ്വഹാബികള്‍ സംശയനിവാരണം വരുത്തുകയും ചിലപ്പോഴൊക്കെ നബിയുടെ നിര്‍ദേശങ്ങള്‍ നിരാകരിക്കുകയും ചെയ്യുമായിരുന്നു. ചില ഉദാഹരണങ്ങള്‍ കാണുക:
1. ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിം സൈന്യം ക്യാമ്പ് ചെയ്യാന്‍ തെരഞ്ഞെടുത്ത സ്ഥലം നബി(സ)യുടെ നിര്‍ദേശപ്രകാരമായിരുന്നു.  പ്രസ്തുത സ്ഥലം അത്രകണ്ട് അനുയോജ്യമല്ലെന്ന് حباب بن المنذر -ന് തോന്നിയപ്പോള്‍ അദ്ദേഹം ചോദിച്ചു: 
أهذا منزل أنزلكه الله ، ليس لنا متقدم عنه ولا متاخر، أم هو الحرب والمكيدة
(ഇത് അല്ലാഹു താങ്കള്‍ക്ക് നിര്‍ദേശിച്ചു തന്ന താവളമാണോ? എങ്കില്‍ മുന്നോട്ടോ പിന്നോട്ടോ പോകാന്‍ ഞങ്ങള്‍ക്കവകാശമില്ല. അതോ ഇത് കേവലം അഭിപ്രായവും യുദ്ധതന്ത്രവുമാണോ?) 
ഇത് വഹ്‌യ് അല്ലെന്നും സ്വന്തം അഭിപ്രായമാണെന്നും പറഞ്ഞപ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു സ്ഥലം حباب ചൂണ്ടിക്കാട്ടുകയും നബി(സ)യും സൈന്യവും അങ്ങോട്ടു മാറുകയും ചെയ്തു. 
2. മുഗീഥ് എന്ന അടിമയുടെ ഭാര്യയായിരുന്ന ബരീറ മോചിതയായി. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അടിമയുമായുള്ള വിവാഹം നിലനിര്‍ത്താനും ദുര്‍ബലമാക്കാനുമുള്ള അവകാശം അവര്‍ക്ക് ലഭിച്ചു. മുഗീഥിന് ഭാര്യയോട് അദമ്യമായ സ്‌നേഹമുണ്ടായിരുന്നെങ്കിലും ബരീറഃ പ്രസ്തുത ബന്ധം നിലനിര്‍ത്താന്‍ തല്‍പരയായിരുന്നില്ല. പ്രശ്‌നം നബി(സ)യുടെ മുന്നിലെത്തിയപ്പോള്‍ വിഷയത്തില്‍ പുനരാലോചന നടത്താന്‍ തിരുമേനി ബരീറയോടാവശ്യപ്പെട്ടു. അപ്പോളവര്‍ ചോദിച്ചു أتأمرني يا رسول الله   (പ്രവാചകരേ, താങ്കളെന്നോട് ആജ്ഞാപിക്കുകയാണോ?) അല്ല എന്നും  ولكني أشفع (ഞാന്‍ ശുപാര്‍ശ ചെയ്യുകയാണെന്നും) നബി(സ) വ്യക്തമാക്കിയപ്പോള്‍ ആ ശുപാര്‍ശ അവര്‍ തിരസ്‌കരിക്കുകയാണുണ്ടായത്.
3. ജാബിറി(റ)ന്റെ  പിതാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന് വളരെയേറെ കടമുണ്ടായിരുന്നു. പിതാവിന്റെ കടക്കാരോട് വിട്ടുവീഴ്ച ചെയ്യാന്‍ പറയണമെന്ന് ജാബിര്‍(റ) നബിയോട് അഭ്യര്‍ഥിച്ചു. നബി(സ) അവരെ കണ്ട് സംസാരിച്ചുവെങ്കിലും അവരാരും അതംഗീകരിച്ചില്ല. അവര്‍ക്കതിന്റെ പേരില്‍ എന്നോട് അമര്‍ഷമുണ്ടാവുകയാണ് ചെയ്തതെന്ന് ജാബിര്‍ പറയുന്നു. എങ്കിലും നബിയുടെ ശുപാര്‍ശ സ്വീകരിക്കാത്തതിന്റെ പേരില്‍ ആരും അവരെ അധിക്ഷേപിച്ചതായി കാണുന്നില്ല.
അപ്പോള്‍ ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ തിരുമേനി പറയുന്നത് സാധാരണ ഒരു വ്യക്തിയെന്ന നിലക്കാണെന്നും പ്രവാചകത്വവുമായി അതിന് ബന്ധമില്ലെന്നും സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ നബിതിരുമേനി തന്നെ അതവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തിരുന്നു. ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഈത്തപ്പനയുടെ പരാഗണസംഭവം അതിന്റെ മികച്ച ഉദാഹരണമാണ്. ഈ ഹദീസില്‍ നബി(സ) വ്യക്തമാക്കുന്നു:
إِنَّمَا أَنَا بَشَرٌ إِذَا أَمَرْتُكُمْ بِشَىْءٍ مِنْ دِينِكُمْ فَخُذُوا بِهِ وَإِذَا أَمَرْتُكُمْ بِشَىْءٍ مِنْ رَأْىٍ فَإِنَّمَا أَنَا بَشَرٌ
''ഞാനൊരു കേവല മനുഷ്യനാണ്. നിങ്ങളുടെ മതകാര്യത്തില്‍പെട്ട വല്ലതും ഞാന്‍ നിങ്ങളോട് കല്‍പിച്ചാല്‍ അത് നിങ്ങള്‍ സ്വീകരിക്കുക. എന്റെ അഭിപ്രായമനുസരിച്ച് ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേവലം ഒരു മനുഷ്യന്റേത് എന്ന നിലയില്‍ മാത്രമാണ്''.
ഇത്  رافع بن خديج -ല്‍നിന്നുള്ള നിവേദനമാണ്. ആഇശ(റ)യുടെ റിപ്പോര്‍ട്ടില്‍ 
أَنْتُم أَعْلَمُ بِأَمْر دنْيَاكُم (നിങ്ങളുടെ ലോകകാര്യങ്ങള്‍ നിങ്ങള്‍ക്കാണ് കൂടുതല്‍ അറിയുക) എന്നും ത്വല്‍ഹയുടെ രിവായത്തില്‍  فَإِني إِنَّمَا ظَننتُ ظَنّا (ഞാന്‍ ഒരു കേവലം ഊഹം നടത്തിയതാണ്) എന്നും കാണാം. ഈ ഹദീസിന് ഇമാം നവവി നല്‍കിയ ശീര്‍ഷകം
بَاب وُجُوبِ امتِثال مَا قَالَه شَرْعًا دُون مَا ذَكَرَه مِن مَعَايش الدُّنْيَا عَلَى سَبيل الرّأي
  (പ്രവാചകന്‍ മതപരമായ കാര്യം പറയുമ്പോള്‍ നിര്‍ബന്ധമായി പിന്തുടരണം; സ്വന്താഭിപ്രായപ്രകാരം പറയുന്ന ലൗകിക കാര്യങ്ങള്‍ അതില്‍പെടില്ല) എന്നാണ്.
തിരുമേനിയുടെ ഈ രണ്ടുതരം അവസ്ഥകളെ സ്വഹാബത്തിന്റെ കാലം മുതല്‍ തന്നെ വിവേചനത്തോടെയാണ് കണ്ടിരുന്നതെന്ന് കാണാം. എന്നാല്‍ ചിലപ്പോള്‍ അത് വേര്‍തിരിച്ചു മനസ്സിലാക്കുന്നതില്‍ അവര്‍ക്കിടയില്‍ ആശയക്കുഴപ്പം സംഭവിച്ചിരുന്നു. ചില കാര്യങ്ങള്‍ പ്രവാചകന്‍ എന്ന നിലപാടില്‍ നിന്നുകൊണ്ട് പറഞ്ഞതാണോ (അങ്ങനെയാകുമ്പോള്‍ അവ പിന്തുടരേണ്ടതും പകര്‍ത്തേണ്ടതുമാണ്) അതോ, മറ്റുള്ളവരെപ്പോലെ കേവലം അഭിപ്രായ പ്രകടനങ്ങളാണോ എന്നതില്‍ അവര്‍ക്കിടയില്‍ അഭിപ്രായഭേദമുണ്ടാകാറുണ്ട്. ഒരു കാര്യം സുന്നത്താണോ അല്ലയോ എന്ന് സ്വഹാബികള്‍ പ്രയോഗിച്ചിരുന്നത് പിന്തുടരേണ്ട നബിചര്യയാണോ അല്ലയോ എന്ന അര്‍ഥത്തിലായിരുന്നു. പിന്തുടരേണ്ട കാര്യത്തിന് മാത്രമേ അവര്‍ സുന്നത്ത് എന്ന പദം  പ്രയോഗിച്ചിരുന്നുള്ളൂ. ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ أبو الطفيل പറയുന്നു: ഞാന്‍ ഇബ്‌നു അബ്ബാസിനോട് ചോദിച്ചു:
يَزْعُمُ قَوْمُكَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَمَلَ بِالْبَيْتِ وَأَنَّ ذَلِكَ سُنَّةٌ فقَالَ صَدَقُوا وَكَذَبُوا ‏.‏ قُلْتُ وَمَا صَدَقُوا وَمَا كَذَبُوا؟ قَالَ: صَدَقُوا رَمَلَ رَسُولُ اللَّهِ صلى الله عليه وسلم بِالْبَيْتِ وَكَذَبُوا لَيْسَ بِسُنَّةٍ إِنَّ قُرَيْشًا قَالَتْ زَمَنَ الْحُدَيْبِيَةِ دَعُوا مُحَمَّدًا وَأَصْحَابَهُ حَتَّى يَمُوتُوا مَوْتَ النَّغَفِ ‏. فَلَمَّا صَالَحُوهُ عَلَى أَنْ يَقْدَمُوا مِنَ الْعَاِمِ الْمُقْبِلِ فَيُقِيمُوا بِمَكَّةَ ثَلاَثَةَ أَيَّامٍ فَقَدِمَ رَسُولُ اللَّهِ صلى الله عليه وسلم وَالْمُشْرِكُونَ مِنْ قِبَلِ قُعَيْقِعَانَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم لأَصْحَابِهِ ‏ "‏ ارْمُلُوا بِالْبَيْتِ ثَلاَثًا ‏"‏‏ وَلَيْسَ بِسُنَّةٍ ‏.

(നബി(സ) കഅ്ബക്ക് ചുറ്റും 'റംല്' നടത്തം നടന്നുവെന്നും അത് സുന്നത്താണെന്നും നിന്റെ ആളുകള്‍ വാദിക്കുന്നുവല്ലോ എന്ന് ഞാന്‍ ഇബ്‌നു അബ്ബാസിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതില്‍ ശരിയും തെറ്റുമുണ്ട്. ഞാന്‍ ചോദിച്ചു: എന്താണ് നേര്? എന്താണ് തെറ്റ്? അദ്ദേഹം പറഞ്ഞു: നബി കഅ്ബക്ക് ചുറ്റും റംല് നടത്തം നടന്നു എന്നുപറഞ്ഞത് ശരിയാണ്. അത് സുന്നത്താണെന്ന് പറഞ്ഞത് തെറ്റുമാണ്. കാരണം, ഖുറൈശികള്‍ ഹുദൈബിയാ വേളയില്‍ പറഞ്ഞു; മുഹമ്മദിനെയും അവന്റെ ആളുകളെയും കാര്യമാക്കേണ്ടതില്ല. അവര്‍ രോഗബാധിതരായി മരിച്ചുകൊള്ളും. അവരുടെ മുന്നില്‍ ശക്തിപ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് അനുയായികളോട് റംല് നടത്തം നടക്കാന്‍ തിരുമേനി നിര്‍ദേശിച്ചത്. അതൊരു സ്ഥിരം സുന്നത്തൊന്നുമല്ല).

അതുപോലെ ഹജ്ജ് വേളയില്‍ محصب -ല്‍ ഇറങ്ങുക എന്നത് സുന്നത്താണെന്ന് ഇബ്‌നു ഉമര്‍ പറയുമ്പോള്‍ (ബുഖാരി) ആഇശയും ഇബ്‌നു അബ്ബാസും പറയുന്നത് 
لَيْسَ التَّحْصِيبُ بِشَيْءٍ إِنَّمَا هُوَ مَنْزِلٌ نَزَلَهُ رَسُولُ اللَّهِ صلى الله عليه وسلم(البخاري)
(മുഹസ്വബില്‍ ഇറങ്ങുക എന്നതിന് പ്രത്യേക പ്രാധാന്യമൊന്നുമില്ല, അത് പ്രവാചകന്‍ ഇറങ്ങിയ ഒരു സ്ഥലം എന്നേയുള്ളൂ) എന്നാണ്.
നാടന്‍ കഴുതയെ നിഷിദ്ധമാക്കിയതിനെക്കുറിച്ചും ഇബ്‌നു അബ്ബാസ് പറയുന്നത് അത് പ്രത്യേക സാഹചര്യം പരിഗണിച്ചാണെന്നാണ്. യാത്രക്കുപയോഗിക്കുന്ന മൃഗങ്ങള്‍ കുറഞ്ഞുപോകുന്നുവെന്ന പരാതി കിട്ടിയപ്പോഴാണ് നബി തിരുമേനി വിലക്കിയത്. അനസുബ്‌നു മാലിക് പറയുന്നു:
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم جَاءَهُ جَاءٍ فَقَالَ أُكِلَتِ الْحُمُرُ‏.‏ فَسَكَتَ، ثُمَّ أَتَاهُ الثَّانِيَةَ فَقَالَ أُكِلَتِ الْحُمُرُ‏.‏ فَسَكَتَ، ثُمَّ الثَّالِثَةَ فَقَالَ أُفْنِيَتِ الْحُمُرُ‏.‏ فَأَمَرَ مُنَادِيًا فَنَادَى فِي النَّاسِ إِنَّ اللَّهَ وَرَسُولَهُ يَنْهَيَانِكُمْ عَنْ لُحُومِ الْحُمُرِ الأَهْلِيَّةِ‏
(നബി(സ)യുടെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: കഴുതകളെല്ലാം തിന്നു തീര്‍ന്നു. അപ്പോള്‍ തിരുമേനി മൗനം ദീക്ഷിച്ചു. അദ്ദേഹം രണ്ടാമതും വന്നു പറഞ്ഞു: കഴുതകളെല്ലാം തിന്നുതീര്‍ന്നു. അപ്പോഴും തിരുമേനി മൗനമവലംബിച്ചു. മൂന്നാമതും അദ്ദേഹം വന്നുപറഞ്ഞു: കഴുതകളെല്ലാം നശിച്ചുകഴിഞ്ഞു. അപ്പോള്‍ നബി ഒരാളെ വിളിച്ച് ജനങ്ങളില്‍ വിളംബരം ചെയ്തു. അല്ലാഹുവും അവന്റെ ദൂതനും നാടന്‍ കഴുതയുടെ മാംസം നിങ്ങള്‍ക്ക് വിലക്കുന്നു).
ഇത് പ്രത്യേക സാഹചര്യത്തിലുള്ള നിരോധമായിരുന്നുവെന്ന് തന്നെയായിരുന്നു ഇബ്‌നു അബ്ബാസിന്റെ അഭിപ്രായം.
നബി(സ) പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ സകല കാര്യങ്ങളും ശരീഅത്തിന്റെ ഭാഗമായി ഗണിക്കേണ്ടതില്ലെന്നും ഒരു സാധാരണ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും ഹിതാഹിതങ്ങളും പോലെ പരിഗണിക്കേണ്ട ഒരു മേഖല നബിചര്യയിലുണ്ടെന്നും സ്വഹാബത്തിന്റെ കാലം മുതല്‍ക്കേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പല രീതിയിലും ശൈലിയിലുമാണ്  പണ്ഡിതന്മാര്‍ അതിനെ വ്യവഹരിച്ചത്. ഇമാം ഇബ്‌നു ഖുതൈബ (മരണം 276) തന്റെ تأويل مختلف الحديث -ല്‍ എഴുതുന്നു: സുന്നത്തുകള്‍ മൂന്ന് വിധമുണ്ട്. 
1. അല്ലാഹുവില്‍നിന്നുള്ള കല്‍പന ജിബ്‌രീല്‍ എത്തിച്ചുകൊടുക്കുന്നത്. ഉദാഹരണം:  
لاَ تُنْكَحُ الْمَرْأَةُ عَلَى عَمَّتِهَا وَلاَ عَلَى خَالَتِهَا
ഒരു സ്ത്രീയെയും അവളുടെ മാതൃസഹോദരിയെയോ പിതൃസഹോദരിയെയോ ഒന്നിച്ച് വിവാഹം ചെയ്യരുത്.
2. സ്വന്തം ഹിതാനുസാരം നടപടി സ്വീകരിക്കാന്‍ പ്രവാചകന് അല്ലാഹു അധികാരം നല്‍കിയത് എ) പട്ട് നിരോധിച്ചതും അബ്ദുര്‍റഹ്മാനുബ്‌നു ഔഫിന് അനുവാദം നല്‍കിയതും. ബി) മൂന്ന് ദിവസത്തിലേറെ لحوم الأضاحي (ബലിമാംസം) സൂക്ഷിക്കരുത്. زيارة القبور (ഖബ്ര്‍ സന്ദര്‍ശനം) വിലക്കിയത്.
3. ഉത്തമമായത് എന്ന രൂപത്തില്‍ നിര്‍ദേശിക്കുന്നവ. അവ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. ഉദാ: തലേക്കെട്ടിന്റെ രീതി, മലംതീനിയുടെ മാംസം, ബാര്‍ബറുടെ പ്രതിഫലം.

ഏഴാം നൂറ്റാണ്ടിലെ പ്രസിദ്ധ മാലികീ പണ്ഡിതന്‍ شهاب الدين القرافي അദ്ദേഹത്തിന്റെ الفروق എന്ന വിഖ്യാത ഗ്രന്ഥത്തില്‍ കൂടുതല്‍ തെളിച്ചത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞു: നബി(സ)യുടെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ത സ്വഭാവത്തിലുണ്ട്. എ) അല്ലാഹുവിന്റെ സന്ദേശങ്ങള്‍ تبليغ ചെയ്യേണ്ട പ്രവാചകന്‍ എന്ന നിലക്ക്. ഈ ഇനത്തിലുള്ളവയെല്ലാം പിന്‍പറ്റണം. ബി) മുസ്‌ലിംകളുടെ ഇമാം എന്ന നിലക്ക് ചെയ്യുന്നത്. അവയുടെ സ്വഭാവം ഇമാമിന്റെ അനുവാദത്തോടെ മാത്രമേ അവ ചെയ്യാന്‍ പാടുള്ളൂവെന്നതാണ്. സി) ജഡ്ജിയെന്ന നിലക്കുള്ളവ. കോടതി നടപടിയിലൂടെയാണ് അവ സ്വീകരിക്കേണ്ടത്.
അനന്തരം ഉദാഹരണങ്ങളിലൂടെ ഇക്കാര്യം അദ്ദേഹം വിശദീകരിക്കുന്നു. നബി(സ) പറഞ്ഞു: مَنْ أَحْيَا أَرْضًا فَهِي لَه (ഒരു ഭൂമി ഒരാള്‍ കൃഷിയോഗ്യമാക്കിയാല്‍ അത് അവന് അവകാശപ്പെട്ടതാണ്). ഇത് എന്നെന്നേക്കുമുള്ള ഒരു പൊതുനിയമമല്ല. ഒരു ഭരണാധികാരി (ഇമാം) എന്ന നിലക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ഗവണ്‍മെന്റിന് സ്വീകരിക്കാവുന്നതും റദ്ദ് ചെയ്യാവുന്നതുമായ ഒരു നിയമമാണ്. അതുപോലെ مَنْ قَتلَ قتِيلاً فَلَه سلبُه  (ഒരാള്‍ ഒരു ശത്രുവിനെ കൊന്നാല്‍ അയാളുടെ യുദ്ധോപകരണങ്ങള്‍ അവന്ന് അവകാശപ്പെട്ടതാണ്) എന്നത് പടയാളിക്ക് പ്രചോദനം വര്‍ധിപ്പിക്കാന്‍ സ്വീകരിക്കപ്പെട്ട ഒരു ഓഫറാണ്, എന്നന്നേക്കുമുള്ള നിയമമല്ല.
അബൂസുഫ്‌യാന്റെ ഭാര്യ  هِند بنت عتبة  പ്രവാചകനോട് إِنَّ أَبَا سُفْيَانَ رَجُلٌ شَحِيحٌ وَإِنَّهُ لاَ يُعْطِينِي مَا يَكْفِينِي وَوَلَدِي  (അബൂസുഫ്‌യാന്‍ പിശുക്കനായ മനുഷ്യനാണ്. എനിക്കും കുട്ടികള്‍ക്കും മതിയാകുന്നത് അദ്ദേഹം തരുന്നില്ല) എന്ന് പരാതിപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: خُذِي مَا يَكْفِيكِ وَوَلَدَكَ بِالْمَعْرُوفِ (നിനക്കും നിന്റെ കുട്ടികള്‍ക്കും മിതമായ തോതില്‍ മതിയാകുന്നത് നീ എടുത്തുകൊള്ളുക).

ഇത് ഒരു വിധികര്‍ത്താവ് (ഖാദി) എന്ന നിലക്ക് ഒരു പ്രത്യേക കേസില്‍ നബിയുടെ തീരുമാനമായിരുന്നു. പൊതുവിധിയല്ല. എക്കാലത്തേക്കും അത് സ്വീകാര്യമായിക്കൊള്ളണമെന്നുമില്ല.
ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ زاد المعاد -ല്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു: നബിതിരുമേനി ഇമാമും ഹാകിമും ഖാദിയും മുഫ്തിയും റസൂലുമാണ്. റസൂല്‍ എന്ന നിലക്ക് വിധി പറയുമ്പോള്‍ അത് ഖിയാമത്ത് വരെ അനുധാവനം ചെയ്യേണ്ട നിയമമാകും. വിധികര്‍ത്താവ് എന്ന നിലയിലാകുമ്പോള്‍ ആ കേസുകള്‍ക്കേ അത് ബാധകമാകൂ (ഹിന്ദിന്റെയും അബൂസുഫ്‌യാന്റെയും പ്രശ്‌നത്തിലെന്നപോലെ). മുസ്‌ലിംകളുടെ ഇമാം എന്ന നിലക്ക് പറയുമ്പോള്‍ അക്കാലത്തെ മുസ്‌ലിം സമൂഹത്തിന്റെ താല്‍പര്യം പരിഗണിച്ചുകൊണ്ടാകും അത്. അതുകൊണ്ടാണ് ഹദീസുകളെ വിവിധ രീതിയില്‍ പരിഗണിച്ച് ഇമാമുകള്‍ വ്യത്യസ്ത വിധികളില്‍ ചെന്നെത്തുന്നത്. 

ശാ വലിയുല്ലാഹിദ്ദഹ്‌ലവി തന്റെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃയില്‍ സുന്നത്തിനെ ما سبيله تبليغ الرسالة എന്നും  എന്നും തരംതിരിക്കുന്നു. നബി(സ) പറഞ്ഞ طب (വൈദ്യം, ചികിത്സ) സംബന്ധമായ കാര്യങ്ങളും സാന്ദര്‍ഭികമായ ചില താല്‍പര്യങ്ങള്‍ പരിഗണിച്ച് തിരുമേനി പറയുന്നതും عادة (സമ്പ്രദായം) എന്ന നിലക്ക് തിരുമേനി  ചെയ്യുന്ന സംഗതികളുമൊക്കെ ഈ രണ്ടാമത്തെ ഗണത്തിലാണ് അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടില്‍ ഈ വിഷയകമായി വിശദമായ ചര്‍ച്ച നടത്തിയ മൂന്ന് പ്രധാന വ്യക്തിത്വങ്ങള്‍ ശൈഖ് റശീദ് രിദായും ശൈഖ് മഹ്മൂദ് ശല്‍തൂതും ത്വാഹിര്‍ ഇബ്‌നു ആശൂറുമാണ്. അവരുടെ പഠനാര്‍മായ ചര്‍ച്ചകളില്‍നിന്ന് വിഷയത്തിലേക്ക് കൂടുതല്‍ വെളിച്ചം കിട്ടുന്നു. നിങ്ങള്‍ സന്മാര്‍ഗത്തിലാകുന്നതിന് പ്രവാചകനെ നിങ്ങള്‍ പിന്‍പറ്റുക (وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ) എന്ന സൂറത്തുല്‍ അഅ്‌റാഫ് 158-ല്‍ പറഞ്ഞ  -ല്‍ നബി തിരുമേനിയുടെ സാധാരണ കാര്യങ്ങളില്‍ പെടുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുകയില്ലെന്ന് റശീദ് രിദാ വ്യക്തമാക്കുന്നു. كُلُوا الزَّيْتَ وَادَّهِنُوا بِهِ فَإِنَّهُ طَيِّب مُبَارَكٌ 'നിങ്ങള്‍ എണ്ണ കഴിക്കുക, നിങ്ങള്‍ എണ്ണ പൂശുക, കാരണം, അത് നല്ലതും അനുഗൃഹീതവുമാകുന്നു' എന്നതും  കൃഷി, കച്ചവടം, അനുഭവപരിജ്ഞാനം, കേവലാഭിപ്രായങ്ങള്‍ എന്നിവയൊന്നും അതില്‍പെട്ടതല്ലെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ബദ്‌റില്‍ താവളമടിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം, മുടി കറുപ്പിക്കുന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍, ഹജ്ജ് കര്‍മത്തിന്റെ ഭാഗമായി അറഫയിലും മുസ്ദലിഫയിലും നബി ഇറങ്ങിയേടത്ത് ഇറങ്ങല്‍ എന്നിവ ഈ ഗണത്തിലാണ് അദ്ദേഹം കാണുന്നത്.  (തഫ്‌സീറുല്‍ മനാര്‍ വാള്യം 9 പേജ് 317 നോക്കുക).

സുന്നത്തിനെ  تشريعي (നിയമനിര്‍മാണപരം) എന്നും عير تشريعي (നിയമനിര്‍മാണപരമല്ലാത്തത്) എന്നും വിഭജിച്ചത് ശൈഖ് ശല്‍തൂത് ആണ്. അദ്ദേഹം പറയുന്നു: നബിയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നതും ഹദീസ് ഗ്രന്ഥങ്ങളില്‍ തിരുമേനിയുടെ تقرير، فعل، قول എന്ന രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടതുമായവ പല തരത്തിലുണ്ട്:
1) മനുഷ്യപ്രകൃതിയുടെ താല്‍പര്യമനുസരിച്ച് ചെയ്യുന്നത്. തിന്നുക, കുടിക്കുക, ഉറങ്ങുക, നടക്കുക, സന്ദര്‍ശിക്കുക, സാധാരണ രീതിയില്‍ രണ്ടാളുകള്‍ക്കിടയില്‍ തര്‍ക്കം തീര്‍ക്കുക, ശുപാര്‍ശ ചെയ്യുക, കൊള്ളക്കൊടുക്കകളില്‍ വിലപേശുക എന്നിവപോലെ.
2) വ്യക്തിപരമായ പരിചയത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലുള്ളവ. കൃഷി, ചികിത്സ, വസ്ത്രങ്ങളുടെ നീട്ടക്കുറവുകള്‍ പോലെ. 
3) സന്ദര്‍ഭാനുസൃതം മനുഷ്യന്‍ ചെയ്യുന്ന ആസൂത്രണ നടപടികള്‍. സൈന്യങ്ങളുടെ വിഭജനം, ക്യാമ്പിംഗ് സ്ഥലങ്ങളുടെ നിര്‍ണയം പോലുള്ളവ. ഈ പറയുന്നതൊന്നും شرع -മായി ബന്ധപ്പെട്ടതോ تشريعي ഇനത്തില്‍പെട്ടതോ അല്ല. 

تشريعي ഇനത്തില്‍ പെട്ടതുതന്നെ  പല തരമുണ്ട്:
1) റസൂല്‍ എന്ന നിലക്ക് എക്കാലത്തും മുസ്‌ലിംകള്‍ പിന്തുടരേണ്ട നിയമങ്ങള്‍. ഇബാദത്തുകള്‍, അഖാഇദുകള്‍, അഖ്‌ലാഖുകള്‍ എന്നിവയെല്ലാം ഈ ഇനത്തില്‍ പെടുന്നു. 
2) മുസ്‌ലിംകളുടെ ഇമാം എന്ന അടിസ്ഥാനത്തില്‍ ചെയ്യുന്നത്. ബൈതുല്‍മാലിന്റെ ശേഖരണ-വിതരണം, ഖാദിമാരെ നിശ്ചയിക്കല്‍, ഗനീമത്തുകള്‍ ഭാഗിക്കല്‍, സന്ധിസംഭാഷണം മുതലായവ. ഇവയെല്ലാം എക്കാലത്തെയും ഇമാമുമാരുടെ അവകാശാധികാരങ്ങളില്‍ പെട്ടതാണ്.
3) ഖാദി എന്ന നിലക്ക് സ്വീകരിക്കുന്ന പരിഹാര മാര്‍ഗങ്ങള്‍. ഓരോ കേസുകളിലും തെളിവുകളുടെ പിന്‍ബലത്തോടെ ഖാദിക്ക് ഉചിതമായ തീരുമാനമാകാം....
ഇതിനു ശേഷം അദ്ദേഹം തുടരുന്നു: പ്രവാചകനില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന വളരെയേറെ കാര്യങ്ങള്‍ مندوب، سنة، دين، شرع എന്നീ നിലകളില്‍ ധരിക്കപ്പെടുന്നുണ്ടെങ്കിലും അവയില്‍ പലതും ആ ഇനത്തില്‍ പെട്ടവയല്ല. തുടര്‍ന്ന് അദ്ദേഹം ഈ വിഷയകമായി ധാരാളം ഉദാഹരണങ്ങള്‍ പറയുന്നു.  
( الإسلام عقيدة وشريعة പേജ് 427 മുതല്‍ 431 വരെ നോക്കുക).
ശൈഖ് ഇബ്‌നു ആശൂര്‍ തന്റെ مقاصد الشريعة الإسلامية എന്ന പ്രൗഢമായ ഗ്രന്ഥത്തില്‍ നടത്തിയ അപഗ്രഥനം ശ്രദ്ധേയമാണ്. أصول الفقه -ന്റെ പണ്ഡിതന്മാര്‍ നബിചര്യയെ കുറിച്ച്  നടത്തിയ ചര്‍ച്ചയില്‍, നബി تشريع  -നു വേണ്ടിയല്ലാതെ جبلي (പ്രകൃതിസഹജം) എന്ന നിലക്കു ചെയ്യുന്ന കുറേ കാര്യങ്ങളുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് രണ്ടും വേര്‍തിരിക്കുന്നതില്‍ പണ്ഡിതന്മാര്‍ക്ക് പിശകുകള്‍ സംഭവിക്കാറുണ്ട്. തുടര്‍ന്ന് അദ്ദേഹം നബിയുടെ പന്ത്രണ്ട് അവസ്ഥകള്‍ വിവരിക്കുന്നു. إرشاد (മാര്‍ഗനിര്‍ദേശം നല്‍കുക)ല്‍നിന്ന് മുക്തമായി സാധാരണ ജീവിതത്തിന്റെ ഭാഗമെന്ന നിലക്ക് നബി (സ) നിര്‍വഹിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: മനുഷ്യപ്രകൃതമനുസരിച്ച്  ( جبلي ) നബി(സ) ചെയ്യുന്ന കാര്യങ്ങളെ അപ്പടി അനുകരിക്കാന്‍ ഉമ്മത്ത് ബാധ്യസ്ഥമല്ല. ركوب، مشي، اضطجاع، لباس، صفات الطعام (വാഹനയാത്ര, നടത്തം, കിടത്തം, വസ്ത്രം, ഭക്ഷണം)എന്നിവ ഉദാഹരണമായി പറയുന്നു. സുജൂദില്‍ കൈകള്‍ കുത്തുന്നതിനു മുമ്പ് കാല്‍മുട്ടുകള്‍ കുത്തുക എന്നതെല്ലാം ഇതിലാണ് അദ്ദേഹം ഉള്‍പ്പെടുത്തുന്നത്. പ്രത്യേക തെളിവുകളില്ലായെങ്കില്‍ നബി(സ)യുടെ നിര്‍ദേശങ്ങളെ  ഇനത്തില്‍ ഉള്‍പ്പെടുത്തുക എന്ന നിലപാടാണ് മുന്‍ഗാമികള്‍ സ്വീകരിച്ചിട്ടുള്ളത് എന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. സഅ്ദുബ്‌നു അബീവഖ്ഖാസ് വസ്വിയ്യത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ الثُّلُث، وَالثُّلُثُ كَثِيرٌ എന്നു പറഞ്ഞത് അതേപടി ഫുഖഹാക്കള്‍ എടുക്കുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ നബി(സ) പറഞ്ഞത്  إِنَّكَ أَنْ تَدَعَ وَرَثَتَكَ أَغْنِيَاءَ خَيْرٌ مِنْ أَنْ تَدَعَهُمْ عَالَةً يَتَكَفَّفُونَ النَّاسَ   (നീ നിന്റെ അനന്തരാവകാശികളെ ധനികരായി ഉപേക്ഷിക്കുന്നതാണ് ജനങ്ങളോട് യാചിച്ചു കഴിയാന്‍ വിടുന്നതിനേക്കാള്‍ ഉത്തമം) എന്നാണ്. ഇതിനെപ്പറ്റി അദ്ദേഹം എഴുതി:
فكان للفقيه أن يجيز الوصية بأكثر من الثلث لمن كان ورثته أغنياء ولم يقل به أحد من أهل العلم.
'അനന്തരാവകാശികള്‍ സമ്പന്നരാണെങ്കില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യാനും കര്‍മശാസ്ത്ര പണ്ഡിതര്‍ അനുവദിക്കേണ്ടിയിരുന്നു. പക്ഷേ, അപ്രകാരം ആരും പറഞ്ഞിട്ടില്ല.'

ഈ വിഷയകമായി ഇതുവരെ രചിക്കപ്പെട്ടതില്‍ ഏറ്റവും മികച്ചതും പണ്ഡിതോചിതവുമെന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നത് ഡോ. യൂസുഫുല്‍ ഖറദാവി എഴുതിയ السنة مصدرا للمعرفة والحضارة എന്ന പുസ്തകത്തിലെ الجانب التشريعي في السنة النبوية എന്ന അധ്യായമാണ്. നബിയുടെ സുന്നത്തിനെ تشريعي എന്നും غير تشريعي എന്നും വേര്‍തിരിക്കുന്നത് പല സങ്കീര്‍ണതകള്‍ക്കും പരിഹാരമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ فقه الزكاة എന്ന കൃതിയില്‍ ഈ നിലപാട് സ്വീകരിച്ചതുകൊണ്ട് പല  (ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ മറ്റു ചില സൂക്തങ്ങളെ ദുര്‍ബലപ്പെടുത്തി എന്ന വാദം)വാദങ്ങളില്‍നിന്നും രക്ഷപ്പെടാനായത് അദ്ദേഹം അനുസ്മരിക്കുന്നു.  نسخ (കുതിരയുടെയും കാളയുടെയും സകാത്ത് ബാധകമാവുന്ന തോത്) زكاة الخيل، نصاب البقر എന്നിവ പ്രത്യേകം എടുത്തുപറയുകയും ചെയ്യുന്നു. എന്നാല്‍ എങ്ങനെയാണ് ഈ രണ്ടുതരം ഹദീസുകളെയും വേര്‍തിരിച്ചറിയുക? അദ്ദേഹം എഴുതുന്നു: സാഹചര്യത്തെളിവുകള്‍ മനസ്സിലാക്കിയായിരിക്കണം ഇവ തമ്മില്‍ വേര്‍തിരിക്കാന്‍. രാജ്യത്തിന്റെ രാഷ്ട്രീയ കാര്യങ്ങളോ സാമ്പത്തിക കാര്യങ്ങളോ സൈനിക കാര്യങ്ങളോ ഭരണപരമായ കാര്യങ്ങളോ ആയി ബന്ധപ്പെട്ട مصلحة കള്‍ അവയില്‍ ഉണ്ടാവുകയും വേണം. സ്ഥലവും കാലവും സന്ദര്‍ഭവും മാറിയതനുസരിച്ച് നിയമത്തില്‍ സംഭവിച്ച മാറ്റം ഇതിന് ആധാരമാക്കാവുന്നതാണ്. ഉദാഹരണമായി, കുതിരകളെ കൂടുതല്‍ സമ്പാദിക്കാനും അവയെ ജിഹാദിനു വേണ്ടി പ്രയോജനപ്പെടുത്താനും പ്രോത്സാഹനം നല്‍കി കുതിരക്ക് സകാത്തില്ല എന്നു തിരുമേനി പറഞ്ഞു ( قَدْ عَفَوْت لكُمْ عَنْ صَدَقَة الْخَيْل ). ഉമര്‍ കുതിരക്ക് സകാത്ത് വാങ്ങിയതും അക്കാരണത്താല്‍ തന്നെ. 

ഒരുപാടു വിഷയങ്ങള്‍ منسوخ (കാലഹരണപ്പെട്ടത്) ആണെന്ന് പറയാതിരിക്കാന്‍ ഈ വിശദീകരണം സഹായകമാകും. മൂന്ന് ദിവസത്തിലധികം لحوم الأضاحي (ഉദുഹിയ്യത്ത് മാംസം) സൂക്ഷിച്ചുവെക്കരുതെന്ന് പറഞ്ഞ നിയമം منسوخ ആണെന്ന് വാദിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ ഒരു പ്രത്യേക കാരണമുണ്ടായപ്പോള്‍ - അന്യനാട്ടില്‍നിന്ന് അഭയാര്‍ഥി സംഘങ്ങള്‍  വന്നപ്പോള്‍- നബി(സ) സ്വീകരിച്ച ഒരു നിലപാടായിരുന്നു അത്. അടുത്ത വര്‍ഷം ആ കാരണം മാറിയപ്പോള്‍ നിരോധവും എടുത്തുകളഞ്ഞു. لما زالت العلة زال الحكم (കാരണം ഇല്ലാതായപ്പോള്‍ വിധിമാറി) എന്നതാണതിന്റെ നിലപാട്. അതുകൊണ്ടാണ് الحافظ ابن حجر പറഞ്ഞത്:
وَالتَّقْيِيد بالثَّلَاث وَاقِعَة حَال، وَإِلاَّ فَلَوْ تَستدّ الْخَلَّة إِلاَّ بِتَفْرِقَة الْجَمِيع لاَزَمَ عَلَى هَذَا التَّقْرِير عَدَمُ الْإمْسَاك وَلَوْ لَيْلَة وَاحِدَة
'മൂന്നു ദിവസം എന്നു നിര്‍ണയിച്ചത് സ്ഥിതിഗതികള്‍ പരിഗണിച്ചാണ്. മുഴുവന്‍ മാംസവും വിതരണം ചെയ്താലേ ആവശ്യം പൂര്‍ത്തിയാവുകയുള്ളൂവെങ്കില്‍ ഒരൊറ്റ ദിവസത്തേക്ക് പോലും സൂക്ഷിച്ചുവെക്കാതെ മുഴുവനും വീതിക്കേണ്ടത് നിര്‍ബന്ധമാകും.'

ചികിത്സസയുമായി ബന്ധപ്പെട്ട ഒരുപാട് ഹദീസുകള്‍ കാണാം. زاد المعاد  ന്റെ ഒരു വാള്യം തന്നെ ഈ വിഷയകമായുണ്ട്. എന്നാല്‍ ഇതില്‍ അധിക വിഷയങ്ങളും ശാസ്ത്രീയമായ സാധൂകരണമോ അനുഭവത്തില്‍ യാഥാര്‍ഥ്യമോ ഉളളതല്ല. ഇവയെല്ലാം പ്രവാചകവചനം എന്ന അടിസ്ഥാനത്തില്‍ അതേപടി വിശ്വസിക്കുകയോ പകര്‍ത്തുകയോ ചെയ്യേണ്ടതില്ല. നിത്യജീവിതത്തിലെ അനുഭവങ്ങളില്‍നിന്നോ നടപ്പു സമ്പ്രദായങ്ങളില്‍നിന്നോ പ്രവാചകന്‍ മനസ്സിലാക്കിയതാകും അവ. തെറ്റുമാകാം, ശരിയുമാകാം. ഒരിക്കലും പിഴക്കാത്ത പ്രവാചക വചനം എന്ന നിലക്കുള്ള പവിത്രത അവക്ക് കല്‍പിക്കേണ്ടതില്ല. ഉദാഹരണങ്ങള്‍ കാണുക:
(1) عَلَيْكُمْ بِالْإِثْمِدِ فَإِنَّهُ يَجْلُو الْبَصَرَ وَيُنْبِتُ الشَّعْرَ (ابن ماجة، الحاكم)
(അഞ്ജനം ഉപയോഗിക്കുക. അതുമൂലം കാഴ്ചകൂടും. മുടിമുളക്കും).
(2) دواء/ شِفَاءُ عِرْقِ النَّسَا أَلْيَةُ شَاةٍ أَعْرَابِيَّةٍ تُذَابُ ثُمَّ تُجَزَّأُ ثَلاَثَةَ أَجْزَاءٍ ثُمَّ يُشْرَبُ عَلَى الرِّيقِ فِي كُلِّ يَوْمٍ جُزْءٌَ (ابن ماجة)
(ഇടുപ്പു വാതത്തിന്റെ ചികിത്സ ആടിന്റെ ചണ്ണഭാഗം ഉരുക്കി മൂന്നായി ഭാഗിച്ച് ദിവസംതോറും ഓരോ ഭാഗം വെറും വയറ്റില്‍ കഴിക്കുകയാണ്).
(3) حديت غمس الذباب
(ഈച്ച ഭക്ഷണത്തില്‍ വീണാല്‍ അതില്‍ മുക്കിയെടുക്കണമെന്ന ഹദീസ്).
 (4) مَنْ تَصَبَّحَ بِسَبْعِ تَمَرَاتٍ عَجْوَةً (من تمر العالية) لَمْ يَضُرَّهُ ذَلِكَ الْيَوْمَ سُمٌّ وَلاَ سِحْرٌ (اللؤ والمرجان)

(അജ്‌വ (മുന്തിയ തരം ഈത്തപ്പഴം) ഏഴെണ്ണം പ്രാതലായി കഴിച്ചാല്‍ അന്ന് വിഷം തീണ്ടുകയോ സിഹ്ര്‍ ബാധിക്കുകയോ ഇല്ല).
 (5) عليكم بألبان البقر فإنّها شفاء وسمنها دواء ولحومها داء (أبو نعيم)
(നിങ്ങള്‍ പശുവിന്‍ പാല്‍ കുടിക്കുക. അതില്‍ രോഗശമനമുണ്ട്. അതിന്റെ നെയ്യ് ഔഷധമാണ്. മാംസം രോഗമുണ്ടാക്കുന്നതും).
ഈ അവസാനത്തെ ഹദീസിനെ കുറിച്ച് ഡോ. യൂസുഫുല്‍ ഖറദാവി എഴുതുന്നു: ''ബീഫ് ലോകം മുഴുവന്‍ ഭക്ഷിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിം ലോകവും അതില്‍പെടും. കഴിഞ്ഞ നൂറ്റാണ്ടുകളിലെല്ലാം മുസ്‌ലിംകള്‍ അത് തിന്നുകൊണ്ടേയിരിക്കുന്നു. അതുകാരണം ഒരു രോഗവും ഉണ്ടായിട്ടില്ല. അത് തിന്നുന്നത് കുറ്റമാണെന്നും അവര്‍ക്ക് തോന്നിയിട്ടില്ല. മാത്രമല്ല, നബി(സ) തന്റെ കുടുംബത്തിനു വേണ്ടി بقر -നെ (കാളയെ) ഉദുഹിയ്യത്ത് അറുത്തിട്ടുമുണ്ട്. ഹജ്ജ് കര്‍മങ്ങളിലും ഉദുഹിയ്യത്തിലും അതറുക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്'' (പേജ് 87).

ഇബ്‌നു ഖല്‍ദൂന്‍ തന്റെ വിഖ്യാതമായ 'മുഖദ്ദിമഃ'യില്‍ ഇത് സംബന്ധമായി എഴുതുന്നത് കാണുക: ഗ്രാമീണ ജനതക്ക് ചില ചികിത്സാ രീതികളുണ്ട്. ചില വ്യക്തികളുടെ പരിമിതമായ അനുഭവങ്ങളാകും അവക്കാധാരം. ഗോത്രത്തലവന്മാരില്‍നിന്നും പ്രായമുള്ളവരില്‍നിന്നുമാണത് കേട്ടുപഠിക്കുന്നത്. അതില്‍ ചിലത് ശരിയാകുകയും ചെയ്യും. എന്നാല്‍ അവക്ക് ശാസ്ത്രീയമായ അടിസ്ഥാനമോ ഓരോരുത്തരുടെയും പ്രകൃതിയുമായുള്ള യോജിപ്പോ ഉണ്ടാവുകയില്ല. ഇത്തരം ധാരാളം ചികിത്സകള്‍ അറബികളില്‍ പ്രചുരമായിരുന്നു. حارث بن كلدة പോലുള്ള അറിയപ്പെടുന്ന ഭിഷഗ്വരന്മാരും അവര്‍ക്കിടയിലുണ്ടായിരുന്നു.

ശര്‍ഈ പ്രമാണങ്ങളില്‍ ഉദ്ധരിക്കപ്പെടുന്ന ചികിത്സാ രീതികള്‍ ഈ ഇനത്തില്‍ പെട്ടവയാണ്. വഹ്‌യുമായി അവക്ക് യാതൊരു ബന്ധവുമില്ല. അവ അറബികളുടെ പതിവുരീതികളായിരുന്നു. നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഇത്തരം വിഷയങ്ങള്‍ സാമ്പ്രദായികമായ വിഷയങ്ങളാണ്. മതപരമായി പിന്തുടരേണ്ട വിഷയമെന്ന നിലക്കല്ല. തിരുമേനി നിയോഗിക്കപ്പെട്ടത് നമ്മെ ശരീഅത്ത് പഠിപ്പിക്കാനാണ്. വൈദ്യം പഠിപ്പിക്കാനല്ല. ഈത്തപ്പന പരാഗണ വിഷയത്തില്‍ തിരുമേനിക്ക് തെറ്റ് പറ്റിയപ്പോള്‍ അവിടുന്ന് പറഞ്ഞു: أنتم أعلم بأمور دنياكم (നിങ്ങളുടെ ദുന്‍യാ കാര്യങ്ങള്‍ നിങ്ങള്‍ക്കാണ് ഏറ്റവും നന്നായറിയുക). അതിനാല്‍ സ്വഹീഹായ ഹദീസുകളില്‍ നിവേദനം ചെയ്യപ്പെടുന്ന ചികിത്സാ രീതികളെ مشروع (നിയമമാക്കപ്പെട്ടത്) എന്ന രൂപത്തില്‍ പരിഗണിക്കേണ്ടതില്ല (മുഖദ്ദിമ/ ഇബ്‌നുഖല്‍ദൂന്‍ ഭാഗം 3 പേജ് 1343,1344).

ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചിലപ്പോള്‍ നബി തന്നെ തിരുത്തിപ്പറയും. ഉദാ: لاَ عَدْوى وَلاَ طيرَة (രോഗപ്പകര്‍ച്ചയോ പക്ഷിനോട്ടമോ ഇല്ല) എന്നു പറഞ്ഞ പ്രവാചകന്‍    فرَّ مِن الْمَجْذُوم فرَارك مِن الأَسَد (കുഷ്ഠരോഗിയില്‍നിന്ന് ഓടിയൊളിക്കുക-സിംഹത്തില്‍നിന്ന് ഓടുംപോലെ) എന്നും  لاَ يُوردنَ مُمْرِضٌ عَلَى مُصح (രോഗഗ്രസ്തമായ മൃഗത്തെ രോഗമില്ലാത്തതിന്റെ കൂടെ നിര്‍ത്തരുത്) എന്നും പറഞ്ഞു. ഇതെല്ലാം نسخ -ന്റെ ഇനത്തില്‍ പെടുത്തി സങ്കീര്‍ണത സൃഷ്ടിക്കേണ്ടതില്ല.

ചുരുക്കത്തില്‍, താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ വികാരവിചാരങ്ങളും സാംസ്‌കാരിക പൈതൃകങ്ങളുമെല്ലാം നബിതിരുമേനിയെയും സ്വാധീനിക്കും. ഒരു പ്രവാചകന്‍ എന്ന നിലക്ക് തിരുത്തേണ്ടത് തിരുത്തുകയും പുതുതായി പഠിപ്പിക്കേണ്ടത് പഠിപ്പിക്കുകയും ചെയ്യുന്നതില്‍ അവിടുന്ന് വീഴ്ച വരുത്തുകയില്ല. ഇതെല്ലാം വിവേചിച്ച് മനസ്സിലാക്കേണ്ടതുണ്ട്. زيد بن ثابت പറഞ്ഞത് കേള്‍ക്കുക: അദ്ദേഹത്തിന്റെ അടുത്ത് ഒരു സംഘം വന്നുപറഞ്ഞു: പ്രവാചകന്റെ വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരിക. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ തിരുമേനിയുടെ അയല്‍വാസിയായിരുന്നു. വഹ്‌യ് അവതരിച്ചാല്‍ എന്റെ അടുത്തേക്ക് ആളെ അയക്കും. അപ്പോള്‍ ഞാനത് എഴുതിക്കൊടുക്കും. ഞങ്ങള്‍ ലൗകിക കാര്യങ്ങള്‍ പറയുമ്പോള്‍ ഞങ്ങളോടൊപ്പം തിരുമേനിയും പറയും. ആഖിറത്തിനെ കുറിച്ച് പറയുമ്പോള്‍ തിരുമേനിയും കൂടും. ഭക്ഷണത്തെ കുറിച്ച് പറഞ്ഞാല്‍ ഞങ്ങളോടൊപ്പം അതും പറയും. ഇതൊക്കെ ഞാന്‍ നിങ്ങളോട് പറയേണ്ടതുണ്ടോ? ( الهيثمي، الطبراني )

ഒരു സാംസ്‌കാരിക പൈതൃകം പോലെ ആളുകള്‍ക്കിടയില്‍ പ്രചാരമുള്ള കഥകളും ഐതിഹ്യങ്ങളുമൊക്കെ നബിയും പറയുമായിരുന്നു എന്ന് حديث خرافة، حديث أم زرع ഇതില്‍നിന്ന് ഗ്രഹിക്കാം.  ملك الموت എന്നിവയും  ന്റെ കണ്ണടിച്ചുപൊട്ടിച്ച റിപ്പോര്‍ട്ടുകളും സുലൈമാന്‍ നബിയെ കുറിച്ചുള്ള കഥകളുമൊക്കെ ഈ ഗണത്തില്‍ പെടുത്തിയാല്‍ സനദുകളുടെ (സാധുത) ഉം دراية (ആശയം) ന്റെ അസ്വീകാര്യതയും ഏറക്കുറെ പരിഹരിക്കാന്‍ സാധിക്കും.

എന്നാല്‍ അത്യന്തം സങ്കീര്‍ണമായ ഒരു വിഷയമാണിത്. ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞ പോലെ: 
فهنا مزلة القدم، وهنا يقع الإفراط والتفريط الذان لا يسلم منها إلاّ من رزقه الله البصيرة، وعمق الفهم لمقاصد الشريعة، والربط بين كلياتها وجزئياتها، بعد التحرير من اتباع هوى النفس، أو أهواء الغير، واستفراغ الجهد في البحث والإ طلاع على النصوص ومعرفة صحيحها من سقيمها.
(ഇവിടെ കാലുതെറ്റാന്‍ സാധ്യതയുണ്ട്. നല്ല ഉള്‍ക്കാഴ്ചയും ശരീഅത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച അഗാധമായ അറിവും ഇല്ലാത്തവര്‍ക്കെല്ലാം താളം തെറ്റും. ശരീഅത്തിന്റെ അടിസ്ഥാനങ്ങളും ശാഖകളും പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുന്നവരാവണം അവര്‍. ദേഹേഛയെ പിന്‍പറ്റാതെ, മറ്റുള്ളവരുടെ ഇഛകള്‍ക്കൊപ്പം നീങ്ങാതെ സത്യാന്വേഷണത്തില്‍ മുഴുവന്‍ കഴിവും വിനിയോഗിക്കുകയും പ്രമാണങ്ങള്‍ പഠിച്ച് അതിലെ ശരിതെറ്റുകള്‍ മനസ്സിലാക്കുകയും ചെയ്യുന്നവരും ആകണം).

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top