ഹദീസ് പഠന ഗവേഷണം ചില വഴിത്തിരിവുകള്‍

കെ. അബ്ദുല്ല ഹസന്‍‌‌
img

ഇസ്‌ലാമിക ശരീഅത്തിന്റെ മുഖ്യ ആധാരം ഖുര്‍ആനും സുന്നത്തുമാണ്. ഇസ്‌ലാമിന്റെ ആരംഭം മുതല്‍ മുസ്‌ലിം സമുദായം ഖുര്‍ആനെപ്പോലെത്തന്നെ സുന്നത്തിന്റെയും പ്രാമാണികത ഐകകണ്‌ഠ്യേന അംഗീകരിച്ചുവന്നിട്ടുണ്ട്. ഇതില്‍ സംശയങ്ങള്‍ ജനിപ്പിക്കാനുള്ള നിഗൂഢമായ ചില ശ്രമങ്ങള്‍ ആദ്യമായി വന്നത് ജൂതന്മാരുടെ ഭാഗത്തു നിന്നായിരുന്നു. പിന്നീടത് ഓറിയന്റലിസ്റ്റുകള്‍ ഏറ്റെടുത്തു. ഇസ്‌ലാമികാധ്യാപനങ്ങളില്‍ സമര്‍ഥമായി സംശയങ്ങള്‍ ജനിപ്പിക്കുകയായിരുന്നല്ലോ അവരുടെ ഗവേഷണ ലക്ഷ്യം. പിന്നീട് പിലരും അതേറ്റുപാടാന്‍ തുടങ്ങി. എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെ പ്രചണ്ഡമായി പ്രചരിപ്പിക്കപ്പെട്ടിട്ടും മുസ്‌ലിം സമുദായത്തില്‍ ഇന്നുവരെ അതിനു പറയത്തക്ക വേരോട്ടമൊന്നുമുണ്ടായിട്ടില്ല. അതിനാല്‍ സുന്നത്ത് മുസ്‌ലിം വിജ്ഞാന ശാഖയുടെയും കര്‍മ രേഖയുടെയും പ്രധാന ഭാഗമായി ഇന്നും നിലകൊള്ളുന്നു. നബിതിരുമേനിയുടെ സുന്നത്ത് നമുക്ക് ലഭിക്കുന്നത് ഹദീസുകളിലൂടെയാണ്. തന്മൂലം ഹദീസുകള്‍ കേന്ദ്രമാക്കി നമ്മുടെ മുന്‍ഗാമികള്‍ ഗഹനവും ത്യാഗപൂര്‍ണവുമായ ഒട്ടേറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വാസ്തവത്തില്‍ മുസ്‌ലിംകളുടെ ഈ വിജ്ഞാന ശാഖ ലോകചരിത്രത്തില്‍ തന്നെ മാതൃകയില്ലാത്തതാണ്. നബി തിരുമേനി മുതല്‍ വാര്‍ത്തകള്‍ അവസാനമായി ഗ്രന്ഥരൂപത്തില്‍ സമാഹരിക്കുന്നവര്‍ വരെയുള്ള ഉദ്ധാരകന്മാരുടെ പരമ്പരകള്‍ ഹൃദിസ്ഥമാക്കുകയും രേഖപ്പെടുത്തുകയും മാത്രമല്ല പ്രസ്തുത പരമ്പരയിലെ ഒരോ വ്യക്തിയുടെയും സമ്പൂര്‍ണ ജീവചരിത്രം സൂക്ഷ്മമായി പഠിച്ച് അവരെക്കുറിച്ച് നിഷ്പക്ഷമായി മൂല്യനിര്‍ണയം നടത്തുകയും ചെയ്തിരിക്കുന്നു ഈ പണ്ഡിതന്മാര്‍. അതിനാല്‍ ഇന്നു നമ്മുടെ മുമ്പില്‍ വരുന്ന ഒരു ഹദീസ് അതിന്റെ ഉദ്ധാരകന്മാരുടെ വിശ്വാസ്യതയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുക ദുഷ്‌കരമല്ല. എന്നല്ല ഇത്തരം നിരൂപണ പഠനങ്ങളുടെ ടിപ്പണിയോടു കൂടിയാണ് മിക്ക ഹദീസ് ഗ്രന്ഥങ്ങളും ഇന്ന് നമുക്ക് ലഭിക്കുന്നത്. കൂടാതെ, മുന്‍ഗാമികളുടെ ഇത്തരം പഠനങ്ങളെ അതിസൂക്ഷ്മമായി വീണ്ടും നിരൂപണവിധേയമാക്കുന്ന ആധുനിക പഠനങ്ങളും വന്നുകൊണ്ടിരിക്കുന്നു. തന്മൂലം ഇന്നീ രംഗത്ത് ഗവേഷണ പഠനം നടത്തുന്നവരെ സംബന്ധിച്ചേടത്തോളം മനസ്സമാധാനത്തോടെ മാറ്റിനിര്‍ത്താവുന്ന ഒരു മേഖലയാണിത്. എന്നാല്‍ അതോടൊപ്പം മറ്റു ചില മേഖലകള്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ടിവരികയും ചെയ്തിരിക്കുന്നു. അത്തരം ചല മേഖലകളിലേക്കാണ് ഇവിടെ ലഘുവായി വെളിച്ചം വീശുന്നത്.

1. പ്രബലമായ ഹദിസുകളുടെ വിഷയാധിഷ്ഠിത സമാഹരണം

ഇന്നു നമ്മുടെ മുമ്പിലുള്ള പല ഹദീസ് ഗ്രന്ഥങ്ങളും വിഷയാധിഷ്ഠിത സമാഹാരങ്ങളാണ്. പക്ഷേ അവയില്‍ പലതിലും കല്ലും നെല്ലും കൂടിക്കലര്‍ന്നു കിടക്കുന്നു. സംസ്‌കൃത സമാഹാരങ്ങളാവട്ടെ എല്ലാ പ്രബലമായ ഹദീസുകളും ഉള്‍ക്കൊള്ളുന്നുവെന്ന് പറയാനും പറ്റുകയില്ല. അതിനാല്‍ ഇന്നീ രംഗത്ത് പഠന- ഗവേഷണങ്ങള്‍ക്കൊരുങ്ങുന്നവര്‍ ആദ്യമായി ചെയ്യേണ്ടത് പ്രബലമായ എല്ലാ ഹദീസുകളുടെയും വിഷയാധിഷ്ഠിത സമാഹരണമാണ്. ഇതിനുവേണ്ടി ഇന്ന് കമ്പ്യൂട്ടറുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. വലിയ വലിയ വിജ്ഞാനകോശങ്ങള്‍ മുതല്‍ മഹാ ലൈബ്രറികള്‍ വരെ ഇന്ന് സോഫ്റ്റ്‌വെയറുകളില്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. എന്നിരിക്കെ അര്‍പ്പണബോധത്തോടെ ഒരു വിഭാഗം പരസ്പരം സഹകരിച്ചുകൊണ്ടിറങ്ങിയാല്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ടിത് അനായാസേന സാധിതമാക്കാവുന്നതേയുള്ളു. വരുംതലമുറക്ക് അവര്‍ ചെയ്തുകൊടുക്കുന്ന ഏറ്റവും അമൂല്യമായ സേവനവും ഇത് തന്നെയായിരിക്കും. ഈ രംഗത്ത് ശ്ലാഘനീയമായ ചില കാല്‍വെപ്പുകള്‍ ഇതിനകം തന്നെ വന്നുകഴിഞ്ഞിരിക്കുന്നുവെന്നത് സസന്തോഷം സ്മരിക്കപ്പെടേണ്ടത് തന്നെയാണ്. ഒരു വിഷയത്തില്‍ വന്ന എല്ലാ പ്രബലമായ ഹദീസുകളും ഒന്നിച്ചു പരിഗണിക്കാന്‍ കഴിയാത്തതിനാല്‍ വന്നുചേര്‍ന്ന അനേകം അബദ്ധങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഉദാഹരണമായി ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെ വായിക്കാം: عَنْ أَبِي أُمَامَةَ البَاهِلِيِّ، قَالَ: وَرَأَى سِكَّةً وَشَيْئًا مِنْ آلَةِ الحَرْثِ، فَقَالَ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «لاَ يَدْخُلُ هَذَا بَيْتَ قَوْمٍ إِلَّا أَدْخَلَهُ اللَّهُ الذُّلَّ»- بخاري ഒരു കലപ്പയും ചില കൃഷിയായുധങ്ങളും കണ്ടപ്പോള്‍ അബൂ ഉമാമ അല്‍ ബാഹിലി പറഞ്ഞു: റസൂല്‍ (സ)തിരുമേനി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ''ഇത് ഒരു ജനതയുടെ വീട്ടില്‍ കയറിയാല്‍ അല്ലാഹു അവര്‍ക്ക് നിന്ദ്യത വരുത്താതിരിക്കില്ല.'' പ്രഥമ ശ്രവണത്തില്‍ നബി തിരുമേനി കാര്‍ഷികവൃത്തി തന്നെ വെറുത്തിരുന്നുവെന്നാണ് ഇതില്‍നിന്ന് തോന്നുക. ഇതു വെച്ച് ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ എന്താണ് സത്യം? ഇസ്‌ലാം യഥാര്‍ഥത്തില്‍ തന്നെ കാര്‍ഷികവൃത്തിക്കെതിരാണോ? ഇവ്വിഷയകമായി വന്ന മറ്റു പ്രബലമായ ഹദീസുകള്‍ കൂടി മുമ്പില്‍ വെച്ചാല്‍ ചിത്രം വ്യക്തമാവും മദീനയിലെ അന്‍സ്വാരികള്‍ കര്‍ഷകരായിരുന്നു. നബി (സ) തിരുമേനി ഒരിക്കലും അവരോട് കൃഷിപ്പണി ഉപേക്ഷിക്കാന്‍ ഉപദേശിച്ചിട്ടില്ല. മറിച്ച് തരിശായി വിട്ട കൃഷിഭൂമി സ്വന്തമായി കൃഷിചെയ്യാന്‍ സാധ്യമല്ലെങ്കില്‍ സാധിക്കുന്നവര്‍ക്ക് കൃഷിചെയ്യാന്‍ വിട്ടുകൊടുക്കണമെന്നുവരെ തിരുമേനി കല്‍പിച്ചിരിക്കുന്നു.അവിടുന്ന് പറയുന്നു: عَنْ جَابِرِ بْنِ عَبْدِ اللهِ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ كَانَتْ لَهُ أَرْضٌ فَلْيَزْرَعْهَا، فَإِنْ لَمْ يَزْرَعْهَا، فَلْيُزْرِعْهَا أَخَاهُ»- بخاري ومسلم واللفظ لمسلم നബി(സ) പറഞ്ഞതായി ജാബിര്‍ (റ) ഉദ്ധരിക്കുന്നു: ''ആര്‍ക്കെങ്കിലും ഭൂമിയുണ്ടെങ്കില്‍ അവനതില്‍ കൃഷിചെയ്യട്ടെ. ഇനി അവന്‍ കൃഷി ചെയ്യുന്നില്ലെങ്കില്‍ തന്റെ സഹോദരന് കൃഷിചെയ്യാന്‍ നല്‍കട്ടെ.'' ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട അനേകം നിയമങ്ങളും അവിടുന്ന് പഠിപ്പിക്കുകയുണ്ടായി. അവയൊക്കെ ശരീഅത്തിന്റെ ഭാഗമായി കാലാകാലങ്ങളില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനൊക്കെപ്പുറമെ കൃഷിക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് തിരുമേനി പറയുകയുണ്ടായി: عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ، إِلَّا كَانَ لَهُ بِهِ صَدَقَةٌ» - متفق عليه . അനസുബ്‌നു മാലിക് പറയുന്നു. റസൂല്‍ (സ) പറഞ്ഞു: ''ഏതൊരു മുസ്‌ലിമും ഒരു തൈ നടുകയോ ഒരു കൃഷിയിറക്കുകയോ ചെയ്ത ശേഷം അതില്‍നിന്ന് ഒരു പക്ഷിയോ മനുഷ്യനോ മൃഗമോ വല്ലതും തിന്നുകയാണെങ്കില്‍ അതവന് ഒരു ദാനമായിത്തീരാതിരിക്കുകയില്ല.'' മറ്റൊരിക്കല്‍ തിരുമേനി പറഞ്ഞു: عَنْ جَابِرٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا إِلَّا كَانَ مَا أُكِلَ مِنْهُ لَهُ صَدَقَةً، وَمَا سُرِقَ مِنْهُ لَهُ صَدَقَةٌ، وَمَا أَكَلَ السَّبُعُ مِنْهُ فَهُوَ لَهُ صَدَقَةٌ، وَمَا أَكَلَتِ الطَّيْرُ فَهُوَ لَهُ صَدَقَةٌ، وَلَا يَرْزَؤُهُ (يأخذ منه) أَحَدٌ إِلَّا كَانَ لَهُ صَدَقَةٌ » - مسلم ജാബിറില്‍നിന്നുദ്ധരണം: റസൂല്‍ (സ) പറഞ്ഞു: ''ഒരു മുസ്‌ലിം ഒരു തൈ നട്ടാല്‍ പിന്നീട് അതില്‍നിന്ന് ഭക്ഷിക്കപ്പെടുന്നത് അവനു ദാനമാണ്. അതില്‍നിന്നു മോഷ്ടിക്കപ്പെടുന്നത് അവനു ദാനമാണ്. വന്യമൃഗങ്ങള്‍ അതില്‍നിന്നു തിന്നുന്നത് അവനു ദാനമാണ്. പക്ഷികള്‍ അതില്‍നിന്നു തിന്നുന്നത് അവനു ദാനമാണ്. അതില്‍നിന്നു ഒരാളും ഒന്നും എടുക്കുന്നില്ല, അതവനു ദാനമായിട്ടല്ലാതെ.'' കൃഷിയുടെ മാഹാത്മ്യം വിവരിച്ചുകൊണ്ട് വീണ്ടും തിരുമേനി പറയുന്നു: عن َأنَسَ بْنَ مَالِكٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنْ قَامَتِ السَّاعَةُ وَبِيَدِ أَحَدِكُمْ فَسِيلَةٌ، فَإِنْ اسْتَطَاعَ أَنْ لَا يَقُومَ حَتَّى يَغْرِسَهَا فَلْيَفْعَلْ» - مسند أحمد അനസു ബ്‌നു മാലികില്‍നിന്നുദ്ധരണം : ''റസൂല്‍(സ) പറഞ്ഞു: അന്ത്യസമയം നിലവില്‍ വരുമ്പോള്‍ നിങ്ങളിലൊരുവന്റെ കൈയില്‍ ഒരു ചെടിയുണ്ടെങ്കില്‍ അവന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് അത് നടുവാന്‍ സാധിച്ചാല്‍ അങ്ങനെ ചെയ്യട്ടെ.'' ഈ ഹദീസുകളൊക്കെ കൃഷിയോടുള്ള ഇസ്‌ലാമിന്റെ സമീപനം സ്പഷ്ടമായി വ്യക്തമാക്കുന്നുണ്ട്. എന്നിരിക്കെ ആദ്യം പറഞ്ഞ അബൂ ഉമാമയുടെ ഹദീസിന്റെ താല്‍പര്യമെന്താണ്? അത് വ്യക്തമാക്കുന്ന മറ്റൊരു ഹദീസ് നമുക്കിങ്ങനെ കാണാം: عَنِ ابْنِ عُمَرَ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «إِذَا تَبَايَعْتُمْ بِالْعِينَةِ ، وَأَخَذْتُمْ أَذْنَابَ الْبَقَرِ، وَرَضِيتُمْ بِالزَّرْعِ، وَتَرَكْتُمُ الْجِهَادَ، سَلَّطَ اللَّهُ عَلَيْكُمْ ذُلا لا يَنْزِعُهُ حَتَّى تَرْجِعُوا إِلَى دِينِكُمْ» _ أَبُودَاوُدَ (നിങ്ങള്‍ കടമായി നല്‍കിയ സാധനം കുറഞ്ഞ വിലയ്ക്ക് തിരിച്ചുവാങ്ങിക്കൊണ്ട് കച്ചവടം നടത്തുകയും പശുക്കളുടെ വാലു പിടിച്ചു കൃഷിയില്‍ സംതൃപ്തരായി ജിഹാദുപേക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ നിന്ദ്യത നിങ്ങളെ അടക്കിവാഴാന്‍ അല്ലാഹു ഇടവരുത്തുക തന്നെ ചെയ്യും. നിങ്ങള്‍ ദീനിലേക്ക് തിരിച്ചുവരുന്നതുവരെ അതവന്‍ നിങ്ങളില്‍നിന്നു നീക്കിക്കളയുകയില്ല). ചൂഷണത്തിലൂടെ ധനം സമ്പാദിക്കാന്‍ ശ്രമിക്കുകയും ജിഹാദുപേക്ഷിച്ച് കാലികളും കൃഷിയും മാത്രമായി (ഭൗതികതയില്‍ ആറാടി) കഴിഞ്ഞുകൂടാന്‍ ഒരുങ്ങുകയും ചെയ്താല്‍ നാട്ടില്‍ സമാധാനം ഇല്ലാതാവുകയും ക്രമത്തില്‍ വൈദേശികാധിപത്യത്തിനു കീഴില്‍ അടിമകളായി നിങ്ങള്‍ ജീവിക്കേണ്ടിവരുകയും ചെയ്യുമെന്നാണ് ഈ ഹദീസിന്റെ വ്യക്തമായ ധ്വനി. ചേര്‍ത്തു വായിച്ചാല്‍ ഇതു തന്നെയാണ് അബൂ ഉമാമയുടെ ഹദീസിന്റെയും താല്‍പര്യമെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇങ്ങനെ ചേര്‍ത്തുവായിക്കാന്‍ സൗകര്യമുണ്ടാവണമെന്നാണ് മുകളില്‍ പറഞ്ഞതിന്റെ ചുരുക്കം.

2. ദുര്‍ബല ഹദീസുകളുടെ നിരാകരണം ഹദീസുകള്‍ സ്വീകാര്യമാവാന്‍ അതിന്റെ റിപ്പോര്‍ട്ട് പരമ്പര കുറ്റമറ്റതായിരിക്കണം. അതുപോലെ കൂടുതല്‍ പ്രബലമായ റിപ്പോര്‍ട്ടുകള്‍ക്ക് എതിരാവാനും പാടില്ല. പണ്ടു മുതലേ പണ്ഡിതന്മാര്‍ അംഗീകരിച്ച നിബന്ധനയാണിത്. പക്ഷേ, അതില്‍ പലരും പില്‍ക്കാലത്ത് പല വിധത്തിലും വെള്ളം ചേര്‍ത്തു. ചിലര്‍ പറഞ്ഞു: പുണ്യകര്‍മങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന ഹദീസുകളാണെങ്കില്‍ അവയുടെ ബലാബലമൊന്നും നോക്കേണ്ടതില്ല. ഇത് പിന്നെപ്പിന്നെ ഒരടിസ്ഥാനമായിത്തന്നെ അംഗീകരിച്ചിരിക്കുകയാണ് പലരും. ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കു പുറമെ ഹദീസ് നിരൂപകന്മാര്‍ പോലും അക്കൂട്ടത്തിലുണ്ട്. അതുകൊണ്ടാണല്ലൊ ഇമാം ഗസ്സാലിയുടെ വിശ്രുതമായ ഇഹ്‌യാഇല്‍ അടക്കം ഇത്രയേറെ ദുര്‍ബലമായ ഹദീസുകള്‍ കടന്നുകൂടിയത്. നമ്മുടെ നാട്ടില്‍ പള്ളിദര്‍സുകളില്‍ പ്രാഥമികമായി പഠിപ്പിക്കപ്പെടുന്ന 'പത്തു കിത്താബി'ലെ 40 ഹദീസുകളില്‍ പോലും അത്യന്തം ദുര്‍ബലമായ റിപ്പോര്‍ട്ടുകള്‍ക്കാണ് പ്രാമുഖ്യമെന്ന് വന്നാല്‍ ഈ രംഗത്ത് നമ്മുടെ വീക്ഷണം എത്ര വികലമാണെന്നും അലംഭാവം എത്ര ഗുരുതരമാണെന്നും മനസ്സിലാക്കാന്‍ പ്രയാസമില്ല. വാസ്തവത്തില്‍ ഇതുമുഖേന പുണ്യകര്‍മങ്ങളുടെ പേരില്‍ അന്ധവിശ്വാസങ്ങളുടെയും തെറ്റായ നടപടിക്രമങ്ങളുടെയും കേദാരമായ കള്ള ഹദീസുകള്‍ക്ക് കടന്നുകൂടാന്‍ ചില പണ്ഡിതന്മാര്‍ ഒരാനവാതില്‍ തുറക്കുകയായിരുന്നു. അതിലൂടെ കടന്നുകൂടിയതാകട്ടെ സമൂഹത്തെത്തന്നെ വിശ്വാസപരമായി നശിപ്പിക്കാന്‍ പോന്ന വിഷ ജന്തുക്കളും. ഉദാഹരണങ്ങള്‍ വേണ്ടത്രയുണ്ട്. വര്‍ഗപരമായി നോക്കുമ്പോള്‍ ഒരു സമൂഹത്തിന്റെ പാതിയാണ് സ്ത്രീകള്‍. പക്ഷേ, പാതിയേക്കാള്‍ കൂടുതലാണ് ഉത്തരവാദിത്വം. കാരണം പുരുഷനും സ്ത്രീയുമടങ്ങുന്ന തലമുറകളെ പാകപ്പെടുത്തി വാര്‍ത്തെടുക്കുന്നത് അവരാണ്. തുടക്കത്തില്‍ ഈ മൂശാരിയുടെ കൈ പിഴച്ചാല്‍ ആ ഭംഗം ചുടല വരെ പ്രതിഫലിക്കും. എന്നിരിക്കെ സമൂഹത്തിന്റെ നിര്‍മാതാക്കളായ ഈ അര്‍ധാംശത്തെ ശാശ്വതമായി അന്ധകാരത്തില്‍ തളച്ചിട്ടാല്‍ അതിന്റെ ആഘാതം എത്ര ഭയങ്കരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഫലത്തില്‍ അതാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്നാധാരമായി നമ്മുടെ സമുദായത്തില്‍ വലിയ ഒരു വിഭാഗം ഇന്നും പൊക്കി നടക്കുന്ന ഒരു റിപ്പോര്‍ട്ടിതാ: عن امْرَأَةِ أَبِي حُمَيْدٍ السَّاعِدِيِّ أَنَّهَا جَاءَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَتْ: يَا رَسُولَ اللَّهِ ، إِنِّي أُحِبُّ الصَّلَاةَ مَعَكَ، فَقَالَ: «قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي، وَصَلَاتُكِ فِي بَيْتِكِ خَيْرٌ مِنْ صَلَاتِكِ فِي حُجْرَتِكِ، وَصَلَاتُكِ فِي حُجْرَتِكِ خَيْرٌ مِنْ صَلَاتِكِ فِي دَارِكِ، وَصَلَاتُكِ فِي دَارِكِ خَيْرٌ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ، وَصَلَاتُكِ فِي مَسْجِدِ قَوْمِكِ خَيْرٌ مِنْ صَلَاتِكِ فِي مَسْجِدِي» ، فَأَمَرَتْ، فَبُنِيَ لَهَا مَسْجِدٌ فِي أَقْصَى شَيْءٍ مِنْ بَيْتِهَا وَأَظْلَمِهِ، فَكَانَتْ تُصَلِّي فِيهِ حَتَّى لَقِيَتِ اللَّهَ عَزَّ وَجَلَّ - ابن خزيمة (അബൂഹുമൈദുസ്സാഇദിയുടെ ഭാര്യ ഉമ്മു ഹുമൈദില്‍നിന്നു റിപ്പോര്‍ട്ട്. അവര്‍ നബി(സ) തിരുമേനിയുടെ അരികില്‍ ചെന്നു പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലേ, ഞാന്‍ അങ്ങയുടെ കൂടെ നമസ്‌കരിക്കാന്‍ ഇഷ്ടപ്പെടുന്നു.' തിരുമേനി പറഞ്ഞു: 'നിനക്കെന്റെ കൂടെ നമസ്‌കരിക്കാന്‍ ഇഷ്ടമാണെന്നു എനിക്കറിയാം. എന്നാല്‍ നിന്റെ ഉറക്കറയില്‍ വെച്ചുള്ള നമസ്‌കാരമാണ് ഇരിക്കുന്ന മുറിയില്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം. ഇരിക്കുന്ന മുറിയില്‍ നമസ്‌കരിക്കുന്നതാണ് വീടിന്റെ മുന്‍ഭാഗത്ത് നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം. വീടിന്റെ മുന്‍ഭാഗത്ത് നമസ്‌കരിക്കുന്നതാണ് നിന്റെ പ്രദേശത്തുകാരുടെ പള്ളിയില്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം. നിന്റെ പ്രദേശത്തുകാരുടെ പള്ളിയില്‍ നമസ്‌കരിക്കുന്നതാണ് എന്റെ ഈ പള്ളിയില്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത്.' റിപ്പോര്‍ട്ടര്‍ തുടരുന്നു: 'അങ്ങനെ അവര്‍ തന്റെ വീടിന്റെ ഏറ്റവും അറ്റത്ത് ഏറ്റവും ഇരുള്‍ മുറ്റിയേടത്ത് ഒരു നമസ്‌കാര സ്ഥലമുണ്ടാക്കാന്‍ കല്‍പിക്കുകയും മരിക്കുന്നതുവരെ അതില്‍ നമസ്‌കരിക്കുകയും ചെയ്തു.' 'സ്ത്രീകള്‍ വീട്ടില്‍ നമസ്‌കരിക്കുന്നതാണ് നബി(സ)തിരുമേനിയുടെ പള്ളിയില്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം. എന്റെ ഈ പള്ളിയില്‍ നമസ്‌കരിക്കുന്നത് മറ്റു പള്ളികളില്‍ നമസ്‌കരിക്കുതിനേക്കാള്‍ ആയിരം മടങ്ങു ശ്രേഷ്ഠമാണെന്ന നബിവചനം പുരുഷന്മാരെ മാത്രം ഉദ്ദേശിച്ചാണ്. സ്ത്രീകള്‍ക്കത് ബാധകമല്ല.' ഇബ്‌നു ഖുസൈമ പ്രസ്തുത ഹദീസിനു നല്‍കിയ ശീര്‍ഷകമാണിത്. നമ്മുടെ നാട്ടില്‍നിന്ന് കഷ്ടപ്പെട്ട് ഹജ്ജ് ചെയ്യാന്‍ മക്കയിലെത്തിയ സ്ത്രീകളെ ഫര്‍ദ് നമസ്‌കാരത്തിനു പോലും മസ്ജിദുല്‍ ഹറാമിലേക്കയക്കാതെ, താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നമസ്‌കരിപ്പിക്കുന്ന ക്രൂരത വന്നത് ഇവിടെ നിന്നാണ്. ഇത് ശരിയായിരുന്നെങ്കില്‍ തിരുമേനി അവിടുത്തെ പത്‌നിമാരെ മദീനയില്‍ പത്തു വര്‍ഷം മുഴുവനും സ്വുബ്ഹ് മുതല്‍ ഇശാഅ് വരെ, അവിടുത്തോടൊപ്പം പള്ളിയില്‍ നമസ്‌കരിക്കാനനുവദിച്ചതെന്തിന്? അവര്‍ക്കു വേണ്ടി പള്ളിയില്‍ ഒരു പ്രത്യേക വാതില്‍ തന്നെ വെച്ചതെന്തിന്? അവരോട് വീട്ടില്‍ നമസ്‌കരിക്കാന്‍ കല്‍പിക്കാതിരുന്നതെന്ത്? ഉമ്മയോടൊപ്പം വന്ന മുല കുടിക്കുന്ന കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം ചുരുക്കിയതെന്തിന്? അല്ലാഹുവിന്റെ ദാസികള്‍ പള്ളിയില്‍ പോവുന്നത് തടയരുതെന്ന് ഭര്‍ത്താക്കന്മാരെ വിലക്കിയതെന്തിന്? പള്ളിക്ക് പകരം വീട്ടില്‍ നമസ്‌കരിക്കുന്നതാണ് ഉത്തമമെങ്കില്‍ ആ ഉത്തമമായത് ചെയ്യാനല്ലേ തിരുമേനി തന്റെ പത്‌നിമാരെയും സ്വഹാബിനികളെയും പഠിപ്പിക്കേണ്ടിയിരുന്നത്? അങ്ങനെ തിരുമേനി പഠിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ തിരുമേനിയുടെ ജീവിതകാലത്തു തന്നെ അവരാ കല്‍പനകള്‍ ലംഘിക്കുകയായിരുന്നോ? തിരുമേനിക്ക് ശേഷം ഖുലഫാഉര്‍റാശിദീന്റെ കാലത്തും വിശ്വാസിനികളായ സ്ത്രീകള്‍ നിര്‍വിശങ്കം പള്ളിയില്‍ പോയി ക്കൊണ്ടിരുന്നതെന്ത്? വളരെ പ്രബലമായ ഇത്തരം റിപ്പോര്‍ട്ടുകള്‍ അനവധിയുണ്ടായിട്ടും അവക്കെതിരില്‍ ദുര്‍ബലമായ ഈയൊരു റിപ്പോര്‍ട്ട് ചിലര്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുന്നതെങ്ങനെയെന്നതാണ് വിസ്മയകരം. ഇവിടെ ഹദീസിന്റെ സര്‍വാംഗീകൃതമായ നിദാനശാസ്ത്രമൊക്കെ അവര്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. വാസ്തവത്തില്‍ ഹദീസിന്റെ സ്വീകാര്യതക്ക് പുതിയ മാനദണ്ഡമൊന്നും നമുക്കിന്നാവശ്യമില്ല. നേരത്തേ പണ്ഡിതന്മാര്‍ സര്‍വസമ്മതമായി അംഗീകരിച്ച നിദാനശാസ്ത്രം തന്നെ മതി. അതനുസരിച്ച് ദുര്‍ബലമായ ഒരു ഹദീസും തെളിവിനു പറ്റുകയില്ലെന്ന് നിഷ്‌കര്‍ഷ വെക്കണം. അത്തരം ഹദീസുകള്‍ക്ക് ചരിത്രപരമായ പ്രാധാന്യമേ നല്‍കാവൂ. കര്‍മശാസ്ത്രവുമായി അവയെ ഒരു കാരണവശാലും ബന്ധിക്കരുത്. ചില ഹദീസുകള്‍ പല റിപ്പോര്‍ട്ടു പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെടാറുണ്ട്. ഈ പരമ്പരകള്‍ ഓരോന്നും ദുര്‍ബലമാണെങ്കിലും അവ പരസ്പരം ശക്തിപ്പെടുത്തുന്നുവെന്ന ന്യായേന അവക്ക് പച്ചക്കൊടി കാണിക്കുകയാണ് പലരും ചെയ്തിട്ടുള്ളത്. ഇത് മറ്റൊരബദ്ധമാണ്. കള്ള ഹദീസുകള്‍ക്ക് കര്‍മശാസ്ത്രത്തില്‍ കടന്നുകൂടാന്‍ പറ്റിയ മറ്റൊരു മാര്‍ഗം. ഒന്നിലധികം അന്ധന്മാര്‍ ചേര്‍ന്നാല്‍ ഒരു കണ്ണുള്ളവനാവാത്തതുപോലെ കുറേ ദുര്‍ബല റിപ്പോര്‍ട്ടുകള്‍ ഒരു പ്രബല റപ്പോര്‍ട്ടിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടാവതല്ല. കാരണം ഇത്തരം ദുര്‍ബല റിപ്പോര്‍ട്ടുകളാണ് വാസ്തവത്തില്‍ ഇസ്‌ലാമികാധ്യാപനങ്ങളെ വികൃതവും വികലവുമായി അവതരിപ്പിക്കുകയും വിപരീതദിശയിലേക്ക് അട്ടിമറിക്കുകയും ചെയ്യുന്നതില്‍ വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നത്. അവയത്രയും മാറ്റിനിര്‍ത്തിയാല്‍ ഇസ്‌ലാമിനു മൊത്തത്തില്‍ നേട്ടമല്ലാതെ ഒരു കോട്ടവും വരാന്‍ പോകുന്നില്ല.

3. ഹദീസ് പഠനം ഖുര്‍ആന്റെ വെളിച്ചത്തില്‍ ഖുര്‍ആനാണ് ശരീഅത്തിന്റെ മൂല സ്രോതസ്സ്. സുന്നത്ത് അതിന്റെ വിശദീകരണവും വ്യാഖ്യാനവുമാണ്. വ്യാഖ്യാനം അടിസ്ഥാനത്തിനു എതിരാവാന്‍ പാടില്ല. അതിന്റെ ചൈതന്യത്തിനു നിരക്കാത്തതോ സ്പഷ്ടമായ സൂചനകളെ നിരാകരിക്കുന്നതോ ആവുന്നതും യുക്തമല്ല. അതിനാല്‍ ഹദീസ് പഠനത്തിന്റെ മുന്നോടിയായി ഖുര്‍ആന്റെ ആഴത്തിലുള്ള പഠനമാണ് ആദ്യമായി നടക്കേണ്ടതെന്നു വ്യക്തം. മറിച്ച് ഹദീസുകളെ സ്വതന്ത്ര സ്രോതസ്സായി വിലയിരുത്തുകയോ ഖുര്‍ആനുമായി സമരസപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ഗുരുതരമായ അബദ്ധങ്ങളില്‍ അകപ്പെട്ടുപോവുക സ്വാഭാവികമാണ്. ഇതിന് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലിമുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് ബുഖാരിയും മസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «كُلُّ ذِي نَابٍ مِنَ السِّبَاعِ فَأَكْلُهُ حَرَامٌ»- بخاري ومسلم واللفظ لمسلم (തേറ്റയുള്ള എല്ലാ ഹിംസ്ര ജന്തുക്കളെയും തിന്നുന്നത് ഹറാമാണ്). എന്നാല്‍ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ ഭക്ഷ്യസാധനങ്ങളില്‍ ഹറാം നാലിനങ്ങളേയുള്ളു: قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّـهِ بِهِ (١٤٥- الأنعام) (പറയുക, എനിക്ക് ബോധനം നല്‍കപ്പെട്ടതില്‍ ഭക്ഷിക്കുന്നവര്‍ക്ക് ഹറാമായി ശവം, ഒലിക്കുന്ന രക്തം, പന്നിമാംസം- അത് മ്ലേഛമാണ്, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി അറുക്കപ്പെട്ടത് എന്നിവയല്ലാതെ ഞാന്‍ കാണുന്നില്ല). എന്നിരിക്കെ ഉദ്ധൃത ഹദീസിന്റെയും സമാനമായ മറ്റു ഹദീസുകളുടെയും നിലപാടെന്താണ്? ഹദീസുകളുടെ പരമ്പര കുറ്റമറ്റതായതിനാല്‍ അവ ഖുര്‍ആനെ ദുര്‍ബല (നസ്ഖ്)പ്പെടുത്തുന്നു എന്നു വരെ പറഞ്ഞുകളഞ്ഞ ഖുര്‍ആന്‍- ഹദീസ് വ്യാഖ്യാതാക്കളുണ്ട്. എത്ര ഗുരുതരമായ അബദ്ധമാണിതെന്നു ചിന്തിച്ചുനോക്കൂ. ഒന്നാമതായി ഖുര്‍ആനും ഹദീസും വിശ്വാസ്യതയുടെ അടിസ്ഥാനത്തില്‍ ഒരേ നിലവാരത്തിലുള്ളവയല്ല. ഒന്നു കളവാകാനുള്ള സാധ്യത പോലുമില്ലാത്തവണ്ണം വിണ്ണില്‍ ജ്വലിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊന്ന് കിരണങ്ങള്‍ മറക്കപ്പെടാന്‍ സാധ്യതയുള്ളമട്ടില്‍ മണ്ണില്‍ പ്രതിഷ്ഠിക്കപ്പെട്ട പ്രകാശ ഗോപുരമാണ്. അതിനാല്‍ സ്ഥാനക്രമത്തില്‍ ഇത്ര അകലത്തിലുള്ള സുന്നത്ത് ഖുര്‍ആനെ തിരുത്തുക എന്നത് ഒട്ടും യുക്തിസഹമല്ല. എന്നാല്‍ ഭരണഘടനയായ ഖുര്‍ആനെ ഹദീസ് വിശദീകരിക്കുകയോ ഭരണഘടനക്ക് വിരുദ്ധമല്ലാത്ത പുതിയ ചില കാര്യങ്ങള്‍ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുകയോ ആണെങ്കില്‍ അത് മറ്റൊരു കാര്യമാണ്. പണ്ഡിതന്മാര്‍ പൊതുവെ അതംഗീകരിച്ചിട്ടുണ്ട്. ഇവിടെ പക്ഷേ, പ്രത്യക്ഷത്തില്‍ ഖുര്‍ആനെ തിരുത്തുകയാണ് ഹദീസ്. രണ്ടാമതായി, വാദത്തിനു വേണ്ടി പ്രബലമായ ഹദീസുകള്‍ ഖുര്‍ആനെ തിരുത്താന്‍ യോഗ്യമാണെന്നു തന്നെ വെക്കുക. എന്നാലും തിരുത്തുന്ന വിധി തിരുത്തപ്പെടുന്ന വിധിക്കു ശേഷം വന്നതായിരിക്കണമെന്ന പ്രാഥമിക തത്വമെങ്കിലും പാലിക്കപ്പെടേണ്ടതല്ലേ? ഇവിടെ ചിലര്‍ മുന്നും പിന്നും നോക്കാതെ അങ്ങനെ തിരുത്തുന്നതായി വാദിച്ചിട്ടുണ്ടെങ്കിലും സത്യവുമായി അതിനു അകന്ന ബന്ധം പോലുമില്ല. കാരണം ഖുര്‍ആനില്‍ നാലിടത്ത് ഇതേ വിധി ആവര്‍ത്തിച്ചു വന്നിരിക്കുന്നു. അതില്‍ അന്‍ആമും അന്‍ഫാലും മക്കിയ്യ സൂറകളാണെങ്കില്‍ ബഖറയും മാഇദയും മദനിയ്യ സൂറകളാണ്. എന്നല്ല മാഇദയിലെ പ്രസ്തുത സൂക്തമാണ് ഖുര്‍ആനില്‍ അവസാനമായി അവതരിച്ച വിധി. ഹജ്ജത്തുല്‍ വദാഇല്‍ തിരുമേനി അറഫയില്‍ നില്‍ക്കുമ്പോഴാണ് അതവതരിച്ചത്. പിന്നെ ഏതെങ്കിലും വിധി അവതരിക്കുകയോ തിരുമേനി അധികനാള്‍ ജീവിക്കുകയോ ചെയ്തിട്ടില്ല. എന്നിരിക്കെ ചില ഹദീസുകള്‍ അതിനെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നുവെന്ന വാദം എത്ര ബാലിശമാണ്. അതിനാല്‍, ഒന്നുകില്‍ ഹദീസിന് ഖുര്‍ആനുമായി സമരസപ്പെടുന്ന ഒരു വ്യാഖ്യാനം കണ്ടെത്തണം (ഇവിടെ അതൊരു പ്രയാസമുള്ള കാര്യമല്ല). അല്ലെങ്കില്‍ ഇത്തരം ഹദീസുകളെ കര്‍മപഥത്തില്‍നിന്നു മാറ്റിനിര്‍ത്തണം. രണ്ടുമല്ലാതെ ഖുര്‍ആനെക്കുറിച്ചുള്ള ചിന്ത തന്നെ മാറ്റിവെച്ച്, ഹദീസുകളെ സ്വതന്ത്ര സ്രോതസ്സായി കൈകാര്യം ചെയ്യുന്നതുകൊണ്ട് പിണയുന്ന അബദ്ധമാണിതെന്നു വ്യക്തം. ഈ വിഷയത്തില്‍ സ്പഷ്ടമായ മറ്റൊരുദാഹരണമാണ് കാര്‍ഷിക വിളകളുടെ സകാത്ത്. ഭൂമിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സമസ്ത കാര്‍ഷിക വിളകളിലും പാവപ്പെട്ടവര്‍ക്ക് അവകാശമുണ്ടെന്നു വിധിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ (١٤١ الأنعام) (പടര്‍ത്തുന്നതും പടര്‍ത്താത്തതുമായ പലതരം തോട്ടങ്ങളും ഈന്തപ്പനകളും പലതരം ഭോജ്യങ്ങള്‍ ലഭിക്കുന്ന വിളകളും സാദൃശ്യമുള്ളതും സാദൃശ്യമില്ലാത്തതുമായ ഒലീവും റുമ്മാനും എല്ലാം ഉണ്ടാക്കിയത് അല്ലാഹുവാകുന്നു. അവ കായ്ക്കുമ്പോള്‍ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അവ കൊയ്‌തെടുക്കുമ്പോള്‍ അവയുടെ അവകാശം കൊടുക്കുകയും ചെയ്യുക). ഇവിടെ എല്ലാ കാര്‍ഷിക വിളകളിലും പാവപ്പെട്ടവര്‍ക്ക് അവകാശ(സകാത്ത്)മുണ്ടെന്നു മക്കയില്‍ വെച്ചുതന്നെ ഖുര്‍ആന്‍ വിധിച്ചു. അതിന്റെ പരിധിയും തോതുമൊക്കെ നബി(സ) മദീനയില്‍ വെച്ചാണ് പഠിപ്പിക്കുന്നതെന്നു മാത്രം. പക്ഷേ സകാത്ത് മദീനയില്‍ വെച്ചാണ് നിര്‍ബന്ധമാകുന്നതെന്നു വാദിച്ചുകൊണ്ട് ചിലര്‍ പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തെ സകാത്തിന്റെ പട്ടികയില്‍നിന്നുതന്നെ വെട്ടിമാറ്റി. കാര്‍ഷിക വിളകളില്‍ നാലിനങ്ങള്‍ക്കു മാത്രമേ സകാത്തുള്ളൂവെന്ന് സൂചിപ്പിക്കുന്ന ചില ഹദീസുകളായിരുന്നു അവര്‍ക്ക് പഥ്യം. അതിലൊന്ന് ഇങ്ങനെ വായിക്കാം: عَنْ عُمَرَ بْنِ الْخَطَّابِ , قَالَ: " إِنَّمَا سَنَّ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الزَّكَاةَ فِي هَذِهِ الْأَرْبَعَةِ: الْحِنْطَةِ وَالشَّعِيرِ وَالزَّبِيبِ وَالتَّمْرِ" - سنن الدارقطني (ഉമര്‍ ഖത്ത്വാബി(റ)ല്‍നിന്നു: അദ്ദേഹം പറഞ്ഞു: റസൂല്‍ (സ) ഗോതമ്പ്, യവം, മുന്തിരി, കാരക്ക എന്നീ നാലിനങ്ങള്‍ക്കേ സകാത്ത് നിയമമാക്കിയിട്ടുള്ളു). തിരുമേനിയുടെ കാലത്തുണ്ടായിരുന്ന പ്രധാന കാര്‍ഷികവിളകളാണിവ നാലും. അതിനാല്‍ അവ നാലില്‍നിന്നു മാത്രമേ തിരുമേനി സകാത്ത് വാങ്ങിയുള്ളു. ഇതുപോലുള്ള മറ്റു വിഭവങ്ങളും അവിടെ അന്നുണ്ടായിരുന്നു. എന്നിട്ടും തിരുമേനി അവക്കു സകാത്ത് വാങ്ങിയില്ല എന്നു വന്നാല്‍ മാത്രമേ മറ്റു വിളകള്‍ക്കൊന്നും സകാത്ത് കൊടുക്കേണ്ടതില്ലെന്ന വാദം അല്‍പമെങ്കിലും പ്രസക്തമാവുകയുള്ളു. എന്നാല്‍ അപ്പോഴും ഖുര്‍ആനെ തിരുത്താന്‍ സുന്നത്ത് മതിയാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. എന്നിട്ടും ചിലര്‍ ഖുര്‍ആനു പകരം പ്രസ്തുത ഹദീസിനെയാണ് അടിസ്ഥാനാധാരമായി സ്വീകരിച്ചത്. പിന്നെ അതിലടങ്ങിയ തത്വമന്വേഷിച്ചു കണ്ടുപിടിക്കുകയായിരുന്നു അവര്‍. അങ്ങനെ ഭക്ഷ്യ വിഭവങ്ങളാവണം, അളക്കാനും തൂക്കാനും പറ്റുന്നവയാവണം, ഉണക്കി സൂക്ഷിക്കാന്‍ പറ്റുന്നവയാവണം എന്നിങ്ങനെ പല നിബന്ധനകളും അവര്‍ പ്രസ്തുത ഹദീസില്‍നിന്ന് നിര്‍ധാരണം ചെയ്‌തെടുത്തു. അതിനാല്‍ ഈ പണ്ഡിതന്മാരില്‍ ഭൂരിഭാഗത്തിന്റെയും നിബന്ധനയനുസരിച്ച് കേരള കര്‍ഷകരില്‍ ഏറിയ കൂറും സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരല്ല. കൊടുക്കാന്‍ ബാധ്യസ്ഥരായ നെല്‍കൃഷിക്കാരോ? താരതമ്യേന മറ്റു കര്‍ഷകരെ അപേക്ഷിച്ച് കൂടുതല്‍ പ്രയാസങ്ങള്‍ പേറുന്നവരും. കാലത്തിന്റെയും പരിതസ്ഥിതിയുടെയും പരിമിതികളില്‍ ബന്ധിതരായ ഈ കര്‍മശാസ്ത്ര പണ്ഡിതന്മാരെ അന്ധമായി അനുകരിക്കുന്നവര്‍ക്കുണ്ടോ ഖുര്‍ആന്‍ വെളിച്ചം നല്‍കുന്നു! എന്നാല്‍ മദ്ഹബുകളുടെ അനുകര്‍ത്താക്കളായിട്ടും ആത്മാര്‍ഥതയും ദൈവഭയവും ഒത്തുചേര്‍ന്നതിനാല്‍ ഇത്തരം സുവ്യക്തമായ ഖുര്‍ആന്‍ സൂക്തങ്ങളെ അകക്കണ്ണു കൊണ്ട് സ്വതന്ത്രമായി വീക്ഷിക്കാന്‍ ശ്രമിച്ചവരും ചരിത്രത്തിലില്ലാതില്ല. മാലികീ മദ്ഹബുകാരനായ ഇബ്‌നുല്‍ അറബി ഉദാഹരണം. ഇവ്വിഷയകമായി തന്റെ മദ്ഹബിന്റെ വീക്ഷണം പാടേ നിരാകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് നോക്കുക: ''അബൂഹനീഫ ഖുര്‍ആന്‍ സൂക്തത്തെ തന്റെ കണ്ണാടിയാക്കി. അതുകൊണ്ടദ്ദേഹം സത്യം കണ്ടെത്തുകയും ചെയ്തു.'' ഈ ഖുര്‍ആന്റെ കണ്ണാടിയാണ് നമുക്കിന്നാവശ്യം. പശ്ചാത്തലവും ബലാബലവും നോക്കാതെ ഹദീസുകളിലൂടെയോ പൂര്‍വിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിലൂടെയോ ഖുര്‍ആനെ കാണാന്‍ ശ്രമിക്കുന്നതിനു പകരം ഖുര്‍ആനിലൂടെ മറ്റുള്ളവയെ കാണാന്‍ കഴിയുന്ന കണ്ണാടി.

4. ഖുര്‍ആനെതിരിലെന്ന പേരില്‍ പ്രബല ഹദിസുകളുടെ നിരാകരണം

ഇതില്‍നിന്ന് വ്യത്യസ്തമായി, പ്രബലമായി വന്ന ഹദീസുകളെ ചിലര്‍ ഖുര്‍ആന്നു വിരുദ്ധമാണെന്ന ന്യായേന തള്ളിക്കളയുന്നു. ഖുര്‍ആനു വിരുദ്ധമായത് തള്ളിക്കളയണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇങ്ങനെ ജല്‍പിക്കപ്പെടുന്നതൊക്കെ ഖുര്‍ആനു വിരുദ്ധമാണോ? അല്ലെന്നതാണ് വാസ്തവം. ചിലര്‍ ചില കാര്യങ്ങള്‍ ഖുര്‍ആന്‍ വിരുദ്ധമാണെന്ന് സ്വയം വിധിയെഴുതുന്നു. പിന്നെ അവക്കെതിരില്‍ വന്ന ഹദിസുകളെ അതെത്ര പ്രബലമാണെങ്കിലൂം ഖുര്‍ആനെതിരാണെന്ന പേരില്‍ തള്ളിക്കളയുകയും ചെയ്യുന്നു. ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. നബിതിരുമേനിക്ക് സിഹ്ര്‍ ബാധിച്ച ഹദീസ് ഇതിലൊന്നാണ്. عَنْ عَائِشَةَ: «أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ سُحِرَ، حَتَّى كَانَ يُخَيَّلُ إِلَيْهِ أَنَّهُ صَنَعَ شَيْئًا وَلَمْ يَصْنَعْهُ» - بخاري ആഇശ(റ) പറയുന്നു: ''നബി(സ)തിരുമേനിക്ക് മാരണം ബാധിച്ചു. എത്രത്തോളമെന്നാല്‍ ചില കാര്യങ്ങള്‍ ചെയ്തുവെന്ന് അവിടത്തേക്ക് തോന്നും. പക്ഷേ ചെയ്തിട്ടുണ്ടാവില്ല.'' ചില റിപ്പോര്‍ട്ടുകളില്‍ തിരുമേനിയുടെ പ്രാര്‍ഥനയെത്തുടര്‍ന്നു രണ്ടു മലക്കുകള്‍ വന്ന് എന്തിലാണ് മാരണം ചെയ്തിരിക്കുന്നതെന്നും ആരാണ് ചെയ്തതെന്നും അതിന് പ്രതിവിധിയെന്താണെന്നും വ്യക്തമായി വിവരിച്ചുകൊടുത്തിരിക്കുന്നു. അതനുസരിച്ചു തിരുമേനി സംഭവസ്ഥലത്ത് പോയി മാരണം ചെയ്യാനുപയോഗിച്ച സാധനങ്ങള്‍ ഒരൂ പൊട്ടക്കിണറില്‍നിന്ന് പുറത്തെടുക്കുകയും അങ്ങനെ തിരുമേനിയെ ബാധിച്ച അസുഖം ഭേദമാവുകയും ചെയ്തു. ഈ ഹദീസ് അതിന്റെ വിശദാംശങ്ങളോടുകൂടി ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, നസാഈ തുടങ്ങിയ എല്ലാ ഹദീസുദ്ധാരകന്മാരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്രയും പ്രബലമായി വന്നതാണെങ്കിലും ചിലരുടെ വീക്ഷണത്തില്‍ ഖുര്‍ആനെതിരാണ് ഹദീസ്. കാരണം തിരുമേനിയെക്കുറിച്ചു ശത്രുക്കള്‍ പറഞ്ഞതായി ഖുര്‍ആന്‍ തന്നെ ഉദ്ധരിക്കുന്നു: إن تتبعون إلا رجلا مسحورا (മാരണം പറ്റിയ ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല). എന്നിരിക്കെ തിരുമേനിക്ക് യഥാര്‍ഥത്തില്‍ തന്നെ മാരണം പറ്റിയാല്‍ ശത്രുക്കളുടെ വാക്ക് സത്യമാണെന്നല്ലേ വരിക? അതിനാല്‍ ഖുര്‍ആന്നെതെിരാണെന്ന ന്യായേന അവരത് തള്ളിക്കളയുന്നു. മറ്റു ചിലരുടെ വീക്ഷണത്തില്‍ സിഹ്ര്‍ എന്ന പ്രതിഭാസം തന്നെ അയഥാര്‍ഥമാണ്. അതിനാല്‍ അവരുടെ വീക്ഷണത്തില്‍ തിരുമേനിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്നത് ബൗദ്ധികമായി ഒട്ടും നിലനില്‍ക്കുന്നതല്ല. വാസ്തവത്തില്‍ ഇതെല്ലാം ചില ജല്‍പനങ്ങള്‍ മാത്രമാണ്. സിഹ്ര്‍ എന്ന ഒരു പ്രതിഭാസത്തെക്കുറിച്ച് ഖുര്‍ആന്‍ പലേടത്തും പ്രതിപാദിച്ചിട്ടുണ്ട്. ഒരിടത്ത് ഇങ്ങനെ കാണാം: وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ (البقرة: ١٠٢) (''സുലൈമാന്റെ രാജത്വത്തെക്കുറിച്ച് ചെകുത്താന്മാര്‍ പ്രചരിപ്പിച്ചതിനെ അവര്‍ (ജനം) പിന്‍പറ്റി. സുലൈമാന്‍ സത്യനിഷേധം (മാരണം) സ്വീകരിച്ചിട്ടില്ല. മറിച്ച് ജനത്തെ മാരണം പഠിപ്പിച്ചുകൊണ്ടിരുന്ന ആ ചെകുത്താന്മാരാണ് സത്യനിഷേധം പ്രവര്‍ത്തിച്ചത്. ബാബിലോണിയയിലെ ഹാറൂത്ത്, മാറൂത്ത് എന്നീ മലക്കുകള്‍ക്കവതീര്‍ണമായതിനെയും അവര്‍ പിന്‍പറ്റി. ആ മലക്കുകള്‍ അത് ആരെ പഠിപ്പിക്കുമ്പോഴും വ്യക്തമായി പറയുമായിരുന്നു: ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്. നിങ്ങള്‍ സത്യനിഷേധത്തില്‍ അകപ്പെടാതിരിക്കുക. എന്നിട്ടും ഭാര്യാഭര്‍ത്താക്കളെ ഭിന്നിപ്പിക്കാനുതകുന്നത് ജനങ്ങള്‍ അവരില്‍നിന്നു പഠിച്ചുകൊണ്ടിരുന്നു. ദൈവഹിതമില്ലാതെ അതുവഴി അവര്‍ക്കു ആരെയും ദ്രോഹിക്കാനാവുമായിരുന്നില്ല. എങ്കിലും ജനം തങ്ങള്‍ക്ക് ദ്രോഹകരവും പ്രയോജനരഹിതവുമായ ആ വിദ്യ പഠിച്ചുകൊണ്ടിരുന്നു. അത് വാങ്ങുന്നവന് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്ക് നന്നായറിയാമായിരുന്നു.'' സിഹ്ര്‍ (മാരണം) എന്ന പ്രതിഭാസം ഒരു കെട്ടുകഥയല്ലെന്ന് ഈ ഖുര്‍ആന്‍ സൂക്തം വ്യക്തമായി പഠിപ്പിക്കുന്നു. എന്നാല്‍ പ്രവാചകനു സിഹ്ര്‍ ബാധിക്കുമോ? ബാധിച്ചാല്‍ സിഹ്ര്‍ പറ്റിയ ഒരാളെയാണ് നിങ്ങള്‍ പിന്തുടരുന്നതെന്ന ശത്രുക്കളുടെ ആരോപണം സത്യമാണെന്നു വരില്ലേ? ഇതാണ് അടുത്ത പ്രശ്‌നം. ഇവിടെയും ഖുര്‍ആന്‍ നമുക്ക് വെളിച്ചം നല്‍കുന്നു. നേരത്തേ മൂസാ നബിക്ക് മാരണം ബാധിച്ചിരിക്കുന്നുവെന്ന് ഫറവോനും വാദിച്ചിരുന്നതായി ഖുര്‍ആന്‍ പറയുന്നു: فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًا ﴿ الاسراء١٠١) ''ഫിര്‍ഔന്‍ പറഞ്ഞൂ: മൂസാ നിനക്ക് മാരണം പറ്റിയതായി ഞാന്‍ കരുതുന്നു.'' പിന്നീട് മൂസാ നബിയും മാരണക്കാരും തമ്മില്‍ മത്സരം നടന്നപ്പോള്‍ ആദ്യം മാരണക്കാര്‍ അവരുടെ വടികളും കയറുകളും നിലത്തിട്ടു. فإذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ﴿٦٦﴾ فَأَوْجَسَ فِي نَفْسِهِ خِيفَةً مُّوسَىٰ ﴿٦٧﴾ طه (അപ്പോഴതാ അവരുടെ കയറുകളും വടികളും അവരുടെ മാരണം കാരണം അതിവേഗം ഇഴയുന്നതായി അദ്ദേഹത്തിനു തോന്നുന്നു. അതോടെ മൂസക്ക് മനസ്സില്‍ ഭയം തോന്നി.'' മറ്റൊരു ഭഷയില്‍ മൂസാ(അ)ക്ക് ചെറിയ തോതില്‍ മാരണം പറ്റി. ഇതു പക്ഷേ അദ്ദേഹത്തിന്റെ പ്രവാചക ദൗത്യത്തെ ബാധിച്ചില്ല. അതേപോലെ മുഹമ്മദ് നബി(സ)ക്കും ചെറിയ തോതില്‍ മാരണം ബാധിച്ചു. അത് തിരുമേനിയുടെ ദൗത്യത്തെയും ഒരുനിലക്കും ബാധിച്ചില്ല. പ്രവാചകന്മാര്‍ മനുഷ്യരായിരുന്നു. സാധാരണ ഗതിയില്‍ മനുഷ്യര്‍ക്ക് ബാധിക്കുന്നതൊക്കെ അവരെയും ബാധിക്കും. അങ്ങനെ ബാധിച്ചില്ലെങ്കില്‍ അവര്‍ സാധാരണ മനുഷ്യരല്ലെന്ന് സാമാന്യജനം തെറ്റിദ്ധരിക്കും. അതവരുടെ മാര്‍ഗഭ്രംശത്തിനു ന്യായമാക്കുകയും ചെയ്യും. അതിനാല്‍ മുഹമ്മദ് നബിക്ക് ചെറിയ തോതില്‍ മാരണം ബാധിച്ചുവെന്ന് കാണിക്കുന്ന പ്രബലമായ ഒരു കൂട്ടം ഹദീസുകള്‍ ഖുര്‍ആന്നെതിരാണെന്ന് വാദിച്ച് തള്ളിക്കളയാന്‍ പറ്റുകയില്ല. കാരണം വ്യക്തികളുടെ മാനോഗതവും ഇഷ്ടാനിഷ്ടങ്ങളുമല്ല അനിഷേധ്യ വസ്തുതകളും ഖുര്‍ആന്‍ വിരുദ്ധതയുമാണിവിടെ പരിഗണിക്കപ്പെടേണ്ടത്. അല്ലെങ്കില്‍ മതവിരുദ്ധര്‍ക്കും മോഡേണിസ്റ്റുകള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാതിലായിരിക്കുമത്. ശത്രൂക്കള്‍ക്കു നാം തന്നെ വടികൊടുക്കേണ്ടതില്ലല്ലോ.

5. പശ്ചാത്തല പരിഗണന

നബി തിരുമേനിയുടെ വാക്കുകളും പ്രവൃത്തികളും അനുവാദങ്ങളുമാകുന്ന എല്ലാ ഹദീസുകള്‍ക്കും അതിന്റേതായ പശ്ചാത്തലങ്ങളുണ്ടാവും. ചിലപ്പോള്‍ ഈ പശ്ചാത്തലങ്ങള്‍ക്ക് ഹദീസുകളില്‍ പ്രത്യേക സ്വാധീനമൊന്നുമില്ലെന്ന് വരാം. ഉണ്ടെന്നും വരാം. ഉണ്ടെങ്കില്‍ അത് മനസ്സിലാക്കുന്നത്, ഹദീസിനെ യഥാതഥമായി പഠിക്കാന്‍ അനിവാര്യമാണ്. സ്ഥലകാല ഭേദമനുസരിച്ച് ഫത്‌വകളില്‍ മാറ്റമുണ്ടാവുമെന്നാണ് പണ്ഡിത മതം. ഇതൊരു വിവാദവിഷയമേ അല്ല. എന്നിട്ടും തിരുമേനിയുടെ പല പ്രവര്‍ത്തനങ്ങളെയും വാക്കുകളെയും പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തി സ്വതന്ത്രമായ വിധികള്‍ക്ക് ആധാരമാക്കിയ അനേകം ഉദാഹരണങ്ങളുണ്ട്. ഹജ്ജ് കാലത്ത് ഇന്ന് ലോക മുസ്‌ലിംകളുടെ ജിവന്മരണപ്രശ്‌നമാണ് ജംറകളിലെ കല്ലേറ്. പെരുന്നാള്‍ ദിവസം ഉച്ചക്കു മുമ്പും, ശേഷമുള്ള രണ്ടോ മൂന്നോ ദിവസങ്ങളില്‍ ഉച്ചക്കു ശേഷവുമായിരിക്കണം കല്ലെറിയുന്നതെന്ന് ചില ഫുഖഹാക്കള്‍ എഴുതിവെച്ചിരിക്കുന്നു. ഹജ്ജിനു ആയിരങ്ങള്‍ മാത്രമുണ്ടായിരുന്നപ്പോള്‍ ഇതൊരു വിഷമ പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. അനേക ലക്ഷങ്ങളാണ് ഇന്നു ഹജ്ജിനു വരുന്നത്. എറിയാനുള്ള ജംറകള്‍ പഴയതു തന്നെ. ഇത് വളരെ പരിമിതമായ മണിക്കൂറുകളില്‍ തന്നെ നിര്‍വഹിക്കപ്പെടണമെന്ന് വരുമ്പോള്‍ ഇന്ന് നാം കാണുന്ന തിക്കും തിരക്കും മരണവുമൊക്കെ അതിന്റെ അനിവാര്യത മാത്രമായിത്തീരുന്നു. ഏത് ക്രമസമാധാന പാലകര്‍ക്കും -അവരെത്ര വിദഗ്ധരായാലും- ഇത് വഴങ്ങുകയില്ലെന്നു വ്യക്തം. ഇവിടെ യഥാര്‍ഥത്തില്‍ ശരീഅത്തിന്റെ വിധിയെന്താണെന്ന് തദ്വിഷയകമായി വന്ന പ്രബലമായ ഹദീസുകള്‍ മുന്നില്‍ വെച്ച് പരിശോധിക്കുമ്പോള്‍ നാം അത്ഭുതപ്പെട്ടുപോകാതിരിക്കില്ല. കല്ലെറിയുന്നത് ആദ്യ ദിവസം ഉച്ചക്കു മുമ്പും മറ്റു ദിവസങ്ങളില്‍ ഉച്ചക്കു ശേഷവുമായിരിക്കണമെന്ന് തിരുമേനി കല്‍പിച്ചിട്ടുണ്ടോ? ദുര്‍ബലമായ ഒരു റിപ്പോര്‍ട്ടില്‍ പോലും അങ്ങനെ ഒരു കല്‍പന വന്നതായി ആര്‍ക്കും അവകാശവാദവുമില്ല. പിന്നെയോ? നബി(സ) തിരുമേനി ആദ്യ ദിവസം ഉച്ചക്കു മുമ്പും മറ്റു ദിവസങ്ങളില്‍ ഉച്ചക്കു ശേഷവും അത് നിര്‍വഹിച്ചു എന്ന പ്രബലമായ ചില റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇങ്ങനെ അര്‍ഥരഹിതവൂം അനര്‍ഥപൂര്‍ണവുമായ ഒരു വിധി പടച്ചുണ്ടാക്കാന്‍ ഈ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്ക് ആകെക്കൂടിയുള്ള കൈമുതല്‍. എന്നാല്‍ തിരുമേനിയുടെ ഈ പ്രവര്‍ത്തനങ്ങളെ അതിന്റെ പശ്ചാത്തലത്തില്‍ വീക്ഷിച്ചാല്‍ അവയുടെ സ്വാഭാവികത കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. പെരുന്നാള്‍ ദിവസം തിരുമേനി പ്രഭാതത്തില്‍ മുസ്ദലിഫയില്‍നിന്നു പുറപ്പെട്ടു. ഉച്ചക്കു മുമ്പാണ് മിനയില്‍ എത്തുന്നത്. അപ്പോള്‍ ആദ്യത്തെ ജംറയില്‍ എറിഞ്ഞു. ശക്തിയേറിയ ചൂടു കാലമായിരുന്നു അത്. അതിനാല്‍ ബാക്കി ദിവസങ്ങളില്‍ ഖൈഫിലെ പള്ളിയില്‍ നമസ്‌കരിക്കുക, ജംറകളില്‍ എറിയുക എന്നീ രണ്ടു കര്‍മങ്ങള്‍ ഒരുമിച്ചു നിര്‍വഹിക്കാന്‍ പറ്റിയ സമയത്ത് തിരുമേനി പുറത്തിറങ്ങി. ആളുകള്‍ക്ക് പ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്ന് വ്യക്തമാണല്ലോ. മാത്രമല്ല പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്‌രീഖിന്റെ മധ്യത്തിലും തിരുമേനി ജനങ്ങളോട് പ്രസംഗിച്ചു. ശേഷം ജനങ്ങള്‍ പല കാര്യങ്ങളും ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഈ രണ്ടു ദിവസങ്ങളിലും കര്‍മങ്ങളുടെ മുന്‍ഗണനാ ക്രമങ്ങളെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും തിരുമേനിയുടെ മറുപടി ഒന്നു മാത്രമായിരുന്നു: إفعل ولا حرج ''അങ്ങനെ ചെയ്തു കൊള്ളുക, വിരോധമില്ല.'' ഒരാള്‍ ഇതേ കാര്യം പ്രത്യേകം എടുത്തു ചോദിച്ചു: رميت بعد ما أمسيت ؟ ''വൈകിയിട്ടാണ് ഞാനെറിഞ്ഞത്'' തിരുമേനി പറഞ്ഞു: -''എറിഞ്ഞുകൊള്ളുക, വിരോധമില്ല.'' എറിയാന്‍ പാടില്ലാത്ത ഒരു സമയമുണ്ടായിരുന്നുവെങ്കില്‍ തിരുമേനി അത് പഠിപ്പിക്കേണ്ട സന്ദര്‍ഭമാണിത്. പക്ഷേ, അങ്ങനെ ഒരധ്യാപനവും തിരുമേനിയില്‍നിന്നുണ്ടായിട്ടില്ല. എന്നിരിക്കെ, പശ്ചാത്തലം പരിഗണിക്കാതെ തിരുമേനി ചെയ്തതിങ്ങനെയാണ്, അതു കൊണ്ട് ഇങ്ങനെ മാത്രമേ ചെയ്യാവൂ എന്ന വാദം നിരര്‍ഥകവും തിരസ്‌കാരയോഗ്യവുമാണ്. ഇതുപോലെ പശ്ചാത്തലത്തില്‍നിന്നടര്‍ത്തിയെടുത്ത് വിലയിരുത്തപ്പെടുന്ന അനേകം ഹദീസുകളുണ്ട്: لا يفلح قوم ولوا أمرهم إمرأة ، صوموا لرأيته وأفطروا لرأيته ، أبي وأباك في النار എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

6. ആത്മാവില്ലാത്ത അക്ഷരങ്ങള്‍

അക്ഷര പൂജ ഒഴിവാക്കി ആത്മാവ് കണ്ടെത്താന്‍ ശ്രമിക്കുക എന്നത് യഥാര്‍ഥത്തില്‍ ഗവേഷണത്തിന്റെ തന്നെ ആത്മാവാണ്. ഖുര്‍ആനും പ്രബലമായ നിരവധി സുന്നത്തുകളും മനുഷ്യരുടെ മുമ്പില്‍ വെക്കുന്ന ചില അടിസ്ഥാനങ്ങളുണ്ട്. ചില ഹദീസുകളുടെ അക്ഷരങ്ങള്‍ പ്രത്യക്ഷത്തില്‍ ഈ അടിസ്ഥാനങ്ങള്‍ക്കെതിരായിരിക്കാം. അങ്ങനെ വരുമ്പോള്‍ ഹദീസിന്റെ ആത്മാവ് എവിടെയാണെന്ന് കണ്ടെത്താന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ വലിയ അബദ്ധത്തില്‍ വീണുപോകും. ശകുനത്തെക്കുറിച്ചു വന്ന ഒരു ഹദീസ് ഉദാഹരണം. ഇബ്‌നു ഉമറില്‍നിന്നു ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: عن عَبْدَ اللَّهِ بْنَ عُمَرَ رَضِيَ اللَّهُ عَنْهُمَا، قَالَ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: " إِنَّمَا الشُّؤْمُ فِي ثَلاَثَةٍ: فِي الفَرَسِ، وَالمَرْأَةِ، وَالدَّارِ " بخاري ''മൂന്നു കാര്യങ്ങളില്‍ മാത്രമാണ് ശകുനമുള്ളത്: കുതിര, സ്ത്രീ, വീട്.'' ഈ ഹദീസിനെ പ്രത്യക്ഷാര്‍ഥത്തില്‍ മാത്രം നോക്കിക്കണ്ടപ്പോള്‍ പറ്റിയ ഒരു ഹിമാലയന്‍ അബദ്ധം നോക്കുക: ഒരു പ്രധാന മുസ്‌ലിം രാഷ്ട്രത്തിലെ മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മാസികയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ചോദ്യം വന്നിരുന്നു. ഒരു വര്‍ത്തക പ്രമാണിയായിരുന്നു ചോദ്യകര്‍ത്താവ്. ഉത്തരോത്തരം വികസിച്ചുവന്നിരുന്ന തന്റെ വര്‍ത്തകമണ്ഡലം വിവാഹാനന്തരം പൊടുന്നനെ ചുരുങ്ങിച്ചുരുങ്ങി അവസാനം നഷ്ടത്തിലും കടത്തിലുമെത്തിയിരിക്കുകയാണ്. തന്റെ ഭാര്യയുടെ ശകുനമാണിതിനു കാരണമെന്ന് സ്‌നേഹിതന്മാര്‍ പറയുന്നു. ഇത് ശരിയാണോ? ഭാര്യയെ ത്വലാഖ് ചൊല്ലിയാല്‍ എന്റെ കച്ചവടം രക്ഷപ്പെടുമോ? ഇസ്‌ലാമിക സര്‍വകലാശാലാ മാസികയില്‍ ശരീഅയില്‍ ഡോക്ടറേറ്റുള്ള പത്രാധിപരുടെ മറുപടി: ''സ്ത്രീകളുടെ ശകുനം സംബന്ധിച്ചുള്ള ഹദീസുകള്‍ പ്രബലമാണ്.'' ഭര്‍ത്താവിന്റെ കച്ചടം രക്ഷപ്പെടണമെങ്കില്‍ ശകുനം പിടിച്ച ആ പാവം ഭാര്യയെ ഒഴിവാക്കണമെന്നു സാരം. അപകടകരമായ അക്ഷരപൂജയാണ് ഇവിടെ നാം കാണുന്നത്. ഈ ഹദീസിന്റെ സാധുതയെത്തന്നെ ആഇശ (റ) നിരാകരിച്ചിട്ടുണ്ട്. ഇസ്‌ലാമിനു മുമ്പ് അറബികള്‍ക്ക് ഇങ്ങനെയുള്ള ചില മൂഢ വിശ്വാസങ്ങളുണ്ടായിരുന്നുവെന്നു വിവരിക്കുകയായിരുന്നു തിരുമേനി (സ). അതു കേട്ടുകൊണ്ട് കടന്നുവന്ന ഇബ്‌നു ഉമര്‍(റ) വിഷയം തെറ്റായി ധരിച്ചിരിക്കുകയാണെന്ന് അവര്‍ വിശദീകരിക്കുന്നു. ഒന്നുകില്‍ നമുക്കീ വിശദീകരണം സ്വീകരിക്കാം. അല്ലെങ്കില്‍ ഹദീസിന്റെ താല്‍പര്യമെന്താണെന്ന് ചിന്തിക്കണം. അതൊരിക്കലും സാധാരണ ധരിക്കപ്പെടുന്ന ശകുനമാവാന്‍ ഇടയില്ല. കാരണം മനുഷ്യന്റെ ശകുനവും ദുശ്ശകുനവും ഭാഗ്യവും നിര്‍ഭാഗ്യവുമൊക്കെ അവന്‍ സ്വയം തെരഞ്ഞെടുത്തനുഷ്ഠിക്കുന്ന കര്‍മങ്ങളോടാണ് ഖുര്‍ആന്‍ ബന്ധിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ പലേടത്തും ഈ കാര്യം തെളിച്ചു പറഞ്ഞിട്ടുണ്ട്. ഒരിടത്ത് ഇങ്ങനെ കാണാം: وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا ﴿١٣﴾ اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤﴾ مَّنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ﴿١٥﴾ الإسراء ''ഓരോ മനുഷ്യന്റെയും ശകുനം നാം അവന്റെ പിരടിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. പുനരുത്ഥാന നാളില്‍ നാം അവനു ഒരു രേഖ എടുത്തുകൊടുക്കും. അത് ഒരു തുറന്ന പുസ്തകമായി അവന്‍ കാണും. (അവനോട് പറയും) നിന്റെ ഗ്രന്ഥം വായിക്കുക, ഇന്നു നിന്നെ വിചാരണ ചെയ്യാന്‍ നീ തന്നെ മതി. ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ അതവന്റെ തന്നെ ഗുണത്തിനു വേണ്ടിയാണ്. ആര്‍ വഴിതെറ്റുന്നുവോ അതിന്റെ ദോഷവും അവന്നു തന്നെ. ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ല. ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം ജനങ്ങളെ ശിക്ഷിക്കുകയുമില്ല.'' സത്യം ഇതായിരിക്കെ ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത ഒരു പാവം പെണ്‍കുട്ടിയെ ശകുനം ആരോപിച്ച് ശിക്ഷിക്കുന്നത് മാത്രമല്ല അത് പ്രവാചകാധ്യാപനമാണെന്ന് തെറ്റിദ്ധരിപ്പിക്കുക കൂടി ചെയ്യുന്നത് എന്തു മാത്രം ക്രൂരമായ അപരാധമല്ല! ഒരു കാര്യം ശരിയാണ്. കുടുംബിനി തന്റേടവും സൂക്ഷ്മതയും, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന സ്വഭാവവും കാര്യബോധവുമൊക്കെ പ്രകടമാക്കിയാലേ ആ വീടിന്റെ ഭാഗധേയം തെളിയൂ. മറിച്ച് ധൂര്‍ത്തും ദുര്‍വ്യയവും പൊങ്ങച്ചവുമൊക്കെയാണവരുടെ കൈമുതലെങ്കില്‍ അവര്‍ ആ കുടുംബത്തെ നശിപ്പിക്കും. അവര്‍ ആ കുടുംബത്തിനു ദുശ്ശകുനമാകും. പാരിസ്ഥിതിക തകരാറുകളുള്ള, കാറ്റും വെളിച്ചവും കടക്കാത്ത വീടിന്റെയും ആരോഗ്യമില്ലാത്ത കുതിരയുടെയും എപ്പോഴും വഴിയില്‍ കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ വാഹനങ്ങളുടെയും സ്ഥിതി ഇതു തന്നെ. ഉപകാരത്തിനും സൗകര്യത്തിനും പകരം ഇവയെല്ലാം പലപ്പോഴും മനുഷ്യന് അനര്‍ഥങ്ങളേ വരുത്തിവെക്കൂ. ഈ യാഥാര്‍ഥ്യത്തിലേക്കായിരിക്കാം നബി(സ) വിരല്‍ ചൂണ്ടിയത്. പക്ഷേ അക്ഷരപൂജകര്‍ ആത്മാവ് കാണുകയില്ലല്ലോ.

7. പ്രമാണങ്ങളും ആചാര - സമ്പ്രദായങ്ങളും

എല്ലാ നാട്ടുകാര്‍ക്കും അവരുടേതായ ആചാരങ്ങളും സമ്പ്രദായങ്ങളുമുണ്ടാവും. അവക്കൊന്നും ഇസ്‌ലാമികമായ അടിത്തറയുണ്ടായിക്കൊള്ളണമെന്നില്ല. നമ്മുടെ നാട്ടിലാണെങ്കില്‍, ചിലപ്പോള്‍ അവയുടെ വേരുകള്‍ ഇതര മതസ്ഥരില്‍ കാണപ്പെടുന്ന മൂഢ വിശ്വാസങ്ങളോളം എത്തിയേക്കും. ജാഹിലിയ്യാ കാലഘട്ടം വരെ നീണ്ടുകിടക്കുന്ന ആചാര വിശ്വാസങ്ങളും ഇല്ലാതില്ല. പ്രമാണങ്ങളെ ഇത്തരം മൂഢ വിശ്വാസങ്ങള്‍ കൊണ്ട് പൊതിയാനാണ് ചിലര്‍ക്കിഷ്ടം. വസ്തുനിഷ്ഠമായ ഗവേഷണങ്ങള്‍ക്ക് ഇത്തരം ആചാരങ്ങളുടെ മൂടുപടം വലിച്ചുനീക്കി യാഥാര്‍ഥ്യം വെളിച്ചത്തു കൊണ്ടുവരാന്‍ കഴിയും. പിശാചു ബാധ ഒരുദാഹരണമായി എടുക്കാം. ചെകുത്താന്‍ ചില മനുഷ്യരുടെ മേല്‍ കയറിക്കൂടുകയും എന്നിട്ടവരെ ബോധരഹിതരാക്കി അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമത്രെ. ചിലപ്പോള്‍ അവരുടെ നാവിലൂടെ സംസാരിക്കുക പോലും ചെയ്യുമെന്നാണ് സങ്കല്‍പം. കേരളത്തില്‍ മാത്രമല്ല, പല നാടുകളിലെയും വലിയ ഒരു വിഭാഗം മുസ്‌ലിംകളുടെ വിശ്വാസമാണിത്. മറ്റനേകം അന്ധവിശ്വാസങ്ങളുടെ അട്ടിപ്പേറുമായി നടക്കുന്ന വിദ്യാഭ്യാസമില്ലാത്ത ഒരു വിഭാഗത്തിന്റെ മൂഢവിശ്വാസം മാത്രമാണിതെന്ന് ചിലര്‍ ധരിക്കുന്നുണ്ടാവും. എന്നാല്‍ അന്ധ വിശ്വാസങ്ങള്‍ക്കെതിരില്‍ 'ജിഹാദി'നിറങ്ങിയ ചില 'സലഫികള്‍' ഈ മൂഢവിശ്വാസം അരക്കിട്ടുറപ്പിക്കുന്നതു കാണുമ്പോള്‍ മൂക്കത്ത് വിരല്‍ വെക്കുകയല്ലാതെ മറ്റെന്തു ചെയ്യും. മനുഷ്യന് പ്രതിരോധിക്കാര്‍ കഴിയാത്ത ഒരു ശക്തിയും അല്ലാഹു പിശാചിന് നല്‍കിയിട്ടില്ല. പിശാചിന്റെ കഴിവുകളെക്കുറിച്ച് ഖുര്‍ആന്‍ എന്തു പറയുന്നുവെന്നു ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത്തരം മൂഢതകള്‍ വിശ്വാസത്തിന്റെ ഭാഗമായി മാറുമായിരുന്നില്ല. ഖുര്‍ആന്‍ പറയുന്നു: إِنَّ اللَّـهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِيَ عَلَيْكُم مِّن سُلْطَانٍ إِلَّا أَن دَعَوْتُكُمْ فَاسْتَجَبْتُمْ لِي ۖ فَلَا تَلُومُونِي وَلُومُوا أَنفُسَكُم ۖ ﴿٢٢﴾ إبراهيم ''നിന്റെ ദുര്‍ബോധനത്താല്‍ വ്യതിചലിപ്പിക്കാവുന്നവരെയൊക്കെ നീ വ്യതിചലിപ്പിച്ചുകൊള്ളുക. നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും അവരുടെ നേരെ തിരിച്ചുവിടുക. സമ്പത്തിലും സന്താനങ്ങളിലും അവരൊന്നിച്ച് പങ്കുചേര്‍ന്നുകൊള്ളുക. അവര്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. ചെകുത്താന്റെ വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. എന്റെ ദാസന്മാരാകട്ടെ, അവരുടെ മേല്‍ നിനക്കൊരു അധികാരവുമില്ല തന്നെ'' (ഇസ്‌റാഅ് 64,65). പിശാചിന്റെ ഈ ആക്രമണം അപ്രതിരോധ്യമോ ഭൗതികമോ അല്ല. മറിച്ച് വിചാരപരവും പ്രലോഭനപരവും മാത്രമാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. കൂടാതെ, പിശാചിന്റെ വലയില്‍പെട്ട് അപഭ്രംശം പറ്റിയവര്‍ പരലോകത്ത് തങ്ങളുടെ നേതാവിനെ അധിക്ഷേപിക്കുമ്പോള്‍ പിശാചിന്റെ മറുപടി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് ഇങ്ങനെ: وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِّنَ الْمُؤْمِنِينَ ﴿٢٠﴾ وَمَا كَانَ لَهُ عَلَيْهِم مِّن سُلْطَانٍ ﴿٢١﴾ سبأ ''അല്ലാഹു നിങ്ങള്‍ക്ക് സത്യസന്ധമായ വാഗ്ദാനങ്ങള്‍ നല്‍കി. ചില വാഗ്ദാനങ്ങള്‍ ഞാനും നിങ്ങള്‍ക്ക് നല്‍കിയിരുന്നു. അവയത്രയും ഞാന്‍ ലംഘിച്ചു. പക്ഷെ, നിങ്ങളെ (എന്റെ മാര്‍ഗത്തിലേക്ക്) ക്ഷണിക്കാനല്ലാതെ നിങ്ങളുടെ മേല്‍ മറ്റൊരധികാരവും എനിക്കുണ്ടായിരുന്നില്ല. നിങ്ങളാ ക്ഷണം സ്വീകരിച്ച് എന്റെ കൂടെ വന്നു. അതിനു നിങ്ങള്‍ എന്നെ ആക്ഷേപിക്കരുത്. മറിച്ച് നിങ്ങളെത്തന്നെ ആക്ഷേപിച്ചാല്‍ മതി.'' ഇതേ ആശയം വിശുദ്ധ ഖുര്‍ആന്‍ മറ്റൊരിടത്ത് ഇങ്ങനെ വ്യക്തമാക്കുന്നു: إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلَّا مَنِ اتَّبَعَكَ مِنَ الْغَاوِينَ ﴿٤٢﴾ الحجر ''അവരുടെ കാര്യത്തില്‍ ഇബ്‌ലീസ് തന്റെ ധാരണ ശരിയെന്ന് കണ്ടു. അവര്‍ അവനെ പിന്തുടര്‍ന്നു. സത്യവിശ്വാസികളായ ചെറിയ ഒരു വിഭാഗമൊഴിച്ച്. ഇബ്‌ലീസിനു അവരുടെ മേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല.'' മറ്റൊരിടത്ത് ഇങ്ങനെ കാണാം: إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلَّا مَنِ اتَّبَعَكَ مِنَ الْغَاوِينَ ﴿٤٢﴾ الحجر ''വഴിപിഴച്ചു നിന്നെ പിന്‍പറ്റിയവരൊഴികെ എന്റെ അടിമകളുടെ മേല്‍ നിനക്കൊരധികാരവുമില്ല.'' വിശുദ്ധ ഖുര്‍ആന്‍ 16- 99 ലും ഇതേ ആശയം ആവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും പൂര്‍വികമായി എങ്ങനെയോ മൂടുറച്ച ചില മൂഢവിശ്വാസങ്ങള്‍ക്കൊത്ത് ഈ പ്രമുഖ പ്രമാണങ്ങളൊക്കെയും അരികുവല്‍ക്കരിക്കാനും വക്രമായി വ്യാഖ്യാനിക്കാനുമാണ് സലഫികളായ ഈ 'പുരോഗമന വാദികള്‍' ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ശരീരത്തില്‍ കയറിക്കൂടിയ പിശാചിനെ ഇളക്കുന്ന സിദ്ധന്മാരിലൊരാള്‍ അല്‍പം മുമ്പ് ഖത്തറില്‍ വന്ന് ഒരു പ്രകടനം നടത്തിയിരുന്നു. അന്ധവിശ്വാസികളായ അനേകം പാമര ജനങ്ങള്‍ - അവരിലധികവും സ്ത്രീകളാണ്- ഈ സിദ്ധനെ ഉപയോഗപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പത്രങ്ങളില്‍ വന്ന വിവാദങ്ങളില്‍ ഇതിനു തെളിവെന്നോണം ശൈഖ് ഇബ്‌നുബാസ് ആധുനികരും അനാധുനികരുമായ പല മഹാരഥന്മാരുടെയും ഫത്‌വകള്‍ ഉദ്ധരിക്കുകയുണ്ടായി. മുഖ്യ തെളിവായി അവര്‍ ഉദ്ധരിച്ചിരിക്കുന്ന ഹദീസ് ഇങ്ങനെ: "إنَّ الشَيطان يَجْرِي مِن الإنسانِ مَجْرَى الدَّمِ، فَخشِيتُ أن يَقْذِفَ في قلوبِكُما شيئاً – بخاري ومسلم ": ''മനുഷ്യരില്‍ രക്തം നടക്കുന്നേടത്തൊക്കെ പിശാച് നടക്കും. അതിനാല്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും തോന്നിയേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു.'' ഈ ഹദീസിന് ഒരു പശ്ചാത്തലമുണ്ട്. ഉമ്മുല്‍ മുഅ്മിനീന്‍ സ്വഫിയ്യ(റ) പറയുന്നു: നബി(സ) തിരുമേനി പള്ളിയില്‍ ഇഅ്തികാഫില്‍ ആയിരുന്നു. രാത്രിയില്‍ ഞാന്‍ അവിടുത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. സംസാരത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയപ്പോള്‍ യാത്രയാക്കാന്‍ തിരുമേനിയും കുറെ ദൂരം കൂടെ വന്നു. അപ്പോള്‍ അന്‍സ്വാരികളായ രണ്ടാളുകള്‍ ഞങ്ങള്‍ക്കരികിലൂടെ നടന്നുപോയി. തിരുമേനിയെ കണ്ടപ്പോള്‍ അവര്‍ നടത്തത്തിനു വേഗത കൂട്ടി. ഉടനെ തിരുമേനി അവരോട് നില്‍ക്കാനാവശ്യപ്പെട്ടു. പിന്നീട് അവിടുന്ന് പറഞ്ഞു: ''ഇത് ഹുയയ്യിന്റെ മകള്‍ സ്വഫിയ്യയാണ്.'' അത്ഭുതത്തോടെ അവര്‍ പ്രതികരിച്ചു: ''അല്ലാഹുവിന്റെ പ്രവാചകരേ .....?'' തിരുമേനി പറഞ്ഞു: ''മനുഷ്യരില്‍ രക്തം ഓടുന്നേടത്തൊക്കെ പിശാചു നടക്കും. അതിനാല്‍ പിശാച് നിങ്ങളുടെ മനസ്സില്‍ വല്ലതും തോന്നിപ്പിച്ചേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.'' ഇവിടെ പിശാചിന്റെ ദുര്‍ബോധനത്തെക്കുറിച്ചല്ലാതെ പിശാച് മനുഷ്യനെ തന്നെ വാഹനമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു സൂചനയും തിരുമേനി നല്‍കുന്നില്ല. എന്നിട്ടും അന്ധവിശ്വാസജഢിലമായ ചില സങ്കല്‍പങ്ങളിലാണ് ചില സലഫികള്‍ക്ക് താല്‍പര്യം. യഥാര്‍ഥത്തില്‍ സലഫി എന്ന പേരു തന്നെ മറ്റൊരു മൂഢ വിശ്വാസത്തിന്റെ സന്തതിയാണ്. നേരത്തേ ആ പേര്‍ ഉപയോഗിച്ചിരുന്നില്ലാത്ത ചിലര്‍ ഇന്നു വളരെ അഭിമാനത്തോടു കൂടി സലഫി മസ്ജിദ്, സലഫി നഗര്‍, സലഫി മദ്‌റസ എന്നിങ്ങനെ പേരുകള്‍ വെക്കുന്നതിനു പുറമെ, തങ്ങള്‍ സലഫികളാണെന്ന് ഘോഷിക്കുകയും പേരിനൊപ്പം സലഫി എന്ന് തുന്നിച്ചേര്‍ക്കുകയും ചെയ്യുന്നു. സലഫി എന്നതിന് കഴിഞ്ഞുപോയവരെ പിന്തുടരുന്നവര്‍ എന്നര്‍ഥം പറയാം. ഈ ഭാഷാര്‍ഥം പക്ഷേ ഉദ്ദേശ്യമല്ല. സാങ്കേതികമായി ഇസ്‌ലാമിന്റെ ആദ്യത്തെ മൂന്നു ശതകത്തെയാണ് സലഫ് കൊണ്ടുദ്ദേശിക്കാറുള്ളത്. ഈ മൂന്നു നൂറ്റാണ്ടുകള്‍ യഥാക്രമം ഉത്തമ നൂറ്റാണ്ടുകളായി തിരുമേനി വിവരിച്ചിരിക്കുന്നു. തിരുമേനി പറഞ്ഞു: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُكُمْ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ» - بخاري ، مسلم ''നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടുകാരാണ്. പിന്നെ അവരെത്തുടര്‍ന്നു വരുന്നവര്‍, പിന്നെ അവരെത്തുടര്‍ന്നു വരുന്നവര്‍.'' ഇതുകൊണ്ടുദ്ദേശിക്കുന്നത് ഈ മൂന്നു നൂറ്റാണ്ടുകളിലെ മുഴുവന്‍ മുസ്‌ലിംകളുമാണോ? അതല്ല ഭൂരിഭാഗം മുസ്‌ലിംകളോ? അതുപോലെ ഈ മേന്മയുടെ മുന്‍ഗണനാ ക്രമം ഈ മൂന്നു നൂറ്റാണ്ടുകള്‍ക്കു മാത്രം ബാധകമാണോ, അതല്ല അത് അന്ത്യനാള്‍വരെ നിലനില്‍ക്കുമോ? അന്ത്യ നാള്‍ വരെ നിലനില്‍ക്കുമെങ്കില്‍ വരാനിരിക്കുന്ന ഉത്തമ കാലഘട്ടങ്ങളെക്കുറിച്ചുള്ള തിരുമേനിയുടെ പ്രവചനങ്ങളുടെ അര്‍ഥമെന്ത്? ഇതൊക്കെ പണ്ഡിതന്മാര്‍ക്കിടയില്‍ പണ്ടേ ഭിന്നതയുള്ള കാര്യമാണ്. ഏതായാലും ഒരു കാര്യം വ്യക്തം. നബി(സ) തിരുമേനിക്കു ശേഷം, അവിടുത്തെ ആദ്യത്തെ മൂന്നു തലമുറ ആപേക്ഷികമായി ഉത്തമരാണെന്നല്ലാതെ അവരെ മൊത്തമായി ഒറ്റയായും തെറ്റയായും പിന്‍പറ്റാന്‍ അവിടുന്ന് പഠിപ്പിച്ചിട്ടില്ല. അങ്ങനെ പഠിപ്പിച്ചിരുന്നെങ്കില്‍ നാം വിഷമിച്ചുപോകുമായിരുന്നു. കാരണം, ഇന്ന് മുസ്‌ലിംകളില്‍ കാണപ്പെടുന്ന എല്ലാ അഭിപ്രായവ്യത്യാസങ്ങളും ആദ്യത്തെ മൂന്നു തലമുറയോടുകൂടിത്തന്നെ രൂപപ്പെട്ടുകഴിഞ്ഞതാണ്. അതിനാല്‍ ഖുര്‍ആനും നബിചര്യയും പിന്‍പറ്റാനാണ് അവിടുത്തെ വസ്വിയ്യത്ത്. അതുകൊണ്ട് മുസ്‌ലിം, പില്‍ക്കാലത്തു വന്നുകൂടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വലിച്ചെറിഞ്ഞ്, തന്നെ ഇസ്‌ലാമിന്റെ മൂല സ്രോതസ്സിലേക്ക് ചേര്‍ത്തുകൊണ്ട് ഞാന്‍ ഖുര്‍ആനിയാണെന്നോ, മുഹമ്മദിയാണെന്നോ അഭിമാനിക്കുകയാണെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു. പക്ഷേ ഈ ദീന്‍ മുഹമ്മദ് നബിയുടെ കണ്ടുപിടിത്തമോ കൃതിപ്പോ അല്ലാത്തതിനാല്‍ അതിന്റെ സാക്ഷാല്‍ ദാതാവ് നല്‍കിയ മുസ്‌ലിം എന്ന പേരിലേക്കാണ് സ്വഹാബികള്‍ സാഭിമാനം ചേര്‍ത്തുപറഞ്ഞത്. ഖുര്‍ആന്‍ അവരെ പഠിപ്പിച്ചതും അതുതന്നെ: هُوَ سَمَّاكُمُ الْمُسْلِمِينَ مِن قَبْلُ وَفِي هَـٰذَا ﴿٧٨﴾ الحج ''നിങ്ങള്‍ക്കു മുമ്പും ഈ ഗ്രന്ഥത്തിലും അവന്‍ നിങ്ങള്‍ക്കു പേര്‍ വെച്ചിരിക്കുന്നത് മുസ്‌ലിംകള്‍ എന്നാണ്.'' എന്നിരിക്കെ അതാണ് നമുക്കും അഭിമാനകരം. മറ്റെല്ലാ പുതിയ പേരുകളും ഭിന്നിപ്പിന്റെ പുതിയ വിത്തുകളാണ്.

8. സുസ്ഥിരമായ ലക്ഷ്യങ്ങള്‍, മാറുന്ന മാര്‍ഗങ്ങള്‍

ശരീഅത്ത് നിയമങ്ങള്‍ക്ക് സുസ്ഥിരമായ ചില ലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യങ്ങള്‍ക്ക് മാറ്റമില്ല. എന്നാല്‍ ഏതാദൃശ ലക്ഷ്യങ്ങള്‍ നേടാനുള്ള മാര്‍ഗങ്ങള്‍ കാലാകാലങ്ങളില്‍ വ്യത്യസ്തമാവാം. അത് നേരത്തേ നബി(സ) തിരുമേനി പഠിപ്പിച്ച മാര്‍ഗമാണെങ്കില്‍ പോലും പില്‍ക്കാലത്ത് ലക്ഷ്യസാധ്യത്തിനു കൂടുതല്‍ അനുഗുണമാണെങ്കില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാവുന്നതാണ്. ഉദാഹരണമായി നബി(സ) തിരുമേനി മുആദുബ്‌നു ജബലി(റ)നെ യമനിലേക്കയച്ചപ്പോള്‍ എങ്ങനെയാണ് സകാത്ത് വാങ്ങേണ്ടതെന്ന് പഠിപ്പിച്ചുകൊണ്ട് പറഞ്ഞൂ: " خُذِ الْحَبَّ مِنَ الْحَبِّ وَالشَّاةَ مِنَ الْغَنَمِ وَالْبَعِيرَ مِنَ الْإِبِلِ , وَالْبَقَرَةَ مِنَ الْبَقَرِ " السنن الكبرى للبيهقي ، وأبوداود ، وابن ماجة والحاكم وصححه على شرط الشيخين ''താങ്കള്‍ അവരോട് ധാന്യങ്ങളില്‍നിന്ന് ധാന്യവും ആടുകളില്‍നിന്ന് ആടും ഒട്ടകങ്ങളില്‍നിന്ന് ഒട്ടകവും പശുക്കളില്‍നിന്ന് പശുവും (സകാത്തായി) വാങ്ങുക.'' ഇത് സകാത്ത് നല്‍കുന്നവരുടെ സൗകര്യം പരിഗണിച്ചുകൊണ്ട് തിരുമേനി കല്‍പിച്ചതായിരുന്നു. കാരണം ഇന്ന് നാം ടാക്‌സ് നല്‍കുന്ന പോലെ എല്ലാവരും സകാത്ത് പണമായി നല്‍കണമെന്ന് നബി തിരുമേനി കല്‍പിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്കത് പ്രയാസമാകുമായിരുന്നു. എന്നാല്‍ ജനങ്ങളുടെ ഈ സൗകര്യം എക്കാലത്തും ഒരുപോലെയായിക്കൊള്ളണമെന്നില്ല. അതിനാല്‍ സകാത്ത് നല്‍കുന്ന രീതിയിലും പില്‍ക്കാലത്ത് സൗകര്യമനുസരിച്ച് മാറ്റങ്ങളാകാവുന്നതാണെന്ന് മുആദ് (റ) മനസ്സിലാക്കി. ഉമറി(റ)ന്റെ കാലമായപ്പോഴേക്ക് യമനില്‍ ധാരാളം വസ്ത്രനിര്‍മാണ ഫാക്ടറികള്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. അതിനാല്‍ വസ്ത്രങ്ങളായി സകാത്ത് നല്‍കുക എന്നത് അവര്‍ക്ക് കൂടുതല്‍ ആയാസരഹിതമായി. അതിനാല്‍ നേരത്തേ തിരുമേനി നല്‍കിയ കല്‍പനക്ക് വിരുദ്ധമായി മുആദ് അവരോട് പറഞ്ഞു: " ائْتُونِي بِخَمِيسٍ أَوْ لَبِيسٍ آخُذُهُ مِنْكُمْ مَكَانَ الصَّدَقَةِ فَإِنَّهُ أَهْوَنُ عَلَيْكُمْ وَخَيْرٌ لِلْمُهَاجِرِينَ بِالْمَدِينَةِ " - السنن الكبرى للبيهقي ''നിങ്ങള്‍ കുപ്പായമോ തുണിയോ കൊണ്ടുവരികയാണെങ്കില്‍ (ഏതിനത്തിന്റെയും) സകാത്തായി ഞാനത് സ്വീകരിച്ചുകൊള്ളാം. കാരണം നിങ്ങള്‍ക്കതാണ് കൂടുതല്‍ സൗകര്യപ്രദം. മദീനയിലെ മുഹാജിറുകള്‍ക്കാവട്ടെ അതാണ് കൂടുതല്‍ പ്രയോജനപ്രദവും.'' ഇവിടെ സകാത്ത് സംഭരണമെന്ന ലക്ഷ്യം നേടാന്‍ തിരുമേനി തന്നോട് നേരിട്ട് നിര്‍ദേശിച്ച മാര്‍ഗം അതിനേക്കാള്‍ ഉത്തമമായ മറ്റൊരു മാര്‍ഗം മുമ്പില്‍ തെളിഞ്ഞു വന്നിരിക്കയാല്‍ മുആദ്(റ) ഉപേക്ഷിച്ചിരിക്കുകയാണ്. ഫിഖ്ഹിന്റെ നിദാനശാസ്ത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണിത്. ഹദീസ് പ്രബലമായി വന്നതാണെങ്കിലും അത് കര്‍മപഥത്തിലേക്കിറക്കുമ്പോള്‍ ഖണ്ഡിത പ്രമാണം അവഗണിച്ചും പരിഗണിക്കപ്പെടേണ്ട മറ്റുചില പൊതു താല്‍പര്യങ്ങള്‍ കൂടിയുണ്ടെന്ന് സാരം.

9. കാര്യകാരണ ബന്ധങ്ങള്‍

പലപ്പോഴും നബി തിരുമേനിയുടെ ചില നിര്‍ദേശങ്ങള്‍ക്കു പ്രത്യേക കാരണങ്ങളുണ്ടാവാം. ആ കാരണമില്ലെങ്കില്‍ കല്‍പനയും ഇല്ലാതാവും. അതിനാല്‍ ഏത് പശ്ചാത്തലത്തിലാണ് കല്‍പന വന്നതെന്ന് പ്രത്യേകം പരിഗണിക്കേണ്ടിവരും. ഇല്ലെങ്കില്‍ നാം തെറ്റായ വിധിയിലാണെത്തിച്ചേരുക. ഉദാഹരണമായി നബി(സ)തിരുമേനി പറഞ്ഞു: «لَا تُسَافِرِ الْمَرْأَةُ ثَلَاثًا إِلَّا مَعَ ذِي مَحْرَمٍ » بخاري ، مسلم ''വിവാഹം നിഷിദ്ധമായ ഒരാളുടെ കൂടെയല്ലാതെ മൂന്നു ദിവസം സ്ത്രീ യാത്ര ചെയ്യാവതല്ല.'' ഇവിടെ സ്ത്രീ വിവാഹം നിഷിദ്ധമായ ബന്ധുവിന്റെ കൂടെയല്ലാതെ യാത്രചെയ്യരുതെന്ന കല്‍പന സ്ത്രീയുടെ സുരക്ഷിതത്വം പരിഗണിച്ചുകൊണ്ടാണെന്ന് വ്യക്തം. മറ്റു മാര്‍ഗത്തിലൂടെ ഈ സുരക്ഷിതത്വം ലഭിക്കുകയാണെങ്കില്‍ യാത്ര, വിവാഹം നിഷിദ്ധമായ ബന്ധുവിന്റെ കൂടെയാവണമെന്ന കല്‍പനക്ക് പിന്നെ പ്രസക്തിയില്ല. മറ്റൊരു ഹദീസില്‍നിന്ന് ഈ കാര്യം കൂടുതല്‍ വ്യക്തമാവുകയും ചെയ്യുന്നു. ഒരിക്കല്‍ തിരുമേനി വരാനിരിക്കുന്ന ഒരു നല്ല കാലത്തെക്കുറിച്ച് പ്രവചിച്ചുകൊണ്ട് അദിയ്യുബ്‌നു ഹാത്തിമിനോട് പറഞ്ഞൂ: عَنْ عَدِيِّ بْنِ حَاتِمٍ، قَالَ: بَيْنَا أَنَا عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذْ أَتَاهُ رَجُلٌ فَشَكَا إِلَيْهِ الفَاقَةَ، ثُمَّ أَتَاهُ آخَرُ فَشَكَا إِلَيْهِ قَطْعَ السَّبِيلِ، فَقَالَ: «يَا عَدِيُّ، هَلْ رَأَيْتَ الحِيرَةَ؟» قُلْتُ: لَمْ أَرَهَا، وَقَدْ أُنْبِئْتُ عَنْهَا، قَالَ «فَإِنْ طَالَتْ بِكَ حَيَاةٌ، لَتَرَيَنَّ الظَّعِينَةَ تَرْتَحِلُ مِنَ الحِيرَةِ، حَتَّى تَطُوفَ بِالكَعْبَةِ لاَ تَخَافُ أَحَدًا إِلَّا اللَّهَ، … قَالَ عَدِيٌّ: فَرَأَيْتُ الظَّعِينَةَ تَرْتَحِلُ مِنَ الحِيرَةِ حَتَّى تَطُوفَ بِالكَعْبَةِ لاَ تَخَافُ إِلَّا اللَّهَ - بخاري ''അദിയ്യുബ്‌നു ഹാത്തിമില്‍നിന്നു: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി(സ)യുടെ കൂടെയായിരിക്കുമ്പോള്‍ ഒരാള്‍ വന്ന് ദാരിദ്ര്യത്തെക്കുറിച്ച് ആവലാതിപ്പെട്ടു. പിന്നെ മറ്റൊരാള്‍ വന്ന് വഴിയിലുള്ള കവര്‍ച്ചയെക്കുറിച്ച് ആവലാതി പറഞ്ഞു. അപ്പോള്‍ തിരുമേനി ചോദിച്ചു: 'അദിയ്യേ, നീ ഹീറ കണ്ടിട്ടുണ്ടോ?' ഞാന്‍ പറഞ്ഞു: 'കണ്ടിട്ടില്ല, പക്ഷേ കേട്ടിട്ടുണ്ട്.' തിരുമേനി പറഞ്ഞു: 'എന്നാല്‍ നിനക്ക് ദീര്‍ഘമായി ജീവിക്കാനിടവരികയാണെങ്കില്‍ ഒരു സ്ത്രീ ഹീറയില്‍നിന്ന് ഒട്ടകപ്പുറത്ത് യാത്രചെയ്ത് അല്ലാഹുവിനെയല്ലാതെ ഭയപ്പെടാതെ കഅ്ബ ത്വവാഫ് ചെയ്യുന്നത് നിനക്ക് നേരില്‍ കാണാന്‍ കഴിയും...' അദിയ്യ് പറയുന്നു: ഒരു സ്ത്രീ ഹീറയില്‍നിന്ന് ഒറ്റക്ക് ഒട്ടകപ്പുറത്ത് യാത്രചെയ്ത് അല്ലാഹുവിനെയല്ലാതെ ഭയപ്പെടാതെ കഅ്ബ ത്വവാഫ് ചെയ്യുന്നത് ഞാന്‍ നേരില്‍ കാണുക തന്നെ ചെയ്തു.'' ഇവിടെ ഒരു പരിതഃസ്ഥിതിയിലും ഒരു സ്ത്രീക്ക് ഒറ്റക്ക് യാത്രചെയ്യാന്‍ പാടില്ലെങ്കില്‍ നബിതിരുമേനി വരാനിരിക്കുന്ന ഒരു സുന്ദര സ്വപ്‌നമായി അങ്ങനെ വിവരിക്കുമായിരുന്നില്ലെന്ന് വ്യക്തം. അതിനാല്‍ ഒരു പരിതഃസ്ഥിതിയിലും സ്ത്രീക്ക് ഒറ്റക്ക് യാത്രചെയ്യാന്‍ പറ്റുകയില്ലെന്നാണ് ഇസ്‌ലാമിന്റെ വിധിയെന്ന് പറയാന്‍ പറ്റുകയില്ല. ഹദീസുകളില്‍നിന്ന് വിധികള്‍ നിര്‍ധാരണം ചെയ്യുമ്പോള്‍ ഏത് പരിതഃസ്ഥിതിയിലാണ് തിരുമേനി അത് പറഞ്ഞതെന്ന കാര്യം വളരെ പ്രാധാന്യ പൂര്‍വം പരിഗണിക്കേണ്ടതാണെന്ന് ചുരുക്കം. ഇങ്ങനെ പ്രമാണമെന്ന നിലയില്‍ ഹദീസുകളുടെ സ്വീകരണ- നിരാകരണങ്ങളില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അവയില്‍ ചിലത് മാത്രമാണിവിടെ പഠനവിധേയമാക്കിയത്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top