ശൈഖ് വഹ്ബഃ മുസ്ത്വഫ അസ്സുഹൈലി നൂറ്റാണ്ടിലെ പണ്ഡിത പ്രതിഭ
പി.കെ ജമാല്‍
ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമിക വിജ്ഞാനരംഗത്തെ മൗലിക പ്രതിഭയും ആഗോളതലത്തില്‍ അംഗീകാരം നേടിയ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും ലോകപ്രശസ്ത പണ്ഡിതനുമായിരുന്നു ഡോ. വഹ്ബഃ അസ്സുഹൈലി. ജന്മദേശമായ സിറിയയില്‍ ഒതുങ്ങി നിന്നില്ല ആ വ്യക്തിത്വശോഭ. സിറിയയിലെ പ്രമുഖ സുന്നി പണ്ഡിതന്‍ എന്ന തലം വിട്ട് ലോകം മുഴുവന്‍ ഒഴുകിപ്പരന്നു ആ വിജ്ഞാന മഹാപ്രവാഹം. മഹാനായ ഗുരുവര്യന്‍, സഞ്ചരിക്കുന്ന സര്‍വവിജ്ഞാനകോശം, തലമുറകളുടെ പ്രഗത്ഭ വിധാതാവ്, ഭുവനപ്രശസ്തരായ പണ്ഡിതന്മാരുടെ ശില്‍പി, ഫിഖ്ഹിലും നിയമത്തിലും നിദാന ശാസ്ത്രത്തിലും തഫ്‌സീറിലും എന്നുവേണ്ട നാനാ വിജ്ഞാന ശാഖകളില്‍ അഗാധമായ പഠനവും ഗവേഷണവും നടത്തി ഗ്രന്ഥരചന നിര്‍വഹിച്ച ബഹുമുഖ ധിഷണാശാലി എന്നീ വിശേഷണങ്ങള്‍ക്കപ്പുറം ഈ നൂറ്റാണ്ടു കണ്ട ഫഖീഹുകളില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നയാള്‍ എന്നതുകൂടിയാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ദമസ്‌കസ് നഗരപ്രാന്തത്തിലെ ദൈര്‍ അത്വിയ്യഃ പട്ടണത്തില്‍ 1932-ല്‍ ജനിച്ച വഹ്ബഃയുടെ പിതാവിന് കൃഷിയും കച്ചവടവുമായിരുന്നു തൊഴില്‍. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും സുന്നത്തിന്റെ ഉജ്ജീവനത്തിനായി ജീവിക്കുകയും ചെയ്ത പിതാവിന്റെ തണലില്‍ ജന്മദേശമായ ദൈര്‍ അത്വിയ്യയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ വഹ്ബയുടെ സെക്കന്ററി വിദ്യാഭ്യാസം ദമസ്‌കസിലെ കുല്ലിയത്തുശ്ശര്‍ഇയ്യയില്‍. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ 'ആലിയഃ' ബിരുദം കരസ്ഥമാക്കിയ അദ്ദേഹം അസ്ഹറിലെ അറബി ഭാഷാധ്യാപന പരിശീലനവും പൂര്‍ത്തിയാക്കി. അതിനിടെ ഐനുശ്ശംസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി ലിസന്‍സ് ബിരുദമെടുത്തു. കൈറോവിലെ ലോ കോളേജില്‍നിന്ന് മാസ്റ്റര്‍ ബിരുദം നേടി.
ഇസ്‌ലാമിക ശരീഅഃ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ വഹ്ബക്ക് വിദേശ യൂനിവേഴ്‌സിറ്റികളുമായി ഗവേഷണ ഫലങ്ങളും നിഗമനങ്ങളും കൈമാറാനുള്ള അനുമതിയും ലഭിച്ചു. 'ഇസ്‌ലാമിക ഫിഖ്ഹില്‍ യുദ്ധത്തിന്റെ പ്രതിഫലനം: എട്ടു മദ്ഹബുകളും അന്താരാഷ്ട്ര നിയമങ്ങളും തമ്മില്‍ താരതമ്യപഠനം' എന്നതായിരുന്നു വഹ്ബയുടെ ഗവേഷണ പ്രബന്ധ വിഷയം.
സിറിയയിലും ഈജിപ്തിലും ഖ്യാതി നേടിയ പണ്ഡിത പ്രതിഭകളായിരുന്നു ഡോ. വഹ്ബയുടെ ഗുരുവര്യന്മാര്‍. സിറിയയിലെ പണ്ഡിത പ്രമുഖരായ ശൈഖ് മഹ്മൂദ് യാസീന്‍, മഹ്മൂദു റന്‍കൂസി, ഹസനുശ്ശത്തി, ഹംദിജുവൈജാത്തി, ഹസന്‍ ഹബന്‍കത്തുല്‍മയ്ദാനി, അബുല്‍ ഹസനില്‍ ഖസ്സാബ്, സ്വാലിഹുല്‍ ഫര്‍ഫൂര്‍, ഹസനുല്‍ ഖത്വീബ്, അലി സഅ്ദുദ്ദീന്‍, ശൈഖ് സ്വുബ്ഹി ഖൈസുറാന്‍, കാമിലുല്‍ഖസ്സ്വാര്‍ തുടങ്ങിയവരുടെ ശിഷ്യത്വം വഹ്ബയുടെ പഠനജീവിതം ധന്യമാക്കി. ഈജിപ്തിലെ അതിപ്രഗത്ഭരായ പണ്ഡിതന്മാര്‍ വഹ്ബയുടെ അറിവിന്റെ നിര്‍മിതിയില്‍ നിസ്തുല പങ്ക് വഹിച്ചു. ശൈഖുല്‍ അസ്ഹര്‍ മഹ്മൂദ് ശല്‍ത്തൂത്ത്, ശൈഖ് അബ്ദുര്‍റഹ്മാന്‍ താജ്, ഈസാ മന്നൂന്‍, ജാദുര്‍റബ്ബ് റമദാന്‍, മുഹമ്മദ് അബൂസഹ്‌റ, ശൈഖ് അലി അല്‍ ഖഫീഫ്, മുഹമ്മദുല്‍ബന്നാ, മുഹമ്മദുസ്സഫ്‌സാഫ്, മുഹമ്മദ് സലാം മദ്കൂര്‍, ഫറജു ബിന്‍ഹൂരി എന്നിവര്‍ വഹ്ബയുടെ സിദ്ധി കണ്ടറിയുകയും സാധനകള്‍ക്ക് വെളിച്ചം പകരുകയും ചെയ്തു.
കുവൈത്ത് ഗവണ്‍മെന്റ് പുറത്തിറക്കിയ ഫിഖ്ഹ് എന്‍സൈക്ലോപീഡിയക്ക് സാരഥ്യം വഹിച്ച ഡോ. അബ്ദുസ്സത്താര്‍ അബൂഗദ്ദ, ശൈഖ് മുഹമ്മദുസ്സുഹൈലി, മുഹമ്മദ് അബൂലൈല്‍, മാജിദ് അബു റഖിയ്യഃ, ഹംസഃ ഹംസഃ, മുഹമ്മദ് ഫാറൂഖ് ഹമാദ, മുഹമ്മദ് നഈം യാസീന്‍, അബ്ദുല്ലത്വീഫ് ഫര്‍ഫൂര്‍, അബ്ദുസ്സലാം അബ്ബാദി തുടങ്ങി അറബ്‌ലോകത്ത് പ്രശസ്തരായ പണ്ഡിതശ്രേഷ്ഠര്‍ ഡോ. വഹ്ബയുടെ ശിഷ്യഗണങ്ങളില്‍ ചിലര്‍ മാത്രം. ആ പണ്ഡിത പ്രതിഭയുടെ രചനകളും ഗ്രന്ഥങ്ങളും വായിച്ചും പഠിച്ചും ശിഷ്യത്വം സ്വീകരിച്ചും നേരിട്ട് വിജ്ഞാനം നുകര്‍ന്നും വിജ്ഞാന ജീവിതം സഫലമാക്കിയ ആയിരക്കണക്കില്‍ ഭാഗ്യവാന്മാര്‍ ഇതിനെല്ലാം പുറമെയാണ്.
ചൈതന്യധന്യമായ വിജ്ഞാന ജീവിതം
1975-ല്‍ ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസര്‍ ആയി നിയമിതനായ വഹ്ബഃ അധ്യാപനത്തിലും ഗ്രന്ഥരചനയിലും പ്രഭാഷണങ്ങളിലും മുഴുകി വൈജ്ഞാനിക സംഭാവനകള്‍ അര്‍പ്പിച്ച പ്രതിഭാശാലിയാണ്. വിവിധ വിജ്ഞാന ശാഖകളില്‍ റഫറന്‍സ് ഗ്രന്ഥങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന എഴുപതോളം കൃതികളുടെ കര്‍ത്താവായ ശൈഖ് വഹ്ബഃ അസ്സുഹൈലിക്ക് ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലുമായിരുന്നു പ്രത്യേക അഭിരുചി.
ലിബിയയിലെ മുഹമ്മദുബ്‌നു അലിസ്സനൂസി യൂനിവേഴ്‌സിറ്റിയില്‍ രണ്ട് വര്‍ഷം ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ച വഹ്ബഃ ഇമാറാത്ത് യൂനിവേഴ്‌സിറ്റിയിലെ കുല്ലിയത്തുശ്ശരീഅ വല്‍ ഖാനൂനില്‍ അഞ്ച് വര്‍ഷം സേവനം ചെയ്തു. ഖാര്‍ത്തൂം യൂനിവേഴ്‌സിറ്റിയിലും ഉമ്മുദര്‍മാന്‍ യൂനിവേഴ്‌സിറ്റിയിലും വിസിറ്റിംഗ് പ്രഫസറായി സേവനമനുഷ്ഠിച്ച ഈ വിഖ്യാത പണ്ഡിതന്‍ ഖത്തര്‍, കുവൈത്ത്, പാകിസ്താന്‍, ഇന്ത്യ, സുഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ ഗവണ്‍മെന്റുകളുടെ പ്രത്യേക ക്ഷണമനുസരിച്ച് പര്യടനം നടത്തി വൈജ്ഞാനിക സംഭാവനകള്‍ നല്‍കി. ദമസ്‌കസ് യൂനിവേഴ്‌സിറ്റി, ലബനാനിലെ ഇമാം ഔസാഈ യൂനിവേഴ്‌സിറ്റി, ഖാര്‍ത്തൂം യൂനിവേഴ്‌സിറ്റി തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എഴുപതില്‍പരം ഗവേഷണ പ്രബന്ധങ്ങള്‍ ഡോ. വഹ്ബയുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. വൈജ്ഞാനിക രംഗത്തുള്ള നിസ്തുല സംഭാവനകള്‍ക്കു പുറമെ കുവൈത്ത്, യു.എ.ഇ, ദമസ്‌കസ് യൂനിവേഴ്‌സിറ്റികളില്‍ ജേര്‍ണലുകള്‍ക്കും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.
ജോര്‍ദാനിലെ റോയല്‍ അക്കാദമി ഫോര്‍ ഇസ്‌ലാമിക് സിവിലൈസേഷന്‍ അംഗം, ബഹ്‌റൈനിലെ ഷെയര്‍ ഹോള്‍ഡിംഗ് കമ്പനിയുടെ ശരീഅ മോണിറ്ററിംഗ് കമ്മിറ്റിയംഗം, ജിദ്ദയിലെ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയില്‍ സ്‌പെഷ്യലിസ്റ്റ്, മക്ക ഫിഖ്ഹ് അക്കാദമി എക്‌സ്‌പെര്‍ട്ട്, ഇന്ത്യ, അമേരിക്ക, സുഡാന്‍ ഫിഖ്ഹ് അക്കാദമി കണ്‍സള്‍ട്ടന്റ്, ദമസ്‌കസിലെ ഗ്രാന്റ് അറബിക് എന്‍സൈക്ലോപീഡിയാ എക്‌സ്പര്‍ട്ട്, സിറിയയിലെ മജ്‌ലിസുല്‍ ഇഫ്താ അംഗം എന്നീ പദവികളില്‍ നിസ്തുല സേവനം അര്‍പ്പിച്ച ധന്യ ജീവിതമായിരുന്നു വഹ്ബയുടേത്.
2015 ആഗസ്റ്റ് 8-ന് (1436 ശവ്വാല്‍ 23) ഇഹലോകത്തോട് വിടപറഞ്ഞ ഡോ. വഹ്ബഃ അസ്സുഹൈലി, ഒരായുഷ്‌കാലം നീണ്ട പഠന-ഗവേഷണ ഫലങ്ങള്‍ ബൃഹദ് ഗ്രന്ഥങ്ങളുടെ രൂപത്തില്‍ തലമുറകള്‍ക്ക് കൈമാറി. മരണശേഷവും വൈജ്ഞാനിക ലോകത്തിന് വെളിച്ചം പകരുന്ന പ്രകാശഗോപുരങ്ങളാണ് ആ ഗ്രന്ഥങ്ങളോരോന്നും. ഇസ്‌ലാമിക ഗ്രന്ഥശേഖരത്തെ ധന്യമാക്കിയ രണ്ട് മഹത്തായ സര്‍വവിജ്ഞാന കോശങ്ങളുണ്ട് അദ്ദേഹത്തിന്റേതായി; എട്ട് വാള്യങ്ങളുള്ള 'മൗസൂഅത്തുല്‍ ഫിഖ്ഹില്‍ മുആസ്വിര്‍', പതിനാല് വാള്യങ്ങളുള്ള 'മൗസൂഅത്തുല്‍ ഫിഖ്ഹില്‍ ഇസ് ലാമി വല്‍ ഖദായ അല്‍ മുആസ്വിറ'.
ഇവക്കു പുറമെയാണ് വിവിധ വിജ്ഞാനശാഖകളിലെ കൃതികള്‍. ആഥാറുല്‍ ഹര്‍ബി ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, മുഖാറനത്തുന്‍ ബൈനല്‍ മദാഹിബിസ്സമാനിയ വല്‍ ഖാനൂനിദ്ദൗലി, അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി വ അദില്ലത്തുഹു (11 വാള്യങ്ങള്‍), അല്‍ വജീസു ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, നള്‌രിയത്തുദ്ദറൂറത്തിശ്ശര്‍ഇയ്യ, ദിറാസത്തുന്‍ മുഖാറന, അല്‍ ഖുര്‍ആനുല്‍ കരീം ബുന്‍യതു ഹുത്തശ്‌രീഇയ്യ വ ഖസാഇസുഹുല്‍ ഹദാരിയ്യ, അല്‍ മൗസൂഅത്തുല്‍ ഖുര്‍ആനിയ്യത്തില്‍ മുയസ്സറ, തഫ്‌സീറുല്‍ വജീസ്, തഫ്‌സീറുല്‍ വസീത്വ് (മൂന്ന് വാള്യങ്ങള്‍) തഖ്ദീമു വ തഹ്ഖീഖു ലിശര്‍ഹി മുസ്‌ലിം ലിന്നവവി, ആലമുല്‍ ഇസ്‌ലാമി ഫീ മുവാജഹത്തിത്തഹദ്ദിയാത്തില്‍ ഗര്‍ബിയ്യ, ഹഖുല്‍ ഹുര്‍രിയത്തില്‍ ഫില്‍ ആലം, അല്‍ ഉസ്‌റത്തുല്‍ മുസ്‌ലിമ ഫില്‍ ആലമില്‍ മുആസ്വിര്‍ തുടങ്ങിയ മഹദ് ഗ്രന്ഥങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നവയാണ്. നിരവധി വിദേശഭാഷകളിലേക്ക് അദ്ദേഹത്തിന്റെ മിക്ക ഗ്രന്ഥങ്ങളും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ച ഈ മഹാപണ്ഡിതന്‍ വിനയത്തിന്റെയും എളിമയുടെയും ആള്‍രൂപമായിരുന്നു. 2008-ല്‍ ഇസ്‌ലാമിക ലോകത്തെ അത്യുത്കൃഷ്ട വ്യക്തിത്വമായി മലേഷ്യ അദ്ദേഹത്തെ ആദരിച്ചു. ലോകത്ത് ഏറെ സ്വാധീനം ചെലുത്തിയ അഞ്ഞൂറ് പണ്ഡിത പ്രതിഭകളില്‍ ഒരാളായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 'അത്തഫ്‌സീറുല്‍ മുനീറു ഫില്‍ അഖീദത്തി വശ്ശരീഅത്തി വല്‍ മന്‍ഹജി' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം 1995-ലെ വിശിഷ്ട ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി.
കര്‍മശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥം
ശൈഖ് വഹ്ബയുടെ മാസ്റ്റര്‍ പീസ് കൃതിയായി കരുതാവുന്ന 'അല്‍ഫിഖ്ഹുല്‍ ഇസ്‌ലാമി വഅദില്ലതുഹു' 8376 പേജുകളില്‍ പത്ത് വാള്യങ്ങളില്‍ ലഭ്യമാണ്. കര്‍മശാസ്ത്രത്തിലെ ആധികാരിക പ്രമാണ ഗ്രന്ഥമായി വിശേഷിപ്പിക്കപ്പെടുന്ന ഈ രചനയുടെ സവിശേഷത ഖുര്‍ആന്‍, സുന്നത്ത്, ഇജ്തിഹാദ് എന്നീ അടിസ്ഥാന സ്രോതസ്സുകളില്‍നിന്ന് തെളിവുകള്‍ നിര്‍ധാരണം ചെയ്തും പ്രശസ്തമായ ഹനഫി, മാലികി, ശാഫിഈ, ഹമ്പലി തുടങ്ങിയ നാലു മദ്ഹബുകളിലെയും പ്രമുഖമായ മറ്റ് മദ്ഹബുകളിലെയും അഭിപ്രായങ്ങള്‍ സമാഹരിച്ചും ഓരോ മദ്ഹബുകാരും അവലംബിക്കുന്ന പ്രമാണങ്ങളും ഗ്രന്ഥങ്ങളും ഉദ്ധരിച്ചും താരതമ്യപഠനവും അപഗ്രഥനവും നടത്തുന്നു എന്നതാണ്. പഠിതാവിന് ആശയം അനായാസേന ഗ്രാഹ്യമാവുന്ന വിധത്തില്‍ ക്രോഡീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ ഓരോ ഹദീസിന്റെയും പ്രമാണത്തിന്റെയും നിഷ്‌കൃഷ്ട പരിശോധനയും നടത്തിയിട്ടുണ്ട്. ഫിഖ്ഹ് സത്യാന്വേഷകര്‍ക്ക് പ്രയാസമന്യേ പ്രാപ്യമാകാന്‍ ആവശ്യമായ രീതിയാണ് ഗ്രന്ഥകര്‍ത്താവ് അവലംബിച്ചിട്ടുള്ളത്. കര്‍മശാസ്ത്രമേഖലയിലെ സമഗ്ര ഗ്രന്ഥമായി കൊണ്ടാടപ്പെടുന്ന ഈ ഗ്രന്ഥം സമകാലീന ജീവിതത്തിലെ പുതിയ പ്രശ്‌നങ്ങളെയും ആവശ്യങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ട്.
അറുപതുകളിലും എഴുപതുകളിലും സിറിയയിലെ പ്രശസ്തരായ ആറ് പണ്ഡിതന്മാരില്‍ ഒരാളായിരുന്നു വഹ്ബഃ. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ രണ്ടില്‍ ഒന്നാമനായോ രണ്ടില്‍ രണ്ടാമനായോ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ശൈഖ് മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബൂത്വിയാണ് രണ്ടാമത്തെ പണ്ഡിത വ്യക്തിത്വം. ഒരേ ഉറവിടത്തില്‍നിന്ന് അറിവ് നേടിയ ഇരുവരും ഡോക്ടറേറ്റ് നേടിയ നിബന്ധങ്ങള്‍ ഭുവനപ്രശസ്തമാവുകയും പണ്ഡിതലോകത്ത് ആഴമേറിയ ചര്‍ച്ചകള്‍ക്ക് നിദാനമാവുകയും ചെയ്തു. 'യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍' എന്നതാണ് വഹ്ബയുടെ വിഷയമെങ്കില്‍ 'ഇസ്‌ലാമിക നിയമനിര്‍മാണത്തില്‍ മസ്വ്‌ലഹത്തിന്റെ ചട്ടക്കൂട്' എന്നതാണ് ബൂത്വിയുടെ വിഷയം. ശാഫിഈ മദ്ഹബുകാരായ ഇരുവരും സിറിയന്‍ ഭരണാധികാരി ഹാഫിളുല്‍ അസദിനോടുള്ള സമീപനത്തില്‍ വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. വഹ്ബഃ സുഹൈലി നിഷ്പക്ഷ നിലപാട് സ്വീകരിച്ച് തന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ കുര്‍ദി സ്വൂഫി പൈതൃകം പേറുന്ന ബൂത്വി ഹാഫിളുല്‍ അസദിനോടും ബശ്ശാറുല്‍ അസദിനോടും ചേര്‍ന്നു നിന്നു. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ 1982-ലെ ഹമാ സംഭവത്തെ തുടര്‍ന്ന് നാടുകടത്തപ്പെടുകയോ നാടുവിടുകയോ ചെയ്ത ഇഖ്‌വാനികളുടെ കാര്യത്തില്‍ ഹാഫിളുല്‍ അസദുമായി ബന്ധപ്പെട്ട് രംഗം ശാന്തമാക്കുന്നതില്‍ ബൂത്വി വഹിച്ച പങ്കിനെ വിമര്‍ശിക്കുന്നവരും പ്രശംസിക്കുന്നവരുമുണ്ട്. തന്റെ ശ്രമഫലമായി മൂവായിരത്തോളം ഇഖ്‌വാനികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായെന്നും ഹാഫിളുല്‍ അസദുമായുള്ള അടുപ്പം അതിന് താനുപയോഗപ്പെടുത്തുകയുണ്ടായെന്നും ബൂത്വി പറഞ്ഞിട്ടുണ്ട്. 2013-ല്‍ നിഗൂഢ സാഹചര്യത്തില്‍ ദമസ്‌കസിലെ തന്റെ പള്ളിയില്‍ ബൂത്വി വധിക്കപ്പെട്ട വിവരമറിഞ്ഞപ്പോള്‍ വഹ്ബഃയുടെ പ്രതികരണം; 'ഞാന്‍ ഇതിന് മുമ്പേ മൃതിയടഞ്ഞിരുന്നുവെങ്കില്‍! ഞാന്‍ വിസ്മൃതകോടിയില്‍ തള്ളപ്പെട്ടിരുന്നെങ്കില്‍!' എന്നായിരുന്നു.
നിലപാടുകളില്‍ സുതാര്യത
ആകര്‍ഷണീയമായ ആകാരവും അഗാധമായ അറിവും മേളിച്ച ശൈഖ് വഹ്ബയുടെ വ്യക്തിത്വം ഇടപെട്ടവരിലെല്ലാം ആദരം വളര്‍ത്തി. സമുന്നത ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ചടുലതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മനക്കരുത്തിന്റെയും അടയാളങ്ങള്‍ ഓരോ ചുവടുവെപ്പിലും ദൃശ്യമായിരുന്നെന്ന് അടുത്ത് പരിചയിച്ചവര്‍ രേഖപ്പെടുത്തുന്നു. ശിഷ്യഗണങ്ങള്‍ക്ക് പ്രിയങ്കരനായ അഭിവന്ദ്യനായ ശൈഖ് അവരുടെ ആനന്ദവേളകളില്‍ സാമോദം സംബന്ധിച്ചു. സദാ സുസ്‌മേരവദനനായി കാണപ്പെട്ട അദ്ദേഹം സുഹൃദ്‌വൃന്ദത്തിന് ഊര്‍ജം പകര്‍ന്നുനല്‍കി. ആത്മാഭിമാനത്തോടെയുള്ള വിനയവും ഗൗരവം മുറ്റിയ പ്രസന്നഭാവവും ആ വ്യക്തിത്വത്തിലെ മുഖമുദ്രയായിരുന്നു. ഗുരുവര്യന്മാര്‍ക്കും ഏറെ പ്രിയങ്കരനായി ജീവിച്ചു ആ മഹാമനീഷി. മദ്ഹബ് പക്ഷപാതിത്വത്തോട് കഠിന ശാത്രവം പുലര്‍ത്തി അദ്ദേഹം. സമയത്തിന് ഏറെ വിലകല്‍പിച്ച അദ്ദേഹത്തെ എഴുത്തിലും വായനയിലുമല്ലാതെ കാണുക സാധ്യമായിരുന്നില്ല. വ്യക്തികള്‍ക്കും ഭരണകൂടങ്ങള്‍ക്കും 'കുഫ്ര്‍' മുദ്ര ചാര്‍ത്തിക്കൊടുത്ത് പടപ്പുറപ്പാടിനിറങ്ങുന്നതിനോടും ആ മഹാപണ്ഡിതന് വിയോജിപ്പുണ്ടായിരുന്നു. പ്രമാണങ്ങള്‍ക്കും സര്‍വാംഗീകൃതമായ പൊതു ഇസ്‌ലാമിക ധാരണകള്‍ക്കും വ്യക്തമായ വിധത്തില്‍ വിരുദ്ധമായി നിലകൊള്ളുമ്പോള്‍ മാത്രമാണ് വ്യക്തിയെ 'അവിശ്വാസി'യായി ഗണിക്കേണ്ടത്. നബി(സ)യുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണകൂടങ്ങള്‍ക്കും ഇത് ബാധകമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അറബ്‌ലോകത്ത് ഒരുകാലം ശക്തിപ്പെട്ട 'തക്ഫീര്‍' പ്രവണതക്കെതിരെ നിലയുറപ്പിച്ച വ്യക്തിയായിരുന്നു ശൈഖ് വഹ്ബഃ. കൂടിയാലോചനാരീതി, നീതി, അവകാശങ്ങളിലും ബാധ്യതകളിലും ജനങ്ങള്‍ക്കിടയില്‍ സമത്വം എന്ന ഇസ്‌ലാമിക ജനാധിപത്യ രീതി, ജനാധിപത്യത്തിന്റെ ഗ്രീക്ക് നിര്‍വചനമായ 'ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണം' എന്ന പരികല്‍പനയുമായി ഏറ്റുമുട്ടുന്നില്ലെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. വികസന പദ്ധതികളും ജനക്ഷേമതല്‍പരമായ പരിപാടികളും പാസാക്കിയെടുക്കുന്ന പാര്‍ലമെന്റ് രീതി എങ്ങനെ ഇസ്‌ലാമികവിരുദ്ധമാവുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇസ്‌ലാമിനും ഇന്ന് വ്യവഹരിക്കപ്പെടുന്ന ജനാധിപത്യത്തിനുമിടയില്‍ മൂന്ന് വ്യത്യാസങ്ങള്‍ ദര്‍ശിക്കാനാവും. അവിടെയാണ് പ്രശ്‌നമുദിക്കുന്നത്. ജനാധിപത്യം സങ്കുചിത ദേശീയ-വംശീയ-വര്‍ഗീയ വാദങ്ങളിലേക്ക് വഴിമാറുന്ന പ്രവണതയുണ്ട്. അതിനോട് ഇസ്‌ലാമിന് യോജിക്കാനാവില്ല. ഇസ്‌ലാമിക സാഹോദര്യമെന്ന ദേശാതിവര്‍ത്തിയായ മഹിതാശയത്തിന് നിലകൊള്ളുന്ന ഇസ്‌ലാം ദേശരാഷ്ട്രങ്ങളുടെ ഇടുങ്ങിയ കാഴ്ചപ്പാടുകളില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ആദര്‍ശമാണ്. മനുഷ്യ വിഭവശേഷി സമാഹരണത്തിനും പദ്ധതി ആസൂത്രണത്തിനും അപ്പുറം മാനവിക ബന്ധങ്ങളെ അതിര്‍ത്തി തിരിച്ച് നിരാകരിക്കുന്ന ഇന്നത്തെ രീതി അസ്വീകാര്യമാണെന്ന് വഹ്ബഃ വാദിക്കുന്നു. സാമ്പത്തികോന്നമനം എന്ന ഏകഭൗതികലക്ഷ്യത്തിലൂന്നി ജനാധിപത്യം സങ്കുചിത സങ്കല്‍പങ്ങളില്‍ ജനങ്ങളെ തളച്ചിടുന്നതിനോടും യോജിക്കാന്‍ വയ്യ. കാരണം മനുഷ്യന്റെ ആത്മീയവും ഭൗതികവും ഐഹികവും പാരത്രികവുമായ നന്മയും ഉത്കര്‍ഷയുമാണ് ഇസ്‌ലാം സിദ്ധാന്തിക്കുന്നത്. ജനാധിപത്യത്തില്‍ പരമാധികാരം കൈയടക്കിവെക്കുന്ന ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ് മൂല്യങ്ങളുടെയും നിയമങ്ങളുടെയും മാനദണ്ഡം. ദൈവിക ഗ്രന്ഥത്തിനും പ്രവാചകചര്യകള്‍ക്കും വിരുദ്ധമായ നിയമനിര്‍മാണത്തിലേക്ക് ജനാധിപത്യരീതി വ്യതിചലിക്കുന്ന സാഹചര്യങ്ങളില്‍ അത്തരം ഭരണരീതികളെ നിരാകരിക്കേണ്ടിവരും. ഇവിടെയാണ് ജനാധിപത്യത്തെ സംബന്ധിച്ച പാശ്ചാത്യ സങ്കല്‍പങ്ങള്‍ ആശയതലത്തില്‍ അസ്വീകാര്യമാവുന്നതെന്ന് ശൈഖ് വഹ്ബഃ സമര്‍ഥിക്കുന്നു. ഇസ്‌ലാമിക പ്രമാണങ്ങളുടെ ചട്ടക്കൂട്ടില്‍ നിലയുറപ്പിച്ച് നവീകരണ-പരിഷ്‌കരണ ലക്ഷ്യങ്ങളോടെ ചിന്തകളുടെ പുനര്‍വിന്യാസത്തിനും സമുദായത്തിന്റെ വിചാരമണ്ഡല ശാക്തീകരണത്തിനും കാലത്തോടും ലോകത്തോടുമൊപ്പം വളരുന്ന ദൈവികമതം തടസ്സം നില്‍ക്കുകയില്ല. നിസ്സാരവും ശാഖാപരവും അപ്രധാനവുമായ പ്രശ്‌നങ്ങളുടെ പേരില്‍ ഭിന്നിച്ച് എതിര്‍ ചേരികളില്‍ നിലയുറപ്പിച്ച് പോരടിക്കുന്ന മുസ്‌ലിം സമൂഹത്തിന്റെ ഇന്നത്തെ നിലപാടുകളില്‍ വേദനിച്ചിരുന്ന വഹ്ബഃ, പൊതുവായ പ്രബോധന-സംസ്‌കരണ ലക്ഷ്യങ്ങള്‍ക്ക് ഐക്യപ്പെടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സുന്നത്തും ബിദ്അത്തും ചൂടുള്ള ചര്‍ച്ചാ വിഷയമാക്കി നിലനിര്‍ത്തി യുവാക്കള്‍ക്ക് മുന്നില്‍ തടസ്സങ്ങളുടെ വന്‍മതിലുകള്‍ തീര്‍ത്ത് ഇസ്‌ലാമിനെ സങ്കുചിതമാക്കി അവതരിപ്പിക്കുന്ന തീവ്രവാദപരമായ രീതികള്‍ പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളില്‍ ദീനിന് ഏല്‍പിച്ച ഗുരുതരമായ ആഘാതത്തെ കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കണമെന്നാണ് എണ്‍പത്തിമൂന്നിന്റെ നിറവില്‍ ലോകത്തോട് വിടവാങ്ങുന്ന വേളയില്‍ പോലും ശൈഖ് വഹ്ബഃ ഇസ്‌ലാമിക സമൂഹത്തോടാവശ്യപ്പെട്ടത്. മഹാരഥനായ ആ പണ്ഡിതനില്‍ കത്തിനിന്ന ഗുണകാംക്ഷയുടെ ഉത്തമ നിദര്‍ശനമാണത്.
ആധുനിക തഫ്‌സീറുകളില്‍ പലതുകൊണ്ടും മികച്ചുനില്‍ക്കുന്നതാണ് സുഹൈലിയുടെ 'അത്തഫ്‌സീറുല്‍ മുനീര്‍.' ഖുര്‍ആനിക പദങ്ങളുടെ ആശയതലങ്ങള്‍, ഘടനാവിന്യാസങ്ങള്‍, സാഹിത്യം, ചരിത്രം, നിയമവശങ്ങള്‍, ദീനീബോധനം, മിതവും സന്തുലിതവുമായ വിവരണം, പ്രമാണങ്ങളുടെയും ബുദ്ധിയുടെയും സംയോജനം, അവതരണ പശ്ചാത്തലങ്ങളുടെ കൃത്യമായ വിലയിരുത്തലുകള്‍, ഖുര്‍ആന്‍ ഉള്ളടക്കം ചെയ്ത അറബി ഭാഷയുടെ സംരക്ഷണം, ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധ്യമാക്കുംവിധം പണ്ഡിതാഭിപ്രായങ്ങളുടെ വിവേചനം, ജനങ്ങളെ ചിന്തിപ്പിക്കുക (അന്നഹ്ല്‍: 16) മുതലായവയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് മുഖവുരയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇസ്‌റാഈലീ ജല്‍പനങ്ങളില്ലാത്തതും സമകാലിക ജീവിതവുമായി സക്രിയമായി വര്‍ത്തിക്കുന്നതും വായനക്കാരന് ആത്മസംതൃപ്തി പകരുന്നതും, ധൈഷണിക അടിത്തറക്കുള്ളില്‍ ഊന്നിയതുമായിരിക്കണം തന്റെ തഫ്‌സീറെന്ന് അദ്ദേഹത്തിന് താല്‍പര്യമുണ്ട്. എല്ലാ അര്‍ഥങ്ങളിലും രൂപങ്ങൡലും സജീവവും സക്രിയവും സംശുദ്ധവുമായ മനുഷ്യ വ്യക്തിത്വത്തെ, സര്‍വോപരി മുസ്‌ലിം വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാനായി ഖുര്‍ആനുമായി ഗാഢമായ വൈജ്ഞാനിക ബന്ധം സ്ഥാപിക്കുകയാണ് തന്റെ മൗലിക ലക്ഷ്യം എന്ന് അദ്ദേഹം എഴുതുന്നു. ഖുര്‍ആന്‍ പഠനത്തിന് ഏറെ സഹായകമായ അടിസ്ഥാന വിവരങ്ങളോടുകൂടിയ മുപ്പത് പേജുള്ള ആമുഖവും ഏറെ ശ്രദ്ധേയമാണ്.