ഹദീസ് സംരക്ഷണ പ്രസ്ഥാനം മൗദൂദിയുടെയും മുസ്ത്വഫസ്സിബാഈയുടെയും സംഭാവനകള്‍
കെ.ടി ഹുസൈന്‍
ഇസ്‌ലാമിക ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അച്ചുതണ്ടുകളിലൊന്നാണ് സുന്നത്ത് അഥവാ നബിചര്യ. ഈ നബിചര്യ നമുക്ക് മനസ്സിലാക്കാനുള്ള വഴിയാണ് ഹദീസ്. ആദ്യത്തേത് വിശുദ്ധ ഖുര്‍ആനാണ്. ഇസ്‌ലാമിക ജീവിതം ദിശാബോധത്തോടെ ഭ്രമണപഥത്തില്‍നിന്ന് തെറ്റാതെ മുന്നോട്ടുപോകുന്നത് ഇവ രണ്ടിന്റെയും സാന്നിധ്യം കൊണ്ടാണ്. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യജീവിതത്തിന് വഴിവെളിച്ചമാകുന്ന മൗലിക തത്വങ്ങളുടെയും മാര്‍ഗദര്‍ശനങ്ങളുടെയും സമാഹാരമാണ്. പ്രസ്തുത തത്വങ്ങളും മാര്‍ഗദര്‍ശനങ്ങളും ജീവിതത്തില്‍ ആവിഷ്‌കരിക്കപ്പെട്ടത് ഹദീസിലൂടെയാണ്. കാരണം, പ്രവാചകന്‍ ഖുര്‍ആനിക തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജനങ്ങളിലേക്ക് കൈമാറിയ കേവലം പോസ്റ്റ്മാനോ സന്ദേശവാഹകനോ ആയിരുന്നില്ല. മറിച്ച്, ആ തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വന്തം ജീവിതത്തില്‍ ആവിഷ്‌കരിച്ച് അനുയായികളെ പഠിപ്പിക്കുകയും സംസ്‌കരിക്കുകയും നയിക്കുകയും ചെയ്ത അധ്യാപകനും ശിക്ഷകനും ഭരണാധികാരിയും കൂടി ആയിരുന്നു. ആ നിലക്ക് ഖുര്‍ആനികാശയത്തിന്റെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ വ്യാഖ്യാനവും വിശദീകരണവുമത്രെ ഹദീസ്. അതിനാല്‍ ഹദീസുകളുടെ അഭാവത്തില്‍ ഖുര്‍ആനിക തത്വങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും യഥാര്‍ഥ പൊരുളും ആശയവും ഗ്രഹിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, ഇസ്‌ലാമിക ജീവിതം തന്നെ അസാധ്യമാണ്.
എന്നാല്‍, ഇപ്രകാരം ഇസ്‌ലാമിക ജീവിതത്തിന്റെ ഊടും പാവുമായി വര്‍ത്തിക്കുന്ന ഹദീസുകളെ നിഷേധിക്കാനുള്ള പ്രവണത ഇസ്‌ലാമിക ചരിത്രത്തില്‍ ചില ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഹി. രണ്ടാം നൂറ്റാണ്ടില്‍ ഖവാരിജുകളിലും മുഅ്തസിലികളിലുമാണ് ഈ പ്രവണത ആദ്യമായി തലപൊക്കിയത്. ഖവാരിജുകളുടെ ഹദീസ് നിഷേധത്തിന് കാരണം മുസ്‌ലിം മുഖ്യധാര തള്ളിക്കളഞ്ഞ അവരുടെ ഉഗ്രവാദ ചിന്തകളായിരുന്നുവെങ്കില്‍, മുഅ്തസിലികള്‍ എന്ന പേരില്‍ അറിയപ്പെട്ട ഇസ്‌ലാമിലെ ക്ലാസിക്കല്‍ മോഡേണിസ്റ്റുകളുടെ ഹദീസ് നിഷേധത്തിന് കാരണം വൈദേശിക ചിന്തകളുടെയും സംസ്‌കാരങ്ങളുടെയും സ്വാധീനമായിരുന്നു. ഈ വൈദേശിക ചിന്തകളും സംസ്‌കാരവും തദ്വാരാ ഹദീസ് നിഷേധവും ഈ ക്ലാസിക്കല്‍ മോഡേണിസ്റ്റുകള്‍ക്ക് ആകര്‍ഷകമായി തോന്നാന്‍ കാരണം കേവലം വൈജ്ഞാനിക താല്‍പര്യം മാത്രമായിരുന്നില്ല. മറിച്ച്, പൊതു ജീവിതത്തിലുള്ള ഇസ്‌ലാമിന്റെ ഇടപെടലിനെ പരിമിതപ്പെടുത്താന്‍ അതിലൂടെ കഴിയുമെന്ന് അവര്‍ മനസ്സിലാക്കിയതുകൊണ്ടു കൂടിയാണ്. ജീവിതത്തില്‍ തന്നിഷ്ടം ആഗ്രഹിക്കുന്ന ഏതൊരു മുസ്‌ലിമിന്റെയും മുഖ്യ തടസ്സം ഖുര്‍ആനല്ല, പ്രവാചക ജീവിതമാണ്. ഖുര്‍ആന്റെ വ്യാഖ്യാനവും വിശദീകരണവുമായ പ്രവാചകജീവിതം മാതൃകയാക്കേണ്ടതില്ല എന്ന് സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നീട് ഖുര്‍ആനെ തരംപോലെ വ്യാഖ്യാനിച്ച് തങ്ങളുടെ അനിസ്‌ലാമിക ജീവിതത്തിന് ഖുര്‍ആനിക മുദ്ര ചാര്‍ത്താന്‍ ആര്‍ക്കും എളുപ്പത്തില്‍ സാധിക്കും. ഇസ്‌ലാമിക ചട്ടക്കൂടില്‍നിന്ന് എങ്ങനെയും കുതറിമാറാന്‍ ആഗ്രഹിക്കുന്ന ഭൗതികപ്രമത്തരായ ചില മുസ്‌ലിം ഭരണാധികാരികള്‍ക്ക് മുഅ്തസിലി ചിന്ത ആകര്‍ഷകമായി തോന്നാന്‍ കാരണവും ഇതല്ലാതെ മറ്റൊന്നല്ല. ഭൗതികപ്രമത്തനായ ഒരു മുസ്‌ലിം ഭരണാധികാരിയെ സംബന്ധിച്ചേടത്തോളം പൊതു ജീവിതത്തിലെ ഇസ്‌ലാമിന്റെ ഇടം പരിമിതപ്പെടുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നും ഉണ്ടാവുകയില്ലല്ലോ. പ്രവാചക ജീവിതത്തെ മാതൃകയാക്കാതെ ഖുര്‍ആനെ മാത്രം പിന്‍പറ്റുക എന്നത് പ്രവാചക കാലഘട്ടത്തോടുള്ള അടുപ്പം കാരണം അക്കാലത്തെ മുസ്‌ലിം പൊതുബോധത്തിന് അചിന്ത്യമായതിനാല്‍ മുഅ്തസിലികളുടെ ഹദീസ് നിഷേധ പ്രവണതകള്‍ക്ക് സമൂഹത്തില്‍ കാര്യമായ വേരോട്ടം ലഭിച്ചില്ല. ഇമാം ശാഫിഈ പോലുള്ള സുന്നത്ത് സംരക്ഷകരുടെ വൈജ്ഞാനിക ഇടപെടലുകള്‍ ഈ ചിന്ത പെട്ടെന്നു തന്നെ കൂമ്പടയുന്നതിന് ആക്കം കൂട്ടുകയും ചെയ്തു. ഹദീസുകളെ അവഗണിച്ചുകൊണ്ട് ഖുര്‍ആന്‍ മാത്രം പിന്‍പറ്റുന്നതിലെ നിരര്‍ഥകത തന്റെ 'രിസാല'യിലും മറ്റും അദ്ദേഹം ശക്തിയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇപ്രകാരം ചരിത്രത്തിന്റെ ശ്മശാനത്തില്‍ അടക്കം ചെയ്യപ്പെട്ട ഹദീസ് നിഷേധ പ്രവണത പിന്നീട് ശക്തമായ ഒരു പ്രസ്ഥാനമായി ഉദയം ചെയ്യുന്നത് 19, 20 നൂറ്റാണ്ടുകളിലാണ്. മുമ്പത്തേക്കാള്‍ ശക്തിയും ഊക്കും ഈ പുതിയ പ്രസ്ഥാനത്തിനുണ്ടായിരുന്നു. പഴയതുപോലെ ഈ പുതിയ ഹദീസ് നിഷേധ പ്രവണതക്കും കാരണം വൈദേശിക ചിന്തയുടെയും സംസ്‌കാരത്തിന്റെയും സ്വാധീനമായിരുന്നു. ഹി. രണ്ടാം നൂറ്റാണ്ടിലെ മുഅ്തസിലികളെ സ്വാധീനിച്ചത് യവന-ഗ്രീക്ക് തത്വചിന്തയും സംസ്‌കാരവുമാണെങ്കില്‍ മുസ്‌ലിം മോഡേണിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഈ നിയോ മുഅ്തസിലികളെ സ്വാധീനിച്ചിരുന്നത് ജ്ഞാനോദയത്തിനു ശേഷമുള്ള പടിഞ്ഞാറന്‍ ചിന്തയും സംസ്‌കാരവുമാണെന്ന വ്യത്യാസമേയുള്ളൂ. പക്ഷേ, പഴയ മുഅ്തസിലികളേക്കാള്‍ നിയോ മുഅ്തസിലികളില്‍ വൈദേശിക സ്വാധീനം ശക്തവും അഗാധവുമായിരുന്നു. അതിനു കാരണം, രണ്ടു കൂട്ടരും അഭിമുഖീകരിച്ച സാഹചര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നതാണ്. ഹി. രണ്ടാം നൂറ്റാണ്ടിലെ മുസ്‌ലിംകള്‍ ജേതാക്കളായിരുന്നു. അവര്‍ക്കന്ന് രാഷ്ട്രീയവും സൈനികവുമായ മേധാവിത്വമുണ്ടായിരുന്നു. അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന തത്വചിന്തയും സാംസ്‌കാരവും രാഷ്ട്രീയമായി കീഴടക്കപ്പെട്ട ജനതയുടേതായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി ശക്തിയില്ലാത്തതിനാല്‍, നിസ്സാരമായ സ്വാധീനമേ അതിന് മുസ്‌ലിംകളില്‍ ചെലുത്താനായുള്ളൂ. എന്നാല്‍, 19,20 നൂറ്റാണ്ടുകളില്‍ മുസ്‌ലിംകളെ സ്വാധീനിച്ചുകൊണ്ടിരുന്ന തത്വചിന്തക്കും സംസ്‌കാരത്തിനും മുസ്‌ലിംകളുടെ മേല്‍ രാഷ്ട്രീയ മേല്‍ക്കോയ്മ കൂടിയുണ്ടായിരുന്നു. അതിനാല്‍, ഈ സ്വാധീനം മൂലം ഉടലെടുത്ത ഹദീസ് നിഷേധ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പഴയതുപോലെ സാമൂഹിക ജീവിതത്തിലുള്ള ഇസ്‌ലാമിന്റെ ഇടം പരിമിതപ്പെടുത്തുക മാത്രമായിരുന്നില്ല. മറിച്ച്, ഇസ്‌ലാമിന്റെ സാമൂഹിക കര്‍തൃത്വത്തെ തന്നെ നിരാകരിക്കുകയായിരുന്നു. ഹദീസ് നിഷേധ പ്രവണത പ്രകടിപ്പിച്ച എല്ലാവരും അങ്ങനെയായിരുന്നുവെന്ന് പറയുകയല്ല, ഇസ്‌ലാമിന്റെ സാമൂഹിക കര്‍തൃത്വത്തില്‍ വിശ്വാസമുണ്ടായിരിക്കെത്തന്നെ ഓറിയന്റലിസ്റ്റുകളുടെ പഠനങ്ങളില്‍ ഭ്രമിച്ചുപോയതു മൂലമുള്ള അപകര്‍ഷത കാരണം ചില ഹദീസുകളുടെ മാത്രം ആധികാരികതകളില്‍ സംശയമുള്ളവരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇസ്‌ലാമിന്റെ സാമൂഹിക കര്‍തൃത്വത്തെതന്നെ നിരാകരിച്ച ഹദീസ് നിഷേധികള്‍ നബിചര്യ നിലകൊള്ളുന്ന നിവേദനങ്ങളുടെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുക മാത്രമല്ല ചെയ്തത്. മറിച്ച്, സുന്നത്ത് ഇസ്‌ലാമിക നിയമത്തിന്റെ സ്രോതസ്സേ അല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. ഇത് യഥാര്‍ഥത്തില്‍ ഹദീസിനു നേരെ മാത്രമല്ല, പ്രവാചകത്വത്തിനു നേരെ കൂടിയുള്ള ഒരു കടുത്ത വെല്ലുവിളിതന്നെയായിരുന്നു. അതിനാല്‍ ഓറിയന്റലിസ്റ്റുകള്‍ സംശയത്തിന്റെ നിഴലിലാക്കിയ ഏതാനും സഹാബികളെയും നിവേദകരെയും പ്രതിരോധിച്ചുകൊണ്ടു മാത്രം ഈ വെല്ലുവിളി നേരിടാനാവില്ല. മറിച്ച്, പരിശുദ്ധ ഖുര്‍ആന്‍ പ്രവാചകന് കല്‍പിച്ചുനല്‍കിയ സ്ഥാനവും പദവിയും വ്യക്തമാക്കുകയും ഇസ്‌ലാമിക സമൂഹം ചരിത്രത്തില്‍ എങ്ങനെയാണ് പ്രവാചക മാതൃക ഉയര്‍ത്തിപ്പിടിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തുകൊണ്ടു മാത്രമേ ഈ വെല്ലുവിളിയെ പ്രതിരോധിക്കാനാകുകയുള്ളൂ. ഈയൊരു പോരാട്ടം വിജയകരമായി നിര്‍വഹിച്ചുവെന്നതാണ് മൗലാനാ മൗദൂദി സുന്നത്തിന്റെ സംരക്ഷണത്തിന് വേണ്ടി ചെയ്ത ഏറ്റവും വലിയ സംഭാവന. ഹദീസ് നിഷേധികളുടെ വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയുന്ന അദ്ദേഹത്തിന്റെ 'സുന്നത്ത് കീ ആഇനീ ഹൈഥിയത്' എന്ന് കൃതിയില്‍ മാത്രം പരിമിതമല്ല ഈ പോരാട്ടം. മറിച്ച്, തഫ്ഹീമുല്‍ ഖുര്‍ആന്‍ അടക്കമുള്ള ഗ്രന്ഥങ്ങളിലും പ്രവാചകത്വവും ഹദീസും ചര്‍ച്ച ചെയ്യുന്ന മറ്റനേകം ലേഖനങ്ങളിലും സുന്നത്തിന്റെ സംരക്ഷണം അദ്ദേഹത്തിന്റെ ഒരു പ്രധാന അജണ്ടയായിരുന്നു. കാരണം, സുന്നത്തിന്റെ സംരക്ഷണം അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം തന്റെ ജീവിത ദൗത്യത്തിന്റെ ഭാഗമായിരുന്നു. കൊളോണിയല്‍ ആധുനികത അപരവത്കരിച്ച ഇസ്‌ലാമിന്റെ സാമൂഹിക കര്‍തൃത്വത്തെക്കുറിച്ച് മുസ്‌ലിംകളില്‍ ആത്മവിശ്വാസം ജനിപ്പിക്കുകയായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ജീവിതദൗത്യം. ഈ ദൗത്യം ഒരിക്കലും സുന്നത്തിന്റെ അഭാവത്തില്‍ സാക്ഷാത്കരിക്കാനാവുകയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പാകിസ്താന്‍ നിലവില്‍ വന്നതിനു ശേഷം ഗുലാം അഹ്മദ് പര്‍വേസിനെ പോലുള്ള ഹദീസ് നിഷേധികള്‍ സുന്നത്തിനെ ഒരു പ്രധാന ടാര്‍ഗറ്റായി തെരഞ്ഞെടുത്തത്, സയ്യിദ് മൗദൂദി പ്രതിബദ്ധതയോടെ ഉറച്ചുനിന്ന ഇസ്‌ലാമിന്റെ സാമൂഹിക കര്‍തൃത്വത്തെ നിരാകരിച്ചുകൊണ്ട് പാകിസ്താനെ സോഷ്യലിസ്റ്റ് അടിത്തറയിലുള്ള ഒരു തീവ്ര മതേതര സ്റ്റേറ്റായി പരിവര്‍ത്തിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്ന് സാഹചര്യത്തെളിവുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ഖുര്‍ആനിന് പുറമെ സുന്നത്തിന് പകരമായി 'മര്‍കസി മില്ലത്ത്' (സമൂഹ കേന്ദ്രം അഥവാ ഭരണകൂടം) എന്ന പരികല്‍പന അദ്ദേഹം വികസിപ്പിച്ചതില്‍നിന്നുതന്നെ ഇക്കാര്യം സുതരാം വ്യക്തമാകുന്നുണ്ട്. 'മര്‍കസീ മില്ലത്ത്' എന്താണെന്ന് പിന്നീട് പറയാം.
എന്നാല്‍, ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഹദീസ് നിഷേധത്തിന് തുടക്കം കുറിച്ചവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന സര്‍ സയ്യിദ് അഹ്മദ് ഖാന് ഒരിക്കലും ഈയൊരു ലക്ഷ്യമുണ്ടായിരുന്നില്ല. ഇസ്‌ലാമിക ചരിത്രത്തിലും ഹദീസ് പോലുള്ള പ്രമാണങ്ങളിലും സംശയം ജനിപ്പിക്കുന്ന ഓറിയന്റലിസ്റ്റ് പഠനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതു മൂലമുള്ള അപകര്‍ഷത മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഹദീസ് നിഷേധത്തിന് കാരണം. ഇസ്‌ലാം സ്‌നേഹിയായ അദ്ദേഹം ഒരിക്കലും മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും രാഷ്ട്രീയ കര്‍തൃത്വത്തെ നിരാകരിച്ചിരുന്നില്ല.
മൗലാനാ മൗദൂദിയെപ്പോലെ ആധുനിക കാലത്ത് സുന്നത്തിന്റെ സംരക്ഷണത്തിന് തൂലിക പടവാളാക്കിയ സിറിയക്കാരനായ മുസ്ത്വഫസ്സിബാഈയുടെ പോരാട്ടത്തില്‍നിന്ന് മൗദൂദിയുടെ പോരാട്ടം വ്യത്യാസപ്പെടുന്നതും ഇവിടെയാണ്. മുസ്ത്വഫസ്സിബാഈ നേരിട്ട അറബ് ലോകത്തെ ഹദീസ് നിഷേധികള്‍ മൗലാനാ മൗദൂദി നേരിട്ട പാകിസ്താനിലെ ഹദീസ് നിഷേധികളെ പോലെ സുന്നത്തിന്റെ പ്രാമാണികതയെ പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നില്ല. മുതവാതിറായ ഹദീസുകള്‍ (നിവേദനത്തിലെ എല്ലാ ശ്രേണിയിലും വിശ്വാസയോഗ്യമായ ധാരാളം ഹദീസ് നിവേദകരുള്ള ഹദീസ്) മാത്രമേ പ്രമാണമാകാന്‍ പറ്റൂ. ഖബറുല്‍ ആഹാദ് (മുതവാതിറല്ലാത്ത ഹദീസുകള്‍) പ്രമാണമല്ല, ഏറ്റവും കൂടുതല്‍ ഹദീസ് ഉദ്ധരിച്ച സ്വഹാബിയായ അബൂഹുറയ്‌റഃ വ്യാജനാണ്, ഹദീസ് നിവേദനത്തിന് തുടക്കം കുറിച്ച താബിഈ പണ്ഡിതനായ ഇബ്‌നു ശിഹാബ് സുഹ്‌രി ഉമവി കൊട്ടാരത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ഹദീസുകള്‍ കെട്ടിയുണ്ടാക്കി, ഇമാം അബൂ ഹനീഫഃ തന്റെ മദ്ഹബിന് അടിത്തറയാക്കിയത് ഇരുപതില്‍ താഴെ ഹദീസുകള്‍ മാത്രമാണ് തുടങ്ങിയ വാദങ്ങളാണ് ഹദീസുകളെ മൊത്തത്തില്‍ സംശയാസ്പദമാക്കാന്‍ അവര്‍ ഉയര്‍ത്തിയിരുന്നത്. ഖുര്‍ആന്‍ മാത്രമാണ് പ്രമാണം, പ്രവാചക ജീവിതം ദീനില്‍ പ്രമാണമേയല്ല തുടങ്ങിയ താത്വിക ചര്‍ച്ചകള്‍ ഈജിപ്തിലെ ഹദീസ് നിഷേധികള്‍ ഉയര്‍ത്തിയിരുന്നില്ല. മികച്ച ഇസ്‌ലാമിക സാംസ്‌കാരിക പഠനങ്ങളായ ഫജ്‌റുല്‍ ഇസ്‌ലാം, ദുഹല്‍ ഇസ്‌ലാം, ളുഹ്‌റുല്‍ ഇസ്‌ലാം തുടങ്ങിയ ഗ്രന്ഥ പരമ്പരയുടെ കര്‍ത്താവായ ഡോ. അഹ്മദ് അമീന്‍, അബൂഹുറയ്‌റയെ വിമര്‍ശിച്ച് ഗ്രന്ഥം രചിച്ച ഉസ്താദ് അബൂ റയ്യ, ഡോ. അലി ഹസന്‍ അബ്ദുല്‍ ഖാദിര്‍ തുടങ്ങിയവരാണ് സര്‍ സയ്യിദിനെപ്പോലെ ഓറിയന്റലിസ്റ്റ് പഠനങ്ങളില്‍ ഭ്രമിച്ച് ഹദീസിന്റെ പ്രാമാണികതയില്‍ സംശയം ജനിപ്പിച്ച ഈജിപ്തിലെ പ്രമുഖര്‍. ഇവരുണ്ടാക്കിയ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ ഹദീസ് സംരക്ഷണത്തിന് രംഗത്തിറങ്ങിയ ഉസ്താദ് മുസ്ത്വഫസ്സിബാഈ ഇവരെ നേര്‍ക്കുനേരെ വിമര്‍ശിക്കുന്നതിനു പകരം അവരുടെ മുഖ്യ അവലംബമായ ഓറിയന്റിലിസ്റ്റ് പണ്ഡിതനായ ഗോള്‍ഡ് സിയറിന്റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിച്ചടുക്കി ഇവര്‍ മൂന്നു പേരും ഗോള്‍ഡ് സിയറിന്റെ അനുകര്‍ത്താക്കളോ പകര്‍പ്പെഴുത്തുകാരോ മാത്രമാണെന്ന് സ്ഥാപിക്കുകയാണ് ചെയ്തത്. തന്റെ മാസ്റ്റര്‍പീസായ 'അസ്സുന്നതു വ മകാനതുഹൂ ഫിത്തശ്‌രീഇല്‍ ഇസ്‌ലാമി' എന്ന ഗ്രന്ഥത്തിലൂടെയാണ് മുസ്ത്വഫസ്സിബാഈ ഹദീസ് നിഷേധികള്‍ക്കെതിരെ തൂലികാ യുദ്ധം നടത്തിയത്. വിമര്‍ശകര്‍ അബൂഹുറയ്‌റക്കെതിരെ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും ഒന്നൊന്നായി തകര്‍ത്തെറിഞ്ഞുകൊണ്ട് മുസ്ത്വഫസ്സിബാഈ പ്രതിരോധിച്ചത് അബൂഹുറയ്‌റയുടെ വ്യക്തിത്വത്തെ മാത്രമല്ല, അദ്ദേഹത്തിലൂടെ നിവേദനം ചെയ്യപ്പെട്ട നൂറുകണക്കിന് ഹദീസുകളെ കൂടിയാണ്. ഇമാം അബൂഹനീഫ ഇരുപതില്‍ കുറഞ്ഞ ഹദീസുകള്‍ മാത്രമാണ് തന്റെ മദ്ഹബിന്റെ രൂപീകരണത്തിന് അടിത്തറയാക്കിയത് എന്ന വിമര്‍ശനത്തെയും അദ്ദേഹം ഖണ്ഡിച്ചു. വിമര്‍ശകര്‍ പറയുംപോലെയാണ് കാര്യമെങ്കില്‍, ഇമാം അബൂ ഹനീഫ കണ്ടെത്തിയ നൂറുകണക്കിന് ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന, അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ക്രോഡീകരിച്ച പത്തോളം സമാഹാരങ്ങള്‍ എങ്ങനെയുണ്ടായി എന്നാണ് വിമര്‍ശകരോട് സിബാഈയുടെ ചോദ്യം. ഇമാം അബൂഹനീഫയുടെ നേര്‍ശിഷ്യനായ ഇമാം അബൂ യൂസുഫ് ക്രോഡീകരിച്ച ഇമാം അബൂ ഹനീഫയുടെ ആയിരത്തോളം ഹദീസുകളുള്ള 'കിതാബുല്‍ ആഥാര്‍' ആണ് അതില്‍ പ്രാതസ്മരണീയമായത്. അബൂഹനീഫ പ്രമാണത്തേക്കാള്‍ ഖിയാസിനെയാണ് അവലംബമാക്കിയത് എന്ന ഓറിയന്റലിസ്റ്റ് വാദത്തെയും അബൂഹനീഫയുടെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മുസ്ത്വഫസ്സിബാഈ ഖണ്ഡിക്കുന്നുണ്ട്. ഹദീസ് വിരുദ്ധതക്ക് അബൂഹനീഫയെ സാക്ഷിയാക്കാനുള്ള ഓറിയന്റലിസ്റ്റ് ഗ്രന്ഥകാരന്റെ ശ്രമങ്ങളെയാണ് ഇതിലൂടെ മുസ്ത്വഫസ്സിബാഈ പൊളിച്ചടുക്കിയത്. വ്യാജ ഹദീസുകള്‍ പ്രചരിക്കാനുള്ള രാഷ്ട്രീയവും മതപരവുമായ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന മുസ്ത്വഫസ്സിബാഈ ഉമവികളും ശീഈകളും തമ്മിലുള്ള രാഷ്ട്രീയ വടംവലി കാരണം ഇരു കൂട്ടര്‍ക്കും അനുകൂലവും പ്രതികൂലവുമായി ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത സമ്മതിക്കുന്നുണ്ട്. എന്നാല്‍, മുആവിയ അടക്കമുള്ള ഒരു സ്വഹാബിയും വ്യാജ ഹദീസ് നിര്‍മാണത്തില്‍ പങ്കാളിയായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രവാചകന്റെ കാലത്തു തന്നെ വ്യാജ ഹദീസുകള്‍ പ്രചരിക്കുന്നുവെന്ന ഹദീസ് നിഷേധികളുടെ വാദത്തെയും അദ്ദേഹം ഖണ്ഡിക്കുന്നുണ്ട്. എന്തായിരുന്നാലും അഹ്മദ് അമീന്‍, ത്വാഹാ ഹുസൈന്‍, അബൂറയ്യ തുടങ്ങിയവര്‍ക്ക് അറബ് ലോകത്ത് തുടര്‍ച്ച ഇല്ലാതെ പോയത് മുസ്ത്വഫസ്സിബാഈ ഹദീസ് സംരക്ഷണത്തില്‍ നേടിയ വിജയമായി കാണാവുന്നതാണ്.
ഹദീസുകളുടെ ആധികാരികതയില്‍ സംശയം ജനിപ്പിക്കാനായി ഓറിയന്റലിസ്റ്റുകള്‍ ഉയര്‍ത്തിയ എല്ലാ വാദങ്ങളും ആരോപണങ്ങളും പാകിസ്താനിലെ ഹദീസ് നിഷേധികളും ഉയര്‍ത്തിയിരുന്നു. വ്യാജ ഹദീസുകളുടെ പ്രചാരണം, ആറ് ലക്ഷത്തോളം ഹദീസുകള്‍ തനിക്കറിയാമായിരുന്നുവെന്ന ബുഖാരിയുടെ പ്രസ്താവന, പ്രവാചകനും ഖലീഫമാരും ഹദീസ് എഴുതിവെക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയത്, ഹദീസിനെ അവലംബിക്കാതെയുള്ള അബൂഹനീഫയുടെ മദ്ഹബ് രൂപവല്‍ക്കരണം തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ഖുര്‍ആന്‍ മാത്രമാണ് നിയമത്തിന്റെ സ്രോതസ്സ്, സുന്നത്ത് നിയമത്തിന്റെ സ്രോതസ്സേയല്ല, പ്രവാചകന് ഖുര്‍ആന്‍ എത്തിച്ചുകൊടുക്കുക എന്ന ദൗത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതല്ലാതെ ഒരു ഭരണാധികാരി എന്ന നിലയില്‍ പ്രവാചകന്‍ പറഞ്ഞതും ചെയ്തതും ഒന്നും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരമായിരുന്നില്ല; മറിച്ച്, ഒരു മനുഷ്യന്‍ എന്ന നിലയില്‍ സ്വയം ചിന്തിച്ചും മറ്റുള്ളവരോട് കൂടിയാലോചിച്ചുമായിരുന്നു, ഇപ്രകാരം സ്വയം ചിന്തിച്ചും കൂടിയാലോചിച്ചും പ്രവാചകന്‍ കൈക്കൊണ്ട നടപടികള്‍ ഒന്നും പിന്‍പറ്റേണ്ട യാതൊരു ബാധ്യതയും മുസ്‌ലിംകള്‍ക്കില്ല, തന്റെ കാലത്തെ 'മര്‍കസീ മില്ലത്ത്' മാത്രമായിരുന്നു പ്രവാചകന്‍, അദ്ദേഹത്തിനു ശേഷം പ്രവാചകനെപ്പോലെതന്നെ ഖുര്‍ആനെ വ്യാഖ്യാനിക്കാനും തദടിസ്ഥാനത്തില്‍ നിയമങ്ങളുണ്ടാക്കാനും അതത് കാലത്തെ 'മര്‍കസീ മില്ലത്തി'ന് അധികാരമുണ്ട് തുടങ്ങിയ അപകടകരമായ വാദങ്ങള്‍ കൂടി പാകിസ്താനിലെ ഹദീസ് നിഷേധികള്‍ക്കുണ്ടായിരുന്നു. 1950-കളില്‍ പാകിസ്താനില്‍ ഇസ്‌ലാമിക ഭരണഘടനക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് സുന്നത്തിനെ ഭരണഘടനയുടെ അടിത്തറയാക്കരുതെന്ന ആവശ്യവുമായി ഹദീസ് നിഷേധികള്‍ രംഗത്തിറങ്ങിയത് എന്നതില്‍നിന്നുതന്നെ അതിനു പിറകിലുള്ള രാഷ്ട്രീയത്തെക്കുറിച്ച് ഊഹിക്കാമല്ലോ.
സുന്നത്തിനെ സംരക്ഷിക്കാനുള്ള മൗലാനാ മൗദൂദിയുടെ പോരാട്ടം കേവലം ഹദീസിനെ മാത്രം പ്രതിരോധിക്കാനുള്ളതായിരുന്നില്ല. മറിച്ച്, പ്രവാചകത്വത്തെയും അതിന്റെ സര്‍വകാല പ്രസക്തിയെയും സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നുവെന്ന് തുടക്കത്തില്‍ പറഞ്ഞത് അതുകൊണ്ടാണ്. ഇതിന് സമാനമായ പോരാട്ടം ഇസ്‌ലാമിക ചരിത്രത്തില്‍ നടന്നത് മുഗള്‍ ഇന്ത്യയില്‍ അഹ്മദ് സര്‍ഹിന്ദിയുടെ നേതൃത്വത്തിലാണ്. പ്രവാചക മാതൃക പിന്തുടരേണ്ട കാലം പ്രവാചകന്റെ വിയോഗത്തിനു ശേഷം 1000 വര്‍ഷം മാത്രമാണെന്നും അതിനു ശേഷം തങ്ങളുടെ കാലത്തെ ഭരണകൂടം ഉണ്ടാക്കുന്ന നിയമത്തെയാണ് അനുസരിക്കേണ്ടതെന്നുമുള്ള വാദമാണ് അക്ബറിന്റെ ദീനെ ഇലാഹിയുടെ അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്നത്. ഗുലാം അഹ്മദ് പര്‍വേസിനെ പോലെയുള്ള ഹദീസ് നിഷേധികളുടെ ഭാഷയില്‍ പറഞ്ഞാല്‍ അക്കാലത്തെ 'മര്‍കസീ മില്ലത്താ'യിരുന്നു അബുല്‍ ഫസലുമായും ഫൈസിയുമായും കൂടിയാലോചിച്ച് അക്ബര്‍ എടുക്കുന്ന തീരുമാനം. പ്രവാചകത്വത്തേക്കാള്‍ വിലായത്തിനു പ്രാമുഖ്യം നല്‍കുന്ന ചില സ്വൂഫീ അതിവാദങ്ങളാണ് അക്ബറിന്റെ 'മര്‍കസീ മില്ലത്തി'ന് അഥവാ ദീനെ ഇലാഹിക്ക് തുണയായത്. ഇതിനെതിരെ വൈജ്ഞാനിക പ്രതിരോധം തീര്‍ത്ത് പ്രവാചകത്വത്തിന്റെ സര്‍വകാല പ്രസക്തി സ്ഥാപിച്ചതുകൊണ്ടാണ് അഹ്മദ് സര്‍ഹിന്ദി, മുജദ്ദിദ് അല്‍ഫസാനി അഥവാ രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവ് എന്ന അപരാഭിധാനത്താല്‍ അറിയപ്പെട്ടത്. ഖുര്‍ആനിനു പുറമെ നിയമത്തിന്റെ ആധാരസ്രോതസ്സാകാനുള്ള സുന്നത്തിന്റെ യോഗ്യത തെളിയിച്ചുകാട്ടി പ്രവാചക മാതൃകയുടെ സര്‍വകാല പ്രസക്തി സ്ഥാപിക്കുകയാണ് മൗദൂദിയും ചെയ്തത്. അതിന് സുന്നത്ത് നിഷേധികളോട് ഹദീസുകള്‍ ഉദ്ധരിച്ചിട്ട് കാര്യമില്ല എന്നറിയാമായിരുന്നതിനാല്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ മാത്രം ഉദ്ധരിച്ചാണ് മൗദൂദി സുന്നത്ത്, നിയമത്തിന്റെ ആധാരസ്രോതസ്സാണ് എന്ന് സ്ഥാപിച്ചത്.
താഴെ പറയുന്ന സൂക്തങ്ങള്‍ അതിനായി അദ്ദേഹം ഉദ്ധരിക്കുന്നു:
(1) لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ (آل عمران :164)
(2) وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ (النحل : 44)
(3) يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ (الأعراف : 157)
(4) وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُواۚ (الحشر : 7)
(5) وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِۚ (النساء : 64)
(6) مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَۖ (النساء : 80)
(7) وَإِن تُطِيعُوهُ تَهْتَدُواۚ (النور : 54)
(8) لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ (الأحزاب : 21)
(9) فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا (النساء : 65)
(10) يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْۖ فَإِن تَنَازَعْتُمْ فِي شَيْءٍ (النساء : 59)
(11) قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ (آل عمران : 31)
ഇപ്രകാരം ഖുര്‍ആനിന് പുറമെ പ്രവാചക മാതൃകയും നിയമത്തിന്റെ ആധാരസ്രോതസ്സാണെന്ന വസ്തുത ഖുര്‍ആന്‍ കൊണ്ടുതന്നെ സ്ഥാപിച്ചതിനുശേഷം വഹ്‌യ് ഖുര്‍ആനില്‍ മാത്രം പരിമിതമാണ്, ദൈവിക വെളിപാട് മനുഷ്യരില്‍ എത്തിക്കുക എന്നതിനപ്പുറം അദ്ദേഹം ചെയ്തതും പറഞ്ഞതുമെല്ലാം മനുഷ്യന്‍ എന്ന നിലയില്‍ സ്വയം ചിന്തിച്ചും മറ്റുള്ളവരുമായി കൂടിയാലോചിച്ചുമാണ് തുടങ്ങിയ വാദത്തെയും അദ്ദേഹം ഖുര്‍ആന്‍ കൊണ്ട് തന്നെ ഖണ്ഡിച്ചു. അദ്ദേഹം ഇപ്രകാരം വ്യക്തമാക്കുന്നു: പ്രവാചകന്‍ എന്ന നിലയില്‍ ഏല്‍പിക്കപ്പെട്ട കര്‍ത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും സ്വന്തം ഇഛക്കും ചിന്തക്കും ഒത്ത വിധം ചെയ്യാന്‍ നബിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്ന് ഖുര്‍ആന്‍ പലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ദിവ്യബോധനത്തിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മാത്രം അവ നിര്‍വഹിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു. ''ഞാന്‍ എനിക്ക് ലഭിക്കുന്ന ദിവ്യബോധനങ്ങളെ പിന്‍പറ്റുക മാത്രമേ ചെയ്യുന്നുള്ളൂ'' (അല്‍അന്‍ആം : 50). ''നിങ്ങളുടെ കൂട്ടുകാരന്‍ വഴിപിഴച്ചു പോയിട്ടില്ല, വ്യതിചലിച്ചിട്ടുമില്ല. ഇഛയനുസരിച്ച് ഒന്നും അദ്ദേഹം സംസാരിക്കുകയില്ല, വെളിപാടായി കിട്ടുന്ന ഉദ്‌ബോധനം മാത്രമാണത്''(അന്നജ്മ്: 2-4).
സുന്നത്ത് ഇസ്‌ലാമിക നിയമത്തിന്റെ സ്രോതസ്സാണെന്നതിന് ഭരണഘടനാപരമായ ഒരു യുക്തിയിലേക്കും മൗദൂദി ഹദീസ് നിഷേധികളുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ലിഖിതമോ അല്ലാത്തതോ ആയ ഭരണഘടനയുള്ള ഏതൊരു രാജ്യത്തെയും ഭരണഘടന അനുശാസിക്കുന്ന നിയമത്തിന് ജഡ്ജിമാര്‍ കോടതികളില്‍ നല്‍കുന്ന വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും പിന്നീട് നിയമത്തിന്റെ ഭാഗമായി മാറുമെന്നത് ഒരു ഭരണഘടനാ തത്വമാണ്. ഈയടിസ്ഥാനത്തില്‍ നോക്കിയാലും സുന്നത്ത് നിയമത്തിന്റെ സ്രോതസ്സാകാതിരിക്കാന്‍ വഴിയില്ല. ഒരു മതപണ്ഡിതന്റെ ഭാഗത്തുനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഇത്തരം സമര്‍ഥനങ്ങള്‍ കൊണ്ടായിരിക്കണം പാകിസ്താനിലെ പ്രമുഖ നിയമജ്ഞനായ എ.കെ ബ്രോഹി, പാകിസ്താനിലെ ഏറ്റവും സമര്‍ഥനായ അഭിഭാഷകനാണ് സയ്യിദ് മൗദൂദി എന്ന് അഭിപ്രായപ്പെട്ടത്.
സുന്നത്തിന്റെ പ്രാമാണികതയുമായി ബന്ധപ്പെട്ട ഇത്തരം താത്വിക ചര്‍ച്ചകള്‍ക്കു ശേഷം ഹദീസിന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കാനായി ഹദീസ് നിഷേധികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ വാദങ്ങള്‍ക്കും മൗലാനാ മൗദൂദി എണ്ണിയെണ്ണി മറുപടി പറയുന്നുണ്ട്. ഇവിടെ മുസ്ത്വഫസ്സിബാഈ ഹദീസ് നിഷേധികള്‍ക്ക് നല്‍കിയ മറുപടിയും മൗദൂദിയുടെ മറുപടിയും ഏറക്കുറെ ഒന്നു തന്നെയായതിനാല്‍ അതിവിടെ ആവര്‍ത്തിക്കുന്നില്ല. എന്നിരുന്നാലും ഇവിടെയും മൗദൂദിയുടെ സമര്‍ഥനരീതി സിബാഈയേക്കാള്‍ അല്‍പം മുന്നിലാണ്. വ്യാജ ഹദീസുകള്‍ ധാരാളമായി പ്രചരിച്ചിരുന്നുവെന്ന വസ്തുത തന്നെ അതിന്റെ പ്രാമാണികതക്ക് തെളിവല്ലേ, കാരണം, ഹദീസുകള്‍ മുസ്‌ലിം സമൂഹത്തില്‍ നിരാക്ഷേപം അംഗീകരിക്കപ്പെട്ടിരുന്നതുകൊണ്ടല്ലേ ആളുകള്‍ നബിയുടെ പേരില്‍ വ്യാജ ഹദീസുകള്‍ ചമച്ചുണ്ടാക്കിയത്, ഹദീസിന് നിയമപരമായി യാതൊരു ആധികാരികതയുമില്ലെങ്കില്‍ പിന്നെന്തിനാണ് ആളുകള്‍ ഈ വയ്യാവേലിക്ക് പോയത് എന്നെല്ലാം മൗദൂദി ഹദീസ് നിഷേധികളോട് ചോദിക്കുന്നു. വ്യാജ ഹദീസുകള്‍ ഉണ്ട് എന്നതിന്റെ പേരില്‍ നല്ല ഹദീസുകളും തള്ളിക്കളയുകയാണെങ്കില്‍ കള്ളനോട്ട് പ്രചരിക്കുമ്പോള്‍ നല്ല കറന്‍സിയും വലിച്ചെറിയണമല്ലോ. ഇതെന്തുമാത്രം യുക്തിഹീനമായിരിക്കും! ഖുര്‍ആന്‍ എഴുതി സൂക്ഷിച്ചതുപോലെ പ്രവാചകന്റെ കാലത്തും ഖലീഫമാരുടെ കാലത്തും ഹദീസുകള്‍ എഴുതി സൂക്ഷിച്ചിരുന്നില്ല, അതിനാല്‍ ഹദീസ് പ്രമാണയോഗ്യമല്ല എന്ന് ഹദീസ് നിഷേധികള്‍ വാദിച്ചിരുന്നു. ഇതിന് മറുപടിയായി എന്തുകൊണ്ട് ഖുര്‍ആനെപ്പോലെ ഹദീസുകള്‍ പ്രവാചകന്റെ മേല്‍നോട്ടത്തില്‍ എഴുതി സൂക്ഷിച്ചില്ല എന്ന് വ്യക്തമാക്കിയ ശേഷം ഒരു കാര്യം സൂക്ഷിക്കുന്നതിന് ഒരു നിരക്ഷര സമൂഹത്തില്‍ എഴുത്ത് മാത്രമല്ല, ഓര്‍മയും ഒരുപാധിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓര്‍മയാകട്ടെ, എഴുത്താകട്ടെ, അത് ആധികാരികമാകുന്നത് അത് എഴുതിവെക്കപ്പെട്ടു എന്നതുകൊണ്ടു മാത്രമല്ല, മറിച്ച്, അതിന് സാക്ഷികള്‍ ഉണ്ടാകുമ്പോഴാണ്. സാക്ഷികളില്ലെങ്കില്‍ ഓര്‍മക്ക് മാത്രമല്ല, എഴുത്തിനും ആധികാരികതയില്ല. പ്രവാചകന്റെ മേല്‍നോട്ടത്തില്‍ എഴുതിവെച്ച ഖുര്‍ആന്‍ പോലും ആധികാരികമാകുന്നത് അതിന് സാക്ഷികള്‍ ഉള്ളതുകൊണ്ടു മാത്രമാണ്. കാരണം, പ്രവാചകന്റെ മേല്‍നോട്ടത്തില്‍ എഴുതിയ അതേ എഴുത്തല്ലല്ലോ ഇന്നത്തെ മുസ്വ്ഹഫുകളിലുള്ളത്. അപ്പോള്‍ മുസ്വ്ഹഫിലുള്ളത് ആധികാരികമാകുന്നത് അത് എഴുതിവെച്ചു എന്നതുകൊണ്ടു മാത്രമല്ല, അതിന് സാക്ഷികളുണ്ട് എന്നതുകൊണ്ടു കൂടിയാണ്. ഇതുപോലെ ആയിരക്കണക്കിന് സ്വഹാബികളുടെ ഓര്‍മകളില്‍ സൂക്ഷിച്ചിരുന്ന ഹദീസുകള്‍ പില്‍ക്കാലത്ത് വരമൊഴിയിലേക്ക് പകര്‍ത്തപ്പെട്ടപ്പോള്‍ അതിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ വിശ്വാസയോഗ്യമായ ധാരാളം സാക്ഷികളുണ്ടായിരുന്നുവെന്നാണ് ഹദീസുകളുടെ ക്രോഡീകരണ ചരിത്രം നമ്മോട് പറയുന്നത്. ഇങ്ങനെ പോകുന്നു മൗദൂദിയുടെ നിരീക്ഷണങ്ങള്‍.
തങ്ങളുടെ യുക്തിക്ക് നിരക്കുന്നില്ല എന്ന കാരണത്താല്‍ ചില ഹദീസുകള്‍ തള്ളിക്കളയുന്ന പ്രവണതയോടും മൗലാനാ മൗദൂദി വിയോജിച്ചത് മനുഷ്യയുക്തിയുടെ പരിമിതി ബോധ്യപ്പെടുത്തിക്കൊണ്ടാണ്. അതിനാല്‍, ഈസാ നബിയുടെ ആഗമനം, ദജ്ജാലിനെക്കുറിച്ച വിവരണം, പ്രവാചകന്റെ സിഹ്ര്‍ ബാധ തുടങ്ങിയവ പരാമര്‍ശിക്കുന്ന ഹദീസുകളുടെയെല്ലാം ആധികാരികതയില്‍ മൗലാനാ മൗദൂദിക്ക് ലവലേശം സംശയമില്ല. അതിനെല്ലാം യുക്തിപരമായ വിശദീകരണവും അദ്ദേഹം നല്‍കുന്നുണ്ട്. ഹദീസിന്റെ കാര്യത്തിലുള്ള ഇത്രത്തോളം സൂക്ഷ്മതയിലേക്ക് അദ്ദേഹത്തെ നയിക്കാനുണ്ടായ കാരണം കുറ്റമറ്റതെന്ന് തെളിയിക്കപ്പെട്ട ശ്രേണികള്‍ വഴി ലഭിച്ച ഈ ഹദീസുകള്‍ തള്ളിക്കളയുകയാണെങ്കില്‍ അതേ യുക്തി വെച്ച് മറ്റുള്ള ഹദീസുകളും തള്ളിക്കളയാനുള്ള ന്യായം ആളുകളുടെ കൈയില്‍ വരുമെന്നതാണ്. ഹദീസിന്റെ സംരക്ഷണത്തിലുള്ള അദ്ദേഹത്തിന്റെ ജാഗ്രതയാണ് ഇത് അടയാളപ്പെടുത്തുന്നത്.
ചുരുക്കത്തില്‍, മൗദൂദിയുടെ പ്രതിരോധം കാരണം പാകിസ്താന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടനയുടെ അടിത്തറയായി സുന്നത്തിനെ ഉള്‍പ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നു മാത്രമല്ല, ഒരു കേസിന്റെ വിധി പ്രസ്താവിച്ചുകൊണ്ട് സുന്നത്തിനെ നിയമത്തിന്റെ സ്രോതസ്സാക്കുന്നതിനോട് വിയോജിച്ചുകൊണ്ട് 13 ന്യായങ്ങള്‍ നിരത്തിയ പടിഞ്ഞാറന്‍ പാകിസ്താനിലെ ഹൈക്കോടതി ജഡ്ജി മുഹമ്മദ് ശഫീഅ് ഒടുവില്‍ തന്റെ മുന്‍ അഭിപ്രായം തിരുത്തുക കൂടി ചെയ്തു.