ഹദീസ് നിഷേധം: ചരിത്രം, വര്‍ത്തമാനം

എം.വി മുഹമ്മദ് സലീം‌‌
img

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ വിശുദ്ധ ഖുര്‍ആനിനു ശേഷം രണ്ടാമതായി വരുന്നത് നബി (സ) തിരുമേനിയുടെ ചര്യയാണ്. അവിടുന്ന് അരുളി: ''രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചുകൊണ്ടാണ് പോകുന്നത്. അവ മുറുകെ പിടിക്കുന്നേടത്തോളം കാലം നിങ്ങള്‍ വഴിതെറ്റുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണത്.'' നബി(സ)തിരുമേനിയുടെ വാചാ കര്‍മണായുള്ള ശിക്ഷണങ്ങളും തിരുസന്നിധിയില്‍ വെച്ച് അനുചരന്മാര്‍ക്ക് അവിടുന്ന് നല്‍കുന്ന അംഗീകാരവും ചേര്‍ന്നതാണ് സാങ്കേതിക ഭാഷയില്‍ 'തിരുചര്യ' (സുന്നത്ത്). തലവാചകത്തില്‍ ഹദീസ് എന്ന് പ്രയോഗിച്ചിരിക്കുന്നത് ഈ വിപുലമായ അര്‍ഥത്തിലാണ്.

നബി തിരുമേനിയില്‍ വിശ്വസിച്ച് അവിടുത്തോടൊപ്പം സഹവസിക്കാന്‍ ഭാഗ്യം ലഭിച്ച അനുചരന്മാരാണ് 'സ്വഹാബഃ (റ)'. ഇവര്‍ തിരുമേനിയോടുള്ള സ്‌നേഹത്തിലും അവിടുത്തെ ശിക്ഷണങ്ങള്‍ ശിരസ്സാവഹിക്കുന്നതിലും ഹൃദിസ്ഥമാക്കുന്നതിലും നിസ്തുല മാതൃകകളായിരുന്നു. അവര്‍ തിരുമേനി (സ) പറഞ്ഞതും പഠിപ്പിച്ചതും യഥാതഥാ ഉദ്ധരിക്കുന്നതാണ് പ്രവാചക ചര്യയില്‍ പില്‍ക്കാലക്കാര്‍ക്ക് ലഭിച്ച പ്രമാണം. ഇവരുടെ ആത്മാര്‍ഥതയിലും സത്യസന്ധതയിലും മുസ്‌ലിം സമൂഹം പൊതുവില്‍ ഏകാഭിപ്രായക്കാരാണ്.

നബി (സ) തിരുമേനിയുടെ വിയോഗാനന്തരം ഇസ്‌ലാമിലേക്ക് വന്നവരാണ് 'താബിഉകള്‍' (തുടര്‍ച്ചക്കാര്‍) എന്ന പേരില്‍ അറിയപ്പെടുന്നത്. അവരുടെ തുടര്‍ച്ചക്കാരെ താബിഉത്താബിഉകള്‍ എന്ന് വിളിക്കുന്നു. ഈ പരമ്പരയിലൂടെയാണ് ഹദീസ് ഉദ്ധരിക്കപ്പെടുന്നത്.

പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ തന്നെ രേഖപ്പെടുത്താനും ഹൃദിസ്ഥമാക്കാനും തിരുമേനി (സ) സംവിധാനം ചെയ്തിരുന്നു. തിരുസന്നിധിയില്‍ വെച്ചുതന്നെ ഖുര്‍ആന്‍ എഴുതിവെക്കുന്ന പ്രത്യേക എഴുത്തുകാരും ഉണ്ടായിരുന്നു. ഹൃദിസ്ഥമാക്കാന്‍ അപാരമായ കഴിവുള്ളവരായിരുന്നു സ്വഹാബഃ. അതിനാല്‍ അവരോട് നബി (സ) തിരുമേനി വിശുദ്ധ ഖുര്‍ആനല്ലാതെ മറ്റൊന്നും എഴുതി സൂക്ഷിക്കരുത് എന്ന് നിര്‍ദേശിച്ചു. ഇക്കാരണത്താല്‍ തിരുമേനിയുടെ വചനങ്ങള്‍ വ്യവസ്ഥാപിതമായി ആരും രേഖപ്പെടുത്തിയിരുന്നില്ല. ഹൃദിസ്ഥമാക്കാന്‍ വേണ്ടി ചിലര്‍ ചില കുറിപ്പുകള്‍ കരുതിയിരുന്നു. ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ കാലത്താണ് സുന്നത്ത് വ്യവസ്ഥാപിതമായി ക്രോഡീകരിക്കപ്പെട്ടത്.

നബി (സ) തിരുമേനി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാവി സാരഥിയെ നിര്‍ദേശിച്ചിരുന്നില്ല. അവിടുത്തെ വിയോഗാനന്തരം സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍ ഭരണാധികാരിയായി അബൂബക്ര്‍ സിദ്ദീഖ്(റ) തെരഞ്ഞെടുക്കപ്പെട്ടു. മുഹാജിറുകളും അന്‍സ്വാറുകളും സമവായത്തിലെത്തിയ ശേഷമായിരുന്നു ഈ തെരഞ്ഞെടുപ്പ്. തന്റെ നിര്യാണവേളയില്‍ അബൂബക്ര്‍ സിദ്ദീഖ് (റ) ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)നെ ഭാവി ഭരണാധികാരിയായി നാമനിര്‍ദേശം ചെയ്തു. ശ്ലാഘനീയമായ പത്തില്‍ ചില്വാനം വര്‍ഷത്തെ ഭരണത്തിനുശേഷം ശത്രുക്കള്‍ നിയോഗിച്ച മജൂസിയുടെ കുത്തേറ്റ ഉമര്‍ (റ) രോഗശയ്യയില്‍ ആറ് പേരുടെ ഒരു പാനല്‍ സമര്‍പ്പിച്ചു:

1. അലിയ്യുബ്‌നു അബീത്വാലിബ്
2. ഉസ്മാനുബ്‌നു അഫ്ഫാന്‍
3. അബ്ദുല്ലാഹിബ്‌നു സുബൈര്‍
4. സഅ്ദുബ്‌നു അബീ വഖ്ഖാസ്വ്
5. അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ്
6. ത്വല്‍ഹത്തുബ്‌നു ഉബൈദില്ല

ഈ പുണ്യവാന്മാരില്‍നിന്ന് സ്വഹാബഃ (റ) തെരഞ്ഞെടുത്ത ഭരണാധികാരി ആയിരുന്നു ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ). അദ്ദേഹത്തിന്റെ ഭരണം പന്ത്രണ്ട് വര്‍ഷത്തോളം നീണ്ടുനിന്നു. ഇസ്‌ലാമിക രാഷ്ട്രത്തിന് വൈജ്ഞാനികവും സാമൂഹികവുമായ അനേകം വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച ഭരണാധികാരി ആയിരുന്നു അദ്ദേഹം. പരിശുദ്ധ ഖുര്‍ആന്‍ വ്യവസ്ഥാപിതമായി ക്രോഡീകരിച്ച്, ലോകാവസാനം വരെ മുസ്‌ലിം ലോകം അനുസ്മരിക്കുന്ന സേവനമാണ് അദ്ദേഹം സമര്‍പ്പിച്ചത്.
ശക്തമായ ഇസ്‌ലാമിക രാഷ്ട്രത്തെ തകര്‍ക്കാന്‍ ശത്രുക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ചിലരുന്നയിച്ച നബി കുടുംബത്തിനാണ് അധികാരമെന്ന വാദം. ഇത് അതിശയോക്തിയോടെ പ്രചരിപ്പിച്ച അബ്ദുല്ലാഹിബ്‌നു സബഅ് മദീനയില്‍നിന്നു നാടുകടത്തപ്പെട്ടു. അയാള്‍ ഈജിപ്തില്‍ തന്റെ കുപ്രചാരണങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണ് കണ്ടെത്തി. മുസ്‌ലിംകളുടെ ഭരണാധികാരിയാവാന്‍ നബികുടുംബത്തിലെ ജീവിച്ചിരിക്കുന്ന അംഗമായ അലിയ്യുബ്‌നു അബീത്വാലിബിനാണ് അര്‍ഹതയെന്നും നേരത്തേ വന്ന ഭരണാധികാരികളും ഉസ്മാനും അധികാരം തെറ്റായി പിടിച്ചുപറ്റിയ അക്രമികളാണെന്നും അയാള്‍ പ്രചരിപ്പിച്ചു. അലി(റ)യെ സ്‌നേഹിച്ചിരുന്ന പലരും ഇതപ്പടി വിശ്വസിച്ചു. കൂട്ടത്തില്‍ ഉസ്മാനെ(റ)തിരില്‍ വ്യാജ ആരോപണങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തയാറാക്കി പ്രചരിപ്പിക്കാനും അവര്‍ മറന്നില്ല. ഇരുപത് ആരോപണങ്ങള്‍ അടങ്ങിയ ഈ പ്രചാരണം അടിസ്ഥാനരഹിതമായിരുന്നു. പലതും ഉസ്മാന്‍ (റ) വിശദീകരണം നല്‍കിയ ശേഷം ആവര്‍ത്തിച്ചതായിരുന്നു. കലുഷമായ ഈ രാഷ്ട്രീയ അന്തരീക്ഷം ഉസ്മാന്‍ (റ) വധിക്കപ്പെടാനും തദനന്തരം ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടാനും കാരണമായി. മുസ്‌ലിംകളില്‍ അലി പക്ഷക്കാരായ ശീഈകള്‍ സജീവമായി. നിയമനിഷേധികള്‍ (ഖവാരിജ്) എന്ന തീവ്രവാദികള്‍ ഉടലെടുത്തു.
ഓരോ പക്ഷവും മതപരമായ ന്യായീകരണത്തിനായി പരിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ചു. നബിവചനങ്ങള്‍ അനുകൂലമായി വ്യാഖ്യാനിക്കാന്‍ കഴിയാതായപ്പോള്‍ വ്യാജ ഹദീസുകള്‍ കെട്ടിച്ചമച്ചു. അങ്ങനെ പരിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ വന്നിട്ടില്ലാത്ത പല നൂതന ആശയങ്ങളും ഹദീസുകളില്‍ കടത്തിക്കൂട്ടി.
തങ്ങളുടെ നേതാക്കളെ പുകഴ്ത്താനാണ് ആദ്യമാദ്യം വ്യാജ ഹദീസുകള്‍ പ്രചരിപ്പിച്ചത്. അലി പക്ഷക്കാരാണ് ഈ രംഗത്ത് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇബ്‌നു അബില്‍ ഹദീദ് എന്ന ശീഈ പണ്ഡിതന്‍ വ്യാജ ഹദീസിന്റെ ഉത്ഭവത്തെ കുറിച്ച് എഴുതുന്നു: 'ശീഈകള്‍ അലി(റ)യെക്കുറിച്ച് എഴുന്നള്ളിച്ച അപദാനങ്ങളായിരുന്നു ആദ്യമായി ഉണ്ടായ വ്യാജ ഹദീസുകള്‍. സുന്നികളിലെ അവിവേകികളും ഇവരുടെ പ്രതിയോഗികളായി വ്യാജ ഹദീസുകള്‍ പ്രചരിപ്പിച്ചു' (നഹ്ജുല്‍ ബലാഗഃ: പേജ്: 254, 263).
ഇറാഖില്‍നിന്നാണ് ആദ്യമായി വ്യാജ ഹദീസുകള്‍ പ്രചരിച്ചത്. ഈ പ്രചാരണത്തിന്റെ പിന്നില്‍ നബി (സ) തിരുമേനിയുടെ അനുചരന്‍മാരായിരുന്നില്ല. അവര്‍ക്കിടയില്‍ വീക്ഷണ വൈവിധ്യങ്ങളുണ്ടായിരുന്നു. സ്വന്തം അഭിപ്രായത്തിനു വേണ്ടി അടരാടാന്‍ അവര്‍ ഒരുക്കമായിരുന്നു. എന്നാല്‍ അവര്‍ കളവുപറയുന്നത് വൃത്തികെട്ട വിശേഷണമായി കണ്ടു. തുടര്‍ച്ചക്കാരായി വന്നവരായിരുന്നു വ്യാജന്മാര്‍. ഇതില്‍ ഏറ്റവും കൂടുതല്‍ റാഫിദുകളായിരുന്നു. ഇമാം മാലിക് (റ) പറയുന്നു: 'റാഫിദുകളുമായി സഹവസിക്കരുത്. അവരില്‍നിന്ന് ഹദീസ് ഉദ്ധരിക്കുകയും അരുത്. അവര്‍ കളവ് പറയുന്നവരാണ്'.
ഇമാം ശാഫിഈ (റ) പറയുന്നു: 'റാഫിദുകളേക്കാള്‍ കള്ള സാക്ഷ്യം വഹിക്കുന്ന ഭൗതിക തല്‍പരരെ ഞാന്‍ കണ്ടിട്ടില്ല'. ഇങ്ങനെ സുന്നത്ത് സ്വജനപക്ഷപാതികളുടെ വിഹാരരംഗമായി മാറി. ആയിരക്കണക്കിന് വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കപ്പെട്ടു. പൊതുവെ ഹദീസുകളിലുള്ള വിശ്വാസം ദുര്‍ബലമാകാന്‍ ഇത് കാരണമായി എന്നു പറയേണ്ടതില്ലല്ലോ. ശീഈകള്‍ പ്രചരിപ്പിച്ച ഏറ്റവും വലിയ വ്യാജ ഹദീസ് 'ഖും തടാകത്തി'ലെ വസ്വിയ്യത്താണ്. ഹജ്ജത്തുല്‍ വിദാഇല്‍നിന്ന് തിരിച്ചുപോരുമ്പോള്‍ 'ഗദീര്‍ ഖും' എന്ന സ്ഥലത്തുവെച്ച് നബി തിരുമേനി(സ) അനുചരന്മാരെ ഒരുമിച്ചുകൂട്ടി തനിക്ക് ശേഷം ഖലീഫയായി അലി(റ)യെ പ്രഖ്യാപിച്ചു എന്നതാണ് വസ്വിയ്യത്തിന്റെ ഉള്ളടക്കം. ഇങ്ങനെ ഒരു വസ്വിയ്യത്തിന് സാക്ഷികളായ ശേഷം തിരുമേനിയും പ്രിയങ്കരരായ അനുയായികളുമെല്ലാം ചേര്‍ന്ന് അബൂബക്ര്‍ സിദ്ദീഖി(റ)നെ ഖലീഫയായി തെരഞ്ഞെടുത്തുവത്രെ! അതിനാല്‍ അവരെല്ലാം സത്യനിഷേധികളാണ്. പത്തുപതിനഞ്ച് പേര്‍ മാത്രമാണ് ഇതില്‍നിന്നും ഒഴിവ്. തിരുമേനിയുടെ പ്രിയ പത്‌നിമാര്‍ പോലും ഇതില്‍നിന്നും ഒഴിവല്ല! എല്ലാവരും കാഫിറുകള്‍!
വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം ശരിയായ ഹദീസുകള്‍ തള്ളിക്കളയുക കൂടി ചെയ്തപ്പോഴാണ് റാഫിദുകള്‍ക്ക് ലക്ഷ്യം നേടാനായത്. അങ്ങനെ ചരിത്രത്തിലെ ആദ്യ ഹദീസ് നിഷേധികളും ശീഈകള്‍ തന്നെ. അവര്‍ വിശുദ്ധരായി അംഗീകരിച്ച സ്വഹാബികളും ഇമാമുകളും ഉദ്ധരിക്കുന്ന ഹദീസുകള്‍ മാത്രമേ റാഫിദുകള്‍ സ്വീകരിക്കുകയുള്ളൂ. മുസ്‌ലിംകള്‍ പൊതുവായി അംഗീകരിക്കുന്ന ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്, നസാഈ, ഇബ്‌നു മാജ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളൊന്നും ശീഈകള്‍ക്ക് സ്വീകാര്യയോഗ്യമല്ല. ഇതിന്റെ സ്ഥാനത്ത് അവര്‍ക്ക് സ്വന്തം ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനമാണ് കുലൈനി രചിച്ച 'അല്‍ കാഫി.'
അലി(റ)ക്ക് ഭരണാധികാരം ഏല്‍പ്പിക്കാത്തതായിരുന്നു സ്വഹാബികളെ കാഫിറാക്കാന്‍ ശീഈകളുടെ ന്യായം. എന്നാല്‍ അലി(റ) മുആവിയയുമായി മാധ്യസ്ഥ നിര്‍ണയം(തഹ്കീം) നടത്തിയതിനാല്‍ അതംഗീകരിച്ചവരെല്ലാം കാഫിറായി എന്ന വാദമായിരുന്നു നിയമനിഷേധികളായ ഖവാരിജുകളുടേത്. ഈ രാഷ്ട്രീയ കാലുഷ്യത്തില്‍ നിഷ്പക്ഷരായി നിന്ന ഏതാനും സ്വഹാബികള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം മതഭ്രഷ്ടരായതായി ശീഇകള്‍ പ്രഖ്യാപിച്ചു. അതിനാല്‍ അവര്‍ വിശ്വസ്തരല്ല. അവര്‍ ഉദ്ധരിച്ച നബിവചനങ്ങള്‍ സ്വീകാര്യമല്ല.
രാഷ്ട്രീയ കാരണങ്ങളാണ് ഹദീസ് നിഷേധത്തിന്റെ ആരംഭമെന്ന് നാം കണ്ടു. മുസ്‌ലിം പൊതുസമൂഹം നബിശിഷ്യരെല്ലാം സത്യസന്ധരാണെന്നും നീതിമാന്മാരാണെന്നും അവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകാര്യയോഗ്യമാണെന്നും വിശ്വസിച്ചു. പരിശുദ്ധ ഖുര്‍ആനിലും തിരുശിക്ഷണങ്ങളിലും സ്വഹാബികളുടെ അപദാനങ്ങള്‍ വന്നത് ഇതിന് ഏറ്റവും വലിയ തെളിവായി അവര്‍ ഉദ്ധരിക്കുന്നു. ഭൂരിപക്ഷം സ്വീകരിച്ച ഹദീസുകളെല്ലാം ശീഈകള്‍ നിഷേധിച്ചുതള്ളി. പകരം വ്യാജ ഹദീസുകള്‍ കെട്ടിച്ചമച്ചു. ഖവാരിജുകളാവട്ടെ, ആഭ്യന്തരകലഹം പുറപ്പെട്ട ശേഷം പ്രചരിച്ച ഹദീസുകളത്രയും തള്ളിക്കളഞ്ഞു. ഇതില്‍നിന്ന് വ്യത്യസ്തമായി ചിന്താപരമായ വ്യതിയാനത്തിനും ഹദീസ് നിഷേധത്തില്‍ പ്രധാന പങ്കുണ്ടായി.
ദൈവശാസ്ത്ര ചിന്തയുടെ പേരില്‍ പൊതു സമൂഹത്തില്‍നിന്ന് മാറിപ്പോയ ചിന്താസരണിയാണ് മുഅ്തസിലുകള്‍. ചിന്താസ്വാതന്ത്ര്യം അവകാശപ്പെടുന്നതിനാല്‍ ഇവര്‍ ഇരുപതിലേറെ വിഭാഗങ്ങളായി പിരിഞ്ഞു. ഓരോ വിഭാഗത്തിലും ഹദീസിന്റെ നേരെയുള്ള സമീപനം വ്യത്യസ്തമായിരുന്നു. ഹദീസുകളില്‍ ഒറ്റ റിപ്പോര്‍ട്ടര്‍ (ആഹാദ്) മാത്രമുള്ളവ ഊഹം മാത്രമേ പ്രദാനം ചെയ്യുകയുള്ളൂ. ഒരു സംഘം ആളുകള്‍ (മുതവാതിര്‍) റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ജ്ഞാനത്തിന് അവലംബമാകൂ. എന്നാല്‍ ഇത്തരം ഹദീസുകള്‍ തുലോം കുറവാണ്. ഭൂരിപക്ഷം ഹദീസുകളും ഏക റിപ്പോര്‍ട്ടര്‍മാരുള്ളതാണ്.
മുഅ്തസിലഃയില്‍ പ്രധാനിയായ അബൂ അലിയ്യില്‍ ജൂബാഈ ഈ ഹദീസുകളൊന്നും അവലംബമാക്കാന്‍ പാടില്ല എന്ന പക്ഷക്കാരനാണ്. ഹദീസുകള്‍ പ്രമാണയോഗ്യമാണെന്ന പൊതുസമൂഹത്തിന്റെ ഏകകണ്ഠമായ അഭിപ്രായം ഖണ്ഡിക്കുകയായിരുന്നു ഇവര്‍. സ്വഹാബികള്‍ ഫാസിഖുകളായെന്നും അവരുടെ ഉദ്ധരണികള്‍ അവലംബമാക്കി ശരീഅത്ത് നിയമങ്ങള്‍ നിര്‍ധാരണം ചെയ്യാവതല്ലെന്നുമാണ് അംറ് ബിന്‍ ഉബൈദിന്റെ കാഴ്ചപ്പാട്. നള്ളാമികള്‍ (نظّامية) എന്ന വിഭാഗം സുന്നത്തും ഇജ്മാഉം ഖിയാസും നിഷേധിക്കുന്നവരാണ്. അബൂ ഇസ്ഹാഖ് ഇബ്‌റാഹീം ബിന്‍ സയ്യാര്‍ ആണ് അവരുടെ നേതാവ്. ഇവര്‍ ഭ്രഷ്ടരാണെന്ന് ഇതര വിഭാഗങ്ങള്‍ വിശ്വസിക്കുന്നു. സുന്നത്തിന്റെയും സ്വഹാബിയുടെയും വിഷയത്തില്‍ മുഅ്തസിലുകള്‍ സ്വീകരിച്ച വീക്ഷണം മുസ്‌ലിം പൊതുസമൂഹവുമായി വാഗ്വാദവും വിദ്വേഷവുമുണ്ടാകാന്‍ കാരണമായി.
മുഅ്തസിലുകളധികവും ഹനഫീ മദ്ഹബ് സ്വീകരിച്ചവരായിരുന്നു. അവരുടെ ഒരു പ്രധാന നേതാവായ ബിശ്ര്‍ അല്‍ മുറൈസി ഹനഫീ പണ്ഡിതനും ഖാദി അബൂ യൂസുഫിന്റെ അഭിപ്രായം അംഗീകരിക്കുന്നവനുമായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദം വെളിപ്പെടുത്തിയതോടെ അബൂ യൂസുഫ് അദ്ദേഹത്തില്‍നിന്നകന്നു. ഈ അകല്‍ച്ച ഹദീസ് സ്വീകരിക്കുന്നവരുമായി ഒരു ഏറ്റുമുട്ടലായി മാറി. അബൂ ഹനീഫയുടെ അനുയായികള്‍ ഹദീസ് സ്വീകരിക്കുന്നവരല്ല, സ്വന്തം അഭിപ്രായത്തിനൊത്ത് മതനിയമങ്ങള്‍ നിര്‍ധാരണം ചെയ്യുന്നവരാണെന്ന് ആരോപിക്കാന്‍ ചിലര്‍ ധൃഷ്ടരായി. ഇമാം അബൂ ഹനീഫഃ പോലും ഈ ഏറ്റുമുട്ടലില്‍നിന്ന് രക്ഷപ്പെട്ടില്ല. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുെണ്ടന്ന് ചിലര്‍ ആരോപിച്ചു.
ഹിജ്‌റ രണ്ടാം നൂറ്റാണ്ട് ആരംഭിക്കുമ്പോഴേക്കും സുന്നത്തിന്റെ പ്രാമാണികത നിഷേധിക്കുന്ന ഒരു നിര തന്നെ രൂപപ്പെട്ടു. സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മാത്രം പ്രമാണമായി കാണുന്നവരും, ഖുര്‍ആനിന്റെ ആശയ വിശദീകരണമായോ, ദൃഢീകരണമായോ വരുന്നത് പ്രമാണമായും സ്വതന്ത്ര നിയമം വിവരിക്കുന്നത് പ്രമാണമല്ലാതായും അഭിപ്രായപ്പെടുന്നവരുണ്ടായി. നബി (സ) തിരുമേനിയുടെ കര്‍മങ്ങള്‍ മാത്രം അവലംബമാക്കുക എന്ന രീതി സ്വീകരിച്ച മറ്റൊരു വിഭാഗവും രൂപപ്പെട്ടു.
ബുദ്ധിയും പ്രമാണവും നിരത്തി ഈ വാദഗതികളെ ആദ്യമായി നേരിട്ടത് ഇമാം മുഹമ്മദ് ഇദ്‌രീസ് അശ്ശാഫിഈ (റ) ആയിരുന്നു. 'കിതാബുല്‍ ഉമ്മി'ല്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ച 'ജിമാഉല്‍ ഇല്‍മ്' (جماع العلم) എന്ന ഗ്രന്ഥത്തില്‍ ഇത് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട് അദ്ദേഹം.
നൂറ്റാണ്ടുകള്‍ക്കു ശേഷം ഇക്കാലത്ത് ഹദീസ് നിഷേധം വീണ്ടും സജീവമായി വന്നിരിക്കുന്നു. ഈജിപ്തില്‍ 20-ാം നൂറ്റാണ്ടിലാണ് ഈ വാദം സജീവമായതെങ്കില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ 19-ാം നൂറ്റാണ്ടില്‍ തന്നെ ഈ ചിന്ത സജീവമായിട്ടുണ്ട്. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ഹദീസിന്റെ പ്രാബല്യത്തിന് അസാധ്യ നിബന്ധനകള്‍ നിര്‍ണയിച്ചാണ് സുന്നത്തിന്റെ പ്രാമാണികത ഫലത്തില്‍ നിഷേധിച്ചത്. പിന്നീട് അബ്ദുല്ലാ ചിറാഗലി വിശുദ്ധ ഖുര്‍ആന്‍ മാത്രം അവലംബമാക്കി ഇസ്‌ലാമിക നിയമങ്ങള്‍ ഗ്രഹിക്കാമെന്ന് അഭിപ്രായപ്പെട്ടു. അഹ്‌ലുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ ഒരു സംഘടനക്ക് രൂപം നല്‍കി. ഗുലാം അഹ്മദ് പര്‍വേസാണ് പാകിസ്താന്‍ ആസ്ഥാനമാക്കിയ അഹ്‌ലുല്‍ ഖുര്‍ആന്‍ നേതാവ്. സുന്നത്തിനെ മൊത്തമായോ ഭാഗികമായോ നിഷേധിക്കുന്ന ധാരാളം പണ്ഡിതന്മാര്‍ ഈ ഉപഭൂഖണ്ഡത്തിലുണ്ട്. അവരുടെ എണ്ണം ഇന്ന് വളരെ കൂടിയിരിക്കുന്നു.
ഈ ചിന്താഗതികളെ അവതരണ ശൈലിയില്‍ മാറ്റം വരുത്തി സമര്‍പ്പിക്കുന്ന ഒരു സരണിയാണ് കേരളത്തില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സ്വീകരിച്ചത്. മൗലവി മുഹമ്മദ് അബുല്‍ ഹസന്‍ ചേകനൂര്‍ ആയിരുന്നു അവരുടെ നേതാവ്. രിവായത്തും ശഹാദത്തും ഒരേ രൂപത്തില്‍ കാണണമെന്നതാണ് ഒരു അടിസ്ഥാനമായി അവര്‍ മുന്നോട്ടു വെച്ചത്. ശഹാദത്തിന് ചുരുങ്ങിയത് രണ്ടു ശാഹിദുകള്‍ വേണം. അതുപോലെ രിവായത്തിനും. അതാണല്ലോ പ്രധാന പ്രശ്‌നങ്ങളില്‍ നിയമമുണ്ടാക്കാന്‍ അവലംബം. അതുകൊണ്ട് രണ്ടു പേര്‍ വീതം വേണം. ബുദ്ധിപരമായി ഈ വാദം ശരിയായി തോന്നാം. എന്നാല്‍ വിശ്വസ്തത മാത്രമാണ് രിവായത്തില്‍ അവലംബമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവില്‍നിന്ന് ഒന്നില്‍കൂടുതല്‍ മലക്കുകള്‍ നബി (സ) തിരുമേനിക്ക് എത്തിച്ചില്ല. വിശ്വസ്തനായ ജിബ്‌രീല്‍ (റ) ഒറ്റക്കാണ് വഹ്‌യ് തിരുമേനിക്ക് എത്തിച്ചുകൊടുത്തത്. വിശ്വസ്തനായ തിരുമേനി (സ) ഒറ്റക്കാണ് ഖുര്‍ആന്‍ അനുചരന്മാര്‍ക്ക് കേള്‍പ്പിക്കുന്നത്. അതിനാല്‍ രിവായത്ത് ഉറപ്പു വരുത്തുന്നത് വിശ്വസ്തതയുടെ വെളിച്ചത്തിലാണ്, എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല.
മേല്‍പറഞ്ഞ നിബന്ധന എല്ലാ കണ്ണികളിലും കാണുന്ന ഹദീസുകളില്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. രണ്ടോ കൂടുതലോ ആളുകള്‍ പദങ്ങളില്‍ ചില്ലറ മാറ്റത്തോടുകൂടി റിപ്പോര്‍ട്ട് ചെയ്താല്‍ രണ്ടു സാക്ഷി വാദം പൂര്‍ത്തിയാകുന്നില്ല. രണ്ടുപേരും ഒന്നിച്ച് ഒരേ 'പദ'ത്തിന് സാക്ഷികളാവണം. അതിനാല്‍ പരോക്ഷമായ ഹദീസ് നിഷേധം തന്നെയാണിത്. അവതരണ ശൈലിയില്‍ മാത്രമേ മാറ്റമുള്ളൂ. ഈ തത്വം മറു ശൈലിയില്‍ അവതരിപ്പിച്ചതാണ് മുതവാതിറായ (സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത) ഹദീസുകള്‍ മാത്രമേ പ്രമാണമാകൂ എന്ന വാദവും.
സ്വഹാബികളുടെ ചില ഇടപെടലുകള്‍ നിഷേധികള്‍ ന്യായമായി ഉന്നയിക്കാറുണ്ട്. ഉദാഹരണം: അബൂ മൂസല്‍ അശ്അരിയോട് ഉമര്‍ (റ) ഒരു സാക്ഷിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട സംഭവം. ഇത് ഉമര്‍ (റ) രണ്ടു പേര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ഹദീസ് സ്വീകരിച്ചിരുന്നുള്ളൂ എന്നതിന് തെളിവല്ല. ഒരു തര്‍ക്കം വരുമ്പോള്‍ തന്റെ ഭാഗത്തിന് തെളിവുദ്ധരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് ഒരു നിഷ്പക്ഷ സാക്ഷിയെ ആവശ്യപ്പെട്ടത്. മൂന്നുതവണ സലാം ചൊല്ലിയിട്ടും മറുപടി ലഭിക്കാത്തതിനാലാണ് ഖലീഫയെ കാണാതെ തിരിച്ചുപോയതെന്ന ന്യായീകരണമാണ് പശ്ചാത്തലം. ഇത് സാമാന്യവല്‍ക്കരിച്ച് എല്ലാ ഹദീസുകളും ഈരണ്ടു പേര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മനസ്സിലാക്കുന്നത് ശരിയല്ല.
അടിസ്ഥാനാദര്‍ശവും വിശ്വാസ കാര്യങ്ങളും സ്ഥാപിക്കാന്‍ ഒറ്റ റിപ്പോര്‍ട്ടര്‍ പോരാ എന്നതാണ് മറ്റൊരു പ്രധാന വാദം. എന്നാല്‍ കര്‍മശാസ്ത്ര നിയമങ്ങള്‍ക്ക് അത് മതി. ഇത് പല ആധുനിക പണ്ഡിതന്മാരും അംഗീകരിക്കുന്ന ഒരു കാഴ്ചപ്പാടാണ്. വിശ്വാസ കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെയോ, പ്രബലമായ മുതവാതിറായ ഹദീസുകളിലൂടെയോ സമര്‍ഥിക്കപ്പെടണം. അനുമാനത്തിന്റെ അടിസ്ഥാനത്തിലാവരുത് എന്നു ചുരുക്കം.
ഈജിപ്തിലെ പല പണ്ഡിതന്മാരും യൂറോപ്പില്‍ പോയി ഉന്നത ബിരുദം നേടി വരുമ്പോള്‍ അവരുടെ സുന്നത്തിനോടുള്ള സമീപനത്തില്‍ കാതലായ മാറ്റം വന്നതായി അനുഭവപ്പെടുന്നു. ചിലര്‍ നാട്ടില്‍നിന്നുതന്നെ ഇത്തരം നവീന ചിന്തകള്‍ സ്വന്തമാക്കിയതായും കാണാം. ത്വാഹാ ഹുസൈന്‍, അഹ്മദ് അമീന്‍, സുബ്ഹി മന്‍സൂര്‍, മുഹമ്മദ് അബ്ദു, മഹ്മൂദ് ശല്‍ത്തൂത്ത്, ജമാല്‍ അല്‍ബന്ന തുടങ്ങി അനേകം പണ്ഡിതന്മാര്‍ സുന്നത്തിന്റെ പ്രാമാണികത, നിയന്ത്രിതമായി അംഗീകരിക്കുന്നവരോ പാടേ നിഷേധിക്കുന്നവരോ ആണ്.
കുരിശുയുദ്ധം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും കടുത്ത വിരോധത്തില്‍നിന്ന് ഉടലെടുത്ത, രണ്ടു നൂറ്റാണ്ടുകാലം നീണ്ടുനിന്ന ദുരന്തമായിരുന്നു. മറുവശത്ത് ക്രിസ്തീയ പുരോഹിതരോട് പ്രതിബദ്ധത കുറഞ്ഞ ആളുകള്‍ക്കും യുദ്ധം ചെയ്ത് മുസ്‌ലിംകളെ തുരത്താന്‍ ന്യായമുണ്ടായിരുന്നു. ഇസ്‌ലാമിനെക്കുറിച്ച് അന്ധമായി വെച്ചുപുലര്‍ത്തിയ തെറ്റിദ്ധാരണയാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്. ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെട്ടു. ഇസ്‌ലാമിക നാഗരികത തമസ്‌കരിക്കപ്പെട്ടു. മുസ്‌ലിം സമൂഹത്തിന്റെ നന്മകളത്രയും പൂഴ്ത്തിവെച്ച് അവരെ അനഭിമതരായി ചിത്രീകരിച്ചു. ഇസ്‌ലാമിന്റെ ശക്തി ആദര്‍ശബലമാണെന്ന് മനസ്സിലാക്കി ആദര്‍ശ പ്രതിബദ്ധതയും വിശ്വാസവും ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ഇന്നും പലരീതികളില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇസ്‌ലാമിക പ്രമാണങ്ങളാണ് ആദര്‍ശനിഷ്ഠക്ക് അവലംബം. അവയില്‍ സംശയം ജനിപ്പിക്കാനും അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും വര്‍ഷങ്ങളോളം ഗവേഷണപഠനങ്ങള്‍ നടത്തി ഗ്രന്ഥരചനയും പ്രസിദ്ധീകരണങ്ങളുമായി നടത്തുന്ന സമരവും യഥാര്‍ഥ കുരിശു യുദ്ധത്തിന്റെ തുടര്‍ച്ചയല്ലാതെ മറ്റൊന്നല്ല.
പരിശുദ്ധ ഖുര്‍ആന്‍ ഓറിയന്റലിസ്റ്റുകളുടെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. ദിവ്യവെളിപാട് ശാസ്ത്രീയമായി നിഷേധിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. മുഹമ്മദ് നബി(സ) തിരുമേനിയുടെ വ്യക്തിത്വത്തെ വികൃതവും പരിഹാസ്യവുമാക്കി ചിത്രീകരിച്ചും, അറേബ്യ 'അല്‍ അമീന്‍' എന്ന വിശേഷണം ചാര്‍ത്തി അംഗീകരിച്ച തിരുമേനിയുടെ വിശ്വാസ്യത ചോദ്യം ചെയ്തും, ജൂത-ക്രിസ്തീയ പുരോഹിതരെ തിരുമേനിയുടെ ഗുരുവായി അവരോധിച്ചുമെല്ലാം അവര്‍ വൈരം തീര്‍ത്തിട്ടുണ്ട്.
ഇതിനേക്കാളെല്ലാം മുസ്‌ലിം ബുദ്ധിജീവികളെ സ്വാധീനിക്കാന്‍ സാധിച്ച മേഖലയായിരുന്നു സുന്നത്തിന്റെ പ്രാമാണികതയില്‍ സംശയം ജനിപ്പിക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ നടത്തിയ ഗൂഢതന്ത്രങ്ങള്‍. സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ ഗവേഷണങ്ങളില്‍ പല പ്രഗത്ഭരായ മുസ്‌ലിം പണ്ഡിതന്മാരും അടിതെറ്റി വീണു. അവര്‍ ആ സത്യങ്ങളുടെ ശക്തരായ പ്രചാരകന്മാരായി മാറി. അബൂ റയ്യയും അഹ്മദ് അമീനും ജമാല്‍ അല്‍ബന്നയും സുബ്ഹി മന്‍സൂറുമെല്ലാം ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം.
ഒരു നിസ്തുല ഗവേഷണ രീതിയാണ് ഹദീസ് പരിശോധനക്കായി പൂര്‍വികര്‍ രൂപപ്പെടുത്തിയത്. വ്യക്തികളെ ആഴത്തില്‍ പഠിക്കാനും അവരുടെ സ്വഭാവ വൈശിഷ്ട്യങ്ങള്‍ രേഖപ്പെടുത്താനും തദ്വാരാ അവരുടെ വിശ്വാസ്യത ഉറപ്പു വരുത്താനും മുസ്‌ലിം പണ്ഡിതന്മാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ചരിത്രത്തില്‍ തുല്യതയില്ല. റിപ്പോര്‍ട്ടുകളുടെ പരമ്പര പരിശോധിക്കുക എന്ന ശാസ്ത്രീയ രീതി (علم أسماء الرجال) ആദ്യമായി ആവിഷ്‌കരിച്ചത് മുസ്‌ലിംകളാണ്. അതിനാല്‍ ഹദീസുകളെ വീണ്ടും പരിശോധിക്കാനും പൂര്‍വികരുടെ പരിശോധനയില്‍ പോരായ്മകള്‍ വല്ലതും വന്നുപോയിട്ടുണ്ടെങ്കില്‍ അവ കണ്ടെത്താനും ഇന്ന് എളുപ്പമാണ്. അങ്ങനെ ഒരു പരിശോധന വേണമെന്ന ചിന്തയില്‍നിന്നാണ് ആധുനിക ഹദീസ് നിരൂപകരായ നാസിറുദ്ദീന്‍ അല്‍ബാനി, അബ്ദുല്‍ ഫത്താഹ് അബൂ ഗുദ്ദ, ശുഐബ് അല്‍ അര്‍നഊത്വ് എന്നിവര്‍ നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങള്‍ ഗവേഷണവിധേയമാക്കിയത്. ഇവരില്‍ പ്രസിദ്ധനായ അല്‍ബാനി പരിശോധനക്കു ശേഷം ദുര്‍ബലമായ ഹദീസുകളെ മാറ്റി പ്രബല ഹദീസുകള്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചത് സ്തുത്യര്‍ഹമായ ഒരു സേവനമാണ്.
എന്നാല്‍ ഈ ആധുനിക പരിശോധനകള്‍ രിവായത്തിലും പരമ്പരയിലും ഊന്നുന്നതായാണ് നമുക്ക് മനസ്സിലാകുന്നത്. ഈ കൃത്യം കൂടുതല്‍ ലളിതമായി നിര്‍വഹിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉണ്ടാക്കിയെടുത്താല്‍ അത് ഗവേഷണം കുറ്റമറ്റതാക്കുമെന്നാണ് അഭിപ്രായം. പൂര്‍വികര്‍ ശരിവെച്ച ചില ഹദീസുകള്‍ സ്വീകാര്യമല്ലെന്ന് കണ്ടെത്താന്‍ പുതിയ പരിശോധന സഹായകമായിട്ടുണ്ട്.
ഹദീസ് നിരൂപണത്തിന് പൂര്‍വികര്‍ നിര്‍ണയിച്ച മാനദണ്ഡം കുറ്റമറ്റതായിരുന്നു. പരമ്പരയുടെ പരിശോധനയാണ് ഒരു പ്രധാന വശം. അത് പൂര്‍ത്തിയായാല്‍ മാത്രം പോരാ, ഉള്ളടക്കവും പരിശോധനക്ക് വിധേയമാക്കണം. പരിശുദ്ധ ഖുര്‍ആന്‍, സ്ഥിരപ്പെട്ട ചരിത്ര വസ്തുതകള്‍, അനുഭവ യാഥാര്‍ഥ്യങ്ങള്‍ എന്നിവയുടെയെല്ലാം വെളിച്ചത്തില്‍ അതിസൂക്ഷ്മമായ ഒരു പരിശോധനക്ക് ഹദീസിന്റെ ഉള്ളടക്കം വിധേയമാക്കണമെന്നാണ് പൂര്‍വികര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തത്വത്തില്‍ അംഗീകരിക്കുന്നതോടൊപ്പം, രിവായത്തിന്റെ (പരമ്പര) പരിശോധനക്കു നല്‍കിയ പ്രാധാന്യം ദിറായത്തിന്റെ (ഉള്ളടക്കം) പരിശോധനക്ക് നല്‍കിയിട്ടില്ലേ എന്ന് സംശയിക്കാന്‍ പഴുതുള്ള രൂപത്തിലാണ് ചില ഹദീസുകള്‍ ഉള്ളത്.
ആധുനിക ഗവേഷകര്‍ 'സനദ്' പരിശോധിക്കുന്നതില്‍ നടത്തിയ ഗവേഷണം പോലെ 'മത്‌ന്' പരിശോധിക്കാനുള്ള ഗവേഷണവും നടക്കേണ്ടതുണ്ട്. ആരോപണവിധേയമായ ചില ആശയങ്ങള്‍ ഹദീസിലുള്ളത് ശുദ്ധീകരിക്കാന്‍ ഇത് സഹായകമാവും. ഉദാഹരണം: നബി(സ) തിരുമേനിക്ക് സിഹ്‌റ് ബാധിച്ചു എന്ന് പറയുന്ന ഹദീസ് രിവായത്തിന്റെ വെളിച്ചത്തില്‍ സ്വീകാര്യമാണെന്ന് നിരൂപകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ താഴെ കാരണങ്ങളാല്‍ ഉള്ളടക്ക പരിശോധന സൂക്ഷ്മമായി നടക്കേണ്ടുന്ന ഹദീസുകളിലൊന്നാണത്.
1. ഖുര്‍ആനിന്റെ വിവരണത്തോട് യോജിക്കുന്നില്ല.
2. ഒമ്പത് പത്‌നിമാരില്‍ എട്ടു പേരും സംഭവം അറിയുന്നില്ല. ഒരു പത്‌നി മാത്രമാണ് വിവരം പറയുന്നത്.
3. ആറ് മാസത്തോളം നീണ്ടുനിന്ന അവസ്ഥ പ്രബോധനദൗത്യം നിര്‍വഹിക്കുന്നതിന് പ്രതിബന്ധമാകുന്ന രൂപത്തിലാണ് വിവരണം.
ഇതുപോലെയുള്ള കാരണങ്ങളെയെല്ലാം കണ്ടെത്തി ദിറായത്തിന്റെ വെളിച്ചത്തില്‍ ഹദീസ് തള്ളിക്കളയാന്‍ ന്യായമുണ്ട്.1
ഇതുപോലെ ഹദീസുകളുടെ ഉള്ളടക്കം പരിശോധിക്കാനുള്ള ഒരു ഗവേഷണസംരംഭം രൂപംകൊണ്ടാല്‍ മാത്രമേ ബുദ്ധിപരമായി അംഗീകരിക്കാനാവാത്ത ഹദീസുകളുടെ വിഷയത്തില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ. ഹദീസ് നിഷേധത്തിനു വളംവെക്കുന്ന ഉള്ളടക്കങ്ങള്‍ അടിസ്ഥാനമാക്കി പല ചിന്താധാരകളും രൂപപ്പെട്ടത് ഈ പരിശോധനയില്‍ കൃത്യത പാലിക്കാതിരുന്നതിനാലാവാം. (മുഅ്തസിലുകള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ ഒന്ന് അവര്‍ ബുദ്ധിക്ക് പ്രമാണത്തേക്കാള്‍ പ്രാമുഖ്യം കല്‍പ്പിക്കുന്നു എന്നതാണല്ലോ).
ശരീഅത്ത് ദൈവികമാണ്. അതില്‍ വസ്തുതകള്‍ക്ക് വിരുദ്ധമായി ഒന്നും ഉണ്ടാവാന്‍ പാടില്ല. ഈ അടിസ്ഥാനത്തില്‍ ഒരു പരിശോധന നടത്തി ബുദ്ധിക്കും യുക്തിക്കും അംഗീകരിക്കാനാവാത്ത കാര്യങ്ങള്‍ സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണ്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top