മനുസ്മൃതിയും ഗോവധവും

ശിഹാബുദ്ദീന്‍ ആരാമ്പ്രം‌‌
img

ബി.സി ഒന്നാം നൂറ്റാണ്ട് മുതല്‍ ശതാബ്ദങ്ങളോളം ഹിന്ദുമതാനുയായികളുടെ ജീവിതത്തെയും വിശ്വാസാചാരങ്ങളെയും അഗാധമായി സ്വാധീനിച്ച പ്രാമാണിക ഗ്രന്ഥമാണ് മനുസ്മൃതി. എല്ലാ അധികാരാവകാശങ്ങളും ബ്രാഹ്മണ മേധാവിത്വത്തിന് കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കര്‍മ പദ്ധതിയാണ് മനുസ്മൃതിയുടെ ഉളളടക്കം. പ്രാചീന ഭാരതീയ സംസ്‌കൃതിയും സാമൂഹിക ജീവിതവും അടുത്തറിയാന്‍ അത് ഏറെ സഹായകമാണ്. അതിനാല്‍ ഹിന്ദുമതാനുയായികള്‍ക്കിടയില്‍ നിലനിന്ന മൃഗബലിയെയും ഗോമാംസം ഉള്‍പ്പെടെയുള്ള മാംസ ഭക്ഷണത്തെയും പറ്റിയുള്ള മനുസ്മൃതിയുടെ അധ്യാപനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്.
ബി.സി രണ്ടാം ശതകത്തോടെയാണ് ഇന്നു കാണുന്ന രൂപത്തിലുള്ള മനുസ്മൃതിയുടെ ഉള്ളടക്കമെന്നാണ് ഹിന്ദുമത പണ്ഡിതന്മാരുടെ വിലയിരുത്തല്‍.1 യാഗങ്ങളും യജ്ഞങ്ങളും കൊടികുത്തിവാണ കാലത്ത് രചിക്കപ്പെട്ട കൃതിയെന്ന നിലയില്‍, മാംസ ഭക്ഷണത്തെ പൊതുവിലും ഗോമാംസ ഭക്ഷണത്തെ വിശേഷിച്ചും പരാമര്‍ശിക്കാതിരിക്കാന്‍ അതിന് കഴിഞ്ഞില്ല. ശ്രാദ്ധങ്ങള്‍ക്കും യാഗങ്ങള്‍ക്കും വേണ്ടിയുള്ള മൃഗബലിയും മാംസഭക്ഷണവും വിസ്തരിച്ച് പ്രതിപാദിക്കാന്‍ അതുകൊണ്ടുതന്നെ മനു നിര്‍ബന്ധിതനാണ്. ഹൈന്ദവ സമൂഹം ജീവിച്ച വ്യത്യസ്തമായ ദേശത്തിന്റെയും കാലത്തിന്റെയും സ്പന്ദനങ്ങള്‍ അതില്‍ ഉണ്ട്. ജാതിവ്യവസ്ഥ ഉള്‍പ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങളും വിസ്തരിക്കുന്നു. കൂടാതെ നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട അനുഷ്ഠാനങ്ങളും കാണാം. അത്തരം കാര്യങ്ങളോടൊപ്പം അറിഞ്ഞിരിക്കേണ്ട മൗലികാവകാശങ്ങളും ധര്‍മങ്ങളും എന്ന നിലയിലാണ് മാംസ ഭക്ഷണത്തെപ്പറ്റിയുള്ള വിധിവിലക്കുകള്‍ മനുസ്മൃതിയുടെ ഭാഗമായത്.
വേദ മതാനുയായികളായിരുന്ന പ്രാചീന ഭാരതീയരുടെ പ്രധാന ആചാരങ്ങളില്‍ ഒന്നായിരുന്നു ശ്രാദ്ധം. പിതൃക്കളെ പ്രീതിപ്പെടുത്തുന്നതിനാണ് അത് നിര്‍വഹിച്ചിരുന്നത്. വിപുലമായ വൈദിക കര്‍മങ്ങളോടെയാണ് ശ്രാദ്ധം നടത്തുക. ഓരോ വര്‍ണക്കാര്‍ക്കുമുള്ള ശ്രാദ്ധം ഓരോ പേരിലാണ് അറിയപ്പെട്ടിരുന്നത്. ബ്രാഹ്മണരുടെ പിതൃക്കള്‍ക്ക് 'സോമപന്മാര്‍' എന്നും ക്ഷത്രിയരുടെ പിതൃക്കള്‍ക്ക് 'ഹവിര്‍ഭുക്കു'കളെന്നും വൈശ്യ പിതൃക്കള്‍ക്ക് 'ആജ്യ'പന്മാരെന്നും ശൂദ്ര പിതൃക്കള്‍ക്ക് 'സുകാലിക'ളെന്നും പറയുന്നു.2 പിതൃക്കള്‍ക്ക് വേണ്ടി ശ്രദ്ധയോടെ ഭോജ്യങ്ങള്‍ അര്‍പ്പിക്കുന്നതിനെയാണ് ശ്രാദ്ധം എന്ന് പറയുന്നത്. ദൈവത്തിന്റെയും പിതൃക്കളുടെയും സ്ഥാനത്തേക്ക്, സര്‍വ രക്ഷകനായി സങ്കല്‍പിച്ച്, ഒരു ബ്രാഹ്മണനെ ആദരപൂര്‍വം ക്ഷണിക്കണമെന്നതാണ് അതിലെ പ്രധാനപ്പെട്ട ഒരു ഘടകം. വിഭവസമൃദ്ധമായ ആഹാര പദാര്‍ഥങ്ങള്‍ ആ ബ്രാഹ്മണന് ആചാരപൂര്‍വം നല്‍കണം. എങ്കില്‍ മാത്രമേ പിതൃക്കള്‍ സംതൃപ്തരാവുകയുള്ളൂ എന്നാണ് വിശ്വാസം. പലതരം ഫലമൂലങ്ങളോടൊപ്പം ഹൃദ്യങ്ങളായ മാംസങ്ങള്‍ (ഹൃദ്യാനി ചൈവ മാംസാനി), സുഗന്ധ പാനീയങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കിയിരിക്കണം.3
ഹൃദ്യങ്ങളായ മാംസങ്ങളുടെ മഹത്വവും പ്രാധാന്യവും മറ്റൊരിടത്ത് വ്യക്തമാക്കിയിട്ടുണ്ട്. ബ്രാഹ്മണന് ആദരപൂര്‍വം നല്‍കുന്ന വിഭവങ്ങളില്‍ വാള മുതലായ മത്സ്യത്തിന്റെ മാംസം ഉള്‍പ്പെടുത്തിയാല്‍ രണ്ട് മാസവും മാനിറച്ചി നല്‍കിയാല്‍ മൂന്ന് മാസവും ചെമ്മരിയാടിന്റെ ഇറച്ചി നല്‍കിയാല്‍ നാല് മാസവും പക്ഷിമാംസം നല്‍കിയാല്‍ അഞ്ച് മാസവും പിതൃക്കള്‍ തൃപ്തികൊള്ളും.4 കോലാടിന്റെ ഇറച്ചി നല്‍കിയാല്‍ ആറ് മാസവും പുള്ളിമാനിന്റെ ഇറച്ചി നല്‍കിയാല്‍ ഏഴു മാസവും കറുത്ത മാനിന്റെ ഇറച്ചിയെങ്കില്‍ എട്ടു മാസവും വന്‍കരിമാനിന്റെ ഇറച്ചിയായാല്‍ ഒമ്പത് മാസവും പിതൃക്കള്‍ക്ക് തൃപ്തി ലഭിക്കുന്നതാണ്.5 കാട്ടുപന്നി, പോത്ത് എന്നിവയുടെ മാംസം നല്‍കിയാല്‍ പത്തു മാസവും മുയല്‍, ആമ എന്നിവയുടെ മാംസമായാല്‍ പതിനൊന്ന് മാസവും പിതൃക്കള്‍ തൃപ്തിയടയുന്നതാണ്.6 ഇങ്ങനെ ബ്രാഹ്മണര്‍ക്ക് നല്‍കുന്ന വിവിധയിനം മാംസത്തിന്റെ മഹത്വമനുസരിച്ച് വ്യത്യസ്തമായ കാലത്തേക്ക് പിതൃക്കള്‍ സംതൃപ്തരായിരിക്കുമെന്നാണ് മനുസ്മൃതി ഓര്‍മിപ്പിക്കുന്നത്.
മൃഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുപോലും യജ്ഞ നിര്‍വഹണത്തിനാണെന്ന വീക്ഷണമാണ് മനുവിന്റേത്. അതിനാല്‍ യജ്ഞത്തിന് മൃഗങ്ങളെ വധിക്കുന്നത് സാധാരണ ഗതിയിലുള്ള ഒരു വധമായി അംഗീകരിക്കാനാവില്ലെന്ന അഭിപ്രായമാണ് മനുസ്മൃതിയില്‍. യജ്ഞത്തിന് വിധേയമായി നശിക്കാനിടയാവുന്ന സസ്യങ്ങളും പശു ഉള്‍പ്പെടെയുള്ള ജന്തുക്കളും പക്ഷികളുമെല്ലാം പിന്നീട് ഉത്കൃഷ്ടഗതി പ്രാപിക്കുമെന്നും മനുസ്മൃതി ഉണര്‍ത്തുന്നു.7 യാഗ-യജ്ഞങ്ങളിലെ മൃഗബലി വിമര്‍ശിക്കപ്പെടുകയോ അഹിംസക്ക് അംഗീകാരം ലഭിക്കുകയോ ചെയ്ത കാലത്തെ കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രസ്താവനകളും മനുസ്മൃതിയിലുണ്ട്. ധര്‍മം പ്രകാശിക്കുന്നത് വേദത്തില്‍നിന്നായതിനാല്‍ ഈ ലോകത്ത് വേദവിധിപ്രകാരം നിര്‍വഹിക്കുന്ന ഹിംസയെ അഹിംസയായി കരുതണമെന്നാണ് നിര്‍ദേശിക്കുന്നത്.8 യാഗ-യജ്ഞങ്ങളെയും മൃഗബലിയെയും വിമര്‍ശിക്കുന്ന ബുദ്ധമത സങ്കല്‍പങ്ങളേക്കാള്‍, മഹത്വം വേദങ്ങള്‍ക്കാണെന്നും അതിനെയാണ് പിന്തുണക്കേണ്ടതെന്ന വീക്ഷണം കൂടി മേല്‍ പരാമര്‍ശത്തിലൂടെ മനു മുന്നോട്ട് വെക്കുന്നതായി വേണം കരുതാന്‍. കൂടാതെ യജ്ഞത്തിലും മറ്റും വിതരണം ചെയ്യുന്ന മാംസം ആഹരിക്കുന്നതിന് പ്രോത്സാഹനവും നല്‍കുന്നു.
യജ്ഞത്തില്‍ ഹോമിച്ച മാംസം ഭക്ഷിക്കാനുള്ള അനുവാദത്തിന് പുറമെ, മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്ന ബ്രാഹ്മണര്‍ക്ക് പ്രത്യേകം അനുവാദവും നല്‍കുന്നത് കാണാം.9 എല്ലാ വസ്തുക്കളെയും പ്രാണന്റെ ആഹാരമായിട്ടാണ് (പ്രാണസ്യാന്ന മിദം സര്‍വം) സൃഷ്ടികര്‍ത്താവ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാവരവും ജംഗമവും പ്രാണി(മനുഷ്യന്‍)കളുടെ ഭക്ഷണമാകുന്നു.10 ഈ വചനത്തിലെ സ്ഥാവരത്തെ നെല്ല് പോലുള്ള ധാന്യങ്ങളായും ജംഗമത്തെ പശു തുടങ്ങിയ (പശ്വാദി) മൃഗങ്ങളുമായിട്ടാണ് വിവക്ഷിക്കപ്പെടുന്നതെന്ന് മനുസ്മൃതിയുടെ വിവര്‍ത്തകനും വ്യാഖ്യാതാവുമായ സിദ്ദിനാഥാനന്ദ സ്വാമി രേഖപ്പെടുത്തിയിരിക്കുന്നു.11 മാംസമോ മാംസഭക്ഷണമോ എവിടെനിന്ന് ലഭിച്ചാലും അതില്‍നിന്ന് ഒരു വിഹിതം ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും നല്‍കുന്ന സമ്പ്രദായം ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു എന്നും മനുസ്മൃതി പഠിപ്പിക്കുന്നു.12 അതിനാല്‍ മാംസ ഭക്ഷണം വിശപ്പ് മാറ്റാനുള്ള ആഹാരത്തിന്റെ സ്ഥാനത്ത് മാത്രമായിരുന്നില്ലെന്നും ദൈവപ്രീതിക്കുള്ള ആചാരത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ സ്ഥാനം കൂടി അതിനുണ്ടായിരുന്നുവെന്നും മനസ്സിലാക്കാം. ദേവപ്രീതിക്ക് നടത്തപ്പെടുന്ന അത്തരം ആഘോഷങ്ങളിലോ സല്‍ക്കാരങ്ങളിലോ സംബന്ധിക്കുന്നവര്‍ അവിടെ വിളമ്പുന്ന മാംസം ആഹരിക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് കൂടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അത്തരത്തിലുള്ളവര്‍ മരണശേഷം 21 തവണ പശുവായി ജനിക്കുമെന്ന് മുന്നറിയിപ്പും കാണാം.13 മാംസ ഭക്ഷണത്തെപ്പറ്റിയുള്ള ഇത്തരം അനുവാദങ്ങളെ സ്വാമി വിവേകാനന്ദനും അംഗീകരിച്ചിരിക്കുന്നു: ഹിന്ദുക്കളുടെ സിദ്ധാന്തപ്രകാരം യജ്ഞത്തിനല്ലാതെയുള്ള ഹിംസ പാപമാണ്. എന്നാല്‍ യജ്ഞത്തില്‍ കൊന്ന മൃഗത്തിന്റെ മാംസമാവട്ടെ സുഖമായി തിന്നാം. ഗൃഹസ്ഥന്മാര്‍ ശ്രാദ്ധാദികളില്‍ ഹത്യ ചെയ്തില്ലെങ്കില്‍ പാപമുണ്ടെന്ന് പലയിടത്തും നിയമമുണ്ട്.14
മൃഗബലിയും മാംസ ഭക്ഷണവുമായി ബന്ധപ്പെട്ട പൊതു നിര്‍ദേശത്തിന് പുറമെ ബ്രാഹ്മണര്‍ നിര്‍വഹിക്കുന്ന മൃഗബലിയെപ്പറ്റിയും മനുസ്മൃതി വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ശാസ്ത്ര വിഹിതങ്ങളായ മൃഗങ്ങളെയും പക്ഷികളെയും യാഗത്തിന് വേണ്ടി ബ്രാഹ്മണര്‍ക്ക് കൊല്ലാവുന്നതാണെന്ന് ഉണര്‍ത്തുന്നു. കൂടാതെ തന്നാല്‍ രക്ഷിക്കപ്പെടേണ്ടവരുടെ പരിഷ്‌കരണത്തിനും ബ്രാഹ്മണര്‍ക്ക് പശുഹിംസ നടത്താം.15 സാധാരണക്കാരനായ ഒരു ബ്രാഹ്മണനെപ്പറ്റിയാണ് ഈ പ്രസ്താവനയെങ്കില്‍ പണ്ഡിതനായ ബ്രാഹ്മണനും പശുഹിംസ നടത്താന്‍ അധികാരമുണ്ട്. വേദജ്ഞാനിയായ ദ്വിജന്‍ (ബ്രാഹ്മണന്‍) മധുപര്‍ക്കം, യജ്ഞം തുടങ്ങിയ വിഹിതങ്ങളായ കാര്യങ്ങള്‍ക്ക് പശുഹിംസ നടത്തുന്നതിലൂടെ പശുവിനെയും തന്നെത്തന്നെയും ഉത്തമനാക്കുകയാണെന്നാണ് മനുസ്മൃതി ഓര്‍മിപ്പിക്കുന്നത്.16
യാഗങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കും വേണ്ടി നടത്തിയിരുന്ന മൃഗബലിയെയും മാംസ ഭക്ഷണത്തെയുമാണ് മുകളില്‍ പരാമര്‍ശിച്ച വചനങ്ങളില്‍ ഏറെയും സൂചിപ്പിക്കുന്നത്. അവയില്‍ ഗോമാംസ ഭക്ഷണത്തെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. മധുപര്‍ക്കം, യജ്ഞം, പിതൃക്രിയ, ദേവകാര്യം എന്നീ ആവശ്യങ്ങള്‍ക്കു മാത്രമേ മൃഗങ്ങളെ വധിക്കാവൂ എന്ന് ഒരിടത്ത് സൂചിപ്പിക്കുന്നു.17 എന്നാല്‍ മറ്റൊരിടത്ത് പിതാവില്‍നിന്ന് വേദം പഠിച്ച പുത്രനെ ഗോമാംസം ചേര്‍ത്തുണ്ടാക്കിയ മധുപര്‍ക്കം കൊണ്ടാവണം ബഹുമാനിക്കേണ്ടതെന്നുമാണ് നിര്‍ദേശം.18 കൂടാതെ വരനില്‍നിന്ന് വധുവിന്റെ പിതാവ് ഒരു പശുവിനെയും കാളയെയും അല്ലെങ്കില്‍ രണ്ട് പശുവിനെയും രണ്ട് കാളയെയും ധര്‍മാര്‍ഥം സ്വീകരിച്ച് നടത്തുന്ന കന്യാദാനമാണ് ആര്‍ഷ വിവാഹം എന്നും പ്രസ്താവിച്ചിരിക്കുന്നു.19 ഇതിലെ 'ധര്‍മാര്‍ഥം' എന്ന പദത്തിന് ഗോമിഥുനത്തെ സ്വീകരിക്കുന്നത് യാഗാദി നിര്‍വഹണത്തിന് വേണ്ടിയാണെന്നും കന്യാശുല്‍ക്ക (സ്ത്രീധനം)മായിട്ടല്ലെന്നും സിദ്ധിനാഥാനന്ദ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തിന്റെ അവശ്യ കര്‍ത്തവ്യമായ യാഗാദികള്‍ നടത്താന്‍ വരനില്‍നിന്ന് ഗോമിഥുനങ്ങളെ സ്വീകരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു എന്ന് ആ പ്രസ്താവനയില്‍നിന്ന് മനസ്സിലാക്കാം.
പിതാവില്‍നിന്ന് വേദം പഠിച്ച പുത്രന് ഗോമാംസം ചേര്‍ത്തുണ്ടാക്കിയ മധുപര്‍ക്കമാണ് നല്‍കേണ്ടതെന്ന മനുസ്മൃതിയിലെ കല്‍പനയും ധര്‍മാര്‍ഥ വിധിപ്രകാരം വിവാഹം ആര്‍ഷ പാരമ്പര്യത്തിന്റെ ഭാഗമാകാന്‍ ഗോമിഥുനങ്ങളെ സ്വീകരിക്കുന്നതും ഗോവധത്തിനും ഗോമാംസ ഭക്ഷണത്തിനുമുള്ള മനുസ്മൃതിയുടെ അംഗീകാരമാണ്. ബ്രാഹ്മണരുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി പ്രാചീന ഭാരതത്തില്‍ ഗോവധം നിലനിന്നിരുന്നില്ലെങ്കില്‍ മനുസ്മൃതി അത് കേള്‍പ്പിക്കുമായിരുന്നില്ല. ഗോവധവും ഗോമാംസ ഭക്ഷണവും നിലനിന്നിരുന്നതായ ചരിത്രത്തിലേക്കാണ് മനുസ്മൃതി വിരല്‍ ചൂണ്ടുന്നതെന്നര്‍ഥം. മാംസം ഭുജിക്കാന്‍ അനുവാദമുള്ള ഏതാനും ജീവികളെപ്പറ്റി മറ്റൊരു ശ്ലോകത്തില്‍ പറയുന്നുണ്ട്. മുള്ളന്‍പന്നി, ഉടുമ്പ്, കാണ്ടാമൃഗം, ആമ, മുയല്‍ എന്നിവ ഭക്ഷ്യയോഗ്യങ്ങളാണ്. കൂടാതെ ഒട്ടകം ഒഴികെയുള്ള ഒറ്റവരിയില്‍ പല്ലുള്ള എല്ലാം വളര്‍ത്തുമൃഗങ്ങളെയും ഭക്ഷിക്കാവുന്നതാണ്.20 ഈ കല്‍പ്പനയില്‍ ഒട്ടകം ഒഴികെ ഒരു അണയില്‍ പല്ലില്ലാത്ത എല്ലാ വളര്‍ത്തുമൃഗങ്ങളെയും ഭക്ഷിക്കാന്‍ മനുസ്മൃതി അനുവാദം നല്‍കിയിരിക്കുന്നു. ഒട്ടകത്തെ പോലെ മുകള്‍നിരയില്‍ പല്ലില്ലാത്ത വളര്‍ത്തു മൃഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഗോകുലത്തിലെ പശു, കാള, മൂരി എന്നിവ. പകരം കട്ടിയുള്ള ഒരു പാളിയാണ് തല്‍സ്ഥാനത്ത് കാണപ്പെടുന്നത്. അതിനാല്‍ ഒരു അണയില്‍ മാത്രം പല്ലുള്ള വളര്‍ത്തുമൃഗങ്ങളില്‍ ഒട്ടകം മാത്രമല്ല ഗോവും ഉള്‍പ്പെടുന്നുവെന്ന് വ്യക്തം. അതിനാല്‍ ഒട്ടകത്തെ ആഹരിക്കരുതെന്നും ഗോവിനെ ആഹരിക്കാമെന്നുമാണ് മനുസ്മൃതി ഊന്നിപ്പറയുന്നത്. ഗോവിന് ഏതെങ്കിലും അര്‍ഥത്തിലുള്ള ഈശ്വര പരിവേഷമോ മാനവ മാതൃത്വ ഭാവമോ, വൈദിക സങ്കല്‍പത്തിലോ ആര്‍ഷ സംസ്‌കാരത്തിലോ ഉണ്ടായിരുന്നുവെങ്കില്‍ മനുസ്മൃതി ഒട്ടകത്തോടൊപ്പം ഗോവിനെയും എണ്ണുമായിരുന്നു. എന്നാല്‍ ഒട്ടകത്തോടൊപ്പം പശുവി(ഗോവ്)നെ ഉള്‍പ്പെടുത്താതിരുന്നതില്‍നിന്ന്, ഗോവധവും ഗോമാംസ ഭക്ഷണവുമെല്ലാം ഹിന്ദുമതത്തിനെതിരെയുള്ള കുറ്റകൃത്യമല്ലെന്ന് വ്യക്തം. 2015 മുതലാണ് ഗോരക്ഷകര്‍ ഇന്ത്യയില്‍ പശുവിന്റെ പേരിലുള്ള നരബലിക്ക് തുടക്കം കുറിച്ചത്.
പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന മാംസ ഭക്ഷണത്തിന്റെ ചരിത്രത്തിലേക്കും മനു വിരല്‍ ചൂണ്ടുന്നു. പണ്ട് കാലത്ത് ഋഷികളുടെ നേതൃത്വത്തില്‍ ബ്രാഹ്മണരും ക്ഷത്രിയരും നടത്തിയിരുന്ന യാഗങ്ങളില്‍ ഭക്ഷ്യയോഗ്യങ്ങളെന്ന് വിധിക്കപ്പെട്ടിട്ടുള്ള മൃഗങ്ങളെയും പക്ഷികളെയും ഹോമദ്രവ്യങ്ങളായി ഉപയോഗിച്ചിരുന്നു.21 അന്ന് യജ്ഞത്തിനും യാഗങ്ങള്‍ക്കും വേണ്ടി ഋഷിവര്യന്മാര്‍ മൃഗങ്ങളെയും പക്ഷികളെയും വധിച്ചിരുന്നതുപോലെ, ഇന്നും യജ്ഞത്തിന് വേണ്ടി മൃഗങ്ങളെ വധിക്കാമെന്നാണ് ഈ ശ്ലോകത്തിന് സിദ്ധിനാഥാനന്ദ സ്വാമി നല്‍കുന്ന വ്യാഖ്യാനം.22
എന്നാല്‍ മറ്റു ചില സൂക്തങ്ങളിലൂടെ മാംസ ഭക്ഷണത്തെ മനു വിലക്കുന്നുണ്ട്. അഞ്ചാം അധ്യായത്തിലെ 46,47,48,49 തുടങ്ങിയ വചനങ്ങള്‍ ഉദാഹരണം. ആ അര്‍ഥത്തില്‍ മനുസ്മൃതിയിലെ ഒരേ അധ്യായത്തില്‍ തന്നെ മാംസ ഭക്ഷണത്തിന് അനുകൂലവും പ്രതികൂലവുമായ തെളിവുകള്‍ കാണാം. മാംസ ഭക്ഷണ കാര്യത്തില്‍ അനേകം നിയമങ്ങളും നിഷേധങ്ങളും പ്രസ്താവിച്ച സ്മൃതികാരന് സര്‍വ മാംസങ്ങളും വര്‍ജിക്കലാണ് സമ്മതം എന്ന് തോന്നും. പക്ഷേ, വേദം ഹുത (ഹോമിക്കപ്പെട്ട) ശേഷം മാംസം ഭക്ഷിക്കാന്‍ അനുവദിച്ചിട്ടുള്ളതുകൊണ്ട് സ്മൃതി അതിന് വിപരീതം പറയുന്നത് ശരിയല്ലല്ലോ; എന്നതിനാല്‍ സമ്മതിക്കുന്നുവെന്നേയുള്ളൂ- എന്നാണ് മനുസ്മൃതിയുടെ വ്യാഖ്യാതാവ് കൂടിയായ സിദ്ധിനാഥാനന്ദ സ്വാമിയുടെ വിശകലനം.23 എന്നാല്‍ ഈ വീക്ഷണത്തെ മുകളില്‍ പരാമര്‍ശിച്ച സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതുണ്ട്. അഞ്ചാം അധ്യായത്തിലെ 27-ാം സൂക്തത്തില്‍ മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേകം അനുവാദം നല്‍കിയിരിക്കുന്നു. 28-ാം സൂക്തത്തില്‍ എല്ലാ വസ്തുക്കളെയും ജീവനുള്ളവയുടെ ആഹാരമായിട്ടാണ് സൃഷ്ടിച്ചതെന്നാണ് സൂചന. സ്ഥാവരവും ജംഗമവുമായവയെയും മനുഷ്യന്റെയും ഇതര ജീവികളുടെയും ഭക്ഷണമാണെന്ന വെളിപ്പെടുത്തലുമുണ്ട്. ഇവയെല്ലാം മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടിയല്ലാതെയും മാംസഭക്ഷണവും മൃഗബലിയും ആവാമെന്നാണ് ഉണര്‍ത്തുന്നത്. 18-ാം സൂക്തത്തില്‍ മാംസം ഭുജിക്കാന്‍ അനുവാദമുള്ള ജീവികളെ എണ്ണിപ്പറഞ്ഞത് നാം കണ്ടു. യാഗ-യജ്ഞങ്ങള്‍ക്ക് അനുയോജ്യമായവ എന്ന നിലയിലല്ല; സാധാരണക്കാരന് ഭക്ഷിക്കാന്‍ പറ്റുന്നവ എന്ന പരിഗണനയിലാണ് ആ എണ്ണല്‍. അഥവാ അഞ്ചാം അധ്യായത്തിലെ 18,27,28 സൂക്തങ്ങള്‍ മതപരമായ യാഗ-യജ്ഞങ്ങളോ ബലികളോ ഒന്നുംതന്നെ ഇല്ലെങ്കില്‍ പോലും ഒരാള്‍ക്ക് മാംസഭക്ഷണം കഴിക്കാന്‍ വേണ്ട പ്രോത്സാഹനവും അംഗീകാരവും നല്‍കിയിരിക്കുന്നു.
മാംസ ഭക്ഷണത്തെ വിലക്കുന്ന മനുസ്മൃതിയിലെ വചനങ്ങളെ മാംസ ഭക്ഷണത്തിന് പ്രേരിപ്പിക്കുന്ന സൂക്തങ്ങളുമായി താരതമ്യം ചെയ്താണ് മനസ്സിലാക്കേണ്ടത്. മാംസ ഭക്ഷണത്തിന് പ്രേരിപ്പിക്കുന്ന സൂക്തങ്ങള്‍ ശക്തമായ കല്‍പ്പനയുടെ രൂപത്തിലാണെന്ന് കാണാം. അത് ലംഘിച്ചാല്‍ 21 തവണ പശുവായി ജനിക്കുമെന്നും വേദവിധിപ്രകാരമുള്ള ഹിംസ അഹിംസയാണെന്നും മൃഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുപോലും യജ്ഞത്തിനാണെന്നുമുള്ള കല്‍പ്പനകള്‍ ഉദാഹരണം. അവ ഒരു ഭക്തനെ സ്വാധീനിക്കുന്നതുപോലെ മാംസം ഭുജിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സ്വാധീനിക്കുകയില്ല. കാരണം അത് നിര്‍ദേശങ്ങള്‍ മാത്രമാണ്. അഞ്ചാം അധ്യായത്തിലെ 46-ാം വചനത്തില്‍ ജീവികളെ ഉപദ്രവിക്കാത്തവര്‍ക്ക് അനന്തമായ സുഖം ലഭിക്കുമെന്നും 47-ല്‍ ഒരു ജന്തുവിനെയും ഉപദ്രവിക്കാത്തവന് അവന്‍ വിചാരിക്കുന്നതും മനസ്സ് വെക്കുന്നതും അനായാസം നേടാമെന്നുമാണ്. 48-ല്‍ സ്വര്‍ഗീയ സുഖം ലഭിക്കാന്‍ മാംസം വര്‍ജിക്കണമെന്നും 49-ല്‍ ജീവികളെ കൊല്ലുന്നതിലെ ക്രൂരത ഓര്‍ത്ത് ഒരു മാംസവും ഭുജിക്കരുതെന്നുമാണ്. ഇവിടെ കല്‍പനയുടെയോ താക്കീതിന്റെയോ സ്വരമില്ല. സഹകരണാധിഷ്ഠിതമായ നിര്‍ദേശവും വിട്ടുനില്‍ക്കാനുള്ള പ്രേരണയും മാത്രമാണ്. അഥവാ മാംസ ഭക്ഷണം ഉപേക്ഷിക്കലുമാവാം എന്നര്‍ഥം. അവയെല്ലാം പൊതുവായി വിലയിരുത്തിയാല്‍ ഹിന്ദുമതത്തില്‍ മാംസഭക്ഷണം നിഷിദ്ധമാണെന്ന് വാദിക്കുന്നത് മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ തെറ്റാണെന്ന് ഉറപ്പിച്ചു പറയാം. ഹിന്ദു മതത്തിലെ പ്രാമാണിക ഗ്രന്ഥമായ മനുസ്മൃതി പോലും മൃഗബലിയെയും മാംസ ഭക്ഷണത്തെയും മാത്രമല്ല, ഗോവധത്തെയും ഗോമാംസ ഭക്ഷണത്തെയും പിന്തുണച്ചത് നാം കണ്ടു. എങ്കിലും നമ്മുടെ രാജ്യത്ത് ഗോരക്ഷകരുടെ മനുഷ്യ ബലി തുടരുക തന്നെയാണ്. 

 

അവലംബം
1.    ചീഫ് എഡിറ്റര്‍ - ആചാര്യ നരേന്ദ്ര ഭൂഷണ്‍. ഹിന്ദു എന്‍സൈക്ലോപീഡിയ - പുറം 693. ചെങ്ങന്നൂര്‍ 2004.
2.    മനുസ്മൃതി -3:197
3.    മനുസ്മൃതി -3: 227
4.    മനുസ്മൃതി -3: 268
5.    മനുസ്മൃതി -3:269
6.    മനുസ്മൃതി -3:270
7.    മനുസ്മൃതി -5:39,40
8.    മനുസ്മൃതി -5:44
9.    മനുസ്മൃതി -5:27
10.    മനുസ്മൃതി -5:28
11.    മനുസ്മൃതി -പുറം: 213. ശ്രീരാമകൃഷ്ണമഠം - തൃശൂര്‍ 1999.
12.    മനുസ്മൃതി -5:32
13.    മനുസ്മൃതി -5:35
14.    വിവേകാനന്ദ സാഹിത്യ സര്‍വസ്വം. ഭാഗം: ഏഴ് - പുറം- 268.
15.    മനുസ്മൃതി -5:22
16.    മനുസ്മൃതി -5:42
17.    മനുസ്മൃതി -5:41
18.    മനുസ്മൃതി -3:3
19.    മനുസ്മൃതി -3:29
20.    മനുസ്മൃതി -5:18
21.    മനുസ്മൃതി -5:23
22.    മനുസ്മൃതി - പുറം - 212
23.    മനുസ്മൃതി -പുറം - 215

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top