ഉര്‍ദു പത്രപ്രവര്‍ത്തനം മതപ്രസിദ്ധീകരണങ്ങളുടെ സംഭാവനകള്‍
വി.എ കബീര്‍
ഇന്ത്യയിലെയും പാകിസ്താനിലെയും ഗണ്യമായ ഒരു ജനസഞ്ചയത്തിന്റെ സംസാര ഭാഷയാണ് ഉര്‍ദു; പാകിസ്താന്റെ രാഷ്ട്രഭാഷയും. ഇതൊരു സങ്കര ഭാഷയാണ്. അറബി, ഫാര്‍സി, ഹിന്ദി, തുര്‍ക്കി ഭാഷകളില്‍നിന്നുള്ള ധാരാളം പദങ്ങള്‍ ഉര്‍ദുവില്‍ കണ്ടെത്താം. ഉര്‍ദു എന്ന വാക്ക് തന്നെ തുര്‍ക്കി ഭാഷയില്‍നിന്ന് വന്നതാണ്. സൈനിക പാളയം എന്നാണ് ആ വാക്കിന്റെ അര്‍ഥം. പട്ടാളക്യാമ്പില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ഉര്‍ദു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തുര്‍ക്കി ആസ്ഥാനമായ ഉസ്മാനിയ ഖിലാഫത്തില്‍ വ്യത്യസ്ത ഭൂഖണ്ഡങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ അവരുടെ സേനയില്‍ പലഭാഷക്കാരും ഉാവുക സ്വാഭാവികം. ഇവരുടെ വിനിമയത്തില്‍നിന്ന് കാലക്രമേണ പുതിയൊരു ഭാഷയുടെ രൂപാന്തരം നടന്നു എന്നാണ് ഊഹിക്കപ്പെടുന്നത്. മുഗള്‍ ഭരണകാലത്ത് ഉര്‍ദുവിന് പ്രചുരപ്രചാരം സിദ്ധിച്ചതോടെ ഉത്തരേന്ത്യയിലെ സംസാര ഭാഷയായിത്തീര്‍ന്നു അത്; ഒപ്പം മുസ്‌ലിംകളുടെ മാതൃഭാഷയും സംസ്‌കാരഭാഷയും. അതിന്റെ സ്വാധീനം തെക്ക് ആസ്വിഫിയ ഭരണകൂടത്തിനു കീഴിലുള്ള ഹൈദരാബാദിലേക്കും ടിപ്പുവിന്റെ മൈസൂരിലേക്കും വ്യാപിക്കുകയുണ്ടായി. കേരളം മാത്രമാണ് ഇതിനൊരു അപവാദം. തമിഴ്‌നാട്ടില്‍ പോലും മുസ്‌ലിംകള്‍ ഉര്‍ദു സംസാരിക്കുന്ന ഉമറാബാദ് പോലുള്ള ചില പ്രദേശങ്ങളുണ്ട്.
ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ഹദീസ് തുടങ്ങി ഇസ്‌ലാമുമായി ബന്ധപ്പെട്ട ധാരാളം കൃതികള്‍ ഈ ഭാഷയിലുണ്ട് എന്നതാണ് അതിന്റെ ഒരു പ്രത്യേകത. മൗലിക കൃതികളും വിവര്‍ത്തനങ്ങളും ഇതിലുള്‍പ്പെടുന്നു. അതിനാല്‍ അറബി പരിജ്ഞാനമില്ലാത്തവര്‍ക്ക് പോലും ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ ഈ ഭാഷയിലൂടെ സാധിക്കുന്നതാണ്.
സ്വാതന്ത്ര്യത്തിന്റെ സമീപകാലം വരെ സജീവവും സമ്പന്നവുമായിരുന്നു ഉര്‍ദു. ഗദ്യവും പദ്യവും കഥകളും നോവലുകളുമൊക്കെ ധാരാളമായി ഉര്‍ദുവില്‍ പുറത്തിറങ്ങിക്കൊണ്ടിരുന്നു. അക്കാലത്ത് ഹിന്ദി സിനിമകളിലെ ഡയലോഗും പാട്ടുകളുമൊക്കെ ഉര്‍ദുവിലായിരുന്നു. പ്രേംചന്ദ്, കിഷന്‍ ചന്ദ് എന്നീ നോവലിസ്റ്റുകളും അനന്ത് നാരായണന്‍ മുല്ല തുടങ്ങിയ കവികളും ഉര്‍ദുവിനെ സമ്പന്നമാക്കിയ എഴുത്തുകാരാണ്. ദിനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും കഥ പറയേണ്ടതുമില്ല. ദീര്‍ഘകാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് ഇംഗ്ലീഷില്‍ ചെലപ്പതി റാവുവിന്റെ 'നാഷ്‌നല്‍ ഹെറാള്‍ഡി'നൊപ്പം ഉര്‍ദുവിലുമുണ്ടായിരുന്നു ഒരു ദിനപത്രം- 'ഖൗമീ ആവാസ്'. ദേശനാദം എന്നര്‍ഥം. കുല്‍ദീപ് നയാറെപ്പോലുള്ള പ്രഗത്ഭ പത്രപ്രവര്‍ത്തകരുടെ ആദ്യകാല കളരി ഉര്‍ദു പത്രങ്ങളായിരുന്നു. മൗലാനാ ആസാദിന്റെ 'അല്‍ഹിലാലും', 'അല്‍ബലാഗും' മൗലാനാ മുഹമ്മദലിയുടെ 'ഹംദര്‍ദും' സ്വാതന്ത്ര്യ സമരത്തിന് വലിയ സംഭാവനകളര്‍പ്പിച്ച പ്രസിദ്ധീകരണങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ 'ദഅ്‌വത്തി'ന്റെ പത്രാധിപരായിരുന്ന മുഹമ്മദ് മുസ്‌ലിം, ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായ 'അല്‍ജംഇയ്യത്തി'ന്റെ പത്രാധിപരായിരുന്ന ഫാറഖലീത്ത് എന്നിവര്‍ ഉര്‍ദു പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകാല സാരഥികളിലുള്‍പ്പെടുന്നു.
ഇന്ത്യയിലെ ഉര്‍ദുപത്രപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയില്‍ മതപാഠശാലകള്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കും വലിയ പങ്കുണ്ട്. ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന ഒരു പ്രകൃഷ്ട കൃതിയാണ് ഉര്‍ദു പത്രപ്രവര്‍ത്തകനായ സുഹൈല്‍ അന്‍ജുമിന്റെ 'ദീനീ മദാരിസ് കീ സഹാഫത്തീ ഖിദ്മാത്ത്'. ഇന്ത്യയിലെ മുതിര്‍ന്ന ഉര്‍ദു പത്രപ്രവര്‍ത്തകരിലൊരാളാണ് സുഹൈല്‍ അന്‍ജും. മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ടതാണ് ഈ രംഗത്തെ അദ്ദേഹത്തിന്റെ പരിചയ പരിജ്ഞാനം. ഇക്കാലയളവില്‍ പല പത്രങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിക്കുകയുണ്ടായി. ഇപ്പോള്‍ 'വോയ്‌സ് ഓഫ് അമേരിക്ക'യുടെ ഇന്ത്യന്‍ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന സുഹൈല്‍ മുപ്പതോളം കൃതികളുടെ കര്‍ത്താവാണ്. ഇവയില്‍ ചിലത് അക്കാദമിക മണ്ഡലങ്ങളില്‍നിന്നുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുമുണ്ട്.
രാജ്യമാസകലം വിശദമായ സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് ഈ പുസ്തകം അദ്ദേഹം രചിച്ചിട്ടുള്ളത്. ഖാദിയാനികളും ശീഈകളുമടക്കമുള്ള എല്ലാ ചിന്താഗതിക്കാരുടെയും പ്രസിദ്ധീകരണങ്ങള്‍ ഈ സര്‍വേയില്‍ അദ്ദേഹം ഉള്‍പ്പെടുത്തുകയുണ്ടായി. ഓരോ പ്രസിദ്ധീകരണത്തിന്റെയും ഗുണദോഷങ്ങള്‍ നിഷ്പക്ഷമായി ഗ്രന്ഥകര്‍ത്താവ് വിലയിരുത്തുന്നു. ഓരോന്നിന്റെയും ചരിത്ര പശ്ചാത്തലം അദ്ദേഹം അനാവരണം ചെയ്യുന്നു. ഈ വിഷയത്തില്‍ പൂര്‍വമാതൃകയില്ലാത്ത ഈ ഗവേഷണത്തിന്റെ പിന്നിലെ കഠിനാധ്വാനം അഭിനന്ദനീയമാണ്. ഇന്ത്യയിലോ പാകിസ്താനിലോ ആരും ഇത്തരമൊരു അന്വേഷണത്തിന് മുതിര്‍ന്നിട്ടില്ലാത്തതിനാല്‍ വിവര സ്രോതസ്സുകളുടെ അഭാവം ഗ്രന്ഥകാരനു മുന്നില്‍ വലിയൊരു കീറാമുട്ടിയായിരുന്നു. പുരാതന മുസ്‌ലിം പത്രമാസികകളുടെയെന്നല്ല സമകാലിക പ്രസിദ്ധീകരണങ്ങളുടെ തന്നെ ഒരു ആര്‍ക്കൈവ് സ്ഥാപിക്കുന്നതില്‍ മുസ്‌ലിംകളില്‍ ഒരു വിഭാഗവും താല്‍പര്യമെടുത്തിരുന്നില്ല. അങ്ങനെ, നിലച്ചുപോയതും ഇപ്പോള്‍ നിലവിലുള്ളതുമായ പത്രപ്രസിദ്ധീകരണങ്ങള്‍ ശേഖരിക്കാന്‍ ഗ്രന്ഥകര്‍ത്താവ് രാജ്യത്തുടനീളം വിപുലമായൊരു യാത്രക്ക് 2009-ല്‍ തുടക്കമിട്ടു. വലിയൊരു തുക ചെലവഴിച്ചുകൊണ്ടാണ് അദ്ദേഹം ഈ ദൗത്യം പൂര്‍ത്തിയാക്കുന്നത്. സുന്നി പ്രസിദ്ധീകരണങ്ങള്‍ അച്ചടിച്ചിരുന്നത് മുഖ്യമായും ദല്‍ഹിയിലും മറ്റു ഉത്തരേന്ത്യന്‍ നഗരങ്ങളിലുമായിരുന്നെങ്കില്‍ ലഖ്‌നൗ കേന്ദ്രീകരിച്ചായിരുന്നു ശീഈ പ്രസിദ്ധീകരണങ്ങള്‍. പത്രപ്രവര്‍ത്തന രംഗത്തെ സുഹൃത്തുക്കളുടെ കൂടി സഹകരണത്തോടെ ഒമ്പത് വര്‍ഷമെടുത്ത ശേഷം ദൗത്യം പൂര്‍ത്തിയാക്കി. 2017-ല്‍ അന്‍ജും പുസ്തകം പുറത്തിറക്കി.
ഏഴ് ഭാഗങ്ങളില്‍ നിരവധി അധ്യായങ്ങളായി തരം തിരിച്ചാണ് ഗ്രന്ഥസംവിധാനം. മതാത്മക ഉര്‍ദു പത്രപ്രവര്‍ത്തന ചരിത്രമാണ് പ്രഥമഭാഗം. അവ പുറത്തിറങ്ങാനുണ്ടായ കാരണങ്ങളും അവയുടെ വികാസ ഘട്ടങ്ങളും ഇതില്‍ വിവരിക്കുന്നു. മറ്റൊരധ്യായത്തില്‍ നീണ്ടകാലം അരങ്ങ് വാണ് കാലയവനികക്കു പിന്നില്‍ അപ്രത്യക്ഷമായ പ്രസിദ്ധീകരണങ്ങളുടെ ഛായാപടങ്ങളാണ്. ഓരോ ചിന്താഗതിക്കാരുടെ പ്രസിദ്ധീകരണത്തിന്റെയും ഗുണദോഷങ്ങള്‍ നിഷ്പക്ഷമായി അനാവരണം ചെയ്യുന്ന സുദീര്‍ഘമായ ഒരധ്യായവുമുണ്ട്. ഗ്രന്ഥത്തിന്റെ സത്തയെന്ന് അതിനെ വിശേഷിപ്പിക്കാവുന്നതാണ്. ആ പത്രങ്ങളില്‍ പ്രസിദ്ധീകൃതമായ ലേഖനങ്ങളുടെയും മുഖപ്രസംഗങ്ങളുടെയും മാതൃകയെന്നോണം നല്‍കിയ പകര്‍പ്പുകളില്‍നിന്ന് അവയുടെ ചിന്താധാരയെയും പ്രവണതകളെയും കുറിച്ചുള്ള ഏകദേശ ധാരണ വായനക്കാര്‍ക്ക് ലഭിക്കുന്നതാണ്.
പോര്‍ച്ചുഗീസ് സാമ്രാജ്യത്വത്തെപോലെ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വവും ഒരു കൈയില്‍ കച്ചവടവും (ഈസ്റ്റിന്ത്യാ കമ്പനി) മറുകൈയില്‍ ബൈബിളുമായാണ് ഇന്ത്യയിലേക്ക് കടന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒരുഭാഗം തന്നെയായിരുന്നു സുവിശേഷ വേല. പത്രപ്രസിദ്ധീകരണങ്ങളുടെയും അച്ചുകൂട സംസ്ഥാപനത്തിന്റെയും മുന്‍പന്തിയിലുണ്ടായിരുന്നത് സഭയായിരുന്നു. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ആദ്യമായി ഇന്ത്യയില്‍ പത്രങ്ങള്‍ വെളിച്ചം കാണുന്നതും. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരുമൊക്കെ അവയുടെ ലക്ഷ്യമായിരുന്നു. ക്രി. 1800-ല്‍ ഡോ. വില്യം കേരിയും വില്യം വാര്‍ഡും സീറാംപൂരില്‍ തങ്ങളുടെ പ്രസ്സ് സ്ഥാപിച്ചതോടെയാണ് ഇതിന് തുടക്കം കുറിക്കുന്നതെന്ന് ഉര്‍ദു സഹാഫത്ത് ഉന്നീസ്‌വീന്‍ സദ്ദീമെ (ഉര്‍ദു പത്രപ്രവര്‍ത്തനം 19-ാം നൂറ്റാണ്ടില്‍) എന്ന കൃതിയില്‍ ഡോ. താഹിര്‍ മസ്ഊദ് ചൂണ്ടിക്കാണിക്കുന്നു. അക്കാലത്ത് 25 ഇന്ത്യന്‍ ഭാഷകളില്‍ 2 ലക്ഷം 12 ആയിരം കോപ്പി ബൈബിള്‍ അച്ചടിച്ചു അവര്‍ വിതരണം ചെയ്തതായി പറയപ്പെടുന്നു. ഇന്ത്യയില്‍ വിശിഷ്യാ ബംഗാളില്‍ ക്രൈസ്തവ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ സീറാംപൂരിലെ മിഷനറി സംഘത്തിന് വലിയ പങ്കുണ്ട്. ഇക്കാലത്ത് തന്നെയാണ് രണ്ടു ക്രൈസ്തവ പുരോഹിതന്മാര്‍ 'ഖൈര്‍ഖാഹെ ഹിന്ദ്' (ഇന്ത്യന്‍ ഗുണകാംക്ഷി) എന്ന പേരില്‍ ഒരു മാഗസിന്‍ പുറപ്പെടുവിക്കുന്നത്. മീര്‍സാപൂരില്‍നിന്നും ബനാറസില്‍നിന്നും പുറപ്പെട്ട ഈ പ്രസിദ്ധീകരണം ഹിന്ദുക്കളിലും മുസ്‌ലിംകളിലും ചില ഫലങ്ങള്‍ ഉളവാക്കാതിരുന്നില്ല. ആധുനിക ഇംഗ്ലീഷ് പാഠശാലകളുടെ ഫലമായി രണ്ടു വിഭാഗത്തിലും പെട്ട ചില കുടുംബങ്ങള്‍ ക്രിസ്തുമതം ആശ്ലേഷിക്കുകയുണ്ടായി. 1857-ല്‍ മാസ്റ്റര്‍ രാമചന്ദ്രന്റെയും മൗലവി കരീമുദ്ദീന്റെയും കുടുംബങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. കുല്‍ദീപ് സിംഗ് രാജാവും ക്രിസ്ത്യാനിയായതായി പ്രഖ്യാപിച്ചു. ഫാദര്‍ ഇമാദുദ്ദീന്‍ എന്ന പേരില്‍ കരീമുദ്ദീന് ഒരു സഹോദരനുണ്ടായിരുന്നു. ഇസ്‌ലാമിക വിശ്വാസങ്ങളെ ഖണ്ഡിക്കുന്ന മൂന്ന് പുസ്തകങ്ങളെഴുതുകയുണ്ടായി അദ്ദേഹം. മതംമാറ്റത്തിന് പ്രലോഭനങ്ങള്‍ക്കൊപ്പം ബലാല്‍ക്കാര മാര്‍ഗങ്ങള്‍ അവലംബിക്കാനും പാതിരിമാര്‍ മടിച്ചിരുന്നില്ല. ഇത് ഹിന്ദുക്കളിലും മുസ്‌ലിംകളിലും അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. ഇതിന്റെ പ്രതികരണമെന്നോണമാണ് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ഉര്‍ദു ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്നത്. മാസ്റ്റര്‍ രാം ചന്ദര്‍ 'ഫവാഇദെ നാളിറീനും' മൗലവി കരീമുദ്ദീന്‍ 'അഖ്ബാറെ കരീമും' പുറപ്പെടുവിച്ചപ്പോള്‍ ഹിന്ദുമത പരിഷ്‌കര്‍ത്താവായ രാജാറാം മോഹന്‍ റോയ് 'ബ്രാഹ്മണിക്കല്‍ മാഗസിനും' 1852-ല്‍ ഗോവിന്ദ രഘു 'ബനാറസ് ഗസറ്റു'മായി രംഗത്തുവന്നു. എന്നാല്‍ ഏറ്റവും പുരാതനമായ ഇസ്‌ലാമിക മാഗസിന്‍ 1843-ല്‍ ശീഈ മുസ്‌ലിം പണ്ഡിതനായ മൗലവി മുഹമ്മദ് ബാഖിര്‍ സ്ഥാപിച്ച 'മസ്ഹറുല്‍ ഹഖ്' ആണ്. ശീഈകള്‍ അവകാശപ്പെടുന്ന പോലെ 'ബഗ്ദാദിലെ കുഴപ്പങ്ങളാ'ണ് അതിന്റെ പ്രേരകം. മുസ്‌ലിംകള്‍ക്കിടയില്‍ ശീഈ വിശ്വാസ പ്രമാണങ്ങള്‍ പ്രചരിപ്പിക്കലായിരുന്നു അതിന്റെ മുഖ്യലക്ഷ്യം. വളരെ ചുരുങ്ങിയ സര്‍ക്കുലേഷനേ അതിനുണ്ടായിരുന്നുള്ളൂ. കാരണം ശീഇകളില്‍ പരിമിതമായിരുന്നു അതിന്റെ പ്രചാരം. സുന്നികള്‍ അത് വായിച്ചിരുന്നില്ല. 1852 വരെ അതിന്റെ പ്രസിദ്ധീകരണം തുടരുകയുണ്ടായി.
സ്വാതന്ത്ര്യപൂര്‍വകാലത്ത് ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും പ്രസിദ്ധീകരിച്ചിരുന്ന മാഗസിനുകളുടെ ഒരു പട്ടിക ഗ്രന്ഥകാരന്‍ നല്‍കുന്നുണ്ട്. അതില്‍ പ്രസിദ്ധീകരണ വര്‍ഷത്തോടൊപ്പം ഉടമകളുടെ പേരും വിവരിക്കുന്നു. മിഷനറി വാദങ്ങളുടെ ഖണ്ഡനം ഈ പ്രസിദ്ധീകരണങ്ങളെല്ലാം പങ്കിട്ടെടുക്കുന്നുണ്ടെങ്കിലും പരസ്പരം ഓരോ മതവിഭാഗത്തിന്റെയും അവാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള ചൂടുപിടിച്ച സംവാദങ്ങള്‍ക്കും അവ വേദിയായി മാറുന്നുണ്ട്. ഉദാഹരണത്തിന് ഹിന്ദു യാഥാസ്ഥിതികര്‍ അവരിലെ പരിഷ്‌കരണ ധാരയില്‍പെട്ട 'ബ്രഹ്മസമാജ'ത്തോട് സഹിഷ്ണുത പ്രകടിപ്പിച്ചിരുന്നില്ല. ക്രൈസ്തവര്‍ക്കെതിരെ തൂലികാ സമരം നടത്തിയിരുന്ന 'ആര്യസമാജ'ക്കാര്‍ മുസ്‌ലിംകളെ മതംമാറ്റുന്നതിനും ആസൂത്രിത ശ്രമങ്ങളില്‍ വ്യാപൃതരായിരുന്നു. അങ്ങനെയാണ് സലഫി ചിന്താഗതിക്കാരനായ മൗലാനാ സനാഉല്ല അമൃതസരി 'അഹ്‌ലെ ഹദീസ്' മാഗസിനുമായി രംഗപ്രവേശം ചെയ്യുന്നത്. ഇന്ത്യ വിഭജിക്കപ്പെടുന്നതു വരെ 44 വര്‍ഷത്തോളം ഈ പ്രസിദ്ധീകരണം നിലനില്‍ക്കുകയുണ്ടായി. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പുത്തന്‍ പ്രവാചകത്വ വാദത്തിനുമെതിരെ നിരന്തരം പൊരുതിയതിനാല്‍ ബറേല്‍വികളുടെയും അഹ്മദികളുടെയും കണ്ണിലെ കരടായിരുന്നു സനാഉല്ല. ഒരേസമയം അദ്ദേഹം മിഷനറിമാരോടും ആര്യ സമാജികളോടും ബറേല്‍വികളോടും അഹ്മദികളോടും തുറന്ന മൈതാനിയില്‍ വെച്ച് വാദപ്രതിവാദങ്ങള്‍ നടത്തി. തന്റെ പത്രത്തിലൂടെ ഇവരുടെ വാദഗതികളെ നിശിതമായി അപഗ്രഥിച്ച അദ്ദേഹം ആ വിഷയകമായുള്ള ഗ്രന്ഥങ്ങളും രചിക്കുകയുണ്ടായി. ആര്യ സമാജികളുടെയും അഹ്മദികളുടെയും പേടിസ്വപ്‌നമായിരുന്ന അദ്ദേഹം കുശാഗ്രബുദ്ധിയും പ്രത്യുല്‍പ്പന്നമതിയുമായിരുന്നു. ഒരിക്കല്‍ ഒരു ആര്യസമാജി സ്വാമി മുസ്‌ലിംകളെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ചപ്പോള്‍ സനാഉല്ല അമൃതസരി അത് സ്വീകരിച്ചുകൊണ്ട് മുന്നോട്ടു വന്നു. അപ്പോള്‍ താന്‍ വെല്ലുവിളിച്ചത് മുസ്‌ലിംകളെയാണെന്നും മുസ്‌ലിമല്ലാത്ത സനാഉല്ലയെയല്ലെന്നും പറഞ്ഞുകൊണ്ട് സ്വാമി ഒഴിഞ്ഞുമാറി. സനാഉല്ലയെ ബറേല്‍വികള്‍ ഇസ്‌ലാമില്‍നിന്ന് പുറത്താക്കിയിരുന്നു. കൂര്‍മബുദ്ധിയായ മൗലവി സനാഉല്ല എന്ത് ചെയ്തുവെന്നോ? ഉടനെ സത്യസാക്ഷ്യവചനം ചൊല്ലിക്കൊണ്ട് താന്‍ ഇപ്പോള്‍ മുസ്‌ലിമായിക്കഴിഞ്ഞുവെന്ന് പറഞ്ഞുകൊണ്ട് സ്വാമിയുടെ സൂത്രത്തെ പൊളിച്ചടുക്കി.
ഈ നിരൂപണത്തിന്റെ ആദ്യഭാഗത്ത് പരാമര്‍ശിച്ച പത്രമാസികകള്‍ക്ക് പുറമെ സ്വാതന്ത്ര്യസമരകാലത്ത് പുറത്തിറങ്ങിയിരുന്നതും കാലത്തിന്റെ ഹൃദയഭിത്തിയില്‍ മുദ്രപതിപ്പിച്ചതുമായ പത്ര-മാസികകളില്‍പെട്ടതാണ് സയ്യിദ് മൗദൂദിയുടെ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍', ചരിത്രകാരനായ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ 'മആരിഫ്', അല്ലാമ അബ്ദുല്‍ മാജിദ് ദര്‍യാബാദിയുടെ 'സിദ്‌ഖെ ജദീദ്' എന്നിവ (ആദ്യം 'സര്‍ച്ച' എന്ന പേരിലും പിന്നീട് 'സിദ്ഖ്' എന്ന പേരിലും പ്രസിദ്ധീകരിച്ച ശേഷമാണ് 'സിദ്‌ഖെ ജദീദാ'യി മാറുന്നത്). ഇവയില്‍ തര്‍ജുമാന്‍ ഇപ്പോഴും പ്രഫ. ഖുര്‍ശിദ് അഹ്മദിന്റെ പത്രാധിപത്യത്തില്‍ പാകിസ്താനില്‍നിന്ന് പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.
ഉര്‍ദു പത്രപ്രവര്‍ത്തനത്തിന്റെ സുവര്‍ണ കാലത്തെ കുറിച്ചാണ് അന്‍ജും സുഹൈലിന്റെ കൃതി സംസാരിക്കുന്നത്. എന്നാല്‍ ഇന്ന് എന്താണ് ഉര്‍ദു പത്രപ്രവര്‍ത്തനത്തിന്റെ സ്ഥിതി? ഉര്‍ദു പത്രപ്രവര്‍ത്തനത്തിലൂടെ ചുവടുവെച്ച ഇന്ത്യന്‍ പത്രപ്രവര്‍ത്തക കുലപതിയായ കുല്‍ദീപ് നയാര്‍ ഏതാണ്ട് ഒരു ദശകം മുമ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ ഈ ലേഖകന്‍ ഇതേക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി. ഇന്ത്യയില്‍ ഉര്‍ദു പത്രപ്രവര്‍ത്തനത്തിന് ഒരു ഭാവിയുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വതന്ത്ര ഇന്ത്യയിലെ ഇതഃപര്യന്തമുള്ള ഭരണകൂടം സൃഷ്ടിച്ച തടസ്സങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രഥമ കാരണം. പൊതു സിലബസ്സില്‍നിന്ന് ഉര്‍ദുവിനെ പുറംതള്ളി ദേവനാഗരി ലിപിയിലുള്ള ഹിന്ദിയെ പ്രതിഷ്ഠിച്ചതോടെ ഉര്‍ദുഭാഷയുമായുള്ള പുതിയ തലമുറയുടെ ബന്ധമറ്റു. അറബി ലിപിയിലുള്ള ഉര്‍ദുവില്‍നിന്ന് അവര്‍ അകന്നു. പരേതനായ ഉര്‍ദു കഥാകൃത്ത് സാജിദ് റാശിദിനു പോലും വായനക്കാരെ കിട്ടാന്‍ ഹിന്ദിയിലേക്ക് ചുവടു മാറേണ്ടി വരികയുണ്ടായി. അദ്ദേഹം തന്നെ പറഞ്ഞതാണിത്.
ഇങ്ങനെയൊരു ദുരന്തം വരാനിരിക്കുന്നതിനെക്കുറിച്ച് മൗലാനാ മൗദൂദി രാജ്യം വിഭജിക്കപ്പെടാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ഉര്‍ദുവിന് ഇനി വളരെക്കാലമൊന്നും നിലനില്‍ക്കാനാവില്ലെന്നും അതുകൊണ്ട് ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും ഇസ്‌ലാമിക കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിലായിരിക്കണം ശ്രദ്ധയെന്നും തന്റെ അനുയായികളെ ഉപദേശിച്ചുകൊണ്ടാണ് അദ്ദേഹം പാകിസ്താനിലേക്ക് പോയത്.
ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ട ചില പത്രങ്ങള്‍ക്ക് സ്വാതന്ത്ര്യപൂര്‍വകാലത്തോളം പഴക്കമുണ്ടെങ്കിലും രൂപത്തിലും ഉള്ളടക്കത്തിലും അവയില്‍ പലതും മുഖ്യധാരാ മാധ്യമങ്ങളില്‍നിന്ന് നൂറുകണക്കിന് നാഴിക അകലെയാണ്. ദല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ദഅ്‌വത്ത്' തന്നെ ഉദാഹരണം. ഏറെ നിലവാരം പുലര്‍ത്തിയിരുന്ന ആ പത്രത്തിന്റെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്. ചാനലുകളോട് വേഗവിഷയത്തില്‍ മത്സരിച്ച് പത്രങ്ങള്‍ ഇറങ്ങുന്ന ഒരു കാലത്ത് മൂന്ന് ദിവസം കൂടുമ്പോള്‍ ഫോട്ടോകളില്‍നിന്ന് പൂര്‍ണ 'പരിശുദ്ധി' പാലിച്ചുകൊണ്ട് പുറത്തിറങ്ങുന്ന ഒരു പത്രത്തെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ! അതിന്റെ സഹജീവികളുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. എന്തെങ്കിലും വ്യത്യസ്തകളുണ്ടെങ്കില്‍ അത് രൂപത്തില്‍ മാത്രമായിരിക്കും.
കേരളീയ മുസ്‌ലിം സമൂഹവും പത്രപ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ്. മണ്‍മറഞ്ഞ ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ അവരുടേതായുണ്ട്. അവയുടെ ഒരു ഡോക്യുമെന്റേഷന്‍ നടന്നതായി അറിവില്ല. ഏതെങ്കിലും ഒരു ഗവേഷണതല്‍പരന്‍ മുന്നോട്ടുവരികയാണെങ്കില്‍ സുഹൈല്‍ അന്‍ജും അവര്‍ക്ക് ഒരു മാതൃകയാണ്.
ദീനീ റസാഇല്‍ കീ സഹാഫത്തീ ഖിദ്മാത്ത്
സുഹൈല്‍ അന്‍ജൂം
പേജ്: 376, വില: 395, 2017
പ്രസാധനം: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ്
162, ജോഗാബായി, ജാമിഅ നഗര്‍, ന്യൂദല്‍ഹി 110025
വിതരണം: ഖാദി പബ്ലിഷേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്
ആ=35, നിസാമുദ്ദീന്‍ (വെസ്റ്റ്), ന്യൂദല്‍ഹി 110013