ഇത്തിഹാദുല്‍ ഉലമാ കേരള ലഘുപരിചയം

ശൈഖ് മുഹമ്മദ് കാരകുന്ന്‌‌
img

പണ്ഡിതന്‍മാര്‍ക്ക് ഇസ്‌ലാമിക സമൂഹത്തില്‍ സമുന്നത പദവിയാണുള്ളത്. 'ഉലമാക്കളും ഉമറാക്കളും'  (പണ്ഡിതരും പൗരപ്രമുഖരും) എന്ന പ്രയോഗം തന്നെ അത് വ്യക്തമാക്കുന്നു. ഇവര്‍ നന്നായാല്‍ സമൂഹം നന്നായി, ദുഷിച്ചാല്‍ സമൂഹം ദുഷിച്ചു. അതുകൊണ്ടു തന്നെ ഉലമാക്കളുടെ ബാധ്യതകള്‍ ഭാരിച്ചതാണ്. അവരെ പ്രവാചകന്‍മാരുടെ അനന്തിരാവകാശികളായാണ് നബി തിരുമേനി വിശേഷിപ്പിച്ചത്. 
കേരളത്തില്‍ പല മതസംഘടനകളുടെയും ചാലകശക്തി പണ്ഡിതസഭകളാണ്. എന്നാല്‍ ഇസ്‌ലാമിക പ്രസ്ഥാനം ഇതുവരെയും പണ്ഡിതന്‍മാര്‍ക്ക് മാത്രമായി ഒരു പ്രത്യേക വേദി രൂപവല്‍ക്കരിച്ചിരുന്നില്ല. മതപണ്ഡിതന്മാരും അഭ്യസ്തവിദ്യരായ യുവാക്കളും യുവതികളും സാധാരണക്കാരും തൊഴിലാളികളുമെല്ലാം ചേര്‍ന്നുകൊണ്ടുള്ള സംഘടനാരീതിയായിരുന്നു അത് സ്വീകരിച്ചത്. താരതമ്യേന അംഗബലം കുറഞ്ഞ സംഘടനയാകുമ്പോള്‍ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സംഘടിപ്പിക്കുന്നതും വേര്‍പ്പെടുത്തുന്നതും പ്രായോഗികമാകില്ല. എന്നാല്‍ സംഘടന വളരുകയും വ്യത്യസ്ത തലങ്ങളില്‍ സ്വാധീനം ശക്തിപ്പെടുകയും ചെയ്തതോടെ ഓരോന്നിനും പ്രത്യേകമായ കൂട്ടായ്മയും പ്രവര്‍ത്തനരീതിയും സ്വീകരിച്ചു തുടങ്ങി. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കുമെല്ലാം പ്രത്യേകം വേദികള്‍ രൂപവല്‍ക്കരിക്കപ്പെട്ടു. ഏറ്റവും അവസാനമായി 'ഇത്തിഹാദുല്‍ ഉലമാ കേരള' എന്ന പണ്ഡിതവേദിയും പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. 

ഉദ്ദേശ്യ ലക്ഷ്യങ്ങള്‍:
പണ്ഡിതവേദിയുടെ ലക്ഷ്യങ്ങളായി താഴെ പറയുന്ന കാര്യങ്ങളാണ് ഭരണഘടനയില്‍ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്: 
1. നാട്ടില്‍ നന്മ വളര്‍ത്താനും തിന്മ തടയാനും നടത്തപ്പെടുന്ന പരിശ്രമങ്ങളെ ശക്തിപ്പെടുത്തുക. 
2. മുസ്‌ലിം സമുദായത്തില്‍ ദൈവഭക്തിയും പരലോകബോധവും വളര്‍ത്തുവാനും അവരെ നിരുപാധികവും സമ്പൂര്‍ണ്ണവുമായ ദൈവികാടിമത്വത്തിലേക്ക് നയിക്കുവാനും ശ്രമിക്കുക.
3. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഐക്യവും സൗഹൃദവും സൃഷ്ടിക്കുവാനും പൊതുവായ പ്രശ്‌നങ്ങളില്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കിയെടുക്കാനും ശ്രമിക്കുക.
4. കാലികമായ മത-സാമൂഹിക-സാമുദായിക പ്രശ്‌നങ്ങളില്‍ മുസ്‌ലിം സമൂഹത്തിന് ശരിയായ മാര്‍ഗദര്‍ശനം നല്‍കുക.
5. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നേരെ ഉയരുന്ന ബൗദ്ധികമായ ആക്രമണങ്ങളെ പ്രതിരോധിക്കുക. 
6. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദവും വളര്‍ത്താന്‍ ശ്രമിക്കുക.
7. വീക്ഷണ വ്യത്യാസങ്ങളുള്ള കാലിക പ്രശ്‌നങ്ങളില്‍ ഗവേഷണം നടത്തി ഭദ്രമായ അഭിപ്രായങ്ങള്‍ രൂപവത്കരിക്കാനും അതേക്കുറിച്ച് സമുദായത്തെ ബോധവല്‍ക്കരിക്കാനും ശ്രമിക്കുക.
8. മുസ്‌ലിംകളുടെ പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹോദര സംഘടനകളുമായി സഹകരിച്ച് കൂട്ടായ ശ്രമങ്ങള്‍ നടത്തുക.
9. ശിര്‍ക്ക് ബിദ്അത്തുകളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നിരൂപണം ചെയ്യാന്‍ ശ്രമിക്കുക.


പ്രവര്‍ത്തനമാര്‍ഗവും പരിപാടികളും
ലക്ഷ്യപ്രാപ്തിക്കു വേണ്ടി പണ്ഡിതവേദി സ്വീകരിക്കുന്ന പ്രവര്‍ത്തനപരിപാടികളെ ഇങ്ങനെ സംഗ്രഹിക്കാം:
*    വിവിധ ചിന്താധാരകളിലുള്ള പണ്ഡിതന്മാരും സംഘടനകളുമായി സൗഹൃദവും സഹകരണവും വളര്‍ത്തുക.
*    ഖുതുബകള്‍, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, പത്രപ്രസിദ്ധീകരണങ്ങള്‍, വ്യക്തിസംഭാഷണങ്ങള്‍ തുടങ്ങിയവയിലൂടെ സമുദായത്തിന് മാര്‍ഗദര്‍ശനം നല്‍കുക.
*    രാജ്യം അഭിമുഖീകരിക്കുന്ന മത-സാമൂഹിക- സാംസ്‌കാരികാദി പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും പ്രാപ്തരാകും വിധം പണ്ഡിതന്മാരെ സജ്ജമാക്കാന്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ച് നടത്തുക.
*    അന്ധമായ മദ്ഹബ് പക്ഷപാതിത്വത്തില്‍ നിന്നും തീരുമാനങ്ങളില്‍ മദ്ഹബുകളുടെയോ വ്യക്തികളുടെയോ അഭിപ്രായങ്ങള്‍ക്ക് അപ്രമാദിത്തം കല്‍പിക്കുന്ന രീതിയില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുക.
*    മധ്യസ്ഥ സമിതികള്‍ വഴി മഹല്ലുകളിലും കുടുംബങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ രീതികള്‍ കണ്ടെത്തുക.
*    മഹല്ലുകളുടെ ശാക്തീകരണം, പള്ളികളുടെ പദവി, ഇമാം-ഖത്വീബുമാരുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുക.
*    ലോകത്തുള്ള ഇതര പണ്ഡിതവേദികളുമായി ബന്ധം സ്ഥാപിക്കുവാനും അവരുടെ ബുദ്ധിപരവും ചിന്താപരവുമായ സംഭാവനകളെ പ്രയോജനപ്പെടുത്താനും ശ്രമിക്കുക.
*    എല്ലാ മതവിഭാഗങ്ങളുടെയും മതമേലധ്യക്ഷന്മാരുമായും സുഹൃദ്ബന്ധം സ്ഥാപിക്കുക.
*    പണ്ഡിതവേദിയിലേക്ക് വരുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കുന്നതിന് ഒരു ഫത്‌വാ കമ്മറ്റി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തിക്കുക.
ലക്ഷ്യപ്രാപ്തിക്കായി സ്വീകരിക്കപ്പെടുന്ന പ്രയത്‌നങ്ങള്‍ക്ക് ഖുര്‍ആനും സുന്നത്തുമായിരിക്കും ആധാരമെന്നും അവയില്‍ പഴുതുള്ളോടത്തോളം മാത്രമേ മറ്റ് അഭിപ്രായങ്ങള്‍ക്ക് പരിഗണന നല്‍കൂ എന്നും ഭരണഘടന പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതുപോലെ വര്‍ഗ്ഗീയ വിദ്വേഷത്തിനും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നതോ സമുദായത്തില്‍ ആഭ്യന്തര ശൈഥില്യം സൃഷ്ടിക്കുന്നതോ നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നതോ രാജ്യത്തിന്റെ ഭരണഘടന ലംഘിക്കുന്നതോ ആയ പ്രവര്‍ത്തനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതല്ല.

യോഗ്യതയും അംഗത്വവും
ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്ന് ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ബിരുദമോ തത്തുല്യയോഗ്യതയോ നേടിയ കേരളീയരായ എല്ലാ മുസ്‌ലിം സ്ത്രീപുരുഷന്മാര്‍ക്കും ഈ വേദിയില്‍ അംഗമാകാവുന്നതാണ്. അതുപോലെ ബിരുദധാരികളല്ലെങ്കിലും വൈജ്ഞാനിക രംഗത്ത് കഴിവ് തെളിയിച്ചവരും അറിയപ്പെടുന്നവരുമായ മറ്റു വ്യക്തികള്‍ക്കും അംഗത്വത്തിന് അര്‍ഹതയുണ്ടായിരിക്കും. ഭരണഘടനക്ക് വിരുദ്ധമാകാത്ത ദേശീയമോ അന്തര്‍ദേശീയമോ ആയ മറ്റ് പണ്ഡിതസംഘടനകളില്‍ അഗമാകുന്നത് ഈ വേദിയില്‍ അംഗത്വം ലഭിക്കുന്നതിന് തടസ്സമല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാണ് 'ഇത്തിഹാദുല്‍ ഉലമാ കേരള' പ്രവര്‍ത്തിക്കുകയെങ്കിലും ജമാഅത്തിന്റെ ഏതെങ്കിലും ഒരു ഘടകത്തില്‍ അംഗത്വമുള്ളവര്‍ക്കേ ഇതില്‍ മെമ്പര്‍ഷിപ്പ് നല്‍കൂ എന്ന ഉപാധിയില്ല. ഭരണഘടനയില്‍ പറഞ്ഞ അംഗത്വത്തിന്റെ ബാധ്യതകള്‍ നിറവേറ്റാന്‍ അവര്‍ സന്നദ്ധരായാല്‍ മതി.

പാര്‍ട്ടിഘടന
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറിമാര്‍, പ്രവര്‍ത്തകസമിതി, ജനറല്‍ബോഡി എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും ഇത്തിഹാദുല്‍ ഉലമായുടെ ഘടന. ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന പതിനേഴ് അംഗങ്ങള്‍ അടങ്ങുന്നതാകും പ്രവര്‍ത്തകസമിതി. താഴെ പറയുന്നവരാണ് നിലവിലുള്ള ഭാരവാഹികളും പ്രവര്‍ത്തകസമിതി അംഗങ്ങളും. 


ഭാരവാഹികള്‍
പ്രസിഡന്റ്: ജ: വി.കെ അലി
വൈസ് പ്രസിഡന്റുമാര്‍: എം.വി. മുഹമ്മദ് സലീം, 
കെ. അബ്ദുല്‍ ഖാദിര്‍ ഫൈസി, ഇല്‍യാസ് മൗലവി
ജനറല്‍ സെക്രട്ടറി: കെ.എം. അശ്‌റഫ്
സെക്രട്ടറിമാര്‍: അബ്ദുല്ലത്തീഫ് കൊടുവള്ളി, ഡോ. എ.എ ഹലീം.
പ്രവര്‍ത്തക സമിതി അംഗങ്ങള്‍: ടി.കെ അബ്ദുല്ലാ, കെ. അബ്ദുല്ലാ ഹസന്‍, ടി.എച്ച് സൈദ് മുഹമ്മദ്, ഇ.എന്‍ ഇബ്‌റാഹീം മൗലവി, ടി.കെ ഉബൈദ്, വി.എ. കബീര്‍, പി.കെ ജമാല്‍, മുഹമ്മദ് കാടേരി, എച്ച്. ശഹീര്‍ മൗലവി, കെ.എ യൂസുഫ് ഉമരി, ഹുസൈന്‍ സഖാഫി അല്‍ കാമിലി, വി.പി. ശുഹൈബ്, കെ.കെ ഫാത്തിമ സുഹ്‌റ, കെ.എം ഖദീജ റഹ്മാന്‍.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top