സുന്നത്തും ആദത്തും തമ്മിെല മൗലിക അന്തരം
അബുല്‍ അഅ്‌ലാ മൗദൂദി
നബി (സ) തന്റെ ജീവിതത്തില്‍ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങളും സുന്നത്തിന്റെ പട്ടികയില്‍ വരുമെന്നാണ് പൊതുവെ ജനങ്ങള്‍ മനസ്സിലാക്കുന്നത്. വലിയൊരളവോളം ഇത് സുബദ്ധമെന്നതോടൊപ്പം തന്നെ ചെറിയൊരളവോളം അബദ്ധവുമാണത്. സുന്നത്ത് യഥാര്‍ഥത്തില്‍ ഒരു കര്‍മമാര്‍ഗമാണ്. അല്ലാഹു തന്റെ പ്രവാചകനെ നിയോഗിച്ചയച്ചതു തന്നെ ആ കര്‍മ മാര്‍ഗം പഠിപ്പിക്കാനും പ്രവര്‍ത്തിച്ച് കാണിക്കാനുമാണ്. മനുഷ്യ ചരിത്രത്തിന്റെ പ്രത്യേക ഘട്ടത്തില്‍ ജനിച്ച വ്യക്തി എന്ന നിലക്കോ മനുഷ്യനെന്ന നിലക്കോ പ്രവാചകന്‍ ചെയ്ത കാര്യങ്ങള്‍ ഈ സുന്നത്തില്‍നിന്ന് മുക്തമാണ്. ഈ രണ്ട് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ ഒന്നായി കൂടിക്കലര്‍ന്നു പോവാറുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രവര്‍ത്തനത്തില്‍ ഏതാണ് സുന്നത്തെന്നും ആദത്തെന്നും വേര്‍തിരിക്കാന്‍ ദീനിനെ മൗലികതയിലൂന്നി പഠിച്ച പരിണിതപ്രജ്ഞര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ.
പ്രവാചകന്മാര്‍ മനുഷ്യര്‍ക്ക് ധാര്‍മിക മൂല്യങ്ങളുടെ വിദ്യാഭ്യാസം നല്‍കാനും പ്രകൃതിയുടെ മാര്‍ഗം ജനങ്ങളെ പഠിപ്പിക്കാനുമാണ് വന്നതെന്ന് നാം മൗലികമായി മനസ്സിലാക്കേണ്ടതുണ്ട്. ധാര്‍മിക മൂല്യങ്ങളുടേതും പ്രകൃതിയുടേതുമായ വഴികളില്‍ ഒന്ന് കര്‍മത്തിന്റെ മൗലിക രൂപത്തെയും മറ്റൊന്ന് ബാഹ്യ രൂപെത്തയുമാണ് പ്രതിനിധീകരിക്കുന്നത്. ചില കാര്യങ്ങളില്‍ കര്‍മത്തിന്റെ ആത്മാവും ബാഹ്യ രൂപവും പ്രവാചകന്‍ (സ) തന്റെ വാക്കു കൊണ്ടും കര്‍മം കൊണ്ടും വ്യക്തമാക്കിയ രൂപത്തില്‍ തന്നെ പിന്‍പറ്റേണ്ടതുണ്ട്. എന്നാല്‍ മറ്റു ചില കാര്യങ്ങളില്‍ കര്‍മത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളല്‍ നിര്‍ബന്ധവും. പ്രത്യേക സാഹചര്യത്തിലോ നാഗരികാവസ്ഥയിലോ ചെയ്ത കര്‍മങ്ങളുടെ രൂപം സ്വീകരിക്കുന്നതില്‍ സ്വാതന്ത്ര്യം സ്വീകരിക്കേണ്ടതായും വരും. ഇവിടെ നാം കര്‍മത്തിന്റെ ആത്മാവും പ്രകൃതിദത്തമായ അവസ്ഥയും മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ എന്നാണ് ശരീഅത്തിന്റെ താല്‍പര്യം. ഈ രംഗത്ത് പ്രവാചകന്റെ കര്‍മ രൂപം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും ശരീഅത്ത് നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇതില്‍ ഒന്നാം ഇനത്തിലെ കര്‍മത്തിന്റെ ആത്മാവും ബാഹ്യരൂപവുമാകുന്ന സാകല്യത്തിന്റെ പേരാണ് സുന്നത്ത്. ശരീഅത്ത് ആവശ്യപ്പെടുന്ന കര്‍മത്തിന്റെ ആത്മാവും പ്രകൃത്യായുള്ള അവസ്ഥയും സ്വീകരിക്കുക എന്നതാണ് രണ്ടാം ഇനത്തിലെ സുന്നത്ത്. എന്നാല്‍ പ്രവാചകന്‍ (സ) ആ കര്‍മം പ്രാവര്‍ത്തികമാക്കാന്‍ സ്വീകരിച്ച രൂപം സുന്നത്തല്ല.
ഉദാഹരണത്തിന്, അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അവനെ സ്മരിക്കുക എന്നതാണ് ദീനീന്റെ ലക്ഷ്യം. ഈ ലക്ഷ്യാര്‍ഥം നബി ചെയ്ത ചില പ്രവര്‍ത്തനങ്ങളുടെ (നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് മുതലായവ) ആത്മാവും രൂപവും സുന്നത്താണ്. അവ പിന്‍പറ്റേണ്ടത് അനിവാര്യവുമാണ്. എന്നാല്‍ പ്രവാചകന്‍ (സ) ചെയ്ത മറ്റ് ചില പ്രവര്‍ത്തനങ്ങളുണ്ട്. അവയുടെ ആത്മാവ് നമ്മുടെ പ്രവര്‍ത്തനങ്ങളിലും അനിവാര്യമായും കാണേണ്ടതുണ്ട് - പക്ഷേ, കര്‍മ രൂപം പിന്‍പറ്റല്‍ അനിവാര്യമല്ല. എന്നാലും അതിന്റ ആത്മാവ് പ്രകടിപ്പിക്കാന്‍ ശരിയെന്നും അനുയോജ്യമെന്നും തോന്നുന്ന കര്‍മ രൂപം സ്വീകരിക്കാനുള്ള സ്വാതന്ത്യം നമുക്കുണ്ട്.
നബി (സ) സമയാസമയങ്ങളില്‍ ചെയ്ത പൊതുവായ ദിക്‌റുകളും ദുആകളും ഇതിനുദാഹരണമാകുന്നു. പ്രവാചകന്‍ (സ) പ്രാര്‍ഥന നടത്തിയ പദങ്ങള്‍ കൊണ്ട് തന്നെ പ്രാര്‍ഥിക്കല്‍ നമുക്ക് നിര്‍ബന്ധമില്ല. പ്രാര്‍ഥനകളില്‍ പ്രവാചകന്റെ സുന്നത്തിനെ പിന്‍പറ്റുക എന്നതിനര്‍ഥം, അവയുടെ ആശയങ്ങളും പ്രത്യേകതകളും ശ്രദ്ധിക്കുക, ഭാഷ ഏതായാലും പ്രാര്‍ഥനകളില്‍ ആത്മാവുണ്ടാവുക എന്നതാണ്. മുസ്‌ലിം തന്റെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും പ്രവര്‍ത്തനങ്ങളിലും അല്ലാഹുവെ ഓര്‍ക്കുക, അവനോട് ശരണം തേടുക, അവനോട് മാത്രം സഹായം ചോദിക്കുക, നന്ദി കാണിക്കുക, നന്മ തേടുക എന്നതാണ് ദിക്‌റുകളിലെ സുന്നത്ത്. ഈ സുന്നത്തിനെ പ്രവാചകന്‍ (സ) തന്റെ പ്രായോഗിക ജീവിതത്തില്‍ വ്യത്യസ്ത ദിക്‌റുകളാല്‍ സമ്പന്നമാക്കുകയും നിലനിര്‍ത്തുകയും ചെയ്തുവെന്ന പരാമര്‍ശം ഹദീസുകളിലുണ്ട്. ഒരു വ്യക്തി ഈ ദിക്‌റുകളെ അക്ഷരംപ്രതി മനഃപാഠമാക്കുകയും ഹദീസില്‍ വന്ന പ്രകാരം കണിശത പുലര്‍ത്തുകയും ചെയ്താല്‍ അത് അഭിലഷണീയമേ (മുസ്തഹബ്ബ്) ആവുകയുള്ളൂ. പക്ഷേ ആ രീതിയെ സുന്നത്തിനെ പൂര്‍ണമായി പിന്‍പറ്റാനുള്ള അനിവാര്യ തേട്ടം എന്ന് പറയാനാവില്ല. എന്നാല്‍ മറ്റൊരു വ്യക്തി ഈ സുന്നത്തിനെ നന്നായി മനസ്സിലാക്കി മറ്റൊരു രീതിയിലൂടെ അതിനെ പ്രാവര്‍ത്തികമാക്കുകയും അതിനു വേണ്ടി മറ്റ് പദങ്ങളോ ഭാഷയോ സ്വീകരിക്കുകയും ചെയ്താല്‍ നിയമപരമായി അത് പ്രവാചകനെ പിന്‍പറ്റല്‍ തന്നെയാകുമെന്നതില്‍ സംശയമില്ല.
ഈ വ്യത്യാസം നാഗരിക - സാംസ്‌കാരിക - സാമൂഹിക രംഗത്തും കാണാന്‍ കഴിയും. വസ്ത്രത്തില്‍ ധാര്‍മികവും പ്രകൃതിപരവുമായ പരിധികള്‍ പാലിക്കണമെന്ന പ്രവാചക നിര്‍ദേശം അതിനുദാഹരണമാണ്. വസ്ത്രത്തില്‍ പ്രവാചകന്‍ (സ) സ്വീകരിച്ച ധാര്‍മികവും പ്രകൃതിപരവുമായ നിര്‍ദേശങ്ങളില്‍ നിര്‍ബന്ധമായും പിന്‍പറ്റേണ്ടതും പിന്‍പറ്റേണ്ടതില്ലാത്തതും ഉണ്ട്. വസ്ത്രം നഗ്നത മറക്കാനുള്ളതാവുക, ആഢ്യത്വത്തിന്റെയും ധൂര്‍ത്തിന്റെയും ചിഹ്നമാവാതിരിക്കുക, പട്ടുവസ്ത്രമാവാതിരിക്കുക, വലിച്ചിഴക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തികച്ചും തന്റെ വ്യക്തിപരമോ സാമൂഹികമോ ആയ കാരണങ്ങളാലോ തന്റെ കാലത്തിന്റെയോ സമൂഹത്തിന്റെയോ സംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രവാചകന്‍ വസ്ത്രത്തില്‍ സ്വീകരിച്ച രൂപങ്ങള്‍ സുന്നത്താവുകയില്ല. പ്രവാചകന്‍ പ്രത്യേക വസ്ത്രമാണ് ധരിച്ചതെന്ന ഹദീസ് ചൂണ്ടിക്കാട്ടി ആ രീതി പിന്‍പറ്റണമെന്ന് ശാഠ്യം പിടിക്കുന്നതില്‍ അര്‍ഥമില്ല. പ്രത്യേക വ്യക്തിയുടെ വ്യക്തിപരമായ അഭിരുചികളോ, പ്രത്യേക സമൂഹത്തിന്റെ പ്രത്യേക സംസ്‌കാരങ്ങളോ പ്രത്യേക കാലത്തെ പ്രത്യേക ആചാര സമ്പ്രദായങ്ങളോ മുഴുവന്‍ ലോകത്തിനും എന്നന്നേക്കുമുള്ള സുന്നത്താക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയല്ല ദൈവിക ശരീഅത്ത് വന്നിട്ടുള്ളത്.
സുന്നത്തിന്റെ പ്രത്യേകമായ ഈ നിര്‍വചനം വിവേചിച്ചറിഞ്ഞാല്‍ ഇക്കാര്യം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാനാവും. ശര്‍ഇന്റെ സാങ്കേതിക ഭാഷയില്‍ സുന്നത്തല്ലാത്ത കാര്യങ്ങളെ എങ്ങനെയെങ്കിലും സുന്നത്താക്കിയാല്‍, അവ ദീനീവ്യവസ്ഥയില്‍ കയറിക്കൂടിയ ബിദ്അത്തുകളായിത്തീരും.
ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന മറ്റൊരു വിഷയമാണ് താടി. ഈ വിഷയത്തില്‍ അല്ലാഹു നമ്മുടെ പ്രായോഗിക ജീവിതത്തില്‍ കാണാനാഗ്രഹിക്കുന്ന പ്രകൃതിയുടെയും ധാര്‍മികതയുടെയും പ്രകടനങ്ങള്‍ മീശ ചെറുതാക്കുകയും താടി വലുതാക്കുകയും ചെയ്യുക എന്നാണ്. അതാണ് ആ വിഷയത്തിലെ സുന്നത്ത്. എന്നാല്‍ അതിന്റെ പ്രായോഗിക രൂപത്തെ സംബന്ധിച്ച ഒരു നിര്‍ണിത രൂപം പ്രവാചകന്‍ (സ) വ്യക്തമാക്കിയിട്ടില്ല. താടി നീട്ടുന്നതിന്റെയും മീശ ചെറുതാക്കുന്നതിന്റെയും പരിധി കൃത്യമായി നിശ്ചയിക്കാനോ, ഞാന്‍ നമസ്‌കരിക്കുന്നതുപോലെ നിങ്ങളും നമസ്‌കരിക്കുവിന്‍ എന്ന ശൈലി താടിയുടെ വിഷയത്തില്‍ സ്വീകരിക്കാന്‍ ഒരു തടസ്സവും പ്രവാചകന്റെ മുമ്പിലുണ്ടായിരുന്നില്ല. ഈ കാര്യത്തില്‍ ഒരു പരിധിയും നിശ്ചയിക്കാതെ പൊതു നിര്‍ദേശം മാത്രം നല്‍കിയതില്‍നിന്ന് സ്വയം വ്യക്തമാവുന്ന കാര്യം ഈ വിഷയത്തിലെ പ്രകൃതിപരവും ധാര്‍മികവുമായ ചൈതന്യമേതോ അത് പൂര്‍ത്തീകരിക്കാന്‍ മുസ്‌ലിം താടി വെക്കുകയും മീശ ചെറുതാക്കുകയും ചെയ്താല്‍ മതി എന്നാണ്. താടിയുടെ അളവ് നിര്‍ണയിക്കല്‍ പ്രവാചകദൗത്യത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ പ്രവാചകന്‍ ഒരിക്കലും അതില്‍ വീഴ്ച വരുത്തുമായിരുന്നില്ല. ഈ വിഷയം പൊതു വിധിയില്‍ പരിമിതപ്പെടുത്തിയതും പരിധി നിര്‍ണയിക്കുന്നതില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്തുവെന്നത് ഈ വിഷയത്തില്‍ ശരീഅത്ത് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനുദ്ദേശിക്കുന്നുവെന്നതിന്റെ തെളിവാണ്. താടി വെക്കുന്നതിന്റെയും മീശ ചെറുതാക്കുന്നതിന്റെയും രൂപം സ്വന്തം അഭിരുചിക്കും രൂപലാവണ്യത്തിനുമനുസരിച്ചു സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം അനുവദിക്കുന്നുവെന്ന് ചുരുക്കം .
ഒരാള്‍ മീശ പറ്റെ വടിക്കുകയും മറ്റൊരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണപാനീയങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുമാറ് കത്രിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം ഇരുവര്‍ക്കുമുണ്ട്. പ്രവാചക കല്‍പനയുടെ ഉദ്ദേശ്യം ഞാന്‍ തെരഞ്ഞെടുത്ത വഴിയിലൂടെയാണ് പൂര്‍ണമാവുന്നതെന്ന് ഇരുവര്‍ക്കും വാദിക്കുകയും ചെയ്യാം. എന്നാല്‍ ഒരാള്‍ക്കും തന്റെ അഭിപ്രായം മറ്റുള്ളവരില്‍ നിയമമാക്കാനോ അതിനെതിരായി പ്രവര്‍ത്തിക്കുന്നവരെ ആക്ഷേപിക്കാനോ ഒട്ടും അവകാശമില്ല. എന്നല്ല അത് ബിദ്അത്തായി മാറുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍ സുന്നത്തല്ലാത്ത ഒരു സംഗതിയെ ബലാല്‍ക്കാരം വഴി സുന്നത്താക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ മീശ വെട്ടല്‍ മാത്രമാണ് സുന്നത്ത്.അതിന് പ്രത്യേക രൂപമില്ല. ഓരോ വ്യക്തിക്കും അവനവന്റെ അഭീഷ്ടമനുസരിച്ച് സ്വതന്ത്രമായ രീതി സ്വീകരിക്കാവുന്നതാണ്.
താടിയുടെ കാര്യവും ഇതുപോലെയാണ്. താടിവളര്‍ത്തണമെന്ന പ്രവാചക കല്‍പനയുടെ ഉദ്ദേശ്യം, അതിനെ അനന്തമായി വളരാനനുവദിക്കലാണെന്നാണ് ഒരാള്‍ മനസ്സിലാക്കിയതെങ്കില്‍ അവന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കട്ടെ. മറ്റൊരാള്‍, പ്രവാചക കല്‍പനയുടെ ഉദ്ദേശ്യം ഒരു പിടി വളര്‍ത്തിയാല്‍ മതി എന്നാണ് മനസ്സിലാക്കിയതെങ്കില്‍ അവനും അതനുസരിച്ചു പ്രവര്‍ത്തിക്കട്ടെ. മൂന്നാമതൊരു വ്യക്തി, പ്രവാചക കല്‍പനയെ നിരുപാധികമായി (അളവെന്ന ഉപാധിയില്ലാതെ ) മനസ്സിലാക്കുന്നുവെങ്കില്‍ അയാള്‍ അപ്രകാരവും പ്രവര്‍ത്തിക്കട്ടെ. ഈ മൂന്ന് വിഭാഗത്തില്‍പെട്ട ഒരാള്‍ക്കും, ഇജ്തിഹാദിലൂടെ താന്‍ സ്ഥാപിച്ച അഭിപ്രായമാണ് ശരീഅത്തെന്നും അത് പിന്‍പറ്റല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണെന്നും പറയാനുള്ള അവകാശമില്ല. സുന്നത്താവാന്‍ ഒരു തെളിവുമില്ലാത്ത കാര്യത്തെ സുന്നത്തായി സ്ഥാപിക്കുകയാണ് അതിന്റെ അനന്തരഫലം. ഇതിനെ ഞാന്‍ ബിദ്അത്തെന്നാണ് വിളിക്കുക.
ചിലര്‍ തെറ്റായ രീതിയില്‍ തെളിവെടുക്കാറുണ്ട്. ഉദാഹരണത്തിന് നബി (സ) താടി വെക്കാന്‍ കല്‍പിക്കുകയും അതിന്റെ പ്രാക്ടിക്കല്‍ രൂപം കാണിച്ചുതരികയും ചെയ്തു. അതിനാല്‍ പ്രവാചകന്റെ താടിയെ സംബന്ധിച്ച് ഹദീസിലെങ്ങനെയാണോ അതുപോലെ താടി വെക്കലാണ് സുന്നത്ത് എന്ന് ചിലര്‍ വാദിക്കാറുണ്ട്. അങ്ങനെയെങ്കില്‍ പ്രവാചകന്‍ (സ) നഗ്നത മറക്കാന്‍ കല്‍പിക്കുകയും പ്രാക്ടിക്കലായി അത് കാണിച്ചുതരികയും ചെയ്തതിനാല്‍ പ്രവാചകന്‍ ധരിച്ച പോലെ വസ്ത്രം ധരിക്കല്‍ സുന്നത്തായി മാറും. പക്ഷേ, ഈ വിഷയത്തില്‍ ഒരാളും ഈ രീതി സ്വീകരിക്കുന്നതായി കാണുന്നില്ല.
സാമൂഹികവും നാഗരികവുമായ ഇടപാടുകളില്‍ ഒരു ഘടകം ധാര്‍മികമായ മൂല്യവും കര്‍മത്തിന്റെ ആത്മാവുമാണ്. അവ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ വേണ്ടിയാണ് പ്രവാചകന്‍ വന്നത്. പ്രസ്തുത കര്‍മത്തിന്റെ ആത്മാവ് പിന്‍പറ്റാന്‍ വേണ്ടി റസൂല്‍ തന്റെ ജീവിതത്തില്‍ സ്വയം തെരഞ്ഞെടുത്ത പ്രായോഗിക രൂപമാണ് മറ്റൊരു ഘടകം. പ്രായോഗിക രൂപങ്ങളില്‍ പ്രവാചകന്റെ വ്യക്തിപരമായ അഭിരുചിയും പ്രകൃത്യായുള്ള സ്വഭാവവും ജനിച്ചുവളര്‍ന്ന നാടിന്റെ സ്വഭാവവും, കാലത്തിന്റെ സ്വഭാവവുമെല്ലാം പ്രകടമായി വരും. ഇവ മുഴുവന്‍ ജനങ്ങള്‍ക്കും വ്യക്തികള്‍ക്കും സമൂഹത്തിനും സുന്നത്താക്കുക എന്ന ഉദ്ദേശ്യം ഒരിക്കലും സംഭവിക്കുകയില്ല.
(തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജനുവരി 1946)
വിവ: അബ്ദുസ്സലാം പുലാപ്പറ്റ