ഒരു ബിദ്അത്ത് അനേകം ബിദ്അത്തുകളെ പ്രസവിക്കും
മുഹമ്മദ് നബി(സ)യുടെ ജന്മദിനം റബിഉൽ അവ്വൽ പന്ത്രണ്ടാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ. ഈ വിശ്വാസത്തിന് പ്രബലമായ രേഖകളൊന്നുമില്ല. ഏഴോളം അഭിപ്രായങ്ങൾ ഇവ്വിഷയകമായുണ്ട് എന്നാണ് പറയപ്പെടുന്നത്. ഒരു തിങ്കളാഴ്ചയിലായിരുന്നു നബി(സ) ജനിച്ചത് എന്ന് മാത്രമാണ് സ്ഥിരപ്പെട്ടിട്ടുള്ളത്. ഇത്പോലെ പ്രവാചക ജീവിതത്തിലെ സുപ്രധാന സംഭവങ്ങളായ ഇസ്റാഅ്, മിഅ്റാജ് എന്നിവയും എപ്പോഴാണ് സംഭവിച്ചതെന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല. ഇത്തരം സംഭവങ്ങളെ ആഘോഷിക്കുന്നതിന് പ്രവാചകൻ പ്രോത്സാഹനം നൽകുകയോ ഇസ് ലാമിക സമൂഹത്തിൽ അത് പ്രചാരത്തിലുണ്ടാവുകയോ ചെയ്തിരുന്നില്ല എന്നതാണ് അതിനുകാരണം.
പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ജനനമോ മരണോ കൊണ്ടാടുക എന്ന സമ്പ്രദായം ഇസ് ലാമിക സംസ്കൃതിയിൽ പെട്ടതല്ല. ഇന്നും കുട്ടികളുടെ ജന്മദിനം ആഘോഷിക്കുന്നത് പണ്ഡിതന്മാർ വിലക്കുന്നു. അവയെല്ലാം അന്യ സമുദായങ്ങളിൽനിന്ന് കടന്നുകൂടിയ അനാചാരങ്ങളാണ്. തന്നെ അമിതമായി പ്രശംസിക്കുന്നത് നബിതിരുമേനി വിലക്കിയിട്ടുണ്ട്. “ഈസബ്്നു മർയമിനെ നസ്രാണികൾ അതിരുവിട്ട് ആദരിച്ചത്പോലെ നിങ്ങളെന്നെ അമിതമായി ആദരിക്കരുത്” (ബുഖാരി, മുസ് ലിം) എന്ന് പ്രവാചകൻതന്നെ പഠിപ്പിച്ചിരിക്കുന്നു. നസാഈ നിവേദനം ചെയ്ത ഒരു ഹദീസിൽ പ്രവാചകൻ പ്രസ്താവിച്ചു: ''പിശാച് നിങ്ങളെ വഴിപിഴപ്പിക്കാതിരിക്കണം. ഞാൻ മുഹമ്മദാണ്, അല്ലാഹുവിന്റെ അടിമയും പ്രവാചകനും. അല്ലാഹു എനിക്ക് നൽകിയ എന്റെ യഥാർത്ഥ പദവിക്കപ്പുറം നിങ്ങളെന്നെ ഉയർത്തരുത്.” വിശുദ്ധ ഖുർആൻ നബിയോട് തന്റെ മനുഷ്യത്വം (ബശരിയ്യത്ത്) ഉയർത്തിപ്പിടിക്കാനും അതൊരിക്കലും ദിവ്യത്വത്തി (ലാഹൂതിയ്യത്) ലേക്ക് വഴിമാറിപ്പോകരുതെന്ന് അനുസ്മരിപ്പിക്കാനും ശ്രമിക്കുന്നതായി കാണാം. “പറയുക. ഞാൻ നിങ്ങളെ പോലുള്ള ഒരു മനുഷ്യൻ മാത്രമാണ്. എനിക്ക് ദിവ്യബോധനം ലഭിക്കുന്നുവെന്ന് മാത്രം” (അൽകഹ്ഫ് 110) അവിശ്വാസികൾ പ്രവാചകനോട് വിവിധങ്ങളായ അദ്ഭുതകൃത്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുമ്പോഴെല്ലാം പ്രവാചകൻ തന്റെ നിസ്സഹായത വെളിപ്പെടുത്തുകയല്ലാതെ അത്തരം കഴിവുകൾ തനിക്കുണ്ടെന്ന് അവകാശപ്പെടുന്നേയില്ല. “അവർ പറഞ്ഞു. നീ ഞങ്ങൾക്കായി ഭൂമിയിൽ ഒരു ഉറവ ഒഴുക്കിത്തരുംവരെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയില്ല. അല്ലെങ്കിൽ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടാവുകയും അവക്കിടയിലൂടെ അരുവികൾ ഒഴുക്കുകയും ചെയ്യുക. അല്ലെങ്കിൽ, നീ വാദിക്കുന്ന പോലെ ആകാശത്തെ ഞങ്ങളുടെമേൽ കഷ്ണങ്ങളായി വീഴ്ത്തുക. അല്ലാഹുവെയും മലക്കുകളെയും ഞങ്ങൾക്ക് മുന്നിൽ നേരിട്ട് കൊണ്ടുവരിക. അതുമല്ലെങ്കിൽ നിനക്കായി സ്വർണ്ണ നിർമ്മിതമായ കൊട്ടാരമുണ്ടാക്കുക. എന്നിട്ട് ആകാശത്തേക്ക് കയറിപ്പോവുക. ഞങ്ങൾക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിത്തരുന്നത് വരെ നീ മാനത്തേക്ക് കയറിപ്പോയതായി ഞങ്ങൾ വിശ്വസിക്കുകയില്ല”. “(നബിയേ) പറയുക. എന്റെ നാഥൻ എത്ര പരിശുദ്ധൻ.. ഞാൻ കേവലം മനുഷ്യനായ ഒരു പ്രവാചകനല്ലേ)” – അൽ ഇസ്റാഅ് 90-93.
സ്വന്തം മാതാപിതാക്കളേക്കാളും മറ്റേതൊരു മനുഷ്യനെക്കാളും എന്നെ ഏറെ ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലാരും യഥാർത്ഥ വിശ്വാസിയാകില്ല” എന്ന പ്രവാചക വചനം നെഞ്ചേറ്റിയ സ്വഹാബി വര്യന്മാർ (ഫിദാക അബീ വഉമ്മീ) ( فداك أبي وأمي) “എന്റെ പിതാവിനെയും മാതാവിനെയും അങ്ങേക്ക് പകരം നൽകാം”. എന്ന് പറഞ്ഞായിരുന്നു നബിയെ അഭിസംബോധന ചെയ്തിരുന്നത്. സ്വന്തം കുടുംബം മുഴുവൻ രണാങ്കണത്തിൽ മരിച്ചുവീണാലും പ്രവാചകനൊന്നും സംഭവിക്കാതിരിക്കട്ടെ എന്നായിരുന്നു അവരുടെ പ്രാർഥന. ജന്മദിനാഘോഷങ്ങളും മറ്റും സജീവമായി നില നിൽക്കുന്ന ഒരു സമൂഹത്തിൽ പ്രവാചകന്റെ ജന്മദിനമോ ആ ജീവിതത്തിലെ ചരിത്ര സംഭവങ്ങളോ ആഘോഷിക്കാതിരിക്കാൻ അവർക്ക് നിമിത്തമായത് ഉപരി സൂചിതമായ വിലക്കുകളായിരുന്നു. ഖുലഫാഉർ റാശിദ്ദുകളോ ഏതെങ്കിലും സ്വഹാബികളോ താബിഉകളോ അതിന്ന് പ്രോത്സാഹനം നൽകിയിട്ടില്ല, എന്നു മാത്രമല്ല അനുവാദം നൽകുക പോലും ചെയ്തിട്ടില്ല. മദ്ഹബുകളുടെ ഇമാമുമാരായ അബൂ ഹനീഫ, മാലിക്, ശാഫിഈ, അഹ്മദ് എന്നിവരും അതിനെ അംഗീകരിച്ചവരല്ല. ഹിജ്റ നാലാം നൂറ്റാണ്ടിലാണ് ഫാത്വിമി ഭരണ കർത്താക്കളിൽപെട്ട – അവർ ശിഈ വിഭാഗമാണ്- ളാഹിർ രാജാവ് ഈ അനാചാരത്തിന് തുടക്കമിട്ടത്. ക്രിസ്ത്യാനികൾ ഈസാ നബിയുടെ ജന്മദിനം ആഘോഷിക്കുകയും അതൊരു ഉത്സവദിനമാക്കി കൊണ്ടാടുകയും കടകമ്പോളങ്ങളും വീടുകളും ദീപാലംകൃതമാക്കുകയും ചെയ്തിരുന്നു. ഇവരെ അനുകരിച്ചാണ് മുസ് ലിംകളിലേക്കും ഇത് വ്യാപിച്ചത്. (مجموعة رسائل الشيخ ابن محمود) ഒന്നാം ഭാഗം പേ. 535 നോക്കുക) ഇമാം ഫാകിഹാനി പറഞ്ഞത് ഇബ്തദഹു അൽ അക്കാലൂൻ”
(ابتدعه الأكالون ) ശാപ്പാട്ടു രാമന്മാരാണ് ഇത് കണ്ടു പിടിച്ചത് എന്നാണ്.
തുടക്കത്തിൽ നിർദോഷമായിത്തോന്നുമെങ്കിലും പിന്നീട് ദീനിനെ നശിപ്പിക്കുന്ന ഇത്തിക്കണ്ണിയായി മാറുന്ന രീതിയിലാണ് ബിദ്അത്തുകൾ വളരുക. ഉള്ളതും ഇല്ലാത്തുതുമായ സ്തുതിഗീതങ്ങൾ പാടിപ്പാടി ശിർക്കിലേക്കും കുഫ്റിലേക്കും അത് ചെന്നെത്തും. ആദ്യം സൃഷ്ടിക്കപ്പെട്ടത് മുഹമ്മദ് നബിയുടെ നൂർ (പ്രകാശം) ആണെന്നും ആദമിന്ന് റൂഹ് നൽകുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ മുതുകിൽ പ്രസ്തുത പ്രകാശം നിക്ഷേപിക്കപ്പെട്ടുവെന്നും അർശും (عرش) ലൗഹും (لوح) ഖലമും, കുർസിയ്യും ആകാശങ്ങളും ഭൂമികളും ജിന്നും ഇൻസും സൂര്യനും ചന്ദ്രനും മലക്കുകളും വെള്ളവും തീയുമെല്ലാം അദ്ദേഹത്തിന്റെ പ്രകാശത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നും (സീറതുർറസൂൽ - മുഹമ്മദ് ഇസ്സദർവസ. ഒന്നാം ഭാഗം – പേ:18) പാടിപ്പറയാൻമാത്രം പ്രവാചക സ്നേഹം കാടുകയറും. നമ്മുടെ നാട്ടിൽതന്നെ എത്രമാത്രം പരിവർത്തനങ്ങളാണ് “മൗലിദുന്നബി” ക്ക് സംഭവിച്ചത്. റബീഉൽ അവ്വൽ പന്ത്രണ്ടിന് പാതിരാവിൽ എഴുന്നേറ്റ് കീർത്തനം പാടുന്ന ഏർപാടൊന്നും മുമ്പില്ല. ക്രിസ്തുമസ് ആഘോഷങ്ങളെ അനുകരിച്ച് പള്ളിയും അങ്ങാടികളും അലങ്കരിച്ച് ദീപാലംകൃതമാക്കൽ അടുത്ത് തുടങ്ങിയതാണ്. മുമ്പ് ഒരു ദിവസമായിരുന്നു ആഘോഷമെങ്കിൽ ഇപ്പോൾ ഒരു മാസവും അതിലേറെയുമായി. മൗലിദ് പാരായണം ഡിസ്കോ ഡാൻസിന്റെ സ്റ്റൈലിലായി. ഉണ്ണിയേശു വിനും ഉണ്ണികൃഷ്ണനും പകരം ഉണ്ണി മുഹമ്മദും തിരുപ്പിറവിയുമെല്ലാം മുസ് ലിംകളിലുമെത്തി. മുസ് ലിം പെൺകുട്ടികൾ ആടിപ്പാടി അങ്ങാടികളിൽ നൃത്തമാടാൻ തുടങ്ങി. അങ്ങനെ പ്രവാചകൻ പ്രവചിച്ചപോലെ “നിങ്ങളുടെ മുമ്പുള്ളവരുടെ ആചാര സമ്പ്രദായങ്ങൾ നിങ്ങൾ പിന്തുടരുകതതന്നെ ചെയ്യും. ചാണിന് ചാണായും, മുഴത്തിന് മുഴമായും. ഒരു ഉടുമ്പിൻ മാളത്തിലാണ് അവർ കയറിയതെങ്കിൽ നിങ്ങളും അതിൽ പ്രവേശിക്കും”. ഇങ്ങനെ വഴിതെറ്റാൻ സാധ്യതയുള്ളത് കൊണ്ടുതന്നെയാണ് പൂർവസൂരികൾ അതിൽനിന്ന് വിട്ടു നിൽക്കാൻ ആഹ്വാനം ചെയ്തത്. ‘സദ്ദു ദ്ദരീഅ’ (ഹറാമിലേക്ക് നയിക്കുന്നത് തടയുക) എന്നത് ഇസ് ലാമിക കർമ്മ ശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ട അടിസ്ഥാനമാണ്.
പ്രവാചക സ്നേഹം എന്നത് പ്രവാചകനെ പിന്തുടരലാണ്. പ്രവാചകൻ ഏതൊരു ആദർശത്തിന്റെ സംസ്ഥാപനത്തിന് നിലകൊണ്ടുവോ അതിന്നായി ജീവിതം സമർപ്പിക്കലാണ്. പ്രസ്തുത അധ്യാപനങ്ങൾക്ക് വിരുദ്ധമായി തിരുമേനിയെ പാടിപ്പുകഴ്ത്തുകയും ബഹുദൈവത്വപരമായ കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുകയല്ല. അല്ലാഹു പറഞ്ഞു: അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്തവരും അദ്ദേഹത്തിന്ന് അവതരിച്ച പ്രകാശത്തെ പിന്തുടരുകയും ചെയ്തവരാരോ അവർ മാത്രമാണ് വിജയികൾ. (അൽ അഅ്റാഫ് 157)
“പറയുക. നിങ്ങൾ അല്ലാഹുവെ ഇഷ്ടപ്പെടുന്നുവെങ്കിൽ എന്നെ പിൻപറ്റുക. എങ്കിൽ അല്ലാഹുവും നിങ്ങളെ ഇഷ്ടപ്പെടും” (ആലു ഇംറാൻ 31).