അടിസ്ഥാന യോഗ്യത ഇല്ലാത്തവര്‍ ദീനീ വിജ്ഞാന രംഗത്ത് ഇടപെടുമ്പോള്‍
അഹ്‌മദ് ഇസ്മാഈല്‍ സുഊദ്
സ്വഹീഹുല്‍ ബുഖാരിയുള്‍പ്പെടെയുള്ള ഹദീസ് ഗ്രന്ഥങ്ങളെയും അബൂഹുറൈറയുള്‍പ്പെടെയുള്ള സ്വഹാബികളെയും കുറിച്ച് ഇന്ന് ചിലയാളുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത് തികഞ്ഞ അജ്ഞതയാണ്. വൈജ്ഞാനിക യോഗ്യത ഇല്ലാത്ത അവര്‍ക്ക് തങ്ങള്‍ക്ക് വിവരമില്ല എന്ന കാര്യം പോലും അറിയില്ല എന്നതാണ് വാസ്തവം. അറിയാത്ത വിഷയങ്ങളില്‍ ഇടപെട്ട് അവര്‍ വഴിതെറ്റുന്നു, മറ്റുള്ളവരെ വഴിതെറ്റിക്കുന്നു. ഇരട്ട ദുരന്തം എന്നു പറയാം.
സാധാരണക്കാരും
ഇസ്‌ലാമിക പ്രമാണങ്ങളും
ഇസ്‌ലാമിക സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ഇസ് ലാമിക വിജ്ഞാനം ലഭ്യമാക്കേണ്ടത് പണ്ഡിതന്മാരാണ്. എന്നാല്‍ നവോത്ഥാനത്തിന്റെ ഫലമായി, സാധാരണക്കാര്‍ക്കും പ്രമാണങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന തടസ്സം നീങ്ങി അവർക്ക് ഖുര്‍ആനും സുന്നത്തുമായി നേരിട്ട് ഇടപഴകാന്‍ അവസരം ഉണ്ടായതോടൊപ്പം ചിലയാളുകൾ ദീനീ വിജ്ഞാനം നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടായി എന്നതും കാണാതിരുന്നുകൂടാ.
ഇതിലൂടെ ഇജ്തിഹാദി ചിന്ത വളര്‍ത്താന്‍ കഴിഞ്ഞു. വ്യക്തികളെ വിശുദ്ധവല്‍ക്കരിക്കുന്നത് കുറച്ചു കൊണ്ടുവരാനായി. ചില അഭിപ്രായങ്ങളോട് പക്ഷം പിടിക്കുന്ന സ്വഭാവം ഇല്ലാതാക്കാന്‍ പറ്റി. യാഥാസ്ഥിതികത്വം തുറന്നുകാട്ടപ്പെട്ടു.
അതേസമയം ഏതൊരു വിഷയം പഠിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട വ്യത്യസ്ത തലങ്ങള്‍ അഗാധമായി പരിശോധിക്കുകയും തദ്വിഷയകമായി മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുകയും വേണമല്ലോ.
അവരും പണ്ഡിതന്മാര്‍
ഞങ്ങളും പണ്ഡിതന്മാര്‍
അവരും പണ്ഡിതന്മാരാണ്, ഞങ്ങളും പണ്ഡിതന്മാരാണ്, ഞങ്ങള്‍ അവര്‍ക്ക് തുല്യരല്ലെ? എന്നൊരു അവകാശ വാദത്തിലേക്ക് ഇത് വികസിച്ചിട്ടുണ്ട്. ഇസ്്ലാമിക വിഷയങ്ങളില്‍ അഗാധജ്ഞാനവും വിധിനിര്‍ധാരണ ശേഷിയുമുള്ള പണ്ഡിതന്മാരെ പോലെ സാധാരണക്കാര്‍ക്കും മതവിഷയങ്ങളില്‍ ഇടപെടാനും വിധി പറയാനും അവകാശമുണ്ട് എന്ന പതനത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. വിഷയങ്ങള്‍ ഉപരിപ്ലവമായി മനസ്സിലാക്കിയും ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഗ്രഹിക്കാതെയും കര്‍മങ്ങളുടെ ക്രമം നിശ്ചയിച്ചതിലെ യുക്തി അറിയാതെയും തെറ്റു തിരുത്തുമ്പോള്‍ പാലിക്കേണ്ട മുന്‍ഗണനാ ക്രമം ഉള്‍ക്കൊള്ളാതെയും മുന്നോട്ടു പോകുന്ന അവര്‍ പാരമ്പര്യ പൈതൃകപാഠശാലകളിലേക്ക് തിരിച്ചുവരാന്‍ കൂട്ടാക്കുന്നില്ല.
'അവരും പണ്ഡിതന്മാര്‍, ഞങ്ങളും പണ്ഡിതന്മാര്‍' എന്നതാണവരുടെ ന്യായം. മതവിജ്ഞാനീയങ്ങളില്‍ സ്‌പെഷലൈസേഷന്‍ വേണ്ടതില്ല, വാച്ച് റിപ്പയര്‍ക്കും പെട്രോളിയം എഞ്ചിനീയര്‍ക്കും സിവില്‍ എഞ്ചിനീയര്‍ക്കും ഡോക്ടര്‍ക്കും കവിക്കും കാഥികനും സംഗീതജ്ഞനുമെല്ലാം ദീനീവിജ്ഞാന മേഖലയില്‍ സ്വന്തമായും സ്വതന്ത്രമായും അഭിപ്രായം പറയാം!
ഖുര്‍ആനും സുന്നത്തും കൈകാര്യം ചെയ്യാം, അതിന് ദീനീ പഠനാലയങ്ങളിലൊന്നും പോകേണ്ടതില്ല! ഇതിപ്പോൾ ലോകസാധാരണമായി കണ്ടുവരുന്ന പ്രവണതയാണ്.
പാരമ്പര്യ നിഷേധികള്‍
മേല്‍തലവും കടന്ന് ഈ പുത്തന്‍ വിവരദോഷികള്‍ സകല ഫിഖ്ഹി പാരമ്പര്യങ്ങളെയും നിരന്തരമായി ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ നവോത്ഥാന വാദികളും പാരമ്പര്യത്തിന്റെ ഇരുട്ടറകളിലേക്ക് മാറ്റത്തിന്റെ വെളിച്ചം കടത്തിവിടുന്നവരുമാണെന്ന് അഭിമാനിക്കുന്നു. ഫിഖ്ഹിന്റെ അടിസ്ഥാനങ്ങളിലേക്ക് മടങ്ങണമെന്നു പറയുമ്പോള്‍ അത് ഫിഖ്ഹിനെ വിഗ്രഹവല്‍ക്കരിക്കലാണെന്ന് കുറ്റപ്പെടുത്തുന്നു. നവീകരണത്തിന്റെ പേരില്‍ ഫിഖ്ഹിനെ കൊച്ചാക്കുന്നു. അതുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും അനുചിതമായി കൈകാര്യം ചെയ്യുന്നു. ഈ ഇനത്തില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യപ്പെടുന്നവരിലൊരാള്‍ ഇമാം ശാഫിഈ ആണ്. 'ഇമാം ശാഫിഈയുടെയും മറ്റും മാനദണ്ഡങ്ങളും നിര്‍ണയങ്ങളും ആധുനിക കാലത്തിനു പറ്റില്ല എന്നാണിവരുടെ വാദം. ഇമാം അഹ് മദ്, ഇമാം ശാഫിഈ, ഇമാം അബൂഹനീഫ, ഇമാം മാലിക് എന്നിവരുടെ മദ്ഹബുകളെ വ്യത്യസ്തരായ നാലുപേരുടെ വ്യത്യസ്ത ചിന്താസരണികള്‍ എന്നല്ലാതെ അവയെ ഇസ് ലാമിക പണ്ഡിത സമൂഹത്തിന്റെ വേര്‍പ്പെടുത്തരുതാത്തതും ക്രമബദ്ധവുമായ സംഭാവനയായി അവര്‍ കാണുന്നില്ല. അഗാധമായ പാണ്ഡിത്യവും ഇജ്തിഹാദി കഴിവുമുള്ള പണ്ഡിതന്മാരെ പോലെ ആര്‍ക്കും മതവിഷയങ്ങളില്‍ ഇടപെടാം എന്ന തരത്തില്‍ ഇസ് ലാമിക വൈജ്ഞാനിക മേഖലയില്‍ ആധികാരികമെന്നോണം അവര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. തെറ്റു തിരുത്തല്‍, നേരെയാക്കല്‍, ഇജ്തിഹാദ്, നവീകരണം എന്നീ പേരുകളില്‍ പ്രമാണങ്ങളെ മാനദണ്ഡങ്ങളിലൂടെ മനസ്സിലാക്കാതെ തങ്ങള്‍ക്ക് തോന്നിയതുപോലെ വ്യാഖ്യാനിച്ചുകൊണ്ട് അവര്‍ പുത്തന്‍ പരിഷ്‌കരണ വാദികളായി ചമയുന്നു.
ഖാദി അബ്ദുല്‍ വഹ്്ഹാബ് ബ്‌നു നസ്വ് ര്‍ അല്‍മാലികി(റ)യുടെ താഴെ ഈരടിയെ അന്വര്‍ഥമാക്കുന്നതാണ് മേല്‍ പ്രവണത.
وإِنَّ تَرَفُّعَ الوُضُعَاءِ يَوْمًا عَلَى الرُّفَعَاءِ مِنْ إِحْدَى البَلَايَا
إِذَا اسْتَوَتْ الأَسَافِلُ والأَعَالِي فَقَدْ طَابَتْ مُنَادَمَةُ المَنَايَا
'എന്നെങ്കിലും ഉന്നതന്മാരേക്കാള്‍ അധമന്മാര്‍ ഉയര്‍ത്തപ്പെടുന്ന പക്ഷം അത് ഒരു പരീക്ഷണമാണ്. മേലെയും താഴെയും സമമായാല്‍ മരണവുമായി സല്ലപിക്കുന്നതാണ് പിന്നെ നന്നാവുക'
ഹദീസ് പണ്ഡിതന്മാര്‍ ഫാര്‍മസിസ്റ്റുകള്‍, കര്‍മശാസ്ത്രപണ്ഡിതന്മാര്‍ ഡോക്ടര്‍മാര്‍
ഈ അപചയത്തിന്റെ അടിസ്ഥാന കാരണം അയോഗ്യര്‍ രംഗം വാഴാന്‍ ശ്രമിക്കുന്നതാണ്. യഥാര്‍ഥത്തില്‍ ഹദീസു പണ്ഡിതന്മാര്‍ ഫാര്‍മസിസ്റ്റുകളും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഡോക്ടര്‍മാരുമാണ്. സുന്നത്തു കൃതികളെ സുന്നത്തീ ഫാര്‍മസി എന്നു വിളിക്കാം. ഖുര്‍ആനിലെയും സുന്നത്തിലെയും പ്രമാണങ്ങള്‍ ശമന ക്ഷമമായ ഔഷധങ്ങളാണ്. പക്ഷെ, ഈ മരുന്നുകള്‍ കുട്ടികള്‍ക്ക് എടുത്തുപയോഗിക്കാന്‍ പറ്റാത്ത അകലത്തില്‍ മാറ്റിവെക്കണം. ഇല്ലെങ്കില്‍ കൃമികീട സമാനരായ ചിലര്‍ ബുഖാരിയെപോലുള്ളവരുടെ മേല്‍ കൈവെക്കാന്‍ ധൃഷ്ടരാവും. നമ്മുടെ മുമ്പിലുള്ള സ്വിഹാഹുകളും മുസ്‌നദുകളും സുനനുകളും ജാമിഉകളും മുഅ്ജമുകളുമെല്ലാം ഫാര്‍മസികളാണ്. പരിഗണനീയനും അവലംബനീയനും യോഗ്യനുമായ പണ്ഡിതനെന്ന വൈദ്യന്റെ കുറിപ്പടിക്കനുസരിച്ച് കൃത്യമായ അളവില്‍, അതീവ കരുതലോടെ വേണം മരുന്നുകള്‍ എടുത്തുകൊടുക്കാന്‍. മരുന്നു തെറ്റിയാല്‍ മാത്രമല്ല, അളവു തെറ്റിയാലും മരണമാകും ഫലം.!
ഒരിക്കല്‍ കൂടി പറയട്ടെ, നബി(സ)യുടെ ഹദീസുകളെ 'ബാലജ്ഞാനികള്‍' എടുത്ത് കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കണം. ഇത്തരക്കാര്‍ കുട്ടികളെക്കാള്‍ അപകടകാരികളാണ്. കുട്ടികള്‍ അപകടത്തിലേക്ക് നീങ്ങിയാല്‍ അല്ലാഹു അവരെ അതില്‍നിന്ന് രക്ഷിച്ചെന്നു വരും. എന്നാല്‍ ഇത്തരം മുറിവൈദ്യന്മാരുണ്ടാക്കുന്ന നാശം സമുദായത്തെ മൊത്തം കൊലക്കുകൊടുക്കും. തിന്മയെ നന്മയായും നന്മയെ തിന്മയായും അവതരിപ്പിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇസ് ലാമിക ശരീഅത്തിന്റെ സന്മാര്‍ഗം ജനങ്ങള്‍ക്ക് ലഭ്യമാവാതെ വരും.
مَتَى تَصِلُ العِطَاشُ إِلى ارْتِوَاءٍ إِذَا اسْتَقَتِ البِحَارُ مِن الرَّكَايَا
'കടലുകള്‍-മഹാപണ്ഡിതന്മാര്‍- കിണറുകളി-അല്‍പജ്ഞാനികള്‍- ല്‍നിന്ന് വെള്ളം കുടിക്കേണ്ടി വന്നാല്‍ ദാഹാര്‍ത്തര്‍ക്കെങ്ങനെ ദാഹം ശമിക്കും? എന്ന് കവിവചനം.
ഇമാം ശാഫിഈ, ഇമാം ബുഖാരി മുതലായവരെ പോലുള്ള ജ്ഞാനസാഗരങ്ങളിലേക്ക് അയോഗ്യരായ അല്‍പജ്ഞാനികള്‍ വെള്ളം കോരിയൊഴിച്ച് സഹായിക്കാന്‍ നോക്കുന്നത് എന്തുമാത്രം വൃഥാവേലയാണ്!
(സിറിയൻ എഴുത്തുകാരനാണ് ലേഖകൻ)