സത്യനിഷേധത്തെ തൃപ്തിപ്പെടുക, ഇസ്‌ലാമിനെ തൃപ്തിപ്പെടാതിരിക്കുക

ഡോ. മുഹമ്മദ് നഈം യാസീന്‍‌‌
img

(സത്യവിശ്വാസി സത്യനിഷേധിയാകുന്നതെപ്പോള്‍-2)

രണ്ടു ശഹാദത്തു കലിമകളെ ദുര്‍ബലപ്പെടുത്തുന്നവയായി നേരത്തെ വിശദീകരിച്ച കാരണങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രമാണ്. അവയ്ക്കു പുറമെയും കാരണങ്ങളുണ്ട്. നേരത്തെ വിശദീകരിച്ചവയില്‍ പെടില്ലെന്ന് നമുക്ക് തോന്നാവുന്നതും, എന്നാല്‍ രണ്ടു ശഹാദത്ത് കലിമകളെ യഥാര്‍ഥത്തില്‍ ലംഘിക്കുന്നതും തൗഹീദിനെയും രിസാലത്തിനെയും നിഷേധിക്കുന്നതുമായ പ്രവണതയാണ്, സത്യനിഷേധത്തെ തൃപ്തിപ്പെടുന്നതും ഇസ്‌ലാമിനെ പരമമായി തൃപ്തിപ്പെടാതിരിക്കുന്നതും.1
രണ്ട് ശഹാദത്ത് കലിമകളെ നിരാകരിച്ചവനെ ഞാന്‍ ശരിവെച്ചു, അവ രണ്ടും ഉച്ചരിച്ചവനെ ഞാന്‍ കളവാക്കി എന്നാരെങ്കിലും പ്രസ്താവിച്ചാല്‍ അത്തരക്കാര്‍ സത്യനിഷധികളായി എന്നതില്‍ സംശയമില്ല; അത്തരം പ്രസ്താവനകള്‍ കേവല ഭംഗിവാക്കായാണ് പറയുന്നതെങ്കിലും. അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രയോഗ പരിചയത്തില്‍ വരുന്ന ഇത്തരം വാക്കുകളും പ്രവൃത്തികളും അവസ്ഥകളുമുണ്ട്. സത്യനിഷേധിയായവനെ ഞാന്‍ ശരിവെക്കുന്നു, ഇസ്്ലാം ആശ്ലേഷിച്ചവനെ ഞാന്‍ കളവാക്കുന്നു മുതലായവ ഭാഷയിലെ പ്രയോഗത്തിനുദാഹരണമാണ്. ഇത്തരം പ്രസ്താവനകള്‍ ഇസ്്ലാമില്‍നിന്ന് പുറത്തു പോകാന്‍ കാരണമാവും.
സത്യനിഷേധത്തെ തൃപ്തിപ്പെടുന്നതിന്റെ ഉദാഹരണങ്ങള്‍: നിരീശ്വര വാദികളും മതപരിത്യാഗികളും ബഹുദൈവ വിശ്വാസികളും സത്യനിഷേധികളല്ലെന്ന് വാദിക്കുക. അഥവാ, സത്യനിഷേധികളാണെന്ന വസ്തുത നിഷേധിക്കുക, സത്യനിഷേധപരമായ ചിന്താസരണികളെ ശരിവെക്കുക.2

ഒരു വ്യക്തിയോ, സംഘമോ, ചിന്താസരണിയോ, ഗ്രൂപ്പോ, മതവിഭാഗമോ വ്യക്തമായ സത്യനിഷേധത്തിന്റെ വക്താക്കളാണെന്ന് ഒരാള്‍ മനസ്സിലാക്കുകയും എന്നാല്‍ അവര്‍ സത്യനിഷേധികളല്ലെന്നും മതപരിത്യാഗികളല്ലെന്നും അയാള്‍ വിശ്വസിക്കുകയും ചെയ്താല്‍, അഥവാ, അവരുടെ ചിന്താസരണി സുബദ്ധമാണെന്ന് അയാള്‍ പറഞ്ഞാല്‍ അത്തരക്കാരും സത്യനിഷേധ വൃത്തത്തില്‍ പ്രവേശിച്ചു.

തത്ത്വം പ്രയോഗവല്‍ക്കരിക്കുന്നതില്‍ സൂക്ഷ്മത വേണം
ഇത്തരക്കാരെ മതപരിത്യാഗികളെന്ന് വിധിക്കണമെങ്കില്‍, വിധിക്കുന്നവര്‍ക്ക് തങ്ങള്‍ മുസ്്ലിമല്ലെന്നും സത്യനിഷേധി ആണെന്നും വിധിക്കുന്നവരുടെ യാഥാര്‍ഥ്യം അറിഞ്ഞിരിക്കണം. അവര്‍ക്ക് അവരുടെ യാഥാര്‍ഥ്യവും അവരുടെ സത്യനിഷേധവും അറിയില്ലെങ്കില്‍ എടുത്തുചാടി അവര്‍ മതപരിത്യാഗികളാണെന്ന് വിധിക്കാവതല്ല. സംശയം ബാക്കിയാകാത്ത വിധം അവര്‍ക്ക് ശരിയായ വിശദീകരണം നല്‍കണം. അതിനുശേഷം നിഷേധിച്ചാല്‍ അത് മതപരിത്യാഗവും സത്യനിഷേധവുമായി പരിഗണിക്കണം. നിഷേധം പിഴച്ച ചിന്തയെ ദത്തെടുക്കലും അത് ശരിയാണെന്ന് സമ്മതിക്കലുമാണ്.

യഹൂദികളും ക്രൈസ്തവരും മജൂസികളും മറ്റും പിഴച്ചവരാണെന്നത് മുമ്പെ വളരെ വ്യക്തമായിക്കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ അത്തരക്കാരുടെ സത്യനിഷേധത്തെ നിരാകരിക്കുന്നവര്‍ സത്യനിഷേധികളാവുന്നതാണ്.
അതേസമയം ഇത്തരം ചില വിഭാഗങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നവയാകണമെന്നില്ല. അവയുടെ സത്യനിഷേധപരമായ ആശയങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവുണ്ടാകണമെന്നുമില്ല. ആയതിനാല്‍, അത്തരം ആശയങ്ങള്‍ പിന്‍പറ്റിയതിന്റെ പേരില്‍ മതപരിത്യാഗിയായി എന്ന് ആളുകളെ പറ്റി വിധി പറയുന്നതില്‍ അവധാനത പുലര്‍ത്തണം. സംശയരഹിതമായ തീര്‍ച്ച ലഭിക്കണം. ഇത്തരം ചിന്താസരണികളുടെയും ഗ്രൂപ്പുകളുടെയും സത്യനിഷേധപരമായ നിലപാടുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയിരിക്കണം.3 വിശേഷിച്ച്, ഇത്തരം ചില ചിന്താവിഭാഗങ്ങള്‍ തങ്ങള്‍ മുസ്്ലിംകളാണെന്ന് അവകാശപ്പെടുകയും തങ്ങള്‍ ഇസ്്ലാമുമായി ബന്ധപ്പെട്ട ഒന്നും നിഷേധിക്കുന്നില്ലെന്നും ജനങ്ങളുടെ മുമ്പാകെ അഭിനയിക്കുകയും തങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെല്ലാം അവരില്‍നിന്ന് മറച്ചുവെക്കുകയും ചെയ്യുന്നു. അവര്‍ അകമെ മറച്ചു വെക്കുന്നവ വ്യക്തമായും ഇസ് ലാമിക തത്ത്വങ്ങള്‍ക്ക് മുഴുവനായോ ഭാഗികമായോ വിരുദ്ധമായിരിക്കും.

നിഷേധിച്ചാല്‍ അതുമൂലം കാഫിറാകുമെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ചഭിപ്രായപ്പെട്ട ഏതെങ്കിലും കാര്യം നിഷേധിച്ചാല്‍ മാത്രമെ ഇത്തരക്കാരെ കാഫിറായി മുദ്രകുത്താവൂ. പരിഗണനീയരായ ചില പണ്ഡിതന്മാര്‍, നിഷേധിയാവുമെന്നും മറ്റു ചില പണ്ഡിതന്മാര്‍, നിഷേധിയാവില്ലെന്നും അഭിപ്രായപ്പെട്ട കാര്യമാണെങ്കില്‍ അവരെ കാഫിറായി ഗണിക്കാവതല്ല. ഖവാരിജുകള്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങളെ, പണ്ഡിതന്മാര്‍ കാഫിറുകളായി വിധിയെഴുതാതിരുന്നത് ഉദാഹരണം. നമസ്‌കാരം നിര്‍ബന്ധമാണെന്നത് നിഷേധിക്കാതെത്തന്നെ ബോധപൂര്‍വം നമസ്‌കാരം ഉപേക്ഷിക്കുന്നവരെ നിഷേധികളായി കാണാവതല്ല. ഈ ഉപാധികള്‍ പൂര്‍ത്തിയാവുകയും, കാഫിറുകളുടെ കുഫ്‌റിനെ ഒരു മുസ്്ലിം നിഷേധിക്കുകയും അവരുടെ നിലപാടിനെ ശരിവെക്കുകയും ചെയ്താല്‍, അത്തരക്കാര്‍, അവരെ സത്യനിഷേധത്തില്‍ പ്രവേശിച്ച ആദര്‍ശ കാരണമെന്തോ, യഥാര്‍ഥത്തില്‍ അത് അയാളും വിശ്വസിച്ച് സംസാരിക്കുന്നതായി പരിഗണിക്കപ്പെടും. അതോടെ നേരത്തെ അയാള്‍ ഉച്ചരിച്ച രണ്ട് സത്യസാക്ഷ്യവചനങ്ങള്‍ അയാള്‍ ലംഘിച്ചവനായിത്തീരും. മറ്റൊരു വിധം പറഞ്ഞാല്‍, അവരെ പോലുള്ളവര്‍ നിഷേധിക്കുന്ന പ്രമാണങ്ങളെയും തെളിവുകളെയും അയാളും നിരാകരിച്ചവനാവും. അതുവഴി അവരെ പോലെ അയാളും നിഷേധിയാവും.

സത്യനിഷേധികളുമായി ആത്മാര്‍ഥ സ്‌നേഹബന്ധം സ്ഥാപിക്കുക, അവരുടെ ദീനിനോട് യോജിപ്പ് പ്രകടിപ്പിക്കുക.
അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്തിന് അര്‍ഹതയുണ്ടെന്നതിനെ നിഷേധിക്കുക, എന്നതാണ്  'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റെ ആശയം എന്ന് നിങ്ങള്‍ക്കറിയാം. ഈ അര്‍ഹത അല്ലാഹുവിന് മാത്രമാണെന്ന് മനസ്സിലാക്കുന്നതിനും അപ്പുറമാണ് ഈ വിശ്വാസതലം.
أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَۖ
'നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും ദൈവേതര ശക്തിയെ വെടിയുകയും ചെയ്യുക. (നഹ്്ല്‍ 36) അല്ലാഹു അല്ലാത്ത ദൈവങ്ങളെ വെടിയുന്നതോടൊപ്പം അല്ലാഹുവിന്നല്ലാതെ അര്‍പ്പിക്കാന്‍ പാടില്ലാത്ത ഇബാദത്തുകളില്‍ ഒന്നുപോലും മറ്റൊരു സൃഷ്ടിയും അര്‍ഹിക്കുന്നില്ലെന്ന് സമ്മതിക്കുകയും വേണം. ഈ വസ്തുത മുസ്്ലിം സമുദായത്തിന്റെ അവിതര്‍ക്കിതവും ഏകകണ്ഠവുമായ നിലപാടാണ്.
സത്യനിഷേധികളുടെ സവിശേഷതകളില്‍ ഏറ്റവും പ്രകടം അവര്‍ അല്ലാഹുവിനെ ഇബാദത്ത് ചെയ്യേണ്ടവിധം ഇബാദത്ത് ചെയ്യുന്നില്ല, അല്ലാഹുവിനൊപ്പം ഇബാദത്തില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കുന്നു, പ്രവാചകത്വ ദൗത്യത്തെ നിരാകരിക്കുന്നു. നബി(സ)യെ ആക്ഷേപിക്കുന്നു, ഇസ്‌ലാമിനും രണ്ട് ശഹാദത്തു കലിമകള്‍ക്കും വിരുദ്ധമായ മറ്റു കാര്യങ്ങള്‍ ചെയ്യുന്നു എന്നിവയാണ്.

മേല്‍ രണ്ട് സുസമ്മത തത്ത്വങ്ങളെ- അല്ലാഹുവിനു മാത്രമെ ഇബാദത്ത് പാടുള്ളൂ, അവന്‍ അല്ലാത്തവര്‍ക്കുള്ള ഇബാദത്ത് പാടില്ല- അടിസ്ഥാനമാക്കി സത്യവിശ്വാസികള്‍ അല്ലാഹുവിന്റെയും അവന്റെ ദീനിന്റെയും ശത്രുക്കളുടെ നേരെ -അവിശ്വാസികള്‍ ബഹുദൈവവാദികള്‍, മതപരിത്യാഗികള്‍- സ്വീകരിക്കേണ്ട നിലപാട് കൃത്യമായിരിക്കണം. സത്യവിശ്വാസി എന്ന നിലയില്‍ താന്‍ ഏത് പരിധിയില്‍നില്‍ക്കണം? മറികടക്കാന്‍ പാടില്ലാത്ത പരിധി ഏത്? എന്നിവയെപ്പറ്റി വ്യക്തമായ ധാരണയുണ്ടാവണം. സത്യനിഷേധികളുമായുള്ള ഇടപഴക്കത്തിലും ബന്ധങ്ങളിലും തന്റെ ദീനും ഈമാനും സുരക്ഷിതമായിരിക്കാന്‍ ആവശ്യമായ നിലപാടുണ്ടാവണം. ആ പരിധിയില്‍ നില്‍ക്കുക എന്നതിന്റെ വിവക്ഷ അവരുടെ ദീനുമായി യോജിക്കുന്നു, സത്യനിഷേധത്തെ തൃപ്തിപ്പെടുന്നു എന്ന് മനസ്സിലാക്കപ്പെടാന്‍ കഴിയാത്തവിധം വ്യക്തവും കൃത്യവുമാവണം. ഒരു മുസ്്ലിം ഈ പരിധി ലംഘിക്കുകയും സത്യനിഷേധികളെ അനുസരിക്കുകയും അവരുടെ ദീനുമായി യോജിപ്പ് പ്രകടിപ്പിക്കുകയും സഹായവും സമ്പത്തും കൊണ്ട് അവരെ പിന്തുണക്കുകയും അവരുമായി ആത്മാര്‍ഥമായ സ്‌നേഹബന്ധം സ്ഥാപിക്കുകയും മുസ്്ലിംകളുമായി ബന്ധം വിച്ഛേദിക്കുകയും മുസ്്ലിംകളുമായുള്ള ബന്ധത്തേക്കാള്‍ അവരുമായുള്ള ബന്ധത്തെ ഉയര്‍ത്തിക്കാട്ടുകയും അമുസ്്ലിംകളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി മുസ്്ലിംകളെ ബലികൊടുക്കുകയും ചെയ്യുന്നവര്‍ അതുവഴി അവരിലൊരാളായി മാറുകയും മതപരിത്യാഗിയായി പരിണമിക്കുകയും ചെയ്യും. അല്ലാഹുവിനോടും അവന്റെ ദൂതനോടും കടുത്ത ശത്രുതയുള്ള നിഷേധിയാവും. നിര്‍ബന്ധിതാവസ്ഥയില്‍ അത്തരം നിലപാടെടുക്കേണ്ടി വരുന്നവര്‍ മാത്രമെ ഈ ഗണത്തില്‍ പെടാതിരിക്കുകയുള്ളൂ. ഉദാഹരണമായി, സത്യനിഷേധികളുടെ ഭരണത്തിനു കീഴില്‍ കഴിയുകയും അവരുടെ മിഥ്യയെ അനുസരിക്കാന്‍ കല്‍പ്പിക്കപ്പെടുകയും വധിക്കപ്പെടുമെന്ന് ഭീഷണി നേരിടുകയും ശിക്ഷാവിധേയനാവുകയും ചെയ്യുന്ന ആള്‍ക്ക് അത്തരം ഘട്ടങ്ങളില്‍ മാത്രം ഹൃദയംഗമമായ വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് നാവുകൊണ്ടുമാത്രം അവരോട് യോജിപ്പ് പ്രകടിപ്പിക്കാവുന്നതാണ്. ഈ നിലപാടും രണ്ട് സത്യസാക്ഷ്യ വചനങ്ങളുടെ പരിധിയില്‍ വരുന്നതാണ്. സത്യനിഷേധികളുമായി ആദര്‍ശ വിരുദ്ധമായ ചങ്ങാത്തം ഉണ്ടാകരുതെന്ന് ഖുര്‍ആന്‍ ധാരാളം സൂക്തങ്ങളിലൂടെ വിശദമാക്കിയതാണ്. മാനുഷികമായ ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ആദര്‍ശപരമായ ശാത്രവം ഉണ്ടാവണമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ധാരാളം സൂക്തങ്ങള്‍ പ്രത്യക്ഷമായിത്തന്നെ ഈ ബാധ്യത നിര്‍വഹിക്കാത്തവര്‍ സത്യനിഷേധികളും മതപരിത്യാഗികളുമാണെന്നും സ്ഥാപിക്കുന്നുണ്ട്. രണ്ട് ശഹാദത്ത് കലിമകളും സൂചിപ്പിക്കുന്ന ആശയവും സത്യനിഷേധികളുമായി ആദര്‍ശ വിരുദ്ധമായ ബാന്ധവം പാടില്ലെന്ന് പഠിപ്പിക്കുന്ന സൂക്തങ്ങളും ചേര്‍ത്തു വായിച്ചാല്‍ മേല്‍ സൂക്തങ്ങളെ തല്‍സ്ഥിതിയില്‍, യാഥാര്‍ഥ്യനിഷ്ഠമായി, വ്യാഖ്യാനിക്കാതെ മനസ്സിലാക്കണമെന്ന് ബോധ്യമാവും. ഈ വിഷയകമായി ധാരാളം സൂക്തങ്ങളുണ്ടെങ്കിലും തൗഹീദും അല്ലാഹുവിനുള്ള ഇബാദത്തും പ്രതിപാദിക്കുന്ന പശ്ചാത്തലത്തില്‍ വന്ന ചില സൂക്തങ്ങള്‍ ഉദ്ധരിക്കാം:
لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةًۗ 
'സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. അങ്ങനെ വല്ലവനും ചെയ്യുന്നപക്ഷം അല്ലാഹുവുമായി അവന് യാതൊരു ബന്ധവുമില്ല. നിങ്ങള്‍ അവരോട് ആത്മരക്ഷാർഥം കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ.' (ആലുഇംറാന്‍: 28)

മേല്‍ സൂക്തത്തിലൂടെ അല്ലാഹു, സത്യനിഷേധികളുമായി ആദര്‍ശ വിരുദ്ധമായ സ്‌നേഹ- ചങ്ങാത്ത ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കുന്നു. അത്തരം ബന്ധങ്ങള്‍ സ്ഥാപിക്കുന്നവർക്ക് ആത്യന്തികമായി അല്ലാഹുവുമായി ഒരു ബന്ധവുമുണ്ടാവില്ല. മേല്‍സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നു ജരീര്‍ എഴുതുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ സത്യനിഷേധികളെ അവരുടെ മതത്തോട് സ്‌നേഹാഭിമുഖ്യം ഉണ്ടാകും വിധവും, സത്യവിശ്വാസികളെ മാറ്റിനിറുത്തി സത്യനിഷേധികളെ സഹായിക്കുന്ന തരത്തിലും, മുസ്്ലിംകളുടെ രഹസ്യങ്ങള്‍ അവര്‍ക്ക് കൈമാറും വിധവും അവരുമായി സ്‌നേഹബന്ധങ്ങള്‍ ഉണ്ടാക്കാവതല്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അയാള്‍ക്ക് അല്ലാഹുവുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല.

അയാള്‍ മതപരിത്യാഗി ആയതിനാലും സത്യനിഷേധത്തില്‍ പ്രവേശിച്ചതിനാലും അല്ലാഹു അയാളില്‍നിന്നും അയാള്‍ അല്ലാഹുവില്‍നിന്നും മുക്തരായി.
'നിങ്ങള്‍ ആത്മരക്ഷാർഥം അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ' എന്നത് 'ഹൃദയംഗമമായ ഈമാന്‍ ഉള്ളതോടൊപ്പം നിര്‍ബന്ധിക്കപ്പെടുന്നവനൊഴികെ' എന്ന മറ്റൊരു സൂക്തത്തിന്റെ സമാന ആശയമാണ്. അതായത്, ആദര്‍ശ ശത്രുക്കള്‍ക്കിടയില്‍ അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ ഹൃദയം നിറയെ ഈമാന്‍ കുടികൊള്ളുന്നതോടൊപ്പം അവരുമായി ഇടപഴകി ജീവിക്കുക എന്നാണ്. അതോടൊപ്പം സത്യനിഷേധത്തിനും അല്ലാഹുവിന്റെ ശത്രുക്കള്‍ക്കുമെതിരില്‍ ആദർശപരമായ വെറുപ്പുമുണ്ടായിരിക്കുകയും വേണം. ഇബ്‌നു ജരീര്‍ എഴുതുന്നു:
'നിങ്ങള്‍ ഭക്തിപുലര്‍ത്തുകയും അവരോട് ആദര്‍ശപരമായ ശത്രുത അകമെ സൂക്ഷിക്കുകയും അവരുടെ സത്യനിഷേധത്തോടൊപ്പം ചേരാതിരിക്കുകയും ഏതെങ്കിലും മുസ് ലിമിനെതിരില്‍ ഏതെങ്കിലും പ്രവൃത്തികൊണ്ട് സഹായിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലല്ലാതെ' എന്നാണ്.5
നിര്‍ബന്ധിതാവസ്ഥയുടെ പരിധി ഏതുവരെ എന്നതു സംബന്ധിച്ച ചര്‍ച്ച ശേഷം വരുന്നുണ്ട്.

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَۘ بَعْضُهُمْ أَوْلِيَاءُ بَعْضٍۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٥١﴾ فَتَرَى الَّذِينَ فِي قُلُوبِهِم مَّرَضٌ يُسَارِعُونَ فِيهِمْ يَقُولُونَ نَخْشَىٰ أَن تُصِيبَنَا دَائِرَةٌۚ فَعَسَى اللَّهُ أَن يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِّنْ عِندِهِ فَيُصْبِحُوا عَلَىٰ مَا أَسَرُّوا فِي أَنفُسِهِمْ نَادِمِينَ
'സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണുതാനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. എന്നാല്‍, മനസ്സുകള്‍ക്ക് രോഗം ബാധിച്ച ചില ആളുകള്‍ അവരുടെ കാര്യത്തില്‍ (അവരുമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നതില്‍) തിടുക്കം കൂട്ടുന്നതായി നിനക്ക് കാണാം. 'ഞങ്ങള്‍ക്ക് വല്ല വിപത്തും സംഭവിച്ചേക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു' എന്നായിരിക്കും അവര്‍ പറയുന്നത്. എന്നാല്‍ അല്ലാഹു (നിങ്ങള്‍ക്ക്) പൂര്‍ണ വിജയം നല്‍കുകയോ, അല്ലെങ്കില്‍ അവന്റെ പക്കല്‍നിന്ന് മറ്റു വല്ല നടപടിയും ഉണ്ടാവുകയോ ചെയ്‌തേക്കാം. അപ്പോള്‍ തങ്ങളുടെ മനസ്സുകളില്‍ രഹസ്യമാക്കിവെച്ചതിനെപ്പറ്റി ഈ കൂട്ടര്‍ ഖേദിക്കുന്നവരായിത്തീരും.' (മാഇദ 51,52)

യഹൂദ-ക്രൈസ്തവ വിഭാഗങ്ങളുമായി ആദര്‍ശ വിരുദ്ധമായ സ്‌നേഹബന്ധങ്ങള്‍ പാടില്ലെന്ന് മേല്‍സൂക്തം വിലക്കുന്നു. അവരുമായി അത്തരം ചങ്ങാത്തം സ്ഥാപിക്കുന്നവര്‍ അവരില്‍ പെട്ടവരാണെന്ന് വിധിക്കുന്നു. യഹൂദിയോട് ആത്മബന്ധം സ്ഥാപിക്കുന്നവന്‍ യഹൂദിയും ക്രൈസ്തവരോട് ആത്മബന്ധം സ്ഥാപിക്കുന്നവന്‍ ക്രൈസ്തവനുമായിരിക്കും. മറ്റേതൊരു സത്യനിഷേധിയുമായി ആദർശ വിരുദ്ധമായ ആത്മബന്ധം സ്ഥാപിക്കുന്നവനും അവരുടെ ഗണത്തില്‍ പെട്ടവനായിരിക്കും. അത്തരം ആത്മബന്ധം സ്ഥാപിക്കുന്നവര്‍ ആ സത്യനിഷേധികളുടെ വാദം ഏറ്റെടുത്തവരും അത് തൃപ്തിപ്പെടുന്നവരുമായാണ് പരിഗണിക്കപ്പെടുക. സത്യനിഷേധപരമായി രണ്ടുപേരും ഒരേ നിലവാരത്തില്‍ തന്നെ. മുഹമ്മദ് ബ്‌നു സീരീനില്‍നിന്ന് ഇബ്‌നു അബീ ഹാതിം ഉദ്ധരിക്കുന്നു: അബ്ദുല്ലാഹിബ്‌നു ഉത്ബ പറഞ്ഞു.

ليتق أحدكم أن يكون يهوديا أو نصرانيا وهو لا يشعر
'നിങ്ങളില്‍ ആരെങ്കിലും താന്‍ അറിയാതെ യഹൂദിയോ ക്രൈസ്തവനോ ആകുന്നത് സൂക്ഷിച്ചു കൊള്ളണം.' മേല്‍സൂക്തമാണ് ഈ പ്രസ്താവനക്കാധാരം.
യഹൂദരും ക്രൈസ്തവരുമായി ആത്മാര്‍ഥമായ സ്‌നേഹബന്ധം സ്ഥാപിച്ച ഇവര്‍ പറയുന്ന ഒഴികഴിവുകള്‍ അല്ലാഹു സ്വീകരിക്കുന്നില്ല. വേദവിശ്വാസികളെയും അവരുടെ കേന്ദ്രങ്ങളെയും സമ്പത്തുക്കളെയും ഭൗതിക സാധ്യതകളെയും സംബന്ധിച്ച ഭയമാണ് അവര്‍ എടുത്തു പറയുന്ന ഒഴികഴിവ്. പരിഗണനീയവും അല്ലാത്തതുമായ നിര്‍ബന്ധിതാവസ്ഥ ഏതാണെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം. (ഇത് പിന്നീട് വിശദീകരിക്കാം)
تَرَىٰ كَثِيرًا مِّنْهُمْ يَتَوَلَّوْنَ الَّذِينَ كَفَرُواۚ لَبِئْسَ مَا قَدَّمَتْ لَهُمْ أَنفُسُهُمْ أَن سَخِطَ اللَّهُ عَلَيْهِمْ وَفِي الْعَذَابِ هُمْ خَالِدُونَ ﴿٨٠﴾ وَلَوْ كَانُوا يُؤْمِنُونَ بِاللَّهِ وَالنَّبِيِّ وَمَا أُنزِلَ إِلَيْهِ مَا اتَّخَذُوهُمْ أَوْلِيَاءَ وَلَٰكِنَّ كَثِيرًا مِّنْهُمْ فَاسِقُونَ
'അവരിലധികപേരും സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നത് നിനക്ക് കാണാം. സ്വന്തത്തിനു വേണ്ടി അവര്‍ മുന്‍കൂട്ടി ഒരുക്കിവെച്ചിട്ടുള്ളത് വളരെ ചീത്തതന്നെ. (അതായത്) അല്ലാഹു അവരുടെ നേരെ കോപിച്ചിരിക്കുന്നു എന്നത്. ശിക്ഷയില്‍ അവര്‍ നിത്യവാസികളായിരിക്കുന്നതുമാണ്. അവര്‍ അല്ലാഹുവിലും നബിയിലും അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരുന്നുവെങ്കില്‍ അവരെ (സത്യനിഷേധികളെ) ഉറ്റമിത്രങ്ങളായി സ്വീകരിക്കുമായിരുന്നില്ല. പക്ഷെ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.' (മാഇദ 80,81)

അല്ലാഹുവിലും നബിയിലുമുള്ള വിശ്വാസം സത്യനിഷേധികളോട് ആദര്‍ശ വിരുദ്ധമായ ആത്മബന്ധം പാടില്ല എന്നതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അവരോട് ആത്മാര്‍ഥമായ അടുപ്പമുണ്ടെന്നതിന്റെ താല്‍പര്യം സത്യവിശ്വാസം ഇല്ല എന്നത്രെ. നിര്‍ബന്ധമായ വിശ്വാസം ഇല്ല എന്നതിന്റെ അര്‍ഥം അതിന്റെ അനിവാര്യ താല്‍പര്യമായ അല്ലാഹുവോടും നബി(സ)യോടുമാകേണ്ട ആത്മബന്ധം ഇല്ല എന്നാണ്. സത്യനിഷേധികളുമായി ആത്മബന്ധം സ്ഥാപിക്കുന്നതിന്റെ ഫലമായി അല്ലാഹുവിന്റെ കോപവും നരകത്തില്‍ ശാശ്വതവാസവും ഉറപ്പാണ്. സത്യവിശ്വാസികള്‍ സത്യനിഷേധികളുമായി ആദര്‍ശ വിരുദ്ധമായ സ്‌നേഹം പ്രകടിപ്പിക്കില്ലെന്നും യഥാര്‍ഥ സത്യവിശ്വാസികള്‍ അവരുമായി ആദർശപരമായ ശത്രുത പുലര്‍ത്തുന്നവരും സ്‌നേഹബന്ധം സ്ഥാപിക്കാത്തവരുമായിരിക്കുമെന്നും അല്ലാഹു വ്യക്തമാക്കുന്നു. സത്യനിഷേധികളുമായി സ്‌നേഹബന്ധം സ്ഥാപിക്കാതിരിക്കുക എന്നതിനെ അല്ലാഹു ശഹാദത്തു കലിമകളില്‍ എങ്ങനെയാണ് സന്നിവേശിപ്പിച്ചിരിക്കുന്നതെന്ന് ഇതേക്കുറിച്ച് നാം നേരത്തെ പരാമര്‍ശിക്കുകയുണ്ടായല്ലോ.

بَشِّرِ الْمُنَافِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا ﴿١٣٨﴾ الَّذِينَ يَتَّخِذُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَۚ أَيَبْتَغُونَ عِندَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّهِ جَمِيعًا 
'കപടവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന 'സന്തോഷവാര്‍ത്ത' നീ അവരെ അറിയിക്കുക. സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്‍. അവരുടെ (സത്യനിഷേധികളുടെ) അടുക്കല്‍ പ്രതാപം തേടിപ്പോകുകയാണോ അവര്‍? എന്നാല്‍ തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.' (നിസാഅ് 138,139)

സത്യനിഷേധിയുമായി ഒരു സത്യവിശ്വാസിയും ആദർശവിരുദ്ധമായ സ്‌നേഹബന്ധം സ്ഥാപിക്കുകയില്ല. അങ്ങനെ ബന്ധം സ്ഥാപിക്കുന്നവന്‍ സത്യവിശ്വാസിയല്ല. സത്യനിഷേധികളായ പിതാവും സഹോദരനും ബന്ധുക്കളുമായി സ്‌നേഹബന്ധം പാടില്ലെങ്കില്‍ ബന്ധുക്കളല്ലാത്ത സത്യനിഷേധികളുമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നത് കൂടുതല്‍ സത്യനിഷേധപരമാണ്.

إِنَّ الَّذِينَ ارْتَدُّوا عَلَىٰ أَدْبَارِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْهُدَىۙ الشَّيْطَانُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ ﴿٢٥﴾ ذَٰلِكَ بِأَنَّهُمْ قَالُوا لِلَّذِينَ كَرِهُوا مَا نَزَّلَ اللَّهُ سَنُطِيعُكُمْ فِي بَعْضِ الْأَمْرِۖ وَاللَّهُ يَعْلَمُ إِسْرَارَهُمْ ﴿٢٦﴾ فَكَيْفَ إِذَا تَوَفَّتْهُمُ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ ﴿٢٧﴾ ذَٰلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللَّهَ وَكَرِهُوا رِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ
'തങ്ങള്‍ക്ക് സന്മാര്‍ഗം വ്യക്തമായി കഴിഞ്ഞശേഷം പുറകോട്ട് തിരിച്ചുപോയവരാരോ, അവര്‍ക്ക് പിശാച് (തങ്ങളുടെ ചെയ്തികള്‍) അലംകൃതമായി തോന്നിച്ചിരിക്കുകയാണ്; തീര്‍ച്ച. അവര്‍ക്ക് അവന്‍ (വ്യാമോഹങ്ങള്‍) നീട്ടിയിട്ട് കൊടുക്കുകയും ചെയ്തിരിക്കുന്നു. അത്, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് 'ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ കല്‍പന അനുസരിക്കാ'മെന്ന് അവര്‍ പറഞ്ഞിട്ടുള്ളതുകൊണ്ടാണ്. അവര്‍ രഹസ്യമാക്കിവെക്കുന്നത് അല്ലാഹു അറിയുന്നു. അപ്പോള്‍ മലക്കുകൾ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചുകൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി! അതെന്തുകൊണ്ടെന്നാല്‍, അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും അവന്റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്. അതിനാല്‍ അവരുടെ കര്‍മങ്ങളെ അവന്‍ നിഷ്ഫലമാക്കിക്കളഞ്ഞു.' (മുഹമ്മദ്  25-28).

സത്യനിഷേധത്തിനും മതപരിത്യാഗത്തിനും കാരണമായി അല്ലാഹു ഇവിടെ എടുത്തു പറയുന്നത്, ചില കാര്യങ്ങളില്‍ നിങ്ങളെ ഞങ്ങള്‍ അനുസരിച്ചുകൊള്ളാം എന്ന കപടവിശ്വാസികളുടെ നിലപാടാണ്. ഇസ്്ലാമിനെ വെറുക്കുന്നവരോട് ഈ വാഗ്ദാനം നല്‍കിയതിനാല്‍ തങ്ങള്‍ മനസ്സിലാക്കിയ സത്യവും സന്മാര്‍ഗവും അവര്‍ക്ക് ഉപകാരപ്പെടില്ല.

وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِۚ إِنَّكُمْ إِذًا مِّثْلُهُمْۗ
'അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ....' (നിസാഅ് 140)

അല്ലാഹുവിന്റെ സൂക്തങ്ങള്‍ നിഷേധിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നത് കേട്ടാല്‍ മറ്റെന്തെങ്കിലും വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടുന്നതുവരെ അത്തരക്കാര്‍ക്കൊപ്പം കഴിയരുതെന്ന് അല്ലാഹു സത്യവിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നു. അത്തരക്കാര്‍ക്കൊപ്പം ഇരിക്കുന്നതും കൂടെ കഴിയുന്നതും അവരുടെ അതേ നിലപാട് സ്വീകരിക്കുന്നതിനു തുല്യമാണ്. നബി(സ)യുടെ പ്രാരംഭ ഘട്ടത്തില്‍ സത്യവിശ്വാസികളും സത്യനിഷേധികളും ഒന്നിച്ചു കഴിഞ്ഞുവന്ന സാഹചര്യത്തിലാണിത്. ഇസ്്ലാം പ്രതാപത്തോടെ വിശാലമായ ഭൂപ്രദേശങ്ങളില്‍ പ്രചുരമായി കഴിഞ്ഞശേഷം പിന്നെ പറയാനുണ്ടോ? അല്ലാഹുവിനെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരെ തങ്ങളുടെ നാടുകളിലേക്ക് ക്ഷണിച്ചു വരുത്തുന്നതും അവരെ ആത്മമിത്രങ്ങളും സഹചാരികളും ഉപദേശകരുമാക്കുന്നതും അവരുടെ സത്യനിഷേധവും പരിഹാസവും കേള്‍ക്കുന്നതും അത് സമ്മതിച്ചു കൊടുക്കുന്നതും മുസ്്ലിം പണ്ഡിതന്മാരെ ആട്ടിയോടിക്കുന്നതും എങ്ങനെ അനുവദിക്കാനാവും? ഇതും സത്യനിഷേധത്തെയും സത്യനിഷേധികളെയും തൃപ്തിപ്പെടുന്ന ശൈലിയാണ്. ഈ നിലപാട് സത്യവിശ്വാസത്തില്‍നിന്ന് അകറ്റുന്നതാണ്; സത്യനിഷേധത്തിലേക്ക് എത്തിക്കുന്നതാണ്. കാരണം, സത്യനിഷേധത്തിന്റെ സദസ്സുകളില്‍ മൗനം ഭജിക്കുന്നത് അതുമായി രാജിയാവലാണ്.

വ്യക്തമായ സത്യനിഷേധത്തെ കരുതിയിരിക്കുന്നതുപോലെ ഇതിനെയും സത്യവിശ്വാസി കരുതലോടെ ശ്രദ്ധിക്കണം. അത്തരം സദസ്സുകളില്‍നിന്ന് വിട്ടുനില്‍ക്കണം. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ വഴി കാണണം. സമ്പത്തോ ഏതെങ്കിലും കേന്ദ്രമോ ഭൗതിക താല്‍പര്യമോ അതിനു തടസ്സമാകരുത്. അല്ലാഹുവാണ് ഭയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍. 

കുറിപ്പുകൾ

1. انظر شرح ملا علي القاري على الفقه الأكبر ص 156
2. نواقض الإسلام ، محمد بن عبد الوهّاب ،الجامع الفريد ص 277
3. مجموعة التّوحيد ص 126
4. تفسير الطبرى 313/6
5. تفسير الطبرى 313/6

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top