സൂറത്തുന്നബഅ് വ്യാഖ്യാന വിശേഷങ്ങള്‍

അബ്ദുല്ലത്വീഫ് കൊടുവള്ളി‌‌

وَجَعَلْنَا نَوْمَكُمْ سُبَاتًا
'നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു' (സൂക്തം 9)

 

പദപരിചയം
فَعَلَ ، صَنَعَ പോലുള്ള ക്രിയകളേക്കാള്‍ വ്യാപകാര്‍ഥമുള്ള പദമാണ് جَعَلَ (നിര്‍മിക്കുക, ചമക്കുക, സൃഷ്ടിക്കുക).
അഞ്ചുതരത്തില്‍ ഇതിന്റെ പ്രയോഗം കാണാം: ഉദാ: 
1. جَعَلَ بلال يقول كذا
'ബിലാല്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി' എന്നതുപോലെ അകര്‍മകക്രിയയായി.
2. ഒരു കര്‍മത്തിലേക്ക് വിട്ടുകടക്കുന്ന വിധത്തില്‍ സകര്‍മക ക്രിയയായി.
ഉദാ: وجعل الظلمات والنّور
'അവന്‍ -അല്ലാഹു- ഇരുളുകളെയും പ്രകാശത്തെയും സൃഷ്ടിച്ചു.'
وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَۖ
'അവന്‍ -അല്ലാഹു- നിങ്ങള്‍ക്ക് കാതും കണ്ണുകളും ഹൃദയങ്ങളും സൃഷ്ടിച്ചു തന്നെ'
3. ഒരു വസ്തുവില്‍നിന്ന് മറ്റൊരുവസ്തു ഉണ്ടാക്കുക എന്ന അര്‍ഥത്തില്‍
وجعل لكم من أنفسكم أزواجًا
'നിങ്ങള്‍ക്ക് നിങ്ങളില്‍നിന്ന് തന്നെ ഇണകളെ ഉണ്ടാക്കിത്തന്നു'
وجعل لكم من الجبال اكنانا
'നിങ്ങള്‍ക്ക് പര്‍വതങ്ങളില്‍നിന്ന് അഭയകേന്ദ്രങ്ങൾ ഉണ്ടാക്കിത്തരികയും ചെയ്തു'
4. ഒരു വസ്തുവിനെ മറ്റൊരു വസ്തുവാക്കുക അഥവാ അനുഭവവേദ്യമാക്കുക.
الذي جعل لكم الأرض فراشا
'നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിരിപ്പാക്കിയവനാണവന്‍' (അല്ലാഹു)'
جعل لكم ممّا خلق ظلالًا
'അവന്‍ -അല്ലാഹു- സൃഷ്ടിച്ചവയില്‍നിന്ന് നിങ്ങള്‍ക്ക് അവന്‍ തണലുകളുണ്ടാക്കിത്തന്നു'
5. ഒരു വസ്തു/കാര്യം സത്യമോ മിഥ്യയോ എന്ന് വിധിക്കുക. സത്യത്തിന് ഉദാ:
إنا رادّوه اليك وجاعلوه من المرسلين
'തീര്‍ച്ചയായും നാം അവനെ- മൂസാ എന്ന ബാലനെ- (മാതാവായ) നിങ്ങളുടെ അടുത്തേക്ക് മടക്കിക്കൊണ്ടുവരികയും അവനെ ദൂതന്മാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാകുന്നു.' മിഥ്യക്ക് ഉദാഹരണം:
وجعلو الله ممّا ذرأ من الحرث والأنعام نصيبا
'അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍നിന്നും, കന്നുകാലികളില്‍നിന്നും അവർ അവന്ന് ഒരു ഓഹരി നിശ്ചയിച്ചു കൊടുത്തിരിക്കുന്നു' (അന്‍ആം 136)
وَيَجْعَلُونَ لِلَّهِ الْبَنَاتِ
'അവർ അല്ലാഹുവിന് പെണ്‍മക്കളെ സ്ഥാപിക്കുന്നു' (നഹ് ല്‍ 57).
نَوْم എന്നാല്‍ ഉറക്കം, നിദ്ര എന്നര്‍ഥം. വ്യത്യസ്ത രീതികളില്‍ ഇത് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിലെ പേശികള്‍ അയയുന്ന പ്രക്രിയ, മരിപ്പിക്കുന്നതിന് മുമ്പായി അല്ലാഹു മനുഷ്യരുടെ ആത്മാവ് ഏറ്റെടുക്കല്‍, ഉറക്കം ലഘുവായ മരണം, ഭാരമുള്ള നിദ്രയാണ് മരണം എന്നിങ്ങനെയെല്ലാം 'നൗം' വിശദീകരിക്കപ്പെട്ടിരിക്കുന്നു. نامت السّوق എന്നാല്‍ വിപണി മന്ദീഭവിച്ചു. نام الثوب എന്നാല്‍ വസ്ത്രം ദ്രവിച്ചു. ജാഗരാവസ്ഥയില്‍നിന്ന് ഭിന്നമായി നിദ്രാവസ്ഥ ഒരുതരം മൃതാവസ്ഥയാണ്.

سَبْت എന്ന പദത്തിന്റെ മൂലാശയം ഖണ്ഡിച്ചുകളയുക, മുറിക്കുക എന്നെല്ലാമാണ്. يوم السّبت (ശനി)ക്ക് ആ പേര് വന്നത്, ആറുദിവസങ്ങള്‍കൊണ്ട് ആകാശ ഭൂമികൾ സൃഷ്ടിച്ച അല്ലാഹു ശനിയാഴ്ച പണി നിറുത്തി (മുറിച്ച) യതിനാലാണ്. നിദ്രയെ ജോലിയില്‍നിന്ന് വിരാമമായി സംവിധാനിച്ചു എന്നാണ് ഇവിടെ വിവക്ഷ.1

വ്യാഖ്യാനം
മനുഷ്യരെ മരണാനന്തരം ജീവിപ്പിക്കാന്‍ കഴിയും എന്നതിന്റെ നാലാമത്തെ തെളിവായാണ് മനുഷ്യരിലെ ഉറക്കം എന്ന പ്രതിഭാസത്തെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നത്. 'سبت فلان الشيئ سبتا എന്നാല്‍ 'ഒരാള്‍ ഒരു വസ്തുവെ മുറിച്ചു' എന്നും سبت فلان شعره എന്നാല്‍ 'ഒരാള്‍ തന്റെ മുടി മുറിച്ചു' എന്നുമാണ് അര്‍ഥം. അല്ലാഹുവിന്റെ യുക്തിയുടെയും കാരുണ്യത്തിന്റെയും ഭാഗമാണ് നിദ്ര എന്ന അനുഗ്രഹം. ജോലി ചെയ്ത് ക്ഷീണിച്ച നിങ്ങളെ ഉറക്കി എഴുന്നേല്‍പ്പിക്കുന്നതു പോലെ, മരിച്ച നിങ്ങളെ നാം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.2

'സബ്ത്ത്' എന്നതിന്റെ മൂലാര്‍ഥം മുറിക്കുക എന്നായതിനാല്‍, ഉറക്കം നിങ്ങളുടെ പകല്‍ സമയത്തെ പ്രവര്‍ത്തനങ്ങളെ മുറിച്ചു കളയുന്നു എന്നു സാരം.3

ശനിയാഴ്ച ജോലി ചെയ്യാതെ വിശ്രമിച്ചു കൊള്ളുക എന്ന് അല്ലാഹു ഇസ്്റായേല്‍ സന്തതികളോട് നിര്‍ദേശിച്ചു. ഇബ്‌നുല്‍ അമ്പാരിയുടെ വീക്ഷണത്തില്‍ വിശ്രമത്തിന് സുബാത്ത് എന്ന് പ്രയോഗിക്കില്ല. വികസിക്കുക, വിശാലമാവുക എന്നെല്ലാമാണ് സുബാത്തിന്റെ മൗലികാര്‍ഥം. 'സബത്തത്തിൽ മര്‍അത്തു ശഅ്‌റഹാ' എന്നാല്‍ പെണ്ണ് മുടി അഴിച്ചിട്ടു എന്നാണ്. വിശ്രമിക്കാന്‍ ഉദ്ദേശിക്കുന്നയാള്‍ വിശാലമായി കിടക്കും. അതിനാല്‍ വിശ്രമത്തിന് 'സബ്ത്ത്' എന്ന് പ്രയോഗിച്ചു എന്നാണ് ഇബ്‌നുല്‍ അമ്പാരിയുടെ വ്യാഖ്യാനം.4
റൂഹ് വേര്‍പ്പെടാതെത്തന്നെ, നിങ്ങള്‍ ഒന്നും അറിയാതെ മരിച്ചവരെപോലെ ശാന്തരായി ഉറങ്ങുന്നു. 'സബ്ത്ത്' 'സുബാത്ത്' എന്നാല്‍ ശാന്തത എന്നർഥം. 'സബ്ത്ത്' (ശനി) എന്നാല്‍ വിശ്രമദിനം.5

മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നിരത്തിയ ശേഷം അല്ലാഹു മനുഷ്യര്‍ക്ക് ചിരപരിചിതവും ശക്തവും മരണത്തോട് സദൃശവുമായ ഉറക്കത്തെ എടുത്തു പറയുന്നു. മനുഷ്യജീവിതത്തില്‍ ദൈനംദിനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉറക്കം എന്ന പ്രതിഭാസത്തില്‍ ഗുണപാഠമുണ്ട്. ഉറക്കവും ഉണര്‍ച്ചയും മരണത്തെയും പുനരുത്ഥാനത്തെയും ശക്തമായി ബോധ്യപ്പെടുത്താന്‍ പര്യാപ്തമാണ്.
സത്തകള്‍ക്ക് യോജിച്ച 'ഖലഖ്‌നാ' (നാം സൃഷ്ടിച്ചു) എന്നതിനു പകരം 'ജഅല്‍നാ' (നാം ആക്കി) എന്ന് പ്രയോഗിച്ചത് ഉറക്കത്തിനു യോജിച്ച വാക്ക് എന്ന നിലയിലാണ് (ഇതേ അധ്യായത്തിലെ 9,10,11 സൂക്തങ്ങള്‍ ശ്രദ്ധിക്കുക)
'നിങ്ങളുടെ ഉറക്കം' എന്ന് പ്രയോഗിച്ചത് ഇതര ജീവികളുടെ ഉറക്കം വ്യത്യസ്തമായതിനാലല്ല. എല്ലാ ജീവികളുടെയും ഉറക്കം 'സുബാത്ത്' തന്നെ. മനുഷ്യരിലേക്ക് ചേര്‍ത്തു പറഞ്ഞത്, പുനരുത്ഥാനത്തിന്റെ തെളിവ് എന്ന നിലയിലും മനുഷ്യര്‍ക്കുള്ള അനുഗ്രഹം എന്ന നിലയിലുമാണ്. 'അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ശാന്തമായി കഴിയത്തക്ക വിധമാക്കിയത്' (യൂനുസ് 67)- 'സുബാത്ത്' എന്നതിന് 'ലഘുവായ ഉറക്കം' എന്ന് അര്‍ഥമുണ്ട്. പക്ഷെ, ആ അര്‍ഥം ഇവിടെ ശരിയാവില്ല. 'ഉറക്കത്തെ ഉറക്കമാക്കി' എന്ന് പറയാവതല്ലല്ലോ. 'സുബാത്തി'ന്റെ 'മുറിക്കുക' എന്ന അര്‍ഥമാണ് ഇവിടെ യോജിക്കുക. 'സബത്ത' എന്ന പദത്തിന് 'വിശ്രമിച്ചു' എന്ന് അര്‍ഥം കല്‍പിക്കുന്നതിനെ ഇബ്‌നുല്‍ അമ്പാരിയും ഇബ്‌നു സീദയും നിരാകരിച്ചിരിക്കുന്നു. 'സുബാത്തി'ന് ആരെങ്കിലും 'വിശ്രമം' എന്ന് അര്‍ഥം കല്‍പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ആശയം വിവക്ഷിച്ചു എന്നു മനസ്സിലാക്കിയാല്‍ മതി. പകലിലെ അധ്വാനങ്ങളില്‍നിന്ന് മുക്തനായി വിശ്രമിക്കാന്‍ ഉറക്കം അവസരമൊരുക്കുന്നു. മനുഷ്യര്‍ തെരഞ്ഞെടുക്കാതെത്തന്നെ ഉറക്കം യഥാസമയം മനുഷ്യരെ തഴുകുന്നു. ഉറക്കം ജോലികളില്‍നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിക്കുന്നു. അതുവഴി തലച്ചോറിന് വിശ്രമമാവുന്നു. പേശികള്‍ ശേഷി വീണ്ടെടുക്കുന്നു. ഉറക്കമൊഴിക്കാന്‍ തീരുമാനിച്ചാലും ഉറക്കം നമ്മെ കീഴടക്കുന്നു. ഇതെല്ലാം മനുഷ്യരോടുള്ള അവന്റെ കരുണയുടെ ഭാഗമാണ്. 'ഉറക്കം കുറയുന്നവര്‍ക്ക് ആയുസ് കുറവായിരിക്കും' എന്നു പറയുന്നത് അതുകൊണ്ടാണ്.6
റൂം 23, സുമര്‍ 42, ഫുര്‍ഖാന്‍ 47, ഖസ്വസ്വ് 72-73 സൂക്തങ്ങള്‍ ഇതോട് ചേര്‍ത്തു വായിക്കണം.
ജീവികളെ സംബന്ധിച്ചേടത്തോളം ആവര്‍ത്തിച്ചുണ്ടാവുന്ന ഒരു അനുഭവമാണ് ഉറക്കം. യഥാര്‍ഥത്തില്‍ ഉറക്കത്തെ ചെറിയ മരണം എന്നു വിശേഷിപ്പിക്കാം. നിദ്രാവേളയില്‍ ബാഹ്യേന്ദ്രിയങ്ങള്‍ നിഷ്‌ക്രിയമാവുന്നു. മൃതസമാനമായ അവസ്ഥ സംജാതമാവുന്നു. സാധാരണയായി മനുഷ്യര്‍ ബോധപൂര്‍വം ഉറങ്ങുകയല്ല ചെയ്യുന്നത്. ഉറങ്ങാന്‍ ആഗ്രഹിച്ചാലും ഉറങ്ങാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഉറങ്ങാതിരിക്കാന്‍ തീരുമാനിച്ചാലും ഉറങ്ങിപ്പോവും. ഒരര്‍ഥത്തില്‍ ഭക്ഷണ പാനീയങ്ങളെക്കാള്‍ പ്രധാനമാണ് ഉറക്കം. ചില റഷ്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ നായ് കുട്ടികള്‍ക്ക് അഞ്ച് ദിവസത്തിലധികം ഉറങ്ങാതിരിക്കാന്‍ കഴിയില്ലെന്ന് കണ്ടു. അതേസമയം ഭക്ഷണമില്ലാതെ ഇരുപത് ദിവസം വരെ ഉറങ്ങാന്‍ അവയ്ക്ക് കഴിയുമെന്നും കണ്ടു. നിദ്രാവേളയില്‍ തലച്ചോറിലെ ദശലക്ഷക്കണക്കിന് കോശങ്ങള്‍ വിഘടിക്കുകയും ഉറക്കമുണരുമ്പോള്‍ അവ സംയോജിക്കുകയും ചെയ്യുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
النوم ضيف ثقيل، إن طلبته أعْنتك، وان طلبك أراحك
'ഉറക്കം ഭാരമുള്ള അതിഥിയാണ്. നീ അതിനെ ക്ഷണിച്ച് വരുത്തിയാല്‍ അത് നിന്നെ പ്രയാസപ്പെടുത്തും. അത് നിന്നെ തേടിവന്നാലോ അത് നിനക്ക് വിശ്രമം തരും.' ഉറക്കം വരുമ്പോള്‍ ചരല്‍ക്കല്ലില്‍ കിടന്നാലും നാം സുഖമായി ഉറങ്ങും. ഒരു രാത്രി ഉറക്കം ഒഴിവാക്കാന്‍ ഉറക്ക ഗുളിക കഴിച്ചാലോ അടുത്ത രണ്ടു രാത്രികളില്‍ ഉറങ്ങേണ്ടി വരും. ഉറക്കിനോട് മല്ലടിക്കുന്നവരുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ അസന്തുലിതമായിരിക്കും.
- അല്ലാഹുവിന്റെ പ്രാപഞ്ചിക നടപടിക്രമത്തിന്റെ ഭാഗമാണ് ജീവികളുടെ ഉറക്കം.
- ഉറക്കം അനിവാര്യമായ ആരോഗ്യ ഘടകമാണ്.
- നൈസര്‍ഗികമായ പ്രകൃതിയോട് ഏറ്റുമുട്ടുന്നത് പലതരം പ്രയാസങ്ങള്‍ക്കും കാരണമാവും.
- ആവശ്യമായ അളവില്‍ ഉറങ്ങാതിരിക്കുന്നത് ആരോഗ്യപരമായ പ്രശ്‌നങ്ങളുളവാക്കും.
- അധ്വാനിക്കുന്നയളവില്‍ ഉറക്കം ആവശ്യമാണ്.
- സ്ഥിരമായി ഉറക്കം ഒഴിവാക്കുന്നത് ദുരന്തങ്ങള്‍ക്ക് കാരണമാവും.
- ഡോ. അലക്‌സിസ് കാറല്‍ എഴുതുന്നു:

'ആധുനിക മനുഷ്യന്‍ ഒന്നുകില്‍ കൂടുതല്‍ ഉറങ്ങുന്നു. അഥവാ, ആവശ്യമായ അളവിനേക്കാള്‍ കുറച്ചുമാത്രം ഉറങ്ങുന്നു. ദീര്‍ഘകാലയളവില്‍ കുറച്ചുമാത്രം ഉറങ്ങിയാല്‍ വലിയ വില ഒടുക്കേണ്ടി വരും. ഉറങ്ങുമ്പോള്‍ അവയവങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും വിശ്രമം ലഭിക്കുന്നു, ദഹനശേഷി വര്‍ധിക്കുന്നു, ശരീരത്തില്‍നിന്ന് വിഷാംശങ്ങള്‍ നീക്കുന്നു, നശിച്ചു പോകുന്ന കോശങ്ങള്‍ക്കു പകരം പുതിയവയുണ്ടാവുന്നു. മാനസിക പിരിമുറുക്കങ്ങള്‍ക്ക് ശമനം നല്‍കുന്നു, വളര്‍ച്ചയെ ത്വരിപ്പിക്കുന്ന ഹോര്‍മോണുകള്‍ വര്‍ധിക്കുന്നു, ഓര്‍മശക്തി ബലപ്പെടുന്നു, ഭൂതകാല ഓര്‍മകള്‍ ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്നു, ഉറക്കം ഒഴിവാക്കുന്നതുവഴി തലച്ചോറിന്റെയും ഹോര്‍മോണുകളുടെയും പ്രവര്‍ത്തനം താളം തെറ്റുന്നു. വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളെ ത്വരിപ്പിക്കുന്നു. പ്രതിരോധശേഷി കുറക്കുന്നു.'

ഉറക്കം അത്ഭുതകരമായ ഒരു പ്രതിഭാസമാണ്. മനുഷ്യന് അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കഴിയില്ല. ഉറക്കത്തെ നമ്മുടെ ഇഛക്കൊത്ത് നിയന്ത്രിക്കാന്‍ കഴിയുകയില്ല. ഉറങ്ങുമ്പോള്‍ തന്റെ അവസ്ഥ എങ്ങനെയാണെന്ന് ഉണര്‍ച്ചയില്‍ നമുക്ക് മനസ്സിലാവുന്നില്ല. ഉറങ്ങുമ്പോഴാകട്ടെ, അത് നിരീക്ഷിക്കാനും കഴിയുന്നില്ല. മനുഷ്യനില്‍ ഈ പ്രതിഭാസമൊരുക്കിയവനും രഹസ്യം നിക്ഷേപിച്ചവനുമായ അല്ലാഹുവിനു മാത്രമെ അത് മനസ്സിലാവുകയുള്ളൂ. ജീവിതായോധനത്തിനായി ഉപയോഗപ്പെടുത്തുന്ന ആയുധവും പരിചയും താഴെ വെച്ച് മനുഷ്യന്‍ സ്വമേധയായോ നിര്‍ബന്ധിതമായോ നിദ്രാധീനനാകുന്നു. ചിലപ്പോള്‍ നാം നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന മയക്കത്തിലേക്ക് വീഴുന്നു. ബദ്‌റിലും ഉഹുദിലും അല്ലാഹു സത്യവിശ്വാസികളെ മയക്കിയതായി പറയുന്നുണ്ടല്ലോ. (ആലുഇംറാന്‍ 154, അന്‍ഫാല്‍ 11). ഈ അര്‍ഥത്തില്‍ ഉറക്കം ജീവികളുടെ ഒരു അനിവാര്യതയും സ്രഷ്ടാവിന്റെ ഒരു രഹസ്യവുമാണ്. അല്ലാഹു നമ്മില്‍ നിക്ഷേപിച്ച രഹസ്യങ്ങളുടെ കലവറകളെ പറ്റി ചിന്തിക്കാന്‍ ഉറക്കം അവസരമൊരുക്കുന്നു.7

നിങ്ങളുടെ ഉറക്കിനെ നിങ്ങള്‍ക്ക് വിശ്രമദായകമാക്കി, അതുവഴി നിങ്ങള്‍ക്ക് ശാന്തി കൈവരുന്നു. ആത്മാക്കള്‍ വേര്‍പ്പെടാതെ ജീവിച്ചു കൊണ്ടുതന്നെ മരിച്ചവരെ പോലെ നിങ്ങള്‍ ഉറങ്ങുന്നു. 'സുബാത്ത്' എന്നാല്‍ ശാന്തത എന്നര്‍ഥം.8
പകല്‍ മുഴുവന്‍ ജീവസന്ധാരണത്തിനായി നടത്തുന്ന അധ്വാനങ്ങള്‍ക്കും ചലനങ്ങള്‍ക്കും വിരാമം കുറിച്ചുകൊണ്ട് നിങ്ങള്‍ ഉറങ്ങുന്നു.9
اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَاۖ 
'ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും' (സുമര്‍ 42).
وَهُوَ الَّذِي يَتَوَفَّاكُم بِاللَّيْلِ
'അവനത്രെ രാത്രിയില്‍ (ഉറങ്ങുമ്പോള്‍) നിങ്ങളെ പൂര്‍ണമായി ഏറ്റെടുക്കുന്നവന്‍' (അന്‍ആം 60).10

ഉറക്കം ചെറിയ മരണമായതിനാല്‍ 'സുബാത്തി'ന് മരണം എന്നും അര്‍ഥമുണ്ട്.11
ജോലികളില്‍നിന്ന് വിരാമമായും വിശ്രമമായും  നിങ്ങളെ ഉറക്കം തഴുകുന്നു. ജോലികള്‍ നീണ്ടു പോയാല്‍ നിങ്ങളുടെ ശരീരങ്ങളെ അത് ദോഷകരമായി ബാധിക്കും. അതിനാല്‍ അല്ലാഹു രാത്രിയെയും നിദ്രയെയും മനുഷ്യരെ ആവരണം ചെയ്യുന്ന വിധത്തിലും ഉപകാരപ്രദമായ വിശ്രമം ലഭിക്കുന്ന തരത്തിലുമായി സംവിധാനിച്ചു.12
'സുബാത്ത്' നാലു രീതികളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. 1. മയക്കം 2. ശാന്തി 3. വിശ്രമം, ആശ്വാസം 4. ജോലികളില്‍നിന്ന് വിരാമം. ഇന്ദ്രിയാനുഭവങ്ങൾ നഷ്ടപ്പെടും വിധം പഞ്ചേന്ദ്രിയങ്ങള്‍ അടങ്ങുക എന്ന അഞ്ചാമതൊരു വ്യാഖ്യാനവുമാവാം.13
'സുബാത്ത്' എന്നതിന്റെ വിവക്ഷ മരണമാണ്. അന്‍ആം: 60 ഇത് സൂചിപ്പിക്കുന്നുണ്ട്. ജീവിതായോധനത്തിന് തടസ്സമാകും വിധമുള്ള നീണ്ട ഉറക്കത്തിനു പകരം ലഘുവായ ഉറക്കം പ്രദാനം ചെയ്തു എന്നുമാവാം. 'സബത'ക്ക് മുറിച്ചു എന്ന് അര്‍ഥമുള്ളതായി കേട്ടിട്ടില്ലെന്ന അല്‍ അാരിയുടെ വാദത്തിന് മറുപടിയായി മുര്‍തദാ പറയുന്നു: 'ഉറക്കിന്നാവശ്യമായ വിശ്രമം, പഞ്ചേന്ദ്രിയാനുഭവങ്ങള്‍ മുറിയുക എന്നിവയാണ് വിവക്ഷ. ജാഗരാവസ്ഥയിലെ കഠിന ജോലികള്‍ കഴിഞ്ഞ് ജൈവികമായ ശക്തി തിരിച്ചുകിട്ടുന്നു എന്നതാണ് നിദ്രയുടെ പ്രസക്തി.' മരണം എന്ന അര്‍ഥമാണ് ഇവിടെ കൂടുതല്‍ അനുയോജ്യം.14

ചില നിരീശ്വര വാദികള്‍, 'സുബാത്ത്' എന്നാല്‍ ഉറക്കം എന്നാണര്‍ഥമെന്നും, 'നിങ്ങളുടെ ഉറക്കത്തെ നാം ഉറക്കമാക്കി' എന്ന അര്‍ഥം എങ്ങനെ ശരിയാകുമെന്നും ചോദിക്കുന്നു. ഇതിന് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. (ഒന്ന്) ചലനാത്മകതയില്‍നിന്ന് മുറിച്ചു നീക്കപ്പെട്ടയാള്‍ എന്ന അര്‍ഥത്തില്‍ മയ്യിത്തിന് മസ്ബൂത്ത് എന്നുപറയും. തെളിവ്: അന്‍ആം 60-ലെ 'യതവഫ്ഫാകും' 'യബ്അസുകും' എന്നീ പദങ്ങള്‍. (രണ്ട്) ഉറക്കത്തെ മരണമാക്കിയ അല്ലാഹു ജാഗരാവസ്ഥയെ ജീവിതായോധനവേള അഥവാ ജീവിതമാക്കി. (അന്നബഅ് 11). ഈ വാദം ദുര്‍ബലമാണെന്നാണ് എന്റെ അഭിപ്രായം. കാരണം, ഏറ്റവും മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

അതുകൊണ്ട് മരണം എന്ന അര്‍ഥം ഇവിടെ യോജിക്കില്ല. മരണം എന്ന അര്‍ഥത്തിലെടുത്താലും ശരീരത്തില്‍നിന്ന് ആത്മാവ് വേര്‍പിരിഞ്ഞു എന്ന വിവക്ഷ ലഭിക്കില്ല. പ്രത്യക്ഷമായ പഞ്ചേന്ദ്രിയാനുഭവങ്ങള്‍ നിലച്ചു എന്നെ പറയാന്‍ പറ്റൂ. ഈ അവസ്ഥയാണ് ഉറക്കം. അങ്ങനെയാവുമ്പോള്‍ 'നിങ്ങളുടെ ഉറക്കത്തെ നാം ഉറക്കമാക്കി എന്നു പറയേണ്ടി വരും.
(രണ്ട്) മരണ സമാനമായ അബോധാവസ്ഥ. ഈ വ്യാഖ്യാനവും ദുര്‍ബലമാണ്. കാരണം എല്ലാ നിദ്രകളും കടുത്ത അബോധാവസ്ഥയല്ല. അബോധാവസ്ഥ രോഗമാണ്. അനുഗ്രഹങ്ങള്‍ എണ്ണിപ്പറയുന്നേടത്ത് ഇത് പറയുന്നതില്‍ അനൗചിത്യമുണ്ട്.
(മൂന്ന്) മുറിച്ചു, മുടി മുണ്ഡനം ചെയ്തു. ഇതനുസരിച്ച് മൂന്ന് വ്യാഖ്യാനങ്ങളാവാം (1) എപ്പോഴും ഉറങ്ങുന്നതിനുപകരം ഇടക്കിടെ മുറിച്ചു മുറിച്ച് ഉറങ്ങുക. കാരണം ആവശ്യാനുസൃതം മാത്രം ഉറങ്ങുമ്പോഴാണ് ഉറക്കം ഏറെ ഫലപ്രദമാവുക. എപ്പോഴും ഉറങ്ങുന്നത് ശരീരത്തിന് ദോഷം ചെയ്യും. പലപ്പോഴായി ഉറങ്ങുക എന്ന അര്‍ഥത്തില്‍ ഇത് അനുഗ്രഹമായി എടുത്തു പറഞ്ഞത് സന്ദര്‍ഭോചിതമായി മനസ്സിലാക്കാം. (2) ക്ഷീണിക്കുന്ന മനുഷ്യന്‍ ഉറങ്ങിപ്പോകുന്നു. ഉറക്കത്തോടെ ക്ഷീണം അകലുന്നു. ക്ഷീണം മുറിച്ചു മാറ്റുന്നതിനാല്‍ 'സബ്ത്ത്' എന്ന പദം അനുയോജ്യം. 'സുബാത്ത്' എന്നാല്‍ വിശ്രമം അല്ല. പ്രത്യുത ഉറക്കം ക്ഷീണത്തെ ഛേദിച്ചു കളയുന്നു, തല്‍ഫലമായി വിശ്രമവും സുഖവും ലഭിക്കുന്നു. (3) ഉറക്കം വന്നാല്‍ ഉറങ്ങാതിരിക്കാനും മുറിച്ചു മുറിച്ചുറങ്ങാനും കഴിയുമാറ് ലഘുവായ ഉറക്കം പ്രദാനം ചെയ്തു എന്നാണ് മുബര്‍റദിന്റെ വ്യാഖ്യാനം. 'റജുലുന്‍ മസ്ബൂത്ത്' എന്നാല്‍ ഉറക്കത്തെ പ്രതിരോധിച്ചിട്ടും ഉറക്കം കീഴടക്കിയവന്‍ എന്നര്‍ഥം. ഇതനുസരിച്ച്, നിങ്ങളുടെ ഉറക്കത്തെ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുമാറ് ലഘുവായ ഉറക്കമാക്കി, അതിനെ നിങ്ങളെ അധീനപ്പെടുത്താന്‍ കഴിയുമാറ് ശക്തമാക്കിയില്ല എന്നാണ് വ്യാഖ്യാനം. അനിയന്ത്രിതമായ ഉറക്കം രോഗമാണ്. ഈ വ്യാഖ്യാനങ്ങളെല്ലാം സാധുവാണ്.15
ഉറക്കം അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്.

وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُم مِّن فَضْلِهِۚ
'രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ' (അര്‍റൂം: 23)
ഉറക്കത്തിലൂടെ രണ്ട് നേട്ടങ്ങള്‍ ലഭിക്കുന്നു.
1- താപം ഉദരത്തില്‍ കേന്ദ്രീകരിക്കുക വഴി ഭക്ഷണം ദഹിക്കാന്‍ സഹായകമാവുന്നു. 2- ജോലികള്‍ ചെയ്ത് ക്ഷീണിച്ച ശരീരാവയവങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്നു.17

മനുഷ്യ സമൂഹത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറഞ്ഞുവരുന്നത്. അവര്‍ക്ക് ദോഷകരമായ കാര്യങ്ങള്‍ സംഭവിക്കാതിരിക്കാനും അവരുടെ സംരക്ഷണത്തിന് ഉതകുന്നതുമായ കാര്യം എന്ന നിലയിലാണ് ഉറക്കിനെക്കുറിച്ച് പറയുന്നത്. നമ്മുടെ മഹത്വത്താല്‍ നിങ്ങളുടെ ശരീരത്തിന് ഉറക്കിനെ സ്വീകരിക്കാന്‍ ആവശ്യമായ ഘടന നല്‍കി എന്നാണ് അല്ലാഹു പറയുന്നത്. ജൈവികമായ കഴിവുകള്‍ക്കും ശാരീരികമായ പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കും ഇടവേള എന്ന നിലയിലാണ് ഉറക്കം. ജീവിതാന്ത്യം കുറിക്കുന്ന മരണത്തെ അത് ഓര്‍മപ്പെടുത്തുന്നു. ആത്മാവ് നിലവിലുള്ളതോടൊപ്പം തന്നെ ശരീരത്തിനുണ്ടാവുന്ന നിശ്ചലാവസ്ഥയാണ് സുബാത്ത് എന്നത്രെ സജ്ജാജിന്റെ അഭിപ്രായം.18

ശരീരത്തിന് വിശ്രമം എന്ന നിലയില്‍ ചലനങ്ങളെയും പഞ്ചേന്ദ്രിയാനുഭവങ്ങളെയും മുറിച്ചു കളയുന്നു. മരണവും വിവക്ഷയാകാം. ഉറക്കം മരണത്തിന്റെ സഹോദരനാണല്ലോ.19

അധ്വാനങ്ങളാല്‍ നഷ്ടപ്പെടുന്ന ശേഷി ഉറക്കത്തിലൂടെ തിരിച്ചു കിട്ടുന്നു. സുബാത്തിന് ഉറക്കം എന്നാണ് അര്‍ഥമെങ്കിലും അതുവഴി ലഭിക്കേണ്ട വിശ്രമമാണ് ഇവിടെ വിവക്ഷ. കൂടുതലായി ഉറങ്ങുന്നയാള്‍ക്ക് 'ഇന്നഹു മസ്ബൂത്തുന്‍', 'വബിഹിസുബാത്തുന്‍' എന്നു പറയും. ഉറക്കിന്റെ പ്രയോജനങ്ങള്‍ പരിഗണിച്ചാണ് അതെപ്പറ്റി ഇവിടെ എടുത്തു പറയുന്നത്. അല്‍പനിദ്രയും അനിയന്ത്രിതമായ ഉറക്കവും ഒരുപോലെ ക്ഷീണമകറ്റാന്‍ പര്യാപ്തമല്ല.'20

നബി(സ) പ്രസ്താവിച്ചതായി ഇങ്ങനെ കാണാം:
ما من مسلمٍ يَبِيتُ على ذِكْرٍ طاهرًا فيَتعارَّ من الليلِ فيسألُ اللهَ خيرًا  من أمور الدُّنيا والآخرةِ إلَّا أعطاهُ إيَّاهُ
'ഏതൊരു മുസ്്ലിം ശുദ്ധിയോടെ അല്ലാഹുവെ സ്മരിച്ച് രാത്രി കഴിച്ചു കൂട്ടിയ ശേഷം ഉണര്‍ന്ന് അല്ലാഹുവിനോട് ദുന്‍യാവിലെയോ പരലോകത്തിലെയോ നല്ലൊരു കാര്യം ചോദിച്ചാല്‍ അല്ലാഹു അയാള്‍ക്ക് അത് നല്‍കാതിരിക്കുകയില്ല. (അബൂദാവൂദ്)
രാത്രിയാകുമ്പോള്‍ നിങ്ങള്‍ നിദ്രാധീനരാകുന്നു, വിശ്രമിക്കുന്നു. ഉറക്കമില്ലായിരുന്നുവെങ്കില്‍ ജീവിതായോധന കൊതിയന്മാരായ നിങ്ങള്‍ വിശ്രമിക്കുമായിരുന്നില്ല.22

മനുഷ്യരുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ ആസൂത്രണത്തിന്റെ ഭാഗമായാണ് അവര്‍ നിദ്രാധീനരാകുന്നത്. ഉറക്കം വരുന്നതോടെ ഗ്രഹണ ശേഷിയും ഉന്മേഷവും നഷ്ടമാവുന്നു. ജീവിതവും മരണവും അല്ല എന്ന അവസ്ഥയിലെത്തുന്നു. ജീവിത വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുക കാരണം ജാഗരാവസ്ഥയില്‍ വിനിയോഗിച്ച ഊര്‍ജമത്രയും ശരീരത്തിനും പേശികള്‍ക്കും തിരികെ നല്‍കാന്‍ ഉറക്കം സഹായിക്കുന്നു. അത്ഭുതകരമായ രീതിയിലാണ് ഈ പ്രക്രിയ നടക്കുന്നത്. ഇത് എങ്ങനെ നടക്കുന്നു എന്ന് മനുഷ്യര്‍ക്ക് മനസ്സിലാക്കാനാവില്ല. ഇതില്‍ മനുഷ്യന് സ്വയം നിയന്ത്രണം സാധ്യമല്ല. തന്റെ അസ്തിത്വത്തില്‍ അത് എങ്ങനെയാണ് പൂര്‍ത്തിയാകുന്നതെന്ന് അവന് അറിയില്ല. ജാഗരാവസ്ഥയില്‍, താന്‍ എങ്ങെനയാണ് ഉറങ്ങുന്നതെന്നോ, ഉറങ്ങുമ്പോള്‍, താന്‍ എങ്ങനെയാണ് ആ സമയമത്രയും കടന്നുപോകുന്നതെന്നു മനസ്സിലാക്കാനോ നമുക്ക് കഴിയില്ല. ജീവികളെ സൃഷ്ടിക്കുകയും നിദ്ര എന്ന രഹസ്യം അതില്‍ നിക്ഷേപിക്കുകയും ജീവിതത്തെ അതിനനുസൃതമായി സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിനു മാത്രമെ അതിന്റെ രഹസ്യം അറിയുകയുള്ളൂ. ഏതൊരു ജീവിക്കും നിശ്ചിത സമയം മാത്രമെ ഉറങ്ങാതിരിക്കാന്‍ കഴിയുകയുള്ളൂ. ബാഹ്യമായ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഉറങ്ങാതിരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ജീവികള്‍ നശിച്ചു പോകും.
നിദ്രയില്‍ ശരീരത്തിന്റെയും പേശികളുടെയും ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍ മാത്രമല്ലാത്ത വേറെയും രഹസ്യങ്ങളുണ്ട്. കഠിനമായ ജീവിത സംഘര്‍ഷങ്ങളില്‍നിന്ന് വിടുതല്‍ നേടി ആത്മാവ് ശാന്തമാകുന്ന വേളയാണ് നിദ്ര. ആയുധവും പരിചയവും താഴെവെച്ച് മനുഷ്യന്‍ നിര്‍ഭയമായ സമാധാനത്തിന് ഏതാനും സമയം വിധേയനാകുന്നു. ഭക്ഷണപാനീയങ്ങള്‍ പോലെ ഒരു അനിവാര്യതയാണ് ഉറക്കം. ചിലപ്പോള്‍ നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന മയക്കം മതി നമ്മില്‍ പൂര്‍ണമായ മാറ്റമുണ്ടാക്കാന്‍. നമ്മിലെ ശക്തികളെ മാത്രമല്ല, നമ്മെത്തന്നെ പൂര്‍ണമായി നവീകരിക്കാന്‍ അതിനു കഴിഞ്ഞെന്നു വരും. ഇതൊരു അമാനുഷാനുഭവമാണ്. ഈ അമാനുഷാനുഭവം ബദ്്ര്‍, ഉഹുദ് യുദ്ധങ്ങളില്‍ ക്ഷീണിതരായ മുസ് ലിംകള്‍ക്ക് വ്യക്തമായി നേരിട്ടനുഭവിക്കാനവസരമുണ്ടായി. അത് ഒരു ഔദാര്യമായി അല്ലാഹു എടുത്തു പറയുന്നുണ്ട്.
إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِّنْهُ
'മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) - (അന്‍ഫാല്‍ 11)
ثُمَّ أَنزَلَ عَلَيْكُم مِّن بَعْدِ الْغَمِّ أَمَنَةً نُّعَاسًا يَغْشَىٰ طَائِفَةً مِّنكُمْۖ
'പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്ക് ഒരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു. ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു' (ആലു ഇംറാന്‍ 154).

ഇത്തരം സമാന അനുഭവങ്ങള്‍ മറ്റു പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ബോധവും ഉന്മേഷവും നഷ്ടപ്പെടുന്ന ഉറക്കം ജീവികളെ സംബന്ധിച്ചേടത്തോളം അനിവാര്യമാണ്. അത് അല്ലാഹുവിന്റെ രഹസ്യങ്ങളിലൊന്നും, അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും തരാന്‍ കഴിയാത്ത അനുഗ്രഹവുമാണ്. ഈ ഖുര്‍ആനിക രീതിയില്‍ അതേക്കുറിച്ച് ഖുര്‍ആന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് വഴി മനുഷ്യരെ തങ്ങളുടെ സവിശേഷതകളെക്കുറിച്ചും തങ്ങളുടെ അസ്തിത്വത്തില്‍ അതിനെ നിക്ഷേപിച്ച അല്ലാഹുവെക്കുറിച്ചും ഉണര്‍ത്തുന്നു. ചിന്തിപ്പിക്കുകയും ഉറ്റാലോചിപ്പിക്കുകയും അതുവഴി പ്രതിഫലനമുണ്ടാക്കുന്നതുമായ രീതിയിലാണ് അത് നമ്മെ സ്പര്‍ശിക്കുന്നത്.23  

1. المفردات فى غريب القرآن ، الراغب الأصفهاني
2. تفسير الوسيط ، طنطاوي
3. تفسير البغوي
4. تفسير القرطبي
5. تفسير الطبري
6. التحرير والتنوير، ابن عاشور
7. الشيخ عبد الرحمن حبنكه
8. تفسير الطبري
9. تفسير ابن كثير
10. فتح القدير، الشوكاني - ه 1250
11. تفسير ابن جُزَي - ه 741
12. تفسير السّعدي
13. تفسير الماوردي - ه 450
14. تفسير الآلوسي - ه 1270
15. تفسير الرّازي -ه 606
16. تفسير ابن عثيمين -ه 1421
17. تفسير ابن القيّم - ه751
18. نظم الدرر للبقاعي - ه 885
19. جامع البيان للإيجي - ه 905
20. محاسن التأويل للقاسمي - ه 1332
21. تفسير الثعالبي - ه 875
22. موسوعة التفسير المأثور، معهد الشاطبي
23. فى ظلال القرآن

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top