മുഹദ്ദിസുകള്‍ ഫാര്‍മസിസ്റ്റുകള്‍ ഫുഖഹാക്കള്‍ ഡോക്ടര്‍മാര്‍

ഒരു സംഘം ലേഖകര്‍‌‌
img

(ഇസ്‌ലാമിക വൈജ്ഞാനിക മേഖലയില്‍ ഹദീസ് പണ്ഡിതന്മാരും ഫിഖ്ഹ് പണ്ഡിതന്മാരും നിര്‍വഹിക്കുന്ന ഒരേസമയം പൂരകവും അതോടൊപ്പം വ്യത്യസ്തവുമായ വൈജ്ഞാനിക ധര്‍മങ്ങളെയും പണ്ഡിതന്മാര്‍ വൈജ്ഞാനിക നിലവാരം ഉയര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് ചില ആലോചനകള്‍)

ഇസ്‌ലാമിക സമൂഹത്തിലെ രണ്ടുവിഭാഗം പണ്ഡിതന്മാരാണ് മുഹദ്ദിസുകളും (ഹദീസ് പണ്ഡിതന്മാര്‍) ഫുഖഹാക്കളും (കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍). ഇസ്്ലാമിന്റെ അതിര്‍ത്തികളില്‍ കാവലാളുകളായി അതിനെ സംരക്ഷിക്കുന്നവരാണ് ഇരുവിഭാഗവും.
ഹദീസ്-ഫിഖ്ഹ് വിജ്ഞാനീയങ്ങള്‍ തമ്മില്‍ പരസ്പരപൂരകം എന്ന ബന്ധമുണ്ട്. 'ഹദീസ് പണ്ഡിതന്മാര്‍ ഫാര്‍മസിസ്റ്റുകളും 'ഫിഖ്ഹ് പണ്ഡിതന്മാര്‍ ഡോക്ടര്‍മാരുമാണ്' എന്ന പ്രയോഗം ഏറെ പ്രസിദ്ധമാണല്ലോ.
1 المحدثون صيادلة والفقهاء أطباء

ഹദീസ് പണ്ഡിതന്മാരുടെ മേഖല
ഹദീസുകളുടെ നിവേദക പരമ്പരകള്‍ സംശോധന ചെയ്യുക, താരതമ്യം ചെയ്യുക, നിവേദകരുടെ അവസ്ഥകള്‍ പരിശോധിച്ചറിയുക, നിവേദകരുടേതായി ലഭിക്കുന്ന പ്രസ്താവനകള്‍ അവരുടേതു തന്നെയോ എന്ന് ഉറപ്പുവരുത്തുക മുതലായവയാണ് ഹദീസു പണ്ഡിതന്മാരുടെ മേഖല.

അവര്‍ ഹദീസുകളെയും റിപ്പോര്‍ട്ടുകളെയും ഹദീസ് നിദാന ശാസ്ത്ര മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സാധു-അസാധു എന്നിങ്ങനെ തരംതിരിക്കുന്നു. ഈ പ്രക്രിയക്ക് ധാരാളം മാനസിക ശേഷികളും അത്യധ്വാനവും മനഃപാഠവും പ്രായോഗികപരിചയവും ഹദീസുകളെയും നിവേദക പരമ്പരകളെയും കുറിച്ച നല്ല ഗ്രാഹ്യവും വേണം.
മരുന്നുകളുടെ ഘടന അവയുടെ ഗുണം, ദോഷം, രചനാത്മകവും നിഷേധാത്മകവുമായ സാധ്യതകള്‍ മുതലായവയെക്കുറിച്ച് പഠനം നടത്തുന്ന ഫാര്‍മസിസ്റ്റുകളുടെ സ്ഥാനമാണ് ഇസ്്ലാമിക വിജ്ഞാന മേഖലയില്‍ ഹദീസു പണ്ഡിതന്മാര്‍ക്ക്. അതുകൊണ്ടുതന്നെ പിഴച്ച ആളുകള്‍ക്ക് അവരോട് കടുത്ത ദേഷ്യമാണ്. കാരണം അത്തരക്കാര്‍ നബി(സ)യെയും പൂര്‍വൂസിരകളെയും കുറിച്ച് പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങളെ ഹദീസു പണ്ഡിതന്മാര്‍ തുറന്നുകാട്ടും.

കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ മേഖല
അല്ലാഹു നല്ല ഉള്‍ക്കാഴ്ച നല്‍കിയ വിഭാഗമാണ് ഫുഖഹാക്കള്‍(കര്‍മശാസ്ത്രകാരന്മാര്‍). ഇസ്്ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും കര്‍മശാസ്ത്രത്തിന്റെ നിദാനശാസ്ത്രങ്ങളെയും നിയമ നിര്‍മാണത്തിന്റെ അടിത്തറകളെയും പ്രമാണങ്ങളില്‍നിന്ന് വിധികള്‍ ആവിഷ്‌കരിക്കണ്ടതെങ്ങനെ എന്നത് സംബന്ധിച്ചും ആഴത്തില്‍ പഠിച്ചവരാണ് കർമശാസ്ത്ര പണ്ഡിതന്മാർ.
അജ്ഞരായ അവിവേകികള്‍ പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെ പ്രതിരോധിക്കുന്നവരാണ് ഫുഖഹാക്കള്‍ എന്ന് ഒറ്റവാക്കില്‍ പറയാം.
താഴെ നബിവചനം കാണുക:
يَحْمِلُ هَذَا الْعِلْمَ مِنْ كُلِّ خَلْفٍ عُدُولُهُ، يَنْفُونَ عَنْهُ تَحْرِيفَ الْغَالِينَ، وَانْتِحَالَ الْمُبْطِلِينَ، وَتَأْوِيلَ الْجَاهِلِينَ
'ഈ (ഇസ്്ലാമിക) വിജ്ഞാനത്തെ എല്ലാ തലമുറകളിലെയും മതഭക്തരും വിശ്വസ്തരുമായവര്‍ വഹിക്കുന്നതായിരിക്കും. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പരിധിക്കപ്പുറം കടന്നുപോകുന്നവര്‍ വരുത്തുന്ന ഭേദഗതിയെയും അജ്ഞാനികളുടെ വ്യാഖ്യാനത്തെയും വ്യാജവാദികളുടെ കള്ളവാദങ്ങളെയും അവര്‍ തള്ളിക്കളയും.''
ഇതിലെ 'അജ്ഞരുടെ വ്യാഖ്യാനത്തെയും തീവ്രനിലപാടുകാരുടെ ദുർവ്യാഖ്യാനങ്ങളെയും അവര്‍ തള്ളിപ്പറയും' എന്നതിലെ 'അവര്‍' എന്നതിന്റെ സൂചന കര്‍മശാസ്ത്ര പണ്ഡിതന്മാരും, 'കള്ളവാദികളുടെ കള്ളത്തരങ്ങളെ 'അവര്‍' തള്ളിപ്പറയും' എന്നതിന്റെ വിവക്ഷ ഹദീസ് പണ്ഡിതന്മാരുമാണ്.

ഇതനുസരിച്ച് ഹദീസ് പണ്ഡിതന്മാരുടെയും കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും ദൗത്യങ്ങളും ധര്‍മങ്ങളും പരസ്പര പൂരകമാണ്. കര്‍മശാസ്ത്ര പണ്ഡിതന്റെ പാണ്ഡിത്യം ലക്ഷ്യാധിഷ്ഠിതമായതിനാല്‍ ഫത്്വാ പീഠത്തിലും മനുഷ്യര്‍ക്ക് ഗുണകരമായ കാര്യങ്ങളെക്കുറിച്ച ആലോചനയിലും കഴിയുന്നു. കര്‍മശാസ്ത്ര പണ്ഡിതന് ആവശ്യമായ വിവരങ്ങള്‍ എത്തിച്ചു നല്‍കുക എന്ന അര്‍ഥത്തില്‍ ഹദീസ് പണ്ഡിതന്റെ പാണ്ഡിത്യം മാധ്യമപരമാണെന്നും പറയാം.

മുഹദ്ദിസിന്റെയും ഫഖീഹിന്റെയും മേഖലകള്‍ തമ്മിലെ വ്യത്യാസങ്ങള്‍
1. ഹദീസുകളുടെ നിവേദക പരമ്പരകളേക്കാള്‍ ഹദീസുകളുടെ ഉള്ളടക്കത്തെക്കുറിച്ചായിരിക്കും ഫഖീഹുമാര്‍ പഠിക്കുക. അതേസമയം, ഹദീസുകളുടെ ഉള്ളടക്കത്തേക്കാള്‍ നിവേദക പരമ്പരകളെക്കുറിച്ച പരിശോധനയാണ് മുഹദ്ദിസുകളുടെ മേഖല.
2. ഫഖീഹുകൾ നിദാനശാസ്ത്ര തത്വങ്ങളും അടിസ്ഥാനങ്ങളും പഠിക്കുകയും അതനുസരിച്ച് നിയമാവിഷ്‌കാരം നടത്തുകയും ചെയ്യുന്നു. അതേസമയം, ഹദീസ് പണ്ഡിതന്മാര്‍ നിവേദകരുടെ പേരുകളും അവരുടെ ജീവചരിത്രവും പഠിച്ച് നിവേദക പരമ്പരകളുടെ ബലാബലത്തെക്കുറിച്ച് വിധി പറയുന്നു.
3. വിവിധ മദ്ഹബുകളിലെ പണ്ഡിതന്മാരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിശോധിച്ച് അവയില്‍ ഏതിന് മുന്‍തൂക്കം നല്‍കണമെന്നതില്‍ കേന്ദ്രീകരിച്ച് ഫഖീഹുമാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹദീസ് പണ്ഡിതന്മാര്‍, ചില പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെയല്ല നിവേദകരുടെ ബലാലബലം പരിഗണിച്ചാണ് ഏതഭിപ്രായത്തിന് മുന്‍തൂക്കം നല്‍കണമെന്ന നിലപാടിലെത്തുക.
4. ഹദീസിന്റെ ഉള്ളടക്കത്തെ ബലപ്പെടുത്തുന്ന ഫത് വകള്‍, നിദാനശാസ്ത്രപരമോ തര്‍ക്കശാസ്ത്രപരമോ ഉദ്ദേശ്യലക്ഷ്യപരമോ ആയി ബലപ്പെടുത്താന്‍ പാകത്തില്‍ പുറമെനിന്ന് ലഭിക്കുന്ന തെളിവുകള്‍ മുതലായവ ഉപയോഗപ്പെടുത്തി ഫഖീഹുകൾ ഹദീസിനെ സാധുവാക്കും.
ഇമാം തിര്‍മിദി ഹദീസുകളെ ബലപ്പെടുത്തിയിരുന്നത് ഈ രീതിയിലായിരുന്നു.
5. പ്രമാണം നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടുമോ എന്ന് പരിശോധിച്ചായിരിക്കും ഫഖീഹുകൾ ഫത് വ പറയുക. അതേസമയം, പ്രമാണം നിലവിലെ സാഹചര്യത്തിന് വഴങ്ങുമോ ഇല്ലയോ എന്നു പരിഗണിക്കാതെയാവും മുഹദ്ദിസിന്റെ ഫത്്വ, ഹദീസിലെ ആശയം എവിടെ പ്രയോഗവല്‍ക്കരിക്കണം, പ്രയോഗവല്‍ക്കരിക്കരുത് എന്ന വിഷയത്തില്‍ ഈ അര്‍ഥത്തില്‍ മുഹദ്ദിസുകള്‍ പ്രതിസന്ധിയിലാകുന്നുണ്ട് എന്നു പറയാം.

'എല്ലാ മുഹദ്ദിസും ഫഖീഹാണ്, എല്ലാ ഫഖീഹും മുഹദ്ദിസല്ല' എന്ന വാദം ശരിയോ?
എല്ലാ മുഹമ്മദിസും ഫഖീഹാണ്, എല്ലാ ഫഖീഹും മുഹദ്ദിസല്ല' എന്ന വാദം ശരിയല്ല. രണ്ടുപേരും വ്യത്യസ്തരാണെന്നതോടൊപ്പം രണ്ടു പേരും പരസ്പര പൂരകരാണ്. അതോടൊപ്പം മുഹദ്ദിസ് ഒരേ സമയം ഫഖീഹുമാകാം, ഫഖീഹ് മുഹദ്ദിസുമാകാം. ഇമാം ശാഫിഈ മുഹദ്ദിസുകളിലെ ഫഖീഹാണ്, അഹ്്മദുബ്‌നു ഹമ്പല്‍ ഫുഖഹാക്കളിലെ മുഹദ്ദിസുമാണ് പക്ഷെ, അവരെക്കുറിച്ച് ഇങ്ങനെ വിധിപറയുന്നതിനു പകരം, അവരില്‍ മികച്ചു നില്‍ക്കുന്നത് ഹദീസോ ഫിഖ്‌ഹോ എന്ന് കണ്ടെത്തുകയാണ് നാം വേണ്ടത്. ഹദീസിനാണ് മുന്‍തൂക്കമെങ്കില്‍ മുഹദ്ദിസ്, ഫിഖ്ഹിനാണ് മുന്‍തൂക്കമെങ്കില്‍ ഫഖീഹ്. ഇതനുസരിച്ച് ഇമാം നവവി ഫഖീഹും ഇബ്‌നുസ്സ്വലാഹും ഇബ്‌നു ഹജറില്‍ അസ്ഖലാനിയും മുഹദ്ദിസുകളുമാണ്.
6. കര്‍മശാസ്ത്രപണ്ഡിതന്മാര്‍ പ്രമാണത്തിന്റെ ആന്തര രഹസ്യങ്ങളിലേക്ക് നോക്കി അതിലെ നിയമവശങ്ങള്‍ കണ്ടെടുക്കുന്നു. അതേസമയം മുഹദ്ദിസ് ബാഹ്യമായി കൈകാര്യം ചെയ്യുന്നു. ഇമാം സ്വന്‍ആനിയുടെ പ്രസ്താവനകളില്‍നിന്ന് ഇത് വ്യക്തമായി മനസ്സിലാക്കാം.
7. ഫഖീഹ് ഫിഖ്ഹിന്റെ ടെക്്സ്റ്റുകള്‍ പഠിപ്പിക്കുന്നു. മുഹദ്ദിസാകട്ടെ, ഫിഖ്ഹീ ടെകസ്റ്റുകളെ കൂടുതലായി പരഗിണിക്കില്ല.
ചുരുക്കത്തില്‍ ഫത് വകള്‍ നല്‍കേണ്ടതും സമുദായത്തിന് നേതൃത്വം കൊടുക്കേണ്ടതും മുഹദ്ദിസുകളല്ല, നിദാനശാസ്ത്ര പടുക്കളായ കര്‍മശാസ്ത്ര പണ്ഡിതന്മാരാണ്. പ്രമാണങ്ങളെ സംഭവങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാന്‍ അവര്‍ക്കാണ് കഴിയുക. 3

ഇബ്‌നുല്‍ ജൗസിയുടെ നിരീക്ഷണം
ഇബ്‌നുല്‍ ജൗസി 'തല്‍ബീസു ഇബ്്‌ലീസി'ല്‍ എഴുതുന്നു:
كان الفقهاء في قديم الزمان هم أهل القرآن والحديث؛ فما زال الأمر يتناقص حتى قال المتأخِّرون: يكفينا أنْ نعرفَ آيات الأحكام من القرآن، وأنْ نعتمِدَ على الكتب المشهورة في الحديث؛ كسنن أبي داود ونحوها، ثم استهانوا بهذا الأمر أيضًا، وصار أحدهم يحتج بآيةٍ لا يعرف معناها، وبحديثٍ لا يدري أصحيحٌ هو أم لا، وربما اعتمَدَ على "قياسٍ" يُعارضه "حديثٌ صحيح" ولا يعلم؛ لقلة التفاته إلى معرفة النقل
'മുമ്പുകാലത്ത് ഖുര്‍ആനും ഹദീസും അറിയുന്നവരായിരുന്നു ഫഖീഹുമാര്‍. പിന്നീടുവന്നവര്‍, ഞങ്ങള്‍ക്ക് ഖുര്‍ആനിലെ വിധിപ്രധാനമായ സൂക്തങ്ങളും സുനനു അബീദാവൂദ് പോലുള്ള ഗ്രന്ഥങ്ങളും അവലംബിച്ചാല്‍ മതി എന്നുപറഞ്ഞു. പിന്നീട് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഇതിനെയും നിസ്സാരമായി കാണാന്‍ തുടങ്ങി. അര്‍ഥം അറിയാതെ സൂക്തങ്ങള്‍ തെളിവായി ഉദ്ധരിച്ചു തുടങ്ങി. സ്വഹീഹാണോ അല്ലയോ എന്നറിയാതെ ഹദീസ് ഉദ്ധരിക്കുന്ന അവസ്ഥയായി. സ്വഹീഹായ ഹദീസിനു വിരുദ്ധമായി ഖിയാസിനെ അവലംബിക്കുന്നേടത്തോളമെത്തി.'

ഫിഖ്ഹ് എന്നാല്‍ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും വിധിനിര്‍ധാരണം ചെയ്‌തെടുക്കുന്ന പ്രക്രിയയാണ്. അറിയാത്ത പ്രമാണങ്ങളില്‍നിന്ന് എങ്ങനെ അത് സാധിക്കും? സാധുവോ അസാധുവോ എന്നറിയാത്ത ഹദീസിനെ അവലംബിച്ച് ഒരു വിധി പറഞ്ഞാല്‍ അതെങ്ങനെയാണ് ശരിയാവുക?4
ഖത്വീബുല്‍ ബഗ്ദാദി ഉബൈദുല്ലാഹി ബ്‌നു അംറില്‍നിന്ന് ഉദ്ധരിക്കുന്നു:
قال أبو وهب عبيد الله بن عمرو الجزري الأسدي: كنت في مجلس الأعمش فجاءه رجل فسأله عن مسألة فلم يجبه فيها، ونظر فإذا أبو حنيفة فقال: يا نعمان، قل فيها فقال أبو حنيفة: القول فيها كذا، فقال الأعمش: من أين قلت؟ فقال أبو حنيفة: من حديث كذا أنت حدثتناه، فقال الأعمش يا معشر الفقهاء أنتم الأطباء ونحن الصيادلة
'ഒരാള്‍ താബിഈ പണ്ഡിതനായ അഅ്മശിനെ സമീപിച്ച് ഒരു വിഷയത്തെ സംബന്ധിച്ച് ചോദിച്ചു: (അവിടെ അബൂഹനീഫ ഇരിക്കുന്നുണ്ടായിരുന്നു). അബൂഹനീഫയോടായി അഅ്മശ് പറഞ്ഞു: 'നുഅ്മാന്‍! (അബൂഹനീഫയുടെ പേര്). അതിനു മറുപടി പറഞ്ഞു കൊടുക്കൂ. അബൂഹനീഫ മറുപടി പറഞ്ഞു; അഅ്മശ്: 'എന്ത് ആധാരമാക്കിയാണ് നിങ്ങള്‍ മറുപടി പറഞ്ഞത്? ' അബൂഹനീഫ: 'നിങ്ങള്‍ നേരത്തെ ഞങ്ങളോട് പറഞ്ഞുതന്ന ഹദീസിനെ അവലംബിച്ച്' അഅ്മശ്: 'അതെ! ഞങ്ങള്‍ -ഹദീസ് പണ്ഡിതന്മാര്‍- ഫാര്‍മസിസ്റ്റുകളാണ്. നിങ്ങള്‍- ഫിഖ്ഹ് പണ്ഡിതന്മാര്‍- ഡോക്ടര്‍മാരുമാണ്.'5
ഖത്ത്വാബി ഇതേക്കുറിച്ച് വിശദീകരിച്ചെഴുതുന്നു: 'പണ്ഡിതന്മാര്‍ രണ്ടു വിഭാഗമാണ്. ഹദീസ് പണ്ഡിതന്മാര്‍, ഫിഖ്ഹ് പണ്ഡിതന്മാര്‍. ഒരു വിഭാഗത്തിന് മറ്റെ വിഭാഗത്തെ ഒഴിവാക്കാനാവില്ല. അടിത്തറയുടെ സ്ഥാനമാണ് ഹദീസിനുള്ളത്. ഈ അടിത്തറയുടെ ശാഖയാണ് ഫിഖ്ഹ്. അടിത്തറ ഇല്ലാത്ത കെട്ടിടം തകര്‍ന്നുപോകും. കെട്ടിട നിര്‍മിതി നടന്നിട്ടില്ലാത്ത തറകള്‍ നിരുപയോഗമാണ്. രണ്ടു വിഭാഗങ്ങളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടവരാണ്. ഓരോ വിഭാഗത്തിനും മറ്റെ വിഭാഗത്തെ ആവശ്യമുണ്ട്.'6
അലിയ്യുബ്‌നുല്‍ മദീനി പറയുന്നു:
 التفقه في معاني الحديث نصف العلم، ومعرفة الرجال نصف العلم
'ഹദീസിന്റെ ആശയങ്ങളെക്കുറിച്ച് ഗ്രാഹ്യം നേടുന്നത് ജ്ഞാനത്തിന്റെ പകുതിയാണ്, നിവേദക പരമ്പരയിലെ ആളുകളെക്കുറിച്ചറിയുന്നത് അറിവിന്റെ രണ്ടാം പകുതിയാണ്.'
ഇമാം ശൗകാനി പറയുന്നു:

കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഗ്രന്ഥരചനക്ക് ഒരുമ്പെടുന്നവര്‍ നിദാനശാസ്ത്രജ്ഞാനത്തില്‍ എത്രതന്നെ വൈദഗ്ധ്യം നേടിയാലും അയാള്‍ക്ക് സുന്നത്ത് വിജ്ഞാനീയത്തില്‍ നല്ല അവഗാഹമില്ലെങ്കില്‍, അതിലെ സാധുവും അസാധുവുമായ ഹദീസുകളെക്കുറിച്ച തിരിച്ചറിവില്ലെങ്കില്‍ അയാളുടെ സംരംഭം അടിത്തറയുടെ മുകളിലല്ല അയാള്‍ പണിയുന്നത്. കാരണം മിക്കവാറും ഫിഖ്ഹ് ജ്ഞാനം സുന്നത്ത് ജ്ഞാനത്തില്‍നിന്നാണ് സ്വീകരിക്കപ്പെടുന്നത്. വസ്തുത ഇതാണെന്നിരിക്കെ ഹദീസിനെക്കുറിച്ച് ആധികാരിക വിവരമില്ലാത്തവര്‍ എങ്ങനെയാണ് ഇസ്്ലാമിക വൈജ്ഞാനിക മേഖലയില്‍ ഇടപെടുക.'8

ഹദീസ് പണ്ഡിതന്മാരെ ശത്രുക്കളായി കാണുന്നവരെ വിമര്‍ശിച്ചുകൊണ്ട് റാമഹുര്‍മുസി പറയുന്നു:
إلاَّ تأدَّب بأدب العلم، وخَفَضَ جناحَه لِمَنْ تعلَّق بشيءٍ منه، ولم يُبَهرِجْ شيوخَه الذين عنهم أخذ وبِهِم تصدَّر، ووفَّى الفقهاءَ حقوقَهم من الفَضْل، ولم يبخَسْ الرواةَ حظوظَهم من النَّقْل، ورغَّبَ الرُّواةَ في التَّفقه، والمُتفقِّهةَ في الحديث، وقال بِفضْلِ الفريقين، وحضَّ على سلوك الطريقين؛ فإنهما يَكْمُلان إذا اجْتَمَعا، ويَنقُصان إذ افترقا
'ഹദീസ് പണ്ഡിതന്മാരോട് ദ്വേഷിക്കുന്നവര്‍ വിജ്ഞാനത്തിന്റേതായ സംസ്‌കാരം നേടണം. അറിവിന്റെ എന്തെങ്കിലുമായി ബന്ധപ്പെട്ടവരുടെ മുന്നില്‍ അവര്‍ തങ്ങളുടെ ചിറകുകള്‍ താഴ്ത്തണം. താന്‍ അറിവുനേടുകയും അതുവഴി നേതൃത്വത്തിലെത്താന്‍ വഴിയൊരുക്കുകയും ചെയ്ത ഗുരുനാഥന്മാരെ വ്യാജന്മാരാക്കരുത്. പണ്ഡിതന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മഹത്വം നല്‍കണം. നിവേദകര്‍ക്ക് നിവേദനത്തിന്റെ പേരില്‍ അവകാശപ്പെട്ട ഒന്നും കുറച്ചുകളയരുത്. നിവേദകരെ ഹദീസുകളില്‍ അവഗാഹം നേടാനും അവഗാഹം നേടിയവരെ ഹദീസില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനും പ്രോത്സാഹിപ്പിക്കണം. രണ്ടു വിഭാഗങ്ങളുടെയും -മുഹദ്ദിസുകളുടെയും ഫഖീഹുമാരുടെയും- ശ്രേഷ്ഠത അവര്‍ എടുത്തു പറയണം. രണ്ടുരീതികളിലും -ഹദീസിലും ഫിഖ്ഹിലും- പഠനം തുടരാന്‍ പ്രേരിപ്പിക്കണം. രണ്ടും ഒരുമിച്ചാല്‍ രണ്ടും പൂര്‍ണമാവും. രണ്ടുംവഴി പിരിഞ്ഞാല്‍ രണ്ടിനും ശോഷണം സംഭവിക്കും.''9

ഇബ്‌നുല്‍ ജൗസിയുടെ ഉപദേശം
ഇസ് ലാമിക വിജ്ഞാനീയത്തിലൂടെ അല്ലാഹുവിലേക്കും പാരത്രിക മോക്ഷത്തിലേക്കും ഉന്മുഖരാവുന്ന പണ്ഡിതന്മാരെ ഉപദേശിച്ചുകൊണ്ട് ഇബ്‌നുല്‍ ജൗസി എഴുതുന്നു:
أمَّا العالِم؛ فلا أقولُ له: اشبع من العلم، ولا اقتصر على بعضه. بل أقول له: قدِّم المُهِمَّ؛ فإن العاقل مَنْ قدَّر عُمْرَه وعمل بمقتضاه، وإنْ كان لا سبيل إلى العلم بمقدار العمر، غير أنه يَبْني على الأغلب
فإذا علِم العاقلُ أنَّ العمر قصير، وأنَّ العلم كثير، فقبيحٌ بالعاقل الطالبِ لكمال الفضائل؛ أنْ يتشاغل – مثلًا – بسماع الحديث ونسْخِه ليحصل كلُّ طريقٍ، وكلُّ روايةٍ، وكلُّ غريب
وهذا لا يفرغ من مقصوده منه في خمسين سنةً؛ خصوصًا إنْ تشاغَلَ بالنَّسْخ ثم لا يحفظ القرآن، أو يتشاغل بعلوم القرآن ولا يعرف الحديث، أو بالخلاف في الفقه ولا يعرف النَّقْل الذي عليه مدار المسألة
'പണ്ഡിതനോട്, ചില വിവരങ്ങളില്‍ പരിമിതനാവുക, ചില വിവരങ്ങള്‍ ആവോളം നേടുക എന്ന് ഞാന്‍ പറയില്ല. ഞാന്‍ അദ്ദേഹത്തോട് പറയുക: 'പ്രാധാന്യമുള്ളതിന് മുന്‍തൂക്കം നല്‍കുക എന്നായിരിക്കും. യഥാര്‍ഥ ബുദ്ധിമാന്‍ തന്റെ ആയുസ്സിനെ കണക്കാക്കി അതിന്റെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നവനായിരിക്കും. ആയുസ്സിനനുസരിച്ച് അറിവുനേടാന്‍ വഴിയില്ലെങ്കില്‍ ഏറ്റവും മികച്ചതിന് അനുസരിച്ച് നിലപാടെടുക്കണം.
നേടേണ്ട അറിവ് കൂടുതലും ആയുസ്സ് കുറവും ആണെന്ന് മനസ്സിലാക്കുന്ന, ശ്രേഷ്ഠതകളില്‍ പൂര്‍ണത തേടുന്ന ബുദ്ധിമാന്‍ ഒരു ഹദീസ് വന്ന വ്യത്യസ്ത നിവേദക പരമ്പരകള്‍ പകര്‍ത്തിയെടുക്കുക, ആ ഹദീസുകള്‍ കേള്‍ക്കുക പോലുള്ള പ്രവൃത്തികളില്‍ മുഴുകാവതല്ല. അമ്പതുകൊല്ലം കൊണ്ടുപോലും ഇതുപോലുള്ള ദൗത്യം പൂര്‍ത്തിയാക്കാനാവില്ല; വിശിഷ്യ, പകര്‍ത്തി എഴുതാന്‍ ഒരുമ്പെട്ടാല്‍: ഖുര്‍ആന്‍ മനഃപാഠമാക്കാനോ, ഖുര്‍ആനിക വിജ്ഞാനീയങ്ങളില്‍ മുഴുകാനോ, ഹദീസ് പഠിക്കാനോ, ഫിഖ്ഹിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മനസ്സിലാക്കാനോ, ഒരു പ്രശ്‌നത്തിന്റെ മര്‍മം സ്ഥിതി ചെയ്യുന്ന പ്രമാണം ഗ്രഹിക്കാനോ കഴിയാതെയാവും.'10
ഉദാഹരണമായി ഇബ്‌നുല്‍ ജൗസി പറയുന്നു: 'തന്നെ സംബന്ധിച്ചേടത്തോളം എന്തിനാണോ വൈജ്ഞാനിക പ്രാധാന്യം അത് മനസ്സിലാക്കിയാവണം പണ്ഡിതൻ ഊന്നല്‍ നല്‍കുന്നത്. 'വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ കുളിച്ചിരിക്കണം''11 എന്ന ഹദീസ് ഇരുപത് നിവേദക പരമ്പരകളിലൂടെ ഉദ്ധരിച്ചു വന്നതാണ്. ഒരു നിവേദക പരമ്പരയിലൂടെ തന്നെ അത് സാധുവാണ്. എന്നിരിക്കെ, അതിന്റെ മറ്റ് പത്തൊമ്പത് നിവേദക പരമ്പരകള്‍ പഠിക്കാനുള്ള ശ്രമത്തിനിടയില്‍ 'കുളിയുടെ മര്യാദകള്‍' പഠിക്കാന്‍ അയാള്‍ക്ക് അവസരം നഷ്ടപ്പെടുന്നു. പഠനം ഈ തരത്തിലാവരുത്.12 മുന്‍കാലങ്ങളില്‍ ഹദീസ് പണ്ഡിതന്മാര്‍ കര്‍മശാസ്ത്രകാരന്മാരുമായിരുന്നു. പിന്നീട് കര്‍മശാസ്ത്രകാരന്മാര്‍ക്ക് ഹദീസും ഹദീസ് പണ്ഡിതന്മാര്‍ക്ക് ഫിഖ്ഹും അറിയാത്ത അവസ്ഥ വന്നു. ഉയര്‍ന്ന മനക്കരുത്തും ഇഛാശക്തിയുമുള്ളവര്‍ അറിവുകളില്‍ മുഖ്യമായ ഫിഖ്ഹിന് ഊന്നല്‍ നല്‍കണം.'13

ഇസ് ലാമിക വിദ്യാഭ്യാസം താഴെ ചേര്‍ത്ത് ക്രമത്തില്‍ ക്രമപ്രവൃദ്ധമായി വികസിക്കണമെന്നാണ് ഇബ്‌നുല്‍ ജൗസിയുടെ നിലപാട്.
1. ഖുര്‍ആന്‍ മനഃപാഠമാക്കുക, മിതമായ തോതില്‍ ഖുര്‍ആന്‍ വ്യാഖ്യാനം പഠിക്കുക.
2. സാധ്യമെങ്കില്‍ ഖുര്‍ആന്റെ ഏഴു പാരായണ രീതികള്‍ അഭ്യസിക്കുക.
3. അറബി ഗ്രാമര്‍ വശമാക്കുക, ഭാഷാ ഗ്രന്ഥങ്ങള്‍ വായിക്കുക.
4. അടുത്ത ഘട്ടത്തില്‍ സ്വഹീഹുകളും മുസ്‌നദുകളും സുനനുകളും ഹദീസ് നിദാന ശാസ്ത്രവും പഠിച്ചു തുടങ്ങുക.
5. നബി(സ)യുടെ ജീവചരിത്രം പഠിച്ചുകൊണ്ട് ഇസ്്ലാമിക ചരിത്രത്തെക്കുറിച്ച് അവബോധം നേടുക.
6. ഫിഖ്ഹിലേക്ക് കടന്നുകൊണ്ടാണ് അടുത്തഘട്ടം. വിവിധ മദ്ഹബുകളെയും മദ്ഹബുകള്‍ തമ്മിലെ അഭിപ്രായാന്തരങ്ങളെയും സംബന്ധിച്ച് പഠിക്കണം. ഖുര്‍ആനും ഹദീസും ഭാഷാശാസ്ത്രവും ആധാരമാക്കിവേണം ഏതു മസ്അലയും ചര്‍ച്ച ചെയ്യാന്‍.
7. ഫിഖ്ഹ് നിദാനശാസ്ത്രം, ഫറാഇദ്(അനന്തരാവകാശ സ്വത്തിന്റെ വീതം വെപ്പ്) മുതലായവ പഠിക്കേണ്ടത് ഈ ഘട്ടത്തിലാണ്. എല്ലാ വിജ്ഞാനങ്ങളും ആത്യന്തികമായി കേന്ദ്രീകരിച്ചിരിക്കുന്നത് ഫിഖ്ഹിലാണെന്ന് മനസ്സിലാക്കണം.
8. ആയുസ്സളവ് കൂടുതലുണ്ടായാല്‍ അത് ഫിഖ്ഹിന് നീക്കിവെക്കണം. കാരണം, ഫിഖ്ഹാണ് കൂടുതല്‍ ഉപകാരപ്രദം.
9. ഏതെങ്കിലും വിജ്ഞാന ശാഖയില്‍ ഗ്രന്ഥരചന സാധ്യമാകുമെങ്കില്‍ അത് നിര്‍വഹിച്ചിരിക്കണം. അത് ഒരു സുകൃതമായി ഭാവിയിലേക്കുണ്ടാവും.14

ഖത്വീബുല്‍ ബഗ്ദാദിയുടെ ഉപദേശം
'ഹദീസു പഠിതാക്കളെ പ്രത്യേകിച്ചും അല്ലാത്തവരെ പൊതുവെയും ഞാന്‍ താഴെ കാര്യങ്ങള്‍ ഉപദേശിക്കുന്നു. പഠിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അജ്ഞത തൃപ്തിപ്പെടുന്നവരും ഏതെങ്കിലും അര്‍ഥത്തിലുള്ള ശ്രേഷ്ഠത ഇല്ലാത്തവരുമായവരില്‍നിന്ന് വേര്‍തിരിഞ്ഞു നില്‍ക്കണം. തന്റെ സമയത്തിന്റെയും ആയുസ്സിന്റെയും സിംഹഭാഗം എന്തിനുവേണ്ടി ചെലവഴിച്ചു എന്ന് ചിന്തിക്കണം.'15

പഠനം ഏതുരീതിയിലായിരിക്കണം എന്നതു സംബന്ധിച്ച് ഖത്വീബുല്‍ ബഗ്ദാദി സാരവത്തായ ഒരു നിര്‍ദേശം മുന്നോട്ടു വെക്കുന്നുണ്ട്.
وليعلم أن الإكثار من كتب الحديث وروايته، لا يصير (بها) الرجل فقيها، إنما يتفقه بإستنباط معانيه، وإنعام التفكر فيه
'ഹദീസുകളും നിവേദനങ്ങളും ധാരാളം പഠിച്ചത് കൊണ്ടുമാത്രം ഒരാള്‍ പണ്ഡിതനാവില്ല. അതിലെ ആശയങ്ങള്‍ കണ്ടെടുക്കുകയും അവയെപ്പറ്റി ഉറ്റാലോചിക്കുകയും ചെയ്താലെ അഗാധ പാണ്ഡിത്യം നേടാന്‍ കഴിയുകയുള്ളൂ.'16

കൂടുതല്‍ പണ്ഡിതന്മാര്‍
ഖാദിഇയാദ് 'തര്‍ത്തീബുല്‍ മദാരികി'ല്‍ ഹദീസ് പണ്ഡിതനായ ഇബ്‌നു വഹ്ബിനെ ഉദ്ധരിച്ചെഴുതുന്നു: 'അല്ലാഹു എന്നെ മാലികും ലൈസും വഴി രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ വഴി തെറ്റുമായിരുന്നു. കൂടുതല്‍ ഹദീസുകള്‍ പഠിച്ചിരുന്ന ഞാന്‍ മാലികിന്റെയും ലൈസിന്റെയും മുമ്പാകെ അവ അവതരിപ്പിക്കുമായിരുന്നു. അപ്പോള്‍ അവര്‍ രണ്ടുപേരും 'നീ ഇതെടുത്തോളൂ, അത് ഒഴിവാക്കിയേക്കൂ' എന്നിങ്ങനെ പറയുമായിരുന്നു.
ഹദീസ് പണ്ഡിതനായ അബൂനുഐം, അബൂഹനീഫയുടെ പ്രമുഖ ശിഷ്യനായ സുഫറുബ്‌നുല്‍ ഹുദൈലിന്റെ മുമ്പാകെ ഹദീസുകള്‍ അവതരിപ്പിക്കുമ്പോള്‍, 'ഇത് ദുര്‍ബലമാക്കിയതാണ്, അത് ദുര്‍ബലമാക്കപ്പെട്ടതാണ്, ഇത് സ്വീകരിക്കാം, അത് തള്ളണം എന്നിങ്ങനെ പറഞ്ഞുകൊടുക്കുമായിരുന്നു. ഹദീസ് പണ്ഡിതന്മാര്‍ ഫിഖ്ഹ് പണ്ഡിതന്മാരെ എത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
ഇമാം അഹ് മദുബ്‌നു ഹമ്പല്‍(റ) ഇമാംശാഫിഈയിലെ മുഹദ്ദിസ് -ഫഖീഹ് പ്രതിഭകളെ പുകഴത്തിക്കൊണ്ട് പറഞ്ഞത് കാണുക:
كان الفقهاء أطبّاء والمحدّثون صيادلة فجاء محمّد بن إدريس الشافعي طبيبا صيدلانيّا ما مقلت العيون مثله أبدًا
'ഫഖീഹുകൾ ഡോക്ടര്‍മാരും മുഹദ്ദിസുകള്‍ ഫാര്‍മസിസ്റ്റുകളുമായിരുന്നു. അങ്ങനെയിരിക്കെ മുഹമ്മദുബ്‌നു ഇദ് രീസിശ്ശാഫിഈ ഫാര്‍മസിസ്റ്റും ഡോക്്ടറുമായി വന്നു. അദ്ദേഹത്തെപോല മറ്റൊരാളെ കണ്ണുകള്‍ കണ്ടിട്ടില്ല.'17

മദ്ഹബില്ലാത്ത ഹദീസ് പണ്ഡിതന്മാര്‍
ഇസ് ലാമിക ചരിത്രത്തില്‍ ധാരാളം മുഹദ്ദിസുകള്‍ ജീവിച്ചുപോയിട്ടുണ്ട്. അവര്‍ക്കൊന്നും പ്രത്യേക മദ്ഹബുകള്‍ ഉണ്ടായിരുന്നില്ല. അവര്‍ തങ്ങളല്ലാത്ത ഫഖീഹുമാരുടെ മദ്ഹബുകളെയായിരുന്നു പിന്‍പറ്റിയിരുന്നത്. ഹദീസും ഫിഖ്ഹും സംയോജിപ്പിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു അതിന് കാരണം.

ഇമാം മുസ് ലിം, തുര്‍മുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, ഹാകിം, ബൈഹഖി, ദാറുഖുത്വ്‌നി, ഖത്വീബുല്‍ ബഗ്ദാദി, ഇറാഖീ, മുന്‍ദിരി, നവവി, ദഹബി, ഇബ്‌നു ഹജര്‍, സുയൂത്വി, ഇബ്‌നു റജബ്, ഇബ്‌നു അബ്ദില്‍ ബര്‍റ്, ത്വഹാവി, ഇബ്‌നു ഉയൈയ്‌ന, വകീഅ്, അലിയ്യുബ്‌നുല്‍ മദീനി, യഹ് യബ്‌നു മഈന്‍ മുതലായ ആയിരക്കണക്കിന് ഹദീസ് പണ്ഡിതന്മാര്‍ക്ക് സ്വന്തമായ മദ്ഹബ് ഉണ്ടായിരുന്നില്ല. ഇവരെല്ലാം, മുജ്തഹിദുകള്‍ എന്ന് നടിക്കാതെ സര്‍വസ്വീകാര്യരായ മുജ്തഹിദ് മുത്വ്‌ലഖുകളെ പിന്‍പറ്റുകയാണ് ചെയ്തത്.

ഫഖീഹിന്റെ ബൗദ്ധിക മികവിനുദാഹരണം
അഹ് മദുബ്‌നു മുഹമ്മദ്ബ്‌നു സുഹൈലില്‍നിന്ന് റാമഹുര്‍മുസി ഉദ്ധരിക്കുന്നു:
'യഹ് യബ്‌നു മഈന്‍, അബൂഖൈസമ, ഖലഫുബ്‌നു സാലിം മുതലായവര്‍ ഹദീസുകളെക്കുറിച്ച് പഠന ചര്‍ച്ച നടത്തുന്നതിനിടെ മരിച്ചവരെ കുളിപ്പിക്കാറുള്ള ഒരു വനിത അവരോട് ചോദിച്ചു: 'ആര്‍ത്തവമുള്ള സ്ത്രീക്ക് മരിച്ചവരെ കുളിപ്പിക്കാന്‍ പറ്റുമോ?' ഹദീസ് പണ്ഡിതന്മാര്‍ മറുപടി പറയാതെ പരസ്പരം നോക്കിനിന്നു. അതിനിടെ, ഫഖീഹായ അബൂസൗര്‍ അവിടേക്ക് കടന്നുവന്നു.

പണ്ഡിതന്മാര്‍, 'അബൂസൗറിനോട് ചോദിക്കുക' എന്ന് വനിതയോട് പറഞ്ഞു: വനിത അബൂസൗറിനോട് പ്രശ്‌നം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു: 'ആഇശയില്‍നിന്ന് അഹ്്‌നഫ് വഴി ഉസ്മാനുബ്‌നു അഫ്ഫാന്‍ ഉദ്ധരിച്ച ഹദീസില്‍ 'നിന്റെ ആര്‍ത്തവം നിന്റെ കൈയിലല്ല' എന്ന് നബി(സ) പറഞ്ഞതായി കാണാം. കൂടാതെ, 'ആര്‍ത്തവകാരിയായിരിക്കെ ഞാന്‍ നബി(സ)യുടെ തലയില്‍ വെള്ളം ഒഴിക്കാറുണ്ടായിരുന്നു' എന്നും ആഇശ(റ) ഉദ്ധരിച്ചത് കാണാം. ജീവിച്ചിരിക്കുന്നവരുടെ തലയില്‍ വെള്ളം ഒഴിക്കാമെങ്കില്‍ എന്തുകൊണ്ട് മൃതദേഹത്തില്‍ വെള്ളം ഒഴിച്ചുകൂടാ?
ഇതുകേട്ടപ്പോള്‍ അതിനെ പിന്തുണക്കുന്ന ഹദീസുകള്‍ സദസ്സിലുണ്ടായിരുന്ന ഹദീസ് പണ്ഡിതന്മാര്‍ ഉദ്ധരിക്കുകയുണ്ടായി.18

ഹദീസ് വിജ്ഞാനീയത്തില്‍ അഗാധജ്ഞാനികളായ മുഹദ്ദിസുകള്‍ പോലും കര്‍മശാസ്ത്രവിഷയങ്ങളില്‍ സ്വന്തമായി നിലപാടെടുത്തിരുന്നില്ല എന്നു വരുമ്പോള്‍, ഇസ് ലാമിക വിജ്ഞാനീയങ്ങളില്‍ സാമാന്യ ജ്ഞാനമില്ലാത്തവര്‍ പോലും മുഹദ്ദിസുകളും ഫഖീഹുമാരുമായി രംഗത്തുവരുന്നത് എന്തുമാത്രം വിരോധാഭാസമല്ല! 

കുറിപ്പുകള്‍
1. الذهبي سير أعلام النبلاء 10/23
ഇമാം ശാഫിഈ ചില ഹദീസ് പണ്ഡിതന്മാരോട് ഇതേവിധം പറഞ്ഞിരുന്നതായി റബീഅ് പ്രസ്താവിച്ചിട്ടുണ്ട്.
2. أخرجه الخطيب في الفقيه والمتفقه وفي شرف اصحاب الحديث وهو حسن
3. الشيخ وليد محمّد الصّباحي منتديات المشتاقون للجنّة http://www.asm334.com/vb/Shouthread.php?) (t=274)
4. تلبيس إبليس ص 103
5. نصيحة اهل الحديث ص 44 رقم 23
6. معالم السنن 3/1
7. المحدث الفاصل بين الرّاوي والواعي ص 320
8. أدب الطلب ومنتهى الأدب ص80
9. المحدث الفاصل بين الراوي والواعي ص 161
10. صيد الخاطر ص 55
11. الترمذي 143/1 ح 494، وقال حسن صحيح ، ابن ماجه 157/1
12. صيد الخاطر ص 68
13. صيد الخاطر ص 145
14. صيد الخاطر ص 55، الفصام المبتدع بين أهل الفقه وأهل الحديث ص 93
15. الفقيه والمتفقه 425/1
16. الفقيه والمتفقه 430/1
17. تاريخ مشق، ابن عساكر ج 51 ص 334
18. المحدث الفاصل ص 249، الخطيب في التاريخ 67/6

المراجع
1. طريق التعدبل بين المحدثين والفقهاء، شبكة الألوكة
2. الفقهاء والمحدّثون يكمّل بعضهم بعضا - Alukah.net
3. رابطة أدباء الشام تعني بفضايا الأدب والإنسان

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top