അവയവ ദാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ഡോ. യൂസുഫുല്‍ ഖറദാവി
ഒരു മുസ്‌ലിമിന് തന്റെ ഒരവയവമോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗമോ സ്വന്തം ജീവിതകാലത്ത് മറ്റൊരാളുടെ ശരീരത്തില്‍ പറിച്ചു നടാന്‍ സംഭാവന ചെയ്യാമോ? പറ്റും എന്നാണ് മറുപടിയെങ്കില്‍ ഇത് നിരുപാധികമായ അനുവാദമോ അതോ സോപാധികമോ? സോപാധികമെങ്കില്‍ എന്താണാ ഉപാധികള്‍?
ആര്‍ക്കെല്ലാമാണ് സ്വന്തം അവയവം ദാനം ചെയ്യാന്‍ പറ്റുക? അടുത്ത ബന്ധുവായിരിക്കണമോ? മുസ്്ലിം തന്നെ ആയിരിക്കേണമോ? അതോ ഏതൊരാള്‍ക്കും നല്‍കാമോ?
ദാനം ചെയ്യല്‍ അനുവദനീയമെങ്കില്‍ വില്‍ക്കാന്‍ പറ്റുമോ?
മരണാനന്തരം ഏതെങ്കിലും അവയവം ദാനം ചെയ്യാമോ? അത് മൃതശരീരത്തോടുള്ള അനാദരവാകുമോ?
ഇത് ശരീരത്തിന്റെ ഉടമക്ക് മാത്രമേ പറ്റുകയുള്ളൂ? അയാളുടെ ബന്ധുക്കള്‍ക്ക് ഇദ്ദേഹത്തിന്റെ ശരീരത്തിലെ ഏതെങ്കിലും ഭാഗം ദാനം ചെയ്യാന്‍ അധികാരമുണ്ടോ?
അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ അവയവങ്ങള്‍ ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എടുക്കാന്‍ ഗവണ്‍മെന്റിന് പറ്റുമോ?
ഒരു അമുസ്‌ലിമിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം മുസ്‌ലിമിന്റെ ശരീരത്തിലേക്ക് പറിച്ചു നടാമോ?
ഒരു മൃഗത്തിന്റെ ഏതെങ്കിലും ശരീര ഭാഗമോ അവയവമോ- അത് പന്നിപോലെ നജസാണെങ്കില്‍ പോലും- മുസ്്ലിമിന്റെ ശരീരത്തില്‍ വെച്ചു പിടിപ്പിക്കാമോ?
ഇപ്രകാരം നിരവധി ചോദ്യങ്ങള്‍ ഇസ്്ലാമിക കര്‍മശാസ്ത്രവും പണ്ഡിത വേദികളും ഇന്നഭിമുഖീകരിക്കുന്നുണ്ട്. ഇവക്ക് മറുപടി പറയാന്‍ നമുക്കൊന്നു ശ്രമിക്കാം.
ഒരു മുസ്്ലിമിന് തന്റെ ജീവിതകാലത്ത് അയാളുടെ ശരീരത്തിന്റെ ഏതെങ്കിലുമൊരവയവം ദാനം ചെയ്യാമോ?
ഒരു മനുഷ്യന്റെ ഉടമയിലുള്ള വസ്തു മാത്രമേ അയാള്‍ക്ക് ദാനം ചെയ്യാവൂ. ഒരാള്‍ക്ക് തന്റെയോ മറ്റൊരാളുടെയോ ശരീരത്തില്‍ യഥേഷ്ടം ക്രയവിക്രയം ചെയ്യാനുള്ള അധികാരമുണ്ടോ? അതോ ശരീരം അല്ലാഹു സൂക്ഷിക്കാന്‍ ഏല്‍പിച്ച വസ്തുവാണോ? അങ്ങനെയാണെങ്കില്‍ അവന്റെ അനുവാദം കൂടാതെ അതില്‍ ക്രയവിക്രയം പറ്റുകയില്ല; ഒരാള്‍ക്ക് തന്റെ ജീവന്‍ നശിപ്പിക്കാനോ ആത്മഹത്യ ചെയ്യാനോ അവകാശമില്ലാത്ത പോലെ.
ഇവിടെ ശ്രദ്ധേയമായ വസ്തുത, ശരീരം അല്ലാഹു സൂക്ഷിക്കാനേല്‍പിച്ച വസ്തുവാണെങ്കിലും മനുഷ്യന് അത് പ്രയോജനപ്പെടുത്താനും ക്രയവിക്രയം ചെയ്യാനും അവകാശമുണ്ട്; സമ്പത്ത് പോലെ. സമ്പത്ത് യഥാര്‍ഥത്തില്‍ അല്ലാഹുവിന്റേതാണ്. ''അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അല്ലാഹുവിന്റെ ധനത്തില്‍നിന്ന് നിങ്ങളവര്‍ക്ക് നല്‍കുക'' (അന്നൂർ 33) എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു. പക്ഷെ, ആ ധനത്തില്‍ സ്വന്തം ഇഷ്ടാനുസാരം ക്രയവിക്രയം ചെയ്യാനുള്ള അവകാശം അവന്ന് നല്‍കിയിരിക്കുന്നു; ഒരാള്‍ക്ക് തന്റെ ധനത്തിന്റെ ഒരു ഭാഗം മറ്റൊരാളുടെ പ്രയോജനത്തിന് ദാനം ചെയ്യാന്‍ പറ്റുന്നതുപോലെ തന്റെ ശരീരത്തിന്റെ ഒരംശവും ആവശ്യമുള്ളവര്‍ക്ക് നല്‍കാമല്ലോ. അവ തമ്മിലുള്ള അന്തരം, ഒരാള്‍ക്ക് ചിലപ്പോള്‍ അയാളുടെ ധനം മുഴുവനായി ധര്‍മം ചെയ്യുന്നതിന് വിരോധമുണ്ടാകില്ല, എന്നാല്‍ തന്റെ ശരീരം മുഴുവനായി നല്‍കാന്‍ പറ്റുമോ?
കടലില്‍ മുങ്ങിത്താഴുന്ന ഒരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ഇറങ്ങുന്നയാള്‍, തീയണക്കാന്‍ അഗ്നിജ്വാലയിലേക്ക് എടുത്തുചാടുന്നവന്‍, തീയില്‍നിന്ന് മറ്റൊരാളെ രക്ഷപ്പെടുത്താന്‍ അപകടം വകവെക്കാത്തവന്‍- ഇതെല്ലാം പറ്റുമെങ്കില്‍ തന്റെ കൈവശമുള്ളതില്‍ ചെറിയൊരംശം മറ്റുള്ളവരുടെ രക്ഷക്ക് വേണ്ടി എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ?
രക്തദാനം ഇന്ന് സര്‍വസാധാരണമാണ്. അതും മനുഷ്യ ശരീരത്തിലെ ഒരംശമാണ്. പണ്ഡിതന്മാരുടെ ആരുടെയും എതിര്‍പ്പില്ലാതെ മുസ്്ലിം നാടുകളില്‍ അത് സാധാരണമാണ്. മാത്രമല്ല, അവരും അതിന്നാഹ്വാനം ചെയ്യുകയും അതില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു. ഇത് ശരീഅത്തില്‍ സ്വീകാര്യമാണെന്ന് ഈ 'നിശ്ശബ്ദമായ ഏകീകൃതഭിപ്രായം' (الإجماع السكوتيّ) വ്യക്തമാക്കുന്നു.
''അപകടത്തെ സാധ്യമാകുന്നേടത്തോളം മാര്‍ഗങ്ങളിലൂടെയെല്ലാം തടയാന്‍ ശ്രമിക്കണം'' എന്നത് ശരീഅത്തിലെ അംഗീകൃത തത്വങ്ങളില്‍ പെട്ടതാണ്. ഈ അടിസ്ഥാനത്തിലാണ് നിര്‍ബന്ധിതാവസ്ഥയിലുള്ള ഒരാളെ രക്ഷപ്പെടുത്തുക, മുറിവേറ്റവനെ ശുശ്രൂഷിക്കുക, വിശന്നവന് ഭക്ഷണം നല്‍കുക, തടവുകാരനെ മോചിപ്പിക്കുക, രോഗിയെ ചികിത്സിക്കുക- എന്നിവ ശര്‍ഇല്‍ നിര്‍ബന്ധമാക്കപ്പെട്ടത്. ഒരു വ്യക്തിക്കോ സമൂഹത്തിന്നോ സംഭവിക്കുന്ന വിപത്ത് കാണുന്ന ഒരാള്‍ക്ക് തന്റെ കഴിവനുസരിച്ച് അത് നീക്കം ചെയ്യാന്‍ ശ്രമിക്കാതിരിക്കാന്‍ കഴിയില്ല. ഈ അടിസ്ഥാനത്തിലാണ് കിഡ്‌നി പ്രവര്‍ത്തന രഹിതമായ ഒരാളെ തന്റെ രണ്ടു കിഡ്‌നികളില്‍ ഒന്നു നൽകി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് പുണ്യകരവും പ്രതിഫലാർഹവുമായ കൃത്യമാണെന്ന് നാം പറയുന്നത്. കാരണം അത് ഭൂമിയിലുള്ളവരോട് കരുണ ചെയ്യലാണ്. ആകാശത്തിലുള്ളവന്റെ കാരുണ്യം അത് മൂലം ലഭിക്കും.
ദാനധര്‍മം സമ്പത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നില്ല ഇസ് ലാം. എല്ലാ നന്മയും ധര്‍മമാണെന്നാണതിന്റെ അധ്യാപനം. അപ്പോള്‍ ശരീരത്തിന്റെ ചിലഭാഗം മറ്റുള്ളവരുടെ പ്രയോജനത്തിന് നല്‍കുന്നതും അതില്‍ ഉള്‍പ്പെടും. എന്നല്ല, അതാണ് ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായത്. കാരണം ശരീരം ധനത്തേക്കാള്‍ ശ്രേഷ്ഠമാണ്. ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം രക്ഷിക്കാന്‍ മനുഷ്യന്‍ അവന്റെ സമ്പത്ത് മുഴുവന്‍ നല്‍കും. അത് അല്ലാഹുവിന് വേണ്ടി നല്‍കുകയെന്നത് ഏറ്റം മഹത്തരമായ സല്‍ക്കര്‍മങ്ങളില്‍ പെട്ടതാണ്.
എന്നാല്‍ ജീവിച്ചിരിക്കുന്നവന്റെ ഒരു ശരീരഭാഗം ദാനം ചെയ്യാന്‍ പറ്റുമെങ്കില്‍ അത് നിരുപാധികമോ സോപാധികമോ?
സോപാധികമായ അനുവാദമാണെന്നാണ് ഉത്തരം. സ്വയം ആപത്തിന്നിടയാക്കുന്നതോ അയാളുടെ ബാധ്യതയില്‍ പെട്ട ആശ്രിതര്‍ക്ക് ആപത്ത് വരുത്തുന്നതോ ആണെങ്കില്‍ അത് ദാനം ചെയ്യാന്‍ പാടില്ല. അതിനാല്‍ ശരീരത്തിലുള്ള ഏക അവയവം ദാനം ചെയ്യാന്‍ പാടില്ല. കരള്‍, ഹൃദയം പോലുള്ളവ ഉദാഹരണം കാരണം, അവയില്ലാതെ ഒരാള്‍ക്ക് ജീവിക്കുക സാധ്യമല്ല. മറ്റുള്ളവരുടെ വിപത്തിനെ സ്വന്തം ശരീരത്തെ വിപത്തിലകപ്പെടുത്തി നീക്കം ചെയ്യുന്നത് ശരിയല്ല. ഒരപകടത്തെ മറ്റൊരു വിപത്ത് കൊണ്ട് നീക്കം ചെയ്യാവതല്ല.'' (الضرر لايزال بالضرر) എന്ന പൊതു തത്വം അതാണ് വ്യക്തമാക്കുന്നത്. അക്കാരണത്താല്‍ ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള അവയവങ്ങള്‍ -കണ്ണ്, കൈ, കാല്‍ എന്നിവപോലെ- ദാനം ചെയ്യാന്‍ പാടില്ല. കാരണം, ഇവിടെ മറ്റുള്ളവരുടെ വിപത്തിനെ നീക്കം ചെയ്യുന്നത് സ്വയം വിപത്തുകള്‍ ക്ഷണിച്ചു വരുത്തിക്കൊണ്ടാണ്; തന്റെ ആകൃതിക്ക് വൈകല്യം വരുത്തിയും സ്വയം പ്രയോജനമെടുക്കുന്നത് നിഷേധിച്ചുകൊണ്ടും. ഇതുപോലെ തന്നെയാണ് ഇരട്ട ആന്തരിക അവയവങ്ങളുള്ളയാൾ അതിലൊന്നു- മറ്റേതിന് വൈകല്യമെ കേടുപാടുകളോ ഉണ്ടെങ്കില്‍- ധര്‍മം ചെയ്യുന്നതും. കാരണം അപ്പോള്‍ അവനും ഏകാവയവക്കാരനെ പോലെയായല്ലോ, ഇതുപോലെ തനിക്ക് നിര്‍ബന്ധ ബാധ്യതയുള്ള മറ്റാര്‍ക്കെങ്കിലും ദോഷകരമായിത്തീരുമെന്ന് ഉറപ്പാണെങ്കില്‍ അതും അനുവദനീയമാകില്ല. ഭാര്യയുടെയോ കുട്ടികളുടെയോ ഭര്‍ത്താവിന്റെയോ കടക്കാരുടെയോ അവകാശങ്ങള്‍ ഉദാഹരണം.
ഒരു സഹോദരി എന്നോട് ചോദിച്ചു: അവരുടെ ഒരു കിഡ്‌നി സ്വന്തം സഹോദരിക്ക് ദാനം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നു. പക്ഷെ, അവരുടെ ഭര്‍ത്താവ് അതിന് വിസമ്മതിക്കുകയാണ്. അയാള്‍ക്ക് അങ്ങനെ ചെയ്യാന്‍ അവകാശമുണ്ടോ?
എന്റെ മറുപടി ഇതായിരുന്നു: ഭര്‍ത്താവിന് ഭാര്യയില്‍ ചില അവകാശങ്ങളുണ്ട്. അവര്‍ ഒരു കിഡ്‌നി ധര്‍മം ചെയ്യുകയാണെങ്കില്‍ അതിന് ഓപറേഷനും മറ്റും ചെയ്യേണ്ടി വരും. ആശുപത്രിയില്‍ പോവുകയും പ്രത്യേക ശ്രദ്ധ പതിക്കുകയും വേണ്ടിവരും. ഇതെല്ലാം ഭര്‍ത്താവിന്റെ ചില അവകാശങ്ങള്‍ നിഷേധിക്കപ്പെടാനും ചില പ്രയാസങ്ങള്‍ അയാള്‍ സഹിക്കാനും ഇടവരുത്തും. അതിനാല്‍ അയാളുടെ തൃപ്തിയോടും സമ്മതത്തോടുകൂടിയാവണം ഇത് ചെയ്യേണ്ടത്.
പ്രായപൂര്‍ത്തിയും വിവേകവുമുള്ള ഒരാള്‍ക്കേ ദാനം ചെയ്യാന്‍ പറ്റൂ. കുട്ടികള്‍ക്ക് പറ്റുകയില്ല. കാരണം, തന്റെ താല്‍പര്യം അവന് പൂര്‍ണമായി അറിയില്ല. അതുപോലെ ഭ്രാന്തനും. രക്ഷിതാക്കള്‍ അവര്‍ക്ക് വേണ്ടി ദാനം ചെയ്യുന്നതും ശരിയാകില്ല; അവരുടെ സമ്പത്ത് ദാനം ചെയ്യാന്‍ അവര്‍ക്കവകാശമില്ലാത്ത പോലെ. ധനത്തേക്കാള്‍ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമാണല്ലോ ശരീരം.
അമുസ്‌ലിംകള്‍ക്ക് ദാനം ചെയ്യല്‍
ശരീരം ദാനം ചെയ്യല്‍ ധനം ദാനം ചെയ്യുന്നത് പോലെതന്നെയാണ്. മുസ്്ലിമിനും അമുസ്‌ലിമിന്നുമാകാം. പക്ഷെ, ആയുധമുപയോഗിച്ച് മുസ്്ലിംകളോട് സമരം ചെയ്യുന്നവര്‍ക്ക് ആയിക്കൂടാ. അപ്രകാരം തന്നെയാണ് മതപരിത്യാഗിയായി പരസ്യമായ ഇസ്്ലാം വിരോധം പ്രകടിപ്പിക്കുന്നവര്‍ക്കും. കാരണം, ഇസ്്ലാമിക ദൃഷ്ട്യാ അവന്‍ സ്വന്തം മതത്തെയും സമുദായത്തെയും വഞ്ചിക്കുന്നവനാണ്. പിന്നെ, എന്തിനവനെ സഹായിക്കണം?
അപ്രകാരം ഒരു മുസ്‌ലിമിനും മറ്റൊരമുസ്്ലിമിനും ദാനത്തിന് ആവശ്യമുണ്ടെങ്കില്‍ മുസ്്ലിമിന് മുന്‍ഗണന നല്‍കണം. 'സത്യവിശ്വാസികളും സത്യവിശ്വാസിനികളുമാണ് പരസ്പരം ആത്മബന്ധമുള്ളവര്‍ (അത്തൗബ 71) അതുപോലെ മതനിഷ്ഠയുള്ള ഒരു മുസ് ലിമാണ് അധര്‍മിയായവനേക്കാള്‍ സഹായത്തിനര്‍ഹന്‍. അയാളുടെ ജീവനും ആരോഗ്യവുമാണ് ദീനിന് കൂടുതല്‍ പ്രയോജനകരം.
ബന്ധുവോ അയല്‍വാസിയോ ആയ മുസ്്ലിംകള്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അര്‍ഹതയുണ്ട്. 'രക്തബന്ധുക്കളാണ് ദൈവിക ഗ്രന്ഥത്തില്‍ പരസ്പരം അടുപ്പമുള്ളവര്‍'' (അല്‍അന്‍ഫാല്‍ 75).
ഒരു മുസ്്ലിമിന് നിര്‍ണിതമായ ഏതെങ്കിലും വ്യക്തിക്കും സ്ഥാപനത്തിന്നും ദാനം ചെയ്യാം; അവയവങ്ങള്‍ സൂക്ഷിക്കുന്ന പ്രത്യേക ബാങ്കുകള്‍ പോലെ.
അവയവ വില്‍പന അനുവദനീയമല്ല
ഇവിടെ ഒരു കാര്യം ഉണര്‍ത്താന്‍ നാം ആഗ്രഹിക്കുന്നത്; അവയവദാനം അനുവദനീയമാണെന്ന് നാം പറയുമ്പോള്‍, അത് വില്‍പന നടത്തുന്നതിന് അനുവാദമില്ല. കാരണം വില്‍പന എന്നത് ഒരു വസ്തുവെ മറ്റൊരു വസ്തുവിന് പകരമായുള്ള ക്രയവിക്രയമാണ്. മനുഷ്യശരീരം എന്നത് ഒരു ചരക്ക് (കമോഡിറ്റി) അല്ല. ചരക്കാണെങ്കിലേ പരസ്പര കൈമാറ്റത്തിന്റെയും വിലപേശലിന്റെയും പരിധിയില്‍ അത് വരികയുള്ളൂ. മനുഷ്യ ശരീരത്തിലെ ചില അവയവങ്ങള്‍ മാര്‍ക്കറ്റുകളില്‍ ക്രയവിക്രയം ചെയ്യപ്പെടേണ്ട വസ്തുവല്ല. ദൗര്‍ഭാഗ്യവശാല്‍ ചില ദരിദ്ര രാഷ്ട്രങ്ങളില്‍ ഇത് പതിവുണ്ട്. അവിടെ ധനികര്‍ക്ക് വില്‍പന നടത്തുന്നതിനായി ദരിദ്രരും പാവപ്പെട്ടവരുമായവരുടെ അവയവങ്ങളുടെ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മയക്കുമരുന്ന് മാഫിയ പോലുള്ള മാഫിയകള്‍ ഈ ആവശ്യാര്‍ഥം നിലവില്‍ വന്നിരിക്കുന്നു. എന്നാല്‍ ദാനം സ്വീകരിക്കുന്ന വ്യക്തി ദാനം ചെയ്യുന്നവന്ന് ഉപാധിയൊന്നുമില്ലാതെ എന്തെങ്കിലും തുകയോ മറ്റോ പാരിതോഷികമായി കൊടുക്കുന്നതിന് വിരോധമില്ല. അത് അനുവദനീയമാണെന്ന് മാത്രമല്ല അഭികാമ്യം കൂടിയാണ്. കടം വാങ്ങിയ വ്യക്തി തിരിച്ചു കൊടുക്കുമ്പോള്‍ ദാതാവിന് മുന്‍ ഉപാധിയില്ലാതെ വല്ലതും കൂടുതലായി തിരിച്ചുകൊടുക്കുന്നത് പോലെയാണിത്. ''നിങ്ങളില്‍ ഉത്തമന്‍ നന്നായി കടം വീട്ടുന്നവനാണ്.'' (അഹ്മദ്, ബുഖാരി, നസാഈ)
മരണാന്തര ദാനം അനുവദനീയമോ?
തനിക്ക് ദോഷകരമല്ലാത്തതും മറ്റുള്ളവര്‍ക്ക് പ്രയോജനകരവുമായ രീതിയില്‍ ശരീരത്തിലെ ഒരംശം ദാനം ചെയ്യുന്നത് അനുവദനീയമാണെങ്കില്‍, മരണാനന്തരം അപ്രകാരം ചെയ്യുന്നതിന് ഒരാള്‍ക്ക് വസ്വിയ്യത് ചെയ്യാമോ?
ജീവിതകാലത്ത് ഒരാള്‍ക്ക് ദാനം ചെയ്യാന്‍ അനുവാദമുണ്ടെങ്കില്‍, മരണാന്തരവും അപ്രകാരം വസ്വിയ്യത്തും ചെയ്യാമെന്നാണ് നമ്മുടെ വീക്ഷണം. കാരണം: അപ്രകാരം ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദവും ദായകന് ഒട്ടും ദോഷമല്ലാത്തതുമാണ്. ജീവിതകാലത്ത് അത് ദായകന് ദോഷം വരാന്‍ നേരിയ സാധ്യതയെങ്കിലുമുണ്ട്. മരണാനന്തരമാകുമ്പോള്‍ അതൊട്ടുമില്ല. ഈ ജഢങ്ങളെല്ലാം ഏതാനും ദിവസം മാത്രം നിലനില്‍ക്കുന്നതും പിന്നീട് മണ്ണില്‍ ദ്രവിച്ചു പോകുന്നതുമാണല്ലോ. ഒരാള്‍ ദൈവപ്രീതിക്ക് വേണ്ടി ഇപ്രകാരം വസ്വിയ്യത്ത് ചെയ്യുകയാണെങ്കില്‍, അയാള്‍ക്കതിന്റെ പ്രതിഫലവും ലഭിക്കും. ഇത് നിഷിദ്ധമാണെന്ന് പറയുന്ന ഒരു പ്രമാണവും ശരീഅത്തില്‍ ഇല്ലതാനും. നിരോധനത്തിന് വ്യക്തമായ തെളിവില്ലാത്തേടത്തോളം ഏതുകാര്യവും അനുവദനീയമാണെന്നതാണ് അടിസ്ഥാനം. (الأصل الإباحة)
ചില വിഷയങ്ങളില്‍ ഉമര്‍(റ) സ്വഹാബികളോട് പറഞ്ഞത് ഇങ്ങനെയാണ്: 'നിന്റെ സഹോദരന് പ്രയോജനം ചെയ്യുന്നതും, നിനക്ക് ദോഷകരമല്ലാത്തതുമായ ഒരു കാര്യം എന്തിനാണ് നീ വിലക്കുന്നത്?'' ഇത് ഈ പ്രശ്‌നത്തിലും പ്രസക്തമാണ്. ഇസ്്ലാമിക ശരീഅത്ത് മൃതശരീരത്തെ ആദരിക്കണമെന്ന് കല്‍പിക്കുന്നുവല്ലോ. ഇത് അതിനെതിരാകില്ലേ?' എന്ന് പറയപ്പെട്ടേക്കും. നബി വചനത്തില്‍ ഇപ്രകാരം കാണാം: 'മൃതശരീരത്തിന്റെ എല്ല് പൊട്ടിക്കുന്നത് ജീവനുള്ളവന്റെ എല്ല് പൊട്ടിക്കുന്നത് പോലെത്തന്നെയാണ്'' - അഹ് മദ്, അബൂദാവൂദ്, ഇബ്‌നുമാജ.
മൃതശരീരത്തില്‍നിന്ന് ഒരംശം എടുക്കുന്നത് അതിനോടുള്ള ആദരവിന് ഒരിക്കലും എതിരാവുകയില്ല. മൃതശരീരത്തോടുള്ള ബഹുമാനം പൂര്‍ണമായും സംരക്ഷിക്കപ്പെടണം. ജീവനുള്ള ശരീരത്തോട് കാണിക്കുന്ന എല്ലാ ശ്രദ്ധയും പരിഗണനയും അതിന്നും നല്‍കണം. മാത്രമല്ല, എല്ല് പൊട്ടിക്കുന്നതിനെ സംബന്ധിച്ചാണ് ഹദീസില്‍ പറയുന്നത്. ഇവിടെ ആ പ്രശ്‌നമേ വരുന്നില്ല. ഹദീസില്‍ പറയുന്നത് മൃതശരീരത്തിന് അംഗഭംഗം വരുത്തുന്നതിനെയും വികൃതമാക്കുന്നതിനെയും കുറിച്ചാണ്. ജാഹിലിയ്യ അറബികള്‍ യുദ്ധത്തില്‍ സ്വീകരിക്കാറുള്ള രീതിയായിരുന്നു അത്. ഇന്നും ചിലേടങ്ങളില്‍ അത് നിലനില്‍ക്കുന്നുണ്ട്. ഇത് ഇസ്്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല.
സ്വഹാബത്ത് ഇത്തരത്തിലുള്ള യാതൊന്നും ചെയ്തിട്ടില്ലെന്നും അവരുടെ മാതൃക സ്വീകരിക്കുന്നതല്ലേ നമുക്കുത്തമം എന്നും പറയപ്പെട്ടേക്കും. ഇത്തരം ഒരാവശ്യം അവരുടെ മുന്നില്‍ വരികയും അവര്‍ക്കതിന് കഴിവുണ്ടായിട്ടും അവരത് ചെയ്യാതിരിക്കുകയും ചെയ്‌തെങ്കിലല്ലേ ഈ ന്യായം നിലനില്‍ക്കുകയുള്ളൂ. ഇന്ന് നാം ചെയ്തുകൊണ്ടിരിക്കുന്ന എത്രയോ കാര്യങ്ങള്‍ സ്വഹാബികള്‍ ചെയ്തിട്ടില്ല. അതൊന്നും അവരുടെ കാലത്തുണ്ടായിരുന്നില്ല. കാലവും സ്ഥലവും സാഹചര്യവും മാറുന്നതിനനുസരിച്ച് 'ഫത്്വായും മാറും. ശരീരത്തിന് മുഴുവനായോ ഭാഗികമായോ അംഗഭംഗം ഉണ്ടാകാത്ത രീതിയിലോ വൈകല്യം സംഭവിക്കാതെയോ ആയിരക്കണമെന്ന് ഉപാധി വെക്കാം. മയ്യിത്തിനോട് അനുവര്‍ത്തിക്കാന്‍ കല്‍പിച്ച ശേഷക്രിയകള്‍ക്ക് തടസ്സവുമാകരുത്. കുളിപ്പിക്കുക, കഫന്‍ ചെയ്യുക, മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുക, മുസ്്ലിം ശ്മശാനങ്ങളില്‍ സംസ്‌കരിക്കുക തുടങ്ങിയവ ഉദാഹരണം. ചില അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഇതിനൊന്നും തടസ്സമാവുകയില്ല.
അനന്തരാവകാശികല്‍ക്ക് ദാനം ചെയ്യാമോ?
ഒരാള്‍ക്ക് തന്റെ അവയവം മരണാനന്തരം വസ്വിയ്യത്ത് മുഖാന്തിരം ദാനം ചെയ്യാമെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അയാള്‍ക്ക് വേണ്ടി അപ്രകാരം ചെയ്യാമോ?
മരിച്ച ശരീരം മരിച്ചവന്റെ ഉടമയിലുള്ളതായിരുന്നു, അയാളുടെ ബന്ധുക്കളുടെ ഉടമയിലുള്ളതല്ല, എങ്കിലല്ലേ അവര്‍ക്കതില്‍ വിനിമയം നടത്താന്‍ പറ്റൂ എന്ന് വാദിച്ചേക്കും.
മരിച്ചവന്ന് ജീവിതകാലത്ത് മാത്രമേ ഉടമാവകാശം നിലനില്‍ക്കുകയുള്ളൂ. മരണാനന്തരം സമ്പത്തിന്റെ ഉടമാവകാശം അനന്തരാവകാശികളിലേക്ക് നീങ്ങിയപോലെ, മയ്യിത്തിന്റെ ശരീരവും അവരുടെ അവകാശങ്ങളിലേക്ക് നീങ്ങി എന്ന് പറയാം- മൃതശരീരത്തിന്റെ എല്ല് പൊട്ടിക്കരുത് എന്ന കല്‍പന മയ്യിത്തിന്റെ അവകാശം പരിഗണിച്ചുകൊണ്ടാണെന്ന് പറയുന്നതിനേക്കാള്‍ അയാളുടെ അനന്തിരാവകാശികളുടെ വികാരം മാനിച്ചാണെന്നും പറയാം.
ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക്, കൊലക്കുറ്റം ചെയ്തവരോട് പ്രതിക്രിയ (قصاص) ചെയ്യാനുള്ള അവകാശം ശരീഅത്തിലുണ്ട്. 'ആരെങ്കിലും മര്‍ദിതനായി കൊല്ലപ്പെട്ടാല്‍ അയാളുടെ അടുത്ത ബന്ധുവിന് പ്രതിക്രിയക്ക് നാം അധികാരം നല്‍കിയിരിക്കുന്നു. അയാള്‍ കൊല ചെയ്യുമ്പോള്‍ അതില്‍ കവിയരുത് (അല്‍ ഇസ്‌റാഅ് 33) വേണമെങ്കില്‍ പ്രതിക്രിയ ചെയ്യാന്‍ അവകാശമുള്ള പോലെത്തന്നെ دية (നഷ്ടപരിഹാരം) മുഴുവനായോ ഭാഗികമായോ വിട്ടുവീഴ്ച ചെയ്ത് ധാരണയിലെത്താനും ദൈവപ്രീതിക്ക് വേണ്ടി മുഴുവന്‍ വിട്ടുവീഴ്ച ചെയ്യാനും അയാള്‍ക്കവകാശമുണ്ട്. (ആര്‍ക്കെങ്കിലും തന്റെ സഹോദരനില്‍നിന്ന് വല്ല ഇളവും നല്‍കപ്പെട്ടാല്‍ നന്മയെ പിന്‍പറ്റുകയും ഭംഗിയായി അത് നിറവേറ്റുകയും വേണം (അല്‍ബഖറ 178).
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ശരീരത്തിലെ ഏതെങ്കിലുമൊരവയവം മൃതശരീരത്തിന് ദോഷകരമല്ലാത്തതും മറ്റുള്ളവര്‍ക്ക് ഫലപ്രദമാകുന്നതുമായ രീതിയില്‍ ഇവര്‍ക്ക് വിനിമയം ചെയ്യാമെന്നാണ് നമ്മുടെ അഭിപ്രായം. അതിന്റെ പ്രതിഫലം മരിച്ചവന് ലഭിച്ചേക്കും. രോഗികള്‍ക്കും പീഢിതര്‍ക്കും അത് പ്രയോജനപ്പെടുന്ന കാലത്തോളം, അയാള്‍ക്കതില്‍ 'നിയ്യത്ത്' ഇല്ലെങ്കിലും, അയാളുടെ ജീവിതകാലത്ത് അയാളുടെ കൃഷിയില്‍നിന്ന് ആളുകളോ പക്ഷികളോ മൃഗങ്ങളോ തിന്നുകയാണെങ്കില്‍ പ്രതിഫലം ലഭിക്കുന്നപോലെ, ഒരാളെ ബാധിക്കുന്ന ക്ഷീണവും ദുഃഖവും ദോഷവും കാലില്‍ തറക്കുന്ന മുള്ളുപോലും പ്രയോജനപ്പെടുന്ന പോലെ, മരണാനന്തരം അയാളുടെ മക്കളുടെയും മുസ് ലിംകളുടെ പൊതുവിലുമുള്ള പ്രാര്‍ഥനയും ദാനധര്‍മങ്ങളും ഫലം ചെയ്യുന്ന പോലെ. അതിനാല്‍ എന്റെ അഭിപ്രായത്തില്‍ മരിച്ചവരുടെ ചില അവയവങ്ങള്‍ അനന്തിരാവകാശ ദാനം ചെയ്യുന്നത് കൊണ്ട് വിരോധമില്ലെന്നാണ്. കിഡ്‌നിയും ഹൃദയവും പോലുള്ളവ ആവശ്യമുള്ള രോഗികള്‍ക്ക്; മയ്യിത്തിന് വേണ്ടി ധര്‍മം ചെയ്യുക എന്ന നിയ്യത്തോടെയാകണം അതെന്ന് മാത്രം. രോഗബാധിതനായ വ്യക്തി അതുകൊണ്ട് പ്രയോജനമെടുക്കുന്ന കാലത്തോളം പ്രസ്തുത പ്രതിഫലം മരിച്ചവന് ലഭിച്ചുകൊണ്ടേയിരിക്കും.
ഗുരുതരമായ രോഗം ബാധിച്ച ചില കുട്ടികളുടെ - ആസ്പത്രിയിലുള്ള ഏതാനും ദിവസങ്ങളെ അവര്‍ ജീവിക്കുകയുള്ളൂ പിന്നീടവര്‍ മരിക്കുമെന്ന് ഉറപ്പാണ്- അവയവങ്ങള്‍ ദാനം ചെയ്യാമോ എന്ന് ഖത്തറിലെ ചില സഹോദരന്മാര്‍ എന്നോട് ചോദിച്ചു. ഒരുപക്ഷെ, ഇവരുടെ കേടുപാടില്ലാത്ത ചില അവയവങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടേക്കും. അത് പറ്റുമെന്നും, മാത്രമല്ല അഭികാമ്യമാണെന്നും അവര്‍ക്കതിന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ടായേക്കുമെന്നും - ഇന്‍ശാഅല്ലാഹ്- ഞാനവരോട് മറുപടി പറഞ്ഞു. തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളില്‍ കുറേ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി. അവരുടെ രക്ഷിതാക്കള്‍ അതിന് സമ്മതിച്ചതും തങ്ങളുടെ സന്താനങ്ങളുടെ നഷ്ടം ഈ രീതിയില്‍ ദൈവപ്രീതിനേടാന്‍ സഹായകമായേക്കും എന്ന അവരുടെ പ്രതീക്ഷയും മൂലമാണ് ഇത് സാധിച്ചത്.
ഇനി ജീവിത കാലത്ത് ഒരാള്‍ തന്റെ അവയവം ദാനം ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍, അത് അയാളുടെ അവകാശമാണ്. അത് നടപ്പാക്കാന്‍ ബന്ധുക്കള്‍ ബാധ്യസ്ഥരുമാണ്.
ഭരണകൂടത്തിന് കൈകാര്യം ചെയ്യാമോ?
മൃതശരീരത്തിലെ ചില അവയവങ്ങള്‍ ദാനം ചെയ്യാന്‍ അനന്തിരാവകാശികള്‍ക്കും ബന്ധുക്കൾക്കും അനുവാദമുണ്ടെന്ന് വന്നാല്‍ ഭരണകൂടത്തിന് ഈ അവകാശം ലഭിക്കുമോ എന്ന ചോദ്യമുയരുന്നു. അപകടങ്ങളില്‍ മരണപ്പെട്ടവരും ഐഡന്റിറ്റി അറിയപ്പെടാത്തവരും അനന്തരാവകാശികളും അടുത്ത ബന്ധുക്കളും ആരെന്ന് അജ്ഞാതരുമായവരുടെ അവയവങ്ങള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗപ്പെടുത്താന്‍ പറ്റുമോ?
വളരെ നിര്‍ബന്ധിതമായ സാഹചര്യങ്ങളില്‍ അപ്രകാരം ചെയ്യുന്നതിന് വിരോധമില്ലെന്ന് പറയാമെന്ന് തോന്നുന്നു. എന്നാല്‍ മരിച്ചവര്‍ക്ക് ഉറ്റവരും ഉടയവരും ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. അത്തരക്കാരുണ്ടെങ്കില്‍ അവരുടെ അനുവാദം വാങ്ങുകതന്നെ വേണം. അതുപോലെ മരിച്ചവര്‍ ജീവിത കാലത്ത് അയാളുടെ അവയവമെടുക്കുന്നത് വിലക്കാതിരിക്കുകയും വേണം.
അമുസ്‌ലിമിന്റെ അവയവം മുസ്‌ലിമിന്
ഒരു അമുസ്്ലിമിന്റെ ഏതെങ്കിലും അവയവം മുസ്്ലിമിന്റെ ശരീരത്തില്‍ പറിച്ചു നടുന്നതിനും വിരോധമില്ല. മനുഷ്യാവയവങ്ങള്‍ മുസ് ലിമെന്നോ കാഫിറെന്നോ വിശേഷിപ്പിക്കപ്പെടേണ്ടതില്ല. അവ മനുഷ്യന്റെ ഉപകരണ(Tool)മാണ്.
തന്റെ വിശ്വാസാദര്‍ശങ്ങള്‍ക്കനുസൃതം അവയെ അവന്‍ ഉപയോഗപ്പെടുത്തുന്നു. കാഫിറില്‍നിന്ന് ഒരവയവം മുസ്‌ലിമിലേക്ക് മാറ്റിയാല്‍ അത് അവന്റെ അസ്തിത്വത്തിന്റെ ഒരു ഭാഗമായി. തന്റെ ലക്ഷ്യസാധ്യത്തിനായി അവയെ അവന്‍ ഉപയോഗിക്കുന്നു. ഒരു അമുസ്്ലിമിന്റെ ആയുധം മുസ് ലിം എടുത്ത് ദൈവമാര്‍ഗത്തില്‍ സമരം ചെയ്യാന്‍ ഉപയോഗിക്കുന്നത് പോലെയാണിത്.
ഇത് മറ്റൊരു രൂപത്തിലും പറയാം. ഒരു കാഫിറിന്റെ ശരീരാവയവങ്ങളെല്ലാം അല്ലാഹുവിന് കീഴ്‌പ്പെട്ടും അവനെ പ്രകീര്‍ത്തിച്ചുമാണ് കഴിയുന്നതെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവെ നമിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യും. പക്ഷെ, നാമാരും അത് അറിയുന്നില്ലെന്ന് മാത്രം. (അൽ ഇസ്റാഅ് 44) അപ്പോള്‍ ഒരു വ്യക്തി മുസ് ലിമാകുന്നതും കാഫിറാകുന്നതുമൊന്നും അവന്റെ ശരീരാവയവങ്ങളില്‍ സ്വാധീനം ചെലുത്തുന്നില്ല. ആരോഗ്യാവസ്ഥ, രോഗാവസ്ഥ, വിശ്വാസം, സംശയം, മരണം, ജീവിതം എന്നീ വിശേഷണങ്ങള്‍ ഖുര്‍ആന്‍ ചാര്‍ത്തിക്കൊടുത്ത ഹൃദയത്തിന്റെ അവസ്ഥപോലും അതാണ്. അവയവങ്ങള്‍ക്ക് ഈമാനും കുഫ്‌റും അനുസരണവും അനുസരണക്കേടുമൊന്നും ബാധകമല്ല. മനുഷ്യന്‍ ചിന്തിക്കുകയും ഗ്രഹിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ആത്മീയാവയവമാണ് ഖുര്‍ആനിന്റെ വിവക്ഷ. അല്ലാഹു പറയുന്നു: 'അവര്‍ക്ക് ഗ്രഹിക്കാനുപയുക്തമായ ഹൃദയങ്ങളുണ്ട്. (അല്‍ ഹജ്ജ് 46) 'അവര്‍ക്ക് ഹൃദയങ്ങളുണ്ട്. പക്ഷെ, അവരത് കൊണ്ട് കാര്യം ഗ്രഹിക്കുന്നില്ല. (അല്‍ അഅ്‌റാഫ് 179).
''ബഹുദൈവ വിശ്വാസികള്‍ മാലിന്യമാണ് (അത്തൗബ 28) എന്ന് പറയുമ്പോള്‍ അതുകൊണ്ടുദ്ദേശ്യം ശരീരത്തില്‍ കാണുന്ന ഭൗതികാര്‍ഥത്തിലുള്ള മാലിന്യമല്ല, ഹൃദയങ്ങള്‍ക്കും ബുദ്ധിശക്തിക്കും ബാധിക്കുന്ന ആത്മീയ മാലിന്യമാണ്. അതിനാല്‍ മുസ് ലിംകള്‍ അമുസ്‌ലിംകളുടെ ശരീരാവയവങ്ങള്‍ ഉപയോഗിക്കുന്നതില്‍ അസ്വസ്ഥപ്പെടേണ്ടതില്ല.
മലിനമായ ജീവിയുടെ അവയവം മുസ്്ലിം ശരീരത്തില്‍
പന്നിപോലെ മലിനമായ ഒരു ജീവിയുടെ അവയവം ഒരുമുസ് ലിമിന്റെ ശരീരത്തില്‍ പറിച്ചു നടാമോ?
വളരെ നിര്‍ബന്ധിത സാഹചര്യത്തിലേ അങ്ങനെ ചെയ്യാവൂ. അടിയന്തിരാവസ്ഥകള്‍ക്ക് അവയുടെ പ്രത്യേകം വിട്ടുവീഴ്ചകളുണ്ട്. ആവശ്യത്തിന്റെ തോത് എത്രത്തോളമുണ്ടോ അത്രമാത്രമേ അത് പ്രയോഗിക്കാവൂ- അതുപോലെ അവലംബാര്‍ഹമായ ഡോക്ടര്‍മാര്‍ അതിന്റെ പ്രയോജനം ഉറപ്പു പറയുകയും വേണം. ഇവിടെ ഒരുപക്ഷെ ചിലര്‍ പറഞ്ഞേക്കും, പന്നിയുടെ മാംസം ഭക്ഷിക്കുന്നത് മാത്രമല്ലേ വിലക്കിയിട്ടുള്ളൂവെന്ന്. ഇത് സംബന്ധമായി നാലു സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. ശരീരത്തില്‍ അതിന്റെ ഒരവയവം പറിച്ചു നടുന്നത് അതുപോലെയല്ല. അത്‌കൊണ്ട് പ്രയോജനമെടുക്കുന്നു എന്നുമാത്രം. ശവത്തിന്റെ തോല്‍ പോലുള്ള ഭാഗം ഉപയോഗപ്പെടുത്തുന്നത് പ്രവാചകന്‍ അനുവദിച്ചിട്ടുണ്ടല്ലോ. ശവത്തെ പന്നിമാംസത്തോടൊപ്പമാണ് ഖുര്‍ആന്‍ ചേര്‍ത്തു പറഞ്ഞിട്ടുള്ളത്.
വൃഷണം മാറ്റിവെക്കരുത്
ഒരാളുടെ വൃഷണം മറ്റൊരാളിലേക്ക് പറിച്ചു നടുന്നതിനെക്കുറിച്ച് വലിയ സംവാദം നടക്കുന്നുണ്ട്. മറ്റുള്ള അവയവങ്ങള്‍ പോലെ ഈ അവയവും മാറ്റിവെക്കാമോ അതോ ഇതിന് മാറ്റം ചെയ്യാന്‍ പാടില്ലാത്ത എന്തെങ്കിലും സവിശേഷതകളുണ്ടോ?
വൃഷണം മാറ്റിവെക്കാവതല്ല എന്നാണ് നമ്മുടെ അഭിപ്രായം. ഒരാളുടെ മുഴുവന്‍ പൈതൃക സവിശേഷതകളും സംഭരിച്ചിരിക്കുന്നത് വൃഷണത്തിലാണെന്ന് സ്‌പെഷലിസ്റ്റുകളായ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും ഒരാളുടെ ശരീരത്തിലേക്ക് വൃഷണം ട്രാന്‍സ്്പ്ലാന്റ് ചെയ്യുമ്പോള്‍ ആരില്‍ നിന്നാണോ അതെടുത്തിരിക്കുന്നത് അയാളുടെ പ്രത്യേകതകളും സവിശേഷതകളും സ്വീകര്‍ത്താവിന്റെ സന്താനങ്ങളിലേക്ക് പകരും. നിറം, നീളം, നീളക്കുറവ്, ബുദ്ധിസാമര്‍ഥ്യം, ബുദ്ധിമാന്ദ്യം തുടങ്ങിയ ലിംഗപരവും ബുദ്ധിപരവും പൈതൃകപരവും മാനസികവുമായ ഗുണങ്ങളെല്ലാം.
ഇത് ഒരുതരത്തിലുള്ള കുല/വംശ/സങ്കലനം ആണ്. ശരീഅത്ത് അതിനെ ശക്തിയായി വിലക്കിയിരിക്കുന്നു.
വ്യഭിചാരം നിഷിദ്ധമാക്കിയതും ദത്തെടുക്കല്‍ വിലക്കിയതും ഒരാളെ മറ്റൊരു കുടുംബത്തിലേക്ക് ചേര്‍ത്തു പറയുന്നതും മറ്റും നിരോധിക്കപ്പെട്ടു. ഒരാൾ അയാളുടേതല്ലാത്ത കുടുംബത്തിലേക്കും ഗോത്രത്തിലേക്കും ആകാതിരിക്കാനാണിത്. ഒരാളുടെ വൃഷണം മാറ്റുന്നതോടെ അത് അയാളുടെ ഒരു ശരീരാംശമായി മാറും എന്ന് പറയുന്നത് ശരിയല്ല.
ഇത് പോലെത്തന്നെയാണ് ഒരാളുടെ തലച്ചോര്‍ മാറ്റിവെക്കാന്‍ കഴിയുമെങ്കില്‍ അതും. അതൊന്നും അനുവദനീയമല്ല. കാരണം തന്മൂലമുണ്ടാകുന്ന അപകടം ഗുരുതരമാണ്.
വിവ: വി.കെ അലി