അമ്പെയ്ത്ത്, അശ്വാഭ്യാസം

അസ്‌ലം റാശിദ്‌‌‌

കായിക വിനോദങ്ങള്‍ ഇസ്‌ലാക സംസ്‌കാരത്തില്‍ 3/3

അറേബ്യന്‍ അമ്പും വില്ലും ആദ്യമായി ഉണ്ടാക്കിയത് ഇബ്‌റാഹീം നബിയും, അനറബി അമ്പും വില്ലും ഉണ്ടാക്കിയത് നംറൂദുമാണെന്ന് ഇമാം സഖാവി(ക്രി. 1428-1497) രേഖപ്പെടുത്തുന്നു. അതേസമയം മുന്‍കാല ചക്രവര്‍ത്തിമാരെ ഉദ്ധരിച്ച് ഇങ്ങനെ ഒരു ചരിത്രവും സഖാവി രേഖപ്പെടുത്തുന്നത് കാണാം.

'ആദം നബിയുടെ ശേഷം വന്ന ശീസ് നബിയുടെ മക്കളിലൊരാള്‍ തന്റെ കൊട്ടാരത്തില്‍ സഹോദരന്മാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍ അവര്‍ കൊട്ടാരത്തിനു മുകളില്‍ ഒരു പാമ്പ് പ്രാവിന്‍ കുഞ്ഞുങ്ങളെ വിഴുങ്ങാനായി പോവുന്നതു കണ്ടു. തള്ള പ്രാവ് ഇതുകണ്ട് വിഷമിച്ചു. രാജാവ് സഹോദരങ്ങളോട് ഒരു മരത്തിന്റെ കൊമ്പ് കൊണ്ടുവരാന്‍ പറഞ്ഞു. രാജാവ് അതെടുത്ത് വില്ലായി വളച്ചെടുത്തു. ഞാണു കെട്ടി. ഒരു കമ്പ് നന്നാക്കിയെടുത്ത് അമ്പുണ്ടാക്കി. ശേഷം പാമ്പിന്റെ കഴുത്തിനു നേരെ അമ്പെയ്തു. പാമ്പ് ചത്തു താഴേക്കു വീണു.'

ഏറെ കായിക പ്രാധാന്യമുള്ള അഭ്യാസമാണ് അമ്പെയ്്ത്ത്്. നബി(സ) സ്വഹാബികളെ അമ്പെയ്്ത്ത് പരിശീലിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. സലമത്തുബ്‌നു അക്്വഇല്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു:
 مَرَّ النبيُّ صَلَّى اللهُ عليه وسلَّمَ علَى نَفَرٍ مِن أَسْلَمَ يَنْتَضِلُونَ، فَقالَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ: ارْمُوا بَنِي إسْمَاعِيلَ، فإنَّ أَبَاكُمْ كانَ رَامِيًا ارْمُوا، وأَنَا مع بَنِي فُلَانٍ قالَ: فأمْسَكَ أَحَدُ الفَرِيقَيْنِ بأَيْدِيهِمْ، فَقالَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ: ما لَكُمْ لا تَرْمُونَ. فَقالوا: يا رَسولَ اللَّهِ نَرْمِي وأَنْتَ معهُمْ، قالَ: ارْمُوا وأَنَا معكُمْ كُلِّكُمْ
'അസ് ലം ഗോത്രത്തിലെ അമ്പെയ്യുകയായിരുന്ന ഏതാനും പേരുടെ അടുത്തുകൂടി നബി(സ) നടന്നുപോകവെ അവിടുന്നു പറഞ്ഞു: ഇസ്മാഈലിന്റെ സന്തതികളെ, നിങ്ങള്‍ അമ്പെയ്യുക. നിങ്ങളുടെ പിതാവ് ഇസ്മാഈല്‍ അമ്പെയ്്ത്തുകാരനായിരുന്നു, നിങ്ങള്‍ അമ്പെയ്യുക, ഞാന്‍ ഇന്നാലിന്ന സന്തതികളോടൊപ്പമുണ്ട്. അപ്പോള്‍ ഒരു വിഭാഗമാളുകള്‍ അമ്പെയ്യാതെ മാറിനിന്നു. അപ്പോള്‍ അവിടുന്ന് ചോദിച്ചു; 'നിങ്ങള്‍ എന്തുകൊണ്ടാണ് അമ്പെയ്യാത്തത്?' അവര്‍: 'അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ അവര്‍ക്കൊപ്പമുള്ളപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് അമ്പെയ്യുക?' അവിടുന്ന് പറഞ്ഞു: 'നിങ്ങള്‍ അമ്പെയ്യുക. ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കുമൊപ്പമുണ്ട്.'1

നബി(സ) മിമ്പറില്‍ വെച്ച് താഴെ വിധം പ്രസംഗിച്ചതായി ഉഖ്ബത്തുബ്‌നു ആമിര്‍(റ) ഉദ്ധരിക്കുന്നു:
وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ ألا إنَّ القوَّةَ الرَّميُ ألا إنَّ القوَّةَ الرَّميُ ألا إنَّ القوَّةَ الرَّميُ
'നിങ്ങള്‍ അവരെ -ശത്രുക്കളെ- നേരിടാനായി സാധ്യമാകുന്നത്ര ശക്തി സംഭരിക്കുക.' (അന്‍ഫാല്‍: 60) അറിയുക, തീര്‍ച്ചയായും അമ്പെയ്ത്താണ് ശക്തി, അറിയുക, തീര്‍ച്ചയായും അമ്പെയ്ത്താണ് ശക്തി, അറിയുക, തീര്‍ച്ചയായും അമ്പെയ്ത്താണ് ശക്തി.'2
ഉഖ്ബത്തുബ്‌നു ആമിര്‍(റ) പറയുന്നു: നബി(സ) താഴെ വിധം പ്രസ്താവിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി.
سَتُفْتَحُ عليكم أَرَضُونَ، ويكفيكم الله، فلا يعجز أحدكم أن يلَهْوُ بأَسْهُمِهِ
'നിങ്ങള്‍ക്ക് ഭൂനിലങ്ങള്‍ കൈവരും, അല്ലാഹു അതുവഴി നിങ്ങളെ സ്വയം പര്യാപ്തരാക്കും. എന്നുവെച്ച് നിങ്ങളാരും തന്റെ അമ്പുകള്‍ കൊണ്ട് വിനോദത്തിലേര്‍പ്പെടാൻ കഴിയാത്തവരാവരുത്.'3

ഫുഖൈം അല്ലഖ്മി എന്നയാള്‍ ഉഖ്ബത്തുബ്‌നു ആമിറിനോടു പറഞ്ഞു: 'നിങ്ങള്‍ എന്തിനാണ് ഈ രണ്ടു ലക്ഷ്യങ്ങള്‍ക്കിടയില്‍ (അമ്പെയ്യുന്ന ഇടം, ലക്ഷ്യസ്ഥാനം) പോയും വന്നും കൊണ്ടിരിക്കുന്നത്? പ്രായമുള്ള നിങ്ങള്‍ക്ക് അത് ബുദ്ധിമുട്ടല്ലെ! ഉഖ്ബ: 'നബി(സ)യില്‍നിന്ന് ഒരു വര്‍ത്തമാനം കേട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ബുദ്ധിമുട്ടില്ലായിരുന്നു.' അതെന്താ? നബി(സ) പറഞ്ഞു:
مَن عَلِمَ الرَّمْيَ، ثُمَّ تَرَكَهُ، فليسَ مِنَّا
'അമ്പെയ്്ത്തു പഠിച്ച ശേഷം അത് ഉപേക്ഷിക്കുന്നവര്‍ നമ്മില്‍ പെട്ടവനല്ല.'4
അശ്വാഭ്യാസം, അമ്പെയ്ത്ത്, കുന്തപ്രയോഗം, വാള്‍പയറ്റ് എന്നീ നാലിനങ്ങള്‍ക്ക് അറബികള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ആധുനിക ആയുധങ്ങള്‍ കണ്ടുപിടിച്ച ശേഷവും അമ്പെയ്ത്തിന്റെ പ്രാധാന്യം കുറഞ്ഞിട്ടില്ല. യുദ്ധത്തില്‍ മാത്രമല്ല വേട്ടക്കും അമ്പെയ്ത്ത് പ്രധാനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറബിസാഹിത്യത്തില്‍ ധാരാളം കവിതകള്‍ കാണാം. നബി(സ)യുടെ ആഗമനത്തിനു മുമ്പ് അറബികള്‍ ഐഛികമായാണ് അമ്പെയ്ത്ത് അഭ്യസിച്ചിരുന്നതെങ്കില്‍ നബി(സ)യുടെ ആഗമനത്തിനുശേഷം പ്രോത്സാഹനവും പ്രേരണയും ലഭിച്ചതിനാല്‍ അതിനു കൂടുതല്‍ പ്രചാരം സിദ്ധിച്ചു.
അമ്പെയ്ത്തു മത്സരങ്ങള്‍ക്ക് സാക്ഷിയാകാറുണ്ടായിരുന്ന നബി(സ) ഉഹുദില്‍ അമ്പെയ്യുകയുണ്ടായി. 

عَلَيْكُمْ بِالرَّمْيِ فَإِنَّهُ مِنْ خَيْرِ لَعِبِكُمْ
'നിങ്ങള്‍ അമ്പെയ്യണം. നിങ്ങളുടെ കളിവിനോദങ്ങളിലെ ഉത്തമ ഇനങ്ങളിലൊന്നാണ് അമ്പെയ്ത്ത്'5
علّموا أبناءكم الرّماية
'നിങ്ങള്‍ നിങ്ങളുടെ മക്കളെ അമ്പെയ്ത്തു പഠിപ്പിക്കുക'6
علّموا بنيكم الرّمي فإنه نكاية للعدوّ
'നിങ്ങള്‍ നിങ്ങളുടെ മക്കളെ അമ്പെയ്ത്ത് പഠിപ്പിക്കുക. അത് ശത്രുവിന് ശിക്ഷയാണ്'
حق الولد على الوالد ان يعلّمه الكتابة والسّباحة والرّمي
'സന്താനങ്ങളെ എഴുത്തും നീന്തലും അമ്പെയ്ത്തും പഠിപ്പിക്കേണ്ടത് പിതാവിന്റെ ബാധ്യതയാണ്'7
ان الملائكة لاتنظر شيئا من لهوكم الّا الرّهان والنضال
'തീര്‍ച്ചയായും മലക്കുകള്‍ നിങ്ങളുടെ വിനോദങ്ങളില്‍ അമ്പെയ്ത്തിനെയും മത്സരത്തെയുമല്ലാതെ നോക്കുകയില്ല'8
تعلّموا الرّمي فإن الرّمي ما بين الهدفين روضة من رياض الجنّة
'നിങ്ങള്‍ അമ്പെയ്ത്ത് അഭ്യസിക്കുക. രണ്ടു ലക്ഷ്യങ്ങള്‍ - അമ്പെയ്യുന്ന ഇടം, അമ്പ് കൊള്ളുന്ന ഇടം- ക്കിടയിലെ അമ്പെയ്ത്ത് സ്വര്‍ഗത്തിലെ തോട്ടങ്ങളില്‍ ഒരു തോട്ടമാണ്.'9
ارموا واركبوا وأن ترموا أحبّ اليّ من أن تركبوا
'നിങ്ങള്‍ അമ്പെയ്യുക, വാഹനപ്പുറത്ത് കയറുക. നിങ്ങള്‍ അമ്പെയ്യുന്നതാണ് നിങ്ങള്‍ വാഹനപ്പുറത്ത് കയറുന്നതിനേക്കാള്‍ എനിക്കിഷ്ടം'10
من علم الرّمي ثمّ تركه فليس منّا أوقد عصى
'അമ്പെയ്ത്ത് പഠിച്ച ശേഷം അത് ഉപേക്ഷിച്ചവര്‍ നമ്മില്‍ പെട്ടവനല്ല, അഥവാ അവന്‍ ധിക്കരിച്ചിരിക്കുന്നു.'11
من تعلّم الرّمي ثمّ تركه فهو نعمة تركها
'അമ്പെയ്ത്തു പഠിച്ചയാള്‍ അത് ഉപേക്ഷിച്ചാല്‍ അത് അയാള്‍ ഉപേക്ഷിച്ച അനുഗ്രഹമാണ്.'12

من ترك الرّمي بعد ما علمه رغبة عنه فانها نعمة كفرها
'അമ്പെയ്ത്ത് പഠിച്ച ശേഷം അതിനോട് വിരക്തി തോന്നി ആരെങ്കിലും അത് പ്രയോഗിക്കുന്നത് ഉപേക്ഷിച്ചാല്‍ അത് അയാള്‍ കൃതഘ്‌നതയോടെ തള്ളിക്കളഞ്ഞ ഒരു അനുഗ്രഹമാണ്' (ത്വബറാനി)
عليكم بالرّمي فانه خير لعبكم
'നിങ്ങള്‍ അമ്പെയ്ത്ത് വിടാതെ പരിശീലിക്കണം. കാരണം അത് നിങ്ങളുടെ കളിയിലെ ഉത്തമ ഇനമാണ്.' (ദാറുഖുത്വ്‌നി, ബസ്സാര്‍)

إنَّ اللهَ يُدخِلُ بالسَّهمِ الواحِدِ ثلاثةَ نَفَرٍ الجَنَّةَ: صانِعُه الذي يحتَسِبُ في صَنعتِه الخَيرَ، والذي يُجهِّزُ به في سَبيلِ اللهِ، والذي يرمي به في سَبيلِ اللهِ
'തീര്‍ച്ചയായും അല്ലാഹു ഒരു അമ്പ് വഴി മൂന്നുപേരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അമ്പ് തയാറാക്കുന്നതിലൂടെ ദൈവപ്രീതി കാംക്ഷിക്കുന്നവൻ, അല്ലാഹുവിന്റെ മാര്‍ഗത്തിൽ പ്രയോഗിക്കാൻ അത് ശേഖരിച്ചുവെക്കുന്നവൻ, അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രയോഗിക്കുന്നവൻ.'13

അമ്പെയ്ത്തിന്റെ ഘട്ടങ്ങള്‍
അമ്പെയത്തിന്റെ അഞ്ചു ഘട്ടങ്ങള്‍ താഴെ കാണുംവിധം ക്രോഡീകരിച്ചിരിക്കുന്നു.
الرّمي أفضل ماأوصى الرّسول به
وأشجع الناس من بالرّمي يفتخر
أركانه خمسة القبض أولها
والعقدوالمدّ والإطلاق والنظر
'അമ്പെയ്ത്തില്‍ അഭിമാനിച്ചിരുന്ന, ജനങ്ങളിലെ ധീരനായ നബി(സ) ഉപദേശിച്ചതില്‍ ഏറ്റവും ശ്രേഷ്ഠമാണ് അമ്പെയ്ത്ത്. അമ്പെയ്ത്തിന്റെ ഘടകങ്ങള്‍ അഞ്ചാണ്. അമ്പും വില്ലും പിടിക്കുക, ഞാണ് കെട്ടുക, നീട്ടിപ്പിടിക്കുക, അമ്പെയ്യുക, ലക്ഷ്യത്തിലേക്ക് നോക്കുക.'

ഖലീഫ അബൂബക്‌റിന്റെ ഭരണകാലത്ത് ഹി. 12-ല്‍ പേര്‍ഷ്യക്കാരുമായി നടന്ന യുദ്ധത്തില്‍ ശത്രു ഭടന്മാരുടെ ആയിരത്തോളം കണ്ണുകളുടെ നേരെ ശരമെയ്ത് അപായപ്പെടുത്താന്‍ മുസ്്ലിംകള്‍ക്ക് കഴിഞ്ഞു. ഈ യുദ്ധം 'ദാത്തുല്‍ ഉയൂന്‍' (കണ്ണുകളുടെ യുദ്ധം) എന്നറിയപ്പെട്ടു. അടിമവംശത്തിന്റെ ഭരണകാലത്ത് ഒന്നര സെക്കന്റിനിടയില്‍ എഴുപത്തിയഞ്ച് മീറ്റര്‍ ദൂരേക്ക് മൂന്നുതവണ അമ്പെയ്യാന്‍ കഴിയുന്നവര്‍ക്കു മാത്രമെ ബിരുദം നല്‍കിയിരുന്നുള്ളൂ. അമ്പെയ്ത്ത് വശമാക്കാത്ത പണ്ഡിതന്മാര്‍ക്ക് വേതനം തടഞ്ഞുവെച്ചിരുന്നു.

അബ്ദുല്ലാഹിബ്‌നു ജുബൈറിന്റെ നേതൃത്വത്തില്‍ അമ്പത് അമ്പെയ്ത്തുകാര്‍ ഉഹുദില്‍ പങ്കെടുത്തിരുന്നു. സഅ്ദുബ്‌നു അബീ വഖ്ഖ്വാസ് അബൂ ത്വല്‍ഹല്‍ അന്‍സ്വാരി, അബൂസഈദില്‍ ഖുദ്്രി, ജഅ്ഫറുബ്‌നു അബീത്വാലിബ്, ആസ്വിമുബ്‌നു സാബിത് മുതലായവര്‍ സ്വഹാബികളിലെ പ്രമുഖ അമ്പെയ്ത്തുകാരാണ്.

അശ്വാഭ്യാസം
കുതിരകളുടെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന നബി(സ) അവയെ വളര്‍ത്താനും അശ്വാഭ്യാസം പഠിക്കാനും സ്വഹാബികളെ ഉപദേശിച്ചിരുന്നു.
عليكم بإناث الخيل فان ظهورها عزّوبطونها كنز
'നിങ്ങള്‍ പെണ്‍കുതിരകളെ വളര്‍ത്തണം. അവയുടെ മുതുകുകള്‍ പ്രതാപമാണ്, അവയുടെ ഉദരങ്ങള്‍ നിധിയാണ്.14

യാത്രയിലും യുദ്ധത്തിലും ധാരാളമായി ഉപയോഗിച്ചിരുന്ന മൃഗമാണ് കുതിര. ഒട്ടകത്തേക്കാള്‍ ശക്തിയോടെയും വേഗതയോടെയും ഓടുന്ന കുതിരയെ വളര്‍ത്താന്‍ നബി(സ) സ്വഹാബികളെ പ്രോത്സാഹിപ്പിച്ചു. മക്കാ വിജയവേളയില്‍ ഒട്ടകങ്ങളുടെ ഇരട്ടി കുതിരകളെ നബി(സ) വിതരണം ചെയ്തു. കുതിരയുടെ ശാരീരിക ക്ഷമതയും ബലവും വര്‍ധിപ്പിക്കുന്ന രീതിയില്‍ തീറ്റ നല്‍കണമെന്ന് നിര്‍ദേശിച്ചു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപയോഗിക്കുന്ന ഘട്ടത്തില്‍ കുതിരകള്‍ക്ക് വേണ്ടി സകാത്തോ സ്വദഖയോ നല്‍കേണ്ടതില്ല. കച്ചവടത്തിനാണെങ്കില്‍ മാത്രമെ സകാത്ത് നല്‍കേണ്ടതുള്ളൂ. അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് വളര്‍ത്തുന്നതെങ്കില്‍ വളര്‍ത്തുന്നയാള്‍ക്ക് പ്രത്യേക പ്രതിഫലം ലഭിക്കുന്നതായിരിക്കും.

ഈ വിഷയകമായ ചില ഹദീസുകള്‍ കാണുക:
ارتبطوا الخيل وامسحوا بنوا صيها وأعجازها أو قال
أكفالها وقلّدوها ولا تقلد وها الأوتار
'നിങ്ങൾ അവയെ വൃത്തിയാക്കുക, പ്രത്യേകമായി പരിരക്ഷിക്കുക, നിങ്ങൾ കുതിരയെ നിങ്ങളുടെ സംരക്ഷണത്തിൽ വളർത്തി നിർത്തുക, അവയുടെ മൂർധാവിലും ഊരയിലും തടവുക, അവയെ വൃത്തിയാക്കുക, അവയുടെ കഴുത്തില്‍ അനുവദനീയമായ ആഭരണങ്ങള്‍ അണിയിക്കുക. അവയെ നിങ്ങള്‍ ഏലസ്സുകളും ഉറുക്കുകളും അണിയിക്കരുത്. (മേഞ്ഞു തിന്നുന്നതിന് ബുദ്ധിമുട്ടാകത്തക്കവിധം കഴുത്തില്‍ പ്രയാസമുണ്ടാക്കരുത്.)15

خير الخيل الأدهم الأقرح الأرثم ثمّ الأقرح المحجّل طلق اليمين فان لم يكن أدهم فكميت على هذه الشّيه
'കുതിരകളില്‍ ഏറ്റവും ഉത്തമം കരിങ്കറുപ്പു നിറമുള്ളവയും മുഖത്ത് ഒരു ദിര്‍ഹമിന്റെയെങ്കിലും അളവില്‍ വെള്ള നിറമുള്ളവയും മേല്‍ചുണ്ട് വെളുത്തവയും നാലുകാലുകളിലും അഥവാ രണ്ടോ മൂന്നോ കാലുകളില്‍ വെള്ള നിറമുള്ളവയും ഒരു കാലില്‍ വെളുപ്പ് ഇല്ലാത്തവയും കരിങ്കറുപ്പല്ലെങ്കില്‍ ചെവിയും ഉച്ചിയും കറുപ്പും ബാക്കി ഭാഗം ചുകപ്പുനിറമുള്ളവയുമാണ്.'18

إن النفقة على الخيل في سبيل الله كباسط يده بالصدقة لا يقبضها
'അല്ലാഹുവിന്റെ മാര്‍ഗത്തിലായി കുതിരകള്‍ക്ക് പണം ചെലവഴിക്കുന്നത് കൈകള്‍ അടച്ചു പിടിക്കാതെ സ്വദഖ ചെയ്തുകൊണ്ടിരിക്കുന്നതിനു തുല്യമാണ്.'19
ليس على المسلم في فرسه ولا في عبده صدقة
'ഒരു മുസ്്‌ലിം തന്റെ കുതിരക്കോ അടിമക്കോ സകാത്ത് നല്‍കേണ്ടതില്ല'20
إني عوتبت اللّيلة في إذالة الخيل
'കുതിരകളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നതിന്റെ പേരില്‍ ഇന്നലെ രാത്രി ഞാന്‍ (സ്വപ്‌നത്തില്‍) ആക്ഷേപിക്കപ്പെട്ടു.21

സ്വര്‍ഗത്തില്‍ കുതിരകളുണ്ടോ എന്ന ചോദ്യത്തിന് നബി(സ)യുടെ മറുപടി ഇങ്ങനെ:
إن أدخلت الجنّة أتيت بفرس من ياقوتة له جناحان فحملت عليه ثم طاربك حيث شئت
'നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടാല്‍ ഇന്ദ്രനീല നിര്‍മിതമായ രണ്ടു ചിറകുകളുള്ള ഒരു കുതിര നിങ്ങളുടെ അടുത്ത് വരും. നിങ്ങളെ അതിന്മേല്‍ വഹിക്കും. എന്നിട്ട് അത് നിങ്ങളെയും കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്തൊക്കെ പറക്കും'22
الخيل ثلاثة. فهي لرجل أجر ولرجل ستر ولرجل وزر فأمّا الّتي هي له اجر: فالرجل يتخذها في سبيل الله ويعدّها له فلا تُغّيِّب شيئا في بطونها الاّ كتب الله له أجرًا ولو رعاها في مَرْج مااكلت من شيئ الّا كتب الله له بها أجرًا ولو سقاها من نهر كان له بكلّ قطرة تُغَيبها فى بطونها اجر..... ولواستنّت شرفا او شرفين كتب له بكل خطوة تخطوها اجر وامّا الذي هي له ستر: فالرجل يتخذها تكرّما وتجمّلًا ولا ينسى حق ظهورها وبطونها فى عسرها ويسرها واما الذى عليه وزر فالذي يتخذها اشْرًا وبطرًا وبذخًا ورياء الناس فذاك الذي هي عليه وزر - م

'കുതിരകള്‍ മൂന്നുതരമാണ്. കുതിര ഒരാള്‍ക്ക് പ്രതിഫലമായി ഭവിക്കും, മറ്റൊരാള്‍ക്ക് മറയായിരിക്കും, മൂന്നാമതൊരാള്‍ക്ക് പാപഭാരമായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതിനെ സ്വീകരിക്കുകയും അതിനെ സജ്ജമാക്കുകയും ചെയ്യുന്നയാള്‍ക്ക് പ്രതിഫലമായിരിക്കും, അവയുടെ വയറുകളില്‍ മറയുന്നതെന്തും വഴി അയാള്‍ക്ക് പ്രതിഫലം രേഖപ്പെടുത്താതിരിക്കുകയില്ല.' ഒരു പുല്‍മേട്ടിലാണ് അതിനെ മേയ്ക്കുന്നതെങ്കില്‍ അവിടെനിന്ന് അത് എന്തുകഴിക്കുന്നുവോ അതിന്റെ പേരില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കുന്നതായിരിക്കും. അയാള്‍ അതിനെ ഒരു നദിയില്‍നിന്ന് വെള്ളം കുടിപ്പിച്ചാല്‍ അതിലെ ഓരോ തുള്ളിയും അതിന്റെ വയറില്‍ മറയുന്നതോടെ അതിന്റെ പേരില്‍ അയാള്‍ക്ക് പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത് ഒരു കുന്നോ രണ്ടു കുന്നുകളോ കയറിയാല്‍ അത് എടുത്തുവെക്കുന്ന ഓരോ കാലടിക്കും പ്രതിഫലമുണ്ടായിരിക്കും. കുതിര മറയാകുന്നത് ഇനി പറയുന്നയാള്‍ക്കാണ്: കുതിരയെ ആദരവിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ സ്വീകരിക്കുകയും പ്രയാസവും സൗകര്യവുമുണ്ടാകുമ്പോള്‍ അവയുടെ ഉദരങ്ങളുടെയും മുതുകുകളുടെയും അവകാശങ്ങള്‍ മറക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക്. അഹങ്കാരത്തിന്റെയും ലോകമാന്യത്തിന്റെയും പേരില്‍ കുതിരകളെ സ്വീകരിക്കുന്നവര്‍ക്ക് അത് പാപഭാരമായിട്ടാണ് ഭവിക്കുക.'22

الخيل ثلاثة: ففرس للرحمن، وفرس للانسان، وفرس للشيطان فأمّا فرس الرحمن: فاالذي يربط في سبيل الله فعلفه وروثه وبوله وذكر ما شاء. وأمّا فرس الشيطان فالذي يقامر او يراهن عليه، وأمّا فرس الإنسان: فالفرس يرتبطها الإنسان يلتمس بطنها فهي ستر من فقر
'കുതിര മൂന്നു തരമാണ്. പരമാകാരുണികനായ അല്ലാഹുവിന്റേതാണ് ഒരു കുതിര, മനുഷ്യന്റേതാണ് ഒരു കുതിര, പിശാചിന്റേതാണ് ഒരു കുതിര. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബന്ധിക്കപ്പെടുന്നതാണ് പരമകാരുണികന്റെ കുതിര. അതിന്റെ തീറ്റയും മലവും മൂത്രവുമെല്ലാം ......... ചൂതുകളിക്കോ പന്തയത്തിനോ വേണ്ടി ഉപയോഗപ്പെടുത്തപ്പെടുന്നവയാണ് പിശാചിന്റെ കുതിര. മനുഷ്യന്റെ കുതിര എന്നതിന്റെ വിവക്ഷ. ഉദരം ലക്ഷ്യംവെച്ച് വളര്‍ത്തപ്പെടുന്ന കുതിരയാണ്. അത് ഉടമസ്ഥന് ദാരിദ്ര്യത്തില്‍നിന്ന് മറയാകുന്നു.'23

إنه ليس من فرسٍ عربيٍّ إلا يُؤذَنُ له مع كلِّ فجر يدعو بدعوتين يقول : اللهم إنك خوَّلْتَني مَن خوَّلْتَني من بني آدمَ ، فاجعلني من  أحبِّ أهلِه ومالِه اليه أو أحبِّ أهلِه ومالِه من احتبس فرسا في سبيل الله إيمانا وتصديقا بوعده كان شبعه وريّه وروثه وبوله حسنات في ميزانه يوم القيامة
'എല്ലാ പ്രഭാതത്തിലും അറബി കുതിരക്ക് രണ്ട് പ്രാര്‍ഥനകള്‍ക്ക് അനുവാദം നല്‍കപ്പെടുന്നു. അത് പറയും അല്ലാഹുവേ, നീ ആദമിന്റെ സന്തതികളില്‍ നീ ഏല്‍പിച്ചു കൊടുത്തവര്‍ക്ക് എന്നെ നീ ഏല്‍പിച്ചു കൊടുത്തു. എന്നെ അദ്ദേഹത്തിന്റെ സ്വത്തിലെയും കുടുംബത്തിലെയും ഏറ്റവും പ്രിയപ്പെട്ടതാക്കേണമേ! അഥവാ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്വത്തിന്റെയും പ്രിയ സ്വത്താക്കേണമേ! ആരെങ്കിലും ഒരു കുതിരയെ സത്യവിശ്വാസത്തോടെയും അല്ലാഹുവിന്റെ വാഗ്ദാനത്തെ സത്യപ്പെടുത്തിയും വളര്‍ത്തിയാല്‍ അതിന് വയറു നിറയുന്നതും ദാഹം ശമിക്കുന്നതും അതിന്റെ മല മൂത്രങ്ങളും അന്ത്യനാളില്‍ അയാളുടെ ത്രാസില്‍ നന്മകളായി ഭാരം തൂങ്ങുന്നതായിരിക്കും.'24

لا تقصّوا نواصي الخيل ولا معارفها ولا أذنابها
'കുതിരകളുടെ മൂര്‍ദ്ദാവിലെയും പിരടിയില്‍ വലത്തോട്ടും ഇടത്തോട്ടും താണു കിടക്കുന്ന മുടികളും വാലുകളും നിങ്ങള്‍ മുറിച്ചു കളയരുത്. അവയുടെ വാലുകള്‍ ഈച്ചകളെയും പ്രാണികളെയും ആട്ടാനുള്ളതാണ്.'25

കുതിരപ്പന്തയം
പരിശീലനാര്‍ഥവും പ്രോത്സാഹനാര്‍ഥവും കുതിരപ്പന്തയങ്ങളും മത്സരങ്ങളും നടത്തിയിരുന്നു. ജേതാക്കള്‍ക്ക് സമ്മാനം കൊടുത്തിരുന്നു. അത്തരം മത്സരങ്ങളില്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റി നബി(സ) പറയുന്നു:
لا جلب ولا جنب
'മത്സരത്തില്‍ കുതിരകളെ ഓടിക്കുമ്പോള്‍ 'ജലബും' 'ജനബും' പാടില്ല.' (തുര്‍മുദി)
മത്സരത്തില്‍ അഭ്യാസി കുതിരപ്പുറത്തു കയറി ഓടിക്കുമ്പോള്‍, കുതിര ക്ഷീണിക്കുമ്പോള്‍ മാറിക്കയറാനായി, പുറത്ത് ആളില്ലാത്ത മറ്റൊരു കുതിരയെ കൂടെ ഓടിക്കുകയും മത്സരത്തിനിടയില്‍ അതിന്റെ പുറത്തേക്ക് മാറിക്കയറുകയും ചെയ്യുക എന്നത്രെ 'ജനബ്' എന്നതിന്റെ വിവക്ഷ.

മത്സരിച്ചോടുന്ന കുതിരയെ വേഗം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിക്കുമാറ്, മറ്റൊരു കുതിരപ്പുറത്ത് ഒരാള്‍ കയറി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുക എന്നതാണ് 'ജലബ്' എന്നതിന്റെ വിവക്ഷ.

ഹഫ് യാഅ് മുതല്‍ സനിയ്യത്തുല്‍ വദാഅ് വരെയുള്ള ആറു മൈലിലധികം ദൂരെയുള്ള പ്രദേശത്ത് നബി(സ) കുതിരയോട്ട മത്സരം നടത്തി. ശക്തിയും ആരോഗ്യവും യൗവനവും പരിശീലനവും സൈനിക നൈപുണിയും വര്‍ധിപ്പിക്കുകയായിരുന്നു മത്സരങ്ങളുടെ ലക്ഷ്യം. പ്രത്യേക തീറ്റകൊടുത്ത് പാകപ്പെടുത്തി വളര്‍ത്തിയെടുത്ത കുതിരകളെ ഹഫ് യാഇല്‍നിന്ന് സനിയ്യത്തുല്‍ വദാഅ് വരെയും, അല്ലാത്തവയെ സനിയ്യത്തുല്‍ വദാഇല്‍നിന്ന് മസ്ജിദു സുറൈഖ് വരെയും മത്സരത്തിന്നായി ഓടിച്ചു എന്ന് ഹദീസുകളില്‍ കാണാം.

ഏത് കായികാഭ്യാസവും ഉയർന്ന മികവോടെ സാധിക്കണമെന്നതാണ് ഇസ്്ലാമിക പാരര്യം. ഉമർ(റ) പറയുന്നത് കാണുക.
وانزوا على الخيل نزوًا وارتموا الأغراض
'നിന്ന നിൽപിൽനിന്ന് ചാടി (കുതിരയുടെ ശരീരത്തിൽ കൈ ഊന്നാതെ) നിങ്ങൾ കുതിരപ്പുറത്ത് കയറുക, ലക്ഷ്യങ്ങളിലേക്ക് അെയ്്ത് പരിശീലിക്കുക.' (ഇബ്നുൽ ഖയ്യിം, കിതാബുൽ ഫുറൂസിയ്യ)

തന്റെ കാലത്തെ എല്ലാതരം കായിക മുറകളെയും നബി(സ) ബഹുവിധ ലക്ഷ്യങ്ങളോടെ ഉപയോഗപ്പെടുത്തിയതായി നബി ചരിത്രത്തിലും ഹദീസ് ഗ്രന്ഥങ്ങളിലും കാണാം. ഈ മേഖലയിലെ സാധ്യതകളെ നാം എത്രകണ്ട് ഉപയോഗപ്പെടുത്തുന്നു എന്നത് വിമര്‍ശനാത്മകമായി വിലയിരുത്തി സമുദായത്തിനും സമൂഹത്തിനും പുരോഗമനപരമായ നിലപാടുകളെടുക്കാന്‍ കഴിയണം. 

കുറിപ്പുകൾ

1. البخاري 3373
2. مسلم 1917
3. مسلم 1918
4. مسلم 1919
5. مسند البزّار
6. البيهقي، شعب الإيمان
7. فيض القدير، المناوي
8. البيهقي، شعب الإيمان
9. أبو نعيم الأصبهاني
10. مسند الفردوس
11. الترمذي
12. مسلم
13. احمد 4/144 دارمي 2405، ابن ماجه 2811، ترمذي 1637
14. كتاب حلية الفرسان وشعار الشجعان، ابن هذبل
15. حسن كما قال في المقدّمة (ابن حجر العسقلاني
16. أبوداود، حسن
17. الترمذي، حسن صحيح غريب
18. احمد، ابن ماجه، الدارمي، الحاكم (حسن غريب صحيح)
19. مسلم، طبراني
20. بخاري، مسلم
21. موطأ مالك
22. البخاري 2371، مسلم 987
23. مسند أحمد
24. النّسائي 3579، أحمد 21497
25. ابوداود، صححه الألباني

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top