ഖുര്‍ആനിലെ പദകൗതുകങ്ങള്‍ : يَأْفِكُونَ يُؤْفَكُونَ إفك مؤتفكة
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
يَأْفِكُون കര്‍ത്താവിനെ അറിയുന്ന രീതിയില്‍
أَفِك എന്ന പദത്തിന്റെ അര്‍ഥം നുണപറയുക, വ്യാജം ചമയ്്ക്കുക, മറിച്ചു തിരിക്കുക എന്നൊക്കെയാണ്. أَفِك എന്ന പദത്തിന്റെ വിവിധ രൂപങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ രണ്ട് അവസ്ഥയില്‍ വന്നിരിക്കുന്നു. കര്‍ത്താവിനെ അറിയുന്ന രീതിയിലും കര്‍ത്താവിനെ അറിയാത്ത രീതിയിലും
ഫറോവക്കു വേണ്ടി മായാജാലക്കാര്‍ വെല്ലുവിളിച്ച ഘട്ടത്തില്‍ മൂസാ നബിയുമായി ബന്ധപ്പെടുത്തി രണ്ടിടങ്ങളിലായി ഖുര്‍ആന്‍ പറയുന്നു:
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ
(മൂസായ്ക്ക് നാം ബോധനം നല്കി. നീ നിന്റെ വടി ഇട്ടേക്ക് എന്ന്. അപ്പോള്‍ ആ വടിയതാ അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ/ വ്യാജമായി ചമച്ചതിനെ വിഴുങ്ങുന്നു -അഅ്റാഫ് 117).
فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ
(അനന്തരം മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് അവര്‍ വ്യാജമായി നിര്‍മിച്ചിരുന്നതിനെയെല്ലാം വിഴുങ്ങിക്കളയുന്നു -അശ്ശുഅറാഅ് 45).
രണ്ട് സൂക്തങ്ങളിലെയും 'യഅ്ഫികൂന' എന്നതിന്റെ അര്‍ഥം, മായാജാലക്കാര്‍ ജനങ്ങളെ സത്യത്തില്‍നിന്ന് അസത്യത്തിലേക്ക് തിരിച്ചു കളയാനായി അവതരിപ്പിച്ച കയറുകളും വടികളും വഴി അവര്‍ കള്ളം കാണിക്കുകയായിരുന്നു എന്നാണ്. അത് ചെയ്തവര്‍ ആരെന്ന് വ്യക്തമായി അറിയാവുന്നതിനാല്‍ 'യഅ്ഫികൂന (അവര്‍ വ്യാജമായി നിര്‍മിച്ചു) എന്ന് കര്‍ത്താവിനെ അറിയുംവിധം (الفعل للمعلوم) പ്രയോഗിച്ചു. അത് വഴി അവര്‍ കളവു പറഞ്ഞവരും വ്യാജന്മാരുമായി, ജനങ്ങളെ സത്യത്തില്‍നിന്ന് വഴിതിരിച്ചു വിട്ടവരായി.
കര്‍ത്താവിനെ അറിയുംവിധം മൂന്നാമതായി വന്നത് താഴെ സൂക്തമാണ്.
أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا
(ഞങ്ങളുടെ ദൈവങ്ങളില്നിന്ന് ഞങ്ങളെ തിരിച്ചുവിടാനാണോ നീ വന്നിരിക്കുന്നത്? -അഹ്്ഖാഫ് 22).
തൗഹീദിലേക്കുള്ള ഹൂദ് നബിയുടെ പ്രബോധനത്തെ പാരമ്പര്യ മതത്തില്‍ നിന്ന് തങ്ങളെ തിരിച്ചുവിടുന്ന നടപടിയായാണ് അദ്ദേഹത്തിന്റെ ജനത കണ്ടത്.
الإفك: (മാറ്റിമറിക്കല്‍)
കര്‍ത്താവിനെ അറിയാത്തവിധം ഖുര്‍ആനില്‍ 'ഇഫ്ക്' എന്ന് പ്രയോഗിച്ചത് എവിടെയെല്ലാം എന്ന് മനസ്സിലാക്കുന്നതിനുമുമ്പ് അതിന്റെ അര്‍ഥവും ഖുര്‍ആനിലെ അതിന്റെ പ്രയോഗവും മനസ്സിലാക്കാം.
ഇമാം റാഗിബ് പറയുന്നു:
الإفك كل مصروف عن وجهه الذي يحق أن يكون عليه
(യഥാര്‍ഥത്തില്‍ നിലനില്ക്കാന് അവകാശപ്പെട്ടേടത്തുനിന്ന് ഒരു വസ്തുവിനെ മറ്റൊരു വഴിക്ക് തിരിച്ചുവിടുക).1
ഇതനുസരിച്ച് തിരിച്ചു കളയുക, മാറ്റിമറിക്കുക, വ്യാജം ചമക്കുക എന്നെല്ലാമാണ് ഇഫ്കിന്റെ അര്‍ഥം.
ലൂത്വ് നബിയുടെ നശിപ്പിക്കപ്പെട്ട ജനതയെപ്പറ്റി ഖുര്‍ആനില്‍ 'മുഅ്തഫികത്ത്' 'മുഅ്തഫികാത്ത്' എന്നീ പ്രയോഗങ്ങള്‍ കാണാം.
وَالْمُؤْتَفِكَةَ أَهْوَىٰ . فَغَشَّاهَا مَا غَشَّىٰ
(കീഴ്മേല്മറിഞ്ഞ രാജ്യത്തെയും അവൻ തകര്‍ത്തു. അങ്ങനെ ആ രാജ്യത്തെ അവന് ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു -അന്നജ്മ് 53,54)
أَلَمْ يَأْتِهِمْ نَبَأُ الَّذِينَ مِن قَبْلِهِمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَقَوْمِ إِبْرَاهِيمَ وَأَصْحَابِ مَدْيَنَ وَالْمُؤْتَفِكَاتِۚ
(ഇവര്‍ക്കു മുമ്പുള്ളവരുടെ വൃത്താന്തം ഇവര്‍ക്കു വന്നെത്തിയില്ലയോ? അതായത് നൂഹിന്റെ ജനതയുടെയും ആദ്, സമൂദ് ജനവിഭാഗങ്ങളുടെയും മദ്്യന്‍ കാരുടെയും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളുടെയും (വൃത്താന്തം), -തൗബ 70).
ലൂത്വ് നബിയുടെ ജനതയുടെ ആവാസ കേന്ദ്രത്തെ 'മുഅ്തഫികാത്ത്' (കീഴ്മേല്‍ മറിഞ്ഞ രാജ്യം) എന്ന് വിശേഷിപ്പിച്ചത്, അല്ലാഹു അതിനെ മുകള്‍ വശം താഴേക്കും താഴെ വശം മുകളിലേക്കുമാക്കി കീഴ്മേല്‍ മറിച്ച് ശിക്ഷിച്ചതിനാലാണ്.
فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ
(അങ്ങനെ നമ്മുടെ കല്പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു -ഹൂദ് 82).
ശുദ്ധവും സന്തുലിതവും പ്രകൃതിപരവുമായ ജീവിത രീതിയില്‍നിന്നു വഴിമാറുകയും സ്ത്രീകള്‍ക്കു പകരം പുരുഷന്മാരെ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തതുമൂലം ലൂത്വിന്റെ ജനത വ്യാജ ജീവിതരീതി (ഇഫ്ക്) സ്വീകരിച്ചു. അതുകൊണ്ടുതന്നെ അവരെ നാടോടൊപ്പം കീഴ് മേല്‍ മറിച്ച് ശിക്ഷിച്ചത് തീര്‍ത്തും അര്‍ഥപൂര്‍ണമായി. ജീവിതം കീഴ്മേല്‍ മറിഞ്ഞതായതുപോലെ ശിക്ഷയും ഭൂമി കീഴ് മേല്‍ മറിച്ചിട്ടുകൊണ്ടായി. (ഇഫ്കും മുഅ്തഫികാത്തും തമ്മിലെ ആശയപരവും പ്രയോഗപരവുമായ പൊരുത്തം ശ്രദ്ധിക്കുക).
الأفك: കള്ളം, വ്യാജം
'ഇഫ്ക്' എന്നതിന്റെ മറ്റൊരര്‍ഥം വ്യാജം, കള്ളം, യാഥാര്‍ഥ്യങ്ങളെ അസത്യങ്ങളിലേക്ക് തിരിച്ചു വിടുക എന്നാണ്. മുനാഫിഖുകള്‍ നബി പത്നി ആഇശക്കെതിരെ പ്രചരിപ്പിച്ച അപവാദ കഥയെ ഖുര്‍ആന്‍ 'ഇഫ്ക്' എന്ന് വിശേഷിപ്പിച്ചത് ഈ അര്‍ഥത്തിലാണ്.
إِنَّ الَّذِينَ جَاءُوا بِالْإِفْكِ عُصْبَةٌ مِّنكُمْۚ
(തീര്‍ച്ചയായും ആ വ്യാജവാര്‍ത്ത കൊണ്ടുവന്നവര്‍ നിങ്ങളില്‍നിന്നുള്ള ഒരു സംഘം തന്നെയാകുന്നു -നൂര്‍ 11).
വസ്തുതാ വിരുദ്ധമായി യാഥാര്‍ഥ്യങ്ങളെ മാറ്റി മറിച്ചതിനാലാണ് മേല്‍സംഭവത്തെ 'ഇഫ്ക്' എന്ന് വിശേഷിപ്പിച്ചത്. പരിശുദ്ധിയുടെയും പവിത്രതയുടെയും ശ്രേഷ്ഠതയുടെയം പര്യായമായ ആഇശയെക്കുറിച്ച് അപഖ്യാതി പറഞ്ഞു പരത്തി അവരെക്കുറിച്ച് അഭിപ്രായം മാറ്റി മറിക്കാനാണല്ലൊ മുനാഫിഖുകള്‍ ശ്രമിച്ചത്. അതുകൊണ്ട് 'ഇഫ്ക്' എന്ന പദം അവിടെ അന്വർഥമായി. 'അഫ്ഫാക്' എന്നാല്‍ വ്യാജങ്ങളെ സൃഷ്ടിക്കുന്നവന്, അവ വിറ്റഴിക്കുന്നവന്‍, പ്രചരിപ്പിക്കുന്നവന് എന്നെല്ലാമാണ് അര്‍ഥം.
وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ
(വ്യാജ വാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം -ജാസിയ 7).
يُؤْفكون :
കര്‍ത്താവിനെ അറിയാത്ത രീതിയില്‍
يُؤْفَكُون، تُؤْفكون، يُؤْفك، أُفك എന്നിങ്ങനെ കര്‍ത്താവിനെ അറിയാത്തവിധം പതിമൂന്നു തവണ ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നു. അവയില്‍ ഒരിടത്ത് 'ഉഫിക' എന്ന ഭൂതകാലം ഉപയോഗിച്ചിരിക്കുന്നു.
يُؤْفك عنه ما اُفِكَ
(സത്യത്തില്‍നിന്ന്) തെറ്റിക്കപ്പെട്ടവന്‍ അതില്‍നിന്ന് (ഖുര്‍ആനില്‍നിന്ന്) തെറ്റിക്കപ്പെടുന്നു -ദാരിയാത്ത് 9).
രണ്ടു തവണ ഭാവികാല ക്രിയയെ ഏകവചനത്തിലേക്ക് ചേര്‍ത്തു പറഞ്ഞിരിക്കുന്നു. ഒന്ന് മുകളിലെ സൂക്തത്തിലെ 'യുഅ്ഫകു'
രണ്ട്: كَذَٰلِكَ يُؤْفَكُ الَّذِينَ كَانُوا بِآيَاتِ اللَّهِ يَجْحَدُونَ
(അപ്രകാരം തന്നെയാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരിക്കുന്നവര്‍ (സന്മാര്ഗത്തില്നിന്ന്) തെറ്റിക്കപ്പെടുന്നത് -ഗാഫിര് 63).
ഹാജറില്ലാത്തവരെക്കുറിച്ച് സംസാരിക്കുന്ന രീതിയില്‍ അഞ്ചു തവണയും ആഖ്യാത (ഖബര്‍)മായി ഒരു തവണയും വന്നിരിക്കുന്നു.
ഹാജറില്ലാത്തവരെക്കുറിച്ച് അരോചകമായി പരാമര്‍ശിക്കുന്ന സൂക്തത്തിനുദാഹരണം:
أَنَّىٰ يُؤْفَكُونَ (എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍നിന്ന്) തെറ്റിക്കപ്പെടുന്നത്? -മാഇദ 75).
ആഖ്യാതമായി വന്നതിന് ഉദാഹരണം:
كَذَٰلِكَ كَانُوا يُؤْفَكُونَ (അപ്രകാരം തന്നെയായിരുന്നു അവര്‍ (സത്യത്തില്‍നിന്ന്) തെറ്റിക്കപ്പെട്ടിരുന്നത് - റൂം 55).
أَنَّى എന്ന ചോദ്യത്തിനു ശേഷം يُؤْفَكُونَ എന്ന ക്രിയ വന്നതിന്റെ യുക്തി എന്തായിരിക്കും? അത് സത്യനിഷേധികള്‍ സത്യത്തില്‍നിന്ന് അസത്യത്തിലേക്ക് തിരിഞ്ഞതിലുള്ള അരോചകത്വം പ്രകടിപ്പിക്കാനും മിഥ്യയെ പിന്‍പറ്റിയ അവരുടെ നടപടിയുടെ നിരാകരണവുമാണ്.
കര്‍ത്താവിനെ ഒഴിവാക്കിയതിന്റെ യുക്തി
മേല്‍ സൂക്തങ്ങളില്‍ കര്‍ത്താവിനെ കളഞ്ഞ് അകര്‍മക ക്രിയകളായ أُفِكَ، يُؤْفَك، تُؤْفكون، يُؤْفكون എന്നിങ്ങനെ ഉപയോഗിച്ചതിന്റെ യുക്തി എന്താവും?
കര്‍ത്താവിനെ കൃത്യമായി നിര്‍ണയിച്ചു പറയാന്‍ കഴിയാത്തതിനാലാവാം അഥവാ പല കര്‍ത്താക്കള്‍ അവരെ സത്യത്തില്‍നിന്ന് അസത്യത്തിലേക്ക് നയിക്കുന്നു എന്നതിനാലാവാം. ഏതെങ്കിലും ചില വ്യക്തികള്‍ മാത്രമോ, ചില കാര്യങ്ങള്‍ മാത്രമോ അല്ല അവരെ വഴിതിരിച്ചു വിടുന്നത് എന്നതാണ് സത്യം.
പിശാച്, ദേഹേഛ, സംശയാശങ്കകള്‍, വികാരം, മനസ്സ്, ചീത്തകൂട്ടുകാര്, മിഥ്യാപാരമ്പര്യങ്ങള്, അന്ധമായ അനുകരണം, സ്വാര്ഥതാല്പര്യം, ഭൗതിക പ്രമത്തത മുതലായവയെ കര്‍ത്താക്കളായി സങ്കല്‍പിക്കാവുന്നവിധം വിപുലമാണ് ആ മേഖല.
ഇതേപോലെ, അല്ലാഹുവിലുള്ള വിശ്വാസത്തില്‍നിന്ന് ഓരോ മനസ്സിനെയും വ്യാജത്തിലേക്ക് നയിക്കുന്നത് പിശാചാവാം. ചീത്തകൂട്ടുകാരനാവാം, ദേഹേഛയാവാം, മറ്റു പലതുമാവാം.
ആയതിനാല്‍, വ്യാജത്തിലേക്ക് തിരിച്ചുവിടുന്ന കര്‍ത്താക്കള്‍ പലതായതിനാല്‍ ഏത് കര്‍ത്താവെന്നു വ്യക്തമാക്കാതെ പൊതുവായി പറഞ്ഞു എന്നു മനസ്സിലാക്കാം.