സൂറത്തുല്‍ ഫാതിഹ പാരായണം ചെയ്യുമ്പോള്‍ മനസ്സില്‍ പതിയേണ്ടവ

ശരീഫ് മുഹമ്മദ് ജാബിര്‍‌‌
img

മുസ്‌ലിംകള്‍ ദിനേന ചുരുങ്ങിയത് ഇരുപത്തിയെട്ടു തവണയെങ്കിലും പാരായണം ചെയ്യുന്ന ഖുര്‍ആനിലെ ഒരധ്യായമാണ് 'അല്‍ഫാതിഹ.' ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യായമായ ഇത് പാരായണം ചെയ്യാതെ നമസ്‌കാരം സാധുവാകില്ല. അബൂഹുറൈറ(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لأُبَيِّ بْنِ كَعْبٍ: "أَتُحِبُّ أَنْ أُعَلِّمَكَ سُورَةً لَمْ يَنْزِلْ فِي التَّوْرَاةِ وَلَا فِي الْإِنْجِيلِ وَلَا فِي الزَّبُورِ وَلَا فِي الْفُرْقَانِ مِثْلُها"؟ قَالَ: نَعَمْ، يَا رَسُولَ اللَّهِ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:"كَيْفَ تَقْرَأُ فِي الصَّلَاةِ"؟ قَالَ: فَقَرَأَ أُمَّ الْقُرْآنِ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "وَالَّذِي نَفْسِي بِيَدِهِ مَا أُنْزِلَتْ فِي التَّوْرَاةِ وَلَا فِي الْإِنْجِيلِ وَلَا فِي الزَّبُورِ وَلَا فِي الْفُرْقَانِ مِثْلُهَا".
നബി(സ) ഉബയ്യുബ്‌നു കഅ്ബി(റ)നോട് പറഞ്ഞു: 'തൗറാത്തിലോ ഇഞ്ചീലിലോ സബൂറിലോ ഫുര്‍ഖാനിലോ (ഖുര്‍ആന്‍) തത്തുല്യമായി അവതരിച്ചിട്ടില്ലാത്ത ഒരു അധ്യായം ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുമോ? ഉബയ്യ്(റ): 'അല്ലാഹുവിന്റെ ദൂതരേ, അതെ. നബി(സ): 'നമസ്‌കാരത്തില്‍ നിങ്ങള്‍ എങ്ങനെയാണ് അത് ഓതുന്നത്?' ഉബയ്യ്(റ) ഉമ്മുല്‍ ഖുര്‍ആന്‍ (ഫാതിഹ) പാരായണം ചെയ്തു കേള്‍പ്പിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കൈയിലാണോ, അവനാണ! തൗറാത്തിലോ ഇഞ്ചീലിലോ സബൂറിലോ ഫുര്‍ഖാനി (ഖുര്‍ആന്‍) ലോ തത്തുല്യമായി അവതരിച്ചിട്ടില്ലാത്ത അധ്യായം. (തിർമിദി)

ഫാതിഹത്തുല്‍ കിതാബ്, ഉമ്മുല്‍ ഖുര്‍ആന്‍, അസ്സബ്ഉല്‍ മസാനീ മുതലായ പേരുകളില്‍ ഈ അധ്യായം അറിയപ്പെടുന്നു.
وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ
'ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നാം നിനക്ക് നല്‍കിയിട്ടുണ്ട്' (ഹിജ്‌റ് 87).
അബൂ സഈദ്ബ്‌നു അല്‍ മുഅല്ല(റ)യില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: നബി(സ) അബൂസഈദി(റ)നോട് പറഞ്ഞു:
لَأُعَلِّمَنَّكَ سُورَةً هِيَ أَعْظَمُ السُّوَرِ فِي الْقُرْآنِ قَبْلَ أَنْ تَخْرُجَ مِنْ الْمَسْجِدِ. ثُمَّ أَخَذَ بِيَدِي فَلَمَّا أَرَادَ أَنْ يَخْرُجَ قُلْتُ لَهُ: أَلَمْ تَقُلْ لَأُعَلِّمَنَّكَ سُورَةً هِيَ أَعْظَمُ سُورَةٍ فِي الْقُرْآنِ؟ قَالَ: "الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، هِيَ السَّبْعُ الْمَثَانِي، وَالْقُرْآنُ الْعَظِيمُ الَّذِي أُوتِيتُهُ".
'നീ പള്ളിയില്‍നിന്ന് പുറത്തു കടക്കുന്നതിനു മുമ്പ്, ഖുര്‍ആനിലെ ഏറ്റവും മഹത്തായ സൂറത്തുകളിലൊന്ന് ഞാന്‍ നിന്നെ പഠിപ്പിക്കുന്നതായിരിക്കും. ശേഷം, നബി(സ) എന്റെ കരം ഗ്രഹിച്ചു. പുറത്തേക്കിറങ്ങാന്‍ ഭാവിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഖുര്‍ആനിലെ ഏറ്റവും മഹത്തായ അധ്യായം പഠിപ്പിച്ചു തരാമെന്ന് താങ്കള്‍ പറഞ്ഞിരുന്നില്ലേ?' നബി(സ): 'അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍, അതാണ് 'അസ്സബ്ഉല്‍ മസാനീ (ആവര്‍ത്തിച്ച് ഉരുവിടുന്ന ഏഴ് സൂക്തങ്ങള്‍), എനിക്ക് നല്‍കപ്പെട്ട മഹത്തായ ഖുര്‍ആനും'
സൂറത്തുല്‍ ഫാതിഹക്ക് ഇസ്്ലാമില്‍ ഇത്രയും പ്രാധാന്യമുണ്ടെങ്കില്‍ നാം അത് ഉപരിപ്ലവമായി മാത്രം മനസ്സിലാക്കിയാല്‍ മതിയോ? അതിലെ വാക്കുകള്‍ എല്ലാ ദിവസവും അതിവേഗത്തില്‍ പിറുപിറുക്കുന്നതുപോലെ ഉരുവിട്ട്, റുകൂഇലേക്കും സുജൂദിലേക്കും പോയി സലാം വീട്ടിയാല്‍ മതിയോ? ഫാതിഹയുടെ ഒരു പ്രയോജനവും നമുക്ക് കിട്ടേണ്ടതില്ലെ?

അല്ലാഹു മനുഷ്യരോട് നടത്തുന്ന സംബോധന എന്ന നിലയില്‍ ഖുര്‍ആനെ മുസ്്ലിംകളുമായി കൂടുതല്‍ അടുപ്പിക്കേണ്ടതുണ്ട്. അതിന് പൗരാണികവും ആധുനികവുമായ തഫ്‌സീറുകളുടെ വെളിച്ചത്തില്‍ ഖുര്‍ആന്റെ ഭാഷാപരവും സാഹിതീയവും വിജ്ഞാനീയവുമായ വിശകലനങ്ങള്‍ നടക്കണം, സൂക്തങ്ങളുടെ സൂക്ഷ്മ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം, അവയുടെ പദാര്‍ഥങ്ങള്‍ കുരുക്കഴിക്കണം, എങ്കിലും ഇവയിലൂടെ മാത്രം ഈ അധ്യായത്തിലൂടെ അല്ലാഹു ലക്ഷ്യം വെക്കുന്ന സംബോധനയുടെ ആത്മാവിലേക്കെത്താന്‍ കഴിയില്ല.

ഫാതിഹയുടെ സംബോധന ആധുനിക ഭാഷയില്‍ ആവിഷ്‌കരിക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. അധ്യായത്തിന്റെ സംബോധനയെ അതിന്റെ യാഥാര്‍ഥ്യത്തില്‍നിന്ന് വഴിതിരിച്ചുവിടാതെ വിശകലന വിധേയമാക്കുകയാണ് ഉദ്ദേശ്യം. രാപ്പകല്‍ പല ആവര്‍ത്തി പാരായണം ചെയ്യുന്ന അധ്യായത്തെ ഹൃദയ സാന്നിധ്യത്തോടെ പാരായണം ചെയ്യാനും മനനം ചെയ്യാനും അതിലെ ഉള്ളടക്കം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും അതുവഴി കൂടുതല്‍ സാധ്യമാകും.

1. ദാസനില്‍നിന്ന് ഒരു അഭിസംബോധന
തുടക്കം മുതല്‍ ഒടുക്കം വരെ ദാസന്‍ അല്ലാഹുവിനോട് അഭിസംബോധന നടത്തുന്ന ഖുര്‍ആനിലെ ഏക അധ്യായമാണ് സൂറത്തുല്‍ ഫാതിഹ. അത് അല്ലാഹുവിന്റെ വചനമാണെന്ന് ദാസന് തീര്‍ച്ചയുണ്ടെങ്കിലും അധ്യായത്തിന്റെ ഭാഷാ ഘടന ഹൃദയത്തില്‍ അഗാധമായി സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിധത്തിലാണ്. അല്ലാഹുവോടുള്ള സംബോധന എന്ന പരിഗണനയിലാണ് ഭാഷാപരമായ എല്ലാ തടസ്സങ്ങളും മറികടന്ന് സത്യവിശ്വാസികള്‍ അതിലെ സൂക്തങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കുന്നത്. അധ്യായത്തിലെ കേന്ദ്രാശയങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായകമായ ഭാഷാഘടനയാണ് സൂറത്തുല്‍ ഫാതിഹയുടെ എടുത്തു പറയേണ്ടുന്ന സവിശേഷത.

ദാസന്‍ അല്ലാഹുവെ സ്തുതിക്കുന്നു, അവനെ പുകഴ്ത്തുന്നു. അല്ലാഹുവിന്റെ നിരുപാധിക ദാസ്യം സമ്മതിച്ചംഗീകരിക്കുന്നു, അവനെ ആശ്രയിച്ചു മാത്രമെ ജീവിക്കാന്‍ കഴിയൂ എന്ന് കേണു പറയുന്നു, അവന്റെ സഹായവും മാര്‍ഗദര്‍ശനവും ആവശ്യപ്പെടുന്നു. അധ്യായത്തിന്റെ ഈ ഭാഷാ സവിശേഷത അതിന്റെ ഉള്ളടക്കവുമായി തീര്‍ത്തും ചേര്‍ന്നുപോകും വിധമാണ് വിന്യസിച്ചിരിക്കുന്നത്. അതോടൊപ്പം ഓരോ മുസ് ലിമും ദിനേന അത് ധാരാളം തവണ ആവര്‍ത്തിച്ചുരുവിട്ടു കൊണ്ടിരിക്കുന്നു.

2. പരമകാരുണികനു നേരെ ആഭിമുഖ്യം
നമസ്‌കാരം പരമകാരുണികനായ അല്ലാഹുവിനു നേരെ സത്യവിശ്വാസി നടത്തുന്ന അഭിമുഖമാണ്. നബി(സ) നമസ്‌കാരത്തിനായി നില്‍ക്കുമ്പോള്‍ ഇങ്ങനെ പറയുമായിരുന്നു:
وجَّهتُ وجهي للذي فطر السماواتِ والأرضِ حنيفًا وما أنا من المشركين. فَإِنَّ اللَّهَ قِبَلَ وَجْهِهِ إِذَا صَلَّى
'ഞാന്‍ എന്റെ മുഖം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനു നേരെ തിരിച്ചു നിര്‍ത്തിയിരിക്കുന്നു. ഞാന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല. നമസ്‌കരിക്കുന്ന ആളുടെ മുഖത്തിനു മുമ്പാകെ അല്ലാഹു ഉണ്ട്' (ബുഖാരി, മുസ്്ലിം).
നമസ്‌കാരം അല്ലാഹുവുമായുള്ള അഭിമുഖമായതിനാല്‍, അതിന്റെ തുടക്കത്തില്‍ തന്നെയുള്ള ഫാത്തിഹയിലെ സംബോധന അല്ലാഹുവോടായത് തീര്‍ത്തും സംഗതമാണ്. ഈ അഭിമുഖത്തില്‍ ആദ്യം അവനുമായി പങ്കുവെക്കേണ്ടത്, സര്‍വസ്തുതികളും നിനക്കാണ് എന്നതും ശേഷം സര്‍വലോക രക്ഷിതാവെന്ന നിലയില്‍ അവന്റെ രക്ഷാകര്‍തൃത്വത്തെ എടുത്തുപറയുന്ന, നിഷ്‌കളങ്കമായ ദാസ്യം അല്ലാഹു മാത്രമെ അര്‍ഹിക്കുന്നുള്ളൂ എന്ന പ്രതിജ്ഞയുമാണ്. സഹായാര്‍ഥനകളും സന്മാര്‍ഗത്തിനായുള്ള തേട്ടങ്ങളും അല്ലാഹുവോട് മാത്രമെ നടത്തുകയുള്ളൂ എന്ന് തീര്‍ത്തു പറയുന്നു.'
ഖുര്‍ആനില്‍ കാണുന്നതുപോലുള്ള ആവര്‍ത്തനങ്ങള്‍ സൂറത്തുല്‍ ഫാതിഹയിലും കാണാം. ഖുര്‍ആന്റെ മൊത്തം തത്ത്വങ്ങള്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള ഫാതിഹ ആവര്‍ത്തിച്ചോതിയിട്ടും നമ്മില്‍ മടുപ്പുളവാക്കുന്നില്ല.

നമസ്‌കാരത്തില്‍ സൂറത്തുല്‍ ഫാതിഹയുടെ കേന്ദ്ര ആശയങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ജീവത്തായ ഹൃദയങ്ങളോടെ നാം അവയില്‍ ജീവിക്കേണ്ടതുണ്ട്. പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും തുടങ്ങുന്നതിനു മുമ്പ് പാഠഭാഗങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാഭ്യാസ വിദഗ്ധര്‍ പറയാറുമുണ്ട്. പഠിക്കാനും ഗ്രഹിക്കാനും അത് അത്യന്താപേക്ഷിതമാണ്. ഇതുപോലെ, ദിവസവും ചുരുങ്ങിയത് അഞ്ചുനേരം നാം നിര്‍വഹിക്കുന്ന നമസ്‌കാരത്തിലെ അനിവാര്യ ഘടകമെന്ന നിലയില്‍ അതിന്റെ പഠനം പ്രാധാന്യമര്‍ഹിക്കുന്നു. നമസ്‌കാരത്തില്‍ ഫാതിഹയുടെ കേന്ദ്രധര്‍മം എന്തെന്ന് മനസ്സിലാക്കുന്നതോടെ അതിലെ ആശയങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലും അവ സ്വാധീനിക്കുന്നതിലും കൂടുതല്‍ നമുക്ക് മുന്നോട്ടു പോകാനാവും.

ഖുര്‍ആനിക തത്ത്വങ്ങള്‍
വിശുദ്ധ ഖുര്‍ആന്‍ ഇസ്്ലാമിന്റെ ആദര്‍ശ വിശ്വാസങ്ങളെയും നിയമസംഹിതകളെയും സമഗ്രമായ രീതിയില്‍ ഉള്‍ക്കൊള്ളുന്നു. സൂറതുല്‍ ഫാതിഹയാകട്ടെ, ഈ തത്ത്വങ്ങളെ അവയുടെ ഏറ്റവും സമഗ്രതയോടെ അവതരിപ്പിക്കുന്നു. ഇമാം ബുര്‍ഹാനുദ്ദീന്‍ ബിഖാഈ (മഹി 885) യുടെ വീക്ഷണത്തില്‍, ഫാതിഹ ഖുര്‍ആനികാശയങ്ങളെ ഏറ്റവും സംക്ഷിപ്തമായും സമഗ്രമായും ആവിഷ്‌കരിക്കുന്നതാണ് 
(الجامعة على وجازتها جميع معاني القرآن)
ഫാതിഹയെ അല്ലാഹു വിശേഷിപ്പിക്കുന്നത് കാണുക:
اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُّتَشَابِهًا مَّثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ اللَّهِ
'അല്ലാഹുവാണ് ഏറ്റവും ഉത്തമമായ  വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവിനെ അനുസ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു' (സുമര്‍ 23).
സൂക്തത്തിലെ 'മസാനി' എന്നതിന്റെ വിവക്ഷ 'ആവര്‍ത്തിക്കുന്നത്' എന്നത്രെ. ഇമാം ബഗവി (മ.ഹി 516) 'മസാനി' എന്നതിന്റെ അര്‍ഥം വിശകലനം ചെയ്തുകൊണ്ട് എഴുതുന്നു: 'വാഗ്ദാനവും താക്കീതും ശാസനാ നിരോധങ്ങളും വാര്‍ത്തകളും വിധികളും ആവര്‍ത്തിച്ചു വരുന്നത് എന്നാണ് അതിന്റെ അര്‍ഥം. 'കഥകളും ഉപദേശങ്ങളും വിധികളും തത്ത്വങ്ങളും പലതരം ശൈലികളിലായി, വ്യത്യസ്ത രീതികളിലായി വ്യക്തതയോടെയും ആശയ വൈരുധ്യമില്ലാതെയും മടുപ്പില്ലാതെ ആവര്‍ത്തിച്ച് പാരായണം ചെയ്യാവുന്ന വിധമുള്ളത്' എന്നാണ് ബിഖാഈയുടെ വിശദീകരണം.

ഖുര്‍ആനില്‍ എവ്വിധം ആവര്‍ത്തനമുണ്ടോ അതേവിധം ആവര്‍ത്തിച്ചോതുന്നതിനാല്‍ ഫാതിഹയിലും ആവര്‍ത്തനമുണ്ട്.'

അല്‍ഹംദുലില്ലാഹ്
'ബിസ്മി'ക്ക് ശേഷം അധ്യായം ആരംഭിക്കുന്നത് 'അല്‍ഹംദുലില്ലാ' യോടെയാണ്. ഇമാം ഖുശൈരി (മഹി 465) 'ലത്വാഇഫുല്‍ ഇശാറാത്തി'ല്‍ എഴുതുന്നു: 'സ്തുതി' എന്നതിന്റെ യാഥാര്‍ഥ്യം, സ്തുതിക്കപ്പെടുന്ന ആളെ അയാളുടെ വിശിഷ്ട ഗുണങ്ങളും സുന്ദരവും മഹത്തരവുമായ പ്രവൃത്തികളും എടുത്തു പറഞ്ഞ് മഹത്വപ്പെടുത്തലാണ്. 'അല്‍ഹംദു' എന്നതിലെ 'ലാമ്' വര്‍ഗത്തെ സൂചിപ്പിക്കാനുള്ളതാണ്. അതായത് അല്ലാഹുവില്‍നിന്നുള്ള എല്ലാ അനുഗ്രഹങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്നതാണ്.

സൃഷ്ടികര്‍ത്താവ് എന്ന നിലയിലും വിശേഷണങ്ങള്‍ക്കുടമ എന്ന നിലയിലും എല്ലാ സ്തുതികളും അവന്‍ മാത്രമാണ് അര്‍ഹിക്കുന്നത് എന്ന് സാരം' ഖുശൈരി പരാമര്‍ശിച്ച ഈ ഭാഷാസൂചന, ഖുര്‍ആനിലെ മൊത്തം തത്ത്വങ്ങള്‍ ഫാതിഹയില്‍ സമ്പൂര്‍ണമായും സമഗ്രമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്ന് നാം പറഞ്ഞതിനെ അടിവരയിടുന്നു. ഉദാഹരണമായി, 'അല്‍ഹംദു' എന്ന പദം ഖുര്‍ആനില്‍ അല്ലാഹുവിന്റേതായി വന്ന എല്ലാ നാമങ്ങളെയും വിശേഷണങ്ങളെയും പ്രവൃത്തികളെയും ഉള്‍ക്കൊള്ളുന്നു. (الحمد كلّ الحمد) അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെയും അവന്റെ പ്രവൃത്തികളെയും കുറിച്ച് ആലോചിച്ചുകൊണ്ടാണ് ഈ അധ്യായം പാരായണം ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും അത് ഹൃദയത്തിലും തദ്വാരാ നമ്മുടെ നിലപാടുകളിലും സ്വാധീനം ചെലുത്താതിരിക്കില്ല.

അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള വിശ്വാസം
'സര്‍വസ്തുതികളും അല്ലാഹുവിന്നാകുന്നു' എന്ന് പാരായണം ചെയ്തശേഷം സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ റുബൂബിയ്യത്തിനെ അംഗീകരിച്ചുകൊണ്ട് സത്യവിശ്വാസി പ്രതിജ്ഞ പുതുക്കുന്നു. നാഥനും രക്ഷിതാവുമായ അല്ലാഹുവിന്റെ മുമ്പാകെ തന്റെ നിസ്സഹായത അയാള്‍ സമ്മതിക്കുന്നു. റബ്ബ് എന്നാല്‍ യജമാനന്‍, ഉടമസ്ഥന്‍ എന്നെല്ലാമാണര്‍ഥം. ക്രമപ്രവൃദ്ധമായി വളര്‍ത്തിയെടുക്കുക, സംസ്‌കരിക്കുക മുതലായവയും അര്‍ഥമാണ്. ഇമാം ത്വബരി (മ.ഹി 310) പറയുന്നു: 'നമ്മുടെ റബ്ബ് തുല്യതയില്ലാത്ത യജമാനനാണ്, അവന്റെ നായകത്വത്തിന് പകരം മറ്റൊന്നില്ല; അനുഗ്രഹങ്ങള്‍ വാരിക്കോരി നല്‍കി തന്റെ സൃഷ്ടികളെ പരിപാലിക്കുന്നവനാണവന്‍, സൃഷ്ടിയും ശാസനയും ഉടമപ്പെടുത്തിയവനാണവന്‍.'

'റബ്ബ്' എന്ന പദത്തിന്റെ ചുരുളുകളില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യവും ഇഛയും ഉള്ളടങ്ങിയിട്ടുണ്ട്. അവന്റെ അധികാര പ്രവര്‍ത്തനത്തില്‍ അവന്റെ അനുവാദമില്ലാതെ ഒന്നും സംഭവിക്കില്ല. എല്ലാം നിയന്ത്രിക്കുന്നവന്‍ അവന്‍ തന്നെ. ബൃഹദ് പ്രപഞ്ചവും അതിന്റെ വ്യവസ്ഥകളും നിസ്തുല ഘടനയുമെല്ലാം അവന്റെ മാത്രം നിര്‍മിതി തന്നെ. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലെല്ലാം നടക്കുന്നത് അറിയുന്നവനാണവന്‍. 'റബ്ബുല്‍ ആലമീന്‍' എന്ന വാക്കില്‍ ഇതും ഇതിനപ്പുറവും അടങ്ങിയിരിക്കുന്നു. ഖുര്‍ആനില്‍ അല്ലാഹുവിന്റേതായി വന്ന എല്ലാ വിശേഷണങ്ങളും പ്രവൃത്തികളും 'റബ്ബുല്‍ ആലമീനി'ല്‍ ഉള്ളടങ്ങിയിരിക്കണം. എല്ലാറ്റിനെയും സൃഷ്ടിച്ചവനും എല്ലാറ്റിനെ പറ്റിയും അറിയുന്നവനും എല്ലാം നിയന്ത്രിക്കുവന്നവനും എല്ലാറ്റിനും കഴിയുന്നവനും മാത്രമേ 'റബ്ബുല്‍ ആലമീൻ' എന്ന പദം ചേരുകയുള്ളൂ. അല്ലാഹുവിന്റെ മഹത്വത്തിന്റെയും പൂര്‍ണതയുടെയും സകല അംശങ്ങളും ചേര്‍ന്നതാണ് അത്. ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന മഹത്തായ അടിസ്ഥാന ആശയങ്ങളുടെ വലിയൊരു തലം 'റബ്ബുല്‍ ആലമീനി' ലാണുള്ളത്.

അര്‍റഹ്മാന്‍, അര്‍റഹീം
അര്‍റഹ്മാന്‍, അര്‍റഹീം (പരമകാരുണികന്‍, കരുണാനിധി) എന്നീ പദങ്ങള്‍ കാരുണ്യത്തിന്റേതായ സകല ആശയങ്ങളെയും വായനക്കാരനില്‍ കോരിയിടുന്നു. ഖുര്‍ആനില്‍ കാരുണ്യവുമായി ബന്ധപ്പെട്ടു പറയുന്നതെല്ലാം അയാളുടെ മനസ്സിലേക്ക് ഓടിയെത്തുന്നു.

ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട ആശയവും സന്ദേശവുമാണ് കാരുണ്യം. وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ 'എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും വിശാലമായി ഉള്‍ക്കൊള്ളുന്നു' എന്ന സൂക്തം അല്ലാഹുവിന്റെ കാരുണ്യത്തെ മനുഷ്യ ഭാവനകള്‍ക്കതീതമായി വാചാലമായി ഉള്‍ക്കൊള്ളുന്നതാണ്. ഊഷ്മളവും സാന്ത്വന ദായകവുമായ ആ യാഥാര്‍ഥ്യത്തിന് അവന്‍ കീഴടങ്ങുന്നു.
وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ 'താങ്കളെ നാം ലോകര്‍ക്ക് അനുഗ്രഹമായിട്ടല്ലാതെ അയച്ചിട്ടില്ല' എന്ന സൂക്തം സത്യവിശ്വാസികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. അബൂഹുറൈറ(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു: 
إنَّ اللهَ كتب كتابًا قبل أن يخلُقَ الخلقَ: إنَّ رحمتي سبَقَتْ غضبي، فهو مكتوبٌ عندَه فوقَ العرشِ
'തീര്‍ച്ചയായും അല്ലാഹു സൃഷ്ടികളെ സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു കാര്യം രേഖപ്പെടുത്തിയിരിക്കുന്നു: തീര്‍ച്ചയായും എന്റെ കാരുണ്യം എന്റെ ദേഷ്യത്തെ മുന്‍കടന്നിരിക്കുന്നു. ഇക്കാര്യം അവങ്കല്‍, അര്‍ശിനുമുകളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു'.

'അര്‍റഹ്്മാന്‍' അധ്യായത്തിലെ ഒടുവിലത്തെ സൂക്തം വിവരിച്ചുകൊണ്ട് അല്‍ഹകീം അത്തുര്‍മുദി (മഹി 295) എഴുതുന്നു: 'അര്‍റഹ്്മാന്‍ അധ്യായം അര്‍റഹ്്മാന്‍ എന്ന് ഉപയോഗിച്ചുകൊണ്ടാണ് അല്ലാഹു ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന് മനുഷ്യന്റെയും ജിന്നിന്റെയും പിശാചുക്കളുടെയും ആകാശ ഭൂമികളുടെയും സൃഷ്ടിപ്പിനെക്കുറിച്ച് പറയുന്നു. എല്ലാ ദിവസവും അവന്‍ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്നതായി പറയുന്നു. സൃഷ്ടികളെ എങ്ങനെയാണ് നിയന്ത്രിച്ചും ഭരിച്ചും കൊണ്ടു പോകുന്നതെന്ന് എടുത്തു പറയുന്നു. അന്ത്യനാളിലെ വിഹ്വലതകള്‍, നരകത്തിന്റെ സ്വഭാവ സവിശേഷതകള്‍, സ്വര്‍ഗത്തിന്റെ സവിശേഷതകള്‍ എല്ലാം പരാമര്‍ശിച്ച ശേഷം تبارك اسم ربّك 'നിന്റെ നാഥന്റെ നാമം അനുഗ്രഹപൂര്‍ണമായിരിക്കുന്നു' എന്നു പറഞ്ഞ് സമാപിക്കുന്നു. അതായത്, അര്‍റഹ്മാന്‍ എന്ന പദംകൊണ്ട് തുടങ്ങിയ അധ്യായം, എല്ലാമെല്ലാം എന്റെ കാരുണ്യമാണ്, ആകാശ ഭൂമികളെ നിങ്ങള്‍ക്കായി സൃഷ്ടിച്ചത് എന്റെ കാരുണ്യമാണ്. ഇതര സൃഷ്ടികളും സ്വര്‍ഗ നരകങ്ങളും കരുണ തന്നെ. ഇവയൊക്കെയും അര്‍റഹ്മാന്‍ എന്ന നാമത്തിന്റെ പ്രകാശനങ്ങളാണ്. അതുകൊണ്ട് അര്‍റഹ്മാന്‍ -പരമകാരുണികന്‍- എന്ന് സ്വന്തത്തെ വാഴ്ത്തി അധ്യായം ആരംഭിച്ചു. ഈ യോഗ്യതാ സവിശേഷതകള്‍ ഉള്ളവര്‍ 'ദുല്‍ജലാലി വല്‍ ഇക്‌റാം' 'സ്വന്തം നിലയില്‍ മഹാനാണ്, പ്രവര്‍ത്തനങ്ങളില്‍ മാന്യനാണ്' എന്ന് പറഞ്ഞ് അധ്യായം അവസാനിപ്പിച്ചു.

പരലോക വിശ്വാസം
പരലോകത്തിന് ഇസ്്ലാമിൽ വലിയ പ്രാധാന്യം ഉള്ളതിനാലും ഖുര്‍ആന്റെ നല്ലൊരു ഭാഗം അത് കൈകാര്യം ചെയ്യുന്നതിനാലും ഫാതിഹയില്‍ പരലോകം സംക്ഷിപ്തമായി പരാമര്‍ശിക്കപ്പെടുന്നു. (مالك يوم الدّين) വിചാരണ നാളിന്റെ ഉടമസ്ഥന്‍) ഖുര്‍ആനില്‍ അന്ത്യനാളും അനന്തര സംഭവങ്ങളുമായി ബന്ധപ്പെട്ട് വന്ന എല്ലാ വിവരങ്ങളെയും മനസ്സിലേക്കാവാഹിക്കാന്‍ ഈയൊരു ചെറു സൂക്തം മാത്രം മതി. മരണം, പുനരുത്ഥാനം, കര്‍മരേഖകളുടെ വായനക, വിചാരണ, കര്‍മങ്ങള്‍ തൂക്കിനോക്കുന്ന ത്രാസ്, മഹ്ശര്‍, നരകത്തിനു മുകളിലെ സ്വിറാത്ത്, സ്വര്‍ഗം, നരകം എല്ലാമെല്ലാം ഈ കൊച്ചു സൂക്തത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സൂക്തം ഓതുമ്പോള്‍ അന്ത്യനാളിലെ എല്ലാ സംഭവങ്ങളും മനോ ഭിത്തിയില്‍ തെളിയണം. നമ്മുടെ വീഴ്ചകളെ പറ്റി ബോധമുണ്ടാവണം, അല്ലാഹുവിന്റെ വിട്ടുവീഴ്ചയെക്കുറിച്ച് പ്രതീക്ഷയുണ്ടാവണം. ഇതുവഴി അടിസ്ഥാന ഈമാന്‍ കാര്യങ്ങളിലൊന്നായ പരലോകത്തെക്കുറിച്ച് നാം ഉല്‍ബുദ്ധരാവുന്നു. വിശിഷ്യാ, പരലോകത്തിന്റെ വിശദാംശങ്ങളെക്കുറിച്ച്. അല്ലാഹുവിനെയും അന്ത്യനാളിനെയും ഒന്നിച്ച് പറഞ്ഞ ഇതുപോലുള്ള സൂക്തങ്ങള്‍ ഖുര്‍ആനില്‍ ധാരാളമുണ്ട്. ഇവ രണ്ടും ഒന്നിച്ച് ഓര്‍ക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. നാം എല്ലാ ദിവസവും ആവര്‍ത്തിച്ചോതുന്ന ഫാതിഹ അധ്യായം അവയുടെ പ്രാധാന്യം ഒന്നുകൂടി ഊന്നിസ്ഥാപിക്കുന്നു.

ഇബാദത്ത് അല്ലാഹുവിനു മാത്രം
തുടര്‍ന്ന്, മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യമായ ഇബാദത്തിനെക്കുറിച്ച് എടുത്തു പറയുന്നു. إيّاك نعبد 'നിന്നെ മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു' ഇമാം ഇബ്‌നു അബീ സമനൈന്‍ (മഹി 399) ഇബാദത്ത് വിശദീകരിച്ചുകൊണ്ട് എഴുതുന്നു:
معنى العبادة في اللغة: الطاعة مع الخضوع، ومن هذا يُقال: طريق مُعبّد، إذا كان مُذلّلا بكثرة المشي عليه
'ഭാഷയില്‍ ഇബാദത്തിന്റെ അര്‍ഥം, വിധേയത്വത്തോടെയുള്ള അനുസരണം എന്നാണ്. ഇതില്‍നിന്നാണ് 'ത്വരീഖുന്‍ മുഅബ്ബദ്' എന്ന പ്രയോഗമുണ്ടായത്. 'പാകപ്പെട്ട വഴി' അഥവാ ആളുകൾ കൂടുതലായി നടന്നതു കാരണം സഞ്ചാര യോഗ്യമായത് എന്നര്‍ഥം.' 
ഇമാം വാഹിദി (മഹി 468):
معنى العبادة: الطاعة مع الخضوع والتذلل، وهو جنسٌ من الخضوع، لا يستحقّه إلا الله عز وجل، وهو خضوع ليس فوقه خضوع، وسُمّي العبد عبدًا لذلّته وانقياده لمولاه
'ഇബാദത്തിന്റെ അര്‍ഥം: വിനയത്തോടെയും വിധേയത്വത്തോടെയുള്ള അനുസരണമാണ്. അല്ലാഹു അല്ലാത്ത മറ്റാരും അര്‍ഹിക്കാത്ത തരം വിധേയത്വമാണത്. മുകളില്‍ മറ്റൊന്നില്ലാത്ത (വിധം അത്രയും താണ) വിധേയത്വമാണത്.' ദാസനെ 'ദാസന്‍' എന്ന് വിളിക്കുന്നത് തന്റെ വിധേയത്വത്താലും തന്റെ യജമാനനുള്ള കീഴൊതുങ്ങലുമാണ്.'

ദിനേന നാം നടത്തുന്ന നമസ്‌കാരത്തെയും അതിലെ ഫാതിഹ എന്ന അധ്യായത്തിന്റെ ഉള്ളടക്കത്തെയും കുറിച്ച് ചിന്തിച്ചാല്‍ ഇബാദത്ത് ഏകനായ അല്ലാഹുവിനു മാത്രമാകേണ്ടതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാവും. എല്ലാതരം അടിമത്തങ്ങളെയും കുടഞ്ഞെറിയാനുള്ള പരസ്യമായ ആഹ്വാനമാണ് മേല്‍ സൂക്തം. വിഗ്രഹാദികളുടെ ആരാധകരും മനുഷ്യരെ പൂജിക്കുന്നവരും അല്ലാഹുവിന്റെ അനുവാദമില്ലാത്ത വിഷയങ്ങളില്‍ പണ്ഡിതന്മാരുടെയും പുരോഹിതന്മാരുടെയും വിധിവിലക്കുകള്‍ അനുസരിക്കുന്നവരും അവര്‍ക്ക് വിശുദ്ധി കല്‍പിക്കുന്നവരും ധനപൂജകരും സ്വേഛകളെ ദൈവമാക്കിയവരും ബഹുദൈവങ്ങളുടെ പിടിത്തത്തിലാണ്. മനുഷ്യനിലെ മനുഷ്യത്വം അഥവാ മനുഷ്യന്‍ എന്ന ഭാവത്തെ തട്ടിയെടുക്കുന്ന ഇബാദത്തിന്റെ എല്ലാ തരം രൂപഭേദങ്ങളെയും അത് നിശ്ശേഷം നിരാകരിക്കുന്നു.

ഇബാദത്തുകള്‍ പൂര്‍ണാര്‍ഥത്തില്‍ അല്ലാഹുവിന്നായിരിക്കുക എന്നതിന്റെ വിവക്ഷ അനുസരണ വിധേയത്വങ്ങളത്രയും അല്ലാഹുവിന് മാത്രമായിരിക്കുക എന്നാണ്.'
قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَّهُ الدِّينَ * وَأُمِرْتُ لِأَنْ أَكُونَ أَوَّلَ الْمُسْلِمِينَ
'നബിയെ! താങ്കള്‍ പറയുക. തീര്‍ച്ചയായും കീഴ് വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവന് ഇബാദത്ത് ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.' (സുമർ 12) ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം ത്വബരി എഴുതുന്നു:
إنّ الله أمرني أن أعبده مُفردا له الطاعة، دون كلّ ما تدعون من دونه من الآلهة والأنداد… وأمرني ربي جل ثناؤه بذلك، لأنْ أكون بفعل ذلك أوَّل من أسلم منكم، فخضع له بالتوحيد، وأخلص له العبادة، وبريء من كل ما دونه من الآلهة
'തീര്‍ച്ചയായും ഇതരദൈവങ്ങളെയും തുല്യന്മാരെയും ഒഴിവാക്കി അല്ലാഹു അവനെ മാത്രം അനുസരിക്കാന്‍ എന്നോട് കല്‍പിച്ചിരിക്കുന്നു; അതുവഴി നിങ്ങളില്‍ ഏറ്റവും ആദ്യം ഇസ്്ലാം സ്വീകരിച്ച്, തൗഹീദ് അംഗീകരിച്ച് വിധേയനായി, അവനുമാത്രമായി ഇബാദത്ത് ചെയ്ത്, അവനല്ലാത്ത മറ്റു ദൈവങ്ങളില്‍നിന്ന് മുക്തനാവാന്‍ മഹാനായ എന്റെ റബ്ബ് എന്നോട് കല്‍പിച്ചിരിക്കുന്നു.

കൈകാര്യകര്‍ത്താവ്, രക്ഷാധികാരി, മിത്രം എന്നീ നിലകളിലും അല്ലാഹുവിനെ മാത്രമെ സ്വീകരിക്കാവൂ' എന്ന ആശയവും മേല്‍ സൂക്തത്തില്‍ അന്തര്‍ലീനമാണ്.
قُلْ أَغَيْرَ اللَّهِ أَتَّخِذُ وَلِيًّا فَاطِرِ السَّمَاوَاتِ وَالْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّي أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ
'പറയുക, 'ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ, ആഹാരം നല്‍കുന്നു. അവന്ന് ആഹാരം നല്‍കപ്പെടുകയില്ല.' പറയുക: തീര്‍ച്ചയായും അല്ലാഹുവിന് കീഴ്‌പ്പെട്ടവരില്‍ ഒന്നാമതായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്.' നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്' (അന്‍ആം 14).

ഇമാം ത്വബരി എഴുതുന്നു: 'ദുരിതങ്ങളിലും കാലവിപത്തുകളിലും അല്ലാഹു അല്ലാത്ത മറ്റുള്ളവരോട് ഞാന്‍ സഹായത്തിനായി അര്‍ഥിക്കുകയോ?' അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വവും അവനോടുള്ള മൈത്രീ ബന്ധവും അടിസ്ഥാനമാണ്. സത്യവിശ്വാസികള്‍ തമ്മിലുള്ള ബന്ധങ്ങളും മൈത്രിയും അതിന്റെ അനുബന്ധമാണ്.
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ * لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
'പറയുക: തീര്‍ച്ചയായും എന്റെ നമസ്‌കാരവും എന്റെ ബലികര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു. അവന് പങ്കുകാരേയില്ല. ഞാന്‍ ഇക്കാര്യം കല്‍പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ മുസ്്ലിംകളില്‍ ഒന്നാമനാണ്.' (അൻആം 163) ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളായ സ്‌നേഹം, തവക്കുല്‍, ഭയം, ആഗ്രഹം, ആശങ്ക, പ്രതീക്ഷ, മനസ്താപം മുതലായവയെല്ലാം ഇബാദത്തുകള്‍ തന്നെ.
ആരാധനയും അനുസരണവും മൈത്രിയും അല്ലാഹുവിന് മാത്രമാകുമ്പോഴേ പൂര്‍ണാര്‍ഥത്തില്‍ നമസ്‌കാരം സാധുവും സ്വീകാര്യവുമാവുകയുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്കായി നമസ്‌കരിച്ചാല്‍ അത് ആരാധന(നുസുക്)യാവില്ല. അല്ലാഹു നിയമമാക്കിയ വിധികള്‍ക്കനുസരിച്ചല്ലെങ്കില്‍ അത് അനുസരണം (ത്വാഅത്ത്) ആകില്ല, അല്ലാഹു അല്ലാത്തവരെ വലിയ്യാ(വലാഅ്)ക്കിക്കൊണ്ടാണ് നിര്‍വഹിക്കുന്നതല്ലെങ്കിലും അത് സ്വീകാര്യമാവില്ല. മുസ്്ലിംകള്‍ക്ക് 'അഹ്്ലുല്‍ ഖിബ്്ല' (ദിശയുള്ളവര്‍) എന്ന പേര് വരുന്നത് തന്റെ ഇതര സമൂഹങ്ങളില്‍നിന്ന് വ്യത്യസ്തമായി നമസ്‌കാരത്തിനായി അഞ്ചുനേരം സമ്മേളിക്കുന്നതിനാലും ഏകദിശയിലേക്ക് മാത്രമായി തിരിഞ്ഞ് പ്രാര്‍ഥിക്കുന്നതിനാലും കൂറ് അല്ലാഹുവിനോട് മാത്രമായതിനാലുമാണ്.

സഹായാര്‍ഥന അല്ലാഹുവോടു മാത്രം
ബുര്‍ഹാനുദ്ദീന്‍ അല്‍ബിഖാഈ 'വഇയ്യാക നസ്തഈനു' (നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന സൂക്തം വിവരിക്കവെ എഴുതുന്നു:
إشارة إلى أنّ عبادته لا تتهيأ إلا بمعونته، وإلى أنّ ملاك الهداية بيده
'അല്ലാഹുവിന്റെ സഹായത്തോടെയല്ലാതെ അല്ലാഹുവിനെ ഇബാദത്ത് ചെയ്യാനാവില്ലെന്നും സന്മാര്‍ഗത്തിന്റെ നിയന്ത്രണം അവന്റെ കൈയിലാണെന്നും ഈ സൂക്തത്തില്‍ സൂചനയുണ്ട്' അല്ലാഹുവിനോട് സഹയാര്‍ഥന എന്നത് വിട്ടുപിരിയാത്തവിധം മുസ് ലിമിന്റെ ജീവിതത്തോട് ചേർന്ന് നില്‍ക്കുന്നതാണ്. അതിന്റെ ഏറ്റവും മുഖ്യമായ പ്രഭാവമാണ് പ്രാര്‍ഥന. മുസ്്ലിമിനെ സംബന്ധിച്ചേടത്തോളം പ്രാര്‍ഥനാ രഹിതമായ ജീവിതം സാധ്യമല്ല. പ്രാര്‍ഥനയുടെ വിവിധ രൂപങ്ങളായ ഇസ്തിആദത്ത് (ശരണം തേടല്‍), ഇസ്തിഗാസ (സഹായാര്‍ഥന), അല്ലുജൂഉ ഇലല്ലാഹ് (അല്ലാഹുവിലേക്ക് അഭയം തേടല്‍) എന്നിവയെല്ലാം അല്ലാഹുവോടുള്ള സഹായാര്‍ഥനയുടെ വിവിധ രൂപങ്ങളാണ്.

ഹിദായത്ത്
സന്മാര്‍ഗത്തിലേക്ക് വഴിനടത്തണമെന്ന് അല്ലാഹുവിനോട് ആവശ്യപ്പെടുന്നതിന്റെ ഉദ്ദേശ്യം, സന്മാര്‍ഗത്തിലേക്ക് കൈപിടിച്ചു നടത്തണമെന്നും അതിനു തൗഫീഖ് നല്‍കണമെന്നും സന്മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തണമെന്നും വര്‍ധിച്ച തോതില്‍ ഹിദായത്ത് പകര്‍ന്ന് അനുഗ്രഹിക്കണം എന്നുമാണ്. 'അല്ലാഹുവിന്റെ ദയാമസൃണതയും അവനില്‍നിന്നുള്ള സന്മാര്‍ഗങ്ങളും അവസാനിക്കുകയില്ല' എന്നാണ് ഇമാം ബഗവിയുടെ വിശദീകരണം. (ഹദാ, യഹ്്ദീ എന്നാല്‍ 'അദ്ദലാലത്തു ബിലുത്വ്്ഫിൻ' -ദയാ മസൃണമായി വഴികാണിച്ചു കൊടുക്കുക- എന്നാണര്‍ഥം - വിവ:). ഇമാം ത്വബരിയുടെ വ്യാഖ്യാനം ഇങ്ങനെ: '

أجمعت الأمة من أهل التأويل جميعًا على أنّ الصراط المستقيم هو الطريق الواضح الذي لا اعوجاج فيه. وكذلك ذلك في لغة جميع العرب
'വളവില്ലാത്ത തെളിഞ്ഞ വഴി എന്നാണ് 'അസ്സ്വിറാത്വുല്‍ മുസ്തഖീം' എന്നതിന്റെ വിവക്ഷയെന്ന് മുസ്്ലിം സമുദായത്തിലെ വ്യാഖ്യാതാക്കളെല്ലാം ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു. ചൊവ്വായ മാര്‍ഗം എന്നതിന്റെ വിവക്ഷ ഖുര്‍ആനോ, ഇസ്്ലാമോ, സന്മാര്‍ഗ പാതയോ വ്യാഖ്യാതാക്കള്‍ പറഞ്ഞ മറ്റെന്തെങ്കിലുമോ ആണെങ്കിലും ദിവ്യബോധനം വഴി നബി(സ) കൊണ്ടുവന്നതിനെ പിന്‍പറ്റിയാല്‍ മാത്രമെ ഹിദായത്ത് ലഭ്യമാവുകയുള്ളൂ.

ഇതിലേക്കുള്ള വ്യക്തമായ സൂചനയാണ് താഴെ സൂക്തം
وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ
'തീര്‍ച്ചയായും ഇതാണ് എന്റെ ചൊവ്വായ വഴി. ആയതിനാല്‍ നിങ്ങള്‍ അതിനെ പിന്‍പറ്റുക. നിങ്ങള്‍ (ഇതര) വഴികള്‍ പിന്തുടരരുത്. അങ്ങനെയായാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് നിങ്ങള്‍ ഭിന്നിക്കും. ഈ വക കാര്യങ്ങള്‍ അല്ലാഹു നിങ്ങളെ ശക്തമായി ഉപദേശിക്കുന്നു. നിങ്ങള്‍ ഭയഭക്തിയുള്ളവരാകാന്‍ വേണ്ടി' (അന്‍ആം 153) ഫാതിഹ അധ്യായത്തിന്റെ പശ്ചാത്തലം ഈ നേര്‍പാതയുടെ സവിശേഷത വിവരിക്കുന്നുണ്ട്. 'നീ അനുഗ്രഹിച്ചവരുടെ മാര്‍ഗം' എന്ന്. നബിമാരുടെയും നബിമാരുടെ സഹായികളായ സ്വഹാബിമാരുടെയും സവിശേഷ ഗുണങ്ങളെല്ലാം ഈ സൂക്തത്തില്‍ കടന്നുവരുന്നു. സൂക്തം പാരായണം ചെയ്യുമ്പോള്‍ അവരുടെ മഹനീയ സദ്ഗുണങ്ങളെല്ലാം നമ്മുടെ മനസ്സുകളിലേക്ക് കടന്നുവരുന്നു. കൂടെ കൂടെ കടന്നു വരുമ്പോള്‍ അവ മുറുകെ പിടിക്കാനുള്ള ത്വര വിശ്വാസികളില്‍ സജീവമാകുന്നു. ആ സംഘത്തോടൊപ്പം ചേരാന്‍ കഴിയുംവിധം തങ്ങളുടെ ജീവിതത്തെ നിര്‍ണയിക്കാന്‍ സ്വയം തയാറെടുക്കുന്നു.

കോപത്തിനിരയായവര്‍, വഴിപിഴച്ചവര്‍
ഭൂരിപക്ഷ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അല്ലാഹുവിന്റെ കോപത്തിനിരയായവര്‍ യഹൂദികളും, വഴിപിഴച്ചവര്‍ ക്രൈസ്തവരുമാണെന്ന് തന്നെയാണ് രേഖപ്പെടുത്തിയതെങ്കിലും, ഖുര്‍ആന്‍ ഉറ്റാലോചിക്കുന്നവര്‍ യഹൂദര്‍ ദൈവകോപത്തിനിരയായതെങ്ങനെ? ക്രൈസ്തവര്‍ വഴിപിഴച്ചതെങ്ങനെ? എന്നതിലാണ് ഊന്നുക.

ഇങ്ങനെ ചിന്തിക്കുമ്പോള്‍, ഖുര്‍ആനില്‍ ആദ്യന്തം അവരുടെ പേരില്‍ ചാര്‍ത്തപ്പെട്ട കുറ്റപത്രങ്ങളെക്കുറിച്ച് നാം കൂടെ കൂടെ ചിന്തിച്ചുകൊണ്ടിരിക്കണം. അല്‍ ബഖറ അധ്യായത്തിലെ ഇസ്‌റാഈല്‍ സന്തതികള്‍ മൂസാനബിയോട് അനുവര്‍ത്തിച്ച ധിക്കാരപമായ നിലപാടുകളും പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭവ വേദ്യമായ ധാരാളം ദൃഷ്ടാന്തങ്ങൾ കണ്ണാലെ കണ്ടിട്ടും അല്ലാഹു അളവറ്റ അനുഗ്രഹങ്ങള്‍ വാരിക്കോരി നല്‍കിയിട്ടും അവർ ധിക്കരിച്ചു കളഞ്ഞതും ശ്രദ്ധയിലുണ്ടാവണം. ദേഹേഛക്കു മുമ്പില്‍ ചഞ്ചലമാകുന്ന വിശ്വാസം, ജീവിതത്തോടുള്ള അത്യാര്‍ത്തി, അഹങ്കാരം, ഹൃദയകാഠിന്യം, നബി(സ)യുടെ പ്രബോധനത്തെ തള്ളിക്കളഞ്ഞത് മുതലായവയെല്ലാം അവര്‍ക്കെതിരെ അല്ലാഹുവിന്റെ കോപശാപങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അല്‍ബഖറ 40 മുതല്‍ 103 വരെയുള്ള സൂക്തങ്ങള്‍ ഇക്കാര്യങ്ങള്‍ വരച്ചിടുന്നുണ്ട്.

ആലുഇംറാന്‍, മാഇദ അധ്യായങ്ങള്‍ ക്രൈസ്തവരുടെ മാര്‍ഗഭ്രംശത്തെക്കുറിച്ച് വിസ്തരിച്ച് ചര്‍ച്ച ചെയ്യുന്നവയാണ്. ഈസാ നബിയുടെ യാഥാര്‍ഥ്യം, അദ്ദേഹത്തിന്റെയും മാതാവിന്റെയും മനുഷ്യ പ്രകൃതി, തൗഹീദിന്റെ സ്ഥാപനം, ബഹുദൈവത്വത്തിന്റെ നിരാകരണം മുതലായവ 33 മുതല്‍ 85 കൂടിയ സൂക്തങ്ങളില്‍ കാണാം. ഫാതിഹയിലെ ഒടുവിലെ സൂക്തത്തില്‍ എത്തുമ്പോള്‍ ദേഹേഛയെ പിന്‍പറ്റിയും അഹങ്കാര നിലപാട് സ്വീകരിച്ചും മേല്‍ രണ്ട് മുന്‍കാല സമുദായങ്ങൾ അകപ്പെട്ടുപോയ ധാരാളം ചിത്രങ്ങള്‍ നമ്മുടെ മനോമുകുരത്തിലൂടെ കടന്നുപോകുമ്പോള്‍ അവയില്‍നിന്നെല്ലാം അകന്നുമാറാന്‍ അല്ലാഹുവിനോട് സഹായം തേടാന്‍ സത്യവിശ്വാസികള്‍ ദൃഢതീരുമാനമെടുക്കുന്നു.

മൊത്തത്തില്‍ പറഞ്ഞാല്‍ ഫാതിഹ അധ്യായം സത്യവിശ്വാസിയുടെ മുമ്പാകെ അല്ലാഹുവിലേക്കുള്ള ദിശ കാണിച്ചു കൊടുക്കുന്നു, ഇസ്്ലാമിന്റെയും അതിലേക്കുള്ള ഹിദായത്തിന്റെയും മൗലികാശയങ്ങള്‍ പുതുക്കി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ സ്വാഭാവികമായി ഉയർന്നുവരാവുന്ന ചോദ്യങ്ങള്‍ക്ക് മുപ്പത് ഭാഗങ്ങളില്‍ വിശദമായി പറഞ്ഞ മറുപടികൾ സംക്ഷേപിച്ചവതരിപ്പിക്കുകയും ചെയ്യുന്നു.
തുടക്കം 'സര്‍വലോക രക്ഷിതാവി'ല്‍നിന്ന്, മടക്കം 'വിചാരണനാളി'ലേക്ക്, ലക്ഷ്യം 'നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്തു ചെയ്യുന്നു', മാര്‍ഗം 'ചൊവ്വായ വഴി.'
ഇവയുടെയെല്ലാം വിശദാംശങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തിലും നബി(സ)യുടെ തിരുചര്യയിലുമായി പരന്നുകിടക്കുന്നു. ഇമാം ശാത്വിബി 'മുവാഫഖാത്തി'ല്‍ പറഞ്ഞതുപോലെ, 'സംക്ഷിപ്തമായി പറഞ്ഞതിന്റെ വിശദീകരണം, പ്രയാസമുള്ളതിന്റെ വിവരണം, സംക്ഷിപ്തമായി പറഞ്ഞതിന്റെ വ്യാഖ്യാനം ഖുര്‍ആനിലും സുന്നത്തിലുമായി പ്രതിപാദിച്ചിരിക്കുന്നു. 

(ഫിലസ്ത്വീനി എഴുത്തുകാരനും ഗവേഷകനും വിവർത്തകനുമാണ് ലേഖകൻ)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top