നബി വചനങ്ങള്‍ സ്ത്രീകളെ അവമതിക്കുന്നുവോ? 1/2

ഒരു സംഘം ലേഖകര്‍‌‌
img

ഇസ്‌ലാമിക ശരീഅത്ത് സ്ത്രീകളോട് അനീതി ചെയ്യുന്നു, അവരെ അവമതിക്കുന്നു എന്നത് സ്ത്രീ-പുരുഷ സമത്വവാദികള്‍ ഉന്നയിക്കുന്ന ആരോപണമാണ്. ചില നബിവചനങ്ങളെ ആധാരമാക്കിയാണ് ഈ ആരോപണം അവര്‍ ഉന്നയിക്കുന്നത്. ഇസ് ലാമിന്റെ സത്യസന്ധരായ ഗുണകാംക്ഷികള്‍ എന്ന ഭാവേന ഇസ് ലാമിനെ നന്നാക്കാന്‍ രംഗത്തിറങ്ങിയവരാണ് തങ്ങള്‍ എന്ന അവകാശവാദത്തോടെയാണ് അവരുടെ രംഗപ്രവേശം. യഥാര്‍ഥത്തില്‍ അവര്‍ ഇസ് ലാമിന്റെ കടുത്ത വിരോധികളാണെന്ന് പരിശോധനയില്‍ നമുക്ക് ബോധ്യമാവും.

മറുപടി
1. പാരമ്പര്യമായി ലഭിക്കുന്ന വിശ്വാസങ്ങള്‍ക്കും കൈമാറിവരുന്ന ആചാര സമ്പ്രദായങ്ങള്‍ക്കും സ്ത്രീകളെ താഴ്ത്തികെടുന്നതിലും അവരെ അവമതിപ്പോടെ നോക്കിക്കാണുന്നതിലും വലിയ പങ്കുണ്ട്.
ഇസ്്ലാം സ്ത്രീകള്‍ക്ക് അനുവദിച്ചു നല്‍കിയ ആദരവും ബഹുമാനവും മനുഷ്യസമൂഹത്തിന് മൊത്തമായി നല്‍കിയ ആദരവിന്റെ തന്നെ ഭാഗമായുള്ളതാണ്. ഇസ്‌റാഅ് 70-ാം സൂക്തപ്രകാരം പുരുഷന്മാരെ പോലെ സ്ത്രീകളും ആദമിന്റെ സന്തതികളും അതിനാല്‍ തന്നെ ആദരണീയകളുമാണ്. ആണ്‍-പെണ്‍ ഭേദമില്ലാതെ സഹജമായിത്തന്നെ ലഭിച്ച ഈ ആദരണീയതക്കുപുറമെ തഖ്്വയുടെയും സല്‍ക്കര്‍മങ്ങളുടെയും അടിസ്ഥാനത്തില്‍ എത്രയും ഉയരാന്‍ അവര്‍ക്കവസരവുമുണ്ട്. 'നിങ്ങളില്‍ ഏറ്റവും ആദരണീയര്‍ നിങ്ങളില്‍ ഏറ്റവും ഭക്തരാണ്' (ഹുജുറാത്ത് 13)
ആണും പെണ്ണും അടങ്ങുന്ന മനുഷ്യര്‍ മനുഷ്യന്‍ എന്ന നിലയില്‍ പ്രഥമമായും ദീനീനന്മകളില്‍ ദ്വിതീയമായും അല്ലാഹുവിങ്കല്‍ ആദരണീയരാണ്. ആണായതുകൊണ്ടോ പെണ്ണായതുകൊണ്ടോ മാത്രം ഈ ആദരവ് കുറയുകയോ കൂടുകയോ ഇല്ല. ആണായാലും പെണ്ണായാലും നിലവാരം ഉയരുന്നതും താഴുന്നതും ഭക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. മാനവതക്കു പ്രയോജനകരമായ സല്‍ക്കര്‍മങ്ങളുടെ ഏറ്റക്കുറവനുസരിച്ചായിരിക്കും.

യഹൂദരെയും ക്രൈസ്തവരെയും പോലെ മുസ്്ലിംകള്‍ സ്ത്രീകളെ അവമതിച്ചിട്ടില്ല. പോപ്പ് ഐനോ എട്ടാമന്‍ '1484 മുക്തി' പ്രഖ്യാപനത്തില്‍ പറഞ്ഞതുപോലെ, പുരുഷനും സ്ത്രീയും ബദ്ധവൈരികളാണെന്ന് ഒരു മുസ് ലിമും പറഞ്ഞിട്ടില്ല. 'പുരുഷനാണ് മാനദണ്ഡം, മാതൃക, എല്ലാ സ്ത്രീകളും കുറവുള്ളവരാണ്' എന്ന് അരിസ്റ്റോട്ടിലിനെ പോലെയും മുസ് ലിംകള്‍ക്ക് വാദമില്ല. 'സ്ത്രീ അടിമയേക്കാള്‍ അധമയാണ്, അടിമത്തം പ്രകൃത്യാ ലഭിക്കുന്നതല്ല. അതേസമയം സ്ത്രീകള്‍ പിതാവിനെയും മകനെയും ഭര്‍ത്താവിനെയും പ്രകൃത്യാ അനുസരിക്കാന്‍ ബാധ്യസ്ഥയാണെന്ന് Thomas Aquinsa യുടെ വാദം മുസ് ലിംകള്‍ക്കില്ല. 'ഒരു പെണ്ണ് എത്ര പുരോഗമിച്ചാലും ഒരു പശു മാത്രമെ ആവുകയുള്ളൂ, സ്ത്രീഹൃദയം നാശത്തിന്റെ ഒളിയിടമാണ്, അപഗ്രഥിക്കാന്‍ കഴിയാത്ത കടങ്കടയാണ് സ്ത്രീ, സ്ത്രീകളുടെ അടുത്തേക്ക് പോകുമ്പോള്‍ ചാട്ടവാര്‍ കൂടെ കരുതണം' എന്നു പറഞ്ഞ ഫിലോസഫര്‍ Niezsche അഭിപ്രായവും മുസ് ലിംകള്‍ക്കില്ല. വിശുദ്ധ Tertullian സ്ത്രീകളെ അവമതിച്ചതുപോലെ, 'മനുഷ്യ മനസ്സിലേക്ക് പിശാച് കടന്നുവരുന്നത് സ്ത്രീയിലൂടെയാണ്. അവള്‍ പ്രകൃതി വ്യവസ്ഥകളുടെ ലംഘകയാണ്. പുരുഷനെ വികൃതമാക്കുന്നവളാണ്' എന്ന നിലപാടും മുസ് ലിംകള്‍ക്ക് അന്യമാണ്.
ഇത്തരം അഭിപ്രായങ്ങള്‍ പാശ്ചാത്യ ലോകത്ത് വ്യാപകമാണ്. എന്നിട്ടും അവര്‍ വാദിക്കുന്നത് അവരാണ് ഇസ് ലാമിനേക്കാള്‍ സ്ത്രീകളെ വിലമതിക്കുന്നത് എന്നാണ്.
ഇതര മതവിശ്വാസികളില്‍നിന്നോ ചില മുസ് ലിംകളുടെ ഭാഗത്ത് നിന്നോ പുറത്ത് വരുന്ന ഇത്തരം വിതണ്ഡ വാദങ്ങളുടെ അടിസ്ഥാന സ്രോതസ്സ് സമൂഹത്തില്‍ നിലനില്‍ക്കുന്ന പാരമ്പര്യ ധാരണകളാണ്. ഇവയില്‍ നിന്നെല്ലാം ഇസ് ലാം സ്ത്രീകളെ മോചിപ്പിച്ചിരിക്കുന്നു. അനിസ് ലാമിക സമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നിലനിന്നിരുന്ന വിവേചനം സാംസ്‌കാരിക പിന്നാക്കാവസ്ഥ ഘട്ടത്തില്‍ സാമൂഹിക ജീവിതത്തിലേക്ക് വീണ്ടും കടന്നുകയറുകയായിരുന്നു.

നബി(സ) സ്ത്രീകളെക്കുറിച്ച് പറഞ്ഞത്
അബൂസഈദില്‍ ഖുദ് രി(റ)യില്‍നിന്ന് നിവേദനം. 'നബി(സ) ബലിപെരുന്നാള്‍ ദിവസമോ ചെറിയ പെരുന്നാള്‍ ദിവസമോ നമസ്‌കാര സ്ഥലത്തേക്ക് പുറപ്പെട്ടു. സ്ത്രീകളുടെ അടുത്ത് ചെന്ന് പറഞ്ഞു: 'സ്ത്രീ സമൂഹമേ, നിങ്ങള്‍ ധര്‍മം ചെയ്യുക. നരക വാസികളിലേറെയും നിങ്ങളായാണ്' എന്നെ കാണിച്ചിരിക്കുന്നത്.' അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്തുകൊണ്ടാണിത്?' നബി(സ) പറഞ്ഞു: 'നിങ്ങള്‍ കൂടുതല്‍ ശാപം കൂറുന്നു. ജീവിത പങ്കാളിയോട് നന്ദികേട് കാണിക്കുന്നു. ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ കൂടുതലിളക്കാന്‍ നിങ്ങളിലെ ബുദ്ധിയും ദീനും കുറഞ്ഞ സ്ത്രീകളെക്കാള്‍ പാടവമുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല.' അവര്‍ ചോദിച്ചു: 'റസൂലേ, ബുദ്ധിയിലും ദീനിലും ഞങ്ങള്‍ക്കെന്താണ് കുറവ്? നബി(സ) പറഞ്ഞു: 'പുരുഷന്റെ സാക്ഷ്യത്തിന്റെ പാതിയല്ലേ സ്ത്രീയുടെ സാക്ഷ്യം?' അവര്‍ പറഞ്ഞു: 'അതെ' നബി(സ) പറഞ്ഞു: 'അവളുടെ ബുദ്ധിയുടെ കുറവുകാരണമാണ് അത്.' തുടര്‍ന്ന് നബി(സ) ചോദിച്ചു: 'ആര്‍ത്തവമുണ്ടായാല്‍ അവള്‍ നമസ്‌കാരവും നോമ്പും ഉപേക്ഷിക്കാറില്ലേ?' അവര്‍ പറഞ്ഞു: 'അതെ' നബി(സ) അരുളി: 'അത് ദീനിന്റെ കുറവില്‍ പെട്ടതാണ്.'1
സ്ത്രീകളുടെ അര്‍ഹതയെയും അവകാശത്തെയും കുറച്ചു കാണിക്കുന്ന പാരമ്പര്യ നിലപാടുകള്‍ക്ക് മതപരമായ ആവരണം ചാര്‍ത്താനായി ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഹദീസാണ് മുകളിലേത്. ഇതിനെ ഉപജീവിച്ച് പാശ്ചാത്യരും തീവ്ര സെക്യുലരിസ്റ്റുകളും ഇസ് ലാം സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്ന മതമാണെന്ന് കുറ്റപ്പെടുത്തുന്നു. ഈ ഹദീസിന്റെ തെറ്റായ വ്യാഖ്യാനത്തില്‍നിന്ന് സ്ത്രീകളെയും സര്‍വോപരി ഈ ഹദീസിനെത്തന്നെയും രക്ഷിച്ചെടുക്കേണ്ടതുണ്ട്.

2) ഹദീസിന്റെ പശ്ചാത്തലം വസ്തുതയുടെ അവതരണം, നിയമനിര്‍മാണമല്ല
മുകളിലെ ഹദീസിലെ പദങ്ങളും വിശേഷണങ്ങളും വനിതകളെ അവമതിക്കുന്നവയല്ല, സ്തുതിക്കുന്നവയാണ്. താങ്കള്‍ മഹത്തായ സ്വഭാവ ഗുണങ്ങള്‍ ഉടയവനാണ് (അല്‍ ഖലം 4) എന്ന് അല്ലാഹു വിശേഷിപ്പിച്ച നബി(സ) തന്നെ, താൻ ക്ഷണിച്ചുവരുത്തിയ ഋതുമതികളും പ്രസവാനന്തര വിശ്രമത്തിലുള്ളവരും ബാലികമാരും ഉള്‍പ്പെടെ എല്ലാ വിഭാഗം സ്ത്രീകളും പങ്കെടുത്ത പെരുന്നാള്‍ നമസ്‌കാരവേദിയില്‍ വെച്ച് നടത്തിയതാണ് മേല്‍ പ്രസ്താവന. അവര്‍ക്ക് അദ്ദേഹത്തിന്റെ സ്വഭാവം നന്നായി അറിയാം. ഒരിക്കല്‍ അദ്ദേഹം അവരെ വിശേഷിപ്പിച്ചത് പളുങ്കുപാത്രങ്ങള്‍ എന്നാണ്. മരണ ശയ്യയില്‍, സ്ത്രീകളുടെ നേരെ പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് അവിടുന്ന് നടത്തിയ ഉപദേശ നിര്‍ദേശങ്ങള്‍ പ്രസിദ്ധമാണ്. ഇത്തരമൊരു പ്രവാചകന്‍ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനത്തില്‍ അവരെ ആക്ഷേപിച്ചും അവമതിച്ചും സംസാരിക്കുമെന്ന് കരുതാന്‍ ഒട്ടും ന്യായമില്ല.

എല്ലാ സ്ത്രീകളിലും കണ്ടുവരുന്നതല്ലെങ്കിലും കൂടുതല്‍ സ്ത്രീകളിലും വ്യാപകമായി കണ്ടുവരുന്ന ഒരു പ്രവണതയെ മുന്‍നിര്‍ത്തി അവരെ നബി (സ) വിലമതിച്ചു സംസാരിക്കുകയായിരുന്നു എന്നതാണ് ഹദീസിന്റെ മൊത്തം കാതല്‍.

വര്‍ത്തമാനകാല വസ്തുതകള്‍ മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മാണവും എന്നെന്നേക്കുമുള്ള നിയമങ്ങളുടെ നിര്‍മാണവും തമ്മിലെ വ്യത്യാസം
സ്ത്രീകളില്‍ കണ്ടുവരുന്ന സവിശേഷമായ ഒരു അവസ്ഥയെയാണ് മേല്‍നബിവചനം അഭിസംബോധന ചെയ്യുന്നത്. അല്ലാതെ, അതിലൂടെ സ്ത്രീ സമൂഹത്തെ മൊത്തം ബാധിക്കും വിധം നിയമാവിഷ്‌കാരം നടത്തുകയായിരുന്നില്ല. മാറ്റത്തിന് വിധേയമാകാവുന്ന നിലവിലെ ഒരു അവസ്ഥയെ എടുത്തുപറയുന്നതും, സ്ഥിരമായി നിലനില്‍ക്കേണ്ട ചില നിയമങ്ങള്‍ പ്രഖ്യാപിക്കുന്നതും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. രണ്ടും രണ്ടായിതന്നെ നാം കാണണം. ഉദാഹരണമായി, 'തീര്‍ച്ചയായും നാം നിരക്ഷര സമൂഹമാണ്. നാം എഴുതാറില്ല, ഗണിക്കാറില്ല'2
(إنَّا أمَّة أمِّيَّة لا نكتب ولا نحسب)
'നാം നിരക്ഷരസമൂഹമാണ്, എഴുതാറില്ല, കണക്ക് കൂട്ടാറില്ല' എന്നു പറഞ്ഞതിന്റെ വിവക്ഷ നിലവില്‍ നമ്മുടെ അവസ്ഥ അങ്ങനെയാണ് എന്നത്രെ. അല്ലാതെ, മേലിലും നാം അങ്ങനെത്തന്നെ നിരക്ഷരരായി തുടരണം എന്നല്ല. അങ്ങനെയായിരുന്നുവെങ്കില്‍, 'അല്‍അലഖ്' അധ്യായത്തിലെ വായിക്കാനുള്ള ആവര്‍ത്തിച്ചുള്ള ആഹ്വാനം നിരര്‍ഥകമായി ഭവിക്കുമായിരുന്നു. അന്നത്തെ സമൂഹത്തിന്റെ വര്‍ത്തമാനകാല നിരക്ഷരാവസ്ഥയെ ക്രമാഗതമായി മാറ്റിയെടുത്തത് തിരുമേനി(സ) യായിരുന്നു എന്ന വസ്തുതയും നാം മനസ്സിലാക്കണം.

നിരക്ഷരരായിരുന്ന അവരെ അവിടുന്ന് പണ്ഡിതന്മാരാക്കി മാറ്റിയെടുത്തു.
هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَۚ مَا خَلَقَ اللَّهُ ذَٰلِكَ إِلَّا بِالْحَقِّۚ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ
'സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിനുവേണ്ടി യഥാര്‍മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു തെളിവുകല്‍ വിശദീകരിക്കുന്നു' (യൂനുസ് 5).
അന്നത്തെ വൈജ്ഞാനികാവസ്ഥയെ 'നാം വൈജ്ഞാനികമായി പിന്നാക്ക സമുദായമാണ്' എന്ന് നബി(സ) വിശദീകരിക്കുകയായിരുന്നു. അല്ലാതെ നാം എന്നും ഇതേ നിലയില്‍ തുടരേണ്ടവരാണ് എന്ന് പ്രസ്താവനയിലൂടെ സ്ഥാപിക്കുകയായിരുന്നില്ല. 'നരകത്തില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്' എന്ന നബിവചനവും ഇതേ ഗണത്തില്‍ വരുന്നവയാണ്. 'ജീവിത പങ്കാളിയോട് നന്ദികേട് കാണിക്കുക' എന്ന പ്രത്യേക ദുര്‍ഗുണമുള്ള ചില സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് മേല്‍ പ്രസ്താവന. ജീവിത പങ്കാളി ആയുഷ്‌കാലമത്രയും നന്നായി സഹവര്‍ത്തിത്വം പുലര്‍ത്തിയാലും വൈകാരിക സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി ചില സ്ത്രീകൾ 'ഞാന്‍ നിന്നില്‍ ഒട്ടുമേ നന്മ കണ്ടിട്ടില്ല' എന്നു പറയും3
(ما رأيت منك خيرًا قطّ)
മേല്‍ ഹദീസ് കൃത്യമായും ഒരു സന്ദര്‍ഭത്തെയും അവസ്ഥയെയും മാത്രം മുന്‍നിര്‍ത്തിയുള്ള പ്രസ്താവനയാണ്. അല്ലാതെ, സ്ത്രീകളെ മൊത്തം ബാധിക്കുന്ന നിയമാവിഷ്‌കാരമല്ല.
3) 'സ്ത്രീയുടെ ബുദ്ധികുറവ്' ദാമ്പത്യ സന്തോഷത്തിന്റെ രഹസ്യം
ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം നടത്തുന്ന തരം തുറന്ന സംസാരമാണ് ഇവിടെ നബി(സ)യും നടത്തിയിരിക്കുന്നത്. അവരുടെ ബുദ്ധിക്കുറവിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയതുതന്നെ, അതിനുവിരുദ്ധമായി, അവരില്‍ കണ്ടുവരുന്ന സവിശേഷമായ ഒരു മികവിനെ എടുത്തു പറയാനാണ്. ഉയര്‍ന്ന മനക്കരുത്തുള്ളവരും അധികാര ശേഷിയുള്ളവരുമായ പുരുഷന്മാരെ പോലും കീഴടക്കാന്‍ സ്ത്രീകള്‍ക്കു കഴിയുന്നു എന്ന വസ്തുത ഇതിലൂടെ എടുത്തു കാട്ടുകയായിരുന്നു നബി(സ). 'നീ കുറിയവനാണെങ്കിലും കുറിയവരല്ലാത്തവര്‍ക്ക് കഴിയുന്നതെല്ലാം നിനക്ക് കഴിയുന്നുണ്ടല്ലോ' എന്നു നാം ഒരാളോട് പറഞ്ഞാല്‍, അത് അയാളെ കുറ്റപ്പെടുത്തുകയല്ല, പ്രശംസിക്കുകയാണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവും.

ചുരുക്കത്തില്‍, ഹദീസ് സ്ത്രീകളുടെ നിലയും വിലയും കുറക്കുകയല്ല. പുരുഷന്മാരെ വാഴാന്‍ കഴിയുമാറ് അവരില്‍ കണ്ടുവരുന്ന മികവിനെ പുകഴ്ത്തിപ്പറയുകയാണ്.

സ്ത്രീകളെക്കുറിച്ച് നബി(സ) പറഞ്ഞത് ശരിയോ തെറ്റോ?
മനഃശാസ്ത്രത്തിന്റെയും മനഃശാസ്ത്ര വിദ്യാഭ്യാസത്തിന്റെയും ബാലപാഠങ്ങള്‍ അറിയുന്ന ഏതൊരാള്‍ക്കും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വൈകാരികമായി പ്രതികരിക്കുന്നവരും, പുരുഷന്മാരേക്കാള്‍ ആലോചനാ ശേഷി കുറഞ്ഞവരും, പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ ചിന്താശേഷിയുള്ളവരും വൈകാരികത കുറഞ്ഞവരുമാണെന്ന് കാണാം. ഈ വൈരുധ്യത്തിലൂടെയുള്ള പൂര്‍ണതയാണ് ദാമ്പത്യത്തിന്റെ പൂര്‍ണതയും സന്തോഷവും നിലനിര്‍ത്തുന്നത്.
ആഴത്തില്‍ ചിന്തിക്കേണ്ടുന്ന വിഷയങ്ങളില്‍ പുരുഷനെ പോലെ സ്ത്രീയും മുഴുകുകയും അവളില്‍ വൈകാരിക മാന്ദ്യം അനുഭവപ്പെടുകയും ചെയ്താല്‍ അത്തരം സ്ത്രീകള്‍ക്കൊപ്പം ജീവിക്കുന്നത് സാഹസിക യജ്ഞമായിരിക്കും.
ഇതുപോലെ, പുരുഷന്‍ വൈകാരികതയിലും വൈകാരിക പ്രതികരണങ്ങളിലും ചിന്താ ദൗര്‍ബല്യത്തിലും സ്ത്രീസമാനനാണെങ്കില്‍ അത്തരം പുരുഷന്മാരുടെ കൂടെ കഴിയേണ്ടി വരുന്ന ഭാര്യമാര്‍ നിര്‍ഭാഗ്യവതികളായിരിക്കും. അവള്‍ അന്വേഷിക്കുന്ന സംരക്ഷണയും പരിരക്ഷയും അവള്‍ക്ക് കിട്ടാതെയാവും. അയാളുടെ കൂടെ കഴിയാന്‍ അവള്‍ക്ക് ഒട്ടും താല്‍പര്യമുണ്ടാകില്ല. ആണും പെണ്ണും തങ്ങളുടെ ഇണകളില്‍നിന്ന് പ്രതീക്ഷിക്കുന്നത് തങ്ങളുടെ പോരായ്മ തങ്ങളുടെ ഇണകള്‍ പരിഹരിക്കുമെന്നാണ്. അത് സാധിതമായാല്‍ അവര്‍ക്കിടയില്‍ അതിസൂക്ഷ്മമായ സമത്വം യാഥാര്‍ഥ്യമായിത്തീരുന്നു.
ചില പുരുഷന്മാര്‍ വൈകാരികാധീനരും സങ്കീര്‍ണമായ പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിക്കാന്‍ മടിക്കുന്നവരുമായിരിക്കും. ഇതേ അവസ്ഥ സ്ത്രീകളിലും കാണാം. അപൂര്‍വം സ്ത്രീകള്‍ തത്ത്വശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ തല്‍പരകളായിരിക്കും. സങ്കീര്‍ണമായ വിഷയങ്ങളെക്കുറിച്ച് ഉത്സാഹവതികളായിരിക്കും. അതേസമയം അവര്‍ വൈകാരികമായ ജഢത്വമുള്ളവരായിരിക്കും. ഇത്തരക്കാരെ പൊതുതത്വത്തിന്നപവാദം എന്ന നിലയിലാണ് പണ്ഡിതന്മാര്‍ വിലയിരുത്തുക.

നബി(സ)യുടെ സംസാരം സ്ത്രീയുടെ വ്യക്തിത്വത്തിലെയും ജീവിതത്തിലെയും വൈരുധ്യങ്ങളെ താര്‍ക്കികമായി സംയോജിപ്പിക്കുന്നതാണ്. അവളുടെ ചിന്താശേഷിക്കുറവിനെക്കുറിച്ച് എടുത്തു പറഞ്ഞ നബി(സ) അതേ ശ്വാസത്തില്‍ തന്നെ പുരുഷനെ ജയിക്കുന്ന അവളുടെ ആധിപത്യ ശേഷിയെക്കുറിച്ച് വാചാലനാവുന്നു.

വിശകലന വിധേയമാക്കുമ്പോള്‍
ഏതൊരു സ്ത്രീയും പുരുഷനില്‍ തേടുന്നത് തന്റെ ലൈംഗിക പങ്കാളിയെയാണ്. അതോടൊപ്പം അയാളുടെ സംരക്ഷണയില്‍ കഴിയണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. അങ്ങനെയാവുമ്പോള്‍ സ്വാഭാവികമായും അവള്‍ അയാളേക്കാള്‍ ദുര്‍ബലയായിരിക്കും. ഈ ദൗര്‍ബല്യം മാധ്യമമാക്കിയാണ് അവള്‍ അയാളുടെ മേല്‍ മേധാവിത്വം സ്ഥാപിക്കുന്നത്.

സ്ത്രീയുടെ ദൗര്‍ബല്യമാണ് അവളുടെ ആയുധം. അയാളുടെ സംരക്ഷണത്തിനു കീഴില്‍ കഴിയുന്നതിനാലാണ് അയാളെ സ്വാധീനിക്കാന്‍ അവള്‍ക്ക് കഴിയുന്നത് എന്നു മാത്രമല്ല, അയാള്‍ ശാരീരികമായി ശക്തനും ചിന്താപരമായി പ്രാപ്തനുമായിരിക്കേണ്ടത് അവളുടെ ആവശ്യവുമാണ്.

'പുരുഷന്‍ വിവാഹം ചെയ്യാന്‍ ഒന്നിലധികം കാരണങ്ങളുണ്ട്' എന്ന് ജര്‍മന്‍ എഴുത്തുകാരി Esther Vilar തന്റെ കൃതിയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ എഴുതുന്നു: 'തന്നേക്കാള്‍ ബുദ്ധിസാമര്‍ഥ്യമുള്ള പുരുഷനിലേക്ക് മാത്രമേ സ്ത്രീ ആകൃഷ്ടയാവുകയുള്ളൂ. പുരുഷനില്‍നിന്ന് കിട്ടുന്ന ലൈംഗികതയേക്കാള്‍ അവള്‍ അന്വേഷിക്കുന്നത് അയാളില്‍നിന്ന് തനിക്ക് എത്രത്തോളം സംരക്ഷണം ലഭിക്കും എന്ന കാര്യമാണ്. സ്ത്രീകളിലെ ലൈംഗിക ഭാവങ്ങളാല്‍ കീഴടക്കപ്പെടുന്ന പുരുഷന്മാര്‍ അവരുടെ പിന്നാലെ നടക്കുന്ന അവസ്ഥ സംജാതമാകുന്നു. മിക്ക അവസരങ്ങളിലും പുരുഷന്മാരേക്കാള്‍ ശാരീരികമായും ചിന്താപരമായും ദുര്‍ബലരായ സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗികമായി ആനന്ദിപ്പിക്കുന്നവര്‍ എന്ന നിലയില്‍ അതുവഴി പുരുഷന്മാരുടെ ശ്രദ്ധയും പരിഗണനയും പരിരക്ഷയും നേടിയെടുക്കുന്നു. സ്ത്രീ പുരുഷനേക്കാള്‍ ദുര്‍ബലയും ഭോഷയുമായാല്‍ ലൈംഗികാനന്ദത്തിന് സ്വാദ് കൂടും' - സ്ത്രീകളുടെ വിധേയത്വം എത്ര കൂടുന്നുവോ, അത്രക്ക് ലൈംഗികാനന്ദം കൂടും-

ചില സ്ത്രീകളെ ഉദ്ധരിച്ച് അവര്‍ എഴുതുന്നു: 'എന്നെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു പുരുഷനെയാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്നെ സംരക്ഷിക്കാന്‍ കഴിയണമെങ്കില്‍ അയാള്‍ക്ക് എന്നേക്കാള്‍ ഉയരവും ബലിഷ്ഠമായ ശരീരവും ബുദ്ധിസാമര്‍ഥ്യവും ആവശ്യമാണ് എന്ന് ഒരു വനിത അഭിപ്രായപ്പെട്ടപ്പോള്‍ മറ്റൊരു സ്ത്രീ പറഞ്ഞത്, തനിക്ക് തണല്‍കൊള്ളാന്‍ പറ്റിയ വിധമുള്ള ഉയരവും മുഖം കാണാന്‍ കണ്ണ് ഉയര്‍ത്തി നോക്കേണ്ടി വരുന്ന വിധമുള്ളയാളുമായിരിക്കണം' എന്നായിരുന്നു.

സ്ത്രീകള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതു പ്രകാരവും ശാസ്ത്രം മുന്‍നിര്‍ത്തിയും ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ദുര്‍ബലകളാണെന്നു കാണാം. ഈ ദുര്‍ബലാവസ്ഥയാണ് പുരുഷനെ കീഴ്‌പ്പെടുത്താന്‍ അവളെ സഹായിക്കുന്ന മൂലധനം. അതുവഴി അയാള്‍ അവളുടെ നല്ലൊരു പരിപാലകനായി മാറുന്നു. ഇതുതന്നെയാണ് നബി(സ) സൗമ്യമായി പ്രകാശിപ്പിച്ചതും. അതില്‍ കൂടുതലായോ കുറഞ്ഞോ നബി(സ) ഒന്നും പറഞ്ഞിട്ടില്ല.

സമൂഹ മധ്യത്തില്‍ ഇവരെപോലുള്ളവര്‍ സ്ത്രീകളെക്കുറിച്ച് നടത്തിയ ധാരാളം പഠനങ്ങള്‍ കാണാം: ഇസ് ലാം വിമര്‍ശകര്‍ അവ വായിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പറയുന്നത് ഇസ് ലാമാകുമ്പോള്‍ അവരുടെ വിമര്‍ശന ജിഹ്വകള്‍ക്ക് നീളം കൂടുന്നു.

4) സ്ത്രീകള്‍ക്ക് ബാധ്യതകള്‍ കുറവാണ് എന്നതിന്റെ വിവക്ഷ അവര്‍ക്ക് മതബോധം കുറവാണ് എന്നല്ല
നബി(സ) ദീന്‍ കുറഞ്ഞവര്‍ എന്ന് സ്ത്രീകളെ വിശേഷിപ്പിച്ചത് ഏതെങ്കിലും കാരണത്താല്‍ മതപരമായ ബാധ്യതകള്‍ കുറഞ്ഞവര്‍ എന്ന അര്‍ഥത്തിലാണ്. ഏതു കാരണത്താല്‍ ബാധ്യതകള്‍ കുറയുന്നതും മുകല്ലഫിന്റെ ഉത്തരവാദിത്വത്തില്‍ വരുന്നതല്ല.
കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരും ദീന്‍ കുറഞ്ഞവര്‍ എന്ന് വിശേഷിപ്പിക്കപ്പെടും. അതിനര്‍ഥം അവര്‍ മതപരമായി എന്തെങ്കിലും വീഴ്ച വരുത്തി എന്നല്ല. ചിലപ്പോള്‍ പ്രായപൂര്‍ത്തി ആയവരേക്കാള്‍ ഭംഗിയായി കുട്ടികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്തവര്‍ മതപരമായ ബാധ്യതകള്‍ നല്ല രീതിയില്‍ നിര്‍വഹിച്ചു എന്നുവരാം. അങ്ങനെയാണെങ്കിലും, നിയമപരമായി ബാധ്യസ്ഥര്‍ അല്ലാത്തതിനാല്‍ അവര്‍ മതം കുറഞ്ഞവര്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുക. 'മതം കുറഞ്ഞവര്‍' എന്നതിനെ ഒന്നാമത്തെ ഈ അര്‍ഥത്തിലാണ് നാം മനസ്സിലാക്കേണ്ടത്.

അല്ലാഹുവിന്റെ കല്‍പനകളെയും വിധികളെയും നിസ്സാരമായി കാണുന്ന മനുഷ്യരെയും മതംകുറഞ്ഞവര്‍ എന്നാണ് വിശേഷിപ്പിക്കുക. മതപരമായ ബാധ്യതകളെ സ്വന്തം നിലയിലും സ്വേഷ്ട പ്രകാരവും വീഴ്ചവരുത്തുന്നവര്‍ എന്നനിലയിലാണ് ഇത്തരക്കാരെ വിലയിരുത്തുക. ഇവര്‍ അതുവഴി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഇത് മതപരമായ ശോഷണമായാണ് പരിഗണിക്കുക. ഇതാണ് മതപരമായ കുറവ് എന്നതിന്റെ രണ്ടാമത്തെ വിവക്ഷ.

നബി(സ) 'മതം കുറഞ്ഞവര്‍' എന്ന് സ്ത്രീകളെ വിശേഷിപ്പിച്ചത് മതപരമായ ബാധ്യതകള്‍ കുറഞ്ഞവര്‍ എന്ന ഒന്നാമത്തെ അര്‍ഥത്തിലാണ്. അതായത്, അല്ലാഹു അവര്‍ക്ക് ചില മതപരമായ ബാധ്യതകളില്‍ ഇളവു നല്‍കിയിരിക്കുന്നു. ആര്‍ത്തവ വേളകളിലും പ്രസവാനന്തരവും നമസ്‌കാരിക്കേണ്ടതില്ല, ഖുര്‍ആന്‍ പാരായണം പാടില്ല മുതലായ നിര്‍ദേശങ്ങള്‍ ഉദാഹരണം. ആ കാലയളവില്‍ നഷ്ടപ്പെട്ടത് പിന്നീട് വീട്ടേണ്ടതില്ല. അതേസമയം അതുകാരണം അവളുടെ പ്രതിഫലം കുറയുന്നുമില്ല. കാരണം അവള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ കഴിയാതിരിക്കുന്നത് അവളുടെ കുറ്റം കൊണ്ടല്ല. അത് അല്ലാഹു അവള്‍ക്ക് നല്‍കിയ ഇളവിന്റെ ഭാഗമാണ്. ഈ അവസ്ഥയില്‍ അവര്‍ 'മതം കുറഞ്ഞവര്‍' അഥവാ 'മതപരമായ ബാധ്യകള്‍ കുറഞ്ഞവര്‍' എന്നറിയപ്പെടും. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാത്തവരെ മതം കുറഞ്ഞവര്‍ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലല്ലോ.

തെളിവുകള്‍
മതപരമായ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലൂടെ സ്ത്രീ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം തുല്യമായിരിക്കുമെന്ന് ഖുര്‍ആനില്‍ എത്രയോ ഇടങ്ങളില്‍ വ്യക്തമാക്കിയതാണ്. പ്രതിഫല കാര്യത്തില്‍ പുരുഷന്‍ സ്ത്രീയുടെയോ, സ്ത്രീ പുരുഷന്റെയോ മീതെ വരികയില്ല.
وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا
ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാവില്ല. (നിസാഅ് 124)

ഒരു സംശയം
അല്ലാഹു പ്രതിഫലത്തെ സല്‍ക്കര്‍മവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതേസമയം, ആര്‍ത്തവകാരികളായ സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ, സ്വര്‍ഗപ്രവേശനത്തിന്റെ ഉപാധിയായ സല്‍ക്കര്‍മം നിര്‍വഹിക്കാന്‍ അവസരമുണ്ടാവുന്നില്ല. ഇത് വിവേചനപരമല്ലെ? എന്ന സംശയം സ്വാഭാവികമാണ്.

മറുപടി: അല്ലാഹുവിന്റെ തൃപ്തിനേടാനായി അവന്റെ കല്‍പനകള്‍ക്ക് ഉത്തരം നല്‍കുന്നതിലൂടെയാണ് പ്രതിഫലം ലഭിക്കുക. ഉത്തരം നല്‍കല്‍ കര്‍മങ്ങള്‍ അനുഷ്ഠിച്ചു കൊണ്ടും ചില സന്ദര്‍ഭങ്ങളില്‍ നിഷേധാത്മകമവുമായിട്ടായിരിക്കും. ആര്‍ത്തവേതര വേളകളില്‍ നമസ്‌കരിച്ചുകൊണ്ടാണ് ഉത്തരം നല്‍കേണ്ടതെങ്കില്‍ ആര്‍ത്തവ വേളയില്‍ നമസ്‌കരിക്കാതെയാണ് ഉത്തരം നല്‍കേണ്ടത്. താഴെ നബിവചനം കാണുക:
إن الله يحب أن تؤتى رخصه كما يحب أن تؤتى عزائمه
'തീര്‍ച്ചയായും അല്ലാഹു തന്റെ ഇളവുകള്‍ സ്വീകരിക്കുന്നതിനെ ഇഷ്ടപ്പെടുന്നു; തന്റെ ദൃഢ തീരുമാനങ്ങളെ സ്വീകരിക്കുന്നത് ഇഷ്ടപ്പെടുന്നതുപോലെ'4
ആര്‍ത്തവവേളയില്‍ നമസ്‌കരിക്കരുതെന്ന നിര്‍ദേശം പാലിച്ച് നമസ്‌കരിക്കാതിരിക്കുന്ന സ്ത്രീകള്‍ക്ക് അതുവഴി പ്രതിഫലം ലഭിക്കുന്നുണ്ട്. അവര്‍ നമസ്‌കരിക്കാതിരിക്കുന്നത് മറ്റുള്ളവര്‍ നമസ്‌കരിക്കുന്നതുപോലെത്തന്നെ പുണ്യകരമാണ്. അല്ലാഹുവിന്റെ കല്‍പന പരിഗണിച്ചുകൊണ്ടാവുമ്പോള്‍ രണ്ടും ഒരേ സ്ഥാനത്തു വരുന്നു.

റമദാനില്‍ തറാവീഹ് നമസ്‌കാരം നഷ്ടപ്പെടുന്ന ആര്‍ത്തവകാരികള്‍ അതിന്റെ പേരില്‍ വല്ലാതെ പ്രയാസപ്പെടുന്നതു കാണാം. പക്ഷെ, അല്ലാഹുവിന്റെ കോപം ഭയക്കുന്നതിനാല്‍ മാത്രം പള്ളിയിലേക്ക് പോകാതിരിക്കുന്ന അവര്‍ക്ക് അതിന്റെ പേരില്‍ പ്രതിഫലം ലഭിക്കാതിരിക്കുമോ?
إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
'കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ അനുസരിച്ച് മാത്രമായിരിക്കും. ഓരോരുത്തര്‍ക്കും അയാള്‍ ഉദ്ദേശിച്ചതെന്തോ അതുണ്ടാവും'5
إِنَّ الله لا يَنْظُرُ إِلى أَجْسامِكْم، وَلا إِلى صُوَرِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وأعْمَالِكُمْ
'തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കും സമ്പത്തുക്കളിലേക്കും നോക്കുകയില്ല, പക്ഷെ, അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമായിരിക്കും.'6 ചുരുക്കത്തില്‍, സ്ത്രീകളില്‍ സഹജമായുള്ള ഒരു അവസ്ഥ വിശദീകരിക്കുകയായിരുന്നു നബി(സ). അതിന്റെ പേരില്‍ തുടര്‍ നടപടിയില്ല, അത് അപമാനിക്കലല്ല, കുറവിന്റെ ഉത്തരവാദിത്വം അവള്‍ ഏല്‍ക്കേണ്ടതില്ല.7

ഇസ് ലാം ബുദ്ധിയും മതവും കുറഞ്ഞ സ്ത്രീകളെ സമൂഹത്തിന്റെ നിര്‍മാണം ഏല്‍പിക്കുമോ?

ഏറ്റവും പ്രധാനപ്പെട്ട മനുഷ്യ -കുടുംബ- സമൂഹ നിര്‍മാണങ്ങളെ ഇസ് ലാം ബുദ്ധിയും മതവും കുറഞ്ഞ സ്ത്രീകളെ ഏല്‍പിച്ചു എന്ന് ഏത് ന്യായം വെച്ചാണ് ഒരു ബുദ്ധിമാന് മനസ്സിലാക്കാന്‍ കഴിയുക? പുരുഷന്മാരെ എന്ന പോലെ സ്ത്രീകളെയും സ്വതന്ത്രനാക്കിയ നബി(സ) ഉദ്ദേശിച്ചിട്ടില്ലാത്ത നിഷേധകാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വചനത്തെ നാം എങ്ങനെയാണ് വ്യാഖ്യാനിക്കുക? ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിന്റെ ജീവന്‍ നല്‍കിയത് അല്ലാഹുവാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْۖ
'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും അവന്റെ ദൂതനും ഉത്തരം നല്‍കുക, നിങ്ങളെ ജീവിപ്പിക്കുന്ന ഒന്നിലേക്ക് അവന്‍ നിങ്ങളെ വിളിച്ചാല്‍...' (അന്‍ഫാല്‍ 24) ദുര്‍വഹമായ എല്ലാ ഭാരങ്ങളെയും ഇറക്കിവെച്ചു കൊണ്ട് ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവര്‍ക്കും ജീവന്‍ നല്‍കി എന്നു സാരം. ഇസ് ലാമുമായി ബന്ധമില്ലാത്ത നാട്ടാചാരങ്ങളെയും പാരമ്പര്യങ്ങളെയും മുന്‍നിര്‍ത്തി നബിവചനത്തെ അന്യഥാ വ്യാഖ്യാനിക്കുന്നത് ഒട്ടും ന്യായീകരിക്കാവതല്ല.

ഇബ്‌നുല്‍ ഖയ്യിം മുഹമ്മദ് അബ്ദു, അബ്ദുല്‍ ഹലീം ശഖ്ഖ
മേല്‍ നബിവചനത്തെ പണ്ഡിതന്മാര്‍ പല കോണുകളിലൂടെ വിശദീകരിച്ചിട്ടുണ്ട്. ഇബ്‌നുല്‍ ഖയ്യിം പറയുന്നു:
'സത്യവാനും വിശ്വസ്തനും മതാനുസാരിയുമായ പുരുഷനെ പോലെത്തന്നെയാണ് സ്ത്രീയും.' മുഹമ്മദ് അബ്ദുവിന്റെ വീക്ഷണത്തില്‍ 'പുരുഷന്റെയും സ്ത്രീയുടെയും അവകാശങ്ങള്‍ പരസ്പരം പങ്കുവെക്കപ്പെടേണ്ടവയാണ്, അവര്‍ തുല്യരാണ്. സത്ത, വികാരവിചാരങ്ങള്‍, ബുദ്ധി മുതലായവയിലെല്ലാം അവര്‍ തുല്യരാണ്. രണ്ടു കൂട്ടര്‍ക്കും തങ്ങളുടെ താല്‍പര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. തങ്ങള്‍ക്ക് യോജിച്ചതും തങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതുമായ എല്ലാറ്റിനെപ്പറ്റിയും അവര്‍ക്കറിയാം. തങ്ങള്‍ക്ക് യോജിക്കാത്തതും തങ്ങള്‍ വെറുക്കുന്നതുമായ എല്ലാറ്റിനെപ്പറ്റിയും അവര്‍ക്ക് നല്ല ബോധ്യമുണ്ട്.'8
ഉസ്താദ് അബ്ദുല്‍ ഹലീം അബൂശഖ്ഖ ഈ ഹദീസിനെ മൂന്നു കോണുകളിലൂടെയാണ് നോക്കിക്കാണുന്നത്.
1. ഹദീസിന്റെ സന്ദര്‍ഭം, അഭിസംബോധിതര്‍, സംബോധനയുടെ രീതിയും ശൈലിയും എന്നിവ പഠനവിധേയമാക്കണം. ഒരു പെരുന്നാള്‍ ദിനത്തില്‍ നബി(സ) സ്ത്രീകളെ ഉപദേശിക്കുന്നതാണ് രംഗം. അത്തരം ഒരു ശുഭവേളയില്‍ നബി(സ) അവരെ അവമതിച്ചും അവരുടെ വ്യക്തിത്വത്തെ ഇടിച്ചു താഴ്ത്തിയും സംസാരിച്ചു എന്ന് നമുക്കെങ്ങനെ കരുതാനാവും.
മദീനയിലെ ഒരു പറ്റം സ്ത്രീകളോടാണ് നബി(സ)യുടെ സംസാരം. അവരില്‍ മിക്കവരും അന്‍സ്വാരി വനിതകളാണ്. അവരെക്കുറിച്ച് ഉമര്‍(റ) പറഞ്ഞത് ഇങ്ങനെ വായിക്കാം:
فلما قدمنا على الأنصار إذا قوم تغلبهم نساؤهم فطفق نساؤنا يأخذن من أدب نساء الأنصار
'ഞങ്ങള്‍ -മക്കക്കാര്‍- മദീനയിലെ അന്‍സ്വാറുക്കളുടെ അടുത്ത് ചെന്നപ്പോള്‍ അവരുടെ സ്ത്രീകള്‍ അവരെ തോല്‍പിക്കുന്നതായാണ് കാണാനിടയായത്. അത്കണ്ട് ഞങ്ങളുടെ സ്ത്രീകളും അവരുടെ രീതികള്‍ സ്വീകരിച്ചുതുടങ്ങി.'9 'ദൃഢചിത്തനായ പുരുഷന്റെ ബുദ്ധിയെ പോക്കാന്‍ നിങ്ങളെക്കാള്‍ കഴിയുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല.' എന്ന നബി (സ)യുടെ പ്രസ്താവനയുടെ ഉമറിന്റെ പ്രതികരണവുമായി ചേര്‍ത്തു വായിച്ചാല്‍ മതി. രണ്ടുപേരും പറഞ്ഞത് ഒന്നുതന്നെ.
നബിവചനത്തിലെ വാചകധ്വനി ഒരുപൊതുനിയമം അഥവാ പൊതുതത്വം എന്ന നിലയിലല്ല. ദൗര്‍ബല്യമുള്ള സ്ത്രീകള്‍ മനക്കരുത്തുള്ള പുരുഷന്മാരെ ജയിക്കുക എന്ന പ്രതിഭാസം കണ്ടുള്ള അത്ഭുത പ്രകടനമാണ് യഥാര്‍ഥത്തില്‍ നബി(സ) നടത്തിയത്. സത്യമായും സ്ത്രീ-പുരുഷ സൃഷ്ടിപ്പിലെ അല്ലാഹുവിന്റെ യുക്തി മുന്‍നിര്‍ത്തിയുള്ള അദ്ഭുതം! ദുര്‍ബല എന്ന് മനസ്സിലാക്കപ്പെടുന്നവള്‍ ശക്തയും, ശക്തന്‍ എന്ന് മനസ്സിലാക്കപ്പെടുന്നയാള്‍ അശക്തനുമാകുന്ന വൈപരീത്യം! ഉപദേശം നല്‍കുന്നതിനിടെ നര്‍മം കലര്‍ത്തിയുള്ള ഒരു ഭാഷണം! നിങ്ങള്‍ ദുര്‍ബലകളെങ്കിലും ദൃഢചിത്തനായ പുരുഷന്റെ ബുദ്ധിയെ തോല്‍പ്പിക്കാനുള്ള ബുദ്ധി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് നല്ലകാര്യങ്ങള്‍ക്ക് മാത്രമായി വിനിയോഗിക്കുക' എന്നതായിരുന്നു ആ സാരോപദേശത്തിന്റെ കേന്ദ്രാശയം.
'ബുദ്ധിയും ദീനും കുറഞ്ഞവള്‍' എന്ന പ്രയോഗം സ്ത്രീകളുടെയോ പുരുഷന്മാരുടെയോ മുന്നില്‍ സ്ഥിരീകരണ സ്വരത്തില്‍ നബി(സ) പ്രയോഗിച്ചിട്ടില്ല. സഹൃദയ സ്വഭാവത്തില്‍ സ്ത്രീകളുടെ ശ്രദ്ധ ക്ഷണിക്കുക എന്നതില്‍ ഊന്നുന്ന രീതിയിലായിരുന്നു.

2. 'ബുദ്ധികുറഞ്ഞവര്‍' എന്ന പ്രയോഗം
ബുദ്ധിയുടെ കുറവ് എന്നതിന്റെ വിവക്ഷ പലതാവാം.
(എ) പ്രകൃതിപരമായി പൊതുവെ കാണുന്ന കുറവ്. അതായത് മിതബുദ്ധി.
(ബി) ചില ധൈഷണിക മേഖലകളില്‍ പ്രകൃതിപരമായി കാണുന്ന കുറവ്.
ഉദാ: ഗണിതം, ഭാവന, ഗ്രഹണം.
(സി) ആര്‍ത്തവം, പ്രസവം, ഗര്‍ഭം പോലുള്ള സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലികമായി ഇടക്കുണ്ടാവുന്ന കുറവ്.
(ഡി) ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന കുറവ്. വീട്ടില്‍നിന്ന് പുറത്തിറങ്ങാതെയും പുറംലോകവുമായി യാതൊരു ബന്ധമില്ലാതെയും ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍, പരിപാലനം മുതലായവയില്‍ വ്യാപൃതകളായി കഴിയേണ്ടി വരുന്നതു മൂലം ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ദീര്‍ഘകാലം സംഭവിക്കുന്ന ചിലതരം ന്യൂനതകള്‍.
ബുദ്ധികുറവു സംബന്ധിച്ച് നബി(സ)യുടെ പ്രസ്താവന സഹജമായോ താല്‍ക്കാലികമായോ സ്ത്രീകള്‍ക്കുണ്ടാവുന്ന കുറവിനെയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാനാണ് ന്യായം. ആ നിലയില്‍ പരിഗണിക്കുമ്പോള്‍ അത് അവരുടെ അടിസ്ഥാന ബാധ്യതകള്‍ നിര്‍വഹിക്കുന്നതിന് അവര്‍ക്ക് തടസ്സമല്ല. കുട്ടികളുടെ സംരക്ഷണം പോലുള്ള അവര്‍ നിര്‍വഹിക്കുന്നതിന് മിക്കവാറും ഭര്‍ത്താവിന്റെ സഹായമില്ലാതെ സ്വന്തം നിലയിലാണ്. ഇത്തരം ഒരു ബാധ്യത അല്ലാഹു ബുദ്ധിയില്ലാത്ത സ്ത്രീകളെ ഏല്‍പിക്കുമോ?

ഇവിടെ മൂന്നു കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
1- സവിശേഷമായ ഏതെങ്കിലും സിദ്ധികളിലൊന്നില്‍ കുറവുണ്ടെങ്കില്‍ സമാനമായ മറ്റേതെങ്കിലും ഒന്നോ അതിലധികമോ സിദ്ധികളില്‍ ശേഷി കൂടുതലായുണ്ടായെന്നു വരാം.
2- സ്ത്രീകളില്‍ പൊതുവെ കാണുന്ന കുറവാണ് ഹദീസിലെ പ്രതിപാദ്യം. ചില സ്ത്രീകള്‍ക്ക് മറ്റു സ്ത്രീകളെ അപേക്ഷിച്ച് അസാധാരണമായ ശേഷികളുണ്ടാവാം. ചിലര്‍ പുരുഷന്മാരേക്കാള്‍ മികച്ചവരുമായേക്കാം. ഇബ്‌നു തൈമിയ്യ പറഞ്ഞത് ശ്രദ്ധേയമാണ്.
فضل الجنس لا يستلزم فضل الشخص كما قدمناه ، فرب حبشي أفضل عند الله من جمهور قريش .... فهذا الأصل يوجب أن يكون جنس الحاضرة افضل من جنس البادية وان كان بعض اعيان البادية أفضل من اكثر الحاضرة
'ഒരു വര്‍ഗത്തിന് ശ്രേഷ്ഠതയുണ്ട് എന്നത് കൊണ്ട് ആ വര്‍ഗത്തിലെ ഒരു വ്യക്തിക്ക് ശ്രേഷ്ഠത ഉണ്ട് എന്നര്‍ഥമില്ല. അല്ലാഹുവിങ്കല്‍ എത്രയോ എത്യോപ്യന്‍ വംശജര്‍ ഖുറൈശ് വംശജരേക്കാള്‍ ഉത്തമരാണ്. ഒരു വര്‍ഗം എന്ന നിലയില്‍ നഗരവാസികള്‍ മരുഭൂവാസികളേക്കാള്‍ ശ്രേഷ്ഠരാണ്. അതേസമയം ചില മരുഭൂവാസികള്‍ കൂടുതല്‍ നഗരവാസികളേക്കാളും ഉത്തമരാണ്.'
3- ചില അവയവങ്ങളുടെ ജോലിയുടെ ഫലമായി അല്ലാഹു സ്ത്രീകള്‍ക്ക് സഹജമായോ താല്‍ക്കാലികമായോ നല്‍കിയ കുറവ് ജീവിതത്തില്‍ അവര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ സഹായിക്കുന്നതിനു വേണ്ടിയാണ്.
4- 'ദീന്‍ കുറഞ്ഞവള്‍' എന്നതിന്റെ വിവക്ഷ
സ്ത്രീകളുടെ ദീനിന്റെ കുറവായി നബി(സ) വിശദീകരിച്ചത് ആര്‍ത്തവ- പ്രസവവേളയിലെ നമസ്‌കാരത്തിന്റെയും നോമ്പിന്റെയും കുറവാണ്. അതാകട്ടെ, ആരാധനാ രംഗത്തെ ചെറിയൊരു കുറവുമാത്രമാണ്. ആര്‍ത്തവകാരികള്‍ക്കും പ്രസവാനന്തര രക്തസ്രാവമുള്ളവര്‍ക്കും കഅ്ബയില്‍ ത്വവാഫ് ഒഴികെയുള്ളവ നിര്‍വഹിക്കാവുന്നതാണ്. ദിക്‌റുകള്‍ ചൊല്ലാവുന്നതാണ്. ദീന്‍ എന്നാല്‍ അടിസ്ഥാനപരമായി ഈമാനും ഈമാനിന്റെ പിന്തുടര്‍ന്നുകൊണ്ടുള്ള തഖ് വയും അനുബന്ധ ഇബാദത്തുകളും സ്വഭാവ സംസ്‌കാരങ്ങളും ഇടപാടുകളും വ്യവഹാരങ്ങളും എല്ലാം ചേര്‍ന്നതാണ്. ഇവയൊന്നും ആര്‍ത്തവാദി വേളകളില്‍ നിര്‍ത്തിവെക്കപ്പെടുന്നില്ല. ആര്‍ത്തവം- പ്രസവം മുതലായവ ജീവിതത്തിന്റെ ചെറിയ ഒരു ഘട്ടത്തില്‍ മാത്രം സംഭവിക്കുന്നവയുമാണ്. ഗര്‍ഭധാരണത്തോടെ ഒമ്പതുമാസം തുടര്‍ച്ചയായി ആര്‍ത്തവം നിലക്കുന്നു. ആര്‍ത്തവ വിരാമ പ്രായമാകുന്നതോടെ തീരെ നിലക്കുന്നു. തന്നെയുമല്ല ആര്‍ത്തവം സ്ത്രീകള്‍ സ്വയം തെരഞ്ഞെടുക്കുന്നതുമല്ല. അതിനു പുറമെ സത്യവിശ്വാസിനിയായ ഏതൊരു സ്ത്രീയും ആ വേളകളില്‍ ആരാധനകള്‍ വിലക്കപ്പെട്ടതില്‍ മാനസികമായി ദുഃഖിക്കുന്നവളുമാണ്. പക്ഷെ, അല്ലാഹുവിന്റെ വിധിക്ക് വിധേയമായി അവള്‍ അത് ക്ഷമിക്കുന്നു. ആ ക്ഷമയും അവര്‍ക്ക് പ്രതിഫലാര്‍മായി മാറുന്നു-
ആയതിനാല്‍ ദീനിന്റെ കുറവ് എന്നതിന്റെ വിവക്ഷ നബി(സ) വിശദീകരിച്ചിരിക്കെ അതിനപ്പുറം കടന്നുപോയാല്‍ നാം ഊഹാപോഹങ്ങളില്‍ ചെന്നു ചാടുകയായിരിക്കും ഫലം.

ഇമാം ശഅ്‌റാവിയുടെ നിരീക്ഷണം
നമ്മുടെ മാനസിക പ്രേരണകളെ വഴിതെറ്റാതെ നിയന്ത്രിക്കുന്നത് നമ്മുടെ ബുദ്ധിയാണ്. ആവശ്യമായത് മാത്രം ചെയ്യുക എന്നാണ് ബുദ്ധി നമ്മെ ഉപദേശിക്കുന്നത്. തന്റെ മുമ്പില്‍ വരുന്ന വിവിധ അഭിപ്രായങ്ങളില്‍ ഏറ്റവും ഉത്തമമായത് എടുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ബുദ്ധിയുടെ ധര്‍മം. വികാരാധീനരായി നിലപാടെടുക്കരുതെന്ന് അത് വിലക്കുന്നു. സ്ത്രീകള്‍ വികാര പ്രധാനരാണ്, വിചാര പ്രധാനരല്ല. ഗര്‍ധാരണം, ശിശുപരിപാലനം മുതലായ വികാര പ്രധാനമായ മേഖലകളാണ്. തങ്ങളുടെ ആവശ്യം പ്രകാശിപ്പിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ ചുറ്റിപ്പറ്റിയാണ് സ്ത്രീകളുടെ ജീവിതം. അതിനാല്‍ തന്നെ അവിടെ ബുദ്ധിയേക്കാളും അഭിപ്രായ സുബദ്ധതയേക്കാളും വൈകാരിക ഭാവത്തിനാണ് പ്രാധാന്യം.
സഹജമായ വൈകാരികാംശത്തിന് ഊന്നല്‍ നല്‍കേണ്ടവളായതിനാല്‍ പുരുഷനെ അപേക്ഷിച്ച് അവളിലെ വൈകാരിക ഭാവം തീക്ഷ്ണവും ശക്തവുമാണ്. ഈ അര്‍ഥത്തിലാണ് അവര്‍ ബുദ്ധി കുറഞ്ഞവരാണെന്ന് പറഞ്ഞത്.
പിതാക്കള്‍ ശിക്ഷണത്തിന്റെ ഭാഗമായി മക്കളെ ശാസിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുമ്പോള്‍ മാതാക്കള്‍ വികാരാധീനരായി പാഞ്ഞടുത്ത് തടയാന്‍ നോക്കുന്നത് അതിന്റെ ഭാഗമായാണ്. ചുരുക്കത്തില്‍, മനുഷ്യര്‍ക്ക് മാതാക്കളുടെ വൈകാരികാശ്വാസവും പിതാക്കളുടെ ബൗദ്ധിക പരിചരണവും ഒരുപോലെ വേണം. മക്കളെ ചൊല്ലി മാതാക്കള്‍ സഹിക്കുന്ന പ്രയാസങ്ങള്‍ പിതാക്കള്‍ക്ക് താങ്ങാനാവില്ല. ഇതെല്ലാം നിത്യജീവിതത്തില്‍ നാം കാണുന്ന യാഥാര്‍ഥ്യങ്ങളാണ്.
മതപരമായ വിഷയങ്ങളില്‍ പുരുഷന്മാര്‍ക്ക് ലഭിക്കാത്ത ഇളവുകള്‍ ലഭിക്കുന്നവര്‍ എന്ന അര്‍ഥത്തിലാണ് 'ദീന്‍ കുറഞ്ഞവര്‍' എന്നതിന്റെ വിവക്ഷ. പല സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ക്ക് ഇളവുകള്‍ ലഭിക്കുന്നുണ്ടല്ലോ.
'പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതില്‍നിന്നുള്ള ഒരു വിഹിതമുണ്ട്, സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതില്‍നിന്നുള്ള ഒരു വിഹിതവും'
നബി(സ) ഇത്തരം ഒരു പരാമര്‍ശം നടത്തിയപ്പോള്‍ ഒരു സ്ത്രീ പോലും എതിരഭിപ്രായം പ്രകടിപ്പിച്ചില്ല എന്നുമാത്രമല്ല, അവിടുന്ന് പറഞ്ഞത് ശരിയാണെന്നു സമ്മതിച്ചുകൊണ്ട് 'ബലാ' (ശരിയാണ്) എന്നു പ്രതികരിക്കുകയുമുണ്ടായി. തങ്ങളുടെ പ്രകൃതിയെക്കുറിച്ച് മറ്റാരേക്കാളും അറിയുന്നവര്‍ എന്ന നിലയില്‍ അത് അവരില്‍നിന്നുള്ള സ്വാഭാവിക പ്രതികരണമായിരുന്നു. സാക്ഷികളായി രണ്ട് സ്ത്രീകള്‍ വേണം എന്നതിനു കാരണമായി ഖുര്‍ആന്‍ പറയുന്നത്, 'ഒരു സ്ത്രീക്ക് തെറ്റിയാല്‍ മറ്റൊരു സ്ത്രീ ഓര്‍മിപ്പിക്കാന്‍' എന്നാണല്ലോ. ഈ ആപേക്ഷികമായ ഓര്‍മക്കുറവ് ബുദ്ധിയുമായി ബന്ധപ്പെട്ടതാണല്ലോ.

ഇമാം നവവി
'നബി (സ) സ്ത്രീകളെ മതം കുറഞ്ഞവര്‍ എന്ന് വിശേഷിപ്പിച്ചത് ആര്‍ത്തവവേളയില്‍ അവര്‍ നമസ്‌കാരവും നോമ്പും ഉപേക്ഷിക്കുന്നതിനാലാണ് ഇതിന്റെ ആശയത്തില്‍ ചില പ്രശ്‌നങ്ങളുള്ളതായി തോന്നാം. എന്നാല്‍ അതില്‍ പ്രശ്‌നമില്ല. ആശയം വളരെ വ്യക്തമാണ്. പല സ്ഥലങ്ങളിലും നാം വിശദീകരിച്ചതുപോലെ ദീന്‍, ഈമാന്‍, ഇസ് ലാം എന്നിവ ഒരെ അര്‍ഥമുള്ള വാദങ്ങളാണ്. അല്ലാഹുവിനുള്ള അനുസരണങ്ങള്‍ക്ക് ഈമാന്‍, ദീന്‍ എന്നു പറയും. ഇബാദത്തുകള്‍ വര്‍ധിക്കുന്നവര്‍ക്ക് ഈമാനും ദീനും വര്‍ധിക്കും. ഇബാദത്തുകള്‍ കുറയുന്നവര്‍ക്ക് ദീന്‍ കുറയും. നിര്‍ബന്ധാനുഷ്ഠാനങ്ങള്‍ ഒഴികഴിവില്ലാതെ നിര്‍വഹിക്കാതിരിക്കുന്നത് കുറ്റകരമാണ്; നമസ്‌കാരവും നോമ്പും ഒഴിവാക്കുന്നതുപോലെ. തങ്ങള്‍ക്ക് നിര്‍ബന്ധമില്ലാത്ത കാര്യം, ഒഴികഴിവില്ലാതെ ഉപേക്ഷിക്കുന്നതിന്റെ പേരിലും ദീന്‍ കുറയാം. ജുമുഅ, യുദ്ധം പോലുള്ള ഒഴിവാക്കുന്നത് ഉദാഹരണം. ആര്‍ത്തവകാരികള്‍ നോമ്പും നമസ്‌കാരവും അല്ലാഹുവിന്റെ വിലക്കിനാല്‍ ഉപേക്ഷിക്കുന്നത് മൂന്നാമതൊരു തരമാണ്. 

(തീര്‍ന്നില്ല)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top