കോവിഡ് ഒരു കേവല പ്രകൃതി വിപത്തല്ല

‌‌

കോവിഡ് 19 എന്ന മഹാമാരി അതിന്റെ സംഹാരതാണ്ഡവം തുടരുകയാണ്. ലോകത്തിലെ വന്‍ ശക്തികള്‍ എന്ന് അഹങ്കരിച്ചിരുന്ന രാഷ്ട്രങ്ങളെല്ലാം അതിന്റെ തേരോട്ടത്തിന് മുന്നില്‍ ഭയചകിതരായി, നിസ്സഹായരായി നില്‍ക്കുന്നു. അമേരിക്ക, റഷ്യ, സ്‌പെയിന്‍, യു.കെ, ഇറ്റലി, ജപ്പാന്‍, ജര്‍മനി, ഇറാന്‍, ഫ്രാന്‍സ്, ഇന്ത്യ എല്ലാം കോവിഡിന്റെ ആക്രമണത്തില്‍ ഞെരുങ്ങുന്നു. 5,15,413 പേരാണ് ഇതെഴുതുമ്പോള്‍ (02-07-2020) മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 10,644,353 ഉം. ഇന്ത്യയില്‍ മരണസംഖ്യ 17,839 ആയി. രോഗബാധിതര്‍ 5,97,110 ഉം. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതും മില്യനുകള്‍ ചേര്‍ന്നാല്‍ ഒരു ഗ്രാം തൂക്കം പോലും വരാത്തതുമായ അതിസൂക്ഷ്മമായ വൈറസാണ് ഈ പരാക്രമങ്ങളെല്ലാം നടത്തുന്നത്.

ലോകത്തുള്ള ബുദ്ധിജീവികളും മഹാമനീഷികളും ഈ മഹാവിപത്തിന്റെ കുരുക്കഴിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ചിന്തകളെല്ലാം കേവലം ഭൗതികമായ മണ്ഡലത്തിലാണ് ചുറ്റിക്കറങ്ങുന്നത്. ഏതാണ് ഇതിന്റെ പ്രഭവകേന്ദ്രം? ആരാണിത് ഉല്‍പാദിപ്പിച്ചത്? എന്താണവരുടെ ലക്ഷ്യം? എങ്ങനെയാണിതിനെ പ്രതിരോധിക്കുക? എന്താണ് മരുന്ന്? ഇത്യാദി വിഷയങ്ങളില്‍ അവരുടെ ചിന്ത കുരുങ്ങിക്കിടക്കുന്നു. തീര്‍ച്ചയായും സുപ്രധാനമായ വിഷയങ്ങള്‍ തന്നെയാണവര്‍ പഠനവിധേയമാക്കിയിരിക്കുന്നത്. എന്നാല്‍ പ്രശ്‌നത്തിന്റെ അതിപ്രധാനമായ മറ്റൊരു വശം അവര്‍ കാണാതെ പോകുന്നു. അതത്രെ കോവിഡ് എന്ന മഹാമാരിയുടെ ധാര്‍മികവും നൈതികവുമായ വശം. വിശുദ്ധ ഖുര്‍ആന്റെ വെളിച്ചത്തില്‍ ഈ മഹാരോഗത്തെ നാം അപഗ്രഥിക്കുമ്പോള്‍ മഹത്തായ പല ഗുണപാഠങ്ങളും നമുക്ക് ലഭിക്കുന്നു.

'നിങ്ങള്‍ക്ക് എന്ത് മഹാവിപത്ത് സംഭവിക്കുന്നതും നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്' (അശ്ശൂറാ: 30) എന്നത്രെ ഖുര്‍ആന്റെ പ്രഖ്യാപനം. ലോകചരിത്രത്തെ അതിന് തെളിവായി ഖുര്‍ആന്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യസമൂഹങ്ങളിലേക്കും ദൈവദൂതന്മാര്‍ വരികയും ദൈവിക മാര്‍ഗദര്‍ശനം അവരുടെ മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം പ്രമാണിവര്‍ഗവും അധികാരികളും അവര്‍ക്കെതിരെ തിരിയുകയും അവരുടെ അനുയായികളെ മൃഗീയമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. നൂഹ് നബിയുടെ ജനത, ആദ് സമുദായം, ഇറം ഗോത്രം, സമൂദ് ഗോത്രം, മദ് യന്‍ നിവാസികള്‍, ലൂത്വിന്റെ ജനത, റസ്സ് വാസികള്‍1 (أصحاب الرّس), ഫറോവയും പ്രഭൃതികളും, ഐക്കാ നിവാസികള്‍ (أصحاب الايكة) ,2 തുബ്ബഇന്റെ ജനത3(قوم تبّع)  എന്നിവരുടെയെല്ലാം ചരിത്രങ്ങള്‍ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ''ഇവര്‍(മക്കാമുശ്‌രിക്കുകള്‍)ക്കു മുമ്പ് നൂഹിന്റെ ജനതയും 'റസ്സു'വാസികളും സമൂദ് ഗോത്രവും സത്യത്തെ നിഷേധിച്ചു. ആദ് സമുദായവും ഫിര്‍ഔനും ലൂത്വിന്റെ സഹോദരങ്ങളും 'ഐക്ക' നിവാസികളും 'തുബ്ബഇ'ന്റെ ജനതയുമെല്ലാം ദൈവദൂതരെ തള്ളിപ്പറഞ്ഞു'' (ഖാഫ്: 12,13,14). ''ആദ് ജനതയെ നിന്റെ നാഥന്‍ എന്ത് ചെയ്തുവെന്ന് നീ കണ്ടില്ലേ. ഉന്നത സ്തൂപങ്ങളുടെ ഉടമകളായ 'ഇറം' ഗോത്രത്തെയും. അവരെപ്പോലെ ശക്തരായ ജനം മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. താഴ്‌വരകളില്‍ പാറ വെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ സമൂദ് ഗോത്രത്തെയും മര്‍ദനോപകരണങ്ങളുടെ ഉടമ ഫറോവയെയും. അവരെല്ലാം രാജ്യങ്ങളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു. അവരവിടെ കുഴപ്പങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചു. അപ്പോള്‍ നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിപ്പിച്ചു. നിശ്ചയം, നിന്റെ നാഥന്‍ പതിസ്ഥലത്തുണ്ട്'' (അല്‍ഫജ്ര്‍: 13).

അക്രമികളായ ഈ ജനസഞ്ചയങ്ങളുടെ പ്രവര്‍ത്തനങ്ങളെ 'ഫസാദ്' (കുചേഷ്ഠിതം) എന്നായിരുന്നു ഖുര്‍ആന്‍ വിളിച്ചത്. ദൈവദൂതന്മാരെ കളവാക്കുക, ദൈവിക സന്ദേശങ്ങള്‍ പരിഹസിച്ചു തള്ളുക, ധിക്കാരികളും സ്വേഛാധിപരുമായ നേതാക്കളെ അനുഗമിക്കുക, മരണാനന്തര ജീവിതത്തെ നിഷേധിക്കുക, പൊങ്ങച്ചം കാണിക്കുന്നതിനായി കുന്നിന്‍മുകളില്‍ രമ്യഹര്‍മ്യങ്ങളും പടുകൂറ്റന്‍ കൊട്ടാരങ്ങളും പണിയുക, ഞങ്ങളെ വെല്ലാന്‍ ആരുണ്ടെന്ന് അഹങ്കരിച്ച് അക്രമമര്‍ദനങ്ങള്‍ അഴിച്ചുവിടുക, അളവിലും തൂക്കത്തിലും കൃത്രിമത്വം കാണിക്കുക, കൊള്ളയും കൊലയും നടത്തി നാശകാരികളായി വിഹരിക്കുക, സ്വവര്‍ഗരതി ജീവിതശൈലിയാക്കുക, സമൂഹത്തിലെ താഴെ തട്ടിലുള്ള ദുര്‍ബല വിഭാഗങ്ങളെ കൊന്നൊടുക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്യുക- ഇതെല്ലാമായിരുന്നു അവരില്‍ സാര്‍വത്രികമായി നടമാടിയിരുന്ന ധാര്‍മിക ദൂഷ്യങ്ങള്‍.
പ്രസ്തുത ദുര്‍പ്രവൃത്തികളെല്ലാം വര്‍ജിച്ചുകൊണ്ട് ജീവിതത്തെ ശുദ്ധീകരിക്കാനും ദൈവിക ദര്‍ശനങ്ങളെ പിന്‍പറ്റാനും ചെറിയ തോതിലുള്ള ശിക്ഷാമുറകള്‍ ദൈവം അവര്‍ക്ക് നല്‍കുകയുണ്ടായി. പക്ഷേ അതെല്ലാം നിഷ്ഫലമാവുകയും അവരുടെ ദുര്‍വൃത്തികളില്‍ കൂടുതല്‍ ശാഠ്യബുദ്ധിയോടെ ഉറച്ചു നില്‍ക്കുകയുമാണവര്‍ ചെയ്തത്. ഉദാഹരണമായി മൂസായുടെ ജനതയെ എടുക്കാം. അല്ലാഹു പറയുന്നു: ''അപ്പോള്‍ നാം അവരുടെ നേരെ പ്രളയം, വെട്ടുകിളി, കൃമികീടങ്ങള്‍, തവളകള്‍, രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായ ജനതയായിരുന്നു'' (അല്‍അഅ്‌റാഫ്: 133). ''നിങ്ങളെ നാം പരീക്ഷിക്കും. ഭീതി പരത്തിക്കൊണ്ടും പട്ടിണിക്കിട്ടുകൊണ്ടും സാമ്പത്തിക നഷ്ടവും ജീവനാശവും അനുഭവിപ്പിച്ചുകൊണ്ടും.''

എന്നാല്‍ ഇതെല്ലാം അവരില്‍ ഒരു വീണ്ടുവിചാരവും പുനരാലോചനയും ഉണ്ടാകുന്നതിനു വേണ്ടിയായിരുന്നു. ''കടുത്ത ശിക്ഷ വരുന്നതിനു മുമ്പ് ചെറിയ ശിക്ഷ നാമവരെ ആസ്വദിപ്പിക്കും. അവര്‍ മടങ്ങിവരുന്നതിനു വേണ്ടി'' (സജദഃ: 21). പക്ഷേ, എന്ത് ദൃഷ്ടാന്തങ്ങളുണ്ടായാലും അവരില്‍ ഒരു പരിവര്‍ത്തനവും കാണപ്പെടില്ല. അപ്പോഴാണ് അവരെ ഒന്നടങ്കം തുടച്ചുനീക്കുന്ന രീതിയിലുള്ള കടുത്ത ശിക്ഷകളിറക്കുന്നത്. ''അങ്ങനെ കോരിച്ചൊരിയുന്ന പേമാരിയാല്‍ നാം വാനകവാടങ്ങള്‍ തുറന്നിട്ടു. ഭൂമിയെ പിളര്‍ത്തി അരുവികള്‍ പൊട്ടിയൊഴുക്കി'' (അല്‍ ഖമര്‍:11-13). ആദ് സമൂഹത്തെ കുറിച്ച് പറഞ്ഞു: ''അവരുടെ നേരെ ചീറ്റിയടിക്കുന്ന കാറ്റിനെ നാം അയച്ചു. അത് ആ ജനതയെ പിഴുതെറിഞ്ഞുകൊണ്ടിരുന്നു. അവര്‍ കടപുഴകി വീണ ഈത്തപ്പനത്തടി പോലെയായി'' (അല്‍ ഖമര്‍: 19-21).

''ആദ് ഗോത്രം ചീറ്റിയടിക്കുന്ന കൊടുങ്കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു. ഏഴു രാവും പകലും ഇടതടവില്ലാതെ അല്ലാഹു അവര്‍ക്ക് നേരെ തിരിച്ചുവിട്ടു. അവര്‍ തകര്‍ന്നടിഞ്ഞ ഈത്തപ്പനത്തടികള്‍ പോലെയായി. ആ കാറ്റിലവര്‍ ജീവനറ്റു കിടക്കുന്നത് നിനക്ക് കാണാം. അവരുടെ വല്ലതും അവശേഷിക്കുന്നതായി നിനക്ക് കാണാമോ?'' (അല്‍ഹാഖ്ഖഃ: 6-8). സ്വാലിഹ് നബിയുടെ ജനത പ്രകമ്പനത്തെതുടര്‍ന്ന് നിലം പരിശാക്കപ്പെട്ടു (അല്‍ അഅ്‌റാഫ് 79). ഫറോവയെയും ജനതയെയും ചെങ്കടല്‍ പിളര്‍ത്തി നിശ്ശേഷം മുക്കിക്കൊന്നതും (അശ്ശുഅറാഅ്: 63-67) ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊന്നും പില്‍ക്കാല സമൂഹങ്ങള്‍ ഒരു പാഠവുമുള്‍ക്കൊണ്ടില്ല.

ഇന്ന് മനുഷ്യരാശി അത്യന്തം ഹീനമായ ഒരു പതനത്തില്‍ എത്തിയിരിക്കുന്നു. മുന്‍കാലങ്ങളുടെ മുഖമുദ്ര ഒന്നോ രണ്ടോ തിന്മകളായിരുന്നുവെങ്കില്‍ ഇന്ന് എല്ലാ തിന്മകളും ഒന്നടങ്കം കൊടികുത്തി വാഴുന്ന സാഹചര്യമാണുള്ളത്. ജനലക്ഷങ്ങളെ കൊന്നൊടുക്കുന്നതില്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാത്ത ഭരണകൂടങ്ങള്‍. പേപ്പട്ടിയെ തച്ചുകൊല്ലുന്നതു പോലെ സ്വന്തം സഹോദരങ്ങളെ വളഞ്ഞിട്ടുകൊല്ലുന്ന മനുഷ്യാധമന്മാര്‍. ഭക്ഷ്യവസ്തുക്കളില്‍ വിഷം കലര്‍ത്തുന്ന വ്യാപാരിവര്‍ഗം.

സ്ത്രീകളോടും കുട്ടികളോടും മൃഗതുല്യമായി പെരുമാറുന്ന നീചന്മാര്‍. അങ്ങനെ എല്ലാ നിലക്കും ദൈവിക ശിക്ഷയെ ക്ഷണിച്ചുവരുത്തുന്ന ലോക സാഹചര്യമാണുള്ളത്.
കോവിഡ് 19-ന്റെ ആക്രമണം ഈ സന്ദര്‍ഭത്തിലാണ് സംഭവിക്കുന്നത്. ആബാലവൃദ്ധം ജനങ്ങള്‍ ഈ മഹാമാരി ഭയന്ന് ഗൃഹാന്തരങ്ങളില്‍ അഭയം തേടിയിരിക്കുന്നു. എങ്കിലും ദിനംതോറും ആയിരങ്ങളെയാണിത് പിടികൂടിക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിക്ക് ദൈവം നല്‍കിയ മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നവരെ ദൈവത്തിന്റെ പോരാളികള്‍ എന്ന നിലക്ക് പ്രതികാരവാഞ്ഛയോടെയാണ് കോവിഡ് പിടികൂടുന്നത്. ''നിന്റെ നാഥന്റെ സേനകളെ അവനു മാത്രമേ അറിയൂ'' (അല്‍ മുദ്ദസ്സിര്‍: 31). ഇറാഖില്‍ നിരപരാധികളായ ജനലക്ഷങ്ങളെ ബോംബിട്ടു കൊന്ന അമേരിക്ക, ലോകത്ത് നാശം വിതക്കുന്നതിന് മുന്‍പന്തിയില്‍ നില്‍ക്കുന്ന ശാക്തിക ചേരികള്‍, അക്രമത്തിനും അനീതിക്കും കൊടിപിടിക്കുന്ന രാഷ്ട്രങ്ങള്‍- എല്ലാവരും ഭയചകിതരായി കഴിയുകയാണ്. സ്ത്രീകള്‍ ഹിജാബ് ധരിക്കന്നതിനെതിരെ കുരിശുയുദ്ധം നടത്തിയവരുടെ നാട്ടില്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ 'ഹിജാബ്' ധരിക്കുന്നു. മദ്യഷോപ്പുകള്‍, സിനിമാശാലകള്‍, വേശ്യാലയങ്ങള്‍, സുഖാഢംബര കേന്ദ്രങ്ങള്‍, മാളുകള്‍ എല്ലാം അടഞ്ഞുകിടക്കുന്നു. മൃതദേഹ കൂമ്പാരങ്ങള്‍ അടക്കം ചെയ്യാന്‍ പോലും ആളെ കിട്ടാത്ത ദുരവസ്ഥ! നിരപരാധികളായ യുവാക്കളെ അകാരണമായി അറസ്റ്റ് ചെയ്യുന്നവര്‍ സ്വന്തം വീടുകളില്‍ ലോക്ക് ഡൗണിലാണ്.

നിരപരാധികളും സാത്വികരുമെല്ലാം കൊറോണയുടെ പിടിത്തത്തില്‍നിന്ന് രക്ഷപ്പെടുന്നില്ലല്ലോ എന്ന് സംശയം വരാം. ഇതിനും ഖുര്‍ആന്‍ മറുപടി പറയുന്നുണ്ട്: ''വിപത്ത് വരുന്നത് കരുതിയിരിക്കുക. അത് ബാധിക്കുന്നത് നിങ്ങളിലെ അതിക്രമികളെ മാത്രമായിരിക്കില്ല'' (അല്‍ അന്‍ഫാല്‍: 25). പക്ഷേ, അന്തിമ വിശകലനത്തില്‍ അവര്‍ക്കത് ഗുണകരമായിരിക്കും. ''ഏതൊരു വിപത്ത് വരുമ്പോഴും അവര്‍ (വിശ്വാസികള്‍) പറയും: ഞങ്ങള്‍ അല്ലാഹുവിന്റേതാണ്, അവനിലേക്കു തന്നെ തിരിച്ചു ചെല്ലേണ്ടവരും. അവര്‍ക്ക് അവരുടെ നാഥനില്‍നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍'' (അല്‍ബഖറ: 156,157). 

കുറിപ്പുകള്‍
1.    ശുഐബ് നബിയുടെ ജനത എന്നാണ് ഒരഭിപ്രായം. സമൂദ് സമുദായത്തിലെ ഒരു വിഭാഗമാണെന്നും മറ്റും വേറെയും അഭിപ്രായമുണ്ട്.
2.    'ഐകത്ത്' എന്നാല്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശം എന്നര്‍ഥം. മദ്‌യന്‍ ദേശത്തിനടുത്തായിരുന്നു ഈ പ്രദേശം. ശുഐബ് നബിയാണ് ഇവരിലേക്ക് നിയോഗിക്കപ്പെട്ട നബി.
3.    പുരാതന യമനിലെ ചക്രവര്‍ത്തിമാരുടെ സ്ഥാനപ്പേരോ കുടുംബനാമമോ ആണ് 'തുബ്ബഅ്'. ഈ രാജവംശത്തിന് ഒരു കാലത്ത് അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും ആഫ്രിക്കയുടെ പൂര്‍വ തീരങ്ങളിലും ആധിപത്യമുണ്ടായിരുന്നു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top